കുത്തിത്തിരിപ്പും കുതികാൽവെട്ടും

ദലിത് ഐക്യ സമിതിയിൽ ഉയർന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് എഴുതുന്നു. ദലിത് ഐക്യസമിതിക്ക് അതിന്റെ ചലനശക്തി നഷ്ടമായത് എങ്ങനെയെന്നും വ്യക്തമാക്കുന്നു. അസാധ്യമായി ഒന്നുമില്ലെന്ന ബോധ്യത്തിലാണ് ദലിതരെ ഒന്നിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അതിന് പ്രതിബന്ധമായി നിന്ന ഘടകങ്ങളെ സൈദ്ധാന്തികമായും പ്രായോഗികമായും നേരിട്ടാണ് ദലിത് ഐക്യസമിതിക്ക് രൂപംനൽകിയത്. സംഘടന എന്ന് പറയുമായിരുന്നുവെങ്കിലും നിയതമായ അർഥത്തിൽ അതൊരു സംഘടനയായിരുന്നില്ല, സംഘമായിരുന്നു. ഒന്നും ഒരിടത്തും കേന്ദ്രീകരിക്കപ്പെട്ടിരുന്നില്ല. വ്യവസ്ഥാപിത സംഘടനാ ചട്ടക്കൂടോ...
Your Subscription Supports Independent Journalism
View Plansദലിത് ഐക്യ സമിതിയിൽ ഉയർന്ന വിവിധതരം പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് എഴുതുന്നു. ദലിത് ഐക്യസമിതിക്ക് അതിന്റെ ചലനശക്തി നഷ്ടമായത് എങ്ങനെയെന്നും വ്യക്തമാക്കുന്നു.
അസാധ്യമായി ഒന്നുമില്ലെന്ന ബോധ്യത്തിലാണ് ദലിതരെ ഒന്നിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അതിന് പ്രതിബന്ധമായി നിന്ന ഘടകങ്ങളെ സൈദ്ധാന്തികമായും പ്രായോഗികമായും നേരിട്ടാണ് ദലിത് ഐക്യസമിതിക്ക് രൂപംനൽകിയത്. സംഘടന എന്ന് പറയുമായിരുന്നുവെങ്കിലും നിയതമായ അർഥത്തിൽ അതൊരു സംഘടനയായിരുന്നില്ല, സംഘമായിരുന്നു. ഒന്നും ഒരിടത്തും കേന്ദ്രീകരിക്കപ്പെട്ടിരുന്നില്ല. വ്യവസ്ഥാപിത സംഘടനാ ചട്ടക്കൂടോ ഭരണഘടനയോ രജിസ്േട്രഷനോ പ്രഖ്യാപിതമായൊരു പരിപാടിയോ ചോദ്യംചെയ്യാൻ പാടില്ലാത്തൊരു നേതൃത്വമോ ഒന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് സാമുദായികമായ ദിശാബോധമായിരുന്നു. അതിന്റെ സൈദ്ധാന്തിക ആവിഷ്കാരമായ നയപ്രഖ്യാപനരേഖയായിരുന്നു.
തുടക്കത്തിൽ സംസ്ഥാന കമ്മിറ്റിയോടൊപ്പം വിപുലമായ ഒരു സംസ്ഥാന കൗൺസിലുമുണ്ടായിരുന്നുവെങ്കിലും കൗൺസിൽ നിലനിന്നില്ല. കാര്യങ്ങൾ തീരുമാനിച്ചിരുന്നത് സംസ്ഥാന കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളിലൂടെയായിരുന്നു. മുഖ്യ ചുമതല വഹിച്ചിരുന്നത് സംസ്ഥാന കൺവീനറാണ്. അസാന്നിധ്യത്തിൽ ജോയന്റ് കൺവീനർ ആ ചുമതല വഹിച്ചു. കൺവീനർമാരെ മുൻനിർത്തിയുള്ള ഒരു സംഘടനാ സംവിധാനമായിരുന്നു ഐക്യസമിതി. ദലിതർക്കിടയിൽ സാമുദായിക അവബോധവും ഐക്യബോധവും സൃഷ്ടിക്കുകയായിരുന്നു ദൗത്യം. വെറുമൊരു സംഘടനാ പദവിയല്ല സമിതിയുടെ സംസ്ഥാന കൺവീനർ എന്ന തിരിച്ചറിവോടെയാണ് ആ ചുമതല ഏറ്റെടുത്തത്. അതൊരു രാഷ്ട്രീയ പദവിയായിരുന്നു.
പ്രത്യയശാസ്ത്ര പദവിയായിരുന്നു. വിമോചനാത്മകമായ ഒരുകൂട്ടം ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് ഉണ്ടാകുവാൻ കഴിഞ്ഞ ഉത്കർഷേച്ഛയും ചലനാത്മകതയും (aspiration, dynamism) നിലനിർത്താനാവാതെ വന്നപ്പോൾ ദൗത്യം മറന്ന് മുൻനിരയിൽ ഒപ്പം സഞ്ചരിച്ച ചിലർ വ്യക്തി താൽപര്യങ്ങൾക്കുവേണ്ടി പരമ്പരാഗത സംഘടനാ ചട്ടക്കൂടിലേക്ക് സമിതിയെ വലിച്ചിഴക്കുകയും അതിന്റെ ജൈവികമായ അസ്തിത്വം ഇല്ലാതാക്കുകയും ചെയ്തു. അതിന് നേതൃത്വം നൽകിയവരുടെ താൽപര്യങ്ങളും ലക്ഷ്യവും വ്യക്തമാക്കുന്നതായിരുന്നു 2008 ആഗസ്റ്റ് 8ന് തൊടുപുഴ െറസ്റ്റ് ഹൗസിൽ ചേർന്ന പ്രവർത്തക യോഗം.
എന്റെ അസാന്നിധ്യത്തിൽ നടന്ന അപൂർവം ചില യോഗങ്ങളിൽ ഒന്നായിരുന്നു അത്. കുഞ്ഞേട്ടനായിരുന്നു അധ്യക്ഷൻ. ചെങ്ങറ സമരവും അയ്യൻകാളി ജന്മദിനവും പാഠപുസ്തക വിവാദവും ബുള്ളറ്റിനുമെല്ലാം അജണ്ടകളായിരുന്നുവെങ്കിലും സംഘടനാപ്രശ്നം മാത്രമാണ് ചർച്ചക്കെടുത്തത്. നിശ്ചയിക്കപ്പെട്ട അജണ്ടകൾ ചർച്ചചെയ്ത് തീരുമാനങ്ങളിലെത്താതെ പിരിയുന്ന രീതി ഐക്യസമിതിക്കുണ്ടായിരുന്നില്ല. സംഘടനാരീതിയും സംഘടനാ പദവിയും ചോദ്യംചെയ്യപ്പെട്ടുവെന്നതായിരുന്നു ഈ യോഗത്തിന്റെ പ്രത്യേകത. ഒപ്പം സഞ്ചരിച്ച് ചിലർ എന്റെ രാഷ്ട്രീയ ധാർമിക ജീവിതം വിചാരണ ചെയ്തു.
സംഘടനയിൽ ഉയർന്നുവന്ന അനാരോഗ്യകരമായ പ്രവണതകൾ ചൂണ്ടിക്കാട്ടി പരസ്പര വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ചർച്ചകൾ വ്യക്തികേന്ദ്രീകൃതമാകരുതെന്നും അധ്യക്ഷപ്രസംഗത്തിൽ കുഞ്ഞേട്ടൻ ഓർമിപ്പിച്ചു. സംഘടനക്കുള്ളിൽ ചില പ്രശ്നങ്ങളുണ്ടെന്നും ചർച്ചകളിലൂടെ അത് പരിഹാരം കണ്ടെത്തണമെന്നും ചർച്ചക്ക് തുടക്കം കുറിച്ചുകൊണ്ട് മണക്കാട് പഞ്ചായത്ത് കമ്മിറ്റിയംഗം പി.ഐ. ജോണി പറഞ്ഞു. എന്നാൽ, മുൻനിശ്ചയംപോലെ സംഘടനാ സംവിധാനത്തെയും കൺവീനറെയും തള്ളിപ്പറഞ്ഞുകൊണ്ട് സംസ്ഥാന കമ്മിറ്റിയംഗമായ സി.ബി. രമണൻ ചർച്ചയുടെ രീതിയും ഗതിയും മാറ്റി, യോഗത്തിന്റെ അജണ്ട നിശ്ചയിച്ചു.
‘കൺവീനർ സിസ്റ്റം തുടരേണ്ടതില്ല’ എന്ന ആമുഖത്തോടെയാണ് രമണൻ സംസാരിച്ചു തുടങ്ങിയത്. സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് മുഖ്യ തടസ്സം കൺവീനർ സിസ്റ്റമാണെന്നും ഇത് മാറ്റി പ്രസിഡന്റും സെക്രട്ടറിയുമുണ്ടാകണമെന്നും രമണൻ പറഞ്ഞു. മൂന്നാഴ്ച മുമ്പ്, 2008 ജൂലൈ 8ന് കൈപ്പുഴയിൽ നടന്ന സംസ്ഥാന കമ്മിറ്റിയോഗത്തിൽപോലും ചില സംഘടനാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടപ്പെട്ടുവെന്നല്ലാതെ ഇത്തരമൊരു നിലപാട് ആരും ഉന്നയിച്ചിരുന്നില്ല. ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ രമണൻ കൺവീനർക്കെതിരെ രാഷ്ട്രീയവും വ്യക്തിപരവുമായ വിമർശനങ്ങളും ആരോപണങ്ങളും ഉയർത്തി.
സംവരണ സംരക്ഷണ സമിതി പൊളിച്ചത് സലിംകുമാറാണ്. കെ.കെ. കൊച്ചും കെ. അംബുജാക്ഷനും സണ്ണി എം. കപിക്കാടുമെല്ലാം പാഠപുസ്തകവിവാദത്തിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തയാറായിരുന്നെങ്കിലും സലിംകുമാർ ഈ നീക്കം അട്ടിമറിച്ചു. അന്തസ്സും അഭിമാനവുമുള്ളവർ സലിംകുമാർ നടത്തിയ ജാഥയിൽ പങ്കെടുക്കില്ലായിരുന്നു. ലീഡർഷിപ്പിൽ മറ്റാർക്കും അവസരം നൽകില്ലെന്നത് സലിംകുമാറിന്റെ നിലപാടാണ്. ദലിത് പ്രവർത്തനമണ്ഡലത്തിൽ സലിംകുമാറിന് മറ്റാരെയുംകാൾ സ്വീകാര്യതയുണ്ടെങ്കിൽ അതുപോലുള്ളവർ കൂടെയുള്ളതുകൊണ്ടുമാത്രമാണ്.
എന്നാൽ, സലിംകുമാറിനെ തള്ളിപ്പറയുന്ന വി.ഡി. ജോസിനോടും ഐക്യസമിതി പൊളിക്കണമെന്ന് പറയുന്ന എൻ.കെ. വിജയനോടും പഴയബന്ധം തുടരുന്നു. ഐക്യസമിതി ഉപേക്ഷിച്ച് വേട്ടുവ മഹാസഭയിൽ പോയ പി.വി. സജീവ്കുമാറിനെയും സി.എസ്. മുരളിയെയും പരിപാടിക്ക് ക്ഷണിച്ച് ഞങ്ങൾക്കു മുകളിൽ സ്ഥാനങ്ങൾ നൽകുന്നു. സലിംകുമാർ വിശ്വസിക്കാൻ കൊള്ളാത്ത നേതൃത്വമാണെന്ന് എം. ഗീതാനന്ദനും മറ്റു പലരും പറഞ്ഞിട്ടുണ്ട്. ജോസിനെയും കുഞ്ഞുമോനെയും വിജയനെയും െവച്ചുകളിച്ചാൽ തിരിച്ചുകളിക്കും. സംഘടനയോടും സമുദായത്തോടുമുള്ള സലിംകുമാറിന്റെ സമീപനത്തിൽ വിശ്വാസമില്ല. ഇങ്ങനെ നീണ്ടുപോകുന്നതായിരുന്നു രമണന്റെ വാക്കുകൾ.
ഇതേ വീക്ഷണത്തിൽനിന്ന് പിന്നീട് ചർച്ചയിൽ പങ്കെടുത്ത മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗമായ പി.ആർ. സുരേഷ്കുമാർ കൺവീനർ സിസ്റ്റം മാവോയുടെ രീതിക്കുണ്ടെന്നും ഐക്യസമിതി ജനാധിപത്യ സംഘടനയല്ലെന്നും കെ.പി.എം.എസ് മോഡലിലുള്ള സംഘടന ഉണ്ടാകണമെന്നും പറഞ്ഞു. ഐക്യസമിതിയുടെ വളർച്ച മുരടിച്ചുവെന്ന് കണ്ടിട്ടാണ് കെ.കെ. രവി പ്രവർത്തനം നിർത്തിപ്പോയത്. സമുദായ പ്രവർത്തനത്തിന് സാർഥക സംഘം ആവശ്യമില്ല. സംഘടനക്ക് പ്രസിഡന്റും സെക്രട്ടറിയും രജിസ്േട്രഷനും വേണം. സ്ഥാപനവത്കരണവും സാമ്പത്തിക സമാഹരണവും ഉണ്ടാകണം. സമ്പത്തുള്ളതുകൊണ്ടാണ് വെള്ളാപ്പള്ളി അംഗീകരിക്കപ്പെട്ടത്.
സലിംകുമാർ ആർക്കും അവസരം കൊടുക്കുന്നില്ല. ആരെയും വളർത്തുന്നില്ല. ഒരു വിഷയവും പഠിക്കാൻ അവസരം നൽകിയില്ല. ക്യാമ്പുകൾ പരാജയമായിരുന്നു. അവിടെ ഒരു വിഷയവും ചർച്ചചെയ്യപ്പെട്ടില്ല. മനസ്സുതുറന്ന് സംസാരിക്കാൻ എല്ലാവർക്കും അവസരം കിട്ടിയില്ല. കുഞ്ഞേട്ടനും കുഞ്ഞുമോനും വി.ഡി. ജോസും കോക്കസായി പ്രവർത്തിക്കുന്നു. ഈ രീതിയിൽ മുന്നോട്ടുപോകാൻ താൽപര്യമില്ല. സലിംകുമാർ നേതൃത്വത്തിൽ വേണമോയെന്ന് തീരുമാനിക്കണം.
തുടർന്ന് സംസാരിച്ച സംസ്ഥാന കമ്മിറ്റിയംഗവും ഇടുക്കി ജില്ല കൺവീനറുമായ അഡ്വ. ടി.ഡി. എൽദോ സലിംകുമാർ തീവ്ര കമ്യൂണിസ്റ്റ് ആയിരുന്നെന്നും അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ തുടർച്ചയിലാണ് സമിതിയെ നോക്കിക്കാണുന്നതെന്നും സൂചിപ്പിച്ചാണ് സംഭാഷണം തുടങ്ങിയത്. മുൻകൂട്ടി തീരുമാനിച്ചതുപോലെ രമണനും സുരേഷ്കുമാറും പറഞ്ഞ കാര്യങ്ങളെല്ലാം ആവർത്തിക്കുകയായിരുന്നു എൽദോ. വസ്തുത നോക്കാതെ തോന്നുന്നതെല്ലാം വിളിച്ചുപറയുകയായിരുന്നു എൽദോ. സലിംകുമാർ രണ്ടു മണിക്കൂർ സംസാരിക്കുന്നു.
നേതൃത്വത്തെ വളർത്തിയെടുക്കാൻ ശ്രമിച്ചില്ല. ഏകാധിപത്യപരമായി പ്രവർത്തിക്കുന്നു. സ്തുതിപാഠകർ കാര്യങ്ങൾ തീരുമാനിക്കുന്നു. വി.ഡി. ജോസ് ആരുമാകട്ടെ, മറ്റുള്ളവരെ വാഴിക്കാൻ പാടില്ല. ജോസിനെ െവച്ച് കളിതുടങ്ങിയതാണ് പ്രശ്നത്തിന്റെ കാതൽ. തന്റെ പേരുെവച്ച് നോട്ടീസടിച്ചിട്ട് തനിക്ക് തന്നില്ല. ഇതെന്ത് ജനാധിപത്യമാണ്. സംഘടനക്ക് ചട്ടക്കൂടില്ല. മിനിറ്റ്സ് ഇല്ല. പ്രസിഡന്റ്, സെക്രട്ടറി, രജിസ്േട്രഷൻ ഒന്നും മോശം കാര്യങ്ങളല്ല. ഒരു പക്ഷത്തെയും ആളല്ല. സംഘടനാപക്ഷത്തേ നിൽക്കൂ. സംഘടനാ സംവിധാനമുണ്ടാക്കി മുന്നോട്ടുപോകും. ബുള്ളറ്റിനിൽ മറ്റാരുടെയും ഒരു വാചകംപോലും ഇടാൻ അനുവദിക്കുന്നില്ല. സലിംകുമാറിന്റെ സ്വകാര്യസ്വത്തായ ബുള്ളറ്റിൻ. സാമൂഹികപ്രവർത്തനത്തിൽ സലിംകുമാർ സത്യസന്ധനാണോയെന്ന് സംശയിക്കുന്നു.
സലിംകുമാറിനെ വിമർശിക്കുന്നരീതി ശരിയല്ലെന്നുവരുമ്പോൾ ഇടപെടേണ്ടിവന്നിട്ടുണ്ടെന്ന് പറഞ്ഞാണ് കെ.എം. സാബു സംസാരിച്ചു തുടങ്ങിയത്. സംഘടനക്കുള്ളിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. അവ സമന്വയിപ്പിച്ചുകൊണ്ടാണ് സമിതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വിഷയത്തിലും താൽപര്യമുള്ളവർ അഭിരുചിക്കനുസരിച്ച് കാര്യങ്ങൾ നിരീക്ഷിക്കുന്നു.
വിമർശനത്തിന് പുതിയ രീതിയുണ്ടാകണം. കോക്കസ് ഉണ്ടെന്ന് പറയുന്നത് ശരിയല്ല. വ്യക്തിപരമായ ആരോപണങ്ങൾ ഉണ്ടാകുമ്പോൾ മാനസികമായി അകൽച്ച തോന്നുന്നു. പാഠപുസ്തകവിവാദത്തിൽ ജാഥ നടത്തിയത് സംഘടനക്ക് ഗുണംചെയ്തു. ജനാധിപത്യരീതി ഉണ്ടാകാതെ ജനാധിപത്യം പറയുന്നതിൽ അർഥമില്ല. സംഘടനാ സിസ്റ്റം മാറുന്നതിനെക്കുറിച്ച് വിപുലമായ ബോഡിയിൽ ചർച്ചചെയ്യണം.
വിമർശനരീതി ശക്തിയല്ലെന്നും, സമുദായത്തിന് ഗുണം ചെയ്യുന്ന രീതിയിലല്ല ചർച്ചകൾ നടക്കുന്നതെന്നും ചർച്ച പോസിറ്റിവായി മാറണമെന്നും കെ.കെ. ജിൻഷു പറഞ്ഞു. സംഘടനാ ചട്ടക്കൂട് മാറേണ്ടതാണ് എന്നതിനോട് യോജിക്കണം. എന്നാൽ, സലിംകുമാർ അല്ലാതെ കൺവീനറാകാൻ പറ്റിയ ആൾ ആയിട്ടില്ല. കൺവീനർ മാറേണ്ടതില്ല. രജിസ്റ്റർ ചെയ്താലും സംഘടന പ്രവർത്തിക്കണം. നേതാക്കളെ സൃഷ്ടിക്കുന്നതിൽ സംഘടനക്കുള്ളിൽ േപ്രാത്സാഹനം ഉണ്ടായില്ല. ക്യാമ്പ് ഉപേക്ഷിക്കേണ്ടിവന്നത് പ്രശ്നമാണ്.
സലിംകുമാറിന്റെ ബൗദ്ധികശേഷി അംഗീകരിക്കുവാനാകണം. എല്ലാവരുടെയും കഴിവുകൾ സമന്വയിപ്പിക്കപ്പെടണം. എൽദോയും രമണനും സുരേഷ് കുമാറും ഒരേ ആശയക്കാരാണ്. സലിംകുമാറിനും കുഞ്ഞേട്ടനുമെല്ലാം അവരുടേതായ ആശയങ്ങളുമുണ്ട്. രണ്ട് ആശയങ്ങളും സമുദായത്തിന് ഗുണകരമാണെന്നാണ് കരുതിയത്. അനുരഞ്ജനത്തിന്റെ വഴിയാണ് സ്വീകരിച്ചത്. ഒരേ മാർഗത്തിൽ വന്നവർ ഇത്തരത്തിലായതിൽ ബുദ്ധിമുട്ടുണ്ട്. നിലപാടെടുക്കേണ്ടിവരും. സമുദായത്തിന് ഗുണകരമായ രീതിയിൽ ഒരുമിച്ചുപോകണം. വിശദമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം.
പരസ്പര സ്നേഹവും ബഹുമാനവും പെട്ടെന്ന് ഉണ്ടാകില്ലെന്ന് രഘുവരൻ പറഞ്ഞു. ക്യാമ്പുകൾ ഗുണംചെയ്തു. ക്യാമ്പുകളിലൂടെയാണ് ആശയവ്യക്തത ഉണ്ടായത്: സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ നല്ലതാണെന്ന് കരുതിയാണ് ഇപ്പോഴും തുടരുന്നത്. കോക്കസ് ഉണ്ടെന്നു രാജപ്പനും പറഞ്ഞിരുന്നു. എം.എൽ പ്രസ്ഥാനങ്ങളിൽനിന്ന് വന്നവരെന്ന നിലയിലുള്ള അടുപ്പമാകാം. തക്കസമയത്ത് ഇടപെട്ടതുകൊണ്ടാണ് പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട ജാഥയിൽ പങ്കെടുത്തത്. പിന്നീടാണ് അറിഞ്ഞത് അത് സംഘടനയുടെ തീരുമാനമായിരുന്നില്ലെന്ന്. സംവരണ സംരക്ഷണ സമിതിയിൽ ഐക്യസമിതിയെ ആർക്കും അറിയില്ലായിരുന്നുവെന്നും സലിംകുമാറിനെ അവിടെ പരിചയപ്പെടുത്തിയത് രമണനായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
വിദ്യാർഥി ക്യാമ്പിൽ തീരെ പങ്കാളിത്തമുണ്ടായില്ല; വി.ഡി. ജോസിനെ എന്തിനാണ് കൊണ്ടുവന്നത് എന്ന് മനസ്സിലാകുന്നില്ല. സലിംകുമാറും കുഞ്ഞേട്ടനും അറിഞ്ഞാണെങ്കിൽ അത് അംഗീകരിക്കാനാവില്ല. സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുമ്പോൾ വി.ഡി. ജോസ് ഉൾപ്പെടെ എല്ലാവരെയും ഉൾക്കൊള്ളുവാനാകണം എന്നതായിരുന്നു ശിവദാസിന്റെ നിലപാട്. കോക്കസ് ദുരനുഭവമായി തോന്നിയില്ലെന്ന് വി.എം. അപ്പു പറഞ്ഞു. ക്യാമ്പ് മുതൽ വിഭാഗീയത അനുഭവപ്പെട്ടുവെന്നും ഈ രീതിയിൽ തുടരാനാവില്ലെന്നും അജേഷ് കുമാർ പറഞ്ഞു.
ഏതൊരു സംഘടനക്കും അവശ്യം വേണ്ട മിനിറ്റ്സുപോലും ഐക്യസമിതിക്ക് ഉണ്ടായിരുന്നില്ലെന്നും അതെല്ലാം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നുമുള്ള രീതിയിൽ മിനിറ്റ്സ് വേണം, കമ്മിറ്റി സമ്പ്രദായം ഉണ്ടാകണം എന്നതുപോലുള്ള ചില തീരുമാനങ്ങളെടുത്തു. സംഘടനയെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഉള്ളവരായിരുന്നില്ല ഐക്യസമിതിക്ക് രൂപംനൽകിയത് എന്ന് സ്ഥാപിക്കുവാനുള്ള ശ്രമമായിരുന്നു ഇത്. ദലിത് പ്ലാറ്റ് ഫോം ഉണ്ടാക്കുന്നതിന് കോട്ടയത്ത് ചേർന്നയോഗത്തിൽ രമണൻ ഉന്നയിച്ച ദലിത് സമാജത്തിന്റെ കരട് തയാറാക്കാൻ ജനാർദനനെയും അജേഷ്കുമാറിനെയും ചുമതലപ്പെടുത്തി.
സംഘടനക്കു പുറത്തുള്ള ആലോ ചനകളുടെ ഫലമായിരുന്നു ഈ തീരുമാനം. ഈ പ്രവർത്തകയോഗത്തിലെ സംസ്ഥാന കമ്മിറ്റിയിലോ ഈ വിഷയം ചർച്ച ചെയ്തിരുന്നില്ല. കമ്മിറ്റി സമ്പ്രദായം കർക്കശമാക്കണമെന്ന് നിർദേശിച്ചുകൊണ്ടും കൺവീനറുമായി ആലോചിച്ച് സംസ്ഥാന കമ്മിറ്റിയും പ്രവർത്തക സമിതിയും വിളിച്ചുചേർക്കുന്നതിന് സി.ബി. രമണനെ ചുമതലപ്പെടുത്തിക്കൊണ്ടുമാണ് യോഗം അവസാനിച്ചത്. ഐക്യസമിതി ജനാധിപത്യസംഘടനയല്ലെന്നും കൺവീനർ ഏകാധിപത്യരീതിയിലാണ് പ്രവർത്തിക്കുന്നത് എന്നും പറഞ്ഞവർ എന്റെ അസാന്നിധ്യത്തിൽ എന്നെ കേൾക്കാതെ, എനിക്കെതിരെ വിധിയെഴുതുകയായിരുന്നു. ചർച്ചയില്ല, സമവായമില്ല, തീരുമാനം മാത്രം. രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഇത്.
സംഘടനയുടെ ഉള്ളടക്കവും ഘടനയും ശൈലിയും എന്തുതന്നെയായാലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് അന്ന് സംഭവിച്ചത്. നടന്ന ചർച്ചകളുടെ പൊതുസ്വഭാവവും എന്നെ ഏൽപിച്ചതും ഞാൻ ഏറ്റെടുത്തതുമായ ചുമതലകളിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനവുമെല്ലാം കുഞ്ഞേട്ടൻ അറിയിച്ചു. എന്ത് ചെയ്യണമെന്ന് ഞാൻ ചോദിച്ചു. തീരുമാനം അംഗീകരിക്കുന്നുവെന്നും സഹോദരങ്ങളോട് പോരിനില്ലെന്നും എന്നാൽ അതിന്റെ രീതി ശരിയായില്ലെന്നും ഞാൻ കുഞ്ഞേട്ടനോട് പറഞ്ഞു. നമ്മൾ ഏറ്റെടുത്ത ദൗത്യം മിക്കവാറും നിർവഹിച്ചുകഴിഞ്ഞിരിക്കുന്നു. അതിനുള്ള ഉപകരണം മാത്രമായിരുന്നു ഐക്യസമിതി. സമിതിയിലൂടെ ഇനിയും മുന്നോട്ടുപോകുമെന്ന് കരുതുന്നതിൽ അർഥമില്ല.
അതിന്റെ ജൈവികമായ അസ്തിത്വം നഷ്ടമായിരിക്കുന്നു. രണ്ടാഴ്ചക്കുശേഷം 2008 ആഗസ്റ്റ് 18ന് കൈപ്പുഴ കുഞ്ഞുമോന്റെ വീട്ടിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ, എന്റെ നിലപാട് അറിയിച്ചുകൊണ്ട് കുഞ്ഞേട്ടൻ പറഞ്ഞു: ‘ജാതിവിരുദ്ധ നിലപാടിൽനിന്നാണ് ഐക്യസമിതി രൂപവത്കരിച്ചത്, ഈ നിലപാടിൽ നിന്ന് ജീവിക്കാൻ ശ്രമിച്ച, പരാജയപ്പെട്ട ആളാണ് ഞാൻ. കൺവീനർക്ക് അത് കഴിഞ്ഞു. കൺവീനർ മാറിയാൽ, ഐക്യസമിതി ഒരു ജാതിസംഘടനയായി മാറിയേക്കാം.’ നടപടി സ്വീകരിക്കുന്നുവെന്നും എന്നാൽ അതിന് വ്യക്തത ആവശ്യമുണ്ടെന്നു എല്ലാം ചുമതലകളിൽനിന്നും മാറി ഒരംഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ പറഞ്ഞു.
വിചിത്രമായൊരു കാര്യം, പ്രവർത്തകയോഗത്തിൽ നടന്ന കാര്യങ്ങൾ മറച്ചുവെക്കാൻ സംഘടനാ പദവിയിൽനിന്ന് എന്നെ പുറത്താക്കിയവർ സംസ്ഥാന കമ്മിറ്റിയിൽ നടത്തിയ ഒളിച്ചുകളിയാണ്. യോഗത്തിൽ നടന്ന കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കുവാനല്ല അത് തെറ്റായരീതിയിൽ വിലയിരുത്തപ്പെട്ടുവെന്നും കുഞ്ഞേട്ടൻ എന്നോട് കള്ളം പറഞ്ഞുവെന്നും സ്ഥാപിക്കാനായിരുന്നു രമണനും എൽദോയും ശ്രമിച്ചത്. പുലയവാദമുയർത്തി കൺവീനറെ മാറ്റാൻ ശ്രമിച്ചുവെന്ന് ആരോ പറഞ്ഞുവെന്ന മട്ടിൽ പുലയർക്കുവേണ്ടി മാത്രമല്ല, എല്ലാവർക്കും വേണ്ടി ജീവിച്ച ആളാണ് താനെന്ന് രമണൻ പറഞ്ഞു.
കൺവീനർ മാത്രം ശരിയും മറ്റുള്ളവർ ജാതിവിരുദ്ധ ജീവിതരീതി ഇല്ലാത്തവരാണെന്ന് പറയുന്നതും ശരിയല്ല. കൺവീനറെ ആരും ഒറ്റപ്പെടുത്തിയിട്ടില്ല. സമുദായത്തിനും സംഘടനക്കും വിധേയമായിട്ടാണ് എല്ലാവരും പ്രവർത്തിക്കേണ്ടതെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്തത്. സംഘടനാ നേതൃത്വത്തെ ഒഴിവാക്കിയ നടപടി മറച്ചുെവച്ചുകൊണ്ട് നയപ്രഖ്യാപനരേഖ പുനഃപരിശോധിക്കേണ്ടതിനെക്കുറിച്ചും രമണൻ പറഞ്ഞു. കൂട്ടായ പ്രവർത്തനമില്ലെങ്കിൽ താൻ ഉണ്ടാവുകയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെ ഭഗത് എന്നോട് ചോദിച്ചു ‘കുഞ്ഞേട്ടൻ വല്യച്ഛൻ കള്ളം പറഞ്ഞുവെന്ന് രമണൻ മാമനും എൽദോ മാമനും പറഞ്ഞപ്പോൾ അച്ഛൻ എന്തുകൊണ്ടാണ് മിണ്ടാതിരുന്നത്.’ ഐക്യസമിതി വളർത്തിയെടുത്ത സാമുദായിക അവബോധത്തിന്റെ പ്രതിഫലനമായിരുന്നു ഈ ചോദ്യം. ബന്ധുത്വം അക്രമിക്കപ്പെട്ടുവെന്ന് കണ്ടപ്പോൾ ഉയർന്നുവന്ന ചോദ്യം ഐക്യസമിതിയുടെ ഇരുണ്ട ഭാവിയിലേക്കാണ് വിരൽചൂണ്ടിയത്.
വർഷങ്ങൾക്കുശേഷം ഈ പ്രവർത്തകയോഗത്തിൽ പങ്കെടുത്ത കെ.എം. സാബു എഴുതിയ മിനിറ്റ്സിലൂടെ കടന്നുപോകുമ്പോഴാണ് എന്നോടൊപ്പം സഞ്ചരിച്ചിരുന്ന ചിലർ എത്രമാത്രം നിലവാരം കുറഞ്ഞവരായിരുന്നുവെന്നും എത്രമാത്രം ദുഷിച്ചു കഴിഞ്ഞിരുന്നുവെന്നും ഞാനറിഞ്ഞത്. വന്നവഴിയെ ഒരു തിരിച്ചുപോക്ക് സാധ്യമായിരുന്നില്ലെങ്കിൽ എന്നന്നേക്കുമായി അവർക്ക് ഇക്കാര്യം എന്നിൽനിന്ന് മറച്ചുവെക്കാൻ കഴിയുമായിരുന്നു. തങ്ങൾക്ക് ഒന്നുമാകാൻ കഴിയുന്നില്ലെന്ന അപകർഷം (degeneracy) അവരെ എവിടെ എത്തിച്ചിരിക്കുന്നുവെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ഈ രേഖ. അതിന്റെ കാരണം അവർ കണ്ടെത്തിയത് സംഘടനാ സംവിധാനത്തിലും മുഖ്യചുമതല വഹിക്കുന്ന എന്നിലുമാണ്. സംഘടനാ സംവിധാനം അഴിച്ചുപണിയുകയും നേതൃത്വം മാറുകയും ചെയ്താൽ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് അവർ കരുതി.
അതിനായവർ കരുക്കൾ നീക്കി. കുശുമ്പും കുന്നായ്മയും പോലുള്ള ആയുധങ്ങൾ വരെ പ്രയോഗിച്ചു. ഒപ്പം നടന്നവർ മുന്നിലെത്താനുള്ള വ്യഗ്രതയിൽ കുത്തിത്തിരിപ്പുകാരും കുതികാൽവെട്ടുന്നവരുമായി മാറി. ദുഃഖകരമായൊരു കാര്യം ചർച്ചയുടെ രീതി ശരിയല്ല എന്ന് പറയുന്നതിനപ്പുറം ഒരു വ്യക്തിയുടെ സത്യസന്ധതയും വിശ്വാസ്യതയും വരെ ചോദ്യം ചെയ്തിട്ടും ആ വ്യക്തിയുടെ അസാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച പാടില്ലെന്നു പറയുവാൻ ഈ യോഗത്തിൽ ആർക്കും കഴിഞ്ഞില്ല എന്നതാണ്. ഇക്കാര്യങ്ങൾ എന്നിൽനിന്ന് മറച്ചുവെക്കുവാൻ കുഞ്ഞേട്ടനെപ്പോലെ സത്യസന്ധനായ ഒരു മനുഷ്യഹൃദയവും അവർക്ക് മുറിവേൽപിക്കേണ്ടിവന്നു. മറ്റുള്ളവരുടെ അഭാവത്തിൽ അവരെ പറ്റി പറയുമ്പോൾ അവരുടെ കണ്ണുകളിലേക്ക് നോക്കി പറയുവാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയാവുവെന്ന് സാമാന്യധാരണയെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. ദലിത് ഐക്യസമിതി എത്തിച്ചേർന്ന രാഷ്ട്രീയ ധാർമിക അപചയത്തിന്റെ മൂർധന്യാവസ്ഥയായിരുന്നു ഇവിടെ കണ്ടത്.
തന്റെ രാഷ്ട്രീയ ഭൂതകാലം എടുത്തുകാട്ടിയാണ് ഐക്യസമിതി ജനാധിപത്യ സംഘടനയല്ലെന്നും കൺവീനർ സിസ്റ്റം മാവോ രീതിയാണെന്നുമുള്ള വിമർശനം ഉന്നയിക്കപ്പെട്ടത് സഹപ്രവർത്തകർക്കിടയിൽനിന്ന് ആദ്യമായിട്ടായിരുന്നുവെങ്കിലും ദലിത് പ്രവർത്തനമണ്ഡലത്തിലേക്ക് കടന്നുവന്ന നാൾമുതൽ എന്റെ രാഷ്ട്രീയ ഭൂതകാലം എനിക്കെതിരായ ആയുധമായി ജാതിസംഘടനകളും ദലിത് സംഘടനകളും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. നക്സെലെറ്റ് പ്രസ്ഥാനത്തിലേക്ക് ദലിതരെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രമായിട്ടാണ് അധഃസ്ഥിത നവോത്ഥാന മുന്നണി ചിത്രീകരിക്കപ്പെട്ടത്.
പാർട്ടിയുടെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ഒരു സംഘടനയെന്ന നിലയിൽ ഇത്തരം എതിർപ്പുകൾ സ്വാഭാവികമായിരുന്നു. ഈ യാഥാർഥ്യം മറച്ചുെവച്ചോ ഭൂതകാലത്തെ തള്ളിപ്പറഞ്ഞോ അല്ല അതിനെ നേരിട്ടത്. കമ്യൂണിസ്റ്റ് ആയിരിക്കുമ്പോൾ ലഭിച്ച പുതിയ അറിവിനാൽ നയിക്കപ്പെടുന്ന മറ്റൊരു രാഷ്ട്രീയ ജീവിതം സാധ്യമാക്കിക്കൊണ്ടാണ്. പാർട്ടിയും പാർട്ടിയുടെ പോഷകസംഘടനകളുമെല്ലാം പരമ്പരാഗത സംഘടനാ പദവികൾ പിന്തുടരുമ്പോഴാണ് എ.എൻ.എം. വ്യത്യസ്തമായി കൺവീനർ എന്ന പദവി സ്വീകരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പദവിയിൽ രാഷ്ട്രീയ സംഘടനാ കേന്ദ്രീകരണത്തിന്റെ രൂപമായിരുന്നു.
സാഹചര്യങ്ങളും ലക്ഷ്യങ്ങളുമാണ് സംഘടനാ രൂപങ്ങളുടെ സ്വഭാവത്തെ തീരുമാനിച്ചത്. ചൈനീസ് വിപ്ലവനായകനായിരുന്ന മാവോ സേതുങ് വഹിച്ച സംഘടനാ പദവിയായിരുന്നു സെക്രട്ടറി. ഈ സെക്രട്ടറി പദവിയിൽ ചെയർമാനായി, സർവാധികാരിയായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തന്നെ സെക്രട്ടറിയുടെ കാലാവധി നിശ്ചയിച്ചത്. ഒരാൾക്ക് രണ്ടു തവണയിൽ കൂടുതൽ അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ സംഘടനാ പദവിയെ ഐക്യസമിതി കൺവീനറുമായി താരതമ്യം ചെയ്യുന്നത് ശുദ്ധ അസംബന്ധവും അറിവില്ലായ്മയുമായിരുന്നു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെയും ദലിത് ഐക്യസമിതിയുടെയും പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിനായി എന്റെ രാഷ്ട്രീയ ഭൂതകാലത്തെ ഉപയോഗിച്ചവരുടെ ചട്ടുകങ്ങളായി മാറുകയായിരുന്നു എന്റെ സഹപ്രവർത്തകരിൽ ചിലർ.
ജനാധിപത്യത്തെക്കുറിച്ചും അതിന്റെ ആവിഷ്കാരങ്ങളെക്കുറിച്ചും വ്യത്യസ്തമായ നിർവചനങ്ങളും കാഴ്ചപ്പാടുകളുമുണ്ട്. തുല്യതയെക്കുറിച്ച് മനുഷ്യൻ ചിന്തിച്ചു തുടങ്ങിയ കാലത്തേക്ക് നീളുന്നതാണ് അതിന്റെ വേരുകൾ. ഐക്യസമിതി ജനാധിപത്യസംഘടനയാണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത് ഭൂതകാലത്ത് അതിന്റെ നേതൃത്വം എന്ത് ചെയ്യുകയായിരുന്നുവെന്ന് നോക്കിയല്ല, വർത്തമാനകാലത്ത് അതിന്റെ രൂപം എന്താണെന്നും ഈ സംഘടന എന്തുചെയ്യുകയാണ് എന്ന് നോക്കിയുമാണ്. ജനാധിപത്യം ഒരു സ്ഥിതിയല്ല, പ്രവർത്തനമാണ്. പോരാട്ടമുഖങ്ങളിലാണ് അത് രൂപംകൊള്ളുകയും വളരുകയും ചെയ്യുന്നത്.
പോരാട്ടങ്ങളുടെ കരുത്താണ് ജനാധിപത്യത്തിന്റെ കരുത്തായി മാറുന്നത്. ഈ പോരാട്ടങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ജനാധിപത്യത്തിനുവേണ്ടി കാത്തിരുന്നാൽ അതൊരിക്കലും ലഭിക്കണമെന്നില്ല. ഐക്യസമിതി ജനാധിപത്യ സംഘടനയല്ലെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ അതിനർഥം അവർ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുകയോ പോരാടുകയോ ചെയ്തില്ലെന്നാണ്.
തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായില്ലെന്നും ഒരു വിഷയവും പഠിക്കാൻ അവസരം നൽകിയില്ലെന്നും ആരെയും വളരുവാൻ അനുവദിച്ചില്ലെന്നുമെല്ലാമുള്ള വിമർശനങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽനിന്ന് ഉണ്ടായതാണ്. മറ്റുള്ളവർ നേടിത്തരുന്ന സ്വാതന്ത്ര്യത്തിനും അവസരങ്ങൾക്കും വേണ്ടിയുള്ള വിലാപങ്ങളാണിവ. സ്വാതന്ത്ര്യവും അവസരങ്ങളുമൊന്നും മുകളിൽനിന്ന് വീണുകിട്ടുന്നവയല്ല, പൊരുതി നേടേണ്ടവയാണ്. എല്ലാം തടഞ്ഞത് കൺവീനർ സിസ്റ്റമാണെന്നാണ് അവരുടെ വിലയിരുത്തൽ.
