Begin typing your search above and press return to search.
proflie-avatar
Login

ലോക്സഭ തെരഞ്ഞെടുപ്പിലെ ജാതി രാഷ്ട്രീയം

ലോക്സഭ തെരഞ്ഞെടുപ്പിലെ ജാതി രാഷ്ട്രീയം
cancel

2014ൽ 16ാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തെപ്പറ്റി കൃത്യമായി വിലയിരുത്തൽ നടത്താൻ കഴിഞ്ഞതിനെക്കുറിച്ചും ദലിത് ൈത്രമാസിക പുറത്തിറക്കിയതിനെക്കുറിച്ചും എഴുതുന്നു. കൂടാതെ, മനുസ്മൃതി ചുട്ടെരിച്ചതിന്റെ വാർഷികം സംഘടിപ്പിച്ചതിനെക്കുറിച്ചും വിശദമാക്കുന്നു. എൺപതുകളുടെ അവസാനം മുതൽ ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ-സാംസ്​കാരിക നീക്കങ്ങളെ സൂക്ഷ്മമായി പിന്തുടരുവാൻ കഴിഞ്ഞതുകൊണ്ട് നിർണായകമായ പല സന്ദർഭങ്ങളിലും ആശയപരമായി അവരെ തുറന്നുകാണിക്കാനും എതിർക്കാനും കഴിഞ്ഞു. സംഘ്പരിവാർ വീണ്ടും അധികാരത്തിലെത്തിയ 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ ശരിയായി വിലയിരുത്താൻ കഴിഞ്ഞതും...

Your Subscription Supports Independent Journalism

View Plans
2014ൽ 16ാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റത്തെപ്പറ്റി കൃത്യമായി വിലയിരുത്തൽ നടത്താൻ കഴിഞ്ഞതിനെക്കുറിച്ചും ദലിത് ൈത്രമാസിക പുറത്തിറക്കിയതിനെക്കുറിച്ചും എഴുതുന്നു. കൂടാതെ, മനുസ്മൃതി ചുട്ടെരിച്ചതിന്റെ വാർഷികം സംഘടിപ്പിച്ചതിനെക്കുറിച്ചും വിശദമാക്കുന്നു.

എൺപതുകളുടെ അവസാനം മുതൽ ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ-സാംസ്​കാരിക നീക്കങ്ങളെ സൂക്ഷ്മമായി പിന്തുടരുവാൻ കഴിഞ്ഞതുകൊണ്ട് നിർണായകമായ പല സന്ദർഭങ്ങളിലും ആശയപരമായി അവരെ തുറന്നുകാണിക്കാനും എതിർക്കാനും കഴിഞ്ഞു. സംഘ്പരിവാർ വീണ്ടും അധികാരത്തിലെത്തിയ 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനെ ശരിയായി വിലയിരുത്താൻ കഴിഞ്ഞതും അതുകൊണ്ടാണ്. ഒരു കീഴാളനെ മുന്നിൽ നിർത്തി മേലാളർ നടത്തിയ സവർണ രാഷ്ട്രീയമുന്നേറ്റത്തിന്റെ വിജയമായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഒരു പ്രധാനമന്ത്രി സ്​ഥാനാർഥി താൻ പിന്നാക്കക്കാരനാണെന്നു പറഞ്ഞുകൊണ്ട് നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ്.

കോൺഗ്രസിന്റെ ദുർഭരണത്തിനും നെഹ്റു-ഗാന്ധി കുടുംബവാഴ്ചക്കുമെതിരെ ഇന്ത്യൻ ജനവികാരം അണപൊട്ടി ഒഴുകിയ ഒരു തെരഞ്ഞെടുപ്പായിരുന്നു 16ാമത് ലോക്സഭാ തെരഞ്ഞെടുപ്പ്. അതിന്റെ ഹൈന്ദവ വികാരമായി മാറ്റാൻ കഴിഞ്ഞുവെന്നതായിരുന്നു ബി.ജെ.പിയുടെ നേട്ടം. ഹിന്ദുത്വവാദികളുടെ പടനായകനായി നരേന്ദ്ര മോദി പ്രത്യക്ഷപ്പെടുന്നതോടെ ഈ തെരഞ്ഞെടുപ്പ് ജാതിയുദ്ധമായി മാറി. സവർണാടിത്തറ പിടിച്ചെടുക്കാൻ കഴിഞ്ഞ ബി.ജെ.പിക്ക് നരേന്ദ്ര മോദിയിലൂടെ അവർണരിലേക്ക് പ്രത്യേകിച്ച് പിന്നാക്കക്കാരിലേക്ക് പ്രവേശിക്കാനായപ്പോഴാണ് മോദി തരംഗമെന്നോ സൂനാമിയെന്നോ വിശേഷിപ്പിക്കപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റം സാധ്യമായത്.

അതുവഴിയാണ് രാഷ്ട്രത്തിന്റെ നിയന്ത്രണാധികാരം വീണ്ടും പിടിച്ചെടുക്കാൻ സംഘ്പരിവാറിന് കഴിഞ്ഞത്. അത് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കുമേലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിജയമായി. ഭരണകക്ഷിയായിരുന്ന കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടിയ സംസ്​ഥാനങ്ങളിലെല്ലാം കോൺഗ്രസ്​ ദയനീയമായി പരാജയപ്പെട്ടു. തമിഴ്നാടും രാജസ്​ഥാനും ഗുജറാത്തും ഡൽഹിയുംപോലെ വലുതും ചെറുതുമായ പല സംസ്​ഥാനങ്ങളിലും കോൺഗ്രസ്​ പ്രാതിനിധ്യമില്ലാതായി. ഇന്ത്യൻ ദേശീയതയെ ഹിന്ദു ദേശീയത പരാജയപ്പെടുത്തി.

ഹിന്ദുരാഷ്ട്ര നിർമാണത്തിലേക്കുള്ള ശക്തമായൊരു ചുവടുവെപ്പായിരുന്നു ഇത്. മർദിതരായ ന്യൂനപക്ഷ പിന്നാക്ക, ദലിത് ഗോത്രവർഗ സമൂഹങ്ങളും വൈവിധ്യമാർന്ന ജനാധിപത്യ പൊതുയിടങ്ങളുമെല്ലാം വിറങ്ങലിച്ചു നിൽക്കുമ്പോൾ ആ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. കോൺഗ്രസിന്റെ ദേശീയ-രാഷ്ട്രീയ ഘടനയെക്കുറിച്ച് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞത് ബ്രാഹ്മണ–ബനിയ സംഖ്യമെന്നാണ്. മതേതര ജനാധിപത്യ പ്രസ്​ഥാനമെന്ന ഖ്യാതി നിലനിൽക്കുമ്പോഴും ഘടനയുടെ മുകൾത്തട്ടിലുള്ള പരമ്പരാഗത ഭരണവർഗങ്ങളുടെ താൽപര്യങ്ങൾ ഊന്നിയാണ് കോൺഗ്രസ്​ ഇന്ത്യ ഭരിച്ചത്.

കേരളത്തിലെ നായർ–ൈക്രസ്​തവ, കർണാടകത്തിലെ വൊക്കലിംഗ, ഗുജറാത്തിലെ പട്ടേൽ, മഹാരാഷ്ട്രയിലെ മറാത്ത, ആന്ധ്രപ്രദേശിലെ ഖമ്മകളും റെഡ്ഡികളും യു.പിയിലെ ബ്രാഹ്മണരും രജപുത്രരും എന്നിങ്ങനെ ബ്രാഹ്മണണരുടെയും ബ്രാഹ്മണേതര മുന്നാക്കജാതികളുടെയും രാഷ്ട്രീയാടിത്തറയായിരുന്നു അത്. രാഷ്ട്രീയ സംവരണമടക്കം ഭരണഘടനാപരമായി വ്യവസ്​ഥ ചെയ്യപ്പെട്ട പരിരക്ഷാ വ്യവസ്​ഥകളാൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും ന്യൂനപക്ഷാവകാശം ഉറപ്പാക്കപ്പെട്ടതിനാൽ ഹൈന്ദവേതര സമൂഹങ്ങളും കോൺഗ്രസിന്റെ വോട്ടുബാങ്കായി.

എന്നാൽ, ഗുജറാത്തിലെ പട്ടേലുകൾ ബി.ജെ.പിയിലേക്കും മഹാരാഷ്ട്രയിലെ മറാത്തകൾ ശിവസേനയിലേക്കും ആന്ധ്രപ്രദേശിലെ ഖമ്മകളും റെഡ്ഡികളും ടി.സി.വിയിലേക്കുമെല്ലാം ചുവടുമാറ്റുന്നൊരു രാഷ്ട്രീയപ്രക്രിയ രാജ്യത്ത് ആരംഭിച്ചതോടെ കോൺഗ്രസിന്റെ പതനം തുടങ്ങി. മുന്നാക്കാടിത്തറയിൽനിന്നുകൊണ്ട് കോൺഗ്രസ്​ വിജയകരമായി നടപ്പാക്കിക്കൊണ്ടിരുന്ന സവർണ രാഷ്ട്രീയതന്ത്രം അതേ രാഷ്ട്രീയാടിത്തറ സ്വന്തമാക്കി കോൺഗ്രസിനെതിരെ അതിസമർഥമായി ഉപയോഗിക്കുന്നതിൽ ബി.ജെ.പി കാണിച്ച മികവാണ് കോൺഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത്.

എന്നാൽ, ഈ സവർണ രാഷ്ട്രീയതന്ത്രം മറച്ചു​െവച്ച് ബി.ജെ.പി പ്രചരിപ്പിച്ചത് തങ്ങൾ കപട മതേതര രാഷ്ട്രീയത്തെയും ജാതിരാഷ്ട്രീയത്തെയും മറികടന്നാണ് അധികാരത്തിലെത്തിയതെന്ന കള്ളക്കഥയാണ്. മതരാഷ്ട്രവാദത്തെ എതിർക്കുന്നവരെയാണ് ബി.ജെ.പി കപട മതേതരവാദികളെന്ന് വിളിച്ചത്. സവർണ രാഷ്ട്രീയ മേൽക്കോയ്മയെ ചോദ്യംചെയ്യുന്നവരെ ജാതിരാഷ്ട്രീയക്കാർ എന്നും വിളിച്ചു. അതേസമയം, ജാതിയുടെ രാഷ്ട്രീയബലതന്ത്രത്തിലല്ലാതെ പ്രവർത്തിക്കുന്ന പാർട്ടികൾ ഇന്ത്യയിലുണ്ടായിരുന്നില്ല.

കാരണം ജാതിയുടെ പ്രവർത്തനകേന്ദ്രമായി മാറുകമാത്രമല്ല, ജാതി-ഉപജാതി ഉൾപ്പിരിവുകൾ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കുന്നതിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറുകയും ചെയ്തിരുന്നു. ഈ മാറ്റം തിരിച്ചറിഞ്ഞ് അതിൽ ഇടപെടാൻ കഴിയാത്തവർ വിജയിക്കുകയും അല്ലാത്തവർ പരാജയപ്പെടുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയെയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇന്ത്യ കണ്ടത്. കോൺഗ്രസിന്റെ സവർണ രാഷ്ട്രീയ നേതൃത്വത്തെ ബി.ജെ.പിയുടെ അവർണ അഥവാ പിന്നാക്ക രാഷ്ട്രീയ നേതൃത്വം ദയനീയമായി പരാജയപ്പെടുത്തി.

ഹിന്ദുത്വവുമായി സംഖ്യത്തിലായ എൽ.ജെ.പിയും ആർ.പി.ഐയും നിലനിന്നപ്പോൾ നാലുതവണ യു.പി ഭരിച്ച ബഹുജൻ സമാജ് പാർട്ടി ഒരൊറ്റ സീറ്റുപോലും നേടാനാകാതെ തകർന്നടിഞ്ഞു. ദലിതർക്കിടയിലെ ജാദവേതര ജാതികളെ ചേർത്തുപിടിച്ചുകൊണ്ട് സംഘ്പരിവാർ നീക്കം ബി.ജെ.പിയെ ഒരു ജാദവ പാർട്ടിയാക്കി. കാൻഷിറാമിന്റെ ബഹുജൻ സമാജ് രാഷ്ട്രീയം അപ്രസക്തമായി. ഇത്ര വലിയ പരാജയം തനിക്ക് സമ്മാനിച്ച പാർട്ടി ഘടകങ്ങളെയെല്ലാം പിരിച്ചുവിട്ടുകൊണ്ട് ഭ്രാന്തമായി പ്രതികരിക്കുന്ന ബി.എസ്..പി അധ്യക്ഷ മായാവതിയെയാണ് അപ്പോൾ കണ്ടത്. ലിംഗഭേദമുൾപ്പെടെ പരസ്​പരം ഏറ്റുമുട്ടുന്ന ജാതികൾക്കും മതങ്ങൾക്കും ഗോത്രങ്ങൾക്കും ദേശങ്ങൾക്കുമിടയിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ നിശ്ചലരായി.

വർഗരാഷ്ട്രീയത്തിന്റെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെട്ടു. വീണ്ടുമൊരു തിരിച്ചുവരവ് എളുപ്പമല്ലാത്തവണ്ണം ഇടതുപക്ഷത്തിന് അവരുടെ താവളകോട്ടയായിരുന്ന ബംഗാൾ നഷ്​ടമായി. ഒരിക്കൽ വലിയ സ്വാധീനമുണ്ടായിരുന്ന നിരവധി സ്​ഥലങ്ങളിൽ കമ്യൂണിസ്റ്റുകാർ വെറു പ്രത്യയശാസ്​ത്ര സാന്നിധ്യമായി മാറി. ജാതി-ഉപജാതി ഉൾപ്പിരിവുകൾ നിർണയിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ സംഘ്പരിവാർ വിജയത്തെക്കുറിച്ച് നടത്തിയ വിശകലനം മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തിരുന്നുവെങ്കിലും അവർക്കത് പ്രസിദ്ധീകരിക്കാനായില്ല. എന്നാൽ, ഇടതുപക്ഷ രാഷ്ട്രീയത്തെയും ദലിത് രാഷ്ട്രീയത്തെയും കുറിച്ച് നടത്തിയ വിലയിരുത്തൽ ‘പാർശ്വവത്കരിക്കപ്പെട്ട രാഷ്ട്രീയ നിർമിതികൾ’ എന്ന പേരിൽ ‘പച്ചക്കുതിര’ പ്രസിദ്ധീകരിച്ചു.

ദലിത് ൈത്രമാസിക

‘വ്യക്തമായ പ്രത്യയശാസ്​ത്രാടിത്തറയിൽനിന്നും കൃത്യമായ ലക്ഷ്യബോധത്തോടെ, സ്വയം മാറുന്നതിന്, ദലിത് വിരുദ്ധമായ സാമൂഹികനിർമിതിയെ ബോധപൂർവം മാറ്റിത്തീർക്കുന്നതിന്, വർത്തമാനകാലത്തെ വിമർശനാത്മകമായി നോക്കിക്കാണുന്നൊരു പ്രസിദ്ധീകരണം. ദലിതരുടെ ബൗദ്ധികവും രാഷ്ട്രീയവും സാംസ്​കാരികവുമായ നിലവാരത്തിന്റെ സൂചകം.

‘ജനാധിപത്യത്തിന്റെ കീഴാളഭാഷ്യം’ –2016 ജനുവരി 30ന് ദലിത് വായനക്കാരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ എറണാകുളത്തുനിന്ന് പുറത്തിറക്കിയ ദലിത് ൈത്രമാസികയുടെ ആദ്യലക്കത്തിൽ മാസികയെക്കുറിച്ച് എഡിറ്റർ എന്ന നിലയിൽ ഞാൻ എഴുതിയ കുറിപ്പിലെ വാക്കുകളാണിത്. രോഗത്തിൽനിന്ന് ശമനമുണ്ടായപ്പോഴാണ് പ്രായോഗികമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത്. അത് ദലിത് എഴുത്തിന്റെയും ദലിതർക്കിടയിലെ വായനയുടെയും േപ്രാത്സാഹനമായാൽ നന്നെന്നും തോന്നി. ജുഡീഷ്യൽ സർവിസിൽ ജോലി ലഭിച്ച മകളോടൊപ്പം പത്തനംതിട്ട ജില്ലാകോടതി പരിസരത്ത് വാടകവീട്ടിലായിരുന്നു താമസം. പേരക്കുട്ടി കളിക്കൂട്ടായി.

കാൽനൂറ്റാണ്ടിനിടയിൽ കേരളീയ സമൂഹത്തിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്.ദലിത് ചിന്തകരുടെയും എഴുത്തുകാരുടെയും ദലിത് എഴുത്തിന്റെ വായനക്കാരുടെയും ദലിതരെക്കുറിച്ചെഴുതുന്നവരുടെയും ഒരു സമൂഹം ഉണ്ടായി എന്നതാണ്. ആ ധാരണയിൽനിന്നാണ് ദലിത് ൈത്രമാസിക തുടങ്ങുന്നതിന്റെ സാധ്യതയെക്കുറിച്ച് ദലിതരും ദലിത് ആഭിമുഖ്യമുള്ള ചിലരുമായി സംസാരിച്ചത്. ഈ കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതിന് ദലിത് വായനക്കാരുടെയും എഴുത്തുകാരുടെയും ഒരു യോഗം 2015 സെപ്റ്റംബർ 13ന് എറണാകുളം പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ വിളിച്ചുചേർത്തു. എഴുത്തുകാർ ആരും എത്തിയില്ലെങ്കിലും ആക്ടിവിസ്റ്റുകളും വായനക്കാരുമായ 23 പേർ യോഗത്തിൽ പങ്കെടുത്തു.

മുഖ്യധാരാ മാധ്യമങ്ങളിൽ ലഭ്യമായിരിക്കുന്ന ഇടം ഉപയോഗിക്കുന്നതല്ലേ നല്ലത്, ഒരു ൈത്രമാസികയോ മാസികയോ അല്ല പത്രമാണ് വേണ്ടത്, ഇന്റർനെറ്റിന്റെ യുഗത്തിൽ ചാനലിനെക്കുറിച്ചാണ് ആലോചിക്കേണ്ടത് എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ഉയർന്നുവന്നുവെങ്കിലും ൈത്രമാസികക്ക് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഈ യോഗം എത്തിച്ചേർന്നത്. ഈ സാധ്യത എങ്ങനെ വിനിയോഗിക്കാമെന്നതിനെക്കുറിച്ച് ആരായുന്നതിന് ഒക്ടോബർ 27ന് ചേർന്ന രണ്ടാമത്തെ യോഗം ഈ നിഗമനം ശരി​െവച്ചു. നവംബർ 15ന് വീണ്ടും ചേർന്ന യോഗം 2016 ജനുവരിയിൽ മാസിക ഇറക്കുവാൻ തീരുമാനിച്ചു.

14 പേർ മാത്രമാണ് ഈ യോഗത്തിൽ പങ്കെടുത്തത്. പത്രത്തെക്കുറിച്ചും ചാനലിനെക്കുറിച്ചും സംസാരിച്ചവർ അടക്കം ആദ്യയോഗത്തിൽ പങ്കെടുത്ത പലരും പിന്നീട് എത്തിയില്ല. മറ്റുചിലർ എത്തുകയും ചെയ്തു. കുഞ്ഞു പഴന്താറ്റിൽ, സി.എസ്​. മുരളി, ബി. സുനിൽ, വി. പി. സാനു, കെ.എം. സാബു, വി.ഡി. ജോസ്​, കെ.എം. രാജു, കുഞ്ഞൻ വാവ, കുട്ടപ്പൻ നാടുകാണി, ബിജു മാത്യു, ജോൺ വാച്ചാക്കൽ, ഡോ. പി.എസ്​. രഘുത്തമൻ, പി.ടി. അയ്യപ്പൻകുട്ടി, വി. എ. ശശി എന്നിങ്ങനെ ചിലരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഈ തീരുമാനമെടുത്തത്.

ഇന്ത്യയിലെ/കേരളത്തിലെ സംഘടിതവും പ്രബലവുമായ എല്ലാ സമുദായങ്ങളുടെയും പിന്നിൽ സാമുദായികാടിത്തറയിൽ പടുത്തുയർത്തപ്പെട്ട മാധ്യമസ്​ഥാപനങ്ങളുണ്ട്. കാസ്റ്റ് ഹയറാർക്കിയുടെ ഉറപ്പാണിത്. ഇതിനെ നേരിടുവാൻ ദലിതർക്ക് കഴിയണമെങ്കിൽ തങ്ങളുടേതായ മാധ്യമങ്ങളും മാധ്യമസ്​ഥാപനങ്ങളും അനിവാര്യമാണ്. ഒരു നൂറ്റാണ്ടുമുമ്പുതന്നെ ഇത്തരമൊരു പ്രക്രിയയിലേക്ക് കടന്നുവരുവാൻ കേരളത്തിലെ ദലിതർക്ക് കഴിഞ്ഞുവെങ്കിലും പിടിച്ചുനിൽക്കാനായില്ല.

എഴുപതിനുശേഷമുള്ള ദലിതരുടെ രണ്ടാം വരവിനും ഈ അവസ്​ഥ മറികടക്കാനായില്ല. അക്ഷരത്തിന്റെ സംഘടനാശേഷിയും അധികാരശേഷിയും തിരിച്ചറിഞ്ഞ് ഇടപെടാൻ കഴിയാതെപോയൊരു സമൂഹത്തിന്റെ ദുരന്തമാണിത്. അതിനുള്ള ഭൗതികശേഷിയോ, വൈജ്ഞാനികശേഷിയോ ആർജിക്കാൻ ദലിതർക്ക് കഴിയാതെപോയി. എന്നിരിക്കിലും ഈ രംഗത്തുനിന്ന് അവർ ഒരിക്കലും പിന്മാറിയില്ല.

വ്യതിരിക്തമായൊരു സമൂഹമെന്നനിലയിൽ ദലിതർ വളരെയേറെ ജാഗ്രത പുലർത്തേണ്ടൊരു കാലത്താണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്. സാമ്പത്തികശാക്തീകരണം വിഭാവന ചെയ്യപ്പെട്ടതുപോലെ സാമ്പത്തികാസമത്വം ദൂരീകരിക്കുന്നതിലേക്കല്ല നയിച്ചത്, വർധിപ്പിക്കുന്നതിലേക്കാണ്. മതനിരപേക്ഷതയെ മറികടന്ന് ഹിന്ദുത്വവാദികൾ രാഷ്ട്രത്തിന്റെ നിയന്ത്രണാധികാരം പിടിച്ചെടുത്തിരിക്കുന്നു. ദലിതർക്കും സ്​ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾ പെരുകുന്നു. സ്വയം പ്രതിനിധാനം ചെയ്യാനുള്ള ദലിതരുടെ അവകാശം –സംവരണം ചോദ്യംചെയ്യപ്പെടുന്നു.

സ്വതന്ത്രചിന്തകർ ഉന്മൂലനം ചെയ്യപ്പെടുന്നു. ജനാധിപത്യ സ്​ഥാപനങ്ങളെ ഫാഷിസ്റ്റ് പ്രവണതകൾ കീഴടക്കുന്നു. അസഹിഷ്ണുത രാജ്യത്തിന്റെ മുഖമുദ്രയായി മാറുന്നു. ബ്രാഹ്മണ്യശക്തികൾ നഷ്​ടപ്രതാപം വീണ്ടെടുത്ത്, ‘സർവവ്യാപിയായ ദൈവത്തെപ്പോലെ’ രാഷ്ട്രശരീരത്തിൽ പിടിമുറുക്കുന്നു. ജനാധിപത്യത്തിന്റെ കീഴാളധാര മായ്ച്ചുകളയുകയും നാരായണഗുരുവിനെയും അയ്യൻകാളിയെയും അംബേദ്കറെയും ബ്രാഹ്മണ്യത്തിന്റെ വക്താക്കളായി ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നു. സർ​വോപരി ഇന്ത്യൻ ഭരണഘടന ദുർബലമാക്കപ്പെടുന്നു. തീരുമാനിച്ചതുപോലെ 2016 ജനുവരി 30ന് ദലിത് ൈത്രമാസികയുടെ ആദ്യ ലക്കം പുറത്തിറങ്ങി. കവർപേജിന് താഴെയായി ജനാധിപത്യത്തിന്റെ കീഴാളഭാഷ്യം എന്ന കാഴ്ചപ്പാട് വലിയ അക്ഷരങ്ങളിൽ ഉണ്ടായിരുന്നു.

പിന്നീട് മാസികയുടെ പേരിനോടൊപ്പം ചെറിയ അക്ഷരങ്ങളിൽ ഈ കാഴ്ചപ്പാട് കൂട്ടിച്ചേർത്ത് ‘അംബേദ്കർ സംഘ്പരിവാറിലേക്കുള്ള ദലിതരുടെ പാലമാകുമോ?’, ‘ആർ.എസ്​.എസ്​മുക്ത ഭാരതം’ എന്നിങ്ങനെ ഓരോ ലക്കത്തിന്റെ കവർ പേജിലും മുഖ്യ ഉള്ളടക്കം വെളിപ്പെടുത്തി. ഡോ. പ്രദീപൻ പാമ്പിരിക്കുന്ന്, ഡോ. അജയ് ശേഖർ, എം.എം. സോമശേഖരൻ, ഡോ. എം.ബി. മനോജ്, വികാസ്​ പഥക്, ജി. സമ്പത്ത്, സതീഷ് ചേലാട്ട്, ഏകലവ്യൻ ബോധി എന്നിവരുടെ ലേഖനങ്ങളും കെ.കെ. മുരുകേശന്റെ കവിതയും ഈ ലക്കത്തിലുണ്ടായിരുന്നു. ‘രോഹിത് വെമുലക്ക് ഹൃദയപൂർവം’ എന്നതായിരുന്നു ഈ ലക്കത്തിന്റെ ആദ്യത്തെ എഴുത്ത്. ‘വിവേകാനന്ദനും നവബ്രാഹ്മണ്യവും’ എന്ന എന്റെ ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് ഈ ലക്കത്തിലാണ്.

68 പേജുകളാണ് ഉണ്ടായിരുന്നത്. പിന്നീടത് 82 പേജുകളായി മാറ്റിയിരുന്നു. മെച്ചപ്പെട്ട പേപ്പറും കട്ടിയുള്ള കവറും മാസികയുടെ സുരക്ഷിതത്വം ഉറപ്പാക്കി. ഡോ. കെ.എസ്​. മാധവൻ, ഡോ. രത്നമുത്തു സുഗതൻ, വലേറിയൻ റോഡ്രിഗഡ്, ജസ്റ്റിൻ ടി. വർഗീസ്​, അനീഷ് രവി, ടി.കെ. രാജലക്ഷ്മി, ഗെയിൻ ഓംവെദ്, പ്ര. ദോപാൽ ഗുരു, സജ്ജയ് ബാഗ്ഡെ, ജെ. രഘു, കെ.സി. പുരുഷോത്തമൻ, ജയകുമാർ പാറാടി, പ്രശാന്തി കെ. ത്രിവേദി, ബിനു എം. പള്ളിപ്പാട്ട് എന്നിങ്ങനെ കാസ്റ്റ് ഡെമോക്രസിക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്ന ദലിതരും അദലിതരുമായ എഴുത്തുകാരെ ചേർത്തുപിടിച്ചുകൊണ്ടാണ് ഓരോ ലക്കവും ഇറക്കിയത്.

ബിനിൽ പോൾ, വി.എസ്​. സന്ധ്യ എന്നീ ദലിത് റിസർച് സ്​കോളേഴ്സിന്റെയും ആതിര സജി, ആത്മജ എ.ബി എന്നീ വിദ്യാർഥികളുടെയും എഴുത്തുകൾ പ്രസിദ്ധീകരിച്ചു. സർ​വോപരി ഡോ. ബി.ആർ. അംബേദ്കറുടെ കാലികപ്രസക്തമായ എഴുത്തുകളും. ഇത്യോപ്യകൾ നിർമിക്കപ്പെടുന്നത്, രക്ഷകരെ കരുതിയിരിക്കുക, നീതി അകലെയാണ്, ഹിന്ദു ഫാഷിസ്റ്റുകൾ ജനങ്ങളെ സജ്ജമാക്കുന്ന വിധം, ഗോവധ നിരോധനവും ബ്രാഹ്മണ്യാധികാരത്തിന്റെ പുനഃസ്​ഥാപനവും എന്നിങ്ങനെയുള്ള എന്റെ ചില ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത് ഈ മാസികയിലാണ്.

അഞ്ചു ലക്കമേ ഇറക്കാനായുള്ളൂ. ൈത്രമാസിക എന്ന സ്​ഥിതി ആദ്യത്തെ മൂന്നു ലക്കങ്ങളിൽ മാത്രമേ നിലനിന്നുള്ളൂ. അഞ്ചാമത്തെ ലക്കം 2017 നവംബർ 30നാണ് ഇറക്കാൻ കഴിഞ്ഞത്. ആദ്യ ലക്കത്തിൽ മാസികയെക്കുറിച്ചുള്ള കുറിപ്പിൽ സൂചിപ്പിച്ചിരുന്നതുപോലെ, ദലിത് അടിത്തറയിൽ ഒരു പ്രസിദ്ധീകരണം തുടങ്ങിയാൽ നിലനിൽക്കുമോ എന്ന ആശങ്ക തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നു.

കാരണം ആവർത്തിക്കപ്പെടുന്ന പരാജയങ്ങളുടെ ചരിത്രം അതിനുണ്ടായിരുന്നു. എന്നിരുന്നാലും പ്രതിബദ്ധരായ നൂറുപേർ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഒന്നിച്ചുചേർന്നാൽ ഈ ശ്രമം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് കരുതിയിരുന്നത്. അതുണ്ടായില്ലെന്നുമാത്രമല്ല, മാസികയുടെ പ്രവർത്തനം ഏതാനും പേരിലേക്ക് ചുരുങ്ങുകയും ചെയ്തു. അതിനിടയിലും ഇരുനൂറോളം പേർക്ക് മാസിക അയച്ചുകൊടുക്കാനായി എന്നത് വലിയൊരു കാര്യമായിരുന്നു. ദലിതരും അദലിതരുമായ അഭ്യുദയകാംക്ഷികളും വായനക്കാരുമായിരുന്നു അവർ, എന്നിരിക്കലും മാസികയും വരിക്കാരായി ആരിൽനിന്നും പണം വാങ്ങിയിരുന്നില്ല.

അതേസമയം, ഒരുപതിറ്റാണ്ടുമുമ്പ് 1200 രൂപ മുടക്കി ‘ദലിത് ഐക്യശബ്ദം’ കൃത്യമായി ഇറക്കാൻ പാടുപെട്ടൊരു കാലത്തുനിന്ന് വ്യത്യസ്​തമായി 16,000ത്തോളം രൂപ ഓരോ ലക്കത്തിലും വേണ്ടിവന്നിട്ടും സാമ്പത്തികമായൊരു ബുദ്ധിമുട്ട് ഉണ്ടായില്ലെന്നത് മറ്റൊരു നേട്ടമായിരുന്നു. മോൾ സർവിസിലെത്തിയതിനുശേഷം പ്രത്യേകിച്ചും എന്നെ കാണാനെത്തിയ ചിലർ പലപ്പോഴായി പോക്കറ്റിലിട്ടുപോയ പണം 20,000 രൂപയായി മാറിയപ്പോഴാണ് മാസികയെക്കുറിച്ചുള്ള ആലോചന തുടങ്ങിയത്.

മാസികയുടെ വിതരണത്തിന്റെ ചുമതല ഏറ്റെടുത്ത കുഞ്ഞു പഴന്താറ്റിലിനെപ്പോലെ ചിലർ നൂറുശതമാനവും അത് നിർവഹിക്കുന്നതും കണ്ടു. ഒരു വർഷത്തിനകം മാസികയുടെ നടത്തിപ്പിനായി 1000 രൂപ വീതം നൽകിയവർ 15 പേരുണ്ടായിരുന്നു. വി.ടി. അയ്യപ്പൻകുട്ടിയും ഡോ. പി.എസ്​. ഭഗത്തും 5000 രൂപ വീതം നൽകി. വിജയകുമാർ പാറാടിയും ഡോ. വിജയനും 2500 രൂപ നൽകി. രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ അപൂർവമായ അനുഭവങ്ങളുടെ തുടർച്ചയായിരുന്നു ഇത്. ഈ സമയത്ത് ഞാൻ പങ്കെടുത്ത പരിപാടികളിൽ മാസികയുടെ വില നോക്കാതെ പലരും പണം നൽകി.

എറണാകുളത്ത് 2017 ആഗസ്റ്റ് 13ന് നടന്ന എസ്​.സി./എസ്​.ടി. ബാങ്ക് എംപ്ലോയീസിന്റെ സമ്മേളനത്തിൽ 2150 രൂപ ലഭിച്ചപ്പോൾ 2017 ഡിസംബർ 7ന് കാലടി യൂനിവേഴ്സിറ്റിയിൽ നടന്ന പ്രദീപൻ പാമ്പിരിക്കുന്ന് അനുസ്​മരണ സമ്മേളനത്തിൽ 1500 രൂപ ലഭിച്ചു. ദലിത് ഇടങ്ങൾ മാത്രമല്ല, ദലിതേതര ഇടങ്ങളും മാസികക്ക് അന്യമായിരുന്നില്ല എന്നർഥം. എന്നാൽ, എഴുത്തുകളുടെ ലഭ്യത പ്രശ്നമായിരുന്നു. ദലിത് എഴുത്തുകാർ യാഥാർഥ്യമായിരുന്നുവെങ്കിലും ദാർശനികമായെങ്കിലും അതൊരു തൊഴിലായി കാണുന്നവർ വിരളമായിരുന്നു. മുഖ്യധാരയിൽ ഇടമുണ്ട് എന്നതുകൊണ്ട് അറിയപ്പെടുന്ന ദലിത് എഴുത്തുകാർ മാസികയിൽ താൽപര്യം കാണിച്ചതുമില്ല. തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഉയിർത്തെഴുന്നേൽക്കാൻ മാധ്യമരംഗത്ത് നടന്ന ശ്രമം ഒരിക്കൽകൂടി നിലംപൊത്തി.

 

ഒരു പ്രത്യയശാസ്​ത്ര സമരത്തിന്റെ ഓർമ

മനുസ്​മൃതി ചുട്ടെരിച്ചതിന്റെ 30ാം വാർഷിക ദിനത്തിൽ 2019 സെപ്റ്റംബർ 1ന് എറണാകുളത്ത് (ആഗീർഭവൻ) നടന്ന ഓർമ പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്​താവനയിൽ ചൂണ്ടിക്കാണിച്ചിരുന്ന മുഖ്യമായൊരു കാര്യം ഇതായിരുന്നു. ജാത്യാധിഷ്ഠിതമായൊരു സമൂഹമാണ് കേരളം എന്ന് സ്​ഥാപിക്കുകയെന്നത് ദലിതരുടെ ചരിത്രപരമായൊരു ചുമതലയായിരുന്നു.

കാരണം അതത്രമാത്രം ജാതിരഹിതസമൂഹമാണ്. കേരളം എന്ന മിത്തിൽ കുടുക്കപ്പെട്ടിരുന്നു. അത് നിർവഹിക്കുവാൻ കഴിഞ്ഞിരിക്കുന്നു. അതേസമയം ജാതിയില്ലാത്ത കേരളം നിർമിക്കുകയെന്നത് ദലിതരുടെ മാത്രം ചുമതലയല്ല. അവർക്കുമാത്രം സാധ്യമാകുന്ന കാര്യവുമല്ല. പ്രബുദ്ധ കേരളം ഏറ്റെടുക്കേണ്ട ചുമതലയാണ്. നിശ്ചയമായും അത് ചൂണ്ടിക്കാണിക്കുവാനും അത്തരമൊരു ദിശയിലേക്ക് കേരളത്തെ ചലിപ്പിക്കുവാനും ദലിതർക്ക് കഴിയും. ഇവിടെയാണ് മനുസ്​മൃതി ചുട്ടെരിച്ച ഓർമപ്രസക്തമാകുന്നത്.

നിർഭയമായൊരു ചോദ്യം ചെയ്യൽ, സർഗാത്മകമായൊരു പ്രത്യയശാസ്​ത്ര ഇടപെടൽ അതായിരുന്നു –മനുസ്​മൃതി ചുട്ടെരിക്കൽ. മൗലികമായ ചില തത്ത്വങ്ങളും ആദർശങ്ങളും ലക്ഷ്യങ്ങളും അതിനുണ്ടായിരുന്നു. അതൊരിക്കലും വിസ്​മരിക്കപ്പെട്ടില്ല. അതിന്റെ ചലനാത്മകതയുടെ സാക്ഷ്യം കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകൾ തന്നെയാണ്. ഹിന്ദുരാഷ്ട്രവാദികൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള ആർജവം അതിനുണ്ട്.

മനുസ്​മൃതി ചുട്ടെരിച്ചതിനെ ചോദ്യംചെയ്ത ‘പുരോഗമന’ വാദികൾക്കും ഇന്നതിനെ നേരിടാതെ മുന്നോട്ടുപോകാനാവില്ലെന്ന സ്​ഥിതിവന്നിരിക്കുന്നു. മനുസ്​മൃതി ചുട്ടെരിച്ചതിന് നേതൃത്വം നൽകിയ സംഘടന, പങ്കാളികളായവർ, മർദനമേറ്റവർ, തടവിലാക്കപ്പെട്ടവർ, ഭയവിഹ്വലരായി പാഞ്ഞ സ്​ത്രീകളും കുട്ടികളും എല്ലാം ഓർമകളാണ്. ഓർമകൾ പ്രധാനമാണ്. പ്രത്യേകിച്ചും ചരിത്രത്തിൽ ഇടമില്ലാത്തവർക്ക്. ഓർമകളിൽനിന്ന് നിഷ്കാസിതരാകുന്നവർ ചരിത്രത്തിൽനിന്നാണ് നിഷ്കാസികളാകുന്നത്.

അതുപോലെതന്നെ മനുസ്​മൃതി ചുട്ടെരിക്കപ്പെട്ട കാലവും ഓർമപുതുക്കുന്ന കാലവും തമ്മിലുള്ള അന്തരം ഇവ്വിധം വ്യക്തമാക്കിയിരുന്നു. ഈ ഓർമ പുതുക്കൽ ഒരു ചടങ്ങായിരുന്നില്ല എന്നർഥം. ആധുനിക ജനാധിപത്യ സാമൂഹിക ക്രമത്തിനുള്ളിൽ നിലനിൽക്കുന്ന ബ്രാഹ്മണ്യ ആശയലോകത്തിന്റെ അപ്രമാദിത്വത്തിനും അതിന്റെ സാമൂഹിക–രാഷ്ട്രീയ മേൽക്കോയ്മ വ്യവഹാരങ്ങൾക്കുമെതിരായ പ്രത്യയശാസ്​ത്ര സമരമെന്ന നിലയിലാണ് മനുസ്​മൃതി ചുട്ടെരിക്കപ്പെട്ടത്. അധഃസ്​ഥിതരെയും സ്​ത്രീകളെയും അടിച്ചമർത്തുന്ന സവർണമേധാവിത്വത്തിന്റെ നീതിശാസ്​ത്രം മനുസ്​മൃതി ചുട്ടെരിക്കുന്നുവെന്നതായിരുന്നു അതിന്റെ സന്ദേശം.

എന്നാൽ, ഈ സമരം ഓർമിക്കപ്പെടുന്നത് ജാത്യാധിപത്യത്തിനും പിതൃമേധാവിത്വത്തിനുമെതിരായ ബഹുമുഖ പോരാട്ടങ്ങൾക്കിടയിലാണ്. അഥവാ ജാത്യാധികാര ഘടനക്കും പിതൃമേധാവിത്വഘടനക്കും ഉള്ളിൽ ദലിതരും സ്​ത്രീകളും നേരിടുന്ന അസമത്വങ്ങളും അസ്വാതന്ത്ര്യവും അപമാനവും ഇന്നും കേരളം നേരിടുന്ന മൗലികമായ രണ്ട് സാമൂഹികപ്രശ്നങ്ങളാണ് എന്ന തിരിച്ചറിവിനുള്ളിലാണ്. സ്വന്തം ഇണയെ തെരഞ്ഞെടുക്കുവാനുള്ള അവകാശംപോലുമില്ലാത്ത ഒരു സമൂഹത്തെയാണ് മലയാളികൾ ജനാധിപത്യസമൂഹം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സമൂഹത്തിൽ തെരഞ്ഞെടുപ്പും സർക്കാർ രൂപവത്കരണവുമല്ലാതെ ജനാധിപത്യത്തിന് മറ്റൊരർഥവും കൽപിക്കാനാവില്ല.

ജനാധിപത്യതത്ത്വങ്ങളും മൂല്യങ്ങളും നിയമങ്ങളുമെല്ലാം അതിന്റെ അലങ്കാരങ്ങൾ മാത്രമായിരിക്കും. ജാതീയതയും സ്​ത്രീവിരുദ്ധതയും ഉള്ളടക്കവും. ഈ പ്രതിസന്ധി മറികടക്കുവാൻ കഴിയണമെങ്കിൽ ഭരണഘടനാ ധാർമികതയുടെ അടിസ്​ഥാനത്തിൽ കേരളീയ സമൂഹത്തെ പുനർനിർമിക്കേണ്ടതുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹികസ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതുണ്ട്. ജനാധിപത്യത്തെ ഒരു ജീവിത സമ്പ്രദായമാക്കി വ്യാഖ്യാനിക്കേണ്ടതുണ്ട്, ആവിഷ്കരിക്കേണ്ടതുണ്ട്.

വർത്തമാനകാലത്തോട് തുല്യതയുടെ അടിസ്​ഥാനത്തിൽ സംവദിക്കുവാൻ കഴിയാത്ത ഭൂതകാലത്തെ, അതിന്റെ നിർമിതികളെ, സ്​ഥാപനങ്ങളെ –ഗോത്രം, ജാതി, മതം, കുടുംബം എന്നിങ്ങനെ– മറികടന്നുകൊണ്ടേ ഇത്തരമൊരു നീക്കം സാർഥകമാകുകയുള്ളൂ. കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്കരിക്കുകയെന്നാണ് ഇതിനർഥം. അതുതന്നെയായിരുന്നു ഈ ഓർമപ്പെടുത്തലിന്റെ സന്ദേശം (രാഷ്ട്രശരീരത്താകെ വരിഞ്ഞുമുറുക്കുന്ന ഹൈന്ദവ ഫാഷിസത്തിന്റെ കാലത്തായിരുന്നു ഈ ഓർമപുതുക്കൽ. ഹൈന്ദവ ധാർമികതയുടെ മേൽക്കോയ്മക്ക് മുന്നിൽ ഭരണഘടനാ ധാർമികത വെല്ലുവിളിക്കപ്പെടുന്നൊരു കാലത്ത്. ഭരണഘടനാ ധാർമികതയുടെ പരിശീലനത്തിലൂടെയും വ്യാപനത്തിലൂടെയും അതിൽ മുഴുകുന്ന ജനങ്ങളുടെ ജാഗ്രതയിലൂടെയും മാത്രമേ ഈ വെല്ലുവിളി നേരിടാനാകുമായിരുന്നുള്ളൂ.)

ഹൈന്ദവ പുനരുജ്ജീവനവാദം രാജ്യത്ത് സൃഷ്​ടിക്കുവാൻ പോകുന്ന വിപത്തുകൾ തിരിച്ചറിഞ്ഞൊരു പ്രസ്​ഥാനമായിരുന്നു അധഃസ്​ഥിത നവോത്ഥാന മുന്നണി. രാഷ്ട്രത്തിന്റെ നിയന്ത്രണാധികാരത്തിനുവേണ്ടിയുള്ള ഹിന്ദുത്വവാദികളുടെ നീക്കങ്ങൾ ശക്തിപ്പെട്ടു തുടങ്ങിയ ഒരു കാലത്താണ് മനുസ്​മൃതി ചുട്ടെരിക്കപ്പെട്ടത്.

ഓർമ പുതുക്കൽ നടന്നതാകട്ടെ അവർ രാഷ്ട്രശരീരം തങ്ങളുടെ നിയന്ത്രണത്തിലാക്കിയ ഹിന്ദു ഫാഷിസത്തിന്റെ കാലത്തും. അധഃസ്​ഥിത നവോത്ഥാന മുന്നണി അപ്പോൾ ഉണ്ടായിരുന്നില്ല. ദലിത് ഐക്യത്തിനും സാമുദായിക–രാഷ്ട്രീയ ഏകീകരണത്തിനും ശാക്തീകരണത്തിനുമായി പുതുവഴികൾ തേടി അപ്രത്യക്ഷമായിരുന്നു. ആശയങ്ങൾ നിലനിന്നു. സംഘങ്ങൾ നിലനിർത്താനായില്ല. അതിനിടയിലും മുന്നണിയുടെ സ്​ഥാപകാംഗങ്ങളായ ചിലരുമായി നിലനിന്നിരുന്ന ബന്ധങ്ങളും അവരുമായുള്ള ആലോചനകളുമാണ് ഈ ഓർമുപുതുക്കലിൽ എത്തിച്ചത്.

എൻ.കെ. വിജയനും മധു കോളേഴത്തും ബി. സുനിലും കെ.എം. കുഞ്ഞുമോനും ഈ കാര്യത്തിൽ അതീവ താൽപര്യം കാണിച്ചു. ജി. ബാബു സഹകരിച്ചു. മനുസ്​മൃതി കേസിലെ പ്രതികളിലൊരാളായിരുന്നു കെ.വി. രമേശനെയും കുഞ്ഞു പഴന്താറ്റിൽ, കെ.എം. സാബു, കുട്ടപ്പൻ നാടുകാണി, പി.വി. സാനു, ഇ. പി. ജോസഫ്, കുഞ്ഞുവാവ, വി.ടി. സദാനന്ദൻ, കെ.കെ. രവി, മാർഷൽ ഫിലിപ്പ് എന്നിങ്ങനെ ദലിതരും അദലിതരുമായ ചിലരെയും ചേർത്തുനിർത്തിയാണ് ഈ ഓർമപുതുക്കൽ സംഘടിപ്പിക്കപ്പെട്ടത്. ദലിത് ​െറസിഡന്റ്സ്​ കോൺഫറൻസ്​ എന്ന ലേബലിൽ ഞാൻ ചെയർമാനും എൻ.കെ. വിജയൻ കൺവീനറുമായ ഒരു സമിതിയായിരുന്നു സംഘാടകർ. ദുഃഖകരമായൊരു കാര്യം ഇതെഴുതുമ്പോൾ ഇപ്പറഞ്ഞവരിൽ മധുവും കുഞ്ഞൻവാവയും ഇ.പി. ജോസഫും പി.വി. സാനുവും ജീവിച്ചിരിപ്പില്ല എന്നതാണ്.

ഈ ഓർമപുതുക്കൽ ഉദ്ഘാടനം ചെയ്യാനായി ക്ഷണിക്കപ്പെട്ടത് ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരിലൊരാളായ ടീസ്​റ്റ സെറ്റൽവാദായിരുന്നു. എന്നാൽ, ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ആ സമയത്ത് അസമിൽ ഉയർന്നുവന്ന ചില പ്രശ്നങ്ങളിൽ തന്റെ ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിനായി സംഘാടകർ എടുത്തുനൽകിയ വിമാന ടിക്കറ്റിന്റെ വില അവർ തിരികെ നൽകി. അതുപോലെതന്നെ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതിനായി കണ്ടെത്തിയ ‘കേരളത്തിന്റെ ആഭ്യന്തര ജനാധിപത്യവത്കരണം’ എന്ന വിഷയത്തിൽ ആമുഖമായി സംസാരിക്കാൻ ക്ഷണിക്കപ്പെട്ട ഡോ. സുനിൽ പി. ഇളയിടവും പരിപാടിയുടെ തലേന്നാൾ വിളിക്കുമ്പോൾ അസൗകര്യം അറിയിച്ചു; വ്യക്തമായൊരു കാരണവും പറഞ്ഞില്ല, ചോദിച്ചുമില്ല.

 

ദലിത് ത്രൈമാസികയുടെ പ്രകാശന വേളയിൽ കെ.എം. സലിംകുമാർ സംസാരിക്കുന്നു

നേരിട്ടുകണ്ട് പരിപാടിയിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടും അഡ്വ. എ. എക്സ്​. വർഗീസ്​ അടക്കം ക്ഷണിക്കപ്പെട്ട ചിലരും പങ്കെടുത്തില്ല. കേസിൽ ജയിലിലടക്കപ്പെട്ട ജീവിച്ചിരിക്കുന്ന എല്ലാവരെയും ഓർമപുതുക്കലിൽ പങ്കാളികളാക്കുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അതസാധ്യമായിരുന്നു. കാരണം ജയിൽ മോചിതരായവരെല്ലാം അക്കാലത്തുതന്നെ ചിതറി സഞ്ചരിക്കുന്നവരായിരുന്നു.

നാലിലൊന്നോളം പേരെ മാത്രമേ പങ്കെടുപ്പിക്കാനായുള്ളൂ. അവരെ ആദരപൂർവം വേദിയിലിരുത്തിയാണ് പരിപാടി തുടങ്ങിയത്. അവരോടൊപ്പം കെ. വേണു, കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, ഡോ. കെ.എൻ. അജോയ്കുമാർ, ജ്യോതി നാരായണൻ എന്നീ ക്ഷണിക്കപ്പെട്ടവരെയും അധഃസ്​ഥിത നവോത്ഥാന മുന്നണി ചുട്ടെരിച്ചതിന്റെ സാമൂഹിക–രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി എൻ.കെ. വിജയനാണ് സ്വാഗതം പറഞ്ഞത്. ഓർമപുതുക്കലിന്റെ പ്രാധാന്യം എടുത്തുകാട്ടിയും ഉദ്ഘാടകയടക്കം ക്ഷണിക്കപ്പെട്ട ചിലർ പങ്കെടുത്തിരുന്നതിന്റെ മനോവിഷമം ഉള്ളിലൊതുക്കിയുമാണ് അധ്യക്ഷനെന്ന നിലയിൽ ഞാൻ സംസാരിച്ചത്. ‘ഒരു പ്രത്യയശാസ്​ത്ര സമീപനത്തിന്റെ ഓർമ’ എന്ന പേരിൽ നോട്ടീസായും ലഘുലേഖയായും സദസ്സിലും പുറത്തും ഞാൻ സംസാരിച്ച കാര്യങ്ങൾ മുമ്പുതന്നെ വെളിപ്പെട്ടവയായിരുന്നു.

കേരളത്തെ ആഭ്യന്തരമായി ജനാധിപത്യവത്കരിക്കുകയെന്നതായിരുന്നു അതിന്റെ സാരാംശം. പങ്കെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ടീസ്​റ്റ സെറ്റൽവാദ് ഒരു സന്ദേശം അയച്ചുതന്നിരുന്നു. മാർഷലാണ് ഈ സന്ദേശം മൊഴിമാറ്റി വായിച്ചത്. കെ. വേണുവായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. മനുസ്​മൃതി കത്തിക്കുമ്പോൾ ഒരു കാഴ്ചക്കാരനായി എത്തിയ താൻ അറസ്റ്റുചെയ്യപ്പെടുകയായിരുന്നുവെന്ന് പറഞ്ഞ കെ. വേണു ജാതിപ്രശ്നം സംബോധന ചെയ്യുന്നതിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകൾ തികഞ്ഞ പരാജയമായിരുന്നുവെന്ന് സൂചിപ്പിച്ചാണ് തന്റെ നേതൃത്വത്തിലുണ്ടായിരുന്ന സി.ആർ.സി.സി.പി.ഐ. (എം.എൽ) ആണ് ഇക്കാര്യത്തിൽ വ്യത്യസ്​തമായൊരു നിലപാട് മുന്നോട്ടുവെച്ചതെന്നും മനുസ്​മൃതി ചുട്ടെരിക്കുന്നതിന് നേതൃത്വം നൽകിയ എ.എൻ.എം അതിന്റെ ഭാഗമായിരുന്നു എന്നും ചൂണ്ടിക്കാട്ടി.

എൺപതുകളിൽ മഹാരാഷ്ട്രയിലെ ദലിത് പാന്തേഴ്സിൽനിന്നും കുട്ടനാട്ടിൽനിന്നും കിട്ടിയ ജാത്യാനുഭവങ്ങളും അദ്ദേഹം പങ്കു​െവച്ചു. ജാതിമേധാവിത്വത്തിനെതിരായ സമരവുമായി ദലിത് യുവത്വം മുന്നോട്ടുപോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കത്തുനടന്ന പൊലീസ്​ അതിക്രമത്തിനെതിരെ കല്ലറയിൽ നടന്ന പ്രതിഷേധത്തെ എടുത്തുകാട്ടിയാണ് സണ്ണി എം. കപിക്കാട് സംസാരിച്ചത്. കേരളത്തിന്റെ ആഭ്യന്തര ജനാധിപത്യം എന്ന ആശയത്തെ കേന്ദ്രീകരിച്ച് സംസാരിക്കാൻ ശ്രമിച്ചത് ഡോ. അജോയ്കുമാർ മാത്രമായിരുന്നു.

‘ഇതാണ് ഹിന്ദുഫാഷിസം’ എന്ന എന്റെ കൃതി പ്രകാശനം ചെയ്യപ്പെട്ടത് ഈ സമ്മേളനത്തിലായിരുന്നു. ഡോ. അജോയ്കുമാറിന് നൽകി കെ. വേണുവാണ് അത് നിർവഹിച്ചത്. ഇ.വി. ജോസഫ് നന്ദി പറഞ്ഞു. ഹൈന്ദവ ധാർമികത ഭരണഘടനാ ധാർമികതയെ വെല്ലുവിളിക്കുന്ന കാലത്ത് ഭരണഘടന ധാർമികതയുടെ പരിശീലനത്തിലൂടെയും വ്യാപനത്തിലൂടെയും അതിൽ മുഴുകുന്ന ജനങ്ങളുടെ ജാഗ്രതയിലൂടെയും മാത്രമേ ഇന്ത്യൻ/കേരള ജനാധിപത്യത്തിന് മുന്നോട്ടുപോകാനാകൂ. അവിടെ നിശ്ചയമായും ആഭ്യന്തര ജനാധിപത്യം ചർച്ചചെയ്യേണ്ടി വന്നു.

(തുടരും)

News Summary - km salim kumar biography