Begin typing your search above and press return to search.
proflie-avatar
Login

‘പിരമിഡുകൾ’ വിഴുങ്ങുന്ന ലോക സിനിമ

‘പിരമിഡുകൾ’   വിഴുങ്ങുന്ന ലോക സിനിമ
cancel

കയറ്റിറക്കങ്ങൾ എന്നും ‘ഇഫി’ ഗോവക്കുണ്ടായിട്ടുണ്ട്. ഓർമയെക്കാൾ മറവിയുടെ മുഖം തുറന്നുകാട്ടുന്നതായിരുന്നു ഇഫി 2025ലെ 56ാം അധ്യായമെന്ന് ചലച്ചിത്ര പ്രവർത്തകനും മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ എഴുതുന്നു.പിരമിഡുകൾ എവിടെയുമുണ്ട്, സിനിമയിലും ജീവിതത്തിലും അത് അതിന്റെ പണിയെടുക്കുന്നു. മേൽകീഴ് ബന്ധങ്ങളുടെ അധികാരശ്രേണി എങ്ങനെ വേണമെന്ന് നിജപ്പെടുത്തി വാർത്തെടുക്കപ്പെട്ട പിരമിഡുകളെ സംശയിക്കുന്നതുപോലും ഒരു കുറ്റകൃത്യമാണ്. വർത്തമാന ജീവിതത്തിൽ ഈ പിരമിഡ് മാതൃക പണിയെടുക്കുന്നത് എങ്ങനെയെന്ന് കാട്ടിത്തരുന്ന ‘ഹൊറർ’ സിനിമയാണ് യുക്ത ഷിമോത്സു സംവിധാനംചെയ്ത ജാപ്പനീസ് സിനിമയായ 'ന്യൂ...

Your Subscription Supports Independent Journalism

View Plans

കയറ്റിറക്കങ്ങൾ എന്നും ‘ഇഫി’ ഗോവക്കുണ്ടായിട്ടുണ്ട്. ഓർമയെക്കാൾ മറവിയുടെ മുഖം തുറന്നുകാട്ടുന്നതായിരുന്നു ഇഫി 2025ലെ 56ാം അധ്യായമെന്ന് ചലച്ചിത്ര പ്രവർത്തകനും മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ എഴുതുന്നു.

പിരമിഡുകൾ എവിടെയുമുണ്ട്, സിനിമയിലും ജീവിതത്തിലും അത് അതിന്റെ പണിയെടുക്കുന്നു. മേൽകീഴ് ബന്ധങ്ങളുടെ അധികാരശ്രേണി എങ്ങനെ വേണമെന്ന് നിജപ്പെടുത്തി വാർത്തെടുക്കപ്പെട്ട പിരമിഡുകളെ സംശയിക്കുന്നതുപോലും ഒരു കുറ്റകൃത്യമാണ്. വർത്തമാന ജീവിതത്തിൽ ഈ പിരമിഡ് മാതൃക പണിയെടുക്കുന്നത് എങ്ങനെയെന്ന് കാട്ടിത്തരുന്ന ‘ഹൊറർ’ സിനിമയാണ് യുക്ത ഷിമോത്സു സംവിധാനംചെയ്ത ജാപ്പനീസ് സിനിമയായ 'ന്യൂ ഗ്രൂപ്’. സിനിമ അവലംബിച്ച രീതി ഹൊറർ സിനിമയുടേതാണെങ്കിലും വിശ്വാസലഹരിയാൽ നാം നയിച്ചുപോരുന്ന വർത്തമാന ജീവിതം എത്രമാത്രം ഭീകരമാണ് എന്ന വസ്തുതയാണ് അതിനെ ‘ഹൊറർ’ ആക്കി മാറ്റുന്നത്. അധികാരത്തോടുള്ള അന്ധമായ വിധേയത്വം അത് നിർമിക്കുന്ന ഭയവും സ്കൂൾ വിദ്യാർഥികളിലും സാധാരണ കുടുംബബന്ധങ്ങളിലും പണിയെടുക്കുന്നത് എങ്ങനെയെന്ന് സിനിമ കാട്ടിത്തരുന്നു. വിയോജിക്കുന്നത് എത്രമാത്രം വലിയ ഒരു സാഹസിക കൃത്യമാണ് എന്നും ‘അതിന് കൊടുക്കേണ്ടിവരുന്ന വില, വലുതാണെന്നും’ അത് ഓർമപ്പെടുത്തുന്നു.

‘Ai’ എന്ന യുവതിയെയും (‘ I’ -ഞാൻ ) ‘Yu’ എന്ന യുവാവിനെയും (‘You’ -നീ) കേന്ദ്രീകരിച്ചാണ് സിനിമ. രണ്ടുപേരും സ്കൂൾ വിദ്യാർഥികളാണ്. പിരമിഡ് അധികാര ഘടനയിലെ നഷ്ടസ്വത്വങ്ങൾകൂടിയാണ് ‘ഐ’യും ‘യു’വും. സ്കൂൾ വിദ്യാർഥികൾ അവരുടെ മൈതാനത്ത് സ്വയം അണിനിരന്ന് പണിയുന്ന ‘മനുഷ്യ പിരമിഡ്’ ഒരു അനങ്ങാപ്പാറയായി വളരുമ്പോഴാണ് അതിൽ അണിചേരാൻ വിസമ്മതിക്കുന്ന ഐയും യുവും ചേർന്ന് ഒരു പകരം ‘ഗ്രൂപ്’ –വൃത്തം– രൂപംകൊടുക്കുന്നത്. മനുഷ്യ പിരമിഡും മനുഷ്യ സർക്കിളും തമ്മിലുള്ള ഏറ്റുമുട്ടൽ മറവിയും ഓർമയും തമ്മിലുള്ള ഏറ്റുമുട്ടലുകൾകൂടിയാണ്.

56 വയസ്സായി ഇഫിക്ക് (ഐ.എഫ്.എഫ്.ഐ) ഇപ്പോൾ. തിരഞ്ഞെടുത്ത ഓർമകളാണ് അതിനെ ഇപ്പോൾ നയിക്കുന്നത്. ഉദാഹരണത്തിന് ബോളിവുഡ് താരനായകൻ ധർമേന്ദ്ര മരിച്ച ഉടൻതന്നെ ഫെസ്റ്റിവൽ വേദിയായ കലാ അക്കാദമിയിൽ ധർമേന്ദ്രക്ക് ആദരമർപ്പിച്ച് ഒരു പ്രത്യേക പരിപാടി നടത്താൻ ബോളിവുഡ്-ഹോളിവുഡ് ഹീറോകൂടിയായ ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ ചുക്കാൻപിടിക്കുന്ന ഇഫിക്ക് അറിയാം. എന്നാൽ, ഇഫി ഗോവ തുടങ്ങിയ കാലംമുതൽക്ക് അതിന്റെ സിഗ്നേച്ചർ ഫിലിം ഒരുക്കിയ, ഒന്നര പതിറ്റാണ്ടുകാലം അതിന്റെ മുഖ്യ സാങ്കേതിക ഉപദേഷ്ടാക്കളിൽ ഒരാളും ദേശീയ പുരസ്കാര ജേതാവും അന്താരാഷ്ട്ര രംഗത്ത് ഇന്ത്യൻ സിനിമക്ക് ഒരടയാളമുണ്ടാക്കിയ സംവിധായകനുമായ ഷാജി എൻ. കരുണിനെ ഒന്ന് ആദരിക്കാൻപോലും ഇഫി അധികാരികൾക്ക് ഓർമയുണ്ടായില്ല. 2025 ഏപ്രിൽ 28നാണ് ഷാജി എൻ. കരുൺ വിട വാങ്ങിയത്. എഴു മാസത്തിനിപ്പുറം വീണ്ടുമൊരു ഇഫി അരങ്ങേറുമ്പോൾ മഹാനായ ഒരു ഇന്ത്യൻ സംവിധായകനെ ഓർക്കേണ്ടതു​െണ്ടന്ന് ഓർമപ്പെടുത്താൻപോലും അതിന്റെ പിരമിഡ് അധികാര ഘടനയിൽ ഇപ്പോൾ ആരുമില്ല. ‘സ്വം’, ‘വാനപ്രസ്ഥം’, ‘കുട്ടിസ്രാങ്ക്’ എന്നീ സിനിമകളിലൂടെ ലോക സിനിമക്ക് ഇന്ത്യൻ സിനിമയുടെ മുഖം കാട്ടിക്കൊടുത്ത സംവിധായകനെ ആദരിക്കാൻ മറന്നതിലൂടെ ഗുരുതരമായ ഒരു ഓർമക്കുറ്റമാണ് ശേഖർ കപൂറിന്റെ ഇഫി സംഘാടക സമിതി ഇന്ത്യൻ സിനിമയോട് ചെയ്തത്.

മറവി അത്ര സമ്പൂർണമൊന്നുമല്ല ഇഫിക്ക്. ചില കാര്യങ്ങൾ ഓർമയുണ്ട്. ‘ഷോലെ’ക്ക് 50 വയസ്സായതിന്റെ ഓർമക്ക് അമിതാഭ് ബച്ചനും ധർമേന്ദ്രയും ‘ഷോലെ’യിൽ ഓടിച്ച ബൈക്ക് ഐനോക്സ് വേദിയിൽ തന്നെ പ്രത്യേക കണ്ണാടിക്കൂട്ടിൽ സ്ഥാപിച്ചിട്ടുണ്ട് സംഘാടകർ. കൂടാതെ ‘Remembering the Legends’ എന്ന സ്മരണാഞ്ജലി വിഭാഗത്തിൽ വി. ശാന്താറാം, ഗുരുദത്ത്, ഋത്വിക് ഘട്ടക്, സലിൽ ചൗധരി, പി. ഭാനുമതി, ഭൂപൻ ഹസാരിക, രാജ് കോസ് ല എന്നിവർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള സിനിമകൾ ഉണ്ടായിരുന്നു. ആ പ്രത്യേക പാക്കേജിൽ മലയാളത്തിൽനിന്നും ഒരു സിനിമയും ഉൾപ്പെടുത്തിയിട്ടുണ്ട് –സിബി മലയിൽ സംവിധാനംചെയ്ത ‘കിരീടം’. ഇന്ത്യൻ സിനിമയിലെ നാഴികക്കല്ല് എന്ന നിലക്കാണ് സിബി മലയിൽ സംവിധാനംചെയ്ത ‘കിരീടം’ എത്തുന്നത്. ആ ലിസ്റ്റ് തയാറാക്കുമ്പോൾപോലും തൊട്ടു മുൻ വർഷംവരെ ഇഫിയെ നയിച്ച ഷാജി എൻ. കരുൺ ഓർക്കപ്പെട്ടില്ല എന്നത് ഓർത്തു​െവക്കേണ്ട കാര്യമാണ്.

ഇതൊന്നും ആസൂത്രിതമാണ് എന്നല്ല പറഞ്ഞുവരുന്നത്. ഐ.എഫ്.എഫ്.ഐയിലായാലും ഐ.എഫ്.എഫ്.കെയിലായാലും ലോകത്ത് ഏത് ഫെസ്റ്റിവലിൽ ആയാലും ഫിലിം അവാർഡുകളിൽ ആയാലും അവിടെയൊക്കെ സിനിമകൾ തിരഞ്ഞെടുക്കാൻ നിയോഗിക്കപ്പെടുന്ന ജൂറി ആരാണോ അതനുസരിച്ചിരിക്കും ആ ഫെസ്റ്റിവലിലെ സിനിമകൾ, പുരസ്കാരങ്ങൾ. അതാകും പിന്നെ അച്ചടിച്ച ചരിത്രം. തിരഞ്ഞെടുക്കപ്പെടാത്തവ ചരിത്രമല്ലാതായി മാറും.

എത്രയോ കാലമായി കേരളത്തിലെ സമാന്തര ആർട്ട് ഹൗസ് സിനിമക്കാരുടെ പ്രധാന ആവശ്യമായിരുന്നു ഐ.എഫ്.എഫ്.കെയിൽ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യാത്ത, കേരള പ്രീമിയർ സിനിമകൾ ആകണം എന്ന്. അത് സാക്ഷാത്കരിപ്പെടാൻ 2025 വരെ ഐ.എഫ്.എഫ്.കെ ക്കു കാത്തിരിക്കേണ്ടിവന്നു. ഇത്തവണ മുഴുവൻ സിനിമകളും കേരള പ്രീമിയറുകളും തിയറ്ററിൽ എത്താത്ത സിനിമകളാണ്. എന്നാൽ, അതിലൊന്നുപോലും ഇഫിയിൽ ഇല്ല. തിരിച്ച് ഇഫി ഗോവയിൽ ഉള്ളത് തിരുവനന്തപുരം ഫെസ്റ്റിവലിലും ഇല്ല. ഗോവയിലെ ഇന്ത്യൻ പനോരമയിൽ താമർ സംവിധാനംചെയ്ത ‘സർക്കീട്ട്’ മാത്രമാണുള്ളത്.

 

മുഖ്യധാരാ വിഭാഗത്തിൽ തരുൺ മൂർത്തിയുടെ ‘തുടരും’, മികച്ച നവാഗത സംവിധായകരുടെ ഗണത്തിൽ ജിതിൻ ലാലിന്റെ ‘എ.ആർ.എം’. ഗാലാ പ്രീമിയർ എന്ന വിഭാഗത്തിൽ ഡോ. ബിജു പാപ്വന്യൂഗിനിയിൽ ​െവച്ചെടുത്ത ‘പാപ്പബുക്ക’, രാജേഷ് മാധവൻ സംവിധാനംചെയ്ത ‘പെണ്ണും പൊറാട്ടും’ എന്നീ സിനിമകളും ഉൾപ്പെട്ടു. തീർന്നു മലയാളി സാന്നിധ്യം. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ഇടംപിടിച്ച ശിവരഞ്ജിനിയുടെ ‘വിക്ടോറിയ’ പോലൊരു സ്വതന്ത്ര പെൺസിനിമപോലും 2025ൽ ഇഫി ഗോവ ഇന്ത്യൻ പനോരമ ജൂറിയുടെ കണ്ണിൽ തിരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതയുള്ള ചിത്രമായി മാറിയില്ല എന്നതിലെ അന്യായം എവിടെയും ചർച്ചയായില്ല. എല്ലാം എല്ലാവർക്കും സ്വീകാര്യമാകുന്നു, പണ്ടൊക്കെ സ്വന്തം സിനിമകൾ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ പോയാൽ, സ്വന്തം സൃഷ്ടികളെക്കുറിച്ച് തികഞ്ഞ വിശ്വാസമുള്ള ആർട്ട് ഹൗസ് സംവിധായകർ കലാപക്കൊടി ഉയർത്താറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അതുപോലും ഉണ്ടായിക്കണ്ടില്ല. കേരളത്തിൽനിന്നുള്ള സമാന്തര ആർട്ട് ഹൗസ് സിനിമകൾ സമ്പൂർണമായും തുടച്ചുനീക്കപ്പെട്ട ഒരു ഫിലിം ഫെസ്റ്റിവലാണ് ഗോവയിൽ പിന്നിട്ടത് എന്നർഥം. ഇന്ത്യൻ പനോരമ കച്ചവട സിനിമ മിക്കവാറും കൈയടക്കിക്കഴിഞ്ഞു.

ശിവരഞ്ജിനിയുടെ ‘വിക്ടോറിയ’ ഇന്ത്യൻ പനോരമയിലില്ലെങ്കിലും അതിലെ നായിക മീനാക്ഷി ജയൻ കലാ അക്കാദമിയിൽ സ്വതന്ത്ര സിനിമകൾ നേരിടുന്ന ആഗോള വെല്ലുവിളികളെക്കുറിച്ച് കലാ അക്കാദമിയിൽ നടന്ന സ്തീകളുടെ ഒരു പാനൽ ചർച്ചയിൽ വിഷയ വിദഗ്ധ എന്ന നിലക്ക് ക്ഷണിക്കപ്പെട്ടിരുന്നു. സംവിധായികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമയും ഇതേ പാനൽ ചർച്ചയുടെ ഭാഗമായി സംസാരിക്കാനുണ്ടായിരുന്നു. നിർമാതാക്കളിൽനിന്നും ഫിലിം ഫെസ്റ്റിവലുകളിൽനിന്നും സ്വതന്ത്ര സിനിമകൾ നേരിടുന്ന തിരസ്കാരങ്ങൾ വലുതാണെന്ന് രണ്ടുപേരും സദസ്സിനെ ഓർമപ്പെടുത്തി.

ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ജയന്റെ ‘വിക്ടോറിയ’യിലെ അതുല്യ പ്രകടനം ഇഫി ഗോവയുടെ നഷ്ടങ്ങളിലൊന്നാണ്. സ്ത്രീകൾക്ക് സിനിമയെടുക്കാൻ അവസരമൊരുക്കിയ കേരള സർക്കാറിന്റെ നയപരമായ തീരുമാനമാണ് ‘വിക്ടോറിയ’ പോലൊരു സിനിമ മലയാളത്തിൽ സാധ്യമാക്കിയതെന്നും പിന്തുടരേണ്ട ഒരു മാതൃകയാണിതെന്നും മീനാക്ഷി ജയൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ സിനിമയിലെ സ്ത്രീ ഛായാഗ്രാഹകരുടെ ഒരു കൂട്ടായ്മക്ക് തന്നെ രൂപം കൊടുത്ത ഫൗസിയ ഫാത്തിമ പരസ്പരം പിന്തുണക്കുന്നതിലൂടെ മാത്രമേ സ്വതന്ത്ര സിനിമക്ക് വഴിയൊരുക്കാനാവൂ എന്ന് ഓർമപ്പെടുത്തി. മറ്റു രണ്ട് പാനൽ ചർച്ചകളിൽ സംവിധായകരായ ശങ്കർ രാമകൃഷ്ണനും സഞ്ജീവ്ശിവനും മലയാള സിനിമയുടെ ഗോവയിലെ സാന്നിധ്യങ്ങളായി ഉണ്ടായിരുന്നു.

കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡിയോർ പുരസ്കാരം നേടിയ ഇറാനിയൻ സംവിധായകനായ ജാഫർ പനാഹിയുടെ ‘ഇറ്റ് വോസ് ജസ്റ്റ് എൻ ആക്സിഡന്റ്’ ആയിരുന്നു ഗോവയിലെ ഏറ്റവും കൂടുതൽ കാണികളെ ആകർഷിച്ച സിനിമ. ഇറാനിൽ ദീർഘകാലം തടവിലാക്കപ്പെട്ട മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരനായതുകൊണ്ടും കാൻ ഫിലിം ഫെസ്റ്റിവലിന് ഫിലിം ഫെസ്റ്റിവൽ കാണികൾക്കിടയിലുള്ള ബ്രാൻഡ് ഇമേജ് കൊണ്ടും ജാഫർ പനാഹി സിനിമക്ക് തിയറ്ററിനകത്തേക്ക് കയറിപ്പറ്റൽതന്നെ ഒരു സാഹസമായിരുന്നു. ആദ്യ പ്രദർശനത്തിൽ സിനിമ കാണാൻ നേരിട്ടുവന്ന അതിഥികൾ ഇരട്ടിച്ചത് കാരണം ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പേർക്ക് അകത്തു കടക്കാൻ പോലുമായില്ല. രണ്ടാമത്തെ പ്രദർശനവും ഹൗസ് ഫുൾ ആയിരുന്നു.

എന്നാൽ, ജാഫർ പനാഹി സിനിമയേക്കാൾ ഉന്നത നിലവാരം കാത്തുസൂക്ഷിച്ചത് ബെൽജിയത്തിൽനിന്നും വന്ന ‘വി ബിലീവ് യൂ’ പോലുള്ള സിനിമകളായിരുന്നു. അർനൗദ് ദഫയേസും ഷാർലറ്റ് ഡിവില്ലേഴ്സും ചേർന്നു സംവിധാനംചെയ്ത, ദാമ്പത്യജീവിതത്തിലെ കഠിനമായ യാഥാർഥ്യങ്ങൾ കുടുംബ കോടതിയിൽ മറനീക്കി പുറത്തുകൊണ്ടുവന്ന ‘വീ ബിലീവ് യൂ’ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർന്നുപോകാതെ സ്ത്രീ ജീവിതത്തിന്റെ അതിജീവന പോരാട്ടങ്ങൾക്ക് വെള്ളിത്തിരയിൽ വളച്ചുകെട്ടില്ലാത്ത മാതൃക പകരുന്നു. വളരെ സങ്കീർണമായ ഒരു വിഷയത്തെ കാണികളെ രസിപ്പിക്കാൻ വേണ്ടി ഒരു സറ്റയറിന്റെ രീതി അവലംബിച്ച് വിഷയത്തിന്റെ ഗൗരവം ചോർത്തിക്കളയുകയാണ് ജാഫർ പനാഹി ചെയ്തത്. എന്നാൽ, കാൻ ഫെസ്റ്റിവലിൽ പാം ഡി യോർ കിട്ടിയതിന്റെ ഗ്ലാമർ ജാഫർ പനാഹി സിനിമക്കായിരുന്നു. കാണികളും ആ ഗ്ലാമറിന് പിറകെ സഞ്ചരിക്കുന്നു.

2004ൽ ഐ.എഫ്.എഫ്.ഐ ഗോവയിൽ സ്ഥിരം താവളമാക്കിയതു മുതൽ പലതരം കയറ്റിറക്കങ്ങൾ കണ്ടിട്ടുണ്ട്. പഴയ ഡൽഹി ഫെസ്റ്റിവലുകളിലെ യന്ത്രത്തോക്കുധാരികൾ ഗോവയിൽ എത്തിയതോടെ ഒന്ന് അയഞ്ഞിട്ടുണ്ട്. സുരക്ഷാ പിരിമുറുക്കം എന്നും ഗോവയിൽ കുറവാണ്. ഇത്തവണ അത് തീരേ ഇല്ലാതായി എന്നു പറയാം. ഗോവയുടെ ഒരുതരം ഫെസ്റ്റിവൽ മൂഡാണ് അതിന് കാരണം. സംഘ്പരിവാർ ഭരണം കൈയടക്കിയാലും മണ്ടോവി നദിക്കരയിൽ, ഇന്ത്യയിലെ മദ്യ വ്യവസായത്തിന്റെയും പുറംകടലിലെ ഉല്ലാസക്കപ്പൽ ചൂതാട്ടത്തിന്റെയും കേന്ദ്രമായ പാഞ്ചിം നഗരത്തിന് ആഘോഷത്തിന്റെ പഴയ പാരമ്പര്യം വിട്ടൊഴിയേണ്ടി വന്നിട്ടില്ല. എന്നാൽ, പുറത്ത് ആഘോഷം നടക്കുമ്പോഴും നല്ല സിനിമകൾ അതിർത്തി കടന്നുവന്നിരുന്നു. അതിപ്പോൾ കുറഞ്ഞുവരുകയാണ്.

പണ്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിന് ചുക്കാൻപിടിച്ചിരുന്ന ഫെസ്റ്റിവൽ ഡയറക്ടറേറ്റ് എൻ.എഫ്.ഡി.സിയിൽ ലയിച്ച് ഇല്ലാതായിക്കഴിഞ്ഞു. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം എല്ലാറ്റിലും പിടിമുറുക്കി. സിനിമകൾ തിരഞ്ഞെടുക്കാനും നടത്തിപ്പിനും മന്ത്രാലയത്തിന്റെ സ്വന്തക്കാർക്ക് മാത്രമാണ് ഇടം കിട്ടുക. അത് ഇന്ത്യൻ പനോരമ തിരഞ്ഞെടുപ്പിൽ സുവ്യക്തമാണ്. ഇഫി ഗോവയിൽ മുഴങ്ങുന്നത് സ്വതന്ത്ര പരീക്ഷണ ആർട്ട് ഹൗസ് സിനിമകളുടെ മരണമണിയാണ് എന്നത് പറയാതെ വയ്യ. ബോളിവുഡും കച്ചവട സിനിമക്കാരും പ്രധാന വേദിയായ ഐനോക്സ് കൈയടക്കിക്കഴിഞ്ഞു. അതിപ്പോൾ വൻകിടക്കാരുടെ പറുദീസയാണ്. നെറ്റ്ഫ്ലിക്സ് വേദിക്കകത്ത് സ്വന്തം താവളം പണിതു കഴിഞ്ഞു. റെഡ് കാർപെറ്റ് വരവേൽപിന് ഫെസ്റ്റിവൽ ഓഫിസിനും ഐനോക്സ് കോംപ്ലക്സിനുമിടയിൽ പുതിയൊരു പാലം പണിതുയർത്തിക്കഴിഞ്ഞതാണ് 2024ൽനിന്നും 2025ൽ എത്തുമ്പോൾ സംഭവിച്ച ഏറ്റവും വലിയ മാറ്റം.

പ്രധാന സിനിമകൾ പതുക്കെ ഐനോക്സിലെ പ്രധാന തിയറ്ററുകളിൽനിന്നും കളമൊഴിയുകയാണ്. എല്ലാദിവസവും അവിടെ നടക്കുന്ന റെഡ് കാർപെറ്റ് പ്രീമിയറുകളുടെ എണ്ണം പെരുകിയതോടെ, വിദേശത്തുനിന്നും എത്തുന്ന മികച്ച സിനിമകൾ എട്ടു കിലോമീറ്റർ ദൂരെയുള്ള പോവേറിയം എന്ന സ്ഥലത്തെ ഐനോക്സ് തിയറ്ററിലേക്ക് മാറ്റിക്കഴിഞ്ഞു. അല്ലെങ്കിൽ ഐനോക്സ് അങ്കണത്തിൽ തന്നെയുള്ള മാക്വിന്നസ് പാലസിലെ മിനി തിയറ്ററാണുള്ളത്. അതുമല്ലെങ്കിൽ പാഞ്ചിം നഗരമധ്യത്തിലെ അശോക് പ്ലാസയിലേക്കുമായി തട്ടിനീക്കിക്കഴിഞ്ഞു. കലാ അക്കാദമിയിൽ പാനൽ ചർച്ചകളുടെ പേരിൽ ബോളിവുഡ് സെലിബ്രിറ്റികൾ രംഗം കൈയടക്കിക്കഴിഞ്ഞു. അവിടെ സിനിമ കാണിക്കുന്നത് ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞു. ഒരു സിനിമയിൽനിന്നും മറ്റൊരു സിനിമയിലേക്കുള്ള ഓട്ടപ്പാച്ചിലിന്റെ അധ്വാനം സാദാ ഡെലിഗേറ്റുകൾക്കു മാത്രം സ്വന്തം.

രാജ്യത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം 1988ൽ തിരുവനന്തപുരത്ത് എത്തുമ്പോൾ ഇഫിക്ക് 19 വയസ്സായിരുന്നു. അന്നു തുടങ്ങിയതാണ് അതിനൊപ്പമുള്ള യാത്ര. കാണുന്നത് ലോകസിനിമയുടെ ഒരു പരിച്ഛേദമാണെന്ന ബോധ്യമായിരുന്നു ആ ഫെസ്റ്റിവൽ യാത്രകളെ മുന്നോട്ടു നയിച്ചത്. രാഷ്ടങ്ങളുടെയും അധികാരങ്ങളുടെയും വിലക്കുകളും അതിർത്തികളും മുറിച്ചുകടന്ന്, ലോക സിനിമയുടെ ദേശാടനപ്പക്ഷികൾ കൊണ്ടുവരുന്ന വർത്തമാനങ്ങൾ ആവേശത്തോടെ പങ്കുവെച്ചിരുന്ന കാലം പതുക്കെപ്പതുക്കെയാണ് ഇല്ലാതായിപ്പോയത്. മൂലധനത്തിന്റെയും അതിന്റെ ഇടനിലക്കാരുടെയും വിജയമാണത്.

അതിന്റെ സാക്ഷ്യമാണ് അവസാന ദിവസം, ഫെസ്റ്റിവൽ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് രംഗം കൈയടക്കിയത്. ഐ.എഫ്.എഫ്.കെക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത ഭാവനയാണത്. സിനിമ അതിന് വില കൊടുക്കുന്നു. ഈ താരാഘോഷങ്ങൾക്കിടയിൽ നഷ്ടമാകുന്ന, മുങ്ങിപ്പോകുന്ന സിനിമകളെ ആരും ഓർക്കുന്നില്ല എങ്കിലും. എത്രമോശം തിരഞ്ഞെടുപ്പുകൾക്കിടയിലും എല്ലാ ജൂറി അരിപ്പകളും മറികടന്ന് ഒരുകൂട്ടം മികച്ച സിനിമകൾ ഇഫി ഗോവയിൽ എത്തുന്നുണ്ട്. അതുതന്നെയാണ് ഓരോ ഫെസ്റ്റിവലും കാത്തുസൂക്ഷിക്കുന്ന കെടാത്ത പ്രതീക്ഷ. അതാണ് ഇഫിഗോവ മരിച്ചുകഴിഞ്ഞു എന്ന് ഇനിയും പറയാനാവാത്തത്. സിനിമ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും ഇതേ പ്രതീക്ഷയാണ്.

2025 ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ സിനിമകൾ

(വിഭാഗം, സിനിമയുടെ പേര്, സംവിധായകൻ, രാജ്യം എന്ന ക്രമത്തിൽ)

1. ഗോൾഡൻ പീകോക്ക് (മികച്ച ഫീച്ചർ ഫിലിം) -സ്കിൻ ഓഫ് യൂത്ത് (ആഷ് മെയ്ഫെയർ -വിയറ്റ് നാം)

2. സിൽവർ പീക്കോക്ക് (മികച്ച സംവിധായകൻ) -ഗോന്ദൽ (സന്തോഷ് ദവാഖർ -ഇന്ത്യ)

3. സിൽവർ പീക്കോക്ക് (മികച്ച നടൻ) - എ പോയറ്റ് (ഉബൈമർ റിയോസ് -കൊളംമ്പിയ)

4. സിൽവർ പീക്കോക്ക് (മികച്ച നടി) -ലിറ്റിൽ ട്രബിൾ ഗേൾസ് (ജാര സോഫിജ ഓസ്റ്റാൻ -സ്ലോവേനിയ)

5. പ്രത്യേക ജൂറി അവാർഡ് -മൈ ഫാദേഴ്സ് ഷാഡോ (അകിനോള ഡേവീസ് ജൂനിയർ -യു.കെ/ നൈജീരിയ)

6. മികച്ച നവാഗത സംവിധായകൻ (രണ്ടുപേർ) -മൈ ഡോട്ടർ ഹെയർ, ഫ്രാങ്ക് (ഹെസം ഫറാഹ്മണ്ട് -ഇറാൻ / ടോണിസ് പിൽ -എസ്തോണിയ)

7. മികച്ച പുതുമുഖ സംവിധായകൻ (ഇന്ത്യൻ) -കേസരി ചാപ്റ്റർ-2, കരൺ സിങ് ത്യാഗി

8. മികച്ച വെബ് സീരീസ് (ഒ.ടി.ടി) -ബാൻഡിഷ് ബാൻഡിറ്റ്‌സ് സീസൺ 2, ആനന്ദ് തിവാരി -ഇന്ത്യ

9. ഐ.സി.എഫ്.ടി-യുനെസ്കോ ഗാന്ധി മെഡൽ -സേഫ് ഹൗസ് -എറിക് സ്വെൻസൺ (നോർവേ)

10. ആയുഷ്കാല നേട്ടത്തിനുള്ള പുരസ്കാരം -രജനീകാന്ത് -ഇന്ത്യ

News Summary - Goa Film Festival