Begin typing your search above and press return to search.
proflie-avatar
Login

മരണാനന്തരവും കുന്ദേര തുടരും; മറവിക്കെതിരെയുള്ള ആ പോരാട്ടം

മരണാനന്തരവും കുന്ദേര തുടരും; മറവിക്കെതിരെയുള്ള   ആ പോരാട്ടം
cancel

ജൂലൈ 11ന്​ അന്തരിച്ച വിഖ്യാത എഴുത്തുകാരൻ മിലൻ ക​ുന്ദേരയെ ഓർമിക്കുകയാണ്​ നിരൂപകനും എഴുത്തുകാരനുമായ ലേഖകൻ. കുന്ദേര എന്തുകൊണ്ടാണ് ലോകസാഹിത്യത്തിൽ വേറിട്ടുനിന്നത്​? എന്താണ്​ ആ എഴുത്തിന്‍റെ സാമൂഹിക, രാഷ്​​ട്രീയ പ്രസക്തി? നാളെ ലോകം എങ്ങനെയാണ്​ കുന്ദേരയെ വായിക്കുക.വ്യക്തമായി നീതീകരിക്കാനാവാത്ത കാര്യകാരണങ്ങളില്ലാതെ സ്വരാജ്യത്തുനിന്നു നിഷ്കാസിതരാവുന്നവരുടെ ജീവിതം ഒട്ടൊക്കെ നിരാശാജനകമായിരിക്കും. അതിർത്തികൾ ലംഘിക്കുക എന്ന അനിവാര്യതയിലേക്ക് നയിച്ച അധ്യായങ്ങൾ നിഗൂഢമായ വ്യഥ പേറുന്നു. മനുഷ്യവർഗത്തെ കുറിച്ചുള്ള ചരിത്രത്തിൽ രാജ്യഭ്രഷ്ടരായവരുടെ ഏടുകൾ വരുംതലമുറക്ക്...

Your Subscription Supports Independent Journalism

View Plans
ജൂലൈ 11ന്​ അന്തരിച്ച വിഖ്യാത എഴുത്തുകാരൻ മിലൻ ക​ുന്ദേരയെ ഓർമിക്കുകയാണ്​ നിരൂപകനും എഴുത്തുകാരനുമായ ലേഖകൻ. കുന്ദേര എന്തുകൊണ്ടാണ് ലോകസാഹിത്യത്തിൽ വേറിട്ടുനിന്നത്​? എന്താണ്​ ആ എഴുത്തിന്‍റെ സാമൂഹിക, രാഷ്​​ട്രീയ പ്രസക്തി?  നാളെ ലോകം എങ്ങനെയാണ്​ കുന്ദേരയെ വായിക്കുക.

വ്യക്തമായി നീതീകരിക്കാനാവാത്ത കാര്യകാരണങ്ങളില്ലാതെ സ്വരാജ്യത്തുനിന്നു നിഷ്കാസിതരാവുന്നവരുടെ ജീവിതം ഒട്ടൊക്കെ നിരാശാജനകമായിരിക്കും. അതിർത്തികൾ ലംഘിക്കുക എന്ന അനിവാര്യതയിലേക്ക് നയിച്ച അധ്യായങ്ങൾ നിഗൂഢമായ വ്യഥ പേറുന്നു. മനുഷ്യവർഗത്തെ കുറിച്ചുള്ള ചരിത്രത്തിൽ രാജ്യഭ്രഷ്ടരായവരുടെ ഏടുകൾ വരുംതലമുറക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ട്; ചരിത്രത്തോടൊപ്പം ഫിക്ഷനും അവിടെ തുല്യസ്ഥാനം വഹിക്കുന്നു. സ്വദേശം തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങളെയും സ്വദേശം നഷ്ടപ്പെടാതിരിക്കാനുള്ള പ്രതിരോധശ്രമങ്ങളെയും സമഗ്രാധിപത്യത്തിന്റെ കരുക്കൾ പരാജയപ്പെടുത്തുന്നതോടെ ഭാരരഹിതമായ ജീവിതം സ്വപ്നമായി അവശേഷിക്കുന്നു. ഈ തിരിച്ചറിവിന്റെ ജീവിച്ചിരുന്ന മാതൃകയായി മിലൻ കുന്ദേര എന്ന എഴുത്തുകാരനെ അവരോധിക്കാം. മനുഷ്യരുടെ ആന്തരികസത്തയിലേക്ക് ചുഴിഞ്ഞു നോക്കുന്തോറും സ്വത്വവും അതിന്റെ അനന്യമായ രീതികളും കൂടുതൽ ദൂരത്തേക്ക് നീങ്ങുമെന്ന വിശ്വാസം പുലർത്തിയ കുന്ദേര ജീവിതത്തെ ചില ദ്വന്ദ്വങ്ങളിൽ ഇടകലർത്തി സമീപിക്കാനാണ് ആഗ്രഹിച്ചത്. ഇരുട്ടും വെളിച്ചവും ചൂടും തണുപ്പും നിറഞ്ഞ ലോകത്തിന്റെ സ്വഭാവം ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്ന മനുഷ്യരുടെ ഇടത്തായിരുന്നു കുന്ദേര നിലയുറപ്പിച്ചത്. അധികാരത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ വെല്ലുവിളികൾ മനുഷ്യരെ ചിന്നിച്ചിതറിക്കുന്നതിന്റെ സഞ്ചാരപഥം കുന്ദേരയോളം ബോധ്യപ്പെട്ട മറ്റൊരു എഴുത്തുകാരനില്ല എന്നുതന്നെ പറയാം. ബഹുവിധമായ അധികാരോപാധികൾ ഒറ്റപ്പെടുത്തുകയും കുരുതികൊടുക്കുകയും സ്വത്വഭ്രംശം വരുത്തുകയും ചെയ്യുന്ന മനുഷ്യരുടെ പ്രതിനിധിയാണ് അദ്ദേഹം. സ്വരാജ്യം നഷ്ടപ്പെടുന്നതോടെ സ്വത്വബോധത്തിനു സംഭവിക്കുന്ന അപഭ്രംശത്തെ കുറിച്ച് ആകുലചിത്തരായ കഥാപാത്രങ്ങളെ നാം കുന്ദേരയുടെ നോവലുകളിൽ കണ്ടുമുട്ടുന്നു.

യഥാർഥമായ തരത്തിൽ ‘സ്വരാജ്യം’ നിലനിൽക്കുന്നത് സ്വന്തം സത്തയിലാണെന്ന ചിന്ത അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട്. എല്ലാ നോവലുകളും സംവദിക്കുന്നത് ആത്മനിഷ്ഠമായ ഉണ്മയെന്ന പ്രഹേളികയിലാണെന്ന കുന്ദേരയുടെ പ്രസ്താവന ഇവിടെ ചേർത്തു വായിക്കണം (Art of the Novel). നോവൽ അതിന്റെ സത്താപരമായ അന്വേഷണത്തിനിടയിൽ ബാഹ്യമായ ലോകത്തിൽനിന്ന് വ്യതിചലിച്ച് അദൃശ്യമായ ആന്തരിക ജീവിതം പരിശോധിക്കാൻ നിർബന്ധിതമാവുന്ന പ്രക്രിയയെ സംബന്ധിച്ച് കുന്ദേര വിവരിക്കുന്നുണ്ട്. സ്വദേശവും വീടും ഉപേക്ഷിച്ചവരുടെ ലോകത്തെ കുന്ദേര എന്നും അനുഭാവപൂർവം വിചിന്തനം ചെയ്തു. കാതങ്ങളോളം നടന്നിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാത്ത ദൃശ്യങ്ങൾ ദുഃസ്വപ്‌നങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിൽ അത്ഭുതമില്ല. ചില ചോദ്യങ്ങളെ, ഉത്കണ്ഠകളെ ഉള്ളിലടക്കാൻ മാത്രമേ രാജ്യം നഷ്ടപ്പെട്ടവർക്ക് സാധിക്കൂ. മുന്നേ നീങ്ങിയവരെ പിന്തുടർന്നുകൊണ്ട് നടക്കുക എന്നതാണ് അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള സംഗതിയെന്നു പറയുന്നതിൽ തെറ്റില്ല. ഒടുവിലത്തെ ആകാശത്തിനു ശേഷം പക്ഷികൾ എങ്ങോട്ടു പറക്കുമെന്നു ചോദിച്ച കവി മഹ്മൂദ് ദർവീഷിനെ പോലെ കുന്ദേരയും സ്വരാജ്യമെന്ന ഓർമ നഷ്ടപ്പെടുത്തി മറഞ്ഞു.


സ്വരാജ്യം/അന്യരാഷ്ട്രം, ചെക്/ ഫ്രഞ്ച് ഭാഷകൾ എന്നിങ്ങനെയുള്ള വിരുദ്ധ ധ്രുവങ്ങളിലൂടെ കടന്നുപോയ അദ്ദേഹം മാതൃഭാഷ ഉപേക്ഷിച്ച് ഫ്രഞ്ചിൽ എഴുതിത്തുടങ്ങിയത് പ്രാധാന്യത്തോടെ നോക്കിക്കാണണം. അപ്രതീക്ഷിതമായ വിധത്തിൽ ദൗർഭാഗ്യങ്ങൾ എത്തിച്ചേരുന്ന ജീവിതത്തെയാണ് കുന്ദേര സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. ഒരു ജീവിതമേ ഉള്ളൂവെങ്കിലും അത് ജീവിച്ചുതീർക്കാൻ കഴിയാതെയാക്കുന്ന സ്റ്റേറ്റിന്റെ തന്ത്രം അപലപനീയമാണ്. അതിജീവനം എഴുത്തിലൂടെ സാധ്യമായെങ്കിലും നാടും വീടും സംസ്കാരവും നിർബന്ധിതമായി ബലികൊടുക്കേണ്ടി വന്ന കുന്ദേര ഭരണകൂടത്തിന്റെ സ്വാർഥതാൽപര്യങ്ങളുടെ രക്തസാക്ഷിയാണ്. ലോകമൊട്ടാകെ വായനക്കാരുള്ള കുന്ദേര, സ്റ്റേറ്റിന് അനഭിമതനായി സ്വരാജ്യത്തുനിന്നും ഫ്രാൻസിലേക്ക് കുടിയേറുകയായിരുന്നു. 1990കളിലാണ് കുന്ദേര ഫ്രഞ്ചിൽ എഴുതിത്തുടങ്ങിയത്.

1975ൽ രാജ്യഭ്രഷ്ടനായ അദ്ദേഹത്തിനു നാല് പതിറ്റാണ്ടുകൾക്കുശേഷം 2019ൽ ചെക് പൗരത്വം മടക്കിനൽകി. മടങ്ങിവരവിനുള്ള സാധ്യതകൾ തീരെ കുറവാണെന്നു തീർച്ചപ്പെടുത്തിയിട്ടുള്ള യാത്രയിൽ ജന്മനാടിനോടുള്ള ഗാഢബന്ധം കാന്തികശക്തിയാൽ പിടിച്ചുവലിക്കുന്നതുപോലെ അനുഭവപ്പെടും. ഇത്തരമൊരു യാത്രക്ക് മടക്കമുണ്ടാകാൻ സാധ്യത കുറവായതിനാൽ മരണത്തിലേക്കുള്ള സഞ്ചാരമായി കരുതുന്നതിലും തെറ്റില്ല. കുന്ദേരയും അത്തരത്തിലുള്ളൊരു യാത്രാമാർഗത്തെയല്ലേ ഇപ്പോൾ വരിച്ചത്? പുറംകാഴ്ചകൾ അപ്രസക്തമാവുകയും അകമേനിന്നുള്ള ദൃശ്യങ്ങൾ കൊരുത്തിവലിക്കുന്നതാകുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. കുന്ദേരയുടെ എഴുത്തുകൾ ഗാഢമായി സമർഥിക്കുന്നതും വേറെ ഒന്നല്ല. അധികാരത്തിന്റെ ഇടനാഴികളിൽ വ്യവഹാരങ്ങൾ ജനതയുടെ അസ്തിത്വത്തിനു വിഘാതമാവുന്ന സമകാലത്ത് നാം ആവർത്തിച്ച് ഉപയോഗിച്ചതാണ് വിഖ്യാതമായ അധികാരത്തെയും ഓർമയെയും പറ്റിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.

ഓർമകളായി ഭാവിയിലേക്ക് പെയ്തിറങ്ങുന്നതിനും കൊടുംവേനലായി തളർത്തുന്നതിനും മാത്രമേ ഭൂതകാലം ഉരുവപ്പെടുകയുള്ളൂ എന്ന വ്യവസ്ഥിതിയെ ആശ്ലേഷിക്കുക എളുപ്പമല്ല. സംഘർഷങ്ങളും ഭീതിദദൃശ്യങ്ങളും തീ പിടിപ്പിച്ച നാളുകളെ ഓർമയിൽനിന്ന് കെടുത്തിക്കളയാനാവാതെ വാക്കുകളിലും ബിംബങ്ങളിലും രൂപകങ്ങളിലും കുന്ദേര അവയെ ആവിഷ്കരിച്ചു. ഭാഷയിലൂടെ രൂപപ്പെടുത്തുന്ന സൂക്ഷ്മഭേദങ്ങളും രൂപകങ്ങളുടെ അസാധാരണമായ സാധ്യതകളും നോവലിൽ ഉരുവം കൊള്ളിക്കുന്ന വേറിട്ട ശൈലി കുന്ദേരയുടെ ഭാവുകത്വത്തെ മാറ്റിനിർത്തുന്നു. ദാർശനികമായ മാനങ്ങളെ ആധാരമാക്കിയ കുന്ദേരയുടെ നോവലായ ‘The Unbearable Lightness of Being’ ഫ്രാൻസിലേക്ക് പലായനം ചെയ്തതിനുശേഷം എഴുതിയതാണ്. ഈ നോവൽ അദ്ദേഹത്തിന്റെ ക്ഷോഭത്തെയും ക്ലേശത്തെയും ബോധ്യപ്പെടുത്തുന്നു. റഷ്യയുടെ അധികാരവും അടിച്ചമർത്തലും ചെക് ജനതയിൽ സൃഷ്ടിക്കുന്ന പ്രക്ഷുബ്ധതകളെ പരോക്ഷമായ പ്രമേയമാക്കുന്ന കൃതി ചെക്കിൽനിന്ന് ഇംഗ്ലീഷിലേക്ക് Michael Henry Heim ആണ് പരിഭാഷപ്പെടുത്തിയത്. 1968ലെ പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്നതാണ് നോവലിലെ സന്ദർഭങ്ങൾ. സോവിയറ്റ് പട്ടാളത്തിന്റെ കടന്നുകയറ്റവും തുടർന്നുണ്ടായ അരാജകത്വവും നോവലിന്റെ പരിസരത്തെ തീവ്രമാക്കുന്നു. നീത്‌ഷെയുടെ ആശയമായ ‘അനന്തമായ തിരിച്ചുവരവി’ലാണ് (Eternal Return) കുന്ദേരയുടെ ഈ കൃതി അധിഷ്ഠിതമായിരിക്കുന്നത്. പ്രസ്തുത ആശയപ്രകാരം ജീവിതത്തിലെ ഓരോ കാര്യവും അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം ഭാരപ്പെട്ട ബാധ്യത സംജാതമാവുകയാണ്. തത്ത്വചിന്തകരുടെ ആശയങ്ങളെ കടമെടുത്തുകൊണ്ട് ‘ലാഘവത്വം’ എന്ന സങ്കേതത്തെ വിശദീകരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഭാരമുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ തമ്മിലുള്ള അന്തരം ഏതെല്ലാം വിധത്തിലാണ് അനുഭവപ്പെടുക എന്ന് അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ഈ രണ്ടു വിഭിന്ന സ്വഭാവങ്ങളുടെ ഏറ്റക്കുറച്ചിൽ നോവലിലെ കഥാപാത്രങ്ങളിൽ താളഭംഗം സൃഷ്ടിക്കുന്നു. തമ്മിൽ പരിചയപ്പെട്ടതിനുശേഷം തോമസിനെ തേടി തെരേസ വരുന്ന നോവലിലെ രംഗം പ്രസക്തമാണ്. ‘അന്നാ ക​​െരനീന’യുടെ പതിപ്പും കൈയിലേന്തി ഒരു സ്യൂട്ട്കേസുമായി വന്ന തെരേസ തോമസിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. അവളുടെ ജീവിതമാണ് ആ പെട്ടിയിലുള്ളതെന്ന് അയാൾ കരുതി. ‘‘എന്റെ സ്വരാജ്യം ഒരു സ്യൂട്ട്കേസ് അല്ല, ഞാനൊരു സഞ്ചാരിയുമല്ല’’ എന്ന് എഴുതിയ മഹ്മൂദ് ദർവീശിനെ ഈ ഘട്ടത്തിൽ വീണ്ടും ഓർക്കാം. രാഷ്ട്രീയ സന്ധികളെയും ഭാഷാനഷ്ടത്തെയും നോവലിലെ സന്ദർഭങ്ങളുമായി കോർത്തിണക്കുകയാണ് അദ്ദേഹം. വാക്കുകളുടെ ആന്തരിക ഘടനയും അവ പിരിച്ചെഴുതുമ്പോൾ സംഭവിക്കുന്ന അർഥവ്യത്യാസത്തെയും കൗതുകത്തോടെ അവതരിപ്പിക്കുക വഴി ഭാഷയും ലോകവുമായുള്ള പാരസ്പര്യത്തെയാണ് കുന്ദേര സംബോധന ചെയ്യുന്നത്. ജീവിതത്തെ ലാവണ്യബോധത്തോടെ അഭിമുഖീകരിക്കാന്‍ ആഗ്രഹിച്ച എഴുത്തുകാരന്റെ കൈയൊപ്പായി അത്തരം മുഹൂർത്തങ്ങളെ വായിക്കാം. വീടു വിട്ടു മറ്റു രാജ്യങ്ങളിൽ എത്തിയവർ കേൾക്കുന്ന ഒരു ചോദ്യമുണ്ടാകാം. ‘‘നിങ്ങൾ എന്താണ് ഇവിടെ ചെയ്യുന്നത്; നിങ്ങൾ സ്വന്തം ഇടത്തേക്ക് മടങ്ങിപ്പോകൂ" എന്നാണത്. എന്നാൽ, തിരിച്ചുപോകാൻ ഇടമില്ലാത്ത മനുഷ്യർ ഭാഷയെ അങ്ങേയറ്റം ശ്രദ്ധയോടെ കൂടെ കൂട്ടുന്നു. ഈ അന്യഥാബോധത്തിന്റെ ദൃഷ്ടാന്തങ്ങളാണ് നോവലിലെ കഥാപാത്രങ്ങളായ തോമസും തെരേസയും സബീനയും.

കുന്ദേര പ്രാഗ് ജീവിത കാലത്ത്
കുന്ദേര പ്രാഗ് ജീവിത കാലത്ത്

ഭാരരഹിതമായ ജീവിതം കാംക്ഷിച്ച തോമസ് (ഒരു പരിധി വരെ സബീനയും) വേറിട്ട വിചാരങ്ങൾ വെച്ചുപുലർത്തിയിരുന്നു. ഡോക്ടറായി ജോലി നോക്കുന്ന തോമസ് അവിചാരിതമായാണ് തെരേസയെ ആദ്യമായി കണ്ടത്. തോമസും തെരേസയുമായുള്ള ജീവിതത്തിൽ താളപ്പിഴകളുണ്ടായി. പല സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തിയ തോമസിന്റെ പ്രണയത്തെ കുറിച്ചുള്ള നിർവചനം പ്രത്യേകത നിറഞ്ഞതായിരുന്നു. പ്രണയവും രതിയും അയാൾക്ക് രണ്ടായിരുന്നു. പ്രണയം/ രതി എന്ന ദ്വന്ദ്വം കർശനമായി അയാളുടെ ജീവിതത്തിൽ പാലിക്കപ്പെട്ടു. തന്നെ അതിരുകവിഞ്ഞ് ആശ്രയിക്കുന്ന സ്ത്രീകളെ അയാൾ ആശങ്കയോടെ അകറ്റി. കാമുകിമാരെ തോമസ് തന്നോടൊപ്പം രാത്രി പങ്കു​വെക്കാൻ സമ്മതിച്ചിരുന്നില്ല. ഫ്രാൻസും സബീനയുമായുള്ള പ്രണയവും വേറിട്ടതായിരുന്നു. അയാൾക്ക് പ്രേമത്തിലൂടെ പൊതുജീവിതം നീട്ടിയെഴുതാൻ ആഗ്രഹമില്ല. അങ്ങനെ പ്രാഥമികമായ തലത്തിൽ സ്ത്രീ-പുരുഷ ബന്ധത്തെ കുറിച്ചുള്ള ചർച്ച സാധ്യമാവുമ്പോൾതന്നെ ആഖ്യാനത്തിൽ വിറങ്ങലിച്ചുനിൽക്കുന്നത് പ്രാഗിനെ കുറിച്ചുള്ള നൊമ്പരമാണ്. പ്രാഗിലെ ജീവിതത്തിനിടയിലാണ് തെരേസ അധികാരവും ആധിപത്യവും അടുത്തറിയുന്നത്. ആയിടക്കായിരുന്നു ഫോട്ടോഗ്രഫി പഠിച്ച് പ്രാഗിലെ തെരുവുകളിലെ ഹിംസയും അരാജകത്വവും അവൾ ഒപ്പിയെടുത്തത്.

ശരീരത്തെപ്പറ്റി ഒരു ഭീതി അവളിൽ അമ്മ നേരത്തേതന്നെ വളർത്തിയിരുന്നു. അതിനെ മറികടന്നുകൊണ്ട് മറ്റൊരു ജീവിതം നയിക്കാനായി തെരേസ കഠിനമായി പരിശീലിച്ചു. എല്ലാ ശരീരങ്ങളും ഒരേപോലെയാണെന്ന് ‘സിദ്ധാന്ത’ത്തിൽ വിശ്വസിച്ച അമ്മ ലക്ഷക്കണക്കിന് ശരീരത്തിൽ കാണുന്ന കാര്യങ്ങൾ മാത്രമേ അവളുടെ ശരീരത്തിലുമുള്ളൂവെന്നും അതുകൊണ്ട് നഗ്നശരീരത്തിൽ ലജ്ജ തോന്നേണ്ട കാര്യമില്ലെന്നും സ്ഥാപിച്ചു. കോൺസെൻട്രേഷൻ ക്യാമ്പിലെ, പട്ടാളച്ചിട്ടക്കനുസൃതമായി പെരുമാറുന്ന തടവുകാരുടെ യൂനിഫോംപോലെയാണ് നഗ്നതയെ തെരേസ അഭിമുഖീകരിച്ചത്. നഗ്നരായ സ്ത്രീകൾ ജാഥയായി പാട്ടുപാടിക്കൊണ്ട് നടക്കുന്ന സ്വപ്നം തെരേസ കാണുന്നുണ്ട്. ആത്മാവില്ലാത്ത സ്ത്രീകളുടെ യാന്ത്രികമായ ആനന്ദമായി അതിനെ ഗണിക്കുമ്പോഴും തെരേസക്ക് അവരുമായി ലയിച്ചുചേരാൻ സാധിച്ചിരുന്നില്ല. ശരീരവും ആത്മാവും തമ്മിലുള്ള വ്യവഹാരത്തെ കുറിച്ച് അവൾ ആഴത്തിൽ ചിന്തിച്ചിരുന്നു. തെരേസയുടെ സ്വപ്നങ്ങളുടെ ഘടന പരിശോധിച്ചാൽ അസംതൃപ്തവും അസ്വസ്ഥവുമായ ആകുലതകൾ നിറഞ്ഞ ഒരു സാഹചര്യമാണ് അനാവൃതമാകുന്നത്. ‘മരണാനന്തര’ ജീവിതത്തിന് അപമാനം സഹിക്കേണ്ടി വരുമെന്ന് വ്യംഗ്യമായി രേഖപ്പെടുത്തുന്ന സ്വപ്‌നങ്ങൾ അരക്ഷിതമായ ചുറ്റുപാടുകളുടെ പ്രതിഫലനമാണ്. തോമസിന്റെ അവളോടുള്ള മനോഭാവം അമ്മയുടേതിൽനിന്ന് വലിയ അന്തരമില്ലാത്തതായിരുന്നു. അവളെ പോലെ തന്നെ മറ്റു പ്രണയിനികളെയും സമീപിച്ച തോമസ് എല്ലാ സ്ത്രീശരീരങ്ങളെയും തുല്യമായി കണക്കാക്കി. പ്രണയം, രതി, ആസക്തി, സ്നേഹം എന്നിവക്കൊക്കെ അയാൾക്ക് തനതായ കാഴ്ചപ്പാടുണ്ടായിരുന്നു. ഏതൊരു ലോകത്തുനിന്ന് രക്ഷപ്പെടാനാണോ തെരേസ പ്രാഗിലേക്ക് വന്നത്, അവളെ ആയിടത്തേക്കുതന്നെ പിടിച്ചു തള്ളുന്ന വിധത്തിലായിരുന്നു അയാളുടെ സ്വഭാവരീതി. ഭാരപൂർണമായ വീക്ഷണം പിന്തുടർന്ന തെരേസയുടേതും ഇതിനു കടകവിരുദ്ധമായ പ്രവണതയുള്ള തോമസിന്റെയും പ്രണയം ഇരുവരുടെയും ജീവിതത്തെ നരകതുല്യമാക്കി എന്നത് അതിശയോക്തിയല്ല. ഭാരവും ലഘുത്വവുമായുള്ള വിനിമയമാണ് തെരേസക്കും തോമസിനുമിടയിൽ നിലനിന്നത്. ഒരുപ​േക്ഷ അയാളിൽനിന്നാവും തെരേസ ജീവിതത്തെ അൽപമെങ്കിലും ലാഘവത്തോടെ കണ്ടുതുടങ്ങിയത്. നാടിനോടുള്ള കൂറും സ്നേഹവും തെരേസ ഉത്തരവാദിത്തമായി ശീലിച്ചു.


സോവിയറ്റ് അധിനിവേശം നടക്കുമ്പോൾ ഹ്രസ്വകാലത്തേക്ക് രാജ്യം വിട്ടുപോയ അവർ വൈകാതെ സ്വരാജ്യത്തേക്ക് മടങ്ങി. പൊരുത്തക്കേടുകൾ നിറഞ്ഞുനിന്ന ബന്ധത്തിൽ തെരേസ ദുർബലയായിത്തീർന്നു. തെരേസയെ ഡ്യൂബ്ചെക്കുമായും രാഷ്ട്രവുമായും ഉപമിക്കുന്നുണ്ട്. അവളുടെ ജീവിതത്തിൽ ശ്വാസം കഴിക്കാനുള്ള സ്ഥലംപോലും ഇല്ലാത്ത ചുറ്റുപാടും സംസാരിക്കാനാവാത്ത രംഗങ്ങളും പതിവായിരുന്നു. എന്നാൽ, ശരീരത്തെ രതിയുമായി ചേർച്ചപ്പെടുത്തി ഭോഗതൃഷ്ണയെ പുതിയ തീരങ്ങളിലേക്ക് അധിനിവേശം ചെയ്യാനാണ് തോമസ് ശ്രമിച്ചത്. രാജ്യത്തെ അധിനിവേശംചെയ്യുന്ന മറ്റു രാഷ്ട്രങ്ങൾ നടത്തുന്നത് ഇതിന് സമാനമായ പ്രവൃത്തിയാണ്. സ്ത്രീകളുമായുള്ള ബന്ധത്തിൽ തോമസ് സത്യസന്ധത കാണിച്ചിരുന്നില്ല. അയാൾ നിശ്ചയിച്ചിരുന്ന വിളംബരപത്രികയിൽ പങ്കാളിയുടെ വിചാരങ്ങൾക്ക് സ്ഥാനം തീരെ കുറവായിരുന്നു. സബീന ഫ്രാൻസുമായി അടുക്കുന്നതിന് ഇതും ഒരു കാരണമാണ്. ഫ്രാൻസിന്റെ വിചാരങ്ങളിൽനിന്ന് വിഭിന്നമായിട്ടായിരുന്നു സബീന ലോകത്തെ കണ്ടത്. എല്ലാത്തരത്തിലും ശൂന്യത പുൽകിയ സബീനയെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. ചെക്കോസ്ലാവാക്യയിൽനിന്ന് പലായനം ചെയ്ത സബീന കാലിഫോർണിയയിലെ ഒരു കുടിയേറ്റക്കാരിയായി ശിഷ്ടജീവിതം നയിക്കുകയാണ്. അച്ഛനമ്മമാരോടും പങ്കാളിയോടും രാജ്യത്തോടും പ്രണയത്തോടും വിശ്വാസവഞ്ചന ചെയ്താൽ ബാക്കിയാവുന്നത് ശൂന്യത മാത്രമാണെന്ന ചിന്ത സബീന പ്രകടിപ്പിക്കുന്നു. ‘അസ്തിത്വത്തിന്റെ അസഹനീയമായ ലാഘവത്വം’ എന്ന ഉദ്ദേശ്യം സബീന തിരിച്ചറിയുകയായിരുന്നു. ദേശീയതയെ ഒളിപ്പിച്ചുവെച്ചുകൊണ്ടോ മരവിപ്പിച്ചുകൊണ്ടോ ജീവിക്കേണ്ടിവരുന്നത് പരിതാപകരമാണ്.

രാഷ്ട്രീയ വിശ്വാസങ്ങളും ദേശസ്നേഹവും പ്രണയവും സ്വാർഥതയും വിശ്വാസവഞ്ചനയും അടങ്ങിയ ജീവിതചക്രത്തിന്റെ അടയാളപ്പെടുത്തലുകളും വ്യാഖ്യാനങ്ങളും നോവലിന് ഉൾക്കാമ്പാകുന്ന ഘടകങ്ങളാണ്. ജീവിതവും മരണവുമായുള്ള വ്യവസ്ഥിതിയിൽ ദുരന്തപൂർണമായ മരണത്തിനു കീഴ്‌പ്പെടുന്ന കഥാപാത്രങ്ങളിലൂടെ അസ്ഥിരമായ ജീവിതത്തിന്റെ ദാർശനികതലത്തെയാണ് കുന്ദേര പ്രതിബിംബിപ്പിക്കുന്നത്. ഭാരരഹിതമെന്നപോലെ ദൗർബല്യവും നോവലിൽ പരാമർശിക്കുന്ന വിഷയങ്ങളാവുന്നുണ്ട്. എന്താണ് ദൗർബല്യമെന്ന ചോദ്യത്തിന് ആപേക്ഷികമായ ഉത്തരങ്ങളാണുള്ളത്. മാനസികമായ തളർച്ചയോ ശാരീരികമായ ബലക്ഷയമോ അസഹ്യമായ നിരാശയോ ആവാം അത്. തെരേസ താൻ ദുർബലരുടെ കൂട്ടത്തിലും പാളയത്തിലും രാജ്യത്തുമാണെന്ന് തീർത്തു പറയുന്നുണ്ട്. ‘വാചകങ്ങൾക്കിടയിൽ ശ്വാസം മുട്ടി അവർ ബലഹീനരായതിനാൽ കൃത്യമായി അവരോട് വിശ്വസ്തയായിരിക്കണമെന്നും താൻ മനസ്സിലാക്കി' എന്ന് അവൾ ആത്മഗതം ചെയ്യുമ്പോൾ കുന്ദേരയുടെ സ്വജീവിതവുമായി അത് താദാത്മ്യം പ്രാപിക്കുകയാണ്. ഇതേ ദൗർബല്യത്തിന്റെ ദുഃഖകരമായ മൂർധന്യദശയിലായിരുന്നു കുന്ദേരക്ക് നാട് നഷ്ടമായത്. വല്ലാത്തൊരു ദുരന്തപര്യവസായിയായ നാടകംപോലെയായിരുന്നു മേൽസൂചിപ്പിച്ച സംഭവം. പ്രാഗ് വസന്തത്തിന്റെ നാളുകളിൽ സാഹിത്യവും കലയും പുഷ്കലമായി. കുന്ദേര അടക്കമുള്ള എഴുത്തുകാർ അങ്ങേയറ്റം ഉത്സാഹത്തോടെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കാലമായിരുന്നു അത്. എന്നാൽ, സോവിയറ്റ് ടാങ്കുകൾ ആക്രമണം ആരംഭിച്ചതോടെ പ്രാഗ് വസന്തം പെട്ടെന്ന് അവസാനിച്ചു. എഴുത്തുതന്നെ നിലക്കുമെന്ന സ്ഥിതി വന്നു. എഴുത്തുകാരൻ എന്ന നിലയിൽ വ്യക്തിത്വം ശിഥിലമാവാതിരിക്കുക എന്നത് ഏറെ പ്രയാസകരമായി അനുഭവപ്പെട്ടു. വിശ്വാസം കെട്ടിയുയർത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ ലോകത്തെ എപ്പോഴും വീക്ഷിക്കാൻ കഴിയുകയില്ല എന്ന തത്ത്വം ഇവിടെ അടിവരയോടുകൂടി പ്രത്യക്ഷപ്പെടുന്നു. നഷ്ടപ്പെട്ട വസ്തുക്കളും അനുഭവങ്ങളും ജീവിതകാലം മുഴുവനും മഥിക്കുന്ന സ്ഥിതി ദാരുണമാണ്.

ചെക്കോസ്ലാവാക്യയിലെ രാഷ്ട്രീയ ചായ്‌വുകളെയും ഭരണസംവിധാനത്തെയും വിമർശനബുദ്ധ്യാ വിലയിരുത്തിയ തോമസ്, കമ്യൂണിസ്റ്റുകാർ അതിക്രമങ്ങൾ അഴിഞ്ഞാടുന്നതിനെ പറ്റി നിസ്സംഗതയോ അറിവില്ലായ്മയോ പ്രകടിപ്പിച്ചു എന്ന പക്ഷക്കാരനായിരുന്നു. അധികാരത്തിൽ തുടരാനായി ഇത്തരം യത്നങ്ങൾ നടത്തിയ അവരുടെ പ്രവൃത്തിയെ (യുക്തിയെ) അയാൾ അജ്ഞതയോടെ കുറ്റകൃത്യം ചെയ്തയാളായ ഈഡിപ്പസിനെ വായിക്കുന്നതുപോലെയാണ് നിരീക്ഷിച്ചത്. ആന്തരികമായ ശുദ്ധിവാദം ഉയർത്തിയ കമ്യൂണിസ്റ്റുകാർക്കെതിരെ അയാൾ നിലയുറപ്പിക്കുകയായിരുന്നു. ഈ ദിശയിൽ തോമസ് എഴുതിയ ഒരു ലേഖനം അധികൃതരെ വിറളി പിടിപ്പിച്ചു. അധികം വൈകാതെ അയാൾക്ക് ജോലി നഷ്ടമാവുകയും ഭരണകൂടത്തിന്റെ പകയിൽനിന്ന് രക്ഷപ്പെടാനായി പൊതു സാമൂഹിക ഘടനയിൽനിന്ന് അകലം പാലിച്ചുകൊണ്ട് ചെറിയ ജോലിചെയ്ത് ജീവിക്കാനും തുടങ്ങി. രാഷ്ട്രീയം എത്രമേൽ മലീമസവും സ്വാർഥേച്ഛ കലർന്നതുമായ വ്യവഹാരമാണെന്ന് സംശയലേശമ​േന്യ അയാൾക്ക് മനസ്സിലായി. സ്റ്റേറ്റ് രാഷ്ട്രീയപക സൂക്ഷിച്ചുകൊണ്ട് ജനങ്ങളെ പീഡിപ്പിക്കുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നു. ഇതിനിടെ തോമസ്, അയാൾക്ക് ആദ്യ ഭാര്യയിൽ ജനിച്ച മകനെ കണ്ടു.

രാഷ്ട്രീയ തടവുകാരുടെ നീതി സംബന്ധിച്ച ഒരു നിവേദനവുമായിട്ടായിരുന്നു മകനായ സൈമൺ വന്നത്. ഇത്തരത്തിലുള്ള അനുഭവങ്ങൾ വ്യക്തിത്വത്തെ ആധാരമാക്കിയുള്ള ചില നിഗമനങ്ങളിലേക്ക് എത്തിച്ചേരാൻ തോമസിനെ പ്രാപ്‌തനാക്കി. അയാളുടെ വികാരവിചാരങ്ങൾ പരിസമാപ്തിയിലെത്തുന്ന കാഴ്ച നോവലിൽ സൂചിപ്പിക്കുന്നുണ്ട്. ‘‘വ്യക്തികളുടെ ജീവിതത്തിന് സദൃശമായ അനുഭവമാണ് ചരിത്രം നൽകുന്നത്. ചെക് വംശജർക്ക് ഒരു ചരിത്രമേ ഉള്ളൂ. തോമസിന്റെ ജീവിതംപോലെതന്നെ ഒരിക്കൽ ആ ചരിത്രത്തിനും തിരശ്ശീല വീഴും; പിന്നീട് അത് ആവർത്തിക്കില്ല. ചെക്കോസ്ലാവാക്യയുടെയും യൂറോപ്പിന്റെയും ചരിത്രം മാനവരാശിയുടെ നിർഭാഗ്യകരവും തഴക്കവുമില്ലാത്ത തൂലികയിൽനിന്നുള്ള രേഖാചിത്രങ്ങളാണ്. ചരിത്രം വ്യക്തിജീവിതംപോലെ ഭാരരഹിതമാണ്. അസഹ്യമായ തരത്തിലുള്ള ലാഘവത്വം അതിനുണ്ട്.’’ പഠനവും മറ്റും പാതിവഴിക്ക് ഉപേക്ഷിച്ചു സൈമൺ ട്രാക്ടർ ഓടിക്കുന്നതും, തോമസും തെരേസയും ഗ്രാമത്തിൽ വസിക്കു​മ്പോൾ അപകടത്തിൽപെട്ട് മരണം വരിക്കുന്നതും, കം​േബാഡിയക്ക് ഐക്യദാർഢ്യം നൽകാനുള്ള യത്നത്തിൽ ഫ്രാൻസ് മരണപ്പെടുന്നതും എല്ലാം അധികാരവും അതിജീവനവുമായുള്ള ഗൂഢപ്രശ്‌നമായി ആലോചിക്കാവുന്നതാണ്.


സ്റ്റാലിന്റെ മകൻ യാക്കോബിന്റെ മരണവുമായി ബന്ധപ്പെട്ട കാരണങ്ങളും മറ്റും നോവലിൽ വിവരിക്കുന്നു. അപമാനഭാരം ഭയന്ന് ജീവനൊടുക്കിയ യാക്കോബിനെ അവതരിപ്പിക്കുന്നതിലൂടെ വിസർജനം സംബന്ധിച്ച വിഷയം സജീവമാക്കാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. യുദ്ധത്തടവുകാരനായ യാക്കോബിന്റെ നിന്ദ്യമായ മരണം രണ്ടാം ലോകയുദ്ധത്തിലെ ഭൗതികാതീതമായ (metaphysical) മരണമായി കണക്കാക്കപ്പെടുന്നു. വിസർജ്യത്തെ ലൈംഗികതയുമായി ഇടകലർത്തി സൂചിപ്പിക്കുന്ന കുന്ദേര മറ്റൊരു സംവാദത്തിനു വഴി തുറക്കുകയാണ്. ‘Kitsch’ എന്ന ജർമൻ പദത്തെ അദ്ദേഹം പരിചയപ്പെടുത്തുന്നു. വിസർജ്യത്തിന്റെ (Shit) പൂർണമായ നിഷേധമായ Kitsch പാശ്ചാത്യ ഭാഷകളിലെ ഒരു ബിംബമായി പ്രചരിക്കപ്പെട്ടു. മനുഷ്യന്റെ അസ്തിത്വത്തിലെ അംഗീകരിക്കപ്പെടാത്ത എല്ലാ സംഗതികളെയും Kitsch അതിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നു. കമ്യൂണിസത്തിനെതിരായ സബീനയുടെ ആന്തരിക കലാപം ഇവിടെ നോവലിസ്റ്റ് എടുത്തുകാട്ടുന്നുണ്ട്. അത് ധാർമികമായ തലത്തെക്കാൾ സൗന്ദര്യാത്മകമായിരുന്നു. കമ്യൂണിസ്റ്റ് ലോകത്തിന്റെ വൈരൂപ്യത്തെക്കാൾ അത് ധരിക്കാൻ ശ്രമിക്കുന്ന സൗന്ദര്യത്തിന്റെ മുഖംമൂടിയായിരുന്നു സബീനയെ അകറ്റിയത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ കമ്യൂണിസ്റ്റ് Kitsch.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും മതത്തിന്റെ പ്രമാണിത്തവും സംസ്കാരത്തിന്റെ ഈടുവെപ്പും ഒക്കെ താക്കോൽവാക്കുകളാവുന്ന സമകാലത്തെ രാഷ്ട്രീയവ്യവസ്ഥകളിലേക്ക് സാഹിത്യപ്രമേയങ്ങൾ ഉറ്റുനോക്കുന്നു. ഭൂതലത്തിന്റെ സ്വത്വത്തെ നിർബന്ധിതമായി മറക്കാനോ വലിച്ചെറിയാനോ അഭയാർഥികളും കുടിയേറ്റക്കാരും നിർബന്ധിതരാവുന്നുണ്ട്. സ്വത്വബോധത്തിനു കുറുകെ നിൽക്കുന്ന അതിർത്തിരേഖയായി കാലം പരിണമിക്കുകയും മറ്റൊരു വ്യക്തിയുടെ ജീവചരിത്രം വായിക്കുന്നതുപോലെ സ്വന്തം ഭൂതകാലസന്ദർഭങ്ങളെ പുനഃസന്ദർശിക്കാൻ സാധിക്കുകയും ചെയ്യുന്നു. അതിർത്തികളിലെ ക്യാമ്പുകളിലോ അഭയമരുളിയ രാജ്യങ്ങളിലെ ആശ്വാസകേന്ദ്രങ്ങളിലോ ജീവിച്ചുകൊണ്ട് കലുഷിതമായ പഴയകാല കാഴ്ചകൾ ഓർക്കേണ്ടി വരുമെന്ന ദുരവസ്ഥയിലാണ് മേൽപ്പറഞ്ഞ മനുഷ്യർ. അത്തരം ഓർമകളെ പുസ്തകരൂപത്തിലാക്കുന്നതോടെ ജീവിതവും ഫിക്ഷനും ചരിത്രവും വിവിധ മാനങ്ങളിൽ നമ്മെ സ്പർശിക്കുന്നു. സാമാന്യാർഥത്തിൽ ജീവിതമെഴുത്തും ഫിക്ഷനും തമ്മിലുള്ള അതിർവരമ്പുകൾ അങ്ങനെ നേർത്തതാവുകയാണ്. സാഹിത്യത്തെ രാഷ്ട്രീയനിലപാടുകളുടെ നേർരേഖയാക്കി സംയോജിപ്പിച്ച കുന്ദേരയാണ് ഈ കൂട്ടത്തിലെ അഗ്രഗണ്യൻ. അദ്ദേഹത്തിന്റെ മരണം ചെറുത്തുനിൽപുകളുടെ രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് തീർച്ചയാണ്. അടിച്ചമർത്തലുകളും അരാജകത്വവും അരക്ഷിതമാക്കിയ, ഏകാധിപത്യ പ്രവണതക്കെതിരെ തന്റെ കൃതികളിലൂടെയും ജീവിതത്തിലൂടെയും ഏറ്റുമുട്ടിയ മിലൻ കുന്ദേര അനശ്വരമായ ഓർമയായിരിക്കുന്നു. എങ്കിലും മറവിക്കെതിരെയുള്ള ഓർമയുടെ പോരാട്ടം അദ്ദേഹം മരണാനന്തരവും തുടരുമെന്നതിൽ സംശയമില്ല.

News Summary - Remembering Czech-born writer Milan Kundera