Begin typing your search above and press return to search.
proflie-avatar
Login

മാർക്സിസം, വി.എസ്, ഇ.എം.എസ്, ഫാഷിസം; പ്രഫ. എം.എൻ. വിജയനെയും നിലപാടുകളെയും ഓർമിക്കുന്നു

മാർക്സിസം, വി.എസ്, ഇ.എം.എസ്, ഫാഷിസം; പ്രഫ. എം.എൻ. വിജയനെയും നിലപാടുകളെയും ഓർമിക്കുന്നു
cancel

2007 ഒക്ടോബർ മൂന്നി​ന്റെ മധ്യാഹ്നം. കൊടുങ്ങല്ലൂരിലെ 'കരുണ'യിലേക്ക് അണമുറിയാതെ ജനം പ്രവഹിച്ചുകൊണ്ടിരുന്നു. വീടിനോട് ചേർന്ന് പുതുതായി കെട്ടിയ പൂമുഖത്ത് ചെറുതായി മുരളുന്ന ഫ്രീസറി​ന്റെ സുതാര്യമായ ചില്ലുകൾക്കുള്ളിൽ തണുത്ത് വിറച്ചുകിടക്കുന്ന മാഷിനെ നോക്കിനിന്നപ്പോൾ ഇനി എനിക്കുമുന്നിൽ വെളിച്ചമില്ല എന്നുറപ്പിച്ചു. ഇരുട്ട്.ലോകം മുഴുവൻ ഇരുട്ട്. എനിക്കും കൊടുങ്ങല്ലൂരിൽ എന്നും കൂടെനടന്ന നൂറുദ്ദീനും ഒപ്പമാണല്ലോ മാഷ് തൃശ്ശൂർ പ്രസ് ക്ലബി​ന്റെ രണ്ടാംനിലയിലേക്ക് പതുക്കെ ചുവടുകൾ വെച്ചത്.

ആൾക്കൂട്ടത്തിനിടയിൽ അമ്മയെ കാണാതെ മറഞ്ഞുനിന്നപ്പോൾ അവർ ആളെ വിട്ട് വിളിപ്പിച്ചു. അടുത്തുചെന്നപ്പോൾ പറഞ്ഞു: ''സങ്കടപ്പെടേണ്ട, മാഷി​ന്റെ ദുരിതങ്ങൾ തീർന്നുവെന്ന് കരുതിയാൽ മതി...'' അമ്മയുടെ സജലങ്ങളായ കണ്ണുകൾ ആ ദുരിതങ്ങളെയും വേദനകളെയും കുറിച്ച് അപ്പോൾ ഓർത്തതുകൊണ്ടാകണം നിറഞ്ഞൊഴുകിയിരുന്നു.

ഫ്രീസറി​ന്റെ സുതാര്യതയിൽ, ഉറങ്ങുന്ന ഒരാളി​ന്റെ ശാന്തതയോടെ ആ മുഖം ദൃശ്യം. ഭൂമിയിലെ സ്​നേഹകാരുണ്യങ്ങളുടെ ഏതു നദീപ്രവാഹത്തിലാണ് അൽപം മുമ്പുവരെ മിടിച്ച ആ ഹൃദയത്തിലെ മുറിവുകൾ ഉണങ്ങുക എന്നാലോചിച്ചു.

പ്രഫസർ എം.എൻ. വിജയ​ന്റെ ഹൃദയവും മേധയും ഇടകലർന്ന പ്രഭാഷണങ്ങളിലൂടെയാണ് കേരളം അദ്ദേഹത്തിലേക്ക് ഒഴുകിയെത്തിയത് എന്ന് വിലയിരുത്തുന്നവരുണ്ട്. പ്രഭാഷണത്തിനുമുമ്പ് വിഷയത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് ഒരിക്കൽ ചോദിച്ചു. ''ഇല്ല, അതങ്ങനെ വന്നുപോവുകയാണ്.'' മാഷ് ചിരിച്ചു.

പ്രഭാഷണ കേന്ദ്രങ്ങളിലേക്കുള്ള യാത്രയിൽ മിക്കപ്പോഴും ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. ശാസ്​ത്ര സാഹിത്യ പരിഷത്ത് കൊടുത്ത കേസിൽ വിധിപറയുന്ന അന്ന് എറണാകുളത്തേക്കുള്ള യാത്രയിലും വാഹനത്തിലിരുന്ന് ശാന്തതയോടെ ഉറങ്ങി. വിധി കേട്ട് കൈകൾ പിറകിൽ കെട്ടി തിരിച്ചു നടക്കുമ്പോഴും അതിലേറെ ശാന്തത ആ മുഖത്ത് തെളിഞ്ഞു. ഒരു വിജയിയുടെ ഒരടയാളവും ആ കണ്ണുകളിലില്ല.

ഏഴെട്ടു മാസം മുമ്പ് സ്​പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട ഒരു ഫേസ്​ബുക്ക് സംവാദത്തിൽ എ.കെ.ജി.സി.ടി നേതാവായ ഒരധ്യാപകൻ കുറിച്ചു: ''തൊണ്ണൂറുകളിൽ എം.എൻ. വിജയൻ നടത്തിയ മുതലാളിത്ത വിമർശനങ്ങളാണ് ഇന്നും പാർട്ടിയെ ആഴത്തിൽ പ്രതിസന്ധിയിലാക്കുന്നത്.''

ഡേറ്റ കടത്തലാണല്ലോ സ്​പ്രിംഗ്ലർ വിവാദത്തി​ന്റെ വിഷയം. 'കരുണ'യുടെ പൂമുഖത്ത് ഒരിക്കൽ 'കടത്തൽ' വിഷയമായി വന്നു. 'കടത്തലി'ല്ലാതെ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും നിലനിൽപില്ലെന്ന് മാഷ് എപ്പോഴും ചൂണ്ടിക്കാണിച്ചു. ആധുനിക മുതലാളിത്തം 'കടത്തലി'​ന്റെ ആക്രമണോന്മുഖമായ മുഖം മാറ്റി. ഒരു നാടിനെ മെരുക്കാൻ ഇന്ന് യുദ്ധം വേണ്ട. ചിതറിത്തെറിക്കുന്ന ബോംബുകൾക്കും തീ തുപ്പുന്ന തോക്കുകൾക്കും ആധുനിക മുതലാളിത്തത്തി​ന്റെ എൻജിനീയർമാർ എതിരാണ്. കരാറുകൾ, കൺസൽട്ടൻസികൾ, ലോണുകൾ, ദേശീയത, വംശീയത –പുതിയ ഉപകരണങ്ങൾക്ക് നിങ്ങൾക്ക് ആഗോളീകരണം എന്ന് പേരിട്ട് വിളിക്കാം. ആഗോളീകരണത്തി​ന്റെ തിളങ്ങുന്ന സ്വർണക്കുപ്പായം അഴിച്ചുനീക്കിയാൽ നിരാലംബരായ മനുഷ്യരുടെ രക്തവും മാംസവും അസ്​ഥികൂടങ്ങളും പൊടിഞ്ഞ സ്വപ്നങ്ങളും കണ്ട് നിങ്ങൾ മോഹാലസ്യപ്പെടുമെന്ന് എം.എൻ. വിജയൻ മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു.

ആധുനിക കാലത്തെ കോഴയെ കൺസൽട്ടിങ് ഫീസെന്നും കമീഷനെന്നും നമുക്ക് പേരിട്ട് വിളിക്കാം. മരിക്കുന്നതിന് ഒരുമാസം മുമ്പ് കൊടുങ്ങല്ലൂർ ടൗൺഹാളിൽ നടത്തിയ പ്രസംഗം. നിങ്ങളെ കാട്ടിലേക്ക് ആകർഷിച്ചുകൊണ്ടുപോകുന്നത് സ്വർണമാനുകളല്ലെന്നും നിങ്ങളെയും നിങ്ങളുടെ ജീവിതത്തെയും കടത്തിക്കൊണ്ടുപോകാൻ കളമൊരുക്കാനെത്തിയ മാരീചൻമാരാണെന്നും സുവ്യക്തമായ മുന്നറിയിപ്പ്. പണമുതലാളിത്തം വെട്ടുകിളികളെപ്പോലെ നിങ്ങളുടെ ആകാശത്തെ വളഞ്ഞുകഴിഞ്ഞു. അത് നിങ്ങളുടെ ദർശനങ്ങളെയും രാഷ്ട്രീയത്തെയും കൊത്തിയെടുത്ത് ചക്രവാളങ്ങളിലേക്ക് പറന്നുപോകും. അത് നിങ്ങളുടെ വർഗരാഷ്ട്രീയത്തി​ന്റെ ശിരസ്സറുത്ത് ജനവിരുദ്ധതയുടെ അടുക്കളയിൽ വേവിച്ച് പങ്കാളിത്ത ജനാധിപത്യത്തി​ന്റെ വെള്ളിത്തളികകളിൽ നിങ്ങളുടെ നേതാക്കൾക്ക് വിളമ്പും. വിപ്ലവകാരികളെല്ലാം ഇക്കിളികളുടെ പട്ടുമെത്തകളിൽ ഉറക്കുപാട്ടുകൾക്ക് കാതോർത്ത് കിടക്കും. തൊണ്ടപൊട്ടി പാടിയിരുന്ന ഉണർത്തുപാട്ടുകൾ പതുക്കെപ്പതുക്കെ വിസ്​മൃതിയിലേക്ക് മറയും. ഒരു വിപ്ലവപ്പാർട്ടിയുടെ പരിപാടിയിൽനിന്ന് വിപ്ലവമെന്ന വാക്കുപോലും അങ്ങനെയാണ് മാഞ്ഞുമാഞ്ഞ് പോകുന്നത്.

കുപ്രസിദ്ധമായ നന്ദിഗ്രാം വെടിവെപ്പി​ന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയുണ്ടാകും പാർട്ടി ഓഫിസുകളും പതാകയുമുണ്ടാകും, പ​േക്ഷ, ജനങ്ങളുണ്ടാകില്ല എന്ന എം.എൻ. വിജയൻ വാചകം പിറന്നുവീഴുന്നത്. പണമുതലാളിത്തത്തി​ന്റെ താരാട്ടിൽ പ്രത്യയശാസ്​ത്രം ഉറങ്ങിപ്പോയൊരു പാർട്ടിക്ക് നാൽപ്പത്തിനാല് കർഷകരുടെ നെഞ്ചുതകർത്ത വെടിയുണ്ടകളുടെ ആേക്രാശം നിദ്രാസൗഖ്യം പകരുന്ന പുതിയൊരു സിംഫണിയായേക്കാം എന്ന വേദനയുടെ ഫലിതം. ഭൂസ്വാമിമാരിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് നൽകിയ പടിഞ്ഞാറൻ ബംഗാളിലെ മുസഫർ അഹമ്മദി​ന്റെ പാർട്ടിക്ക് ഇന്ന് പാർട്ടി ഓഫിസുകൾപോലും ഇല്ലാതായി എന്നത് ആ പ്രവചനത്തി​ന്റെ കാതൽ.

2007 ഒക്ടോബർ മൂന്നിന് രാവിലെ 12 മണിക്ക് തൃശ്ശൂർ പ്രസ് ക്ലബിലെ അപൂർണമായ വാർത്താസമ്മേളനം. പ്രസ് ക്ലബി​ന്റെ മൂന്നാംനിലയിൽ മാഷ് ത​ന്റെ ഈഴംകാത്ത് ഏതാണ്ട് അരമണിക്കൂറോളം ഇരുന്നു. പതിവുപോലെ കണ്ണുകളടച്ച്. മാഷിന് നന്നേ ക്ഷീണമുണ്ടായിരുന്നു. കാർഡിയാക് മയോപ്പതി ബാധിച്ച ഹൃദയത്തെ ത​ന്റെ ഹോമിയോ മരുന്നുകളിലൂടെ മാഷ് മെരുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ദിനങ്ങളായിരുന്നു അത്. മാഷിനുമുന്നിൽ പ്രസ് ഫോട്ടോഗ്രാഫർമാരുടെ കാമറകൾ മിന്നിക്കൊണ്ടിരുന്നു. മംഗളം ദിനപത്രത്തി​ന്റെ ഫോട്ടോഗ്രാഫർ തലങ്ങും വിലങ്ങും ഫോട്ടോയെടുത്തപ്പോൾ പുഞ്ചിരിച്ച് പതുക്കെ എ​ന്റെ ചെവിയിൽ തമാശയായി പറഞ്ഞു: ''മരിക്കുമ്പോൾ നല്ല ചിത്രവുമായി വാർത്തവരാൻ ഭാഗ്യമുണ്ടായേക്കും.''

ശാസ്​ത്രസാഹിത്യ പരിഷത്ത് നടത്തിയ വിഭവഭൂപട നിർമാണം സാമ്രാജ്യത്വ ചാരവൃത്തിയെന്നാരോപിച്ച് 'പാഠം' മാസികയിൽ വന്ന ലേഖനവും അതിനെതിരെ പത്രാധിപരായ മാഷിനും ലേഖകൻ പ്രഫ. എസ്​. സുധീഷിനുമെതിരെ പരിഷത്ത് നൽകിയ ഒരുകോടി രൂപയുടെ മാനനഷ്​ടക്കേസുമായിരുന്നു ആ പത്രസമ്മേളനത്തി​ന്റെ പശ്ചാത്തലം. കേസ്​ തള്ളിയ കോടതി മാഷിനെയും സുധീഷിനെയും കുറ്റവിമുകതരാക്കി. പ​േക്ഷ, ആ വിധിന്യായത്തിൽ വിസ്​ഫോടനാത്മകമായൊരു കണ്ടെത്തലുണ്ടായിരുന്നു. പാഠം മാസികയിൽ മാഷ് ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങൾ പ്രസകതവും അതീവ ഗുരുതരമെന്നുമായിരുന്നു വിധിന്യായത്തിലെ സൂചന.

എല്ലാത്തരം 'കടത്തലു'കൾക്കുമെതിരായ പ്രതിരോധത്തി​ന്റെ രാഷ്ട്രീയത്തിന് ചക്രവാളശോഭ പകർന്ന ആ വിധിയുടെ രാഷ്ട്രീയമായിരുന്നു പത്രസമ്മേളനത്തിൽ മാഷി​ന്റെ വിഷയം. രാഷ്ട്രീയ പാർട്ടികളും സംഘടനകളും ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസത്തെ ഒറ്റിക്കൊടുക്കാമോ എന്നായിരുന്നു മാഷി​ന്റെ ചോദ്യം. അത് എം.എൻ. വിജയനെന്ന സാമ്രാജ്യത്വവിരുദ്ധ സമരനായക​ന്റെ അവസാന നിമിഷങ്ങളായിരുന്നു. മയോപ്പതി കാർന്നുതിന്ന ഒരു ഹൃദയം അതി​ന്റെ മിടിപ്പ് നിശ്ശബ്ദമാക്കിയപ്പോൾ പുറകോട്ട് മറിഞ്ഞുവീണ ഒരു ചടച്ച മനുഷ്യ​ന്റെ 'വിശ്വാസ്യത വിൽക്കരുത്' എന്ന വാക്കുകൾ എ.സി സ്​നേഹിച്ച പ്രസ് ക്ലബ് ഹാളി​ന്റെ ചുവരുകൾക്കിടയിൽ അപ്പോഴും വിറങ്ങലിച്ചു നിന്നിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് ഒരുനിമിഷം പ്രസ് ക്ലബ് ഹാളി​ന്റെ മേശപ്പുറത്ത് ആ ശരീരം താങ്ങിയെടുത്ത് കിടത്തിയപ്പോൾ യുദ്ധമുഖത്ത് വെട്ടേറ്റുവീണ ഒരു പടനായകനെ അനുസ്​മരിപ്പിച്ച ശാന്തമായ ആ മുഖം കണ്ടു. ഓർമകളുടെ 15 വർഷം പിന്നിട്ടിട്ടും ആ പ്രശാന്തി ഇന്നും എന്നെ വിടാതെ പിന്തുടരുന്നു.

മാഷി​ന്റെ സാഹിത്യ-രാഷ്ട്രീയ അവലോകനങ്ങളിലും നിലപാടുകളിലും േഫ്രായ്ഡിയൻ മനഃശ്ശാസ്​ത്ര സംജ്ഞകളുടെ ഒരു നിഴലുണ്ട്. സദ്യയിൽ വാരിവലിച്ച് ആർത്തിയോടെ ഉണ്ണുന്ന സമ്പന്നൻ നമ്മോട് പറയുന്നത് അയാൾ പിന്നിട്ട വിശപ്പി​ന്റെ ബാല്യത്തെക്കുറിച്ചാണെന്ന വാചകം. ഉണർത്തുപാട്ടുകളിൽ ഉണരേണ്ടവർ ഉറക്കുപാട്ടിൽ ലയിച്ച് കണ്ണുംപൂട്ടി ഉറങ്ങുന്നു എന്ന മറ്റൊരു വാചകം.

ശരീര കാമനകളുടെയും ആസകതികളുടെയും അനുഭൂതികളുടെയും ഭൂമികയായ േഫ്രായ്ഡിസത്തി​ന്റെ വിളനിലങ്ങൾ തന്നെയാണ് മാഷി​ന്റെ ചിന്തയുടെ പത്തായപ്പുരകളായി വർത്തിച്ചത് എന്ന് കാണാൻ കഴിയും. േഫ്രായ്ഡിസത്തിൽനിന്ന് മാർക്സിസത്തിന്റെയും വർഗസമരത്തിന്റെയും കനലുകളെരിയുന്ന രാഷ്ട്രീയ ഭൂമികയിലേക്ക് സ്വയം വെട്ടിത്തീർത്ത പെരുമ്പാതയാണ് എം.എൻ. വിജയനെന്ന സാമൂഹിക മനുഷ്യേന്റെയും ഒരിക്കലും അണയാത്ത ആ കാരുണ്യത്തിന്റെയും ചിതലരിക്കാത്ത കാതലായി പരിണമിച്ചതെന്ന് നിരീക്ഷിക്കേണ്ടതുണ്ട്.

ആസ്​േട്രലിയൻ ആദിവാസികൾ ഉപയോഗിക്കുന്ന ബൂമറാങ് എന്ന ആയുധം മാഷ് എപ്പോഴും ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയ രൂപകമാണ്. ശത്രുവിനുനേരെ എറിയുന്ന ബൂമറാങ് ലക്ഷ്യംതെറ്റിയാൽ ഉപയോഗിക്കുന്ന ആളിനുനേരെയാണ് പറന്നെത്തുക. ശത്രുവിനുനേരെയുള്ള ലക്ഷ്യം പിഴക്കുമ്പോൾ നിങ്ങൾ ശത്രുവർഗത്തി​ന്റെ മൂർത്തസ്വഭാവങ്ങളുള്ള ഒരാളായി പരിണമിക്കുന്നു എന്നാണ് സംജ്ഞ.

എല്ലാം വിളയിക്കാനും വിളഞ്ഞത് കടത്താനുമുള്ള ചളിവയലായി നാമും നമ്മുടെ ഭൂമിയും മാറിക്കഴിഞ്ഞു എന്നായിരുന്നു മാഷ് എത്തിയ രാഷ്ട്രീയബോധ്യങ്ങളിലൊന്ന്. കാലം മാറിയെന്നുള്ളത് ഒരു വിശ്വാസം മാത്രമാണെന്നാണ് മാഷ് പറയുക. കാരണം, ഓരോ കാലത്തെയും അതി​ന്റെ എല്ലാ മേഖലകളിലും തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ആധുനിക മുതലാളിത്തത്തി​ന്റെ സംഭരണശാലകളിൽ നിഗൂഢങ്ങളായ ആയുധങ്ങളുണ്ട് എന്ന് മാഷ് ചൂണ്ടിക്കാണിച്ചു.


നമ്മുടെ സംസ്​ഥാനത്ത് ഇടതു സർക്കാറുകൾ ആവേശത്തോടെ പുണർന്ന ഡി.പി.ഇ.പിയും സാക്ഷരതാ പദ്ധതിയും ജനകീയാസൂത്രണവും തങ്ങളുടെ 'കടത്തൽ' നിർബാധം തുടരാനുള്ള കളമൊരുക്കുന്നതിനുള്ള ആധുനിക മുതലാളിത്തത്തി​ന്റെ പരീക്ഷണങ്ങളുടെ വാർപ്പുമാതൃകകളായി മാഷ് തിരിച്ചറിഞ്ഞു. ബലികൂടീരങ്ങളിലെ രകതച്ചാലുകളിലൂടെ ജനതയുടെ ഹൃദയതീരത്ത് ഇടംപിടിച്ച വിപ്ലവ പ്രസ്​ഥാനത്തി​ന്റെ അമരക്കാർ ഈ വാർപ്പുമാതൃകകളുടെ നടത്തിപ്പുകാരും പ്രചാരകരുമായി അറിഞ്ഞോ അറിയാതെയോ പരിണമിച്ചപ്പോൾ 'വിപ്ലവത്തി​ന്റെ ചക്രവാളങ്ങൾ ഇപ്പോൾ മൂകമാണ്'എന്ന് മാഷ് കുറിച്ചിട്ടു.

രണ്ടായിരത്തി​ന്റെ മധ്യത്തിലെഴുതിയ 'എം.എൻ. വിജയ​ന്റെ ഡയറി' എന്ന പംക്തിയിലെ വരികൾ നോക്കുക. ''വിപ്ലവം വിദൂരസ്​ഥമായ ഒരു സ്വപ്നമായിരിക്കുന്നു. ആകാശം അതി​ന്റെ നീലിമയിൽ സ്വാസ്​ഥ്യം കണ്ടെത്തിക്കഴിഞ്ഞു. ചക്രവാളത്തിലിപ്പോൾ മേഘഗർജനങ്ങളില്ല. ഇക്കിളികളുടെ ആസക്തമായ ചിരികൾ വിപ്ലവത്തി​ന്റെ വിളറിയ മിന്നൽത്തലപ്പുകളായി നിങ്ങൾക്കുവേണമെങ്കിൽ ദർശിക്കാം. വിപ്ലവകാരികളുടെ രാഷ്ട്രീയഭൂമിക ചെറുപ്പക്കാരിടുന്ന കോട്ടൺ ബനിയനുകളിലെ ചെഗുവേരപ്രിൻ്റുകൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു.''

മാഷി​ന്റെ രാഷ്ട്രീയബോധ്യങ്ങളിലേക്ക് അരിച്ചിറങ്ങുന്ന നിരാശയുടെ വിലാപങ്ങളാണിതെന്ന് വിമർശിക്കുന്നവരുണ്ട്. പക്ഷേ, യാഥാർഥക്കാഴ്ചകളിലേക്കു തുറന്നുപിടിച്ച രാഷ്ട്രീയഭൂമികയിലെ കിളിവാതിലുകളായിരുന്നു എം.എൻ. വിജയൻ ദർശനമെന്ന് കാലം നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ആഗോളീകരണത്തിലൂടെ തുറന്നുവിട്ട പണത്തി​ന്റെ അളക്കാനാകാത്ത ഒഴുക്ക് രാഷ്ട്രീയ അശ്ലീലങ്ങളുടെ തുടക്കമായി മാഷ് കണ്ടു. പണം നിങ്ങളുടെ ബുദ്ധിയെയും ഹൃദയത്തെയും ഒരുപോലെ മെരുക്കും. നിങ്ങളുടെ തലയിലെ രാഷ്ട്രീയത്തെ അത് തൂത്തുമാറ്റുകയും പരുന്ത് പറക്കാത്ത മറ്റൊരു ധാർമികതയിലേക്ക് അത് നിങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും. നിങ്ങളുടെ നേതാക്കന്മാരുടെ ആർത്തികളുടെ, ആസക്തികളുടെ ഇടങ്ങഴികളിലേക്ക് ചൊരിയുന്ന പണത്തി​ന്റെ അവസാനിക്കാത്ത ഇക്കിളി അവരെ വിശ്വാസഘാതകരും ഒറ്റുകാരുമാക്കി മാറ്റിത്തീർക്കും. നമ്മുടെ വിപ്ലവപ്രസ്​ഥാനങ്ങൾ ആഗോള മുതലാളിത്തത്തി​ന്റെ നടത്തിപ്പുകാരായി സംക്രമിക്കുന്ന കാലം വന്നെത്തിക്കഴിഞ്ഞു.

കേരളത്തിലെ ഇടതുഭരണത്തിൽ സ്വർണക്കടത്തി​ന്റെയും കൺസൽട്ടൻസി രാജിന്റെയും കോഴയുടെയും അശ്ലീലക്കാഴ്ചകൾ മറനീക്കി സംഘനൃത്തം ചെയ്യുന്ന ദിനരാത്രങ്ങൾ എം.എൻ. വിജയ​ന്റെ രാഷ്ട്രീയ ഉൾക്കാഴ്ചയുടെ പൊരുളിനെപ്പറ്റി നമുക്ക് പറഞ്ഞുതരുന്നു. വാസ്​തവത്തിൽ ആരാണ് നമ്മെ ഭരിക്കുന്നതെന്ന ചോദ്യം ആധുനിക കേരളത്തെ നിർമിച്ചെടുക്കാൻ വേണ്ടി ജീവൻവെടിഞ്ഞ മനുഷ്യരുടെ ബലികുടീരങ്ങളിൽനിന്നുയരുന്നത് വേണമെങ്കിൽ കാതുള്ളവർക്ക് കേൾക്കാം.

വിജയൻ മാഷും മാർക്സിസവും

പ്രഫ. എം.എൻ. വിജയൻ ഒരു മാർക്സിസ്റ്റ് അല്ലെന്നും അദ്ദേഹം ഒരു േഫ്രായ്ഡിയൻ മാത്രമാണെന്നും ചില മാർക്സിസ്റ്റ് ധൈഷണികന്മാരും വിമർശകരും അഭിപ്രായപ്പെടുന്നു. അധ്യാപകനും കവിയുമായ കൽപറ്റ നാരായണൻ വിജയൻ മാഷ് പ്രഭാഷണങ്ങളിൽ ഉപയോഗിക്കുന്ന 'ഞങ്ങൾ' എന്ന സംജ്ഞ േഫ്രായ്ഡിയൻമാർ എന്ന അർഥത്തിലാണെന്ന് സൂചിപ്പിച്ചു കണ്ടു. ചില വിമർശകരാകട്ടെ, മാഷി​ന്റെ ചില പ്രസ്​താവനകളുടെ പശ്ചാത്തലത്തിൽ എം.എൻ. വിജയൻ ഒരു കടുത്ത സ്റ്റാലിനിസ്റ്റാണെന്ന് യാതൊരു സംശയവുമില്ലാതെ സ്​ഥാപിക്കുകയും ചെയ്യുന്നുണ്ട്.

ഒരിക്കൽപോലും ഒരു മാർക്സിസ്റ്റാണെന്ന് അവകാശപ്പടാതെയാണ് വിജയൻ മാഷ് ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുകയും പ്രബലരായ ഇടതുപക്ഷ സൈദ്ധാന്തികരുടെ ബോധ്യങ്ങളെ പലപ്പോഴും കടപുഴക്കുകയും ചെയ്തത് എന്നത് പലപ്പോഴും ഒരു വൈരുധ്യമാണ്. വാസ്​തവത്തിൽ മാർക്സിസ്റ്റാണോ എന്ന ചോദ്യത്തെ അർഥഗർഭമായ ഒരു പുഞ്ചിരികൊണ്ടാണ് മാഷ് പലപ്പോഴും നേരിട്ടത്.

1930ൽ, ഒരിക്കൽപോലും കൊടുങ്ങല്ലൂർ ഭരണിക്ക് കോഴിയെ അറുക്കാത്ത ഒരു വീട്ടിൽ പുരോഗമനകാരിയായ പതിയാശ്ശേരിൽ നാരായണ മേനോേൻ്റയും കൊച്ചമ്മു അമ്മയുടെയും മകനായാണ് മാഷി​ന്റെ പിറവി. കൊടുങ്ങല്ലൂർ ബോയ്സ്​ ഹൈസ്​കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥി കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ. രാം മനോഹർ ലോഹ്യയുടേയും ജയപ്രകാശ് നാരായണന്റെയും വിചാരലോകവുമായി സ്​കൂൾ പഠനകാലത്തുതന്നെ മാഷ് ബന്ധത്തിലാകുന്നുണ്ട്. ആനാപ്പുഴയിലെ കെ.പി. കറുപ്പൻ സ്​മാരക വായനശാലയിൽനിന്ന് വായിച്ചുതീർത്ത മത-ആത്മീയ ഗ്രന്ഥങ്ങൾ സ്​കൂൾ പരീക്ഷ കഴിഞ്ഞ മാഷിനെ സന്യാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആഗമാനന്ദ സ്വാമികളുമായി മാഷിന് നേരത്തേ കത്തുവഴി പരിചയമുണ്ടായിരുന്നു. കാലടി ശ്രീകൃഷ്ണാശ്രമത്തിൽ മാഷ് കുറച്ചുനാൾ സന്യാസ ജീവിതത്തിലൂടെ കടന്നുപോയി. സന്യാസംകൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ എന്ന ചോദ്യത്തിന് സന്യാസം നിങ്ങളെ വളരെയെളുപ്പത്തിൽ ഒരു യുകതിവാദിയാക്കി മാറ്റുമെന്നായിരുന്നു പൊട്ടിച്ചിരിയോടെയുള്ള മറുപടി.

1960കളിലാണ് തലശ്ശേരി ബ്രണ്ണൻ കോളജിൽ അധ്യാപകനായി മാഷ് കണ്ണൂരിലെത്തുന്നത്. മാഷി​ന്റെ രാഷ്ട്രീയ-സാംസ്​കാരിക ജീവിതം അതി​ന്റെ പൂർണതയിലേക്ക് ചരിക്കുന്നത് കണ്ണൂർ ജീവിതത്തിലൂടെയാണ്. 1960കളിലെ കണ്ണൂരാണ്. ആ നാടി​ന്റെ ഗ്രാമീണ ജീവിതത്തി​ന്റെ നിഷ്കളങ്കതയും ചാരുതയും ലോകത്ത് ഒരിടത്തുനിന്നും നിങ്ങൾക്ക് എത്തിപ്പിടിക്കാനാകില്ല എന്നാണ് മാഷ് പറയുക. ജീവിതസായാഹ്നത്തിൽ കൊടുങ്ങല്ലൂരിൽ ചെലവഴിച്ച അവസാന 10 വർഷങ്ങളിൽ കണ്ണൂരി​ന്റെ സ്​നേഹത്തെക്കുറിച്ച് പറയാതെ മാഷി​ന്റെ ഒരുദിവസംപോലും കടന്നുപോയിട്ടില്ല.

തലശ്ശേരി സാഹിത്യസമിതിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരി​ന്റെ ഓരോ മുക്കിലും മൂലയിലും മാഷ് സഞ്ചരിച്ചു. കണ്ണൂരിലെ സൗഹൃദങ്ങളുടെ ഈഷ്മളതയിൽ മുങ്ങിനിവർന്ന അക്കാലത്താണ് ഒരു നാടി​ന്റെ സാമൂഹിക ഘടനയിൽ കമ്യൂണിസ്റ്റ് പാർട്ടി അവശേഷിപ്പിച്ച മാനവികതയുടെ ഈടും പാവും അതി​ന്റെ എല്ലാ സൂക്ഷ്മതയോടെയും മാഷ് കണ്ടെടുക്കുന്നത്. ഒരു സംഘടനയുടെയും ആശയത്തിന്റെയും നന്മകൾ മനുഷ്യരുടെ നന്മകളായി മാറിത്തീരുന്ന രാസപ്രവർത്തനത്തി​ന്റെ ആഭിചാരത്തിലാണ് സി.പി.എമ്മി​ന്റെ വാക്കും ശബ്ദവുമായി എം.എൻ. വിജയൻ വെളിച്ചപ്പെടുന്നത്. കൊടുങ്ങല്ലൂരിലെ കരുണയിലിരുന്ന് കണ്ണൂരിലെ തെയ്യങ്ങളെക്കുറിച്ചും കുറുക്കന്മാരെക്കുറിച്ചും മാഷ് എത്രയോ പറഞ്ഞിട്ടുണ്ട്. മാഷിനെ സംബന്ധിച്ചിടത്തോളം എത്ര പറഞ്ഞാലും മതിവരാത്ത സമ്മോഹനക്കാഴ്ചകളുടെയും അനുഭവങ്ങളുടെയും ഞാറ്റുനിലമായിരുന്നു കണ്ണൂർ. പാർട്ടിയുടെയും സംഘടനയുടെയും സാമൂഹിക പ്രയോഗങ്ങൾ അതി​ന്റെ എല്ലാ അർഥത്തിലും മാഷ് സ്വാംശീകരിച്ചു. ദൈനംദിന രാഷ്ട്രീയത്തിൽ സി.പി.എം നേരിട്ട അത്യഗാധമായ പ്രതിസന്ധികൾ എം.എൻ. വിജയ​ന്റെ ശിരസ്സിൽ കാൽവെച്ച് പാർട്ടി മറികടന്നിട്ടുണ്ട്. പക്ഷേ, അസാധാരണവും തീക്ഷ്ണവുമായ മാഷി​ന്റെ ഉള്ളിലെ ഈ പ്രതിബദ്ധതയുടെ മതിൽക്കെട്ടുകൾക്ക് തൊണ്ണൂറുകളുടെ ഒടുവിലെത്തുമ്പോൾ വിള്ളൽ വീണുതുടങ്ങിയിരുന്നു. ത​ന്റെ രാഷ്ട്രീയാന്വേഷണങ്ങളും പഠനങ്ങളും അനുഭവങ്ങളും പാർട്ടിയും ജനങ്ങളും തമ്മിൽ അനുദിനം രൂപംകൊള്ളുന്ന വൈരുധ്യങ്ങളെ അദ്ദേഹത്തിനുമുന്നിൽ ദൃശ്യമാക്കി. മാർക്സിസത്തി​ന്റെ സർഗാത്മകതയും മാനവികതയും സംഘടനയുടെ യാന്ത്രിക പ്രയോഗങ്ങളിൽ വന്ധ്യമായിത്തീരുന്നുവെന്നും പാർട്ടി നേതാക്കൾ ആധുനിക മുതലാളിത്തത്തിന്റെയും ആഗോളീകരണത്തിന്റെയും നടത്തിപ്പുകാരായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ എം.എൻ. വിജയനാണ് 1998ൽ കൊടുങ്ങല്ലൂരിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നത്. അതാകട്ടെ, ഒരു കലാപകാരിയുടെയും ദാർശനികന്റെയും വേദനാജനകമായ മടക്കമായിരുന്നു. പുറത്തുയരുന്ന മടക്കത്തി​ന്റെ മുഴക്കങ്ങളിൽ ഉറക്കം നഷ്​ടപ്പെട്ടുകഴിഞ്ഞ ഒരാളായി മാറിക്കൊണ്ടാണ് സ്വന്തം വീട്ടിലേക്കുള്ള ആ വരവ്.

മാർക്സിസത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്​കാരിക പഠനങ്ങളിൽ വിജയൻ മാഷ് ഒരായുധമായി എപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. മാർക്സിസംകൊണ്ട് ഒരു കൃതിയെ, ഒരാത്മകഥയെ, ഒരു കവിതയെ നിങ്ങൾക്ക് അളക്കാൻ കഴിയും. ഒരു സാംസ്​കാരിക പ്രയോഗത്തെയും സാംസ്​കാരിക ചലനത്തെയും നിങ്ങൾക്ക് അതുകൊണ്ട് വിവക്ഷിക്കാം. തൊണ്ണൂറുകൾ മുതൽ പതുക്കെപ്പതുക്കെ പ്രത്യക്ഷമായി വലത്തോട്ട് ചരിയുകയും ചുവടുവെക്കുകയും ചെയ്ത സി.പി.എമ്മിനെ വർഗസമരത്തിന്റെയും വിപ്ലവത്തിന്റെയും ആശയങ്ങളുടെ ചുരികത്തലപ്പുകൊണ്ടാണ് മാഷ് നേരിട്ടത്. അകത്തുനിന്നും പുറത്തുനിന്നും മാഷ് അത് നിർവഹിച്ചു. ആ ചുരികത്തലപ്പിൽനിന്നും പുറപ്പെട്ട് ഇനിയും നിശ്ചലമാകാത്ത കൊടുങ്കാറ്റുകൾ സി.പി.എം രാഷ്ട്രീയത്തെ ഇന്നും കലുഷമാക്കുന്നുണ്ട്.

തൊണ്ണൂറുകളിൽ നിരന്തരമായി നടത്തിയ ആയിരക്കണക്കിന് മുതലാളിത്ത വിരുദ്ധ പ്രഭാഷണങ്ങൾ മാഷ് നിർമിച്ചെടുത്തത് വർഗസമരത്തി​ന്റെ വെന്തുപൊള്ളിയ ഇഷ്​ടികകൾ ചേർത്തുവെച്ചായിരുന്നു. ഫാഷിസം മുതലാളിത്തത്തി​ന്റെ ഉപോൽപന്നമാണെന്ന് ചരിത്രത്തെ നിരന്തരമായി കടഞ്ഞുകൊണ്ട് മാഷ് സ്​ഥാപിച്ചു. എം.എൻ. വിജയ​ന്റെ മുതലാളിത്തവിരുദ്ധ പ്രഭാഷണങ്ങൾ ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷണങ്ങളായി പരിണമിക്കുന്നത് അങ്ങനെയാണ്.

നിങ്ങൾക്ക് ഒരാളെ കൊല്ലണമെങ്കിൽ കൃത്യമായ അളവിൽ വിഷം നൽകണം. നിങ്ങൾ വർഗസമരത്തിൽ വെള്ളം ചേർക്കുമ്പോൾ, വർഗരാഷ്ട്രീയത്തിൽനിന്ന് പിറകോട്ട് പോകുമ്പോൾ മുതലാളിത്തം വിഷകന്യകയായിത്തീരുന്നുവെന്ന്, നിങ്ങൾ നൽകുന്ന വിഷം അതിന് രുചികരമായ പാനീയമായിത്തീരുന്നുവെന്ന് മാഷ് എപ്പോഴും ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. വർഗരാഷ്ട്രീയത്തെയും വിപ്ലവ സ്വപ്നങ്ങളെയും കൈയൊഴിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് എം.എൻ. വിജയൻ പുരക്ക് മീതെ ചാഞ്ഞ മരമായി മാറുന്നത് അങ്ങനെയാണ്. ആദ്യം അസ്തിവാരം തകർക്കുകയാണെങ്കിൽ മേൽക്കൂര വീണ് നിങ്ങൾ ചത്തുപോകുമെന്ന് മാഷ് മുന്നറിയിപ്പുകൾ നൽകിക്കൊണ്ടേയിരുന്നു.

സ്റ്റാലിനിസ്റ്റ് എന്ന വിശേഷണം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് ഒരിക്കൽ ഓർമിപ്പിച്ചു. കിഴക്കോട്ട് അഭിമുഖമായ 'കരുണ'യുടെ ഇറയത്ത് ചാരുകസേരയിലിരുന്ന് മാഷ് എന്നെ സ്​നേഹത്തോടെ നോക്കി. പാപ്പിനിശ്ശേരിയിലെ സ്​നേക്ക്പാർക്കിന് തീ കൊടുത്തത് ന്യായീകരിച്ചതാണ് എ​ന്റെ മനസ്സിലെന്ന് മാഷ് ഉറപ്പിച്ചു. ''അതൊരു േഫ്രായ്ഡിയൻ അനാലിസിസ്​ ആണ്. ഒരു പ്രക്ഷോഭത്തിൽ അഞ്ചു പേർ മരിക്കുന്നു. ഒരാൾക്ക് മാരകമായ വെടിയേൽക്കുന്നു. അതിൽ ക്ഷോഭവും രോഷവുമുണ്ട്. അതൊരു അഗ്രസിവ് എനർജിയാണ്. അത് മനുഷ്യന് നേരെയാകാതെ മൃഗങ്ങൾക്ക് നേരെയായി എന്നാണ് പറഞ്ഞത്. ഒരിക്കൽപോലും പാപ്പിനിശ്ശേരി സ്​നേക്ക്പാർക്ക് തീ കൊടുത്തതിനെ, മൃഗങ്ങളെ ചുട്ടുകൊന്നതിനെ ന്യായീകരിച്ചിട്ടില്ല.'' വാക്കുകൾ നിർത്തി മാഷ് കിഴക്കോട്ട് കണ്ണുനട്ടിരുന്നു.

സ്റ്റാലിനിസ്റ്റ് എന്ന വാക്കിന് നിഷ്ഠുരൻ എന്നർഥമുണ്ടോ എന്നറിയില്ല എന്നാണ് മാഷ് പറഞ്ഞത്. സ്റ്റാലിൻ ജീവിതാന്ത്യം വരെ ലളിതമായിട്ടാണ് ജീവിച്ചത്. പരുക്കനും ഏകാന്തനുമായ ഒരു മനുഷ്യനായിരുന്നില്ല അദ്ദേഹം. നാട്ടുകാരും സഖാക്കളുമായി ഈഷ്മളമായ സൗഹൃദം അദ്ദേഹം സൂക്ഷിച്ചു. അദ്ദേഹത്തി​ന്റെ ദീർഘവീക്ഷണവും സംഘാടനവും പ്രതിബദ്ധതയുമാണ് ഹിറ്റ്​ലറിൽനിന്ന്, ഫാഷിസത്തിൽനിന്ന് ലോകത്തെ രക്ഷിച്ചത്. പ​േക്ഷ, നാസികളുടെ ഓഷ്വിറ്റ്സ്​ ക്യാമ്പിനെപ്പറ്റി വേദനയോടെ പറയുമ്പോൾ സൈബീരിയയിലെ കൊടുംശൈത്യമുറഞ്ഞ ജയിലുകളെ നിങ്ങൾ മറന്നുപോകരുത്. സോഷ്യലിസത്തിന് ആ തടവറകൾ ഒരിക്കൽപോലും അനിവാര്യമായിരുന്നില്ല. അതൊരു വഴിതെറ്റലാണ്. സംഘടന യന്ത്രമാകുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ അപകടം. അത് സ്വേച്ഛാധിപത്യത്തിലേക്കും ഫാഷിസത്തിലേക്കുമുള്ള വഴിയാണ്. പിൽക്കാലത്ത് സോവിയറ്റ് യൂനിയ​ന്റെ തകർച്ചക്ക് കാരണമായ വഴി. ഒരു കുട്ടിക്ക് മധുരം നൽകിയതിനുശേഷം അവനെ പിച്ചി മുറിവേൽപിച്ചാൽ അവൻ വേദനയെക്കുറിച്ചാണ് പറയുക. കഴിച്ചമധുരം കുട്ടി മറന്നുപോകും. ചരിത്രത്തിന് മുറിവുകളെ താലോലിക്കാനുള്ള കനത്ത പ്രവണതയുണ്ട്.

സി.പി.എമ്മിൽ ആന്തരിക സംഘർഷങ്ങൾ ഉച്ചസ്​ഥായിയിലേക്ക് പടർന്നുകൊണ്ടിരുന്ന സന്ദർഭത്തിൽ പുതിയൊരു കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യം മാഷിനു മുന്നിൽ ഉയർത്തിയിരുന്നു. തീർച്ചയായും ഇല്ല എന്നായിരുന്നു മറുപടി. വിപ്ലവസജ്ജമായ, യുദ്ധസമാനമായ സാഹചര്യത്തിൽ രൂപപ്പെടുത്തിയ ബോൾഷെവിക് സംഘടനാ തത്ത്വങ്ങൾക്ക് ജനാധിപത്യത്തിൽ ഒരു പ്രസക്തിയുമില്ല. പട്ടാളത്തിൽനിന്ന് തിരിച്ചുവന്ന് നിങ്ങൾ വീട്ടിൽ പട്ടാളക്കാരനായാൽ ഭാര്യയും മക്കളും നിങ്ങളെ വെറുക്കും. നിങ്ങൾക്ക് വേണമെങ്കിൽ ഏറ്റവും കുറഞ്ഞത് പട്ടാളക്കഥകൾ പറഞ്ഞ് അവരെ മുഷിപ്പിക്കാം. പ​േക്ഷ, പട്ടാളനിയമങ്ങൾ അരുത്.

''അപ്പോൾ പുതിയൊരു പാർട്ടി ആവശ്യമില്ല എന്നാണോ?''

''വേണമെങ്കിൽ പ്രസ്​ഥാനമാകാം.''

''മാഷി​ന്റെ അനുഭവങ്ങളുടെ അടിസ്​ഥാനത്തിലാണോ ഈ കാഴ്ചപ്പാടിലേക്കെത്തിയത്?''

കരുണയുടെ പൂമുഖത്ത് അപ്പോൾ സ്വതസിദ്ധമായ ആ പൊട്ടിച്ചിരി ഉയർന്നു

വി.എസും വിജയൻ മാഷും

വി.എസ്​. അച്യുതാനന്ദനും വിജയൻ മാഷുമായുമുള്ള ബന്ധം രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ഏറെ ചർച്ചക്ക് വിധേയമായിട്ടുള്ള ഒന്നാണ്. സി.പി.എം വിഭാഗീയതയിൽ വി.എസിന് അനുകൂലമായി വിജയൻ മാഷ് നിരന്തരമായി ഇടപെട്ടുവെന്നും അദ്ദേഹത്തിന് അനുകൂലമായ രാഷ്ട്രീയാന്തരീക്ഷം പാർട്ടിയിൽ സംജാതമാക്കാൻ മാഷ് ബോധപൂർവം ശ്രമിച്ചുവെന്നുമായിരുന്നു പാർട്ടിയിലെ വി.എസ്​ വിരുദ്ധ പക്ഷത്തി​ന്റെ ആരോപണം. മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച് 'മാതൃഭൂമി ദിനപത്ര'ത്തിൽ 'അരവും കത്തിയും' എന്ന തലക്കെട്ടിൽ വിജയൻ മാഷി​ന്റെ ലേഖനം വരുന്നു. തലനാരിഴക്ക് മലപ്പുറത്ത് വിജയം കൈവിട്ട വി.എസിനുവേണ്ടി എഴുതപ്പെട്ടതാണ് ആ ലേഖനമെന്നായിരുന്നു ആരോപണം.

സി.പി.എമ്മിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും സംഭവിച്ച ലാവാപ്രവാഹങ്ങളെ സൂക്ഷ്മ പരിശോധന നടത്തുന്ന ഒരാൾക്ക് വി.എസിനുവേണ്ട രാഷ്ട്രീയപരിസരങ്ങളെ വിജയൻ മാഷ് ബോധപൂർവം നിർമിച്ചെടുക്കുകയായിരുന്നില്ല എന്ന് കാണാൻ കഴിയും. മാഷിന്റേത് വളരെ സ്വാഭാവികമായ, അദ്ദേഹത്തി​ന്റെ ബോധ്യങ്ങളോട് ചേർന്നുനിൽക്കുന്ന നിലപാടുകളായിരുന്നു. പാർട്ടിയുടെ പാലക്കാട്ട് സമ്മേളനത്തിൽ നടന്നത് കനത്ത ഒരട്ടിമറിയായിരുന്നുവെന്ന് മാഷ് വിശ്വസിച്ചു. പാർട്ടി ഹൃദയപൂർവം മാറോടണച്ച ഡി.പി.ഇ.പിയും സാക്ഷരതാ പദ്ധതിയും സാമ്രാജ്യത്വ പദ്ധതികളായിട്ടാണ് മാഷ് നിരീക്ഷിച്ചത്. കേരളമെങ്ങും കൊട്ടിഘോഷിക്കുകയും ഇ.എം.എസി​ന്റെ പദ്ധതിയായി അവതരിപ്പിക്കുകയും ചെയ്ത ജനകീയാസൂത്രണത്തെ വർഗസമരരാഷ്ട്രീയത്തെ അഴുക്കുചാലിൽ തള്ളാനുള്ള നിഗൂഢ ആക്രമണമായി മാഷ് കണ്ടു. എം.പി. പരമേശ്വരൻ നാലാംലോക സിദ്ധാന്തം അവതരിപ്പിച്ചപ്പോൾ അതൊരു വഴിതെറ്റലായി മാഷ് വിലയിരുത്തി. സി.പി.എമ്മി​ന്റെ രാഷ്ട്രീയം ആധുനിക മുതലാളിത്തത്തി​ന്റെ നിഗൂഢബൗദ്ധികശാലകൾ വ്യായാമത്തിനുപയോഗിക്കുന്ന കളിപ്പന്തായി മാറിക്കഴിഞ്ഞു എന്ന തിരിച്ചറിവിലാണ് സി.പി.എമ്മിന് അകത്തുനിന്നുകൊണ്ട് നിങ്ങൾക്കിനി ഒന്നും ചെയ്യാനാകില്ല എന്നും പാർട്ടിയുടെ പൽചക്രങ്ങൾ മുതലാളിത്തത്തി​ന്റെ എൻജിനീയർമാർ വലത്തോട്ട് മാത്രം തിരിയുന്ന ഒന്നാക്കി പരിവർത്തനപ്പെടുത്തിയെന്നും മാഷ് പ്രഖ്യാപിക്കുന്നത്.

എം.​എ​ൻ. വി​ജ​യ​ൻ വി.എസ്. അച്യുതാനന്ദന് എഴുതിയ കത്ത്

വിജയൻ മാഷി​ന്റെ ഈ നിലപാടുകളോട് ആദ്യകാല വി.എസിന് ആഭിമുഖ്യമുണ്ടായിരുന്നില്ല എന്നാണ് വിശ്വസിക്കേണ്ടത്. പാലക്കാടൻ സമ്മേളനത്തിൽ ഒരു മേഘവിസ്​ഫോടനം പോലെ പെയ്തൊഴിഞ്ഞ പെരുമഴയാകട്ടെ പാർട്ടിയിലെ വി.എസിന്റെ കോട്ടകൊത്തളങ്ങളെ കൂടുതൽ ഉറപ്പുള്ളതാക്കിത്തീർക്കുകയായിരുന്നു. വിദ്യാഭ്യാസ-സാക്ഷരത പദ്ധതികളെ വി.എസ്​ പാർട്ടിയിൽ എതിർത്തതായി അറിവില്ല. ജനകീയാസൂത്രണമാകട്ടെ, വി.എസി​ന്റെ മുൻകൈയിൽ നടപ്പാക്കപ്പട്ട ഒരു രാഷ്ട്രീയപ്രയോഗമായിട്ടാണ് വിളംബരപ്പട്ടത്.

2001 മുതൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ വി.എസ്​ അച്യുതാനന്ദന് സംഭവിക്കുന്ന ആന്തരിക പരിവർത്തനം സംസ്​ഥാനത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ അതിനിർണായകമായൊരു വഴിത്തിരിവായിരുന്നു. ജനങ്ങളുമായും അവരുടെ വേദനകളുമായും സംവദിച്ചുകൊണ്ട് ആ ദിനങ്ങളിൽ വി.എസ്​ കേരളമെമ്പാടും സഞ്ചരിച്ചു. അദ്ദേഹത്തി​ന്റെ യാത്രകളിൽ സമരകേന്ദ്രങ്ങൾ തുറക്കപ്പെട്ടു. സ്​ത്രീ, പരിസ്​ഥിതി, തൊഴിലാളി വിഷയങ്ങൾ മുതൽ കമ്യൂണിസ്റ്റുകാർ സന്ദേഹിച്ചുനിന്ന മേഖലകളിലൊക്കെ വി.എസ്​ എന്ന മന്ത്രധ്വനി ഉയർന്നു. അതൊരു ഉയിർത്തെഴുന്നേൽക്കലായിരുന്നു. സമരഭാഷ്യങ്ങളുടെ ചുമരുകളിൽ വി.എസ്​ എഴുതിയ നിർവചനങ്ങൾ കനലുകളായി പലരെയും പൊള്ളിച്ചു. നാടി​ന്റെ പഴയകാല സമരപുളകങ്ങളുടെ മിടിപ്പുകളെ ഓർമിപ്പിച്ചുകൊണ്ട് ഒരു ജനത മുഴുവൻ വി.എസ്​ എന്ന കമ്യൂണിസ്റ്റുകാരനെ ഉറ്റുനോക്കിയ കാലമായിരുന്നു അത്. വി.എസ്​, എം.എൻ. വിജയ​ന്റെ രാഷ്ട്രീയതട്ടകത്തിലേക്ക് പ്രവേശിക്കുന്നത് ഈ ഘട്ടത്തിലാകണം. എരിയുന്ന രക്തസൂര്യനെപ്പോലെ യുദ്ധസജ്ജനായി പുന്നപ്ര–വയലാറി​ന്റെ ആ സമരനായകൻ ശിരസ്സുയർത്തി ചരിത്രത്തിലെ പോർമുഖത്ത് നിന്നപ്പോൾ അദ്ദേഹത്തി​ന്റെ അമ്പറയിൽ വർഗസമരത്തി​ന്റെ തീച്ചൂടിൽ എം.എൻ. വിജയൻ മുനകൂർപ്പിച്ചെടുത്ത ആശയങ്ങളുടെ അമ്പുകൾ നിറഞ്ഞിരുന്നു. ലക്ഷ്യം പിഴക്കാതെ അമ്പെയ്യാൻ വി.എസ്സിനുമുന്നിൽ സംഘടനയിൽ കോർപറേറ്റിസത്തി​ന്റെ കണിശത വ്യാപരിപ്പിച്ച പിണറായി വിജയനെന്ന പാർട്ടി സെക്രട്ടറി കരുത്തനായി ഉയർന്നുകഴിഞ്ഞിരുന്നു. വി.എസിനെ ജനങ്ങളുടെ വെളിച്ചപ്പാട് എന്ന് വിജയൻ മാഷ് വിശേഷിപ്പിക്കുന്നത് ഈ സന്ദർഭത്തിലാണ്.

2006ൽ കടൽപോലെ ഇരമ്പിയാർത്ത ജനകീയ ജാഗ്രതയിൽ എല്ലാ ഒതുക്കലുകളെയും പിന്തള്ളി വി.എസ്​ കേരളത്തി​ന്റെ മുഖ്യമന്ത്രിയായി. എന്നാൽ, താനുയർത്തിയ വർഗരാഷ്ട്രീയത്തി​ന്റെ തേർ തെളിച്ച് പൂർണമായും മുന്നോട്ടുചലിക്കാൻ വി.എസ് എന്ന ജനനേതാവിന് അസാധ്യമായിരുന്നു. അദ്ദേഹത്തി​ന്റെ കാലുകൾ പാർട്ടിശാസനങ്ങളുടെ കയറുകൾകൊണ്ട് പലപ്പോഴും ബന്ധിപ്പിക്കപ്പെട്ടു. മൂന്നാർ ദൗത്യം ഒരു സിന്ദൂരച്ചെപ്പുപോലെ വീണുടഞ്ഞ ഓർമയായി. പത്മവ്യൂഹത്തിലെ അഭിമന്യുവിനെപ്പോലെ നിരന്തരമായി വളഞ്ഞിട്ട് അദ്ദേഹം ആക്രമിക്കപ്പെട്ടു. സെക്രട്ടേറിയറ്റി​ന്റെ ഇടനാഴികളിൽ പാർട്ടി ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോകാനാകാതെ നിസ്സഹായനായി നിന്ന വി.എസിനാണ് ''പുറത്തുവരുക, ജനം പുറത്ത് അങ്ങേക്കുവേണ്ടി കാത്തുനിൽക്കുന്നു'' എന്ന് വിജയൻ മാഷ് കത്തെഴുതിയത്. മാഷെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹം പിന്തുടർന്ന രാഷ്ട്രീയത്തി​ന്റെ തുടർച്ചയായിരുന്നു. ആ കത്തിനെ വി.എസ്​ എങ്ങനെ കണ്ടുവെന്ന് അറിയില്ല. പാർട്ടിക്കുള്ളിൽ തുടർന്നുകൊണ്ട് ഇനിയൊന്നും ചെയ്യാനില്ല എന്ന മാഷി​ന്റെ നിലപാട് വി.എസ്​ നിരാകരിക്കുകയായിരുന്നു എന്നുവേണം കരുതാൻ.

2007 ഒക്ടോബർ മൂന്നി​ന്റെ രാത്രിയിൽ കൊടുങ്ങല്ലൂരിലെ കരുണയിൽ വിജയൻ മാഷി​ന്റെ നിശ്ചലമായ ശരീരത്തിനുമുന്നിൽ വി.എസ്​ നനഞ്ഞ കണ്ണുകളോടെ നിന്നു. തിക്കിത്തിരക്കി നിന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ഗദ്ഗദംകൊണ്ട് ഇടറിയ ശബ്ദത്തിൽ എം.എൻ. വിജയനെ വി.എസ്. വിശേഷിപ്പിച്ചത് 'കേരളം കണ്ട മഹാനായ കമ്യൂണിസ്റ്റ്' എന്നാണ്.

ഇ.എം.എസ്​

ഗുരുനിഷേധമെന്നാൽ ഗുരുപൂജയുടെ ഉന്നതരൂപമാണ് എന്ന് പറഞ്ഞത് വിജയൻ മാഷാണ്. ഇ.എം.എസ്​ എന്ന സമാരാധ്യനായ കമ്യൂണിസ്റ്റ് നേതാവിനെ സ്​നേഹാരാധനയോടെയാണ് എക്കാലവും വിജയൻ മാഷ് വീക്ഷിച്ചത്. ഒരു ജനതയുടെ േപ്രാമിത്യൂസ്​ എന്ന വാക്ക് ഇ.എം.എസിനെപ്പറ്റി ഒരു പ്രഭാഷണത്തിൽ വിജയൻ മാഷ് അവതരിപ്പിക്കുന്നുണ്ട്. വ്യക്തിപരമായ എല്ലാ ഇച്ഛകളെയും സാമൂഹികമായ ഇച്ഛകൾക്ക് കീഴ്പ്പെടുത്തിയ സമാനതകളില്ലാത്ത അതുല്യ വ്യക്തത്വമായി എക്കാലവും ഇ.എം.എസിനെ മാഷ് രേഖപ്പെടുത്തി.

എൽ.ഡി.എഫ് ഗവൺ​മെന്റുകളുടെ നേതൃത്വത്തിൽ നടപ്പാക്കിയ സാക്ഷരത, ഡി.പി.ഇ.പി പദ്ധതികളെക്കുറിച്ച് ഇ.എം.എസിന് വ്യത്യസ്​തമായ അഭിപ്രായമുണ്ടായിരുന്നോ എന്നറിയില്ല. ജനകീയാസൂത്രണമാകട്ടെ ഇ.എം.എസി​ന്റെ സ്വന്തം പരിപാടിയായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഒരു കമ്യൂണിസ്റ്റ് സർക്കാർ നടപ്പാക്കുന്ന ഏറ്റവും ജനകീയമായ ജനപക്ഷ വികസന-വികേന്ദ്രീകരണ മാതൃകയായാണ് ജനകീയാസൂത്രണത്തി​ന്റെ വിളംബരം നടന്നത്.

വിജയൻ മാഷ് സാക്ഷരത, ഡി.പി.ഇ.പി പദ്ധതികളെ ഒരു ജനസമൂഹത്തിലെ ഇടതു നൈതികബോധത്തെ മുച്ചൂടും തകർക്കാനായി ഒളിച്ചുകടത്തപ്പെടുന്ന സാമ്രാജ്യത്വ നിഗൂഢ പദ്ധതിയായാണ് രേഖപ്പെടുത്തിയത്. ശാസ്​ത്രസാഹിത്യ പരിഷത്തി​ന്റെ നേതൃത്വത്തിലും ആഭിമുഖ്യത്തിലും നടപ്പാക്കപ്പെട്ട ഈ പദ്ധതികളുടെ പിൽക്കാല അനുഭവങ്ങളെ നിരീക്ഷിച്ചാണ് പരിഷത്ത് കേരളത്തി​ന്റെ ഇടതുരാഷ്ട്രീയ പരിസരങ്ങളിൽ ഒരു നെഗറ്റിവ് കാറ്റലിസ്റ്റ് (നിഷേധാത്മക ഉൾ​േപ്രരകം) ആയാണ് പ്രവർത്തിക്കുന്നതെന്ന് മാഷ് വിലയിരുത്തിയത്. ഡി.പി.ഇ.പിയിലെ ടെക്സ്റ്റ് ബുക്ക് പരിഷ്കരണം ബോധ്യങ്ങളോ കാഴ്ചപ്പാടുകളോ ഇല്ലാത്ത പൊള്ളമനുഷ്യരുടെ തലമുറയെയാണ് ലക്ഷ്യംവെക്കുന്നതെന്ന് മാഷ് ചൂണ്ടിക്കാണിച്ചു. സാക്ഷരതാ പദ്ധതി അക്ഷരം അറിയാത്തവരെ 'അ' എന്നും 'അമ്മ' എന്നും എഴുതാൻ പഠിപ്പിച്ചുകൊണ്ട് അവരെ അരിവാളിലെത്തിക്കുന്ന വിപ്ലവകരമായ രാഷ്ട്രീയ ഉള്ളടക്കത്തിന്റേതാണെന്ന് ചില ഇടതു സൈദ്ധാന്തികർ വരെ ഈറ്റം കൊണ്ടിരുന്നു. വിജയൻ മാഷാകട്ടെ സാക്ഷരതാ പദ്ധതിയെന്നത് 'അ' എന്നും 'അമ്മ' എന്നും എഴുതാൻ പഠിപ്പിക്കുന്ന നിഷ്കളങ്കമായ സാമൂഹികപ്രവർത്തനത്തി​ന്റെ മാർഗരേഖയല്ലെന്നും ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന കടമയിൽനിന്നും പിൻവാങ്ങാൻ സ്റ്റേറ്റിന് വഴിയൊരുക്കുന്ന നിഗൂഢമായൊരു വിധ്വംസക പ്രവർത്തനമാണെന്നുമാണ് നിരീക്ഷിച്ചത്. ലാഭകരമല്ലാത്ത സ്​കൂളുകൾ പൂട്ടണം എന്ന ആശയത്തി​ന്റെ പിറവിക്കും പ്രയോഗത്തിനും മുന്നോടിയായി വർത്തിച്ചത് സാക്ഷരതാ പദ്ധതിയായിരുന്നുവെന്ന് പിൽക്കാലത്ത് തിരിച്ചറിയപ്പെട്ടു.

ജനകീയാസൂത്രണമാകട്ടെ കുറച്ചുകൂടി തുറന്നതും വ്യാപകമായി സമൂഹത്തെ സ്വാധീനിച്ചതുമായ പദ്ധതിയായിരുന്നു. ശാസ്​ത്രസാഹിത്യ പരിഷത്തിലൂടെ കേരളത്തിലേക്ക് കെട്ടിയിറക്കപ്പെട്ട ഈ പദ്ധതിയെ മാഷ് നഖശിഖാന്തം എതിർത്തു. ഇക്കാര്യത്തിൽ ഇ.എം.എസിനെ ചിലർ പച്ചക്ക് പറഞ്ഞുപറ്റിക്കുകയായിരുന്നു എന്നാണ് മാഷ് എഴുതിയത്. അടിത്തട്ടിലുള്ള പാർട്ടി പ്രവർത്തകരെ കോഴ വാങ്ങാൻ പരിശീലിപ്പിക്കുന്ന പരിശീലനക്കളരിയായിരുന്നു ജനകീയാസൂത്രണമെന്ന് മാഷ് പറഞ്ഞു. ഒരു റോഡുണ്ടാക്കുക, ഒരു വീടുണ്ടാക്കുക– വിപ്ലവപ്രവർത്തനമെന്നാൽ ഇവിടെ മറ്റൊന്നായി മാറുന്നു. 'ചാരിറ്റി' വിപ്ലവപ്രവർത്തനത്തി​ന്റെ കൊടിയടയാളമായി കൊണ്ടാടപ്പെടുന്നു. വർഗസമരത്തി​ന്റെ രാഷ്ട്രീയപ്രയോഗത്തിലൂടെ ബോധപൂർവം മാറ്റിത്തീർക്കേണ്ട സാമൂഹിക ഘടനയെ പ്രാദേശികവികസനംകൊണ്ട് സാന്ത്വനിപ്പിച്ച് അതേപടി നിലനിർത്തുക – അതായിരുന്നു ജനകീയാസൂത്രണത്തി​ന്റെ യഥാർഥ ലക്ഷ്യം. കേരളത്തി​ന്റെ വിപ്ലവബോധ്യങ്ങളെ ജനകീയാസൂത്രണം എങ്ങനെയാണ് തകർത്തതെന്ന്, കേരളത്തെ ഒരരാഷ്ട്രീയ സമൂഹമാക്കി എങ്ങനെയാണ് മാറ്റിത്തീർത്തതെന്ന് തിരിച്ചറിയാൻ ജനകീയാസൂത്രണത്തെ പിൽക്കാലാനുഭവങ്ങളുമായി ചേർത്ത് ഹരിക്കണമെന്ന് മാഷ് പറഞ്ഞുകൊണ്ടേയിരുന്നു.

ഇ.എം.എസ്​ ജനകീയാസൂത്രണത്തെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടാണ് കണ്ടത്. അധികാരം കൃത്യമായി വികേന്ദ്രീകരിക്കുന്ന, വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് യഥാർഥ പങ്കാളിത്തം നൽകുന്ന ഒരു ജനകീയ ബദലായി ജനകീയാസൂത്രണം ഇ.എം.എസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. പിൽക്കാലത്ത് ജനകീയാസൂത്രണത്തി​ന്റെ അനുഭവങ്ങളിൽ നിന്ന് അതിനെക്കുറിച്ച് ഇ.എം.എസ്​ സംശയാലുവാകുന്നുണ്ട്. അധികാരവികേന്ദ്രീകരണത്തിൽ ജനകീയാസൂത്രണം വിജയിച്ചിട്ടില്ല എന്ന് ഇ.എം.എസ്​ കണ്ടെത്തുന്നു. 'ദേശാഭിമാനി' ദിനപത്രത്തിൽ ഇ.എം.എസ്​ അവസാന കാലത്ത് എഴുതിയ ലേഖനങ്ങൾ പരിശോധിക്കുമ്പോൾ ജനകീയാസൂത്രണം സംബന്ധിച്ച് വിജയൻ മാഷ് ഉയർത്തിയ വിമർശനങ്ങളെ അദ്ദേഹം സ്വാംശീകരിക്കുന്നതായി കാണാം.

ഇ.എം.എസ്

പുരോഗമന കലാ സാഹിത്യസംഘത്തി​ന്റെ പെരുമ്പാവൂർ രേഖ പുറത്തുനിന്ന് പല ദിക്കുകളിൽനിന്നായി ഒഴുകിയെത്തിയ വർഗേതരമായ ആശയങ്ങളുടെ സംഗമ സ്​ഥാനമാണെന്ന് വിജയൻ മാഷ് കണ്ടെത്തുന്നുണ്ട്. കല എന്നത് കല മാത്രമാണെന്ന പെരുമ്പാവൂർ രേഖയുടെ കൈയൊപ്പിനു മുന്നിൽ കലക്കു പിറകിൽ രാഷ്ട്രീയമുണ്ടെന്നാണ് വിജയൻ മാഷ് കലഹിച്ചത്. ഒരു കലാകാരനിൽനിന്ന്, ഒരെഴുത്തുകാരനിൽനിന്ന് അയാളുടെ രാഷ്ട്രീയത്തെ എടുത്തുമാറ്റുമ്പോൾ അയാൾ നിരുപദ്രവകാരിയായ ഒരാളായി പരിണമിക്കുന്നു. അയാളുടെ ആക്രമണങ്ങളിൽ വ്യവസ്​ഥയുടെ തൂണുകൾക്ക് വിള്ളലേൽക്കുന്നില്ല. മറിച്ച്, കൂട്ടിലടച്ച വന്യമൃഗത്തെപ്പോലെ അയാൾ ചാരുതയുള്ള, ആർക്കും ഭയപ്പെടാനില്ലാത്ത ഒരു സൗന്ദര്യക്കാഴ്ചയായി പരിണമിക്കുന്നു. ഒരു കവിതയ്ക്ക് ഒരു ലോകത്തെ മാറ്റിത്തീർക്കാൻ കഴിയുന്ന ശക്തിയുണ്ടെന്ന് മാഷ് എപ്പോഴും പറഞ്ഞിരുന്നു. അതുകൊണ്ട് നിങ്ങളുടെ കവിതയിലെ രാഷ്ട്രീയത്തെ എടുത്തുമാറ്റുമ്പോൾ ആരെയും ചോദ്യംചെയ്യാത്ത മാൻകുട്ടികളുടെ സമൂഹം പിറക്കുമെന്നും കമ്പോളമെന്ന ദൈവത്തി​ന്റെ ആലയത്തിലേക്ക് അവരെ എളുപ്പത്തിൽ ആട്ടിത്തെളിക്കാമെന്നുമുള്ള നിഗൂഢവ്യാമോഹമാണ് പെരുമ്പാവൂർ രേഖയുടെ യഥാർഥ രാഷ്ട്രീയ ഒസ്യത്തെന്നും മാഷ് വ്യക്തമാക്കി. കലയുടെയും സാഹിത്യത്തി​ന്റെയും പ്രതിരോധാനുഭവങ്ങളുടെ ലോകത്തേക്ക് ഒളിച്ചുകടത്തപ്പെട്ട ഈ രേഖക്കെതിരായ മാഷി​ന്റെ കലാപത്തെ ഇ.എം.എസ്​ പിന്നീട് സ്വാംശീകരിക്കുന്നുണ്ട്. 'ദേശാഭിമാനി' വാരികയിലെ 'ഇ.എം.എസി​ന്റെ ഡയറി' എന്ന ത​ന്റെ പംക്തിയിലൂടെ പെരുമ്പാവൂർ രേഖക്ക് ഇ.എം.എസ്​ നൽകുന്ന തിരുത്ത് വിജയൻ മാഷി​ന്റെ രാഷ്ട്രീയ നിലപാടുകൾ ഇ.എം.എസിനെ സ്വാധീനിച്ചിട്ടുണ്ട് എന്നതി​ന്റെ മൂർത്തമായ തെളിവാണ്.

പാലക്കാട് നടന്ന സി.പി.എമ്മി​ന്റെ സംസ്​ഥാന സമ്മേളനത്തിലും തുടർന്നുള്ള വർഷങ്ങളിലും ഇ.എം.എസി​ന്റെ രാഷ്ട്രീയം നിഷ്ഠുരമായ ചതിപ്രയോഗത്തിന് വിധേയമായതായി മാഷ് നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ ശത്രു നിങ്ങളുടെ വീട്ടിൽ താമസിക്കുന്നുവെങ്കിൽ നിങ്ങളെ ആക്രമിക്കാനെത്തുന്നവർക്ക് അയാൾ പുഞ്ചിരിയോടെ വാതിൽ തുറന്നുകൊടുക്കുമെന്നുറപ്പാണെന്ന് മാഷ് പറഞ്ഞു. വർഗരാഷ്ട്രീയത്തിനുമേൽ മറ്റൊരു രാഷ്ട്രീയത്തി​ന്റെ നിഴൽ വീണിരിക്കുന്നു. ഇ.എം.എസിന് ഇനി പലതും എളുപ്പമാകില്ല –മാഷ് ചൂണ്ടിക്കാട്ടി. 30 വെള്ളിക്കാശിനുവേണ്ടിയാണ് യൂദാസ്​ ക്രിസ്​തുവിനെ ഒറ്റിക്കൊടുത്തത്. 1959ലെ വിമോചന സമരത്തിന് തങ്ങൾ എത്ര ഡോളറാണ് ചെലവഴിച്ചതെന്ന് 30 വർഷങ്ങൾക്കുശേഷമാണ് സി.ഐ.എ വെളിപ്പെടുത്തിയത്. സി.പി.എമ്മി​ന്റെ വർഗ രാഷ്ട്രീയ ഘടനയിലേക്ക് ഒളിച്ചുകടത്തിയ വിഷ രാഷ്ട്രീയത്തി​ന്റെ ഒറ്റുകൂലിയായി തങ്ങൾ എത്ര ഡോളർ നൽകിയെന്ന് വരുംകാലത്ത് സി.ഐ.എ കണിശമായി വെളിപ്പെടുത്തുമെന്ന് നമുക്ക് വിശ്വസിക്കാം. എന്തായാലും സോഷ്യൽ ഡെമോക്രസിയിലേക്ക് സി.പി.എം കുതിച്ചുചാടിയ ആ കാലം ഇ.എം.എസിനും വിജയൻ മാഷിനും ഒരുപോലെ വേദനാജനകമായിരുന്നു.

ഇ.എം.എസി​ന്റെ മരണം വ്യക്തിപരമായി മാഷിന് ഏറ്റ വലിയൊരു ആഘാതമായിരുന്നു. സമൂഹത്തെ നെയ്തുകൊണ്ടിരുന്ന ഒരാൾ പാതിവെച്ച് നെയ്ത്തുശാലയിൽനിന്ന് ഇറങ്ങിപ്പോയിരിക്കുന്നു എന്നായിരുന്നു ആത്മവേദന ത്രസിക്കുന്ന ആ കുറിപ്പ്. ഇ.എം.എസിനെ അനുസ്​മരിപ്പിക്കുന്ന ഒരു വേദിയിൽ മാഷ് തുടങ്ങുന്നത് പടനായകൻ വീണിരിക്കുന്നു എന്ന വാചകത്തിലാണ്. വീണുപോയത് വർഗരാഷ്ട്രീയത്തി​ന്റെ പടനായകനാണെന്ന് മാഷ് പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു.

അവാർഡുകളും നിർവചനങ്ങളും

അവാർഡുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് മാഷ് എഴുതിയിട്ടുണ്ട്. നിങ്ങൾ ഒരപകടകാരിയാണെങ്കിൽ ഒരു അവാർഡ് തന്നുകൊണ്ട് വ്യവസ്​ഥക്ക് നിങ്ങളെ മെരുക്കാൻ കഴിഞ്ഞേക്കും. നിങ്ങൾക്ക് ഒരു കസേര തരുമ്പോൾ, നിങ്ങൾ പറയുന്നത് ഒരുപാട് പേർ അനുസരിക്കുമ്പോൾ കസേര തന്ന ആൾ നിങ്ങൾക്ക് യജമാനനായി പരിണമിക്കും. നിങ്ങൾ യജമാനനെ സ്​തുതിക്കുന്ന, വാഴ്ത്തുപാട്ടുകൾ കെട്ടിയുണ്ടാക്കുന്ന ഒരാളായി വളരെ വേഗത്തിൽ മാറും. നിങ്ങളുടെ കസേര എടുത്തുമാറ്റപ്പെടുമെന്ന ഭീഷണി നിലനിൽക്കുമ്പോൾ, നിങ്ങൾക്കുവേണ്ടി ഒരെല്ലിൻകഷണം സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ നിങ്ങൾ വാഴ്ത്തുപാട്ടുകൾ രചിച്ചുകൊണ്ടേയിരിക്കും. നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഒരുപാട് എല്ലിൻകഷണങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നതാണ് ആധുനിക മുതലാളിത്തത്തി​ന്റെ ഏറ്റവും കരുണാമയമായ വാചകം. അവാർഡുകളുടെ രാഷ്ട്രീയത്തെ എക്കാലവും മാഷ് തുറന്നുകാട്ടിയിട്ടുണ്ട്. അവാർഡുകളെ എക്കാലവും നിരാകരിച്ച, ബഹുമതികളിൽനിന്നും പദവികളിൽനിന്നും എപ്പോഴും അകലെനിന്ന അതുല്യമായൊരു വ്യക്തിത്വമായിരുന്നു മാഷിന്റേത്.

വിജയൻ മാഷി​ന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അദ്ദേഹം ജീവിതാവസാനം വരെ പുലർത്തിയ നർമബോധമാണ്. മാഷി​ന്റെ ഈ നർമബോധത്തിനു പിറകിൽ അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ച അപാരമായ സ്​നേഹത്തി​ന്റെ അലകളും തിരകളുമുണ്ട്. ശത്രുക്കളെയും മിത്രങ്ങളെയും വ്യക്തിജീവിതത്തിൽ ഇരു കൈകൾകൊണ്ടും ചേർത്തുപിടിക്കുന്ന രീതി ഒരുപക്ഷേ, നവോത്ഥാന മനുഷ്യരെയും ദർശനങ്ങളെയും നിരന്തരമായി പിന്തുടരുന്നതിൽനിന്ന് അദ്ദേഹം ആർജിച്ചതാവാം. സി.പി.എമ്മി​ന്റെ സംസ്​ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ബ്രണ്ണൻ കോളജിൽ മാഷി​ന്റെ പ്രിയശിഷ്യനായിരുന്നു. രണ്ടായിരത്തിൽ രാഷ്ട്രീയമായി അകന്നപ്പോഴും പിണറായി വിജയനുനേരെ പ്രവഹിച്ച കടുത്ത വാത്സല്യത്തി​ന്റെ ഉറവ വിജയൻ മാഷിൽനിന്ന് ഒരുകാലത്തും വറ്റിപ്പോയിരുന്നില്ല. പിണറായി വിജയനുമായി ബന്ധമുള്ള ഓർമകൾ അത്രയും അരുമയായാണ് മാഷ് പറഞ്ഞതും സൂക്ഷിച്ചതും. 'ദേശാഭിമാനി'യിൽ എഴുപതിൽപരം ലേഖനങ്ങളിലൂടെ വിജയൻ മാഷിനുനേരെ കണ്ണിൽചോരയില്ലാത്ത ആക്രമണമാണ് നടന്നത്. അവരിൽ പലരെയും സംബന്ധിച്ചിടത്തോളം പുരയ്ക്കുമീതെ ചാഞ്ഞ മരത്തിനുനേരെയുള്ള വേദനയോടെയുള്ള മഴുപ്രയോഗമായിരുന്നു ആ ലേഖനങ്ങൾ. കരുണയിലെ ചാരുകസേരയിൽ കിടന്ന് അണയാത്തൊരു പുഞ്ചിരിയോടെ മാഷ് അത് വായിച്ചുതീർക്കുന്നത് കണ്ടിട്ടുണ്ട്. ഈ ആക്രമണത്തെക്കുറിച്ച് മാഷ് ഒരു മാധ്യമചോദ്യത്തെ അഭിമുഖീകരിക്കുന്നുണ്ട്. ''എ​ന്റെ കുട്ടികൾ അത് നന്നായി ചെയ്തില്ല. ഒരാളെ അടക്കാൻ ആറടി മണ്ണുമതി. അതിന് ഒരു മല വേണ്ട.'' അതായിരുന്നു പുഞ്ചിരിയോടെയുള്ള ആ മറുപടി.


വിജയൻ മാഷ് നടത്തിയ ദാർശനിക രാഷ്ട്രീയകലാപത്തിൽ മാഷോടൊപ്പം നിരവധിപേർ അണിനിരന്നിട്ടുണ്ട്. വളരെ സ്വാഭാവികമായി അവരിൽ പലരും സി.പി.എമ്മിൽനിന്നും പുറത്തായി. ചിലരാകട്ടെ പാർട്ടിയിൽനിന്ന് ബോധപൂർവമായ അകലം പാലിച്ചു. പാർട്ടിക്കുള്ളിൽ ഇവരിൽ പലർക്കുനേരെയും പ്രത്യക്ഷമല്ലാത്ത ഈരുവിലക്കുകൾ നിലനിന്നിരുന്നു. സ്വന്തം ജീവിതത്തിനെക്കാളേറെ ഇവരിൽ പലരും പാർട്ടിയെ സ്​നേഹിച്ചവരാണ്. ഇവരെയൊക്കെ ഇടവിട്ട സന്ദർഭങ്ങളിൽ മാഷ് നിർവചിക്കുന്നുണ്ട്. പാർട്ടിയിൽനിന്നും ദേശാഭിമാനിയിൽനിന്നും പുറത്താക്കപ്പെട്ട അപ്പുക്കുട്ടൻ വള്ളിക്കുന്നിനെപ്പറ്റി മാഷ് പറഞ്ഞത് ''നൂറാളി​ന്റെ പണി ഒറ്റക്കെടുത്ത ഒരാൾ ഇപ്പോൾ പുറത്താണ്'' എന്നാണ്. കവിതയെഴുതിയതിന് കെ.സി. ഉമേഷ്ബാബു പാർട്ടിയിൽനിന്ന് പുറത്താക്കപ്പെടുന്നു. ''ഉമേഷ് പാർട്ടിക്കുവേണ്ടി മരിക്കാൻവരെ സജ്ജനായിരുന്ന ഒരാളാണ്. യഥാർഥ കവിക്ക് കവിതയെഴുതാതിരിക്കാൻ കഴിയില്ല. കത്തിത്തീരുമെന്ന് അറിഞ്ഞാലും ശലഭങ്ങൾ വിളക്കിനുനേരെ കുതിച്ചുകൊണ്ടിരിക്കും'' എന്നായിരുന്നു മാഷി​ന്റെ വാക്കുകൾ. ദേശാഭിമാനി വാരികയുടെ ചുമതല ദീർഘകാലം വഹിച്ച സിദ്ധാർഥൻ പരുത്തിക്കാടും മാഷി​ന്റെ നിർവചനത്തിലൂടെ കടന്നുപോകുന്നു. ''സിദ്ധാർഥൻ ഒരുപാട് മികച്ച എഴുത്തുകാരെ കണ്ടെടുത്ത ആളാണ്. പക്ഷേ, അതിനയാൾ നൽകിയത് അയാളുടെ കഥയും കവിതയും ജീവിതവുമാണ്.'' പുരോഗമന കലാസാഹിത്യസംഘത്തി​ന്റെ വൈസ്​ പ്രസിഡന്റായിരുന്നു വി.പി. വാസുദേവൻ മാഷ്. വിജയൻ മാഷി​ന്റെ ഏറ്റവുമടുത്ത സഹപ്രവർത്തകരിലൊരാൾ. മാഷി​ന്റെ മരണശേഷം മാഷോടെന്നപോലെ അണയാത്ത ഈഷ്മളതയോടെയും സ്​നേഹത്തോടെയും നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്ന ഒരാൾ. അദ്ദേഹത്തെക്കുറിച്ചും മാഷി​ന്റെ രസകരമായ വാക്കുകളുണ്ട്. ''ഞങ്ങൾ മലയാളം വാധ്യാർമാർ കവിത പഠിപ്പിച്ചുതുടങ്ങുമ്പോൾ കവിത ചിത്രശലഭങ്ങളായി ഞങ്ങളിൽനിന്ന് പറന്നുപോകും. പക്ഷേ, മലയാളം വാധ്യാരായിട്ടുകൂടി വി.പിക്കു ചുറ്റും എപ്പോഴും ചിത്രശലഭങ്ങളുണ്ട്.'' ആർ.എം.പി.ഐയുടെ ഇപ്പോഴത്തെ സംസ്​ഥാന പ്രസിഡന്റായ ടി.എൽ. സന്തോഷിനെക്കുറിച്ചുമുണ്ടൊരു വാക്ക്– ''ഒരുതലത്തിലും മേദസ്സില്ലാത്ത കടഞ്ഞെടുത്തൊരു കേഡർ...''

ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധങ്ങൾ

''എല്ലാം പഴയപടിയാണ്. ചരിത്രത്തി​ന്റെ വിലക്ഷണമായ ആവർത്തനം.'' ഒരു നാടിനെ എങ്ങനെ തീവ്ര ഹിന്ദുത്വത്തി​ന്റെ മരുപ്പറമ്പാക്കി മാറ്റാമെന്ന സംഘ്പരിവാർ പരീക്ഷണം ഗുജറാത്ത് വംശഹത്യയുടെ കൊടുംശൈത്യത്തിൽ ഉറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് വിജയൻ മാഷി​ന്റെ ഈ വാക്കുകൾ പിറന്നുവീഴുന്നത്. ഗുജറാത്ത് വംശഹത്യക്ക് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് മാഷ് പറഞ്ഞു. തോക്കുകൾ പലപ്പോഴും സുലഭമായ ഇടത്തുപോലും ഉപയോഗിക്കപ്പട്ടത് വാളുകളും ശൂലങ്ങളുമാണ്. മരണം ലളിതവും വേദനരഹിതവുമായിത്തീർക്കാതിരിക്കാനുള്ള കൃത്യമായ മുൻകരുതൽ. വാളുകൊണ്ട് വെട്ടി ചിതറിത്തെറിപ്പിക്കുന്ന ശരീരഭാഗങ്ങൾ നിങ്ങളെ ഭയപ്പെടുത്തും. മുനകൂർത്ത ഒരു ശൂലം ഗർഭിണിയായ ഒരു മുസ്‍ലിം പെൺകുട്ടിയുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറുന്നത് നമ്മോട് സംവദിക്കുന്നത് മറ്റു ചിലതാണ്. ശൂലം ശൈവത്തി​ന്റെ, പ്രകൃതിയുടെ അനാസക്തമായ ചിഹ്നങ്ങളിലൊന്നായിട്ടാണ് വരുന്നത്. അത് പ്രകൃതിയിലേക്ക് മടങ്ങുകയും അതി​ന്റെ കാരുണ്യത്തിൽ മുങ്ങിനിവരുകയും ചെയ്ത ഒരു ആത്മീയധാരയുടെ നിർമലമെന്ന് വിശ്വസിക്കപ്പെട്ട ഒരടയാളമാണ്. അത് നിസ്സഹായയായ ഒരു പെൺകുട്ടിയിലേക്ക് തുളച്ചുകയറുമ്പോൾ അക്രമാസക്തമായൊരു മതബോധത്തി​ന്റെ, പ്രത്യയശാസ്​ത്രത്തി​ന്റെ തേരോട്ടമാണ് ഓർമിപ്പിക്കപ്പെടുന്നത്. അത് ഭയം സൃഷ്​ടിക്കാനുള്ള ഒരെളുപ്പവഴിയാണ്. നിങ്ങളെ ഞങ്ങൾക്ക് മുഴുവനായി കൊന്നൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഭയത്തി​ന്റെ ഒരു തടങ്കൽപാളയത്തിൽ നിങ്ങളുടെ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ കഴിയുമെന്നുള്ളത് ഫാഷിസ്റ്റുകളുടെ നിഗൂഢ തന്ത്രങ്ങളിലൊന്ന്.

നരേന്ദ്ര മോദി ഗുജറാത്തി​ന്റെ മുഖ്യമന്ത്രിയായി ഭരിച്ചുതുടങ്ങുമ്പോൾ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായിത്തീരാൻ പോകുന്നുവെന്ന് വിജയൻ മാഷ് പ്രസംഗിച്ചു. അത് സത്യമായിത്തീർന്ന ഒരു പ്രവചനമായിത്തീരുമ്പോൾ ഫാഷിസം അതി​ന്റെ മുനകൂർത്ത നഖങ്ങളും ചിറകുകളും വിടർത്തി നമ്മുടെ ജീവിതത്തി​ന്റെ ആകാശത്ത് കൊക്കുപിളർത്തി നിൽക്കുന്ന അനുഭവത്തിലേക്ക് നാം വീണുപോയിരിക്കുന്നു.

തൊണ്ണൂറുകൾ മുതൽ നടത്തിയ വിജയൻ മാഷി​ന്റെ മുതലാളിത്ത വിമർശന പ്രഭാഷണങ്ങൾ മുനകൂർത്ത ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധത്തിലേക്ക് തെന്നിമാറുന്നുണ്ട്. മുതലാളിത്തം ഒരു കംഗാരുവിനെപ്പോലെ അതി​ന്റെ സഞ്ചിയിൽ ഫാഷിസത്തെ ചുമന്നു സഞ്ചരിക്കുന്നുവെന്ന് മാഷ് നിരീക്ഷിക്കുന്നുണ്ട്. ഫാഷിസത്തിനു പഥ്യം ജീവൻ രക്ഷിക്കുകയല്ല, മറിച്ച് ജീവനെടുക്കുകയാണ്. അതുകൊണ്ടാണ് അതി​ന്റെ പ്രത്യയശാസ്​ത്ര ലബോറട്ടറികൾ പുതിയ ഭയനിർമാണ ഫോർമുലകൾക്കായി രാവുംപകലുമില്ലാതെ ഉണർന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് മാഷ് ഓർമിപ്പിച്ചു.

ഒരാളെ ഭയപ്പെടുത്തിയാൽ അയാളുടെ നാഡീവ്യൂഹങ്ങൾ തളരുമെന്നും അയാളുടെ ശബ്ദം ലോകം കേൾക്കാത്ത ഒരു സ്​ഥായിയിലേക്ക് താഴ്ന്നുപോകുമെന്നും അയാളുടെ കൈകാലുകൾ മന്ദീഭവിച്ചുപോകുമെന്നും ഫാഷിസ്റ്റുകൾ മനസ്സിലാക്കിയിട്ടുണ്ട്. നിങ്ങൾ ഒരാളുടെ ശത്രുവാണെന്ന് ഒരാളോട് നിരന്തരം പറഞ്ഞാൽ, നിസ്​കാരത്തഴമ്പുള്ള ഒരാളാണ് എപ്പോഴും അയാളുടെ ശത്രുവെന്ന ബോധ്യം അയാളുടെ ശിരസ്സിലേക്ക് കെട്ടിയിറക്കുകയും ചെയ്താൽ അയാളുടെ ഞരമ്പുകളുണരുകയും അയാളുടെ കരുണയും വിവേകവും അസ്​തമിച്ചുപോവുകയും ചെയ്യും എന്നുള്ളത് ഒരു ഫാഷിസ്റ്റ് പാഠമാണ്. ഇത്തരം നുണകൾകൊണ്ട് നിർമിച്ചെടുത്ത മനുഷ്യരെ ചേർത്താണ് ഫാഷിസ്റ്റുകൾ ആൾക്കൂട്ടങ്ങളെ സൃഷ്​ടിക്കുന്നതും ആൾക്കൂട്ട ആക്രമണമെന്ന പേരിൽ നിരപരാധികളുടെ രക്തം തെരുവുകളിൽ ഒഴുക്കുന്നതും.

ചരിത്രത്തി​ന്റെ ഫാഷിസ്റ്റ് സംക്രമണ ഘട്ടത്തിൽ നുണ ഭരണകൂടത്തി​ന്റെ ഭാഷയും ഉൽപന്നവുമായി മാറുന്നുണ്ട്. ജർമൻ പാർലന്റെിന് തീ കൊടുത്തത് കമ്യൂണിസ്റ്റുകാരല്ലെന്നും നാസി ഏജന്റുമാരാണെന്നും മനസ്സിലാക്കാൻ അമേരിക്ക ഹിരോഷിമയിൽ ആറ്റംബോബിടുന്നതുവരെ, രണ്ടാം ലോകയുദ്ധം അവസാനിക്കുന്നതുവരെ നമുക്ക് കാത്തിരിക്കേണ്ടിവന്നു എന്നത് ചരിത്രത്തിലെ ചോരപുരണ്ട ഒരു മഹാപാഠമാണ്. ചുറ്റും ഒഴുകുന്ന ഭരണകൂട നുണകൾ വിശുദ്ധഗംഗയിലൂടെയും യമുനയിലൂടെയും ഒഴുകി നമ്മുടെ ജീവിതത്തി​ന്റെ മേശപ്പുറങ്ങളെ മലീമസമാക്കുന്ന ഒരനുഭവത്തിലൂടെയാണ് 2020കളിൽ നാം കടന്നുപോകുന്നത്.

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്​ഥ ഒരു മാതൃകാ സമ്പദ് വ്യവസ്​ഥയായി മാറിയെന്ന് നാം കേട്ടുകൊണ്ടിരിക്കുമ്പോൾ നാട്ടിലെ പട്ടിണി കിടക്കുന്ന മനുഷ്യരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് നാം അറിയുന്നു. വടക്ക് നമ്മുടെ ഒരടി മണ്ണുപോലും അയൽരാജ്യമായ ചൈന കവർന്നിട്ടില്ലെന്ന് നമ്മുടെ പ്രധാനമന്ത്രി ആണയിടുമ്പോൾ ചൈനയുടെ കൈയേറ്റത്തെക്കുറിച്ച് സൈന്യം വാർത്താക്കുറിപ്പിറക്കുന്നു. മേക് ഇൻ ഇന്ത്യ വൻ വിജയമാണെന്ന് പ്രഘോഷണമുയരുമ്പോൾ കണക്കില്ലാത്ത നമ്മുടെ ചെറുകിട വ്യവസായ യൂനിറ്റുകൾ താഴിട്ട നിശ്ശബ്ദതയിലുറങ്ങിക്കിടക്കുന്നു. കോവിഡ് പ്രതിരോധത്തി​ന്റെ കരുതലിനെയും വൈഭവത്തെയും കുറിച്ച് പ്രധാനമന്ത്രി മേനിപറയുമ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും നമ്മുടെ രാജ്യം ദീർഘദൂര ഓട്ടം നടത്തിയത് നാം കണ്ടുകഴിഞ്ഞു.

ഉച്ചഭാഷിണിക്കു മുന്നിൽ അക്രമാസക്തമായ ആംഗ്യങ്ങളോടെ ഒരു ഭരണാധികാരി നുണകളിലൂടെ അലറുമ്പോൾ നുണ ഒരു നാടി​ന്റെ നാഡീഞരമ്പുകളിലേക്ക് കലരുന്നു. ഹിറ്റ്​ലർ അത് ചെയ്തിട്ടുണ്ട്. ജർമനിയിലെ നഗരകേന്ദ്രങ്ങളിലെ മൈതാനികളിൽ തിങ്ങിനിറഞ്ഞ ജനങ്ങളെക്കുറിച്ചുള്ള നാസി ഓർമക്കുറിപ്പുകളുണ്ട്. ലോകത്തെ മുഴുവൻ കീഴടക്കി ശിരസ്സുയർത്തി നിൽക്കുന്ന സമ്പൽസമൃദ്ധമായ ജർമനിയെന്ന വ്യാമോഹമായിരുന്നു ഹിറ്റ്​ലറുടെ വിൽപന പദാർഥം. ഒരു നുണ നൂറ്റൊന്നാവർത്തിച്ചാൽ സത്യമാകുമെന്നത് ഗിൽബൽസി​ന്റെ തന്ത്രം മാത്രമായിരുന്നില്ല, മറിച്ച് അത് നാസികളുടെ ആത്മാർഥമായ വിശ്വാസമായിരുന്നു.

രണ്ടായിരം മുതൽ വിജയൻ മാഷ് കൂടുതൽ ഗാന്ധിയിലേക്ക് വരുന്നുണ്ട്. അദ്ദേഹത്തി​ന്റെ ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷണങ്ങൾ ഗാന്ധിയൻമൂല്യങ്ങളുടെ ആയുധങ്ങൾകൊണ്ട് നിറയുന്നു. ഗാന്ധി മരിച്ചുവീഴുന്നത് 'രാമാ' എന്ന് ഉച്ചരിച്ചുകൊണ്ടാണെന്നും ആ രാമൻ സഹിഷ്ണുതയുടെയും സ്​നേഹത്തിന്റെയും രാമനാണെന്നും അയോധ്യയിലെ തുടച്ചുനീക്കിയ മസ്​ജിദി​ന്റെ ഭൂമിയിൽ കുടിയിരുത്താൻ പോകുന്ന രാമനല്ലെന്നും മാഷ് ഓർമിപ്പിച്ചിട്ടുണ്ട്. വാർധയിലെ ഗാന്ധിജിയുടെ ആശ്രമത്തിലിരുന്ന് നരേന്ദ്രമോദി എത്ര ചർക്ക തിരിച്ചാലും ഗാന്ധിജിയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയ സംഘ്പരിവാർ വെടിയുണ്ടയുടെ കയ്പ് ചരിത്രത്തിൽനിന്നും മായ്ച്ചുകളയാനാകില്ല എന്നത് എം.എൻ.വിജയൻ പ്രതിരോധത്തി​ന്റെ സത്തയാണ്.

ഭയത്തെക്കുറിച്ചാണ് വിജയൻ മാഷ് പറഞ്ഞുകൊണ്ടിരുന്നത്. ഭയത്തെ നിരാകരിക്കാനാണ് സ്വാതന്ത്ര്യസമരവേളയിൽ നമ്മുടെ ഗ്രാമീണരോട് നെഹ്റു ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. യോഗിയുടെ ഉത്തരദേശത്ത് ഫാഷിസ്റ്റ് കാവിക്കൊലയാളിസംഘത്തെ തവിയും പാത്രവും ചിരവയും ഉലക്കയും ആയുധമാക്കിയാണ് സ്​ത്രീകളടക്കമുള്ള ഗ്രാമീണർ പ്രതിരോധിച്ചത്. വീടിനകത്തേക്ക് കയറുന്ന അക്രമികളെ അച്ഛനും അമ്മയും ഭാര്യയും കുട്ടികളും ചേർന്ന് അടിച്ചോടിക്കുന്നു. പുരാണത്തിൽ ഒരു ഗ്രാമം മുഴുവൻ കൈകോർക്കുമ്പോൾ ഒരു രാജാവി​ന്റെ സൈന്യംവരെ തോറ്റോടുന്നു. ദലിതരും പിന്നാക്കജാതിയിൽ പിറന്നവരും ന്യൂനപക്ഷ വിഭാഗങ്ങളും വിശ്വാസികളും അവിശ്വാസികളും ജനാധിപത്യ പ്രസ്​ഥാനങ്ങളും തൊഴിലാളികളും കൈകോർത്ത് പിടിക്കുമ്പോൾ ഫാഷിസ്റ്റുകൾ തോൽക്കുകയും ഗാന്ധിയും അംബേദ്കറും സ്വപ്നംകണ്ട ഇന്ത്യ പിറക്കുകയുംചെയ്യും. കാലത്തി​ന്റെ ശരിയും സ്വപ്നവും അതാണ്. എം.എൻ. വിജയ​ന്റെ ദർശനങ്ങളുടെ അർഥവും സത്തയും അതുതന്നെയാണ് ആവശ്യപ്പെടുന്നത്.

ഭയത്തെ ഉപേക്ഷിക്കണമെന്ന് പറയുമ്പോൾ നിങ്ങൾ ഇനി എത്രനാൾ ജീവിക്കുമെന്ന് ചോദിച്ചുകൊണ്ടാണ് മാഷ് മരണത്തി​ന്റെ നിസ്സാരത ചൂണ്ടിക്കാട്ടുന്നത്. ജീവിതത്തി​ന്റെ അർഥങ്ങൾ ഫാഷിസ്റ്റുകൾ നിശ്ചയിക്കുന്നതല്ല എന്ന് മാഷ് പറഞ്ഞു. നമുക്ക് ചുറ്റും ഉറഞ്ഞുകഴിഞ്ഞ ഭയത്തി​ന്റെ കൊടുംശൈത്യത്തിലേക്ക്, നമ്മുടെ ആലസ്യങ്ങളിലേക്ക് തീക്കാറ്റ് പടരുന്നത് 15 വർഷം മുമ്പിലെ ഒരു സന്ധ്യയിൽ കരുണയുടെ മുറ്റത്ത് തീർത്ത ചിതയിലെ ഇനിയുമണയാത്ത കനലുകളിൽനിന്നാണ്. ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും മരിക്കാത്ത മനുഷ്യനായി ജീവിക്കാൻ യുദ്ധമുഖത്ത് പൊരുതിവീണ ഒരു മഹായോദ്ധാവി​ന്റെ ഓർമകൾ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Show More expand_more
News Summary - memoir about mn vijayan