Begin typing your search above and press return to search.
proflie-avatar
Login

സത്‍ലജ് ഒരു കണ്ണാടി

സത്‍ലജ്  ഒരു കണ്ണാടി
cancel

സെൻസർ ബോർഡ് അനാവശ്യ കട്ടുകൾ നിർദേശിച്ച, 48 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ ഒ.ടി.ടിയിൽ ബ്ലോക്ക് ചെയ്യപ്പെട്ട വിവാദ സിനിമ ‘സത്‍ലജ്’ കാണുന്നു. ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഈ സിനിമയും ആ സിനിമ നേരിടുന്ന വെല്ലുവിളികളും പലതിന്റെയും കണ്ണാടിയാണെന്ന് ലേഖകൻ. ജസ്വന്ത് സിങ് ഖാൽറ (1952-1995) ഒരു സിഖ് മനുഷ്യാവകാശ പ്രവർത്തകനും സാമൂഹിക ആക്ടിവിസ്റ്റുമാണ്. 1990കളിൽ പഞ്ചാബിലുണ്ടായ രാഷ്‌ട്രീയ അസ്ഥിരതയുടെ നാളുക​ളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം. സംസ്ഥാന പൊലീസിന്റെ അനധികൃത പ്രവർത്തനങ്ങളെ തുറന്നുകാട്ടിയതിന്റെ പേരിൽ അദ്ദേഹം ശഹീദ് (രക്തസാക്ഷി) ആയി അറിയപ്പെടുന്നു. 1952ൽ അമൃത് സറിനടുത്തുള്ള ഖാൽറ...

Your Subscription Supports Independent Journalism

View Plans
സെൻസർ ബോർഡ് അനാവശ്യ കട്ടുകൾ നിർദേശിച്ച, 48 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ ഒ.ടി.ടിയിൽ ബ്ലോക്ക് ചെയ്യപ്പെട്ട വിവാദ സിനിമ ‘സത്‍ലജ്’ കാണുന്നു. ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ ഈ സിനിമയും ആ സിനിമ നേരിടുന്ന വെല്ലുവിളികളും പലതിന്റെയും കണ്ണാടിയാണെന്ന് ലേഖകൻ.

ജസ്വന്ത് സിങ് ഖാൽറ (1952-1995) ഒരു സിഖ് മനുഷ്യാവകാശ പ്രവർത്തകനും സാമൂഹിക ആക്ടിവിസ്റ്റുമാണ്. 1990കളിൽ പഞ്ചാബിലുണ്ടായ രാഷ്‌ട്രീയ അസ്ഥിരതയുടെ നാളുക​ളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് അദ്ദേഹം. സംസ്ഥാന പൊലീസിന്റെ അനധികൃത പ്രവർത്തനങ്ങളെ തുറന്നുകാട്ടിയതിന്റെ പേരിൽ അദ്ദേഹം ശഹീദ് (രക്തസാക്ഷി) ആയി അറിയപ്പെടുന്നു. 1952ൽ അമൃത് സറിനടുത്തുള്ള ഖാൽറ ഗ്രാമത്തിൽ ജനിച്ചു.

പഞ്ചാബ് & സിന്ധ് ബാങ്ക് ജീവനക്കാരനായിരുന്നു അദ്ദേഹം. വെറും സാധാരണ ജീവിതം നയിക്കുന്ന വ്യക്തി. പമ്മിയെന്ന് വിളിക്കുന്ന ഭാര്യ പരംജിത് കൗറും രണ്ട് മക്കളും അടങ്ങുന്ന ജീവിതം. പറഞ്ഞുവരുന്നത് അടുത്തിടെ പുറത്തിറങ്ങിയ ഉടനെ സീ5 (Zee5) ഒ.ടി.ടിയിൽ ഇന്ത്യയിൽനിന്ന് നീക്കം ചെയ്യപ്പെട്ട ‘സത്‌ലജ്’ എന്ന സിനിമ പ്രതിപാദിക്കുന്ന ജസ്വന്ത് സിങ് ഖാൽറ എന്ന വ്യക്തിയുടെ ജീവചരിത്രമാണ്.

1980കളുടെ അവസാനവും 1990കളുടെ തുടക്കത്തിലും പഞ്ചാബിൽ പൊലീസ് നടത്തിയ ഫേക് എൻകൗണ്ടറുകൾ, നിർബന്ധിത അപ്രത്യക്ഷതകൾ (enforced disappearances), രഹസ്യമായി ശവങ്ങൾ ദഹിപ്പിക്കൽ എന്നിവയെക്കുറിച്ച് അദ്ദേഹം സമഗ്രമായ അന്വേഷണം നടത്തി. മുനിസിപ്പൽ റെക്കോഡുകൾ, ക്രിമറ്റോറിയം (ശ്മശാനം) ലോഗുകൾ, ദഹിപ്പിക്കാൻ ഉപയോഗിച്ച മരം എന്നിവയുടെ വിശദാംശങ്ങൾ ശേഖരിച്ചു കണ്ടെത്തുകയും ചെയ്തു. തന്റെ സുഹൃത്തിന്റെ പൊടുന്നനെയുള്ള അപ്രത്യക്ഷമാകലോടെ തുടങ്ങി പഞ്ചാബിൽ ആയിരക്കണക്കിന് അജ്ഞാത മൃതശരീരങ്ങൾ രഹസ്യമായി ദഹിക്കപ്പെടുന്നതിന്റെ തെളിവുകൾ കണ്ടെത്തുന്നു.

അമൃത് സറിലെ മൂന്ന് ക്രിമറ്റോറിയങ്ങളിൽ മാത്രം രണ്ടായിരത്തിലധികം അജ്ഞാത ശവങ്ങൾ രഹസ്യമായി ദഹിപ്പിക്കപ്പെട്ടതായി തെളിവുകൾ ശേഖരിച്ചു. അദ്ദേഹം ഈ വിവരങ്ങൾ മനുഷ്യാവകാശ സംഘടനകൾക്കും മാധ്യമങ്ങൾക്കും കൈമാറി. ഇത് ദേശീയ-അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു.

ഇതേത്തുടർന്ന് 1995 സെപ്റ്റംബർ 6ന് ഖാൽറയെ വീടിന് പുറത്തുനിന്ന് കാണാതാകുകയും പൊലീസ് കസ്റ്റഡിയിൽ മാസങ്ങളോളം ക്രൂരമായി ടോർച്ചർ ചെയ്യപ്പെടുകയും ചെയ്തു. നവംബറിൽ അദ്ദേഹത്തിന്റെ മൃതദേഹം സത്‌ലജ് നദിയിലെ ഹാരികെ കനാലിൽ കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതിയുടെ നിരീക്ഷണത്തിൽ സി.ബി.ഐ അ​ന്വേഷണം നടക്കുകയും 2011ൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെടുകയും ചെയ്തു. ഖാൽറ കേസ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ കേസുകളിലൊന്നായി അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യ പരംജിത് ഖാൽറ പഞ്ചാബിൽ ഇപ്പോഴും മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്നു.

വര്‍ഷങ്ങള്‍ നീണ്ട സെന്‍സര്‍ഷിപ് തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ ‘സീ5’ല്‍ റിലീസ് ചെയ്ത ദില്‍ജിത് ദോസാന്‍ജ് ചിത്രം ‘സത്ലജ്’ രണ്ടു ദിവസത്തിനകം ഇന്ത്യയില്‍ സ്ട്രീമിങ് നിര്‍ത്തിവെച്ചു. ഖാൽറയുടെ യഥാർഥ സംഭവം ആസ്പദമാക്കി ഹണി തഹാന്‍ സംവിധാനം ചെയ്ത ചിത്രം കടുത്ത രാഷ്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ പ്രേക്ഷകര്‍ക്ക് ലഭ്യമാകാത്തവിധം പ്ലാറ്റ്ഫോമില്‍നിന്ന് അപ്രത്യക്ഷമാക്കിയത്.

2022ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. അന്ന് ‘പഞ്ചാബ് 95’ എന്ന പേരിട്ടിരുന്ന ചിത്രം തിയറ്റര്‍ റിലീസിനായി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് കടുത്ത പ്രതിസന്ധികള്‍ തുടങ്ങിയത്. തുടക്കം മുതൽ ഒരുപാട് വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ‘സത്‌ലജ്’. 2022ൽ ‘ഗല്ലുഘര’ (കൂട്ടക്കൊല) എന്ന പേരിലാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രീകരണം പൂർത്തിയാക്കി നവംബറിൽ സെൻസർ ബോർഡിന് മുന്നിലെത്തിയ ചിത്രത്തിന് 120ലധികം കട്ടുകളാണ് ബോർഡ് നിർദേശിച്ചത്.

ജസ്വന്ത് സിങ് ഖാല്‍റ എന്ന പേര് മാറ്റുക, ‘തണ്‍ താരണ’പോലുള്ള യഥാർഥ സ്ഥലപ്പേരുകള്‍ ഒഴിവാക്കുക, പഞ്ചാബ് പൊലീസിനെ നേരിട്ട് പരാമര്‍ശിക്കാതിരിക്കുക, കൊല്ലപ്പെട്ടവരുടെ യഥാർഥ കണക്കുകള്‍ നീക്കുക തുടങ്ങി ചിത്രത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുന്ന മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. 20 കട്ടുകളും ‘പഞ്ചാബ് 95’ എന്ന പുതിയ പേരും നിർദേശിക്കപ്പെട്ടു. ഈ തീരുമാനത്തിനെതിരെ നിർമാതാക്കളായ RSVP മുംബൈ ഹൈകോടതിയെ സമീപിച്ചു. ഇതിനിടെ, 2023ൽ ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്ന സിനിമയുടെ ഗാല പ്രീമിയറും റദ്ദാക്കി.

തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ്, തിയറ്റര്‍ റിലീസ് ഉപേക്ഷിച്ച് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമില്ലാത്ത ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ ‘കട്ടുകള്‍’ ഒന്നുമില്ലാത്ത ഒറിജിനല്‍ പതിപ്പ് ‘സത്‌ലജ്’ എന്ന പേരില്‍ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അങ്ങനെയാണ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒ.ടി.ടിയിൽ റിലീസ് ചെയ്തതും.

ഒടുവിൽ ജൂലൈ സീനുകൾ ഒന്നും കട്ട് ചെയ്യാതെ സീ5ൽ സത്‌ലജ് റിലീസ് ചെയ്തു. എന്നാൽ, 48 മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യയില്‍ ഒ.ടി.ടി അവകാശം നേടിയിരുന്ന സീ5ൽ ബ്ലോക്ക് ചെയ്യപ്പെട്ടു. ‘സത്‌ലജി’ന് തിയറ്റർ റിലീസിനുള്ള സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പാലിക്കാതെ നിർമാതാക്കൾ ചിത്രം പേരുമാറ്റി ഒ.ടി.ടിയിൽ റിലീസ് ചെയ്യുകയായിരുന്നു. ഇത് 2021ലെ ഐ.ടി ആക്ടിന്റെ ലംഘനമാണ് എന്നതാണ് പിൻവലിക്കാനുള്ള കാരണമായി അധികൃതർ പറഞ്ഞത്. പക്ഷേ, സീ5 ഗ്ലോബലിൽ ചിത്രം തുടരുകയും ചെയ്തു. സുരക്ഷാ കാരണങ്ങളും സെൻസർ ബോർഡുമായുള്ള സെൻസർഷിപ് വിഷയങ്ങളുമാണെന്നായിരുന്നു Zee അധികൃതരുടെ മറുപടി.

റിലീസിന് പിന്നാലെ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജസ്വന്ത് സിങ് ഖാല്‍റയുടെ ഭാര്യ പരംജിത് കൗര്‍ ഖാല്‍റ, സിനിമയുടെ യഥാർഥ പതിപ്പ് ഒടുവില്‍ പുറത്തുവന്നതില്‍ ആശ്വാസമുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും അത്തരം ആക്ടിവിസത്തെയും രാജ്യസുരക്ഷക്ക് ഭീഷണിയായി മുദ്രകുത്തുന്ന നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ‘സത്‌ലജ്’ തികച്ചും ശക്തമായൊരു മുന്നറിയിപ്പാണെന്നായിരുന്നു സിനിമക്ക് കിട്ടിയ വിലയിരുത്തല്‍.

ചിത്രം ഒ.ടി.ടിയില്‍നിന്ന് നീക്കിയതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ദില്‍ജിത് ദോസാന്‍ജ് പ്രതികരണം നടത്തിയിരുന്നു. ‘‘1995ല്‍ ഖാല്‍റ സാബിന്റെ ശബ്ദം എങ്ങനെയാണോ അടിച്ചമര്‍ത്തിയത്, അതുപോലെ ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും ഒട്ടും വിഷമിക്കേണ്ടതില്ല, റിലീസ് ചെയ്ത ആദ്യദിനങ്ങളില്‍തന്നെ ജനങ്ങള്‍ ഈ സിനിമ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഡിജിറ്റല്‍യുഗത്തില്‍ ഒരു കഥ പുറത്തുവന്നാല്‍ അതിനെ ഇനി ഇല്ലാതാക്കാന്‍ കഴിയില്ല,’’ എന്ന് ദില്‍ജിത് ദോസാന്‍ജ് സീ5ന്റെ നടപടിയെത്തുടർന്ന് പറഞ്ഞിരുന്നു. കൂടാതെ, ദിൽജിത് ദോസാന്‍ജ് നായകനായ ‘സത്‌ലജി’നെ പിന്തുണച്ച് പ്രശസ്ത നടിയും മോഡലുമായ പഞ്ചാബുകാരിയായ ഗുൽ പനാഗ് ഇങ്ങനെ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചിരുന്നു. ‘തീവ്രവാദം രൂക്ഷമായിരുന്ന കാലത്ത് പഞ്ചാബിൽ ജനിച്ചുവളർന്ന വ്യക്തിയാണ് താനെന്നും, ചരിത്രം മായ്ച്ചുകളയാനുള്ളതല്ല, വേദനജനകമായ ഇത്തരം കഥകൾ ഇനിയും പറയേണ്ടതുണ്ടെന്നും അവർ എക്സിൽ അഭിപ്രായപ്പെട്ടിരുന്നു.

 

സത്‍ലജ്’ സിനിമയിൽനിന്നുള്ള രംഗം

‘തീവ്രവാദം ഏറ്റവും രൂക്ഷമായിരുന്ന വർഷങ്ങളിലാണ് ഞാൻ പഞ്ചാബിൽ വളർന്നത്. ബസുകൾ തടഞ്ഞുനിർത്തി നിരപരാധികളായ യാത്രക്കാരെ പുറത്തേക്ക് വലിച്ചിറക്കി കൊലപ്പെടുത്തിയ സംഭവങ്ങളെക്കുറിച്ച് പത്രങ്ങളിൽ വായിച്ചത് എനിക്ക് ഓർമയുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലാതിരുന്നിട്ടും യുവാക്കളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കി പീഡിപ്പിച്ച സംഭവങ്ങളെക്കുറിച്ചും ഞാൻ കേട്ടിട്ടുണ്ട്. എന്റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരും അതിലുണ്ടായിരുന്നു.

ആ കാലഘട്ടത്തിലെ ഓർമകൾ, ഇത്തരത്തിലുള്ള കഥകൾ പൊതുചർച്ചയുടെ ഭാഗമായി തുടരണമെന്ന തന്റെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നു. അത്രയും വേദന നിറഞ്ഞ കാലത്തെക്കുറിച്ചു പറയുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്തിനാണ്? ചരിത്രത്തിലെ പ്രയാസകരമായ നിമിഷങ്ങൾ മറക്കാതിരിക്കാൻ ഇത്തരം സിനിമകൾ സഹായിക്കും –ഗുൽ പനാഗ് എഴുതി. കൂടാതെ ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് തന്റെ ‘ലെറ്റർ ബോക്സ്ഡ്’ അക്കൗണ്ടിൽ സത്‌ലജിന് ഫൈവ്സ്റ്റാർ റേറ്റിങ് നൽകുകയും ചിത്രം കാണാൻ ആഹ്വാനം നൽകുകയും ചെയ്തിരുന്നു.

163 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ ഖാൽറയായി അഭിനയിച്ച ദിൽജിത് ദോസാന്‍ജിന്റെ പ്രകടനംതന്നെയാണ് മികച്ചത്. പൊലീസ് അധികാരത്തിന്റെ ക്രൂരതയുടെ പ്രതീകമായ എസ്.എസ്.പി സുഗ്ഗയായി അഭിനയിച്ച സുവീന്ദർ വിക്കി, അർജുൻ രാംപാലിന്റെ സി.ബി.ഐ ഓഫിസർ, ഖാൽറയുടെ ഭാര്യ പരംജിതിന്റെ വേഷമിട്ട ഗീതിക ഒഹ്‌ലിയാൻ തുടങ്ങിയവരുടെ സപ്പോർട്ടിങ് റോളുകളും ഗംഭീരം, മലയാളിയായ കെ.യു. മോഹനന്റെ ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ മികച്ചതാണ്. ഒരു അന്വേ​ഷണാത്മക ത്രില്ലറായും മനുഷ്യാവകാശ ഡോക്യുമെന്ററിയായും ‘സത്‌ലജി’നെ കരുതാം. പഞ്ചാബിന്റെ ഒരു ഇരുണ്ട അധ്യായത്തിലേക്കുള്ള ശക്തമായ ഓർമപ്പെടുത്തലാണ് ‘സത്‌ലജ്’.

News Summary - Film About Khalra Banned Quickly