സമരോത്സുകം

2000നു ശേഷം കേരളത്തിൽ നടന്ന ചില സമരങ്ങളിൽ താൻ പങ്കാളിയായതിനെക്കുറിച്ചാണ് ഇത്തവണ. സ്ത്രീ-പുരുഷ ബന്ധങ്ങളെയും സ്ത്രീ സ്വാതന്ത്ര്യത്തെയും അഭിമുഖീകരിക്കുന്നതായിരുന്നു ആ സമരങ്ങൾ. എറണാകുളം വഞ്ചിസ്ക്വയറിൽ കന്യാസ്ത്രീകൾ സമരം തുടങ്ങിയിരിക്കുന്നുവെന്ന് ഞാൻ അറിഞ്ഞത് കൈപ്പുഴ കുഞ്ഞുമോന്റെ വീട്ടിലെ ദിനപത്രത്തിൽനിന്നാണ്. വാർത്ത വായിച്ചയുടനെ ഫാ. സെബാസ്റ്റ്യൻ കിഴക്കേക്കൂറ്റുമായി വിഷയം ചർച്ചചെയ്തു. ‘നാളെ അല്ലെങ്കിൽ മറ്റെന്നാൾ ഞാൻ സമരപ്പന്തലിൽ...
Your Subscription Supports Independent Journalism
View Plans2000നു ശേഷം കേരളത്തിൽ നടന്ന ചില സമരങ്ങളിൽ താൻ പങ്കാളിയായതിനെക്കുറിച്ചാണ് ഇത്തവണ. സ്ത്രീ-പുരുഷ ബന്ധങ്ങളെയും സ്ത്രീ സ്വാതന്ത്ര്യത്തെയും അഭിമുഖീകരിക്കുന്നതായിരുന്നു ആ സമരങ്ങൾ.
എറണാകുളം വഞ്ചിസ്ക്വയറിൽ കന്യാസ്ത്രീകൾ സമരം തുടങ്ങിയിരിക്കുന്നുവെന്ന് ഞാൻ അറിഞ്ഞത് കൈപ്പുഴ കുഞ്ഞുമോന്റെ വീട്ടിലെ ദിനപത്രത്തിൽനിന്നാണ്. വാർത്ത വായിച്ചയുടനെ ഫാ. സെബാസ്റ്റ്യൻ കിഴക്കേക്കൂറ്റുമായി വിഷയം ചർച്ചചെയ്തു. ‘നാളെ അല്ലെങ്കിൽ മറ്റെന്നാൾ ഞാൻ സമരപ്പന്തലിൽ എത്തും’ എന്നു പറഞ്ഞു. വാർത്ത വായിച്ച് പെട്ടെന്ന് ഓർമവന്നത് മൂന്ന് പതിറ്റാണ്ടുമുമ്പ് മനസ്സിൽ പതിഞ്ഞ ഒരു യുവ കന്യാസ്ത്രീയുടെ മുഖമാണ്. സിസ്റ്റർ അഭയയുടെ മുഖം. അഭയ നേരിട്ട പീഡനവും അഭയയുടെ ദാരുണമായ അന്ത്യവും എന്തുകൊണ്ട് അഭയ അംഗമായ കന്യാസ്ത്രീ സമൂഹത്തിലെ ഒരൊറ്റ അംഗത്തിനും വേദനയുള്ള അനുഭവമായി മാറിയില്ലെന്നതും സ്ത്രീഹൃദയം ഇത്രമാത്രം ജഡീകരിക്കപ്പെടാമോ എന്നതും എന്നും എന്നിലെ ചോദ്യങ്ങളായിരുന്നു.
കൊച്ചി നഗരത്തിൽ തങ്ങളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പീഡകൻ ദൈവതുല്യനായി തങ്ങൾ കാണുന്ന പിതാക്കന്മാരിൽ ഒരാളാണെന്നും കന്യാസ്ത്രീകളുടെ ഒരു അഞ്ചംഗ സംഘം കേരളത്തോട് പറയുമ്പോൾ അതിൽ എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ട് സമരം തുടങ്ങി. മൂന്നാം നാൾ സമരപ്പന്തലിൽ എത്തുകയും സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. മഞ്ചേരിയിലായിരുന്നു താമസം എന്നതുകൊണ്ട് സ്ഥിരമായി സമരത്തിൽ പങ്കെടുക്കാനായില്ല. ഈ സമരവുമായി ബന്ധപ്പെട്ട് 2019 മാർച്ച് 29ന് ഞാനൊരു ലേഖനം എഴുതി. ചരിത്രത്തെയും നീതിബോധത്തെയും തിരുത്തിക്കുറിച്ച കന്യാസ്ത്രീ സമരം. ഈ ലേഖനം തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. ‘‘പീഡിതർ നീതിക്കുവേണ്ടി സംസാരിക്കുമ്പോഴാണ് നീതി അപകടത്തിലാണെന്ന് നാം അറിയുന്നത്. നീതിബോധമുള്ള മനുഷ്യരെ നാം കണ്ടെത്തുന്നതും അപ്പോഴാണ്.’’
ഈ സമരത്തിൽ ഞാൻ നിരീക്ഷിച്ച സുപ്രധാനമായൊരു കാര്യം ൈക്രസ്തവ സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തിന്റെ തീവ്രതയായിരുന്നു. ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്നത് ൈക്രസ്തവ സമൂഹത്തെ ഒന്നടങ്കം നൈതികമായും വിശ്വാസപരമായും വികാരപരമായും ചലിപ്പിക്കേണ്ടതായിരുന്നു; ഉണ്ടായില്ല, കാരണം പീഡകൻ ഒരു ൈക്രസ്തവ പുരോഹിത മേധാവിയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. അതിൽ എന്തെങ്കിലും അനീതിയുണ്ടെന്ന് ൈക്രസ്തവ സഭ വിശ്വസിക്കുന്നില്ല. കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) 2018 സെപ്റ്റംബർ 25ന് പുറപ്പെടുവിച്ച പ്രസ്താവന നോക്കുക: ‘ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസ്സിനെയും അവഹേളിക്കുന്നതിന് ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ നീതിക്കും മനുഷ്യാന്തസ്സിനും നിരക്കുന്നതല്ല.
ഒരു ബിഷപ്പിനെതിരെ ഉയർന്നുവന്ന ഇനിയും തെളിയിക്കപ്പെടാത്ത ആരോപണത്തിന്റെ പേരിൽ സഭയെ അവഹേളിക്കുന്നത് അനീതിയാണ്. കേസിന്റെ മറവിൽ കത്തോലിക്കാ സഭയോട് വിരോധമോ അസൂയയോ ഉള്ള ചിലരും നിഗൂഢലക്ഷ്യവും നിക്ഷിപ്ത താൽപര്യങ്ങളും ഉള്ള ചില മാധ്യമപ്രവർത്തകരും സഭക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേർന്ന് സഭയെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നു.
ഇത് വിശ്വാസികൾ തിരിച്ചറിയണം. ഇതോടൊപ്പം ‘മിഷനറീസ് ഓഫ് ജീസസ്’ എന്ന സന്യാസിനി സഭ പുറപ്പെടുവിച്ചൊരു തലക്കെട്ട് ‘നിരപരാധിയെ ക്രൂശിക്കരുത്’ എന്നായിരുന്നു എന്നുകൂടി ഓർക്കുക. 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ എത്തിനിൽക്കുന്ന കേരളത്തിലെ ൈക്രസ്തവ സഭയുടെ സ്ത്രീ സമീപനമാണിത്. ഭയാനകമായൊരു കാര്യം കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുമ്പോൾ പീഡകർക്ക് രക്ഷാകവചം ഒരുക്കാൻ സഭ ചുമതലപ്പെടുത്തിയിരിക്കുന്നത് കന്യാസ്ത്രീകളെ തന്നെയാണെന്നാണ്.
അതിൽ എന്തെങ്കിലും അനീതി ഉണ്ടെന്ന് സഭ കരുതുന്നില്ല. പുരുഷാധിപത്യം നിലനിർത്താനുള്ള ബാധ്യത ഏറ്റെടുക്കുന്ന കന്യാസ്ത്രീകൾ സഭക്ക് വിശുദ്ധരാകാമെങ്കിലും സ്ത്രീസമൂഹത്തിനാകെ അപമാനമാണ്. പോപ്പിനുപോലും ഇവരെ നേർവഴിക്ക് ചിന്തിപ്പിക്കാനാവില്ല എന്നതാണ് മറ്റൊരു കാര്യം. കെ.സി.ബി.സിയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ 2018 സെപ്റ്റംബർ 28ന് ഫ്രാൻസിസ് മാർപാപ്പ ലോകത്തെമ്പാടുമുള്ള ൈക്രസ്തവരോട് പറഞ്ഞത് ലൈംഗികാരോപണങ്ങൾ ജനങ്ങളെ സഭയിൽനിന്ന് അകറ്റുന്നു എന്നാണ്.
ലോകത്തിന്റെ മുന്നിൽ തലകുനിക്കേണ്ടി വന്ന ലജ്ജാകരമായൊരു സാമൂഹിക സാഹചര്യത്തിനാണ് ഐക്യകേരളം സാക്ഷ്യം വഹിച്ചതെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ധൃതിപിടിച്ചൊരു നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. അത് സാധ്യവുമായിരുന്നില്ല. ൈക്രസ്തവ സമൂഹത്തിന്റെ അംഗബലവും സംഘടിതശേഷിയും സാമ്പത്തിക രാഷ്ട്രീയ സ്വാധീനവുമായിരുന്നു അതിന്റെ കാരണം. പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാറിനു മുന്നിൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി എത്തിയ കന്യാസ്ത്രീക്ക് മൂന്നുമാസമായിട്ടും ഒരു പരിഗണനയും കിട്ടാതെപോയത് അതുകൊണ്ടാണ്.
ഇടതുപക്ഷമല്ല യു.ഡി.എഫ് ആണ് ഭരിക്കുന്നതെങ്കിൽ ഇത്തരം ഒരു പരാതിക്കുപോലും ഇടയുണ്ടാകുമായിരുന്നില്ല. കാരണം, സഭക്ക് പതിനായിരക്കണക്കിന് രക്തസാക്ഷികൾ ഉണ്ടെന്നും അവരാരെങ്കിലും എന്തെങ്കിലും ഏതെങ്കിലും തെറ്റു ചെയ്തിട്ടാണോ ശിക്ഷിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ മുളയ്ക്കലിനെ ൈക്രസ്തവ രക്തസാക്ഷികളുടെ പട്ടികയിൽ സ്ഥാനപ്പെടുത്തുന്ന ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെയും ബൈബിൾ വചനങ്ങൾ ഉരുവിട്ടുകൊണ്ട് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ ജയിലിലേക്ക് പോകുന്ന യു.ഡി.എഫിന്റെയും കേരള കോൺഗ്രസിന്റെയും പ്രമുഖ നേതാവ് കെ.എം. മാണിയെയും പീഡിതയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിക്കുന്ന യു.ഡി.എഫ് എം.എൽ.എ പി.സി ജോർജിനെയുമെല്ലാം മറികടന്ന് യു.ഡി.എഫിന് ഒരു തീരുമാനമെടുക്കാനാവില്ലായിരുന്നു.
എന്നാൽ, കന്യാസ്ത്രീകൾ തങ്ങളിലൊരാൾ പീഡിപ്പിക്കപ്പെട്ടുവെന്ന് ലോകത്തോട് വിളിച്ചുപറയുകയും പോരാട്ടം കൊച്ചി നഗരത്തിലേക്ക് മാറ്റുകയും ചെയ്തതോടെ സ്ഥിതി മാറി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 2018 സെപ്റ്റംബർ 21ന് അറസ്റ്റ് ചെയ്യപ്പെട്ടു. സമരരംഗത്തുള്ള കന്യാസ്ത്രീകൾ ഈ അറസ്റ്റിൽ നീതിയുടെ വിജയം കണ്ടു. എന്നാൽ, കന്യാസ്ത്രീകളോട് സാഹോദര്യം പ്രഖ്യാപിച്ചുകൊണ്ട് സേവ് ഔവർ സിസ്റ്റേഴ്സ് എന്ന കൂട്ടായ്മ ഒരുക്കിയ സമരവേദിയിലേക്ക് സ്ത്രീ സ്വാതന്ത്ര്യമർഹിക്കുന്നില്ലെന്ന് വിശ്വസിക്കുന്ന സംഘ്പരിവാറും സ്വാഗതം ചെയ്യപ്പെടുന്നത് കണ്ടു. കേരളത്തിലെ ജനകീയ പ്രസ്ഥാനങ്ങളുടെ പൊതുസ്ഥിതിയാണത്.
സമരവേദിയിൽ പ്രത്യക്ഷപ്പെട്ട പലരുടെയും ലക്ഷ്യം ലിംഗസമത്വത്തിന്റെ ആവശ്യം ചർച്ചചെയ്യുകയായിരുന്നില്ല. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കുകയായിരുന്നു; ഭരണമാറ്റമായിരുന്നു. സേവ് ഔവർ സിസ്റ്റേഴ്സും ഈ നിലവിട്ടു മുന്നോട്ടുപോയില്ല. തീരുമാനിച്ചിരുന്നതുപോലെ മൂന്നാം നാൾ ഞാൻ ഈ സമരവേദിയിലെത്തി. ഒരു കാര്യമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ. താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരു കന്യാസ്ത്രീ വിളിച്ചുപറയുമ്പോൾ അവർ സ്വയം അവഹേളിക്കപ്പെടുകയല്ല, നാളിതുവരെയുള്ള ൈക്രസ്തവ ചരിത്രത്തെയും അധീശക്രമത്തെയും നീതിബോധത്തെയും തിരുത്തുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയുമാണ്. തന്റെ വ്യക്തിസ്വത്വവും സ്വാതന്ത്ര്യവും മാത്രമല്ല, ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ വ്യക്തിസ്വത്വവും സ്വാതന്ത്ര്യവും അന്തസ്സും ഉയർത്തിപ്പിടിക്കുകയാണ്.
എറണാകുളത്ത് 2014 നവംബർ രണ്ടിന് നടന്ന ചുംബന സമരത്തിൽ ഞാനും പങ്കെടുത്തിരുന്നു. ഒരു കാഴ്ചക്കാരനായി. ഞങ്ങൾ അപ്പോൾ താമസിച്ചിരുന്നത് ചളിക്കവട്ടത്തുള്ള ഒരു വാടകവീട്ടിലായിരുന്നു. ആരാണ് അത് സൃഷ്ടിച്ചതെന്നോ സംഘാടകരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്താണെന്നോ അന്വേഷിച്ചില്ല. അനാർക്കിസ്റ്റുകൾ നടത്തുന്ന സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും ചിലപ്പോൾ സമൂഹത്തെ ചലിപ്പിക്കുകയും ചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ചുംബനസമരത്തെക്കുറിച്ചറിഞ്ഞപ്പോൾതന്നെ ബുദ്ധയോട് എന്റെ ആഗ്രഹമറിയിച്ചു. പേരക്കുട്ടി ഭൂമികക്ക് അഞ്ചുമാസമേ ആയിട്ടുള്ളൂ എന്നതുകൊണ്ട് ബുദ്ധക്ക് എന്നെ സഹായിക്കാനാവില്ലായിരുന്നു.
എനിക്കാണെങ്കിൽ ഒറ്റക്കുപോകാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല. ബുദ്ധയാണ് പറഞ്ഞത് എറണാകുളം ലോ കോളജിൽ നിയമത്തിൽ ഗവേഷക വിദ്യാർഥിയായ ദിവ്യചേച്ചിയെ വിളിക്കാൻ. ഉടൻതന്നെ വിളിച്ചു. സമരത്തിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ചു. ‘തങ്ങൾ എന്നെ കൊണ്ടുപോകാൻ എത്തുമെന്ന്’ പറഞ്ഞ് സംഭാഷണം നിർത്തിയതിനു പിന്നാലെ ദിവ്യ ആരോടോ വിളിച്ചുപറഞ്ഞൊരു കാര്യം ഇന്നും എന്റെ ചെവികളിൽ മുഴങ്ങുന്നുണ്ട്. ‘‘ഞാൻ സലിം മാഷേ ചുംബിക്കും.’’
ദിവ്യയും ഷെഫീക്കും വാഹനത്തിലെത്തി, സമരം നടക്കുന്ന മറൈൻ ൈഡ്രവിലേക്ക് എന്നെ കൊണ്ടുപോയി. സമരകേന്ദ്രത്തിൽനിന്ന് ഒഴിഞ്ഞുമാറി സമരം കാണാവുന്ന ദൂരത്തിൽ നടപ്പാതക്കരികെ സുരക്ഷിതമായി ഒരു മരച്ചുവട്ടിൽ എന്നെ ഇരുത്തി. അവർ സമരത്തിൽ പങ്കെടുക്കാനായി പാഞ്ഞു. പ്രതീക്ഷിച്ചതുപോലെ സംഘർഷഭരിതമായിരുന്നു സമരഭൂമി. സമരം തടയാനെത്തിയ പൊലീസുമായുള്ള സംഘർഷത്തിൽ ദിവ്യയും ഷെഫീക്കുമടക്കം നിരവധി പേർ അറസ്റ്റ് ചെയ്യപ്പെട്ടു. സമരം കഴിഞ്ഞ് മറൈൻ ൈഡ്രവിലൂടെ പതിയെ നടന്നപ്പോൾ യാദൃച്ഛികമായി കണ്ടുമുട്ടിയ സി.എസ്. മുരളിയുമായി സെൻട്രൽ സ്റ്റേഡിയത്തിലെത്തി അറസ്റ്റു ചെയ്യപ്പെട്ടവരെ കണ്ടു. അവരെ വിട്ടയക്കുന്നതുവരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു.
ദിവ്യയും ഷെഫീക്കുമടക്കം വിട്ടയക്കപ്പെട്ടവരിൽ നാലുപേർ ആ രാത്രി ഞങ്ങളുടെ വീട്ടിലാണ് താമസിച്ചത്. പിറ്റേന്ന് മാതൃഭൂമി ദിനപത്രത്തിന്റെ ഫ്രണ്ട് പേജിലെ തലക്കെട്ട് ചുംബനസമരമായിരുന്നു. അതിന് നൽകിയ ചിത്രത്തിൽ സംഘർഷത്തിൽ കിടക്കുന്ന ദിവ്യയെയും കാണാമായിരുന്നു. ഗ്രാമീണ ഭാരതത്തിൽ സ്ത്രീപീഡനം ഇല്ലെന്നു പറയുന്ന സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തെ നോട്ടങ്കി എന്നു പരിഹസിക്കുന്ന ആണും പെണ്ണും കൈ പിടിക്കുന്നത് കുറ്റമായി കാണുന്ന ലക്ഷ്മണരേഖ വരച്ചുകൊണ്ടേയിരിക്കുന്ന, ആണും പെണ്ണും ഒരേ സ്കൂൾ ബസിൽ സഞ്ചരിക്കുന്നത് വിലക്കുന്ന, സ്ത്രീപീഡനത്തിൽ സ്ത്രീക്കും പങ്കുണ്ടെന്നു കണ്ടെത്തുന്ന, പെൺകുട്ടികൾ മുട്ടുവരെയുള്ള വസ്ത്രം ധരിക്കരുതെന്നും പാട്ടുപാടരുതെന്നും നൃത്തം ചെയ്യരുതെന്നും കൽപിക്കുന്ന ഒരു സാമൂഹിക നിർമിതിക്കുള്ളിൽ കേരളീയ യുവത്വത്തിന്റെ ചുംബന സമരത്തിൽ ഞാൻ സ്ത്രീസ്വാതന്ത്ര്യത്തിന്റെ സ്പന്ദനം കണ്ടു.
സ്ത്രീ-പുരുഷ സമത്വത്തിൽ ഊന്നുന്ന ഈ നിലപാട് ഉള്ളതുകൊണ്ട് ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബർ 28ന് സുപ്രീംകോടതി നടത്തിയ വിധി ഉൾക്കൊള്ളാൻ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. വിധിയുമായി ബന്ധപ്പെട്ട് ദേശീയവും സാർവദേശീയവുമായി ഉയർന്നുവന്ന അഭിപ്രായങ്ങളും ഭിന്നാഭിപ്രായങ്ങളും പരമാവധി ശ്രദ്ധിച്ചു. അവയിലൊന്നായിരുന്നു ‘ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം’ എന്ന കോടതിവിധി നിലനിൽക്കെ അവരെ തടയുന്നത് മനുഷ്യാവകാശ ലംഘനമല്ലെന്ന ചോദ്യത്തിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖിന്റെ ഈ വാക്കുകൾ: ‘‘നിയമം എല്ലാവരും മാനിക്കണം.’’
ഇസ്ലാമും കത്തോലിക്കാ സഭയും പോലുള്ള വിശ്വാസ സമൂഹങ്ങളുടെ കാര്യത്തിലും യു.എൻ നിലപാട് ഇതുതന്നെയാണോ എന്ന ചോദ്യത്തിന് ‘‘എല്ലാവരുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്’’ എന്നതായിരുന്നു മറുപടി. തുല്യതയാണ് ഈ നിലപാടിന്റെ അടിസ്ഥാനം. ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഈ അന്തർദേശീയ നിലവാരത്തിൽ എത്തിച്ചേരാൻ ഇന്ത്യക്ക് എത്രകാലം വേണ്ടിവരുമെന്നത് ഒരു ചോദ്യചിഹ്നമാണ്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഒരു വ്യാഴവട്ടക്കാലമായി നടന്നുവന്ന പരസ്പര വിരുദ്ധമായ രണ്ട് നിയമ വ്യവസ്ഥകളും മൂല്യവ്യവസ്ഥകളും തമ്മിലുള്ള പോരാട്ടത്തിന്റെ തീർപ്പുകൽപിക്കലായിരുന്നു സുപ്രീംകോടതിയിൽ നടന്നത്. വ്യക്തികൾക്ക് അവരുടെ മതവിശ്വാസം പിന്തുടരുന്നതിന് അവകാശം നൽകുന്ന ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പും ആരാധനാലയങ്ങൾ നടത്തുന്നവർക്ക് അത് നടത്തിക്കൊണ്ടുപോകുന്നതിന് അവകാശം നൽകുന്ന ഭരണഘടനയുടെ ഇരുപത്താറാം വകുപ്പും തമ്മിലുള്ള സംഘർഷത്തിൽ വ്യക്തികളുടെ അവകാശത്തിൽ ഊന്നുകയും അവരുടെ അവകാശം ഹനിക്കുന്ന ആരാധനാലയങ്ങളുടെ അവകാശത്തെ തള്ളിപ്പറയുകയുമാണ് കോടതി ചെയ്തത്.
ഭരണഘടനാ ധാർമികതയിൽ ഊന്നുന്ന ഈ വിധി ഹിന്ദു ധാർമികതയുടെ പരാജയമായിരുന്നു. പാർട്ടി വിട്ടതിനു ശേഷം മൂന്ന് പതിറ്റാണ്ടോളമായി ഞാൻ നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ അന്തർധാരയായ സാമൂഹിക രാഷ്ട്രീയത്തിന്റെ ഗരിമ ഞാൻ ഈ വിധിയിൽ കണ്ടു. ഭരണഘടനാ ധാർമികത ഇതിനുമുമ്പ് എനിക്കത്ര സുപരിചിതമായ വാക്കായിരുന്നില്ല ഞാനാ വാക്കിന്റെ പിന്നാലെ പോയി. ആ വാക്ക് എനിക്കാവേശമായി. ഈ വിധിയിൽ ഞാൻ സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും കണ്ടു. അവരോടൊപ്പം ചേരുകയെന്നത് കടമയായി തിരിച്ചറിഞ്ഞു. ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ/കേരള രാഷ്ട്രീയം വിശകലനം ചെയ്തു.
പിതൃമേധാവിത്വത്തിന്റെ കരുത്ത് ഇന്ത്യ കണ്ടത് അപ്പോഴാണ്. സുപ്രീംകോടതി വിധി സ്വാഗതംചെയ്ത രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കൾ മലക്കം മറിഞ്ഞു. സ്ത്രീകളും ആ കൂട്ടത്തിലുണ്ടായിരുന്നു. സുപ്രീംകോടതി വിധി മാനിക്കുന്നുവെന്നും ജാതി-ലിംഗ വ്യത്യാസമില്ലാതെ എല്ലാ ഭക്തർക്കും ക്ഷേത്രത്തിൽ തുല്യ അവകാശമാണ് ഉള്ളതെന്നുമായിരുന്നു രാജ്യം ഭരിക്കുന്ന ബി.ജെ.പി-സംഘ്പരിവാർ ശക്തികളെ നയിക്കുന്ന ആർ.എസ്.എസ് ദേശീയ നേതൃത്വത്തിന്റെ ആദ്യ നിലപാട്. രാഹുൽ ഗാന്ധിയെ പോലുള്ള ചില കോൺഗ്രസ് നേതാക്കളുടെയും ആദ്യപ്രതികരണം അങ്ങനെ തന്നെയായിരുന്നു.
ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷ രേഖ ശർമ. സ്ത്രീകൾ എവിടെ പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം നൽകുന്ന വിധിയെന്നു പറഞ്ഞപ്പോൾ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ദേവിയും ശക്തിയുമായ സ്ത്രീ ക്ഷേത്രത്തിൽ കയറുന്നത് എങ്ങനെ തടയാൻ കഴിയുമെന്ന് ചോദിച്ചു. പതിനായിരക്കണക്കിന് വിശ്വാസികളെ തെരുവിലിറക്കിയാണ് കേരളത്തിലെ സംഘ്പരിവാർ അതിന് മറുപടി നൽകിയത്. അവരിൽ വലിയൊരു സംഖ്യ സ്ത്രീകളായിരുന്നു. പിതൃമേധാവിത്വത്തിനുവേണ്ടി നിലകൊള്ളുന്ന കേരളീയ സ്ത്രീകൾ ശോഭ സുരേന്ദ്രനെയും പി.കെ. ശശികലയെയും പോലുള്ളവർ അവർക്ക് ആവേശവും കരുത്തും നൽകി. കേരളത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് അവർ കാട്ടിക്കൊടുത്തു. സ്ത്രീവിരുദ്ധതയുടെ തീവ്രതയും കരുത്തും ലോകമറിഞ്ഞത് അപ്പോഴാണ്.
2018 ഒക്ടോബർ 20ന് നാഗ്പൂരിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞത് സുപ്രീംകോടതി സമൂഹത്തിൽ ഭിന്നത വളർത്തിയെന്നും പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും പരിഗണിക്കാതെയും മതാചാര്യന്മാരുടെയും കോടിക്കണക്കിന് വിശ്വാസികളുടെയും കാഴ്ചപ്പാട് കണക്കിലെടുക്കാതെയുമാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത് എന്നാണ്. ഇതായിരുന്നു ആർ.എസ്.എസിന്റെ വിശ്വരൂപം. 2018 ഒക്ടോബർ 27ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ പറഞ്ഞത് നടപ്പാക്കാൻ കഴിയുന്ന വിധികളേ സുപ്രീംകോടതി പ്രഖ്യാപിക്കാവൂ എന്നും സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാറിനെ വലിച്ചു താഴെ ഇടുമെന്നുമാണ്.
ലജ്ജാകരമായൊരു കാര്യം ഈ ഹിന്ദുത്വ നിലപാടിലേക്കുള്ള കോൺഗ്രസിന്റെ എടുത്തുചാട്ടമാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് തിടുക്കം കാട്ടരുതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരള സർക്കാറിനോട് ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധിക്കെതിരെ കേരള സർക്കാർ പുനഃപരിശോധന ഹരജി നൽകണമെന്നും ഇല്ലെങ്കിൽ തങ്ങൾ അത് ചെയ്യുമെന്നും ഭീഷണി ഉയർത്തി. ശബരിമല സ്ത്രീ പ്രവേശനം വിലക്കുന്ന നിയമനിർമാണം നടത്താൻ നരേന്ദ്ര മോദി സർക്കാർ തയാറാകണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ആവശ്യപ്പെട്ടപ്പോൾ വിധിക്കെതിരായ സമരകേന്ദ്രങ്ങളിൽ രാജകൊട്ടാരങ്ങൾക്കും അരമനകൾക്കും മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയെ പോലുള്ള ഗാന്ധിയുടെ ഹരിജൻ കോൺഗ്രസ് നേതാക്കളെയും കണ്ടു.
മത നിർദേശങ്ങൾ തള്ളിക്കളയുന്നവരെയും ചളിവാരിയെറിയുന്നവരെയും വിവേകവും ഉത്തരവാദിത്തവും ഉള്ളവർ ചെറുത്തു തോൽപിക്കണമെന്ന് 2018 സെപ്റ്റംബർ 30ന് മുസ്ലിം-മത രാഷ്ട്രീയ നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞപ്പോൾ വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികൾതന്നെയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. സംഘ്പരിവാർ നിലപാടിന്റെ ആവർത്തനം. മനുസ്മൃതിയുടെയും ഖുർആന്റെയും ഒന്നിച്ചുചേരൽ. ഭരണഘടന തത്ത്വങ്ങളും മൂല്യങ്ങളുമല്ല, മതഗ്രന്ഥങ്ങളും പ്രമാണങ്ങളുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും വിശ്വാസം ഭരണഘടനക്ക് മുകളിലാണെന്നുമാണ് ഇവർ പറയുന്നത്. ഇതുതന്നെയാണ് സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന മതാധിഷ്ഠിത രാഷ്ട്രത്തിന്റെ അടിസ്ഥാന ആശയം. ഈ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എ. ശ്രീധരൻപിള്ള പറഞ്ഞത് നമ്മൾ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടക്കു പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു. കളം കാലിയാകുമ്പോൾ അവശേഷിക്കുന്നത് ഗവൺമെന്റും അവരുടെ പാർട്ടിയുമായിരിക്കും. പിണറായി സർക്കാറും സി.പി.എമ്മും എന്നർഥം.
ഈ പശ്ചാത്തലത്തിലാണ് 2018 നവംബർ 30ന് കോട്ടയത്ത് സ്ത്രീ ആത്മാഭിമാന കൺവെൻഷൻ നടത്താൻ ദലിത് റെസിഡന്റ്സ് കോൺഫറൻസ് എന്ന കൂട്ടായ്മ തീരുമാനിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ സ്ത്രീകളുടെ ആത്മാഭിമാനത്തിനും അന്തസ്സിനും നേരെയുള്ള കടന്നാക്രമണമായിട്ടാണ് ഞങ്ങൾ കണ്ടത്.
ഈ പ്രക്ഷോഭത്തിന്റെ പ്രത്യേകതയായി ഞങ്ങൾ നിരീക്ഷിച്ചത് വൻതോതിലുള്ള സ്ത്രീപങ്കാളിത്തമാണ്. ഈ കൺവെൻഷൻ മുന്നോട്ടുവെച്ച ആശയങ്ങളുടെ ചുരുക്കം ഇതായിരുന്നു: ജനാധിപത്യത്തിന്റെ പുറംചട്ടക്കുള്ളിൽ ഇന്നും കേരളീയ സമൂഹത്തെ അടക്കിവാഴുന്നത് ജാത്യാധിപത്യവും പിതൃമേധാവിത്വവുമാണ്. മതധാർമികതയല്ല, ഭരണഘടനാ ധാർമികതയാണ് രാജ്യത്തെ നയിക്കേണ്ടത്. പുരുഷനു തുല്യമായി സ്ത്രീയെ കാണുന്ന ഭരണഘടനയുടെ അടിസ്ഥാനത്തിൽ സ്ത്രീ-പുരുഷ ബന്ധം പുനരാവിഷ്കരിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നു. സുരക്ഷിതത്വം മാത്രമല്ല, സ്വാതന്ത്ര്യവും തുല്യതയും അന്തസ്സും സ്ത്രീകളുടെ ജന്മാവകാശമാണ്. അത് നിഷേധിക്കപ്പെടുന്നിടത്ത് സ്ത്രീകൾ അടിമകളാണ്.
ഈ സ്ഥിതിയിൽ മാറ്റമുണ്ടാകണമെങ്കിൽ രാഷ്ട്രനിർമാണത്തിന് നേതൃത്വം നൽകുന്നവർ രാഷ്ട്രീയ സാമൂഹികജീവിതം എന്നതുപോലെ വ്യക്തിജീവിതവും ഭരണഘടനാ ധാർമികതയുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയും പുനരാവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. സ്വാഭാവികമായൊരു നടപടിയല്ലിത്. ഭരിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ ഉണർവിന്റെയും മുന്നേറ്റത്തിന്റെയും മുഖത്തു മാത്രമേ ഇത് സാധ്യമാകൂ. ഈ കൺവെൻഷന്റെ മുദ്രാവാക്യം ഇതായിരുന്നു: സുപ്രീംകോടതി വിധി നടപ്പാക്കുക, ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കുക. ‘‘പകുതി ഭൂമിയും പകുതി ആകാശവും സ്ത്രീകൾക്ക്’’ എന്നൊരു സന്ദേശവും ഉയർത്തി. ട്രാൻസ്ജെൻഡറുകളെ ഒഴിവാക്കിക്കൊണ്ടായിരുന്നില്ല ഈ നിലപാട്. ഭരണഘടനാ ധാർമികത ചർച്ചചെയ്യുകയെന്നത് ഈ കൺവെൻഷന്റെ മൗലികമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു.
എൻ.കെ. വിജയൻ സ്വാഗതം പറഞ്ഞ ഈ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചത് ഞാനായിരുന്നു. കേരളത്തിലെ തലമുതിർന്ന ഫെമിനിസ്റ്റായ കെ. അജിതയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. ഡോ. പി. ഗീത, ഡോ. ആർ. ശർമിള, സണ്ണി എം. കപിക്കാട് എന്നിവർ മുഖ്യപ്രസംഗകരായിരുന്നു. ഉദ്ഘാടനത്തിനു പിന്നാലെ ഗീത ശബരിമല ആദിവാസികളുടേതാണെന്ന് പറഞ്ഞതോടെ കൺവെൻഷനിൽ മറ്റൊരു നിലപാടുകൂടി അവതരിപ്പിക്കപ്പെട്ടു. തുടർന്ന് സംസാരിച്ച സണ്ണി എം. കപിക്കാട് ഈ നിലപാടിന് പുതിയ മാനങ്ങൾ നൽകി. അധ്യക്ഷൻ എന്ന നിലയിൽ ഇക്കാര്യത്തിലുള്ള സംഘാടകരുടെ നിലപാട് വ്യക്തമാക്കി ആത്മവിശ്വാസത്തോടെയാണ് സമ്മേളനം അവസാനിച്ചത്. ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി സമ്മേളനത്തിൽനിന്ന് വ്യത്യസ്തമായൊരു അഭിപ്രായം ഉയർന്നുവന്നില്ല എന്നതും ശ്രദ്ധേയമായിരുന്നു. കെ.എം. സാബു കൃതജ്ഞത പറഞ്ഞു.
സ്ത്രീ ആത്മാഭിമാന കൺവെൻഷനിൽ പങ്കെടുത്തുകൊണ്ട് സണ്ണി എം. കപിക്കാടും പി. ഗീതയും പറഞ്ഞത് 2018 നവംബർ 11ന് എറണാകുളം ശിക്ഷക് സദനിൽ നടന്ന ആദിവാസി-ദലിത്-ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതൃയോഗം അംഗീകരിച്ച നിലപാടായിരുന്നു. എം. ഗീതാനന്ദൻ, സണ്ണി എം. കപിക്കാട്, പ്രഭാകരൻ കണ്ണാട്ട്, പി.ജി. ജനാർദനൻ എന്നിങ്ങനെ ദലിതരും ആദിവാസികളുമടങ്ങുന്നതായിരുന്നു ഈ യോഗം. ഹൈകോടതിയിൽ പ്രാക്ടിസ് ചെയ്യുന്ന യുവ അഭിഭാഷകരായ അഡ്വ. കെ. കെ. പ്രീത, അഡ്വ. ജസിൻ എന്നീ ദലിത് സ്ത്രീകളും ഈ സമിതിയിൽ അംഗങ്ങളായിരുന്നു. സമിതി പ്രസിദ്ധീകരിച്ചൊരു പ്രസ്താവനയുടെ പകുതിയും നിറഞ്ഞുനിന്നൊരു കാപ്ഷൻ ഇതായിരുന്നു: ആചാരലംഘകരായ തന്ത്രിമാരെ ഒഴിവാക്കി ശബരിമല ആദിവാസികൾക്ക് തിരിച്ചുനൽകുക!
സംസ്കാരങ്ങളുടെ സഹവർത്തിത്വവും ലിംഗസമത്വവും നിലനിൽക്കാൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക! ശബരിമലയിലെ ആദിവാസി അവകാശം സംരക്ഷിക്കാനും ബ്രാഹ്മണ്യ കുത്തക അവസാനിപ്പിക്കാനും നവോത്ഥാന സമരകേന്ദ്രത്തിൽനിന്നും വില്ലുവണ്ടി യാത്രകളും ആദിവാസി അവകാശസ്ഥാപന കൺവെൻഷനും 2018 ഡിസംബർ ആദ്യവാരം എരുമേലിയിൽ മറ്റൊരു പ്രസ്താവനയുടെ തലക്കെട്ട് ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിക്കുക, തന്ത്രിമാരെ ഒഴിവാക്കി ആദിവാസികളുടെ ആചാരങ്ങൾ പുനഃസ്ഥാപിക്കുക എന്നതായിരുന്നു. ആദിവാസികളുടെ ചരിത്രവും സംസ്കാരവും വിശ്വാസവുമായി ഉയർന്നുവന്നതാണ് ശബരിമല എന്നതായിരുന്നു ഇവരുടെ അടിസ്ഥാന നിലപാട്. സുപ്രീംകോടതി വിധി നടപ്പാക്കുകയോ ഭരണഘടനാ ധാർമികതയോ ഇവരുടെ അജണ്ടയായിരുന്നില്ല. സ്ത്രീകളുടെ വ്യക്തിസ്വത്വം അംഗീകരിക്കുവാൻ ഇവർ തയാറായിരുന്നില്ലെന്ന് സാരം.
ലിംഗസമത്വം ഉറപ്പാക്കുന്ന ചരിത്രപരമായൊരു വിധിയായിരുന്നു സുപ്രീംകോടതിയുടേത് എന്നിരിക്കെ അത് അംഗീകരിക്കാൻ ദലിത്-ആദിവാസി പ്രവർത്തനമണ്ഡലത്തിലെ മഹാഭൂരിപക്ഷത്തിനും കഴിയാതെ പോയത് അവർക്കിടയിൽ നിലനിൽക്കുന്ന പിതൃമേധാവിത്വത്തിന്റെ ശക്തമായ സ്വാധീനം മൂലമാണ്. പുരുഷന്മാർക്ക് മാത്രമല്ല, ദലിതർക്കിടയിൽ വളർന്നുവന്ന നിയമജ്ഞരായ സ്ത്രീകൾക്കുപോലും അത് കഴിയാതെ പോയി.
സമുദായ രാഷ്ട്രീയം ഉന്നയിച്ചുകൊണ്ട് ദലിതരെ ഐക്യപ്പെടുത്താനും ശാക്തീകരിക്കാനും രണ്ടായിരത്തിന്റെ തുടക്കത്തിൽ ദലിത് ഐക്യസമിതി ശ്രമിച്ചപ്പോൾ വിഭവ രാഷ്ട്രീയം ഉന്നയിച്ച് ആ നീക്കത്തെ തടയാൻ ശ്രമിച്ചതുപോലെ സ്ത്രീയുടെ വ്യക്തി സ്വത്വം ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിതൃമേധാവിത്വത്തിനെതിരെ ദലിതർക്കിടയിൽനിന്ന് ഉയർന്നുവന്ന പ്രത്യയശാസ്ത്ര സമരത്തെ സ്വത്തുടമസ്ഥതയുടെ പ്രശ്നമുന്നയിച്ച് തടയാണ് ഗീതാനന്ദനും സണ്ണി എം. കപിക്കാടും ശ്രമിച്ചത്. എന്നാൽ, തങ്ങളുടെ വാദഗതികൾക്ക് ഉപോദ്ബലകമായി ഒരു തെളിവും മുന്നോട്ടുവെക്കാൻ ഇവർക്കായില്ല. ഏതുകാലത്താണ് ജീവിക്കുന്നത് എന്നുപോലും ഇവർ മറന്നുപോയി.
മലഅരയ മഹാസഭ നേതാവ് പി.കെ. സജീവിനെപ്പോലെ ചിലർ തങ്ങൾക്കിടയിൽ പറഞ്ഞുകൊണ്ടിരുന്ന കെട്ടുകഥയുടെ വക്താക്കളും പ്രചാരകരുമായി മാറുകയായിരുന്നു ഗീതാനന്ദനെയും സണ്ണി എം. കപിക്കാടിനെയും പോലുള്ളവർ. തങ്ങളുടെ ക്ഷേത്രമായിരുന്നു ശബരിമല എന്നതിന് വിശ്വാസയോഗ്യമായ തെളിവുകൾ ആദിവാസികൾ പുറത്തുവിട്ടിട്ടുണ്ടെന്നും പതിനെട്ടുപടിയിൽ ഒന്നാമത്തെപ്പടി മറിച്ചിട്ടാൽ ക്ഷേത്രം ആദിവാസികളുടേതാണെന്ന് കാണാമെന്നുമുള്ള കള്ളക്കഥകൾ വരെ എഴുതിയവർ ദലിതർക്കിടയിലുണ്ട്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി സുപ്രീംകോടതിവരെ പോകുമെന്ന് എഴുതി. ഒന്നുമുണ്ടായില്ല.
പരിഹാസ്യമായൊരു കാര്യം ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തിൽ നടന്ന വില്ലുവണ്ടിയാത്ര 2018 നവംബർ 16ന് എരുമേലിയിൽ സമാപിച്ചപ്പോൾ തങ്ങൾ ആർക്കുവേണ്ടിയാണോ പ്രക്ഷോഭത്തിന് ഇറങ്ങിയത് അവർ –മലഅരയ മഹാസഭ –ഈ വില്ലുവണ്ടിയാത്ര ബഹിഷ്കരിക്കുന്നതാണ് കാണേണ്ടിവന്നത്.
(തുടരും)
