Begin typing your search above and press return to search.
proflie-avatar
Login

നിറങ്ങളിൽ നീരാടിയ ‘ചിത്രശലഭം’

നിറങ്ങളിൽ നീരാടിയ   ‘ചിത്രശലഭം’
cancel

‘ബട്ടർഫ്ലൈസ്’ സിനിമയുടെ വസ്ത്രാലങ്കാരം, ഗാനങ്ങൾ, ഡബ്ബിങ് ചിത്രീകരണ സമയത്തെ മറ്റു വിശേഷങ്ങളുമാണ് ഇത്തവണ പറയുന്നത്. 1992 ഡിസംബര്‍.ബട്ടര്‍ഫ്ലൈസി’ന്‍റെ വസ്ത്രാലങ്കാരം ഏതെങ്കിലും സാധാരണമട്ടിലാവരുതെന്ന് തുടക്കത്തില്‍തന്നെ രാജീവേട്ടന്‍ തീരുമാനിച്ചിരുന്നു. സ്ഥിരം നിറങ്ങളോ അല്ലെങ്കില്‍ എല്ലാവരും ധരിക്കുന്നതുപോലെയുള്ള തുണികളോ ഈ ചിത്രത്തില്‍ ഉണ്ടാവരുതെന്ന് തിരക്കഥ എഴുതുമ്പോഴേ പറഞ്ഞിരുന്നു. മലയാള സിനിമയില്‍ അന്നതുവരെ ഉപയോഗിച്ചിരുന്ന ഉടുപ്പുകളുടെ നിറത്തിന്‍റെ പാറ്റേണ്‍ പരിപൂര്‍ണമായും മാറ്റാമെന്ന് ഓരോ സീന്‍ വായിച്ച് കഴിയുമ്പോഴും തീരുമാനിക്കുകയും ഒപ്പമിരുന്ന് അതത് സീനുകളില്‍...

Your Subscription Supports Independent Journalism

View Plans
‘ബട്ടർഫ്ലൈസ്’ സിനിമയുടെ വസ്ത്രാലങ്കാരം, ഗാനങ്ങൾ, ഡബ്ബിങ് ചിത്രീകരണ സമയത്തെ മറ്റു വിശേഷങ്ങളുമാണ് ഇത്തവണ പറയുന്നത്.

1992 ഡിസംബര്‍.

ബട്ടര്‍ഫ്ലൈസി’ന്‍റെ വസ്ത്രാലങ്കാരം ഏതെങ്കിലും സാധാരണമട്ടിലാവരുതെന്ന് തുടക്കത്തില്‍തന്നെ രാജീവേട്ടന്‍ തീരുമാനിച്ചിരുന്നു. സ്ഥിരം നിറങ്ങളോ അല്ലെങ്കില്‍ എല്ലാവരും ധരിക്കുന്നതുപോലെയുള്ള തുണികളോ ഈ ചിത്രത്തില്‍ ഉണ്ടാവരുതെന്ന് തിരക്കഥ എഴുതുമ്പോഴേ പറഞ്ഞിരുന്നു. മലയാള സിനിമയില്‍ അന്നതുവരെ ഉപയോഗിച്ചിരുന്ന ഉടുപ്പുകളുടെ നിറത്തിന്‍റെ പാറ്റേണ്‍ പരിപൂര്‍ണമായും മാറ്റാമെന്ന് ഓരോ സീന്‍ വായിച്ച് കഴിയുമ്പോഴും തീരുമാനിക്കുകയും ഒപ്പമിരുന്ന് അതത് സീനുകളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ നിറം സീനിന്‍റെ കോപ്പി എടുക്കുമ്പോള്‍ അതിന്‍റെ മാര്‍ജിനില്‍ എഴുതിയിടുകയുംചെയ്തിരുന്നു.

അങ്ങനെ ഓരോ സീനിലും പാട്ടിലുമൊക്കെ ഏതെല്ലാം നിറമെന്നും ഓരോ കഥാപാത്രവും ധരിക്കുന്ന വസ്ത്രത്തിന്‍റെ സ്വഭാവമെന്തെന്നും അവരുടെ സീനിലെ മൂഡിനനുസരിച്ചുള്ള വസ്ത്രങ്ങളുടെ നിറവും രീതികളും ഒരു ചെറുപുസ്തകത്തില്‍ സീന്‍ നമ്പര്‍ അനുസരിച്ച് എഴുതിവെച്ചു. പാട്ടിലും ആക്ഷന്‍ രംഗങ്ങളിലും മോഹന്‍ലാലും ജഗദീഷും ഐശ്വര്യയും മറ്റും ധരിക്കേണ്ട വസ്ത്രങ്ങള്‍ ഏത് രീതിയിലാവണമെന്ന് തീരുമാനിച്ചു. നോര്‍മല്‍ സീനുകളിലെ വേഷം മദ്രാസിലെ തുണിക്കടകളില്‍നിന്നും വാങ്ങാമെന്നും ചില പ്ര​േത്യക സ്വഭാവമുള്ള തുണിത്തരങ്ങള്‍ തിരുവനന്തപുരത്ത് കിട്ടുമോയെന്ന് അന്വേഷിച്ചുകൊണ്ടാണ് രാജീവേട്ടനൊപ്പം നഗരത്തിലെ സ്ഥിരം തുണിക്കടകള്‍ വിട്ട് ചാലയിലെയും കിഴക്കേക്കോട്ടയിലെയും ഫര്‍ണിഷിങ് ക്ലോത്ത് വിൽക്കുന്ന കടകളില്‍ ചെന്നുകയറിയത്.

തിരുവനന്തപുരത്ത് അന്നു കണ്ടുവന്നിരുന്ന തുണികള്‍ക്കെല്ലാം ഒരു തമിഴ് സിനിമ നിറമായിരുന്നു. അതികഠിന നിറങ്ങള്‍ക്ക് ഒരു വല്ലാത്ത പ്രാധാന്യം ചെന്നുകയറിയ തുണിക്കടകളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാജീവേട്ടന്‍റെ മനസ്സിലുള്ള ഇംഗ്ലീഷ് നിറങ്ങള്‍ക്കായാണ് കര്‍ട്ടന്‍, ഫര്‍ണിഷിങ് തുണികള്‍ വിൽക്കുന്ന കടകളില്‍ എത്തിയത്. സോഫകൾക്കും ജനൽ വിരികൾക്കും വാതില്‍ കര്‍ട്ടനുകളുമൊക്കെ ചെയ്യുന്ന തുണികള്‍ ചിലതൊക്കെ അൽപം കട്ടിയുള്ളതാണ്, എങ്കിലും മറൂണ്‍, ഒലീവ്, ഗ്രേ, ടാന്‍, പിങ്ക്, മജന്ത, ഇൻഡിഗോ, സ്കൈബ്ലൂ, ടെന്‍റര്‍ഗ്രീന്‍, നേവി ബ്ലൂ തുടങ്ങിയ നിറങ്ങളുടെ ഒരു വ്യത്യസ്ത ലോകം തുറന്നു​െവച്ചു. സിനിമയിലെപ്പോഴും തിളക്കം കൂടിയ നിറങ്ങള്‍ വേണമെന്ന ഒരു ചിന്തയുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പൊതുവെ നാട്യശാസ്ത്രത്തില്‍ ബേസിക് ബ്ലാക്, ബ്ലൂ, മഞ്ഞ, ചുവപ്പ് അങ്ങനെ നാലു നിറങ്ങളുടെ സംഗമത്തില്‍നിന്നുരുത്തിരിഞ്ഞു വരുന്ന നിറഭേദങ്ങളായിരുന്നു ഉപയോഗിക്കുന്നത്. നാടകത്തിനും അനുഷ്ഠാന പാരമ്പര്യ കലാരൂപങ്ങളിലും ഈ നിറങ്ങളുടെ സങ്കലനമായിരുന്നു തെളിയുന്നതും.

നാട്യശാസ്ത്രത്തിന്‍റെ അലങ്കാരങ്ങളില്‍ വസ്ത്രവും മേക്കപ്പും ഈ നിറങ്ങളെ ആസ്പദമാക്കിയാണ് ചെയ്തിരുന്നത്. പൊതുവേ സിനിമയും കൂടുതല്‍ നിറപ്പകിട്ടാര്‍ന്നതായതുകൊണ്ടുതന്നെ കളർപ്പടമായപ്പോള്‍ തിളക്കമുള്ള നിറത്തോടെയുള്ള വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം കിട്ടിയിരുന്നു. സിനിമയുടെ ആരംഭകാലത്ത് ഫിലിം നെഗറ്റിവ് ബ്ലാക് ആൻഡ് വൈറ്റ് സമയത്തെ കഥാപാത്രങ്ങള്‍ക്ക് ഒരിക്കലും വെളുത്ത നിറമുള്ള വസ്ത്രം കൊടുത്തിരുന്നില്ല. ലൈറ്റ് പിങ്ക്, ലൈറ്റ് ബ്ലൂ, ലൈറ്റ് ലെമണ്‍ നിറമുള്ള വസ്ത്രങ്ങള്‍ ബ്ലാക് ആൻഡ് വൈറ്റ് മൂവിയില്‍ വരുമ്പോള്‍ വെളുപ്പായി തോന്നും. മെറൂണ്‍ ബ്ലാക് ആയി കാണും. നരച്ചതും മഞ്ഞയും പച്ചയും കലര്‍ന്നതും, കടുംനിറമായ ചുവപ്പും ഉപയോഗിച്ചിരുന്നു. അതനുസരിച്ചായിരുന്നു വസ്ത്രങ്ങളുടെ നിറം തെരഞ്ഞെടുത്തിരുന്നത്. വസ്തുക്കൾക്കും ഇതേ സ്വഭാവമുണ്ടായിരുന്നു. അക്കാലത്തെ ചിത്രീകരണ സമയത്ത് സെറ്റില്‍ ചെന്നാല്‍ ഒട്ടും ചേരാത്തതായ നിറങ്ങളുടെ ഒരു സംഗമം കാണാവുന്നതായിരുന്നു എന്നും, കണ്ടാല്‍ ഒരു കോമാളി ലുക്ക് വസ്ത്രങ്ങളില്‍ ഉണ്ടായിരുന്നു എന്നും അന്നത്തെ ചലച്ചിത്രങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ പറഞ്ഞുതന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ ഡിസൈനിങ് വ്യാപകമായതോടെ പഴയതുപോലെ തെറ്റുപറ്റാറില്ല. ഏത് കളറിലുള്ള ഡിസൈനും ഇപ്പോള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാൻ കഴിയും. കോസ്റ്റ്യൂം ഡിസൈന്‍ പഠിച്ച കുട്ടികള്‍ ഇന്ന് സിനിമ മേഖലയില്‍ സജീവമാവുന്നുണ്ട്.

മഹി ആയിരുന്നു ‘ബട്ടർഫ്ലൈസി’ന്‍റെ വസ്ത്രാലങ്കാരം നിർവഹിച്ചിരുന്നത്. ദിലീപ് അഭിനയിച്ച ‘ചെസ്സ്’ എന്ന സിനിമയും ജീത്തു ജോസഫ് ആദ്യമായി സംവിധാനംചെയ്ത സുരേഷ് ഗോപിയുടെ ‘ഡിറ്റക്ടീവ്’ എന്ന സിനിമയും പിൽക്കാലത്ത് നിര്‍മിച്ചത് ഈ മഹിതന്നെയായിരുന്നു. രാജീവേട്ടന്‍ കുറെ തുണിത്തരങ്ങള്‍ പല കടകളിലായി കണ്ടെത്തിയതിന്‍റെ ചെറിയ തുണ്ടുകള്‍ മുറിച്ചെടുത്ത്, അത് മഹിയെ ഏൽപിച്ചു. എന്നിട്ട് ആ കടകളില്‍നിന്നും അവ വാങ്ങാൻ ഏര്‍പ്പാടാക്കിയിട്ടാണ് മദ്രാസിലേക്ക് വണ്ടികയറിയത്. ഓരോ കഥാപാത്രവും അത് അഭിനയിക്കുന്ന അഭിനേതാക്കളുടെ പേരും, സിനിമയില്‍ അവര്‍ക്ക് എത്ര സീനുകളുണ്ടെന്നും എഴുതിയ ഒരു ചെറുപുസ്തകം മഹിക്ക് ഞാന്‍ കൊടുത്തു.

‘‘സീന്‍ നമ്പറും ആ സീനില്‍ ഉപയോഗിക്കുന്ന ഡ്രസും അതിന്‍റെ പാറ്റേണും രാജീവേട്ടന്‍ ഇതില്‍ വരച്ചിട്ടുണ്ട്. അതനുസരിച്ച് അളവെടുത്ത് ചെയ്താല്‍ മതി.’’

‘‘മുഴുവന്‍ ആര്‍ട്ടിസ്റ്റിന്‍റെയും ഇതിലുണ്ടോ..?’’

‘‘മെയിന്‍ ആര്‍ട്ടിസ്റ്റിന്‍റെ മുഴുവനും ഉണ്ട്. പിന്നെ പാട്ടിലും ആക്ഷന്‍ സീനുകളിലും യൂസ് ചെയ്യുന്നതിന്‍റെ പാറ്റേണും... ഡ്യൂപ്പിന്‍റെ ഡ്രസ് ഏതൊക്കെ സീനിലുണ്ടെന്നും എഴുതീട്ടുണ്ട്...’’

‘‘ലൊക്കേഷനില്‍ എത്തുമ്പോ ഇതിനു മാറ്റമുണ്ടാവുമോ...’’ മഹി ഒരു സംശയം പ്രകടിപ്പിച്ചു.

‘‘ആസ് ഇറ്റീസ് ഇതിങ്ങനെ തന്നെയാവും. ചിലപ്പോ ബംഗളൂരുവിൽ ചെന്നിട്ട് ഏതെങ്കിലും കളര്‍ ചെയ്ഞ്ച് ഉണ്ടാവാം. രാജീവേട്ടന്‍ മാറ്റാന്‍ സാധ്യതയില്ല. മൂപ്പരു തീരുമാനിച്ച കുറേ കളര്‍ ഇവിടെ കിട്ടിയിട്ടുണ്ട്. മെറ്റീരിയല്‍സ് മദ്രാസിലാവും ലാഭം. നോര്‍മല്‍ ഡ്രസില്‍ എന്തെങ്കിലും ചെയ്ഞ്ച് ഉണ്ടായാല്‍ അതവിട്ന്ന് വാങ്ങാലോ...’’

‘‘അല്ല ഞാന്‍ പറഞ്ഞൂന്നേയുള്ളൂ...’’

മദ്രാസില്‍ സംഗീതസംവിധായകന്‍ രവീന്ദ്രന്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത് വെച്ചിരുന്നു. അതിന്‍റെ സ്പൂളുമായിട്ടാണ് പിന്നെ രാജീവേട്ടന്‍ തിരിച്ചുവന്നത്. ട്രിവാൻഡ്രം ക്ലബിലെ കോട്ടേജില്‍ ജെ. വില്യംസ് വന്നു. കാമറ യൂനിറ്റും എവിടെനിന്നാവണമെന്നും തീരുമാനിക്കാനായിട്ടായിരുന്നു അദ്ദേഹവും അസിസ്റ്റന്‍റ്സും വന്നത്. സിനിമ തുടങ്ങുന്നതിനു മുമ്പേ കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടാവണമെന്ന് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവിടെ കൂടിയത്. രണ്ടു പാട്ടുകള്‍ കേള്‍പ്പിച്ചു. എസ്.പി.ബി പാടിയ ‘‘പാല്‍ നിലാവിലെ’’ എന്ന പാട്ടും എം.ജി. ശ്രീകുമാര്‍ പാടിയ ‘‘ആഹാ മനോരഞ്ജിനി’’ എന്ന ഗാനവും. പാട്ടുകള്‍ കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും തൃപ്തിയായി. സിനിമയിലെ ടൈറ്റിലില്‍ ഉപയോഗിക്കുന്ന പാട്ടും കുട്ടികളുമായി നഗരം ചുറ്റുന്ന പാട്ടും ഇനി റെക്കോഡ് ചെയ്യാനുണ്ട്. പാട്ട് കേട്ടു കഴിഞ്ഞപ്പോള്‍ സുരേഷേട്ടനും രാജീവേട്ടനും മ്യൂസിക് ഡയറക്ടറെ വിളിച്ചു. ഫോണിന്‍റെ സ്പീക്കറിലൂടെ രവിയേട്ടന്‍റെ ചിരി കേള്‍ക്കാം. പുള്ളിയും വളരെ ഹാപ്പി ആയിരുന്നു.

‘‘സുരേഷേ ഇനി രണ്ടു പാട്ടുകൂടി നാളെ റെക്കോഡ് ചെയ്യും...’’

അന്നേരം സുരേഷേട്ടനാണ് പ്രശസ്ത ഗായകന്‍ ഉണ്ണിമേനോന്‍റെ പേരു പറയുന്നത്. ആ ദിവസങ്ങളില്‍ ഉണ്ണി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ‘ബട്ടര്‍ഫ്ലൈസി’ലെ മറ്റ് രണ്ടു പാട്ടുകളും ഉണ്ണിമേനോനും ചിത്രയുമാണ് പാടിയത്.

 

എസ്.പി.ബി, കെ.എസ്. ചിത്ര

ഫോണിലൂടെയും കത്തുകളിലൂടെയും വരുന്ന ശിപാര്‍ശകളുടെയും നിവേദനങ്ങളുടെയുമെണ്ണം എണ്ണിയാലൊടുങ്ങില്ല. സുരേഷേട്ടന്‍ ഒരുപാട് ആളുകളെ ഹൃദയപൂര്‍വം സിനിമയുടെ അകത്തളത്തിലേക്ക് കൈ പിടിച്ചിരുത്തിയിട്ടുണ്ട്. അഭിനയിക്കാനുള്ള ആഗ്രഹവുമായി നടന്നിരുന്ന ആളുകൾ. ചിലര്‍ക്ക് സിനിമയിലെവിടെയെങ്കിലും നിന്നാല്‍ മതിയെന്ന മോഹമാണ്. കൃത്യമായ തീരുമാനവുമായി വരുന്നവരുണ്ട്. അവര്‍ അതിനുവേണ്ടി എന്തു കഠിനശ്രമവും നടത്തും. അറിയുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും ഒരത്താണിയായി പ്രൊഡ്യൂസര്‍ സുരേഷ് കുമാര്‍ ഉണ്ടായിരുന്നു. അന്നൊക്കെ ഒരു സിനിമ നിര്‍മിക്കാന്‍ അതിന്‍റെ നിര്‍മാതാവും സംവിധായകനും തീരുമാനിക്കുമ്പോള്‍ അത് സിനിമ മാസികകളില്‍ വാര്‍ത്തയാകുമ്പോള്‍ അത്തരം അറിയിപ്പുകള്‍ മാത്രം വായിക്കുന്ന ചില സിനിമാപ്രേമികളുണ്ട്. അതില്‍ നല്ലൊരു ശതമാനവും അഭിനയമോഹികളായിരുന്നു. അന്ന് ഇന്നത്തെ പോലെ ഓഡിഷനൊന്നും ഉണ്ടായിരുന്നില്ല. സിനിമ തുടങ്ങുന്നതിനു മുമ്പേ തിരക്കഥ എഴുതി തീര്‍ന്ന്, കഥാപാത്രങ്ങളുടെ ലിസ്റ്റ് സഹസംവിധായകര്‍ എടുത്ത് കഴിയുമ്പോള്‍ പലപ്പോഴും പരിചയത്തില്‍ അഭിനയിക്കാന്‍ താൽപര്യമുള്ളവരെ വിളിച്ചുവരുത്തി അതുറപ്പിച്ച് പോവുകയായിരുന്നു പതിവ്.

അത് പലപ്പോഴും സംവിധായകരും നിര്‍മാതാവും പ്രൊഡക്ഷന്‍ മാനേജരും തീരുമാനിക്കുന്നതാവും. എന്നാല്‍, മാസികയിലെ വാര്‍ത്ത വായിച്ച് സിനിമ ലൊക്കേഷന്‍തോറും കയറിയിറങ്ങി ചാന്‍സ് വാങ്ങിക്കുന്ന ആളുകളുമുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെ ചിലരെ ഞാന്‍ കണ്ടിരുന്നു. ആലപ്പുഴയില്‍ ‘കനൽക്കിരീടം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഒരു കയര്‍ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് കുര്യാക്കോസ് എന്നൊരു ചേട്ടനെ പരിചയപ്പെടുന്നത്. അമ്പതിനുമീതെ അയാള്‍ക്ക് പ്രായമുണ്ട്. നല്ല വൃത്തിക്ക് അൽപം മേക്കപ്പിട്ട് ഒരു മുടിപോലും നരച്ചതില്ലാത്ത കുര്യാക്കോസ് ചേട്ടന്‍ എന്‍റെയടുത്തേക്ക് തന്നെയായിരുന്നു വന്നത്. വന്നപാടെ കൈയിലെ ബാഗ് തുറന്ന് അതില്‍നിന്നും ഒരു ഫയല്‍ എടുത്ത് നിവര്‍ത്തി. ആ ഫോള്‍ഡറിങ് ഫയലില്‍ കുറെ ഫോട്ടോകളുണ്ടായിരുന്നു. കുര്യാക്കോസ് ചേട്ടന്‍റെ വിവിധ വേഷങ്ങളിലുള്ള ഫോട്ടോകള്‍. ഒരുപാട് നടീനടന്മാരൊപ്പം നിന്നെടുത്ത വേറെ കുറേ ഫോട്ടോകള്‍.

‘‘ഇതൊക്കെ കുര്യാക്കോസേട്ടന്‍ അഭിനയിച്ചതിന്‍റെ സ്റ്റില്‍സാണോ....’’. ഫയല്‍ തിരിച്ചുകൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു.

‘‘അല്ല മധുപാലേ... എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ കാണിക്കാന്‍ കുറേ ഫോട്ടോ വേണം. പിന്നെ ഈ വേഷങ്ങളൊക്കെ എനിക്ക് പറ്റും എന്നും കാണിക്കണ്ടേ...’’

‘‘എന്നെ എന്തിനാ കാണാന്‍ വന്നേ...’’

‘‘നിങ്ങള് അസിസ്റ്റന്‍റായിട്ട് കയറിവന്നതല്ലേ... അപ്പോ നിങ്ങള് വിചാരിച്ചാ എനിക്കൊരു വേഷം കിട്ടില്ലേ...’’

‘‘ചേട്ടൻ ഞാനിവിടെ ഉണ്ടെന്ന് എങ്ങനെയാ അറിഞ്ഞത്...’’

ബാഗിന്‍റെ വേറെയൊരു അറ തുറന്ന് അയാള്‍ ‘നാന’ സിനിമവാരികയെടുത്തു. അതില്‍ ‘കനൽക്കിരീടം’ ആലപ്പുഴയില്‍ ഷൂട്ട് തുടങ്ങിയ വാര്‍ത്തയുണ്ടായിരുന്നു.

ഓരോ സിനിമയും എന്ന് തുടങ്ങുമെന്നും അതെവിടെയൊക്കെ ആയിരിക്കുമെന്ന ഷൂട്ട്-ലൊക്കേഷന്‍ എന്നൊരു കോളം അന്നത്തെ ‘നാന’യില്‍ ഉണ്ടായിരുന്നു. സിനിമയെന്ന പ്രപഞ്ചത്തിലേക്കുള്ള ദിശാസൂചകമായിരുന്നു ആ വാര്‍ത്തകള്‍.

‘‘ഇത് വായിച്ചിട്ട് അങ്ങെറങ്ങും. പിന്നെ അവിടെ ചെന്ന് മാനേജര്‍മാരെയും സംവിധായകരെയും കാണും. ചിലപ്പോ എന്തെങ്കിലും വേഷം കിട്ടും. ചിലപ്പോ ഒരു ഡേറ്റ് തന്നിട്ട് അന്നു വരാന്‍ പറയും. അത് ചിലപ്പോ ഭാഗ്യമുണ്ടെങ്കില്‍ കിട്ടും. ഇവിടെ വന്നപ്പോ നിങ്ങള് വിചാരിച്ചാ എന്തെങ്കിലും നടക്കുമെന്ന് തോന്നിയതോണ്ടാ വന്ന് കണ്ടത്. ഇതിന്‍റെ സംവിധായകന്‍ ശ്രീക്കുട്ടന്‍ സാറിനെ മുമ്പൊരിക്കല്‍ ഞാന്‍ ചെന്നു കണ്ടിട്ടുണ്ട്. എം. കൃഷ്ണന്‍ നായര്‍ സാറിന്‍റെ മോനല്ലേ... സിനിമ അറിയണ ആള്... പിന്നെ കൺട്രോളര്‍ കണ്ണനെയും അറിയാം. രാജസേനന്‍ സാറിന്‍റെ അനിയനല്ലേ... സിനിമേല് എന്തെങ്കിലും ആവണെങ്കില്‍ ചില ബന്ധങ്ങളൊക്കെ വേണം ല്ലെ സാറേ...’’

‘‘കുര്യാക്കോസ് ചേട്ടനു വേറെ എന്തെങ്കിലും തൊഴിലുണ്ടോ...’’

‘‘സിനിമ അഭിനയം തന്നെയാ എന്‍റെ തൊഴില്‍.’’

‘‘ഇതിങ്ങനെ ചാന്‍സന്വേഷിച്ച് ചെല്ലാന്‍ കുറെ പൈസ വേണ്ടേ... അതിനു തക്കത് കിട്ടുന്നുണ്ടോ...’’

കുര്യാക്കോസ് ചേട്ടന്‍ ഒരു ചിരി ചിരിച്ചു. അതൊരിക്കലും മറക്കാന്‍ കഴിയാത്തതായിരുന്നു. തിയറ്ററിലെ സ്ക്രീനില്‍ സ്വന്തം മുഖം കാണാനായി അതിതീവ്രമായി പരിശ്രമിക്കുന്ന അനേകര്‍ ഇന്നും സിനിമയെന്ന ഗ്രഹത്തിനു ചുറ്റുമായി കറങ്ങിക്കൊണ്ടേയിരിക്കുന്നു. അതില്‍ പ്രായഭേദമില്ല. വലുപ്പ ചെറുപ്പമില്ല. അന്നും ഇന്നും സിനിമയെന്ന പ്രപഞ്ചം സകലതിനും മീതെയായി നിലനിൽക്കുന്നു. ആ യൂനിവേഴ്സില്‍ കടന്നുകയറാനും അതിലലിഞ്ഞുചേരാനുമായി എത്രയെത്ര ജീവനുകളുണ്ടെന്ന് തിരിച്ചറിയുന്നു. ചിലതൊക്കെ അകത്താവുകയും കുറച്ചു നാളുകള്‍ക്ക് ശേഷം പാഴ്ജീവനുകളായി പ്രപഞ്ചത്തില്‍നിന്നും നിഷ്കാസിതരാവുകയുംചെയ്യുന്നത് കാണുന്നു.

എം.എ. വേണു ആയിരുന്നു ‘ബട്ടര്‍ഫ്ലൈസി’ന്‍റെ അസോസിയേറ്റ് ഡയറക്ടർ. കിത്തുച്ചേട്ടന്‍റെ ‘ആധാരം’ സിനിമ കഴിഞ്ഞ സമയത്താണ് വേണു നമ്മുടെ കൂടെ ചേരുന്നത്. ‘സാമ്രാജ്യം’ എന്ന മമ്മൂട്ടി ചിത്രം ചെയ്യുന്ന കാലത്തേ രാജീവേട്ടനു വേണുവിനെ അറിയാം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ തുടങ്ങി കുറച്ചു കഴിഞ്ഞിട്ടാണ് വേണു വന്നുകൂടിയത്. വേണുവിനൊപ്പം വിനോദ് കൂത്തുപറമ്പ് എന്നൊരു സഹസംവിധായകനും ഉണ്ടാവുമെന്ന് വന്നപ്പോഴേ പറഞ്ഞിരുന്നു. അയാള്‍ ഷൂട്ടിനു എത്തിക്കോളാമെന്നും അറിയിച്ചിട്ടുണ്ട്. വേണുവിനൊപ്പമിരുന്ന് സിനിമ ഷൂട്ട് ചെയ്യേണ്ടുന്നതിന്‍റെ ചാര്‍ട്ടും മറ്റ് വിശദാംശങ്ങളും എഴുതി തയാറാക്കിക്കൊണ്ടിരുന്ന സമയത്താണ് ട്രിവാന്‍ഡ്രം ക്ലബില്‍ ഞങ്ങള്‍ താമസിക്കുന്ന കോട്ടേജിന്‍റെ വാതിലില്‍ മുട്ടുകേട്ടത്. സാധാരണ ആരെങ്കിലും വന്നാല്‍ കാളിങ് ബെല്‍ അടിക്കാറാണ് പതിവ്. ഇതെന്തെന്ന് നോക്കാനായി ഞാന്‍ വാതില്‍ തുറന്നു.

-ആരാ...

-ഞാന്‍ സുരേഷ് കുമാര്‍, എനിക്ക് രാജീവ് അഞ്ചലിനെ കാണണം. കൂസലില്ലാത്ത സംസാരം. ആകെയൊരു വശപ്പെശക് നിൽപ്. നല്ല വെളുത്ത് പൂച്ചക്കണ്ണുകളുള്ള ഒരു പയ്യന്‍. ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന ഒരാളായിട്ടാണ് അന്നേരം എനിക്കവനെ കണ്ടപ്പോഴും പെരുമാറ്റം ശ്രദ്ധിച്ചപ്പോഴും തോന്നിയത്.

‘‘എന്താ കാര്യം?’’

‘‘ഞാന്‍ പ്രൊഡ്യൂസര്‍ സുരേഷ് കുമാര്‍ പറഞ്ഞിട്ട് വന്നതാണ്. ഈ സിനിമയുടെ അസിസ്റ്റന്‍റ് ആകാന്‍... സുരേഷണ്ണനുണ്ടല്ലോ...’’

ഞാനവനെ പുറത്തു നിര്‍ത്തിക്കൊണ്ടുതന്നെ അകത്ത് ചെന്ന് രാജീവേട്ടനോട് പറഞ്ഞു. അവിടെ സുരേഷേട്ടനുമുണ്ടായിരുന്നു. സുരേഷേട്ടന് അപ്പോള്‍തന്നെ ആളെ മനസ്സിലായി.

‘‘അത് നമ്മടെ പൂച്ചയാ... സുരേഷ്... രാജീവേ അവനെ കൂടി കൂടെ നിര്‍ത്ത്...’’

അകത്ത് കയറിയ പാടെ അവനാകെ മാറി. രാജീവേട്ടന്‍ സുരേഷിനെ എന്നെ ഏൽപിച്ചു. ഏറ്റവും മനോഹരമായ ഒരു ചിരിയോടെ അവന്‍ അണ്ണാ എന്ന് വിളിച്ച് എന്‍റെയടുത്ത് വന്നു. അപരിചിതരായ ആളുകള്‍ക്കിടയിൽപ്പെട്ടാൽപോലും അവരെയെല്ലാം എത്രയോ കാലമായി പരിചയമുള്ളതുപോലെ പെരുമാറുന്ന ഒരു ചെറുപ്പക്കാരന്‍. അങ്ങനെയൊരു ഫീല്‍ തരാന്‍ അവനാവുന്നുണ്ട്. അതുതന്നെയാവും സുരേഷേട്ടന്‍ അവന്‍റെ ആഗ്രഹത്തിനു കൂട്ടുനിന്നതും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്‍റെ തെക്കേ വഴിയില്‍ സുരേഷിനൊരു മാടക്കടയുണ്ട്. സിനിമയിലൊക്കെ വരുന്നതിനു മുന്നെ സുരേഷേട്ടനും സംഘവുമൊക്കെ ആ മാടക്കടയില്‍ വന്നിരുന്നു. അന്നത് സുരേഷിന്‍റെ അച്ഛനായിരുന്നു നടത്തിയിരുന്നത്. എന്നും തിരക്കുള്ള ആ കടയില്‍ സെക്രട്ടേറിയറ്റിലെ ആവശ്യങ്ങള്‍ക്കായി വരുന്ന നാടിന്‍റെ നാനാഭാഗത്തുമുള്ള സകല മനുഷ്യരുമെത്തിയിരുന്നു.

സെക്രട്ടേറിയറ്റിലെ ഏതു കാര്യത്തിനും കൈമടക്ക് കൊടുക്കണമെന്നൊരു കീഴ് വഴക്കമുണ്ടായിരുന്നു അന്ന്. ഒരു നിവേദനത്തിന്‍റെ രൂപത്തില്‍ പൈസയിടാനുള്ള കവര്‍ സുരേഷിന്‍റെ അച്ഛന്‍റെ കടയില്‍നിന്നായിരുന്നു അന്ന് വന്നിരുന്നവര്‍ വാങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ ആ കടയ്ക്ക് ‘കവറുകട’ എന്നൊരു പേര് സെക്രട്ടേറിയറ്റിനുള്ളിലുണ്ടായിരുന്നു എന്ന് സുരേഷ് പിന്നീട് പറഞ്ഞിരുന്നു. സെക്ര​േട്ടറിയറ്റിന്‍റെ പിന്നിലെ ഗ്രൗണ്ടില്‍ കളിക്കാന്‍ വന്നിരുന്ന സുരേഷേട്ടനും സംഘവും കളികഴിഞ്ഞ് ബോഞ്ചിയടിക്കാന്‍ കടയിലെത്തും. അന്നുമുതല്‍ കളിസ്ഥലത്തും മറ്റിടങ്ങളിലുമായി ഒരു നിഴലായി സുരേഷ് സുരേഷേട്ടനൊപ്പമുണ്ടായിരുന്നു. അതുതന്നെയാണ് സിനിമയെന്ന കൂട്ടിലേക്ക് അവനെത്താന്‍ കാരണമായതും.

 

എം.ജി. ശ്രീകുമാർ,ഉണ്ണി മേനോൻ 

‘‘അണ്ണാ ഞാനെന്താ ചെയ്യേണ്ടത്... സുരേഷണ്ണന്‍ ഒന്നും പറഞ്ഞ് തന്നിട്ടില്ല...’’

‘‘നീയിവിടെയിരി... ഇവടെ ചെയ്യണതൊക്കെ നോക്കീം കണ്ട്... എന്ത് ചെയ്യണമെന്ന് അപ്പ പറയാം...’’

‘‘ഓ...’’ എന്നു പറഞ്ഞ് സുരേഷ്, സുരേഷേട്ടനും രാജീവേട്ടനുമൊക്കെ ഇരിക്കുന്ന മുറിയിലേക്ക് ചെന്നിട്ട് അണ്ണാ ചായകള് വേണ്ടേ... എന്ന് ചോദിച്ചിട്ട് ഫോണ്‍ എടുത്തിട്ട് ആളുകളെ എണ്ണി റൂം സര്‍വിസിലേക്ക് വിളിച്ചിട്ട് ചായക്ക് ഓര്‍ഡര്‍ കൊടുത്തു.

ആ സമയത്ത് അപ്പിയണ്ണന്‍ കുറേ ഫോട്ടോസുമായി വന്ന് പറഞ്ഞു: നമ്മക്ക് വേണ്ട കുട്ടികളുടെ കൂട്ടത്തിലേക്ക് ഈ പെങ്കൊച്ചിനെ നോക്ക്... എനിക്ക് പരിചയമുള്ളതാ. ടീവീലൊക്കെ അഭിനയിച്ചിട്ടുണ്ട്... അത് ആര്യയുടെ ഫോട്ടോ ആയിരുന്നു. അവളെ തന്നെ രാഹുലിന്‍റെയും സുരേഷേട്ടന്‍ പറഞ്ഞിട്ടു വന്ന സോണിയുടെയും കൂട്ടത്തില്‍ ​െവച്ചു. ‘‘ഇനി ഒരു കൊച്ചുകൂടി വേണം... ഇവരേക്കാള്‍ ചെറുത്...’’

ഷൂട്ടിനു പോകുന്നതിന്‍റെ അന്നായിരുന്നു നാലാമത്തെ കുട്ടിയെ സുരേഷേട്ടന്‍ പറഞ്ഞുവിട്ടത്. പഴയകാലത്തെ ഒരു നടിയുടെ കൊച്ചുമകന്‍ ആയിരുന്നു ആ കുട്ടി.

(തുടരും)

News Summary - Butterflies dubbing shoot