കെ.ഡി.എം.എസ്

‘‘രണ്ടു പതിറ്റാണ്ടായി സംഘടനയെക്കുറിച്ച് പുലർത്തിപ്പോന്നിരുന്ന സമീപനത്തിൽ മാറ്റം അനിവാര്യമായി. അധഃസ്ഥിത നവോത്ഥാന മുന്നണിയിൽനിന്നും ഡി.എ.എസിൽനിന്നും വ്യത്യസ്തമായി കെട്ടുറപ്പുള്ള ഒരു സംഘടനാ സംവിധാനമായിട്ടാണ് കെ.ഡി.എം.എസ് വിഭാവന ചെയ്യപ്പെട്ടത്.’’ സാമുദായികമായൊരു ദിശാബോധവുമായിട്ടാണ് കേരളത്തിലെ ദലിതർ 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. ദലിത് പ്രവർത്തന മണ്ഡലത്തിലുണ്ടായ മൗലികമായൊരു മാറ്റമായിരുന്നു ഇത്. പ്രായോഗിക പ്രവർത്തനങ്ങളോടൊപ്പം അധീശത്വ പ്രത്യയശാസ്ത്രങ്ങളോട് പൊരുതിയും ഗോത്ര-ജാതി-ഉപജാതി-മത-രാഷ്ട്രീയ സ്വാധീനങ്ങളെ മറികടന്നുമാണ് ഇത്തരമൊരു മുന്നേറ്റം സാധ്യമായത്....
Your Subscription Supports Independent Journalism
View Plans‘‘രണ്ടു പതിറ്റാണ്ടായി സംഘടനയെക്കുറിച്ച് പുലർത്തിപ്പോന്നിരുന്ന സമീപനത്തിൽ മാറ്റം അനിവാര്യമായി. അധഃസ്ഥിത നവോത്ഥാന മുന്നണിയിൽനിന്നും ഡി.എ.എസിൽനിന്നും വ്യത്യസ്തമായി കെട്ടുറപ്പുള്ള ഒരു സംഘടനാ സംവിധാനമായിട്ടാണ് കെ.ഡി.എം.എസ് വിഭാവന ചെയ്യപ്പെട്ടത്.’’
സാമുദായികമായൊരു ദിശാബോധവുമായിട്ടാണ് കേരളത്തിലെ ദലിതർ 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. ദലിത് പ്രവർത്തന മണ്ഡലത്തിലുണ്ടായ മൗലികമായൊരു മാറ്റമായിരുന്നു ഇത്. പ്രായോഗിക പ്രവർത്തനങ്ങളോടൊപ്പം അധീശത്വ പ്രത്യയശാസ്ത്രങ്ങളോട് പൊരുതിയും ഗോത്ര-ജാതി-ഉപജാതി-മത-രാഷ്ട്രീയ സ്വാധീനങ്ങളെ മറികടന്നുമാണ് ഇത്തരമൊരു മുന്നേറ്റം സാധ്യമായത്. ദലിതർക്ക് ഐക്യപ്പെടാനോ ഏകീകരിക്കപ്പെടാനോ കഴിയില്ലെന്ന പരമ്പരാഗത വിശ്വാസം തകർക്കപ്പെട്ടുവെന്നതായിരുന്നു ഈ മാറ്റത്തിന്റെ പ്രത്യേകത.
ഈ മാറ്റം ദലിതരെ പുതിയൊരു ലക്ഷ്യബോധത്തിലേക്ക് നയിച്ചു. അവരുടെ ധാർമിക വിചാരങ്ങളെ പുനർനിർമിച്ചു. അവരിൽ സാഹോദര്യഭാവമുയർത്തി. സമത്വബോധമുണ്ടാക്കി. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാൻ േപ്രരിപ്പിച്ചു. ഒരു സമൂഹമെന്ന നിലയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ എണ്ണം പെരുകി. ഉത്തരങ്ങൾ വേണ്ട ചോദ്യങ്ങൾകൊണ്ടു മൂടിയ കേരളത്തിൽ പുതിയ ചോദ്യങ്ങളുമായെത്തിയ ദലിതർ പോയ നൂറ്റാണ്ടിന്റെ തുടക്കത്തിലെ കീഴാള നവോത്ഥാനത്തിന്റെ ചലനാത്മകതയെ പുതിയ നൂറ്റാണ്ടിലേക്ക് സംക്രമിച്ചു. ജനാധിപത്യ കേരളത്തിന്റെ നിർമിതിയിലേക്ക് നയിച്ച കീഴാള പോരാട്ടങ്ങളെ അതേ നിർമിതിക്കുള്ളിലെ ജാത്യാധിപത്യത്തിന്റെ പുനരുജ്ജീവനത്തിനെതിരായ പോരാട്ടങ്ങളായി പുനരാവിഷ്കരിച്ചു.
എന്നാൽ ആശയങ്ങളല്ല, നിരന്തരമായ സാമൂഹിക ഇടപെടലുകളാണ് ദലിതരെ ഊർജസ്വലരാക്കിയത്. സമരമുഖങ്ങളിലാണ് അവർ ആവേശഭരിതരായത്. ഇത്തരം പോരാട്ടങ്ങളിലൂടെയാണ് ദലിതർ കേരളത്തിലെ ജനാധിപത്യവത്കരണ പ്രക്രിയയിൽ പങ്കാളികളായത്. ആയിത്തീർന്നതിനെക്കുറിച്ചല്ല, ആയിത്തീരേണ്ടതിനെക്കുറിച്ചാണ് അവർ ചിന്തിച്ചത്. സമുദായങ്ങളുടെ സംഘടിതാവസ്ഥയും അംഗസംഖ്യയുടെ കേന്ദ്രീകരണവും സമ്മർദശേഷിയുമെല്ലാം അടിസ്ഥാനപ്പെടുത്തി ചലിച്ചുകൊണ്ടിരിക്കുന്ന ഐക്യകേരളത്തിന്റെ പൊതുരാഷ്ട്രീയ മണ്ഡലം അസംഘടിതരായ ദലിതർക്ക് അന്യമായിരുന്നു. ഭരണഘടന നിലവിൽവന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ജാതി നിയമങ്ങൾക്കനുസരിച്ചാണ് ദലിതർ ജീവിച്ചുകൊണ്ടിരുന്നത്. പ്രബല സമുദായങ്ങൾ അടിച്ചേൽപിച്ചതായിരുന്നു ഈ നിയമങ്ങൾ. ദൈനംദിന ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങളും നിന്ദയും അതിക്രമങ്ങളുമെല്ലാം നീതിയാണെന്ന് വിശ്വസിപ്പിക്കാൻ പോന്ന ആഴമതിനുണ്ടായിരുന്നു.
ഇത്തരം യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നിടത്താണ് ദലിതരുടെ ജീവിതം പോരാട്ടങ്ങളായി മാറിയത്. ദുഃഖകരമായൊരു കാര്യം പോരാട്ടമുഖങ്ങളിൽ ഒന്നിച്ചുചേർന്നവർ അതവസാനിക്കുന്നതിനുമുമ്പുതന്നെ പിരിഞ്ഞുപോകുന്ന കാഴ്ചയാണ്. പല വഴികളിലൂടെ വന്നുകൂടുന്നവർ വന്ന വഴികളിലൂടെ തന്നെ മടങ്ങിപോകുന്ന കാഴ്ച.
കുറിച്ചിയിലും ആദിവാസി ഭൂസമരങ്ങളിലും സ്വകാര്യമേഖലയിലെ സംവരണത്തിന്റെ പ്രശ്നത്തിലും ക്രീമിലെയർ പ്രശ്നത്തിലുമെല്ലാം അതാണ് കണ്ടത്. വലിയൊരു ജനകീയസമരത്തിന്റെ തുടക്കമായി മുത്തങ്ങ സമരത്തെ കണ്ടവർപോലും അതിന്റെ ചൂട് മാറുന്നതിനുമുമ്പ് വിമർശകരായി, നിരാശരായി വഴിപിരിയുന്നത് കണ്ടു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ദലിത് സംഘടനകൾക്കും പ്രവർത്തകർക്കും നേരെ പുറംതിരിഞ്ഞുനിൽക്കുന്ന സമരനേതൃത്വത്തെയാണ് ചെങ്ങറയിൽ കണ്ടത്.
ദലിതർക്കിടയിൽ ഐക്യത്തിന്റെയോ ഏകീകരണത്തിന്റെയോ ശക്തികൾക്കായിരുന്നില്ല, വിഘടനത്തിന്റെ ശക്തികൾക്കായിരുന്നു എന്നും പ്രാമുഖ്യം. ദലിതർ ഒന്നിക്കേണ്ടതാണെന്ന് കരുതുന്നവർപോലും എന്തിനുവേണ്ടി എന്ന കാര്യത്തിൽ ഭിന്നാഭിപ്രായക്കാരായിരുന്നു. ബഹുജൻ സമാജ് പാർട്ടിയിലെത്തിയ കല്ലറ സുകുമാരനെപ്പോലുള്ള രാഷ്ട്രീയാധികാരം പിടിച്ചെടുക്കാൻ വേണ്ടിയാണ് ദലിതരെ ഒന്നിപ്പിക്കാൻ ശ്രമിച്ചത്. ഒന്നിപ്പിനെപ്പറ്റി പറയുമ്പോൾ ദലിത് ഐക്യസമിതി ലക്ഷ്യം െവച്ചത് ദലിതരുടെ സാമുദായിക-രാഷ്ട്രീയ ശാക്തീകരണമായിരുന്നു.
സമുദായം എന്ന ആശയം അംഗീകരിക്കുന്നവർക്കിടയിൽതന്നെ എന്താണ് അതുകൊണ്ട് അർഥമാക്കുന്നത് എന്ന കാര്യത്തിൽ വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ദലിത് എന്ന പദംപോലെ ദലിതർക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട പദമായിരുന്നു ദലിത് സമുദായം. ഈ കാര്യത്തിലുള്ള ദലിത് ഐക്യസമിതി നിലപാടും കെ.കെ. കൊച്ചിന്റെ നിലപാടും തമ്മിലുള്ള അന്തരം ദീർഘമായ ആശയസംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു. ദലിത് ആശയനിർമാണ രംഗത്തുണ്ടായ ആദ്യത്തെ ശ്രദ്ധേയമായ ബൗദ്ധികാനുഭവമായിരുന്നു അത്. സമുദായ രാഷ്ട്രീയവും വിഭവരാഷ്ട്രീയവും തമ്മിലുള്ള അന്തരവും ഇത്തരത്തിലുള്ള ആശയസംഘർഷങ്ങൾക്ക് ഇടയാക്കുകയുണ്ടായി. ശ്രദ്ധേയമായൊരു കാര്യം കുശുമ്പും കുന്നായ്മയും പോലെ വിയോജിപ്പുകൾ പറഞ്ഞുനടക്കുന്ന രീതിക്ക് വിരാമമായി എന്നതാണ്. വിയോജിപ്പുകൾ രേഖകളായി. സംവാദങ്ങളായി.
ഇതിനിടയിൽ കണ്ട ഏറ്റവും ആരോഗ്യകരമായൊരു കാര്യം സംഘടനാ നേതൃത്വങ്ങൾ പരിഗണിക്കുകയും വേദികൾ പങ്കിടുകയും ആശയകൈമാറ്റങ്ങൾക്ക് അവസരമൊരുക്കുകയും ചെയ്യുന്ന പെരുമാറ്റ രീതിയാണ്. പ്രായോഗികരംഗത്തുള്ളവരും ബൗദ്ധികരംഗത്തുള്ളവരും തമ്മിലുള്ള അകലം കുറയുന്നത് കണ്ടു. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കുമിടയിലും വ്യക്തിബന്ധങ്ങൾ നിലനിർത്താൻ ശ്രമിക്കുന്ന ഒരു മനോഭാവവും ദൃശ്യമായി. കെ.കെ. കൊച്ചും ഞാനും തമ്മിൽ തുടർന്നുപോന്ന ബന്ധം ആ നിലയിലുള്ള ഒന്നായിരുന്നു. ദലിത് പ്രവർത്തന മണ്ഡലത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കുന്നതിന് ദലിത് ഐക്യസമിതി സ്വീകരിച്ച സമീപനം രാഷ്ട്രീയ സംവാദത്തിന്റേതായിരുന്നു.
സമുദായത്തിന്റെ ഐക്യത്തിനും ഏകീകരണത്തിനും മുന്നോട്ടുെവച്ചിരിക്കുന്ന നിലപാടുകളോട് യോജിക്കുന്നവരെ മാത്രമല്ല, വിയോജിക്കുന്നവരെയും ചേർത്തുനിർത്തുകയെന്നത് സമിതിയുടെ നയമായിരുന്നു. ദലിതർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും സമുദായത്തെ ശാക്തീകരിക്കാനും ഏതെങ്കിലുമൊരു സംഘടനക്ക് മാത്രം കഴിയുമെന്നും കരുതിയിരുന്നില്ല. വ്യക്തികളെപ്പോലെതന്നെ ചില സംഘടനകളും തങ്ങൾ നേരിടുന്ന പ്രതിസന്ധികളെ യാഥാർഥ്യബോധത്തോടെ നോക്കിക്കാണാൻ ശ്രമിക്കുന്നത് ഒരു പുതിയ കാര്യമായി. ഏകീകരിച്ചൊരു സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനമായി മാറുന്നതിലേക്കുള്ള ആലോചനകളായി അത് മാറി. ഇടപെടലില്ലാതെ ആലോചനകളിൽ കുടുങ്ങിനിൽക്കുന്നതിനിടയിൽ, ഒരിക്കൽ കെ.കെ. കൊച്ചിനോട് ഞാൻ പറഞ്ഞു, ‘‘നിങ്ങൾ കൂടെയുണ്ടെങ്കിൽ ഈ കാര്യത്തിൽ ഞാൻ മുൻകൈയെടുക്കാം.’’
‘ദലിതർ ഐക്യപ്പെടുക, സമുദായിക-രാഷ്ട്രീയ ശക്തിയായി മാറുക’ എന്ന ആശയം ഐക്യസമിതി മുന്നോട്ടുെവച്ചിട്ട് അപ്പോൾ ഒരു പതിറ്റാണ്ട് പിന്നിട്ടിരുന്നു. പ്രായോഗിക പ്രവർത്തനങ്ങളോടൊപ്പം ആശയനിർമാണത്തിന്റെയും ആശയസമരത്തിന്റെയും പതിറ്റാണ്ടായിരുന്നു പിന്നിട്ടത്. ഇത്തരമൊരു പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ദലിത് ഐക്യസമിതി നിലപാടുകൾക്കു വിരുദ്ധമായും അതിന് സമാന്തരമായും പ്രവർത്തിച്ച കെ.കെ. കൊച്ച് ആ സമീപനത്തിൽനിന്ന് പിന്മാറുകയുണ്ടായി. ഐക്യസമിതി 2006 ജനുവരി 21ന് കോട്ടയത്ത് നടത്തിയ ദലിത് രാഷ്ട്രീയ സമ്മേളനത്തിലെ സംഘടനകളുടെയും പ്രാതിനിധ്യം എടുത്തുകാട്ടി.
ഈ സമ്മേളനം ദലിത് രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചൊരു കാഴ്ചപ്പാട് രൂപവത്കരിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ദൗർഭാഗ്യവശാൽ അത് നടക്കാതെപോയെന്നും എന്നാൽ ഈ സമ്മേളനത്തിന്റെയും കഴിഞ്ഞ കാലാനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ദലിത് സമുദായ രാഷ്ട്രീയവത്കരണം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അതിനൊരു സംവാദവേദി രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമറിയാൻ താൽപര്യമുണ്ടെന്നും കാണിച്ച് കെ.കെ. കൊച്ച് എഴുതിയൊരു കത്ത് ഈ മാറ്റത്തിന്റെ സൂചനയായിരുന്നു. ഇക്കാലത്ത് സമരരംഗത്തും സംഘടനാരംഗത്തും സഹകരിച്ചും സഹഭാവം പുലർത്തിയും പ്രവർത്തിച്ചിരുന്ന ഡി.എ.എസ്, കെ.ഡി.പി, ഡി.എസ്.എസ്, ഗോത്രജനസഭ എന്നീ സംഘടനകളോടൊപ്പം ഐ.ഡി.എഫിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുവെങ്കിലും അവർ ഈ നീക്കത്തിൽനിന്ന് മാറിനിന്നു.
ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കാനെത്തിയ എന്നോട് ഐ.ഡി.എഫ് ജനറൽ സെക്രട്ടറി പി.ഡി. അനിൽകുമാർ പറഞ്ഞത് കെ.കെ. കൊച്ചും സണ്ണി എം. കപിക്കാടും ഉൾക്കൊള്ളുന്ന ഒരു നീക്കത്തിൽ പങ്കാളിയാകാൻ താൽപര്യമില്ലെന്നായിരുന്നു. അവർ വ്യക്തികൾ മാത്രമാണെന്നായിരുന്നു അതിന്റെ ന്യായീകരണം. പ്രായോഗിക പ്രവർത്തനങ്ങളോടൊപ്പം നടന്നുകൊണ്ടിരിക്കുന്ന ബൗദ്ധിക പ്രവർത്തനങ്ങളെപ്പറ്റിയും അതിൽ കൊച്ചിനെയും സണ്ണിയെയും പോലുള്ളവർക്കുള്ള പങ്കിനെപ്പറ്റിയുമെല്ലാം ബോധ്യപ്പെടുത്താൻ ശ്രമിെച്ചങ്കിലും അതൊന്നും ഐ.ഡി.എഫിന് അംഗീകരിക്കാനായില്ല.
അധഃസ്ഥിത നവോത്ഥാന മുന്നണി ദലിത് ഐക്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പുതന്നെ ദലിത് സംഘടനക്കിടയിൽ നിലനിൽക്കുന്ന സ്പർധയും അനൈക്യവും ഒഴിവാക്കി ആശയത്തിന്റെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുന്ന സാമൂഹിക സാഹചര്യം സൃഷ്ടിച്ചെടുക്കുന്നതിനെക്കുറിച്ച് കല്ലറ സുകുമാരൻ പറഞ്ഞിരുന്നുവെങ്കിലും ആ ദിശയിലുള്ള ഒരു പ്രവർത്തനവും നടത്താൻ കല്ലറക്കോ ഐ.ഡി.എഫിനോ കഴിഞ്ഞില്ല. ക്രീമിലെയർ വിധിക്കെതിരെ 2006 ഡിസംബർ 3ന് ഐ.ഡി.എഫ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ സംവരണ സംരക്ഷണ കൺെവൻഷനിൽ നിരവധി സംഘടനാ നേതാക്കളെയും വ്യക്തികളെയും ക്ഷണിച്ചിരുന്നുവെങ്കിലും സണ്ണി എം. കപിക്കാടിനെ ഒഴിവാക്കുകയും ക്ഷണിച്ചിട്ടും കെ.കെ. കൊച്ചിന് വേണ്ടത്ര പരിഗണന നൽകാതിരിക്കുകയുമാണ് ചെയ്തത്.
കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശശാങ്കൻ ഉദ്ഘാടനം ചെയ്യുകയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്ത ഈ കൺവെൻഷനിൽ സംവരണ നയരേഖ അവതരിപ്പിക്കാൻ അവർ കണ്ടെത്തിയത് എന്നെയായിരുന്നു. സംവരണ സംരക്ഷണ സമിതിയിൽ മറ്റ് പല സംഘടനകളുമായി ഒന്നിച്ചുപ്രവർത്തിക്കുമ്പോൾ ഇതേ വിഷയത്തിൽ ഡി.എസ്.എസിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്നൊരു സമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി.
പ്രതിസന്ധികളുടെ ഘട്ടത്തിലെങ്കിലും ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നതിനായിരുന്നു ഇത്തരം സന്ദർഭങ്ങൾ വിനിയോഗിച്ചത്. പി.ജി. ഗോപിയെപ്പോലുള്ള ഐ.ഡി.എഫ് നേതാക്കളുമായി അടുത്തബന്ധമുണ്ടായിരുന്നിട്ടും സമുദായം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിച്ചു പ്രവർത്തിക്കാനുള്ള എന്റെ അഭ്യർഥന ഐ.ഡി.എഫ് നേതൃത്വം നിരസിക്കുകയാണ് ചെയ്തത്. ദലിതർ നേരിടുന്ന മൗലികവും ചരിത്രപരവുമായ ഒരു വെല്ലുവിളി ഏറ്റെടുക്കാനുള്ള കൂട്ടായ ശ്രമമായിരുന്നു എറണാകുളത്ത് എം.ഇ.എസ് ഹാളിൽ 2009 ആഗസ്റ്റ് 23 ന് നടന്ന ദലിത് സമുദായ സമ്മേളനം.
ദലിത് ഐക്യസമിതി, കേരള ദലിത് പാന്തേഴ്സ്, ദലിത് സർവിസ് സൊസൈറ്റി, ഗോത്രജനസഭ എന്ന സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സമ്മേളനം നടന്നത്. റിട്ടയേർഡ് ഹൈകോടതി ജസ്റ്റിസ് കെ. സുകുമാരനായിരുന്നു ഉദ്ഘാടകൻ. ദലിതർ ഒരു സമുദായം, ഒരു ചരിത്രം, ഒരു സംസ്കാരം എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ സന്ദേശം. കുടുംബത്തിന്റെ വികസിതരൂപമാണ് സമുദായമെന്നും കുടുംബത്തിൽ കാണുന്ന എല്ലാ നന്മകളും സമുദായത്തിലുണ്ടെന്നും സമുദായത്തിനകത്ത് ബന്ധുത്വവുംകൊണ്ട് ബന്ധിക്കപ്പെട്ട ബന്ധുജനങ്ങൾക്ക് ഒരു വിവേചനവുമില്ലെന്നും സമുദായത്തിലെ ഓരോരുത്തർക്കും തുല്യാവകാശമുണ്ടെന്നും ബന്ധുത്വം അംഗീകരിക്കുന്നുവെന്നുള്ള ഡോ. ബി.ആർ. അംബേദ്കറുടെ നിരീക്ഷണം ഈ സമ്മേളനത്തിന്റെ പ്രചോദനമായിരുന്നു. ഐക്യകേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിതമായൊരു കാഴ്ചപ്പാടും അജണ്ടയുമായി കേരളത്തിലെ ദലിതർ ഒരേ സ്വരമായി പൊതുമണ്ഡലത്തിലേക്ക് കടന്നുവന്ന ആദ്യത്തെ ചരിത്രാനുഭവമായിരുന്നു ഈ സമ്മേളനം.
ഈ സമ്മേളനത്തിന്റെ ഭാഗമായി കെ. അംബുജാക്ഷൻ അധ്യക്ഷനും ഞാൻ ജനറൽ കൺവീനറുമായി 2006 ജൂൺ 21ന് ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചിരുന്ന സുപ്രധാനമായൊരു കാര്യം തങ്ങൾ ഒരു സമുദായമാണെന്ന പുതിയൊരവബോധത്തിലേക്ക് കേരളത്തിലെ ദലിതർ പ്രവേശിച്ചിരിക്കുന്നുവെന്നതായിരുന്നു. പിന്നിട്ട പതിറ്റാണ്ടിൽ ദലിത് പ്രവർത്തനമണ്ഡലത്തിലുണ്ടായ മൗലികമായ ഒരു നേട്ടമായി ഇത് വിലയിരുത്തപ്പെട്ടു. വ്യക്തമായ ദിശാബോധമില്ലാത്ത സംഘടനകൾ ശാപമായി മാറിയ പൂർവകാലത്തെ ഓർമിപ്പിച്ചുകൊണ്ട് ‘ഞാനും എന്റെ സംഘടനയും’ എന്ന നിലപാടിലാണ് സംഘടനകൾ ഊന്നിയിരുന്നത്.
‘നാമെല്ലാം വിവിധ സംഘടനകളിലൂടെയാണെങ്കിലും സമുദായത്തിന്റെ പൊതുതാൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരാണെന്ന് കരുതുന്നവരുടെ എണ്ണം കുറവായിരുന്നു’. ‘സമുദായത്തിന് എന്തു ഗുണമുണ്ടായി എന്നതന് പകരം തനിക്കും താൻ നേതൃത്വം നൽകുന്ന സംഘടനക്കും എന്ത് ഗുണമുണ്ടായി’ എന്ന നിലയിലേക്കാണ് പ്രവർത്തനങ്ങളെ നോക്കിക്കണ്ടിരുന്നത്. ഇത്തരം ആത്മവിമർശനം നടത്തി. ഏതെങ്കിലുമൊരു സംഘടനയിലൂടെ മാത്രം സമുദായം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഇന്നാരും കരുതുന്നില്ലെന്നും വ്യക്തികളെപ്പോലെതന്നെ സംഘടനകളും പ്രതിസന്ധികൾ അംഗീകരിക്കാൻ തയാറായിരിക്കുന്നുവെന്നും കൂട്ടായ അന്വേഷണങ്ങളിലേക്കും കൂട്ടായ പ്രവർത്തനങ്ങളിലേക്കുമാണ് ഇത് വ്യക്തികളെയും സംഘടനകളെയും നയിക്കുന്നതെന്നുമുള്ള നിഗമനത്തലെത്തി.
ദലിത് പ്രവർത്തനങ്ങളെ ഒന്നിച്ചുചേർക്കുന്നതിനായി പൊതുവായൊരു സംഘടനാ സംവിധാനത്തിന്റെ അനിവാര്യത എടുത്തുകാട്ടി, മറ്റ് സമുദായങ്ങൾ കടന്നുപോയ വഴിത്താരയിലേക്ക് ദലിതരും പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കി. ഗോത്രപരതയും ജാതിമതപക്ഷപാതിത്വവും രാഷ്ട്രീയ വിധേയത്വവും സങ്കുചിതമായ സംഘടനാ താൽപര്യങ്ങളും മൂലം സ്നേഹബഹുമാനാദികൾ വെടിഞ്ഞും തമ്മിൽ കലഹിച്ചും ഭർത്സിച്ചും പരസ്പരം അന്യരായി ജീവിക്കുന്ന ഒരു സമൂഹത്തെ നവീകരിച്ചു. മാനവികമായ പുത്തൻമൂല്യങ്ങളിൽ ഉറപ്പിച്ചും കേരളത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയിൽ പങ്കാളിയായി മാറ്റാനുള്ള ബോധപൂർവമായ ശ്രമം എന്നനിലയിലാണ് കെ.ഡി.എം.എസ് രൂപവത്കരിക്കപ്പെട്ടത്.
പ്രഖ്യാപിതമായൊരു പരിപാടിയും ഭരണഘടനയും മുന്നോട്ടുെവച്ചുകൊണ്ടാണ് കെ.ഡി.എം.എസ് പ്രവർത്തമാരംഭിച്ചത്. മുൻകാലങ്ങളിലെ ദലിത് പ്രവർത്തനങ്ങളുടെ പ്രായോഗികവും പ്രത്യയശാസ്ത്രപരവുമായ സ്വാംശീകരണമായിരുന്നു അത്. കെ. കെ. കൊച്ചും കെ. അംബുജാക്ഷനും സണ്ണി എം. കപിക്കാടും ഞാനുമാണ് പരിപാടി തയാറാക്കാൻ ചുമതലപ്പെടുത്തപ്പെട്ടത്. കൊച്ചാണ് അതെഴുതിയത്. രജിേട്രഷനും ഭരണഘടനയും ചാർട്ട് ഓഫ് ഡിമാൻഡ്സുമല്ലാതെ വ്യക്തമായൊരു മാർഗരേഖ മുന്നോട്ടുെവച്ചുകൊണ്ട് സംഘടനാപ്രവർത്തനം നടത്തുന്ന രീതി ദലിത് പ്രസ്ഥാനങ്ങൾക്കിടയിൽ നിലനിന്നിരുന്നില്ല.
എൺപതുകളുടെ രണ്ടാം പകുതിയിൽ ‘കേരളത്തിലെ അധഃസ്ഥിതർ നേരിടുന്ന പ്രശ്നങ്ങളും സമീപനവും’ എന്ന രേഖ മുന്നോട്ടുെവച്ച് പ്രവർത്തനമാരംഭിച്ച അധഃസ്ഥിത നവോത്ഥാന മുന്നണിയാണ് ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കിയത്. സംവാദാത്മകമായ ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നതായിരുന്നു ഈ മാറ്റത്തിന്റെ പ്രത്യേകത. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ രൂപാന്തരമായി നിലവിൽ വന്ന ദലിത് ഐക്യസമിതി പ്രവർത്തനമാരംഭിച്ചത് 1999ൽ നടന്ന ദലിത് ഐക്യസമ്മേളനം അംഗീകരിച്ച നയപ്രഖ്യാപന രേഖയുടെ അടിസ്ഥാനത്തിലായിരുന്നു. രേഖ ലക്ഷ്യപ്രഖ്യാപനമായിരുന്നു, സംഘടന ഏറ്റെടുക്കുന്ന ചുമതലയായിരുന്നു. കെ.ഡി.എം.എസ് രൂപവത്കരിക്കപ്പെടുമ്പോൾ ഡി.എ.എസ് ഒരു പതിറ്റാണ്ട് പിന്നിട്ടിരുന്നു. ഐക്യസമിതി മുന്നോട്ടുെവച്ച ദലിത് നിർവചനത്തിന്റെയും സാമുദായിക രാഷ്ട്രീയ കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ് കെ.ഡി.എം.എസ് പരിപാടി തയാറാക്കപ്പെട്ടത്. കെ.ഡി.പിയുടെ ഭരണഘടനയും കെ.കെ. കൊച്ചിന്റെ ചരിത്രസമീപനവും അതിന്റെ ഭാഗമായി.
രണ്ടു പതിറ്റാണ്ടായി സംഘടനയെക്കുറിച്ച് പുലർത്തിപ്പോന്നിരുന്ന സമീപനത്തിൽ മാറ്റം അനിവാര്യമായി. അധഃസ്ഥിത നവോത്ഥാന മുന്നണിയിൽനിന്നും ഡി.എ.എസിൽനിന്നും വ്യത്യസ്തമായി കെട്ടുറപ്പുള്ള ഒരു സംഘടനാ സംവിധാനമായിട്ടാണ് കെ.ഡി.എം.എസ് വിഭാവന ചെയ്യപ്പെട്ടത്. ദലിത് മുന്നേറ്റത്തിനായി പ്രവർത്തിക്കുകയും സമ്മേളനത്തിൽ പങ്കെടുക്കുകയും പരിപാടിയും ഭരണഘടന അംഗീകരിക്കുകയും ചെയ്ത സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും അടങ്ങുന്ന 44 പേരുള്ള സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കപ്പെട്ടു.
കെ. അംബുജാക്ഷൻ, ശശി പന്തളം, രാമകൃഷ്ണൻ വയനാട്, ആർ. അനിരുദ്ധൻ, സുരേന്ദ്രൻ കരിപ്പുഴ, തുളസീധരൻ പള്ളിക്കൽ, ശ്രീകുമാർ പേയാട്, ബിജോയ് ഡേവിഡ്, അഡ്വ. പി.എ. പ്രസാദ്, അഡ്വ. കെ. കെ. പ്രീതി എന്നിങ്ങനെ കെ.ഡി.പിക്കാരായ പത്തുപേർ കമ്മിറ്റിയിൽ അംഗങ്ങളായി. ഇവരിൽ ഭൂരിപക്ഷം പേരും സമ്മേളനത്തിൽ പങ്കെടുത്തവരായിരുന്നില്ല. ദലിത് ഐക്യസമിതിയിൽനിന്ന് കുഞ്ഞ് പഴന്താറ്റിലും കെ.കെ. രവിയും എൻ.കെ. വിജയനും കെ.എം. കുഞ്ഞുമോനും കെ.എം. സാബുവും ഞാനുമാണ് അംഗങ്ങളായത്.
പി.കെ. സന്തോഷ് കുമാർ, എൻ.പി. സുകുമാരൻ, പി.പി. സന്തോഷ്, കെ.ടി. അനിൽ, എൻ.കെ. മോഹനൻ എന്നിങ്ങനെ ഡി.എസ്.എസുകാരായ 6 പേരും ശ്രീരാമൻ കൊയ്യോൻ, പി.കെ. കരുണാകരൻ, ഒ.കെ. രാജൻ, ടി.കെ. സതീശൻ, ടി.എ. രാമൻ എന്നിങ്ങനെ ഗോത്രജനസഭക്കാരായ 6 പേരും കമ്മിറ്റിയിൽ അംഗങ്ങളായി. കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, സി.എസ്. മുരളി, ഇ.എ. മാത്യു (നാഷനൽ ദലിത് ക്രിസ്ത്യൻ ഫെഡറേഷൻ), കുമാർ വാഴവറ്റ (ആദിവാസി ഫോറം വയനാട്), രഘു ദണ്ടൂർ (അട്ടപ്പാടി), ബാലകൃഷ്ണൻ മുണ്ടേരി (എസ്.സി/എസ്.ടി ഫെഡറേഷൻ), അനിൽകുമാർ (ദലിത് ലിബറേഷൻ ഫ്രണ്ട് തൃശൂർ), സലിം തുരുത്തിൽ (ഉള്ളാട മഹാസഭ) തുടങ്ങിയവർ വ്യക്തികളെന്ന നിലയിലാണ് കമ്മിറ്റിയിൽ അംഗങ്ങളായത്. കെ. അംബുജാക്ഷൻ സംസ്ഥാന പ്രസിഡന്റും കെ.കെ. കൊച്ച് വൈസ് പ്രസിഡന്റും ഞാൻ ജനറൽ സെക്രട്ടറിയുമായി സംഘടനാ ചുമതല ഏറ്റെടുത്തു.
കെ.ഡി.എം.എസ് രൂപവത്കരണത്തിലൂടെ സമുദായ പരിേപ്രക്ഷ്യത്തിൽ അടയാളപ്പെടുത്തപ്പെട്ട ദലിത് പ്രവർത്തനത്തിന്റെ ഭൂമിക വിപുലീകരിക്കപ്പെട്ടു. സമുദായ സമ്മേളനം അംഗീകരിച്ച കരട് പരിപാടിയും ഭരണഘടനയും 2009 നവംബർ 13, 14, 15 തീയതികളിൽ തിരുവല്ലയിൽ നടന്ന കെ.ഡി.എം.എസ് ക്യാമ്പിൽ ചില ഭേദഗതികൾ അംഗീകരിച്ചുകൊണ്ട് സമഗ്രമാക്കുകയും പിന്നീടത് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ക്യാമ്പിലെ തീരുമാനമനുസരിച്ചാണ് സംഘടന രജിസ്റ്റർ ചെയ്തത്. 9 ജില്ലകളിൽ ജില്ല കമ്മിറ്റികൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടു.
കെ.ഡി.എം.എസിൽ ഒന്നിച്ചുചേർന്ന സംഘടനകളുടെയും വ്യക്തികളുടെയും പ്രവർത്തനമേഖല മുഖ്യമായും ഈ ജില്ലകളിലായിരുന്നു. ഈ ജില്ലകളിൽ സമുദായ സമ്മേളനങ്ങൾ നടത്താനും ജില്ല കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചു. അതിനായി അതത് ജില്ലകളിലുള്ളവരോ അടുത്ത ബന്ധമുള്ളവരോ ആയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി. 2009 ഡിസംബർ 13നും 2010 ഫെബ്രുവരി 7നും ഇടയിൽ ജില്ല കമ്മിറ്റി രൂപവത്കരണം സമയബന്ധിതമായി പൂർത്തീകരിക്കാനും തീരുമാനിച്ചു. അതിനായി പത്തനംതിട്ട ജില്ലയിൽ ബിജോയ് ഡേവിഡ്, ശ്രീരാമൻ കൊയ്യോൻ, കോട്ടയത്ത് കുഞ്ഞ് പഴന്താറ്റിൽ, പ്രദീപ് രാജ്, ഇടുക്കിയിൽ കെ.എം. സാബു, ഉണ്ണി എറണാകുളത്ത് സി.എസ്. മുരളി, പി.പി. സന്തോഷ് തൃശൂരിൽ അനിൽകുമാർ കണ്ണൂരിൽ ശ്രീരാമൻ കൊയ്യോൻ വയനാട്ടിൽ രാമകൃഷ്ണൻ എന്നിവരെ ചുമതലപ്പെടുത്തി.
ആലപ്പുഴയിലും കൊല്ലത്തും ആരെയും ചുമതലപ്പെടുത്തിയില്ലെങ്കിലും കെ.ഡി.പി അതിൽ മുൻകൈയെടുക്കുമെന്ന ധാരണയിലെത്തി. ഓരോ ദലിത് കുടുംബത്തിനും ഒരു ഹെക്ടർ കൃഷിഭൂമി നൽകുക, വരുമാനപരിധി നോക്കാതെ ദലിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തുക, ആദിവാസി അധിവാസ മേഖലകളെ സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുക, ദലിത്-ൈക്രസ്തവർക്ക് പട്ടികജാതി സ്റ്റാറ്റസ് അംഗീകരിച്ച് ജനസംഖ്യാനുപാതിക സംവരണം നൽകുക, ചെങ്ങറ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃഷിഭൂമി നൽകുക എന്നിങ്ങനെ 15 ഇന ദലിത് സമുദായ അവകാശപത്രിക ആവിഷ്കരിച്ചു.
ഉന്നതവിദ്യാഭ്യാസ രംഗത്ത് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ 2006ൽ എടുത്ത തീരുമാനം ശരിവെച്ചുകൊണ്ട് 2010 ജനുവരി 13ന് കേരള ഹൈകോടതി നടത്തിയ വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമുദായ സംവരണ സംരക്ഷണത്തിനായി 2010 ജനുവരി 23ന് എറണാകുളത്ത് നടത്തിയ പ്രതിഷേധ ധർണയായിരുന്നു കെ.ഡി.എം.എസിന്റെ ആദ്യത്തെ സാമൂഹിക ഇടപെടൽ. ചീഫ് ജസ്റ്റിസ് എസ്.ആർ. ബന്നൂർമഠും ജസ്റ്റിസ് എ.കെ. ബഷീറും ഉൾപ്പെട്ട ഡിവിഷൻ െബഞ്ചിന്റെ ഈ വിധി വിദ്യാഭ്യാസരംഗത്ത് മാത്രമല്ല, സർവിസ് സംവരണം ക്രമേണ കുറച്ചുകൊണ്ടുവരേണ്ടതുണ്ടെന്നും മത്സരിച്ചു ജയം നേടുകയെന്ന തത്ത്വം നടപ്പാക്കാൻ സമയമായി എന്നും സംവരണവിഭാഗത്തിലുള്ളവരും അല്ലാത്തവരും എന്ന വിഭജനം അപ്രസക്തമായെന്നും സംവരണം അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞുവെന്നുമെല്ലാം വിലയിരുത്തുന്നതായിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിലേക്കും ചർച്ചകളിലേക്കും നയിച്ച ഒരു വിധിയായിരുന്നു ഇത്. സാമ്പത്തിക സംവരണവാദികൾ തങ്ങളുടെ ചരിത്രവിജയമായി ഈ വിധിയെ ആഘോഷിച്ചു. ഇത്തരമൊരു വിധിക്കുവേണ്ടി വന്നുവെന്നാണ് എൻ.എസ്.എസ് നേതൃത്വം പറഞ്ഞത്. കോടതിവിധി വിവാദമാക്കരുതെന്ന് പ്രതിപക്ഷനേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ ഇ.എം.എസ് ഇക്കാര്യം പണ്ടേ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വകുപ്പു മന്ത്രി എളമരം കരീമിന്റെ പ്രതികരണം.
രംഗനാഥമിശ്ര കമീഷൻ റിപ്പോർട്ടിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി. എസ്.സി സ്റ്റാറ്റസ് അംഗീകരിച്ചുകൊണ്ട്, ദലിത് ൈക്രസ്തവ-മുസ്‍ലിം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സംവരണം വേറിട്ടുനൽകാൻ ആവശ്യപ്പെടുന്ന ഒരു സമ്മേളനം 2010 മാർച്ച് 19ന് കെ.ഡി.എം.എസ് കോട്ടയത്ത് നടത്തി. സവർണർ സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അത് നിലനിർത്തുന്നതിനായി മാത്രമല്ല, അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയവരിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനായിട്ടാണ് കെ.ഡി.എം.എസ് നിലകൊണ്ടത്.
എറണാകുളത്ത് 2010 മേയ് 16ന് നടന്ന കെ.ഡി.എം.എസ് സംസ്ഥാന കമ്മിറ്റി വനിതാ സംവരണം, ജാതി സെൻസസ്, ദേവസ്വം ഭേദഗതി ബിൽ, മിശ്ര കമീഷൻ റിപ്പോർട്ട് എന്നീ വിഷയങ്ങൾ ചർച്ചചെയ്യുകയും അഭിപ്രായ രൂപവത്കരണം നടത്തുകയും ചെയ്തു. ദലിത് പ്രവർത്തനമണ്ഡലത്തിൽ കെ.ഡി.എം.എസിന് മാത്രം സാധ്യമാകുന്ന ഒരു കാര്യമായിരുന്നു ഇത്. വനിതാസംവരണത്തെക്കുറിച്ചും ജാതിസംവരണത്തെക്കുറിച്ചുമെല്ലാമുള്ള എന്റെ നിലപാടുകൾ മുമ്പുതന്നെ ഇതേ വിഷയങ്ങളുമായി ബന്ധപ്പെട്ട് രചിച്ച ലേഖനങ്ങളിൽ വ്യക്തമാക്കിയിരുന്നതാണ്.
2010 ജൂൺ 13ന് എറണാകുളത്തു ചേർന്ന സംസ്ഥാന കമ്മിറ്റി സമുദായ രാഷ്ട്രീയ പ്രശ്നം, സ്വത്വരാഷ്ട്രീയം, സംസ്ഥാനപഠന ക്യാമ്പ്, ദേവസ്വം ഭേദഗതി ബിൽ എന്നിവ അജണ്ടയാക്കുകയും ജൂലൈ 27ന് എറണാകുളം കെ.എസ്.ഇ.ബി ഹാളിൽ സ്വത്വരാഷ്ട്രീയ സെമിനാർ സംഘടിപ്പിക്കാനും ജൂലൈ 10ന് ദേവസ്വം ഭേദഗതി ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ ദേവസ്വം അഡ്മിനിസ്േട്രറ്റിവ് ഓഫിസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചു.
