Begin typing your search above and press return to search.
proflie-avatar
Login

ഇമ്മിണി ബല്യ ഒന്ന്​

ഇമ്മിണി ബല്യ ഒന്ന്​
cancel

നാടകസംവിധായകനും ആക്ടിവിസ്റ്റുമായ ഉണ്ണി പൂണിത്തുറയുടെ ആത്മഭാഷണത്തിന്‍റെ കഴിഞ്ഞ ലക്കം തുടർച്ച. കീഴാള ജീവിതത്തി​ന്റെയും ജീവിതപരിസരങ്ങളുടെയും തീക്ഷ്ണമായ അനുഭവ പശ്ചാത്തലം അദ്ദേഹം വിവരിക്കുന്നു. നാടകത്തെയും ആക്ടിവിസത്തെയും കുറിച്ചാണ്​ ഈ ലക്കം സംസാരം.നാടകം ഔപചാരികമായി പഠിക്കാത്ത വ്യക്തിയാണ്​ ഞാൻ. ഫോർഡ് ഫൗണ്ടേഷന്‍ പതിമൂന്ന് പേർക്ക്​ അനൗപചാരിക നാടക വിദ്യാഭ്യാസത്തിനുവേണ്ടി സാമ്പത്തിക സഹായം കൊടുത്തു. അതിന്റെ ഭാഗമായി നടന്ന ക്യാമ്പിലാണ് ശരിക്കും പറഞ്ഞാല്‍ നാടകത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. ​ തിയറ്റര്‍ ട്രെയ്നിങ് എന്താണെന്നൊക്കെ പഠിക്കുന്നത്. ആ ക്യാമ്പിൽ ഡ്രാമ സ്‌കൂളില്‍നിന്ന്...

Your Subscription Supports Independent Journalism

View Plans

നാടകസംവിധായകനും ആക്ടിവിസ്റ്റുമായ ഉണ്ണി പൂണിത്തുറയുടെ ആത്മഭാഷണത്തിന്‍റെ കഴിഞ്ഞ ലക്കം തുടർച്ച. കീഴാള ജീവിതത്തി​ന്റെയും ജീവിതപരിസരങ്ങളുടെയും തീക്ഷ്ണമായ അനുഭവ പശ്ചാത്തലം അദ്ദേഹം വിവരിക്കുന്നു. നാടകത്തെയും ആക്ടിവിസത്തെയും കുറിച്ചാണ്​ ഈ ലക്കം സംസാരം.

നാടകം ഔപചാരികമായി പഠിക്കാത്ത വ്യക്തിയാണ്​ ഞാൻ. ഫോർഡ് ഫൗണ്ടേഷന്‍ പതിമൂന്ന് പേർക്ക്​ അനൗപചാരിക നാടക വിദ്യാഭ്യാസത്തിനുവേണ്ടി സാമ്പത്തിക സഹായം കൊടുത്തു. അതിന്റെ ഭാഗമായി നടന്ന ക്യാമ്പിലാണ് ശരിക്കും പറഞ്ഞാല്‍ നാടകത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കുന്നത്. ​ തിയറ്റര്‍ ട്രെയ്നിങ് എന്താണെന്നൊക്കെ പഠിക്കുന്നത്. ആ ക്യാമ്പിൽ ഡ്രാമ സ്‌കൂളില്‍നിന്ന് നാടകം പഠിച്ചിറങ്ങിയ ആളുകളും അധ്യാപകരും പിന്നെ സജീവമായി തിയറ്ററില്‍ പ്രവർത്തിക്കുന്ന വ്യക്തികളും കലാമണ്ഡലത്തിലെ അധ്യാപകരും ക്ലാസെടുത്തു.

നാടകത്തെക്കുറിച്ച് വ്യക്തമായ ധാരണകളിലേക്ക് ഞാൻ എത്തുന്നത് ജോസ് ചിറമ്മലിന്റെ കൂടെയുള്ള ജീവിതത്തിൽനിന്നാണ്​. ഏറ്റവും പ്രമുഖനായ നാടകക്കാരനും നാടകത്തെ ജനങ്ങളിലെത്തിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യുന്ന നാടക ജീനിയസാണ് ജോസ് ചിറമ്മല്‍. ഗുരുവെന്നാണ് ഞാന്‍ പറയാറ്. ഗുരുവിനെ ഞാന്‍ ആദ്യം കാണുകയല്ല ചെയ്തത്. വായിച്ചറിയുകയാണ്. വായിച്ചറിഞ്ഞത് പ്രേരണ മാഗസിനില്‍നിന്നാണ്. ജോസേട്ടനെ കാണാനുള്ള വ്യഗ്രത തീ​വ്രമായി കൂടിെക്കാ​േണ്ടയിരുന്നു. ഞാന്‍ നടക്കുന്ന വഴികളിലെല്ലാം എതിരെ വരുന്ന ആളുകളിൽ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരാളെ കണ്ടാല്‍ ഇത് ജോസ് ചിറമ്മലായിരിക്കുമോ എന്ന് വിചാരിച്ച് എപ്പോഴെങ്കിലും ജോസേ എന്ന് കൂടെയുള്ളവര്‍ വിളിക്കുന്നുണ്ടോ എന്ന് കാതോര്‍ത്ത് പിന്നാലെ പോകുമായിരുന്നു. അത്രമേല്‍ അഡിക്ടായിട്ടാണ് ഞാൻ.

ജോസ് ചിറമ്മല്‍ എങ്ങനെയായിരിക്കുമെന്ന് ഞാന്‍ സങ്കൽപിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ ഒരു പ്രസിദ്ധീകരണം കൊടുത്തത് കണ്ടിരുന്നു. ബോംബെയില്‍ ഒരു നാടക ക്യാമ്പില്‍ ക്ലാസെടുക്കുന്ന ഫോട്ടോ. അതില്‍നിന്നാണ് ഞാന്‍ ജോസേട്ടന്റെ മുഖം ആളുകളിൽ തിരയുന്നത്. പക്ഷേ ഞാന്‍ തിരഞ്ഞ് കണ്ടുപിടിച്ച ആളല്ലായിരുന്നു നേരിൽ കാണുമ്പോള്‍ ജോസേട്ടന്‍. കൂട്ടുകാരന്‍ സുബ്രഹ്മണ്യന്‍ എനിക്കു മുമ്പേ ജോസേട്ടനെ കാണാന്‍ പോയി, മടങ്ങിവന്നപ്പോൾ അവൻ തന്ന ഉത്തരങ്ങൾ എ​ന്റെ ധാരണകൾക്കും അപ്പുറത്തായിരുന്നു.

അങ്ങനെ ജോസ് ചിറമ്മലിനെ കാണാന്‍ ഒരിക്കൽ അവനോടൊപ്പം ഞാനും പോയി. ‘‘യോഹന്നാന്‍ ക്രൈസ്റ്റിനെ കാണാന്‍ പോകുന്നപോലെ’’ എന്നാണ് ഞാന്‍ എപ്പോഴും സ്വയം പറയുന്നത്. അവിടെ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. ജോസേട്ടന്റെ നാടകഗ്രൂപ്പിന്റെ പേര് ‘റൂട്ട്’ എന്നാണ്. റൂട്ടെന്നാല്‍ വേര്. നെടുപുഴയിൽ റൂട്ടിന് ഒരു ഷെഡുണ്ട്. അവിടെ ചെന്നപ്പോള്‍ മുടിയും താടിയും നീട്ടിവളര്‍ത്തിയ സുമുഖനായ ചെറുപ്പക്കാരനിരിക്കുന്നു. ഞാന്‍ വിചാരിച്ചു, ഇതായിരിക്കും ജോസ് ചിറമ്മല്‍ എന്ന്. അയാള്‍, ജോസേട്ടന്‍ വീട്ടില്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങളെ വീട്ടില്‍ കൊണ്ടുപോയി.

ജോസേട്ടന്റെ അമ്മയെ കാണാന്‍ കഴിഞ്ഞു. ആ അമ്മ ഏകദേശം എന്റമ്മയെ പോലെയുണ്ട്. രാത്രി ആ വീട്ടില്‍ കിടന്നുറങ്ങി. അമ്മയും അപ്പനും മാത്രമേയുള്ളൂ ജോസേട്ടന്. അതുകൊണ്ട് നാടകക്കാര്‍ക്കു കിടന്നുറങ്ങാം. വേറെ ശല്യമൊന്നുമില്ല. നേരം വെളുത്തപ്പോള്‍ റൂട്ടിന്റെ തൃശൂരിലെ നാടക റിഹേഴ്സൽ ക്യാമ്പിലേക്ക് പോയി. അവിടെ റൂട്ടിന്റെ നാടകമാസമെന്ന പരിപാടിയിലേക്കുള്ള നാടക പരിശീലനങ്ങൾ നടക്കുന്നു. ആറെട്ട് നാടകമെപ്പോഴുമുണ്ടാകും. തദ്ദേശ നാടകവും വിദേശ നാടകവും ഒക്കെയുള്ള വലിയൊരു ഫെസ്റ്റിവലാണ് നടക്കുന്നത്.

കണിമംഗലമാണ് ജോസേട്ടന്റെ നാട്. നെടുപുഴയും കണിമംഗലവും ഒരു റെയിലിന്റെ അപ്പുറത്തും ഇപ്പുറത്തുമാണ്. നെടുപുഴയിലാണ് കാരിക്കേച്ചർ താരം ജയരാജ് വാര്യരുടെ വീട്. റെയില് കടന്നിട്ട് ഞങ്ങള് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നു. അപ്പോള്‍ ഒരു ഓട്ടോ വന്ന് നില്‍ക്കുന്നു. ഓട്ടോയില്‍നിന്ന് ഒരാൾ ഇറങ്ങി; കളര്‍ ജുബ്ബയും ജീന്‍സൊക്കെയിട്ടിട്ട്. കോലൻമുടി കുടഞ്ഞിട്ടാണ് ഇറങ്ങുന്നത്. വളരെ സുന്ദരനായ മനുഷ്യന്‍. അപ്പോള്‍ സതീശ് മായന്നൂര്‍ ഞങ്ങളോട് പറഞ്ഞു. അതാ ജോസേട്ടന്‍. ചെന്നയുടന്‍ തന്നെ സുബ്രുനെ കണ്ടപ്പോള്‍തന്നെ പുള്ളിക്ക് മനസ്സിലായി. ‘‘ഇതാരാ?’’ എന്റെ ഷോൾഡറില്‍ കൈവെച്ച് പേരെന്താണെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ശരിക്കും കുട്ടിയായി. നീ നാടകത്തില്‍ അഭിനയിക്കുകയാണോ ചെയ്യുന്നത്.

എഴുതുകയാണോ ചെയ്യുന്നത്. ഞാന്‍ പറഞ്ഞു, അങ്ങനെയൊന്നുമല്ല. ഇവന്മാരൊക്കെ കേരളം ഇളക്കാന്‍ പോകുന്ന ആളുകളാണെന്ന് സതീശ് മായന്നൂരിനോട് പറഞ്ഞു. ക്യാമ്പിലേക്ക് ചെല്ലുമ്പോള്‍ ശിൽപി രാജന്‍, നാടകത്തിനുള്ള പ്രോപര്‍ട്ടീസ് ഒക്കെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അവിടെ റിഹേഴ്സല്‍ കണ്ടു. ഊണ് കഴിക്കാന്‍ ടൈമായി. ഊണൊക്കെ കഴിച്ച് തിരിച്ച് വരുമ്പോള്‍ പി.എം. താജിന്റെ ‘രാവുണ്ണി’ എന്ന നാടകത്തിന്റെ റിഹേഴ്‌സലാണ്. ആരാണ് ആക്ട് ചെയ്യുന്നത്​? ഇന്നത്തെ ഫിലിം ഡയറക്ടര്‍ രഞ്ജിത്. അതിൽ വെളിച്ചപ്പാട് എന്ന കാരക്ടറാണ് രഞ്ജിത് ചെയ്തത്. ജയരാജ് വാര്യര്‍, ശശി നടുവിൽ, പ്രിയനന്ദനന്‍, സി.ആര്‍. രാജന്‍ അങ്ങനെ ഇന്നത്തെ വളരെ പ്രമുഖരായ ആളുകള്‍. എന്നേക്കാള്‍ ഒന്നും രണ്ടും മൂന്നു നാലും വയസ്സിന് വ്യത്യാസമുള്ളവർ. ഇവരൊക്കെ ആക്ട് ചെയ്യുന്നതാണ് ഞാന്‍ കാണുന്നത്. മാഗസിനുകളിൽ ഫോട്ടോസ് കണ്ടിട്ടുള്ളതുകൊണ്ട് എനിക്കറിയാം എല്ലാരെയും.

‘ഡെത്ത് വാച്ച്’ എന്ന നാടകം നിങ്ങള്‍ക്കുവേണ്ടി ചെയ്യാമെന്ന് ജോസേട്ടൻ പറഞ്ഞു. അതിന്റെ ട്രാന്‍സ് ലേഷന്‍ ഉണ്ടാക്കണം. അതിനുവേണ്ടി ഇരിക്കണം. അതിന്റെ ഇടവേള മാത്രമേ ഉള്ളൂ. താനല്ല ട്രാന്‍സ് ലേറ്റ് ചെയ്യുന്നത്, വേറൊരാളാണെന്ന് പറയുകയും ചെയ്തു. അതു നടന്നതുമില്ല. പിന്നീട് ജോസേട്ടനെ എന്റെ വീട്ടില്‍ കൊണ്ടുവന്ന് നാടക ക്ലാസ് സംഘടിപ്പിച്ചു. നാടകത്തെ കുറിച്ച് തിയറ്റര്‍ എന്താണെന്ന ജ്ഞാനവും, നാടകക്കാരെയും ആക്ടേഴ്സിനെയും ശരീരംകൊണ്ടോ നിറംകൊണ്ടോ അപമാനിക്കരുത് എന്നുള്ളൊരു ബോധവും ഉണ്ടാക്കിക്കൊടുക്കുക എന്നതുമായിരുന്നു ഒരു ലക്ഷ്യം.

കാരണം പൊതുബോധത്തിനു മുന്നിൽ കറുത്ത ഉയരം കുറഞ്ഞ ഞാൻ, ലക്ഷണമൊത്ത ഒരു നാട്യശരീരം അല്ലാത്തതിനാൽ ചിലയിടങ്ങളിലെങ്കിലും അപമാനിക്കപ്പെട്ടിരുന്നു. പിന്നെ വിവിധതരത്തിലുള്ള നല്ല നാടകം ഉണ്ടാക്കുക. അതിന് ഏറ്റവും പറ്റിയ ആൾ ജോസേട്ടനാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് നാടകത്തെ കുറിച്ചുള്ള ബോധം, വളരെ വരേണ്യമായ ഒരു ബോധത്തെ തിരസ്‌കരിക്കേണ്ടതുണ്ടെന്നുള്ള അറിവ്​ വരുന്നത്​.

ജോസേട്ടന്റെ കമ്മിറ്റ്‌മെന്റ് നാടകം എന്ന കലയോടാണ്. അതൊരു സോഷ്യല്‍ അവേര്‍നസിന് വേണ്ടിയുള്ള കാര്യമായിട്ടൊന്നും ജോസേട്ടന്‍ എടുക്കുന്നില്ല. നാടകം ഒരു കലയാണ്. പക്ഷേ പ്രതിബദ്ധതയുണ്ടെന്ന് മൂപ്പര്‍ക്കറിയാം. എനിക്കുമങ്ങനെ ഇപ്പോൾ അഭിപ്രായമുള്ളൊരാളാണ്. കാരണം സോഷ്യല്‍ അ​േവര്‍നസുള്ളതായിരിക്കണം കലയെന്നും അതിന് വേണ്ടി ശാഠ്യം പുലർത്തണമെന്നും അതാണ് എന്റെ നാടകമെന്ന് പറയാനൊന്നും ഞാനില്ല. എന്റെ നാടകം ഒരു കല മാത്രമാണ്. ജോസേട്ടനും നാടകം ഒരു കല മാത്രമാണ്. പക്ഷേ അതിനകത്ത് ഇതൊക്കെ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കു തിരിച്ചറിയാം.

അതിന്റെ സൗന്ദര്യവും അതിന്റെ ഭാവനയും ഭാവവും ഭാവകല്‍പനകളും വികാരപരമായി പ്രേക്ഷകനെ നാടകത്തോട് അടുപ്പിക്കലാണ് നമ്മുടെ ജോലി. ജോസേട്ടനില്‍നിന്ന് ഞാന്‍ പഠിച്ചത് അതാണ്. അതുകൊണ്ട് ഞാൻ ഒരു തിയറ്റര്‍ ഫോമിന്റെയും വക്താവല്ല. എനിക്ക് തിയറ്റര്‍ എന്നു പറഞ്ഞാൽ എല്ലാമാണ്. എനിക്ക് എങ്ങോട്ടും ചായാന്‍ പറ്റുന്ന, എ​േങ്ങാട്ടേക്കും ഫ്ലക്‌സിബിളായിട്ടുള്ള തലച്ചോറാണെന്നാണ് എന്നെതന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒന്നിന്റെയും വക്താവാകാന്‍ എന്നെ ഞാൻ പഠിപ്പിക്കുന്നില്ല.

 

‘ഇമ്മിണി ബല്യ ഒന്ന്’ അഭിനേതാക്കൾക്കൊപ്പം ഉണ്ണി പൂണിത്തുറ

‘ഇമ്മിണി ബല്യ ഒന്ന്’ അഭിനേതാക്കൾക്കൊപ്പം ഉണ്ണി പൂണിത്തുറ

തനത് നാടകവേദിയുടെ ഒരു കള്‍ച്ചറല്‍ ഫോം എടുക്കുമ്പോൾ അത് എപ്പോഴും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു വരേണ്യ സൗന്ദര്യശാസ്ത്രബോധമാണ്. കാവാലമാണെങ്കിലും ശരി, കുമാരപ്പിള്ളയാണെങ്കിലും അങ്ങനെയാണ്. സി.എൻ. ശ്രീകണ്ഠന്‍ നായരാണ് കുറച്ചുകൂടി വ്യത്യസ്തൻ. കാവാലത്തിന്റെ നാടകം തികച്ചുമൊരു വരേണ്യമായ ഫോം നിർമിച്ചെടുക്കുകയും അത് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടാണ് അതിന് നിലംതൊടാന്‍ കഴിയാത്തത്. അവിടെ ഒരു സാമൂഹികബന്ധം പരാജയപ്പെട്ടെന്നാണ് വിലയിരുത്തേണ്ടത്. ആരും കാണാന്‍ ഇല്ല.

പൊതുവേദിയിലില്ല. എവിടെയെങ്കിലുമുള്ള ഫെസ്റ്റിവലിലുണ്ട് എന്ന കാരണത്താൽ നാടകം ജീവിക്കുന്നു എന്നതിലർഥമൊന്നുമില്ല. എന്റെ അഭിപ്രായത്തില്‍ ആ നാടകം കഥകളിക്കോ ഓട്ടൻതുള്ളലിനോ മോഹിനിയാട്ടത്തിനോ പകരമായി സവര്‍ണ ക്ഷേത്രത്തിലവതരിപ്പിക്കാന്‍ പറ്റുന്നതാണ്. അപ്പോള്‍ അതുകൊണ്ട് എനിക്ക് അത്തരം ഫോംസിനോട് വലിയ താല്‍പര്യമൊന്നുമില്ല. ഫോംസിന്റെ വക്താവുമല്ല ഞാന്‍. അതെനിക്ക് ആവശ്യമായി വന്നാൽ അതു ഞാൻ ഉപയോഗിക്കും. അത്രേയുള്ളൂ.

നക്​സലിസം, ദേശം

ജീവിതത്തിൽ വലിയ പങ്കുവഹിച്ച രണ്ടുപേരാണ് ജ്യേഷ്ഠ സഹോദരൻ സതീശനും സുഹൃത്ത് സുപ്രനും (സുബ്രഹ്മണ്യൻ). സുഹൃത്തിനെപ്പോലെ തന്നെ നന്നായി പഠിക്കുന്ന ഒരാളായിരുന്നു സതീശനും. സതീശനോടുള്ള ഇടപെടലുകൾ എന്നെ നക്സൽ അനുഭാവിയാക്കി. സുഹൃത്തി​െന്റ നിർബന്ധംകൊണ്ടും എ​െന്റ ആന്തരികചോദനയും ‘പ്രേരണ മാഗസിൻ’ വായനയുംകൊണ്ട്​ എന്നെ ഇന്ന് കാണുന്ന ഒരാളാക്കി മാറ്റി. സതീശൻ കെ.എസ്​. വൈ.എഫി​െന്റയും സി.പി.എമ്മി​െന്റയും പ്രവർത്തകനായിരുന്നു. ഈ പ്രസ്ഥാനങ്ങളോടുള്ള രാഷ്ട്രീയ വിയോജിപ്പ് സി.പി.എം പ്രവർത്തകരോടുള്ള നിരന്തര അഭിപ്രായവ്യത്യാസത്തിലെത്തിച്ചു. ഇക്കാലത്താണ് മരടിൽ യുക്തിവാദിസംഘത്തിൽനിന്നും കുറച്ചുപേർ സി.പി.​െഎ (എം.എൽ) രാഷ്ട്രീയം സ്വീകരിക്കുന്നത്.

ചേട്ട​െന്റ വഴിയിലൂടെയാണ് ഞാനും നക്​സലൈറ്റ്​ രാഷ്ട്രീയത്തി​െന്റ ഭാഗത്തേക്ക് കടക്കുന്നത്. ചേട്ടൻ പാർട്ടി പ്രവർത്തകനായി മാറി. ഞാൻ പാർട്ടിയോട് പൂർണമായും യോജിക്കുന്നു. അച്ഛനും അമ്മയും ഏതാണ്ട് യോജിപ്പാണ്, എതിർപ്പില്ല. ആ സമയം എല്ലാവരും വിദ്യാർഥികളും പാരലൽ കോളജ് സ്റ്റുഡൻസുമാണല്ലോ? അങ്ങനെ ‘റെവലൂഷനറി-സ്റ്റുഡൻസ് ഓർഗനൈസേഷൻ (ആർ.എസ്​.ഒ) ജില്ല കൺവെൻഷൻ എറണാകുളം മാരുതി ലോഡ്ജിൽ ആനന്ദിന്റെ (ജോജോ) നേതൃത്വത്തിൽ കൂടുന്നു. അവർക്കൊപ്പം ഈ കൺവെൻഷനിൽ ഞാനും ഉണ്ട്. ഒരു ആഗസ്റ്റ് 15ന് എറണാകുളത്ത് ഈ സ്വാതന്ത്ര്യം അർധ ഫ്യൂഡൽ അർധ കൊളോണിയലാണെന്ന് പ്രഖ്യാപിച്ച് ദേശീയപതാക കത്തിച്ച്​ പ്രകടനം നടത്തിയ ആർ.എസ്​.ഒ വിദ്യാർഥികൾ അറസ്റ്റിലായി. 6-7 പേരുണ്ടായിരുന്നു. എല്ലാവരുടെയും പേര് എനിക്കറിയില്ല. സതീശൻ ഉണ്ടതിൽ. അന്ന് വെളുപ്പിന് ഞാനും എ​െന്റ കൂട്ടുകാരും ചേർന്ന് ഞങ്ങൾ പഠിക്കുന്ന സ്കൂൾമതിലുകളിൽ സ്വാതന്ത്ര്യവിരുദ്ധ പോസ്റ്ററുകൾ പതിച്ചു.

അറസ്റ്റിനെ തുടർന്ന് വീട്ടിൽ ഭയങ്കര ഭയമാണ് ഉണ്ടായത്. അച്ഛനും അമ്മയും ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നു. നാട്ടുകാരുടെ ആക്ഷേപങ്ങളും മുറുമുറുപ്പും എതിർപ്പുകളും. വീട്ടിൽ അച്ഛനും അമ്മയും എന്നെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കാണെങ്കിൽ എന്തിനെയും നേരിടാനുള്ള ധൈര്യമാണ് മനസ്സിൽ. എന്നെ വീട്ടിൽനിന്നും അച്ഛ​െന്റ അനുജ​െന്റ തിരുവാങ്കുളത്തുള്ള വീട്ടിലേക്ക് മാറ്റി. ഞാനും ഇളയച്ഛനും കൂടി അമ്മാവനെ കണ്ട് ജാമ്യകാര്യം സമ്മതിപ്പിച്ചു. ഇളയച്ഛൻ അവിടെ വെച്ച് എന്നെ കുറെ ശകാരിച്ചു. പിന്നീട് ഏതോ ഒരുദിവസം അവരെ ജാമ്യത്തിലെടുത്തു. കൃത്യമായി ഞാൻ ആ ഡേറ്റ് ഓർക്കുന്നില്ല.

പ്രദേശത്തെ എം.എൽ പാർട്ടിയെ വിലയിരുത്തുമ്പോൾ മരടിലെ പ്രവർത്തകരാണ് കേന്ദ്രം. അവർ പെറ്റിബൂർഷ്വ സവർണ ജാതി അടിത്തറയിലുള്ളവരുമുണ്ടായിരുന്നു. അവരെ സംബന്ധിച്ച് പാർട്ടിയെന്നാൽ ജനങ്ങൾക്ക് മേലുള്ള ഒരു അധീശത്വ പവറായിട്ടാണ് കണ്ടിരുന്നതെന്നാണ് എനിക്കെപ്പോഴും മനസ്സിലായിട്ടുള്ളത്.

വൈപ്പിൻ മദ്യദുരന്തത്തിൽ ഇടത്-വലത് കക്ഷികളുടെ പിന്തിരിപ്പനായിട്ടുള്ള നയങ്ങളെ തുറന്നുകാട്ടുന്ന, തെരുവ് നാടകമാണ് ‘പൊറിഞ്ചു വർഗീസ്’ എന്ന നാടകം. ജനശ്രദ്ധ നേടിയ തെരുവ് നാടകമായിരുന്നു അത്. മറ്റൊരു തെരുവ് നാടകം രാജ​െന്റ കൊലയാളികൾ രക്ഷപ്പെട്ടപ്പോൾ അവതരിപ്പിച്ച ‘ചെന്നായ്ക്കൾ ചെന്നായ്ക്കൾ’. രണ്ടും മരടിലെ തെരുവിൽ അവതരിപ്പിക്കുകയും പ്രകടനങ്ങൾ നടക്കുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം പാർട്ടിയിൽ സജീവമാകണമെന്ന് ഞാൻ വളരെയധികം ആഗ്രഹിച്ചു. ചില ആളുകൾ പാർട്ടിയിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുന്നതിൽ എതിരുനിൽക്കും. ഒരാൾ കമ്യൂണിസ്റ്റാകുന്നതെന്തിനാണെന്ന് ചോദിച്ചാൽ രണ്ടുതരത്തിലുള്ള ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും.

ഒന്ന്, നമ്മുടെ സാമൂഹിക താൽപര്യം മൂലം കമ്യൂണിസ്റ്റാകുന്നവരുണ്ട്. മറ്റൊന്ന്, അതി​െന്റ തലപ്പത്ത് ഇരിക്കാനും അധികാരം കൈയാളാനും കൊതിക്കുന്നവർ. ഈ രണ്ടുകൂട്ടരെയും തിരിച്ചറിയാൻ പറ്റില്ല. പക്ഷേ, വലതുപക്ഷ ചിന്തയെയും പാർട്ടിക്കകത്തുള്ള ജനകീയ ചിന്തകളെയും പരിശോധിച്ചാൽ ഇത്തരം ആളുകളെ കണ്ടെത്താൻ കഴിയും.

ഞങ്ങളെ സംബന്ധിച്ച്, പ്രത്യേകിച്ച് എനിക്ക്, എം.എല്‍ പാര്‍ട്ടിയോടുള്ള പിന്തുണ വീടായിരുന്നു. എം.എല്‍ പാര്‍ട്ടിയെ പിന്തുണച്ച വീടാണ്​ ഞങ്ങളുടേത്​. 1989ൽ വൈക്കത്ത് ‘മനുസ്മൃതി’ കത്തിക്കുമ്പോള്‍ വടക്കന്‍ ജാഥ ക്യാമ്പ് ചെയ്യുന്നത് എന്റെ വീട്ടിലാണ്. അന്ന് അച്ഛനുമമ്മയും നമ്മളെല്ലാവരും എം.എല്‍ അനുഭാവികളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ രാഷ്ട്രീയബോധം എന്ന് പറഞ്ഞാല്‍ അധികാരമോഹങ്ങളോ അതിന്റെ നേതൃത്വനിരയിൽ എത്തിച്ചേരാനോ അല്ല. വിമോചനമാണ് ഞങ്ങളുടെ മുന്നിലുള്ള ആശയം. മറ്റുള്ള സഖാക്കളെ എടുക്കുകയാണെങ്കില്‍ വിമോചനമാണ് അവരുടെ മെയിന്‍ ഉദ്ദേശ്യമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അന്നും തോന്നിയിട്ടില്ല.

പിന്നെ സി.പി.എമ്മിനെ ആ സമയത്ത്​ എല്ലാ അവമതിപ്പോടുംകൂടി ജനങ്ങള്‍ കണ്ടിരുന്നു. അതിന്റെ മറ്റൊരു വശമുണ്ട്​. തൊട്ടടുത്ത പ്രദേശമായ ഇരുമ്പനത്ത് സി.പി.ഐ (എം.എൽ) പാര്‍ട്ടിയുടെ മീറ്റിങ്ങിൽ സി.പി.എം പ്രവർത്തകർ കേറി അടിച്ചു. ആ മീറ്റിങ് കാണാന്‍ വന്ന സേതു എന്ന പാവപ്പെട്ട മനുഷ്യനെ കത്തികൊണ്ട് കുത്തി. അദ്ദേഹത്തിന്റെ കവിള് തുളഞ്ഞ് പോവുകയും ഹോസ്പിറ്റലിലാക്കുകയുംചെയ്തു. അങ്ങനെയൊക്കെയുള്ള അതിക്രമങ്ങള്‍ സി.പി.എമ്മിന്റെ സഹായത്തോടെ എവിടെയും നടക്കുന്നു. മുരളി കണ്ണമ്പള്ളിയെ ആ സമയത്ത് ഞാന്‍ നേരിട്ട് കാണുന്നുണ്ട്. കണ്ണമ്പള്ളി എന്റെ വീട്ടില്‍ വന്നിരുന്നു. അദ്ദേഹത്തെ കമ്മിറ്റി നടക്കുന്ന വീട്ടിലേക്ക് എത്തിക്കുകയൊക്കെ ചെയ്​തിരുന്നു​.

പാര്‍ട്ടിയോട് വലിയ പ്രതീക്ഷയും കൂറുമുണ്ട്. എന്നാൽ, ഞാൻ പാര്‍ട്ടിയില്‍ വരുന്നില്ല. പക്ഷേ, തൃപ്പൂണിത്തുറക്കാര്‍ക്ക് ഞാനൊരു നക്‌സലൈറ്റാണ്. നാട്ടുകാര്‍ അങ്ങനെ കാണുന്നു. സ്‌കൂളില്‍ ഞാന്‍ ആര്‍.എസ്.ഒ രൂപീകരിക്കുന്നുണ്ട്. സ്‌കൂളിലെ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഞാന്‍ നക്‌സലൈറ്റാ. പക്ഷേ പ്രാദേശിക പാര്‍ട്ടി പ്രവർത്തകര്‍ക്ക് ഞാന്‍ നക്‌സലൈറ്റല്ല. ഇവിടെയാണ് ഞാന്‍ പാര്‍ട്ടിക്കാരെ, അവർ വരേണ്യരാണെന്ന് വിമർശിക്കുന്നത്. അവര്‍ക്ക് ഞാന്‍ പാര്‍ട്ടിക്കാരല്ല. പക്ഷേ, നാട്ടുകാര്‍ക്കും എന്റെ അധ്യാപകര്‍ക്കും എന്റെ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഞാനും ചേട്ടൻ സതീശനും നക്‌സലൈറ്റാ.

സ്‌കൂളിനെ അപകീര്‍ത്തി​െപ്പടുത്തുന്ന സംഭവങ്ങൾ ആരോപിച്ച്​ ഞാൻ പുറത്താക്കപ്പെട്ടു. അതു ചോദിച്ച് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പൊലീസ് വന്ന് പിടിക്കുന്നു. സ്‌കൂളിന്റെ അപകീര്‍ത്തി കേസല്ല, നിങ്ങള്‍ നക്‌സലൈറ്റ് വിദ്യാർഥി സംഘടനയുണ്ടാക്കിയോ എന്നാണ് പൊലീസ് ചോദിക്കുന്നത്. പൊലീസുകാര്‍ക്ക് വരെ അന്നു നമ്മള്‍ നക്‌സലൈറ്റാണ്. പക്ഷേ, പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിലുള്ള ആളുകള്‍ക്ക് ഞാന്‍ നക്‌സലൈറ്റല്ല. ചേട്ടൻ നക്‌സലൈറ്റാണെന്ന് അവര്‍ പറയും. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ നക്‌സലൈറ്റാണ്. കാരണം, നാട്ടുകാര്‍ അങ്ങനെ കാണുന്നു. ഇപ്പോഴും അങ്ങനെയാണ് കാണുന്നത്. കാരണം നമ്മള്‍ പാർട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നു.

കെ. വേണുവിനോട്​ എനിക്ക്​ അതിയായ ബഹുമാനമുണ്ടായിരുന്നു. അദ്ദേഹം സി.പി.ഐ (എം.എൽ)ന്റെ നേതൃത്വത്തിൽ ഇരിക്കുന്ന സമയത്ത് വർഗവത്കരണം സ്വയം നടപ്പാക്കുയ മനുഷ്യനാണ്. സ്വയം നടപ്പാക്കിയെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് രാഷ്ട്രീയം പറച്ചില്‍ മാത്രമല്ല. അദ്ദേഹത്തിന്റെ വിവാഹക്കാര്യം മുന്നോട്ടുവന്നപ്പോള്‍ ഒരു തൊഴിലാളി വർഗസ്ത്രീയെ തന്നെ വിവാഹം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞതായി, കെ.വി തന്നെ പറഞ്ഞിട്ടുണ്ട്​.

സ്റ്റേറ്റ് കമ്മിറ്റിയിലുള്ള ആളുകള്‍ കെ.വി വിദ്യാഭ്യാസമുള്ളൊരാളെ വിവാഹം കഴിക്കണം എന്ന് പറയുമ്പോഴും കെ.വി അതിന് തയാറായില്ല. കെ.വി പറഞ്ഞത് എനിക്ക് തൊഴിലാളി വർഗ പശ്ചാത്തലത്തിലുള്ള സ്ത്രീ മതിയെന്നാണ്. ഗ്രാമത്തിലേക്ക് പോവുക, ഗ്രാമങ്ങളിലെ ജനങ്ങളുമായി ലയിച്ച് ചേരുക എന്ന് പറയുന്നൊരാശയമുണ്ട്. കണ്ണമ്പള്ളിയുടെ വിവാഹമൊക്കെ അങ്ങനെയാണ്. പാർട്ടിയിലെ മറ്റുപല സഖാക്കളുടെയും വിവാഹം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഇത്തരം വിവാഹങ്ങളിൽപോലും മാവോവാദി ദർശനമുണ്ട്. കീഴ്മേൽ മറിയുക എന്ന ആശയം. സഖാക്കൾ നടപ്പാക്കിയത് അതായിരുന്നു. കെ.വിയുടെ പങ്കാളി മണിച്ചേച്ചി പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളൊരാളാണ്. കെട്ടിടംപണിക്ക് പോകുന്ന ഒരു തൊഴിലാളി സ്ത്രീയാണവർ.

 

വൈക്കം മുഹമ്മദ് ബഷീർ

വൈക്കം മുഹമ്മദ് ബഷീർ

വിളംബരവും വൈക്കം സത്യഗ്രഹവും

നമ്മുടെ രാജ്യത്തിലെ എല്ലാ ജനവാസ പ്രദേശങ്ങളും ജാതികളാൽ വേർതിരിക്കപ്പെടുന്നതാണല്ലോ. പൂണിത്തുറയും മരടും ഇതിൽനിന്നൊന്നും വ്യത്യസ്​തമല്ല. ഈ വേർപെടുത്തലി​െന്റ തത്ത്വനിയമം ഹിന്ദുക്കളുടേതാണ്. പൂണിത്തുറയുടെ പ്രധാന റോഡി​െന്റ വടക്ക് ഭാഗം ഫലഭൂയിഷ്ഠമായ ഭൂമിയാണ്. കുടിക്കാനും കുളിക്കാനും കൊള്ളാവുന്ന ജലവും യഥേഷ്ടം ലഭ്യമാണ്. എന്നാൽ, തെക്ക് ഭാഗം അങ്ങനെയല്ല. ചതുപ്പ് പ്രദേശങ്ങളാണ്. പുഴയും പാടവും തോടും ചകിരിക്കുഴികളും നിറഞ്ഞതാണ്.

വേനലായാൽ കാലിൽ ചെരുപ്പില്ലാത്തതുകൊണ്ട് ഉപ്പ് മണ്ണ് കാലടികളിൽ ഒട്ടിപ്പിടിക്കും. ഇതെല്ലാം ജാതിവ്യവസ്ഥയുടെ ഫലങ്ങളാണെന്നും പരിഹരിക്കേണ്ടതാണെന്നും പറയാൻ കീഴാള സമൂഹങ്ങളെ കമ്യൂണിസ്റ്റ് തത്ത്വങ്ങളും കോൺഗ്രസ് ആശയങ്ങളും വിലക്കിയിരുന്നു. ഇന്ന് കാണുന്ന കൊച്ചു കൊച്ചു മാറ്റങ്ങൾ മാർക്സിസ്റ്റുകാരുടെയും കോൺഗ്രസുകാരുടെയും ഔദാര്യങ്ങളല്ല. ജനാധിപത്യത്തിലെ വോട്ട് രാഷ്ട്രീയത്തി​െന്റ മത്സരങ്ങളുടെ ഫലമായി സംഭവിക്കുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഏതൊരു സവർണ പ്രദേശത്തെക്കാളും ഇപ്പോഴും കീഴാള ഇടങ്ങൾ പിന്നാക്കംതന്നെയാണ്.

വൈക്കം സമരപോരാളിയായിരുന്ന ആമചാടി തേവൻ കാലങ്ങളോളം കേരളസമൂഹത്തിന്റെ മറവിയിലാണ്ടുപോയിരുന്നു. കവി മണർകാട് ശശികുമാറാണ് വിസ്മൃതിയിൽനിന്ന് ലേഖനമായും കവിതയായും ആമചാടി തേവനെ പുറത്തെത്തിക്കുന്നത്. ഞാനും നാടകകൃത്ത് വൈക്കം ഷിബുവും ആമചാടി തേവനെ കേന്ദ്രകഥാപാത്രമാക്കി ആദ്യമായി നാടകംചെയ്യുന്നുണ്ട്​.

കേരളചരിത്രത്തിന്റെ ചരിത്രപുസ്തകങ്ങളും ചരിത്രകഥകളുമൊക്കെ എടുക്കുമ്പോള്‍ തിരസ്‌കരണം ഏത് സമയത്തും കാണാം എന്നതാണ്. സാമൂഹികമായി തിരസ്‌കരിക്കപ്പെടുന്നവര്‍ ചരിത്രപുസ്തകത്തിലും തിരസ്‌കരിക്കപ്പെടും എന്നാണ് ഈ ചരിത്രവായനയിലൂടെ നമ്മള്‍ ഞെട്ടലോടുകൂടി അറിയുന്നത്. വൈക്കം സത്യഗ്രഹം എന്ന് പറയുന്നൊരു പുസ്തകം എം.ജി. യൂനിവേഴ്‌സിറ്റി ഇറക്കിയിട്ടുണ്ട്.

അത് ബുള്ളറ്റിൻപോലൊരു വാര്‍ത്തകളുടെ സമാഹാരമാണ്. അതുകൊണ്ട് തന്നെ അതില്‍ സത്യസന്ധമായ കുറിപ്പുകളും പ്രസംഗങ്ങളുമൊക്കെയുണ്ട് എന്നുള്ളതാണ്. അവിടെ ആമചാടി തേവന്‍ എന്നു പറയുന്ന സമരപോരാളിയെപ്പറ്റി ഐതിഹാസികമായ വൈക്കം സത്യഗ്രഹ സമരത്തിന്റെ രേഖകളില്‍ കാണുന്നില്ല. എന്നാല്‍, പൂത്തോട്ടയില്‍ ആമചാടി തേവന്‍ എന്ന സമരസേനാനിയുടെ കഥകള്‍ ഒരു വാമൊഴികളായി നിലനില്‍ക്കുകയും ചെയ്യുന്നു.

എഴുത്തുകാരനും കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായിട്ടുള്ള മണർകാട് ശശികുമാര്‍; ശശികുമാറേട്ടൻ ഈ ചരിത്രത്തെ രേഖപ്പെടുത്തുകയും അത് അന്ന് എം.ജി യൂനിവേഴ്സിറ്റിയിലുണ്ടായിരുന്ന രാജന്‍ ഗുരുക്കളും എം.ആര്‍. വാരിയരും എഡിറ്റർമാരായ കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. അവര്‍ അത് വായിച്ചിട്ട് ഈ പുസ്തകത്തിനോടൊപ്പം ചേര്‍ത്തു. ആ പുസ്തകത്തിന്റെ ഏറ്റവും അവസാനത്തെ പേജിലാണ് ഈ ആമചാടി തേവന്‍ എന്ന മനുഷ്യനെ നമുക്ക് വായിക്കാന്‍ കഴിയുന്നത്. എന്നാല്‍, വളരെ കാലങ്ങളോളം വാമൊഴി കഥകളായിട്ട്... ഒരു അമ്മൂമ്മക്കഥപോലെ ഹൃദ്യമായി ഈ ആമചാടി തേവന്റെ ചരിത്രം നമുക്കിടയിലുണ്ട്.

ആ രേഖകളും അദ്ദേഹത്തിന്റെ മക്കളയും ബന്ധുക്കളേയുമൊക്കെ കണ്ടിട്ട്, ശശികുമാറേട്ടനെ നേരിട്ട് കണ്ട് വിവരങ്ങള്‍ അന്വേഷിച്ചിട്ടാണ് ‘വൈക്കം സത്യഗ്രഹം’ എന്നു ഞാന്‍ പേര് നൽകിയ, എം.കെ. ഷിബുവിന്റെ ‘വിളംബരം’ എന്ന നാടകം വരുന്നത്​. അദ്ദേഹം ആ നാടകത്തിന് വിളംബരം എന്ന് പേരിടുകയും ഞാന്‍ ആ പേര് മാറ്റുകയും ചെയ്‌തൊരാളാണ്. ഈ രേഖകളൊക്കെ ​െവച്ചിട്ടാണ് ഷിബു നാടകം എഴുതുന്നത്. ഇതില്‍ ആമചാടി തേവനാണ് നായകന്‍. ആ നാടകം അവതരിപ്പിച്ചത് പൂത്തോട്ടയിലാണ്. പൂത്തോട്ട ചരിത്രത്തിന്റെ ഭാഗമാണ്. ശ്രീനാരായണ ഗുരു 1893ല്‍ ​െവച്ച ക്ഷേത്രമാണ് പൂത്തോട്ട പുത്തന്‍കാവിലെ ക്ഷേത്രം. പിന്നീട് അവിടം പല നക്‌സലൈറ്റുകളും നക്‌സലൈറ്റ് അനുഭാവികളുമായ ചെറുപ്പക്കാരുമൊക്കെയുള്ളൊരു സ്ഥലമാണെന്ന് അവരോടുള്ള ബന്ധപ്പെടലില്‍നിന്ന് മനസ്സിലായി.

അപ്പോള്‍ അങ്ങനെയുള്ള ആ സ്ഥലത്ത് രൂപീകരിക്കപ്പെട്ട ശ്രീനാരായണ ലൈബ്രറിയാണ് ‘വൈക്കം സത്യഗ്രഹം’ എന്ന നാടകം ചെയ്യുന്നത്. പത്ത് വര്‍ഷമായി ആ നാടകം ചെയ്തുകഴിഞ്ഞിട്ട്. പക്ഷേ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ആ നാടകത്തെക്കുറിച്ച് ഒന്നും പറയാനോ ആ നാടകത്തിന്റെ സംസാരത്തിലേക്കോ അവര്‍ കടക്കുന്നില്ല. അത് എന്തുകൊണ്ടാണെന്ന് ഈ സന്ദര്‍ഭത്തില്‍ ഞാന്‍ തിരക്കുന്നു. ഈ നാടകം ചെയ്യുന്ന സമയത്ത് ഇന്റര്‍പ്രട്ടേഷന്‍ എന്തായിരിക്കണം എന്ന ഒരു വിചാരത്തിലേക്ക് ഞാന്‍ മുഴുകുകയുണ്ടായി. അപ്പോള്‍ വൈക്കം സത്യഗ്രഹം വലിയ സംഭവവികാസങ്ങള്‍ സൃഷ്ടിച്ച ഒരു സമരമായിരുന്നു എന്നുള്ളതാണ് ഒരു പൊതു വര്‍ത്തമാനം. ഈ പൊതു വര്‍ത്തമാനത്തിന്റെ പുറത്തിറങ്ങി വരുമ്പോള്‍ അതില്‍ ദലിത്പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ഈ സമരം പരാജയപ്പെട്ടതായേ കാണാന്‍ പറ്റൂ.

ആമചാടി തേവന്‍ ത്യാഗപൂര്‍ണമായ സമരംചെയ്തിട്ടും അദ്ദേഹം കണ്ട സ്വപ്‌നങ്ങള്‍ ഫലവത്തായില്ല. അവരെല്ലാവരും വിഷമിക്കുകയാണ്. അങ്ങനെയാണ് അവസാനിപ്പിക്കുന്നത്. അതിന്റെ കാര്യം വൈക്കം സത്യഗ്രഹം വഴിനടക്കല്‍ സമരം എന്നൊരു ചെറുരൂപം മാത്രമാണ്. കേരളം ഇന്ന് കാണുന്നതിനേക്കാള്‍ വലിയ തരത്തിലുള്ള ചിലപ്പോള്‍ ജാതി ഉന്മൂലനം ചെയ്യാന്‍തക്ക പ്രഹരമേല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു. പക്ഷേ അതിനെ ഒതുക്കിക്കളഞ്ഞു. വഴിനടക്കല്‍പോലും വളരെയധികം ശുഷ്‌കമായിട്ടാണ് സംഭവിച്ചത്. കേരളത്തിലെ ഏറ്റവും പ്രാകൃതവും യാഥാസ്ഥിതികവുമായ ജാതിയെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ള ഒരു സമരമാണ്; അത് പരിമിതമാക്കപ്പെട്ടു. അതിൽ നാടകത്തിനുള്ള കാരക്ടേഴ്സുണ്ട്. പരസ്പരം യോജിച്ച് ജാതിവിരുദ്ധ വിവാഹത്തിന് താല്‍പര്യം കാണിക്കുന്ന ഒരു ദലിത് സ്ത്രീയും ഈഴവ യുവാവും തമ്മിലുള്ള പ്രണയമുണ്ട്, ആ നാടകത്തില്‍.

അവര് രണ്ട് ജാതിക്കപ്പുറത്തേക്ക് മനുഷ്യര്‍ എന്നനിലക്ക് രണ്ട് ഓപ്പോസിറ്റ് സ്ത്രീ, പുരുഷന്‍... അവര്‍ സ്വപ്‌നം കാണുന്നു. നാടകാന്ത്യത്തില്‍ അവര്‍ക്ക് അത് നടക്കാതെ പോയി. സമരം വഴിനടക്കലിലേക്ക് മാത്രം ചുരുങ്ങുമ്പോള്‍ മനുഷ്യന്റെ കൂടിച്ചേരലുകളെയും യാഥാസ്ഥിതികമായ ജാതി ചിന്തകളെയും തുടച്ചുമാറ്റുകയെന്ന സമരത്തിന്റെ ലക്ഷ്യം വിറങ്ങലിച്ച് പോകുന്നതാണ് ആ നാടകം നമ്മളെ ഓർമിപ്പിക്കുന്നത്.

‘വിളംബരം’ എന്നല്ല നാടകത്തിന് ഞാൻ ‘വൈക്കം സത്യഗ്രഹം’ എന്ന ശീർഷകമാണ് നൽകുന്നത്. അതായത് വിളംബരം എന്നത് തിരുവിതാംകൂർ കൊട്ടാരത്തിന്റെ ദയയായും സത്യഗ്രഹമെന്നത് സമരോത്സുക, ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നുമുള്ള വായന. കുറച്ച് നാടകങ്ങള്‍ ചെയ്യാനേ കഴിഞ്ഞിട്ടുള്ളൂ എനിക്ക്. നാടകം ഒരു സാമൂഹിക പ്രതിബദ്ധത, സാമൂഹിക പ്രവര്‍ത്തനമായിട്ടാണ് ഞാന്‍ വീക്ഷിച്ചിട്ടുള്ളത്.

വളരെയധികം ഞാന്‍തന്നെ ആഹ്ലാദിക്കുന്ന നാടകമുണ്ട്^ ‘രാത്രി’. നാടകം എഴുതുന്നത് കെ.എ. മനാഫ് എന്ന കോഴിക്കോട്ടുകാരനാണ്. ബോംബെ കലാപമാണ് ആ നാടകത്തിന്റെ വിഷയം. ബോംബെ കലാപം ഹിന്ദുത്വ തീവ്രവാദികള്‍ സൃഷ്ടിച്ചെടുക്കുന്ന ഒരു കലാപമാണ്. പക്ഷേ, കലാപം കത്തിപ്പടരുമ്പോൾ അനവധി ആഘാതങ്ങളും മരണങ്ങളും തീവെപ്പും കൊള്ളയും കൊലയും ഒക്കെ നടക്കുന്നു. അതാണ് ആ നാടകം. മനുഷ്യവിരുദ്ധമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ട ബോധത്തിലാണ് ‘രാത്രി’ എന്ന നാടകം സംഭവിക്കുന്നത്. പിന്നീട് ഈ നാടകം വലുതാക്കി ചെയ്യണം എന്ന് തോന്നി.

രാത്രി അങ്ങനെ ചെയ്യുമ്പോള്‍ ഹിന്ദുത്വ തീവ്രവാദം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, അതിന്റെ വേരുകളൊക്കെ എവിടെയാണ് മുട്ടിനില്‍ക്കുന്നത് എന്ന് അന്വേഷിച്ചു. അപ്പോഴാണ് മനസ്സിലായത്, ബോംബെ കലാപത്തിന് നേരിട്ടൊരു കണക്ഷനുള്ളത് ബാബരി മസ്ജിദിനോടാണെന്നത്. ബാബരി മസ്ജിദിന്റെ ഇഷ്യു കഴിയുമ്പോഴാണ് ബോംബെ കലാപം നടക്കുന്നത്. ബോംബെ കലാപവും ബാബരി മസ്ജിദും ചരിത്രപരമായി ബന്ധപ്പെട്ടുകിടക്കുന്നു. സി.പി.എമ്മിന്റെ വൈറ്റിലയിലുള്ള സി.ഐ.ടി.യു പ്രവർത്തകരും കൂട്ടുകാരുമാണ് ‘രാത്രി’ ചെയ്യാൻ ആവശ്യപ്പെടുന്നത്. പിന്നീടവർ ഉപേക്ഷ കാണിക്കുകയും റിസ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. അതാണ് നാടകം ഏതാണ്ട് നമ്മുടെ ചുമലിലേക്ക് വന്ന ഒരു സന്ദര്‍ഭം. സി.പി.എമ്മിന്റെ കുറച്ച് പ്രവര്‍ത്തകരുടെ സഹായത്തോടെ അരങ്ങേറുന്നു.

പക്ഷേ, ഒരു പൊളിറ്റിക്കല്‍ നാടകം എന്ന നിലയില്‍ ഭയങ്കരമായിട്ട് സ്വാധീനം ചെലുത്താന്‍ കെൽപുള്ള ഒരു അവതരണവും വിഷയവുമായിരുന്നു അത്. പക്ഷേ സി.പി.എം വേണ്ടവിധം ഗൗനിച്ചില്ല. അത് സ്റ്റേജിലല്ല ഗ്രൗണ്ടിലാണ് അവതരിപ്പിച്ചത്. 1999ലാണ് ഈ നാടകം ചെയ്യുന്നത്. തനിച്ച് ഒരു ഗ്രൂപ്പ് എന്നനിലക്ക് അവതരിപ്പിക്കാനുള്ള സാമൂഹിക സാഹചര്യമില്ല. കാരണം, ഏത് സാഹചര്യത്തിലും ആക്രമിക്കപ്പെടാം. ഞങ്ങള്‍ക്ക് എന്തും സംഭവിക്കാം. നാട്ടുകാര് തന്നെ ഞങ്ങളോട് പറഞ്ഞു, ഈ നാടകം നിങ്ങള്‍ കളിക്കണ്ട. കാരണം കളിച്ചാല്‍ ആപത്തുണ്ടാകും. അതുകൊണ്ട് നാടകം തുടര്‍ന്ന് കളിക്കാന്‍ പറ്റാതെ വന്നു.

 

ജോസ് ചിറമേൽ

ജോസ് ചിറമേൽ

ബഷീറിയൻ വിചാര ലോകം

വൈക്കം മുഹമ്മദ്​ ബഷീറിനെ പറ്റിയുള്ള നാടകം ചെയ്യാം എന്നുള്ളൊരു വിചാരത്തില്‍ നടന്നൊരു ആളൊന്നുമല്ല ഞാന്‍. പക്ഷേ വീട്ടിൽ ബഷീറിനെ ഞാന്‍ കേള്‍ക്കുന്നുണ്ട്. ബഷീറിന്റെ നന്മ നിറഞ്ഞൊരു ജീവിതവും സാഹിത്യവും ചെറിയതോതില്‍ വീട്ടിലൊക്കെ അറിയാം. അത് എനിക്ക് ഭയങ്കര ത്രില്ലിങ് ആയിരുന്നു. എന്നേക്കാള്‍ പ്രായക്കൂടുതലുള്ള സുഹൃത്തുക്കളുടെ കൂടെ കൂടുമ്പോള്‍ ബഷീറിനെക്കുറിച്ച് എപ്പോഴും പറയും. ബഷീർ നമുക്ക് എവിടെ ചെല്ലുമ്പോഴും കേള്‍ക്കാവുന്ന ഒരു ബിംബംപോലെയായി മാറുന്നുണ്ട്. പലരും ബഷീറിനെക്കുറിച്ച് പറയുന്നു.

പല പ്രസംഗങ്ങളിലും ബഷീറിന്റെ നർമങ്ങള്‍ പലരും പറയാറുണ്ട്. അത് കേള്‍ക്കുന്നത് വളരെ ഇഷ്ടമായിരുന്നു. ഏതാണ്ട് ഒരു ’90 ഒക്കെ ആകുമ്പോള്‍ ബഷീറിനെ കുറിച്ചുള്ള നാടകങ്ങളും സിനിമകളും വരുന്നു. നാടകങ്ങളാണ് ഏറ്റവും കൂടുതലായിട്ട് വരുന്നത്. ‘മതിലുകള്‍’ ഒക്കെ ചലച്ചിത്രമായി ഇറങ്ങുന്നു. പിന്നെന്താ ‘പൂവൻപഴം’, മറ്റ് കഥകളൊക്കെ സീരിയലായിട്ട് വരുന്നു. നമ്മുടെ ആനുകാലിക ലോകത്തേക്ക് ബഷീർ തിരിച്ചുനടക്കുന്നു. എല്ലാവരും ബഷീറിനെ പിടിക്കുന്നു. അപ്പോഴൊന്നും ബഷീറിനെക്കുറിച്ച് ഒരു നാടകം ചെയ്യണമെന്ന് ഞാന്‍ ഒട്ടും ചിന്തിക്കുന്നില്ല.

ബഷീറിന്റെ ഒരു കഥ നാടകം ചെയ്യാനായിട്ട് ഒരു സൗഹൃദ ബന്ധത്തിലാണ് സംസാരമുണ്ടാകുന്നത്. അങ്ങനെയാണ് ‘പ്രേമലേഖനം’ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. രണ്ട് കഥാപാത്രം മതിയല്ലോ. അത് ചെയ്താല്‍ പ്രത്യേകിച്ച് ബെനിഫിറ്റ് ഒന്നുമില്ല. പലരും ‘പ്രേമലേഖനം’ ചെയ്തിട്ടുണ്ട്. കേശവന്‍ നായരും സാറാമ്മയും ഉള്ളത്. പ്രത്യേകിച്ച് നമുക്കതില്‍ ചെയ്യാനോ പ്രവര്‍ത്തിക്കാനോ ഒന്നും തന്നെയില്ല. പലരും ചെയ്തിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായിട്ട് എന്ത് ചെയ്യാന്‍ കഴിയുമെന്ന ഒരു ആലോചന വന്നു. അങ്ങനെയിരിക്കുമ്പോഴാണ് കഥകളൊക്കെ കൂട്ടിച്ചേര്‍ത്തിട്ടുള്ള ഒരു ബഷീറിയന്‍ നാടകം ചിന്തിക്കുന്നത്.

ഞാന്‍ ഒരു രാത്രിയില്‍, നല്ലപോലെ മദ്യപിച്ചുള്ള ഒരു രാത്രി, ചെറുപ്പമാണല്ലോ, 35 വയസ്സുണ്ട് നടന്നുപോകുമ്പോൾ കഥകളൊക്കെ കൂട്ടി ചേര്‍ക്കുന്നതിനെപ്പറ്റി ആലോചിച്ചു. വീട്ടിൽ‍ ചെന്ന ഉടനേ ബഷീറിന്റെ സമ്പൂര്‍ണ കൃതിയെടുത്ത് വായിച്ച് നോക്കി. ‘മതിലുകള്‍’ വായിച്ചപ്പോള്‍ ‘മതിലുകളി’ലെ ബഷീർ എന്ന കഥാപാത്രം ജയിലില്‍ കിടന്ന് എഴുതുന്നത് ‘പ്രേമലേഖനം’ എന്ന കഥയാണ്. അപ്പോള്‍ ഇവ തമ്മിലുള്ള ബന്ധവും നോക്കുമ്പോള്‍ ‘പൊലീസുകാരന്റെ മകന്‍’ എന്ന് പറയുന്നൊരു കഥ.

ജയിലിലേക്ക് വരുന്നതിന് മുമ്പ് കൊല്ലം കസബ പൊലീസ് സ്‌റ്റേഷനില്‍ ​െവച്ച് എഴുതിയ കഥയാണത്. അതൊക്കെയായിട്ടാണ് ജയിലിലേക്ക് വരുന്നത്. ഈ കഥകള്‍ തമ്മിൽ വലിയൊരു കണക്ഷനുണ്ട്. പിന്നെ ഹുന്ത്രാപ്പി ബുസോട്ടോ. പ്രണയത്തെ കുറിച്ചും പുള്ളിയുടെ നർമങ്ങളുമൊക്കെ പറയുന്നൊരു കഥയാണത്. ഒരു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടാണ് നാടകംചെയ്യുന്നത്. അതിനിടയില്‍ ഞാന്‍ ബഷീറിന്റെ കൃതികള്‍ വായിച്ചുകൊണ്ടിരുന്നു.

ബഷീറിന്റെ ഫോട്ടോകളിൽനിന്ന് അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് എങ്ങനെയാണെന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. വാക്കുകളുടെ അടിത്തട്ടുകളെന്താണ് എന്നൊക്കെ നോക്കിയിരുന്നു. അപ്പോഴൊക്കെ എനിക്ക് മനസ്സിലാവുന്നത് ഈ വാക്കുകളുടെ അടിത്തട്ടുകളില്‍ ഹ്യൂമറും ദാർശനികതയും പ്രണയവും മുറ്റിനില്‍ക്കുന്നതായിട്ടാണ്. കൊച്ചു കൊച്ചു വാക്കുകള്‍ പറഞ്ഞിട്ട് വലിയ സങ്കല്‍പങ്ങള്‍ ഉണ്ടാക്കുന്നു, നാരായണി പറയുന്നത് ഞാന്‍ ഒരു കമ്പ് മുകളിലേക്കിട്ടാല്‍ വരുമോ എന്നാണ്. പക്ഷേ ആ വാക്കില്‍ ഒരു അഭ്യർഥന, ആഗ്രഹം, നിറഞ്ഞ വാക്കാണ്. അങ്ങനെ ഞാന്‍ വായിക്കാന്‍ കാരണം അതിന് മുമ്പുള്ള ഡയലോഗുകള്‍ മുഴുവനാണ്. ഇവളുടെ പാരവശ്യത്തെ അടയാളപ്പെടുത്തുന്നതാണ്.

അപ്പോഴാണ് ഞാന്‍ ഇങ്ങനെ വായിക്കാന്‍ തുടങ്ങിയത്. പതിനാല് വര്‍ഷത്തേക്കാണ് ശിക്ഷ എന്ന് പറയുന്നു. വന്നിട്ട് ഒരു വര്‍ഷമായി എന്നാണ്. ഭയങ്കര അസ്വസ്ഥത നിറഞ്ഞിട്ടുള്ള ചെറുപ്പമാണ് നാരായണിയുടേത്. അപ്പോള്‍ ഇവളുടെ ജയില്‍ ജീവിതവും വേദനകളും ആഗ്രഹങ്ങളുമൊക്കെ ഈ വാക്കുകളില്‍ നമുക്ക് വായിച്ചെടുക്കാന്‍ പറ്റും. ഈ പതിനാല് വര്‍ഷത്തെ ജയിൽശിക്ഷയിൽ ഒരു വര്‍ഷമായി എന്ന് അവള്‍ പറയുന്നതില്‍നിന്ന് തുടങ്ങുന്നു അവളുടെ ഒരു ലൈഫ് ഹിസ്റ്ററി. ഒരാളോട് സംവദിക്കുന്ന ഏറ്റവും വലിയ ഗുണമെന്ന് പറയുന്നത് അയാള്‍ക്ക് മറുപടി കൊടുക്കുക എന്നതാണ്. അയാളെ സാന്ത്വനിപ്പിക്കുക എന്നതാണ്. എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞാല്‍ എന്നാല്‍ പോയി കഴിച്ചൂടേയെന്നല്ല ബഷീര്‍ പറയുന്നത്.

വാ നമുക്ക് കഴിക്കാം എന്നാണ്. എന്നാല്‍, നീ പോയിട്ട് കഴിച്ചിട്ട് വാ എന്ന് പറയില്ല. എനിക്ക് ഉറങ്ങണം എന്ന് പറഞ്ഞാല്‍ ഉറങ്ങിക്കോ. പക്ഷേ ഒറ്റ കാര്യമുണ്ട്, എന്നെ വിളിച്ചുണര്‍ത്തണ്ട. ഉറങ്ങിക്കഴിഞ്ഞ് സമാധാനത്തോടുകൂടി പോകുമ്പോള്‍ എന്നെ വിളിച്ചൊരു നന്ദിയും പറയണ്ട. കടപ്പാട് വേണ്ട എന്ന് പറയുന്നൊരു മനുഷ്യനാണ്. ഞാനൊരു മനുഷ്യനായതിന്റെ പേരില്‍ ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു. നീ എന്നോട് കടപ്പാട് പുലര്‍ത്തണ്ട. അത് നീ മറ്റാരോടെങ്കിലും ചെയ്താല്‍ മതി എന്നാണ്. അങ്ങനെ ദയയും വളരെ ദാർശനികതയും ഹ്യുമാനിറ്റിയുമുള്ള ഒരു മനുഷ്യനാണ് ബഷീര്‍. അപ്പോള്‍ ഈ ബഷീർ കഥകൾ മാനുഷിക ലോകം ചമച്ചെടുക്കുകയാണ് ചെയ്തത്. ഇതെല്ലാമാണ് നാടകത്തില്‍ വരുത്തേണ്ടത്.

ബഷീർ ഒരു റൊമാന്റിക് ഹ്യൂമനിസ്റ്റ് എന്നാണ് ഞാന്‍ പലപ്പോഴും പറയുന്നത്. വൈകാരികനായ മനുഷ്യസ്‌നേഹിയാണ് ബഷീർ. ബഷീര്‍ എന്ന മനുഷ്യന്‍ ഹൃദയംകൊണ്ടും ശരീരംകൊണ്ടും മനുഷ്യരോടെങ്ങനെ അടുത്ത് നില്‍ക്കുന്നു എന്നതാണ്. ബഷീർ വായനയിലൂടെ ഞാൻ കണ്ടെത്തിയ ആ ഘടകം നാടകത്തിൽ ഉൾച്ചേർത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ ഞാന്‍ വിജയിച്ചു എന്ന് എനിക്ക് കൃത്യമായി ബോധ്യപ്പെടുകയുംചെയ്തു. കാരണം, ആ നാടകം എവിടെയൊക്കെ കളിച്ചോ അവിടെ​െയല്ലാം ആളുകള്‍ ഹാള്‍ വിട്ട് പോകാന്‍ തയാറായില്ല എന്നതാണ്. ആളുകള്‍ നിന്നനില്‍പ്പ് നില്‍ക്കുന്നു. ഞങ്ങള്‍ക്ക് ഇതിനെക്കുറിച്ച് കുറെ കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നാണ് പറയുന്നത്.

 

റിഹേഴ്സൽ വേള

റിഹേഴ്സൽ വേള

എം.പി. മുഹമ്മദിന്റെ മകൻ -എഴുത്തുകാരന്‍ എൻ.പി. ഹാഫിസ് മുഹമ്മദ്, ഇങ്ങനെയൊരു ബഷീര്‍ നാടകം കണ്ടിട്ടില്ലെന്നാണ് എന്നോട് പറഞ്ഞത്. അനീസിനോടും ഷാഹിദയോടും (ബഷീറിന്റെ മക്കൾ) ഞാനീ സന്തോഷം പറയും ഇതെനിക്ക് പറയാതിരിക്കാന്‍ വയ്യ എന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ ഇതിനെ ബഷീറിയന്‍ നാടകം എന്ന് പറയുന്നത്. ഫിലോസഫിക്കല്‍ പ്ലേ എന്ന് പറയുന്നത്, അതില്‍ എല്ലാമുണ്ട്.

ബഷീർ നാടകത്തിന് എന്ത് പേരിടുമെന്നാണ് ഞാന്‍ ആദ്യം ആലോചിച്ചത്. അപ്പോള്‍ പല പേരുകളും മനസ്സിലേക്ക് വന്നു. ഒപ്പം പോകുന്ന സമയത്ത് സുഹൃത്ത് സുബ്രഹ്മണ്യൻ സമ്പൂര്‍ണ കൃതിയിൽ ബഷീറിന്റെ ഒരു ഫോട്ടോ കൊടുത്തിട്ടുണ്ട് അതിനോടൊപ്പം ഇമ്മിണി ബല്യ ഒന്നെന്ന് എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. അതാണ് ഈ നാടകത്തിന്റെ പേരെന്ന്. അപ്പോള്‍ ഞാന്‍ പെട്ടെന്ന് ഓര്‍ത്തു, ശരിയാണല്ലോ ഇമ്മിണി ബല്യ ഒന്ന്. അപ്പോള്‍ തന്നെ സ്വീകരിച്ചു, അങ്ങനെ നാല് കഥകള്‍ കൂടി ചേരുന്ന ബഷീറിയന്‍ നാടകത്തിന് പേരായി.

പിന്നീട് ഇത് ചെയ്‌തെടുക്കാന്‍ വേണ്ടിയിട്ട് ഞാന്‍ അലഞ്ഞൊരു അലച്ചിലുണ്ട്. ഞാനാണല്ലോ പ്രൊഡ്യൂസര്‍. ഞാന്‍ തന്നെ ഡയറക്ടര്‍, ഞാന്‍ തന്നെ ഓര്‍ഗനൈസര്‍... അപ്പോളുണ്ടായ കഷ്ടപ്പാടുകള്‍. ഞാനൊരു പൈസപോലുമില്ലാതെ ആളുകളില്‍നിന്ന് പിരിവെടുത്ത് നടക്കുമ്പോള്‍ കരിങ്ങാച്ചിറ ജങ്ഷനില്‍ നില്‍ക്കണ സമയത്ത് ഒരു പൈസ പോലുമില്ലാതെ നാടകം കളിക്കാന്‍ എന്ത് ധൈര്യത്തിൽ നടക്കുന്നുവെന്ന് സ്വയം ചോദിച്ചത് ഓര്‍ക്കുന്നുണ്ട്. പെട്ടെന്ന് എന്റെ ഓർമയിലേക്ക് നയാപൈസ പോലുമില്ലാത്ത ബഷീര്‍ ‘ബാല്യകാലസഖി’ പ്രിന്റ് ചെയ്​ത്​ സ്വയം വിറ്റ് നടന്ന ആ കാലം ഒാർമ വന്നു.

ഉടന്‍തന്നെ ഛേ! ഞാന്‍ പിറകോട്ടില്ല എന്ന് സ്വയമെന്നോട് പറഞ്ഞു. മുന്നോട്ട് എന്നു പറഞ്ഞ് ഞാന്‍ പോവുകയാണ്. ഞാന്‍ ഒരു സുഹൃത്തിന്റെ (പനങ്ങാടുള്ള സജിത് ) വീട്ടില് കേറി ചെന്നു. അയാള് പറഞ്ഞു, ഉണ്ണിക്ക് ഞാന്‍ ഇപ്പോള്‍ 3000 രൂപ തരാം. എനിക്ക് സുഖമില്ലാതിരിക്കുകയാണ് 5000 രൂപ തന്നേനെ; ഇപ്പോള്‍ 3000 രൂപ പിടിക്ക് എന്ന് പറഞ്ഞു. അപ്പോ ബഷീറിന്റെ ആത്മാവ് ആ നാടകത്തില്‍ ഉണ്ടെന്ന് എനിക്ക് തോന്നി. ‘ഇമ്മിണി ബല്യ ഒന്നി’ന്റെ 2004ലെ ആദ്യ അവതരണത്തിലെ യാതനകളാണ്​ പറഞ്ഞത്. പിന്നെയാണ് കൊച്ചിയിലെ വിവിധ കലാകാരന്മാരുടെ സംഘടനയായ സെന്റർ ഫോർ കണ്ടംപററി ആർട്ടും കേരള ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്ന് 2015ൽ ജൂലൈ 5ന് ഒരു ബഷീർ ഓർമദിനത്തിൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ വീണ്ടും ആ നാടകം അവതരിപ്പിക്കുന്നത്.

ബഷീർ അണ്ഡകടാഹത്തോട് പുലര്‍ത്തുന്ന ഒരു അറ്റാച്ച്‌മെന്റ് ഉണ്ട്. തുല്യമായൊരു അറ്റാച്ച്‌മെന്റ് എനിക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞുവെന്നാണ് ആ നാടകത്തിന്റെ ഏറ്റവും വലിയ കാര്യം. ഒരു മരത്തിലേക്ക് ബഷീര്‍ നോക്കിനില്‍ക്കുന്നത് വെറുമൊരു സാധാരണ മനുഷ്യന്‍ നോക്കിനില്‍ക്കുന്നത് പോലെയല്ല. ബഷീര്‍ നോക്കിനില്‍ക്കുമ്പോൾ പ്രപഞ്ചത്തോട് താദാത്മ്യപ്പെടുന്ന ഒരു ഭാവമാണദ്ദേഹത്തിന്. ദൈവം രക്ഷിക്കട്ടെയെന്ന് ബഷീര്‍ എപ്പോഴും പറയും. ‘മറ്റൊരാൾ’ എന്ന കഥയിൽ കള്ളനോട് ബഷീര്‍ പറയുന്നു, നിങ്ങളെ ദൈവം രക്ഷിക്കട്ടെയെന്ന്. കള്ളന്‍ തിരിച്ച് പറയുന്നു, നിങ്ങളെയും ദൈവം രക്ഷിക്കട്ടെയെന്ന്. ഇതില്‍ ആരാണ് കള്ളന്‍, ആരാണ് കള്ളന്‍ അല്ലാത്തവന്‍! ഒരു അമ്മയും ഒരു കള്ളനെയും പ്രസവിക്കുന്നില്ല എന്ന ഒരു വാക്കുണ്ടല്ലോ നമ്മുടെ ഇടയില്‍. ഇത് ഒരുപക്ഷേ വേറൊരു രീതിയില്‍ പറയാം, നമുക്ക് ഒരാളും കുഴപ്പക്കാരനല്ല.

കുഴപ്പക്കാരൊക്കെ ഉണ്ടാകുന്നത് നമുക്കിടയില്‍തന്നെയാണ്. അതുകൊണ്ടാണ് കള്ളനോട് കള്ളനാണെന്നറിഞ്ഞുകൊണ്ട് ബഷീര്‍ പറയുന്നത് നിങ്ങളെ ദൈവം രക്ഷിക്കട്ടെയെന്ന്. ഈ ശരീരഭാഷയും വിശുദ്ധിയുമാണ് ‘ഇമ്മിണി ബല്യ ഒന്നി’ലെ നടീനടന്മാരോട് ഞാൻ പങ്കുവെച്ചത്. അത് ഉൾക്കൊണ്ട് അവരത് അവതരിപ്പിക്കുകയും ചെയ്തു. സംവിധായകന്‍ ഒരു കൃതിയില്‍നിന്ന് അതിന്റെ വിഷ്വലും അതിന്റെ വീക്ഷണങ്ങളും ധാര്‍മികതയും ദര്‍ശനങ്ങളും കണ്ടെത്തിയിട്ട് അതിനെ പുനരവതരിപ്പിക്കലാണ്. അല്ലാതെ അദ്ദേഹം തോന്നിയപോലെ പ്രവര്‍ത്തനം നടത്തുകയല്ല എന്നതാണ്.

(തുടരും)

(ചിത്രങ്ങൾ: സജി പി. സുബ്രഹ്മുണ്യൻ)

News Summary - weekly culture biography