Begin typing your search above and press return to search.
proflie-avatar
Login

പത്രാധിപരുടെ ഖേദപ്രകടനം

പത്രാധിപരുടെ   ഖേദപ്രകടനം
cancel

ദലിത് ഐക്യസമിതിയുടെ നേതൃത്വമായിരിക്കുമ്പോഴും വേറിട്ട അന്വേഷണങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു പലരും. സമിതിയുടെ പൊതു നിലപാടുകൾക്കുപോലും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ചിലർ നടത്തിയത് -കെ.എം. സലിംകുമാർ ആത്മകഥയിൽ വിമർശനങ്ങൾ ഉന്നയിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ ദലിത്-പിന്നാക്ക ശാക്തീകരണത്തിന്റെ രാഷ്ട്രീയ പ്രതിഫലനത്തെ പ്രശ്നവത്കരിച്ചുകൊണ്ട് 2001ൽ ‘സമീക്ഷ’യിൽ നടന്ന ചർച്ചയിൽ ഇടപെട്ടുകൊണ്ട് ബി. സുനിൽ എഴുതിയ, ‘മഞ്ചം ചുമക്കുന്നതിന് പണം പറ്റുന്നാൾ’ എന്ന കുറിപ്പിന് ഞാനെഴുതിയ മറുപടി ‘ദലിതരുടെ വഴി മോക്ഷത്തിന്റേതല്ല, മോചനത്തിന്റേതാണ്’ എഡിറ്ററുടെ...

Your Subscription Supports Independent Journalism

View Plans
ദലിത് ഐക്യസമിതിയുടെ നേതൃത്വമായിരിക്കുമ്പോഴും വേറിട്ട അന്വേഷണങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു പലരും. സമിതിയുടെ പൊതു നിലപാടുകൾക്കുപോലും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ചിലർ നടത്തിയത് -കെ.എം. സലിംകുമാർ ആത്മകഥയിൽ വിമർശനങ്ങൾ ഉന്നയിക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പിലെ ദലിത്-പിന്നാക്ക ശാക്തീകരണത്തിന്റെ രാഷ്ട്രീയ പ്രതിഫലനത്തെ പ്രശ്നവത്കരിച്ചുകൊണ്ട് 2001ൽ ‘സമീക്ഷ’യിൽ നടന്ന ചർച്ചയിൽ ഇടപെട്ടുകൊണ്ട് ബി. സുനിൽ എഴുതിയ, ‘മഞ്ചം ചുമക്കുന്നതിന് പണം പറ്റുന്നാൾ’ എന്ന കുറിപ്പിന് ഞാനെഴുതിയ മറുപടി ‘ദലിതരുടെ വഴി മോക്ഷത്തിന്റേതല്ല, മോചനത്തിന്റേതാണ്’ എഡിറ്ററുടെ ഖേദപ്രകടനത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ശ്രദ്ധക്കുറവുകൊണ്ടാണ് സുനിലിന്റെ ലേഖനം പ്രസിദ്ധീകരിക്കേണ്ടി വന്നതെന്ന് പ്രത്യേകം എഴുതി. അത് അത്രമാത്രം വസ്​തുതാവിരുദ്ധവും വ്യക്തിനിഷ്ഠവുമായിരുന്നു.

കേരളത്തിലെ ജാതി/മത സാമുദായിക-രാഷ്ട്രീയ ചലനങ്ങളെ പരിശോധിക്കുകയും അതിനുള്ളിലെ നായർ-ൈക്രസ്​തവ സവർണാധിപത്യം തുറന്നുകാണിക്കുകയും ചെയ്യുന്നൊരു ലേഖനമായിരുന്നു എന്റേത്. എന്നാൽ, അതിൽ ഉന്നയിക്കുന്ന വിഷയങ്ങൾ എന്താണെന്നുപോലും ശ്രദ്ധിക്കാതെ തനിക്കു തോന്നിയ ചില കാര്യങ്ങൾ പരസ്​പരവിരുദ്ധമായ പ്രസ്​താവനകളും ആരോപണങ്ങളുമായി വൈകാരികമായി അവതരിപ്പിക്കാനാണ് സുനിൽ ശ്രമിച്ചത്. ഞാനടക്കം പലരും അതിന് വിധേയമായി.

ദലിത് ഐക്യ സമിതിയുടെ പിന്നാക്ക-ന്യൂനപക്ഷ സമൂഹങ്ങളുമായുള്ള ബന്ധത്തെ ‘അവരുടെ വാലിൽ തൂങ്ങിയാലും അവരുടെ അധികാരമുറപ്പിക്കാനായി പണം പറ്റി സമുദായാംഗങ്ങളെ തെരുവിലിറക്കുന്ന നടപടി’യായും സുനിൽ ചിത്രീകരിച്ചു. ‘തൊടുപുഴയിലെ ഒരച്ചനിൽനിന്ന് സലിംകുമാർ പണം പറ്റുന്നു’വെന്ന ആരോപണവുമുയർത്തി. ‘കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ കുളിച്ചുതൊഴുത്, തിരുവനന്തപുരത്ത് ശ്രീപത്മനാഭനു മുന്നിൽ സലിംകുമാർ എന്നെത്തുമെന്ന് കാണേണ്ടിയിരിക്കുന്നു’വെന്ന് ദീർഘദർശനം നടത്തി.

സുനിലിനെപ്പോലൊരാളിൽനിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ഇത്തരം പരാമർശങ്ങൾ. കേരളത്തിലെ ദലിത് പ്രവർത്തന മണ്ഡലത്തെക്കുറിച്ചും നേതൃനിരയിലുള്ളവരെക്കുറിച്ചുമെല്ലാം നേരിട്ട് അറിവുള്ളയാളായിരുന്നു സുനിൽ. സാമ്പത്തിക ക്രമക്കേടുകൾ മാത്രമല്ല, മദ്യപാനവും ലൈംഗിക അരാജകത്വവുമുൾപ്പെടെയുള്ള അവമതിപ്പുകൾക്ക് വിധേയമാകാത്ത ദലിത് നേതാക്കളുടെ എണ്ണം വിരളമായിരുന്ന ഒരു കാലത്താണ് എ.എൻ.എം പ്രവർത്തനമാരംഭിച്ചത്.

സാമൂഹികമായ ഇത്തരം ജീർണതകളിൽനിന്ന് മുക്തരാകാൻ തയാറുള്ള വ്യക്തികളെ മാത്രമേ എ.എൻ.എം നേതൃത്വമായി പരിഗണിച്ചിരുന്നുള്ളൂ. അതിലൊരാളായിരുന്നു സുനിൽ. വർക്കലയിൽ ശിവഗിരി മഠത്തിന് തൊട്ടരികെയായിരുന്നു സുനിലിന്റെ വീട്. ഗുരുവിനോട് ഏറെ ആദരവു പുലർത്തുന്ന വ്യക്തിയായിരുന്നു സുനിലിന്റെ പിതാവ്. എനിക്കൊരു കുടുംബബന്ധമായിരുന്നു. സുനിലിന്റെ മാതാപിതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ദീർഘനാൾ സുനിൽ എന്റെ വീട്ടിലെ ഒരംഗമായിരുന്നിട്ടുണ്ട്. എന്റെ സാമൂഹികജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും അടുത്തറിയുന്ന ആളുകളിലൊരാളായിരുന്നു സുനിൽ. ആശയപരമായ വിയോജിപ്പുകളിലല്ല, വ്യക്തിപരമായ തിരിച്ചറിവില്ലായ്മയിലാണ് ദുഃഖം തോന്നിച്ചത്.

പരസ്​പര സംസർഗമോ ഇടപെടുലകളോ ആശയവിനിമയമോ ഇല്ലാത്ത ഒരടുത്ത സമൂഹമെന്ന നിലയിൽ ദലിതർക്കിടയിലെ വിയോജിപ്പുകൾ ഏതറ്റംവരെയും പോകാവുന്നതായിരുന്നു. ജാതിജന്യമായ വിഭജിതബോധമാണ് അതിന്റെ തീവ്രത നിശ്ചയിക്കുന്നത്. ജാതികൾക്കുള്ളിൽ വെറുപ്പും വിദ്വേഷവുമായി അത് നിലനിൽക്കുന്നു. ഈ വിഭജിതബോധം തകർക്കപ്പെടുകയോ ദുർബലപ്പെടുകയോ ചെയ്യുന്നിടത്താണ് സാഹോദര്യപൂർവമായ പെരുമാറ്റവും ഇടപെടലുകളും സാധ്യമാകുന്നത്. ഒരേ ദുഃഖങ്ങൾ അനുഭവിക്കുമ്പോഴും അത് പങ്കിടാൻ കഴിയാതെപോയ ദലിതരെപ്പോലെ പീഡിതമായൊരു സമൂഹം ഭൂമുഖത്തുണ്ടാവില്ല.

എല്ലാ ജാതി/ഉപജാതികളിലും പെട്ട ദലിതർക്ക് പങ്കാളിത്തം നൽകുന്ന പൊതു പ്രസ്​ഥാനങ്ങൾ ഉയർന്നുവന്നപ്പോഴാണ് ഈ സ്​ഥിതിയിൽ അയവ് വന്നുതുടങ്ങിയത്. അപ്പോഴാണ് ദലിതർക്കിടയിൽ തുല്യതയുടെയും സാഹോദര്യത്തിന്റെയും പുതിയ മൂല്യങ്ങൾ ശക്തിപ്പെട്ടത്. അതിന് മുൻകൈയെടുക്കുന്നവർക്കിടയിൽ വസ്​തുതകൾക്ക് നിരക്കാത്തതും വിവേചനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത് ആശാസ്യമായൊരു നടപടിയായിരുന്നില്ല. എന്നാൽ, അതാണ് സുനിൽ ചെയ്തത്.

ഇതിനർഥം ദലിത് പ്രവർത്തനമണ്ഡലം വിമർശനാതീതമാണെന്നല്ല. എന്തിനെയും സന്ദേഹത്തോടെ നോക്കിക്കാണുകയും വിമർശനാത്മകമായി സമീപിക്കുകയും ചെയ്യുകയെന്നത് എന്നെപ്പോലുള്ളവർ വളർത്തിയെടുത്തൊരു ജീവിതരീതിയായിരുന്നു. അവിടെ വിമർശനാതീതമായി ഒന്നും ഉണ്ടായിരുന്നില്ല. ഇത്തരമൊരു മനോഭാവത്തിൽനിന്നാണ് ദലിതർ സ്വയം സംസാരിക്കാൻ തുടങ്ങിയത്.

തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവരുടെ പരിഹാരങ്ങളെക്കുറിച്ചുമെല്ലാമുള്ള വ്യത്യസ്​തമായ അഭിപ്രായങ്ങൾ ദലിതർക്കിടയിൽ സ്വാഭാവികമാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്​തമായി അവ പൊതുസമൂഹത്തിൽ അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നുവെന്നത് ദലിത് വ്യക്തിവികാസത്തിന്റെ ലക്ഷണവും ദലിത് ബൗദ്ധികതയുടെ മുന്നേറ്റത്തിന്റെ സൂചകവുമാണ്. തന്മൂലം ദലിത് സമൂഹത്തിൽ വളർന്നുവരുന്ന സാഹോദര്യത്തിന്റെയും തുല്യതയുടെയും പുതിയ മൂല്യങ്ങളെ വിപുലീകരിക്കാൻ പോന്ന ഒരു സമീപനത്തിൽനിന്നു വേണമായിരുന്നു സുനിലിന്റെ വിമർശനങ്ങളെ നോക്കിക്കാണാൻ.

ദലിത് ഐക്യസമിതിയുടെ നേതൃത്വമായിരിക്കുമ്പോഴും വേറിട്ട അന്വേഷണങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളികളായിരുന്നു പലരും. സമിതിയുടെ പൊതു നിലപാടുകൾക്കുപോലും വിരുദ്ധമായ പ്രവർത്തനങ്ങളാണ് ചിലർ നടത്തിയത്. ഞാറക്കൽ എം.എൽ.എ ആയിരുന്ന എം.എ. കുട്ടപ്പന്റെ നേതൃത്വത്തിൽ നടന്ന നെടുമ്പാശ്ശേരി സമരത്തിൽ വി.ഡി. രാജപ്പനും സി.എസ്​. മുരളിയും പങ്കാളികളായിരുന്നു. സമരത്തിന്റെ വിജയാഹ്ലാദത്തിനിടയിൽ കുട്ടപ്പൻ തന്നെ അപമാനിച്ചുവെന്നു പറഞ്ഞാണ് രാജപ്പൻ പിന്മാറിയത്.

എന്നാൽ, വീണ്ടും കോൺഗ്രസ്​ സ്​ഥാനാർഥിയായെത്തിയ കുട്ടപ്പനുവേണ്ടി മുരളി പ്രചാരണത്തിനിറങ്ങി പട്ടികവിഭാഗ വകുപ്പ് മന്ത്രിയായി അധികാരത്തിലെത്തിയ കുട്ടപ്പൻ ബിവറേജസ്​ കോർപറേഷനിൽ താൽക്കാലിക ജോലി നൽകി മുരളിയോട് നന്ദി കാട്ടി. എന്നാൽ, തന്നെ ധിക്കരിക്കുന്നതായി തോന്നിയപ്പോൾ താൻ നൽകിയ ജോലിയിൽനിന്ന് കുട്ടപ്പൻ മുരളിയെ പറഞ്ഞുവിട്ടു. ഈ സമയത്ത് രാജപ്പൻ അഖില വൈപ്പിൻ പുലയ വംശോദ്ധാരണീ സഭയുടെയും, മുരളി വേട്ടുവ മഹാസഭയുടെയും നേതൃത്വത്തിലായി.

 

ഇതിനെല്ലാം അവർക്ക് ന്യായീകരണങ്ങളുണ്ടായിരുന്നുവെങ്കിലും 90കളിലെ ദലിത് ഉദ്ബുദ്ധതയുടെയും ഉണർവിന്റെയും ഏറ്റിറക്കങ്ങളായിരുന്നു ഇതെല്ലാം. തങ്ങൾ പ്രവേശിച്ച ദലിത് മണ്ഡലത്തെ നിരാകരിച്ചുകൊണ്ടായിരുന്നില്ല രാജപ്പനും മുരളിയും ജാതിസംഘടനകളുടെ ഭാഗമായത്. ജാതിക്കുള്ളിൽ തങ്ങൾക്ക് ലഭ്യമാകുന്ന സ്വീകാര്യതയിലൂടെ ദലിത് പ്രവർത്തനമണ്ഡലത്തിലേക്ക് തങ്ങളുടെ ജാതികളെ കൂടി ചലിപ്പിക്കാനാവുമെന്ന് അവർ കരുതി. അതൊരു തെറ്റായ ധാരണയായിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. മാറ്റങ്ങൾക്ക് വിധേയമാകുന്ന വ്യക്തികൾക്ക്, ജാതികൾക്ക് പുറത്തേക്കുപോകാമെന്നല്ലാതെ, തങ്ങളോടൊപ്പം ജാതികളെകൂടി മാറ്റങ്ങൾക്ക് വിധേയമാക്കാമെന്നത് ഒരു മിഥ്യാധാരണയായിരുന്നു.

ദലിത് ഐക്യത്തെ കുറിച്ചു പറയുന്നവർ അത് തകർത്ത് എങ്ങനെയും അധികാരത്തിലെത്തുന്നതിനായി ഈഴവ സമുദായ സംഘടനകളുമായി ഐക്യപ്പെടുന്നുവെന്നതായിരുന്നു സുനിലിന്റെ മുഖ്യവിമർശനം. ‘സലിംകുമാറും സഖാക്കളും പിന്നാക്കസമുദായ ഐക്യത്തിനുവേണ്ടി എന്തിനുപോയി?’ എന്നതായിരുന്നു സുനിൽ ഉന്നയിച്ച പ്രശ്നം. ദലിതർ നേരിടുന്ന വിവേചനങ്ങൾക്കും മർദനങ്ങൾക്കുമെതിരെ ജാതിഘടനക്കുള്ളിൽ നിശ്ചിതമായൊരു വിഭജനരേഖ വരക്കുക അസാധ്യമായിരുന്നുവെങ്കിലും ബ്രാഹ്മണിസത്തിനെതിരായ പോരാട്ടത്തിൽ സവർണ/അവർണ വിഭജനത്തിന്റെ അടിസ്​ഥാനത്തിലാണ് എ.എൻ.എം മണ്ഡൽ-മസ്​ജിദ് പ്രശ്നങ്ങളിൽ ഇടപ്പെട്ടത്. ഡി.എ.എസും ഇതേ സമീപനം പിന്തുടരുകയാണ് ചെയ്തത്.

അതേസമയം തന്നെ അവർണർക്കിടയിലെ ജാതിവേർതിരിവുകളും മധ്യമജാതികൾക്ക് പ്രത്യേകിച്ച് ഈഴവർക്ക് ദലിതർക്കുമേലുള്ള അധീശത്വമോഹങ്ങളും ദലിതർക്കിടയിൽ തന്നെയുള്ള അത്തരം മനോഭാവങ്ങളുമെല്ലാം ഐക്യസമിതി ഗൗരവമായി കണ്ടിരുന്നു. ജാതിവിരുദ്ധ സമരത്തെ ദുഷ്കരമാക്കുന്നൊരു ഭൂമികയായിരുന്നു ഇത്. ഇതറിയാത്ത ആളായിരുന്നില്ല സുനിൽ. തങ്ങൾക്ക് തൊട്ടുമുകളിലുള്ള ഈഴവരെപ്പോലുള്ള വിഭാഗങ്ങളുമായി സമരസപ്പെടുക ദലിതർക്ക് എളുപ്പമായിരുന്നു. നേരെ മറിച്ചും. ഇതിനിടയിൽ ഗുരുവായൂരിലെ അയിത്താചരണത്തിനെതിരെയുണ്ടായി ഉണർവുകളാണ് ദലിത്-പിന്നാക്ക മുന്നണിയുടെ രൂപവത്കരണത്തിലേക്കും നയിച്ചത്. ബ്രാഹ്മണിസത്തിനെതിരെ പോരാട്ടത്തിൽ അയിത്തം വ്യക്തമായൊരു വിഭജനരേഖയായിരുന്നു.

ഈ കാലത്ത് ഐക്യസമിതിയുടെ പരിപാടികളിൽ എത്തിച്ചേരുന്ന സുനിൽ പ്രതീക്ഷക്കൊത്ത് കാര്യങ്ങൾ നടക്കാത്തതിൽ ഏറെ അസ്വസ്​ഥനായിരുന്നു. ദലിത് ഐക്യസമിതി ഉൾപ്പെടെയുള്ള ദലിത് സംഘടനകളുടെ നേതൃത്വത്തിലെ പുലയരുടെ ആധിക്യം സ്വാഭാവികമായൊരു ചരിത്രപ്രക്രിയയായിരുന്നുവെങ്കിലും അതിൽ സുനിൽ ആശങ്ക പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. ഈ സാധ്യത മറ്റു സമൂഹങ്ങളിലേക്ക് വ്യാപരിക്കുകയാണ് വേണ്ടതെന്നുള്ള വിശദീകരണം സുനിലിന് വേണ്ടത്ര തൃപ്തികരമായിരുന്നില്ല. സംഘടനയിൽനിന്നുതന്നെയുള്ള പിന്മാറ്റത്തിലേക്കാണ് ഇത് സുനിലിനെ നയിച്ചത്.

ഈ സമയത്ത് സുനിൽ സാമൂഹിക ജീവിതത്തിൽനിന്ന് സന്യാസ ജീവിതത്തിലേക്ക് നടത്തുന്ന മാറ്റം എനിക്ക് വിചിത്രമായി തോന്നി. ശിവഗിരി സന്യാസിമാർക്കിടയിലുണ്ടായിരുന്ന ബന്ധമായിരുന്നു അതിന് വഴിതുറന്നത്. എന്നാൽ, അത് ദീർഘനാൾ തുടരാനായില്ല. നാരായണഗുരുപോലും തന്റെ ആശ്രമത്തിന്റെ പരിസരത്തുള്ള പറയരോട് പറയുന്നതുപോലെയല്ല പെരുമാറിയിട്ടുള്ളതെന്ന് മുതിർന്നവരായ തന്റെ രക്തബന്ധുക്കളിൽനിന്ന് കേട്ടറിവുള്ള സുനിലിന് ഗുരുപരമ്പരകളെ വിശ്വാസത്തിലെടുക്കുകയും എളുപ്പമായിരുന്നില്ല. ഈഴവ സന്യാസിമാർ തന്നോട് ജാതിവിവേചനം കാണിച്ചുവെന്ന തിരിച്ചറിവിൽ സുനിൽ സന്യാസിമോഹം ഉപേക്ഷിച്ചു. സാമൂഹികവും വ്യക്തിപരവുമായ അനുഭവങ്ങളുടെ പിൻബലം തന്റെ വിമർശനങ്ങൾക്കുണ്ടായിരുന്നെങ്കിലും അതിന് സുനിൽ അവലംബിച്ച രീതി ഒട്ടും ആശ്വാസ്യകരമായിരുന്നില്ല.

‘തൊടുപുഴയിലെ ഒരച്ചനിൽനിന്ന് പണം പറ്റുന്നു’വെന്ന ആരോപണത്തിന് ‘ആ അച്ചൻ റവ. പി.വി. ജോസഫാണെന്നിരിക്കട്ടെ എന്ന് ചൂണ്ടിക്കാട്ടി (മറിച്ചാണെങ്കിൽ അത് വ്യക്തമാക്കാനുള്ള അവസരം നിർബന്ധമായും സുനിലിന് നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ട്) കോട്ടയം മേലുകാവുമറ്റത്തുള്ള ഹെൻട്രി ബേക്കർ കോളജ് പ്രിൻസിപ്പലായിരുന്ന റവ. പി.വി. ജോസഫ് ആദിവാസി ഏകോപന സമിതിയുടെയും ദലിത് ഐക്യ സമിതിയുടെയും ഒരു സഹയാത്രികനാകാമെന്ന് ചൂണ്ടിക്കാട്ടി.

പട്ടികവർഗ മലയരയ വിഭാഗത്തിൽപെട്ടയാളും ഒന്നര നൂറ്റാണ്ടായി ഹിന്ദു/ക്രിസ്​ത്യൻ ഭേദചിന്തയില്ലാതെ നിസ്വാർഥമായി ആദിവാസികൾക്കിടയിൽനിന്ന് ജാതിമതാതീതമായി അവരെ സഹോദരങ്ങളായി കാണുകയും ഇതേ മനോഭാവംതന്നെ പട്ടികജാതിക്കാരായ ഹിന്ദു/ക്രിസ്​ത്യൻ വിഭാഗങ്ങളോടും പുലർത്തിപ്പോരുകയും ചെയ്യുന്ന അപൂർവം ചിലരിൽ ഒരാളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മറുപടി പറഞ്ഞത്.

അതോടൊപ്പം, ഒരു ഭിക്ഷുസംഘത്തെപ്പോലെ അപ്പപ്പോഴത്തെ ആവശ്യങ്ങൾക്കായി ജനങ്ങളിൽനിന്ന് പണവും മറ്റ് വിഭവങ്ങളും സമാഹരിക്കുകയും പരസ്​പര സ്​നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്​ഥാനത്തിൽ സുതാര്യവും സത്യസന്ധവുമായി അത് കൈകാര്യം ചെയ്തുപോരുകയും ചെയ്യുന്ന സംഘടനാരീതിയെക്കുറിച്ചും വിശദീകരിച്ചു. കണക്കുവെക്കലുകൾക്കുപോലും അവിടെ ഇടമുണ്ടായിരുന്നില്ല. ആരും കണക്കുചോദിച്ചില്ല. സുനിലും അതി​ലൊരാളായിരുന്നു. പരസ്​പര സ്​നേഹത്തിലും വിശ്വാസത്തിലും ഊന്നുന്ന ഒരു സംഘടനാജീവിതമായിരുന്നു അത്.

സ്വകാര്യമേഖലയിലെ സംവരണവും ദലിത് ഐക്യറാലിയും

ദലിത് ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും അജണ്ടകളിലൊന്നായി ഐക്യസമിതി കണ്ടെത്തിയിരുന്നത് സംവരണത്തെയാണ്. ദലിത് ൈക്രസ്​തവ സംവരണവുമായി ബന്ധപ്പെട്ട് നിലനിന്ന വിവാദങ്ങൾക്ക് പരിഹാരം കണ്ടെത്തനായതോടെ അവർക്കുകൂടി സ്വീകാര്യമായ സ്വകാര്യമേഖലയിലെ സംവരണപ്രശ്നം ഉന്നയിക്കാനായി.

‘ക്രീമിലെയർ സാമ്പത്തിക സംവരണത്തെ പരാജയപ്പെടുത്തുക’ എന്നപേരിൽ 1954 ഒക്ടോബറിൽ അധഃസ്​ഥിത നവോത്ഥാന മുന്നണി പ്രസിദ്ധീകരിച്ചൊരു ലഘുലേഖയിൽ ‘‘സ്വകാര്യമേഖലയിൽ ഊന്നിയും പൊതുമേഖലയെ തകർത്തുകൊണ്ടും നരസിംഹറാവു ഗവൺമെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക രാഷ്ട്രീയ നയങ്ങൾ അനതിവിദൂര ഭാവിയിൽ സംവരണം അപ്രസക്തമാക്കിത്തീർക്കു’’മെന്ന് സൂചിപ്പിച്ചുകൊണ്ട് സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന മേഖലകളുടെ നിലനിൽപും സുരക്ഷിതത്വവും വികാസവും ഉറപ്പുവരുത്തുകയും സംവരണം സ്വകാര്യമേഖലയിലേക്ക് വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ സമ്പത്തിലും അധികാരത്തിലും തുല്യപങ്കാളിത്തമുള്ളൊരു ജനവിഭാഗമെന്ന നിലയിൽ അതിന്റെ വിതരണത്തിലും ലഭ്യതയിലും വിനിയോഗത്തിലുമെല്ലാം പട്ടികജാതി/പട്ടികവർഗ/പിന്നാക്ക വിഭാഗങ്ങൾക്കും തുല്യ അവകാശമുണ്ടെന്ന നിലപാടിന്റെ അടിസ്​ഥാനത്തിലായിരുന്നു സ്വകാര്യമേഖലയിലെ സംവരണപ്രശ്നം ഉന്നയിക്കപ്പെട്ടത്.

ഇതേ സമീപനത്തിൽനിന്നായിരുന്നു 2002 ജനുവരി 12ന് ദലിത് ഐക്യസമിതി എറണാകുളത്ത് (എം.എഫ്.എസ്​ ഹാൾ) സംവരണ അവകാശ പ്രഖ്യാപന സമ്മേളനം നടത്തിയത്. ‘സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കുക, സംവരണം ജനസംഖ്യാനുപാതികമാക്കുക’ എന്നതായിരുന്നു സമ്മേളനത്തിന്റെ സന്ദേശം.

 

സംവരണം ഒരു സാമൂഹിക-രാഷ്ട്രീയാവകാശമാണെന്നും പിന്നാക്കം നിൽക്കുന്ന സാമൂഹികവിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കും നൽകുന്ന പ്രത്യേക പരിരക്ഷകളിലൂടെയാണ് ഇന്ത്യയുടെ ജനാധിപത്യവത്കരണ പ്രക്രിയ വിഭാവനം ചെയ്യപ്പെടുന്നതെന്നും എന്നാൽ, സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും സംവരണ തത്ത്വം പൂർണമായും പാലിക്കാൻ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്ക് കഴിഞ്ഞില്ലെന്നുമുള്ള ചരിത്രയാഥാർഥ്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എറണാകുളം സമ്മേളനം. പട്ടികജാതി/പട്ടികവർഗക്കാർക്ക് വ്യവസ്​ഥ ചെയ്തിരുന്ന 22.5 ശതമാനം സംവരണത്തിൽ 5.78 ശതമാനം മാത്രമാണ് 1998 കാലത്തുപോലും കേന്ദ്ര സർവിസിൽ ലഭ്യമായിരുന്നുള്ളൂ.

രാജ്യത്തെ ജനസംഖ്യയിൽ 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് കേന്ദ്ര സർവിസിൽ കേവലം 4.89 ശതമാനം പ്രാതിനിധ്യം മാത്രമേ ലഭ്യമായിരുന്നുള്ളൂവെന്ന് മണ്ഡൽ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലും സംവരണ തത്ത്വം പൂർണമായും പാലിക്കപ്പെടുന്നില്ലെന്ന് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ജനസംഖ്യാനുപാതിക സംവരണം വ്യവസ്​ഥ ചെയ്യുമ്പോൾപോലും പട്ടികജാതി/പട്ടികവർഗക്കാർക്ക് 10 ശതമാനം സംവണമേ ലഭ്യമായിരുന്നുള്ളൂ. ജനസംഖ്യയിലെ വർധന പരിഗണിച്ചിരുന്നില്ല. 6 ശതമാനത്തോളം വരുന്ന പട്ടികജാതി ൈക്രസ്​തവർക്ക് 2 ശതമാനം സംവരണമേയുള്ളൂ. 26 ശതമാനം വരുന്ന ഈഴവർക്ക് 14 ശതമാനവും 25 ശതമാനം വരുന്ന മുസ്‍ലിംകൾക്ക് 12 ശതമാനവും ലത്തീൻ കത്തോലിക്കർക്കും ആഗ്ലോ ഇന്ത്യക്കാർക്കും നാലു ശതമാനവും വിശ്വകർമജർക്ക് മൂന്നു ശതമാനവും നാടാർക്ക് മൂന്നു ശതമാനവും സംവരണമേയുള്ളൂ.

പട്ടികജാതി/വർഗക്കാർ ഒഴികെയുള്ള സംവരണീയർക്ക് തത്ത്വത്തിൽപോലും ജനസംഖ്യാനുപാതികമായി തങ്ങളെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നില്ല എന്നത് കേരളത്തിൽ നിലനിൽക്കുന്ന ജാത്യാധിഷ്ഠിത അധികാരഘടനയുടെ പ്രത്യേകതയാ​െണന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 20-22 ശതമാനം മാത്രം വരുന്ന സവർണ ൈക്രസ്​തവ/നായർ വിഭാഗങ്ങളിൽനിന്നുള്ളവരാണ് കേരള നിയമസഭയിലെ പകുതിയോളം (68) എം.എൽ.എമാരും പകുതി മന്ത്രിമാരും (10) എന്നിരിക്കെ, 80 ശതമാനത്തോളം വരുന്ന സംവരണീയവിഭാഗങ്ങൾ ബാക്കികൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്ന സ്​ഥിതിയാണ് നിലവിലുള്ളത്.

1980കളുടെ തുടക്കത്തിൽ നടപ്പാക്കി തുടങ്ങിയ സാമ്പത്തിക പരിഷ്കരണങ്ങളും 1990കളിൽ കരുത്താർജിച്ച ആഗോളവത്കരണ പ്രക്രിയയും ഇന്ത്യയിലെ ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശങ്ങൾക്കുമേലുള്ള മറ്റൊരു വെല്ലുവിളിയായി മാറി. പൊതുമേഖല സ്​ഥാപനങ്ങൾ വിൽക്കുകയും തൊഴിലവസരങ്ങൾ വെട്ടിക്കുറക്കുകയും സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ കൈയൊഴിയുകയും ചെയ്യുന്ന സ്​ഥിതിയിലേക്ക് രാജ്യം മാറി. പൊതുമേഖല ബാങ്കുകൾ, ലൈഫ് ഇൻഷുറൻസ്​ കോർപറേഷൻ, ജനറൽ ഇൻഷുറൻസ്​ കോർപറേഷൻ തുടങ്ങി ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഗതാഗത-വാർത്താവിനിമയ രംഗത്തും വൈദ്യുതി രംഗത്തും കുടിവെള്ളത്തിന്റെ കാര്യത്തിൽപോലും സ്വകാര്യവത്കരണം ശക്തമായിക്കൊണ്ടിരുന്നു.

കേരളത്തിൽതന്നെ ലാഭത്തിൽ പ്രവർത്തിക്കുന്നവയടക്കം ചില പൊതുമേഖല സ്​ഥാപനങ്ങൾ സ്വകാര്യമേഖലക്ക് വിട്ടുകൊടുത്തു കഴിഞ്ഞിരുന്നു. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി അടക്കം പല സ്​ഥാപനങ്ങളും കൈമാറാനുള്ള ആലോചനകളിലായിരുന്നു. പൊതുമേഖലാ സ്​ഥാപനങ്ങളുടെ തകർച്ചയിലൂടെയും കൈമാറ്റത്തിലൂടെയും സർക്കാർ പൊതുമേഖല സംരംഭങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതിലൂടെയും സംവരണവ്യവസ്​ഥതന്നെ പ്രായോഗികമായി നിലവിലില്ലാതെ വരുകയും ദലിത് സാമൂഹിക മുന്നേറ്റത്തിൽനിന്ന് പിന്നോട്ടടിക്കപ്പെടുകയും ചെയ്യുമെന്ന് ഡി.എ.എസ്​ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കുകയെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഡി.എ.എസ്. സംവരണാവകാശ പ്രഖ്യാപന സമ്മേളനം നടത്തിയത്.

ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി ഞങ്ങൾ കണ്ടെത്തിയത് എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ദലിത്-പിന്നാക്ക മുന്നണി ചെയർമാനുമായ വെള്ളാപ്പള്ളി നടേശനായിരുന്നു. എന്നാൽ, ക്ഷണം നിരസിച്ച് വെള്ളാപ്പള്ളി കാരണമെന്നും പറഞ്ഞില്ലെങ്കിലും ദീർഘമായി സംസാരിക്കാൻ താൽപര്യം കാണിച്ചത് ദലിത് നേതാക്കളുടെ സ്വഭാവ വൈകല്യങ്ങളെ കുറിച്ചായിരുന്നു. ദലിത്-പിന്നാക്ക മുന്നണി കൺവീനറായിരുന്ന പി. രാമഭദ്രനും മുന്നണിയിലെ അംഗ സംഘടനയായ കെ.ഡി.പിയുടെ അധ്യക്ഷനായ കെ. അംബുജാക്ഷനുമെല്ലാം അദ്ദേഹത്തിന്റെ പരിഹാസത്തിനും ആരോപണങ്ങൾക്കും വിധേയരായി. പണമായോ മറ്റു സഹായങ്ങളായോ വെള്ളാപ്പള്ളിയിൽനിന്ന് എന്തെങ്കിലും സ്വീകരിച്ച ദലിത് നേതാക്കളെയെല്ലാം അദ്ദേഹം ഇകഴ്ത്തി. (ഒരു മേലാള ജാതി മനസ്സിന്റെ വെളിപ്പെടലായിരുന്നു അത്) വെള്ളാപ്പള്ളിയെപ്പോലൊരാൾ ഇത്രമാത്രം താഴാമോ എന്നുതോന്നി.

എന്നോടു സംസാരിച്ചതുകൊണ്ട് ഞാൻ മാത്രം ഒഴിവാക്കപ്പെട്ടതുപോലെ. ഒരു മേൽജാതി ഹിന്ദുവിന്റെ പ്രവർത്തനരീതിയായിരുന്നു ഇത്. ലജ്ജാകരമായൊരു കാര്യം ഈ യാഥാർഥ്യം തിരിച്ചറിയുന്നതിൽ ദലിത് നേതാക്കൾ പലരും പരാജയപ്പെടുന്നുവെന്നതാണ്. അപ്പോഴാണ് ദലിത്-പിന്നാക്ക സമ്മേളനത്തിൽ ക്ഷണിക്കാതെയെത്തി അഡ്വ. കെ.വി. കുമാരൻ വാഴ്ത്തിയ വെള്ളാപ്പള്ളി ബന്ധത്തിന്റെ പരിഹാസ്യത ഉറപ്പാക്കപ്പെട്ടത്. സാമൂഹികാവശ്യത്തിനോ അല്ലാതെയോ വെള്ളാപ്പള്ളിയെപ്പോലുള്ളവരെ സന്ദർശിക്കാൻ ഒരിക്കലും തയാറാകാതിരുന്നത് മഹാഭാഗ്യമായി അപ്പോൾ തോന്നി.

അതുപോലെതന്നെ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്നത് പട്ടികജാതി/വർഗ വകുപ്പ് മന്ത്രിയായിരുന്ന ഡോ. എം.എ. കുട്ടപ്പനായിരുന്നു. അദ്ദേഹമെത്തിയില്ല. പകരം അടുത്തദിവസം പത്രത്തിൽ കണ്ടത് ഏതോ യൂത്ത് കോൺഗ്രസ്​ പ്രാദേശിക പരിപാടിയിൽ പങ്കെടുത്ത വാർത്തയാണ്. എസ്​.എൻ.ഡി.പി യോഗം സംസ്​ഥാന പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗർ, കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ, ടി.എൻ. പ്രതാപൻ എം.എൽ.എ., ഉമേഷ് ചള്ളിയിൽ എം.എൽ.എ, കെ.കെ. കൊച്ച്, ഡോ. ഡി. രാജീവ്, പ്രഫ. ടി.എം. യേശുദാസൻ, ഡോ. വി.സി. ഹാരീസ് ക്ലമന്റ് ലോപ്പസ്​ എന്നിങ്ങനെ ദലിത്/പിന്നാക്ക/മുസ്‍ലിം/ദലിത് ൈക്രസ്​തവ-ലത്തീൻ കത്തോലിക്ക രാഷ്ട്രീയ-ബൗദ്ധിക മണ്ഡലത്തിൽനിന്നുള്ള പങ്കാളിത്തം ഉറപ്പിച്ചായിരുന്നു ഈ സമ്മേളനം നടത്തിയതെങ്കിലും വിദ്യാസാഗറും ഡി. രാജീവനും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. എന്തൊരു വാഗ്ദാന ലംഘനവും ബഹിഷ്കരണവുമായിരുന്നു ഇത്.

സ്വകാര്യമേഖലയിലെ സംവരണത്തോടുള്ള സംവരണീയ മണ്ഡലത്തിലെ പൊതു സമീപനമായിരുന്നു ഇത്. സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കിയാൽ അത് തങ്ങളെയും ബാധിക്കുമെന്നത് ദലിതേതര സമുദായങ്ങൾ കരുതുക സ്വാഭാവികമായിരുന്നു. കാരണം, അവർ സ്​ഥാപന ഉടമകളായിരുന്നു. എന്നാൽ, എം.എം. കുട്ടപ്പനെപ്പോലുള്ളവർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്നത് ഒരു ചോദ്യചിഹ്നമായിരുന്നു.

എന്നാൽ, ഇതേ സംവരണ നിലപാട് ഉയർത്തിപ്പിടിച്ച് 2002 ഡിസംബർ 21ന് ഡി.എ.എസും കെ.ബി.പിയും കോട്ടയത്തു നടത്തിയ സംയുക്ത റാലിയും സമരപ്രഖ്യാപന സമ്മേളനവും ദലിത് ഐക്യവുമായി ബന്ധപ്പെട്ടു നടത്തിയ ശ്രമങ്ങളിൽ ശ്രദ്ധേയമായൊരു ചുവടുവെപ്പായി.

(തുടരും)

News Summary - KM Salimkumar biography