Begin typing your search above and press return to search.
proflie-avatar
Login

സമരങ്ങളിലെ നിലപാടുകൾ

സമരങ്ങളിലെ നിലപാടുകൾ
cancel

‘‘ദലിത് സ്​ത്രീകൾ സഞ്ചരിക്കുന്ന വഴിയാണ് ഇന്ത്യയിലെ മുഴുവൻ സ്​ത്രീകൾക്കും സഞ്ചാരയോഗ്യമാകാൻ പോകുന്നത് എന്നത് സത്യമാണ്. കാരണം, പുരുഷാധിപത്യത്തെ എന്നതുപോലെ ജാത്യാധിപത്യത്തെയും നേരിടാതെ അവർക്ക് മുന്നോട്ടു പോകാനാവില്ല. ഭീമാകാരങ്ങളായി മുന്നിൽ നിൽക്കുന്ന ഈ രണ്ടു മഹാമേരുക്കളെ വെട്ടിനിരത്താതെ ഇന്ത്യയിൽ ജനാധിപത്യം ഒരു ജീവിത സമ്പ്രദായമായി മാറുകയുമില്ല.’’ മനുഷ്യനിർമിതമായ ആദ്യത്തെ സാമൂഹികരൂപമായ ഗോത്രം സ്​ത്രീകളുടെ വ്യക്തിസ്വത്വം മാനിക്കുന്ന ഒരു സ്​ഥാപനമായിരുന്നില്ല. സ്​ത്രീകളെ രണ്ടാംകിടക്കാരായി കാണുന്ന സ്​ഥാപനമായിരുന്നു. അതിന് ഗോത്രമനുഷ്യൻ കണ്ടെത്തിയ...

Your Subscription Supports Independent Journalism

View Plans
‘‘ദലിത് സ്​ത്രീകൾ സഞ്ചരിക്കുന്ന വഴിയാണ് ഇന്ത്യയിലെ മുഴുവൻ സ്​ത്രീകൾക്കും സഞ്ചാരയോഗ്യമാകാൻ പോകുന്നത് എന്നത് സത്യമാണ്. കാരണം, പുരുഷാധിപത്യത്തെ എന്നതുപോലെ ജാത്യാധിപത്യത്തെയും നേരിടാതെ അവർക്ക് മുന്നോട്ടു പോകാനാവില്ല. ഭീമാകാരങ്ങളായി മുന്നിൽ നിൽക്കുന്ന ഈ രണ്ടു മഹാമേരുക്കളെ വെട്ടിനിരത്താതെ ഇന്ത്യയിൽ ജനാധിപത്യം ഒരു ജീവിത സമ്പ്രദായമായി മാറുകയുമില്ല.’’

മനുഷ്യനിർമിതമായ ആദ്യത്തെ സാമൂഹികരൂപമായ ഗോത്രം സ്​ത്രീകളുടെ വ്യക്തിസ്വത്വം മാനിക്കുന്ന ഒരു സ്​ഥാപനമായിരുന്നില്ല. സ്​ത്രീകളെ രണ്ടാംകിടക്കാരായി കാണുന്ന സ്​ഥാപനമായിരുന്നു. അതിന് ഗോത്രമനുഷ്യൻ കണ്ടെത്തിയ ന്യായീകരണങ്ങളിലൊന്ന് ആർത്തവമായിരുന്നു. ആർത്തവം പുരുഷനെ ശുദ്ധനാക്കി. ആർത്തവം സ്​ത്രീയെ അശുദ്ധയാക്കി. പുറത്താക്കി. ഒറ്റപ്പെടുത്തി. ഇക്കാലത്ത് ഗോത്രസ്​ത്രീകൾ നേരിട്ടുകൊണ്ടിരുന്ന പീഡാനുഭവങ്ങളുടെ ഭീതിദമായൊരു ഓർമ എന്റെ ബാല്യകാലജീവിതത്തിലുണ്ടായിരുന്നു. ആർത്തവകാലമായതിനാൽ തന്റെ സാമീപ്യമോ ലാളനയോ ഏൽക്കാതെ മരണത്തിലേക്ക് ആണ്ടുപോയ പൊന്നോമനയെ മടിയിലിരുത്താനോ മാറോടണക്കാനോ കഴിയാതെ, മരണം വിഴുങ്ങിയ ശൈശവത്തെ ഒന്നടുത്തുകാണാനോ ചുംബിക്കാനോ സ്​പർശിക്കാനോ കഴിയാതെ വീടിനടുത്തൊരു കല്ലിൻമുകളിൽ കാൽനീട്ടിയിരുന്ന് കണ്ണെടുക്കാതെ വീട്ടിലേക്ക് നോക്കി കണ്ണീർ വാർത്തുകൊണ്ടിരുന്ന അമ്മയുടെ ഓർമ.

ഏതോ മാരകമായ രോഗത്തിന്റെ മൂർച്ഛയിൽ ഒരു പകലിനും ഒരു രാത്രിയുടെ പകുതിക്കുമപ്പുറം പോകാൻ പ്രകൃതി അനുവദിക്കാതിരുന്ന നാലുവയസ്സുകാരിയായ എന്റെ കുഞ്ഞനുജത്തിയായിരുന്നു രാജമ്മ. വിടരും മുമ്പേ കൊഴിഞ്ഞുപോയൊരു കാട്ടുപൂവ്. ശബരിമല സ്​ത്രീപ്രവേശനം ചാനൽ ചർച്ചകളിൽ കത്തിനിൽക്കെ മഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിച്ച് ഈ ചർച്ചകളിലൊന്നിൽ പങ്കെടുക്കാൻ ‘ഏഷ്യാനെറ്റ്’ അവസരം നൽകിയപ്പോൾ ഈ ഗോത്രാനുഭവം ഞാൻ പങ്കുവെക്കുകയുണ്ടായി. നാഗരികത മുതുകിലേറ്റിയ ഗോത്രഹിംസയുടെ ബിംബവത്കരണമാണ് അയ്യപ്പൻ.

ആർത്തവത്തെ അശുദ്ധമായി കാണുന്ന ഗോത്രപാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്നും ആദിവാസികളിൽ ഭൂരിപക്ഷവും. മറ്റേതൊരു ജൈവികപ്രവർത്തനവുംപോലെ സ്​ത്രീയുടെ സഹജമായ ശാരീരികപ്രവർത്തനമാണ് ആർത്തവമെന്നും അത് സ്വന്തം വംശത്തിന്റെ ഉറപ്പാണെന്നും അറിയാത്തവർ. മല അരയന്മാരോ അവരുടെ പ്രസ്​ഥാനമായ മലഅരയ മഹാസഭയോ ഇക്കാര്യത്തിൽ ഇതുവരെ വ്യത്യസ്​തമായൊരു നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനർഥം ആദിവാസി അവകാശ പുനഃസ്​ഥാപന സമിതി കരുതുന്നതുപോലെ ശബരിമലയുടെ ഉടമസ്​ഥാവകാശം മല അരയന്മാരുടെ കൈകളിൽ എത്തിയാലും അവിടെ സ്​ത്രീകൾക്ക് പ്രവേശിക്കാനാവില്ല എന്നാണ്. സുപ്രീംകോടതി വിധിയും ഭരണഘടനാ ധാർമികതയും ഉയർത്തിപ്പിടിക്കാൻ വിസമ്മതിച്ച ഗീതാനന്ദനെയും സണ്ണി എം. കപിക്കാടിനെയും പോലുള്ളവരുടെ ലക്ഷ്യവും ഇതുതന്നെയായിരുന്നു.

കോട്ടയത്തു നടന്ന സ്​ത്രീ ആത്മാഭിമാന കൺവെൻഷന് പിന്നാലെ എറണാകുളത്ത് ഫെമിനിസ്റ്റുകൾ നടത്തിയ ആത്മാഭിമാന കൺവെൻഷനിൽ ഞാനും പങ്കെടുത്തിരുന്നു. എന്റെ സാമൂഹിക–രാഷ്ട്രീയ ജീവതത്തിലെ ആദ്യാനുഭവമായിരുന്നു അത്. ഡോ. ശർമിളയും അഡ്വ. ഭദ്രയുമാണ് എന്നെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. രണ്ടുപേരും കോട്ടയത്ത് ക്ഷണിക്കപ്പെട്ടവരായിരുന്നു. ഒരാളൊഴികെ മറ്റെല്ലാവരും സ്​ത്രീകളായിരുന്ന സമ്മേളനവേദിയിലേക്ക് ഡോ. ശർമിള എന്നെയും ക്ഷണിച്ചിരുത്തിയത് അപ്രതീക്ഷിതമായിരുന്നു. സുപ്രീംകോടതി വിധിയെക്കുറിച്ചും സ്​ത്രീകളെ മുന്നിൽ പിതൃമേധാവിത്വ കേരളം സ്​ത്രീകൾക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രായോഗികവും പ്രത്യയശാസ്​ത്രപരവുമായ അക്രമങ്ങൾക്കെതിരെ ഫെമിനിസ്റ്റുകൾ എന്തുപറയുന്നുവെന്നറിയാനാണ് ഞാനിതിൽ പങ്കെടുത്തത്.

ഗോത്രംപോലെ തന്നെ ഗോത്രമനുഷ്യന്റെ മറ്റൊരു സാമൂഹിക നിർമിതിയാണ് പിതൃമേധാവിത്വകുടുംബം. ആർത്തവത്തെ മുതുകിലേറ്റിയ നാഗരികത ഈ ഗോത്രനിർമിതിയെ തങ്ങളുടെ സംസ്​കാരത്തിന്റെ ഭാഗമാക്കി. സ്​ത്രീകളെ അടിമകളായി കാണുന്ന ഈ നാഗരിക സംസ്​കൃതിക്കെതിരെ മുന്നോട്ടു​െവച്ച നൈതികബോധ്യത്തിന്റെ വ്യാഖ്യാനമായിരുന്നു സുപ്രീംകോടതി വിധി. എന്നാൽ, ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്നതും കുടുംബഘടന തകിടം മറിക്കുന്നതും സ്​ത്രീകളുടെ വ്യക്തിസ്വത്വത്തിലും ഭരണഘടനാ ധാർമികതയിലും ഊന്നുന്നതുമായ സുപ്രീംകോടതി വിധി ഒട്ടുംതന്നെ ഗൗരവത്തിലെടുത്തതായി തോന്നിയില്ല. സ്​ത്രീവിമോചനം എന്ന പൊതു താൽപര്യമല്ലാതെ ശബരിമലയിലെ സ്​ത്രീ പ്രവേശനത്തിന്റെ കാര്യത്തിൽ അവിടെ ഒന്നിച്ചുകൂടിയവർ ഏകാഭിപ്രായക്കാരായിരുന്നില്ല.

ശബരിമല ആദിവാസികളുടേതാണെന്ന് കരുതുന്നവർ തുടങ്ങി ശബരിമല സ്​ത്രീപ്രവേശനത്തിനെതിരെ പ്രക്ഷോഭ രംഗത്തുള്ള സംഘ്പരിവാറിന്റെ ആദിവാസി മുഖമായ സി.കെ. ജാനു വരെ പങ്കെടുത്തിരുന്നു. വ്യക്തമായൊരു കാഴ്ചപ്പാടിന്റെ അടിസ്​ഥാനത്തിലാണ് ഇതിൽ പങ്കെടുത്തതെന്ന് തോന്നിയില്ല. അവരവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പറഞ്ഞ് ഓരോരുത്തരും തങ്ങളിലേക്കുതന്നെ പിന്മാറുകയായിരുന്നു. അതിനിടയിൽ താൻ അവഹേളിക്കപ്പെട്ടുവെന്ന തോന്നലിൽ ഡോ. ആർ. ശർമിള കൺവെൻഷൻ വിട്ടുപോകുന്നതും കണ്ടു. പിതൃമേധാവിത്വ കുടുംബഘടന തകർത്ത് വ്യക്തിസ്വത്വത്തെ മാനിക്കുന്ന മറ്റൊരു കുടുംബജീവിതം സാധ്യമാക്കുകയോ അതിനെ പിന്താങ്ങുകയോ ചെയ്യുന്നവരാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തത് എന്നതാണ് അതിന്റെ നേട്ടം.

രാഷ്ട്രീയവും പ്രത്യയശാസ്​ത്രപരവുമായ മറ്റൊരനുഭവമായിരുന്നു 2019 ഫെബ്രുവരി 2ന് തൃശൂർ വിദ്യാർഥി കോർണറിൽ ജനാധിപത്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന നവോത്ഥാന സംഗമം. നവോത്ഥാനം –ചരിത്രം, വർത്തമാനം, ഭരണഘടനയും ലിംഗസമത്വവും സംവരണത്തിന്റെ രാഷ്ട്രീയം എന്നിവ സംഗമത്തിലെ ചർച്ചാവിഷയങ്ങളായിരുന്നു. ശബരിമല സ്​ത്രീപ്രവേശനം സാധ്യമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടങ്ങൾ, ഹിന്ദുത്വ വർഗീയത, ശബരിമലയിൽ സ്​ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ നടന്ന ശുദ്ധാശുദ്ധ പരിഹാരക്രിയകൾ അഥവാ അയിത്തം, സ്​ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും, പൗരസമൂഹം, മതേതര ജനാധിപത്യം, ഭരണഘടനാ ധാർമികത, കേരളത്തെ നിയന്ത്രിക്കുന്ന സാമുദായിക ശക്തികളുടെ ആധിപത്യം, സാമൂഹിക രാഷ്ട്രീയ ഐക്യത്തിന്റെ പ്രാധാന്യം, സാമ്പത്തിക സംവരണം എന്നിങ്ങനെ സുപ്രധാനമായ പല വിഷയങ്ങളും ജനാധിപത്യവേദി പുറത്തിറക്കിയ പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

ഈ സംഗമത്തിന്റെ ക്യാപ്ഷൻ ‘ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കുക, ലിംഗസമത്വം ഉറപ്പാക്കുക, സ്​ത്രീകളുടെ ആത്മാഭിമാനവും അന്തസ്സുമുയർത്തിപ്പിടിക്കുക, സാമ്പത്തിക സംവരണം ഭരണഘടനാമൂല്യങ്ങളുടെ ലംഘനം എന്നിവയായിരുന്നു. ജനാധിപത്യ സംരക്ഷണവേദിയുടെ ചെയർമൻ പ്രഫ. എം.ജി.എസ്. നാരായണനും കൺവീനർ ഡോ. കെ.എൻ. അജോയ്കുമാറും സ്വാഗതസംഘത്തിന്റെ ചെയർമാൻ പാർവതി പവനനും കൺവീനർ എ.എ. ലക്ഷ്മണനുമായിരുന്നു. ഈ സമ്മേളനവുമായി ബന്ധപ്പെട്ട് ആദ്യത്തെ രണ്ട് ആലോചനായോഗങ്ങളിൽ ഞാനും പങ്കെടുത്തിരുന്നു. ഐ. ഗോപിനാഥനെപ്പോലെ ചിലർ തുടക്കം മുതൽ ശബരിമല ആദിവാസികളുടേതാണെന്ന പ്രശ്നമുന്നയിച്ച് സ്​ത്രീവിരുദ്ധമായ ദിശയിലേക്ക് വിഷയം വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെങ്കിലും അതിന് പിന്തുണയുണ്ടായില്ല.

നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകരിലൊരാളായ ടീസ്​റ്റ സെറ്റൽവാദായിരുന്നു. ഭരണഘടനാ ധാർമികതയും മൂല്യങ്ങളും അവകാശങ്ങളും സമത്വവും അട്ടിമറിച്ച് മനുസ്​മൃതി നടപ്പാക്കാനാണ് ആർ.എസ്​.എസും ഫാഷിസ്റ്റുകളും ആഗ്രഹിക്കുന്നതെന്നും എന്തു വിലകൊടുത്തും അവരെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്നും ജനാധിപത്യ പുരോഗമന ചിന്താഗതിക്കാർക്കും ആക്ടിവിസ്റ്റുകൾക്കും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകരുതെന്നും അവർ പറഞ്ഞു. ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ പങ്കെടുത്തുവെന്നത് ഈ സംഗമത്തിന്റെ പ്രത്യേകതയായിരുന്നു. ഡോ. അജോയ്കുമാർ, ഡോ. ആർ. ശർമിള, ആർ.കെ. ആശ, കെ. മോഹൻദാസ്​, പി.കെ. വേണുഗോപാൽ, എം.കെ. ദാസൻ എന്നിവർ പ്രസംഗകരായിരുന്നു. അഭിമാനമായൊരു സാമൂഹിക രാഷ്രീയ അനുഭവമായിരുന്നു അത്.

ഈ സമയത്ത് 2014 ഡിസംബറിൽ ‘ചുംബന സമരത്തിൽ ദലിതർ എന്തുകൊണ്ട് പങ്കെടുക്കണം’ എന്നൊരു ലേഖനമെഴുതി. ഈ ലേഖനം തുടങ്ങുന്നത് ഇങ്ങനെയായിരുന്നു: ജനാധിപത്യം എന്നത് ഒരു ഭരണക്രമം മാത്രമല്ല ജീവിതരീതി കൂടിയാണ്. സ്​നേഹ പ്രകടനങ്ങൾ ദുരാചാരമായി ഒരു സമൂഹത്തിൽ ജനാധിപത്യം ജീവിതരീതിയായി മാറുന്നില്ല. അവിടെ സ്​ത്രീ-പുരുഷ ബന്ധങ്ങൾക്ക് ഒരൊറ്റ അർഥമേയുള്ളൂ –ഇണചേരൽ. അവിടെയാണ് ചുംബന സമരമെന്ന് കേട്ടപ്പോൾ കേരളം ഞെട്ടിത്തെറിച്ചതും ചുംബനം ഒളിഞ്ഞുനോക്കാൻ ആയിരക്കണക്കിന് ആളുകൾ കൊച്ചിയിലേക്ക് പാഞ്ഞെത്തിയതും. ചുംബിക്കുന്നവരെ അടിച്ചോടിക്കാൻ ഹിന്ദുത്വവാദികളും ഇസ്‍ലാമിസ്റ്റുകളും സെക്കുലറിസ്റ്റുകളും കുറുവടിയേന്തി. നാൽക്കാലികളുടെ സംസ്​കാരം എന്നെഴുതിയ രണ്ട് പോത്തുകളുമായിട്ടാണ് എസ്​.ഡി.പി.ഐക്കാർ കൊച്ചിയിലെത്തിയതെങ്കിൽ ലവ് ജിഹാദിന്റെ മറ്റൊരു രൂപമാണ് ‘കിസ്​ ഓഫ് ലവ്’ എന്നു ചൂണ്ടിക്കാട്ടിയാണ് ശിവസേനയും സംഘ്പരിവാറും എത്തിയത്. സ്​ത്രീകളെ വരുതിക്കു നിറുത്തുക എന്ന പിതൃമേധാവിത്വ പാരമ്പര്യം ഹിന്ദുത്വവാദികളും ഇസ്‍ലാമിസ്റ്റുകളും പങ്കിട്ടു. മതങ്ങളുടെയും ജാതികളുടെയും പൊതുസമീപനമായിരുന്നു ഇത്. ഹിറ്റ്​ലറെപ്പോലെ ഇവയുടെ നേതൃത്വങ്ങൾ നവലൈംഗികതയെ ഭയപ്പെട്ടു.

നവോത്ഥാനകാലം ജനാധിപത്യത്തിന് കോട്ടമുണ്ടാക്കിയെങ്കിലും പുരുഷാധിപത്യത്തിന് കാര്യമായ കോട്ടമൊന്നും ഉണ്ടാക്കിയില്ല. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് വന്നു എന്ന് നാം കരുതിയ സ്​ത്രീ സാന്നിധ്യം നവബ്രാഹ്മണ്യത്തിന്റെ തടവറകളിൽ ബന്ധിതമായിരുന്നു. പിതാവായും സഹോദരനായും പുത്രനായും ഭർത്താവായും പുരുഷൻ സ്​ത്രീയുടെ ചാരിത്യ്രശുദ്ധിക്ക് കാവൽ നിന്നു. കുടുംബവും ലൈംഗികതയും സദാചാരവുമെല്ലാം നിലനിർത്തപ്പെട്ടത് ഈ സമീപനത്തിന്റെ അടിസ്​ഥാനത്തിലാണ്. കൂട്ടുകുടുംബം തകർക്കപ്പെട്ടപ്പോൾ നിലവിൽ വന്ന അണുകുടുംബവും സ്​ത്രീകളെ പൊതുയിടങ്ങളിൽനിന്ന് പരമാവധി അകറ്റുകയും സ്വകാര്യ ഇടമായ കുടുംബത്തിൽ തളക്കുകയുമാണ് ചെയ്തത്.

രണ്ടിടങ്ങളിലും സർവാധിപതി പുരുഷൻ തന്നെയായിരുന്നു. നവോത്ഥാനാന്തര കാലത്ത് രൂപംകൊണ്ട പൊതുപ്രസ്​ഥാനങ്ങളിൽ രാഷ്ട്രീയ-സാംസ്​കാരിക-തൊഴിൽ പ്രസ്​ഥാനങ്ങളിൽ സ്​ത്രീകളെ കാണാമെങ്കിലും വിധേയത്വബന്ധങ്ങളിലൂടെയാണ് ഇവർ നിലനിൽക്കുന്നത്. ഇവർ എന്തുപറയണമെന്നും പറയരുതെന്നും തീരുമാനിക്കുന്നത് പുരുഷ നേതൃത്വങ്ങളാണ്. അതിന് ഭംഗംവരുന്ന ഒരു സാമൂഹിക നീക്കവും കേരളീയ പൗരുഷം അനുവദിക്കില്ലെന്ന ശാഠ്യമാണ് കൊച്ചിയിൽ കണ്ടത്. തുല്യതയുള്ള സമൂഹത്തിൽ മാത്രമേ സാഹോദര്യവും സ്​നേഹവും പോലുള്ള മൂല്യങ്ങളും വൈകാരിക ഭാവങ്ങളും വികസിക്കുകയുള്ളൂ. സമത്വ പ്രഖ്യാപനങ്ങൾ നടത്തുവാനും മനുഷ്യരെ ഹീനമായ അവസ്​ഥയിൽ തളച്ചിടുന്ന വിലക്കുകൾ ഇല്ലാതാക്കാനും ഭരണകൂടത്തിന് കഴിയുമെങ്കിലും നിയമനിർമാണത്തിലൂടെ സ്​നേഹിക്കാനും ആശ്ലേഷിക്കാനും ഒരു സമൂഹത്തിനാവില്ല.

പൊതു ഇടങ്ങളിൽ അസ്​പൃശ്യത ഇല്ലാതാക്കപ്പെട്ടപ്പോഴും കുടുംബഘടനയിൽ അത് ഘനീഭവിച്ചു നിന്നു. ജാത്യാധിപത്യ–പിതൃമേധാവിത്വ ശക്തികളുടെ വിജയമായിരുന്നു അത്. പുരുഷ കേന്ദ്രീകൃതമായ ഈ പരിശുദ്ധ കുടുംബത്തിന്റെ വിലക്കുകൾ ലംഘിച്ചു പുറത്തുവന്ന നവ യൗവനമാണ് തങ്ങളുടെ ആൺ-പെൺ സൗഹൃദങ്ങളെ ആലിംഗനം ചെയ്തും ചുംബിച്ചും കൊച്ചിയിൽ തങ്ങളുടെ വ്യക്തിസ്വത്വവും സ്​ത്രീ-പുരുഷ തുല്യതയും പ്രഖ്യാപിച്ചത്. അത് സ്​ത്രീകളുടെ വ്യക്തിസ്വത്വത്തിന്റെ തിളക്കവും ശരീരത്തിന്മേലുള്ള അവകാശവും അധികാര പ്രഖ്യാപനവുമായി മാറുമ്പോഴാണ് പുരുഷൻ വാനരസേനയായി മാറുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ദുരന്തമാണിത്.

ഖേദകരമായൊരു കാര്യം ദലിത് വൈജ്ഞാനിക മണ്ഡലം ചുംബന സമരത്തിനു മുന്നിൽ വാപൊത്തി നിന്നു എന്നതാണ്. അയ്യൻകാളിയുടെ ജീവചരിത്രകാരന്മാരിലൊരാളായ മുതിർന്ന എഴുത്തുകാരൻ കുന്നുകുഴി എസ്​. മണി ചുംബന സമരത്തെ വിശേഷിപ്പിച്ചത് ഞരമ്പുരോഗമെന്നാണ്. കേരള സംസ്​കാരത്തിൽ ചുംബനം നിക്ഷിപ്തമാണെന്നും സ്​ത്രീയും പുരുഷനും തമ്മിലുള്ള പരസ്യചുംബനം കാമോദ്ദീപകമായിട്ടാണ് കാണുന്നതെന്നും ഇന്നലെ വരെ അനുവദനീയമല്ലാതിരുന്ന സ്​നേഹചുംബനം കേരളത്തിൽ പൈതൃക സംസ്​കാരത്തെ തകർത്ത് തരിപ്പണമാക്കി എന്നുമാണ് അദ്ദേഹം വേവലാതിപ്പെടുന്നത്.

നമ്മുടെ സംസ്​കാരം എന്നതുകൊണ്ട് എസ്​. മണി അർഥമാക്കുന്നത് വർണജാതി വ്യവസ്​ഥയും അതിന്റെ സംസ്​കാരവുമല്ലാതെ മറ്റൊന്നുമല്ല. അയ്യൻകാളിയുടെ ജീവചരിത്രമെഴുതിയിട്ടും അയ്യൻകാളി തകർത്തെറിഞ്ഞ ഒരുസംസ്​കാരത്തെ​യാണ് മണി വാഴ്യഴ്ത്തുന്നത്. ഹൈന്ദവവത്കരണത്തിന് വിധേയമാകുക മാത്രമല്ല, ബ്രാഹ്മണ്യ ചിന്തയുടെ തടവുകാരായി മാറുകകൂടി ചെയ്ത മണിയെപ്പോലുള്ള ജാതിവാദികളിൽനിന്ന് മറ്റൊരു സമീപനം പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.

എന്നാൽ, ജാത്യാധിപത്യത്തെയും പിതൃമേധാവിത്വത്തെയും ചോദ്യം ചെയ്യുകയും ദലിത് സ്വത്വത്തെക്കുറിച്ചും നവ ജനാധിപത്യത്തെക്കുറിച്ചും പറയുകയും ചെയ്യുന്ന കെ.കെ. ബാബുരാജ് എന്തുകൊണ്ട് ചുംബനസമരത്തെ തള്ളിപ്പറഞ്ഞു എന്നത് ഒരു ചോദ്യചിഹ്നമാണ്. ദലിത് സ്വത്വത്തിന് സമാനമായി സ്​ത്രീ സ്വത്വത്തെ കാണാനുള്ള വിമുഖതയല്ലാതെ മറ്റൊരു കാരണവും അതിനില്ല. ഇസ്‍ലാമിന്റെ കാര്യത്തിൽ ദേശീയത, പൗരത്വം, ന്യൂനപക്ഷ പദവി മാത്രമല്ല, സാർവദേശീയത, മതപരത, വിശ്വാസം, സദാചാരം, പ്രവാചക ദൗത്യം എന്നിവയും താൻ ഉയർത്തിപ്പിടിക്കുന്നു എന്നു പറയുന്ന ബാബുരാജിന് മറ്റൊരു സമീപനം സാധ്യമല്ല. എന്നാൽ, തന്റെ എഴുത്തിന്റെ അടിസ്​ഥാനംപോലും വിവിധതരം ഫെമിനിസങ്ങളാണെന്നും തന്മൂലം ഒരു പതിറ്റാണ്ടുകാലം തനിക്ക് എഴുത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു എന്നും മേനിനടിക്കുന്ന ബാബുരാജിന്റെ സ്​ത്രീവിരുദ്ധതയുടെ ആഴം തിരിച്ചറിയുവാൻ ചില ദലിത് എഴുത്തുകാർക്കും ആക്ടിവിസ്റ്റുകൾക്കും കഴിഞ്ഞുവെന്നത് അഭിമാനകരമായൊരു കാര്യമായിരുന്നു.

അദൃശ്യമായതിനെ തങ്ങൾ ദൃശ്യമാക്കിയെന്നും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമായ ദലിത് സ്​ത്രീകളുടെ രക്ഷാകർതൃത്വമാണ് തങ്ങളെന്നും സമുദായമെന്നത് ദലിത് സ്​ത്രീകളുടെ ഭൗതികജിവിതത്തിന്റെ പറുദീസയും കുടുംബം അവരുടെ സ്വാതന്ത്ര്യവും പിന്തുണയുമാണെന്നുമാണ് ബാബുരാജ് കരുതുന്നത്. കുടുംബം തടവറയാണെന്നും അതിൽനിന്ന് മോചനം നേടാതെ സർഗാത്മക ജീവിതം സാധ്യമല്ലെന്നു കരുതുന്ന ദലിത് സ്​ത്രീകളാണ് ചുംബന സമരത്തെ തള്ളിപ്പറഞ്ഞ ബാബുരാജിനെ ചോദ്യം ചെയ്തത്. ‘ദലിത് സ്​ത്രീകളെ കുറിച്ച് സംസാരിക്കേണ്ടത് അവർതന്നെയാണ്’ എന്ന് പ്രവീണ താളിയും ‘ദലിത് സ്​ത്രീകൾ രക്ഷാകർതൃത്വത്തിൽനിന്നും പിതൃമേധാവിത്വത്തിൽനിന്നും കുതറിമാറുന്ന കാഴ്ച അഭിമാനകരമാണ്’ എന്ന് രേഖ രാജും ‘ആണധികാരത്തിന്റെ നടപ്പുവഴികളിൽ ഉപേക്ഷിച്ചുപോയ പൊതിച്ചോറല്ല തങ്ങൾ’ എന്ന് സതി അങ്കമാലിയും പറയുമ്പോൾ ദലിത് പുരുഷാധിപത്യത്തിനെതിരായ വെല്ലുവിളിയാണത്. ഇതോടൊപ്പം ചേർത്തു വായിക്കേണ്ടൊരു കാര്യം ദലിത് സ്​ത്രീകൾ സഞ്ചരിക്കുന്ന വഴിയാണ് ഇന്ത്യയിലെ മുഴുവൻ സ്​ത്രീകൾക്കും സഞ്ചാര യോഗ്യമാകുവാൻ പോകുന്നത് എന്ന സത്യമാണ്. കാരണം പുരുഷാധിപത്യത്തെ എന്നതുപോലെ ജാത്യാധിപത്യത്തെയും നേരിടാതെ അവർക്ക് മുന്നോട്ടു പോകാനാവില്ല. ഭീമാകാരങ്ങളായി മുന്നിൽ നിൽക്കുന്ന ഈ രണ്ടു മഹാമേരുക്കളെ വെട്ടിനിരത്താതെ ഇന്ത്യയിൽ ജനാധിപത്യം ഒരു ജീവിത സമ്പ്രദായമായി മാറുകയുമില്ല.

ജാതി ഭീകരത

ജന്മിത്വം ഇല്ലാതാക്കപ്പെട്ടതോടെ ഹൈന്ദവ സാമൂഹിക ക്രമത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും പിടിയിൽനിന്ന് കേരളം മോചനം നേടിയെന്ന് വിശ്വസിക്കാനാണ് മലയാളികൾ ഇഷ്​ടപ്പെടുന്നത്. എന്നാൽ ആത്മനിഷ്ഠമായ ഇത്തരം മുൻവിധികൾക്കോ ഇഷ്​ടാനിഷ്​ടങ്ങൾക്കോ വഴങ്ങുന്നതായിരുന്നില്ല ഇവിടത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്​കാരിക അവസ്ഥകൾ. കേരളത്തിൽ അയിത്തമോ? ശരാശരി മലയാളികൾക്ക് വിശ്വസിക്കാവുന്നൊരു കാര്യമല്ലിത്. അവരുടെ ചർച്ചാവിഷയവുമല്ലിത്. മുതിർന്ന രാഷ്ട്രീയ-സാംസ്​കാരിക നായകർ തങ്ങളുടെ ബാല്യകാല ഓർമകളായിട്ടാണ് അയിത്തത്തെ നോക്കിക്കാണുന്നത്. അപ്പോൾ പേരാമ്പ്രയിലും ഗോവിന്ദപുരത്തും വടയമ്പാടിയിലും നടന്നതോ? എന്തിന് എറണാകുളം ദർബാർ ഗ്രൗണ്ടിൽ അശാന്തന്റെ മൃതദേഹത്തിനെതിരെ നടന്ന അക്രമണമോ?.എല്ലാം സമീപകാല സംഭവങ്ങളായിരുന്നു.

അട്ടപ്പാടിയിൽ നിസ്സഹായനായൊരു ആദിവാസി യുവാവ് മധുവിന്റെ കൊലയാളികളായി എത്തിയ അക്രമിസംഘം കേരളീയ യൗവനത്തിന്റെ ഒരു പരി​​േച്ഛദമായിരുന്നു. ആദിവാസികളെ അന്യരായി കാണുന്ന കുടിയേറ്റക്കാർ ​െവച്ചുപുലർത്തുന്ന അധീശത്വത്തിന്റെയും അക്രമോത്സുകതയുടെയും തീവ്രത മധുവിന്റെ കൊലപാതകത്തിൽ കാണാമായിരുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശീയമായൊരു മാനം അതിലുണ്ട്. പ്രാകൃതരെന്ന് നാഗരികർ വിളിച്ച ഗോത്രമനുഷ്യനു നേരെ നാഗരികത ഇന്നും ​െവച്ചുപുലർത്തുന്ന പ്രാകൃതത്വമാണിത്.

പാകിസ്താന്റെ ഏതെങ്കിലും പ്രവിശ്യകളിൽനിന്നും ഹരിയാനയും രാജസ്​ഥാനും പോലുള്ള ഏതെങ്കിലും ഇന്ത്യൻ സംസ്​ഥാനങ്ങളിൽനിന്നുമാണ് ദുരഭിമാന കൊലകളെ കുറിച്ചുള്ള വാർത്തകൾ നാം സാധാരണയായി കേട്ടുകൊണ്ടിരുന്നത്. എന്നാൽ സംഘ്പരിവാർ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യവ്യാപകമായി തന്നെ ഇത്തരം വാർത്തകൾ കേട്ടുതുടങ്ങി. ജാതിഘടനയുടെ മുകൾത്തട്ട് ചലനാത്മകമായി. ജാത്യാധിപത്യം നിലനിർത്തുന്നതിനായി ഘടനയുടെ മുകൾത്തട്ടിലുള്ളവർ നടത്തുന്ന ഹിംസാത്മകമായ ആക്രമണങ്ങളാണ് ദുരഭിമാന കൊലകൾ. ജാതിക്കൊലകളാണിത്. മലപ്പുറത്തെ അരീക്കോടുനിന്ന് നാം കേട്ടത് സൈനികനായൊരു ദലിത് യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മേൽജാതിക്കാരിയായൊരു യുവതിയെ ജാത്യാഭിമാനിയായ പിതാവ് വിവാഹത്തലേന്ന് രാത്രി കുത്തിക്കൊലപ്പെടുത്തി എന്നതാണ്.

തന്റെയും തന്റെ കുടുംബത്തിന്റെയും താൻ ജനിച്ച ജാതിയുടെയും മാനം കാക്കാൻ സവർണ ൈക്രസ്​തവ പിതാവിന്റെയും മുസ്‍ലിമായ മാതാവിന്റെയും മകളെ വിവാഹം കഴിക്കാൻ നിശ്ചയിച്ച കെവിൻ പി. ജോസഫ് എന്ന ദലിത് യുവാവിന്റെ ദാരുണമായ അന്ത്യമാണ് കോട്ടയം നഗരപ്രാന്തത്തിലെ നാട്ടാശ്ശേരിയിൽ കണ്ടത്. കാസ്റ്റ് ടെററിസമാണിത്, ജാതി ഭീകരത. കാസ്റ്റ് ഹയറാർക്കിയുടെ മുകൾത്തട്ടുകളിൽനിന്ന് ഒരൊറ്റ സ്​ത്രീയും അടിത്തട്ടിലേക്ക് ചോർന്ന് പോകാതിരിക്കാനുള്ള ഹിംസാത്മകമായ മുൻകരുതലും മുന്നറിയിപ്പുമാണ് കാസ്റ്റ് ടെററിസം. ജാതി വിവേചനങ്ങൾക്കും അക്രമങ്ങൾക്കും മാത്രമല്ല, ജാതിഭീകരതക്കും വളക്കൂറുള്ള മണ്ണാണ് ഐക്യകേരളം എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ജാതി തിരിച്ചുവരുകയല്ല, സംഘടിതമായി തലപൊക്കുകയാണ്. ജനാധിപത്യത്തെ ജീവിതസമ്പ്രദായമാക്കി മാറ്റാൻ കഴിയാത്തൊരു സമൂഹത്തിന് ഇത്തരം ദുരന്തവാർത്തകളിൽ നിന്ന് രക്ഷനേടാനാവില്ല. ലോകത്തിന്റെ മുന്നിൽ ശിരസ്സുയർത്തി നിൽക്കാനുമാവില്ല. സ്വന്തം ഇണയെ തിരഞ്ഞെടുക്കുവാൻപോലും അവകാശമില്ലാത്ത ഒരു സമൂഹത്തെയാണ് മലയാളികൾ ജനാധിപത്യ സമൂഹമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് അധഃസ്​ഥിത നവോത്ഥാന മുന്നണിയിലും ദലിത് ഐക്യസമിതിയിലും സഹപ്രവർത്തകരായിരുന്ന കുഞ്ഞ് പഴന്താറ്റിൽ, എൻ.കെ. വിജയൻ, കെ.എം. കുഞ്ഞുമോൻ, സി.എസ്​. മുരളി, വി.ഡി. ജോസ്​, സുനിൽ ബി, മധു കോളേഴത്ത്, കെ.എം. സാബു എന്നിവരുമായി ബന്ധപ്പെട്ട് കെ.പി. ജോസഫിന്റെ കൊലപാതകത്തിൽ പ്രത്യക്ഷമായി ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഒരു യോഗം 2018 ജൂലൈ 10ന് കോട്ടയം ലോഡ്ജിൽ ഞാൻ വിളിച്ചുചേർത്തത്. ഏറെ കാലത്തെ ഇടവേളക്കുശേഷമായിരുന്നു ഒരു വിഷയത്തിൽ പ്രത്യക്ഷമായി ഇടപെട്ടുള്ള എന്റെ ഇത്തരമൊരു ആലോചന. ദീർഘകാലമായി ബന്ധമില്ലാതിരുന്നവരും എന്നാൽ, ഒരു കാലത്ത് ഒന്നിച്ചു പ്രവർത്തിച്ചവരുമായ എൻ.കെ. വിജയന്റെയും മധു കോളേഴുത്തിന്റെയും പങ്കാളിത്തം ഈ യോഗത്തിന്റെ പ്രത്യേകതയായിരുന്നു. അധഃസ്​ഥിത നവോത്ഥാന മുന്നണിയിലും ദലിത് ഐക്യസമിതിയിൽ കുറച്ചുകാലവും ഒപ്പമുണ്ടായിരുന്ന എൻ.കെ. വിജയനെ പൂന്തോട്ടയിൽ ഞാൻ പങ്കെടുത്ത ഒരു വിവാഹാഘോഷത്തിലും അധഃസ്​ഥിത നവോത്ഥാന മുന്നണിയിലുണ്ടായിരുന്ന മധു കോളേഴുത്തിനെ തിരുവല്ലയിൽ നടന്ന ഒരു വിവാഹാഘോഷത്തിലും യാദൃച്ഛികമായി കണ്ടുമുട്ടുകയായിരുന്നു.

അപ്പോൾ പുതുക്കിയ സൗഹൃദമാണ് അവരെ ഈ ആലോചനയുടെ ഭാഗമാക്കിയത്. കെവിൻ കൊലപാതകത്തിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു യോഗം എത്തിച്ചേർന്നു. നിഗമനങ്ങളായിരുന്നു ജാതിഭീകരതയും ദുരഭിമാന​കൊലയും. കേരളത്തിൽ നിലനിൽക്കുന്ന ജാതി വിവേചനങ്ങൾ ഉച്ചനീചത്വങ്ങൾക്കുമെതിരെ 1988ൽ അധഃസ്​ഥിത നവോത്ഥാന മുന്നണി മുന്നോട്ടു​െവച്ച സമീപനരേഖയിൽ ഇത്തരം പരാമർശങ്ങൾ കണ്ടെത്താനാവില്ല. മാറുന്ന സാമൂഹിക ചുറ്റുപാടുകളിൽ മാറുന്ന ജാതിയുടെ മുഖങ്ങളാണിവ. പോരാട്ടമുറ്റത്ത് ഈ മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർത്താനാവുന്നില്ലെങ്കിൽ ജാതിവിരുദ്ധ സമരം മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഈ ചരിത്ര സന്ദർഭത്തിലാണ് ‘ജാതി ഭീകരതക്കെതിരെ ദലിത് പ്രതിരോധം’ എന്ന മുദ്രാവാക്യമുയർത്തി 2018 ജൂലൈ 18ന് കോട്ടയത്ത് കൺവെൻഷൻ നടത്താൻ ഈ യോഗം തീരുമാനിച്ചത്.

ജാത്യാധിപത്യത്തിനും പുരുഷാധിപത്യത്തിനുമെതിരായി ദലിതരും അദലിതരുമായ സാമൂഹികചിന്തകർ, എഴുത്തുകാർ അക്കാദമീഷ്യർ, ആക്ടിവിസ്റ്റുകൾ എന്നിവരെയാണ് കൺവെൻഷനിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചത്. ജാതി-ലിംഗ നിയന്ത്രിതമായ ഐക്യകേരളത്തെ എങ്ങനെ ജനാധിപത്യ സമൂഹമാക്കി മാറ്റണമെന്നതായിരുന്നു കൺവെൻഷനിലെ മുഖ്യ ചിന്താവിഷയം. ഞാൻ ചെയർമാനും എൻ.കെ. വിജയൻ കൺവീനറുമായി രൂപവത്കരിക്കപ്പെട്ട സ്വാഗതസംഘമാണ് ഈ കൺവെൻഷന്റെ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തത്. കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള എയ്ഡഡ് ൈപ്രമറി അധ്യാപക ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടന്നത്.

ശ്രദ്ധേയമായൊരു കാര്യം ഈ കൺവെൻഷനിൽ പ്രസംഗകരായി ക്ഷണിക്കപ്പെട്ട 68 പേരിൽ 20 പേർ പങ്കെടുത്തുവെന്നതാണ്. മൂന്നിലൊന്നോളം പേർ. അപൂർവമായ ഒരനുഭവമായിരുന്നു അത്. 250 പേർക്ക് ഭക്ഷണം ഒരുക്കിയിരുന്നു. ഏകദേശം അത്രയും പേർ പങ്കെടുക്കുകയും ചെയ്തു. കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, ഡോ. ആർ. ശർമിള, ഡോ. രത്നമുത്തു സുഗതൻ, അഡ്വ. പി. ഒ. ജോൺ, ഡോ. രാജേഷ് കോമത്ത്, ഡോ. ചന്ദ്രൻ കോമത്ത്, തോമസ്​ മാത്യു, രാജഗോപാൽ വാകത്താനം, മൃദുലദേവി ശശിധരൻ, ലക്ഷ്മണൻ എം.എ, മണികണ്ഠൻ കാട്ടപ്പള്ളി, രാജപ്പൻ അക്കരപ്പാടം, പി.ജെ. തോമസ്​, കെ.കെ. ജിൻഷു, പ്രദീപ് കുളങ്ങര, ജോൺസൺ നെല്ലിക്കുന്ന്, രാജൻ കൈതക്കാട്, ദിലീപ് കൈപ്പുഴ തുടങ്ങിയവർ ഈ കൺവെൻഷനിൽ പങ്കെടുത്തിരുന്നു.

എന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ എൻ.കെ. വിജയനായിരുന്നു സ്വാഗതം പറഞ്ഞത്. സംഘാടക സമിതി വർക്കിങ് ചെയർമാനായിരുന്ന സണ്ണി എം. കപിക്കാട് പ്രവർത്തനങ്ങളിലൊന്നും സഹകരിച്ചിരുന്നില്ലെങ്കിലും കൺവെൻഷനിൽ പങ്കെടുത്തു.അധ്യക്ഷപ്രസംഗത്തിനു പിന്നാലെ പ്രസംഗിച്ച ദലിത് ചിന്തകരും എഴുത്തുകാരുമായ കെ.കെ. ബാബുരാജും സണ്ണി എം. കപിക്കാടും കെവിൻ കൊലയാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാട് ഉയർത്തുമ്പോൾതന്നെ ഈ കൺവെൻഷൻ മുന്നോട്ടു​െവച്ച ‘ദലിത് പ്രതിരോധം’ എന്ന പദത്തോട് വിയോജിച്ചു. അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടിയത് എല്ലാത്തരം വിരുദ്ധതകളെയും തങ്ങൾ എതിർക്കുന്നുവെന്നാണ്. കൺവെൻഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് മങ്ങലേൽപിക്കുന്നതും ദലിതരുടെ പോരാട്ടവീര്യത്തെ തകർക്കുന്നതുമായിരുന്നു ഈ നിലപാട്.

ഈ കൺവെൻഷനെ മാത്രം ലക്ഷ്യം ​െവച്ചുകൊണ്ട് കെ.കെ. ബാബുരാജും സണ്ണി എം. കപിക്കാടും സ്വീകരിച്ചൊരു നിലപാടായിരുന്നില്ല ഇത്. അരുന്ധതി റോയിയുടെ അംബേദ്കർ വായന ദലിതർക്കിടയിൽ കത്തിനിന്ന കാലത്ത് 2014 ഒക്ടോബർ 5ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ബാബുരാജ് എഴുതിയ ‘അശ്വഥാമാവും അരുന്ധതിറോയിയും’ എന്ന ലേഖനത്തിലെയും ഇതേ നിലപാടിൽനിന്ന് മലയാള വാരികയിൽ സണ്ണി എം. കപിക്കാട് എഴുതിയ അരുന്ധതിയുടെ ‘ഒളിയമ്പുകൾ’ എന്ന ലേഖനത്തിലെയും ദലിത് പോരാട്ടങ്ങളോടുള്ള സമീപനമായിരുന്നു ഇത്. ബാബുരാജ് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. ഇത്തരം മുരടിച്ച അവസ്​ഥകളോട് (ഗാന്ധിവിരുദ്ധത) കലഹിച്ചും തിരുത്തലുകൾക്കും വേണ്ടി കഠിനാധ്വാനം നടത്തിയുമാണ് പുതിയൊരു ധൈഷണിക രാഷ്ട്രീയ നേതൃത്വം സമുദായത്തിനുള്ളിൽ വളർന്നുവന്നത്.

ഇവർ ദലിത് പ്രശ്നങ്ങളെ ആരുടെയെങ്കിലും കുറവും കുറ്റവുമായി ഉന്നയിക്കുന്നതിനു പകരം നിലനിൽക്കുന്ന അധികാരഘടനയിലും ചരിത്രപരമായി രൂപപ്പെട്ട സാമുദായിക രാഷ്ട്രീയ ഭൂപടത്തിലും കണ്ടെത്താൻ ശ്രമിച്ചു. ഇതോടെ കേവലമായ ഗാന്ധിവിരുദ്ധത, സവർണ വിരുദ്ധത, മാർക്സിസ്​റ്റ് വിരുദ്ധത മുതലായ സാമ്പ്രദായിക നിലപാടുകൾ ഉപേക്ഷിച്ച്, തൽസ്ഥാനത്ത് വിമർശനാത്മക ചിന്തയെ മുൻനിർത്തിയുള്ള വിശകലനങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചു. ഒരുപടികൂടി കടന്ന് സണ്ണി എം. കപിക്കാട് പറഞ്ഞത് ‘വിജ്ഞാന നിർമിതിക്കായി ഉപയോഗിക്കുന്ന സംവർഗങ്ങൾ സാർവലൗലികവും സ്വതന്ത്രവും വസ്​തുനിഷ്ഠവുമാണെന്ന സങ്കൽപം കാലഹരണപ്പെട്ടു’ എന്നാണ്. ‘അരുന്ധതിയുടെ അംബേദ്കർ വായന, ദലിതർക്കിടയിൽ എന്തിനാണ് ഉത്കണ്ഠ’ എന്ന ‘മാധ്യമം’ ലേഖനത്തിൽ ഇക്കാര്യത്തിലുള്ള എന്റെ നിലപാട് വ്യക്തമാക്കിയിരുന്നത് ഇപ്രകാരമാണ്: ശാസ്​ത്രീയമായൊരു വിശകലരീതി അംഗീകരിക്കുന്ന ആർക്കും വിരുദ്ധത ഇല്ലായ്മയുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാനാവില്ല.

വിരുദ്ധതയില്ലാത്ത ഒരാശയലോകത്തേക്ക് പ്രവേശിക്കുമ്പോൾ ഇന്ത്യയിലത് ബ്രാഹ്മണിസമാണ്. അവിടെ സങ്കീർണതകളേയുള്ളൂ. അറിയപ്പെടാത്തതിനെയാണ് അറിവ് എന്നുപറയുന്നത്. വിരുദ്ധതകളില്ല, വൈവിധ്യങ്ങ​േള ഉള്ളൂ, സംഘർഷങ്ങളില്ല സമന്വയമേ ഉള്ളൂ, ഹിംസയില്ല, അഹിംസയേ ഉള്ളൂ, നന്മയും തിന്മയുമില്ല. രണ്ടും ഒന്നുതന്നെയാണ്. യാഥാർഥ്യവും ഭാവനയും തഥ്യവും മിഥ്യയും അറിവും അജ്ഞതയുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്നു. ഗാന്ധിയെപ്പോലുള്ളവർ പിന്തുടർന്ന ആധ്യാത്മികജ്ഞാനത്തിന്റെ, ബ്രാഹ്മണ്യചിന്തയുടെ ആധാരമാണിത്. തങ്ങൾ എല്ലാത്തരം വിരുദ്ധതകൾക്കും എതിരാണെന്ന് മേനിനടിക്കുന്ന ബാബുരാജും സണ്ണി എം. കപിക്കാടും അറിഞ്ഞോ അറിയാതെയോ വഴുതിപ്പോകുന്നത് ബ്രാഹ്മണ്യത്തിലേക്കാണ്. ബ്രാഹ്മണിസത്തെയും കാപിറ്റലിസത്തെയും ശത്രുപക്ഷത്ത് കാണുന്ന അംബേദ്കറെ റദ്ദുചെയ്യുകയാണിവർ. കൺവെൻഷനെ ഈ നിലപാട് ഒരുതരത്തിലും സ്വാധീനിച്ചില്ല എന്നത് എടുത്തുപറയേണ്ടതുണ്ട്.

ഈ കൺവെൻഷനു മുമ്പുതന്നെ കെവിൻ പി. ജോസഫിന്റെ കൊലപാതകത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദലിത് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കലക്ടറേറ്റ് മാർച്ചും അഡ്വ. പി.ഒ. ജോണിന്റെ അധ്യക്ഷതയിൽ ധർണയും നടന്നിരുന്നു. ഈ ധർണയിൽ ഞാനും പ്രസംഗകനായിരുന്നു. കൺ​െവൻഷനു ശേഷം ജാതികൊലക്കും ഭരണകൂട നിക്ഷ്ക്രിയതക്കുമെതിരെ സി.എം.പിയുടെ നേതൃത്വത്തിൽ ഡി.സി. ബുക്സ്​ ഓഡിറ്റോറിയത്തിൽ ജനകീയ പ്രതിരോധ കൺ​െവൻഷൻ നടന്നു. കെ.കെ. കൊച്ചും കെ.കെ. ബാബുരാജും സണ്ണി. എം. കപിക്കാടും എൻ.കെ. വിജയനും വി.ഡി. ജോസും ഞാനുമെല്ലാം ക്ഷണിതാക്കളായിരുന്നു. ദലിത് പ്രതിരോധ കൺവെൻഷനിൽ പങ്കെടുക്കാനിരുന്ന കെ.കെ. കൊച്ചിന്റെ അധ്യക്ഷതയിലായിരുന്നു കൺവെൻഷൻ. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോണായിരുന്നു വിഷയാവതാരകൻ.

ഈ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ എനിക്കുണ്ടായ ഊഷ്മളമായൊരനുഭവം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ഗീവർഗീസ്​ മോർ കുറിലോസ്​ മെത്രാപ്പോലീത്ത മറ്റുള്ളവരുമായി സൗഹൃദം പങ്കിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ എന്നെ കണ്ടയുടനെ എഴുന്നേറ്റ് നടത്തിയ ആശ്ലേഷമാണ്. കൈവശമുണ്ടായിരുന്ന എന്റെ പുസ്​തകങ്ങൾ പ്രത്യാശ്ലേഷമായി അദ്ദേഹത്തിന് കൈമാറി. തടസ്സപ്പെടുത്തിയെങ്കിലും രണ്ടായിരം രൂപ എന്റെ പോക്കറ്റിലിട്ടു. വിലയല്ല, സംരംഭത്തിനുള്ള ഉത്തേജനമായി തോന്നി. ദലിത് പ്രതിഷേധ കൺവെൻഷൻ ജാതി ഭീകരതക്കെതിരായിരുന്നുവെങ്കിൽ ജനകീയ പ്രതിരോധ കൺവെൻഷൻ ജാതി മേൽക്കോയ്മക്കും ഭരണകൂട നിഷ്ക്രിയതക്കും എതിരായിരുന്നു. ഭരണകൂട നിഷ്ക്രിയത്വം എടുത്തുകാട്ടി സമരമുഖത്തുള്ള ദലിതരെ പ്രതിപക്ഷത്തേക്ക് അനയിക്കുകയായിരുന്നു സി.എം.പിയുടെ ലക്ഷ്യം. അതൊരു യു.ഡി.എഫ്. അജണ്ടയായിരുന്നു. ദലിത് പ്രതിരോധം ജനകീയ പ്രതിരോധമായി.

ദലിതരും ആദിവാസികളും നടത്തുന്ന അവകാശ സമരങ്ങളിലേക്ക് രക്ഷകരായി എത്തിച്ചേരുന്നവർ വിജയകരമായി ഉപയോഗിച്ചുപോരുന്ന ഒരു പദമാണ് ജനകീയം. ദലിതരും ആദിവാസികളും നടത്തുന്ന പോരാട്ടങ്ങൾ ജനകീയമോ ജനാധിപത്യപരമോ അല്ലെന്നാണ് ഇതിനർഥം. എല്ലാവരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതോടെ ദലിതരുടെയും ആദിവാസികളുടെയും പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന സന്ദേശമാണ് ജനകീയം എന്ന പദം നൽകുന്നത്. എന്നാൽ ഈ കൺവെൻഷനിൽ പങ്കെടുത്ത ദലിത് നേതൃത്വം യു.ഡി.എഫിന്റെ ചൂണ്ടയിൽ കൊത്തിയില്ല എന്നത് അഭിമാനകരമായൊരു കാര്യമായിരുന്നു. ദലിത് പ്രതിരോധ കൺവെൻഷൻ ചൂണ്ടിക്കാട്ടിയ ദുരഭിമാനക്കൊലക്ക് കുറ്റാന്വേഷണ സംഘം നൽകിയ പ്രാധാന്യം കോടതിവിധിയിലും പ്രതിഫലിച്ചു കണ്ടു. ഈ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടത് ദുരഭിമാനകൊലയുടെ പേരിലായിരുന്നുവെന്നത് അത്യപൂർവമായ സംഭവങ്ങളിലൊന്നായി മാറുകയും ചെയ്തു.

(തുടരും)

News Summary - km salim kumar biography