സാമ്പത്തിക സംവരണം

‘‘മൂന്നു പതിറ്റാണ്ടോളം സാമ്പത്തിക സംവരണത്തിനെതിരെ നടത്തിക്കൊണ്ടിരുന്ന പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടങ്ങളുടെ തുടർച്ചയിലാണ് ‘ജാതിസംവരണമില്ലാത്ത ഇന്ത്യ’ എഴുതിയത്’’ –ആത്മകഥയിൽ കഴിഞ്ഞ ദശകത്തിൽ നടത്തിയ സമരങ്ങളെക്കുറിച്ച് എഴുതുന്നു. സംവരണം ഭരണഘടനാപരമായൊരു വ്യവസ്ഥയും രാഷ്ട്രം ഏറ്റെടുത്തൊരു ബാധ്യതയുമാണ്. ജാതി വ്യവസ്ഥക്കുള്ളിലാണ് അത് നിലവിൽ വന്നത് എന്നതുകൊണ്ട് വ്യവസ്ഥയുടെ വക്താക്കൾ അതില്ലാതാക്കാനുള്ള നീക്കങ്ങൾ എന്നും തുടർന്നുകൊണ്ടിരുന്നു. ഈ നിലയിലുള്ള മൗലികവും ശക്തവുമായൊരു നീക്കമായിരുന്നു 2019 ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ സാമ്പത്തികമായി പിന്നാക്കം...
Your Subscription Supports Independent Journalism
View Plans‘‘മൂന്നു പതിറ്റാണ്ടോളം സാമ്പത്തിക സംവരണത്തിനെതിരെ നടത്തിക്കൊണ്ടിരുന്ന പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടങ്ങളുടെ തുടർച്ചയിലാണ് ‘ജാതിസംവരണമില്ലാത്ത ഇന്ത്യ’ എഴുതിയത്’’ –ആത്മകഥയിൽ കഴിഞ്ഞ ദശകത്തിൽ നടത്തിയ സമരങ്ങളെക്കുറിച്ച് എഴുതുന്നു.
സംവരണം ഭരണഘടനാപരമായൊരു വ്യവസ്ഥയും രാഷ്ട്രം ഏറ്റെടുത്തൊരു ബാധ്യതയുമാണ്. ജാതി വ്യവസ്ഥക്കുള്ളിലാണ് അത് നിലവിൽ വന്നത് എന്നതുകൊണ്ട് വ്യവസ്ഥയുടെ വക്താക്കൾ അതില്ലാതാക്കാനുള്ള നീക്കങ്ങൾ എന്നും തുടർന്നുകൊണ്ടിരുന്നു. ഈ നിലയിലുള്ള മൗലികവും ശക്തവുമായൊരു നീക്കമായിരുന്നു 2019 ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം വ്യവസ്ഥചെയ്തുകൊണ്ട് ആർ.എസ്.എസ്-ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി.
ദലിതനായ അംബേദ്കർ സംവരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനക്ക് രൂപം നൽകിയപ്പോൾ, പിന്നാക്കക്കാരനായ നരേന്ദ്രമോദി അത് റദ്ദുചെയ്യാൻ നേതൃത്വം നൽകുന്ന ദുരന്ത കാഴ്ച കണ്ടപ്പോഴാണ് 2021 ഫെബ്രുവരി എട്ടിന് ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ ‘ജാതി സംവരണമില്ലാത്ത ഇന്ത്യ’ എന്ന ലേഖനമെഴുതിയത്.
‘അയ്യൻകാളിയുടെ ബി.എക്കാർ മറക്കുന്നത്!’ എന്നതായിരുന്നു ആഴ്ചപ്പതിപ്പിന്റെ കവർപേജിലെ ഹെഡ് ലൈൻ. ജാതിസംവരണം ഇല്ലാതാക്കപ്പെട്ടാൽ ദലിതർക്കും ആദിവാസികൾക്കും ഉണ്ടാകുന്നത് കോളനികൾമാത്രമായിരിക്കുമെന്നാണ് ലേഖനത്തിലൂടെ ഉയർത്തിക്കാട്ടിയത്. മുഖ്യധാരയിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ എന്റെ നാലാമത്തെ ലേഖനമായിരുന്നു അത്.
സംവരണവുമായി ബന്ധപ്പെട്ടുള്ള, പ്രത്യേകിച്ച് ദലിത് എഴുത്തുകൾ അപൂർവമായിമാത്രം പ്രത്യക്ഷപ്പെട്ടൊരു കാലം. ’90കളുടെ ആരംഭം മുതൽ ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് പലപ്പോഴായി എഴുതിയ 15 ലേഖനങ്ങളുടെ സമാഹാരമായി ‘സംവരണം ദലിത് വീക്ഷണത്തിൽ’ എന്ന കൃതി 2018ൽ സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചിരുന്നു.
അതിലെ ആദ്യത്തെ ഏഴ് ലേഖനങ്ങൾ ‘സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും’ എന്ന ചെറുസമാഹാരമായി 2006ൽ പ്രസിദ്ധീകരിച്ചവയുമായിരുന്നു.
സാമ്പത്തിക സംവരണം അജണ്ടയായി പ്രഖ്യാപിക്കുന്ന ഹിന്ദുത്വവാദികൾ രാജ്യം ഭരിക്കുകയും കേരളവും രാജസ്ഥാനും ഗുജറാത്തുമടക്കം പല സംസ്ഥാനങ്ങളും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏതെങ്കിലും തലങ്ങളിൽ സംവരണം ഏർപ്പെടുത്തുകയും ജുഡീഷ്യറിതന്നെ സംവരണത്തിന്റെ പൊളിച്ചെഴുത്തിനെക്കുറിച്ച് (‘സംവരണത്തിന്റെ മാനദണ്ഡം ജാതി മാത്രമല്ല’ -2015 മാർച്ച് 14, ‘ഉന്നത വിദ്യാഭ്യാസ രംഗത്ത് സംവരണം വേണ്ട’ -2015 ഒക്ടോബർ 27 സുപ്രീംകോടതി വിധികൾ) ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നൊരു കാലത്ത് സംവരണത്തെക്കുറിച്ചുള്ള സവർണ ചുവരെഴുത്ത് ഓർമപ്പെടുത്തുകയാണ് ഈ കൃതി.
ഇതിലെ ലേഖനങ്ങളെല്ലാം അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിൻ, ദലിത് ഐക്യശബ്ദം ബുള്ളറ്റിൻ എന്നീ ചെറു പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ളവയും ചിലത് അധഃസ്ഥിത നവോത്ഥാന മുന്നണിയും ദലിത് ഐക്യസമിതിയും ലഘുലേഖകളായി പ്രസിദ്ധീകരിച്ചവയുമായിരുന്നു. ദലിത് പ്രവർത്തനമണ്ഡലത്തിൽ നടക്കുന്ന ബൗദ്ധിക ഇടപെടലുകളുടെ ഭാഗമായിരുന്നു ഈ എഴുത്തുകൾ. സംവരണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ രാജ്യത്ത് നടക്കുമ്പോൾ എന്തുചെയ്യുകയായിരുന്നു എന്നതിനുത്തരം. ജാതി-മത-സാമുദായിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നടക്കുന്ന ചലനങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്ന സാമൂഹികനീതിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ കടന്നാക്രമങ്ങളെ ചെറുക്കാനും ചെറുക്കുന്നവരോടൊപ്പം നിലയുറപ്പിക്കാനും ജാതിമേധാവിത്വത്തിനെതിരായ പോരാട്ടങ്ങളിലൂടെ രാഷ്ട്രത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയിൽ പങ്കാളിയാകാനും കഴിഞ്ഞു.
മൂന്നു പതിറ്റാണ്ടോളം സാമ്പത്തിക സംവരണത്തിനെതിരെ നടത്തിക്കൊണ്ടിരുന്ന പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടങ്ങളുടെ തുടർച്ചയിലാണ് ‘ജാതിസംവരണമില്ലാത്ത ഇന്ത്യ’ എഴുതിയത്. ‘സാമ്പത്തിക സംവരണത്തിനെതിരായ പോരാട്ടം ബ്രാഹ്മണിസത്തിനെതിരായ പോരാട്ടമാണ്; വർണജാതി വ്യവസ്ഥയുടെ പുനരാവിഷ്കാരത്തിനും ശാക്തീകരണത്തിനുമെതിരായ പോരാട്ടമാണ് എന്നതുപോലെ ആഴ്ചപ്പതിപ്പും ക്വാട്ട് ചെയ്തതും അല്ലാത്തതുമായ ചില നിരീക്ഷണങ്ങൾ ഈ ലേഖനത്തിലുണ്ട്. വർണജാതി വ്യവസ്ഥയുടെ അടിത്തറ ചലനാത്മകമായി മാറിയത് സംവരണത്തിലൂടെയാണ്.
സംവരണത്തിലൂടെയാണ് ദലിതരും ആദിവാസികളും വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്നത്. ഉദ്യോഗസ്ഥരായത്; ഭരണാധികാരികളായി മാറിയത്. എന്നാൽ, ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും സംവരണമില്ലാത്ത പൊതു-സ്വകാര്യ മേഖലകളിലൊന്നും ദലിതർക്കും ആദിവാസികൾക്കും ഇന്നും പ്രവേശനമില്ല.
നീക്കിവെച്ച തസ്തികകളുടെ പാതിപോലും നികത്താൻ ഭരണാധികാരികൾ ശുഷ്കാന്തി കാണിച്ചില്ല. സാമ്പത്തിക-രാഷ്ട്രീയ കാര്യങ്ങളിലെ ഭിന്നതയല്ലാതെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളിൽ ഇന്ത്യയിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിൽ മൗലികമായ ഭിന്നതയില്ല. സാമ്പത്തിക സംവരണം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടന ഭേദഗതിയുടെ അടുത്തഘട്ടമാണ് ജാതിസംവരണമില്ലാത്ത ഇന്ത്യ. ആർ.എസ്.എസ് അജണ്ടയാണത്. സുപ്രീംകോടതിവിധി എന്തുതന്നെയായാലും സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയാണെന്ന ആർ.എസ്.എസ് നിലപാടിന്റെ സ്വാധീനത്തിൽ ഇന്ത്യൻ രാഷ്ട്രീയം അമർന്നുകഴിഞ്ഞിരിക്കുന്നു. അത് രാഷ്ട്രത്തിന്റെ വികാരമായി മാറ്റപ്പെട്ടിരിക്കുന്നു. ഈ വികാരത്തെ എങ്ങനെ സംവരണമില്ലാത്ത ഇന്ത്യയായി മാറ്റണമെന്നതാണ് നരേന്ദ്ര മോദി സർക്കാർ നേരിടുന്ന വെല്ലുവിളി. ഏറ്റവും അനുകൂലമായ ഘടകം പാർലമെന്റിലെ 22.5 വരുന്ന പട്ടികജാതി-പട്ടികവർഗ എം. പിമാരുടെ ഏകകണ്ഠമായ പിന്തുണയാണ്. ഹിന്ദുത്വവാദികൾ മാത്രമല്ല, അംബേദ്കറിസ്റ്റുകളും ആ കൂട്ടത്തിലുണ്ട്.
സാമ്പത്തിക സംവരണം അംഗീകരിക്കപ്പെട്ടതോടെ സംവരണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന ആശയങ്ങളും ചിന്തകളും നൈതിക ബോധ്യങ്ങളും സാമൂഹിക രാഷ്ട്രീയ ഉൾക്കാഴ്ചകളും തകിടം മറിക്കപ്പെട്ടു. പിന്നാക്ക സംവരണത്തിന്റെ മാനദണ്ഡം ദാരിദ്യ്രമാണെന്നും ഭരണഘടന മുന്നോട്ടുവെക്കുന്ന സമത്വസങ്കൽപത്തിനും സെക്കുലറിസത്തിനുമെതിരാണ് ജാതിസംവരണം എന്ന ആർ.എസ്.എസ് നിലപാടും രാഷ്ട്രത്തിന് സ്വീകാര്യമായി. ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം വകുപ്പ് (4)ഉം (4എ)യും പതിനാറാം അനുച്ഛേദം വകുപ്പ് (4)ഉം (4എ)യും ഭരണഘടനക്കെതിരാണ് എന്ന നിലവന്നു.
ജാതി സംവരണത്തിനുവേണ്ടി നിലകൊള്ളുന്നത് ഭരണഘടനാവിരുദ്ധമാണെന്ന പൊതുബോധം ശക്തമായി. ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക അസമത്വം സംവരണത്തിലൂടെ പരിഹരിക്കാമെന്നും ദലിതരും ആദിവാസികളും ഹിന്ദുക്കളാണെന്നും ഹിന്ദുമതത്തിൽ ജാതിയില്ലെന്നും ജാതിസംവരണമാണ് ജാതിനിലനിർത്തുന്നതെന്നും സംവരണം സവർണരെ ദരിദ്രരാക്കി മാറ്റിയെന്നുമെല്ലാമുള്ള കള്ളക്കഥകൾ ആഴത്തിൽ പ്രചരിപ്പിക്കപ്പെട്ടു.
അധികാരത്തോടുള്ള ആർത്തിയും ധനമോഹവും അടിമകളാക്കി ദലിത്-ആദിവാസി രാഷ്ട്രീയ നേതൃത്വങ്ങൾ ആർ.എസ്.എസിനോടൊപ്പം ചേർന്നു. എന്നാൽ, അവരെമാത്രം ആശ്രയിച്ച് ആർ.എസ്.എസ്-സംഘ്പരിവാർ ശക്തികൾക്ക് ജാതിസംവരണം ഇല്ലാതാക്കാനാവില്ല. കാരണം, സാമ്പത്തിക സംവരണത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടുകൾ സ്വീകരിക്കുകയും പോരാടുകയും ചെയ്യുന്ന നിരവധി സാമൂഹിക പ്രസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അധികാര രാഷ്ട്രീയം പരാജയപ്പെടുന്നിടത്ത് സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രസക്തി വർധിക്കുകയാണ് ചെയ്യുന്നത്.
അംബേദ്കർ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യൻ ജനാധിപത്യം ജനാധിപത്യവിരുദ്ധമായ ഇന്ത്യയുടെ ഉപരിതലത്തിലെ ആവരണം മാത്രമാണെന്ന യാഥാർഥ്യം ഇന്നും ജനാധിപത്യവാദികൾ അംഗീകരിക്കുന്നില്ല. അതിനർഥം സംവരണത്തെക്കുറിച്ചുള്ള ഏതൊരു ചർച്ചയും രാഷ്ട്രീയ ജനാധിപത്യത്തിന്റെ അനിവാര്യത അംഗീകരിച്ചുകൊണ്ടുള്ളത് ആയിരിക്കണമെന്നതാണ്. സംഘ്പരിവാർ അധികാരത്തിലെത്തിയപ്പോൾ സംവരണത്തിന് നൽകിയ പത്തുവർഷത്തെ കാലാവധി 2025ൽ അവസാനിച്ചു. ജാതി സംവരണത്തിനെതിരെ പുതിയൊരു യുദ്ധമുഖം തുറക്കുമെന്നതിനുള്ള ഉറപ്പ്. എന്നാൽ, സാമ്പത്തിക സംവരണത്തിലൂടെ ആർ.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദു ഇന്ത്യ കോൺഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും പോലുള്ള സാമ്പത്തിക സംവരണവാദികൾക്ക് സ്വീകാര്യമല്ലാത്തതുകൊണ്ട് ജാതി സംവരണമില്ലാത്ത ഇന്ത്യയെന്ന ആർ.എസ്.എസ് സങ്കൽപം അവർക്ക് അംഗീകരിക്കാനാവില്ല.

അത്തരമൊരു നിലപാട് അവർ വെച്ചുപുലർത്തുന്നുമില്ല. അതേസമയം ആർ.എസ്.എസിന്റെ ആശയ അടിത്തറയെ എതിർക്കുന്നൊരു പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ഇതിനർഥമില്ല. സാമ്പത്തിക സംവരണത്തിനെതിരെ ദലിതർക്കും ആദിവാസികൾക്കുമിടയിൽ നടക്കുന്ന ഓരോ പ്രവർത്തനവും കേന്ദ്രീകരിക്കപ്പെടേണ്ടത് ജാതിസംവരണം ഇല്ലാതാക്കാനുള്ള ആർ.എസ്.എസ് സംഘ്പരിവാർ നീക്കത്തിനെതിരായ പോരാട്ടങ്ങളിലാണ്. ബ്രാഹ്മണിസത്തിനെതിരായ പ്രത്യയശാസ്ത്ര സമരമാണിത്. വർണജാതി വ്യവസ്ഥയുടെ പുനരാവിഷ്കാരത്തിനും ശാക്തീകരണത്തിനുമെതിരായ പോരാട്ടമാണിത്. ഹിന്ദൂയിസത്തിന്റെ മഹത്വം നിലനിൽക്കുന്നത് ദലിതരും ആദിവാസികളും അടിമകളായി ജീവിക്കാൻ സന്നദ്ധരാകുമ്പോൾ മാത്രമാണ്. അവർ അടിമകളായി ജീവിക്കാൻ വിസമ്മതിക്കുമ്പോൾ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ പാതയിൽ മുന്നേറുകയും ചെയ്യുമ്പോൾ ഹിന്ദുരാജ്യം അസംബന്ധമായി മാറും.
തങ്ങളുടെ ആശയാടിത്തറയിൽ നിന്നുകൊണ്ട് ബി.ജെ.പി രാജ്യത്തിന്റെ ഭരണാധികാരം പിടിച്ചെടുത്തതിനു പിന്നാലെ 2015 ആഗസ്റ്റിൽ ആർ.എസ്.എസ് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക സംവരണം നിർത്തലാക്കാൻ രാഷ്ട്രത്തോട് ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിൽ 2015 സെപ്റ്റംബർ 12ന് ‘ജാതി സംവരണം നിർത്തലാക്കാൻ ആർക്കാണ് അധികാരം’ എന്ന ലേഖനമെഴുതി. പരമ്പരാഗത കമ്യൂണിസ്റ്റ് നിലപാടിൽ പിണറായി വിജയൻ സർക്കാർ 2017 നവംബർ 16ന് ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ പിന്നാക്ക-പട്ടികജാതി-പട്ടികവർഗ സംവരണം പ്രഖ്യാപിച്ചതോടൊപ്പം മുന്നാക്ക വിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചപ്പോൾ 2017 നവംബർ 21ന് ‘പുണെ ഉടമ്പടിയോ സാമ്പത്തിക സംവരണമോ’ എന്ന ലേഖനം എഴുതി. എന്റെകൂടി പങ്കാളിത്തത്തോടെ എൻ.കെ. വിജയനും വി.ഡി. ജോസും ബിജു മാത്യുവുമെല്ലാം മുഖ്യസംഘാടകരായി സംവരണ സമിതി എന്ന ലേബലിൽ 2018 ജനുവരി 20ന് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ‘സാമ്പത്തിക സംവരണം പിൻവലിക്കണം’ എന്നാവശ്യപ്പെട്ടുകൊണ്ട് ദലിത് പ്രതിഷേധ സായാഹ്നം നടന്നു.
2018 ജനുവരി 26ന് രാവിലെ ദലിത് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കൗൺസിൽ തേഞ്ഞിപ്പലത്തുള്ള കാലിക്കറ്റ് സർവകലാശാല ഗാന്ധി സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിലും ഉച്ചക്കുശേഷം കോഴിക്കോട് ജില്ല കൗൺസിൽ ഇൻഡോർ സ്റ്റേഡിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിലും 2018 ജനുവരി 28ന് ആലപ്പുഴ ജില്ല കൗൺസിൽ ചേർത്തല വുഡ്ലാൻഡ് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിലും ‘സംവരണം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയം അവതരിപ്പിച്ചു. ഇതിനിടയിൽ 2018 ജനുവരിയിൽ ‘സംവരണം ദലിത് വീക്ഷണത്തിൽ’ എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും നേട്ടമായി. സംവരണത്തിന്റെ വർത്തമാനം അറിയാൻ ശ്രമിക്കുന്ന ചിലർക്കെങ്കിലും അത് കൈമാറാനായി. ഇക്കാര്യത്തിൽ സമാനമായ മറ്റൊരു ഡോക്യുമെന്റ് ഉണ്ടായിരുന്നുമില്ല.
നരേന്ദ്രമോദി ഭരണകാലത്ത് ഹിന്ദുത്വവാദിക്കുണ്ടായ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഭരണഘടനയിൽ സാമ്പത്തിക സംവരണം എഴുതിച്ചേർക്കാനായി എന്നതായിരുന്നു. അയിത്തജാതിക്കാരും ജാതിഹിന്ദുക്കളും തമ്മിലുണ്ടാക്കിയ പുണെ ഉടമ്പടി ഭാഗികമായി റദ്ദുചെയ്യപ്പെട്ടു എന്നതായിരുന്നു ഈ നിയമഭേദഗതിയുടെ ഉള്ളടക്കം. ബ്രാഹ്മണ്യ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമായിരുന്നു ഇത്. ഒരേസമയം തന്നെ തങ്ങളുടെ സവർണരാഷ്ട്രീയാടിത്തറ സംരക്ഷിക്കാനും സംവരണീയ സമുദായങ്ങളെ നിശ്ശബ്ദരാക്കാനും ഹിന്ദുത്വവാദികൾക്ക് കഴിഞ്ഞു.
ആയത് ലഭ്യമായ, വിപുലമായ സ്വീകാര്യതയുടെ അടിസ്ഥാനമാകട്ടെ ജാതി സംവരണം നിലനിർത്തിക്കൊണ്ടാണ് സാമ്പത്തിക സംവരണം വ്യവസ്ഥചെയ്തിരിക്കുന്നത് എന്നതാണ്. ഈ ഇരട്ടത്താപ്പ് ഹിന്ദുത്വ രാഷ്ട്രീയ കുടുക്കാണ്. ഈ കുടുക്കിനെയാണ് സംവരണീയർ ആശ്വാസമായി കാണുന്നത്. സാമ്പത്തിക സംവരണം നടപ്പാക്കിയാലെന്താ, ജാതി സംവരണമുണ്ടല്ലോ എന്നതാണ് ആശ്വാസം. ഈ ആശ്വാസം കേരളത്തിലെ സംവരണീയ സമുദായങ്ങളെ ഉദാസീനരും നിഷ്ക്രിയരുമാക്കുവാൻ പര്യാപ്തമാണ്. അവരെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കാൻ ഹിന്ദുത്വവാദികൾ ഒരുക്കുന്ന സുഗമമായ പാതയാണിത്. ഈ പാതയിലൂടെ സഞ്ചരിക്കുന്നവർ സ്വാഭാവികമായും എത്തിച്ചേരുന്നത് ഹൈന്ദവ സാമൂഹിക ക്രമത്തിലും ആ ജീവിതരീതികളിലും ആ മൂല്യവ്യവസ്ഥയിലുമാണ്. ഹിന്ദു ഇന്ത്യയിലാണ്. അവിടെ പുണെ ഉടമ്പടിയോ സംവരണമോ ഇല്ല. സംവരണ മേധാവിത്വം മാത്രമേയുള്ളൂ. ചോദ്യമിതാണ്. ജാതിസംവരണമില്ലെങ്കിൽ ഇന്ത്യയിലെ 30 കോടിയോളം വരുന്ന ദലിതർക്കും ആദിവാസികൾക്കും മറ്റെന്താണ് ഉള്ളത്?
ഈ ചോദ്യം ഉന്നയിച്ചുകൊണ്ട് ജാതിസംവരണമില്ലാത്ത ഇന്ത്യയുടെ നിർമാണത്തിനായി ആർ.എസ്.എസ് സംഘ്പരിവാർ ശക്തികൾ നടത്തുന്ന ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ എറണാകുളത്ത് ഒരു പ്രത്യക്ഷ ഇടപെടൽ സംഘടിപ്പിക്കാൻ ആലോചിച്ചു. ഒരു കൺവെൻഷനും വലിയൊരു പങ്കാളിത്തം പ്രതീക്ഷിച്ചിരുന്നില്ല. ഏറിയാൽ 250 പേർ. എന്നാൽ, ഈ ഇടപെടലിന്റെ പിന്നിൽ ’90കളിലെ സംവരണവിരുദ്ധ കലാപങ്ങളുടെ കാലം മുതൽ നാലുപതിറ്റാണ്ടിലേറെക്കാലമായി ജാതിസംവരണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ പോരാട്ടങ്ങളുടെ ചരിത്രവുമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ആലോചിക്കാനായി വിളിച്ചുചേർത്ത യോഗങ്ങളിൽ എനിക്കും എൻ.കെ. വിജയനും പുറമെ പങ്കെടുക്കുന്നവർ ഇവരായിരുന്നു: വി.പി. സാനു, കെ.കെ. രവി, വി.ടി. സദാനന്ദൻ, കെ.എം. സാബു, കുഞ്ഞൻവാവ, വി.കെ. പദ്മനാഭൻ, കെ.പി. രമേശ്, ജി. ബാബു, ജി.പി. ജോസഫ്, ഡോ. പി.എസ്. രഘുത്തമൻ, വി.പി. ഭാസി, വിപിൻ ജോർജ്, ജിതിൻ ലാൽ, ബിനു ഭാസ്കരൻ, അഡ്വ. എം. സിദ്ദീഖ്, ടി.പി. ശ്രീധരൻ.
ദുഃഖകരമായൊരു കാര്യം ഇതെഴുതുമ്പോൾ വി. കെ. പത്മനാഭൻ, കുഞ്ഞൻ വാവ, ഇ.പി. ജോസഫ്, വി.പി. സാനു എന്നിവർ നമ്മോടൊപ്പമില്ല എന്നതാണ്. ഈ ആലോചനകളിൽ പങ്കാളികളായിരുന്നവരുടെ നിശ്ചയപ്രകാരം ഞാൻ ചെയർമാനും എൻ.കെ. വിജയൻ കൺവീനറുമായ ദലിത് റെസിഡൻസ് കോൺഫറൻസ് എന്ന സാമൂഹിക കൂട്ടായ്മയുടെ ലേബലിൽ എറണാകുളം സൗത്ത് െറയിൽവേ സ്റ്റേഷനടുത്തുള്ള ശിക്ഷക് സദനിൽ 2019 ഏപ്രിൽ 13ന് സാമ്പത്തിക സംവരണത്തിനെതിരെ ദലിത് പ്രതിഷേധ കൺവെൻഷൻ നടത്താൻ തീരുമാനിച്ചു. ‘പുണെ ഉടമ്പടി റദ്ദു ചെയ്യാനുള്ള സംഘ്പരിവാർ നീക്കത്തെ പ്രതിരോധിക്കുക’ എന്നതായിരുന്നു കൺവെൻഷന്റെ സന്ദേശം.
സാമൂഹിക ചിന്തകർ, നിയമജ്ഞർ, മാധ്യമപ്രവർത്തകർ, സംഘടന നേതാക്കൾ, ആക്ടിവിസ്റ്റുകൾ എന്നിങ്ങളെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി നോക്കിക്കാണുകയും വിലയിരുത്തുകയും ഇടപെടുകയും ചെയ്യുന്നവരുടെ ഒരു പരിച്ഛേദത്തെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണിക്കപ്പെട്ടവരിലേറെയും പതിവുപോലെ അകന്നുനിന്നു. ദലിതാവസ്ഥയാണിത്. റിട്ട. ജസ്റ്റിസ് വി.കെ. ഷംസുദ്ദീൻ ആയിരുന്നു ഉദ്ഘാടകൻ. ‘ജാതിസംവരണം ഇല്ലാതാക്കാനുള്ള സംഘ്പരിവാർ നീക്കത്തെ എങ്ങനെ പ്രതിരോധിക്കാം’ എന്ന വിഷയം ചർച്ചചെയ്തു. നിലപാടിനായിരുന്നു പ്രാധാന്യം നൽകിയത്. ഉദാസീനതകളെയും നിഷ്ക്രിയത്വത്തെയും കുടഞ്ഞുകളയുകയും ബ്രാഹ്മണ്യത്താൽ മയക്കപ്പെടുന്നവരെ വിളിച്ചുണർത്തുകയും ചെയ്യുന്ന നിലപാട്.
സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യം
ഭരണഘടന ജാതിപീഡനം അനുഭവിക്കുന്നവർക്കെന്നതുപോലെ തന്നെ സ്ത്രീകൾക്കും നൽകിയ ഏറ്റവും വലിയ സംഭാവന വ്യക്തിസ്വത്വത്തിന്റെ അംഗീകാരമാണ്. പുരുഷസ്വത്വത്തെ അംഗീകരിക്കുകയും സ്ത്രീത്വത്തെ അംഗീകരിക്കാൻ കഴിയാതെ പോയതും കേരളത്തിലെ ദലിത് പ്രവർത്തന മണ്ഡലത്തിന്റെ പരിമിതിയായിരുന്നു. പ്രമുഖരായ ദലിത് ചിന്തകരുടെയും എഴുത്തുകാരുടെയും കൃതികളിൽ സ്ത്രീ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പുപോലും കണ്ടെത്താനാവാത്തത് ഈ പരിമിതി മൂലമാണ്. എന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതവും എഴുത്തുകളും അടയാളപ്പെടുത്തപ്പെട്ടതും ഈ പരിമിതികൾക്കുള്ളിലാണ്. മൂന്ന് സംഘടനകളിൽ ഞാൻ പ്രവർത്തിച്ചിട്ടുമുണ്ട്. അത് മൂന്നും പുരുഷാധിപത്യ സംഘടനകളായിരുന്നു.
’80കളുടെ രണ്ടാം പകുതിയിൽ ഞാൻ പ്രവേശിച്ചിരുന്ന അധഃസ്ഥിത നവോത്ഥാന മുന്നണി പാർട്ടിക്കുള്ളിൽ ജാതി പ്രശ്നവും സ്ത്രീപ്രശ്നവും ചർച്ചചെയ്യപ്പെട്ടുവെങ്കിലും വർഗഘടനക്കുള്ളിലാണ് ഈ ചർച്ചകൾ നടന്നത്. ആ പാർട്ടിക്ക് നിലനിൽക്കാനുമായില്ല. 1989ൽ സി.അർ.സി, സി.പി.ഐ (എം.എൽ) സംഘടനകൾ മനുസ്മൃതി ചുട്ടെരിക്കുമ്പോഴും 1992ൽ പുത്രകാമേഷ്ടിയാഗം മുടക്കുമ്പോഴും സ്ത്രീ വിമോചനത്തിന്റെ സൈദ്ധാന്തിക സ്പർശമുണ്ടായിരുന്നു. ദലിത് ഐക്യസമിതി സ്ത്രീപ്രശ്നവുമായി ബന്ധപ്പെട്ട് ഒറ്റ ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെങ്കിലും ജനാധിപത്യ തത്ത്വങ്ങളിലുള്ള വിശ്വാസവും അവയുടെ അടിസ്ഥാനത്തിലുള്ള ജീവിതരീതിയും നീതിബോധവും മനഃസാക്ഷിയും തട്ടിയുണർത്തപ്പെടുന്നതിലേക്ക് നയിക്കപ്പെട്ടുവെന്ന് വിലയിരുത്താനാവില്ലായിരുന്നു. സൂര്യനെല്ലി പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട 2005 ജനുവരി 20ലെ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ 2005 ഒക്ടോബർ ഒന്നിന് ‘മനുവാദികളുടെ ന്യായവിധി’ എന്ന ലേഖനം എഴുതുന്നതുവരെ എന്റെ എഴുത്തുകളിലും സ്ത്രീകളുടെ സാന്നിധ്യം കണ്ടെത്താനാവില്ല. ജാതിഘടന എന്നതുപോലെ കുടുംബഘടനയും തകർക്കപ്പെടേണ്ടതാണെന്ന നിലപാട് ഉള്ളപ്പോൾ തന്നെയും അത് മുന്നോട്ടുവെക്കാൻ വൈകി.
തെളിവുകളുടെ അഭാവം ന്യായീകരണമാകുമ്പോൾതന്നെ സൂര്യനെല്ലിക്കേസിലെ ഹൈകോടതി വിധി പെൺവാണിഭക്കാരുടെയും ബലാത്സംഗക്കാരുടെയും സുരക്ഷിതത്വത്തിലേക്കാണ് വിരൽചൂണ്ടിയത്, സ്ത്രീകളുടെ അടിമത്തത്തിലേക്ക്.
ഭരണഘടന തത്ത്വങ്ങളോ മൂല്യങ്ങളോ അല്ല, ആൺക്കോയ്മ വ്യവസ്ഥയുടെ സാമാന്യബോധമാണ് വിധിയെ നിർണയിച്ചത്. ഈ സാമൂഹിക ബോധമാണ് ‘പെൺകുട്ടിയെ കാണാനില്ല’ എന്ന രക്ഷിതാക്കളുടെ പരാതിയെ ‘പെൺകുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതായി പരാതി കൊടുക്കയുണ്ടായില്ല’ എന്ന യുക്തിയിലേക്കും ‘ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് എതിർപ്പോ ചെറുത്തുനിൽപ്പോ ഉണ്ടായിട്ടുണ്ടോ’ എന്ന അന്വേഷണത്തിലേക്കും നാൽപതു ദിവസം 4000 കിലോമീറ്റർ സഞ്ചരിക്കുകയും കേരളത്തിലും പുറത്തുമായി പല ഹോട്ടലുകളിലും ലോഡ്ജുകളിലും മാറി മാറി താമസിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടില്ല എന്ന ചോദ്യത്തിലേക്കും കോടതിയെ നയിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക വേഴ്ച നടത്തിയിട്ടുള്ളത് എന്ന നിഗമനത്തിൽ കോടതി എത്തിച്ചേർന്നത്. തന്നിഷ്ടം പോലെ വീട് വിടുകയും സ്വതന്ത്രമായി സഞ്ചരിക്കുകയും അക്രമികളായ പുരുഷന്മാരുടെ കൈകളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നിടത്താണ് കോടതി പെൺകുട്ടിയുടെ സമ്മതം കാണുന്നത്. തന്നിഷ്ടവും സ്വതന്ത്രസഞ്ചാരവും വരുത്തിയ വിനകൾക്ക് മറ്റാരും ഉത്തരവാദികളല്ല എന്ന ബോധ്യത്തിലാണ് ഹൈകോടതി കീഴ് കോടതി ശിക്ഷിച്ച ഒരു പ്രതി ഒഴികെ 35 പ്രതികളെയും കുറ്റമുക്തരാക്കി വിധി പ്രഖ്യാപിച്ചത്. പിതൃമേധാവിത്വ കേരളത്തിന്റെ അഭിലാഷമായിരുന്നു ഈ വിധി. ഈ വിധിയിലൂടെ ഉന്നത നീതിപീഠം സ്ത്രീകൾക്ക് നൽകിയ സന്ദേശം ‘സ്വതന്ത്രമായി സഞ്ചരിക്കരുത്’ എന്നതായിരുന്നു. ‘നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി’.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘നെഗ്രിറ്റ്യൂഡ്’ എന്ന പംക്തിയിൽ 2009 നവംബർ ഏഴിന് പ്രസദ്ധീകരിച്ച ‘പ്രണയതീവ്രവാദ’മായിരുന്നു ഞാനെഴുതിയ രണ്ടാമത്തെ ലേഖനം. മനുഷ്യാർജിതമായ ഏറ്റവും ഉദാത്തവും ഊഷ്മളവുമായ ഭാവമായിട്ടാണ് പ്രണയത്തെ ഞാൻ കണ്ടത്; കാണുന്നത്. സംഗീതംപോലെ പ്രണയത്തെ ആസ്വദിക്കാൻ കഴിഞ്ഞൊരു ഭൂതകാലം എന്റെ വ്യക്തിജീവിതത്തിലുണ്ടായിരുന്നു. നാഗരികരും അവർ പ്രാകൃതരായി കണ്ട മനുഷ്യരും നിർമിച്ച കുടുംബത്തിനും ഗോത്രത്തിനും ജാതിക്കും മതത്തിനും ദേശത്തിനും രാജ്യാതിർത്തികൾക്കുമപ്പുറത്താണ് ഞാൻ പ്രണയത്തെ നോക്കിക്കണ്ടത്.
21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ കേരളത്തിൽ പ്രത്യക്ഷപ്പെട്ടൊരു ചുവരെഴുത്തായിരുന്നു ‘പെൺകുട്ടികൾ സൂക്ഷിക്കുക’ എന്നത്. ‘ലവ് ജിഹാദ്’ എന്ന പേരിൽ പ്രണയ തീവ്രവാദികളെ മുൻനിർത്തിയായിരുന്നു ചുവരെഴുത്ത്. 2009 ഒക്ടോബർ ഒന്നാം വാരത്തിൽ ബിഹാറിലെ രാജ്ഗറിൽ ആർ.എസ്.എസ് യോഗത്തിലെ മുഖ്യ അജണ്ട ലവ് ജിഹാദായിരുന്നു. ബി.ജെ.പിയും വി.എച്ച്.പിയും എ.ബി.വി.പിയും മറ്റ് സംഘ്പരിവാർ സംഘടനകളും അത് രാജ്യം നേരിടുന്നൊരു വിപത്തായി ഏറ്റെടുത്തു. എതിർപക്ഷത്ത് മുസ്ലിംകളെ പ്രതിഷ്ഠിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ പറുദീസകളിലൊന്നായ കേരളത്തിൽനിന്ന് വിക്ഷേപിക്കപ്പെട്ട ലവ് ജിഹാദ് സംഘ്പരിവാർ താവളമാക്കിയ കർണാടകത്തിലൂടെ രാഷ്ട്രശരീരത്തിലേക്ക് വ്യാപരിച്ചു. വിചിത്രമായൊരു കാര്യം പിതൃമേധാവിത്വത്തെ ഊട്ടിയുറപ്പിക്കുന്ന ഹിന്ദുക്കൾക്കു മാത്രമല്ല, മുസ്ലിംകൾക്കും ൈക്രസ്തവർക്കും മറ്റു മതസ്ഥർക്കും പ്രണയത്തെ സാർവ ലൗകികമായൊരു നിലയിൽ അംഗീകരിക്കാനാവില്ല എന്നതാണ്. തീവ്രവാദമായി മാത്രമേ നോക്കിക്കാണാൻ കഴിയുമായിരുന്നുള്ളൂ. കാരണം അത് സ്ത്രീകളുടെ വ്യക്തിസ്വത്വത്തിന്റെ പ്രകാശവും സ്വാതന്ത്ര്യവുമാണ്.
മറ്റൊരു ലേഖനം ‘സ്ത്രീസങ്കൽപമാണ് മാറേണ്ടത്’ എന്നതാണ്. തലസ്ഥാനനഗരിയിൽ 2012 ഡിസംബർ 16ന് രാത്രി ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ തനിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ ചെറുത്തുനിന്നൊരു യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ശരീരത്തിലാകെ ബ്ലേഡ്കൊണ്ട് വരഞ്ഞ് ജനനേന്ദ്രിയത്തിൽ ഇരുമ്പുകമ്പി കയറ്റി കുടൽമാലയാകെ തകർത്ത് തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്ത ഇന്ത്യ പൗരുഷത്തിന്റെ സംഹാരതാണ്ഡവത്തിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് 2013 ജനുവരി 23ന് ഈ ലേഖനമെഴുതിയത്. ഇന്ത്യൻ റിപ്പബ്ലിക്കിൽ എങ്ങനെയാണ് സ്ത്രീകൾ നോക്കിക്കാണപ്പെടുന്നതെന്ന് പരിശോധിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത് ‘നാം ലജ്ജിച്ചു തലതാഴ്ത്തിയെന്നും അമ്മയെയും സഹോദരിയെയും മക്കളെയും മാനിക്കാത്തൊരു രാജ്യത്തിന് സംസ്കാരസമ്പന്നമായൊരു രാജ്യമെന്ന് പറയാനാവില്ല’ എന്നുമാണ്. രാജ്യം തലതാഴ്ത്തേണ്ടിവന്നത് ലോകത്തിന്റെ മുന്നിലാണ്. ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ബാൻ കി മൂൺ ലൈംഗികാതിക്രമം തടയാനുള്ള നിയമം കർശനമാക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. രാജ്യത്തുയർന്നുവന്ന പൊതുആവശ്യവും ഇതുതന്നെയായിരുന്നു. നിയമം കർശനമാക്കുക.
ദിവസങ്ങൾക്കകം രോഷാകുലരായ ജനസഞ്ചയങ്ങൾ ഡൽഹിനഗരം നിശ്ചലമാക്കി. ഡിസംബർ 19ന് ജെ.എൻ.യു വിദ്യാർഥികളാണ് സമരങ്ങൾക്ക് തുടക്കം കുറിച്ചത്. ‘നീതിയും സുരക്ഷയും തരൂ’ എന്ന് അവർ രാഷ്ട്രത്തോട് ആവശ്യപ്പെട്ടു. ഡിസംബർ 24ന് ‘ഡൽഹിയിൽ തെരുവുയുദ്ധം’ എന്ന തലക്കെട്ട് പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. രാജ്യം മുഖവില കൊടുത്തില്ല. പതിവ് മൗനം വെടിഞ്ഞ് പ്രധാനമന്ത്രി മൻമോഹൻസിങ് ‘ജനരോഷം ന്യായമാണെന്നും സ്ത്രീകൾക്ക് നീതിയും സുരക്ഷയും ഉറപ്പാക്കണമെന്നും’ രാജ്യത്തോട് പറഞ്ഞു. പ്രക്ഷുബ്ധരായ, ഡൽഹിയിലെ യുവത്വം ‘ബലാത്സംഗക്കാരുടെ തലസ്ഥാന’മെന്ന് ഡൽഹിയെ പരിഹസിച്ചു.
പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡൽഹി ഭരണവും പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാജ്യഭരണവും കോൺഗ്രസിന് നഷ്ടമായി. ഈ രാഷ്ട്രീയമാറ്റത്തിൽ ഡൽഹി പ്രക്ഷോഭത്തിന് വലിയ പങ്കുണ്ടായിരുന്നു. ലൈംഗികാക്രമണത്തിനെതിരായ പോരാട്ടത്തിന് രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഗതി നിശ്ചയിക്കാൻ കഴിയുമെന്ന സൂചന ഈ അധികാര മാറ്റങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിനെ പുറത്താക്കി, രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത ബി.ജെ.പിയോ ഡൽഹിയിൽ അധികാരം പിടിച്ചെടുത്ത എ.എ.പിയോ ലിംഗവിവേചനം വിലക്കുകയും സ്ത്രീകൾക്ക് തുല്യനീതി ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടന തത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നില്ല, ഭരണവിരുദ്ധവികാരം ആളിക്കത്തിച്ചുകൊണ്ടാണ് അധികാരത്തിലെത്തിയത്.
പിതൃമേധാവിത്വ ഘടനക്കുള്ളിൽ ഇന്ത്യ എങ്ങനെയാണ് സ്ത്രീകളെ നോക്കിക്കാണുന്നത് എന്നതിന്റെ വിവിധ ചിന്താധാരകളിൽനിന്നുള്ള ചിലരുടെ വാക്കുകൾ ശ്രദ്ധിക്കുക. രാഷ്ട്രപതിയുടെ മകനും ബംഗാളിൽനിന്നുള്ള കോൺഗ്രസ് എം.പിയുമായ അഭിഷേക് മുഖർജി ഡൽഹിയിൽ നടന്ന യുവജന പ്രക്ഷോഭത്തെ വിശേഷിപ്പിച്ചത് നോട്ടങ്കി (Drama) എന്നാണ്. പ്രക്ഷോഭത്തിൽ പങ്കാളികളായ സ്ത്രീകളെ പച്ച പരിഷ്കാരികളെന്നും നിശാക്ലബുകളിൽ പോകുന്നവരെന്നും ആക്ഷേപിച്ചു. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത് ‘സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടക്കുന്നത് ഇന്ത്യൻ നഗരങ്ങളിലാണെന്നും ഭാരതത്തിൽ അഥവാ ഇന്ത്യൻ ഗ്രാമങ്ങളിൽ അത് കാണാനില്ലെ’ന്നുമാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത് ‘ആണും പെണ്ണും കൈപിടിച്ചാൽ മാതാപിതാക്കൾ വിലക്കുകയും ശാസിക്കുകയും ചെയ്യുമായിരുന്നുവെന്നും എന്നാലിന്നെല്ലാം കമ്പോളംപോലെയാണെ’ന്നുമാണ്.
ഭരണാധികാരികളാകുന്ന ഇന്ത്യൻ സ്ത്രീകൾ മനുസ്മൃതിയുടെ സംരക്ഷകരാകുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു മമതയുടെ വാക്കുകൾ. മധ്യപ്രദേശിലെ വ്യവസായ വകുപ്പുമന്ത്രി കൈലാഷ് വിജയ് വർജിയ പറഞ്ഞത് സീതാജിയെ ലക്ഷ്മണരേഖ മുറിച്ചുകടന്നപ്പോൾ മാത്രമാണ് രാവണൻ അപഹരിച്ചതെന്നും അതിരുകൾ ലംഘിക്കുമ്പോഴാണ് വിനാശങ്ങൾ ഉണ്ടാകുന്നതെന്നുമാണ്. ഛത്തിസ്ഗഢ് സംസ്ഥാന വനിത കമീഷൻ അധ്യക്ഷ വിഭാറാവു പറഞ്ഞത്. ‘സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ അവർക്കുകൂടി പങ്കാളിത്തമുണ്ടെന്നും സ്ത്രീകൾ സ്വന്തം ശരീരം പ്രദർശിപ്പിക്കുന്നതടക്കം തങ്ങളെ പീഡിപ്പിക്കാനുള്ള സന്ദേശങ്ങൾ നൽകുന്നുവെന്നു’മാണ്. രാജസ്ഥാനിലെ ബി.െജ.പി എം.എൽ.എയായ ബൻവാരിലാൽ പെൺകുട്ടികളുടെ അരപ്പാവാട നിരോധിക്കണമെന്നാവശ്യപ്പെട്ടപ്പോൾ പോണ്ടിച്ചേരിയിലെ വിദ്യാഭ്യാസ വകുപ്പു മന്ത്രി പെൺകുട്ടികളെയും ആൺകുട്ടികളെയും ഒരേ സ്കൂൾ ബസിൽ കൊണ്ടുപോകുന്നത് വിലക്കി.
രാജസ്ഥാനിലെ ആൾദൈവമായ ആശാ റാം ബാപ്പു ‘അക്രമം ഉണ്ടായാൽ തന്നെ ദൈവനാമം ജപിച്ച് സഹോദരന്മാരെയെന്ന് വിളിച്ചു അക്രമികളുടെ കാൽക്കൽ വീണ് കാരുണ്യത്തിനുവേണ്ടി കേഴണമായിരുന്നു’വെന്ന് പറഞ്ഞപ്പോൾ ഉദയപൂർ, സലുബർ മുനിസിപ്പിലാറ്റികളിലെ അൻജുമാൻ മുസ് ലിം പഞ്ചായത്തിൽ മൊബൈൽ ഫോൺ നിരോധിച്ചതിനോടൊപ്പം പെൺകുട്ടികൾ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും നിരോധിച്ചു. ജനാധിപത്യം അവർക്ക് അലങ്കാരം മാത്രമാണ്. അവർ എങ്ങനെയാണ് സ്ത്രീകളെ നോക്കിക്കാണുന്നത് എന്നതിന്റെ സാക്ഷ്യങ്ങളാണിവ. ഈ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിന്റെ സൃഷ്ടിയാണ് ഇന്ത്യയിലെ ഹിന്ദുത്വഭരണം.
(തുടരും)
