പ്രണയമേ നീയാണ് ആശ

ഏപ്രിൽ 12ന് വിടവാങ്ങിയ അതുല്യ ഗായിക ആശ ഭോസ്ലെയെയും അവരുടെ പാട്ടുകളെയും അനുസ്മരിക്കുകയാണ് പാട്ടെഴുത്ത് ചരിത്രകാരനായ ലേഖകൻ. ആസ്വാദകരെ ഏതേതു ലോകത്തിലാണ് ആ അനുപമശബ്ദം കൊണ്ടെത്തിച്ചത്?രാജകീയ പ്രൗഢിയോടെയാണ് കൃഷ്ണേട്ടന്റെ വരവ്. ഒരു കൈയിൽ തൂക്കിപ്പിടിച്ച റേഡിയോ, മറുകൈയിൽ എരിയുന്ന സിഗരറ്റ്. അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും. കുപ്പായമിട്ടവരും ഇടാത്തവരുമുണ്ട് ആ കുസൃതിക്കൂട്ടത്തിൽ. ചുണ്ടേൽ അങ്ങാടിയിൽനിന്ന് വീട്ടിലേക്കുള്ള വഴിയിലെവിടെയോ...
Your Subscription Supports Independent Journalism
View Plansഏപ്രിൽ 12ന് വിടവാങ്ങിയ അതുല്യ ഗായിക ആശ ഭോസ്ലെയെയും അവരുടെ പാട്ടുകളെയും അനുസ്മരിക്കുകയാണ് പാട്ടെഴുത്ത് ചരിത്രകാരനായ ലേഖകൻ. ആസ്വാദകരെ ഏതേതു ലോകത്തിലാണ് ആ അനുപമശബ്ദം കൊണ്ടെത്തിച്ചത്?
രാജകീയ പ്രൗഢിയോടെയാണ് കൃഷ്ണേട്ടന്റെ വരവ്. ഒരു കൈയിൽ തൂക്കിപ്പിടിച്ച റേഡിയോ, മറുകൈയിൽ എരിയുന്ന സിഗരറ്റ്. അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും. കുപ്പായമിട്ടവരും ഇടാത്തവരുമുണ്ട് ആ കുസൃതിക്കൂട്ടത്തിൽ. ചുണ്ടേൽ അങ്ങാടിയിൽനിന്ന് വീട്ടിലേക്കുള്ള വഴിയിലെവിടെയോ വെച്ച് ഒപ്പം കൂടിയതാവണം. ട്രാൻസിസ്റ്റർ റേഡിയോ അന്നൊരു കൗതുകക്കാഴ്ചയാണല്ലോ; കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും.
നാൽപത്തിരണ്ട് സിമന്റുപടവുകൾ കയറി കൃഷ്ണേട്ടനും കുട്ട്യോളും എസ്റ്റേറ്റ് ക്വാർട്ടേഴ്സിന്റെ മുറ്റത്തെത്താൻ അക്ഷമരായി കാത്തിരുന്നു ഞങ്ങൾ -അമ്മയും വല്യമ്മയും ഞാനും. ടൗണിൽ ഇലക്ട്രിക്കൽ കട നടത്തുന്ന കൃഷ്ണേട്ടൻ പുതിയ ട്രാൻസിസ്റ്റർ വിൽക്കാൻ കൊണ്ടുവരുന്ന കാര്യം അച്ഛൻ പറഞ്ഞറിഞ്ഞിരുന്നു. കേട്ടറിവ് മാത്രമുള്ള റേഡിയോ എന്ന വസ്തു എങ്ങനെയിരിക്കും എന്നറിയാനായിരുന്നു മൂന്നാം ക്ലാസുകാരനായ എനിക്ക് തിടുക്കം. പടത്തിലേ കണ്ടിട്ടുള്ളൂ ചങ്ങാതിയെ അതുവരെ; മർഫി, ബുഷ്, ഫിലിപ്സ്, ജി.ഇ.സി, നെൽക്കോ തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ.
ഒപ്പമുള്ള കുട്ടികളെ ഒരു വശത്തേക്ക് മാറ്റിനിർത്തി റേഡിയോ ഉമ്മറത്തെ മേശപ്പുറത്ത് കൊണ്ടുവെക്കുന്നു കൃഷ്ണേട്ടൻ. പിന്നെ അതീവ ജാഗ്രതയോടെ കൈയിലെ തൂവാലകൊണ്ട് പുറത്തെ പൊടി തട്ടുന്നു. സ്വിച്ചുകളും നോബും പരിശോധിച്ചുനോക്കുന്നു. ഏതു നിമിഷവും അച്ഛൻ കടന്നുവരാം. റേഡിയോ വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണല്ലോ. അക്ഷമമായ കാത്തിരിപ്പ്. ‘‘കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ട് അല്ലേ ചിന്നമ്മുവേടത്തീ?’’ -പുതുമണവാളന്റെ രൂപസൗഭഗമുള്ള നവാതിഥിയെ സ്നേഹവാത്സല്യങ്ങളോടെ നോക്കിക്കൊണ്ട് അമ്മയുടെ ചോദ്യം. അതെയെന്ന് വല്യമ്മയുടെ തലയാട്ടൽ.
ഒടുവിൽ അച്ഛൻ വന്നു. ഗൗരവത്തിലാണ് വരവ്. കൃഷ്ണേട്ടന്റെ മുഖത്ത് ആകാംക്ഷ. സസ്പെൻസ് മുറുകുന്നു. അനർഘ മുഹൂർത്തമാണിനി. ജീവിതത്തിലാദ്യമായി ഒരു റേഡിയോ സംസാരിച്ചു കേൾക്കുന്ന നിമിഷം. ഏരിയൽ പടിപടിയായി മുകളിലേക്ക് വലിച്ചുനീട്ടി ആദ്യം കൃഷ്ണേട്ടൻ. പിന്നെ നോബ് ഒന്ന് തിരിച്ചു. ടക് എന്നൊരു ശബ്ദം കേട്ടപോലെ. റേഡിയോക്ക് ജീവൻ വെക്കാൻ ഇനി ഏതാനും നിമിഷംമാത്രം.
ഷോർട്ട് വേവ് ആവണം കൃഷ്ണേട്ടൻ ട്യൂൺ ചെയ്തത്. സ്പീക്കറിൽ നിന്ന് ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചീനച്ചട്ടിയിൽ കടുക് വറക്കുന്ന ശബ്ദം. ഉച്ചസ്ഥായിയിലാണ്. തിടുക്കത്തിൽ നോബ് തിരിച്ച് ശബ്ദം കുറച്ചു കൃഷ്ണേട്ടൻ. പിന്നെ തെല്ലൊരു ജാള്യത്തോടെ കാണികളായ ഞങ്ങളെ നോക്കി ചിരിച്ചു. ആദ്യമൊന്ന് ഞെട്ടിയതാണ് എല്ലാവരും. അപ്രതീക്ഷിതമാണല്ലോ പൊട്ടലും ചീറ്റലും. എന്നാൽ, അമ്പരപ്പ് അധികം നീണ്ടില്ല. അപശബ്ദങ്ങൾക്ക് മുകളിലൂടെ ഒരു പാട്ട് ഒഴുകിവരുന്നു. കാതുകൾക്ക് ഇമ്പമേകുന്ന പാട്ട്...
ഭാഷയേത്, പാടുന്നതാര്, സ്റ്റേഷനേത്? ഒന്നുമറിയില്ല. എങ്കിലും രസമുണ്ട് കേൾക്കാൻ. മധുരം കിനിയുന്ന രണ്ടു ശബ്ദങ്ങൾ. തരംഗമാലപോലെ ഒഴുകുകയാണവ. ആരോഹണാവരോഹണ ക്രമത്തിൽ. ഇടക്ക് ശബ്ദം ക്രമാതീതമായി ഉയരും. പിന്നെ താഴും. ആദ്യം പുരുഷൻ, പിന്നെ സ്ത്രീ. ഒരേ നദിയുടെ ഇരുകൈവഴികൾപോലെ.
അര നൂറ്റാണ്ടിനിപ്പുറവും ആ ശബ്ദങ്ങളുണ്ട് കാതിൽ; പ്രണയത്തിൽ കുതിർന്ന ആ പാട്ടും: ‘‘അഭീ നാ ജാവോ ഛോഡ് കർ കെ ദിൽ അഭീ ഭരാ നഹി...’’ മനസ്സിൽ ആനന്ദം നിറക്കാൻ ഇങ്ങനെയും ഒരു വിദ്യയുണ്ടെന്ന് ആദ്യമായി മനസ്സിലാക്കിത്തന്ന പാട്ട്. ആ പാട്ടിന്റെ ആകർഷണവലയത്തിൽ വീണുപോയതുകൊണ്ടാവുമോ റേഡിയോ വാങ്ങാൻ അച്ഛൻ തീരുമാനിച്ചത്? അറിയില്ല. വീട്ടിൽ റേഡിയോകൾ മാറിമാറി വന്നു. പിന്നെയെപ്പോഴോ റേഡിയോ മാറി ടു ഇൻ വണ്ണായി, സീഡി പ്ലെയറായി. മൊബൈൽ ഫോൺ വന്നതോടെ അക്കാലവും മാഞ്ഞു. വിരൽത്തുമ്പിലായി പാട്ട്. എങ്കിലും ആദ്യ കേൾവിയുടെ ആസ്വാദ്യത ഒന്നുവേറെ. പഴയ മൂന്നാം ക്ലാസുകാരൻ ഇപ്പോഴും ഉള്ളിലുള്ളതുകൊണ്ടാവും.
പിന്നീടെത്ര തവണ കേട്ടിരിക്കും ‘ഹം ദോനോം’ (1961) എന്ന ചിത്രത്തിൽ മുഹമ്മദ് റഫിയും ആശ ഭോസ്ലെയും ചേർന്ന് പാടിയ ‘‘അഭീ നാ ജാവോ ഛോഡ് കർ’’? ഒരു കണക്കുമില്ല. ഇതാ ഇന്നും, ഈ നിമിഷവും കേട്ടുകൊണ്ടിരിക്കുന്നു. ഓരോ കേൾവിയിലും നവ്യമായ അനുഭൂതികൾ മനസ്സിൽ നിറക്കുന്നു സാഹിർ ലുധിയാൻവി എഴുതി ജയദേവ് ചിട്ടപ്പെടുത്തിയ ആ അനശ്വര പ്രണയഗീതം. ആശ ഭോസ്ലെയുടെ വിയോഗവാർത്തക്കൊപ്പം ആദ്യം കാതിൽ മുഴങ്ങിയത് അതേ പാട്ടിന്റെ ശീലുകളാണ്. റഫിയിൽ സ്വയം മറന്ന് ഒഴുകിച്ചേരുന്ന ആശാനദി. പ്രണയത്തിന്റെ നേർത്തൊരു അംശമെങ്കിലും ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ടിനെ?
വിട്ടുപോകല്ലേ എന്ന് കാമിനിയെ നോക്കി പുഞ്ചിരിയോടെ അപേക്ഷിക്കുന്നു മുഹമ്മദ് റഫിയിലെ കാമുകൻ. ഈ ഹൃദയമിനിയും നിറഞ്ഞില്ലല്ലോ. പിന്നെങ്ങനെ നിനക്ക് വിടപറയാനാവും? ‘‘അഭീ അഭീ തോ ആയി ഹോ, ബഹാർ ബൻ കെ ഛായി ഹോ, ഹവാ സരാ മഹക് തോ ലേ, നസർ സരാ ബഹക് തോ ലേ, യെ ശാം ഢൽ തോ ലേ സരാ, യെ ദിൽ സംഭൽ തോ ലേ സരാ, മേ ഥോടി ദേർ ജീ തോ ലൂം, നശേ കെ ഘൂണ്ട് പീ തോ ലൂം, അഭീ തോ കുച്ഛ് കഹാ നഹി, അഭീ തോ കുച്ഛ് സുനാ നഹി...’’ ഇതാ ഇപ്പോഴെത്തിയതല്ലേ ഉള്ളൂ നീ, ചുറ്റും വസന്തം വിരിയിക്കാൻ? അന്തരീക്ഷം സുഗന്ധപൂരിതമാകട്ടെ; കണ്ണുകൾ നിന്നെ വലംവെക്കട്ടെ. ഈ സന്ധ്യ മാഞ്ഞുതുടങ്ങട്ടെ, ഹൃദയം ഒന്നടങ്ങട്ടെ. അൽപനേരംകൂടി ജീവിക്കാൻ അനുവദിക്കൂ എന്നെ; ഈ ലഹരിയൊന്ന് നുകരാൻ വേണ്ടി... (സാഹിർ സാബ് ക്ഷമിക്കണം. പരിഭാഷയിൽ കൊഴിഞ്ഞുപോകുന്നതെന്തോ അതാണ് കവിത.)
ഇതൊക്കെ കേട്ടിട്ടും കാമുകി ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് കാമുകന്റെ പരിഭവം. തെല്ല് കുസൃതി കലർത്തി ഹൃദയത്തിന്റെ ഭാഷയിൽ ആശ പാടിത്തുടങ്ങുന്നതോടെ ഗാനം മറ്റൊരുതലത്തിലേക്കുയരുന്നു: ‘‘സിതാരെ ജിൽമിലാ ഉഡേ ചരാഗ് ജഗ്മഗാ ഉഡേ, ബസ് അബ് നാ മുജ് കോ ടോക്നാ, ന ബഡ്കെ രാഹ് രോക്നാ... അഗർ മേ രുക് ഗയീ അഭി തോ ജാ ന പാവൂംഗി കഭീ...’’ മാനത്ത് താരങ്ങൾ മിന്നിത്തിളങ്ങുന്നു, പ്രകാശം പരന്നുതുടങ്ങുന്നു; തടഞ്ഞുനിർത്തരുതേ. എന്റെ വഴി മുടക്കരുതേ. ഇനിയുമിവിടെ നിന്നാൽ ഒരിക്കലും എനിക്ക് നിന്നെ വിട്ടുപോകാൻ കഴിഞ്ഞെന്നു വരില്ല...’’

സഹോദരി ലത മങ്കേഷ്കറിനൊപ്പം ആശ ഭോസ്ലെ
അപൂർവമായ ഹൃദയൈക്യം
ഈ അർഥങ്ങളൊന്നും അറിഞ്ഞല്ല ആദ്യകാലത്ത് ‘‘അഭീ നാ ജാവോ’’ ആസ്വദിച്ചത്. എന്നിട്ടും സാഹിർ ഉദ്ദേശിച്ച ഭാവം ഉൾക്കൊള്ളാൻ അന്നത്തെ സ്കൂൾകുട്ടിക്ക് അനായാസം കഴിഞ്ഞെങ്കിൽ നന്ദിപറയേണ്ടത് സംഗീത ശിൽപിയോടും ഗായകരോടുമാണ്. പാട്ടിന്റെ ആശയം അതിനിണങ്ങുന്ന ഭാവഗരിമയോടെ, ആർദ്രതയോടെ ഏത് സാധാരണക്കാരന്റെയും മനസ്സിൽ കുടിയിരുത്തുന്നു അനന്യമായ ആലാപനത്തികവോടെ റഫി-ആശമാർ. ഭാഷയുടെ എല്ലാ അതിർവരമ്പുകളെയും അപ്രസക്തമാക്കുന്ന സ്വരസംഗമം. റഫിയുടേതെന്നപോലെ ആശയുടെയും സ്വർഗീയനാദത്തിന് എന്നും യൗവനമായിരുന്നു എന്റെ മനസ്സിൽ. ഇന്നുമതെ. കാലത്തിന് തൊടാൻപോലുമാകാത്ത യൗവനം.
മുംബൈയിലെ ഫേമസ് സിനി ലാബിൽ ‘‘അഭീ നാ ജാവോ’’ പിറന്നുവീണ നിമിഷങ്ങൾ ഒരു റേഡിയോ അഭിമുഖത്തിൽ ആശാജി ഓർത്തെടുത്തതിങ്ങനെ: ‘‘പൊതുവെ മിതഭാഷിയാണ് റഫി സാഹിബ്. സ്റ്റുഡിയോയിൽ വന്നാൽ ആരോടും അധികം സംസാരമില്ല. മൃദുവായ ഒരു ചിരി മാത്രം. എന്നാൽ, മൈക്കിന് മുന്നിൽ ചെന്നുനിന്നാൽ അദ്ദേഹം മറ്റൊരാളാകും. പ്രണയഗാനമെങ്കിൽ കാമുകൻ. ദാർശനിക ഗാനമെങ്കിൽ സൂഫി, ഭക്തിഗാനമെങ്കിൽ ഭക്തൻ... അങ്ങനെയങ്ങനെ. ‘‘അഭീ ന ജാവോ’’ പാടുമ്പോൾ ശരിക്കും കാമുകനായിരുന്നു അദ്ദേഹം. ഞാൻ കാമുകിയും. ആ പാട്ട് കേൾക്കുമ്പോൾ നിങ്ങളത് തിരിച്ചറിയും. റഫി സാഹിബിന്റെ അവസാന നാളുകളിൽ ഒരു റെക്കോഡിങ്ങിനായി ഒത്തുചേർന്നപ്പോൾ ഒരുമിച്ചു പാടിയ ആ പഴയ ഗാനങ്ങളെക്കുറിച്ചെല്ലാം ഗൃഹാതുരത്വത്തോടെ സംസാരിച്ചു ഞങ്ങൾ. ആ കാലം ഇനിയും വരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു അദ്ദേഹം. എന്നാൽ, വിധി നിയോഗം മറിച്ചായിരുന്നു. അടുത്തൊരു ദിവസം അദ്ദേഹത്തിന്റെ മരണവാർത്തയാണ് എന്നെ തേടിയെത്തിയത്.’’
പാട്ടെഴുതിയ സാഹിറും സ്വരപ്പെടുത്തിയ ജയദേവും പാടിയ റഫിയും അഭിനയിച്ച ദേവാനന്ദ്-സാധനമാരും സംവിധാനം നിർവഹിച്ച അമർജിത്തുമെല്ലാം നേരത്തേ ഓർമയായി. ഇപ്പോഴിതാ ആശ ഭോസ്ലെയും. എങ്കിലെന്ത്? ആറര ദശകത്തിനിപ്പുറവും പാട്ടുണ്ടല്ലോ കാതോരം. പഴയ അതേ തുടുതുടുപ്പോടെ; മിനുമിനുപ്പോടെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു അത്. കവർ വേർഷനുകളിലൂടെ, റീമിക്സുകളിലൂടെ ഇത്രയേറെ ആഘോഷിക്കപ്പെട്ട പാട്ടുകൾ കുറവായിരിക്കും സിനിമാഗാന ലോകത്ത്. ശങ്കർ മഹാദേവനും ശ്രേയ ഘോഷാലും സോനു നിഗമുമെല്ലാമുണ്ട് ആ ഗാനത്തിന്റെ അടിയുറച്ച ആരാധകരിൽ. ‘‘ഓരോ തവണ ആ പാട്ട് പാടുമ്പോഴും എന്തൊക്കെയോ മനസ്സിൽ ബാക്കിനിൽക്കുംപോലെ തോന്നും. എവിടെയോ ഒരു അപൂർണത. റഫി സാഹിബും ആശാജിയും പാടിയതിന് അടുത്തെത്താൻപോലും കഴിയില്ല എന്ന് സ്വയം പറഞ്ഞുപോകാറുണ്ട് അപ്പോഴെല്ലാം.’’ -സോനുവിന്റെ വാക്കുകൾ. ആ പാട്ട് കേട്ട ആരും റഫിയെയും ആശയെയും അറിയാതെ പ്രണയിച്ചുപോകുമെന്ന് എസ്.പി. ബാലസുബ്രഹ്മണ്യം.
‘ഹം ദോനോ’മിലെ പ്രണയഗാനം എങ്ങനെയാവണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു നിർമാതാവും നായകനുമായ ദേവാനന്ദിന്. പ്രിയ കവിയായ ഹഫീസ് ജലന്ധരിയുടെ രചനകളോട് പ്രത്യേകിച്ചൊരു അഭിമുഖ്യമുണ്ട് ദേവിന്. സാഹിർ ലുധിയാൻവിയെപ്പോലെ പാക് കവിയായ ഹഫീസും ദേവിന് പ്രിയങ്കരൻ. ഹഫീസ് രചിച്ച് മലിക പുഖ്രാജ് പാടിയ ‘‘അഭീ തോ മേ ജവാൻ ഹൂം’’ എന്ന വിഖ്യാത ഉർദു ഭാവഗീതത്തിന്റെ ചുവടുപിടിച്ചുവേണം പാട്ട് എന്നാണ് സാഹിറിന് ദേവാനന്ദ് നൽകിയ നിർദേശം. പൊതുവെ മറ്റാരുടെയും രചനകൾ കടംകൊള്ളുന്ന ശീലമില്ല സാഹിറിന്. അത്തരം നിർദേശങ്ങൾ സ്വീകരിക്കാറുമില്ല. പക്ഷേ, പറയുന്നത് സുഹൃത്തായ ദേവാനന്ദാകുമ്പോൾ എങ്ങനെ നിരസിക്കും?

സാഹിർ ചെയ്തത് ഇത്രമാത്രം. ഹഫീസിന്റെ രചനയുടെ സാരാംശം മാത്രമെടുത്ത് തികച്ചും നവ്യമായ ഒരു പ്രണയഗാനം സൃഷ്ടിച്ചു. ‘‘ഹവാ ഭി ഖുശ് ഗവാർ ഹേ’’ എന്ന് തുടങ്ങുന്ന ആദ്യ ചരണത്തിൽനിന്നാവണം സാഹിർ പുതിയ പാട്ടിന്റെ ആശയം രൂപപ്പെടുത്തിയത്. ഹഫീസിന്റെ വരികളുടെ ഏകദേശ അർഥം ഇങ്ങനെ: അന്തരീക്ഷം ആവേശഭരിതം. പുഷ്പജാലം വിരിഞ്ഞുനിൽക്കുന്നു. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട് ചുറ്റും മധുരഗീതങ്ങളുടെ ശീലുകൾ... നീ എന്തിന് പോകണം ഇപ്പോൾ? തിരികെ വരൂ... ഹഫീസിന്റെ രചനയിൽ തുടർന്ന് കടന്നുവരുന്ന തത്ത്വചിന്തയുടെ അംശം പൂർണമായി ഉപേക്ഷിച്ച് തികച്ചും നൂതനമായ ഒരു പ്രണയഗാനം സൃഷ്ടിക്കുകയായിരുന്നു സാഹിർ. ജയദേവിന്റെ ഐന്ദ്രജാലികമായ സംഗീതസ്പർശവും റഫി-ആശമാരുടെ ആലാപനവും കൂടിച്ചേർന്നപ്പോൾ കാലാതിവർത്തിയായ ശ്രവ്യാനുഭവമായി ആ ഗാനം.
റഫിയും ആശയും. യുഗ്മഗാനങ്ങളിൽ മനോധർമ പ്രകടനത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നവരാണ് ഇരുവരും. ഒ.പി. നയ്യാറെ പോലുള്ള സംഗീത സംവിധായകർക്കുവേണ്ടി പാടുമ്പോൾ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം പ്രതീക്ഷിക്കാത്ത ഉയരങ്ങളിലെത്തുന്നു. ‘‘ആശയുമൊത്തുള്ള റഫിയുടെ യുഗ്മഗാനങ്ങൾ സംഗീതത്തിലെ സർഗാത്മകമായ കൊടുക്കൽ വാങ്ങൽ പ്രക്രിയയുടെ ഏറ്റവും നല്ല മാതൃകകളാണ്.’’ -എസ്.ഡി. ബർമൻ ഒരിക്കൽ എഴുതി. ‘‘ലതയുമൊത്ത് പാടുമ്പോൾ ആ സ്വാതന്ത്ര്യം അതേ അളവിൽ അദ്ദേഹത്തിന് ആസ്വദിക്കാൻ കഴിഞ്ഞിരുന്നോ എന്ന് സംശയം; പാട്ടുകളെല്ലാം അവിസ്മരണീയമെങ്കിൽകൂടി.’’

ഭർത്താവും സംഗീത സംവിധായകനുമായ ആർ.ഡി. ബർമനൊപ്പം,മുഹമ്മദ് റഫിയോടൊപ്പം
ദീവാനാ ഹുവാ ബാദൽ
‘കശ്മീർ കി കലി’യിലെ ‘‘ദീവാനാ ഹുവാ ബാദൽ’’ എന്ന യുഗ്മഗാനത്തിലുമുണ്ട് അതേ സഖ്യത്തിന്റെ ഇന്ദ്രജാലം. ആശയുടെ ശബ്ദത്തെ മാത്രമല്ല വ്യക്തിത്വത്തെയും ഒരിക്കൽ അളവറ്റ് പ്രണയിച്ച ഓംകാർ പ്രസാദ് നയ്യാറാണ് ആ ഗാനത്തിന്റെ സംഗീതശിൽപി എന്ന പ്രത്യേകതയുണ്ട്. ആശാജിയുടെ മരണാനന്തരം ‘കശ്മീർ കി കലി’യിലെ നായിക ശർമിള ടാഗോർ പങ്കുവെച്ച ഓർമ ഇങ്ങനെ: ‘‘ഹിന്ദിയിൽ ഞാൻ ആദ്യമായി കാമറയെ അഭിമുഖീകരിച്ചത് ഈ ഗാനരംഗത്തായിരുന്നു. ശ്രീനഗറിലെ ദാൽ തടാകത്തിലും പരിസരത്തുമായി നടന്ന ഷൂട്ടിങ്ങിൽ ഒപ്പം അഭിനയിച്ചത് ഷമ്മി കപൂർ. പല്ലവിയും ആദ്യ ചരണവും കഴിഞ്ഞുള്ള ഇടവേളയിൽ വിശ്രമത്തിനായി നെഹ്റു പാർക്കിൽ ചെന്നപ്പോൾ എന്നെ സ്വാഗതം ചെയ്തത് ആശാജിയാണ്. ഓടിവന്ന് മുറുകെ കെട്ടിപ്പിടിച്ചു അവർ. എന്നെപ്പോലൊരു തുടക്കക്കാരിയെ സംബന്ധിച്ച് അവിശ്വസനീയമായ അനുഭവമായിരുന്നു അത്. അന്നേ പ്രശസ്തയാണല്ലോ ആശാജി...’’ തനിക്കുവേണ്ടി ആശ പാടിയ ഗാനങ്ങളിൽ ശർമിളയുടെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നതും ‘‘ദീവാനാ ഹുവാ ബാദൽ’’ തന്നെ.
ഗായകർക്കിടയിലെ അപൂർവസുന്ദരമായ രസതന്ത്രം തന്നെയാവണം ആ പാട്ടിന്റെ ആസ്വാദ്യതക്ക് പിന്നിൽ. പാടുകയല്ല നാദശലഭമായി പറന്നുയരുകയാണ് റഫി സാഹിബ്. ‘‘യേ ദേഖ് കെ ദിൽ ജൂമാ’’ എന്ന വരിയിലെ ജൂമാ എന്ന വാക്കിലെത്തുമ്പോൾ ആ ശലഭം ആകാശത്താരകളെ ചെന്നുതൊടുന്നു. ആ പാട്ടൊരു പ്രണയപാഠശാലയാണെന്ന് തോന്നും ചിലപ്പോൾ. വരികളിൽ, വാക്കുകളിൽ, അക്ഷരങ്ങളിൽപോലും പ്രണയോന്മാദം നിറച്ചുവെച്ച പാട്ട്. ‘‘ജബ് തുംസെ നസർ ടകരായീ സനം’’ എന്ന് പാടി ആശകൂടി കടന്നുവരുന്നതോടെ പ്രണയത്തിന്റെ ഉത്സവമായി മാറുന്നു അത്. ഉസ്താദ് റയീസ് ഖാന്റെ സിത്താറും ഐസക് ഡേവിഡിന്റെ മാൻഡലിനും പണ്ഡിറ്റ് രാംനാരായണിന്റെ സാരംഗിയുമുണ്ട് ആ ഉത്സവത്തിന് കൊഴുപ്പേകാൻ. ‘‘ഈ പാട്ടിൽ സിത്താറും സാരംഗിയും മാൻഡലിനും അകമ്പടി വാദ്യങ്ങളല്ല, പാട്ടുകാരാണ്.’’ -ഫേമസ് സ്റ്റുഡിയോയിലെ റെക്കോഡിങ്ങിന് മുമ്പ് നയ്യാർ പറഞ്ഞു. റഫിക്കും ആശക്കും ഒപ്പം പാടിക്കൊണ്ടേയിരിക്കണം അവ. അക്ഷരംപ്രതി ആ നിർദേശം പാലിച്ചു റയീസ്-രാംനാരായൺ-ഡേവിസ് സഖ്യം.
റഫിയുമൊത്ത് ആശ പാടിയ പ്രണയഗാനങ്ങളിലെല്ലാമുണ്ട് അപൂർവമായ ആത്മൈക്യം. ഫിർ മിലോഗെ കഭി (യേ രാത് ഫിർ നാ ആയേഗി), ആപ് യൂഹി അഗർ ഹംസേ മിൽതേ രഹേ, ബഹുത് ശുക്രിയാ (ഏക് മുസാഫിർ ഏക് ഹസീന), ഇക് പർദേശി മേരാ ദിൽ ലേഗയാ (ഫഗുൻ), മാംഗ് കെ സാഥ് തുമാരാ (നയാ ദൗർ), രാത് കേ ഹംസഫർ (ആൻ ഈവനിങ് ഇൻ പാരിസ്), ഓ ഹസീന സുൽഫോംവാലേ, ഓ മേരെ സോനാരെ, ആജാ ആജാ (തീസ്രി മൻസിൽ), ദേഖോ കസം സേ (തുംസാ നഹി ദേഖാ), കൈസേ സമജാവൂം (സൂരജ്), ദിൽ ദേകെ ദേഖോ, ഹം ഔർ തും ഔർ യെ സമാ (ദിൽ ദേകെ ദേഖോ), ഢൽതി ജായേ രാത് (റസിയ സുൽത്താന), യേ രാത് യേ ഫിസായേ (ബട്വാരാ), മുജേ പ്യാർ കി സിന്ദഗി ദേനെവാലെ (പ്യാർ കാ സാഗർ), നീലേ ഗഗൻ പർ ഉഡ്തേ ബാദൽ (ഖാന്ദാൻ).... ഇവയിൽ ഏത് പാട്ടാണ് നമുക്ക് മാറ്റിനിർത്താനാകുക? എത്ര മാനസിക സംഘർഷത്തിനിടക്കും ചുണ്ടിലൊരു മന്ദഹാസത്തോടെയല്ലാതെ ഇന്നും കേൾക്കാനാവില്ല ‘കാലാപാനി’യിലെ ‘‘അച്ഛാ ജീ മേ ഹാരി ചലോ’’ എന്ന കുസൃതി നിറഞ്ഞ ഗാനം. ആലാപനംകൊണ്ട് മാത്രമല്ല ആത്മാവുകൊണ്ടുകൂടി ഒന്നായി ഒഴുകുകയാണ് ആ പാട്ടിൽ റഫിയും ആശയും. ഇതിഹാസതുല്യരായ രണ്ടു ഗായകരുടെയും പ്രകടനം കൈകെട്ടി നോക്കിനിൽക്കേണ്ടി വന്നതേയുള്ളൂ തനിക്കെന്ന് സംഗീത സംവിധായകൻ സചിൻ ദേവ് ബർമൻ പറഞ്ഞതായി വായിച്ചതോർക്കുന്നു.
എണ്ണത്തിൽ കൂടുതൽ റഫിക്കൊപ്പമുള്ള യുഗ്മഗാനങ്ങളെങ്കിലും കിഷോർ കുമാറിനൊപ്പവും മറക്കാനാവാത്ത പാട്ടുകളിൽ പങ്കാളിയായി ആശ. എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്നായ ‘ദില്ലി കാ തഗ്ഗി’ലെ ‘‘യേ രാതേ യേ മൗസം നദി കാ കിനാരാ’’ ഓർമവരുന്നു. നിശയുടെ നിഗൂഢ സൗന്ദര്യത്തെ കാമുകീകാമുകരുടെ മനോഗതങ്ങളുമായി വിളക്കിച്ചേർക്കുകയാണ് കവിയായ ശൈലേന്ദ്ര. സംഗീതത്തിന്റെ മൃദുസ്പർശത്താൽ രവി ആ വരികളിൽ നിലാവിന്റെ സൗരഭ്യം നിറക്കുന്നു. കിഷോർ-ആശമാരുടെ ഭാവദീപ്തമായ ആലാപനംകൂടി ചേരുമ്പോൾ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉദാത്തമായ പ്രേമഗീതികളിൽ ഒന്നായിമാറുന്നു അത്. ‘‘സംഗീത സംവിധായകൻ മനസ്സിൽ കാണുന്ന ഭാവത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നയാളാണ് കിഷോർ ദാ. മനോധർമത്തിന്റെ ചക്രവർത്തി.’’ - ആശയുടെ വാക്കുകൾ. ‘‘സ്റ്റുഡിയോയിൽ വന്നയുടൻ ബഹളം തുടങ്ങും. എന്നാൽ, പാട്ടിൽ ആ കളിചിരികളൊന്നും പ്രതീക്ഷിക്കേണ്ട. ഒപ്പം പാടുമ്പോൾ നമ്മൾ പരമാവധി ജാഗരൂകയായിരിക്കണം. ഭയന്നുകൊണ്ടാണ് പാടുകയെങ്കിലും കിഷോർദായോടൊപ്പമുള്ള ഓരോ റെക്കോഡിങ്ങും മനോഹരമായ അനുഭവങ്ങളായിരുന്നു. നല്ല സ്പിരിറ്റിലുള്ള ഒരു മത്സരബുദ്ധി ഞങ്ങൾ എന്നും കാത്തുസൂക്ഷിച്ചു.’’
ആശയും ഒ.പി. നയ്യാറും ഒരുമിച്ച ആദ്യചിത്രമായ ‘‘ചം ചം ച’’മിൽ കിഷോറായിരുന്നു സഹഗായകൻ. അടുത്ത പടം ബാപ് രേ ബാപ്. (1955) നയ്യാറിന്റെ കൈയൊപ്പ് പതിഞ്ഞുകിടക്കുന്ന കുതിരക്കുളമ്പടിത്താളത്തിലുള്ള (ടോംഗാ ബീറ്റ്സ്) ഗാനങ്ങളുടെ ഘോഷയാത്ര തുടങ്ങിയത് ഈ പടത്തിലെ ‘‘പിയാ പിയാ പിയാ മേരെ ജിയാ പുകാരെ’’ എന്ന പാട്ടിൽനിന്നാണ്. പാടിയത് കിഷോറും ആശയും. പിന്നാലെ വേറെയും ഹിറ്റ് ഗാനങ്ങളിൽ പങ്കാളിയായി ഈ സഖ്യം. എസ്.ഡി. ബർമൻ ചിട്ടപ്പെടുത്തിയ ‘പേയിങ് ഗസ്റ്റി’ലെ ‘‘ഛോഡ് ദോ ആഞ്ചൽ സമാനാ ക്യാ കഹേഗാ’’, ‘ചൽതി കാ നാം ഗാഡി’ യിലെ ‘‘ഹാൽ കൈസാ ഹേ ജനാബ് കാ’’ എന്നീ ഗാനങ്ങൾ ഇരുവരുടെയും മനോധർമ പ്രകടനത്തിന്റെ തിളക്കമാർന്ന ഉദാഹരണങ്ങളായി നിലനിൽക്കുന്നു.
സുനിയേ കഹിയേ (ബാതോം ബാതോം മേ -രാജേഷ് രോഷൻ), ഏക് മേ ഔർ ഏക് തു (ഖേൽ ഖേൽ മേ -ആർ.ഡി. ബർമൻ), ഓ സാഥി ചൽ (സീത ഔർ ഗീത -ആർ.ഡി. ബർമൻ), ഇന്ദഹാ ഹോഗയീ ഇന്ദസാർ കി (ശരാബി -ബപ്പി ലാഹിരി), ലേക്കർ ഹം ദീവാന ദിൽ (യാദോം കി ബാരാത്ത് -ആർ.ഡി. ബർമൻ), ഖുല്ലം ഖുല്ലം പ്യാർ കരേംഗേ (ഖേൽ ഖേൽ മേ -ആർ.ഡി. ബർമൻ), ആംഖോം ആംഖോം മേ ബാത് ഹോനേ ദോ (ആംഖോം ആംഖോം മേ -ശങ്കർ ജയ്കിഷൻ), ലേ ജായേംഗേ (ചോർ മചായെ ശോർ -രവീന്ദ്ര ജെയ്ൻ)... ഇരു ഗായകരും സ്വതന്ത്രരായി വിഹരിക്കുന്ന പ്രണയഗാനങ്ങളാണ് ഇവയിലേറെയും.
മഹേന്ദ്ര കപൂർ ആണ് ആശക്കൊപ്പം നിരവധി ഹിറ്റുകളിൽ പങ്കാളിയായ മറ്റൊരു ഗായകൻ. ‘നവരംഗി’ലെ ‘‘ആധാ ഹേ ചന്ദ്രമാ’’ (സംഗീതം: സി രാമചന്ദ്ര)യിൽനിന്ന് തുടങ്ങുന്ന ജൈത്രയാത്ര. അതിലും പ്രിയപ്പെട്ടതാണ് ‘ധൂൾ കാ ഫൂലി’ൽ എൻ. ദത്ത സ്വരപ്പെടുത്തിയ ‘‘ജോ തും മുസ്കുരാ ദോ’’ എന്ന ഗാനം. ആശയിലെ കാമുകി പീലി വിടർത്തി നൃത്തംചെയ്യുന്ന ഗാനം. തീർന്നില്ല. ആജാ ആജാ രേ (ഗുംറാഹ് -രവി), ഗാ രഹി ഹേ സിന്ദഗി (ആഞ്ചൽ -സി. രാമചന്ദ്ര) തുടങ്ങി വേറെയും ജനപ്രിയ ഗാനങ്ങളുണ്ട് ഈ കൂട്ടുകെട്ടിന്റേതായി. മന്നാഡേ (യേ ഹവാ യേ നദി കാ കിനാരാ, മുഡ് മുഡ് കെ നാ ദേഖ്), തലത്ത് മഹമൂദ് (ദോ ദിൽ ധഡക് രഹേ ഹേ, പ്യാർ പർ ബസ് തോ), മുകേഷ് (വോ സുബഹ് കഭി തോ ആയേഗി), യേശുദാസ് (ജാനേമൻ ജാനേമൻ, ഓ ബാവരെ), ഭൂപീന്ദർ (കിസി നസർ), അഭിജീത് (സരാ സാ ജൂം ലൂം നെ)... വിവിധ തലമുറകളിൽ പെട്ട ഗായകർക്കൊപ്പം ആശ പാടി അവിസ്മരണീയമാക്കിയ ഡ്യൂയറ്റുകളുടെ നിര ഇനിയും നീളും, അനന്തമായി.

സംഗീതസംവിധായകൻ ഒ.പി. നയ്യാറിനൊപ്പം ആശ ഭോസ്ലെ,കിഷോർ കുമാറിനൊപ്പം
ലതാജിയുമായി ചേർന്നപ്പോൾ
ഗായികമാർക്കൊപ്പമുള്ള യുഗ്മഗാനങ്ങൾ വേറെ. ലതാജിയുമൊത്താവണം കൂടുതൽ പാടിയിരിക്കുക. മേ ചലി മേ ചലി (പഡോസൻ), മേരെ മെഹ്ബൂബ് മേ ക്യാ നഹി (മേരെ മെഹ്ബൂബ്), ക്യാ ഹുവാ യേ മുജേ ക്യാ ഹുവാ (ജിസ് ദേശ് മേ ഗംഗാ ബഹ്ത്തി ഹേ), ജബ് ജബ് തുമേ ബുലായാ (ജഹനാരാ)... അങ്ങനെ ഒരുപിടി ഗാനങ്ങൾ. പ്രശസ്തയായ സഹോദരിയുമായി എന്നെങ്കിലും മത്സരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കൽ ആശ നൽകിയ മറുപടി ഇങ്ങനെ: ‘‘എന്തിന്? ഞങ്ങൾ ഇരുവരും സ്വതഃസിദ്ധമായ ശൈലികൾ പിന്തുടരുന്നവർ. ഒരിക്കലും ആ ശൈലികൾ തമ്മിൽ കൂട്ടിമുട്ടേണ്ട കാര്യമുണ്ടായിരുന്നില്ല. ലതാ ദീദിയുടെ ശബ്ദത്തെ ഒരിക്കലും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല ഞാൻ. ശ്രമിച്ചിരുന്നെങ്കിൽ ജനം എന്നെ നിർദയം തിരസ്കരിച്ചേനെ.’’ ആ തിരിച്ചറിവിൽനിന്ന് തുടങ്ങുന്നു ഹിന്ദി സിനിമാസംഗീതത്തിലെ ആശ ഭോസ്ലെ യുഗം.
ഒ.പി. നയ്യാരും സചിൻദേവ് ബർമനും ജയദേവും കല്യാൺജി ആനന്ദ്ജിയുമെല്ലാം ആശക്ക് സമ്മാനിച്ചത് അവർക്കുമാത്രം പാടി ഫലിപ്പിക്കാൻ കഴിയുന്ന പാട്ടുകളാണ്. ഓരോ പാട്ടിലുമുണ്ടായിരുന്നു ആശയുടെ സവിശേഷമായ ആലാപനമുദ്ര. ലതാജിയുമൊത്ത് ആശ പാടിയ യുഗ്മഗാനങ്ങൾ കേട്ടാലറിയാം ഈ വൈവിധ്യം. ‘‘പാട്ടിൽ ദീദി കൊണ്ടുവരാൻ പോകുന്ന ട്വിസ്റ്റ് എങ്ങനെ ആയിരിക്കും എന്നതിനെ കുറിച്ചൊരു സങ്കൽപമുണ്ട് എനിക്ക്. അതുപോലൊരു ട്വിസ്റ്റ് സ്വന്തം ആലാപനത്തിൽ അവതരിപ്പിക്കാൻ ഞാനും ശ്രമിക്കും. ഒരിക്കലും അതൊരു മത്സരമായിരുന്നില്ല; ഒരുതരം കൊടുക്കൽ വാങ്ങലായിരുന്നു.’’
സംശയമുണ്ടെങ്കിൽ ‘ശാരദ’ (1958) എന്ന ചിത്രത്തിൽ ലതയും ആശയും പാടിയ ‘‘ഓ ചാന്ദ് ജഹാം വോ ജായേ’’ കേട്ടുനോക്കിയാൽ മതി. ഇനിയും ആസ്വദിച്ച് കൊതിതീർന്നിട്ടില്ലാത്ത പാട്ടാണത്. രംഗത്ത് മീനാകുമാരിയും ശ്യാമയും. രജീന്ദർ കിഷന്റെ വരികളിലൂടെ, സി. രാമചന്ദ്രയുടെ ഈണത്തിലൂടെ ലതയും ആശയും മാറിമാറി ഒഴുകുമ്പോൾ അപൂർവചാരുതയാർന്ന ഒരു നാദസംഗമമായി മാറുന്നു അത്. രണ്ടു വ്യത്യസ്ത ശൈലികളുടെ ആശ്ലേഷം. പതിറ്റാണ്ടുകളോളം ചലച്ചിത്ര സംഗീതത്തിന്റെ ഗതിവിഗതികൾ നിർണയിച്ച ഗാനനദികൾ രണ്ടും സമാന്തരമായി ഒഴുകുമ്പോൾ സംഭവിക്കുന്ന മാജിക് അനുപമം.
ഗീതാദത്തിനും മുബാറക് ബീഗത്തിനും സഹോദരിയായ ഉഷ മങ്കേഷ്കർക്കുമൊക്കെ ഒപ്പം യുഗ്മഗാനങ്ങളിൽ പങ്കാളിയായി ആശാജി. എന്നാൽ, ജനപ്രീതിയിൽ അവയെ എല്ലാം നിഷ്പ്രഭമാക്കിയത് ഷംഷാദ് ബീഗത്തിനോടൊപ്പം ഒ.പി. നയ്യാറിനുവേണ്ടി ‘കിസ്മത്’ എന്ന ചിത്രത്തിൽ പാടിയ മുജ്ര ഗാനമാണ്: ‘‘കജ്രാ മൊഹബ്ബത് വാല അഖിയോം മേ ഐസാ ഡാലാ...’’

പിറന്നുവീണ് അര നൂറ്റാണ്ടിനിപ്പുറവും എക്കാലത്തെയും ജനപ്രിയ നൃത്തഗാനങ്ങളിൽ ഒന്നായി ‘‘കജ്രാ മൊഹബ്ബത് വാല’’യെ നിലനിർത്തുന്ന ഘടകം എന്തായിരിക്കാം? സ്വരവൈവിധ്യംതന്നെ എന്നായിരുന്നു വിഖ്യാത റേഡിയോ പ്രക്ഷേപകനും ചലച്ചിത്ര സംഗീത ഗവേഷകനുമായ അമീൻ സയാനിയുടെ നിരീക്ഷണം. ‘‘രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലുള്ള സ്വരധാരകളുടെ ഒരു അപൂർവ സങ്കലനം ആയിരുന്നു ആ ഗാനം. ആശാജിയുടെ ലോലവും ഭാവസാന്ദ്രവുമായ ശബ്ദത്തിന്റെ സൗമ്യമായ ഒഴുക്കിലേക്ക് നിനച്ചിരിക്കാതെ ഒരു പേമാരിയായി വന്നണയുകയാണ് ഷംഷാദ് ബീഗം.’’ ആശ ഭോസ്ലെയോടൊപ്പം ആ പാട്ട് പാടിയിരുന്നത് ലതാജി ആയിരുന്നെങ്കിൽ ആ അനുഭൂതി നമുക്ക് അന്യമായേനെ എന്ന് കൂട്ടിച്ചേർത്തു സയാനി. വേദികളിൽ ഒരിക്കലും പാടി മടുക്കാത്ത ഗാനം എന്ന് ഒരിക്കൽ ആശ ഭോസ്ലെ തന്നെ ഈ ഗാനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.
‘‘ഷംഷാദ് ബീഗത്തോടൊപ്പമാണ് പാടേണ്ടത് എന്നറിഞ്ഞപ്പോൾ ചെറിയൊരു ഉൾക്കിടിലം തോന്നി.’’ -ഫേമസ് സിനി ലാബിൽ നടന്ന റെക്കോഡിങ്ങിനെക്കുറിച്ച് ആശ ഭോസ്ലെയുടെ ഓർമ. ‘‘എന്നും എനിക്ക് ഭയമാണ് ബീഗം സാഹിബക്കൊപ്പം മൈക്കിന് മുന്നിൽ നിൽക്കാൻ. ഉറച്ച ശബ്ദത്തിലാണ് അവർ പാടുക. ആ പിച്ചിനൊത്ത് പിടിച്ചുനിൽക്കുക എളുപ്പമല്ല. പഞ്ചാബി ഫോക്ക് ശൈലിയിലുള്ള നൃത്തഗാനങ്ങളാണ് ഞങ്ങൾ ഏറെയും ഒരുമിച്ചു പാടിയിട്ടുള്ളത്. അത്തരം പാട്ടുകൾ പാടുമ്പോൾ അവർ സ്വയം മറക്കുന്നത് കണ്ടിട്ടുണ്ട്.’’ ബാബു സിങ് പവാറിന്റെ ഹാർമോണിയം നോട്ടുകളാണ് ‘‘കജ്രാ മൊഹബ്ബത് വാലാ’’യുടെ മറ്റൊരു ആകർഷണം 1950കൾ തൊട്ടേ നയ്യാറിനൊപ്പമുണ്ട് ബാബു സിങ്. ‘സി.ഐ.ഡി’യിലെ ‘‘ലേക്കെ പെഹലാ പെഹലാ പ്യാർ ജാദൂ നഗരി’’, ‘ഏക് മുസാഫിർ ഏക് ഹസീന’യിലെ ‘‘ബഹുത് ശുക്രിയാ’’ തുടങ്ങി വിഖ്യാതമായ എത്രയോ നയ്യാർ സൃഷ്ടികളുടെ പിന്നണിയിൽ ബാബു സിങ്ങിന്റെ ഹാർമോണിയം കേൾക്കാം.
എഴുതിയാൽ തീരില്ല ആ കാലത്തെ പറ്റി. എത്രയെത്ര മനോഹര ഗാനശിൽപങ്ങൾ. എത്രയെത്ര വൈവിധ്യമാർന്ന ശബ്ദങ്ങൾ. ആശാജിയുടെ യുഗ്മഗാനങ്ങളെ കുറിച്ചേ ഇവിടെ പരാമർശിച്ചിട്ടുള്ളൂ. അനശ്വരങ്ങളായ സോളോ ഗാനങ്ങൾ ആയിരക്കണക്കിന് വേറെയുണ്ട്. ഒരായുസ്സ് മതിയാവില്ല അവയൊക്കെ ആസ്വദിച്ച് തീരാൻ.
നന്ദിപറയേണ്ടത് കൃഷ്ണേട്ടനോടാണ്. എല്ലാം തുടങ്ങിവെച്ചത് അദ്ദേഹമാണല്ലോ. ആശ ഭോസ്ലെയിലേക്കും റഫി സാഹിബിലേക്കും അതുവഴി മെലഡിയുടെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്കും കൈപിടിച്ച് കൊണ്ടുപോയ മനുഷ്യൻ. ജീവിതത്തിലേക്ക് ആദ്യമായി റേഡിയോയുമായി കടന്നുവന്ന കൃഷ്ണേട്ടൻ ഇന്നില്ല. ചെറുപ്പത്തിൽതന്നെ ഒരു റോഡപകടത്തിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു അദ്ദേഹം. ചിലപ്പോൾ തോന്നും, ഫിലിപ്സ് റേഡിയോക്കൊപ്പം കൃഷ്ണേട്ടൻ അന്ന് ട്യൂൺചെയ്തത് എന്റെ ജീവിതംതന്നെയല്ലേ എന്ന്.
