സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകവും സമരവും

ദലിത് വിഷയങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് കെ. വേണുവിന്റെ അവകാശവാദങ്ങളെ വിമർശിക്കുന്നു. അതുപോലെ സി.ടി. സുകുമാരൻ െഎ.എ.എസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടന്ന സമരത്തെക്കുറിച്ച് കെ.കെ. കൊച്ച് നടത്തിയ അവകാശവാദങ്ങളെയും എതിർക്കുന്നു. ‘മറ്റൊരു നക്സൽ ഗ്രൂപ്പും ജാതിയും ഫെമിനിസവും ഇപ്പോഴും തൊട്ടിട്ടില്ല’ എന്ന കെ. വേണു (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2005 മാർച്ച് 9) ഒരു അഭിമുഖത്തിൽ അധഃസ്ഥിത നവോത്ഥാന മുന്നണിയെയും മനുസ്മൃതി...
Your Subscription Supports Independent Journalism
View Plansദലിത് വിഷയങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തെക്കുറിച്ച് കെ. വേണുവിന്റെ അവകാശവാദങ്ങളെ വിമർശിക്കുന്നു. അതുപോലെ സി.ടി. സുകുമാരൻ െഎ.എ.എസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടന്ന സമരത്തെക്കുറിച്ച് കെ.കെ. കൊച്ച് നടത്തിയ അവകാശവാദങ്ങളെയും എതിർക്കുന്നു.
‘മറ്റൊരു നക്സൽ ഗ്രൂപ്പും ജാതിയും ഫെമിനിസവും ഇപ്പോഴും തൊട്ടിട്ടില്ല’ എന്ന കെ. വേണു (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2005 മാർച്ച് 9) ഒരു അഭിമുഖത്തിൽ അധഃസ്ഥിത നവോത്ഥാന മുന്നണിയെയും മനുസ്മൃതി ചുട്ടെരിക്കലിനെയും വീണ്ടും ചർച്ചാവിഷയമാക്കുന്നുണ്ട്. നുണകളുടെ പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയാണ് അദ്ദേഹം. വേണുവിന്റെ വാക്കുകൾ നോക്കുക: ‘‘അംബേദ്കറെക്കുറിച്ച് പഠിക്കാൻ പാർട്ടി മൂന്ന് സഖാക്കളെ നിയമിക്കുകയുണ്ടായി.
അവരുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാതി വിഷയത്തിൽ പാർട്ടി ഇടപെടുന്നത്. ഈ പശ്ചാത്തലത്തിലാണ് പാർട്ടി മുൻകൈയെടുത്ത് എ.എൻ.എം രൂപവത്കരിക്കുന്നത്. കെ.എം. സലിംകുമാർ ഇപ്പോൾ അത് നിഷേധിക്കുന്നുണ്ട്. തങ്ങൾ സ്വന്തമായി ഉണ്ടാക്കിയ പ്രസ്ഥാനമാണ് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ സലിംകുമാർ ഈ സമയത്ത് പാർട്ടിയുടെ മെംബറാണ്. സംസ്ഥാന കമ്മിറ്റിയംഗമാണ്. അങ്ങനെ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതിന്റെ ഭാഗമായാണ് അധഃസ്ഥിത നവോത്ഥാന മുന്നണി രൂപപ്പെടുന്നത്. അതുപോലെ തന്നെയാണ് സ്ത്രീവിഷയം ഏറ്റെടുക്കുന്നതും 1989ൽ വൈക്കത്ത് മനുസ്മൃതി കത്തിക്കുന്നതും.’’
പാർട്ടി എങ്ങനെയാണ് ജാതിവിഷയത്തിൽ ഇടപെടുന്നത് എന്നത് ഒരിക്കലും അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ പ്രശ്നമായിരുന്നില്ല. പാർട്ടി കാര്യമായിരുന്നു. മനുസ്മൃതി ചുട്ടെരിക്കുമ്പോൾ ഞാൻ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായിരുന്നുവെന്ന് വേണു പറയുന്നതിൽ സന്തോഷമുണ്ട്. 2021ൽ മാതൃഭൂമിയിൽ എഴുതിയ ‘ഡോ. അംബേദ്കറും ഇന്ത്യൻ കമ്യൂണിസ്റ്റുകളും’ എന്ന ലേഖനത്തിൽ മനുസ്മൃതി ചർച്ചാവിഷയമാകുമ്പോൾ എന്റെ പേരുപോലും ഉച്ചരിക്കുന്നതിൽനിന്ന് വേണു മാറിനിൽക്കുകയാണ് ചെയ്തത്.
അതുപോലെ തന്നെ കെ. വേണുവും കെ.എൻ. രാമചന്ദ്രനുമെല്ലാം ജയിലിലായിരിക്കെ അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ട് പുറത്തുവന്ന ഞാൻ എഡിറ്ററായി 1977-78 കാലത്ത് എറണാകുളത്ത് ‘രക്തപതാക’ എന്നൊരു പ്രസിദ്ധീകരണം നടത്തിയിരുന്നു. ജയിലിനകത്തുനിന്ന് പാർട്ടി സഖാക്കൾ എത്തിച്ചുതരുന്ന ലേഖനങ്ങളായിരുന്നു ‘രക്തപതാക’യുടെ മുഖ്യ ഉള്ളടക്കം. നേതൃത്വമാകെ ജയിലിലായിരിക്കെ പാർട്ടി വിശ്വാസികൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് ‘രക്തപതാക’ ആവേശമായിരുന്നുവെന്നാണ് ഇന്നും ഞാൻ കരുതുന്നത്. എന്നാൽ, ഇപ്പോൾ കെ. വേണുവും കെ.എൻ. രാമചന്ദ്രനും പുറത്തിറക്കിയിരിക്കുന്ന ബൃഹത്തായ ആത്മകഥകളിൽ ഇക്കാര്യം സൂചിപ്പിക്കുവാൻ അവർക്ക് ഒരു വരിപോലും മാറ്റിവെക്കുവാൻ കഴിയാതെ പോയി എന്നത് മറ്റൊരു ചരിത്ര യാഥാർഥ്യം.
ഈ ചരിത്ര സമീപനത്തിൽനിന്നാണ് കെ. വേണു അധഃസ്ഥിത നവോത്ഥാന മുന്നണിയും ഞാനുമായി ബന്ധപ്പെട്ട് പച്ചക്കള്ളങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. അധഃസ്ഥിത നവോത്ഥാന മുന്നണി പാർട്ടി മുൻകൈയെടുത്താണ് രൂപവത്കരിച്ചതെന്നും സലിംകുമാർ ഇപ്പോൾ അത് നിഷേധിക്കുന്നുണ്ടെന്നും തങ്ങൾ സ്വന്തമായി ഉണ്ടാക്കിയ പ്രസ്ഥാനമാണ് മുന്നണി എന്നൊക്കെ പറയുന്നുണ്ട് എന്നത് അത്തരമൊരു പച്ചക്കള്ളമാണ്. കേരളത്തിലെ ദലിതർ ഇന്ന് ജീവിക്കുന്നതും പ്രവർത്തിക്കുന്നതും രേഖകളില്ലാത്ത കാലത്തല്ല. അധഃസ്ഥിത നവോത്ഥാന മുന്നണി നടത്തിയ മൗലികമായ പ്രവർത്തനങ്ങൾക്കെല്ലാം രേഖകളുണ്ട്. ഞാൻതന്നെയാണ് അത് എഴുതിയിട്ടുള്ളത്. മനുസ്മൃതി ചുട്ടെരിച്ചതുമായി ബന്ധപ്പെട്ടും ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്.
എന്നാൽ വേണു പറയുന്നതുപോലുള്ള പരാമർശങ്ങൾ ഈ എഴുത്തുകളിൽ ഒരിടത്തും ആർക്കും കണ്ടെത്താനാവില്ല. വേണുവിനെ മാത്രമല്ല അദ്ദേഹത്തിന്റെ സ്തുതിപാഠകരായ ചിന്തകരെയും എഴുത്തുകാരെയുമെല്ലാം ഇക്കാര്യത്തിൽ ഞാൻ വെല്ലുവിളിക്കുകയാണ്. തെളിവുകളില്ലാതെ ന്യായാസനങ്ങൾക്ക് മുന്നിലെത്തി അപഹാസ്യരാകുക, കപട ജനാധിപത്യവാദികളുടെ മട്ടിലായിപ്പോയി കെ. വേണു. അതുപോലെതന്നെ ഇക്കാര്യം പറയുമ്പോൾ വേണുവിന്റെ ഭാഷാശൈലിയിലുണ്ടാകുന്ന മാറ്റവും ശ്രദ്ധേയമാണ്.
പാർട്ടി ചുമതലപ്പെടുത്തിയതിന്റെ ഭാഗമായി അധഃസ്ഥിത നവോത്ഥാന മുന്നണി രൂപവത്കരിക്കപ്പെടുകയാണ് ചെയ്തതെന്ന് പറയുന്ന കെ. വേണു സ്വന്തമായി ഉണ്ടാക്കിയ പ്രസ്ഥാനമാണ് അധഃസ്ഥിത നവോത്ഥാന മുന്നണി എന്നൊക്കെ പറയുന്ന സലിംകുമാറിനെയാണ് കാണുന്നത്. പക്ഷികൾ കൂടുണ്ടാക്കുകയും മനുഷ്യർ വീട് നിർമിക്കുകയും ചെയ്യുന്നു. സ്വന്തം ഭൂതകാലത്തെ നിരാകരിക്കുവാൻ മടികാണിക്കുന്നവർക്കേ ഇങ്ങനെ എഴുതാനാകൂ. എന്റെ എഴുത്തുകളിൽ ശത്രുക്കൾക്കെതിരെപോലും ഇത്തരമൊരു ഭാഷാശൈലി പ്രയോഗിക്കുകയുണ്ടാവില്ല എന്ന് അഭിമാനത്തോടെ പറയട്ടെ.
അധഃസ്ഥിത നവോത്ഥാന മുന്നണിയെ എങ്ങനെയാണ് കെ. വേണു ഇപ്പോഴും നോക്കിക്കാണുന്നത് എന്നതിന്റെ ഉത്തരം ഐഡന്റിറ്റി രാഷ്ട്രീയം പറയുന്ന പ്രസ്ഥാനങ്ങളോടുള്ള സമീപനമെന്താണെന്നുള്ള ചോദ്യത്തിന് അദ്ദേഹം നൽക്കുന്ന മറുപടിയിൽ കാണാം. വേണു പറയുന്നത് നോക്കുക: ‘‘ഐഡന്റിറ്റി രാഷ്ട്രീയം പറയുന്നതിനോട് ഞാൻ പിന്നീട് യോജിക്കുകയാണ് ചെയ്തത്. ഞാൻ ആദ്യം സൂചിപ്പിച്ച ഭാഷാ ന്യൂനപക്ഷ വിഷയങ്ങളും ദേശീയതയുടെ പ്രശ്നങ്ങളുമെല്ലാം ഐഡന്റിറ്റി രാഷ്ട്രീയത്തിന്റെ ഭാഗമാണല്ലോ!
ഈ സമീപനംതന്നെയായിരുന്നു ജാതിവിഷയത്തിലും എനിക്കുണ്ടായിരുന്നത്. അതായത് ജാതി സമൂഹത്തിന്റെ ഐഡന്റിറ്റിയും അംഗീകരിക്കണമെന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അവരുടെ കർതൃത്വം സ്ഥാപിച്ചെടുക്കേണ്ടത് ചരിത്രപരമായ ദൗത്യമാണെന്നും അവരെ രാഷ്ട്രീയാധികാരവുമായി ബന്ധിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് ആധുനിക കാലഘട്ടത്തിന് ഉള്ളതെന്നുമാണ് എന്റെ നിലപാട്. ഐഡന്റിറ്റി അംഗീകരിക്കുക എന്നത് ശരിയാണെന്ന ജനാധിപത്യത്തിന്റെ ഭാഗം തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ചോദ്യങ്ങൾ ഇതാണ്. അധഃസ്ഥിത നവോത്ഥാന മുന്നണി മുന്നോട്ടുെവച്ച സ്വത്വരാഷ്ട്രീയത്തെ തത്ത്വത്തിലെങ്കിലും എന്തുകൊണ്ടാണ് കെ. വേണുവിന് അംഗീകരിക്കുവാൻ കഴിയാതെ പോയത്, മുന്നണിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ എഴുത്തുകളിൽ അതേക്കുറിച്ചൊരു പരാമർശംപോലും അദ്ദേഹത്തിന് നടത്താൻ കഴിയാതെ പോയത്? അധഃസ്ഥിത നവോത്ഥാന മുന്നണിയല്ലാതെ സ്വത്വത്തെക്കുറിച്ചും സ്വാഭിമാനത്തെക്കുറിച്ചും സമുദായ രാഷ്ട്രീയ ഏകീകരണത്തെക്കുറിച്ചും പറഞ്ഞ മറ്റൊരു ദലിത് സംഘടനയെ തൊണ്ണൂറുകളിൽ കേരളത്തിൽ ആർക്കും കാണാനാവില്ല.
അതുപോലെതന്നെ അധഃസ്ഥിത നവോത്ഥാന മുന്നണി മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് നടത്തിയ പ്രവർത്തനത്തിന്റെ കർതൃത്വം മൂന്നര പതിറ്റാണ്ടിനുശേഷം എന്തുകൊണ്ടാണ് കെ. വേണു എഴുതിയെടുത്തത്? അതിന്റെ നേതൃത്വത്തെ എന്തുകൊണ്ടാണ് തുല്യമായി കാണാൻ കഴിയാതെപോയത്. ഉത്തരം ലളിതമാണ്. കെ. വേണു ഒരിക്കലും ദലിത് കർതൃത്വം അംഗീകരിച്ചിരുന്നില്ല. മറിച്ചായിരുന്നുവെങ്കിൽ തന്നെയും പാർട്ടിയെയും മനുസ്മൃതിക്കെതിരെ ദലിതർ നടത്തിയ പോരാട്ടത്തിൽ ഇത്ര താണനിലയിൽ അവതരിപ്പിക്കുവാൻ വേണുവിന് കഴിയുമായിരുന്നില്ല. ഇതിനിടയിൽ സംഭവിച്ചുപോയ തെറ്റിന് ഒരാത്മവിമർശനമെങ്കിലും വേണു നടത്തുമായിരുന്നു.
ശ്രദ്ധേയമായ മറ്റൊരു കാര്യം കമ്യൂണിസ്റ്റ് വിരുദ്ധമായ ദലിതർ ഇ.എം.എസിനെതിരെ ആവർത്തിച്ചുകൊണ്ടിരിക്കുന്നൊരു വിമർശനം കെ. വേണുവും ഏറ്റുപറയുന്നുവെന്നതാണ്. തന്റെ ചരിത്രരചയിൽ ഇ.എം.എസ് അയ്യൻകാളിയെ കണ്ടില്ല എന്നതാണ് വിമർശനം. ഇ.എം.എസ് മാത്രമല്ല, കല്ലറ സുകുമാരനെയും പോൾ ചിറക്കരോടിനെയും പോലുള്ള ദലിത് നേതാക്കളും അയ്യൻകാളിയെക്കുറിച്ച് അറിയുന്നത് 1989നു ശേഷം അയ്യൻകാളിയുടെ ജീവചരിത്രം എഴുതിയപ്പോഴാണ്.
1993ൽ അതു തുറന്നുപറയുവാൻ വേണു തയാറായില്ല. തുറന്നുപറഞ്ഞാൽ വേണു അപ്രസക്തനാകും. ഇക്കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇ.എം.എസ് തന്റെ നിലപാട് തിരുത്തുന്നുണ്ട്. എന്നാൽ, മനുസ്മൃതി ചുട്ടെരിച്ചത് പാർട്ടിയാണെന്നും പാർട്ടിയുടെ നേതൃത്വം തനിക്കായിരുന്നെന്നും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കെ. വേണുവിന് ഇത്തരമൊരു തിരുത്ത് അസാധ്യമായിരുന്നു. കെ. വേണുവിന് ഇ.എം.എസിന്റെ നിലയിലേക്ക് ഉയരാനായില്ല, ചരിത്രം തന്റേതു മാത്രമായി മാറ്റുവാനുള്ള ശ്രമമാണിത്.
നുണകളാൽ ചരിത്രമെഴുതി മാറ്റുന്നതിനുള്ള ശ്രമം. വസ്തുതകൾ അത്തരക്കാർ തിരക്കാറില്ല. എന്നാൽ ചരിത്രം ആർക്കും എഴുതിയെടുക്കാനോ എഴുതിക്കൊടുക്കാനോ ആവില്ല. കാരണം അത് തെളിവുകൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ചരിത്രം മുന്നോട്ടാണ് സഞ്ചരിക്കുന്നത്.
സി.ടി. സുകുമാരൻ ഐ.എ.എസ്
അൽപം നുണകൾ ചേർക്കാതെ ആർക്കും ‘ആത്മകഥ’ എഴുതാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടം എഴുത്തുകാരും സാംസ്കാരിക നായകന്മാരും ജീവിക്കുന്ന നാടാണ് നമ്മുടേത്. എഴുത്തിന്റെ സർഗാത്മകതയും സൗന്ദര്യവുമായി ഈ നുണകൾ അവർ ആസ്വദിക്കുകയും ചെയ്യുന്നു. നുണകളുടെ ആസ്വാദനശേഷി മുതലാക്കി, അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ പ്രവർത്തനങ്ങളെ പ്രത്യേകിച്ചും അതിന്റെ നേതൃത്വമായിരുന്ന എന്നെ പ്രതിസ്ഥാപിച്ചുകൊണ്ട് തന്റെ ആത്മകഥയുടെ അവസാനഭാഗത്ത് കെ.കെ. കൊച്ച് എഴുതിയൊരു ശീർഷകത്തിന്റെ പേരാണ് സി.ടി. സുകുമാരൻ ഐ.എ.എസ്.
മനുസ്മൃതി ചുട്ടെരിച്ചശേഷം അധഃസ്ഥിത നവോത്ഥാന മുന്നണി നടത്തിയ രണ്ടാമത്തെ ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകത്തിലെ ഇടപെടൽ. മറ്റൊന്ന് 1991ൽ അംബേദ്കർ ജന്മശതാബ്ദിയുടെ ഭാഗമായി കോട്ടയത്തു നടന്ന അധഃസ്ഥിത ആദിവാസി സാംസ്കാരികോത്സവമായിരുന്നു. സി.ടി സമരത്തിന്റെ അടിയന്തരലക്ഷ്യം സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകം.
ഈ സമരത്തിൽ നാളിതുവരെ താൻ പങ്കെടുത്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നായരമ്പലത്ത് പി.എൻ. സുകുമാരന്റെ വീട്ടിൽ നിന്ന് തിരിച്ചുപോരുമ്പോഴാണ് എം.ജി റോഡിലൂടെ സലിംകുമാർ നയിക്കുന്ന ആക്ഷൻ കമ്മിറ്റിയുടെ മാർച്ച് കടന്നുപോകുന്നത് കണ്ടതെന്നും അതിൽ ഏകദേശം 300ഓളം പേർ ഉണ്ടായിരുന്നുവെന്നും റോഡരികിൽ കാഴ്ചക്കാരനായിരുന്ന താൻ യാദൃച്ഛികമായിട്ടാണ് സമരരംഗത്തേക്ക് കടന്നുവന്നതെന്നും സൂചിപ്പിച്ച് കൊച്ച് പറയുന്ന വിചിത്രമായൊരു കാര്യം 1993 ഡിസംബർ 13ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നെത്തിയ 5000ത്തിലധികം ദലിതർ പങ്കെടുത്ത, കലൂരിലെ റാലിയെയും പൊതുസമ്മേളനത്തെയും കുറിച്ചാണ്.
ആരായിരുന്നു ഈ റാലിയെ നയിച്ചിരുന്നതെന്നോ ആരുടെ അധ്യക്ഷതയിലായിരുന്നു ഈ വമ്പിച്ച സമ്മേളനം നടന്നതെന്നോ ആരെല്ലാമായിരുന്നു അതിലെ പ്രസംഗകരെന്നോ കൊച്ച് പറയുന്നില്ല. സലിംകുമാറിന്റെ നേതൃത്വത്തിൽ 300 പേർ പങ്കെടുത്തുവെന്ന് പറയാനുള്ള വ്യഗ്രത. അതിന് തെളിവുകളൊന്നും ആവശ്യമില്ലെന്ന തോന്നൽ. ഇവിടെ കൊച്ച് സി.ടി. സുകുമാരന്റെ നായകനായി സ്വയം കൽപിക്കുകയും എന്നെ പ്രതിനായകനായി ചിത്രീകരിക്കുകയുമാണ്. നുണകളുടെ ഒരു ലോകം കൊച്ച് നിർമിക്കുന്നത് ഇങ്ങനെയാണ്. രസകരമായൊരു കാര്യം കൊച്ച് തന്നെ അത് തകർക്കുന്നുവെന്നതാണ്.
സി.ടി. സുകുമാരന്റെ പിതാവ് തേവൻ മാസ്റ്റർ സെക്രേട്ടറിയറ്റിനു മുന്നിൽ 1994 ഏപ്രിൽ 4ന് ആരംഭിച്ച നിരാഹാര സമരപ്പന്തലിലേക്ക് മുഖ്യമന്ത്രി കെ. കരുണാകരൻ കയറിച്ചെല്ലുമ്പോൾ സത്യഗ്രഹിയോടൊപ്പം മുളന്തുരുത്തി സ്വദേശി റെജി മാത്യു മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ‘താനിവിടെ കയറണ്ട’ എന്ന് റെജി മാത്യു പറഞ്ഞതായും കൊച്ച് എഴുതുന്നുണ്ട്. ഒരു സർക്കാർ ജീവനക്കാരനായിരുന്ന തേവൻ മാസ്റ്റർക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ഈ വാക്കുകൾ എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ, റെജി മാത്യു ഇടക്കിടക്ക് മനോനിലയിൽ മാറ്റമുണ്ടാകുന്ന ഒരു യുവാവായിരുന്നുവെന്നത് മറ്റൊരു കാര്യം.
5000 പേർ പങ്കെടുത്ത സംസ്ഥാന റാലി, പന്തളം രാജേന്ദ്രൻ കൺവീനറായ തിരുവനന്തപുരം ജില്ല കമ്മിറ്റി, സംഭവം നടന്ന രണ്ടാംനാൾ സി.ടി സമരത്തിന് തിരികൊളുത്തിയെന്ന് കൊച്ച് പറയുന്ന തിരുവനന്തപുരത്തെ ദലിത് വിദ്യാർഥികൾ, വിവിധ ജില്ലകളിലെ ദലിത് ഉദ്യോഗസ്ഥർ, കെ.പി.എം.എസ്, സാംബവ മഹാസഭ, ഹരിജൻ സംരക്ഷണസമിതി, എസ്.സി/എസ്.ടി. എംപ്ലോയീസ് ഫെഡറേഷൻ, ഐ.ഡി.എഫ്, പൊതുപ്രവർത്തകരായ കെ. സുനിൽകുമാർ, ജോൺ ജോസഫ് എന്നിവരുടെ മുൻകൈയിൽ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷിയുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ആക്ഷൻ കമ്മിറ്റി, സി.ടിയുടെ ബന്ധുക്കളായി കൊച്ച് പേരെടുത്തു പറയുന്ന സി.കെ. പ്രകാശനും വേണുഗോപാലും കൊച്ച് വരച്ചുകാട്ടുന്ന വിശാലമായ ഈ സമരമുഖത്താണ് മനോനില തെറ്റിയൊരു യുവാവിനോടൊപ്പം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തേവൻ മാസ്റ്ററെ പോലൊരു വയോധികൻ തന്നെ കാണാനെത്തിയ മുഖ്യമന്ത്രിക്കു മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന ദുരന്തം നാം കാണുന്നത്.
കൊച്ച് പടുത്തുയർത്തുന്ന നുണകളുടെ ലോകം തകർന്നുവീഴുന്നത് ഇങ്ങനെയാണ്. ഈ സംഭവം മറച്ചുവെക്കാൻ കൊച്ചിന് ആവില്ലായിരുന്നു. ‘മുഖ്യമന്ത്രിയെ സമരപന്തലിൽ നിന്ന് ഇറക്കിവിട്ടു’വെന്നത് സ്വാഭാവികമായും അടുത്ത ദിവസത്തെ വലിയ പത്രവാർത്തയായി മാറി.
അധഃസ്ഥിത നവോത്ഥാന മുന്നണി മനുസ്മൃതി കത്തിക്കാൻ തീരുമാനിച്ചതിന്റെ പിന്നാലെ ആദിശങ്കരനെ കത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് കൂട്ടം പിരിയേണ്ടിവന്ന സീഡിയൻ സർവീസ് സൊസൈറ്റിയുടെ പാരമ്പര്യവും പേറി സംഘടനയുമില്ല പ്രവർത്തകരുമില്ലാതെ അലഞ്ഞുനടക്കുമ്പോഴാണ് എ.എൻ.എം സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകത്തിൽ ഇടപെട്ട് പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുന്നത് കൊച്ചിന്റെ കണ്ണിൽപെട്ടത്. അതിലെങ്ങനെ ഇടപെടാമെന്നതും അതിനെയെങ്ങനെ തന്റേതാക്കി മാറ്റാമെന്നതും കൊച്ചിന്റെ ആലോചനയും ചിന്തയുമായി. അജണ്ടയില്ലാത്തവർ അജണ്ടയുണ്ടാക്കുന്നത് ഇങ്ങനെയാണ്.
ബൗദ്ധിക പാപ്പരത്തമാണത്. ഇത് മറച്ചുപിടിക്കുന്നതിനുവേണ്ടിയാണ് കൊച്ച് നക്സലൈറ്റുകൾ ഇല്ലാതിരുന്നുവെങ്കിൽ സലിംകുമാറിന് മനുസ്മൃതി കത്തിക്കുവാൻ കഴിയുമായിരുന്നുവോ എന്നതുപോലെ സി.പി..എം ഇല്ലായിരുന്നുവെങ്കിൽ സലിംകുമാറിന് സി.ടി. സുകുമാരൻ വിഷയത്തിൽ ഇടപെടാൻ കഴിയുമായിരുന്നുവോ എന്ന പ്രശ്നം ഉന്നയിക്കുന്നത്.
കൗതുകമായൊരു കാര്യം, അധഃസ്ഥിതരുടെ ആത്മാഭിമാനബോധത്തെ കമ്യൂണിസ്റ്റ് ബോധമാക്കി മാറ്റണമെന്ന് എം.എൻ. രാവുണ്ണിയെയും എം. ഗീതാനന്ദനെയും പോലുള്ളവരോടൊപ്പം സി.ആർ.സി.സി.പി.ഐ (എം.എൽ)ൽ വാദിച്ച് പരാജയപ്പെട്ട ഇ. വി. കുമാരദാസിനെയും ജോൺ ജോസഫിനെയും പോലെ ചിലരെ ചേർത്തുപിടിച്ചുകൊണ്ടാണ് നക്സലൈറ്റുകൾ ഏറ്റവുമധികം വെറുക്കുന്ന സി.പി.എം മുദ്ര കൊച്ച് എനിക്കുമേൽ ചാർത്തിയത് എന്നതാണ്. രണ്ടു പതിറ്റാണ്ടുകാലം ഒന്നിച്ചുനിന്ന കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധവിച്ഛേദനത്തിനുശേഷം ഏതെങ്കിലുമൊരു കമ്യൂണിസ്റ്റ് പാർട്ടിയുമായി എനിക്ക് ബന്ധമുണ്ടായിരുന്നില്ല.
എന്നാൽ, കൊച്ച് എന്നെ സി.പി.എം ഫോൾഡിൽ .ആക്കാൻ നോക്കുന്നത് സി.ടി. സുകുമാരന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടിരുന്നുവെന്നും പാർട്ടിയുടെ അഭിപ്രായം സമരം ദലിതർമാത്രം നടത്തേണ്ടതല്ല മുഴുവൻ ജനങ്ങളും നടത്തേണ്ടതാണെന്ന് സലിംകുമാറിനും മറ്റൊരഭിപ്രായം ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്.
തന്റെ നേതൃത്വത്തിൽ ആരംഭിച്ച സാമുദായിക രാഷ്ട്രീയ മുന്നേറ്റത്തെ തകർക്കാനുള്ള ശ്രമം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായെന്നും ഇതിനവർ കരുവാക്കിയത് കോൺഗ്രസ് (എസ്) നേതാവും എം.എൽ.എ. സലിംകുമാറിന്റെ മുൻകൈയിൽ ശരത്ചന്ദ്രൻ കൺവീനറായി രൂപവത്കരിക്കപ്പെട്ട ജില്ലാ ആക്ഷൻ കൗൺസിലിനെ ആണെന്നും സി.പി.എമ്മിന്റെ വോട്ടുവാങ്ങി ജയിക്കുന്ന ബാബുവിന്റെ നിസ്സഹായാവസ്ഥ ഉൾക്കൊള്ളാനാവുമെങ്കിലും ദലിത് സമുദായ ഐക്യത്തിലും നേതൃത്വത്തിലും നടന്ന സമരത്തിൽ സി.പി.എമ്മിന്റെ സഹയാത്രികനായി മാറിയ കെ.എം. സലിംകുമാറിന്റെ സമീപനം ഇന്നും ദുരൂഹമായി അവശേഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ച് എനിക്കെതിരായ ആരോപണം ദൃഢീകരിക്കുന്നത്.
സ്ഥല കാല ഭ്രമത്തിലാണ് കൊച്ച് സി.ടി. സുകുമാരൻ ഐ.എ.എസ്. എഴുതിയത് എന്ന് പറയാതിരിക്കാനാവില്ല. തന്റെ വിശ്വസ്തർക്കിടയിൽ മൂന്നുപതിറ്റാണ്ടായി പറയുകയും ആസ്വദിക്കുകയും ചെയ്തുകൊണ്ടിരുന്ന പൊങ്ങച്ചങ്ങളുടെയും നുണകളുടെയും ചുരുളഴിക്കുകയാണ് കൊച്ച് ചെയ്യുന്നത്. അവിടെ വസ്തുക്കൾക്ക് പ്രസക്തിയില്ല.
ഓർക്കേണ്ട കാര്യം ദലിത് ഐക്യം, ദലിത് സമുദായം, ദലിത് സമുദായ രാഷ്ട്രീയം എന്നീ പദാവലികളാണ്. സമരകാലത്ത് ഉണ്ടായിരുന്നില്ലെന്നതാണ് പട്ടികജാതി-പട്ടികവർഗത്തെ ഉദ്ദേശിച്ച് സമുദായവത്കരണം എന്നൊരു വാക്ക് 1994 വാക്ക് കൊച്ചിന്റേതായി കാണാമെങ്കിലും അതിന് ദലിത് ഐക്യം, ദലിത് സമുദായം, ദലിത് സമുദായ രാഷ്ട്രീയം എന്നീ വാക്കുകളുമായി യാതൊരു ബന്ധവുമില്ല. ദലിത് ഐക്യം എന്ന വാക്ക് നിലവിലുണ്ടായിരുന്നുവെങ്കിൽ ആരാണ് ദലിതർ എന്ന് നിർവചിച്ചുകൊണ്ട് ദലിത് സമുദായം, ദലിത് സമുദായ രാഷ്ട്രീയം എന്നീ വാക്കുകൾ ദലിത് പ്രവർത്തനമണ്ഡലത്തിൽ കൊണ്ടുവന്നത് 1999ൽ എ.എൻ.എം ആയിരുന്നു.
ഇത്തരമൊരു നീക്കത്തെ അനുകൂലിച്ച ആളായിരുന്നില്ല കെ. കെ. കൊച്ച്. ’98ൽ എ.എൻ.എം കടുത്തുരുത്തിയിൽ സംഘടിപ്പിച്ച ദലിത് ഐക്യ ചർച്ചയിലേക്ക് ക്ഷണിക്കുമ്പോൾ എനിക്കയച്ച മറുപടിയിൽ കൊച്ച് വ്യക്തമാക്കിയിരുന്നത് താനൊരു വിഭാഗത്തിന്റെ വക്താവാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ്. താനൊരു ജനാധിപത്യവാദിയാണെന്നാണ്. സി.ടി വിഷയത്തിൽ സി.പി.എം എടുത്തുവെന്ന് കൊച്ച് പറയുന്ന നിലപാട് ’90കളുടെ അവസാന കാലത്തുപോലും എനിക്കല്ല കൊച്ചിനാണ് ചേരുന്നത്. കാരണം എ.എൻ.എം ഉണ്ടാക്കിയ കാലം മുതൽ ഞാനൊരു വിഭാഗത്തിനുവേണ്ടിയാണ് വാദിക്കുന്നത്.
എല്ലാ വിഭാഗങ്ങളും ഒത്തുചേരുന്നിടത്തല്ല, അധഃസ്ഥിതരുടെ പോരാട്ടമുഖങ്ങളിലാണ് ഞാൻ ജനാധിപത്യം വായിച്ചെടുത്തത്. കൊച്ച് സ്ഥാപിക്കുവാൻ ശ്രമിച്ചതുപോലെ ദലിത് സമുദായ ഐക്യത്തിലും നേതൃത്വത്തിലും നടന്നൊരു സമരത്തിലേക്ക് സി.പി.എമ്മിന്റെ സഹയാത്രികനായി എത്തുകയായിരുന്നില്ല ഞാൻ. ഞാൻ നേതൃത്വം നൽകുന്ന അധഃസ്ഥിത നവോത്ഥാന മുന്നണി എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1993 ജനുവരിയിൽ ബോട്ടുജെട്ടിയിൽ നടന്ന സത്യഗ്രഹ സമരം ഉയർത്തിയ മുദ്രാവാക്യം കൊച്ച് പേരെടുത്തു പറയുന്ന വി.കെ. ബാബു എം.എൽ.എയെയും ശരത്ചന്ദ്രനെയും പോലുള്ള കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഏറ്റെടുക്കുകയാണ് ചെയ്തത്.
‘സി.ടി. സുകുമാരൻ ഐ.എ.എസിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക’ എന്നതായിരുന്നു ആ മുദ്രാവാക്യം. വൈകിയാണെങ്കിലും കൊച്ചും ഏറ്റുവിളിച്ചത് ഈ മുദ്രാവാക്യമായിരുന്നു. എറണാകുളം മാരുതി ലോഡ്ജിൽ സി.ടി. സുകുമാരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ സമരസമിതി രൂപവത്കരിക്കപ്പെട്ടത് 1993 ഒക്ടോബർ 24 ആണെന്ന് കൊച്ച് തന്നെ പറയുന്നുണ്ട്. .അപ്പോൾ സി.ടി. സുകുമാരൻ കൊല ചെയ്യപ്പെട്ടിട്ട് ഒരുകൊല്ലത്തോളമായിരുന്നു. അധഃസ്ഥിത നവോത്ഥാന മുന്നണി പ്രക്ഷോഭരംഗത്തേക്ക് കടന്നുവന്നിട്ട് എട്ടുമാസവും.
എന്നിട്ടും കൊച്ച് അവകാശപ്പെടുന്നത് താനില്ലായിരുന്നുവെങ്കിൽ സി.ടി. സുകുമാരന്റേതു ദുരൂഹമരണമായി തന്നെ കെട്ടടങ്ങുമായിരുന്നുവെന്നാണ്. അദ്ദേഹം പറയുന്നത് നോക്കുക: ‘‘ജില്ലാ ആക്ഷൻ കമ്മറ്റി സലിംകുമാറിന്റെയും ശരത്ചന്ദ്രന്റെയും മുൻകയ്യിൽ സുനിൽകുമാറിന്റെയും ജോൺ ജോസഫിന്റെയും സഹായത്തോടെ എറണാകുളം യാത്രാ ഓഡിറ്റോറിയത്തിൽ ഒരു കൺവെൻഷൻ നടത്തുവാൻ തീരുമാനിച്ചിരുന്നു. കൺവെൻഷനിലേക്ക് എന്നെ ക്ഷണിച്ചിരുന്നില്ല. എങ്കിലും സദസ്യർക്കിടയിൽ കേൾവിക്കാരനായി ഞാനും പങ്കെടുത്തു. വേദിയിലുണ്ടായിരുന്നത് കെ.എം. സലിംകുമാർ, ശരത്ചന്ദ്രൻ, ടി. കെ. രാമകൃഷ്ണൻ, എ.പി. വർക്കി, റിട്ടയേർഡ് ജസ്റ്റിസ് ചന്ദ്രശേഖരൻ നായർ, വി.കെ. ബാബു എം.എൽ.എ, പി.എൻ. സുകുമാരൻ, വി.ഡി. രാജപ്പൻ എന്നിവരായിരുന്നു.
വേദിയിലേക്ക് എന്നെയും ക്ഷണിക്കണമെന്ന് സുനിൽകുമാറും ജോൺ ജോസഫും ആവശ്യപ്പെട്ടുവെങ്കിലും സലിംകുമാർ അംഗീകരിച്ചില്ല. കൺവെൻഷന്റെ അവസാനമാണ് പ്രമേയാവതരണം നടന്നത്. സി.ടി. സുകുമാരൻ ഐ.എ.എസിന്റെ ‘ദുരൂഹമരണം’ സി.ബി.ഐ അന്വേഷിക്കണമെന്നതായിരുന്നു പ്രമേയത്തിന്റെ ഉള്ളടക്കം. പ്രമേയത്തെക്കുറിച്ച് സദസ്സിന്റെ അഭിപ്രായം ഹാളിൽ മറ്റുള്ളവരോടൊപ്പമായിരുന്ന ഞാൻ എഴുന്നേറ്റുനിന്നു പറഞ്ഞു. ‘സി.ടി. സുകുമാരന്റേത് കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെയുംബന്ധുക്കളുടെയും സമുദായത്തിന്റെയും മാധ്യമങ്ങളുടെയും അഭിപ്രായം.
അതുകൊണ്ട് ദുരൂഹമരണം എന്നതിനുപകരം കൊലപാതകം എന്നാക്കണം’. വേദിയിലും സദസ്സിലും കനത്ത നിശ്ശബ്ദത പരന്നു. സദസ്സിലുണ്ടായിരുന്നവർ ആർത്തുവിളിച്ചു പറഞ്ഞു പ്രമേയം തിരുത്തണം. വേദിയിലിരിക്കുന്ന ഞാൻ പറയുന്ന പ്രമേയം തിരുത്തണം: പി. എൻ. സുകുമാരൻ പറഞ്ഞു. പ്രമേയം പാസാക്കാൻ കഴിഞ്ഞില്ല. ഇങ്ങനെയാണ് ഞാൻ സമരത്തിന്റെ മുൻനിരയിലെത്തിയത്. അധഃസ്ഥിത നവോത്ഥാന മുന്നണിയും മുന്നണിയുടെ മുൻകൈയിൽ രൂപംകൊണ്ട ജില്ല ആക്ഷൻ കമ്മിറ്റിയും സി.ടി. സുകുമാരന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത് എന്ന് സ്ഥാപിക്കുവാനുള്ള കൊച്ചിന്റെ ഹീനമായ രാഷ്ട്രീയശ്രമമാണിത്.
ഞാൻ ആത്മകഥ എഴുതുവാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ വൈറ്റിലയിലെ വാടക വീട്ടിലെത്തി തന്നെപ്പറ്റി തോന്നുന്നതൊന്നും എഴുതരുതെന്ന് പറഞ്ഞു കെ.കെ. കൊച്ച്. ഞാനതിനെ വിരുദ്ധാർഥത്തിൽ കണ്ടില്ല. അതിനർഥം കൊച്ചിന് എന്നെപ്പറ്റി എന്തും എഴുതാമെന്നായിരുന്നില്ല. കോളജിൽ പഠിക്കുന്ന കാലത്ത് കൊച്ചിലെ കുശുമ്പും അസൂയയും ഒരു പ്രത്യേകതയായി തോന്നിയിരുന്നു. ഒപ്പമെത്തുമെന്ന് കരുതുന്നവരെ മാനിക്കാതിരിക്കുകയും താഴെയാണെന്ന് കരുതുന്നവരെ ഉയർത്തിപ്പറയുകയും ചെയ്യുന്ന മനോഭാവം. കൂടുതൽ കൂടുതൽ പക്വതയാർജിക്കുമ്പോൾ ചിലർക്ക് ഇത്തരം മനോഭാവങ്ങൾ വേണ്ടെന്നുവെക്കുവാൻ കഴിയും. ചിലർക്കത് കഴിയാറില്ല. രണ്ടാമത്തെ ഗണത്തിൽപ്പെട്ടയാളായിരുന്നു കൊച്ച്. തന്നെ പൊക്കിപ്പറയുകയും തന്റെ പൊക്കിപ്പറച്ചിലുകൾ ആസ്വദിക്കുകയും ചെയ്യുന്ന അദലിതരായ സുനിൽകുമാറിനെയും ജോൺ ജോസഫിനെയും കൂട്ടിയാണ് കൊച്ച് യാത്രാ ഓഡിറ്റോറിയത്തിലെ കൺവെൻഷനിൽ എത്തിയത്.
തന്നെ ക്ഷണിച്ചിരുന്നില്ലെന്നും സദസ്യർക്കിടയിൽ കേൾവിക്കാരനായി ഇരിക്കേണ്ടിവന്നുവെന്നതുമായിരുന്നു കൊച്ചിന്റെ ദുഃഖം. തന്നെ വേദിയിലേക്ക് ക്ഷണിക്കുവാൻ സുനിൽകുമാറും ജോൺ ജോസഫും ആവശ്യപ്പെട്ടുവെങ്കിലും സലിംകുമാർ സമ്മതിച്ചില്ലെന്നാണ് ആക്ഷേപം. ഇത്തരമൊരു ആക്ഷേപം എം.പി.ഇ.ഡി.എയുടെ മുന്നിൽ ആക്ഷൻ കൗൺസിൽ നടന്ന പ്രതിഷേധ ധർണയുമായി ബന്ധപ്പെട്ടും കൊച്ച് എനിക്കെതിരെ ഉന്നയിക്കുന്നുണ്ട്.

ലജ്ജാകരമായൊരു കാര്യം മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് ശരത്ചന്ദ്രനും അഞ്ചുകൊല്ലം കൊച്ചി നഗരത്തിൽ ജീവിച്ച എനിക്കും യാത്രാ ഓഡിറ്റോറിയത്തിൽ ഒരു കൺവെൻഷൻ സംഘടിപ്പിക്കാൻ മുളന്തുരുത്തിക്കാരനായ ജോൺ ജോസഫിന്റെ സഹായം വേണമായിരുന്നുവെന്ന കൊച്ചിന്റെ പ്രസ്താവനയാണ്. ദലിതരുടെ കാര്യപ്രാപ്തിയെ പരിഹസിക്കുകയാണ് കൊച്ച്.
കൊച്ച് പറയുന്നതുപോലെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ പട്ടികജാതി-പട്ടികവർഗ സംസ്ഥാന സമരസമിതി സത്യഗ്രഹ പന്തലിലേക്ക് ഈ രാഷ്ട്രീയം അംഗീകരിക്കുന്ന പല സംഘടനകളും എത്തിച്ചേർന്നുവെന്നത് വസ്തുതയാണ്. ഈ സമയത്ത് മാസ് ഹോട്ടലിൽെവച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി പറഞ്ഞത് തന്റെ നേതൃത്വത്തിൽ 500ൽ കുറയാത്ത ആളുകൾ സമരപന്തലിൽ എത്തുമെന്നാണ്.
ഇതൊന്നും കൊച്ചിന്റെയും സംഘത്തിന്റെയും രാഷ്ട്രീയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്നതിനുവേണ്ടിയായിരുന്നില്ല. ദലിതരുടെ രക്ഷകർ തങ്ങളാണെന്നും തങ്ങൾ നയിക്കുന്ന പ്രസ്ഥാനങ്ങളിലേക്ക് ദലിതരെ ആകർഷിക്കുന്നതിനും വേണ്ടിയായിരുന്നു. മുൻ എം.എൽ.എ അഡ്വ. ടി.എ. പരമന്റെ അധ്യക്ഷതയിൽ ജി ഓഡിറ്റോറിയത്തിൽ നടന്ന പട്ടികജാതി-പട്ടികവർഗ സമരസമിതിയുടെ വിപുലീകരണ യോഗത്തിൽ പങ്കെടുത്ത അഡ്വ. കെ.വി. കുമാരനെയും വി.കെ. കമലൻ മാസ്റ്ററെയും പോലുള്ള പട്ടികജാതി-പട്ടികവർഗ നേതാക്കളും സമരസമിതിയുമായി സഹകരിച്ചു പ്രവർത്തിക്കാനെത്തിയവരായിരുന്നില്ല.
പ്രസംഗം കഴിഞ്ഞ് മടങ്ങിപ്പോകാൻ എത്തിയവരായിരുന്നു. സി.ടി സമരത്തിൽ ഇടപെട്ടുകൊണ്ട് കൊച്ചും സംഘവും നടത്തിയ പൊറാട്ടുനാടകങ്ങളൊന്നും ആരും ഗൗരവത്തിലെടുത്തില്ല. കൊച്ചിന്റെ വാക്കുകൾതന്നെ നോക്കുക: ‘‘പട്ടികജാതി-പട്ടികവർഗ സമര സമിതിയുടെ സമരത്തെ അവഗണിച്ച മുഖ്യമന്ത്രി കരുണാകരൻ സംസ്ഥാന ഗവൺമെന്റും വേണ്ടതെല്ലാം ചെയ്യുമെന്ന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആറാം ദിവസം ബാബു നിരാഹാര സമരം അവസാനിപ്പിച്ചുവെന്ന് മാത്രമല്ല, മറ്റെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമരത്തിൽനിന്ന് പിന്തിരിയുകയും ചെയ്യുന്നു.’’
പത്തു ദിവസം സി.എസ്. മുരളിയും ആറ് ദിവസം വി.കെ. ബാബു എം.എൽ.എയും നടത്തിയ നിരാഹാര സമരത്തിന്റെ ഫലമായിരുന്നു ഈ ഉറപ്പ്. സി.ടി. സുകുമാരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന എ.എൻ.എം നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് രൂപംകൊണ്ട ജില്ല ആക്ഷൻ കൗൺസിലിന്റെ വിജയമായിരുന്നു ഇത്. സി.ടി സമരത്തിന് തുടക്കം കുറിച്ചുകൊണ്ട് എറണാകുളം ബോട്ടുജെട്ടിയിൽ എ.എൻ.എം ആരംഭിച്ച സമരത്തിന്റെ വിജയം. മനുസ്മൃതി ചുട്ടെരിച്ചതിന്റെ പിന്നാലെ കേരളത്തിലെ ദലിതർ ജാതിവിരുദ്ധ പോരാട്ടമുഖത്ത് നേടിയ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ദലിതരുടെ ആത്മാഭിമാനബോധം തട്ടിയുണർത്താനായി എന്നതായിരുന്നു ഈ വിജയത്തിന്റെ പ്രത്യേകത.
സി.ടി. സുകുമാരന്റെ ദുരൂഹമരണം സി.ബി.ഐ അന്വേഷിക്കണമെന്നതായിരുന്നു കൺവെൻഷനിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ ഉള്ളടക്കം. താനാണ് ഈ ഉള്ളടക്കം മാറ്റിമറിച്ചതെന്ന് സ്ഥാപിക്കാനുള്ള കൊച്ചിന്റെ തരംതാണ രാഷ്ട്രീയ കൗശലമായിരുന്നു. എന്നാൽ, ഈ കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ കൊച്ചിന് വിഷയത്തിൽ വ്യക്തമായൊരു നിലപാട് ഉണ്ടായിരുന്നില്ല. ‘സി.ടി. സുകുമാരന്റേത് കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സമുദായത്തിന്റെയും മാധ്യമങ്ങളുടെയും അഭിപ്രായം. അതുകൊണ്ട് ‘ദുരൂഹമരണം’ എന്നത് ‘കൊലപാതക’മാക്കണം. ഇതായിരുന്നു കൊച്ചിന്റെ നിലപാട്.
സ്വന്തം നിലപാട് വ്യക്തമാക്കുന്ന കൊച്ചിനെയല്ല, മറ്റുള്ളവരുടെ നിലപാട് ഏറ്റുപറയുന്ന കൊച്ചിനെയാണ് ഇവിടെ കാണുന്നത്. ആദിശങ്കരനെ കത്തിക്കാൻ തീരുമാനിച്ച സീഡിയൻ സർവിസ് സൊസൈറ്റിയുടെ സംസ്ഥാന യോഗത്തിലും സ്വന്തം നിലപാട് വ്യക്തമാക്കുന്ന കൊച്ചിനെയല്ല, എല്ലാവരുടെയും നിലപാട് ഏറ്റുപറയുന്ന കൊച്ചിനെയാണ് കണ്ടത്. ബൗദ്ധികപാപ്പരത്വമാണിത്.
അധഃസ്ഥിത നവോത്ഥാന മുന്നണി പ്രവർത്തകർ കരുതിയിരുന്നതുപോലെ യാത്ര ഓഡിറ്റോറിയത്തിലെ കൺവെൻഷനിലെത്തിയ കൊച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം സി. ടി സമരത്തോടൊപ്പം ചേരുകയായിരുന്നില്ല. ഒന്നിച്ചുചേർന്നവരെ ഭിന്നിപ്പിക്കുകയും സമരം പൊളിക്കുകയും സമാന്തരമായൊരു സമരമുഖം തുറക്കുകയുമായിരുന്നു. അതിന്റെ ആദ്യപടിയായിരുന്നു യാത്ര ഓഡിറ്റോറിയത്തിലെ അധ്യക്ഷവേദിയിലേക്ക് തന്നെയും ക്ഷണിക്കണമെന്ന് സുനിൽകുമാറും ജോൺ ജോസഫും ആവശ്യപ്പെടുമ്പോഴും എം.പി.ഇ.ഡി.എയുടെ മുന്നിൽ നടന്ന ധർണയിലേക്ക് ക്ഷണിക്കണമെന്ന് മറ്റുചിലർ ആവശ്യപ്പെടുമ്പോഴും സലിംകുമാർ സമ്മതിച്ചില്ലെന്ന കൊച്ചിന്റെ ആരോപണം. ആരെയാണ് ആദ്യം ആക്രമിക്കേണ്ടതെന്നും അതിന്റെ രീതി എന്തായിരിക്കണമെന്നും കൊച്ചിനും സംഘത്തിനും നിശ്ചയമുണ്ടായിരുന്നു.
ഇത്തരം ആരോപണങ്ങളിലൂടെ കൊച്ചും സംഘവും ഉന്നംചെയ്തത് മറ്റുള്ളവരുടെ സഹതാപമായിരുന്നു. നായരമ്പലത്തുനിന്ന് വി.ഡി. രാജപ്പനോടും സി.എസ്. മുരളിയോടുമൊപ്പം സമരനേതൃത്വത്തിലുണ്ടായിരുന്ന സീഡിയൻ പ്രവർത്തകനായ പി.എ. സുകുമാരനെ പിന്നീട് കാണുന്നത് കൊച്ചിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പട്ടികജാതി-പട്ടികവർഗ സംസ്ഥാന സമര സമിതിയുടെ നേതൃത്വത്തിലാണ്.
ഈ ഭിന്നിപ്പിക്കൽ തന്ത്രത്തിന്റെ ആഴം നാം കാണുന്നത് സി.ടി. സുകുമാരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ല ആക്ഷൻ കമ്മിറ്റിയുെട നേതൃത്വത്തിൽ സി.എസ്. മുരളി എറണാകുളം ബോട്ടു ജെട്ടിയിൽ നിരാഹാരസമരം ആരംഭിച്ചപ്പോഴാണ്. സമരം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ, നിരാഹാരം കിടക്കേണ്ടത് സെക്രേട്ടറിയറ്റിനു മുന്നിലാണെന്നും തങ്ങളോട് സഹകരിക്കണമെന്നും അഭ്യർഥിച്ച പട്ടികജാതി-പട്ടികവർഗ സംസ്ഥാന സമരസമിതിയും തേവൻ മാസ്റ്ററും രേഖാമൂലം വി.കെ. ബാബു എം.എൽ.എക്ക് കത്തു നൽകിയെന്ന് കെ.കെ. കൊച്ച് പറയുമ്പോഴാണ്.
സുകുമാരനെ അടർത്തിമാറ്റിയതുപോലെ ബാബുവിനെയും അടർത്തിമാറ്റി സമരനേതൃത്വത്തെ തകർക്കുകയായിരുന്നു പദ്ധതി. മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്ന വ്യത്യസ്ത സംഘടനകളും നേതാക്കളും മറ്റേതൊരു സമൂഹത്തിലുമെന്നതുപോലെ ദലിതർക്കിടയിലും ഉണ്ടാകാമെങ്കിലും ഇത്ര ആസൂത്രിതമായി ഒരു സമരത്തിൽ ഇടപെടാനും അതിനെ പൊളിക്കാനും താനാണ് ഈ സമരത്തിന്റെ നേതാവെന്ന് സ്ഥാപിക്കാനുമുള്ള കൊച്ചിന്റെ ശ്രമം അത്യപൂർവവും അപഹാസ്യമായിരുന്നു.
