ഇന്നലെ നീയൊരു സുന്ദരരാഗമായ്

ജൂലൈ 11ന് വിടപറഞ്ഞ ഗായിക എസ്. ജാനകിയെ അനുസ്മരിക്കുകയാണ് ലേഖകൻ. തലമുറകൾക്ക് എസ്. ജാനകി എന്താണ് സമ്മാനിച്ചത്? ആ ശബ്ദത്തിൽ മലയാളികൾ എങ്ങനെയൊക്കെയാണ് വികാരഭരിതരായത്? കാൽനൂറ്റാണ്ടുമുമ്പ് ഒരു രാത്രിയിലാണ് ജാനകിയമ്മയെ നേരിട്ടു കണ്ടു സംസാരിക്കാൻ ഒരവസരം കിട്ടിയത്. കോഴിക്കോട്ടെ ഒരു സംഗീതപരിപാടിക്കും തിരക്കുകൾക്കും ശേഷം ഹോട്ടലിൽ വിശ്രമിക്കുകയായിരുന്ന അവരെ അപ്പോയിന്റ്മെന്റൊന്നുമില്ലാതെ ഇടിച്ചുകയറി കാണുകയായിരുന്നു. മാതൃഭൂമി ആരോഗ്യമാസികക്കുവേണ്ടി അവരുടെ ആരോഗ്യകാര്യങ്ങൾ സംസാരിക്കുകയായിരുന്നു ലക്ഷ്യം. രാത്രി നന്നേ വൈകിയെങ്കിലും ഒരു മുഷിച്ചിലുമില്ലാതെ അവർ ഉദാരമായി സംസാരിച്ചു. ആസ്ത്മയുടെ...
Your Subscription Supports Independent Journalism
View Plansജൂലൈ 11ന് വിടപറഞ്ഞ ഗായിക എസ്. ജാനകിയെ അനുസ്മരിക്കുകയാണ് ലേഖകൻ. തലമുറകൾക്ക് എസ്. ജാനകി എന്താണ് സമ്മാനിച്ചത്? ആ ശബ്ദത്തിൽ മലയാളികൾ എങ്ങനെയൊക്കെയാണ് വികാരഭരിതരായത്?
കാൽനൂറ്റാണ്ടുമുമ്പ് ഒരു രാത്രിയിലാണ് ജാനകിയമ്മയെ നേരിട്ടു കണ്ടു സംസാരിക്കാൻ ഒരവസരം കിട്ടിയത്. കോഴിക്കോട്ടെ ഒരു സംഗീതപരിപാടിക്കും തിരക്കുകൾക്കും ശേഷം ഹോട്ടലിൽ വിശ്രമിക്കുകയായിരുന്ന അവരെ അപ്പോയിന്റ്മെന്റൊന്നുമില്ലാതെ ഇടിച്ചുകയറി കാണുകയായിരുന്നു. മാതൃഭൂമി ആരോഗ്യമാസികക്കുവേണ്ടി അവരുടെ ആരോഗ്യകാര്യങ്ങൾ സംസാരിക്കുകയായിരുന്നു ലക്ഷ്യം. രാത്രി നന്നേ വൈകിയെങ്കിലും ഒരു മുഷിച്ചിലുമില്ലാതെ അവർ ഉദാരമായി സംസാരിച്ചു. ആസ്ത്മയുടെ കാര്യമൊക്കെ വിട്ട് പാട്ടുകളിലേക്ക് സംസാരം നീണ്ടു. പാതിരാത്രി കഴിയും വരെ സംസാരിച്ചിരുന്നു.
ഒരുപാടു പാട്ടുകൾ മൂളി. ‘‘പാതിരാവായില്ല പൗർണമി കന്യയ്ക്കു’’ എന്ന യുഗ്മഗാനത്തോട് സവിശേഷമായൊരു ഇഷ്ടമുണ്ടെന്ന് സൂചിപ്പിച്ചപ്പോൾ അവർ അത് ഓർമിക്കുന്നില്ലെന്ന മട്ടിൽ രണ്ടു വരി മൂളാൻ ആവശ്യപ്പെട്ടു. വിറച്ചുകൊണ്ടാണെങ്കിലും എന്നെക്കൊണ്ടാവും വിധം പാടി. അമ്പരപ്പിച്ചുകൊണ്ട് ജാനകിയമ്മ എന്നോടൊപ്പം ബാക്കി പാടി – ‘‘മൂവന്തിപ്പൊയ്കയിൽ മുങ്ങി നീരാടി പാവാട മാറ്റിയ പ്രായം…’’ പിന്നീടോർക്കുമ്പോൾ കുളിരുകോരും, എസ്. ജാനകിയമ്മക്കൊപ്പം ഈ ഞാനും ഒരു പാട്ടു പാടിയിരിക്കുന്നുവല്ലോ എന്നോർത്ത്. അന്ന് കൈയിൽ റെക്കോഡറോ കാമറയോ ഇല്ലാതെപോയതോർത്ത് സങ്കടപ്പെടും.
2018ൽ പുറത്തുവന്ന ‘96’ എന്ന തമിഴ് ചിത്രത്തിൽ റാമും ജാനകിയും രാത്രി ജാനകിയമ്മയുടെ വീട്ടിൽ കയറിച്ചെല്ലുന്നതും അവരൊരുമിച്ച് പാടുന്നതുമായ രംഗം കണ്ടപ്പോൾ പഴയ ജാനകിയമ്മയെ ഓർത്തു. വലുപ്പച്ചെറുപ്പമേതുമില്ലാതെ വാത്സല്യത്തോടെയും ചെറുചിരിയോടെയും മാത്രം പെരുമാറിയ അമ്മയെ. നെറ്റിയിൽ ഭസ്മം പൂശി, സ്റ്റേജിൽ ഏതാണ്ട് നിശ്ചലയായി നിന്ന് ഒരു കുഞ്ഞു ഡയറിയിൽ കുറിച്ചിട്ട വരികൾ നോക്കി പഴയ ഭാവപ്രപഞ്ചം പുനഃസൃഷ്ടിക്കുന്ന മഹാഗായികയെ.
ഇത്രയധികം വ്യത്യസ്ത ഭാവങ്ങളിൽ ഗാനമാലപിച്ച അധികംപേരില്ല നമുക്ക്. സംഗീതത്തിനപ്പുറം ചെല്ലുന്ന ഭാവസ്പർശമാണ് ജാനകിയുടെ പരശ്ശതം പാട്ടുകളെ നമുക്ക് പ്രിയപ്പെട്ടതാക്കിയത്. വിഷാദവും വാത്സല്യവും പ്രണയവും ഭക്തിയും ശൃംഗാരവും ചിരിയും ചിന്തയും ആ പാട്ടുകൾക്ക് വാക്കുകൾക്കപ്പുറം ചെല്ലുന്ന അധികമാനങ്ങൾ നൽകി. ജാനകിയമ്മയുടെ നിര്യാണത്തിനുശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ നൂറുകണക്കിന് റീലുകളിൽ അവരുടെ അത്ഭുതകരമായ ഭാവപ്രകടനങ്ങൾ കണ്ടു. പലപ്പോഴായി സ്റ്റേജിലും അഭിമുഖങ്ങളിലും പാടിയ തീർത്തും വ്യത്യസ്തമായ ആലാപനമാതൃകകൾ. കൊച്ചുകുട്ടിയുടെയും ചെറുപ്പക്കാരന്റെയും വൃദ്ധയുടെയുമൊക്കെ ശബ്ദത്തിൽ ജാനകി അവതരിപ്പിച്ച അസംഖ്യം പാട്ടുകൾ. യൗവനകാലത്തെ അതേ ഊർജസ്വലതയോടെ ജീവിതസായാഹ്നത്തിലും അവർ ഈ ‘ബഹുസ്വരത’ ആഘോഷിച്ചു.
1938ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ജനിച്ച എസ്. ജാനകിയുടെ അച്ഛൻ ഒരു ആയുർവേദവൈദ്യനായിരുന്നു. ഒമ്പതുവയസ്സിൽ അരങ്ങേറ്റം കുറിച്ച് പതിനൊന്നാം വയസ്സിൽ സംഗീത പരിപാടികൾക്ക് പോയിത്തുടങ്ങിയ ജാനകി ശാസ്ത്രീയ സംഗീതം ചിട്ടയായി അഭ്യസിച്ചിരുന്നില്ല. കുട്ടിക്കാലത്ത് നാദസ്വരവിദ്വാൻ പൈദി സ്വാമിയുടെയടുത്ത് പാട്ടുപഠിക്കാൻ പോയിരുന്നു. ആ കുട്ടിയുടെ സ്വരമാധുരിയിൽ മതിമറന്ന ഗുരു പറഞ്ഞുവത്രേ: ‘‘നിന്റെ ശബ്ദത്തിന് ദൈവം ശ്രുതിയും ലയവുമൊക്കെ വേണ്ടുവോളം നൽകിയിട്ടുണ്ട്. നീ, സരിഗമയൊന്നും പഠിക്കേണ്ട കാര്യമില്ല.’’ എങ്കിലും കുറച്ചുദിവസംകൊണ്ട് അദ്ദേഹം ഒന്നുരണ്ടു കൃതികൾ ഹൃദിസ്ഥമാക്കിച്ചു. അതോടെ പഠനം തീർന്നു. ലതാമങ്കേഷ്കറാണ് ജാനകിയുടെ മാനസഗുരു. ലതാജിയുടെ ‘‘രസിയാ ഓ സജ്നാ’’ പാടിയാണ് 1957ൽ, ഏതാണ്ട് ഏഴുപതിറ്റാണ്ടുമുമ്പ് ജാനകി എ.വി.എം. സ്റ്റുഡിയോവിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ചേരുന്നത്. ഗായിക പി. സുശീലയുടെ ഒഴിവിലേക്കായിരുന്നു നിയമനം.
ആ വർഷംതന്നെയാണ് എസ്. ജാനകി സിനിമയിൽ പാടിത്തുടങ്ങുന്നത്, പത്തൊമ്പതാം വയസ്സിൽ. ‘വിധിയിൻ വിളയാട്ട്’ എന്ന ഈ ആദ്യ തമിഴ് ചിത്രം പക്ഷേ പുറത്തിറങ്ങിയിരുന്നില്ല. ‘‘എൻ ആസൈ പാഴാനത് ഏനോ’’ എന്നതായിരുന്നു ജാനകിയമ്മയുടെ ആദ്യഗാനം. ടി. ചലപതിറാവു ഈണമിട്ട ഒരു ശോകഗാനം. പിറ്റേന്നുതന്നെ ഒരു തെലുഗു ചിത്രത്തിലും ജാനകി പാടി. അതേ വർഷംതന്നെ മലയാളത്തിലും അരങ്ങേറ്റം. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനുവേണ്ടി ‘‘ഇരുള്‍ മൂടുകയോ എന്‍ വാഴ്‍വില്‍ കരള്‍ നീറുകയോ ഈ വാഴ്‍വില്‍ കറും കടലലപോല്‍ മനം പുളയുകയോ’’ എന്ന ഗാനം എഴുതിയത് പി.എൻ. ദേവ്; സംഗീതം എസ്.എൻ. ചാമി. 1951 മുതൽ മലയാള സംഗീതസംവിധാന രംഗത്തുണ്ടായിരുന്ന ചാമിക്കുവേണ്ടി പിന്നീടും ഒന്നുരണ്ടു പാട്ടുകൾ ജാനകിയമ്മ പാടിയിട്ടുണ്ട്. 1957ൽത്തന്നെ ആറു ഭാഷകളിലായി നൂറോളം പാട്ടുകൾ ജാനകി പാടി.

പിന്നെയും അവസരങ്ങൾ ജാനകിയെ തേടിയെത്തിക്കൊണ്ടിരുന്നു. 1958ൽ മദ്രാസിൽ ‘കൊഞ്ചും ചിലങ്കൈ’ എന്ന സിനിമയുടെ റെേക്കാഡിങ് നടക്കുകയാണ്. എസ്. എം. സുബ്ബയ്യനായിഡുവാണ് സംഗീത സംവിധായകൻ. പടത്തിന്റെ ടൈറ്റിൽ സോങ് പി. ലീല പാടിക്കഴിഞ്ഞു. അടുത്തത് ഒരു സെമിക്ലാസിക്കൽ ഗാനമാണ്. പിന്നണിയിൽ അതിപ്രഗല്ഭനായ നാദസ്വരസമ്രാട്ട് കാരൈകുറിച്ചി അരുണാചലം. കാരൈകുറിച്ചിയുടെ നാദസ്വരത്തിന്റെ ഉച്ചസ്ഥായിയുമായി ചേർന്ന്, മത്സരിച്ച് പാടാനുള്ള പാട്ടാണ് െറേക്കാഡ് ചെയ്യാനുള്ളത്.
‘‘ശിങ്കാരവേലനേ... ദേവാ...’’ എന്ന ഗാനം. സംവിധായകന്റെ വിശദീകരണം കേട്ടപ്പോൾ പി ലീല പറഞ്ഞു, ‘‘അത് ജാനകി പാടിയാൽ മതി. അത്രയും ഹൈപിച്ച് ജാനകിക്കാണ് ഇണങ്ങുക.’’ അക്കാലത്ത് ജാനകി പാടിത്തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ എന്നോർക്കണം. യാദൃച്ഛികമായി കിട്ടിയ അവസരം. കാരൈകുറിച്ചിയെപ്പോലും അതിശയിച്ചുകൊണ്ട് ജാനകി തകർത്തുപാടി. തമിഴിലെ എക്കാലത്തെയും മികച്ച സെമിക്ലാസിക്കൽ ഹിറ്റായി, ‘‘ശിങ്കാരവേലനേ.’’ നാദസ്വരവും ജാനകീസ്വരവും തിരിച്ചറിയാനാവാത്ത അത്യപൂർവ ഹിറ്റായിമാറി ഈ ഗാനം. ലീലയുടെ മഹാമനസ്കതക്ക് മനസ്സാ നന്ദിപറഞ്ഞു ജാനകി.
1977ൽ ‘സനാദി അപ്പണ്ണ’ എന്ന കന്നട മ്യൂസിക്കൽ ചിത്രത്തിനു വേണ്ടി ജാനകി പാടവേ പിന്നണിയിൽ വായിക്കുന്ന ഉസ്താദ് ബിസ്മില്ലാ ഖാൻ ജാനകിയുടെ സ്വരമാധുരിയിൽ ലയിച്ചിരുന്നുപോയിട്ടുണ്ട്. ജി.കെ. വെങ്കിടേഷാണ് സംഗീതസംവിധാനം. ‘‘കരെദരൂ കേളടീ’’ എന്ന ഗാനം. ഒരു ഗാനനൃത്തരംഗമാണ്. നായിക പാടിയാടുന്നു. നായകൻ ഇരുന്ന് ഷെഹ്‍നായ് എന്ന കുറുങ്കുഴൽ വായിക്കുന്നു.
അക്കാലത്ത്, റെേക്കാഡിങ് റൂം ഒറ്റ ഹാളാണ്. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ല. ഒരു കച്ചേരിപോലെ ഒന്നിച്ച് പാടണം. അത് റെേക്കാഡ് ചെയ്യും. ജാനകി പാടിത്തുടങ്ങി. ഓരോ വരി പാടിക്കഴിയുമ്പോഴും അതേ ഈണത്തിൽ ഷെഹ്‌നായ് വായിക്കണം. പക്ഷേ, ജാനകി പാടുന്നതല്ലാതെ, ബിസ്മില്ലാ ഖാൻ വായിക്കുന്നില്ല. റിപ്പീറ്റ് വായിക്കാൻ സംവിധായകൻ ഓർമിപ്പിക്കും. അടുത്ത ടേക്കിലും ബിസ്മില്ലാ ഖാൻ പാടുന്നില്ല. ‘വാഹ് കിത്ത്നീ മീട്ടീ ആവാസ്’ എന്നാശ്ചര്യപ്പെട്ട് അദ്ദേഹം ഷെഹ്‍നായിയും കൈയിൽ പിടിച്ച് ജാനകിയുടെ ശബ്ദത്തിൽ മതിമറന്നിരിക്കുന്നു. ഒടുവിൽ എട്ടുപത്ത് ടേക്കെടുത്താണ് പാട്ട് ഒരുവിധം തീർത്തത്. ഓരോതവണയും സംവിധായകൻ പറയും ‘‘അല്ല സാർ, വായിക്കുന്നില്ലേ?’’ ‘‘ഞാൻ മറന്നു,’’ ബിസ്മില്ലാ ഖാന്റെ മറുപടി.
അറുപതുകളിലും എഴുപതുകളിലുമായി മലയാളത്തിന് കൈവന്ന സൗഭാഗ്യങ്ങളിലൊന്നാണ് ജാനകിയുൾപ്പെടെയുള്ള ഗായികമാരുടെ ശബ്ദവൈവിധ്യം. നാദസ്വരത്തോടും കുറുങ്കുഴലിനോടും കിടപിടിക്കുന്ന തീക്ഷ്ണസ്വരമായിരുന്നു ജാനകിയുടേത്. പല ഗാനങ്ങളിലും വ്യത്യസ്തതകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജാനകിയുടെ പൊതുമട്ട് ഈ തീക്ഷ്ണതയായിരുന്നു. ഹിന്ദിയിൽ ലതാ മങ്കേഷ്കറിന്റെ തീക്ഷ്ണസ്വരം ആദർശവത്കരിക്കപ്പെട്ടിരുന്നെങ്കിലും മലയാളത്തിൽ ജാനകിയുടെ ശൈലി വൈവിധ്യങ്ങളിലൊന്നായി സ്വീകരിക്കപ്പെടുകയാണുണ്ടായത്. ലതയെ സംബന്ധിച്ച് ഒരിക്കൽ ഈ ലേഖകൻ നിരീക്ഷിച്ചതിങ്ങനെ: (സിനിമയിൽ) ‘‘നടനശരീരമായിരുന്നു മുഖ്യം. നിലനില്‍ക്കുന്ന അഥവാ നിര്‍മിച്ചെടുക്കുന്ന സൗന്ദര്യസങ്കൽപത്തെ പൂര്‍ത്തീകരിക്കുംവിധമുള്ള ശബ്ദം എന്ന പരിഗണനയായിരുന്നു എന്നും ഉണ്ടായിരുന്നത്.
താരത്വമെന്നത് പരസ്പരാശ്രിതത്വമായി മാറുന്നു. അഭിനേതാവിന്റെ താരപദവി പാട്ടുകാര്‍ക്കും, തിരിച്ചും ലഭിക്കുന്നു. ലതാ മങ്കേഷ്കറിന്റെ കാര്യത്തില്‍ ഈ പൊതുചിത്രം അത്ര സംഗതമല്ല. അവര്‍ ഏതഭിനേത്രിക്കും മീതേ സഞ്ചരിച്ചു. അരനൂറ്റാണ്ടോളം മാറിമാറിവന്ന നടിമാരുടെ താരപദവിയെ നിര്‍ണയിച്ച ശബ്ദം എന്ന അപൂര്‍വത നമ്മുടെ ദേശീയതാസങ്കൽപവുമായും അധീശത്വപരമായ ഭാവുകത്വനിര്‍മിതിയുമായുമൊക്കെ ചേര്‍ന്നുപോവുന്നതങ്ങനെയാണ്. നേര്‍ത്തതും ഉയര്‍ന്നസ്ഥായിയിലുള്ളതും ഒരു കൗമാരക്കാരിയെന്ന് തോന്നിക്കുംവിധമുള്ള സ്വനസാന്ദ്രതയുമായി ആദര്‍ശ ഗായികാശാരീരം നിര്‍ണയിക്കപ്പെടുകയായിരുന്നു ലതയിലൂടെ. സ്ത്രീശബ്ദത്തിനുണ്ടാവാനിടയുള്ള അസംഖ്യം വ്യത്യസ്തതകള്‍ അവഗണിക്കപ്പെടുകയും അപരിഷ്കൃതമായി മുദ്രകുത്തപ്പെടുകയുംചെയ്തു. ഇന്ത്യന്‍ സ്ത്രീശബ്ദമായി ലത അടയാളപ്പെട്ടു.
മലയാളത്തില്‍ യേശുദാസിന്റെ സ്വരം മാനകപുരുഷസ്വരമായി പരിഗണിക്കപ്പെട്ടപ്പോഴും ഇതരശബ്ദങ്ങള്‍ക്കുള്ള ഇടം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നില്ല. സ്ത്രീശബ്ദത്തില്‍ ജാനകിയോ സുശീലയോ ചിത്രയോ ഒന്നും അങ്ങനെ ആദര്‍ശവത്കരിക്കപ്പെട്ടുമില്ല. ജിക്കിയും പി. ലീലയും എ.പി. കോമളവും ബി. വസന്തയും വാണിജയറാമുമെല്ലാം ബഹുസ്വരതയുടെ നിദര്‍ശനമായി നിലനിന്നു. ശാസ്ത്രീയമുള്‍പ്പെടെയുള്ള ഇതരജനുസ്സുകളില്‍ ശബ്ദവൈവിധ്യം എന്നുമുണ്ടായിരുന്നു. ലതയുടേതിന് നേര്‍വിപരീതമായിരുന്നു ഗംഗുഭായ് ഹംഗലിന്റെ ശബ്ദം. പാകിസ്താനി ഗസല്‍ ഗായിക ഫരീദാഖാനും മറ്റൊരുദാഹരണം. കുമാര്‍ ഗന്ധര്‍വയുടെ നേര്‍ത്ത സ്വരം പുരുഷമാനകസ്വരമേയാവില്ലായിരുന്നു ഇത്തരം അളവുകോലുകളില്‍. എം.ഡി. രാമനാഥന്റെയും കുമാർ ഗന്ധര്‍വയുടെയും സ്വരതാരതമ്യം വൈവിധ്യത്തിന്റെ ചിത്രം വെളിവാക്കിത്തരും.
ഹെട്രോജിനിറ്റിയെ തകര്‍ക്കുന്ന സ്വരമാനകത്വം ബഹുസ്വരദേശീയതയെയല്ല, ഏകമുഖമായ ദേശീയതയെയാണ് ഭാവനചെയ്യുന്നത്. ചലച്ചിത്രസംഗീതവ്യവസായം നിര്‍മിച്ചെടുത്ത ലത അതിനുള്ള ഐക്കണായി മാറുകയായിരുന്നു. ഭാരതമാതാവ് എന്ന സങ്കൽപത്തോട് ചേര്‍ന്നുപോവുന്നു ലതയെ സരസ്വതിയാക്കുന്ന ഇമേജറികള്‍. ആദര്‍ശ ശബ്ദം ആദര്‍ശ സ്ത്രീയെ നിര്‍മിക്കുന്നു. തെറിച്ച സ്വരങ്ങളെ അത് പരിഗണിക്കുന്നില്ല. ഇസ്തിരിയിട്ട ശബ്ദമെന്നതിന് മെരുക്കപ്പെട്ടത് എന്നൊരര്‍ഥംകൂടിയുണ്ടല്ലോ. അടക്കവുമൊതുക്കവുമുള്ള കുലീനകുടുംബിനിയെയാണ് അത് ഇന്ത്യന്‍ സ്ത്രീത്വമായി പ്രക്ഷേപിച്ചത്.’’ (നിറങ്ങൾതൻ നൃത്തം, 2024)
പുരുഷശബ്ദത്തിലും കുട്ടികളുടെ കൊഞ്ചലിലുമൊക്കെ പാട്ടുപാടിയ ജാനകി ഒരു പക്ഷേ ഈ ആദർശസ്വരസങ്കൽപത്തെ സ്വയം തകർക്കുകയായിരുന്നു എന്നു കരുതാം. ‘രുശി കണ്ട പൂനൈ’ എന്ന ചിത്രത്തിൽ നാലുവയസ്സുള്ള കുഞ്ഞിനുവേണ്ടി പാടിയ ‘‘കണ്ണാ നീയെങ്കേ വാവാ... നീയെങ്കേ’’ എന്ന ഗാനം ഒരുദാഹരണം. 1980ലായിരുന്നു ആ പാട്ട് പുറത്തുവന്നത്. 1982ൽ ‘ചിരിയോ ചിരി’യിൽ രവീന്ദ്രൻ ഈണമിട്ട ‘‘കൊക്കാമന്തീ പോനാനിറച്ചി... ഞമ്മന്റെ ബാപ്പാ അബ്ദുറസ്സാക്ക്...’’ എന്ന പാട്ട് കുഞ്ഞിന്റെ ശബ്ദത്തിൽ മലയാളികൾക്കും കേൾക്കാനൊത്തു. ‘നെഞ്ചത്തെ കിള്ളാതെ’യെന്ന ചിത്രത്തിൽ പുരുഷശബ്ദത്തിൽ പാടി ജാനകി സംഗീതലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇളയരാജ ട്യൂൺ ചെയ്ത ‘മമ്മീ പേര് മാറി’ എന്ന, ഈ പരീക്ഷണഗാനത്തിന് അധികം പിന്തുടർച്ചകളില്ല. കിഷോർ കുമാർ സ്ത്രീശബ്ദത്തിൽ പാടി നമ്മെ അമ്പരപ്പിച്ചതുമായി ഇതിനെ ചേർത്തുവെക്കാം. എ.ടി. ഉമ്മർ ട്യൂൺചെയ്ത ‘‘തൊത്തു തൊത്തു... താത്തൂന തൊത്താൻ കിട്ടൂലാ...’’ (ബീഡിക്കുഞ്ഞമ്മ) എന്ന പാട്ട് ജാനകി ആൺകുട്ടിയുടെ സ്റ്റൈലിൽ പാടിയതാണ്.
വിഖ്യാത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവുമൊത്തുള്ള ജാനകിയുടെ പാട്ടും സൗഹൃദവും ഈയൊരു വൈവിധ്യത്തിന്റെ ആഘോഷമായിരുന്നു. എസ്.പി മരിച്ചപ്പോൾ ജാനകി എഴുതി. ‘‘ഞാൻ ആദ്യമായി എസ്.പി. ബാലസുബ്രഹ്മണ്യത്തെ കണ്ടത് ആന്ധ്രയിൽ ഒരു ചെറിയ സംഗീതമത്സരത്തിൽ െവച്ചായിരുന്നു. അദ്ദേഹം വളരെ നന്നായി പാടി. ആരെയും അനുകരിച്ചില്ല, സ്വന്തം ശബ്ദത്തിൽ പാടി വളരെ നന്നായി പാടി. ഞാൻ സന്തോഷത്തോടെ അദ്ദേഹത്തിന് എന്റെ അനുഗ്രഹം നൽകി, മോനേ, നീ വളരെ നന്നായി പാടൂ. നീ സിനിമയിൽ വന്നാൽ പ്രശസ്തഗായകനാകും എന്ന് പറഞ്ഞു.
പിന്നീട് അദ്ദേഹം സിനിമാമേഖലയിലേക്ക് കടന്നുവന്ന് വലിയ ഗായകനായി. ‘ജാനകിയമ്മ എനിക്ക് അനുഗ്രഹം തന്നു, ഞാൻ ഒരു വലിയ ഗായകനാകുമെന്ന് പറഞ്ഞു. അവർ കാരണമാണ് ഞാൻ ഒരു പ്രശസ്തഗായകനായത്’’ എന്ന് അദ്ദേഹം നിരവധി വേദികളിൽ പറഞ്ഞിട്ടുണ്ട്. ബാലസുബ്രഹ്മണ്യത്തിന് കഴിവും ഭാഗ്യവും ദൈവകൃപയും ഉണ്ടായിരുന്നു. അദ്ദേഹം വളരെ ബുദ്ധിമാനായിരുന്നു. മികച്ച ഗ്രാഹ്യശക്തിയും ഉണ്ടായിരുന്നു. അദ്ദേഹം ഫീൽഡിൽ വന്നതിനുശേഷം, ഞങ്ങൾ ഒരുമിച്ച് നിരവധി യുഗ്മഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ രാവിലെയും വൈകുന്നേരവും റെക്കോഡിങ്ങിനായി കണ്ടുമുട്ടുമായിരുന്നു.
തെലുഗു, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലും ഞങ്ങൾ നിരവധി നല്ല ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സഹഗായകർ മാത്രമല്ല, ഞങ്ങൾ നല്ല സുഹൃത്തുക്കളുമായിരുന്നു. റെക്കോഡിങ്ങിനിടെ ഞങ്ങൾ വഴക്കിടുമായിരുന്നു. ചിലപ്പോൾ അദ്ദേഹം എന്നെ വളരെയധികം ബുദ്ധിമുട്ടിക്കുമായിരുന്നു, ഞാൻ ദേഷ്യപ്പെടും. അപ്പോൾ അദ്ദേഹം ‘സോറി മാഡം’ എന്ന് പറഞ്ഞ് ക്ഷമചോദിക്കുമായിരുന്നു. പാടുമ്പോൾ ഞങ്ങൾ ആസ്വദിക്കുമായിരുന്നു, അങ്ങനെയാണ് ഞങ്ങൾ റെക്കോഡ് ചെയ്യാറ്. അദ്ദേഹം നന്നായി പാടുമോ അതോ ഞാൻ പാടുമോ എന്നറിയാൻ ഞങ്ങൾ മത്സരബുദ്ധിയോടെ പാടുമായിരുന്നു.’’
1995ൽ പുറത്തുവന്ന ‘കർണ’ എന്ന ചിത്രത്തിലെ ‘‘മലരേ മൗനമാ’’ എന്ന ഒറ്റ ഗാനം മതി ഇരുവരുടെയും ചേർച്ച മനസ്സിലാക്കാൻ. പൊതുവേ വൈകീട്ട് റെേക്കാഡിങ്ങിന് ചെല്ലാത്ത എസ്.പി ഈ ഗാനം രാത്രിയാണത്രേ റെേക്കാഡ് ചെയ്തിരുന്നത്. വൈരമുത്തു രചിച്ച് വിദ്യാസാഗർ ഈണമിട്ട ഈ പാട്ടിന്റെ ഫീമെയിൽ പാർട്ട് ജാനകി പാടിക്കഴിഞ്ഞിരുന്നു. ‘അതൊന്ന് കേട്ടുനോക്ക് എന്നിട്ട് ഇന്ന് പാടണോ വേണ്ടയോ എന്നു തീരുമാനിക്കാം’ -വിദ്യാസാഗർ എസ്.പിയോടു പറഞ്ഞു.
സ്റ്റുഡിയോവിൽ ചെന്ന് ജാനകി പാടിയ ഭാഗം കേട്ട എസ്.പി പറഞ്ഞു - ‘‘ഇന്നിനി ഇത് പാടാതെ പോയാൽ എനിക്ക് ഉറങ്ങാനാവില്ല.’’ അന്ന് രാത്രി പന്ത്രണ്ടരയോടെയാണ് റെേക്കാഡിങ് കഴിഞ്ഞത്. ജാനകിയും എസ്.പിയും ഒരുമിച്ചല്ല ഇത് പാടിയതെന്ന് വിശ്വസിക്കുക പ്രയാസം. ഇതേപ്പറ്റി പിന്നീട് ഇരുവരും പറഞ്ഞിട്ടുണ്ട്. ‘‘എസ്.പി എങ്ങനെ പാടുമെന്ന് എനിക്കും ജാനകി എങ്ങനെ പാടുമെന്ന് എസ്.പിക്കും അറിയാം.’’ ഇരുവർക്കുമുള്ള ഈ മനപ്പൊരുത്തമാണ് ഈ പാട്ടിന്റെ അസാധ്യമായ വിജയത്തിനും പ്രശസ്തിക്കും കാരണമെന്നു കരുതാം. എസ്.പിയുടെ സംഗീതസംവിധാനത്തിലും ജാനകി നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്.
‘ശങ്കരാഭരണ’ത്തിനു വേണ്ടി എസ്.പിയും ജാനകിയും ശാസ്ത്രീയഗാനങ്ങൾ ആലപിച്ചത് ചിട്ടയായ ശിക്ഷണമൊന്നും കൂടാതെയായിരുന്നുവെന്നോർക്കാം. കെ.വി. മഹാദേവന്റെ സംഗീതസംവിധാനത്തിൽ ‘‘ഓംകാരനാദാനു’’, ‘‘സാമജവരഗമനാ’’ എന്നീ ഗാനങ്ങളാണ് ഇതിൽ ഇരുവരും ചേർന്നാലപിച്ചത്.
മറ്റ് ഭാഷകളിലെന്നപോലെ മലയാളത്തിലും നിരവധി സെമിക്ലാസിക്കൽ ഗാനങ്ങൾ ജാനകി പാടിയിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ സംഗീതമിട്ട ‘‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’’ എന്ന അതിമനോഹരമായ ഗാനമാവണം ഇക്കൂട്ടത്തിൽ ആദ്യം പരാമർശിക്കേണ്ടത്. ‘ചന്ദ്രകാന്തം’ എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻതമ്പി രചിച്ച ഈ ഗാനം എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്. ‘ഗാനം’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി ഈണമിട്ട ‘‘ആലാപനം ആലാപനം’’ (യേശുദാസുമൊത്ത്), ദക്ഷിണാമൂർത്തിയുടെതന്നെ ‘മറുനാട്ടിൽ ഒരു മലയാളി’യിലെ ‘‘ഗോവർധനഗിരി കയ്യിലുയർത്തും’’, ‘യൗവന’ത്തിലെ ‘‘മധുരമീനാക്ഷീ’’, അഭയത്തിലെ ‘‘നീരദലതാഗൃഹം’’ പോലെ നിരവധി ഗാനങ്ങൾ.
മലയാളത്തിൽ ജാനകിയുടെ ഏറ്റവും മികച്ച പാട്ടുകളിൽ നല്ലൊരു പങ്ക് ബാബുരാജിന്റെ ഈണത്തിൽ പിറന്നവയാണ്. പലപ്പോഴും റെേക്കാഡിങ് കഴിഞ്ഞാൽ ബാബുരാജ് ഓടിവന്ന് ജാനകിയെ അഭിനന്ദനംകൊണ്ട് വീർപ്പുമുട്ടിക്കുമായിരുന്നത്രേ. ‘‘എങ്ങനെ ഇത്ര നന്നായി പാടുന്നു? എന്നു ചോദിക്കും. ജാനകി വല്ലാതായിപ്പോവും. നിങ്ങളുടെ ട്യൂൺ എത്ര നല്ലത്. അറിയാതെ പാടിപ്പോവുകയല്ലേ!’’ എന്നവർ പ്രതിവചിക്കും.
ബാബുരാജുമൊത്ത് പാടാൻ തുടങ്ങുംമുമ്പ് ജാനകിക്ക് മലയാളത്തിൽ അധികം ഹിറ്റുകൾ ഇല്ലായിരുന്നു. ‘‘കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു കണ്ണാടിമാളിക തീര്‍ത്തൂ ഞാന്‍’’ എന്ന ദേവരാജൻ, വയലാർ ടീമിന്റെ ഗാനമായിരുന്നു (1962) ജാനകി പാടിയ ഒരു ഹിറ്റ് ഗാനം. പിന്നീട് അധികമൊന്നും ദേവരാജൻ-ജാനകി ഹിറ്റുകൾ ഉണ്ടായിട്ടുമില്ല. 1963ൽ ‘നിണമണിഞ്ഞ കാല്പാടുകൾ’ എന്ന ചിത്രത്തിനുവേണ്ടി ‘‘മേ തോ ഗുംഘുരു’’ എന്ന മീരാഭജനാണ് ബാബുരാജ് ജാനകിയെക്കൊണ്ട് ആദ്യം പാടിക്കുന്നത്. ഹിന്ദുസ്താനി മട്ടിൽ ചിട്ടപ്പെടുത്തിയ മനോഹരമായ ഗാനം. ‘‘തളിരിട്ട കിനാക്കൾ’’, ‘‘അഞ്ജനക്കണ്ണെഴുതി’’, ‘‘ഒന്നിങ്ങു വന്നെങ്കിൽ’’ പോലുള്ള പാട്ടുകൾ താമസിയാതെ പുറത്തുവന്നു.
‘ഭാർഗവീനിലയ’ത്തിൽ പി. ഭാസ്കരൻ എഴുതി ബാബുരാജ് ഈണമിട്ട ‘‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവു കണ്ടു’’, ‘‘പൊട്ടിത്തകർന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ’’, ‘‘പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാൻ’’ എന്നീ ഗാനങ്ങൾ ചിത്രത്തിന്റെ ഭ്രമാത്മകതക്കിണങ്ങുംവിധം അഭൗമമായ അനുഭൂതി പകരുന്നവയായിരുന്നു.
‘‘തളിരിട്ട കിനാക്കളി’’ലും ‘‘അഞ്ജനക്കണ്ണെഴുതി’’യിലും അനുഭവിച്ചതിലും തീക്ഷ്ണമായി വിരഹവിഷാദങ്ങൾ ഈ പാട്ടുകൾ അനുഭവിപ്പിച്ചു. ‘‘സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരേ’’ (ബാബുരാജ്, വയലാർ, കാട്ടുതുളസി), ‘‘ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ’’ (ബാബുരാജ്, ഭാസ്കരൻ, തറവാട്ടമ്മ), ‘‘താമരക്കുമ്പിളല്ലോ മമഹൃദയം’’ -ഇതില്‍ ‘‘താതാ നീ സംഗീത മധുപകരൂ’’ (ബാബുരാജ്, ഭാസ്കരൻ, അന്വേഷിച്ചു കണ്ടെത്തിയില്ല), ‘‘ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന ഹേമന്തരാവിലെ വെണ്മുകിലേ’’, ‘‘ഇരു കണ്ണീര്‍ത്തുള്ളികള്‍ ഒരു സുന്ദരിയുടെ കരിമിഴികളില്‍വച്ചു കണ്ടുമുട്ടി’’ (ബാബുരാജ്, പി ഭാസ്കരൻ, ഇരുട്ടിന്റെ ആത്മാവ്), ‘‘എന്‍ പ്രാണനായകനെ... എന്‍ നായകനെ എന്തു വിളിക്കും’’, ‘‘അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കേ സ്വരരാഗസുന്ദരിമാര്‍ക്കോ വെളിയില്‍ വരാനെന്തൊരു നാണം’’ (ഭാസ്കരൻ, ബാബുരാജ്, പരീക്ഷ), ‘‘വെണ്ണിലാവിനെന്തറിയാം വെറുതേ വെറുതേ ചിരിക്കാന്‍’’ (ബാബുരാജ്, ഭാസ്കരൻ, ലക്ഷപ്രഭു), ‘‘പാതിരാവായില്ല പൗർണമി കന്യയ്ക്കു പതിനേഴോ പതിനെട്ടോ പ്രായം’’ (ബാബുരാജ്, ഭാസ്കരൻ, മനസ്വിനി), ‘‘അകലെ അകലെ നീലാകാശം’’ (ബാബുരാജ്, ശ്രീകുമാരൻതമ്പി) ‘‘കാളിന്ദിതടത്തിലെ രാധ കണ്ണന്റെ കളിത്തോഴി രാധ’’ (വയലാർ, ബാബുരാജ്) തുടങ്ങി അസംഖ്യം ഗാനങ്ങൾ ബാബുരാജിന്റെ ഈണത്തിൽ ജാനകി അനശ്വരമാക്കി. തികച്ചും വ്യത്യസ്തമായ ഭാവപ്രപഞ്ചമാണ് ഈ ഗാനങ്ങളോരോന്നും ഒരുക്കിത്തന്നത്.
ജാനകിയെ ഏറെ പ്രോത്സാഹിപ്പിച്ച മറ്റൊരു സംവിധായകൻ പുകഴേന്തിയാണ്. ജാനകിയുടെ ഭാവോന്മീലനശേഷിയെപ്പറ്റി അത്ഭുതാദരവുകളോടെയാണ് അദ്ദേഹം സംസാരിക്കാറ്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ‘‘സംഗീതസംവിധായകൻ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്കു കടന്നുചെന്ന് ഗാനത്തിനു ഭാവപൂർണത നൽകാൻ ജാനകിയെപ്പോലെ കഴിവുള്ളവരില്ല. ‘‘സുന്ദരരാവിൽ’’ എന്ന ഗാനത്തിന്റെ പല്ലവിയിൽ ‘‘അനുരാഗത്തിൻ ആദ്യനൊമ്പരം ആത്മനാഥനോടെങ്ങനെ പറയും’’ എന്നൊരു വരിയുണ്ട്. ഈ വരിയിലെ ‘ആദ്യ’ എന്ന പദത്തിന് ജാനകി പകർന്നു നൽകിയ ഭാവം എന്നെ വിസ്മയിപ്പിക്കുക തന്നെ ചെയ്‌തു.

പ്രഥമാനുരാഗത്തിന്റെ എല്ലാ വികാരങ്ങളും ആ ഒരൊറ്റ വിശേഷണപദത്തിൽ ജാനകി എത്ര വിദഗ്‌ധമായാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്! (രവിമേനോൻ, എങ്ങനെ നാം മറക്കും). ‘‘മധുരപ്രതീക്ഷതൻ പൂങ്കാവിൽ വച്ചൊരു മണിവേണുഗായകനെ കണ്ടു മുട്ടി’’, ‘‘ഗോപുരമുകളിൽ വാസന്തചന്ദ്രൻ ഗോരോചനക്കുറി വരച്ചൂ’’, ‘‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ’’ തുടങ്ങി ഒരുപിടി മനോഹരഗാനങ്ങൾ പുകഴേന്തി-പി ഭാസ്കരൻ-ജാനകി ടീമിന്റേതായുണ്ട്. കരഞ്ഞുകൊണ്ട് പാടുകയല്ല, ഉള്ളിൽ കരയുന്നതായി തോന്നിപ്പിക്കുകയാണ് താൻ ചെയ്യുന്നതെന്ന് അഭിമുഖങ്ങളിൽ ജാനകിയമ്മ പറഞ്ഞിട്ടുണ്ട്. ഉദാഹരണങ്ങൾ ആവശ്യമില്ലതന്നെ.
‘‘കടവത്ത് തോണിയടുത്തപ്പോള്‍ പെണ്ണിന്റെ കവിളത്തു മഴവില്ലിന്‍ നിഴലാട്ടം‘‘, ‘‘നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ കളിയോടം കിട്ടീ’’, ‘‘കേശാദിപാദം തൊഴുന്നേന്‍ -കേശവ കേശാദിപാദം തൊഴുന്നേന്‍’’ പോലുള്ള ചില മനോഹരഗാനങ്ങൾ ചിദംബരനാഥ്-ജാനകി കൂട്ടുകെട്ടിൽ പിറന്നവയാണ്. ‘‘വൈക്കത്തഷ്‌ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’’, ‘‘പാടുന്നൂ പുഴ പാടുന്നൂ പാരാവാരം തേടുന്നു’’, ‘‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു’’, ‘‘മനസ്സിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനീ സരസ്വതീ’’, ‘‘ആലോലനീലവിലോചനങ്ങൾ ചാലിച്ച നീലച്ച മഷിയിൽ മുക്കി’’ (യേശുദാസുമൊത്ത്), ‘‘തംബുരു... താനേ ശ്രുതി മീട്ടി’’ തുടങ്ങിയ ഗാനങ്ങൾ ജാനകിക്ക് സമ്മാനിച്ചത് ദക്ഷിണാമൂർത്തിയാണ്.
‘‘ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും’’, ‘‘ചന്ദ്രപ്പളുങ്കുമണിമാല മണിമാല ശംഖുമാല കന്യാകുമാരിയിലേ കല്ലുമാല’’, ‘‘ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് മുന്നില്‍ കാത്തുനിന്ന പൂവമ്പന്റെ പള്ളിനായാട്ട്’’, ഒ.എൻ.വിയുടെ ‘‘ഒരു വട്ടംകൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം’’, ‘‘നിറങ്ങൾതൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ’’, കാവാലം എഴുതിയ ‘‘തുഷാരമണികൾ തുളുമ്പിനിൽക്കും തുളസിപ്പൂമാല ചാർത്താം നിന്നെ’’, എം.ടി. വാസുദേവൻ നായർ എഴുതിയ ‘‘ഒരു മുറി കണ്ണാടിയില്‍ ഒന്നു നോക്കി... എന്നേ ഒന്നു നോക്കി’’ പോലുള്ള ഗാനങ്ങൾ എം.ബി. ശ്രീനിവാസൻ ഈണമിട്ട് ജാനകി പാടിയവയാണ്.

‘‘ഉണരുണരൂ ഉണ്ണിപ്പൂവേ’’, ‘‘മഞ്ഞണിപ്പൂനിലാവിൽ’’, ‘‘എന്തു നൽകാൻ അനുജത്തി നിൻ മംഗല്യത്തിൻ നാളിൽ’’ പോലുള്ള ഗാനങ്ങളിലൂടെ കെ. രാഘവൻ മാസ്റ്റർ, ‘‘മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും മധുമാസസന്ധ്യകളേ’’, ‘‘യദുകുല രതിദേവനെവിടെ’’, ‘‘മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എൻ മനസ്സില്‍ ഒരു മോഹം’’, ‘‘ആയിരം അജന്താചിത്രങ്ങളിൽ ആ മഹാബലിപുരശിൽപ്പങ്ങളിൽ’’ പോലുള്ള ഗാനങ്ങളിലൂടെ അർജുനൻ മാസ്റ്റർ, ‘‘പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ ഉറക്കമില്ലേ’’, ‘‘ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടയ്ക്കുമ്പോള്‍’’, ‘‘തുഷാരബിന്ദുക്കളേ നിങ്ങൾ എന്തിനു വെറുതെ’’, ‘‘രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ലാ രജനീകദംബങ്ങൾ മിഴിചിമ്മിയില്ല’’, ‘‘ജലശംഖുപുഷ്പം ചൂടും കടലോര തീരം’’, ‘‘എന്റെ ജന്മം നീയെടുത്തു നിന്റെ ജന്മം ഞാനെടുത്തു’’ തുടങ്ങിയ അനശ്വര ഗാനങ്ങളിലൂടെ എ. ടി. ഉമ്മർ, ‘‘ഉണരൂ വേഗം നീ സുമറാണി വന്നൂ നായകൻ പ്രേമത്തിൻ മുരളീഗായകൻ’’, ‘‘മാനസമണിവേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍’’ തുടങ്ങിയ ഗാനങ്ങളിലൂടെ ഉഷാഖന്ന, ‘‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി’’ എന്ന അനശ്വരഗാനത്തോടൊപ്പം ‘‘വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ’’, ‘‘നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ പാടാം പാടാം എൻ വിരഹഗാനം’’ തുടങ്ങിയ പാട്ടുകളിലൂടെ എം.എസ്. വിശ്വനാഥൻ, ‘‘മലര്‍ക്കൊടിപോലെ വര്‍ണത്തുടി പോലെ മയങ്ങൂ... നീ എന്‍ മടി മേലേ’’ തുടങ്ങിയ പാട്ടുകളിലൂടെ സലീൽ ചൗധരി, ‘‘മൗനരാഗപ്പൈങ്കിളീ നിൻ ചിറകുവിടർന്നെങ്കിൽ’’, ‘‘മൈനാകം കടലിൽനിന്നുയരുന്നുവോ’’, ‘‘തെയ്യാട്ടം ധമനികളിൽ’’, ‘‘ശ്രുതിയിൽനിന്നുയരും നാദശലഭങ്ങളേ’’ പോലുള്ള പാട്ടുകളിലൂടെ ശ്യാം, ‘‘രാഗങ്ങളേ മോഹങ്ങളേ പൂചൂടും ആത്മാവിന്‍ ഭാവങ്ങളേ’’, ‘‘ലീലാതിലകം ചാർത്തി ലാസവിലാസിനിയായ്’’, ‘‘ഓമനത്തിങ്കൾ കിടാവോ പാടിപ്പാടി ഞാൻ നിന്നെയുറക്കാം’’, ‘‘കൊക്കാമന്തീ കോനാനിറച്ചീ ആരിക്കു വേണം ആരിക്കു വേണം’’ പോലുള്ള പാട്ടുകളിലൂടെ രവീന്ദ്രൻ, ‘‘ആരാരോ ആരീരാരോ അച്ഛന്റെ മോളാരാരോ’’ പോലുള്ള പാട്ടുകളിലൂടെ കെ.ജെ. ജോയ്, ‘‘മൗനമേ നിറയും മൗനമേ’’ തുടങ്ങിയ ഗാനങ്ങളിലൂടെ എം.ജി. രാധാകൃഷ്ണൻ, ‘‘മഞ്ഞണിക്കൊമ്പിൽ’’, ‘‘മിഴിയോരം’’, ‘‘പ്രകാശനാളം ചുണ്ടിൽമാത്രം മനസ്സിലാകെ മഹാന്ധകാരം’’ തുടങ്ങിയ പാട്ടുകളിലൂടെ ജെറി അമൽദേവ്, ‘‘വീണേ വീണേ വീണക്കുഞ്ഞേ എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ’’ , ‘‘വേഴാമ്പൽ കേഴും വേനൽക്കുടീരം നീ’’, ‘‘തുമ്പീവാ തുമ്പക്കുടത്തിൻ’’, ‘‘കിളിയേ കിളിയേ മണിമണിമേഘത്തോപ്പിൽ’’, ‘‘ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി’’, ‘‘പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ’’, ‘‘കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ’’, ‘‘വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ മീനോ ഇളം മാനോ’’ പോലുള്ള നിരവധി ഗാനങ്ങളിലൂടെ ഇളയരാജ എന്നിങ്ങനെ മലയാളത്തിലും മറ്റു ഭാഷകളിലുമായി ഇരുനൂറിലധികം സംഗീതസംവിധായകരുടെ ഗാനങ്ങൾ ജാനകി ആലപിച്ചിട്ടുണ്ട്.
ജോൺസൺ മാസ്റ്റർ ഈണമിട്ട് ജാനകി പാടിയ ഏതാനും ഗാനങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ‘‘സ്വർണമുകിലേ സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ’’, ‘‘മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടിപ്പോയി’’, ‘‘ഗോപികേ നിൻ വിരൽ തുമ്പുരുമ്മി വിതുമ്പി വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി’’, ‘‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ’’ പോലുള്ള ഗാനങ്ങൾ അവയുടെ തീവ്രമായ ഭാവസ്പർശംകൊണ്ട് അനശ്വരത നേടിയവയാണ്.
മലയാളത്തിൽ യേശുദാസുമൊത്തും ജയചന്ദ്രനൊത്തും നിരവധി യുഗ്മഗാനങ്ങൾ അനശ്വരമാക്കിയിട്ടുണ്ട് ജാനകി. യേശുദാസുമൊത്തുള്ള അകലെയകലേ നീലാകാശം, ജയചന്ദ്രനൊത്തുള്ള യദുകുലരതിദേവനെവിടെ പോലുള്ള നൂറുകണക്കിന് പാട്ടുകൾ ഉദാഹരണം. മഹാഗായകർക്കൊപ്പം മാത്രമല്ല വളരെ അമച്വറായ ചിലർക്കൊപ്പവും ജാനകി പാടിയിട്ടുണ്ട്.

നടൻ കമൽ ഹാസനുമൊത്തുള്ള ജാനകിയുടെ ചില ഗാനങ്ങൾ വലിയ വിജയം നേടിയിട്ടുണ്ട്. കമലിന്റെ ആദ്യ യുഗ്മഗാനം ജാനകിയോടൊപ്പമായിരുന്നു. 1978ൽ ‘സിഗപ്പു റോജാക്കൾ’ എന്ന ചിത്രത്തിൽ വാലി എഴുതി, ഇളയരാജ ഈണമിട്ട ‘‘നിനൈവോ ഒരു പറവൈ’’, 1990ൽ പുറത്തുവന്ന ‘മൈക്കിൾ മദൻ കാമരാജൻ’ എന്ന ചിത്രത്തിലെ ‘‘സുന്ദരി നീയും സുന്ദരൻ ഞാനും’’ എന്ന ഗാനം വളരെ പ്രസിദ്ധമാണ്. പഞ്ചു അരുണാചലം, പൂവച്ചൽ ഖാദർ, ഇളയരാജ എന്നിവർ ചേർന്നൊരുക്കിയ ഈ പാട്ട് മലയാളികൾക്കും ഏറെ പരിചിതമാണല്ലോ. 1991ൽ ‘ഗുണ’ എന്ന ചിത്രത്തിനുവേണ്ടി കമൽ പാടിയഭിനയിച്ച ‘‘കൺമണി അൻപൊടു കാതലൻ’’ എന്ന ഗാനത്തിലെ ഫീമെയിൽ ജാനകിയാണ്. ഭരതന്റെ ‘തേവർമഗനി’ൽ ‘‘ഇഞ്ചി ഇടുപ്പഴകി’’ എന്ന പാട്ട് കമലുമൊത്തും ജാനകി പാടുന്നുണ്ട്. ജാനകിക്ക് ദേശീയപുരസ്കാരം നേടിക്കൊടുത്ത ഗാനമാണിത്.
പതിനേഴു ഭാഷകളിൽ ജാനകി പാട്ടുപാടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുഗു, കന്നട, ഹിന്ദി, സിംഹള, ബംഗാളി, ഒഡിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്കണി, തുളു, സൗരാഷ്ട്ര, പഞ്ചാബി, ജാപ്പനീസ്, ബഡഗ, ജർമൻ എന്നിങ്ങനെ. അസംഖ്യം പുരസ്കാരങ്ങൾക്കും ആദരങ്ങൾക്കുമപ്പുറം എസ്. ജാനകി ജനമനസ്സിൽ തന്റെ അതിവിപുലമായ ഗാനപ്രപഞ്ചത്തിലൂടെ പൊയ്പോയ ഇന്നലെകളുടെ സുന്ദരരാഗമായി നെടുനാൾ ജീവിക്കും, സംഗീതം എന്നൊന്ന് ഇല്ലാതായിത്തീരുംവരെ.
