ദലിത് ൈക്രസ്തവ സംവരണം

ദലിത് ഐക്യസമിതി കാലത്തെ പ്രവർത്തനങ്ങളെയും സംഘടനയിലും മറ്റും ഉയർന്നുവന്ന വിമർശനങ്ങളെയും കുറിച്ച് എഴുതുന്നു. ആധുനിക കേരളത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയിൽ ഐക്യസമിതി നടത്തിയ സൂക്ഷ്മമായ ഇടപെടലുകളിൽ ഒന്നെന്ന നിലയിലാണ് ഈ പ്രവർത്തനം പ്രസക്തമായത്. ‘മതമില്ലാത്ത ജീവൻ’എന്ന മതനിരപേക്ഷ പാഠഭാഗം ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കണമെന്ന കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ ആവശ്യം യു.ഡി.എഫ് നേതൃത്വം ഏറ്റെടുത്തതോടെ നിലവിലുള്ള സർക്കാറിനെ താഴെയിറക്കാനുള്ള പ്രത്യക്ഷ രാഷ്ട്രീയ നീക്കമായി അത് മാറി. മതവിരുദ്ധതയും കമ്യൂണിസവും ഈ പാഠപുസ്തകത്തിലുണ്ടെന്നും തങ്ങളുടെ മക്കളെ...
Your Subscription Supports Independent Journalism
View Plansദലിത് ഐക്യസമിതി കാലത്തെ പ്രവർത്തനങ്ങളെയും സംഘടനയിലും മറ്റും ഉയർന്നുവന്ന വിമർശനങ്ങളെയും കുറിച്ച് എഴുതുന്നു.
ആധുനിക കേരളത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയിൽ ഐക്യസമിതി നടത്തിയ സൂക്ഷ്മമായ ഇടപെടലുകളിൽ ഒന്നെന്ന നിലയിലാണ് ഈ പ്രവർത്തനം പ്രസക്തമായത്. ‘മതമില്ലാത്ത ജീവൻ’എന്ന മതനിരപേക്ഷ പാഠഭാഗം ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കണമെന്ന കോൺഗ്രസ് വിദ്യാർഥി സംഘടനയുടെ ആവശ്യം യു.ഡി.എഫ് നേതൃത്വം ഏറ്റെടുത്തതോടെ നിലവിലുള്ള സർക്കാറിനെ താഴെയിറക്കാനുള്ള പ്രത്യക്ഷ രാഷ്ട്രീയ നീക്കമായി അത് മാറി. മതവിരുദ്ധതയും കമ്യൂണിസവും ഈ പാഠപുസ്തകത്തിലുണ്ടെന്നും തങ്ങളുടെ മക്കളെ ഇത് പഠിപ്പിക്കില്ലെന്നും പ്രഖ്യാപിച്ച് ൈക്രസ്തവ പൗരോഹിത്യം രംഗത്തുവന്നപ്പോൾ മത-സാമുദായിക-യാഥാസ്ഥിതിക കേരളം ഉണർന്നു.
തങ്ങൾക്കിടയിലെ ഭിന്നതകൾ മാറ്റിെവച്ച് മതങ്ങളും സംഘടിത സമുദായങ്ങളും പാഠപുസ്തകത്തിനെതിരായ പ്രക്ഷോഭത്തിൽ ഒന്നിച്ചു. പ്രക്ഷുബ്ധരായ ആൾക്കൂട്ടങ്ങൾ നഗരങ്ങളിലെ തെരുവുകളിൽ പാഠപുസ്തകം വാരിയിട്ട് കത്തിച്ചു. പുസ്തകം പിൻവലിക്കാതെ ചർച്ചയില്ലെന്ന് പ്രഖ്യാപിച്ചു. കേരളീയ സമൂഹത്തിന്റെ ജനാധിപത്യവിരുദ്ധമായ ഉള്ളടക്കം പുറത്തുവരുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ഭൗതികമാറ്റങ്ങളെ ആശ്ലേഷിക്കുമ്പോഴും ധാർമിക മാറ്റങ്ങൾ ജാതി-മത-സാമുദായിക നിർമിതികളുടെ ഉള്ളറകളിലേക്ക് കടക്കാതിരിക്കുന്നതിനായി അതിന്റെ കാവൽക്കാർ ഭൂതകാലത്തിന്റെ ഇരുമ്പുമറകൾ പുനർനിർമിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികജീവിതത്തിലെ വൈവിധ്യങ്ങളും സ്വന്തം പരിസരങ്ങളും അറിയാനും അതിലിടപെടാനും വിദ്യാർഥികളെ പ്രാപ്തമാക്കുന്ന സാമൂഹികശാസ്ത്രപഠനത്തിന്റെ ലക്ഷ്യത്തെ കടന്നാക്രമിച്ചുകൊണ്ട് കേരളത്തിന്റെ ആന്തരിക ജനാധിപത്യവത്കരണത്തെ തടയാനാണ് മത/സാമുദായിക/രാഷ്ട്രീയ ശക്തികൾ ശ്രമിച്ചത്.
ഈ പാഠപുസ്തകത്തിന്റെ ആദ്യഭാഗത്ത് ഭക്ഷ്യപ്രശ്നവും ഭൂപ്രശ്നവും പാരിസ്ഥിതിക പ്രശ്നവുമായിരുന്നു പഠനവിഷയങ്ങൾ. എല്ലാവർക്കും ഭൂമിയുണ്ടോയെന്ന ചോദ്യം പൊതുകുളക്കരയിൽനിന്ന് വെള്ളമെടുക്കുന്നതിന് ചുട്ടുകൊല്ലപ്പെട്ട ദലിത് യുവാവിനെ അറിയാനുള്ള അവസരം ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായ്മ ഇന്ന് നിലനിൽക്കുന്നുണ്ടോയെന്ന ചോദ്യം, ചാന്നാർ ലഹള, വൈക്കം സത്യഗ്രഹം, മുസ്‍ലിം ഐക്യസംഘടന, പ്രത്യക്ഷ രക്ഷാ ദൈവസഭ –ഇവയെല്ലാം പാഠപുസ്തകത്തിലെ വിഷയങ്ങളായിരുന്നു. സഭക്കുള്ള ജാതിവിവേചനങ്ങൾക്കെതിരെ പൊരുതിയ കുമാര ഗുരുദേവൻ എന്ന പൊയ്കയിൽ യോഹന്നാന് ഈ പാഠപുസ്തകത്തിൽ ലഭിച്ച ഇടം ൈക്രസ്തവ പൗരോഹിത്യത്തെ ക്ഷുഭിതരാക്കുകയുണ്ടായി.
‘മതമില്ലാത്ത ജീവൻ’ ആണ് ഈ പാഠപുസ്തകത്തിലെ ഏറ്റവും നിഷിദ്ധമായ ഭാഗമായി ചൂണ്ടിക്കാട്ടപ്പെട്ടത്. അൻവർ സാദത്തിന്റെയും ലക്ഷ്മിയുടെയും മകനായ ജീവന്റെ മതം അവൻതന്നെ നിശ്ചയിച്ചുകൊള്ളുമെന്ന മതനിരപേക്ഷ നിലപാടിനെതിരെയാണ് കേരളത്തിലെ മത-സാമുദായിക-രാഷ്ട്രീയ ശക്തികൾ ഇളകിമറിഞ്ഞത്. അന്തമാൻ നികോബാറിൽ ഒരു കുടുംബത്തിലെ നാലു പെൺകുട്ടികൾ നാലുമതങ്ങളിൽ പെട്ടവരെ വിവാഹം കഴിച്ചുജീവിക്കുന്നുവെന്ന അറിവ് കൗമാരക്കാരായ വിദ്യാർഥികളെ തങ്ങളുടെ ജീവിതപരിസരത്തെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കാൻ പര്യാപ്തമായിരുന്നു. മനുഷ്യബന്ധങ്ങളിെല ഇത്തരം മൗലികമായ മാറ്റങ്ങളെ അംഗീകരിച്ച്, കീഴാള ജനാധിപത്യത്തിന്റെ തുടിപ്പുകളെ ഉൾക്കൊണ്ട് ദലിത് ഐക്യസമിതി ഈ പാഠപുസ്തകത്തെയാണ് നെഞ്ചിലേറ്റിയത്.
നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അയിത്താചരണത്തിനെതിരെ ഐക്യസമിതി നടത്തിയ മാനവ ഏകതായാത്രയുടെ ഓർമകളിൽനിന്നും നവോത്ഥാന കാലത്തെയും ഗുരുവായൂർ സത്യഗ്രഹത്തെയും പുനർവ്യാഖ്യാനിച്ചുകൊണ്ടുമാണ് അക്കാലത്ത് ഞങ്ങളുടെ ജാഥ തുടങ്ങിയത്. ജാഥ കടന്നുപോയ വഴികളിൽ സമിതിയുടെ എല്ലാ ബന്ധങ്ങളും കൂട്ടിച്ചേർക്കാൻ ശ്രമിച്ചിരുന്നു. ചാവക്കാടും എങ്ങണ്ടിയൂരും വാടാനപ്പള്ളിയിലും തൃപ്രയാറും കൊടുങ്ങല്ലൂരുമെല്ലാം സമിതിയുടെ പ്രവർത്തകരും അഭ്യുദയകാംഷികളും ജാഥയുടെ ഭാഗമായി ഒത്തുചേർന്നു. സംഘടനാ സാന്നിധ്യം ഇല്ലാതിരുന്നിട്ടും ഇരിങ്ങാലക്കുടയിലെ സമാപനയോഗത്തിൽ കാര്യമായൊരു ജനസാന്നിധ്യം കണ്ടു.
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോയ ജാഥ 17ാം തീയതി പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ പി.ആർ.ഡി.എസ് ആസ്ഥാനത്താണ് സമാപിച്ചത്. പി.ആർ.ഡി.എസ് അധ്യക്ഷൻ എം.എസ്. കുട്ടപ്പന്റെയും ജനറൽ സെക്രട്ടറി വി.ഡി. രാജപ്പന്റെയും നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമുണ്ടായി. ദുഃഖകരമായൊരു കാര്യം ജാഥ കടന്നുപോയതിനു പിന്നാലെ ലോട്ടറി വിറ്റുകിട്ടിയ പണംകൊണ്ട് അരയൻകാവിൽ സ്വീകരണമൊരുക്കിയ കുമാരൻ ചേട്ടന്റെ ദാരുണമായ അന്ത്യമായിരുന്നു. ലോട്ടറി വിൽപനക്കായി സൈക്കിളിൽ പോകുമ്പോൾ വാഹനമിടിച്ചായിരുന്നു മരണം. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ കാലം മുതൽ അരയൻകാവിലെ ദലിത് പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ അയ്യപ്പൻ ചേട്ടനും കുമാരൻ ചേട്ടനും കരുണാകരനും ഉണ്ടായിരുന്നു.
സംഘടനയിൽനിന്ന് അകന്നുനിൽക്കുകയായിരുന്ന വി.ഡി. ജോസിന്റെ മുൻകൈയിൽ കോട്ടയം നഗരത്തിൽ നടന്ന സമാപനയോഗത്തിൽ അപ്രതീക്ഷിതമായ ജനസാന്നിധ്യമുണ്ടായി. വന്നുചേർന്നവർ കേട്ടുനിൽക്കുകയും ചെയ്തപ്പോൾ പ്രസംഗം സ്വാഭാവികമായും നീണ്ടുപോയി. അതാണ് രണ്ടുമണിക്കൂർ പ്രസംഗം എന്ന ആരോപണമായി മാറിയത്. അതിനിടയിൽ സ്ഥലത്തെത്തിയ സി.ബി. രമണൻ യോഗത്തിൽ പങ്കെടുക്കാതെ അസ്വസ്ഥനായി മടങ്ങിപ്പോയി. ഈ അസ്വസ്ഥതയുടെ തീവ്രതയാണ് പിന്നീട് നടന്ന പ്രവർത്തക സമിതി യോഗത്തിൽ കണ്ടത്. രമണനെപ്പോലെതന്നെ എൽദോയും സുരേഷ് കുമാറും ജാഥയിൽനിന്ന് വിട്ടുനിന്നിരുന്നു.
സമിതി നടത്തുന്ന ഓരോ പ്രവർത്തനവും അജണ്ടയായി അടുത്ത യോഗത്തിൽ വിലയിരുത്തപ്പെടാറുമുണ്ടായിരുന്നു. ഇത്തവണ അതുണ്ടായില്ല. എന്നിരിക്കലും ജാഥയിൽ പങ്കാളികളായവർ മാത്രമല്ല, തങ്ങളുടെ നിലപാട് അംഗീകരിക്കാത്തതിലുള്ള അമർഷംമൂലം കുത്തിത്തിരിപ്പുകാരായിനിന്നവരുടെ കുടുക്കിൽപെട്ടവരും പറഞ്ഞത് ജാഥ നേട്ടമാണെന്നായിരുന്നു.

ചിത്രീകരണം: തോലിൽ സുരേഷ്
വിവാദങ്ങൾ ഉയർന്നുവരുമ്പോൾ സാമൂഹിക പ്രശ്നങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യാനും കൃത്യമായ നിലപാട് സ്വീകരിക്കാനും സന്ദർഭോചിതമായി ഇടപെടാനും കഴിയുന്നതുതന്നെ നേട്ടമായിരുന്നു. ഈ നിലപാട് വിശദീകരിച്ചുകൊണ്ട് ‘പാഠപുസ്തക വിവാദം: വേട്ടക്കാരും ഇരകളും ഒന്നിക്കുന്നു’ എന്നൊരു ലേഖനമെഴുതി. രാഷ്ട്രനിർമാണത്തിൽ ആഭ്യന്തര ജനാധിപത്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതായിരുന്നു ഈ ലേഖനം. ഐക്യസമിതി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഉള്ളടക്കമായിരുന്നു ഈ ആശയം. ദൗർഭാഗ്യവശാൽ ഈ ആശയം മാത്രമല്ല, ജാഥ ഉണ്ടാക്കിയ ഉണർവും ആവേശവും ഉൾക്കൊള്ളുവാനുള്ള ശേഷിയും ഐക്യസമിതിക്കും നഷ്ടപ്പെട്ടിരുന്നു.
രണ്ടു കൊല്ലത്തെ ഇടവേളക്കു ശേഷം ദലിത് ഐക്യസമിതി സംസ്ഥാനതലത്തിൽ നടത്തിയ ആദ്യത്തെ പ്രവർത്തനമായിരുന്ന 2008 ജൂൺ 12ന് തൊടുപുഴ ടൗൺഹാളിൽ നടന്ന ദലിത് ൈക്രസ്തവ സംവരണ സമ്മേളനം. ദലിത് ൈക്രസ്തവ സംവരണവുമായി ബന്ധപ്പെട്ട് 2007 മേയ് 22ന് പ്രധാനമന്ത്രിക്ക് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് രംഗനാഥ മിശ്ര കമീഷൻ റിപ്പോർട്ടിന്റെയും 2007 നവംബർ ആദ്യത്തിൽതന്നെ കേന്ദ്ര സാമൂഹികനീതി വകുപ്പിന് സമർപ്പിക്കപ്പെട്ട ദേശീയ പട്ടികജാതി ദേശീയ കമീഷൻ റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിൽ വ്യത്യസ്ത വീക്ഷണങ്ങളിൽനിന്ന് ദലിത് ൈക്രസ്തവ സംവരണത്തെ നോക്കിക്കാണുന്ന മത-സാമുദായിക-രാഷ്ട്രീയ നേതൃത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരഭിപ്രായ സമന്വയ സാധ്യത ആരായുകയായിരുന്നു ഈ സമ്മേളനം.
പട്ടികജാതി സ്റ്റാറ്റസ് അംഗീകരിച്ചുകൊണ്ട് ദലിത് ൈക്രസ്തവ-ദലിത് മുസ്‍ലിം വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ രംഗനാഥമിശ്ര കമീഷൻ ശിപാർശ ചെയ്തു. എന്നാൽ ഇതേ സാമൂഹിക പദവി അംഗീകരിച്ചുകൊണ്ട് ഈ വിഭാഗത്തിന്റെ ജനസംഖ്യ കണക്കാക്കി എത്ര ശതമാനം സംവരണം നൽകണമെന്ന് തീരുമാനിക്കാനാണ് ദേശീയ പട്ടികജാതി കമീഷൻ യൂനിയൻ സർക്കാറിനോട് ശിപാർശ ചെയ്തത്. യാദൃച്ഛികമായിട്ടാണെങ്കിലും ഒരു പതിറ്റാണ്ടുമുമ്പ് ദലിത് ഐക്യചർച്ച നടക്കുമ്പോൾ, അധഃസ്ഥിത നവോത്ഥാന മുന്നണി എത്തിച്ചേർന്നതും ദലിത് ഐക്യസമിതി ഉയർത്തിപ്പിടിച്ചതുമായ ദലിത് ൈക്രസ്തവ സംവരണ നിലപാടിലാണ് ദേശീയ പട്ടികജാതി കമീഷനും എത്തിച്ചേർന്നത് എന്നതിൽ സന്തോഷവും അഭിമാനവും തോന്നി.
വിഷയമെന്തായാലും ക്ഷണിക്കപ്പെട്ടവെരല്ലാം എത്തിച്ചേരണമെന്നില്ല. അതിവിടെയും സംഭവിച്ചു. ബിഷപ് ഡോ. തോമസ് അത്താനാസിയോസ്, ഡോ. സിറിയക് തോമസ്, പി.സി. ജോർജ് എം.എൽ.എ, പി.ടി. തോമസ് എക്സ് എം.എൽ.എ, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം സി.വി. വർഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, ബി.ജെ.പി ജില്ല പ്രസിഡന്റ് ശ്രീനഗരി രാജൻ, ജമാഅത്ത് ഇസ്‍ലാമി പൊളിറ്റിക്കൽ സെക്രട്ടറി ഹമീദ് വാണിമേൽ എന്നിങ്ങനെ മത/സാമുദായിക/രാഷ്ട്രീയ മണ്ഡലത്തിലെ പലരെയും ക്ഷണിച്ചിരുന്നു.
ക്ഷണിക്കപ്പെടുന്നവരുടെ സമ്മതം ക്ഷണിക്കുന്നവരുടെ സാമൂഹികനിലയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് നേരിട്ടറിയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ദലിതരുടെ വേദിയിലെത്തി അവരോടൊപ്പമിരിക്കുന്നതിന് തങ്ങൾ പ്രവർത്തിക്കുന്ന മണ്ഡലത്തിൽനിന്ന് എത്രമാത്രം സമ്മതമുണ്ടാകുമെന്ന് ഭയപ്പെടുന്നവരാണിവർ. തക്കസമയത്തുതന്നെ എത്തിയ ഉദ്ഘാടകൻ വ്യത്യസ്തനായി. ഡോ. സെബാസ്റ്റ്യൻ പോൾ എം.പിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഹിന്ദുമതത്തിൽ അനുഭവിക്കുന്ന എല്ലാ അവശതകളും ക്രിസ്തുമതത്തിലും ദലിതർ അനുഭവിക്കുന്നുണ്ടെന്നും തനിക്ക് യുക്തമെന്ന് തോന്നുന്ന ഒരു വിശ്വാസം സ്വീകരിക്കുന്നതുകൊണ്ട് നിലവിലുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും രംഗനാഥമിശ്ര കമീഷൻ റിപ്പോർട്ടിന്റെയും ദേശീയ പട്ടികജാതി കമീഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ദലിത് ൈക്രസ്തവ സംവരണ പ്രശ്നത്തിൽ സമവായത്തിന് സാധ്യതയുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ എം.പി പറഞ്ഞു.
പട്ടികജാതിക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിന് ദോഷമില്ലെന്ന വണ്ണം ദലിത് ൈക്രസ്തവ സംവരണം നടപ്പിലാക്കണമെന്ന് പി.ടി. തോമസും ജനസംഖ്യാനുപാതിക സംവരണമാണ് നൽകേണ്ടതെന്ന് അഡ്വ. സി.കെ. വിദ്യാസാഗറും പട്ടികജാതി സംവരണത്തിന് കോട്ടം തട്ടാത്ത ദലിത് ൈക്രസ്തവർക്ക് സംവരണം നൽകുന്നതിനോട് എതിർപ്പില്ലെന്നും കേരള പുലയൻ മഹാസഭ ജനറൽ സെക്രട്ടറി കെ.ടി. ശങ്കരനും പറഞ്ഞപ്പോൾ അഡ്വ. കെ.എം. ഡേവിഡിനെയും കെ. ജോൺ പോളിനെയും പി.പി. ജോഷിയെയും പോലെ ചിലർ ദലിത് ൈക്രസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുക എന്ന പരമ്പരാഗത നിലപാട് ആവർത്തിച്ചു.
മതം മാറുന്നവർക്ക് സംവരണം നൽകിയാൽ മതം മാറ്റത്തെ േപ്രരിപ്പിക്കുന്ന നടപടിയാകുമെന്നും ന്യൂനപക്ഷാവകാശം വാങ്ങുന്നവർ അതിന്റെ വിഹിതം ന്യൂനപക്ഷത്തിലെ പിന്നാക്കക്കാർക്ക് നൽകുകയാണ് വേണ്ടതെന്നും ബി.ജെ.പി നേതാവ് വി.ജെ. രാജേഷ് പറഞ്ഞു. കെ.കെ. കൊച്ച്, ഡോ. രാജൻ ബാബു, റവ. പി.വി. ജോസഫ്, സൈമൺ ജോൺ, തോമസ് മാത്യു, പി.ജെ. സെബാസ്റ്റ്യൻ പുലയൻ, എ.ജെ. പ്രസാദ്, പി.പി. ജോഷി, സി.എം. മുരളി, വി.ആർ. തങ്കപ്പൻ എന്നിങ്ങനെ ദലിതർക്കിടയിൽ ക്ഷണിക്കപ്പെട്ട പല സംഘടനാ നേതാക്കളും എഴുത്തുകാരും സംസാരിക്കുകയും ചെയ്തു. പട്ടികജാതി സ്റ്റാറ്റസ് അംഗീകരിച്ചുകൊണ്ട് എസ്.സി./എസ്.ടി േക്വാട്ടക്കു പുറത്ത് ജനസംഖ്യാനുപാതിക സംവരണം നൽകണമെന്നതായിരുന്നു പൊതുനിലപാട്. ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ ഒരു പ്രമേയം പാസാക്കിയാണ് സമ്മേളനം അവസാനിച്ചത്.
ദലിത് ൈക്രസ്തവ പ്രശ്നം ചർച്ചക്കെടുത്തപ്പോഴെല്ലാം പരസ്പരം കലഹിച്ചുപിരിഞ്ഞു. ദലിത്-ക്രിസ്ത്യൻ ദലിത് ഹിന്ദു നേതൃത്വങ്ങൾക്കിടയിൽ അനുരഞ്ജനത്തിന്റെ സാധ്യത കണ്ടു എന്നതായിരുന്നു ഈ സമ്മേളനത്തിന്റെ പ്രത്യേകത. അവിടെ വെറുപ്പിന്റെ പ്രസരണമുണ്ടാവില്ല. അസഹിഷ്ണുതയും ആേക്രാശങ്ങളും കണ്ടില്ല. മതപരമായ വിഭജനത്തിലൂടെ നഷ്ടപ്പെട്ടുപോയ സാഹോദര്യം വീണ്ടെടുക്കണമെങ്കിൽ ദലിതരുടെ ചിന്തയിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാകണമായിരുന്നു. അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടണം. സത്യസന്ധമായ തുറന്നുപറച്ചിലുകളും മറുവശത്തെ മാനിക്കുന്ന മനോഭാവവുമുണ്ടാകണം. ഈ ദിശയിൽ അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ കാലത്ത് ആരംഭിച്ച പ്രത്യക്ഷ ഇടപെടലുകളുടെ തുടർച്ചയിലാണ് ഈ സമ്മേളനം അടയാളപ്പെടുത്തപ്പെട്ടത്.
സമ്മേളനം വിലയിരുത്തുമ്പോൾ കണ്ട ദുഃഖകരമായൊരു കാര്യം സംവരണത്തിന്റെ പേരിൽ ദലിതർക്കിടയിൽ വളർന്നുവന്ന ഭിന്നതകൾ ലഘൂകരിക്കുന്നതിനും മുന്നോട്ടുപോകുന്നതിനുമുള്ള സാധ്യത തെളിഞ്ഞപ്പോൾ ഐക്യസമിതി നേതൃത്വത്തിൽ പ്രത്യക്ഷപ്പെട്ട സംഘർഷങ്ങളായിരുന്നു. അതൊരിക്കലും ആശയപരമായിരുന്നില്ല. സംഘടനാപ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് രൂപംകൊള്ളുകയും കൺവീനറെയും കൺവീനൽ സിസ്റ്ററ്റത്തെയും തള്ളിപ്പറയുകയും ഈ സംഘർഷം പിന്നീട് കണ്ടതുപോലെ ഐക്യസമിതി വളർത്തിയെടുക്കാൻ ശ്രമിച്ച രാഷ്ട്രീയ-നൈതിക സൗഹൃദം അഥവാ ബന്ധുത്വം ഇല്ലാതാക്കുന്നതിലേക്കാണ് നയിച്ചത്.
ഈ സംഘർഷത്തിന് കരുത്തുപകരുന്ന സമീപനമായിരുന്നു സമ്മേളനം അഡ്വ. ടി.ഡി. എൽദോയെപ്പോലുള്ളവർ സ്വീകരിച്ചത്. അധ്യക്ഷപ്രസംഗം എഴുതിവായിച്ചത് സംഘടനാ തീരുമാനമായിരുന്നില്ലെന്നു പറഞ്ഞ എൽദോ വാർത്താസമ്മേളനം എറണാകുളത്ത് നടത്തിയതും സി.എസ്. മുരളിയെ പങ്കെടുപ്പിച്ചതുമെല്ലാം എന്റെ വ്യക്തിപരമായ താൽപര്യങ്ങളായി വ്യാഖ്യാനിച്ചു. വിഷയത്തിലുള്ള സമിതിയുടെ നിലപാട് സമഗ്രമായി, വ്യക്തവും കൃത്യവുമായി കുറഞ്ഞ സമയത്തിനുള്ളിൽ എഴുതിവായിക്കുകയാണ് ചെയ്തത്. അവതരിപ്പിക്കപ്പെട്ടത് സംഘടനയുടെ നിലപാടാണോ അല്ലയോ എന്നതായിരുന്നില്ല, അത് പറയുകയായിരുന്നോ, എഴുതി പറയുകയായിരുന്നോ എന്നതായിരുന്നു പ്രശ്നം. അധ്യക്ഷന് തീരുമാനിക്കാവുന്നൊരു കാര്യമായി കാണാവുന്നതായിരുന്നുവെങ്കിലും കൺവീനർക്കെതിരെ സംശയങ്ങളും അവിശ്വാസവും വളർത്തുന്നതിനുള്ള അവസരമായി എൽദോ അതിനെ ഉപയോഗിച്ചു.
വാർത്താസമ്മേളനം തൊടുപുഴ നടത്താനാണ് എൽദോ ആഗ്രഹിച്ചതെങ്കിലും എറണാകുളത്ത് നടത്തിയാൽ ഒരു പത്രമെങ്കിലും സംസ്ഥാനതലത്തിൽ വാർത്ത നൽകിയേക്കുമെന്ന പൊതു അഭിപ്രായം അംഗീകരിക്കുകയാണ് ചെയ്തത്. എൽദോ വാർത്താസമ്മേളനത്തിന് എഴുതുകയും ചെയ്തിരുന്നു. വൈകിപ്പോയതുകൊണ്ട് പങ്കെടുക്കാനായില്ല. ഈ വൈകൽതന്നെ എൽദോയെപ്പോലുള്ളവർ പിന്തുടർന്നുപോന്ന ഒരു ശീലമായിരുന്നു. മറ്റുപല സംഘടനാ നേതാക്കളെയുംപോലെ വേട്ടുവ മഹാസഭ സംസ്ഥാന സെക്രട്ടറിയെന്ന നിലയിലാണ് സി.എസ്. മുരളിയെ ക്ഷണിച്ചത്. എന്നാൽ, മുരളിയുമായുള്ള എന്റെ ദീർഘകാലബന്ധം മനസ്സിൽവച്ച് ഇത്തരമാളുകളെ പങ്കെടുപ്പിക്കുന്നതിലൂടെ തങ്ങളുടെ അവസരം നിഷേധിക്കുകയാണെന്ന ആരോപണമുന്നയിച്ചു.
മാനന്തവാടിയിൽ നടക്കുന്ന ആദിവാസി പ്രവർത്തക ക്യാമ്പിൽ പങ്കെടുക്കുന്നതിന് തൊടുപുഴയിൽനിന്ന് വെളുപ്പിന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രതിരിച്ചത് എൽദോയുടെ വീട്ടിൽ തങ്ങിയശേഷമായിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങൾ ചർച്ചാവിഷയമായില്ല. സമ്മേളനം നേട്ടമാണെന്ന് മാത്രമാണ് അപ്പോൾ എൽദോ പറഞ്ഞത്. ദിവസങ്ങൾക്കകം തകിടം മറിഞ്ഞു. നേട്ടങ്ങൾ കാണാതെ കോട്ടങ്ങൾ എണ്ണിപ്പറയുന്നതിലെ അപകടം ചൂണ്ടിക്കാട്ടിയെങ്കിലും എൽദോയെപ്പോലുള്ളവർക്ക് ഉൾക്കൊള്ളാനായില്ല. എത്ര നിസ്സാരമായ കാര്യങ്ങളാണ് എൽദോ വിമർശനങ്ങൾക്കായി കണ്ടെത്തിയത് എന്നത് ആശ്ചര്യകരമായിരുന്നു. ഐക്യസമിതി മാത്രമല്ല, ദലിത് സംഘടനകൾ തല്ലിപ്പിരിയുന്ന രീതിയായിരുന്നു ഇത്.
ആനന്ദയുടെ വേർപാടിന്റെ വ്യഥയിൽ വെന്തെരിഞ്ഞ് അയാളെക്കുറിച്ചുള്ള ഓർമകൾക്കല്ലാതെ മറ്റൊന്നിനും ഇടമില്ലാത്ത മനസ്സുമായി നഷ്ടപ്പെട്ട എന്നിലെ നിയന്ത്രണം തിരികെ നേടാനായി പാടുപെടുമ്പോഴാണ് ഒരു രാത്രി അപ്രതീക്ഷിതമായി ജിൻഷുവും കുട്ടപ്പനും വീട്ടിലെത്തിയത്. സംവരണ സംരക്ഷണസമിതി നടത്തുന്ന സെക്രേട്ടറിയറ്റ് മാർച്ചിന്റെ പശ്ചാത്തലത്തിൽ ബുള്ളറ്റിൻ ഇറക്കാൻ സഹകരിക്കണമെന്നറിയിക്കാനായി എൽദോ പറഞ്ഞയച്ചതായിരുന്നു അവരെ. ആ സമയത്ത് എന്റെ മനോനില അറിയുന്ന ആർക്കും ചെയ്യാൻ കഴിയുന്നൊരു കാര്യമായിരുന്നില്ല ഇത്. രാഷ്ട്രീയത്തിനായി വ്യക്തിജീവിതം കൈയൊഴിഞ്ഞ ആളായിരുന്നില്ല ഞാൻ.
രണ്ടും ഒരേ നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ചതുകൊണ്ടാകാം വ്യക്തിജീവിതത്തിലെ നഷ്ടം തീരാദുഃഖമായി മാറിയത്. ബുള്ളറ്റിൻ ഇറക്കേണ്ടതാണെങ്കിലും അത്തരമൊരു പ്രവൃത്തി ചെയ്യാനുള്ള മാനസികാവസ്ഥ എനിക്കില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. ജിൻഷു വിവരം എൽദോയെ അറിയിച്ചു. ഉടൻതന്നെ എന്നെ വിളിച്ച എൽദോയോട് കാര്യങ്ങൾ വിശദീകരിച്ചുവെങ്കിലും അത് ഉൾക്കൊള്ളാൻ തയാറായില്ല. ഇങ്ങനെയാണെങ്കിൽ തന്നെപ്പോലുള്ളവർക്ക് സംഘടനയിൽ തുടരാനാവില്ലെന്നായിരുന്നു എൽദോയുടെ പ്രതികരണം. ആർദ്രമായ ഹൃദയത്തിന്റെ ഭാഷയായിരുന്നില്ല അത്. അതിനുള്ളിൽ സ്നേഹവും കരുണയും സഹാനുഭൂതിയുമുണ്ടായില്ല.
ക്രൂരതയെന്ന പദം പലവട്ടം മനസ്സിലൂടെ മിന്നിമറിഞ്ഞു. ആനന്ദ മരിച്ചപ്പോൾ റീത്തുമായെത്തുകയും അനുശോചനയോഗം സംഘടിപ്പിക്കുന്നതിന് മുൻകൈയെടുക്കുകയും ചെയ്ത ആളായിരുന്നു എൽദോ. എൽദോ മാമന് എന്തുപറ്റിയെന്ന് ബുദ്ധ ചോദിച്ചു. അടുത്ത തലമുറയിലേക്ക് പകർന്നുനിൽക്കാനായ ബന്ധുത്വത്തിന്റെ സ്പർശം ആ ചോദ്യത്തിലുണ്ടായിരുന്നു. എന്നാൽ, ബന്ധങ്ങളുടെ തായ് വേരുകൾ മുറിച്ചുമാറ്റുകയായിരുന്നു എൽദോ.
എഡിറ്റർ എന്ന നിലയിൽ ദലിത് ഐക്യശബ്ദം ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായിരുന്നില്ല ഇറക്കാൻ സഹകരിക്കണമെന്ന് പറയാനാണ് എൽദോ രണ്ട് പത്രാധിപസമിതി അംഗങ്ങളെ പറഞ്ഞയച്ചത്. എന്തുകൊണ്ടാണ് എൽദോ ഇത്തരമൊരു സമീപനം സ്വീകരിച്ചത് എന്നത് ചോദ്യചിഹ്നമായിരുന്നു. ഞാൻ നിർവഹിച്ചുകൊണ്ടിരുന്ന ചുമതലയിൽനിന്ന് എന്നെ ഒഴിവാക്കുകയും എന്നാൽ ആ ചുമലതലയുടെ നിർവഹണത്തിന് എന്റെ സഹകരണം തേടുകയും ചെയ്യുന്ന കുടിലമായൊരു രാഷ്ട്രീയ കൗശലം അതിന്റെ പിന്നിലുണ്ടായിരുന്നു.
സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കേണ്ടിവന്ന എന്റെ ദുരന്തനാളുകളിൽ സംഘടനക്കുള്ളിൽ നടന്ന ആസൂത്രിതമായൊരു ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ സമീപനം. എന്റെ അസാന്നിധ്യത്തിൽ പിന്നീട് നടന്ന സംസ്ഥാന പ്രവർത്തക യോഗത്തിൽ ബുള്ളറ്റിൻ അടിക്കാൻ ജിൻഷുവിനെ പറഞ്ഞയച്ചിട്ട് ഞാൻ സഹകരിച്ചില്ലെന്നും നിരുത്സാഹപ്പെടുത്തിയെന്നും ഇറക്കേണ്ടെന്ന് പറഞ്ഞെന്നുമെല്ലാമുള്ള നുണകൾ എനിക്കെതിരായ ആരോപണങ്ങളായി ഉന്നയിച്ചത് ഈ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു.
ഈ യോഗത്തിൽ എൽദോയേക്കാൾ തീവ്രമായി എന്നെ ആക്രമിക്കാൻ തയാറായ രമണനും സുരേഷ് കുമാറും പ്രത്യക്ഷപ്പെട്ടത് ഈ ഗൂഢാലോചനയിലെ മുഖകണ്ണികളെന്ന നിലയിലാണ്. ബുള്ളറ്റിന്റെ ചുമതലയിൽനിന്നു മാത്രമല്ല, സംഘടനയുടെ ചുമതലയിൽനിന്നുതന്നെ എന്നെ ഒഴിവാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ ലക്ഷ്യവുമായി ഏതെങ്കിലും തലത്തിൽ താദാത്മ്യപ്പെട്ടവരെല്ലാം ഏറിയോ കുറഞ്ഞോ ഈ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നു.
ഈ ഗൂഢാലോചനയുടെ മറ്റൊരു മുഖം കണ്ടത് സംഘടനയുടെ അറിവോ സമ്മതമോ ഇല്ലാതെ ദലിത് പ്ലാറ്റ് ഫോം ഉണ്ടാക്കുന്നതിനായി കെ.ഡി.പിയും ഐ.ഡി.എഫുമായി രമണനും എൽദോയും സുരേഷ് കുമാറും കോട്ടയത്ത് ഒത്തുചേർന്നപ്പോഴാണ്. സംഘടനക്കുള്ളിൽ നടന്ന ഗൂഢാലോചനക്ക് പുറത്തുനിന്ന് ലഭിച്ച പിന്തുണയായിരുന്നു അത്. ഐക്യസമിതിയുടെ നാശം കാണാൻ കൊതിച്ചവരെല്ലാം ഈ ഗൂഢാലോചനയെ ആശീർവദിച്ചു. സംഘടനാ തീരുമാനമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് താൻ ഈ യോഗത്തിൽ പങ്കെടുത്തത് എന്ന് പിന്നീട് സാബു പറയുകയുണ്ടായി. വളരെ വൈകിയാണെങ്കിലും ഈ യോഗത്തെക്കുറിച്ച് അറിയാനായത് സാബു പങ്കെടുത്തതുകൊണ്ടു മാത്രമായിരുന്നു. നുണകൾ പറഞ്ഞും പൊങ്ങച്ചം കാട്ടിയും പ്രലോഭിപ്പിച്ചും വ്യാമോഹങ്ങൾ സൃഷ്ടിച്ചുമാണ് ഇവർ പ്രവർത്തകരെ തങ്ങളോടൊപ്പം ചേർത്തുനിർത്താൻ ശ്രമിച്ചത്.
ഈ ഗൂഢാലോചനയുടെ പാരമ്യത്തിൽ നടന്ന പ്രവർത്തകയോഗത്തിൽ കണ്ടതുപോലെ തങ്ങളുടെ കഴിവില്ലായ്മകളുടെയും കഴിവുകേടുകളുടെയും ഉത്തരവാദിത്തം എനിക്ക് ചാർത്തി എന്നെ ഒഴിവാക്കിയാൽ നേതാക്കളും എഴുത്തുകാരും മറ്റുമാകാമെന്ന മിഥ്യാധാരണ ഇവർ പരസ്പരം കൈമാറി. അറിവിനും കഠിനാധ്വാനത്തിലെ സമർപ്പിതജീവിതത്തിനും പകരം പദവികളുണ്ടാക്കി പങ്കിട്ടെടുക്കാൻ പദ്ധതിയിട്ടു. ഒരു വരിപോലും എഴുതാനറിയാത്തവരെ പ്രസിദ്ധീകരണത്തിന്റെ ചുമതലയേൽപ്പിച്ച് എന്നെ സഹകാരിയാക്കാൻ നോക്കി. നാലു ജില്ലകളിൽ പ്രവർത്തനമുണ്ടായിരുന്ന ഐക്യസമിതി അപ്പോഴേക്കും വൈള്ളൂരും മണർക്കാടുംപോലെ രണ്ടു പഞ്ചായത്തുകളിലും പത്തോ പതിനഞ്ചോ പ്രവർത്തകരിലും ഒതുങ്ങി.
എൽദോ ദലിത് ഐക്യ ചർച്ചയിലേക്ക് ഒസ്യത്തായി കൊണ്ടുവന്ന കുടുംബയോഗത്തിന്റെ അവസ്ഥ. ഇതിനർഥം ഐക്യസമിതിയിലേക്ക് കടന്നുവന്നവരെല്ലാം പ്രസ്ഥാനം വിട്ടുപോയി എന്നായിരുന്നില്ല. അവരെ തേടിയെത്താനും ഉൾക്കൊള്ളാനും ചലിപ്പിക്കാനും ശേഷിയില്ലാത്തവരായി സംഘടനാനേതൃത്വം അധഃപതിച്ചുവെന്നതായിരുന്നു.
എന്നെ അപമാനിച്ച് ഒഴിവാക്കാൻ തീരുമാനിച്ചപ്പോഴും സംഘടനയിൽ ഒരംഗമായി തുടരാൻ ആഗ്രഹിച്ചുവെങ്കിലും എന്തിനാണെന്നെ ഒഴിവാക്കിയതെന്ന് നേരെ പറയാൻപോലും ശേഷിയില്ലാത്ത ഭീരുക്കളോടൊപ്പമുള്ള യാത്ര പിന്നീട് മനസ്സാ വേണ്ടെന്നുെവച്ചു. അപ്പോഴേക്കുമവർ ഐക്യസമിതിയുടെ നയപ്രഖ്യാപനരേഖ ചിന്തയിലും പ്രവൃത്തിയിലും വേണ്ടെന്നു െവച്ചുകഴിഞ്ഞിരുന്നു. അവർക്ക് വേണ്ടിയിരുന്നത് സംഘടനയും പദവികളുമായിരുന്നു. സംഘടനക്കുമേലുള്ള തർക്കമുന്നയിക്കാതെ, സംഘടന പിളർക്കാതെ, സാഹോദര്യഹത്യക്കുമുതിരാതെ, വെറുപ്പോ വിദ്വേഷമോ മനസ്സിൽ സൂക്ഷിക്കാതെ ഞാനും എന്നോടൊപ്പം ചിന്തിക്കുന്നവരും അവരിൽനിന്ന് അകന്ന് സഞ്ചരിക്കാൻ തുടങ്ങി.
(തുടരും)
