Begin typing your search above and press return to search.
proflie-avatar
Login

വയലാറിന്റെ ജീവിതകഥ അങ്ങനെയല്ല

Vayalar Ramavarma
cancel
അതുല്യ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ വിടവാങ്ങിയിട്ട് 50 വർഷം തികഞ്ഞു. എന്നാൽ, വയലാറിന്റെ ജീവിതം പലതരം കെട്ടുകഥകളിൽ നിറയുകയാണ് സമീപകാലത്ത്. വയലാറി​െന്റ ഒരു ജീവചരിത്ര കൃതിയെ മുൻനിർത്തി വയലാർ എങ്ങനെയൊക്കെയാണ് തെറ്റിദ്ധരിച്ച് വായിക്കപ്പെടുന്നതെന്ന് വിശകലനം ചെയ്യുകയാണ് ലേഖകൻ. മറ്റൊരുതരത്തിൽ തിരുത്തലുകളിലൂടെ വയലാറിന്റെ ജീവിതം എഴുതുന്നു.

അമ്പതു വർഷങ്ങൾക്കു മുമ്പ് വിടപറഞ്ഞ, മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ ഒരു വ്യക്തിയുടെ ജീവിതകഥയാണ് എന്റെ മുന്നിലിരിക്കുന്നത്. കവിയും ജീവചരിത്രകാരനുമായ രാജീവ് പുലിയൂർ രചിച്ച ‘വയലാർ രാമവർമ ഒരു കാവ്യജീവിതം’. ഒരു സിനിമാതാരത്തിനോ ജനനായകനോപോലും ലഭിക്കാത്ത, കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് ഏറ്റുവാങ്ങി തിരുവനന്തപുരത്തു നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന വയലാർ രാമവർമയുടെ ആ അവസാനയാത്ര ഓർമയിലിപ്പോഴും മങ്ങാതെ കിടപ്പുണ്ട്. വയലാറിന്റെ ഹ്രസ്വമെങ്കിലും അർഥപൂർണമായ ജീവിതത്തെ പകർത്തിവെച്ച പുസ്തകം അതുകൊണ്ടുതന്നെ ആർത്തിയോടെയാണ് വായിക്കാൻ കൈയിലെടുത്തത്.

‘‘നാൽപത്തിയേഴ് വർഷം മാത്രം ജീവിച്ച്, കൊതി തീരാതെ ഭൂമി വിട്ടുപോയ വയലാറെന്ന കവിയുടെ ഗന്ധർവജീവിതത്തെ കഥാഖ്യാനത്തോടുകൂടി കിടപിടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന ജീവിതാഖ്യാനം... വയലാറിന്റെ കാവ്യജീവിതം ബയോ ഫിക്ഷൻ ശൈലിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ജീവചരിത്രം’’ എന്നൊക്കെ പുസ്തകത്തിന്റെ പ്രസാധകർ പുറംചട്ടയിൽ അവകാശപ്പെടുന്നുണ്ട്.വയലാറിന്റെ ചലച്ചിത്രഗാനസപര്യയെ ആഴത്തിൽ അടുത്തറിഞ്ഞ എഴുത്തുകാരൻ വി.ആർ. സുധീഷാണ് ‘രാജഹംസത്തിന്റെ ജീവിതകഥ’ക്ക് കാവ്യാത്മകമായ ഭാഷയിൽ മുഖക്കുറി എഴുതിയിരിക്കുന്നത്. ‘‘അശ്രാന്തമായ ഗവേഷണത്തിന്റെ വിടർച്ചയാണ് ഈ കേരളീയ ചരിത്രകഥ’’ എന്നു കൂടി പറഞ്ഞുവെക്കുന്നുണ്ട് വി.ആർ. സുധീഷ്.

ജീവചരിത്ര രചനയിൽ ഏറ്റവും ആവശ്യമായ രണ്ടു കാര്യങ്ങളാണ് സൂക്ഷ്മതയും അശ്രാന്തമായ ഗവേഷണവും. ഈ ജീവചരിത്രത്തിന്റെ പിറകിൽ തീരെ ഇല്ലാതെപോയതും ഈ രണ്ടു കാര്യങ്ങളും. എന്റെ ഈ നിരീക്ഷണത്തെക്കുറിച്ച് വിശദീകരിക്കാനായി പുസ്തകത്തിൽനിന്ന് പ്രസക്തഭാഗങ്ങൾ എടുത്തുകാണിച്ചശേഷം അതിന്റെ വസ്തുതാപരമായ അന്വേഷണം നടത്താനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ഇവിടെ ജീവചരിത്രകാരൻ ചെയ്തുവെച്ചിട്ടുള്ളതുപോലെ വെറും ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ വസ്തുതകളെ അവതരിപ്പിക്കാൻ ശ്രമിക്കുകയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

അധ്യായം 16ൽ (പേജ് 126) ഒ.എൻ.വിയും തോപ്പിൽ ഭാസിയും വയലാറിനെ പരിചയപ്പെടാനായി 1954 മാർച്ച് 29ന് രാഘവപ്പറമ്പിൽ എത്തിയതിനെക്കുറിച്ച് എഴുതുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഒരു അനുസ്മരണ സമ്മേളനം ഇടപ്പള്ളിയിൽവെച്ച് നടത്താൻ തീരുമാനിച്ചപ്പോൾ വയലാറിനെ നേരിട്ടുകണ്ട് ക്ഷണിക്കാൻ എത്തിയതാണ് ഭാസിയും ഒ.എൻ.വിയും. ‘‘പഴയ നാലുകെട്ടിന്റെ ഉമ്മറവാതിലിനു മുന്നിൽനിന്നുകൊണ്ട് അവർ മുട്ടിവിളിച്ചു. സന്ദേഹത്തോടെ വലിയ തടിയൻ വാതിലിനു പിന്നിലുണ്ടായിരുന്ന സാക്ഷകൾ ഞരങ്ങുന്നതു കേട്ടു. വാതിൽ തുറന്ന് ഒരു മുഖം പുറത്തേക്കു വന്നു. മണ്ണെണ്ണവിളക്കിന്റെ മഞ്ഞവെട്ടത്തിൽ അവർ പരസ്പരം കണ്ടു. പിറകിൽ വിളക്കുമായി അമ്മയും ഉണ്ടായിരുന്നു.

അവർ പരിചയപ്പെട്ടു. ‘‘ഒ.എൻ.വി. കുറുപ്പ്, ചവറയിലാണ് വീട്. ഇതു തോപ്പിൽ ഭാസി. വള്ളികുന്നംകാരനാണ്.’’ പെട്ടെന്ന് ഉറക്കെചിരിച്ച് ഇരുവരെയും ഏറെ നാളുകളായി അറിയുന്ന അടുത്ത ഒരു സുഹൃത്തിനെപ്പോലെ പെരുമാറി രാമവർമ.

‘‘ധാരാളം സമ്മേളനവേദികളിൽവെച്ച് കണ്ടിട്ടുണ്ട്. എങ്കിലും ഇത്ര അടുത്ത് ഇതുപോലെ നമ്മൾ സംസാരിക്കുന്നത് ആദ്യം.’’

അൽപനേരംകൊണ്ട് അവർ ചിരപരിചിതരായി മാറി. അവർ അകത്തെ മുറിയിലേക്ക് കയറിയിരുന്നു സംസാരിച്ചു. ആ രാത്രിയിൽ അവർക്ക് വയലാറിലെ ചോര കുടിച്ച മണ്ണും വെടിയേറ്റ തെങ്ങും കാണണമെന്നായി. അമ്മയോടു പറഞ്ഞു. വാതിലടച്ചു. രാത്രിയിൽ പുറത്തേക്കിറങ്ങി...

തോപ്പിൽ ഭാസിയും ഒ.എൻ.വി. കുറുപ്പും പത്രങ്ങളിലൂടെയും പുസ്തക പ്രസിദ്ധീകരണങ്ങളിലൂടെയും ധാരാളം കേൾക്കുകയും അറിയുകയുംചെയ്ത ഒരു മനുഷ്യൻ ഇത്ര സാധാരണക്കാരനാണെന്നും കരുതിയിരുന്നില്ല...’’

ഇതിലെന്താ കുഴപ്പമെന്ന് തോന്നാം. ഞാൻ നിങ്ങളുടെ ശ്രദ്ധ അധ്യായം 10ലേക്ക് (പേജ് 90-91) ക്ഷണിക്കുന്നു.

‘‘1949ൽ പുരോഗമന സാഹിത്യ സംഘടനയുടെ മീറ്റിങ് കൊല്ലത്തു​െവച്ച് നടക്കുകയാണ്... വാദപ്രതിവാദങ്ങൾക്കിടയിൽ വെട്ടൂർ രാമൻ നായരും ഒ.എൻ.വി കുറുപ്പും രാമവർമയുംകൂടി സമ്മേളനസ്ഥലങ്ങളിൽ പലയിടങ്ങളിലായി ചുറ്റിയടിച്ചു. പുരോഗമന സാഹിത്യത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും കവിതയെക്കുറിച്ചുമാണ് അന്ന് കൂടുതൽ സംസാരിച്ചത്.’’

ഇനി ആ സമ്മേളനത്തെ കുറിച്ച് വയലാർ എഴുതിയത്: ‘‘സംഭവം നടന്നത് കൊല്ലവർഷം ആയിരത്തി ഒരുനൂറ്റി ഇരുപത്തിനാലിലാണ്. കൊല്ലത്ത് വലിയതോതിൽ ഒരു പുരോഗമന സാഹിത്യ സമ്മേളനം നടന്നു. രൂപഭദ്രന്മാരും അരൂപഭദ്രന്മാരും തമ്മിൽ നാവും കൈയും ഓങ്ങിവെച്ച സമ്മേളനമായിരുന്നു അത്. മഹാരഥന്മാരായ മഹാരഥന്മാർ മുഴുവൻ അവിടെ വന്നെത്തിയിരുന്നു. ഞാനും വന്നിരുന്നു. ഞാനാദ്യം ചേർത്തലയ്ക്കു തെക്കോട്ട് വണ്ടികയറി വരുന്നതും അന്നായിരുന്നു. അന്ന് ഞാൻ ദിവസവും അഞ്ചുമാറും കവിതകളെഴുതി കാണുന്ന കാണുന്ന പത്രങ്ങൾക്കൊക്കെ അയച്ചുകൊടുത്തുകൊണ്ടിരുന്ന കാലമായിരുന്നു. ഞാൻ കൊല്ലത്തു വന്നപ്പോൾ എനിക്കു രണ്ടായിരുന്നു മോഹങ്ങൾ. ഒന്ന് എല്ലാ മഹാസാഹിത്യകാരന്മാരെയും ഒരുനോക്കു കാണുക. മറ്റൊന്ന് ആ ഒ.എൻ.വിയെ പരിചയമാകുക. ചെന്നപാടേ തിരക്കിനടന്ന് ഒ.എൻ.വിയെ കണ്ടു. ഞങ്ങളൊന്നിച്ചാണ് അവിടെയൊക്കെ ഊരുചുറ്റിയത്...

...ഞാൻ അന്നുച്ചയ്ക്കൂണു കഴിഞ്ഞ് വന്നപ്പോൾ അകത്ത് പ്രമേയം വോട്ടിനിടുന്ന തിരക്കാണ്. അംഗങ്ങളല്ലാത്ത ആരെയും അകത്തു കടത്തുകയില്ല. പ്രമാണിമാരായ സാഹിത്യകാരന്മാർ ഗേറ്റിൽനിന്ന് ആളുകളെ അംഗങ്ങളാണോ അല്ലയോ എന്ന് രാസപരിശോധന നടത്തിയേ ഉള്ളിലേക്ക് വിടൂ. ഞാൻ എന്റെ പാസ് കൂടെക്കൊണ്ടുപോയിരുന്നില്ല. ഈ കുഴപ്പമൊന്നുമറിയാതെ ഞാനകത്തേയ്ക്ക് കടക്കാൻ കാലെടുത്തുവെച്ചപ്പോളുണ്ട്, ദ്വാരപാലകനായ ഒരുണക്ക മനുഷ്യൻ, വലിയ മീശയെയുംവെച്ച് എന്നെ തടഞ്ഞുനിർത്തി. കാൽമുട്ടിന്റെ കീഴിൽവരെ മാത്രം എത്തിക്കിടക്കുന്ന ഒരു പച്ചക്കരയൻ മുണ്ടും അരക്കയ്യൻ ഉടുപ്പും, ആ പൊക്കമുള്ള മനുഷ്യൻ എന്നോടു പറഞ്ഞു:

‘‘പോ! പോ! പിള്ളാരൊക്കെ വൈകുന്നേരത്തെ നാടകത്തിനു വന്നാ മതി. ഇപ്പം അകത്തു ഗൗരവമുള്ള ചില കാര്യങ്ങൾ ചർച്ചചെയ്യുകയാ!’’

ഞാൻ പരിഭ്രമിച്ചുപോയി. എനിക്കു കരച്ചിൽ വന്നു. ഞാൻ വിനീതമായി ആ മനുഷ്യനോട് പറഞ്ഞു: ‘‘എന്റെ പേര് വയലാർ രാമവർമ എന്നാണ്.’’

ആ ഉണക്കമനുഷ്യൻ എന്നെ സൂക്ഷിച്ചൊന്നു നോക്കി. എന്നിട്ട് ചോദിച്ചു: ‘‘ഞാൻ നിങ്ങളെ അറിയുകയില്ല. പരിചയക്കാരെ ആരെയെങ്കിലും കൊണ്ടുവാ...’’

ഞാനവിടെ നിന്ന് ചുറ്റും നോക്കി. ആകെ പരിചയപ്പെട്ട ഒരാളേയുള്ളൂ. ഒ.എൻ.വി. കുറുപ്പ്. അയാളെ കാണുന്നുമില്ല. വളരെ ധൃതിപിടിച്ച് അതിലെ ഓടിനടന്ന ചുരുണ്ട മുടിയുള്ള ഒരു ഉണ്ട മനുഷ്യനോട് ആ പൊക്കമുള്ള മനുഷ്യൻ ഒരു തമാശ പറയുന്നത് ഞാൻ കേട്ടു:

‘‘ദേ ഒരു ചെറുക്കൻ വയലാർ രാമവർമയാണെന്നും പറഞ്ഞോണ്ട് വന്നു നിൽക്കുന്നു.’’

ഭാരവാഹികളിലൊരാളായ ആ ഉണ്ടമനുഷ്യൻ പറഞ്ഞു: ‘‘കടത്തിവിടണ്ടാ, മറ്റവർക്ക് വോട്ടുചെയ്യാനാ!’’

കുറെക്കഴിഞ്ഞപ്പോൾ ഒ.എൻ.വി കയറിവന്നു. ഞാൻ പറഞ്ഞു:

‘‘ദേ, ഇയ്യാളോട് ചോദിക്ക്; ഞാനാരാണെന്ന്.’’

ഞാൻ വയലാർ രാമവർമതന്നെയാണെന്ന് ഒ.എൻ.വി സമ്മതിച്ചു. ഗേറ്റിൽ നിന്ന ആ നീളം കൂടിയ മനുഷ്യന് ഒ.എൻ.വിയെ പരിചയമുണ്ടായിരുന്നു. ഞാനാണ് വയലാർ രാമവർമ എന്ന സ്ഥിരീകരണം കിട്ടിയപ്പോൾ ആ പൊക്കമുള്ള മനുഷ്യൻ രണ്ടു കൈകൊണ്ടും എന്നെ എടുത്തുയർത്തി. എന്നിട്ട് പറഞ്ഞു:

‘‘ഇതു പത്തു പലമല്ലേയുള്ളൂ.’’

എന്നെ സ്നേഹപൂർവം അകത്തേക്ക് കടത്തിവിട്ടു. എന്നിട്ടെന്നോട് പറഞ്ഞു:

‘‘എനിക്കു മനസ്സിലായില്ല. എനിക്ക് വയലാറിനെ വളരെയിഷ്ടമാണ്. ആ കവിതകളും.’’

ഞാൻ അകത്തു കടന്നു. ഒ​.എൻ.വിയോട് ഞാൻ ചോദിച്ചു.

‘‘ആരാ ആ പൊക്കമുള്ള മനുഷ്യൻ?’’

‘‘കാമ്പിശ്ശേരി കരുണാകരൻ’’ –ഒ.എൻ.വി പറഞ്ഞു.

‘‘ആ ഉണ്ടയോ?’’

‘‘അതു വള്ളികുന്നത്തുകാരനാ. തോപ്പിൽ ഭാസി എന്നു പറയും.’’ (‘കവിയുടെ ഡയറി’ –ജനയുഗം വാരിക 1960 മേയ് 8, പേജ് 7, 8)

അങ്ങനെ കൊല്ലത്തു​െവച്ച് ഒരു ആത്മബന്ധത്തിന് തുടക്കം കുറിച്ച ആ രണ്ടു സുഹൃത്തുക്കളും അഞ്ചു വർഷത്തിനുശേഷം കാണുമ്പോൾ ജീവചരിത്രകാരൻ അവതരിപ്പിക്കുന്നതനുസരിച്ച് ആദ്യമായി കാണുന്നതുപോലെ പരസ്പരം പരിചയപ്പെടുകയാണ്!

‘‘വെള്ളയും വെള്ളയുമായിരുന്നു രാമവർമയുടെ വസ്ത്രം. നല്ലപോലെ അലക്കിത്തേച്ച ഉടുപ്പും മുണ്ടും’’ എന്നൊക്കെ കൊല്ലം സമ്മേളനത്തിലെ വയലാറിന്റെ വസ്ത്രധാരണത്തെ കുറിച്ചുവരെ വിശദമായി എഴുതുന്ന ജീവചരിത്രകാരൻ മുകളിൽ എഴുതിയ സംഭവം വിട്ടുപോയത് എങ്ങനെയാണാവോ?

അധ്യായം 16ൽതന്നെ 129, 130 പേജുകളിൽ തോപ്പിൽ ഭാസിയും ഒ.എൻ.വിയും ജനാർദനക്കുറുപ്പിനോടും ദേവരാജനോടുമൊപ്പം വയലാറിനെ കാണാനായി രാഘവപ്പറമ്പിൽ എത്തിയതിനെക്കുറിച്ച് പറയുന്നുണ്ട്. കെ.പി.എ.സിയുടെ പുതിയ നാടകമായ സർവേക്കല്ല് ചെറിയ മാറ്റങ്ങളോടുകൂടി പുനരവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അതിനുവേണ്ടി പാട്ടുകളെഴുതാനായി വയലാറിനോട് ആവശ്യപ്പെടാനായിട്ടായിരുന്നു ആ വരവ്. 1955ലായിരുന്നു അത്.

‘‘എന്താണു കാര്യം? എല്ലാവരുംകൂടി ഉണ്ടല്ലോ?’’ രാമവർമ ചോദിച്ചു.

‘‘കെ.പി.എ.സി ഒരു പ്രതിസന്ധി ഘട്ടത്തിലാണിപ്പോൾ.’’ ഒ. എൻ.വി. കുറുപ്പ് പറഞ്ഞുതുടങ്ങി. ‘‘മറ്റൊന്നുമല്ല, പാട്ടിന്റെ കാര്യത്തിലാണ് പ്രശ്നം. കെ.പി.എ.സിയുടെ പുതിയ നാടകത്തിന് കുറച്ചുകൂടി പാട്ടുകൾ വേണം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന നാടകം പിന്നിട്ട് സർവ്വേക്കല്ലിലേക്ക് എത്തിയപ്പോഴേക്കും കമ്യൂണിസ്റ്റാക്കിക്ക് ലഭിച്ച സ്വീകാര്യതയും പ്രചാരവും നഷ്ടപ്പെട്ടുപോവുകയാണ്. ഇതിന്റെ ഒരു പ്രധാന കാരണം കമ്യൂണിസ്റ്റാക്കിയുടെ അത്രത്തോളം പാട്ടുകൾ സർവ്വേക്കല്ലിൽ ഇല്ല എന്നുള്ളതാണ്. അതിനാൽ സർവ്വേക്കല്ലിൽ പുതിയ കുറച്ചു പാട്ടുകൾകൂടി ചേർത്ത് അതൊന്നു പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു. തിരുമേനി ഈ ഉദ്യമത്തിനു ഞങ്ങളെ സഹായിക്കണം. കുറച്ചു പാട്ടുകൾ എഴുതിത്തരണം. അതുകൂടി ചേർത്ത് വിപുലപ്പെടുത്തണം.’’

‘‘സാക്ഷാൽ ഒ.എൻ.വി കുറുപ്പുള്ളപ്പോൾ കെ.പി.എ.സിയുടെ ഗാനങ്ങൾ ഞാൻ എഴുതുകയോ? അതൊരിക്കലും ശരിയല്ല. അതിന് എന്നെക്കാൾ അർഹത വേണ്ടുവോളം ഒ.എൻ.വിക്കുണ്ട്. അതിനാൽ സ്നേഹത്തോടുകൂടി നിങ്ങൾ എന്നെ ഈ ചുമതലയിൽനിന്ന് ഒഴിവാക്കിത്തരണം.’’

ഈ സംഭവത്തിന്റെ, പുസ്തകത്തിൽ പറയാതെപോയ പശ്ചാത്തലം: ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിൽ 24 പാട്ടുകൾ ഉണ്ടായിരുന്നപ്പോൾ ‘സർവ്വേക്കല്ലി’ൽ അതിന്റെ പകുതിയോളമേ ഉണ്ടായിരുന്നുള്ളൂ. നാടകം അരങ്ങത്ത് കമ്യൂണിസ്റ്റാക്കിയോളം വിജയിക്കാതെ പോയതിന്റെ കാരണങ്ങളിലൊന്ന് അതായിരുന്നു. അപ്പോൾ ഒ.എൻ.വി തന്നെയാണ് കുറച്ചു പാട്ടുകൾ വയലാറിനെ കൊണ്ടെഴുതിച്ചാലോ എന്ന ആശയം മുന്നോട്ടുവെച്ചത്. 1954, 55 വർഷങ്ങളിൽ എറണാകുളം ആസ്ഥാനമായ കേരള പ്രോഗ്രസീവ് തിയട്രിക്കൽ ആർട്സ് (കെ.പി.ടി.എ) അവതരിപ്പിച്ചുകൊണ്ടിരുന്ന ‘ജീവിതം അവസാനിക്കുന്നില്ല’, ഇരിഞ്ഞാലക്കുട കേരള കലാവേദിയുടെ ‘നമ്മളൊന്ന്’ എന്നീ നാടകങ്ങൾക്കുവേണ്ടി വയലാർ എഴുതിയ ഗാനങ്ങൾ കെ.പി.എ.സിയുടെ ഗാനങ്ങളെപ്പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഒ.എൻ.വിയുടെ ആശയത്തോട് മറ്റുള്ളവരും യോജിച്ചത്. വയലാറിന്റെ ഏറെ പ്രശസ്തമായ ആ ഗാനങ്ങൾ ഒന്നുംതന്നെ ജീവചരിത്രത്തിൽ പരാമർശിക്കപ്പെടുന്നില്ല എന്നതുപോകട്ടെ, ഒ.എൻ.വി വയലാറിനെ സംബോധന ചെയ്തതാണ് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

‘തിരുമേനി.’ അന്നവിടെ വയലാറിനെ കാണാൻ ചെന്നവരുടെ കൂട്ടത്തിൽ തോപ്പിൽ ഭാസി മാത്രമാണ് വയലാറിനെ അങ്ങനെ വിളിക്കാറുണ്ടായിരുന്നത്. ഒ.എൻ.വിയും വയലാറും തമ്മിലുണ്ടായിരുന്ന ആത്മസൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ അവരിരുവരും പരസ്പരം വിളിച്ചിരുന്നത്. രണ്ടുപേരുടെയും വീട്ടിൽ വിളിച്ചിരുന്ന ഓമനപ്പേരുകളായ അപ്പു (ഒ.എൻ.വി), കുട്ടൻ (വയലാർ) എന്നിങ്ങനെയാണ്.

പൊൻകുന്നം വർക്കിയുടെ നേതൃത്വത്തിൽ ‘കോട്ടയം നാഷനൽ തിയറ്റേഴ്‌സ്’ രൂപംകൊണ്ടതിന്റെയും അവരുടെ ‘വിശറിക്ക് കാറ്റു വേണ്ട’ എന്ന നാടകത്തിനുവേണ്ടി എൽ.പി.ആർ. വർമയുമായി ചേർന്ന് വയലാർ സൃഷ്ടിച്ച ‘‘പറന്ന് പറന്ന് പറന്നു ചെല്ലാൻ’’ എന്ന പാട്ടിനെക്കുറിച്ചും പുലിയൂരിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. (അധ്യായം 19. (പേജ് 156-158)

പൊൻകുന്നം വർക്കിയുടെ നേതൃത്വത്തിൽ പി.ജെ. ആന്റണിയും കുമരകം ശങ്കുണ്ണി മേനോനും എല്ലാം ചേർന്ന് 1956ൽ കോട്ടയത്ത് രൂപംകൊടുത്ത നാടകസംഘത്തിന്റെ പേര് നാഷനൽ തിയറ്റേഴ്‌സ് എന്നല്ല എന്ന കാര്യം വ്യക്തമാക്കിക്കൊള്ളട്ടെ, കേരള തിയറ്റേഴ്‌സ് എന്നാണ്. അവരുടെ ആദ്യത്തെ നാടകമായ ‘വഴിതുറന്നു’വിൽ വൈക്കം ചന്ദ്രശേഖരൻ നായർക്കും പി.ജെ. ആന്റണിക്കുമൊപ്പം വയലാറും ഒരു ഗാനരചയിതാവായിരുന്നു. കേരള തിയറ്റേഴ്‌സിന്റെ അടുത്ത നാടകമായ ‘സ്വർഗം നാണിക്കുന്നു’ തൊട്ട് വയലാർ മാത്രമായി ഗാനരചയിതാവ്. എന്റെ അറിവിൽ ‘പറന്ന് പറന്ന്...’ എന്ന ഈ ഗാനം ‘വിശറിക്ക് കാറ്റുവേണ്ട’ എന്ന നാടകത്തിലെയല്ല, ‘സ്വർഗം നാണിക്കുന്നു’ എന്ന നാടകത്തിലേതാണ്.

അതേ അധ്യായത്തിൽതന്നെ ‘‘ബലികുടീരങ്ങളേ’’ എന്ന ചരിത്രപ്രസിദ്ധമായ ഗാനം പിറവിയെടുത്തതിനെ കുറിച്ചുള്ള കഥയുമുണ്ട്. 1957 ആഗസ്റ്റ് 15ന് രാഷ്ട്രപതി തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപം നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ ആലപിക്കുന്നതിനായി രക്തസാക്ഷി സ്മരണകളും ഇന്ത്യയുടെ സംസ്കാരവും പ്രതിപാദിക്കുന്ന ഒരു ഗാനം രചിക്കണം. അതിനുവേണ്ടി അന്ന് കോട്ടയം ബെസ്റ്റോട്ടലിൽ പൊൻകുന്നം വർക്കിയുടെ നാടകത്തിനു വേണ്ടി ദേവരാജനുമൊത്ത് ‘‘ഏഴാം കടലിനക്കരെയുണ്ടോരേഴിലം പാല’’ എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടിരുന്ന വയലാറിനെ ഈ ആവശ്യത്തിലേക്കായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി മുണ്ടശ്ശേരി മാസ്റ്റർ തേടിപ്പിടിച്ചു വിളിച്ച് തിരുവനന്തപുരത്തേക്ക് വരുത്തുകയായിരുന്നു.

പരിപാടിക്ക് വെറും മൂന്ന് ദിവസമേ അവശേഷിച്ചിട്ടുള്ളൂ. വയലാറിന് പെട്ടെന്ന് ഒരാശയം തോന്നി. 1957ൽതന്നെ മാസങ്ങൾക്കു മുമ്പ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾക്കു മുമ്പ് എറണാകുളത്ത് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അഖിലേന്ത്യാ ട്രേഡ് യൂനിയൻ കോൺഗ്രസിന്റെ (എ.ഐ.ടി.യു.സി) സമ്മേളനം നടന്നു. യോഗത്തിൽ ‘കാണികളെ ആവേശഭരിതനാക്കുന്നതിനായി ഒരു വിപ്ലവഗാനം’ വേണം. ഒ.എൻ.വി അന്ന് മഹാരാജാസ് കോളജിൽ അധ്യാപകനായതുകൊണ്ട് എഴുതാൻ തടസ്സമുണ്ട്. ആ ഉത്തരവാദിത്തം വയലാറിന്റെ ചുമലിൽ വന്നുവീണു. അങ്ങനെ അന്ന് വയലാർ എഴുതി ദേവരാജൻ ചിട്ടപ്പെടുത്തിയ ‘‘ബലികുടീരങ്ങളേ’’ എന്ന ഗാനം തൽക്കാലം ഇതിനുവേണ്ടി ഉപയോഗിക്കുന്നു. ഇതാണ് ജീവചരിത്രകാരൻ പറയുന്ന കഥ.

ഇനി യഥാർഥത്തിൽ നടന്നത് കേൾക്കൂ... 1956ൽ കോട്ടയത്തുവെച്ച് പുരോഗമന സാഹിത്യ സമ്മേളനം വിജയകരമായി നടത്താൻ നേതൃത്വം കൊടുത്ത പൊൻകുന്നം വർക്കിയെയാണ് സർക്കാർ ഈ സംഘഗാനത്തിന്റെയും കർണൻ എന്ന പേരിലുള്ള ഒരു നാടകത്തിന്റെയും അവതരണം സംബന്ധിച്ച ചുമതല ഏൽപിച്ചത്. അന്നത്തെ പ്രധാന ഗായകരെയെല്ലാം അണിനിരത്തിക്കൊണ്ട് സംഘഗാനങ്ങൾ ഉൾപ്പെടെയുള്ള കലാപരിപാടികൾ ഗംഭീരമായി അവതരിപ്പിച്ച കോട്ടയം പുരോഗമന സാഹിത്യ സമ്മേളനത്തിന്റെ സംഘാടകനായിരുന്ന പൊൻകുന്നം വർക്കിയുടെ നേതൃത്വത്തിൽ കോട്ടയത്തെ ​ഹോട്ടലിൽ ഒരാഴ്ചയിലേറെ നീണ്ടുനിന്ന പരിശീലനം നടന്നു. അതിനുശേഷമാണ് അറുപതിൽപരം ഗായകർ പങ്കെടുത്ത ബലികുടീരങ്ങളുടെ അവതരണം തിരുവനന്തപുരത്ത് നടന്നത്.

‘‘ഏഴാം കടലിനക്കരെയുണ്ടോരേഴിലംപാല’’, ‘‘കായലിനക്കരെ പോകാനെനിക്കൊരു കളിവള്ളമുണ്ടായിരുന്നു’’ തുടങ്ങി വയലാർ, ദേവരാജൻ, എൽ.പി.ആർ. വർമ ടീം ഒരുക്കിയ ഒരുപിടി നല്ല ഗാനങ്ങളുമായി ‘വിശറിക്ക് കാറ്റു വേണ്ട’ എന്ന നാടകം ആസ്വാദകരുടെ മുന്നാകെ എത്തുന്നത് 1958ന്റെ തുടക്കത്തിലാണ്. ‘‘ബലികുടീരങ്ങളേ’’ ആ നാടകത്തിന്റെ അവതരണ ഗാനമായി. പിന്നീട് കെ.പി.എ.സി ഗായകസംഘം അവതരിപ്പിക്കുന്ന പ്രധാന ഗാനവും. ബലികുടീരങ്ങളുടെ സൃഷ്ടിക്കുശേഷം കോട്ടയത്തു വെച്ചുതന്നെയാണ് ‘‘ഏഴാംകടലിനക്കരെ’’ ഉൾപ്പെടെയുള്ള ഗാനങ്ങൾ പിറവിയെടുക്കുന്നതും നാടകത്തിന്റെ പരിശീലനം നടക്കുന്നതും.

അന്ന് കേരള തിയറ്റേഴ്‌സിന്റെ ചുക്കാൻ പിടിച്ചിരുന്ന, കുമരകം ശങ്കുണ്ണി മേനോനും, ബേബി, കമ്യൂണിസ്റ്റ് ബേബി എന്നൊക്കെ അറിയപ്പെട്ടിരുന്ന ബേബി ജേക്കബും ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ട് പൊൻകുന്നം വർക്കിയോടൊപ്പം മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്നു. നാടകത്തിലെ അഭിനേതാക്കളായും കലാപരിപാടികളുടെ മുഖ്യ സംഘാടകരായും എല്ലാത്തിലും സജീവമായി പങ്കുകൊണ്ട അവർ രണ്ടുപേരും പൊൻകുന്നം വർക്കിയുടെ സാന്നിധ്യത്തിൽ 25 വർഷങ്ങൾക്കു മുമ്പ് ഒരിക്കൽ ഈ കഥകളെല്ലാം പറയുന്നതിന് ഞാൻ സാക്ഷിയായിരുന്നു (2002ൽ ഞാൻ ചലച്ചിത്ര അക്കാദമിക്കുവേണ്ടി ചെയ്ത പൊൻകുന്നം വർക്കിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു കുമരകം ശങ്കുണ്ണി മേനോനും ബേബിയും).

ഇനി ഇതിലെല്ലാം പ്രധാനപ്പെട്ട മറ്റൊരു കാര്യം. 1957ൽ എറണാകുളത്തെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ എ.ഐ.ടി.യു.സിയുടെ രജതജൂബിലി സമ്മേളനം നടന്നതും കെ.പി.എ.സി ഗായകസംഘം ‘‘ബലികുടീരങ്ങളേ’’ അവിടെ അവതരിപ്പിച്ചതും വാസ്തവമാണ്. എന്നാൽ, എ.ഐ.ടി.യു.സി സമ്മേളനത്തിലാണ് ‘‘ബലികുടീരങ്ങളേ’’ ആദ്യം അവതരിപ്പിച്ചത് എന്ന ജീവചരിത്രകാരൻ എഴുതിയത് തെറ്റിപ്പോയി. കാരണം എ.ഐ.ടി.യു.സിയുടെ രജതജൂബിലി സമ്മേളനം നടക്കുന്നത് 1957ലെ ഡിസംബർ മാസത്തിലാണ്. തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ‘‘ബലികുടീരങ്ങളേ’’ അവതരിപ്പിച്ച 1957 ആഗസ്റ്റ് മാസത്തിലെ ആ ദിവസത്തിന് നാലു മാസങ്ങൾക്കു ശേഷമുള്ള ഒരുദിവസം -1957 ഡിസംബർ 29നാണ് വീണ്ടുമൊരിക്കൽകൂടി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ‘‘ബലികുടീരങ്ങളേ’’ അവതരിപ്പിക്കുന്നത്. എ.ഐ.ടി.യു.സി സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന ഉജ്ജ്വലപ്രകടനം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ എത്തിച്ചേർന്നപ്പോൾ അവിടെ കമ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെയുടെ അധ്യക്ഷതയിൽ ചേർന്ന മഹാസമ്മേളനത്തിലാണ് കെ.പി.എ.സി ഗായകസംഘം ആ പാട്ട് പാടിയത്.

എന്തുചെയ്യാം, വിക്കിപീഡിയയെയും കേട്ടുകേൾവികളെയും ആശ്രയിച്ച് ചരിത്രരചനക്ക് ഇറങ്ങിയാൽ ഇങ്ങനെയൊക്കെ സംഭവിക്കാം!

അധ്യായം 25ൽ (പേജ് 219) മദ്രാസ് വുഡ്ലാൻഡ്‌സ് ഹോട്ടലിൽ രാമു കാര്യാട്ടുമൊന്നിച്ച് ഇരിക്കുന്ന രാമവർമയെക്കുറിച്ച് പരാമർശമുണ്ട്. കൂടെ കണ്മണി ബാബുവും ഉണ്ട്. ഷൂട്ടിങ്ങിന്റെ ആഴ്ചകൾ നീണ്ട ഷെഡ്യൂളുകൾ, വർക്കുകൾക്കുശേഷം എഡിറ്റിങ്ങും ഡബിങ്ങും ടൈറ്റിൽ വർക്കും കഴിഞ്ഞ് അഭ്രപാളികളിലേക്ക് പടരാനായി കാത്തുനിൽക്കുകയാണ് ‘ചെമ്മീൻ’...

‘‘നമുക്ക് ഈ ‘ചെമ്മീൻ’ കേരളത്തിൽ ഇന്നേവരെ ആരും റിലീസ് ചെയ്യാത്ത രീതിയിൽ വിപുലമായിത്തന്നെ ചെയ്യണം. ദേശീയ അവാർഡിലേക്ക് എൻട്രി കൊടുക്കണം.’’ രാമു കാര്യാട്ട് പറഞ്ഞു. ‘‘പക്ഷേ അവിടെയൊക്കെ ഒരു നോർത്ത് ഇന്ത്യൻ ലോബിയുണ്ട്. അവരെയൊന്നും നമുക്ക് മറികടക്കാൻ പറ്റില്ല.’’

‘‘വഴിയുണ്ട്.’’ രാമവർമ ട്രിപ്പിൾ ഫൈവിന്റെ ചുരുളുകൾ അന്തരീക്ഷത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു. ‘‘നമുക്ക് ഉത്തരേന്ത്യൻ ലോബിയുടെ രാഷ്ട്രീയ സ്വാധീനവും പണം ധൂർത്തടിച്ചുകൊണ്ടുള്ള സ്വാധീനങ്ങളും ഒന്നും വേണ്ട. അതിനാൽ, ഡൽഹിയിൽ പോയി കൃഷ്ണമേനോനെ ഒന്നു കാണണം. അതുകഴിഞ്ഞ് വിജ്ഞാന ഭവനിൽ ഒരു റിവ്യൂ (പ്രിവ്യൂ എന്നായിരിക്കും ഉദ്ദേശിച്ചത്). ഡൽഹിയിലെ എല്ലാ ബുദ്ധിജീവികളെയും ആശാന്മാരെയും വിളിക്കണം. കൃഷ്ണമേനോൻ മുഖാന്തരം പണ്ഡിറ്റ്ജിയെ പ്രത്യേകിച്ചും വിളിക്കണം.’’

‘‘കൃഷ്ണമേനോനെ എങ്ങനെ ബന്ധപ്പെടും?’’ കാര്യാട്ട് ചോദിച്ചു.

‘‘അദ്ദേഹത്തെ പരിചയമുള്ള ഒരു ഡൽഹി ലേഖകനെ എനിക്കറിയാം. ഞാൻ ബന്ധപ്പെടുത്തിത്തരാം.’’

ഇനി വസ്തുതകളിലേക്ക്: 1963ൽ പുറത്തിറങ്ങിയ ‘മൂടുപട’ത്തിന് ശേഷമാണ് രാമു കാര്യാട്ട് ‘ചെമ്മീന്റെ’ നിർമാതാവിനെ കണ്ടുപിടിക്കുന്നതുൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങുന്നത് 1964ലാണ്. ഇതാ അന്നത്തെ ഒരു പത്രവാർത്ത.

‘‘തകഴിയുടെ ചെമ്മീൻ മുഴുവർണ ചലച്ചിത്രമായിക്കൊണ്ടിരിക്കുന്നു ...

തൃശൂരിലെ പത്രപ്രതിനിധികൾ ഷൂട്ടിങ് രംഗങ്ങൾ സന്ദർശിച്ചു.

നാട്ടിക ബീച്ച്, ജനു: 20

പ്രസിദ്ധ സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ള എഴുതിയതും സാർവദേശീയ പ്രസിദ്ധിയാർജിച്ചതുമായ ‘ചെമ്മീൻ’ ഉടനീളം ഈസ്റ്റ്മാൻ കളർ ഫിലിമിൽ കൺമണി ഫിലിംസ് പകർത്തിക്കൊണ്ടിരിക്കയാണെന്നും ഏഴരലക്ഷം രൂപ ചെലവുവരുന്ന സംരംഭത്തിലാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നതെന്നും പ്രസിദ്ധ സംവിധായകനായ ശ്രീ. രാമു കാര്യാട്ട് ഇന്നു നാട്ടിക കടപ്പുറത്തുവെച്ച് പത്രപ്രതിനിധികളോട് പറയുകയുണ്ടായി. നാട്ടിക ബീച്ചിലെ ഔട്ട്‌ ഡോർ രംഗങ്ങളുടെ ഷൂട്ടിങ് കാണാൻ തൃശ​ൂർനിന്നും ഒരു സംഘം പത്രപ്രതിനിധികൾ ഇവിടെ എത്തിയിരുന്നു...

‘ചെമ്മീനി’ലെ കഥ നടന്നതായി സങ്കൽപിക്കപ്പെടുന്ന അമ്പലപ്പുഴ താലൂക്കിന്റെ കടൽത്തീരത്തു​െവച്ചാണ് 1964 ഒക്ടോബർ 16ന് ഷൂട്ടിങ് ഉദ്ഘാടനം ചെയ്തത്. നാട്ടിക ബീച്ചിൽ ഡിസംബർ 27 മുതൽ ഔട്ട് ഡോർ രംഗങ്ങൾ ഷൂട്ട് ചെയ്തുവരികയാണ്. ഒരു ഘട്ടം ഇന്നവസാനിച്ചു...’’ (പ്രഫ. ജോസഫ് മുണ്ടശ്ശേരി പത്രാധിപരായി 1950കളിൽ തൃശൂരിൽനിന്ന് ആരംഭിച്ച നവജീവൻ ‘60കളിൽ ടി.കെ.ജി. നായരുടെ പത്രാധിപത്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായിട്ടാണ് പുറത്തിറങ്ങിയിരുന്നത്. 1965 ജനുവരി 20ലെ പത്രത്തിലാണ് വാർത്ത)

ഏതാണ്ട് ഒരു വർഷത്തോളമെടുത്തു ‘ചെമ്മീൻ’ പൂർത്തിയാക്കാൻ. അതിനുശേഷമാണ് -‘‘എഡിറ്റിങ്ങും ഡബ്ബിങ്ങും ടൈറ്റിൽ വർക്കും കഴിഞ്ഞ് അഭ്രപാളികളിലേക്ക് പടരാൻ കാത്തിരിക്കുമ്പോൾ’’ –ഈ സംഭാഷണം നടന്നതായി ജീവചരിത്രകാരൻ സങ്കൽപിച്ചിട്ടുള്ളത്. വയലാർ പറയുന്ന അവസാനത്തെ വാചകം ശ്രദ്ധിക്കൂ. ‘‘കൃഷ്ണമേനോൻ മുഖാന്തിരം പണ്ഡിറ്റ് ജിയെ പ്രത്യേകിച്ചും വിളിക്കണം.’’

ആരെ? ഇതിന് ഏതാണ്ട് ഒന്നൊന്നര വർഷങ്ങൾക്കു മുമ്പ് -1964 മേയ് 27ന് ഈ ലോകത്തോട് വിടപറഞ്ഞ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ!

വയലാറിന്റെ ജീവചരിത്രമായതുകൊണ്ട് അദ്ദേഹത്തിന് മറ്റുള്ളവരേക്കാൾ പ്രാധാന്യവും നായകപരിവേഷവും നൽകുന്നത് സ്വാഭാവികം. എന്നാൽ, മറ്റു കഥാപാത്രങ്ങളുടെ വലുപ്പവും പ്രാധാന്യവുംകൂടി അറിഞ്ഞിരിക്കേണ്ടേ? വി.കെ. കൃഷ്ണമേനോനെ എങ്ങനെ ബന്ധപ്പെടും എന്ന് സംശയിക്കുന്ന രാമു കാര്യാട്ടിന്, കൃഷ്ണമേനോനെ പരിചയമുള്ള ഒരു ഡൽഹി ലേഖകനെ (വി.കെ. മാധവൻ കുട്ടിയാകാനാണ് സാധ്യത!) പരിചയപ്പെടുത്തി കൊടുക്കാമെന്ന് പറയുന്നത് വയലാറാണ്!

ഇവിടെ 1965ലെ രാമു കാര്യാട്ടിനെ ഒന്നവതരിപ്പിച്ചു കൊള്ളട്ടെ. 1954ലെ രാഷ്ട്രപതിയുടെ സിൽവർ മെഡൽ നേടിയ ‘നീലക്കുയിൽ’ എന്ന ക്ലാസിക് ചിത്രത്തിന്റെ രണ്ടു സംവിധായകരിലൊരാൾ. 1962ൽ ‘മുടിയനായ പുത്രൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിമെഡൽ നേടി.

‘ചെമ്മീൻ’ എന്ന വർണചിത്രത്തിൽ ഇന്ത്യൻ സിനിമയിലെതന്നെ അസാമാന്യ പ്രതിഭാശാലികളായ മാർക്കസ് ബാട്ട്ലി, സലിൽ ചൗധരി, ഋഷികേശ് മുഖർജി, മന്നാഡെ എന്നീ പ്രഗല്ഭമതികളെ അണിനിരത്തിയ സംഘാടക മികവ്. വി.കെ. മാധവൻ കുട്ടിയെയല്ല വി.കെ. കൃഷ്ണമേനോനെത്തന്നെ നേരിട്ട് വിളിക്കാനുള്ള ചങ്കൂറ്റവും പ്രശസ്തിയുമുണ്ടായിരുന്നു അന്നത്തെ രാമു കാര്യാട്ടിനെന്ന് അറിയുമായിരുന്നില്ലേ ജീവചരിത്രകാരന്?

ഇനിയൊരിടത്ത് വയലാറാണ് സലിൽ ചൗധരിയെ ‘ചെമ്മീനി’ലേക്ക് ക്ഷണിക്കാനായി രാമു കാര്യാട്ടിനോട് നിർദേശിച്ചതെന്ന് എഴുതിയിട്ടുണ്ട് (പേജ് 298). 1962ൽ ഹെൽസിങ്കിയിൽ നടന്ന ലോകയുവജനോത്സവത്തിൽ പങ്കെടുക്കാൻ പി.കെ. വാസുദേവൻ നായർ എം.പിയുടെ നേതൃത്വത്തിൽ പോയ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗങ്ങളായിരുന്നു സലിൽ ചൗധരി, രാമു കാര്യാട്ട്, എം.ടി. വാസുദേവൻ നായർ, ഗുരു ഗോപിനാഥ് തുടങ്ങിയവർ. അന്നുതുടങ്ങിയ ആത്മസൗഹൃദമാണ് കാര്യാട്ടും സലിൽ ദായും തമ്മിൽ. ‘ചെമ്മീനി’ന്റെ ടീമിലേക്ക് കാര്യാട്ട് ആദ്യം കൊണ്ടുവന്ന ആൾ സലിൽ ചൗധരിയാണ്. ഋഷികേശ് മുഖർജി വരുന്നതും അതുവഴിയാണ്. സലിൽ ചൗധരിയുടെ ചോയ്സ് ഐ.പി.ടി.എ കാലം മുതൽ പരിചയമുണ്ടായിരുന്ന ഒ.എൻ.വിയായിരുന്നു എന്നു കേട്ടിട്ടുണ്ട്. എത്രമാത്രം ശരിയാണെന്നറിയില്ല. പി. ഭാസ്കരനായിരുന്നല്ലോ അതുവരെയുള്ള എല്ലാ കാര്യാട്ട് ചിത്രങ്ങൾക്കും വേണ്ടി പാട്ടെഴുതിയിരുന്നത്. വയലാർ ‘ചെമ്മീൻ’, ‘നെല്ല്’ എന്നീ കാര്യാട്ട് ചിത്രങ്ങൾക്കുവേണ്ടി മാത്രമാണ് ഗാനരചന നിർവഹിച്ചത്. മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകൾ ഗാനരൂപത്തിൽ അവതരിപ്പിച്ച ‘അഭയം’ എന്ന ചിത്രത്തിൽ വയലാറിന്റെ ഒരു കവിതയും ചേർത്തിട്ടുണ്ട്.

അധ്യായം 31ൽ (പേജ് 278 -280) ‘ആരോമലുണ്ണി’ എന്ന സിനിമക്കുവേണ്ടി വയലാർ പാട്ടുകളെഴുതി കൊണ്ടിരിക്കുന്നു. അപ്പോഴത്തെ ഒരു സംഭവം വിവരിക്കുന്നതിങ്ങനെയാണ്:

‘‘അപ്പോൾ മുറിയുടെ വാതിൽ തുറന്നത് കുഞ്ചാക്കോയാണ്. മുഖം മ്ലാനമാണ്. എന്തോ പറയാനായി തുടങ്ങി പറയാനാവാതെ നിൽക്കുന്നു. ഇങ്ങനെയൊരു മുഖം കുഞ്ചാക്കോയിൽ ഇതുവരെ കണ്ടിട്ടില്ല.

‘‘എന്താണ്? എന്തുപറ്റി?" രാമവർമ ചോദിച്ചു.

‘‘അത്...’’ കുഞ്ചാക്കോയുടെ ശബ്ദമിടറി.

‘‘നമ്മുടെ സത്യൻ മരിച്ചു.’’

‘‘എങ്ങനെ? എവിടെ വെച്ച്?’’

‘‘ഇപ്പോൾ, തിരുവനന്തപുരത്തുനിന്നാണ് വിളിച്ചത്. ഇന്നു തന്നെ നമുക്ക് തിരുവനന്തപുരത്ത് പോകണം. എൽ.എം.എസ് പള്ളിയിൽ വെച്ചാണ് ശവസംസ്കാരച്ചടങ്ങുകൾ’’...

ശവസംസ്കാരച്ചടങ്ങുകൾക്ക് പോയതിനെക്കുറിച്ചും സത്യനുമായുള്ള സൗഹൃദത്തെക്കുറിച്ച് വയലാർ ഓർമിക്കുന്നതുമൊക്കെയാണ് തുടർന്ന്. പുസ്തകം വായിച്ചാൽ നമുക്കു തോന്നുന്നത് എന്തോ അപകടത്തിൽപെട്ട് തിരുവനന്തപുരത്തു വെച്ച് സത്യൻ പെട്ടെന്ന് മരിക്കുകയായിരുന്നുവെന്നാണ്. വയലാറിനും കുഞ്ചാക്കോക്കുമൊക്കെ അത് അപ്രതീക്ഷിതമായിരുന്നുവെന്നും.

എന്താണ് യഥാർഥത്തിൽ സംഭവിച്ചത്? 1971 ജൂൺ 12ന് സത്യൻ ഗുരുതരാവസ്ഥയിൽ മദ്രാസിലെ കെ.ജെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടതു മുതൽ കുഞ്ചാക്കോയും വയലാറുമടക്കം അന്ന് കേരളത്തിലായിരുന്ന സകല സിനിമാ പ്രവർത്തകരും എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന സഹപ്രവർത്തകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മാത്രമല്ല സത്യന്റെ രോഗമെന്താണെന്നും അദ്ദേഹം മരണത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നുമുള്ള വസ്തുതകൾ വയലാറിനും മറ്റു സുഹൃത്തുക്കൾക്കുമൊക്കെ മാസങ്ങൾക്കു മുമ്പേ അറിയാമായിരുന്നു. സത്യൻ മരിക്കുന്നതിന്റെ തലേ രാത്രിയിൽ ഭയപ്പാടോടെ, ആശങ്കകളോടെ ഫോണിന്റെ സമീപം ഇരുന്നതിനെക്കുറിച്ച് വയലാർ പിന്നീട് എഴുതി:

‘‘അടച്ചുപിടിച്ചു പെയ്യുന്ന മഴ. നനഞ്ഞ ചിറകുകളുമായി രാത്രി ഇടവത്തിൽനിന്നു മിഥുനത്തിലേയ്ക്ക് പറന്നുകയറി. ഒരുമണിയായിക്കഴിഞ്ഞു. വയലാറിലുള്ള എന്റെ വീട്ടിലെ ടെലിഫോണിനടുത്ത് ഞങ്ങൾ ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു. അമ്മയും ഭാരതിയും ഞാനും! അമ്മ വിങ്ങിപ്പൊട്ടിക്കരയുന്നു. അൽപ്പം മുമ്പാണ് മദിരാശിയിലെ കെ.ജെ ഹോസ്പിറ്റലിൽനിന്ന് ശ്രീ. എം.ഒ. ജോസഫും സേതുമാധവനും വിളിച്ചത്.

ജോസഫ് പറഞ്ഞു –‘‘സത്യൻ പിരിഞ്ഞു പോവുകയാണ്.’’

സേതു പറഞ്ഞു –‘‘നമുക്കെന്തു ചെയ്യാൻ കഴിയും..?’’

സത്യൻ ആശുപത്രിയിൽ മലർന്നുകിടന്ന് ശ്വാസം വലിക്കുകയായിരുന്നു. ശക്തിയായ ശ്വാസോച്ഛ്വാസങ്ങൾ. എന്റെ മനസ്സിനകത്ത് അദ്ദേഹം കിടക്കുന്നു എന്നെനിക്കു തോന്നി. ആ ശ്വാസോച്ഛ്വാസങ്ങൾ എന്നിലൂടെ ഉയരുന്നതായും! ടെലിഫോൺ ബെല്ലടിച്ചു. ഞാൻ റിസീവറെടുത്തു. മറ്റേയറ്റത്തുനിന്ന് സംസാരിക്കുന്നത് ഡോക്ടർ പൈ ആണ്. സത്യനെ ചികിത്സിക്കാൻ തലേന്നാൾ തിരുവനന്തപുരത്തുനിന്ന് മദിരാശിയിലേക്കു പറന്നെത്തിയ ഡോ. പൈ.

അദ്ദേഹം പറഞ്ഞു –‘‘വളരെ സീരിയസാണ്.’’

ഞാൻ ചോദിച്ചു –‘‘എന്തെങ്കിലും രക്ഷയുണ്ടോ ഡോക്ടർ?’’

സത്യന്റെ ഹൃദയമിടിപ്പുകളിൽ കൈവെച്ചുനിന്ന് ആ ആന്തരാവയവ പരമ്പരകളിലൂടെ ഒരു ദൈവദൂതനെപ്പോലെ സഞ്ചരിച്ചിറങ്ങിയ ഡോക്ടർ പൈ ഉടനെ മറുപടി പറഞ്ഞില്ല. മൗനം!

എന്റെ അസ്വസ്ഥത വീണ്ടും ചോദിച്ചു –‘‘ഡോക്ടർ, എന്തെങ്കിലും രക്ഷയുണ്ടോ?’’

ഡോ. പൈ പറഞ്ഞു –‘‘ബോധം തിരിച്ചുകിട്ടിയിട്ടില്ല. അകത്ത് ബ്ലീഡിങ്ങും നിലച്ചിട്ടില്ല. എനിക്കു വലിയ പ്രതീക്ഷയില്ല.’’

ഞാൻ പൊട്ടിക്കരഞ്ഞുപോയി. ഇന്ത്യയിലെ ഏറ്റവും വലിയ ഡോക്ടർമാരിലൊരാളാണ് പൈ! അദ്ദേഹത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു! ആശുപത്രിമുറിയിൽനിന്ന് ആ ആത്മാവിന്റെ ചിറകടിയൊച്ചകൾ കേൾക്കുന്നതായി എനിക്കു തോന്നി. അനന്തതയിലേക്ക് പറന്നുയരാൻ പോകുന്ന സത്യന്റെ ആ ആത്മാവിനെ പഞ്ചഭൂതങ്ങളുടെ കൂട്ടിൽ തിരിച്ചുപിടിച്ചിടാൻ ഡോക്ടർ പൈയും ജഗദീശനും എല്ലാം ശ്രമിക്കുകയായിരുന്നു. അവർ നിസ്സഹായരായിരിക്കുന്നു. മരണം സത്യന്റെ മുറിവാതിൽക്കലെത്തിക്കഴിഞ്ഞു! അതിനു സത്യനെ ഭയമാണ്! വളരെക്കാലമായി അദ്ദേഹത്തെയും കൊണ്ടുപോകാൻ മരണം ചുറ്റിനടക്കുകയായിരുന്നു. സത്യന് ബോധമുണ്ടായിരുന്നെങ്കിൽ അദ്ദേഹം മരണത്തോടു പറയുമായിരുന്നു:

‘‘എനിക്കു സൗകര്യമില്ല!’’

മരണം പലതവണ കേട്ടിട്ടുള്ളതാണ് ആ ശബ്ദം. പരുഷവും ധീരവുമായ ശബ്ദം. പേടിച്ചു മടങ്ങിപ്പോയിട്ടുണ്ട്. ഇത്തവണ ഒരവസരം കിട്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ബോധം നശിച്ചിരിക്കുന്നു..!

എനിക്കുറങ്ങാൻ കഴിഞ്ഞില്ല. കാറ്റിനും മഴക്കും ശക്തി കൂടിവരികയാണ്. കറുത്തു നനഞ്ഞ രാത്രി!..

സലിൽ ചൗധരി

...രോഗം ആ അന്തരാവയവങ്ങളെ അടിച്ചുതളർത്താൻ ശ്രമിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. സാഹസികമായ ധീരതയോടെ സത്യൻ രോഗത്തോട് നിശ്ശബ്ദമായി മല്ലിടുകയായിരുന്നു. അത്രയും വലിയൊരാത്മധൈര്യം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. വിശ്രമിക്കണമെന്ന് ഡോക്ടർമാരും സുഹൃത്തുക്കളും നൂറുതവണ പറഞ്ഞിട്ടുണ്ട്. അക്കാരണംകൊണ്ട് അദ്ദേഹം വിശ്രമിക്കില്ല. സ്വന്തം മനസ്സാക്ഷിയോടുപോലും താൻ ഒരു രോഗിയാണെന്ന സത്യം സത്യൻ പറയാനാഗ്രഹിച്ചിരുന്നില്ല. ആ ശരീരത്തിൽനിന്ന് രക്തം വാർന്നുപോയ്ക്കൊണ്ടിരുന്നു. കലശലായ ക്ഷീണം തോന്നുമ്പോൾ ആശുപത്രിയിലേക്ക് കാറോടിച്ചു ചെല്ലും. ആരും കൂടെയുണ്ടാവില്ല. ആവശ്യമുള്ള രക്തം സംഭരിച്ച് മടങ്ങിപ്പോരുകയുംചെയ്യും. ഷൂട്ടിങ് സെറ്റിൽവെച്ച് പലപ്പോഴും അദ്ദേഹം തളർന്നുവീണിട്ടുണ്ട്. ആരെങ്കിലും താങ്ങിപ്പിടിക്കുവാനോ ആശ്വസിപ്പിക്കുവാനോ എത്തിയാൽ സത്യൻ ചിരിച്ചുകൊണ്ട് പറയും:

‘‘എനിക്കൊന്നുമില്ല. ഒരു ക്ഷീണം.’’

അതിനെന്തെങ്കിലുമൊരു കാരണവുമുണ്ടാവും! എന്തൊരനന്യ സുലഭമായ ആത്മവത്ത!

...ടെലിഫോൺ ബെല്ലടിച്ചു. ഞാൻ ഞെട്ടിപ്പോയി! റിസീവർ കൈയിലെടുത്തു. മദിരാശിയിൽനിന്നാണ്. ശക്തിയായ കാറ്റും മഴയും കൊണ്ട് ഒന്നും വ്യക്തമാകുന്നില്ല. ഒടുവിൽ ഇത്രയും എനിക്ക് മനസ്സിലായി –സത്യൻ മരിച്ചു. വെളുപ്പിന് നാലുമണിക്ക്.

ഞാൻ വിങ്ങിപ്പൊട്ടിക്കരഞ്ഞുപോയി. ശക്തിയുടെ ഒരു ഗോപുരം എന്റെ മുമ്പിൽ മിഥുനക്കാറ്റ് ഇടിച്ചു തകർത്തിട്ടതുപോലെ എനിക്കു തോന്നി. അന്നു വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ ആ മൃതദേഹമേറ്റുവാങ്ങാൻ കാത്തുനിന്നപ്പോഴും, ആ മൃതദേഹത്തെ തൊട്ടുനിന്ന് തിരുവനന്തപുരത്തെ ദുഃഖാർത്തരായ ജനസഹസ്രങ്ങളുടെ നടുവിലൂടെ കടന്നുപോയപ്പോഴും, അടുത്തദിവസം രാവിലെ മ്യൂസിയത്തിനടുത്തുള്ള എൽ.എം.എസ് സെമിത്തേരിയിലെ ആറടിമണ്ണിലേക്ക് ആ ഭൗതികാവശിഷ്ടം താണുതാണു പോയപ്പോഴും എല്ലാം ആ മരണം കൊണ്ടുണ്ടായ മഹാനഷ്ടത്തെക്കുറിച്ചായിരുന്നില്ല ഞാൻ ഓർമിച്ചുനിന്നത്!

സത്യൻ –എന്റെ സത്യൻ ജീവിതത്തിലാദ്യമായി തോറ്റുപോയല്ലോ എന്ന ദുഃഖമാണെനിക്കുണ്ടായത്. ആദ്യത്തെ തോൽവി! ആ തോൽവിക്കു ‘മരണം’ എന്നു വേണമെങ്കിൽ പേരിട്ടുകൊള്ളുക!’’

(‘അനശ്വരനായ കഥാനായകൻ’ ജനയുഗം വാരിക, 1971 ജൂൺ 27, പേജുകൾ 8, 9, 10)

ഇങ്ങനെ കണ്ണീർ തുളുമ്പുന്ന ഭാഷയിൽ സത്യനെക്കുറിച്ചും തങ്ങൾക്കിടയിലുണ്ടായിരുന്ന മനോഹര സൗഹൃദത്തെക്കുറിച്ചും സത്യന്റെ മരണദിനത്തെക്കുറിച്ചുമൊക്കെയെഴുതിയ വയലാർ കുഞ്ചാക്കോ വന്ന് മരണവിവരമറിയിച്ചപ്പോൾ ചോദിച്ചുപോലും: ‘‘എങ്ങനെ? എവിടെ വെച്ച്?’’

സത്യനെ കുറിച്ച് വയലാർ കൗമുദിക്ക് വേണ്ടി ഒരു അനുസ്മരണ കുറിപ്പ് എഴുതിക്കൊടുത്തതിനെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ജീവചരിത്രകാരൻ അറിയാതെപോയ മറ്റൊരു കാര്യം: ‘കൗമുദി’- പ്രസിദ്ധീകരണം അവസാനിപ്പിച്ചിട്ട് അന്നേക്ക് വളരെ നാളുകൾ കഴിഞ്ഞിരുന്നു.

‘കൗമുദി’യുടെ പത്രാധിപർ കെ. ബാലകൃഷ്ണൻ 1971 മാർച്ചിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതിനുശേഷം വാരിക പിന്നീടൊരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ല. സത്യന്റെ മരണത്തിന്റെ അടുത്തയാഴ്ച വയലാറിന്റെ രണ്ടു സൃഷ്ടികൾ വായനക്കാരുടെ മുമ്പാകെയെത്തി. ‘അനശ്വരനായ കഥാനായകൻ’ എന്ന പേരിൽ ‘ജനയുഗം’ വാരികയിൽ അന്നെഴുതിയ കുറിപ്പാണ് മുകളിൽ കൊടുത്തിരിക്കുന്നത്. മറ്റൊന്ന് ഒരു കവിതയാണ്. അടുത്ത ലക്കം ‘മലയാളനാട്’ വാരികയിൽ പ്രസിദ്ധീകരിച്ച ‘കറുത്ത മരണം’.

(തുടരും)

Show More expand_more
News Summary - Vayalar's life story is not like that