Begin typing your search above and press return to search.
proflie-avatar
Login

ഓർത്തെടുക്കുന്ന അടരുകളും തകർക്കപ്പെട്ട ഇടങ്ങളും

ഓർത്തെടുക്കുന്ന അടരുകളും   തകർക്കപ്പെട്ട ഇടങ്ങളും
cancel

ഒൗപചാരികമായി നാടകം പഠിക്കാത്ത, എന്നാൽ നാടകം അഭ്യസിച്ചവരേക്കാൾ മികച്ച നാടകങ്ങൾ ഒരുക്കുന്ന സംവിധായകനാണ്​ ഉണ്ണി പൂണിത്തുറ. കീഴാള ജീവിതത്തി​ന്റെയും ജീവിതപരിസരങ്ങളുടെയും തീക്ഷ്ണമായ അനുഭവ പശ്ചാത്തലത്തിൽനിന്നാണ്​ അദ്ദേഹത്തി​ന്റെ നാടകജീവിതവും രാഷ്​ട്രീയ ജീവിതവും കരുത്താർജിക്കുന്നത്​. ത​ന്റെ ജീവിതത്തെയും നാടകവഴികളെയും രാഷ്​ട്രീയ ബോധ്യങ്ങളെയും കുറിച്ച്​ ദീർഘമായി സംസാരിക്കുകയാണ്​ ഇൗ ആത്മഭാഷണത്തിൽ അ​േദ്ദഹം.എറണാകുളം ജില്ലയിൽ പിറവത്തിന് അടുത്ത് നെച്ചൂർ എന്ന പ്രദേശത്താണ് എന്റെ പൂർവികരുടെ ‘ജന്മ’സ്ഥലം അഥവാ പതി (‘പതി’യെ ‘ജന്മം’ എന്നും പറയാറുണ്ട്.). ആ പതി ഇപ്പോൾ ഇല്ലെന്നാണ് കേൾക്കുന്നത്....

Your Subscription Supports Independent Journalism

View Plans

ഒൗപചാരികമായി നാടകം പഠിക്കാത്ത, എന്നാൽ നാടകം അഭ്യസിച്ചവരേക്കാൾ മികച്ച നാടകങ്ങൾ ഒരുക്കുന്ന സംവിധായകനാണ്​ ഉണ്ണി പൂണിത്തുറ. കീഴാള ജീവിതത്തി​ന്റെയും ജീവിതപരിസരങ്ങളുടെയും തീക്ഷ്ണമായ അനുഭവ പശ്ചാത്തലത്തിൽനിന്നാണ്​ അദ്ദേഹത്തി​ന്റെ നാടകജീവിതവും രാഷ്​ട്രീയ ജീവിതവും കരുത്താർജിക്കുന്നത്​. ത​ന്റെ ജീവിതത്തെയും നാടകവഴികളെയും രാഷ്​ട്രീയ ബോധ്യങ്ങളെയും കുറിച്ച്​ ദീർഘമായി സംസാരിക്കുകയാണ്​ ഇൗ ആത്മഭാഷണത്തിൽ അ​േദ്ദഹം.

എറണാകുളം ജില്ലയിൽ പിറവത്തിന് അടുത്ത് നെച്ചൂർ എന്ന പ്രദേശത്താണ് എന്റെ പൂർവികരുടെ ‘ജന്മ’സ്ഥലം അഥവാ പതി (‘പതി’യെ ‘ജന്മം’ എന്നും പറയാറുണ്ട്.). ആ പതി ഇപ്പോൾ ഇല്ലെന്നാണ് കേൾക്കുന്നത്. കൈയേറ്റമാണ് പ്രശ്നം. പല പതികളും അദലിതരുടെ കൈയേറ്റത്താൽ തകർന്നുപോയിരിക്കുന്നു. തുണ്ട് ഭൂമികളായി പതികളും മാറിയിരിക്കുന്നു.

പതികൾ ഏതാണ്ടും ഇല്ലാതാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പതികൾ നൂറ്റാണ്ടുകളുടെ വേരുകളാണ് അടയാളപ്പെടുത്തുന്നത്. ‘അത് മിത്ത് അല്ല’ യഥാർഥ ജീവിതത്തിന്റെ ശേഷിപ്പുകൾ ആണ്. പതികളെ അപരിഷ്കൃതമാക്കേണ്ടതും വിസ്മൃതിയിലേക്ക് തള്ളേണ്ടതും ജാതി മേധാവിത്വ താൽപര്യങ്ങളുടെ ഭാഗമാണ്. അതിൽ ദലിതുകൾ പെട്ടുപോകുന്നതിന് കാരണം പതികൾ എന്താണെന്നും ചരിത്രം എന്താണെന്നും മനസ്സിലാക്കാത്തതാണ്. പതിയുടെ അർഥം ‘മലമുകളിലെ കുടിവെപ്പ്’ എന്നും ‘അധിവാസപ്രദേശം’ എന്നുമാണ്.

അങ്ങനെ വീക്ഷിക്കുമ്പോൾ ഒരു നീണ്ട കാലത്തിലെ ജീവിതത്തിലൂടെ കടന്നുപോയ ഒരു ജനതയുടെ ആധാരശിലകളാണ് പതികൾ. മരിച്ചുപോയ ആചാര്യന്മാരെയും നായകരെയും ആവാഹിച്ചിരുത്തുന്ന ഇടത്തെയാണ് പതികൾ എന്ന് പറയുന്നത്. ഇവിടെ ആരാധന നടത്തുന്നത് ആണ്ടിൽ ഒരിക്കലാണ്. അന്ന് പതിക്കു മുമ്പാകെ ചോറും ഉണക്കമീൻ ചുട്ടതും മീൻ വെച്ചതും ഇറച്ചി വെച്ചതും കള്ളും ചാരായവും ബീഡിയും പുകയിലയും വെക്കുന്നു.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ ഓരോരുത്തരായി അതെടുത്ത് കഴിച്ചു കഴിഞ്ഞാൽ പിന്നെ പുലരുവോളം ആട്ടവും കൊട്ടും പാട്ടും മുടിയാട്ടവും ഉണ്ടാകും. ഈ ജനങ്ങൾക്ക് ഹൈന്ദവരുമായി ഒരു ബന്ധവുമില്ല. പതിയും ക്ഷേത്രവും രണ്ടും രണ്ടാണ്. പതി, പ്രദേശവുമായും ഭൂമിയുമായും വികസിച്ചുവരുന്ന ഒരു അധിവാസ പ്രദേശമാണ്. ബ്രാഹ്മണിക്കൽ അധിനിവേശം ഈ ജനങ്ങളെ ഭൂമിക്കുമേൽ അവകാശമില്ലാത്തവരാക്കിത്തീർത്തു.

അച്ഛന്റെ നാട് തിരുവാങ്കുളത്താണ്. കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന കേന്ദ്രമായ ഹിൽപാലസിനടുത്ത്. പതിയുടെ ചരിത്രം അറിയാൻ തുടങ്ങിയപ്പോഴാണ് വേരുകളെ പറ്റി ചിന്തിക്കാൻ തുടങ്ങുന്നത്. തിരുവാങ്കുളത്ത് വരാനും താമസിക്കാനും ഉണ്ടായ കാരണങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അച്ഛൻ മരിച്ചുപോയിരുന്നു. പകരം ഇളയച്ഛനോടാണ് തിരക്കിയത്. ഇളയച്ഛൻ പറയുന്നത് ഹിൽപാലസ് പണികഴിപ്പിക്കാൻ വേണ്ടി നെച്ചൂരിൽനിന്നും പിടിക്കപ്പെട്ട അടിമത്തൊഴിലാളികളായിരുന്നു നമ്മളെന്നാണ്. ഇത് അദ്ദേഹം അറിയുന്നത് ഉപ്പാപ്പനിൽനിന്നാണ് (ഉപ്പാപ്പൻ എന്ന് വിളിക്കപ്പെടുന്നത്, അച്ഛന്റെയും ഇളയച്ഛന്റെയും അച്ഛനായ, എ​െന്റ അപ്പൂപ്പനെയാണ്). ഹിൽപാലസി​െന്റ പഴക്കം നൂറ്റി അറുപതു വർഷമാണ്.

 

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ക​ഥ​ക​ളെ അ​നു​വ​ർ​ത്തി​ച്ച്  ഉണ്ണി പൂണിത്തുറ സംവിധാനം നിർവഹിച്ച ‘ഇ​മ്മി​ണി ബല്യ ഒന്ന് ’ നാടകത്തിലെ ഒരു രംഗം

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ക​ഥ​ക​ളെ അ​നു​വ​ർ​ത്തി​ച്ച് ഉണ്ണി പൂണിത്തുറ സംവിധാനം നിർവഹിച്ച ‘ഇ​മ്മി​ണി ബല്യ ഒന്ന് ’ നാടകത്തിലെ ഒരു രംഗം

ഇളയച്ഛന് ഇപ്പോൾ ഏതാണ്ട് എൺപത്തഞ്ച് വയസ്സാണ്. അദ്ദേഹത്തി​െന്റ പ്രായവും അറിഞ്ഞ കഥയും കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹിൽപാലസി​െന്റ നിർമാണവർഷങ്ങളും ബന്ധപ്പെട്ട് കിടക്കുന്നത് ഒരു ചരിത്ര തെളിവാണ്. അടിമകളെ ഉപയോഗിക്കാതെ ഒരു നിർമാണവും നടന്നിട്ടില്ലെന്നുള്ളതും ഒരു സത്യമാണല്ലോ.

ദേശം, ബാല്യം, ജാതി

ദലിത് കുട്ടികളുടെ ബാല്യകാലം എന്ന് പറയുന്നത് വളരെ യാതനയും കഷ്ടപ്പാടും നിറഞ്ഞതാണ്. ദലിത് കുട്ടികളുടെ മാത്രമല്ല ആ അവസ്ഥ. ദലിത് വീടുകളില്‍ സാധാരണ വളരെ അധികം യാതനകള്‍, കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരാണ്. കാരണമെന്ന് പറയുന്നത് അതിന്റെ സാമൂഹിക അവസ്ഥകളങ്ങനെയല്ലേ. ജാതി അവസ്ഥകളാണ് നമ്മളെ കഷ്ടപ്പെടുത്തുന്നത്. ചെരുപ്പ് പോലുമില്ല ഞങ്ങള്‍ക്ക്. വസ്ത്രമെന്ന് പറഞ്ഞാല്‍ തീരെയില്ലാത്ത അവസ്ഥയാണ്. അന്ന് പിന്‍ഭാഗം കീറിയിട്ടുള്ള ട്രൗസറുകള്‍ ഇതൊക്കെയാണ് ഞങ്ങളുടെ വസ്ത്രങ്ങള്‍. ചെരുപ്പ് പോലും ഇല്ല. പിന്നെയെന്താ ശരിയായിട്ടുള്ള കുളിപോലും നമുക്കില്ല. കുളത്തില്‍ ചാടി കുളിക്കും.

ഷര്‍ട്ടുകൊണ്ട് തന്നെയാണ് തല തോര്‍ത്തുന്നത്. എന്നിട്ട് അത് തന്നെയിടും. നാലഞ്ച് മണിക്കൂറാണ് നമ്മള്‍ കുളത്തില്‍ കുളിക്കുന്നത്. ചോദിക്കാനാരുമില്ല, ശരിയായ ശിക്ഷണമൊന്നുമില്ല. അച്ഛനമ്മമാരൊക്കെ പാടത്തോ പറമ്പത്തോ മറ്റെതെങ്കിലും കൂലിവേലക്കോ പോയിരിക്കും. പരിപൂര്‍ണ സ്വതന്ത്രരാണ് നമ്മള്‍. അതുകൊണ്ട് ഞങ്ങൾ കുട്ടികൾക്ക് എന്തുമാകാം. അതിനിടക്ക് ഇടിപിടിത്തമുണ്ട്, ഫുട്‌ബാള്‍ കളിയുണ്ട്. കോലുകളിയെന്ന് പറയുന്നൊരു കളിയുണ്ട്. തല്ലുപിടിക്കും; പുഞ്ചകളി എന്നു പറയുന്ന, വട്ടം വരച്ചിട്ട് പുഞ്ചകൊണ്ട് അടിച്ചിട്ട് കളിക്കുന്നൊരു കളിയുണ്ട്. അങ്ങനെ കളിച്ച് നടക്കുന്ന ഒരു കുട്ടിക്കാലമുണ്ട്. ഭക്ഷണം കഴിച്ചാല്‍ കഴിച്ചു. കഴിച്ചില്ലേല്‍ കഴിച്ചില്ല.

പിന്നെ വേറൊരു സംഗതി ഞങ്ങൾ കക്കൂസില്ലാത്ത ആളുകളാണ്. കുളിപ്പുരയും കക്കൂസും നമ്മുടെ ചിന്തയിലേക്ക് വരുന്നില്ല. പ്രധാനപ്പെട്ട കാര്യമേയല്ല ഞങ്ങൾക്കത്. ഞങ്ങളെല്ലാവരും പാടവരമ്പത്താണ് മലമൂത്രവിസര്‍ജനംചെയ്യുന്നത്. ദലിതന്മാരായ ഞങ്ങളും പിന്നെ ധീവരരും. ഞങ്ങളാണല്ലോ പാടത്തും പുഴവക്കത്തുമൊക്കെ ജീവിക്കുന്നവര്‍. ഇടയ്ക്ക് എപ്പോഴെങ്കിലും പുഴവക്കത്ത് ഒരു കക്കൂസ് കെട്ടി ഉണ്ടാക്കും. അത് പൊളിഞ്ഞു വീഴുംവരെ മുതിർന്ന ആളുകൾ അത് ഉപയോഗിക്കും. കുട്ടികളും പ്രായമായ ആൺ-പെണ്ണുങ്ങളും വരമ്പു തന്നെയാണ് ആശ്രയിക്കുന്നത്. മറ്റൊരാള്‍ അപ്പിയിട്ടതിന്റെ തൊട്ടടുത്ത് അത് കവച്ച് വെച്ച് വേണം ഞങ്ങള്‍ ഒരു നല്ല സ്ഥലം നോക്കേണ്ടിവരുന്നത്. നമുക്ക് മാനത്തിന്റെ പ്രശ്‌നം അവിടെ ഉദിക്കുന്നില്ല.

ശരിക്കു പറഞ്ഞാല്‍ അതില്‍ ഏറ്റവും ഭയങ്കര, ഭീകരമായി തോന്നുന്ന കാഴ്ചയാണ് വീടിനടുത്തുള്ള ചില കുട്ടികൾ ഈ അപ്പിയിട്ട് വെച്ചിരിക്കുമ്പോൾ നമ്മൾ കാണുന്ന ദഹനക്കേട്. അത്രമേല്‍ ആരോഗ്യപരമായിട്ട് ക്ഷയിച്ചിട്ടുള്ളവർ. അന്നത്തെ പിന്നാക്ക സമുദായത്തിലെ കുട്ടികളെയൊക്കെ പരിശോധിച്ചാല്‍ അവര്‍ക്ക് ആരോഗ്യം തീരെയില്ല. അനാരോഗ്യം ബുദ്ധിയെ ബാധിക്കുന്ന കാര്യമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. അന്ന് അതിനെക്കുറിച്ചൊന്നും അറിയില്ലല്ലോ. അച്ഛനമ്മമാരൊക്കെ എങ്ങനെയാണ് ഈ കാര്യങ്ങളൊക്കെ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ല. കാരണം നമ്മള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നേയില്ല.

 

ഇമ്മിണി ബല്യ ഒന്ന് -ഒരു രംഗം

ഇമ്മിണി ബല്യ ഒന്ന് -ഒരു രംഗം

ഞങ്ങളുടെ തൊട്ടടുത്ത പ്രദേശമാണ് തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറയും പൂണിത്തുറയും. എന്നുപറഞ്ഞാല്‍ പുഴക്ക് അക്കരയും ഇക്കരയും നില്‍ക്കുന്ന സ്ഥലങ്ങൾ. അത്താഘോഷം നടക്കുന്ന പ്രമാദമായ സ്ഥലമാണ് തൃപ്പൂണിത്തുറ. ഓണത്തെ വരവേൽക്കാൻ ചിങ്ങമാസത്തിലെ അത്തം നാളിൽ നടക്കുന്ന ആഘോഷം. ഈ ആഘോഷം കാണാന്‍ നമ്മള്‍ അവിടെ പോകും. പ്രത്യേകിച്ച് എല്ലാത്തരം മനുഷ്യരും വന്നുചേരുന്നൊരു ആഘോഷമാണ് അത്.

പൊതുസ്ഥലത്ത് നടക്കുന്നതിന്റെ പേരില്‍ നമ്മള്‍ക്ക് മറ്റൊരു അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ മറ്റൊന്നുണ്ട്. ഞങ്ങളുടെ കൈയില്‍ പൈസയില്ല. എന്തെങ്കിലുമൊക്കെ മേടിക്കാനും ഭക്ഷണം കഴിക്കാനും തോന്നും. അതിനൊന്നും പൈസയില്ല. പക്ഷേ, ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാവരും കൂടി പൈസ കൂട്ടിവെച്ചിട്ട് പന്തൊക്കെ വാങ്ങും. അത് ഞങ്ങളെല്ലാവരും കൂടി ഉണ്ടാക്കുന്ന പൈസയിലാണ്. അല്ലാതെ സ്വന്തമായി ഇതൊന്നും വാങ്ങാനുള്ള സാമ്പത്തിക ശേഷിയൊന്നും ഇല്ല.

വലിയൊരു ആഘോഷം തൃപ്പൂണിത്തുറയിലെ, നാട്ടുകാര് വലിയമ്പലം എന്ന് വിളിക്കുന്ന പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവമാണ്. എട്ട് ദിവസമാണ് ഉത്സവം. എട്ട് ദിവസത്തെ ഉത്സവം നമ്മള്‍ കാണും. രാവിലെതന്നെ പോകും. 9 മണിക്ക് അവിടെ മേളം ആരംഭിക്കും. വെളുക്കുമ്പം കഥകളി അവസാനിക്കും. ഞങ്ങൾ അവിടെതന്നെ കിടന്നുറങ്ങും. അച്ഛൻ വന്നു വിളിച്ചുണർത്തുമ്പോഴാണ് നേരം വെളുത്തതായി അറിയുന്നത്. നമ്മള്‍ കുട്ടികളാണല്ലോ, വീണ്ടും അമ്പലത്തിലേക്ക് ഓടും. നിയന്ത്രണമൊന്നുമില്ല. നമ്മള്‍ എല്ലാ സ്ഥലത്തും ഓടിക്കേറും. ചില ആളുകള്‍ക്ക് നമ്മളെ കാണുമ്പോള്‍തന്നെ മനസ്സിലാകും.

നമ്മുടെ വസ്ത്രം, നമ്മുടെ നിറം, അധികം എണ്ണയില്ലാത്ത കാടുപിടിച്ച മുടി ഒക്കെ കാണുമ്പോള്‍ തന്നെ പോ പോ എന്ന് പറഞ്ഞ് ചില ആള്‍ക്കാര് തോര്‍ത്ത് വീശും. നേര്യത് വീശി നമ്മളെ ഓടിച്ച് വിടും. അപ്പോള്‍ നമ്മള്‍ ഓടിപ്പോവും. നമ്മള്‍ക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ചില സമയത്ത് ഓടുന്ന വഴിക്ക് നമ്മള് തിരിഞ്ഞിട്ട് ചീത്ത വിളിക്കും ആയാളെ. അവര്‍ നമുക്ക് പിന്നാലെ ഓടിവരും. അങ്ങനെ നമ്മള്‍ കുട്ടികള്‍ നിയന്ത്രണമില്ലാതെ പല സ്ഥലത്തും കേറിപ്പോകും. ചില സ്ഥലത്ത് അടിയും കിട്ടാറുണ്ട്. നായര്‍ പ്രമാണിമാരില്‍നിന്നാണ് അധികവും കിട്ടാറുള്ളത്. പിന്നെ തൊട്ടടുത്തുള്ള ഒരു ക്രിസ്തീയ പ്രമാണിയിൽനിന്നും അടി കിട്ടിയിട്ടുണ്ട്. അവർ ഞങ്ങളെ ഭയങ്കരമായിട്ട് ചീത്തവിളിക്കും.

ഞാനൊരടിയന്തിര വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നു. അവസാന പന്തിയിലാണ് ഞങ്ങൾക്കൊക്കെ ചോറ്തരുന്നത്. അര മീറ്റർ നീളവും പത്ത് ഇഞ്ച് വീതിയുമുള്ള പനമ്പ് കൊണ്ടുണ്ടാക്കിയ ഒരു കൊട്ടയിലാണ് വിളമ്പുകാർ ചോറും കൊണ്ടുവരുന്നത്. ഇതിൽനിന്നും ഇലയിലേക്ക് ചോറ് കൊട്ടിയിടും. മതി മതി എന്ന് പറഞ്ഞപ്പോ ഒരു നായർ പ്രമാണി എന്നോട് പറഞ്ഞു, ‘‘തിന്നടാ തിന്ന്, എന്നിട്ട് ഞങ്ങളെയൊക്കെ തല്ല്.’’ അതിന്റെ ഒരു കണ്ണുനീര്… ഇപ്പോഴും എനിക്ക് ഭയങ്കര വേദനയാണത്. കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. പുലയന്‍ വളരെ മോശക്കാരനും അക്രമകാരികളും അവരോട് മല്ലടിക്കുന്നവരാണെന്നും അവർ ധരിച്ചിട്ടുണ്ടെന്ന് എനിക്ക് ഏകദേശം അന്നും തോന്നിയിരുന്നു. വേദനയും തോന്നിയിരുന്നു.

 

പിന്നെ നമുക്ക് വസ്ത്രം കിട്ടുന്നത്, ഭക്ഷണം കിട്ടുന്നത് ഓണം വരുമ്പോഴാണ്. ഓണത്തിന് അച്ഛന്‍ ട്രൗസറും ഷർട്ടും എടുത്തു തരും. ചെരുപ്പിനെക്കുറിച്ച് ആലോചനയേയില്ല. അപ്പോഴത്തെ ഓണമൊക്കെ വെജിറ്റേറിയനാണല്ലോ. സാമ്പാറ്, അവിയല്, അച്ചാർ എന്നിങ്ങനെ വെജിറ്റേറിയനായിട്ടുള്ള ഫുഡ് ഉണ്ടാകും. പക്ഷേ, അതിലെനിക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല.

എനിക്ക് രണ്ടാം ഓണത്തിനോടാണ്​ താല്‍പര്യം. കാരണം, അന്ന് എന്തെങ്കിലും നല്ല മീന്‍കറികളും മീൻപൊരിച്ചതും കള്ളുമുണ്ടാകും. കള്ളും മീനും കൂടി കാരണവന്‍മാര്‍ക്ക് വീത് വെക്കും. വീത് വെച്ചതിനുശേഷം ആ കള്ള് മുതിര്‍ന്നവർ, അമ്മാമന്മാർ, അച്ഛനൊക്കെ കുറേശ്ശ ഞങ്ങള്‍ പിള്ളേര്‍ക്ക് തരും. അത് നമുക്ക് സന്തോഷമുള്ള കാര്യമാണ്. കാരണം പിതൃദൈവങ്ങളോട് നേരിട്ട് ബന്ധംവന്നപോലെ ഞങ്ങള്‍ക്ക് ഫീല് ചെയ്യും. ഞങ്ങള്‍ കുടിച്ച് ഭയങ്കര സന്തോഷത്തോടുകൂടി പുത്തൻ ഡ്രസൊക്കെയിട്ട് കൈകൊട്ടി കളി കാണാന്‍ പോകും.

ഇന്നത്തെക്കാള്‍ കൂടുതല്‍ മഴയുള്ളൊരു കാലമാണ് 1978ന്റെ അവസാനവും ’80ന്റെ തുടക്കവും. മണ്‍വഴികളാണ് ആ കാലത്ത്. വഴികളിലൊക്കെ മഴവെള്ളം കെട്ടിനില്‍ക്കും. ആ വെള്ളത്തില്‍കൂടി ഓടിപ്പോകും. കൊള്ളാവുന്ന ചില പറമ്പുകളിലൊക്കെ ഓണാഘോഷത്തിന്റെ തിമിർപ്പ് കാണാന്‍ പറ്റും. അങ്ങനെ നാല് ഓണവും തീരുമ്പോള്‍ നമ്മള്‍ നിരാശരാകുകയും ചെയ്യും.

ഇന്നത്തെ എന്നെ രൂപപ്പെടുത്തുന്നതിലും ഞാന്‍ ഇങ്ങനെയായിത്തീരുന്നതിനും പ്രധാന സ്വാധീനം അമ്മയാണ്: പൂണിത്തുറ കമ്പോളത്തറ കുമാരി. എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നതിന് കാരണം. എ​ന്റെ വൈകാരികത, ​എ​ന്റെ കാഴ്ചപ്പാട്, വേദനകളോടുള്ള കൂറ്... ഇതൊക്കെ അമ്മയില്‍നിന്നാണ് ലഭിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ അമ്മയുടെ സ്വഭാവം എല്ലാം എന്റടുത്തുണ്ട്. അമ്മ 2013ല്‍ മരിച്ചുപോയി.

ഞാന്‍ ജനിക്കുന്ന സമയത്ത്, പകർച്ചവ്യാധിയുടെ സാഹചര്യം ആയിരക്കണക്കിന് ആൾക്കാരുടെ മരണകാരണമാകുന്നുണ്ട്. അതായത് കോളറ ഭീകരമായി പടരുന്നു. അമ്മക്ക് കോളറ പിടിപെടുന്നു. അമ്മയുടെ ദുഃഖങ്ങള്‍ ഭയങ്കരമാണ്. കാരണം അമ്മയുടെ ചെറുപ്പകാലത്ത് തന്നെ കുട്ടികള്‍ മരിക്കുന്നു. കുട്ടികള്‍ മരിച്ചതിന് ശേഷം വളരെയധികം പ്രയാസപ്പെട്ട് എല്ലാ അമ്പലത്തിലും പോയി പ്രാർഥിച്ചാണ് ചേട്ടനുണ്ടാകുന്നത്. ചേട്ടനുണ്ടായി കഴിഞ്ഞ് എത്രയോ വര്‍ഷം കഴിഞ്ഞാണ് ഞാനുണ്ടാകുന്നത്. ആ സമയത്ത് ജനറല്‍ വാര്‍ഡില്‍ ക്വാറന്റീന്‍ എന്നു നമ്മള്‍ ഇപ്പോള്‍ വിളിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് അമ്മയെ മാറ്റി. അതൊരു ഒരു ചെറിയ ഷെഡാണ്.

തൃപ്പൂണിത്തുറ ഹോസ്പിറ്റലിലാണ് ഞാന്‍ ജനിക്കുന്നത്. ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ് പുതിയ ആശുപത്രി വരുന്നത്. ഓടിട്ട ആശുപത്രി കെട്ടിടമുണ്ട്. അന്ന് അമ്മ കിടന്ന കെട്ടിടത്തിലേക്ക് ഞാന്‍ ജനിച്ച സ്ഥലമെന്ന നിലക്ക് ഇന്നും നോക്കാറുണ്ട്. അമ്മ എനിക്ക് പറഞ്ഞ് തന്ന കഥകള്‍ ഓര്‍ക്കും. ഗർഭിണിയായ അമ്മയെ ജനറല്‍ വാര്‍ഡില്‍നിന്ന് മാറ്റി. അച്ഛനാണെങ്കില്‍ കൂലിത്തൊഴിലാളിയാണ് (പുളിപ്പറമ്പിൽ കുഞ്ഞൻ). റോഡ് പണിയാണ് അച്ഛന്. ദൂരെയൊക്കെയാണ് പണിക്ക് പോകുന്നത്. അച്ഛന് അമ്മയെ നോക്കാന്‍ പറ്റില്ല. കാരണം പണിക്ക് പോകണമല്ലോ. ഇടക്ക് അച്ഛന്‍ വന്ന്​ അമ്മക്ക് വേണ്ടുന്ന ഭക്ഷണമൊക്കെ വാങ്ങിക്കൊടുക്കും. അമ്മയെ ആരും നോക്കാനില്ല.

ഒരു ബന്ധുക്കളും അമ്മയെ അന്വേഷിച്ച് വരികയില്ല. നഴ്‌സുമാരായാലും ഡോക്ടര്‍മാരായാലും ചികിത്സകർ എന്ന ബന്ധമല്ലാതെ ആരും അമ്മയെ അന്വേഷിക്കുന്നുമില്ല. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ ജനിക്കുന്നത്. ജനനകാലമെന്നു പറയുന്നത് ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിന്റെ കാലമാണ്. അപ്പോള്‍ കേരളത്തില്‍ ബോംബ് വീഴുമെന്ന ഭയം. യുദ്ധത്തിന്റെ ഭീകരത നിലനില്‍ക്കുകയാണ്. ഒരിടത്തും വെളിച്ചമില്ല. ആളുകളൊക്കെ നേരത്തേ കതകടച്ച് വിളക്കൂതി കെടുത്തും. ഉറങ്ങുമ്പോള്‍ എപ്പോഴും എന്തും സംഭവിക്കാം. ബോംബ് വീഴുമോ എന്നൊക്കെയുള്ള പേടിയിലാണ് നില്‍ക്കുന്നത്. അങ്ങനെയുള്ളൊരു രാത്രിയിലാണ് ഞാന്‍ ജനിക്കുന്നത്. ചേട്ടനാണെങ്കില്‍ കൊച്ചുകുട്ടി.

തന്നെയുമല്ല ആ സമയത്ത് ചേട്ടന്​ അമ്മയുടെ അടുത്ത് വരാന്‍ പറ്റില്ല. അവരെ കാണാന്‍ പറ്റുന്നില്ല. പലവിധ ഒറ്റപ്പെടലുകളുടെയും വേദനകളുടെയും ഒരു സാഹചര്യത്തിലാണ് ഞാന്‍ വരുന്നത്. ഈ സാഹചര്യമാണ് ശരിക്കു പറഞ്ഞാല്‍ എന്നെ നയിച്ചത്. എന്റെ ആത്മാവിനകത്ത് കുടികൊള്ളുന്നത് മുഴുവനും ഈ വേദനകളാണ്. കാരണം അമ്മ അനുഭവിച്ച ആ വേദനകള്‍ എന്നെ ഇപ്പോള്‍പോലും നിരന്തരം പിന്തുടര്‍ന്നുകൊണ്ടിരിക്കയാണ്. ഞാന്‍ ഇത്രമാത്രം ഇമോഷനല്‍ ആകുന്നതെന്തെന്ന് എന്നോട് ചോദിക്കുമ്പോള്‍ ഒറ്റപ്പെടലിന്റെ അകത്ത് ജനിച്ചു വീണതാണ് കാരണം. അതുകൊണ്ട് തന്നെ ഈ ഒറ്റപ്പെടലിന്റെ അവസ്ഥയില്‍ ജനിക്കുന്ന ഒരു മകനോട് ഈ അമ്മക്ക് എന്തെന്നില്ലാത്ത അഗാധമായ സ്‌നേഹമാണ്.

ഉണ്ണി എന്ന് പേരുവരാന്‍ കാരണം രോഹിണിയാണ് എന്റെ നക്ഷത്രം. നക്ഷത്രത്തിനനുയോജ്യമായ പേരിടലാണ് അന്നത്തെ നാട്ടുനടപ്പ്. ഞങ്ങളുടെ, പ്രമാണിയായ ഒരു നായർ ജന്മിയാണ് എനിക്ക് പേരിടുന്നത്. ശ്രീകൃഷ്ണന്റെ നാളാണെങ്കില്‍ അവന് ഉണ്ണിയെന്ന് പേരിട്ടാ മതി എന്നാണ് പറഞ്ഞത്. അങ്ങനെയാണ് എനിക്ക് ഉണ്ണിയെന്ന പേരു വന്നത്. അമ്മക്ക് ആ പേര് ഇഷ്ടമായിരുന്നു. ഭഗവാന്റെ നാളല്ലേ അവന്‍ നന്നായി വരുമെന്ന് പറഞ്ഞു. അപ്പോള്‍ ഈ കാരണംകൊണ്ടും മുന്നേ പറഞ്ഞ കാരണങ്ങളാലും അമ്മക്ക് എന്നോട് സ്‌നേഹം. ഈ സ്‌നേഹത്തിലാണ് ഞാന്‍ അമ്മയുമായി ബന്ധിതനായിരിക്കുന്നത്.

പിന്നീടുള്ള എല്ലാ സന്ദര്‍ഭങ്ങളിലും ഞാന്‍ അമ്മയുടെ കൂടെയാണ്. അമ്മ പോകുന്നിടത്തെല്ലാം കൂടെ പോകുന്നു. എനിക്ക് അമ്മയെ വിട്ടുപിരിയാനും അമ്മയെ കാണാതിരിക്കാനും പറ്റുന്നില്ല. ഞാന്‍ എങ്ങോട്ട് പോയാലും അമ്മ എന്നെ തിരിച്ച് വിളിക്കും. ഞാന്‍ തനിച്ച് നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്ന ഘട്ടമെത്തിയപ്പോള്‍ അമ്മ പണിക്ക് പോകാന്‍ തുടങ്ങി.

അമ്മയുടെ വീട് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ്. കൊയ്യാന്‍ പോകുന്ന നായര്‍ തറവാടുകളിലേക്ക് അവര്‍ക്ക് വേണ്ടുന്ന പുല്ല് അമ്മ പറിച്ച് കൊടുക്കും. ചിലപ്പോൾ അച്ഛന്റെ കൂടെ അമ്മ റോഡ് പണിക്ക് പോകും. ആ സമയത്തൊക്കെ നമ്മള്‍ കളിച്ച് നടക്കും. അമ്മയുടെ വീടുണ്ട് തൊട്ടടുത്ത്. അവിടെ ചേട്ടന്മാരൊക്കെയുണ്ട്. അവരോടൊപ്പം നില്‍ക്കും. അങ്ങനെയാവാം എന്റെ സാമൂഹികമായ ബന്ധം രൂപപ്പെടുന്നത്​.

ഒരിക്കൽ അമ്മയുടെ കൈപിടിച്ച് എവിടെയോ പോകുകയാണ്. നാല് വയസ്സ്, അഞ്ച് വയസ്സാണന്ന്​. അത് രാവിലെയാണോ ഉച്ചക്ക് ശേഷമാണോ! വീടിനടുത്ത് ഒരു വലിയ റോഡുണ്ട്. കുണ്ടന്നൂര്‍ വരെയാണ് റോഡ്. ഇപ്പോള്‍ കുണ്ടന്നൂരിൽനിന്ന് തേവര വഴി ഫോർട്ട്കൊച്ചിക്കു പോകാം. ആ കാലത്ത് കുണ്ടന്നൂര് പുഴവരെ ബസ് പോകും. അപ്പുറത്തേക്ക് കടത്ത് ഇറങ്ങിവേണം പോകാന്‍. പുതിയ റോഡിന്റെയും പഴയ റോഡിന്റെയും ഇടക്കൊരു കലുങ്കുണ്ട്. ഇതിനിടയില്‍ വലിയൊരു ഗ്യാപ്പുണ്ട്. ഒരു മൂന്ന് മീറ്റര്‍ വീതിയുള്ള ഗ്യാപ്പ്.

ഞങ്ങൾ നടന്ന് വരുന്ന സമയത്ത് വടക്ക് നിന്ന് ബൈക്കിലൊരാൾ വരുന്നുണ്ട്. ഞങ്ങൾ സൈഡിലൂടെ പോകുന്നു. ആ ബൈക്ക് അതിവേഗം പാഞ്ഞ് ഈ കലുങ്കില് ഇടിച്ച് അയാള് ഉയര്‍ന്ന്, താഴേക്കുവന്ന് കലുങ്കിൽ തലയിടിച്ച് തല പൊട്ടിച്ചിതറി മരിച്ച് പോയി. അപ്പോള്‍ ഞാന്‍ വാവിട്ട് കരഞ്ഞു. പേടിച്ച് പോയി. അപകടം നടന്നയുടന്‍ തന്നെ ഒരുപാടാളുകള്‍ ഓടിക്കൂടി. ഞാന്‍ ഭയങ്കരമായി കരഞ്ഞു. അമ്മക്ക് മനസ്സിലായി ഞാന്‍ ഭയന്നത്. അമ്മ എങ്ങോട്ടോ എന്നെ മാറ്റി.

പിന്നെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് മുതല് ഞാന്‍ അമ്മയുടെയും അച്ഛന്റെയും നടുക്കെ കിടക്കൂ. എനിക്ക് ഭയങ്കരമായിട്ട് ഭയം അനുഭവപ്പെട്ട് തുടങ്ങി. ഇന്നത്തെ കാലത്താണെങ്കില്‍ മാനസികമായ പ്രശ്‌നമുണ്ടായ കുട്ടിയെ ഡോക്ടറെകാണിക്കല്‍ നടക്കും. പക്ഷേ അന്ന് ഡോക്ടറെയൊന്നും കാണിച്ചില്ല. ചികിത്സക്കു പകരം അച്ഛന്‍ പളനിയില്‍നിന്ന് കൊണ്ടുവന്നിട്ടുള്ള ഭസ്മം എടുത്ത് എന്റെ നെറ്റിയില്‍ പുരട്ടി. പഴനിയില്‍ നേര്‍ച്ച നേര്‍ന്ന് മകനൊന്നും വരുത്തരുത് എന്ന് അച്ഛന്‍ പ്രാർഥിച്ചു. ഇപ്പോഴും മരണത്തിന്റെ ഈ ഞെട്ടല്‍ പോയിട്ടില്ല.

അമ്മ എപ്പോഴും രോഗിയാണ്. ശ്വാസംമുട്ടൽ അങ്ങനെ പല രോഗങ്ങള്‍. എന്നാലും കൂലിപ്പണിക്ക് പോകും. കല്ല് ചുമക്കും. തൊട്ടടുത്ത പ്രദേശത്ത് റോഡ് പണിയുണ്ടെങ്കില്‍ അവിടെ അച്ഛന്‍ മേസ്തിരിയാകും. അതിന്റെ കൂടെ പോകും. പിന്നെ നായര്‍ വീടുകളിലെ പശുക്കള്‍ക്ക് പുല്ല് കൊണ്ടെത്തിച്ച് കൊടുക്കുന്ന പണിയായി. അമ്മ പിന്നെ സ്ഥിരമായിട്ട് അതിലേക്ക് മാറി. ആ കാലത്താണ് അമ്മ വീട്ടുവേലക്കു പോകുന്നത്. വീട്ട് വേലയല്ല; മുറ്റമടിച്ചുകൊടുക്കൽ. നായന്‍മാരുടെ വീടുകളിലും ബ്രാഹ്മണന്‍മാരുടെ വീടുകളിലുമൊക്കെ മുറ്റമടിച്ചുകൊടുക്കുന്നൊരു പണി അമ്മക്ക് തരപ്പെട്ടപ്പോഴും, അമ്മ അന്ന് പണിയേറ്റെടുക്കുമ്പോഴും അതിന് മുമ്പും ഞാന്‍ അമ്മ വരുന്നതിന് മുമ്പ് മുറ്റമൊക്കെ അടിക്കും. വീടൊക്കെ അടിച്ച് വാരും.

 

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രം

തൃ​പ്പൂ​ണി​ത്തു​റ​യി​ലെ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രം

അമ്മക്ക് വേണ്ട വെള്ളം ശേഖരിച്ച് വെക്കും. ഇതൊക്കെ എനിക്ക് അമ്മയോടുള്ള ഇഷ്ടത്തിന്റെയും അമ്മയുടെ കഷ്ടത ലഘൂകരിക്കാൻ എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഒരു പയ്യന്‍ എന്നിലുണ്ടായിരുന്നു. അമ്മ ബ്രാഹ്മണരുടെ വീട്ടില്‍ മുറ്റമടിക്കല്‍ പണി ഏറ്റെടുത്തതോടുകൂടി പത്ത് വയസ്സുള്ള ഞാന്‍ കൂടെ പോയി തുടങ്ങി. അവരുടെ വീടിരിക്കുന്നത് പത്തമ്പത് സെന്റ് സ്ഥലത്താണ്. ഗേറ്റില്‍നിന്ന് വീട്ടിലേക്ക് പോകണമെങ്കില്‍ തന്നെ കുറച്ച് നടക്കാനുണ്ട്. ആ സ്ഥലം മുഴുവന്‍ അടിച്ചുവാരണം. അമ്മക്ക് ശ്വാസം മുട്ടലുണ്ടല്ലോ. അമ്മയുടെ കഷ്ടപ്പാട് കണ്ട് ചൂലെടുത്ത് പകുതിയോളം മുറ്റം ഞാന്‍ തന്നെ അടിച്ചുകൊടുക്കും.

പെട്ടെന്ന് പണി കഴിഞ്ഞിട്ട് ഞങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാലോ. മുറ്റം അടിച്ചു കഴിഞ്ഞാല്‍ അമ്മയുടെ പണി പാത്രം കഴുകി കൊടുക്കലാണ്. അവിടെ അകത്തേക്കൊന്നും കയറാന്‍ പറ്റില്ല. കുഡുംബി സമുദായത്തില്‍പെട്ടവരാണ് അകത്തെ ജോലിയൊക്കെ ചെയ്യുന്നത്. അവര്‍ രാത്രി കഴിച്ചതും രാത്രിവെച്ചതുമായ പാത്രങ്ങള്‍ പുറത്തേക്കിടും. അതൊക്കെ അമ്മ കഴുകുമ്പോള്‍ അതിലും ഞാന്‍ കൂടും. പാത്രം തേച്ച് കഴുകുമ്പോള്‍ ഞാന്‍ അതില്‍വെള്ളമൊഴിച്ച് കഴുകി അടുക്കി കമിഴ്ത്തിവെക്കും. കഴുകി കമഴ്ത്തി, ഒരു ഇളംകല്ലുണ്ട്; അതില്‍ വെച്ച് കൊടുക്കും നമ്മൾ. അതൊക്കെ കഴിയുമ്പോൾ എനിക്ക് രാത്രിയില്‍ അവര്‍ കഴിച്ച് കഴിഞ്ഞതിന്റെ ബാക്കി പഴഞ്ചോറ് ഒരു പാത്രത്തില്‍ കിട്ടും. രാത്രിയിലെ സാമ്പാറും വെള്ളവുമൊഴിച്ച് വെച്ചിട്ടുണ്ടാകും അവര്‍. അമ്മ അത് കഴിക്കാതെ എനിക്ക് തരും. നല്ല തണുപ്പായിരിക്കും അതിന്.

അവര്‍ കൈകൊണ്ട് വാരിത്തിന്നതിന്റെ ബാക്കിയായിരിക്കുമോ, എന്ന് ഇപ്പോഴാണ് ആലോചിക്കുന്നത്. അത് കഴിക്കുമ്പോള്‍ സന്തോഷമൊക്കെ വരും. പിന്നെ എത്രയും വേഗം ഞങ്ങൾ അവിടെനിന്ന് പോരും. ഞങ്ങള്‍ക്ക് വീട്ടില്‍ പണിയുണ്ടല്ലോ. പിന്നെ ഞാന്‍ സ്‌കൂളില്‍ പോകും. ശ്വാസംമുട്ടല്‍ വന്നാല്‍ അമ്മക്ക് മുറ്റമടിക്കാൻ പോകാന്‍ പറ്റില്ല. അമ്മ വരാത്തതെന്താണെന്നു പറയാന്‍ ഞാന്‍ ആ വീട്ടില്‍ ചെല്ലും. ഞങ്ങള്‍ തമ്പിരാന്‍ എന്ന് വിളിക്കും അവരെ. ഈ മൂത്തമ്പിരാനോട് ഞാന്‍ ചെന്ന് പറയും. തമ്പിരാനെ അമ്മക്ക് സുഖമില്ല. അയാള് പറയും അപ്പുറത്ത് ചൂലുണ്ടല്ലോ. അതെടുത്ത് അടിച്ച് കൂടെ? നീ അടിക്കടാ എന്ന് പറയും. പറ്റില്ല എന്ന് പറയാന്‍ പറ്റില്ല. കാരണം അമ്മയെ സഹായിക്കുന്നത് അദ്ദേഹം നിരന്തരം കണ്ടുകൊണ്ടിരിക്കയല്ലേ.

എന്നെ സംബന്ധിച്ചിടത്തോളം തമ്പിരാനാണ്; യജമാന കല്‍പനയാണ്. ഞാന്‍ ഒരെതിരും പറയാതെ ചൂലെടുത്തിട്ട് മുറ്റം കംപ്ലീറ്റ് അടിക്കും. എത്രയും സ്പീഡിലടിക്കും. അടിച്ച് പോകും. എന്നെ നാണിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ മറ്റൊരു കാര്യമുണ്ട്. ഈ വീടിന്റെ ഗേറ്റിന് പുറത്ത് കുറച്ച് സ്ഥലമുണ്ട്. അതടിച്ചു കൊടുക്കണം. അത് അടിക്കുമ്പോഴാണ് ആ വീട് മൊത്തം ക്ലീനാകുന്നത്. ഇത് ചെയ്യുമ്പോള്‍ പുറത്തടിച്ചോ എന്ന് മൂപ്പര്‍ ചോദിക്കാണ്ടിരിക്കില്ല. ഈ ചൂലുമായിട്ട് പുറത്തിറങ്ങിയിട്ട് മുറ്റം അടിക്കുന്ന സമയത്ത് എന്റെ ക്ലാസില്‍ പഠിക്കുന്ന –പന്ത്രണ്ട് പതിമൂന്ന് വയസ്സുണ്ടാ സമയത്ത് – പെണ്‍കുട്ടികള്‍ ആ വഴി പോകും. ഇവര്‍ എന്നെ കണ്ടിട്ട് കളിയാക്കി ചിരിക്കും. ഈ കുട്ടികള്‍ കീഴ് ജാതിക്കാരല്ല. നായർ പെണ്‍കുട്ടികളാണ്. ആക്ഷേപ രൂപത്തിലും അവജ്ഞയോടും കളിയാക്കുന്ന രീതിയില്‍ അവര്‍ വായടക്കിപ്പിടിച്ച് ചിരിച്ചുപോകുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. ഇത് എന്നെ വല്ലാത്ത നോവിച്ചിട്ടുള്ള കാര്യമാണ്. അമ്മ പറഞ്ഞിട്ടുണ്ട്, എന്നെ മടിയില്‍ വെച്ചിട്ടാണ് അമ്മ പറമ്പിലിരിക്കാന്‍ പോകുന്നത്.

ചേട്ടനെ കൈയില്‍ പിടിച്ചിട്ടുണ്ടായിരിക്കും. അപ്പോള്‍ അതൊക്കെ രാത്രിയിലാണ്. സ്ത്രീകളുടെ പ്രശ്‌നം ഇപ്പോഴാണ് നമ്മള്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ ഇതൊക്കെ എങ്ങനെ സാധിച്ചിരുന്നു എന്നൊക്കെ നമ്മള്‍ക്ക് വളരെ അജ്ഞാതമായിട്ടുള്ള കാര്യമാണ്. വളരെ നിഗൂഢമായിട്ടുള്ള കാര്യമാണ്. ആണുങ്ങള്‍ക്ക് കുറെക്കൂടി സ്വാതന്ത്ര്യമുണ്ടല്ലോ ഈ കാര്യത്തില്‍. അവര്‍ എങ്ങോട്ടെങ്കിലും പോകും. പക്ഷേ, പെണ്ണുങ്ങളെ സംബന്ധിച്ച് വീടിനകത്തിരിക്കുകയും വീടുമായി പൊരുത്തപ്പെട്ട് ജീവിക്കുന്ന ആളുകളുമായതിന്റെ പേരില്‍ ഇവരുടെ ഈ കാര്യങ്ങള്‍ സാധിക്കുന്നത് വളരെ അജ്ഞാതമാണ്. ദലിത് സ്ത്രീകള്‍ കുറച്ചുകൂടി ഭേദമാണെന്ന് തോന്നുന്നു. കാരണം അവര്‍ കൃഷി പണിക്കൊക്കെ പോകുന്ന സ്ഥലത്ത് കുറച്ചുകൂടി അവര്‍ക്ക് ഇതിനൊക്കെ സ്വാതന്ത്ര്യം കിട്ടും. ഈ വക കാര്യങ്ങള്‍ക്കൊക്കെ വലിയ ജാതിവ്യവസ്ഥ സ്വാധീനിക്കുന്നത് കാണാം.

അമ്മയും ഞാനുമായുള്ള ബന്ധങ്ങള്‍ തുടര്‍ന്നും ഗാഢമായി നിലനിന്നു. അമ്മയുടെ മരണസമയത്ത് ഞാനുണ്ടായിട്ടില്ല. അമ്മ ഹോസ്പിറ്റലിലായിരുന്ന സമയത്തും ഒപ്പം നിൽക്കാനായില്ല. ആ സമയത്ത് ഞാന്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലാണ്. രാഷ്ട്രീയ ചിന്തകള്‍ എന്നെ പിടികൂടുന്നു.

മരട് റോഡ് എന്നുവിളിക്കപ്പെടുന്ന റോഡുണ്ട്. ഈ റോഡിന്റെ തെക്ക് വശം എന്ന് പറയുന്നത് പുലയര്‍, ഈഴവര്‍, ധീവരന്മാരൊക്കെ താമസിക്കുന്ന പ്രദേശമാണ്. ഈ പിന്നാക്ക സ്ഥലത്ത് പോലും കുട്ടിക്കാലത്ത് തന്നെ ഞാന്‍ ജാതി അനുഭവിക്കുന്നുണ്ട്​. പൊലയനുണ്ണി എന്നാണ് എന്നെ വിളിക്കുന്നത്. ഞാന്‍ ചില പ്രദേശത്തൊക്കെ ചെല്ലുമ്പോൾ പൊലയ ചെക്കനല്ലേ എന്ന് ചോദിക്കും. അത് ചോദിക്കുന്നത് വേറാരുമല്ല; സവർണരല്ല ചോദിക്കുന്നത്, ധീവരര്‍. നമ്മുടെതന്നെ സമാനജാതികളായിട്ടുള്ള പിന്നാക്ക ജാതിയിൽപെട്ടവരാണ് പൊലയനുണ്ണി, പൊലയ ചെക്കന്‍ എന്നൊക്കെ വിളിക്കുന്നത്. അപമാനഭാരത്താല്‍ നമ്മള്‍ തകര്‍ന്നുപോകുകയാണ്. നമ്മള്‍ മാറ്റിനിര്‍ത്തപ്പെട്ടതായി അപ്പോൾ മനസ്സിലാകുന്നുണ്ട്.

റോഡിന്റെ വടക്കുവശം സവർണരായിട്ടുള്ള ആളുകളാണ് താമസിക്കുന്നത്. ഭൂമി മുഴുവന്‍ ഏതാണ്ട് അവരുടെ കൈയിലാണ്. അത് എനിക്ക് പില്‍ക്കാലത്ത് മനസ്സിലാകുന്നതാണ്. പക്ഷേ, ഇവരുടെ വീട്ടില് കല്യാണം, അടിയന്തിരം മുതലായ കാര്യങ്ങളുണ്ടാകുമ്പോൾ ഞങ്ങളെല്ലാവരും കൂടി, പുലയക്കുട്ടികളും വാല പിള്ളേരും ചോവ പിള്ളേരും ഒക്കെകൂടി കിട്ടാവുന്ന പാത്രമൊക്കെ എടുത്തിട്ട് ഞങ്ങൾ ഈ വീടിന്റെ ഉമ്മറത്ത് പോയിരിക്കും. അത് ഞങ്ങള് പിള്ളേര് മാത്രമല്ല നമ്മുടെ അമ്മമാരും ഉണ്ടാവും കൂടെ. പോയിരുന്നിട്ട് ഇവരുടെ സദ്യ കഴിയുമ്പോൾ ഞങ്ങള്‍ക്ക് ഒരു ഭാഗം കിട്ടുമായിരുന്നു.

അത് മേടിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ അവിടെയിരിക്കുന്നത്. ആ സമയത്താണ് നമ്മള് നമ്മളെക്കാള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട, സമ്പന്നരായിട്ടുള്ള പിള്ളേരെ കാണുന്നത്. പിന്നെ അധികം കാണുന്നത് സ്‌കൂളില്‍ വെച്ചിട്ടാണ്. പക്ഷേ, അവര്‍ നമ്മളോട് മിണ്ടുകയൊന്നുമില്ല. മിണ്ടാണ്ടിരിക്കുന്ന കാരണം അവരുടെ വീട്ടില്‍ എച്ചിൽ മേടിക്കാന്‍ വരുന്നവര്‍ എന്നുള്ളതാണ്​. നമ്മള്‍ അവരെക്കാള്‍ ചെറിയവർ, അവരുടെ എച്ചില്‍ തിന്നുന്നവര്‍ എന്നൊക്കെ പറയുന്ന ആ കുട്ടികള്‍ക്ക് അതിന്റെ അകല്‍ച്ചയുണ്ട്. കുട്ടികള്‍ക്ക് ആ അകല്‍ച്ചവരുന്നത് മിക്കവാറും പ്രായമായവരില്‍നിന്ന് കിട്ടുന്നതായിരിക്കുമല്ലോ. പുലയ സമുദായത്തില്‍പ്പെട്ടവര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം കൂടുതലാണ്. പല ജന്മി വീടുകളുമായി അവര്‍ക്ക് ബന്ധമുണ്ട്.

കാരണം അടിയാളത്ത ബന്ധമുള്ളതിന്റെ പേരില്‍ നമ്മുക്ക് കേറിപ്പോകാം. അപ്പോള്‍ എനിക്കൊരു ഗമ തോന്നിയിട്ടുണ്ട്. ഈ ധീവര പിള്ളേരും ഈഴവ പിള്ളേരുമൊക്കെ പുറത്തിരിക്കുമ്പോ സവര്‍ണ വീടുകളിലേക്ക് കേറിപ്പോകാനുള്ള ഒരു അവകാശം കിട്ടുമ്പോള്‍ നമുക്ക് അവരുടെ മുന്നില്‍ ഒരു വലുപ്പം തോന്നും. അതാണ് ഈ കുട്ടിക്കാലത്തെ വേറൊരു രസകരമായ ചിത്രം.

ഞങ്ങള് പഠിക്കുന്ന സമയത്ത് എന്റെ ക്ലാസില്‍ സവര്‍ണ പിള്ളേരുണ്ട്. അന്ന് സി.ബി.എസ്.ഇ സ്‌കൂളൊന്നുമില്ലല്ലോ. സാർവത്രിക വിദ്യാഭ്യാസം എന്ന ആശയം ബ്രിട്ടീഷുകാര് കൊണ്ടുവന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാത്മാ അയ്യൻകാളി വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സമരം നയിച്ചത്. കേരളത്തിൽ നടപ്പാക്കിയ പൊതു വിദ്യാഭ്യാസ പരിപാടിയിൽ ഗണ്യമായ തോതിൽ ജാതി-മത താൽപര്യങ്ങൾ ഉണ്ടായിരുന്നു. ഇതിനെ മുൻനിർത്തി വേണം സർക്കാർ സ്കൂളിന്റെ തകർച്ചയും മാനേജ്മെന്റ്, സി.ബി.എസ്​.ഇ സ്കൂളുകളുടെ വളർച്ചയും വിലയിരുത്താൻ. ഇതിന്റെ ഇരകളാകട്ടെ ദലിതുകളും. ദരിദ്രവിഭാഗം കുട്ടികളാണ് സർക്കാർ വിദ്യാലയങ്ങളിൽ ഇപ്പോൾ പഠിക്കുന്നത്.

മറ്റുള്ളവരാകട്ടെ സർക്കാർ സ്കൂൾ ഉപേക്ഷിച്ചു കഴിഞ്ഞു. ഇതിന് കാരണം അധ്യാപകരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റങ്ങളും. ഇവരുടെ മക്കളെ സർക്കാർ ഇതര സ്കൂളുകളിൽ ചേർക്കലും ഗവൺമെന്റ് വിദ്യാലയങ്ങളെ അമ്പേ പരാജയപ്പെടുത്തി. ഇന്ന് ഇത് ദലിതുകളുടെയും ദരിദ്രരുടെയും വിദ്യാലയങ്ങളാണ്.

ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചില അധ്യാപികമാർ ജാതി പറഞ്ഞ് അധിക്ഷേപിക്കുമായിരുന്നു. പാടത്തും പറമ്പിലും മീൻ പിടിക്കാനും മരംവെട്ടാനും പോകേണ്ടവരാണ് ഞങ്ങൾ എന്നാണ് ആക്ഷേപം. പഠിക്കാത്തവരായതുകൊണ്ടാണ് ഞങ്ങളെ (ധീവര കുട്ടികൾ, ദലിത് കുട്ടികൾ, കുഡുംബി കുട്ടികൾ, ഈഴവകുട്ടികൾ) അപമാനിക്കുന്നത്. ഇത് കേൾക്കുന്നതോടെ ഉള്ള ആത്മവിശ്വാസംപോലും തകർന്നുപോകും. കളിച്ചു നടക്കുന്നതുകൊണ്ട് വിശപ്പിനെപ്പറ്റി ഓർമയുണ്ടാവില്ല. ഉച്ചയാകുമ്പോൾ വീട്ടിലേക്കോടും. വീട്ടിൽ ആരും ഉണ്ടാവില്ല. കഞ്ഞി ഇറക്കിവെച്ചിട്ട് അമ്മ പണിക്ക് പോയിരിക്കും.

ചിലപ്പോൾ ചമ്മന്തിയും അല്ലെങ്കിൽ തലേദിവസത്തെ മീൻകറിയുടെ ബാക്കി കാണും. അത് വലിച്ചു വാരിതിന്നിട്ട് വീണ്ടും സ്കൂളിലേക്കോടും. ഞങ്ങളുടെ കൂടെ പഠിക്കുന്ന ഒരു നായർ ജന്മി പയ്യനുണ്ട്. പാവമാണവൻ. അവ​െന്റ കൈ ഞങ്ങൾ മണത്തുനോക്കും. സാമ്പാറിന്റെയും പപ്പടത്തിന്റെയും പായസത്തിന്റെയും മണമുണ്ടാവും. അപ്പോ നമുക്ക് കൊതിവരും. പിന്നെ പഠിക്കുക എന്ന് പറഞ്ഞാൽ എന്താണെന്നുപോലും നമുക്കറിയില്ല. പഠിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ, അതും അറിയില്ല.

 

ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത ‘ഇമ്മിണി ബല്യ ഒന്നി’ൽ വൈക്കം മുഹമ്മ് ബഷീർ കഥാപാത്രമായപ്പോൾ

ഉണ്ണി പൂണിത്തുറ സംവിധാനം ചെയ്ത ‘ഇമ്മിണി ബല്യ ഒന്നി’ൽ വൈക്കം മുഹമ്മ് ബഷീർ കഥാപാത്രമായപ്പോൾ

നാടകത്തിലേക്കുള്ള യാത്ര

കുട്ടിക്കാലത്ത് പൂണിത്തുറയിലെ നാടകാനുഭവമാണ് എന്നെ നാടകത്തിലേക്ക് ആകര്‍ഷിക്കുന്നത്. നാട്ടിൽ പ്രഫഷനല്‍ നാടകക്കാർ ആകാൻ ആഗ്രഹിക്കുന്ന രണ്ട് നാടക ട്രൂപ്പുകളുണ്ടായിരുന്നു. ‘കേരളശ്രീ’ എന്ന ട്രൂപ്പും ‘രചന’ എന്ന മറ്റൊരു ട്രൂപ്പും. അവരുടെ ലക്ഷ്യം പ്രഫഷനല്‍ നാടകക്കാരാവുക എന്നതാണ്. അതുകൊണ്ട് ഉത്സവകാലത്ത് അവർ നാടകം എടുക്കുകയും പുറമേന്ന് നടികളെ കൊണ്ടുവരുകയും ചെയ്തിട്ട് റിഹേഴ്‌സല്‍ നടത്തും. ആ നാടക റിഹേഴ്‌സല്‍ ഞങ്ങള്‍ ഒളിഞ്ഞ് നോക്കും. അതിന്റെ രസമൊക്കെ ഞങ്ങള്‍ അനുഭവിക്കും.

നടികൾ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഇവരുടെ ഭാവങ്ങളൊക്കെ ഞങ്ങള്‍ക്ക് ഭയങ്കര ആസ്വാദ്യകരമാണ്. അവരുടെ ശരീരത്തിലും മുഖത്തും നടപ്പിലും ഭാവത്തിലുമൊക്കെ ഉണ്ടത്. അപ്പോള്‍ ഇത് സാധാരണ സാമൂഹിക മനുഷ്യരെക്കാള്‍ കുറച്ച് മുകളിലാണെന്ന് സ്വയം ധരിക്കുന്നു. നാട്ടുകാരും ധരിക്കുന്നു. അപ്പോള്‍ ഇതിലേക്ക് വന്നാല്‍ കൊള്ളാമെന്ന് എനിക്ക് തോന്നി. ഇതുപോലെ കൊള്ളാമല്ലോ ഇവൻ എന്നനിലയില്‍ മതിപ്പൊക്കെ കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ​േക്ഷ, നമുക്ക് അതിനുള്ള യോഗ്യത എന്താണെന്ന് ആലോചിക്കുന്നില്ല. യോഗ്യതയെ കുറിച്ച് ചിന്തിക്കാനുള്ള പ്രായവുമായിട്ടില്ല.

പിന്നീട് ഉത്സവത്തിന് വലിയ പ്രഫഷനല്‍ ട്രൂപ്പുകളുടെ നാടകങ്ങള്‍ കാണും. കാളിദാസ കലാകേന്ദ്രം, വൈക്കം മാളവിക, കൊല്ലം യൂനിവേഴ്സല്‍ തിയറ്റര്‍, പി.ജെ തിയറ്റര്‍, അതൊക്കെ 75-76 കാലത്തൊക്കെയാണ് വരുന്നത്. നമ്മള്‍ തീരെ പയ്യനാണല്ലോ. തട്ടില്‍ നില്‍ക്കുകയെന്നാല്‍ ജനങ്ങളുടെ മുകളില്‍ നില്‍ക്കുകയെന്നാണല്ലോ. അപ്പോള്‍ അവരുടെ മുകളില്‍നില്‍ക്കാനുള്ള ഒരു വ്യഗ്രത, ഒരു ആഗ്രഹം തുടിച്ച് നില്‍ക്കുകയാണ്. അപ്പോള്‍ അങ്ങനെ ചിന്തിപ്പിക്കാന്‍ കാരണമെന്താണെന്ന് പിന്നീട് ഞാന്‍ ആലോചിച്ചിട്ടുണ്ട്. കാരണം കേരളം ഒട്ടാകെ നാടകമാണ്. കേരളം എന്ന സ്‌റ്റേറ്റ് നാടകവേദിയാണ്. ഏതാണ്ട് 90കള്‍ക്ക് മുമ്പുള്ള കാലമെടുത്താല്‍ വേണമെങ്കില്‍ 2000ത്തിന് മുമ്പുള്ള കാലമെടുത്താല്‍ നാടകം കളിക്കാത്ത ഒരു മനുഷ്യന്‍പോലും ഉണ്ടാവില്ല.

തൃപ്പൂണിത്തുറയില്‍ വലിയ നാടക ട്രൂപ്പുകളൊന്നും ഉണ്ടായിട്ടില്ല. നടന്‍മാരുമുണ്ടായിട്ടില്ല. പക്ഷേ, തൃപ്പൂണിത്തുറ എന്ന സ്ഥലത്ത് ഒന്നൊഴിയാതെ എല്ലാവരും അമച്വര്‍ നാടകം കളിച്ചിട്ടുള്ളവരാണ്. മിക്കവരും അമ്പലത്തില്‍ ഉത്സവം വരുമ്പോള്‍ എന്തെങ്കിലും ഒരു നാടകം കളിക്കും. നാടകമെന്നത് അക്കാലത്ത് ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. അറിവ് പകരുന്ന ഒരു മാധ്യമമാണ് നാടകം. കമ്യൂണിസ്റ്റുകാര് രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി നാടകമെടുക്കുന്നു. പിന്നെ സാമൂഹിക അവസ്ഥകളെ കുറിച്ച് പറയാന്‍ വേണ്ടി നാടകമെടുക്കുന്നു. നാടകം ഒരു സ്‌കൂളായിട്ട് മാറുകയാണ്. അതുകൊണ്ട് തന്നെ 2000 പ്രേക്ഷകരാണ് നാടകം കാണാന്‍ അമ്പലത്തിലും പള്ളിപ്പറമ്പിലും സാംസ്‌കാരികവേദികളിലും ഒക്കെ. ഈ സ്ഥലത്തേക്ക് പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

അങ്ങനെ ആഗ്രഹത്തിന്റെ ഒരു ഘട്ടത്തിലെത്തുമ്പോള്‍ ചെറിയ നാടകം എടുത്തു. 15 വയസ്സുള്ളപ്പോള്‍. സ്‌കൂളില്‍ ഫസ്റ്റ് നാടകം കളിക്കുമ്പോള്‍ എനിക്ക് ഒരു പെരുമ കിട്ടി. പ്രത്യേകിച്ച് പെരുമ കിട്ടിയത് പെണ്‍കുട്ടികളില്‍നിന്നാണ്. കാരണം, ഞാനതില്‍ കാമുകനായ ഒരു റോളാണ് ചെയ്തത്. അന്ന് എടുത്തത് ചെറിയ നാടകമാണ്. സ്ത്രീകളില്ലാത്ത നാടകമാണത്. ആണ്‍കുട്ടികള്‍ മാത്രം കളിക്കുന്ന നാടകം. പക്ഷേ പെണ്ണുണ്ട്; അത് കഥയുടെ പശ്ചാത്തലത്തിലാണ്.

സ്റ്റേജിലില്ല. തൊട്ടടുത്ത വര്‍ഷം മറ്റൊരു നാടകം കളിച്ചു. ആ നാടകം കളിച്ചപ്പോള്‍ ആദ്യ നാടകത്തിന് കിട്ടിയ പ്രോത്സാഹനവും അഭിനന്ദനങ്ങളും ഇല്ലാണ്ടായി. അതിന്റെ പേര് ‘കുരിശുണ്ടാക്കുന്നവർ’. സി​ംബോളിക് നാടകം എന്നു പറയില്ലേ; അതാണ് സംഗതി. അതിന്റെ കഥ കളിച്ച നമ്മള്‍ക്കും അറിയാന്‍ പാടില്ല. കണ്ടവര്‍ക്കും അറിയില്ല. എനിക്ക് ഇപ്പോള്‍ ആലോചിച്ചിട്ടും അതെന്തായിരുന്നെന്ന് മനസ്സിലാവുന്നില്ല. നാടകമെന്ന് പറയുന്നത് ഒരു ശക്തമായ മാധ്യമമാണ്. ആ മാധ്യമത്തിലേക്ക് വരാനുള്ള ഒരു തുടക്കമിങ്ങനെയൊക്കെയാണ്.

നാട്ടിൽ ക്ലബുകളൊക്കെ കുറേയുണ്ട്. ഇക്കാലത്താണ് നക്‌സലൈറ്റ് ബന്ധം വരുന്നത്. ഞങ്ങളുടെ ക്ലബ് ഒരു സ്വതന്ത്ര ക്ലബാണ്. അപ്പുറത്ത് സി.പി.എമ്മിന്റെ ഒരു ക്ലബുണ്ട്. നമ്മള്‍ ക്ലബുണ്ടാക്കിയിട്ട് ഒരു നാടകമെടുക്കുകയാണ്. അതിന്റെ പേര് ‘അത്ഭുതാങ്കണം’ എന്നാണ്. സംഗീത നാടക അക്കാദമിയുടെ വൈസ് പ്രസിഡന്റായിരുന്ന ടി.എം. അബ്രഹാം എഴുതിയ ഒരു നാടകം. ഭിക്ഷക്കാരുടെ കഥ പറയുന്നൊരു നാടകമാണ്. അതിന് ഒരു ഡയറക്ടറെ കണ്ടുപിടിക്കാനാണ് ആദ്യത്തെ അലച്ചിൽ. അന്വേഷിച്ച് അന്വേഷിച്ച് പോയിട്ട് ഒരു ഡയറക്ടറെ കണ്ടുപിടിച്ചു. അയാളുടെ പേര് സുകു എന്നാണ്. സുകുമാരന്‍. ഡയറക്ടര്‍ എന്നൊക്കെ പറയുന്നത് മാസ്റ്ററാണ്. ഞങ്ങളെക്കാള്‍ ഉയരങ്ങളിലുള്ളൊരാളാണ്. പക്ഷേ, ഇയാള്‍ നമുക്കുവേണ്ടി എന്തും ചെയ്ത് തരാമെന്ന് പറയുന്നു.

ഞങ്ങള്‍ മത്സരത്തിനാണ് നാടകം കളിക്കുന്നത്. വിധിവന്നപ്പോൾ ഏറ്റവും ബാക്കിലായി പോയി. പക്ഷേ, അത് ഞങ്ങളെ നിരാശപ്പെടുത്തിയൊന്നുമില്ല. ഞങ്ങള്‍ക്ക് സ്വയം കൊള്ളാമെന്ന് തോന്നി. അത് കഴിഞ്ഞ് ഡയറക്ടര്‍ പോയി. ഞങ്ങള് തന്നെ ആ നാടകം പരിഷ്‌കരിക്കാന്‍ ശ്രമിച്ചു. പലരും അതില്‍നിന്ന് കൊഴിഞ്ഞു പോയി. പിന്നീട് വരുന്ന പുതിയ ആള്‍ക്കാരെ പഠിപ്പിക്കേണ്ട ചുമതല എനിക്കും അതിന്റെ മ്യൂസിക്കിന്റെ ചുമതല ഏറ്റവുമടുത്ത ഫ്രൻഡ്, ഞങ്ങള്‍ സുപ്രന്‍ എന്ന് വിളിക്കുന്ന സുബ്രഹ്മണ്യനുമായിരുന്നു. വളരെ ബ്രില്യന്റായിരുന്ന കൂട്ടുകാരനാണ്. അഭിനയം പഠിപ്പിക്കേണ്ട ചുമതല ഞാൻ ഏറ്റെടുക്കുകയാണ്. അഭിനയിച്ച് കാണിച്ച് കൊടുക്കുന്ന പഠിപ്പിക്കൽ. ആ നാടകം കളിയും പരാജയപ്പെട്ടു.

 

‘പ്രേമലേഖന’ത്തിലെ കേശവൻ നായരെയും സാറാമ്മയെയും ഉണ്ണി പൂണിത്തുറ അരങ്ങിൽ കൊണ്ടുവന്നപ്പോൾ

‘പ്രേമലേഖന’ത്തിലെ കേശവൻ നായരെയും സാറാമ്മയെയും ഉണ്ണി പൂണിത്തുറ അരങ്ങിൽ കൊണ്ടുവന്നപ്പോൾ

കൂക്കുവിളികളോടുകൂടി അരങ്ങൊഴിയുന്ന സ്‌റ്റേജുകളായിരുന്നു ഞങ്ങളുടേത്. ആ കാലത്ത് വീണ്ടും ഒരു മത്സരം പൂണിത്തുറയില്‍ വെച്ച് നടക്കുകയാണ്. ഞങ്ങളൊരു നാടകം കൊടുത്തു. അതില്‍ ഒരു കവിയുടെ വേഷമാണ് ഞാന്‍ കെട്ടുന്നത്. അമ്മയും വല്യമ്മയുമൊക്കെ നാടകം കാണാന്‍ വന്നിരിക്കുന്നുണ്ട്. അങ്ങനെയുള്ളതാണ് നമ്മുടെ സാമുദായിക ചരിത്രം. മക്കളെവിടെ പോയാലും അമ്മമാരും അച്ഛന്മാരും പിന്നാലെയുണ്ടാകും. നാടകം തുടങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ കൂവല്‍ ആരംഭിച്ചു. കൂവലോട് കൂവല്‍. അന്ന് നിലത്തിരുന്നാണ് ആളുകള്‍ നാടകം കാണുന്നത്. പൂഴിമണ്ണാണ് അവിടെ. ‍

ആളുകൾ കടലാസ് കൊണ്ടുവന്നിട്ടാണ് ഇരിക്കുന്നത്. അവർ പേപ്പറില്‍ മണ്ണ് പൊതിഞ്ഞ് സ്റ്റേജിലേക്ക് ഞങ്ങളെ എറിയാന്‍ തുടങ്ങി. ഏറോടേറ്. ഞാനാണല്ലോ കവി. ഭിക്ഷക്കാരുടെ സംഘം കവിയെ തൂക്കികൊല്ലാന്‍ വിധിക്കുന്നു. ഭിക്ഷക്കാരുടെ കഥയെഴുതി കാശുമേടിച്ച് പണക്കാരായി വിലസി നടക്കുന്ന പിന്തിരിപ്പന്‍മാരാണ് കവികളെന്നാണ് ഭിക്ഷക്കാരുടെ വിലയിരുത്തല്‍. ദുരന്ത നായകനായ കവിയെയാണ് ഭിക്ഷക്കാര്‍ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നത്. തൂക്കിക്കൊല്ലുന്നതിനുമുമ്പ് ഭിക്ഷക്കാരുടെ ഒരു വിചാരണ നടക്കുന്നുണ്ട്. ആ വിചാരണയില്‍ അവരൊരു നീതിബോധം വെച്ചിട്ട് ചോദിക്കുന്നുണ്ട് പ്രേക്ഷകരോട്, ഈ കവിയെ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആവശ്യമുണ്ടോ അല്ലെങ്കില്‍ ഞങ്ങള്‍ തട്ടാന്‍ പോവുകയാണ്. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ വിട്ട് തന്നേക്കാം എന്ന് പിച്ചക്കാരുടെ തലവൻ പറയുന്നു.

അപ്പോള്‍ പ്രേക്ഷകര്‍, അവനെ ഞങ്ങള്‍ക്ക് വേണ്ട അവനെ കൊന്നോളാന്‍ പറയുകയാണ്. എന്നിട്ട് മണ്ണ് വാരി ഏറാണ്. അങ്ങനെ ഏറിന്റെയും കൂക്ക് വിളിയുടെയും ഇടയില്‍ ഞങ്ങൾ കര്‍ട്ടന്‍ ഇട്ടു, അപമാനിതരായിട്ട് വീടുകളിലേക്ക് മടങ്ങി. വീട്ടിൽ ചെന്നപ്പോള്‍ ശകാരം, എന്തിനാണ് ഇങ്ങനെ നടക്കുന്നത്. അമ്മയാണ് ചോദിക്കുന്നത്. വീട്ടില്‍ അച്ഛനും ചേട്ടനും എന്നോട് മിണ്ടുന്നില്ല. അമ്മ വിളമ്പിവെച്ച ചാളക്കറിയും ചോറും തിന്നിട്ട് ഞാൻ പുറത്തേക്കിറങ്ങി കൂട്ടുകാരെ വിളിച്ചു. അവന്റെ അമ്മയാണെങ്കില്‍ അവനോട് തെറിയും ചീത്തയും പറഞ്ഞുകൊണ്ടിരിക്കയാണ്. അവന്‍ വീട്ടില്‍ വന്നു. ഞങ്ങളൊന്നിച്ച് കിടന്നുറങ്ങി. അവന്‍ നേരം വെളുത്തപ്പോള്‍ എഴുന്നേറ്റ് പോയി.

എനിക്കാണെങ്കില്‍ പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ല. പുറത്തേക്കിറങ്ങിയാല്‍ ചീത്ത കേള്‍ക്കും. കൂക്ക് വിളി കേള്‍ക്കും. ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ നാട്ടിലെ പെണ്‍കുട്ടികള്‍ നടന്നുവരുകയാണ്. എന്നെ കണ്ടപ്പോള്‍ അവര് എന്റെ നേരെ നോക്കി തുപ്പുന്നു. അപ്പോള്‍ എനിക്ക് എന്റെ സകല യുവത്വവും നഷ്ടപ്പെടുന്നതായി തോന്നി. ടീനേജ് കാലത്ത് അതിന്റെ മേല്‍ വലിയ അവഹേളനം ഏറ്റ് ഞാന്‍ പരാജിതനായിപ്പോയി. തിരിച്ച് ഞാന്‍ ചെല്ലുമ്പോള്‍ വല്യമ്മ മുറ്റമടിക്കാന്‍ പോയിട്ട് തിരിച്ച് വന്ന് വീടിന്റെ ഉമ്മറത്തിരിപ്പുണ്ട്. വല്യമ്മ എന്നെ കൈകാട്ടി വിളിച്ചു. ഞാന്‍ അടുത്ത് ചെന്നപ്പോള്‍ വല്യമ്മ എന്നോട് പറഞ്ഞ വാചകങ്ങള്‍ ഇന്നും വലിയ ഇടിമുഴക്കമാണ്. ‘‘എടാ അച്ഛൻ നടുറോട്ടില്‍നിന്ന് വെയിലിന്റെയും ടാറിന്റെയും പൊള്ളുന്ന ചൂടേറ്റിട്ടാ നിനക്ക് ചോറ് തരുന്നത്. കണ്ട ജാതിക്കാരുടെ ചീത്ത കേള്‍ക്കാന്‍ നീ നടക്കരുത്. നീ പണിക്കെന്തെങ്കിലും പോ. നീ ഇതിന്റെ പിറകെ നടക്കരുത്.

ഞങ്ങള് നേരില്‍ കണ്ടതാ.’’ വല്യമ്മയോട് ഒരക്ഷരംപോലും തിരിച്ച് പറഞ്ഞില്ല. ആ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം, അത്രമാത്രം കഷ്ടപ്പെട്ട് പുല്ല് പറിച്ചും കണ്ടവന്റെ മുറ്റമടിച്ചും റോഡ് പണിയെടുത്തും എനിക്ക് ചോറ് തരുന്നത് നീ എങ്ങനെയെങ്കിലും നന്നാവാന്‍ വേണ്ടിയാ ചീത്തയും ആക്ഷേപവും കേള്‍ക്കാനല്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലേക്ക് പോയി. ഒന്നും മിണ്ടിയില്ല. അതുകൊണ്ടൊന്നും നാടകം കളി നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല.

അത്രമേല്‍ നാടകം എന്നെ പിടികൂടാന്‍ കാരണം ആ കാലത്ത് സി.പി.ഐ(എം.എൽ)ന്റെ സാംസ്‌കാരിക സംഘടനയുമായി ബന്ധപ്പെട്ടതാണ്​. അവിടെനിന്ന് കിട്ടുന്ന നാടകത്തെക്കുറിച്ച വലിയ അറിവുകളും വലിയ ചിന്തകളുമൊക്കെ പിടികൂടിക്കഴിഞ്ഞു. അങ്ങനെയുള്ള ബോധത്തിലായിരുന്ന എന്നെ വല്യമ്മയുടെയും അമ്മയുടെയും നാട്ടുകാരുടെയും ആക്ഷേപം സ്പര്‍ശിച്ചില്ല. നല്ല നാടകം അന്വേഷിക്കാനുള്ള ത്വര എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ നാട്ടുകാരെക്കൊണ്ട് ഞാന്‍ നല്ല നാടകക്കാരനാണെന്ന് പറയിപ്പിച്ചേ പറ്റൂ എന്ന ഒരു ചിന്ത എന്നിലുടലെടുത്തു. അങ്ങനെ നല്ല നാടകം അന്വേഷിക്കാന്‍ ഞാന്‍ നടന്നുകൊണ്ടേയിരുന്നു.

 

ഇമ്മിണി ബല്യ ഒന്ന്​- മറ്റൊരു രംഗം

ഇമ്മിണി ബല്യ ഒന്ന്​- മറ്റൊരു രംഗം

ഞാനും കൂട്ടുകാരനുംകൂടി അങ്ങനെ അലയുന്ന സമയത്താണ് സന്മയാന്ദന്‍ എന്നയാളെ കണ്ടുമുട്ടുന്നത്​. നെട്ടൂരാണ് പ്രദേശം. ഒരു നല്ല നാടക ഡയറക്ടറെ കണ്ടുമുട്ടാന്‍ എന്താണ് മാര്‍ഗം എന്ന് അന്വേഷിക്കുന്നു. നല്ല നാടകം കളിക്കണമെന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു അങ്ങനൊരാളുണ്ട്; ബാബു ആലുവയെന്നാണ് പേര്. അയാള് ആലുവക്കാരനാണ്. താമസിക്കുന്നത് നോര്‍ത്ത് പറവൂരാണ്. അയാള്‍ക്ക് ജോലി ആലുവയിലാണ്. അവിടെ ചെന്നാല്‍ അയാളെ കാണാന്‍ പറ്റുമെന്ന് പറഞ്ഞു. അവിടെ ചെന്ന് ഡയറക്ടറെ കാണാനും വിളിക്കാനുമൊന്നും ഞങ്ങളുടെയടുത്ത് പൈസയില്ല.

വരുമാനമില്ലല്ലോ. ഞങ്ങള്‍ക്ക് വണ്ടിക്കാശില്ല. വാടകക്ക് സൈക്കിള്‍ കൊടുക്കുന്ന ഒരു ഷോപ്പുണ്ട് മരടിൽ. അവിടെനിന്ന് രണ്ട് സൈക്കിള്‍ വാടകക്കെടുത്തു ഞങ്ങള്‍ ഡയറക്ടറെ കാണാന്‍ ഈ സൈക്കിളില്‍ യാത്ര തിരിക്കുമ്പോൾ സന്മയാനന്ദനോട് പറഞ്ഞു, സൈക്കിളില്‍ കയറ്. ഞങ്ങള്‍ക്ക് ആലുവയില്‍ പോകണം. സൈക്കിളില്‍ 30 കിലോമീറ്റർ യാത്ര ചെയ്ത് ആലുവക്ക് പോകാന്‍ താൽപര്യമില്ലാത്തതുകൊണ്ട് അവന്‍ മടങ്ങി.

സന്മയാനന്ദന്‍ പറഞ്ഞ അഡ്രസിൽ ചെന്നപ്പോള്‍ ബാബു ആലുവ ജോലിക്കെത്തിയിട്ടില്ല. ഞങ്ങള്‍ നിരാശരായിട്ട് അവിടെ തന്നെ നിന്നു, എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും കിട്ടാതെ. ആ സമയത്ത് സെക്യൂരിറ്റിക്കാരന്‍ പറഞ്ഞു, ഇതാ വരുന്നു ആലുവ ബാബു. ‘‘അയാള്‍ ജോലിക്കൊന്നും വരാറില്ല. അയാള്‍ക്ക് നാടകം മാത്രമേ ഉള്ളൂ. നാടകമുണ്ടെങ്കില്‍ ഈ പ്രദേശത്തേ വരുകയില്ലയെന്ന്.’’ അടുത്തേക്ക് ചെന്ന് സംവിധായകനാണോ എന്ന് ചോദിച്ചു. എവിടെനിന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ മരടില്‍നിന്നാണെന്ന് പറഞ്ഞു. മരട് എന്ന് പറയുന്നത് കുറെ ദൂരമുള്ള സ്ഥലമല്ലേ. ഞാന്‍ പറഞ്ഞു, അതെ. അവിടന്ന് സൈക്കിളിലാണോ വരുന്നതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, അതെ. പിന്നീട് ബാബുവിന്റെ ഡയലോഗ് നിങ്ങള്‍ വല്ല ആഹാരവും കഴിച്ചോ എന്നായിരുന്നു.

അത് നമ്മുടെ ഉള്ളിൽ കൊണ്ടു. നമ്മള്‍ പറഞ്ഞു, ഇല്ല. എന്നാല്‍ വാ നമ്മള്‍ക്കൊന്നിച്ച് കഴിക്കാമെന്ന് ബാബു പറഞ്ഞു. അപ്പോള്‍ ആ കടയില്‍ ചോറ് അങ്ങനെയുള്ളതൊന്നുമില്ല. കടികളാണ് ഉള്ളത്. ഉണ്ടംപൊരിയുണ്ട്. സവാളവടയൊക്കെയാണുള്ളത്. ഞങ്ങള് ചായ പറഞ്ഞു. രണ്ട് സൈക്കിളില്‍ ഒരു സൈക്കിള്‍ ഇപ്പോഴത്തെ ദലിത് ആക്ടിവിസ്റ്റായ പി.പി. സന്തോഷാണ് ചവിട്ടുന്നത്. ഞാന്‍ ചെറുതും ആരോഗ്യം തീരെയില്ലാത്തവനുമായതുകൊണ്ട് ഞാന്‍ അപ്പുറത്തും ഇപ്പുറത്തും കയറി ഇരിക്കും. കുറച്ചു നേരം സന്തോഷിന്റെ സൈക്കിളില്‍ കയറിയിരിക്കും, കുറച്ചു നേരം സുപ്രന്റെ സൈക്കിളില്‍ കയറിയിരിക്കും.

അങ്ങനെയാണ് എന്റെ യാത്ര. ഞാന്‍ മുന്നിലെ പടിയിലിരുന്ന് ഒരു കാല് കൊണ്ട് ചവിട്ടികൊടുക്കും. ഒരാളുടെ ഭാരം ഞാന്‍ കുറച്ചു കുറക്കും. അങ്ങനെയാണ് ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അങ്ങനെ ഞങ്ങള് ചായക്കടയില്‍ കയറിയിട്ട് നാല് ചായയും ഓരോ കടിയും പറഞ്ഞു. സവാളവട കഴിച്ച് കഴിഞ്ഞപ്പോ സുപ്രന്‍ കാശ് എടുത്തിട്ട് കൊടുക്കാന്‍ പോയി. വേണ്ട വേണ്ട ഞാന്‍ കൊടുത്തോളാമെന്ന് ബാബു ആലുവ പറഞ്ഞു. ബാബു ആലുവക്ക് സംഗതി മനസ്സിലായി. നാടകം തേടിവരുന്ന ഇവര്‍ വളരെ ദരിദ്രരായിട്ടുള്ള പിള്ളേരാണെന്നും അഞ്ച് പൈസ പോലുമില്ലെന്നും അറിയാം. ബാബു പോകാന്‍ നേരത്ത്, തിരികെ പോകുമ്പോള്‍ നിങ്ങൾക്കു ചായകുടിക്കാന്‍ പൈസയുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള് ഉണ്ടെന്ന് പറഞ്ഞു.

പുള്ളി പറഞ്ഞു, നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നാടകം ചെയ്യും. കാരണം 25 കിലോമീറ്റര്‍ ദൂരം ഈ മാര്‍ച്ച് മാസം വെയിലുംകൊണ്ട് ഉച്ചനേരത്ത് സൈക്കിളും ചവിട്ടി വരുന്ന നിങ്ങൾക്കല്ലാതെ മറ്റാർക്കാണ് ഞാൻ നാടകം ചെയ്യേണ്ടത്! ‘കിണര്‍’ എന്ന നാടകമുണ്ട്. അത് ചെയ്തുതരുമോ എന്ന് ചോദിച്ചു. ഇടിവെട്ട് നാടകം. എവിടെ ചെന്നാലും ​െപ്രെസ് കിട്ടും. വളരെ ശക്തമായ പ്രൊഡക്ഷനാണത്. അതിലാ കണ്ണ് വെച്ചിരിക്കുന്നത്, ബാബു പറഞ്ഞു. അത് പറ്റില്ല, കാരണം അത് വടക്കന്‍ പറവൂരില് നാടക അരങ്ങ് എന്ന് പറയുന്ന ഗ്രൂപ്പ് കളിച്ചോണ്ടിരിക്കുവാണ്. അവര് ഒരു വര്‍ഷമായി നിരന്തരം കളിക്കുകയാണ്. അത് വിട്ട് തരില്ല. അതുകൊണ്ട് ഞാന്‍ വേറൊരു നാടകം ചെയ്തുതരാം. പിന്നെ അഥവാ കിണർ ചെയ്യണമെങ്കില്‍ അവരുടെ അനുവാദം കിട്ടണം.

എന്നാലേ ചെയ്ത് തരൂ എന്ന് പറഞ്ഞു. അന്ന് അവരുടെ നാടകം പനമ്പുകാട് കളിക്കുന്നുണ്ടെന്ന് പറഞ്ഞു. ബാബുവി​ന്റെ അടുത്ത ഡയലോഗ് മടങ്ങിപ്പോവുകയല്ലേ എന്നായിരുന്നു. അതെയെന്ന് പറഞ്ഞു. ഇനി ഇവിടന്ന് വടക്കന്‍ പറവൂര്‍ക്ക് സൈക്കിള്‍ ചവിട്ടരുതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ അങ്ങോട്ട് ചവിട്ടുമെന്ന് അദ്ദേഹത്തിന്​ മനസ്സിലായി. ഞങ്ങൾ സൈക്കിള്‍ നേരെ വടക്കന്‍ പറവൂര്‍ക്ക് വിട്ടു. ആലുവയില്‍നിന്ന് ഏലൂര് വഴി ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി. ഏലൂര് ഇന്നത്തെ പോലെ പാലം വന്നിട്ടില്ല. കടത്ത് കടവാണ്. ആ കടത്ത് ഇറങ്ങണം. അവിടെ കടത്ത് കടവില്‍ ഞങ്ങള്‍ക്കും സൈക്കിളിനും കൂടി 25 പൈസ കൊടുക്കണം. മൂന്ന് പേര്‍ക്ക് അഞ്ച് പൈസ വെച്ച് സൈക്കിളിന് പത്ത് പൈസ. ഞങ്ങൾ ക്ഷീണിച്ചു. വിശപ്പും ദാഹവും പരവേശവും ചൂടും... മറ്റ് പിള്ളേരാണെങ്കില്‍ വീണുപോകും.

ഒരു ഗ്ലാസ് വെള്ളവും സവാള വടയും കഴിക്കാമെന്ന് പറഞ്ഞു. കടയില്‍ കയറിയിട്ട് മൂന്ന് സവാളവടയും വെള്ളവും തരാന്‍ പറഞ്ഞു. അത് കുടിച്ചിട്ട് വീണ്ടും ചവിട്ടി. വടക്കന്‍ പറവൂരെത്തുന്നതിന് മുമ്പ് ഒരു ജങ്ഷനുണ്ട്. വഴിക്കുളങ്ങര. എന്തോ ഒരു നാടകത്തിന്റെ സ്‌മെല്‍ അടിക്കുന്നതുപോലെ തോന്നൽ. ഈ കടയില്‍ കയറി ചോദിക്കാമെന്ന് ചെല്ലുമ്പോള്‍ കുറെ ട്രോഫികളവിടെ വെച്ചിരിക്കുന്നു. ഇന്ന നാടക മത്സരത്തിനുള്ള പ്രൈസ് എന്ന് ട്രോഫിയിലെഴുതി വെച്ചിരിക്കുന്നു. കറക്ട് സ്ഥലംതന്നെ. ഈ നാടക അരങ്ങ് എന്ന് പറഞ്ഞാല്‍ എവിടെയാണെന്ന് ചോദിച്ചു. എവിടുന്നാ വരുന്നതെന്ന് മറുചോദ്യം. ഇന്ന സ്ഥലത്തിന്നാണെന്ന് പറഞ്ഞു. ഇവിടന്ന് നേരെ വിട്ടോളാൻ പറഞ്ഞു. ഇത് പോക്കറ്റ് റോഡാണ്. ഇവിടന്ന് രണ്ട് മൂന്ന് കിലോമീറ്റര്‍ ചവിട്ടണം.

അവിടെ ചെല്ലുമ്പോള് നന്ദ്യാട്ട്കുന്ന് എന്ന സ്ഥലമാകും. അവിടെ ഖാദിയുടെ ഗാന്ധി സ്മാരക മന്ദിരം. അതാണടയാളം, അവിടെ ചെന്ന് ചോദിക്കാന്‍ പറഞ്ഞു. കുറെ ചവിട്ടിയപ്പോള്‍ കണ്ടുപിടിച്ചു. അവിടൊരു അമ്പലമുണ്ട്. സ്ഥലമപ്പോള്‍ ക്ലിയര്‍ ആയി. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ വൈകുന്നേരം നാല് മണി സമയം. നമ്മുടെ സെയിം പ്രായമുള്ള പയ്യന്‍ നടന്നുവരുന്നു. ഈ നാടക അരങ്ങ് എവിടെയാണ്, അറിയാമോ എന്ന് ചോദിച്ചു. ‘‘ഞങ്ങളാണ് നാടകരങ്ങ്.’’ എന്നു മറുപടി. നിങ്ങളെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് ഇന്ന് നാടകമുണ്ട്. അതുകൊണ്ട് എല്ലാവരും ഇപ്പം എത്തും. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാവരും എത്തി. മരടില്‍നിന്ന് വരുന്നെന്ന് പറഞ്ഞു. അത്ഭുതത്താൽ അവർ സ്തബ്ധരായി.

നിങ്ങളോട് അനുവാദം ചോദിക്കാന്‍ വന്നതാണ്, നിങ്ങളുടെ സംവിധായകനെ കണ്ടു എന്നു പറഞ്ഞു. നിങ്ങളുടെ അനുവാദമുണ്ടെങ്കില്‍ ‘കിണറ്’ നാടകം ചെയ്തുതരാമെന്നാണ് പറഞ്ഞത്. ഇപ്പോൾ അവരെന്റെ അടുത്ത കൂട്ടുകാരാണ്. കഴിഞ്ഞ ആഴ്ച വരെ അവിടെ പോയിട്ടുണ്ട്. നാരായണഗുരുവുമായി ബന്ധപ്പെട്ട ഒരു അമ്പലമുണ്ട് – കാളികുളങ്ങര ക്ഷേത്രം. അവര് ഞങ്ങളെ കൂട്ടി ക്ഷേത്രത്തിലേക്ക് നടന്നു. അപ്പോൾ അവിടെ ഉത്സവം നടക്കുകയായിരുന്നു. ഞങ്ങൾക്കവർ ഉപ്പുമാവും കടലക്കറിയും വാങ്ങിത്തന്നു. വളരെ സന്തോഷത്തോടെ അവർ പറഞ്ഞു, ‘‘ഞങ്ങൾ അനുവാദം തന്നിരിക്കുന്നു.’’ കാരണം, മരടിൽനിന്നും ഇവിടംവരെ സൈക്കിൾ ചവിട്ടിയ നിങ്ങൾക്കല്ലാതെ വേറെയാർക്കാണ് നാടകം കൊടുക്കുക. ആ സൗഹൃദം ഇന്നും തുടരുന്നുണ്ട്.

അതിലെ പ്രധാനപ്പെട്ട നാടകകാരന്‍ സുരേഷുണ്ട്. ഇപ്പോള്‍ സി.പി.എമ്മിന്റെ ലോക്കല്‍ സെക്രട്ടറിയായ ദിലേഷ്, പിന്നെ ഉണ്ണിരാജുണ്ട്. പിന്നെ ഉണ്ണി വ്യാസനുണ്ട്, ഞങ്ങളുടെ എല്ലാവരുടെയും ചേട്ടനായ പുഷ്‌കരന്‍ ചേട്ടനുണ്ട്​. ഫിഷറീസില്‍ ജോലിയുള്ള ആ ചേട്ടന്‍ രണ്ട് വര്‍ഷം മുമ്പ് കോവിഡ് സമയത്ത് മരിച്ചുപോയി. ദരിദ്രരായിട്ടുള്ള നാടകക്കാരോ​െടാപ്പം ജീവിച്ച അദ്ദേഹത്തെ സ്മരിക്കാതെ ഒരിക്കലും എന്റെ നാടകജീവിതത്തിലൂടെ കടന്നുപോകാനാകില്ല. അദ്ദേഹത്തിന്റെ മകന്‍ ലനി ഇപ്പോള്‍ ഫിലിം ഡയറക്ടറാണ്. അവരെല്ലാവരും ഇപ്പോഴും എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്.

രാഷ്ട്രീയബോധ്യങ്ങളുടെ നാടകക്കാരൻ

ഔപചാരികമായി നാടകം പഠിച്ചിട്ടില്ലാത്ത ഉണ്ണി പൂണിത്തുറ മലയാളത്തിലെ ശ്രദ്ധേയനായ നാടക പ്രവർത്തകനാണ്. ഉറച്ച രാഷ്ട്രീയബോധ്യങ്ങളുടെ ആർജവമാണ് ഉണ്ണി പൂണിത്തുറയുടെ നാടകസംരംഭങ്ങളുടെ അടിത്തറ. തന്നിലെ കലാകാരനെ രൂപപ്പെടുത്തിയതിൽ സ്ഥലത്തിന്റെ ജാതി-വർഗ രാഷ്ട്രീയത്തിന് നിർണായക പങ്കുണ്ടെന്ന് തൃപ്പൂണിത്തുറ സ്വദേശിയാ യ അദ്ദേഹം പറയുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം’, ‘മതിലുകൾ’, ‘കുന്ത്രാപ്പി ബുസാട്ടോ’, ‘പോലീസുകാരന്റെ മകൻ’ എന്നീ കഥകളെ അനുവർത്തിച്ച് ചെയ്ത ‘ഇമ്മിണി ബല്യ ഒന്ന്’, സന്തോഷ് ഏച്ചിക്കാനത്തിന്റെ ചെറുകഥ ‘കൽക്കട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക്’ എന്ന പേരിലും മഹാശ്വേതദേവിയുടെ ‘രുദാലി’യും ഉണ്ണി പൂണിത്തുറ എഴുതി സംവിധാനംചെയ്ത നാടകങ്ങളാണ്. ഷിബു എം.കെ എഴുതിയ ‘വൈക്കം സത്യഗ്രഹം’, രാജു തോമസ് രചിച്ച ‘ചെമ്പകരാമൻ’, ആന്റൺ ചെക്കോവിന്റെ ‘വിവാഹാലോചന’, മഞ്ജുള പത്മനാഭന്റെ ‘സ്കിറ്റൻ’ എന്നിവയാണ് മറ്റു നാടകകൃത്തുക്കളോട് സഹകരിച്ച് ഉണ്ണി പൂണിത്തുറ അവതരിപ്പിച്ച നാടകങ്ങൾ.

‘ഞാറ്റുവേല സാംസ്കാരിക പ്രവർത്തക സംഘ’ത്തിനായി ചെയ്ത ‘പച്ചിലമേടും കുഞ്ഞാടുകളും’ എന്ന നാടകത്തിന് ചില സവിശേഷതകളുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടിനെ അവലംബിച്ച് പരിസ്ഥിതി രാഷ്ട്രീയം കേരളത്തിൽ ആദ്യമായി അരങ്ങിലെത്തിച്ച നാടകമായിരുന്നു അത്. എടുത്തുപറയാൻ ഒരു നാടകരചയിതാവുണ്ടായിരുന്നില്ല. നാടകസംഘത്തിലെ ഓരോരുത്തരുടെയും ഇടപെടലിൽ വികസിച്ച നാടകമായിരുന്നു. പ്രത്യേകിച്ച് ഞാറ്റുവേല സംഘാംഗങ്ങളായ തൊഴിലാളിവർഗ പശ്ചാത്തലത്തിൽനിന്നുള്ള സ്ത്രീകൾ രാഖി, ഷിജി കണ്ണൻ, ആമിന തുടങ്ങിയവരുടെ നിർദേശങ്ങളും സംഭാഷണങ്ങളും തിരുത്തലുകളും നാടകത്തിന് കൂടുതൽ ഉൾക്കനം നൽകി.

സോളിഡാരിറ്റി, പോപുലർ ഫ്രണ്ട്, സി.പി.എം എന്നീ സംഘടനകൾക്കായി തെരുവുനാടകങ്ങളും വിവിധ സ്കൂൾ, കോളജ് മത്സരങ്ങൾക്കും നാടകങ്ങൾ ഒരുക്കിയിട്ടുണ്ട്. 2004ൽ സംവിധാനത്തിനുള്ള ഇ.എം.എസ് സാംസ്കാരിക പഠന കേന്ദ്രം (വടക്കൻ പറവൂർ), 2012ലെ ‘ആക്ടി’ന്റെ തിയറ്റർ പേഴ്സൻ അവാർഡ്, 2016ലെ ജേസി ഫൗണ്ടേഷൻ അവാർഡ്, 2017ലെ നല്ല സംവിധായകനുള്ള മലയാള പുരസ്കാരം എന്നിവയാണ് ഉണ്ണി പൂണിത്തുറയെ തേടിയെത്തിയ ബഹുമതികൾ.

(തുടരും)

ചിത്രങ്ങൾ: സജി പി. സുബ്രഹ്മുണ്യൻ

News Summary - weekly culture biography