ഒരു അനുസ്മരണവും സംഗമവും

ജാതി ഇല്ല എന്ന നിലപാട് തിരുത്തപ്പെടുന്നതുപോലെ തന്നെ ലിംഗസമത്വത്തെക്കുറിച്ചുള്ള ധാരണകളും മലയാളികൾ തിരുത്തി തുടങ്ങിയിരിക്കുന്നു. ദലിതർക്കെന്നതുപോലെ സ്ത്രീകൾക്കും ഇക്കാലം പോരാട്ടങ്ങളുടെ ദശകങ്ങളായിരുന്നു. തങ്ങൾക്കെതിരായ അക്രമങ്ങൾ മൂടിവെക്കാനാവാത്ത കാലത്തേക്ക് സ്വാഭിമാനികളായ സ്ത്രീകൾ കേരളത്തെ മാറ്റിയിരിക്കുന്നു. പറയുന്നത് പ്രവർത്തിക്കുക എന്നതല്ലാതെ ഒരു പ്രവർത്തനത്തിന്റെ ഓർമ പുതുക്കുന്നത് ആദ്യമായിട്ടാണ്. മനുസ്മൃതി ചുട്ടെരിച്ചതിന്റെ 30ാം വാർഷികത്തിൽ 2019 സെപ്റ്റംബർ ഒന്നിന് ദലിത് െറസിസ്റ്റൻസ് കോൺഫറൻസിന്റെ മുൻകൈയിൽ എറണാകുളം കച്ചേരിപ്പടിയിലുള്ള ആശിർഭവനിൽ നടന്ന...
Your Subscription Supports Independent Journalism
View Plansജാതി ഇല്ല എന്ന നിലപാട് തിരുത്തപ്പെടുന്നതുപോലെ തന്നെ ലിംഗസമത്വത്തെക്കുറിച്ചുള്ള ധാരണകളും മലയാളികൾ തിരുത്തി തുടങ്ങിയിരിക്കുന്നു. ദലിതർക്കെന്നതുപോലെ സ്ത്രീകൾക്കും ഇക്കാലം പോരാട്ടങ്ങളുടെ ദശകങ്ങളായിരുന്നു. തങ്ങൾക്കെതിരായ അക്രമങ്ങൾ മൂടിവെക്കാനാവാത്ത കാലത്തേക്ക് സ്വാഭിമാനികളായ സ്ത്രീകൾ കേരളത്തെ മാറ്റിയിരിക്കുന്നു.
പറയുന്നത് പ്രവർത്തിക്കുക എന്നതല്ലാതെ ഒരു പ്രവർത്തനത്തിന്റെ ഓർമ പുതുക്കുന്നത് ആദ്യമായിട്ടാണ്. മനുസ്മൃതി ചുട്ടെരിച്ചതിന്റെ 30ാം വാർഷികത്തിൽ 2019 സെപ്റ്റംബർ ഒന്നിന് ദലിത് െറസിസ്റ്റൻസ് കോൺഫറൻസിന്റെ മുൻകൈയിൽ എറണാകുളം കച്ചേരിപ്പടിയിലുള്ള ആശിർഭവനിൽ നടന്ന ഒരു പ്രത്യയശാസ്ത്ര സമരത്തിന്റെ ഓർമ. ഇതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്താവനയുടെ അവസാനത്തെ വരിയിൽ വ്യക്തമാക്കുന്നതുപോലെ, ‘‘മനുസ്മൃതി ചുട്ടെരിച്ചതിന് നേതൃത്വം കൊടുത്ത സംഘടന, പങ്കാളികളായവർ, മർദനമേറ്റവർ, തടവിലാക്കപ്പെട്ടവർ, ഭയവിഹ്വലരായി പാഞ്ഞ സ്ത്രീകളും കുട്ടികളും എല്ലാം ഓർമകളായിരുന്നു. ഓർമകൾ പ്രധാനമാണ്. പ്രത്യേകിച്ചും ചരിത്രത്തിൽ ഇടമില്ലാത്തവർക്ക്. ഓർമകളിൽ നിന്ന് നിഷ്കാസിതരാകുന്നവർ ചരിത്രത്തിൽനിന്നാണ് നിഷ്കാസിതരാകുന്നത്.’’
ജാതിവിരുദ്ധമായൊരു ദിശാബോധത്തിൽ ഐക്യകേരളത്തിലെ ദലിതർക്കിടയിൽ വളർന്നുവന്ന ഉണർവുകളുടെയും പോരാട്ടങ്ങളുടെയും മുഖത്താണ് മനുസ്മൃതി ചുട്ടെരിക്കപ്പെട്ടത്. ആധുനിക ജനാധിപത്യ സാമൂഹിക ക്രമത്തിനുള്ളിൽ നിലനിൽക്കുന്ന ബ്രാഹ്മണ്യ ആശയലോകത്തിന്റെ അപ്രമാദിത്വത്തിനും അതിന്റെ സാമൂഹിക-രാഷ്ട്രീയ മേൽക്കോയ്മക്കുമെതിരായ പ്രത്യയശാസ്ത്രപരമായൊരു കടന്നാക്രമണമായിരുന്നു അത്. ശ്രദ്ധേയമായൊരു കാര്യം ‘ജാതി ഇല്ല’ എന്ന് ശഠിക്കുന്ന ഐക്യകേരളത്തിലാണ് മനുസ്മൃതി ചുട്ടെരിക്കപ്പെട്ടത് എന്നതാണ്. ‘ജനാധിപത്യം വന്നു, ജാതി പോയി’ എന്നത് കേരളീയരുടെ പൊതുബോധമായിരുന്നു. അതൊരു മിത്തായി മാറിയിരുന്നു.
രാഷ്ട്രീയ നേതാക്കന്മാർ മാത്രമല്ല, സാംസ്കാരിക നായകന്മാരും ചരിത്രകാരന്മാരും എഴുത്തുകാരുമെല്ലാം ഈ മിത്തിന്റെ പ്രചാരകരായി. നവോത്ഥാന കാലത്തെ അവർ ഈ മിത്തിലേക്ക് വ്യാഖ്യാനിച്ചു. ദുഃഖകരമായൊരു കാര്യം ജാതിക്കെതിരെ സംസാരിക്കുന്നവർ ജാതിവാദികളായി ചിത്രീകരിക്കപ്പെട്ടുവെന്നതാണ്. എവിടെയാണ് ജാതി എന്നത് ’80കളിലെ ചോദ്യമായിരുന്നു. അതിന് ഉത്തരം നൽകുവാനുള്ള ബാധ്യത ദലിതർക്കു മാത്രമായി. അതിനുള്ള പ്രത്യയശാസ്ത്രപരമായൊരു ശ്രമമായിരുന്നു മനുസ്മൃതി ചുട്ടെരിക്കൽ.
ജാതി നിർമിതമായ ഇന്ത്യൻ സാമൂഹിക ഘടനയെ ആദർശമാക്കി ഇന്ത്യൻ ദേശീയതക്ക് സമാന്തരമായും പകരമായും ഉയർന്നുവന്ന ഹിന്ദു ദേശീയതയുടെ വക്താക്കൾക്ക് ഹിന്ദു രാഷ്ട്രമെന്ന തങ്ങളുടെ ലക്ഷ്യത്തിലേക്ക് പ്രത്യയശാസ്ത്രപരമോ പ്രായോഗികമോ ആയ കാര്യമായൊരു തടസ്സവുമില്ലെന്ന് തെളിയിക്കുകയായിരുന്നു 2014ൽ രാഷ്ട്രത്തിന്റെ ഭരണാധികാരം പിടിച്ചെടുത്തുകൊണ്ട് ആർ.എസ്.എസ്-ബി.ജെ.പി സംഘ്പരിവാർ ശക്തികൾ.
ഹൈന്ദവവത്കരണത്തോടൊപ്പം ജാതികളുടെ പ്രവർത്തന മണ്ഡലം രാഷ്ട്രീയമാണെന്നും ജാതി സമവാക്യങ്ങൾക്കകത്താണ് ഇന്ത്യൻ രാഷ്ട്രീയം ചലിച്ചുകൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവുമായിരുന്നു ഹിന്ദുത്വവാദികളെ അധികാരത്തിലെത്തിച്ചത്. മനുസ്മൃതി ചുട്ടെരിക്കുമ്പോഴുണ്ടായിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യമായിരുന്നില്ല ഇത്. അന്ന് ജനസംഘത്തിൽനിന്ന് ബി.ജെ.പിയിലെത്തിയ സംഘ്പരിവാർ വമ്പിച്ചൊരു കുതിച്ചുചാട്ടത്തിന് കളമൊരുക്കിക്കൊണ്ടിരിക്കുകയായിരുന്നുവെങ്കിലും ഇതിനിടയിൽ മനുസ്മൃതി ചുട്ടെരിച്ചതിനുശേഷമുള്ള മൂന്നു പതിറ്റാണ്ടിനുള്ളിൽ കേരളത്തിലെ ദലിത് പ്രവർത്തന മണ്ഡലത്തിലുണ്ടായ ഏറ്റവും മൗലികമായ നേട്ടങ്ങളിലൊന്ന് ‘ജാതി ഇല്ല’ എന്ന മിത്ത് തകർക്കാനായി എന്നതാണ്.
ദലിതരും ആദിവാസികളും നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളുടെ കാരണങ്ങൾ തേടിപ്പോകുന്നവർ അവസാനം എത്തിച്ചേരേണ്ടിവരുന്നത് ജാതിയിലാണെന്ന യാഥാർഥ്യം പൊതു സ്വീകാര്യത നേടി. ഒരിക്കൽ തങ്ങളുടെ മഹത്തായ സംഭാവനയെന്നും ദലിതരുടെയും ആദിവാസികളുടെയും സുരക്ഷയെന്നും വിശേഷിപ്പിക്കപ്പെട്ട കോളനികൾ ജാതിവിവേചനത്തിന്റെ ഘെേട്ടാകളാമെന്ന്(ഒരേ വിഭാഗം ആളുകൾ താമസിക്കുന്ന ചേരികൾ) ഇപ്പോഴത്തെ സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് 2018ൽ മാതൃഭൂമി ദിനപത്രത്തിൽ ലേഖനമെഴുതേണ്ടി വന്നു.
‘ജാതി ഇല്ല’ എന്ന നിലപാട് തിരുത്തപ്പെടുന്നതുപോലെ തന്നെ ലിംഗസമത്വത്തെക്കുറിച്ചുള്ള ധാരണകളും മലയാളികൾ തിരുത്തി തുടങ്ങിയിരിക്കുന്നു. ദലിതർക്കെന്നതുപോലെ സ്ത്രീകൾക്കും ഇക്കാലം പോരാട്ടങ്ങളുടെ ദശകങ്ങളായിരുന്നു. തങ്ങൾക്കെതിരായ അക്രമങ്ങൾ മൂടിവെക്കാനാവാത്ത കാലത്തേക്ക് സ്വാഭിമാനികളായ സ്ത്രീകൾ കേരളത്തെ മാറ്റിയിരിക്കുന്നു.
കേരളീയ സ്ത്രീകൾ എത്രമാത്രം അസ്വാതന്ത്ര്യത്തിലും അസമത്വത്തിലും അപമാനത്തിലുമാണ് ജീവിക്കുന്നതെന്ന് ശബരിമല സ്ത്രീപ്രവേശന വിലക്ക് ലോകത്തെ കാണിച്ചുകൊടുത്തു. സ്വാതന്ത്ര്യത്തെക്കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ നടത്തിയൊരു നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. ‘‘സാമൂഹിക സ്വാതന്ത്ര്യം കൈവരിക്കാത്തിടത്തോളം നിയമം അനുവദിക്കുന്ന സ്വാതന്ത്ര്യം എന്തുതന്നെയായാലും അതുകൊണ്ട് നിങ്ങൾക്ക് പ്രയോജനമില്ല.
’’ ജാത്യാധിപത്യവും പുരുഷാധിപത്യവും ഇല്ലാത്തതുകൊണ്ടല്ല, അത് അംഗീകരിക്കാനും അതിനപ്പുറത്തേക്ക് കേരളത്തെ ചലിപ്പിക്കാനുമുള്ള രാഷ്ട്രീയ പ്രബുദ്ധതയാണ് ഐക്യകേരളത്തിന് ഇല്ലാതെ പോയത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ ജാതി/മത/വംശ വിവേചനങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് ഐക്യകേരളവും മുന്നോട്ടുനീങ്ങിയത്. മാറ്റത്തെക്കുറിച്ച് പറഞ്ഞവരിലേറെയും സ്വയം മാറാൻ വിസമ്മതിച്ചു. ഇത്തരം വിവേചനങ്ങളുടെ തീവ്രതയാണ് അയിത്തമായും ദുരഭിമാനക്കൊലകളായും ഇപ്പോൾ കേരളീയർക്കിടയിൽ തലപൊക്കിക്കൊണ്ടിരിക്കുന്നത്. ചിലർ പ്രചരിപ്പിക്കുന്നതുപോലെ ഇല്ലാതാക്കപ്പെട്ട ജാതിയുടെ തിരിച്ചുവരവല്ലയിത്. പത്തി താഴ്ത്തിയ ജാതി തലയുയർത്താൻ നോക്കുകയാണ്.
ജാത്യാധികാര ഘടനക്കും പിതൃമേധാവിത്വ ഘടനക്കും ഉള്ളിൽ ദലിതരും സ്ത്രീകളും നേരിടുന്ന അസമത്വങ്ങളും അസ്വാതന്ത്ര്യവും അപമാനവുമാണ് ഇന്ന് കേരളം നേരിടുന്ന മൗലികമായ രണ്ട് സാമൂഹികപ്രശ്നങ്ങൾ. സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശംപോലുമില്ലാത്ത ഒരു സമൂഹത്തെയാണ് മലയാളികൾ ജനാധിപത്യ സമൂഹം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു സമൂഹത്തിൽ തെരഞ്ഞെടുപ്പും സർക്കാർ രൂപവത്കരണവുമല്ലാതെ ജനാധിപത്യ തത്ത്വങ്ങളും മൂല്യങ്ങളും നിയമങ്ങളും അതിന്റെ അലങ്കാരങ്ങൾ മാത്രമാണ്. ജാതീയതയും സ്ത്രീവിരുദ്ധതയും ഉള്ളടക്കവും. ഈ പ്രതിസന്ധി മറികടക്കുവാൻ കഴിയണമെങ്കിൽ ഭരണഘടനാ ധാർമികതയുടെ അടിസ്ഥാനത്തിൽ കേരളീയ സമൂഹത്തെ പുനർനിർമിക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക സ്വാതന്ത്ര്യവും ഉറപ്പാക്കപ്പെടേണ്ടതുണ്ട്. ജനാധിപത്യത്തെ ഒരു ജീവിത സമ്പ്രദായമായി മാറ്റേണ്ടതുണ്ട്.
വർത്തമാനകാലത്തോട് തുല്യതയുടെ അടിസ്ഥാനത്തിൽ സംവദിക്കുവാൻ കഴിയാത്ത ഭൂതകാലത്തെ, അതിന്റെ നിർമിതികളെ, സ്ഥാപനങ്ങളെ –ഗോത്രം, ജാതി, മതം, കുടുംബം എന്നിവയെ മറികടന്നുകൊണ്ടേ ഇത്തരമൊരു നീക്കം സാർഥകമാകുകയുള്ളൂ. കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്കരിക്കുക എന്നാണ് അതിനർഥം. ജാത്യാധിഷ്ഠിതമായൊരു സമൂഹമാണ് കേരളം എന്ന് സ്ഥാപിക്കുകയെന്നത് ദലിതരുടെ ചരിത്രപരമായൊരു ചുമതലയായിരുന്നു. അത് നിർവഹിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതേസമയം ജാതിരഹിത കേരളം നിർമിക്കുകയെന്നത് ദലിതരുടെ മാത്രം ചുമതലയല്ല, അവർക്കുമാത്രം സാധ്യമാകുന്ന കാര്യവുമല്ല. ജനാധിപത്യ കേരളം ഏറ്റെടുക്കേണ്ട ചുമതലയാണിത്.
നിശ്ചയമായും അത് ചൂണ്ടിക്കാണിക്കുവാനും അത്തരമൊരു ദിശയിലേക്ക് കേരളത്തെ ചലിപ്പിക്കുവാനും ദലിതർക്ക് കഴിയും. ഇവിടെയാണ് മനുസ്മൃതി കത്തിച്ച ഓർമ പ്രസക്തമാകുന്നത്. മൂന്നു പതിറ്റാണ്ടുമുമ്പ് 1989 സെപ്റ്റംബർ 1ന് മനുസ്മൃതി ചുട്ടെരിച്ചത് ‘അധഃസ്ഥിതരെയും സ്ത്രീകളെയും അടിച്ചമർത്തുന്ന സവർണമേധാവിത്വത്തിന്റെ നീതിശാസ്ത്രം മനുസ്മൃതി ചുട്ടെരിക്കുന്നു’ എന്ന സന്ദേശമുയർത്തിയാണ്. എന്നാൽ, ‘ഒരു പ്രത്യയശാസ്ത്ര സമരത്തിന്റെ ഓർമ’ എന്ന നിലയിൽ എറണാകുളത്ത് നടന്ന ഓർമപുതുക്കൽ ഉയർത്തിയ സന്ദേശം ‘കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്കരിക്കുക’ എന്നതായിരുന്നു.
ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കപ്പെട്ടതും അതിന് രേഖാപരമായി സമ്മതം നൽകിയതും ടീസ്റ്റ സെറ്റൽവാദായിരുന്നു. എന്നാൽ, തനിക്ക് എത്താനാവില്ലെന്ന് അവസാന നിമിഷം അവർ അറിയിച്ചത് സംഘാടകരെ പ്രതിസന്ധിയിലാഴ്ത്തി. കാരണം മനുസ്മൃതിയെക്കുറിച്ചും അതിന്റെ വർത്തമാനകാല ഹിന്ദുത്വ വ്യാഖ്യാനങ്ങളെക്കുറിച്ചും വ്യക്തമായി ബോധ്യമുള്ള ഒരാളെന്ന നിലയിലായിരുന്നു ഞങ്ങൾ അവരെ ഉദ്ഘാടകയായി കണ്ടെത്തിയത്. അതിനവർ പറഞ്ഞ കാരണം ന്യായീകരിക്കപ്പെടുന്നതായിരുന്നുവെങ്കിലും ജാതിപ്രശ്നം കാലോചിതമായി ഉന്നയിക്കുവാനുള്ള സംഘാടകരുടെ ശ്രമത്തിന് തിരിച്ചടിയേറ്റു. അവർക്കായി ഞങ്ങൾ ഏർപ്പെടുത്തിക്കൊടുത്ത വിമാനയാത്രാ ചെലവു കൃത്യമായി തിരികെയേൽപിച്ച് മാന്യതകാട്ടി. ഇക്കാര്യത്തിൽ സഹായിയായിരുന്നത് ൈക്രസ്തവ ദൈവവേലയുടെ വഴിയിൽ സഞ്ചരിച്ചിരുന്ന തിരുവല്ല സ്വദേശിയും ആത്മസുഹൃത്തുമായ മാർഷൽ ഫിലിപ്പ് ആയിരുന്നു.
അതുപേലെ തന്നെ ഈ ഓർമ പുതുക്കലിൽ ചർച്ചക്കെടുത്ത ‘കേരളത്തിന്റെ ആഭ്യന്തര ജനാധിപത്യവത്ക്കരണം’ എന്ന വിഷയങ്ങൾ ആമുഖമായി സംസാരിക്കുന്നതിന് ക്ഷണിക്കപ്പെട്ടത് ഡോ. സുനിൽ പി. ഇളയിടത്തെ ആയിരുന്നു. തലേദിവസം വിളിക്കുമ്പോൾ അദ്ദേഹം അസൗകര്യമറിയിച്ചത് മറ്റൊരാഘാതമായി. ഡോ. പ്രദീപൻ പാമ്പരിക്കുന്നിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ‘ദലിത് വൈജ്ഞാനിക സമീക്ഷയും സിദ്ധാന്തവും’ എന്ന പേരിൽ 2017 ഡിസംബർ 6, 7, 8 തീയതികളിൽ കാലടി സർവകലാശാലയിൽ നടന്ന അനുസ്മരണ സെമിനാറുകളിൽ ഒന്നിൽ, ഡോ. കെ.ആർ. സജിതയുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ ‘ആധുനിക കേരളം ഒരു ദലിത് വിമർശനം’ എന്ന വിഷയം അവതരിപ്പിക്കുന്നതിന് എന്നെ വിളിച്ച ഓർമക്ക് അപ്പോൾ രണ്ടു കൊല്ലമേ പഴക്കമുണ്ടായിരുന്നുള്ളൂ.
ഞാൻ ആ വിളി ഹൃദയപൂർവം സ്വീകരിക്കുകയും പങ്കെടുക്കുകയും ചെയ്തു. എന്നാൽ, മനുസ്മൃതി ചുട്ടെരിക്കലിലൂടെ ഓർമ പുതുക്കലിലേക്ക് വിളിക്കപ്പെട്ട സുനിൽ പി. ഇളയിടത്തിന് ആ വിളികേൾക്കാനും സമ്മതം നൽകാനും കഴിഞ്ഞുവെന്നല്ലാതെ വാക്കുപാലിക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ട് സുനിൽ പി. ഇളയിടം താൽപര്യം കാണിച്ചില്ലെന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. എന്തൊരു ബൗദ്ധിക പാപ്പരത്തമാണിത്. ദലിത് ധൈഷണിക ലോകം അദലിത ധൈഷണികലോകത്തോടു കാണിക്കുന്ന ക്രിയാത്മക സമീപനം എത്ര പുരോഗമനകാരികളായി അറിയപ്പെടുന്നവർക്കും തിരിച്ചു നൽകാനാകുന്നില്ല.
പൊതുസമൂഹത്തിലെന്നതുപോലെ അക്കാദമിക് സമൂഹത്തിലും ആഴത്തിൽ വോരോട്ടമുള്ള ജാതീയതയല്ലാത്ത മറ്റൊരു കാരണവും അതിന് കണ്ടെത്താനാവില്ല. ജാതിയെ പ്രശ്നവത്കരിച്ചുകൊണ്ടും ഈ പരിസരത്തുനിന്നും ദലിത് വിഷയങ്ങളുമായി ബന്ധപ്പെട്ട് അക്കാദമികളിൽ നടക്കുന്ന ഗവേഷണങ്ങളും അന്വേഷണങ്ങളും ചർച്ചകളും ആകാശത്തുനിന്ന് പൊട്ടി വീണവയായിരുന്നില്ല. നീണ്ടുനിൽക്കുന്ന ദലിത് പ്രവർത്തനങ്ങളുടെ പോരാട്ടങ്ങളുടെ പ്രതിഫലനമായിരുന്നു. ഹൈന്ദവ ധർമ ശാസ്ത്രങ്ങളുടെ വ്യാഖ്യാനങ്ങളുമായി നടക്കുന്ന സുനിൽ പി. ഇളയിടത്തിന് മനുസ്മൃതിയുടെ സമകാലിക വ്യാഖ്യാനം സാധ്യമാകുമെന്നല്ലാതെ അതിനെ തള്ളിക്കളയാനാവില്ല എന്നതുകൊണ്ടാണ് അദ്ദേഹം ഒരു പ്രത്യയശാസ്ത്രത്തിന്റെ ഓർമ പുതുക്കലിൽ പങ്കെടുക്കാതിരുന്നത് എന്ന നിഗമനത്തിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.
പങ്കെടുക്കുമെന്ന് ഉറപ്പുപറഞ്ഞിരുന്നില്ലെങ്കിലും കൃത്യസമയത്ത് എത്തിച്ചേർന്നു. മനുസ്മൃതി കേസിലെ ഒന്നാം പ്രതിയായകെ. വേണുവായിരുന്നു ഈ ഓർമ പുതുക്കൽ ഉദ്ഘാടനം ചെയ്തത്. മനുസ്മൃതി ചുട്ടെരിച്ച കാലത്തുനിന്ന് വ്യത്യസ്തമായി ഈ ഓർമ പുതുക്കൽ മുന്നോട്ടുള്ള കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്കരിക്കുകയോ എന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടതായി തോന്നിയിരുന്നെങ്കിലും വേണുവിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംഘാടകർ തൃപ്തരായിരുന്നു. കേസിലെ മൂന്നാം പ്രതികൂടിയായ ഹൈകോടതി അഭിഭാഷകൻ എ.എക്സ്. വർഗീസിനെ നേരിട്ടുകണ്ട് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. വർഗീസ് മാത്രമല്ല, കേസിൽ പ്രതിചേർക്കപ്പെട്ട പാർട്ടി നേതാക്കളും പ്രവർത്തകരുമായിരുന്ന നിരവധി പേർ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിൽ നിന്ന് വളരെ മുമ്പുതന്നെ പിന്മാറിയിരുന്നു.
അതിെൻറ പ്രതിഫലനം കേസിലെ പ്രതികളെന്ന നിലയിൽ ക്ഷണിക്കപ്പെട്ടവരുടെ പങ്കാളിത്തത്തിലും കാണാമായിരുന്നു. 60 പ്രതികളിൽ 15 ഓളം പേർ മാത്രമേ എത്തിച്ചേർന്നുള്ളൂ. പൊലീസ് മർദനത്തിന് ഇരയായ കാസർകോട് സ്വദേശി എം. ശാരദ ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും ആരോഗ്യ പ്രശ്നങ്ങളും പ്രയാസവും പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്നു പറഞ്ഞു. കെ.കെ. കൊച്ചും സണ്ണി എം. കപിക്കാടും എത്തിച്ചേരുകയും പങ്കെടുക്കുകയും ചെയ്തു. ശ്രദ്ധിക്കപ്പെട്ടൊരു കാര്യം ശാരദക്കൊപ്പം ക്ഷണിക്കപ്പെട്ട മറ്റു രണ്ട് സ്ത്രീകളായ ഡോ. ജി. ഉഷാകുമാരിയും കെ.പി. യാമിനിയും പങ്കെടുത്തില്ല എന്നതാണ്.
സ്ത്രീപീഡനങ്ങൾക്കെതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കേരളീയ സ്ത്രീകൾ അതിന്റെ വേരുകൾ ഊന്നിനിൽക്കുന്ന മനുസ്മൃതിയെ ഗൗരവമായി കാണുന്നില്ലെന്നാണ് ഇതിന്റെ അർഥം. എന്നാൽ, സന്തോഷകരമായൊരു കാര്യം നോട്ടീസിൽ പേരില്ലാതിരുന്നിട്ടും ക്ഷണം സ്വീകരിച്ചെത്തിയ ജ്യോതി നാരായണന്റെ പങ്കാളിത്തമായിരുന്നു. അതേപോലെ തന്നെ ഈ ഓർമ പുതുക്കൽ മുന്നോട്ടുെവച്ച ‘കേരളത്തിന്റെ ആഭ്യന്തര ജനാധിപത്യവത്കരണം’ എന്ന ആശയം ഐക്യകേരളം തള്ളിക്കളയുകയില്ലാ എന്നതിന്റെ സൂചനയായിരുന്നു വിഷയത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് ഡോ. കെ.എൻ. അജോയ്കുമാർ നടത്തിയ സൈദ്ധാന്തിക ഇടപെടൽ. പിൽക്കാലത്ത് ഞാൻ നടത്തിയ സംഭഷണങ്ങളിലും പ്രസംഗങ്ങളിലും എഴുത്തുകളിലുമെല്ലാം ഈ ആശയത്തിന്റെ സ്പർശമുണ്ട്. ഓർമപുതുക്കലിൽ ഞാൻ ആയിരുന്നു അധ്യക്ഷൻ. എൻ.കെ. വിജയൻ സ്വാഗതവും ഇ.പി. ജോസഫ് കൃതജ്ഞതയും പറഞ്ഞു.
ദലിത് ജനാധിപത്യ സംഗമം
2010നു ശേഷമുണ്ടായ എന്റെ ദലിതാനുഭവങ്ങളിലൊന്ന് ദലിത് ഐക്യ സമിതിയിൽനിന്ന് എന്നെ പുറത്താക്കിയതായിരുന്നു. രസകരമായൊരു കാര്യം സാമൂഹിക ജീവിതം തന്നെ അസാധ്യമായൊരു കാലത്തായിരുന്നു ഈ നടപടികൾ എന്നതാണ്. ഈ കാലത്താണ് മുൻ എം.എൽ പ്രവർത്തകരായ കെ.വി. രാജേഷും കെ.വി. സനലും ദിശാ എന്ന ദലിത് സംഘടനയുടെ നേതാവ് എം.എ. ലക്ഷ്മണനും തൃശൂരിൽനിന്ന് തങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്ന ദലിത് ജനാധിപത്യ സംഗമവുമായി സഹകരിക്കുവാൻ കഴിയുമോ എന്ന് ആരാഞ്ഞത്.
എന്റെ ശാരീരികാവസ്ഥയും ഇനിയുള്ള കാലം ഒരു സംഘടനയുടെ ഭാഗമാകുവാൻ ആഗ്രഹമില്ലെന്നു പറഞ്ഞപ്പോൾ ഈ സംഗമത്തിന്റെ അധ്യക്ഷ പദവി വഹിച്ചാൽ മതിയെന്നും വേണ്ടതെല്ലാം തങ്ങൾ ചെയ്തുകൊള്ളാമെന്നും അറിയിച്ചു. ഈ സംഗമത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കപ്പെട്ട ബ്രാഹ്മണിസമാണ് ഇന്ത്യൻ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രമെന്ന കാഴ്ചപ്പാടും ദലിതുകൾ ഐക്യപ്പെടുക, ദലിതുകളോട് ഐക്യപ്പെടുക എന്ന സന്ദേശവും എനിക്ക് സ്വീകാര്യമായിരുന്നു. അസാധ്യമാണെന്നറിയാമായിരുന്നിട്ടും ഈ രാഷ്ട്രീയ സാമൂഹിക ഉൾക്കാഴ്ചയാണ് എന്നെ ദലിത് ജനാധിപത്യസംഗമത്തിന്റെ ഭാഗമാക്കിയത്.
വളരെ സങ്കീർണമായൊരു ആശയമായിരുന്നു ദലിതുകൾ ഐക്യപ്പെടുക, ദലിതുകളോട് ഐക്യപ്പെടുക എന്നത്. ഹിന്ദു ഫാഷിസ്റ്റുകൾ അധികാരം പിടിച്ചെടുക്കുകയും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ഈ ആശയം മുന്നോട്ടുവെക്കപ്പെട്ടത്. ജനാധിപത്യത്തെക്കുറിച്ചുള്ള കേരളീയ-ഇന്ത്യൻ പര്യാലോചനകളിൽ അത് രൂപംകൊണ്ടതും മൂന്നോട്ടുപോകുന്നതും എങ്ങനെയാണെന്നത് അധിക േശ്രാതസ്സുകൾ എന്തെല്ലാമാണെന്നതും നിർണായകമാണ്. സാമ്പത്തിക രാഷ്ട്രീയ മാനങ്ങൾ മാത്രമല്ല സാമൂഹികമായൊരു മാനവും അതിനുണ്ട്.
അത് അംഗീകരിക്കുകയാണെങ്കിൽ ജനാധിപത്യം എന്ന സങ്കൽപം തന്നെ ചില തിരുത്തലുകൾക്ക് വിധേയമാക്കേണ്ടിവരും. ഭരണഘടന വ്യക്തമാക്കുന്നതുപോലെ ഇന്ത്യൻ ജനാധിപത്യം ഏകമുഖമായൊരു പ്രതിഭാസമല്ല. വൈരുധ്യങ്ങളുടെ ആരോഗ്യകരമായൊരു സംലയനമാണത്. ജാതിവിവേചനവും മതവിവേചനവും ലിംഗവിവേചനവും വംശവിവേചനവും പ്രദേശവിവേചനങ്ങളുമെല്ലാം വിലക്കുന്ന ഭരണഘടന പറയാതെ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്ന പോരാട്ടങ്ങളെക്കുറിച്ചാണ്. കേരളീയ സാമൂഹിക പരിസരത്തും ഘടനയുടെ കീഴ്ത്തട്ടുകളിൽ നിന്നതുപോലെ മേൽത്തട്ടുകളിൽനിന്നും വ്യവസ്ഥ പൊളിച്ചെഴുതുന്നതിനുള്ള പോരാട്ടങ്ങൾ ഉയർന്നുവന്നതു കാണാം.
ജനാധിപത്യത്തിന്റെ മുഖ്യേസ്രാതസ്സുകളിൽ ഒന്നാണ് ഈ പോരാട്ടങ്ങൾ. എന്നാൽ, ഈ പോരാട്ടങ്ങളിലെ മേലാള ധാരയുടെ അധീശ്വത താൽപര്യങ്ങളും കീഴാളധാരയുടെ വിമോചന താൽപര്യങ്ങളും തമ്മിലുള്ള അന്തരം പരിഗണിക്കാതെ നവോത്ഥാനം എന്ന ഏകകത്തിലൊതുക്കി. കീഴാളധാരയെ തടയുകയും മേലാളധാരയുടെ ഹിംസാത്മകത മറച്ചുവെക്കുകയുമാണ് ഐക്യകേരളം ചെയ്യുന്നത്. അദലിതുകൾക്ക് ദലിതുകളോട് ഐക്യപ്പെടാനാകണമെങ്കിൽ ഈ സാമൂഹിക രാഷ്ട്രീയ തിരിച്ചറിവ് പ്രധാനമാണ്.
അതുപോലെ തന്നെ ദലിത് ഐക്യത്തിനുവേണ്ടി മുമ്പും ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ദലിതർ എന്ന നിർവചനവും ദലിത് സ്വത്വം സ്വാഭിമാനം സാമുദായിക രാഷ്ട്രീയ ഏകീകരണം എന്ന കാഴ്ചപ്പാടും കാണാൻ കഴിയുന്ന ഒരേ ഒരു രേഖ ഈ ലേഖകൻ തയാറാക്കിയ ദലിത് ഐക്യസമിതിയുടെ നയപ്രഖ്യാന രേഖയാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഒരു ദശക കാലം ഊർജസ്വലമായി പ്രവർത്തിക്കുവാനും നിരവധി ചർച്ചകളും സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും നടത്തുവാനും കെ.ഡി.എം.എസ് എന്ന വിപുലമായൊരു സംഘടനക്ക് രൂപം നൽകുവാനും കഴിഞ്ഞുവെങ്കിലും ഒരു പതിറ്റാണ്ടിലേറെ കാലം ഈ നീക്കം തുടരാനായില്ല. പിന്നീട് ഈ ദിശയിലുള്ളൊരു നീക്കവും കണ്ടതുമില്ല. ഗോത്ര-ജാതി-മത-രാഷ്ട്രീയ സംഘടനാ പരിമിതികളെ മറികടക്കുവാൻ വിദ്യാസമ്പന്നരായ പുതുതലമുറയിൽപ്പെട്ട ദലിതർക്കുപോലും കഴിയുന്നില്ല. ദലിതുകളോട് ഐക്യപ്പെടുക എന്നതുപോലെ തന്നെ ദലിതുകളുടെ ഐക്യത്തിലും നേരിടുന്ന പ്രതിസന്ധിയാണിത്. ഇത്തരം ബോധ്യങ്ങളോടെയാണ് ഞാൻ ദലിത് ജനാധിപത്യസംഗമത്തിൽ പങ്കാളിയായത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ്-ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്ന 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വിലയിരുത്തിയശേഷം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ ചലനങ്ങൾ വളരെ സൂക്ഷ്മതയോടെ ഞാൻ നിരീക്ഷിച്ചിരുന്നു. ദലിത് ജനാധിപത്യ സംഗമത്തിന്റെ കാലത്ത് 2015 ഒക്ടോബർ 20ന് ‘ഇതാണ് ഹിന്ദു ഫാഷിസം’, 2016 ജനുവരി 30ന് ‘രോഹിത് വെമുലക്ക് ഹൃദയപൂർവം’, 2016 ഏപ്രിൽ 10ന് അംബേദ്കർ സംഘ്പരിവാറിലേക്കുള്ള ദലിതരുടെ പാലമാകുമോ, 2016 ജൂലൈ 23ന് ആർ.എസ്.എസ് വിമുക്ത ഭാരതം എന്നീ ലേഖനങ്ങൾ എഴുതുകയും ചെയ്തു.
ഇന്ത്യയുടെ വരദാനമായും മിശിഹയായും ഹിന്ദു രാഷ്ട്രത്തിന്റെ മുഖമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തുന്നൊരു കാലമായിരുന്നു അത്. ഹിന്ദുത്വവാദികളുടെ അധികാരത്തണലിൽ ജാതിഘടനയുടെ മുകൾത്തട്ടുകളിൽ രാജ്യവ്യാപകമായ രൂപംകൊണ്ട ഉണർവുകൾ അടിത്തട്ടുകൾക്കെതിരായ പ്രത്യേകിച്ചും ദലിതർക്കെതിരായ അക്രമങ്ങൾ പതിന്മടങ്ങ് വർധിപ്പിച്ച കാലം. എന്നാൽ കേരളത്തിലെ ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരും ഇതൊന്നും ഒട്ടുംതന്നെ ഗൗരവത്തിലെടുത്തില്ല. ഭൂമിയും സംവരണവും അല്ലാതെ അവർക്ക് മറ്റൊരു അജണ്ടയും ഉണ്ടായിരുന്നില്ല. ഹിന്ദു ഫാഷിസമായിരുന്നില്ല കമ്യൂണിസ്റ്റ് ഫാഷിസമായിരുന്നു അവരുടെ എതിർപക്ഷം. ഹെഡ്േഗവാറിന്റെയും ഗോൾവൽക്കറിന്റെയും പാതയിൽ ജാതിസംവരണം ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധരായിരുന്ന ഹിന്ദുത്വവാദികളായിരുന്നില്ല.
സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിച്ച ഇ.എം.എസും കമ്യൂണിസ്റ്റുകളുമായിരുന്നു അവരുടെ മുഖ്യശത്രു. കേരളത്തിലെ തങ്ങളുടെ രാഷ്ട്രീയ അടിത്തറ വിപുലീകരിക്കുന്നതിന് പ്രബല പിന്നാക്ക വിഭാഗമായ ഈഴവരെയും പട്ടികജാതി വിഭാഗമായ ഹിന്ദു പുലയരെയും ലക്ഷ്യംെവച്ച് കഴുകൻ കണ്ണുകളുമായി അവർക്ക് മുകളിലൂടെ സംഘ്പരിവാർ വട്ടമിട്ട് പറന്നുകൊണ്ടിരുന്നപ്പോൾ ദലിതർ നിസ്സംഗരായി നോക്കിനിൽക്കുന്നതും പിന്നീട് കണ്ടു. വെള്ളാപ്പള്ളിയും എസ്.എൻ.ഡി.പിയും ടി.വി. ബാബുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കെ.പി.എം.എസുകാരും തങ്ങളുടെ ആശയും ആവേശവുമായി ദലിതർ ഊതി വീർപ്പിച്ച സി.കെ. ജാനുവും സംഘ്പരിവാറിലെത്തിയിട്ടും കേരളത്തിലെ ദലിത് ആക്ടിവിസ്റ്റുകൾക്കോ എഴുത്തുകാർക്കോ വായ് തുറക്കാനായില്ല. ഇക്കാലത്ത് ഹിന്ദുത്വവാദികൾക്കും മോദി ഭരണത്തിനുമെതിരെ രാജ്യവ്യാപകമായി ദലിതർ നടത്തിക്കൊണ്ടിരുന്ന പ്രയോഗവും പ്രത്യയശാസ്ത്രപരവുമായ യുദ്ധത്തിൽ എന്റെ സാന്നിധ്യമറിയിക്കുവാൻ ശ്രമിച്ചത് എഴുത്തുകളിലൂടെയായിരുന്നു. മറ്റൊരു സാധ്യതയും ഉണ്ടായിരുന്നില്ല.
‘ഗുജറാത്തിലെ ദലിത് പോരാട്ടങ്ങൾക്ക് കേരളത്തിലെ ദലിതുകളുടെയും ഐക്യദാർഢ്യം’ ഈ സംഗമത്തിന്റെ തലവാചകങ്ങളിലൊന്നായിരുന്നു. 2014 ജൂലൈ 11ന് ഗുജറാത്തിലെ ഊനയിൽ ഗോസംരക്ഷണത്തിന്റെ പേരിൽ നാല് ദലിത് യുവാക്കളെ പെരുവഴിയിലിട്ട് മൃഗീയമായി മർദിച്ചതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്തെമ്പാടുമുള്ള ദലിതരെയും ജനാധിപത്യവാദികളെയും അതിന്റെ ഭാഗമാക്കുകയുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് ദലിത് ജനാധിപത്യവേദിയെന്ന കൂട്ടായ്മ സംഘാടകസമിതി രൂപവത്കരിച്ചുകൊണ്ട് 2016 ഒക്ടോബർ 13ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ ദലിത് ജനാധിപത്യസംഗമം നടത്താൻ തീരുമാനിച്ചത്. മുപ്പത് അംഗങ്ങളുണ്ടായിരുന്ന ഈ സംഘാടക സമിതിയുടെ ചെയർമാനായി നിശ്ചയിക്കപ്പെട്ടത് ഞാനും ജനറൽ കൺവീനർ എം.എം. ലക്ഷ്ണനും ട്രഷറർ കെ.വി. രാജേഷുമായിരുന്നു. ഈ സംഗമം ഉദ്ഘാടനം ചെയ്യാനായി ക്ഷണിക്കപ്പെട്ടത് ഉൗനയിലെ ദലിത് പീഡനത്തിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വമായി മാറിയ ജിഗ്നേഷ് മേവാനിയെയായിരുന്നു. ഈ സംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാറിലും സാംസ്കാരിക സമ്മേളനത്തിലും വിശിഷ്യ ബഹുജനറാലിയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. ‘ബ്രാഹ്മണസിസവും ദലിത് ജനതയും’ എന്നതായിരുന്നു സെമിനാറിലെ വിഷയം.
അജയ് എസ്. ഗോപൻ, എൻ.പി. ചേക്കുട്ടി, കെ.എസ്. ഹരിഹരൻ, പി. കെ. വേണുഗോപാൽ എന്നിങ്ങനെ ചിലർ സെമിനാറിലും പി.സി. ഉണ്ണിച്ചെക്കനെപ്പോലെ ചിലർ വിദ്യാർഥി കോർണറിൽ നടന്ന പൊതുസമ്മേളനത്തിലും പങ്കെടുത്തിരുന്നു. ജിഗ്നേഷ് മേവാനി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്നു ഞാൻ. ഈ സംഗമം ഉന്നയിച്ച പ്രശ്നങ്ങളിൽ ഊന്നി അതിന്റെ മുഖ്യസംഘാടകരെന്ന നിലയിൽ ഞാനുമായി ബന്ധപ്പെട്ടിരുന്ന രാകേഷിന്റെയും സനലിന്റെയും ലക്ഷ്മണന്റെയും ക്ഷണം സ്വീകരിച്ച് തൃശൂർ ജില്ലയിൽ പല സമ്മേളനങ്ങളിലും സെമിനാറുകളിലും ഞാൻ പങ്കെടുക്കുകയുണ്ടായി.
(തുടരും)
