Begin typing your search above and press return to search.
proflie-avatar
Login

രോഗത്തിന്റെ പിടിയിൽ

രോഗത്തിന്റെ പിടിയിൽ
cancel

ആധുനിക വൈദ്യശാസ്​ത്രത്തിന്റെ മികവും രോഗിയുടെ ഇച്ഛാശക്തിയും ചേരുന്നിടത്ത് കാൻസർ രോഗത്തെ പൊരുതി ജയിച്ചവരുടെ കഥയും ഒരു ഡോക്ടർക്ക് പറയാനാകും. എന്നാൽ, എന്നെപ്പോലൊരു രോഗിയുടെ അനുഭവം അതായിരുന്നില്ല. അവിടെ ജീവിച്ചിരിക്കുന്നവരില്ല, മരിച്ചവരേയുള്ളൂ. രോഗം തന്നെ തേടിയെത്തിയതിനെക്കുറിച്ച് എഴുതുന്നു. സ്വത്വ രാഷ്ട്രീയത്തിനെതിരായ ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്​ത്ര-രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാനാവുന്നില്ലെങ്കിൽ സംവരണമേധാവിത്വത്തിനും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ദലിതർക്ക് കഴിയാതെവരുമെന്ന...

Your Subscription Supports Independent Journalism

View Plans
ആധുനിക വൈദ്യശാസ്​ത്രത്തിന്റെ മികവും രോഗിയുടെ ഇച്ഛാശക്തിയും ചേരുന്നിടത്ത് കാൻസർ രോഗത്തെ പൊരുതി ജയിച്ചവരുടെ കഥയും ഒരു ഡോക്ടർക്ക് പറയാനാകും. എന്നാൽ, എന്നെപ്പോലൊരു രോഗിയുടെ അനുഭവം അതായിരുന്നില്ല. അവിടെ ജീവിച്ചിരിക്കുന്നവരില്ല, മരിച്ചവരേയുള്ളൂ. രോഗം തന്നെ തേടിയെത്തിയതിനെക്കുറിച്ച് എഴുതുന്നു.

സ്വത്വ രാഷ്ട്രീയത്തിനെതിരായ ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്​ത്ര-രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാനാവുന്നില്ലെങ്കിൽ സംവരണമേധാവിത്വത്തിനും സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ദലിതർക്ക് കഴിയാതെവരുമെന്ന വിലയിരുത്തലുണ്ട്. വിഭാഗീയമെന്ന് തോന്നാവുന്നൊരു ഈ തലം ദലിത് സ്വത്വവാദത്തിനുണ്ടെങ്കിലും ദലിത് പ്രവർത്തനമണ്ഡലം വേറിടലിേന്റതല്ല, പാരസ്​പര്യത്തിന്റേതാണ്. ‘ദലിത് പ്രതിവാദത്തിന്റെ പ്രത്യയശാസ്​ത്രം’ എന്ന ലേഖനത്തിൽ 2006ൽ ഞാൻ ചൂണ്ടിക്കാണിച്ചിരുന്നു. ദലിത് സ്വത്വം വംശീയമായൊരു സ്​മൃതിമണ്ഡലമല്ലെന്നും ഗോത്രപ്പകയുടെ പുനരുൽപാദന കേന്ദ്രമല്ലെന്നും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ചിന്തകൾക്ക് അപ്രാപ്യമാണെങ്കിൽ ഈ സ്വത്വവാദം ഉപേക്ഷിക്കേണ്ടതാണെന്നും വ്യക്തമാക്കിയിരുന്നു. ദലിത് സ്വത്വവാദം മനുഷ്യൻ എന്ന പ്രത്യയശാസ്​ത്ര സങ്കൽപത്തിന് വിരുദ്ധമല്ല, അത് ദലിതരുടെ മാർഗമാണ്.

കെ.ഡി.എം.എസ് നടത്തിയ ഏറ്റവും ശ്രദ്ധേയമായൊരു സാമൂഹിക ഇടപെടലായിരുന്നു ദേവസ്വം നിയമനം പി.എസ്​.സിക്ക് വിടുക, ദേവസ്വം ബോർഡ് ഭേദഗതിബിൽ നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി 2010 ജൂലൈ 10ന് തൃപ്പൂണിത്തുറയിലേക്ക് നടത്തിയ മാർച്ചും ധർണയും. അച്യുതാനന്ദൻ സർക്കാർ ദേവസ്വം ബോർഡ് സ്​ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കുകയായിരുന്നു. ഈ സ്​ഥാപനങ്ങൾ പാരമ്പര്യമായി കൈയടക്കി​െവച്ചിരിക്കുന്ന ജാതിഹിന്ദുക്കൾക്ക് സ്വീകാര്യമായ ഒരു തീരുമാനമായിരുന്നില്ല ഇത്. ബില്ലിനെ എതിർത്തുകൊണ്ട് എൻ.എസ്​.എസ്​ രംഗത്തുവന്നതോടെ സവർണഹിന്ദുക്കൾ ഉണർന്നു. അവർണ ഹിന്ദുക്കളെ അവർ ഉണർത്തി. ഹിന്ദുവിരുദ്ധ ബില്ലെന്നും ക്ഷേത്രധ്വംസന ബില്ലെന്നുമാണ് സവർണ ഹിന്ദുക്കളും ഹൈന്ദവ സംഘടനകളും ബില്ലിനെ വിശേഷിപ്പിച്ചത്. ബിൽ നിയമമായാൽ കമ്യൂണിസ്റ്റുകളും അഹിന്ദുക്കളും ദേവസ്വം ഭരണം കൈയടക്കുമെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ടുകൊണ്ട് ഹിന്ദുത്വവാദികൾ രംഗത്തുവന്നു. അവരുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ 2010 ഏപ്രിൽ 13ന് കേരള ഗവർണർക്ക് സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞിരുന്നത് ബിൽ ഭരണഘടനയുടെ 25, 26 വകുപ്പുകൾക്ക് എതിരാണെന്നും മതസ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നതാണെന്നുമാണ്. 2010 ഏപ്രിൽ 19ന് ഹൈന്ദവ സംഘടനകൾ നടത്തിയ ഉപവാസസമരത്തിൽ പങ്കെടുത്തുകൊണ്ട് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരൻ പറഞ്ഞത് മതേതര ജനാധിപത്യ സർക്കാറിന് ക്ഷേത്രഭരണം ഏറ്റെടുത്ത് നടത്താനുള്ള അവകാശമില്ലെന്നാണ്.

ലജ്ജാകരമായൊരു കാര്യം കേരളത്തിലെ പിന്നാക്ക-പട്ടികജാതി-പട്ടികവർഗ സംഘടനകൾ ദേവസ്വം ബോർഡ് നിയമനം പി.എസ്​.സിക്ക് വിടാനുള്ള സർക്കാർ നീക്കത്തിനെതിരെ സവർണഹിന്ദുക്കളുടെ പക്ഷം ചേർന്നുവെന്നതാണ്. ജാതിവ്യവസ്​ഥക്ക് ഭംഗമുണ്ടാക്കുന്ന ഏതൊരു നീക്കത്തെയും മനുവാദികൾ ചോദ്യംചെയ്യുക സ്വാഭാവികമായിരുന്നു. അതവരുടെ ചരിത്രദൗത്യവുമാണ്. ആർ.എസ്​.എസും ഹിന്ദു ഐക്യവേദിയും പോലുള്ള സംഘടനകൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത് ഈ ദൗത്യമാണ്. ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗ്രതാ സമിതി, ക്ഷേത്ര സംരക്ഷണ സമിതി, കേരള വിശ്വകർമ സഭ, അഖില കേരള വീരശൈവ സഭ എന്നീ സംഘ്പരിവാർ-സവർണ-മുന്നാക്ക സംഘടനകളോടൊപ്പം ചേരുമ്പോൾ കേരള പുലയർ മഹാസഭ, ഹിന്ദു സംവേദ മഹാസഭ, ഹിന്ദു ചേരമൻ സംഘം, പണ്ഡിറ്റ് കറുപ്പൻ സാംസ്​കാരിക വേദി, കേരള ചേരമർ സർവിസ്​ സൊസൈറ്റി, കേരള മണ്ണാൻ മഹാസഭ, നാഷനൽ ആദിവാസി ഫെഡറേഷൻ, കേരള ചേരമൻ സംഘം, സാധുജന സേവാ സംഘം, ദേശീയ പട്ടികജാതി-പട്ടികവർഗ ഐക്യവേദി ഭാരതീയ വേലൻ സൊസൈറ്റി തുടങ്ങിയ ദൗത്യംതന്നെയാണ്.

ബില്ലിനെതിരായ പ്രക്ഷോഭത്തിൽ പങ്കാളികളായ ഒ.ബി.സി-എസ്​.സി-എസ്​.ടി സംഘടനകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സവർണ മേൽക്കോയ്മക്കു കീഴിൽ ജീവിക്കുവാനുള്ള തങ്ങളുടെ സമ്മതം അറിയിക്കുകയായിരുന്നു. ഈ പ്രക്ഷോഭത്തിന്റെ മുന്നോടിയായി 2010 ഏപ്രിൽ 3, 4 തീയതികളിൽ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന ഹൈന്ദവ സമ്മേളനം ഉദ്ഘാടനം ചെയ്തത് കെ.പി.എം.എസ്​ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആയിരുന്നു. എസ്​.എൻ.ഡി.പിയും കെ.ഡി.എം.എസുംപോലെ ചില സംഘടനകൾ ബില്ലിനെ അനുകൂലിച്ചുവെങ്കിലും പിന്നാക്ക-എസ്​.സി./എസ്​.ടി സംഘടനകൾ ബില്ലിനെതിരെ രംഗത്തുവന്നതോടെ സർക്കാറിന് ബിൽ പിൻവലിക്കേണ്ടിവന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കികൊണ്ട് 2010 ജൂലൈ 7ന് എസ്​.എൻ.ഡി.പി യോഗം മുഖപത്രമായ ‘യോഗനാദം’ ആവശ്യപ്പെട്ടതനുസരിച്ച് ‘ദേവസ്വം ബോർഡ് സ്​ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കുക’ എന്ന ലേഖനം എഴുതി.

ഇതിനിടയിൽ ഒമ്പതു ജില്ലകളിൽ കമ്മിറ്റികൾ രൂപവത്കരിക്കുവാനുള്ള തീരുമാനം എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നടപ്പാക്കാൻ കഴിഞ്ഞു. കൊല്ലത്ത് ജില്ല കമ്മറ്റി രൂപവത്കരണത്തിന്റെ മുന്നോടിയായി ജില്ല സംഘാടക സമിതി ഉണ്ടാക്കി. എറണാകുളം ജില്ലയിൽ വൈപ്പിൻ, പറവൂർ, തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റികൾ രൂപവത്കരിച്ചു. വളഞ്ഞങ്ങാട്ട് ഭൂപ്രശ്നവും പാരിസ്​ഥിതിക പ്രശ്നവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലും തൊടുപുഴയിൽ പുറമ്പോക്ക് ഭൂമി കൈയേറ്റത്തിനും പുഴ മലിനീകരണത്തിനുമെതിരെ ജനകീയ കൂട്ടായ്മയുമായി ചേർന്ന് ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലും മതവിവേചനത്തിനെതിരെ ന്യൂനപക്ഷങ്ങളോടൊപ്പം നിലനിൽക്കുമ്പോൾതന്നെ മതനിന്ദയുടെ പേരിൽ പ്രഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ താലിബാൻ മോഡൽ നടപടിക്കെതിരെ തൊടുപുഴയിൽ ഇതേ കൂട്ടായ്മയുമായി ചേർന്ന് നടത്തിയ പ്രതിഷേധ പ്രവർത്തനവുമെല്ലാം കെ.ഡി.എം.എസ് മുന്നോട്ടു​െവച്ച സാമുദായിക രാഷ്ട്രീയ വീക്ഷണത്തിന്റെ പ്രതിഫലനങ്ങളായിരുന്നു.

ചെങ്ങറ സമരം ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ നടത്തിയ വഞ്ചനാപരമായ നടപടികൾ തുറന്നുകാണിക്കുക മാത്രമല്ല, സമരത്തെ സാമുദായ പ്രശ്നമായി നോക്കിക്കാണാൻ കഴിയാതെപോയ സമരനേതൃത്വത്തിന്റെ പരിമിതിയും വീക്ഷണവൈകല്യവും സങ്കുചിത താൽപര്യവും വിലയിരുത്തപ്പെടുകയും ചെയ്തു. 2010 ഒക്ടോബർ 23ന് ‘ചെങ്ങറസമരം വിജയമോ പരാജയമോ’ എന്ന സംവാദം പത്തനംതിട്ടയിൽ സംഘടിപ്പിച്ചു. ആറളം ആദിവാസി ഭൂമി പിടിച്ചെടുത്ത് കമ്പനിയാക്കരുതെന്നും ആറളം ഉൾപ്പെടെ ആദിവാസി അധിവാസകേന്ദ്രങ്ങൾ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തി പട്ടികവർഗ പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. വർക്കലയിൽ പ്രഭാതസഞ്ചാരത്തിനിറങ്ങിയ മധ്യവയസ്​കനെ വകവരുത്തിയ ഡി.എച്ച്.ആർ.എമ്മിന്റെ വംശീയ രാഷ്ട്രീയത്തെ കെ.ഡി.എം.എസ് അപലപിച്ചു. ഇത്തരം അക്രമപ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പുലർത്തുവാൻ സമുദായത്തെ ഉദ്ബോധിപ്പിച്ചു. അതേസമയം, വർക്കല സംഭവം എടുത്തുകാട്ടി ദലിത് പ്രവർത്തനമണ്ഡലത്തിന്റെ മേൽ തീവ്രവാദമുദ്ര ചാർത്താനുള്ള ഇടതുപക്ഷ നീക്കത്തെ ചോദ്യംചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തു.

തിരുവല്ല മത്തായി പെണ്ണല ഭവനിൽ 2010 ജൂലൈ 10, 11 തീയതികളിൽ കെ.ഡി.എം.എസിന്റെ രണ്ടാമത്തെ സംസ്​ഥാന പഠന ക്യാമ്പ് നടന്നു. സമകാലിക കേരള രാഷ്ട്രീയ ദലിത് വീക്ഷണത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്, പ്രസിദ്ധീകരണം, മെംബർഷിപ് വിതരണം, സംഘടന കെട്ടിപ്പടുക്കൽ, കെ.ഡി.എം.എസ്​ ഒന്നാം വാർഷികം എന്നിവ അജണ്ടയായിരുന്നു. 2010 ആഗസ്റ്റ് 28ന് വടക്കൻ പറവൂരിൽ ഒന്നാം വാർഷിക സമ്മേളനവും അയ്യൻകാളി ജന്മദിനാഘോഷവും നടത്താൻ തീരുമാനിച്ചു. ആഗസ്റ്റ് 10ന് തൃപ്പൂണിത്തുറയിൽ ചേർന്ന സംസ്​ഥാന കമ്മിറ്റി കെ.ഡി.എം.എസിന്റെ മുഖപത്രമായി ‘സമുദായം’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ആരംഭിക്കുവാൻ തീരുമാനിച്ചു. വാർഷിക സമ്മേളനത്തിൽ പ്രകാശനം ചെയ്യുവാനായിരുന്നു ധാരണ. മറ്റുചില കാര്യങ്ങൾപോലെ നടക്കാതെ പോയൊരു കാര്യമായിരുന്നു അത്.

ആഗസ്റ്റ് 28ന് വടക്കൻ പറവൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ കെ.ഡി.എം.എസ്​ എറണാകുളം ജില്ല പ്രസിഡന്റ് സി.എസ്​. മുരളിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക സമ്മേളനം സംസ്​ഥാന പ്രസിഡന്റ് കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.കെ. ജ്യോതിവാസ്​ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി എന്നനിലയിൽ ഞാൻ ദലിത് സമുദായ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ഉച്ചക്കുശേഷം നടന്ന അയ്യൻകാളി അനുസ്​മരണ സമ്മേളനം ‘ദലിത് സമുദായ രൂപവത്കരണം പ്രശ്നങ്ങളും സാധ്യതകളും’ എന്ന വിഷയം ചർച്ച ചെയ്തു. വിഷയാവതാരകനായി നിശ്ചയിക്കപ്പെട്ട എനിക്കും അംബുജാക്ഷനും കൊച്ചിനും സണ്ണി എം. കപിക്കാടിനുമൊപ്പം ചർച്ചയിൽ പങ്കെടുക്കാനായി പ്രഫ. ടി.എം. യേശുദാസ്​, എസ്​. ജോസഫ്, സൈമൺ ജോൺ, വി.പി. സ്വാമിരേഖാ രാജ്, അഡ്വ. പീത എന്നിവരെ ക്ഷണിച്ചിരുന്നുവെങ്കിലും ആരും എത്തിയില്ല.

കേരളത്തിലെ സാമുദായിക രാഷ്ട്രീയ ചലനങ്ങളെ വസ്​തുനിഷ്ഠമായി അപഗ്രഥിക്കുകയും അതിലിടപെടാനുള്ള ധൈഷണികശേഷി പ്രകടിപ്പിക്കുകയും ചെയ്ത ഒരു സംഘടനയെന്ന നിലയിൽ എന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ സുപ്രധാനമായ ഒരു അധ്യായമായിരുന്നു കെ.ഡി.എം.എസ്​ അസാധ്യമായൊരു ദൗത്യത്തിന്റെ ഏറ്റെടുക്കൽ. അതെത്രമാത്രം മുന്നോട്ടുകൊണ്ടുപോകാനായി എന്നതിനേക്കാൾ അതേറ്റെടുക്കാനായി എന്നതായിരുന്നു അതിന്റെ മഹത്വം. എന്നാൽ, ഒന്നാം വാർഷികസമ്മേളനത്തിൽ അവതരിപ്പിച്ച ദലിത് സമുദായ രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നതുപോലെ വ്യക്തമായൊരു സാമുദായിക രാഷ്ട്രീയ കാഴ്ചപ്പാട് മുന്നോട്ടുവെക്കാനും പ്രായോഗികപദ്ധതികൾ ആവിഷ്കരിക്കാനും കഴിഞ്ഞുവെങ്കിലും അതേറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായൊരു സംഘടനാ സംവിധാനമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു.

പ്രായോഗിക രംഗത്തെന്നതുപോലെ ബൗദ്ധികരംഗത്തും ദീർഘകാലമായി പ്രവർത്തിക്കുന്നവരെയാണ് ദലിത് മഹാസഭയിലൂടെ സംസ്​ഥാന നേതൃത്വമായി തിരഞ്ഞെടുത്തതെങ്കിലും അവരിൽ ഭൂരിപക്ഷം നേതാക്കളും ഒരിക്കൽപോലും സംസ്​ഥാന കമ്മിറ്റിയിൽ പങ്കെടുത്തില്ല. സംഘടനാ പ്രവർത്തനങ്ങളിൽ സഹകരിച്ചില്ല. ക്യാമ്പുകളിൽ എത്തിയില്ല. ഇങ്ങനെ മാറിനിന്നവരിൽ ഭൂരിഭാഗവും കെ.ഡി.പി നേതാക്കളായിരുന്നു. ഒരു വർഷത്തിനുള്ളിൽതന്നെ ശ്രീരാമൻ കൊയ്യോനും അദ്ദേഹത്തോടൊപ്പമുള്ളവരും സംഘടന വിട്ടു. വ്യക്തികളെന്ന നിലയിൽ സംഘടനയിലെത്തിയ കൊച്ചിനോടും സണ്ണി എം. കപിക്കാടിനോടുമൊപ്പം ഒരാൾപോലും സംഘടനയിലെത്തിയില്ല. എങ്കിലും കൊച്ച് വാക്കുപാലിച്ചു. നടന്ന പ്രവർത്തനങ്ങളിലെല്ലാം ഒന്നിച്ചുനിന്നു.

ഇത്തരമൊരു പശ്ചാത്തലത്തിൽ മഹാസഭയുടെ കാഴ്ചപ്പാടുകൾ നേതൃത്വത്തിലുള്ള എത്രപേർ ഉൾക്കൊണ്ടിട്ടുണ്ടെന്നും സംഘടനകളും വ്യക്തികളും തനത് സംഘടനകളുടെ അസ്​തിത്വത്തിനും വ്യക്തിഗത പ്രവർത്തനങ്ങൾക്കുമപ്പുറം സഭയുടെ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ എത്രമാത്രം ഉത്സുകരാണെന്ന വസ്​തുതയും ആത്മപരിശോധനാപരമായി വിലയിരുത്തണമെന്ന് സമുദായ രാഷ്ട്രീയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴും കേരളത്തിലെ ദലിത് മുന്നേറ്റത്തിന് ദലിത് മഹാസഭ പോലൊരു സാധ്യതയില്ലാത്ത, മറ്റൊന്നും നിലനിൽക്കുന്നില്ലെന്ന തിരിച്ചറിവിന് മങ്ങലേറ്റില്ല. പ്രതിസന്ധികളെ മറികടക്കാനാവുമെന്ന ബോധ്യമുണ്ടായിരുന്നു. ഒരു വിജയവും അന്തിമമല്ലെന്നതുപോലെ ഒരു പരാജയത്തെയും അന്തിമമായി കണ്ടില്ല. ആത്മവിശ്വാസവും ധൈര്യവുമാണ് പ്രധാനമെന്നും കരുതിയിരുന്നു. അപ്പോഴാണ് എല്ലാ പ്രതീക്ഷകളും അസ്​ഥാനത്താക്കി കൂട്ടുകാരിയെ തേടിയെത്തിയ മഹാരോഗം എന്നെയും തേടിയെത്തിയത്.

കാർന്നുതിന്നുന്ന കാൻസർ രോഗത്തിന്റെ തീരാനൊമ്പരങ്ങളിൽ നിസ്സഹായയായിത്തീർന്ന കൂട്ടുകാരിയെ തടവി വേദന പങ്കിടാനാകുമായിരുന്നെങ്കിലെന്ന് ഒരിക്കൽ സമാധാനിപ്പിച്ചിരുന്നു. അത്തരമൊരു സമാധാനവാക്കുമായി കൂട്ടിരിക്കേണ്ടയാൾ അരികിലില്ലാതെ പോയതിന്റെ പിന്നാലെ അതേ മഹാവ്യാധി എന്നെയും തേടിയെത്തുമെന്ന് വിചാരിച്ചില്ല. 2010ലെ വേനൽക്കാലത്ത് പൊള്ളുന്ന ജീവിതാനുഭവമായി കാൻസർ എന്നിലും പ്രത്യക്ഷപ്പെട്ടു. ഞെട്ടലും ഉത്കണ്ഠകളും മനസ്സിലൊളിപ്പിച്ച് പതിവു പൊട്ടിച്ചിരിയോടെ രക്തബന്ധുക്കളോടും ആത്മബന്ധങ്ങളോടും സൗഹൃദങ്ങളോടും വിളിച്ചുപറഞ്ഞു, ‘‘എന്നെയും കാൻസർ പിടികൂടിയിരിക്കുന്നു.’’ മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ മരണങ്ങളുടെ ഘോഷയാത്രയിൽ രോഗത്തിന് കീഴടങ്ങാൻ വിസമ്മതിക്കുന്ന പ്രിയതമയുടെ ഓർമകൾ നൽകുന്ന ആത്മബലം അതിന്റെ പിന്നിലുണ്ടായിരുന്നു.

ആദ്യം പറഞ്ഞവരിൽ ഒരാൾ കെ. വേണു ആയിരുന്നു. അടുത്തദിവസംതന്നെ ഡോക്ടറെ കാണാനും അത് ഡോ. വി.പി. ഗംഗാധരനാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വേണുവിന്റെ ഭാര്യ മണിച്ചേച്ചി അപ്പോൾ ഗംഗാധരന്റെ ചികിത്സയിലായിരുന്നു. അതുതന്നെയായിരുന്നു എന്റെ മനസ്സിലും. വീണ്ടുമൊരു വിദഗ്ധാഭിപ്രായത്തിനായി ആനന്ദയുടെ രോഗവിവരങ്ങളുമായി ഗംഗാധരനെ കണ്ടിരുന്നതാണ്. അദ്ദേഹം പറഞ്ഞതുപോലെയാണ് പിന്നീട് സംഭവിച്ചത്. ഫാ. സെബാസ്റ്റ്യൻ കിഴക്കേക്കൂറ്റിനെ വിവരമറിയിച്ചപ്പോൾ ‘സലിംകുമാർ ജീവിച്ചിരിക്കേണ്ട ആളാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവരമറിഞ്ഞ സമയം മുതൽ ചികിത്സയുടെ മുഴുവൻ കാലത്തും എല്ലാ ദിവസവും എന്നപോലെ പണത്തെക്കുറിച്ചോർത്ത് സഖാവ് വിഷമിക്കരുതെന്ന് ഓർമിപ്പിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. കോതമംഗലം സ്വദേശി വി.കെ. ചിത്തരഞ്ജൻ ചികിത്സ ആരംഭിച്ചപ്പോൾ എറണാകുളത്തുതന്നെ താമസം ഉറപ്പാക്കാൻ അമേരിക്കൻ പൗരൻകൂടിയായ കൈപ്പുഴ സ്വദേശി സണ്ണി കാവിൽ േപ്രരിപ്പിച്ചു. കാൻസർപോലൊരു മഹാരോഗത്തെ ചെറുക്കാനുള്ള ഭൗതികശേഷിയോ കുടുംബബന്ധങ്ങളോ ഇല്ലാതിരുന്ന എനിക്ക് സാമൂഹികബന്ധങ്ങൾ തുണയായി.

രോഗം തിരിച്ചറിയുകയെന്നത് നിർണായകമാണ്. അതിന്റെ ഘട്ടം ഏതാണെന്നറിയുന്നതും. താരതമ്യേന നേരത്തേ രോഗം കണ്ടെത്തുവാനും വിദഗ്ധ ചികിത്സ ആരംഭിക്കുവാനുമായി എന്നതായിരുന്നു ആശ്വാസം. അതിജീവനത്തിന്റെ പിടിവള്ളിയായിരുന്നു അത്. കൈവിട്ടുപോകുന്ന മനസ്സിനെ അതിലുടക്കാനായി രോഗത്തോടുള്ള ഭീതിയില്ലായിരുന്നുവെങ്കിൽ കുറച്ചുകൂടി നേരത്തേ അത് തിരിച്ചറിയാമായിരുന്നു. കാൻസർ മരണത്തെക്കുറിച്ചുള്ള ഓർമയായിരുന്നു. നിരവധി കാൻസർ രോഗികളെ കണ്ടുവെങ്കിലും അവരിൽ ജീവിച്ചിരിക്കുന്ന ആരെയും കണ്ടില്ല. എനിക്കു പിന്നാലെ കാൻസർ പിടിച്ച അച്ഛന്റെ ഇളയ സഹോദരൻ ചാരന്റെ രോഗവാർത്തയും മരണവാർത്തയും തമ്മിൽ ഏറെ അകലമുണ്ടായിരുന്നില്ല.

രോഗത്തിന്റെ മുന്നറിയിപ്പ് നേരത്തേ തന്നെയുണ്ടായില്ല. എറണാകുളം കടവന്ത്രയിൽ കൃഷ്ണ ക്ലിനിക്കിലെ സുഹൃത്തായ ഡോ. ആന്റണിയെ കണ്ട് ചില ശാരീരികബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ മെഡിസിനോടൊപ്പം ഒരുമാസം കഴിഞ്ഞ് കാണണമെന്ന് പറഞ്ഞിരുന്നതാണ്. കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ കുറച്ചുകൂടി നേരത്തെ രോഗത്തെക്കുറിച്ച് അറിയുവാൻ കഴിയുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. വിട്ടുമാറാത്ത പല്ലുവേദനയും വായിലെ അസ്വസ്​ഥതകളും വിശപ്പില്ലായ്മയും ശരീരശോഷണവും ഉച്ചമയങ്ങുമ്പോൾ ഇടക്കിടക്ക് എത്തുന്ന പനിയും കുളിരുമെല്ലാം മുന്നറിയിപ്പുകളായിരുന്നു. പല്ലുവേദന ജീവിതത്തിൽ പുതുമയുള്ള കാര്യമല്ലാതിരുന്നതിനാൽ വകവെച്ചില്ല. ഈ പല്ലുവേദനയുമായിട്ടാണ് കെ.ഡി.എം.എസിന്റെ ഒന്നാം വാർഷിക സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്ക് മുൻകൈയെടുത്തത്.

നവജനാധിപത്യ പ്രസ്​ഥാനം എറണാകുളത്ത് നടത്തിയ മുസ്‍ലിം സാഹോദര്യ സമ്മേളനത്തിൽ പങ്കെടുത്തശേഷം അവിടെതന്നെ തങ്ങിയ രാത്രിയിൽ ഉറങ്ങാനായില്ല. കോഴിക്കോട്ടുകാരനായ സഖാവ് ദിവാകരനുമുണ്ടായിരുന്നു. വേദന സംഹാരിയുടെ സഹായത്താൽ പല്ലുവേദന കടിച്ചമർത്തിക്കൊണ്ടായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘നെഗ്രിറ്റ്യൂഡ്’ എന്ന പംക്തിയിലെ അവസാനത്തെ ലേഖനങ്ങൾ തയാറാക്കിയത്. പഴുതാരപോലെ രണ്ടുതവണ മൂക്കിലൂടെ ഊർന്നിറങ്ങിയ നിറം മാറി കട്ടിപിടിച്ച രക്തം രഹസ്യമാക്കി​െവച്ചു. കടുത്തുരുത്തിയിലെ കെ. കെ. കൊച്ചിന്റെ വീട്ടിൽ​െവച്ചായിരുന്നു ആദ്യത്തെ അനുഭവം. കൊച്ചിനോടും ഉഷയോടും പറഞ്ഞില്ല. ഇടതു കണ്ണിനെ താങ്ങിനിർത്തുന്ന എല്ലിനോട് ചേർന്ന് അമർത്തിയാൽ വേദന തോന്നുന്നൊരു തടിപ്പ് രൂപപ്പെട്ട വിവരം മകളോട് പറഞ്ഞുവെങ്കിലും പല്ലുവേദനയുടെ ഭാഗമാണെന്ന് കരുതുവാനായിരുന്നു ഇഷ്​ടം. കാൻസറിനെക്കുറിച്ച് അറിയാഞ്ഞിട്ടല്ല, കാൻസറാണെന്ന് അറിഞ്ഞാലോ എന്ന ഭയമായിരുന്നു മനസ്സിൽ.

ആനന്ദയുടെ രോഗകാലത്ത് വീട് പാർപ്പില്ലാത്ത ഇടമായി മാറിയിരുന്നു. അമ്മയില്ലാത്ത വീട് മകൾക്കെന്നപോലെ എനിക്കും ഒറ്റക്ക് താമസിക്കാൻ കഴിയാത്ത സ്​ഥലമായി. രണ്ടു വർഷത്തോളം വേണ്ടിവന്നു ആ സ്​ഥിതി മറികടക്കാൻ. ഇടക്കിടക്ക് വീട്ടിൽ ഒറ്റക്ക് താമസിച്ചുതുടങ്ങി. വിളവെടുക്കുന്നതിനെക്കുറിച്ചല്ലാതെ (റബർഷീറ്റ് ഉണക്കിയും കുരുമുളകും കാപ്പിക്കുരുവുമെല്ലാം പറിച്ചും) കൃഷിയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തെങ്ങും റബറും കുരുമുളകും കൊക്കോയും കാപ്പിയുമെല്ലാം കാർഷികജീവിതത്തിന്റെ നീക്കിശേഷിപ്പുകളായിരുന്നു. റബർഷീറ്റുണക്കിയും കുരുമുളകും കാപ്പിക്കുരുവുമെല്ലാം പറിച്ചും ഒറ്റക്ക് കഴിഞ്ഞിരുന്ന സമയത്തായിരുന്നു കാൻസറിന്റെ മുളപൊട്ടൽ. അസഹ്യമായ പല്ലുവേദനയുടെ ശമനത്തിൽ മയങ്ങിപ്പോയ ഏകാന്തരാത്രിയിലെ മരിച്ചവരോടൊപ്പമുള്ള സഹവാസമായിരുന്നു ഒരു ​െഡന്റിസ്റ്റിന്റെ അടുത്തുപോകാൻ നിർബന്ധിച്ചത്. അപൂർവമായി മാത്രം സ്വപ്നം കാണുന്ന എന്റെ ശിഥിലനിദ്രയിലേക്ക് വേർപിരിഞ്ഞുപോയവർ അമ്മയും അച്ഛനും കൊച്ചച്ഛനും മുത്തച്ഛനും അവർക്കിടയിൽ ആനന്ദയും കടന്നുവന്നു. ഒരു ദുരന്തസൂചനപോലെ പിന്നെ വൈകിയില്ല.

നായരമ്പലത്ത്, അന്തരിച്ച വി.ഡി. രാജപ്പന്റെ വീട്ടിലായിരുന്ന മകളെയും കൂട്ടി എറണാകുളത്ത് കടവന്ത്രയിൽ ഒരു സ്വകാര്യ ദന്താശുപത്രിയിൽ ഡോ. സുധയുടെ അടുത്തെത്തി. വേദനയുണ്ടെന്ന് പറഞ്ഞ പല്ല് എടുത്തുമാറ്റി. അതോടെ ഉണ്ടായിരുന്ന വേദന കേടില്ലാത്ത അടുത്ത പല്ലിലേക്ക് മാറി. പല്ല് പറിച്ചുമാറ്റുന്നതിനിടയിലുണ്ടായ സംശയം ബയോപ്സിയിലേക്ക് എത്തിച്ചു. തലേദിവസം വൈകീട്ട് കണ്ടപ്പോൾ പറയാൻ വിട്ടുപോയെന്ന കാര്യംപോലെ ‘‘കഴിഞ്ഞ രാത്രിയിൽ സാറിന്റെ മുഖമായിരുന്നു മനസ്സിൽ’’ എന്ന ആമുഖത്തോടെ അടിയന്തരമായി തന്റെ അടുത്തെത്താൻ ഈ പ്രഭാതത്തിൽ ഡോ. സുധ ആവശ്യപ്പെട്ടു. ബുദ്ധയുമായി പോയി ബയോപ്സി റിപ്പോർട്ട് ശേഖരിച്ച് അവർ തന്റെ സംശയം തീർത്തു. വിവരം മോളോടു പറഞ്ഞു. ഇന്നുതന്നെ ഒരു കാൻസർ വിദഗ്ധനെ കാണാൻ അവർ നിർദേശിച്ചു.

ഓറൽ കാൻസർ. അച്ഛനെ അകാലത്തിൽ അപഹരിച്ച കവിൾ വാർപ്പ്. സാരമില്ല, നമുക്ക് ചികിത്സിക്കാമെന്ന് മകളെ സമാധാനിപ്പിച്ചു. വിവരമറിഞ്ഞ് മകൻ പൊട്ടിക്കരഞ്ഞു. കാൻസറാണെന്നറിയാതിരിക്കാൻ ജാഗ്രത കാട്ടിയ ചകിതമായ നാളുകളോട് വിടപറഞ്ഞു. അമ്മയുടെ വഴിയിൽ അച്ഛനും. അച്ഛനുമില്ലാതായാൽ അവർക്ക് ചിന്തിക്കാനാകുമായിരുന്നില്ല. തോളിൽ കൈയിട്ട് സമാധാനിപ്പിക്കാൻ അവൻ അടുത്തുണ്ടായില്ല. മരണത്തിലേക്ക് നടന്നടുക്കുമ്പോൾ അമ്മ ഏൽപിച്ചുപോയ മകൾ കണ്ണീരും രോദനവുമായി മാറുന്നത് എന്നിലെ പോരാട്ടവീര്യമുണർത്തി. അനിയത്തിയോട് സങ്കടം പങ്കിട്ടു.

ഒട്ടും വൈകാതെ വൈറ്റിലയിലുള്ള വെൽകെയർ ഹോസ്​പിറ്റലിൽ ഡോ. വി.പി. ഗംഗാധരന്റെ അടുത്തെത്തി. മദ്യപാനം, പുകവലി, വെറ്റില മുറുക്ക്, ഭക്ഷണരീതി, മറ്റുരോഗങ്ങൾ– എല്ലാം ഡോക്ടർ തിരക്കി. ശരീരത്തെ ഹനിക്കുന്ന എല്ലാറ്റിൽനിന്നും ഞാൻ സ്വയം മുക്തനായിരുന്നു. എന്നിട്ടും കാൻസർ എന്നിലേക്ക് എങ്ങനെയെത്തി എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. ഡോക്ടറും ഒന്നും പറഞ്ഞില്ല. കാണാത്തത് നിലനിൽക്കെ കണ്ടത് നേരിടുവാൻ അദ്ദേഹം പദ്ധതിയൊരുക്കി. കീമോതെറപ്പി, സർജറി, റേഡിയേഷൻ –ചികിത്സ വിധിച്ചു. കീമോ വെൽകെയറിൽ ചെയ്യാം. സർജറിയും റേഡിയേഷനും കാരിത്താസിൽ– ഡോക്ടർ പറഞ്ഞു. കാൻസറിനെതിരെയുള്ള യുദ്ധമാണ്. ശരീരമാണ് യുദ്ധഭൂമി. ഡോക്ടർ പറയുന്നത് വിശ്വസിച്ച് പിന്തുടർന്നു. രോഗം മാത്രമല്ല, ചികിത്സയും ശരീരത്തെയും മനസ്സിനെയും തകർത്തുകളയുന്നത് കണ്ടതാണ്. അത് സ്വാനുഭവമായി മാറിയിരുന്നു. നേരിടുകതന്നെ. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടമാണ്.

 

മാരകരോഗങ്ങളുടെ പിടിയിലമരുമ്പോൾ അത് മരണത്തോടുള്ള പോരാട്ടമായി മാറുന്നു. വഴിമുടക്കാനായില്ലെങ്കിലും മരണത്തെ അകലെ നിർത്താനുള്ള ശ്രമമാണ്. ശരീരം ആക്രമിക്കപ്പെടുകയും മനസ്സ് അതിനെ പ്രതിരോധിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇച്ഛാശക്തിയുടെ പ്രവർത്തനമാണത്. ‘തലതിരിഞ്ഞുപോയ കോശങ്ങളെ എന്റെ മരുന്നുകളെക്കാൾ വേഗത്തിൽ അടക്കിനിർത്തിയത് നൗഷാദിന്റെ ഇച്ഛാശക്തിയായിരുന്നു’വെന്ന് ‘ജീവിതം എന്ന അത്ഭുതം’ എന്ന കൃതിയിൽ ഡോ. വി.പി. ഗംഗാധരൻ പറയുമ്പോൾ അദ്ദേഹം വ്യക്തമാക്കാൻ ശ്രമിച്ചത് മനസ്സിന്റെ ഈ പ്രവർത്തനത്തെയാണ്.

ആധുനിക വൈദ്യശാസ്​ത്രത്തിന്റെ മികവും രോഗിയുടെ ഇച്ഛാശക്തിയും ചേരുന്നിടത്ത് കാൻസർ രോഗത്തെ പൊരുതി ജയിച്ചവരുടെ കഥയും ഒരു ഡോക്ടർക്ക് പറയാനാകും. എന്നാൽ, എന്നെപ്പോലൊരു രോഗിയുടെ അനുഭവം അതായിരുന്നില്ല. അവിടെ ജീവിച്ചിരിക്കുന്നവരില്ല, മരിച്ചവരേയുള്ളൂ. ജീവിച്ചിരിക്കുകയെന്നത് രോഗിയുടെ കേവലമായ ആഗ്രഹമായി മാറുകയും ഇച്ഛാശക്തി ചോർന്നുപോകുകയും ചെയ്യുന്നു. ആളുമില്ല അർഥവുമില്ല എന്നത് അവർക്കൊരു പഴങ്കഥയല്ല, ജീവിതാനുഭവമാണ്. എന്നിട്ടും പോരാട്ടത്തിന്റെ വഴിയിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡുകളിൽനിന്ന് വ്യത്യസ്​തമായി തളംകെട്ടി നിൽക്കുന്ന മൂകതയും ഒടുങ്ങാത്ത വ്യഥയും മരണങ്ങളുടെ ഘോഷയാത്രയും ഇവിടെ കണ്ടില്ല. മരണത്തോട് മല്ലടിക്കുന്ന രോഗികൾക്ക് കാവൽ നിൽക്കുന്നവർ അടുത്ത കിടക്കയിലുള്ള രോഗികളുടെ ബന്ധുക്കളോട് ഒരു നേരത്തെ ഭക്ഷണത്തിന് കൈനീട്ടുന്ന ദുരവസ്​ഥയും കണ്ടില്ല. ഇടത്തട്ടുകാരും മേൽത്തട്ടുകാരും ചികിത്സ തേടി എത്തുന്ന ഇടം. ആരോഗ്യപരിപാലനരംഗത്തെ വ്യത്യസ്​ത പരിച്ഛേദങ്ങളിൽ ഒന്ന്. പണമുണ്ടായാൽ മതി. ഇവിടെ രോഗികൾക്ക് വൈകി ലഭിക്കുന്ന ചികിത്സ എന്ന ദുരന്തമില്ല. രക്തം പരിശോധിക്കുവാൻ സൂചി വെച്ചപ്പോൾ കളിയായി പറഞ്ഞു. ആദ്യമായിട്ടാണ്.

നൊമ്പരപ്പെടുത്തുന്നത്. കീമോ എടുക്കുവാൻ ആശുപത്രി കിടക്കയിൽ കിടന്നപ്പോഴും ഇതാവർത്തിച്ചു. കുത്തിവെപ്പെടുക്കുമ്പോൾ പൊതുവേയുണ്ടാകുന്ന ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. നീണ്ടുനിൽക്കുന്ന കുത്തിവെപ്പിൽ, ബോട്ടിലിൽനിന്ന് ഇറ്റിറ്റു വീഴുന്ന മരുന്നുതുള്ളികളിൽ കണ്ണുനട്ട് കൂട്ടുകാരിക്ക് അസ്വസ്​ഥതയായി മാറിയ കീമോയെക്കുറിച്ചോർത്ത് ആദ്യത്തെ കുത്തിവെപ്പിൽതന്നെ കാൻസറിന്റെ മേൽക്കോയ്മ ചോദ്യംചെയ്യപ്പെട്ടതുപോലെ തോന്നി. മാസങ്ങളായി തുടർന്നുപോന്ന പല്ലുവേദന എത്ര പെട്ടെന്നാണ് പ്രതിരോധിക്കപ്പെട്ടത്. വായിലെ അസ്വസ്​ഥതകൾക്ക് ശമനമായി. സാരമില്ല എന്ന തോന്നലിന് വേരുമുളച്ചതുപോലെ, അടിസ്​ഥാനമായതുപോലെ. ഈ തോന്നലിനും അനുഭവത്തിനും പിന്നീട് ഭംഗം വന്നില്ല.

(തുടരും)

News Summary - km salim kumar