നായകനിൽനിന്ന് വില്ലനിലേക്ക്; തിരിച്ചും ഒരു വേഷപ്പകർച്ച

ജിഷ്ണു ശ്രീകുമാർ തിരക്കഥ എഴുതിയ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ എന്ന സിനിമ കാണുന്നു. ആ സിനിമയിൽ മലയാളത്തിന്റെ നായകരൂപവും പ്രതിനായക താരശരീരവും എങ്ങനെ പരസ്പരം വെച്ചുമാറുന്നുവെന്ന് എഴുതുകയാണ് ലേഖകൻ. 1991ൽ പുറത്തിറങ്ങിയ ‘കനൽക്കാറ്റ്’ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടിയുടെ തെരുവ് ഗുണ്ട ആയ കഥാപാത്രത്തിന്റെ പേര് നത്ത് നാരായണൻ എന്നായിരുന്നു. നത്ത് എന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്. അങ്ങനെ വിളിക്കുമ്പോൾ അയാൾക്ക് വലിയ ദേഷ്യം വരും. മുപ്പത്തി അഞ്ചോളം...
Your Subscription Supports Independent Journalism
View Plansജിഷ്ണു ശ്രീകുമാർ തിരക്കഥ എഴുതിയ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവൽ’ എന്ന സിനിമ കാണുന്നു. ആ സിനിമയിൽ മലയാളത്തിന്റെ നായകരൂപവും പ്രതിനായക താരശരീരവും എങ്ങനെ പരസ്പരം വെച്ചുമാറുന്നുവെന്ന് എഴുതുകയാണ് ലേഖകൻ.
1991ൽ പുറത്തിറങ്ങിയ ‘കനൽക്കാറ്റ്’ എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ മമ്മൂട്ടിയുടെ തെരുവ് ഗുണ്ട ആയ കഥാപാത്രത്തിന്റെ പേര് നത്ത് നാരായണൻ എന്നായിരുന്നു. നത്ത് എന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്. അങ്ങനെ വിളിക്കുമ്പോൾ അയാൾക്ക് വലിയ ദേഷ്യം വരും. മുപ്പത്തി അഞ്ചോളം വർഷങ്ങൾക്കുശേഷം പുറത്തിറങ്ങുന്ന ‘കളങ്കാവൽ’ എന്ന സിനിമയിൽ നത്ത് എന്ന ഇരട്ട പേര് വെച്ചുമാറുന്നത് വിനായകന്റെ ജയകൃഷ്ണൻ എന്ന സ്പെഷൽ ബ്രാഞ്ച് പൊലീസ് ഓഫിസർക്കാണ്. ‘കനൽക്കാറ്റ്’ എന്ന സിനിമയിൽ നത്ത് എന്നത് ദേഷ്യം ഉണ്ടാക്കുന്ന ഇരട്ടപ്പേരാകുമ്പോൾ ‘കളങ്കാവൽ’ ജയകൃഷ്ണൻ എന്ന പൊലീസ് ഓഫിസറുടെ അന്വേഷണത്തിലെ സൂക്ഷ്മതയും ചാതുര്യവും സൂചിപ്പിക്കാനാണ് ഈ ഇരട്ടപ്പേര് ഈ സിനിമയിൽ കൂടെ ജോലിചെയ്യുന്നവർ പതിച്ചുകൊടുക്കുന്നത്. പോപ്പുലർ കൾചർ ആർട്ട് ആയ സിനിമയിലൂടെ ഒരു ഇരട്ടപ്പേരിന്റെ പ്രയോഗങ്ങൾ ആട്ടിമറിക്കപ്പെടുന്നതിന്റെ ചില ദൃശ്യപരമായ രസകരമായ ഉദാഹരണം കൂടിയാണിത്. മമ്മൂട്ടി-വിനായകൻ എന്നീ രണ്ടു താരശരീരങ്ങൾ കാലാകാലങ്ങളായി പലവിധത്തിൽ മെറ്റമോർഫസിസിനു വിധേയപ്പെടുകയും ആട്ടിമറിക്കപ്പെടുകയും ചെയ്യുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണംകൂടിയാണ് ‘കളങ്കാവൽ’ എന്ന സിനിമ.
മലയാളം പോപ്പുലർ കൾചറിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നേട്ടവും തൂണുകളുമായ മലയാള സിനിമയിലെ താരശരീരങ്ങൾ സാംസ്കാരികമായി പലവിധത്തിലുള്ള ഉൾപ്പിരിവുകളിലൂടെയും ഉരുത്തിരിയലുകളിലൂടെയും കടന്നുപോയിട്ടുണ്ട്. പലതരം താരശരീരങ്ങളും പലപ്പോഴുമായി മലയാള സിനിമയിൽ ഇവോൾവ് ചെയ്തിട്ടുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ, മറ്റ് താരശരീരങ്ങൾ, വ്യക്തിത്വങ്ങൾ എന്നിവർക്ക് പുറമെ അല്ലെങ്കിൽ കൂടെ കഴിഞ്ഞ മുപ്പതു വർഷത്തിലൂടെ രൂപപ്പെട്ട ഒരു താര അഭിനയം-ശരീരംകൂടിയാണ് വിനായകന്റേത്. വിനായകനും മമ്മൂട്ടിയും ‘കളങ്കാവൽ’ എന്ന സിനിമയിൽ എത്തുമ്പോഴേക്കും അവരുടെ അഭിനയം/താരശരീരം രൂപവത്കരണത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് എത്തുന്നു. ഇത് മലയാള സിനിമയിൽ രൂപപ്പെടുന്ന പുതിയ കാലത്തിന്റെ ഒരു ഷിഫ്റ്റ് കൂടിയാണ്. മമ്മൂട്ടി-വിനായകൻ എന്നീ രണ്ടു കേരള സമൂഹത്തിലെ സാംസ്കാരിക രൂപവത്കരണത്തിന്റെ ചരിത്രത്തെ ‘കളങ്കാവൽ’ എന്ന സിനിമയെകൂടി ബന്ധപ്പെടുത്തി പരിശോധിക്കാനാണ് പ്രധാനമായും ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
വൈക്കം എന്ന കോട്ടയം ജില്ലയിലെ ഒരു ദേശത്തുനിന്ന് ഒരു മുസ്ലിം സമുദായത്തിൽപെട്ട മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ യുവത്വം ജീവിച്ചിട്ടുള്ള എറണാകുളംപോലുള്ള നഗരവും മഹാരാജാസ് കോളജും എല്ലാം പലവിധത്തിൽ സഹായിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി തന്നെ ലോകത്തെ അറിയിച്ചിട്ടുണ്ട്. മുഹമ്മദ് കുട്ടി എന്ന ഒരു യുവാവിനെ മമ്മൂട്ടിയാക്കിയ ഒരു സുഹൃത്തിനെ അദ്ദേഹം തന്നെ കേരള സമൂഹത്തിന്റെ മുന്നിലേക്ക് ഈ അടുത്ത് അവതരിപ്പിച്ചിട്ടുമുണ്ട്.
സിനിമക്ക് പുറത്തു മമ്മൂട്ടി രൂപപ്പെടുന്നതിന്റെ ഒരു ഘട്ടം കൂടിയായിരുന്നു അത്. അതുപോലെ തന്നെ വിനായകൻ എന്ന നടനും തന്നെ രൂപപ്പെടുത്തുന്നതിൽ എറണാകുളം എന്ന നഗരത്തിലെ ചേരികൾ പോലുള്ള ജിയോഗ്രഫികൾ വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം തന്റെ പലവിധങ്ങളായ സംസാരങ്ങളിലും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ‘കമ്മട്ടിപ്പാടം’ പോലുള്ള ഒരു സിനിമയിലെ പുറമ്പോക്കിലെ ജീവിതം അവതരിപ്പിക്കുന്നതിന് തനിക്ക് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല, കാരണം താൻ കമ്മട്ടിപ്പാടത്ത് ജീവിച്ച മനുഷ്യനാണ് എന്ന് പറയുന്നു. അതുപോലെ ‘കളങ്കാവൽ’ എന്ന സിനിമയിലെ പൊലീസ് ഓഫിസറുടെ ശരീരഭാഷ അവതരിപ്പിക്കാൻ തനിക്ക് വലിയ ബുദ്ധിമുട്ടൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല, കാരണം പല കാരണങ്ങളാൽ ജീവിതത്തിൽ പലപ്പോഴും പൊലീസ് സ്റ്റേഷനിൽ ജീവിക്കേണ്ടിവന്ന മനുഷ്യനാണ് താൻ എന്ന് വിനായകൻ ആവർത്തിക്കുന്നു.
എറണാകുളം എന്ന നഗരത്തിലേക്ക് വൈക്കത്തുനിന്ന് വന്ന മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയും, എറണാകുളം എന്ന നഗരത്തിലെ പുറമ്പോക്കിലെ ചേരിയിൽ ജീവിച്ച വിനായകൻ എന്ന മലയാള സിനിമയിലെ അഭിനേതാവും ‘സിനിമക്കുമുമ്പുള്ള അവരുടെ ജീവിതങ്ങൾ വ്യത്യസ്തമായ രണ്ട് ധ്രുവങ്ങളിലാണ് ഉണ്ടായിരുന്നത്. ഇതിൽ ഏറ്റവും വലിയ ഒരു പാരഡോക്സ്, രണ്ടുപേരും മഹാരാജാസ് കോളജ് എന്ന ഇടത്ത് തങ്ങളുടെ ജീവിതം പങ്കിട്ടിരുന്നു എന്നതായിരുന്നു –മമ്മൂട്ടി ഒരു വിദ്യാർഥിയായി, വിനായകൻ സൗഹൃദങ്ങളുടെ ഭാഗമായും. മമ്മൂട്ടിയും വിനായകനും എറണാകുളം എന്ന നഗരത്തിന്റെ മുഖ്യധാരയിലേക്ക് അതിന്റെ ഭാഗമാകുന്നത് രണ്ട് ജീവിതങ്ങൾ ജീവിച്ചുകൊണ്ടാണ്. അതേസമയം മലയാള സിനിമയുടെ മറ്റൊരു വശത്ത് വിനായകൻ എന്ന നടൻ രൂപപ്പെടുന്നത്/ആദ്യമായി അഭിനയിക്കുന്നത് 1995ൽ പുറത്തിറങ്ങിയ ‘മാന്ത്രികം’ എന്ന സിനിമയിലെ ഒരു സ്ട്രീറ്റ് ഡാൻസറുടെ കഥാപാത്രത്തിലൂടെയായിരുന്നു. വിനായകൻ എന്ന നടൻ മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചു. ‘ജയിലർ’ എന്ന സിനിമയിൽ രജനികാന്ത് എന്ന ഒരു സൂപ്പർതാരത്തിന്റെ കൂടെ ശക്തനായ ഒരു വില്ലൻ കഥാപാത്രമാണ് അവതരിപ്പിക്കപ്പെട്ടത്. ഒരു പ്രത്യേക തരത്തിലുള്ള വൈബ്രേഷൻ ഉള്ള കോമഡിയും വയലൻസും ചേർന്ന ‘ജയിലറി’ലെ വർമൻ എന്ന കഥാപാത്രം വിനായകൻ എന്ന താര വ്യക്തിത്വത്തെ പാൻ-ഇന്ത്യൻ ലെവലിലും അതീവ സ്വീകാര്യനാക്കി. അതുപോലെ, മലയാളത്തിൽ കൊച്ചിയിലെ ചേരികളിലെ ഗുണ്ടാ റോളുകളിൽനിന്ന് മോചിപ്പിക്കപ്പെട്ട് വിനായകൻ മറ്റു പല റോളുകളിലേക്കും അവതരിപ്പിക്കപ്പെട്ടു.
ഭരണകൂട സമൂഹത്തിന് പുറത്തു നിൽക്കുന്ന, ഗുണ്ടകളായ, വയലന്റ് ആയ, ‘റോ’ ആയ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന സിനിമയിലെ പൊലീസ് ഓഫിസറുടെ റോൾ വിനായകന്റെ കാര്യത്തിൽ സാംസ്കാരികമായി ഒരു ഷിഫ്റ്റ് ആയിരുന്നു. ഒരു കാലത്ത് മമ്മൂട്ടി ഒക്കെ അവതരിപ്പിച്ച സിവിൽ സമൂഹത്തിന്റെ സ്ത്രീകളുടെ സംരക്ഷകനായ ഭരണകൂടത്തിന്റെ ഭാഗമായ ഒരു പൊലീസ് ഓഫിസറായി വിനായകൻ ആ സിനിമയിൽ അഭിനയിച്ചു വിജയിച്ചു. അത്തരം ഒരു സിനിമയുടെ തുടർച്ച കൂടിയാണ് ‘കളങ്കാവൽ’ എന്ന സിനിമയിലെ ജയകൃഷ്ണൻ എന്ന പൊലീസ് ഓഫിസർ. അതേസമയം ഈ സിനിമകൾ രൂപപ്പെടുന്ന കാലഘട്ടത്തിന്റെ ഒരു തലമുറക്ക് മുമ്പ് തന്നെ കേരളത്തിലെ ദലിത് സമൂഹങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവർ പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ ഉദ്യോഗങ്ങൾ എന്നിവയുടെ സീനിയർ പൊസിഷനിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു. അത്തരം ഒരു സാംസ്കാരിക സാഹചര്യം കേരളത്തിന്റെ ഒരു യാഥാർഥ്യം ആയിരുന്നു. അതിന്റെ ഒരു റെപ്ലിക്കകൂടിയാണ് വിനായകന്റെ ഇത്തരം കഥാപാത്രങ്ങൾ.
മമ്മൂട്ടി എന്ന നടൻ അഭിനയിക്കുന്നത് ഈ ലേഖകൻ കണ്ടിട്ടില്ലെങ്കിലും വിനായകൻ എന്ന നടൻ കാമറക്ക് മുന്നിൽ അഭിനയിക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. ‘കലി’ (2017) എന്ന സമീർ താഹിർ എന്ന സംവിധായകന്റെ സിനിമയിൽ കാമറ എന്ന ടൂളിന്റെ മുന്നിൽ ഓരോ തരത്തിലുള്ള ഷോട്ടുകൾക്ക് മുന്നിലും വിനായകൻ കഥാപാത്രമായി മാറുന്ന ഒരു പ്രോസസിങ് കണ്ടുകൊണ്ടിരിക്കുന്നത് ഒരു അനുഭവംകൂടിയാണ്. ഒരു അഭിനേതാവിനെ കാമറ രൂപപ്പെടുത്തുന്നത്, അതിന്റെ ആംഗിളുകൾ രൂപപ്പെടുത്തുന്നത് ഒക്കെ. വളരെ സാധാരണമായ രീതിയിൽ പെർഫോം ചെയ്ത വിനായകൻ പിന്നീട് സ്ക്രീനിൽ വരുമ്പോൾ ആ ഫ്രെയിമിനുള്ളിൽ കഥാപാത്രമായി മാറുന്ന ഒരു ട്രാൻസ്ഫർമേഷൻ അത്ഭുതം ഉണ്ടാക്കുന്നതുംകൂടിയാണ്. സിനിമയുടെ കാമറ, ഫോക്കസിങ്, ലൈറ്റിങ്, ഒരു കഥാപാത്രം പെർഫോം ചെയ്യുന്ന സമയം (പകൽ/രാത്രി), പിന്നെ സിനിമാറ്റിക് ടൂൾസ് എന്നിവയൊക്കെ അഭിനേതാവിനെ സഹായിക്കുന്നു. അതിനനുസരിച്ച് പെരുമാറി പെർഫോം ചെയ്യുന്ന ഒരു ഗംഭീര അഭിനേതാവായാണ് ആ സിനിമയുടെ ഷൂട്ടിനിടയിൽ തോന്നിയത്. ആ ടൂളുകളുടെ വിനായകന്റെ അറിവും ഗംഭീരമാണ്.

‘കളങ്കാവൽ’ സിനിമയിലെ വിനായകന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം ‘ഒരു’ത്തീ സിനിമയിലെ തുടർച്ചപോലെ ആകുമ്പോഴും അദ്ദേഹത്തിന്റെ സിനിമക്ക് പുറത്തുള്ള വൈബ്രന്റ് ആയ വ്യക്തിജീവിതത്തിൽനിന്നും വൈബ്രന്റ് ആയ മറ്റ് പല കഥാപాത്രങ്ങളിൽനിന്നും വളരെ വ്യത്യസ്തമായി നിലകൊള്ളുന്നു. വിനായകൻ തന്നെ തന്റെ ഒരു അഭിമുഖത്തിൽ താൻ വളരെ വൈബ്രന്റ് ആയി, ശരീരമൊക്കെ അനക്കി അഭിനയിക്കുന്ന ഒരു നടൻ ആണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ‘കളങ്കാവൽ’ എന്ന സിനിമയിൽ സംവിധായകൻതന്നെ അത്രയധികം നിയന്ത്രിെച്ചന്നും അതുകൊണ്ടുതന്നെ വളരെ സൂക്ഷ്മമായി സറ്റിൽ ആയി പെർഫോം ചെയ്ത സിനിമയാണ് ഇതെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്.
സമൂഹത്തിനു പുറത്തുനിൽക്കുന്ന നായക സ്വരൂപങ്ങൾക്കെതിരെ നിൽക്കുന്ന നമ്മൾ കണ്ട വിനായകനിൽനിന്ന് വ്യത്യസ്തമായി ഭരണകൂടത്തിന്റെ, സമൂഹത്തിന്റെ ടൂളുകളുടെ ഭാഗമായ പൊലീസിങ്ങിൽ ഒരാളായി, അതിനു പുറമെ നായകശരീരമായി വിനായകൻ മലയാള സിനിമയിൽ പരിണമിച്ചു എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ‘കളങ്കാവൽ’ എന്ന സിനിമ. ഒരു പുലയ സമുദായത്തിൽപെട്ട, കൊച്ചിയിലെ ചേരിയിൽ ജീവിച്ച, ഇന്റർനാഷനൽ ആയ ഒരു ബോഡി ലാംഗ്വേജ് ഉള്ള വിനായകൻ എന്ന മനുഷ്യൻ കേരളീയ സമൂഹത്തിൽ ഒരു നായകശരീരത്തിൽ പ്രതിഷ്ഠിക്കപ്പെട്ടു; അത് പോപുലർ കൾചറിൽ സാമ്പത്തികമായി സ്വീകരിക്കപ്പെട്ടു എന്നതാണ് ‘കളങ്കാവൽ’ എന്ന സിനിമ ചെയ്യുന്ന ഏറ്റവും വലിയ അട്ടിമറി.
കഴിഞ്ഞ പത്തിരുപതു വർഷമായി ഡിജിറ്റൽ റെവലൂഷനിലൂടെ സിനിമ എടുക്കുക എന്നത് ഒരു കുത്തക സമ്പ്രദായം എന്ന ഒരു സ്വഭാവത്തിൽനിന്ന് പൊളിഞ്ഞു; അതിനു ഒരു ജനകീയ സ്വഭാവം രൂപപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ കാമറകളുടെ ജനാധിപത്യവത്കരണത്തിലൂടെ മൊബൈൽ ഫോൺ കാമറകളുടെ വ്യാപകമായ ഉപയോഗത്തിലൂടെ ഇന്ത്യൻ സമൂഹത്തിലെ ദലിതരും ആദിവാസികളും അടങ്ങുന്ന കീഴാള സമൂഹങ്ങൾ ദൃശ്യതയിലേക്ക് റീലുകളിലൂടെയും ഷോർട്ട് വിഡിയോസിലൂടെയും പ്രവേശിച്ചിട്ടുണ്ട്. അതുപോലെ പുതിയ എ.ഐ കാലത്ത് രൂപപ്പെടുന്ന വിവിധ തരത്തിലുള്ള ദൃശ്യതകളിലൂടെ ടെലിവിഷൻ ഷോകളിലൂടെ ദലിതർ അടക്കമുള്ള മനുഷ്യർ മുഖ്യധാരയിലേക്ക് കടന്നു വരുന്നുണ്ട്. അതുപോലെ സിനിമകളിലേക്കും ഇത്തരം അനേകരായ, അപരരായ മനുഷ്യർ പലവിധത്തിലും കടന്നു വന്നിട്ടുണ്ട്. അതിന് കലാഭവൻ മണി, വിനായകൻ തുടങ്ങിയവർ അവരുടെ ജീവിതം കൊണ്ടു നൽകിയ ഊർജം ചെറുതൊന്നുമല്ല.
‘കളങ്കാവൽ’ എന്ന സിനിമയെ കുറിച്ചുള്ള ഒരു സോഷ്യോ-സൈക്കിക്, ആന്ത്രോപോളജിക്കൽ, അതിനു പുറമെ പോസ്റ്റ്-മോഡേൺ സ്റ്റഡീസിന്റെ ഇന്ത്യൻ സാംസ്കാരിക ധാരയിൽ പലവിധത്തിൽ രൂപപ്പെടും. മമ്മൂട്ടി എന്ന നടന് കേരള സമൂഹം പതിച്ചുകൊടുത്ത നായക ഉത്തമ പുരുഷ ഇമേജറികൾ അദ്ദേഹംതന്നെ പലപ്പോഴും പൊളിച്ചു കളഞ്ഞിട്ടുണ്ട്. ‘വിധേയൻ’, ‘പാലേരിമാണിക്യം’, ‘ഭ്രമയുഗം’, ‘രോഷാക്ക്’, ‘നൻപകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ ഒക്കെ അതിനു ഉദാഹരണങ്ങളുമാണ്.
‘കളങ്കാവൽ’ എന്ന സിനിമയിൽ കൊലപാതകം വല്ലാത്തൊരു മാനസിക ലഹരിയോടെ ആസ്വദിക്കുന്ന ഒരു സൈക്കോപ്പാത്തിനെ അതീവ സൂക്ഷ്മതയോടെ വിവിധ ഭേദങ്ങളോടെ മമ്മൂട്ടി അവതരിപ്പിക്കുന്നു. അതേസമയം, വിനായകൻ അപ്പുറത്ത് സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നു. സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാൻലി എന്ന കഥാപാത്രത്തിന്റെ ആദ്യ കൊലപാതക ദൃശ്യം തിയറ്ററുകളിൽ ഏറ്റെടുത്ത കൈയടി, മമ്മൂട്ടി എന്ന താരശരീരത്തിന് 40 വർഷമായി സമൂഹം ചാർത്തി നൽകിയ ശക്തമായ പുരുഷത്വ-നായക ഇമേജറി തകർത്ത് മാറ്റുന്ന ഒരു സാംസ്കാരിക-രാഷ്ട്രീയ ഷിഫ്റ്റിനുള്ള പ്രതികരണംകൂടിയാകാം. സ്റ്റാൻലി സമൂഹത്തിന്റെ മോറൽ ഫാഷിസത്തിൽനിന്ന് വിഘടിച്ച്, സ്റ്റേറ്റിനെയും പൊലീസിനെയും കബളിപ്പിച്ചുകൊണ്ട്, സമൂഹം നിർമിച്ച മൂല്യങ്ങളെയും അധികാരങ്ങളെയും ചോദ്യംചെയ്യുന്ന ഒറ്റയാൻ ചിഹ്നമായി ഉയരുന്നു. ഇതിലൂടെ മമ്മൂട്ടി തന്റെ തന്നെ താരസിംഹാസനത്തിൽനിന്ന് ഇറങ്ങി, സാമൂഹികമായി ‘സ്വീകാര്യ’നായ നായകശരീരത്തിൽനിന്നും സിനിമയിലെ ഒരു മെറ്റാ-വില്ലനിസത്തിലേക്ക് മാറുന്നു. ഇതിന് സമാന്തരമായി, യാഥാർഥ്യത്തിൽ ജാതി, വർഗ, ഭൗമിക അതിക്രമങ്ങളിലൂടെ പുറമ്പോക്കിലാക്കി മാറ്റപ്പെട്ട വിനായകനെ സിനിമ നായകസ്ഥാനത്ത് സ്ഥാപിക്കുന്നത് ഒരു വലിയ സാംസ്കാരിക-പൊളിറ്റിക്കൽ മെറ്റാ ഷിഫ്റ്റ് ആയി മാറുന്നു.
സ്റ്റേറ്റ് ഉപയോഗിക്കുന്ന ആധുനിക സൈബർ-നിരീക്ഷണ സംവിധാനങ്ങളെയും ട്രാക്കിങ് മെക്കാനിസങ്ങളെയും സിനിമയിൽ ആർട്ടിസ്റ്റിക് ഫിക്ഷനിലൂടെ സ്റ്റാൻലി പറ്റിച്ച്, അട്ടിമറിച്ച് കളയുകയും കുറ്റം–മൊറാലിറ്റി–ശിക്ഷ എന്ന ചട്ടക്കൂടിനെ തകർക്കുന്ന ഒരു ഗെയിം സ്റ്റാൻലിയിലൂടെ ദൃശ്യവത്കരിക്കുകയും ചെയ്യുന്നു. ഇവയെല്ലാം കൂടി ‘കളങ്കാവൽ’ സമൂഹം നിർമിച്ച റിയാലിറ്റികളെ, താരശരീരങ്ങളുടെ സിംഹാസനങ്ങളെ, സ്റ്റേറ്റ് അധികാരങ്ങളുടെ സ്ഥിരതകളെ അട്ടിമറിച്ച് സിനിമ എന്ന മാജിക്കൽ റിയാലിറ്റിയിൽ പുതുതായി പുനർവ്യാഖ്യാനം ചെയ്യുന്ന ശക്തമായ നായകശരീരങ്ങളെ അട്ടിമറിക്കുന്ന ഒരു ടെക്സ്റ്റ് ആക്കി മാറ്റുന്നു. ഈ സാംസ്കാരിക-രാഷ്ട്രീയ അട്ടിമറിതന്നെയാണ് ഈ സിനിമ കണ്ടതിനു ശേഷവും ദീർഘനേരം ഈ സിനിമ മനസ്സിൽ നിന്നുമാറാതെ നിൽക്കാൻ കാരണം.

‘കളങ്കാവൽ’ സിനിമ ചിത്രീകരണത്തിനിടെ വിനായകനും മമ്മൂട്ടിയും
കഴിഞ്ഞ 40 വർഷമായി ഉത്തമ പുരുഷനായും ഭരണകൂടങ്ങളെ സപ്പോർട്ട് ചെയ്യുന്ന നായകശരീരമായും, വില്ലനായും ഒക്കെ അഭിനയിച്ച ഒരു കൾട്ട് ഫിഗർ ആയ മമ്മൂട്ടി എന്ന സ്വത്വം, വിനായകൻ എന്ന നടന്റെ വില്ലൻ ആയി അവതരിപ്പിക്കപ്പെടുമ്പോഴുള്ള നായകനായി സാംസ്കാരികമായ ഷിഫ്റ്റ്, മലയാളത്തിലെ പോപ്പുലർ കൾചറിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. ഭരണകൂടങ്ങളെ, അതിന്റെ അന്വേഷണ സംവിധാനങ്ങളെ എടുത്ത് അമ്മാനമാടുന്ന ഒരു സൈക്കോപ്പാത്ത് ആയി മമ്മൂട്ടിയുടെ സ്റ്റാൻലി എന്ന കഥാപാത്രം നിറഞ്ഞാടുമ്പോൾ, ഇതേ നടൻ ഒരു കാലത്ത് പലതരം സിനിമകളിലൂടെ അതേ ഭരണകൂട സംവിധാനങ്ങളുടെ കൂടെ നിന്ന സ്ത്രീ സംരക്ഷകനായ ഒരു നായകൻകൂടിയായിരുന്നു. അങ്ങനെ ഒരു നായക താരശരീരം വില്ലത്തരത്തിലേക്ക് കടന്നു, സ്ത്രീകളെ ലൈംഗിക ഉപകരണമാക്കിയത്തിനുശേഷം കൊന്നുതള്ളുന്ന ഒരു സൈക്കോപ്പാത്ത് ആയി വരുമ്പോൾ, അതിനെ തളക്കാൻ വരുന്ന വിനായകന്റെ ജയകൃഷ്ണൻ എന്ന കഥാപാത്രം ഒരു ചരിത്രപരമായ താരശരീരങ്ങളുടെ നായക സ്വരൂപങ്ങളുടെ മാറ്റമാണ്. മമ്മൂട്ടി/വിനായകൻ എന്നീ രണ്ട് മനുഷ്യർ, അവർ താരസ്വരൂപങ്ങളായി സിനിമയിൽ അഭിനയിക്കുമ്പോൾ ജീവിച്ച ജീവിതവും, സിനിമക്ക് പുറത്തു ജീവിച്ച ജീവിതവും, അവർ ഉൾപ്പെട്ട ജീവിതത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലവും പഠിക്കുമ്പോൾ.
ഒരു സമൂഹം കുറെ കാലം നായകനാക്കിയ ഒരാൾ വില്ലൻ ആകുമ്പോഴും, ജാതീയതയുടെ വിവേചനത്തിലൂടെ കുറ്റവാളിവത്കരിക്കപ്പെട്ട് സമൂഹത്തിലെ പ്രതിനിധിയായ വിനായകൻ എന്ന മനുഷ്യൻ ‘കളങ്കാവൽ’ എന്ന സിനിമയിലൂടെ നായകനായി വരുന്നതും, കേരളം സമൂഹത്തിൽ സാംസ്കാരികപരമായി നടക്കുന്ന വലിയ ഒരു അട്ടിമറിയാണ്. അതുകൊണ്ട് തന്നെ ‘കളങ്കാവൽ’ ഒരു ചരിത്രമാണ്. ഇന്ത്യൻ സിനിമയിലെ ഒരു ചരിത്രം. ഇന്ത്യൻ സിനിമയിൽ ഒരുപാട് നായകന്മാർ ഉണ്ടാകാം, പക്ഷേ, മമ്മൂട്ടിയെ പോലെ വില്ലനായ ഒരു നായകൻ ഉണ്ടായിട്ടുണ്ടാകില്ല. ഇന്ത്യൻ സിനിമയിൽ ഒരുപാട് വില്ലന്മാർ ഉണ്ടായിട്ടുണ്ടാകാം, പേക്ഷ വിനായകൻപോലെ നായകനായ ഒരു വില്ലനും ഉണ്ടായിട്ടുണ്ടാകില്ല.
