Begin typing your search above and press return to search.
proflie-avatar
Login

ദലിത് രാഷ്ട്രീയ സംവാദവും സംവരണവും

ദലിത് രാഷ്ട്രീയ സംവാദവും   സംവരണവും
cancel

ജീവിതസഖിയുടെ വിടവാങ്ങലിനുശേഷം ഏർപ്പെട്ട രാഷ്ട്രീയ സംവാദങ്ങളെയും സംവരണം അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളെയും കുറിച്ച് എഴുതുന്നു. അർബുദത്തിനെതിരായ ജീവൻ-മരണ പോരാട്ടത്തിനിടയിലാണ് രാഷ്ട്രീയ ആത്മകഥ എഴുതണമെന്ന ആവശ്യവുമായി ‘മാധ്യമം’ ഇടുക്കി ജില്ല ബ്യൂറോ ചീഫ് പി. കെ. പ്രകാശൻ വീട്ടിലെത്തിയത്. രോഗത്തെക്കുറിച്ചും രോഗിയെക്കുറിച്ചുമുള്ള ചിന്തയല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകാതിരുന്ന സമയത്ത് ജീവിതത്തിന് അത്തരം ഒരു മാനമുണ്ടെന്ന് ചിന്തിക്കേണ്ടി വന്നത് അപ്പോഴാണ്. വന്നവഴിയെ തിരികെ നടക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കലും ആലോചിച്ചിരുന്നില്ല. അതിനുള്ള...

Your Subscription Supports Independent Journalism

View Plans
ജീവിതസഖിയുടെ വിടവാങ്ങലിനുശേഷം ഏർപ്പെട്ട രാഷ്ട്രീയ സംവാദങ്ങളെയും സംവരണം അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളെയും കുറിച്ച് എഴുതുന്നു.

അർബുദത്തിനെതിരായ ജീവൻ-മരണ പോരാട്ടത്തിനിടയിലാണ് രാഷ്ട്രീയ ആത്മകഥ എഴുതണമെന്ന ആവശ്യവുമായി ‘മാധ്യമം’ ഇടുക്കി ജില്ല ബ്യൂറോ ചീഫ് പി. കെ. പ്രകാശൻ വീട്ടിലെത്തിയത്. രോഗത്തെക്കുറിച്ചും രോഗിയെക്കുറിച്ചുമുള്ള ചിന്തയല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകാതിരുന്ന സമയത്ത് ജീവിതത്തിന് അത്തരം ഒരു മാനമുണ്ടെന്ന് ചിന്തിക്കേണ്ടി വന്നത് അപ്പോഴാണ്. വന്നവഴിയെ തിരികെ നടക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കലും ആലോചിച്ചിരുന്നില്ല. അതിനുള്ള മുന്നൊരുക്കങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. എന്നിട്ടും സമ്മതം മൂളി. അരങ്ങൊഴിയുമ്പോൾ ബാക്കിയാകുന്ന ഒരു ആത്മരേഖ. സഞ്ചാരവീഥിയിൽ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ഒരു ലോകമുണ്ട്. അതിനുള്ളിലെ നേരിനെക്കുറിച്ചും നേരുകേടിനെക്കുറിച്ചുമുള്ള അന്വേഷണങ്ങളുമുണ്ട്.

കാടിളക്കി നടന്ന ഒരു കുട്ടിക്കാലമുണ്ട്. മലയിറങ്ങിയ നാൾമുതൽ ഒരേകാകിയുടെ, ഭീരുവിന്റെ പരാജയത്തിന്റെ ദുരവസ്​ഥയെ മറികടക്കുവാൻ നടത്തിയ ശ്രമങ്ങളുമുണ്ട്. സ്വന്തം ജീവിതത്തോടും സഹജീവിതത്തോ ടുമുള്ള ശ്രദ്ധയുമുണ്ട്. അനീതികൾക്കു മുന്നിൽ ക്ഷുഭിതമായ ഒരു യൗവനവുമുണ്ട്. നൊമ്പരങ്ങളിൽ കുടുങ്ങിയ മനസ്സിനെ ശാന്തമാക്കുവാൻ പാടുപെട്ടെങ്കിലും വടക്കേ മുറ്റത്തെ ചാമ്പയുടെ ചുവട്ടിൽ എഴുതാനിരുന്നു. ഓർത്തെടുത്തവ അക്ഷരങ്ങളായി. ‘മാധ്യമം’ ഈ കുറിപ്പിന് ‘കടുത്ത’ എന്ന് പേരിട്ടു. എം.എൻ. രാവുണ്ണിയുടെയും കെ. കെ. കൊച്ചിന്റെയും രാഷ്ട്രീയ ആത്മകഥകളോടൊപ്പം 2005 ഏപ്രിലിൽ ‘കടുത്ത’ പ്രസിദ്ധീകരിക്കപ്പെട്ടു.

ഒരു നേരമെങ്കിലും താൻ ഒറ്റക്കായിപ്പോയി എന്ന തോന്നലിലേക്ക് കൂട്ടുകാരി വഴുതിപ്പോകാതിരിക്കാനുള്ള ജാഗ്രത ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു. ഈ ജാഗ്രത കൈവിടാതെയാണ് 2006 ജനുവരി 29ന് കോട്ടയം പടിഞ്ഞാറെക്കര ഓഡിറ്റോറിയത്തിൽ നടന്ന ദലിത് രാഷ്ട്രീയ സംവാദത്തിന് മുൻകൈ എടുത്തത്. എറണാകുളം ടൗൺ ഹാളിൽ 2000 മേയ് 20 ന് നടന്ന ദലിത് രാഷ്ട്രീയ സമ്മേളനത്തിന്റെ മറ്റൊരു മുഖമായിരുന്നു ഈ സംവാദം. ദലിത് സാമുദായിക രാഷ്ട്രീയ ശാക്തീകരണത്തെക്കുറിച്ചുള്ള ചർച്ച തുടരുകയായിരുന്നു അതിന്റെ ലക്ഷ്യം.

ഈ സംവാദത്തിന്റെ സാഹചര്യത്തെക്കുറിച്ച് ഐക്യസമിതി പുറപ്പെടുവിച്ച പ്രസ്​താവനയിൽ പറയുന്നത് ഇങ്ങനെയാണ്: ‘‘സാമുദായിക രാഷ്ട്രീയ ബലതന്ത്രം ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ പൊതുമണ്ഡലമാണ്’ കേരളത്തിലുള്ളത്. സാമുദായികാടിത്തറയിലുള്ള പാർട്ടികളും സാമുദായിക സമ്മർദതന്ത്രങ്ങളുമെല്ലാം അതിന്റെ ഭാഗമാണ്. പൊതുധാരാ രാഷ്ട്രീയ പ്രസ്​ഥാനങ്ങളുടെ നയരൂപവത്കരണത്തിലും പരിപാടികളുടെ ആവിഷ്കാരങ്ങളിലുമെല്ലാം ഈ സാമുദായിക ചലനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. സമ്പത്തും അധികാരവും പദവിയും വിജ്ഞാനവുമെല്ലാം പങ്കുവെക്കപ്പെടുന്നത് ഈ ചലനങ്ങൾക്കുള്ളിലും അതിന്റെ ഭാഗവുമായിട്ടാണ്. ദലിത് സാമുദായിക രാഷ്ട്രീയത്തിന്റെ ഭൂമിക ഇതാണ്.’’

ബഹുജൻ സമാജ് പാർട്ടിയും ഗോത്രമഹാസഭയും ഒഴികെ ക്ഷണിക്കപ്പെട്ട സംഘടനകളെല്ലാം ഈ സംവാദത്തിൽ പങ്കാളികളായിരുന്നു. സമുദായ അംഗങ്ങളുടെ പങ്കാളിത്തംകൊണ്ട് എറണാകുളം സമ്മേളനം ശ്രദ്ധേയമായിരുന്നുവെങ്കിൽ സംഘടന നേതൃത്വങ്ങളുടെ പങ്കാളിത്തംകൊണ്ടും ബൗദ്ധിക പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായിരുന്നു ഈ സംവാദം. പരസ്​പരം പുറന്തള്ളി മുന്നേറുവാൻ ശ്രമിക്കുന്ന ദലിത് പ്രവർത്തന മണ്ഡലത്തിൽ സംവാദാത്മകമായൊരു സാഹചര്യം സൃഷ്​ടിക്കുകയെന്നത് സുപ്രധാനമായൊരു കാര്യമായിരുന്നു. സംഘടന നേതൃത്വങ്ങൾ പുലർത്തിപോരുന്ന ഔദ്ധത്യവും (arrogance) മുൻവിധികളും ഒഴിവാക്കി പരസ്​പരം മനസ്സിലാക്കാനും സ്വരച്ഛേർച്ചയിലേക്കും (harmonious) ഐക്യത്തിലേക്കും നീങ്ങാനുള്ള ഒരു വഴി.

കെ.കെ. കൊച്ചാണ് ഈ സംവാദം ഉദ്ഘാടനം ചെയ്തത്. ഞാനായിരുന്നു അധ്യക്ഷൻ. കെ. അംബുജാക്ഷൻ, സണ്ണി എം. കപിക്കാട്, കുഞ്ഞ് പഴന്താറ്റിൽ, കെ.കെ. രവി, പി.പി. ജോഷി, വി.ഐ. ബോസ്, പി.ജി. ഗോപി, എം.ഡി. തോമസ്, അഡ്വ. ടി.ഡി. എൽദോ, കെ.കെ. ബാബുരാജ്, വി.ഡി. ജോസ്​, സി.ബി. രമണൻ, കണ്ണൻ മേലോത്ത്, സാംകുട്ടി ജേക്കബ്, എൻ.കെ. രവീന്ദ്രൻ, സിമോൻ തയ്യിൽ എന്നിവർക്കു പുറമേ ഇത്തരം നീക്കങ്ങളെ ക്രിയാത്മകമായി നോക്കിക്കാണുന്ന അദലിതരായ ഡോ. എ.കെ. രാമകൃഷ്ണനും തോമസ്​ മാത്യുവും ഈ സംവാദത്തിൽ പങ്കെടുത്തിരുന്നു. ദലിത് രാഷ്ട്രീയ നയവും അജണ്ടയും രൂപവത്കരിക്കുന്നതിന് വിവിധ സംഘടനകളുടെ പ്രതിനിധികളും ബൗദ്ധിക പ്രവർത്തകരുമായ കെ.കെ. കൊച്ച്, കെ. അംബുജാക്ഷൻ, സണ്ണി എം. കപിക്കാട്, എം.സി. തോമസ്​, വി.ഐ. ബോസ്, പി.ജി. ഗോപി എന്നിവരോടൊപ്പം എന്നെയും ചുമതലപ്പെടുത്തിയാണ് ഈ സംവാദം അവസാനിച്ചത്. ദൗർഭാഗ്യകരമായൊരു കാര്യം ഈ ചുമതല നിർവഹിക്കുവാൻ ഞാനടക്കം അന്ന് ഏറ്റെടുത്തിരിക്കുന്നവർക്ക് കഴിയാതെ പോയി എന്നതാണ്.

മെഡിക്കൽ എൻട്രൻസ്​ പരീക്ഷ എഴുതിയ എസ്​.ടി വിദ്യാർഥികൾക്ക് 27 സീറ്റ് ലഭിക്കേണ്ടിയിരുന്ന കേരളത്തിൽ ഒരു സീറ്റുമാത്രം ലഭിച്ച വർഷമായിരുന്നു 2006. നാൽപതു ശതമാനം മാർക്കുവേണമെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ തീരുമാനമായിരുന്നു അതിന് കാരണം. ഇതിനെതിരെ സാമൂഹിക നിതിക്കുവേണ്ടി നിലകൊള്ളുന്ന ദലിത് സംഘടനകളെയും സാമൂഹികരാഷ്ട്രീയ ബൗദ്ധികരംഗത്തുള്ള പ്രമുഖരായ വ്യക്തികളെയും പങ്കെടുപ്പിച്ചു​െകാണ്ട് 2006 ആഗസ്റ്റ് 10ന് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തിൽ ദലിത് പ്രതിഷേധ സമ്മേളനം നടത്താൻ ഐക്യസമിതി തീരുമാനിച്ചു.

സുപ്രീംകോടതി റിട്ട. ജസ്റ്റിസ്​ കെ.ടി. തോമസിനെയാണ് ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കണ്ടെത്തിയത്. കുഞ്ഞ് പഴന്താറ്റിലും ഞാനുമാണ് കോട്ടയം കഞ്ഞിക്കുഴിയിലുള്ള വീട്ടിൽ അദ്ദേഹത്തെ ക്ഷണിക്കാൻ പോയത്. കാര്യങ്ങൾ ബോധ്യമായ ജസ്റ്റിസ്​ കെ.ടി. തോമസ്​ അനുകൂലമായി പ്രതികരിക്കുകയും സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. സംവരണവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾക്കിടയിൽ ജസ്റ്റിസിന്റെ മക്കൾക്ക് എന്തിനാണ് സംവരണം എന്ന പ്രശ്നം അദ്ദേഹം ഉന്നയിക്കുന്നുണ്ടായിരുന്നു. ഇക്കാര്യത്തിലുള്ള ഞങ്ങളുടെ അഭിപ്രായം കേൾക്കാൻ അദ്ദേഹം തയാറായില്ല.

ദലിതർക്കും ആദിവാസികൾക്കും ഇടയിൽനിന്ന് ആളുകൾ വന്നാൽ ഈ വിഭാഗങ്ങൾക്ക് യഥാർഥ സേവനം ലഭിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ തീരുമാനം നടപ്പിലാക്കിയാൽ ഒരിക്കലും സംവരണാവകാശം അനുഭവിക്കുവാൻ കഴിയുകയില്ലെന്നും യാഥാർഥ്യബോധത്തോടെയുള്ള ഒരു മാനദണ്ഡമല്ല കൗൺസിൽ മുന്നോട്ടു വെച്ചിരിക്കുന്നുതെന്നും ജസ്റ്റിസ്​ കെ.ടി. തോമസ്​ ചൂണ്ടിക്കാട്ടി. എന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അഡ്വ. സി.കെ. വിദ്യാസാഗർ, കെ.കെ. കൊച്ച്, ശശി പന്തളം, ഡോ. രാജൻ ബാബു, വി.ഡി. രാജപ്പൻ, കുഞ്ഞ് പഴംന്താറ്റിൽ, ശശികുമാർ കിഴക്കേടം, സി.വി. രമണൻ, പ്രദീപ് രാജ്, പി. ആർ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. വിഷയത്തിൽ കേരള ഹൈകോടതിയെ സമീപിക്കുവാനും കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്ക് നിവേദനം നൽകാനും തീരുമാനിച്ചു.

സംവരണവുമായി ബന്ധപ്പെട്ട് ദലിതർക്കിടയിൽ മൗലികമായ ചർച്ചകൾ നടക്കുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. ഈ സമ്മേളനത്തിൽ വെച്ചാണ് പവിത്രൻ സ്​മാരക ദലിത് പഠനകേന്ദ്രത്തിന്റെ ലേബലിൽ ‘സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും’ എന്ന എന്റെ ആദ്യത്തെ ലേഖന സമാഹാരം ജസ്റ്റിസ്​ കെ.ടി. തോമസ്​, അഡ്വ. സി.കെ. വിദ്യാസാഗറിന് നൽകി പ്രകാശനം ചെയ്തത്. സംവരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രക്ഷോഭങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ’90കളുടെ തുടക്കം മുതൽ പല സന്ദർഭങ്ങളായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമായിരുന്നു ഈ കൃതി.

അധഃസ്​ഥിത നവോത്ഥാന മുന്നണിയും ദലിത് ഐക്യസമിതിയും സംവരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ പിന്നിലെ കൂട്ടായ ആശയാവിഷ്കാരങ്ങളായിരുന്നു ഈ ലേഖനങ്ങൾ. ഈ ലേഖനങ്ങളിൽ ഒന്നുപോലും മുഖ്യധാരയിൽ വെളിച്ചം കണ്ടവയായിരുന്നില്ല. അധഃസ്​ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിലും ദലിത് ഐക്യശബ്ദം ബുള്ളറ്റിനിലും പ്രസിദ്ധീകരിക്കപ്പെട്ടവയായിരുന്നു. ‘സാമ്പത്തിക സംവരണവാദികൾ ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന ഈ കൃതിയിലെ ആദ്യ ലേഖനം ​െകാച്ചിയിൽനിന്ന് ശ്രീകുമാർ എഡിറ്റ് ചെയ്ത ‘സംവരണത്തിന്റെ രാഷ്ട്രീയം’ എന്ന ലേഖന സമാഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്നത് മാത്രമാണ് അപവാദം. ഈ സമ്മേളനത്തിന്റെ സംഘാടകത്വത്തിന്റെ ഭാഗമായി സഹായാഭ്യർഥനയുമായി എം.ജി യൂനിവേഴ്സിറ്റിൽ എത്തിയപ്പോൾ ഉണ്ടായ ഒരു അനുഭവം ഇത്തരം പ്രതിസന്ധികളെ പട്ടികവിഭാഗം ഉദ്യോഗസ്​ഥർ പൊതുവെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ സൂചകമായിരുന്നു.

സെക്ഷൻ ഓഫിസറായ കൃഷ്ണൻകുട്ടിയുമായി ഇക്കാര്യം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവിടെയെത്തിയ മറ്റൊരു സെക്ഷനിലെ ഉദ്യോഗസ്​ഥനായ പി.കെ. സജീവന് വിഷയവുമായി ബന്ധപ്പെട്ട പ്രസ്​താവന നൽകി കാണണമെന്ന് പറഞ്ഞുവെങ്കിലും സമ്മതം മൂളി മടങ്ങിയ അദ്ദേഹം അതിന് അവസരം നൽകിയില്ല. എന്നോ​െടാപ്പമുണ്ടായിരുന്ന യൂനിവേഴ്സിറ്റി അസി. രജിസ്​ട്രാർ പ്രദീപ് രാജ് പറഞ്ഞത് സജീവൻ മുങ്ങിയെന്നാണ്. പട്ടികവർഗക്കാർക്ക് വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ലഭിക്കുന്ന ആനുകൂല്യങ്ങളുടെ സിംഹഭാഗവും അനുഭവിക്കുന്ന ഹിന്ദുക്കളും ൈക്രസ്​തവരുമായ ഒരു ൈട്രബൽ ഗ്രൂപ്പിലെ അംഗമാണ് സജീവൻ.

മലയരയ മഹസഭാ നേതാക്കളിൽ ഒരാൾ. തനിക്കും തന്നെപ്പോലുള്ള ൈട്രബൽ വിദ്യാർഥികൾക്കും മെഡിക്കൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടി ദലിത് ഐക്യസമിതി സംസ്​ഥാന കമ്മറ്റിയംഗം അഡ്വ. ടി. ഡി. എൽദോയുടെ മുൻകൈയിൽ പി.എസ്​. ഭഗത് ഹൈകോടതിയിൽ ഹർജി നൽകി. ഹർജിയിൽ അനുകൂല വിധിയുണ്ടായെങ്കിലും അത് ഫലപ്രാപ്തിയിലെത്തിക്കാനായില്ല. ഒഴിവാക്കപ്പെടുന്നവർക്ക് നീതി മരീചികപോലെയാണ്. പോരാട്ടമുഖങ്ങളിൽ മാത്രമാണ് അത് പ്രത്യക്ഷപ്പെടുന്നത്. പോരാട്ടമൊഴിയുന്നിടത്ത് അത് മാഞ്ഞുപോ കുന്നു.

പട്ടികവിഭാഗങ്ങൾക്കും ക്രീമി​െലയർ ബാധകമാക്കിക്കൊണ്ടുള്ള 2006 ഒക്ടോബർ 19ലെ സുപ്രീം​േകാടതി വിധിക്കെതിരെ രാജ്യത്ത് ഉയർന്ന പ്രതിഷേധങ്ങളോടൊപ്പം കേരളത്തിലെ ദലിതരും പങ്കുചേർന്നു. പിന്നാക്ക വിഭാഗസംവരണത്തിൽ ക്രീമി​െലയർ ഏർപ്പെടുത്തിയ 1992ലെ സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ പിന്തുടർച്ചയെന്ന നിലയിലാണ് ഇക്കാര്യത്തിൽ 2006 ഒക്ടോബർ 28ന് കോട്ടയം എൻ.എസ്​.എസ്​ ഹാളിൽ നടന്ന ആലോചന യോഗത്തിൽ ആർക്കും മുമ്പേ ദലിത് പ്രവർത്തനമണ്ഡലത്തിലേക്ക് കടന്നുവന്ന തങ്ങളെ വേണ്ടവണ്ണം അംഗീകരിക്കുന്നില്ലെന്ന വിചാരമാണ് അസ്വസ്​ഥരാക്കിയത്.

സമ്മേളനത്തിന്റെ ഭാഗമായും ഇത്തരം അസ്വസ്​ഥതകളുണ്ടായിരുന്നു. അന്ന് നടന്ന സെമിനാറിൽ വിഷയാവതാരകനായും സമ്മേളനത്തിൽ പ്രസംഗകരിലൊരാളായും എനിക്ക് ലഭ്യമായ അവസരത്തിൽ ചിലർ അസന്തുഷ്​ടി പ്രകടിപ്പിച്ചതായി കേട്ടിരുന്നു. ദലിത് ഐക്യസമിതി സംവരണ വിഷയത്തിൽ പ്രത്യേകിച്ചും ക്രീമി​െലയർ പ്രശ്നത്തിൽ സ്വീകരിച്ച വ്യക്തമായ സമീപനമാണ് ഈ പരിഗണനക്ക് കാരണമെന്ന് കാണാൻ ഇത്തരക്കാർക്ക് കഴിഞ്ഞില്ല. ‘പട്ടികവിഭാഗസംവരണവും ക്രീമി​െലയറും’ എന്ന ലേഖനമെഴുതിയത് ഈ സന്ദർഭത്തിലാണ്. സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ‘ദലിത് ഐക്യശബ്ദ’ത്തിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രവർത്തനമണ്ഡലത്തിലുണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ സംഘടന നേതാക്കൾ തയാറായിരുന്നില്ല. ജയരാജും ലൂക്കോസ്​ നീലംപേരൂരും മാത്രമല്ല, സംവരണ സംരക്ഷണ സമിതിയിൽ അംഗങ്ങളായിരുന്നു ഭൂരിപക്ഷ സംഘടനകളും ക്യാമ്പിൽനിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. ബൗദ്ധികമായ പിന്നാക്കാവസ്​ഥയായിരുന്നു ഇത്.

കാരിത്താസിലെ പഠനപരിശീലന ക്യാമ്പിന് പിന്നാലെ 2008 ഫെബ്രുവരി 8ന് തിരുവല്ല, മാണി പെണ്ണമ്മ ഭവനിൽ നടന്ന ദലിത് നേതൃക്യാമ്പിനും സംഘടനകളുടെ പങ്കാളിത്തം നാമമാത്രമായിരുന്നു. ദലിത് പരിേപ്രക്ഷ്യത്തിനെതിരെ മുഖംതിരിഞ്ഞ് നിൽക്കുന്ന പട്ടിക വിഭാഗ സംഘടനകൾ ഒന്നടങ്കം ക്യാമ്പിൽനിന്ന് വിട്ടുനിന്നു.

ക്രിമിലെയർ പ്രതിസന്ധി നേരിടുക എന്നതിനപ്പുറം ഈ സംഘടനകൾക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല. ഡി.എ.എസ്, കെ.ഡി.പി, അഖില കേരള ചേരമർ സംഘം എന്നീ സംഘടനകളും കെ.പി. കൊച്ച്, എം.ജെ. പ്രസാദ്, പി.പി. തോമസ്​, പ്രഫ. രാജു തോമസ്​, എം.ബി. മനോജ്, എം. ഡി. തോമസ്​ എന്നിങ്ങനെ ചില വ്യക്തികളും മാത്രമാണ് ക്യാമ്പിൽ പങ്കെടുത്തത്. സമിതിയുടെ ഫിനാൻസ്​ ചെയർമാനായ പി.പി. ജോഷിയും മീഡിയ ചെയർമാനായ വി.കെ. ചെല്ലകുമാറും പങ്കെടുത്തില്ല. ജോഷി ബി.എസ്​.പി പ്രവർത്തകനും ചെല്ലകുമാർ ഐ.ആർ.ഡി.എസ്​ പ്രവർത്തകനുമായിരുന്നു. ദലിതർക്കിടയിൽ ഉയർന്നുവന്ന സാമുദായിക കൂട്ടായ്മയായി സമിതിയെ നോക്കിക്കാണുകയും ഈ കൂട്ടായ്മ നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ നിരാശരായി. എന്നാൽ ഇത്തരമൊരു കൂട്ടായ്മക്ക് എന്തുകൊണ്ട് നിലനിൽക്കാൻ കഴിയുന്നില്ല എന്ന പ്രശ്നം സമിതി ചർച്ചക്കെടുത്തില്ല. പതിവുപോലെ ആഗോളവത്കരണത്തിന്റെ ശരിതെറ്റുകളും സാമ്പത്തിക വളർച്ചയിലെ ദലിത് വിരുദ്ധതയും അധികാര പങ്കാളിത്തവും പ്രാതിനിധ്യ ജനാധിപത്യവുമെല്ലാം ചർച്ച ചെയ്യപ്പെട്ടു.

ഈ ക്യാമ്പിൽ നടന്ന മുഖ്യമായൊരു ചർച്ച ദലിത് രാഷ്ട്രീയമായിരുന്നു. രണ്ട് നിലപാടുകൾ ഈ കാര്യത്തിനുണ്ടായിരുന്നു. രാഷ്ട്രീയത്തെ അധികാരത്തിനുവേണ്ടിയുള്ള പ്രവർത്തനമായി നോക്കിക്കാണുന്ന നിലപാടും സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള പ്രവർത്തനമായി നോക്കിക്കാണുന്ന മറ്റൊരു നിലപാടും. കല്ലറ സുകുമാരനെയും പോൾ ചിറക്കരോടിനെയും പോലുള്ളവർ ഐ.എൽ.പി രൂപവത്കരിക്കുകയും ബി.എസ്.പിയിലേക്ക് പ്രവേശിക്കുകയും ചെയ്തത് ആദ്യനിലപാടിൽനിന്നായിരുന്നു. ദലിത് സമുദായവത്കരണത്തെക്കുറിച്ച് സംസാരിച്ച കെ.കെ. കൊച്ച് തൊണ്ണൂറുകളുടെ മധ്യത്തിൽ എഫ്.ഡി.പിക്ക് നേതൃത്വം നൽകിയതും ഇതേ നിലപാടിൽ നിന്നായിരുന്നു. എന്നാൽ അധികാരത്തിന്റെ പിന്നാലെ പോകാതെ സാമൂഹിക മാറ്റങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്ന രണ്ടാമത്തെ നിലപാടാണ് എന്നെപ്പോലുള്ളവർ പിന്തുടർന്നത്. ദലിത് രാഷ്ട്രീയ മുന്നണികൾ രൂപവത്കരിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ ഇടപെടുമ്പോഴും ഭരണത്തിലെത്തുകയും ദലിതരെ ഐക്യപ്പെടുത്തുകയും ശാക്തീകരിക്കുകയുമായിരുന്നു ഐക്യസമിതി ലക്ഷ്യംവെച്ചത്.

ദലിതർക്കു മുന്നിൽ കൊട്ടിയടക്കപ്പെട്ട എല്ലാ വാതിലുകളും തുറക്കുന്ന മാസ്റ്റർ കീയായി അധികാരത്തെ നോക്കിക്കാണുന്ന ബി.എസ്​.പിബഹുജൻ സങ്കൽപത്തിൽനിന്ന് സർവസമാജ് സങ്കൽപത്തിലേക്ക് ചുവടുമാറ്റിയ രാഷ്ട്രീയ ചുറ്റുപാടിലാണ് ദലിത് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ ചർച്ച നടന്നത്. ദലിത്/പിന്നാക്ക/ന്യൂനപക്ഷ രാഷ്ട്രീയം ദലിത്–ബ്രാഹ്മണർ വഴിമാറിയ കാലമായിരുന്നു അത്.

മനുവാദികൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രൂപംകൊണ്ട ബി.എസി.പിക്ക് രണ്ടു പതിറ്റാണ്ടിനുള്ളിൽ സംഭവിച്ച രാഷ്ട്രീയവും പ്രത്യയശാസ്​ത്രപരവുമായ തകിടം മറിച്ചിൽ എടുത്തുകാട്ടി 2006ൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ ‘ബ്രാഹ്മണിസം വിഴുങ്ങുന്ന ദലിത് രാഷ്ട്രീയം’ എന്നൊരു ലേഖനം ഞാൻ എഴുതുകയുണ്ടായി. അധികാര രാഷ്ട്രീയത്തെ സംശയദൃഷ്​ടിയോടെ നോക്കി കാണുമ്പോഴും ബി.എസ്.പിക്കെതിരെ പ്രത്യക്ഷവിമർശനത്തിന് തയാറായില്ല. ബി.എസ്.പി നേതൃത്വത്തിലുണ്ടായ ദലിത് മുന്നാക്കത്തെ ഗുണപരമായി നോക്കിക്കാണുകയും ചെയ്തിരുന്നു. എന്നാൽ, ബി.എസ്​.പി സ്​ഥാപകനായ കാൻഷിറാം ദലിത് രാഷ്ട്രീയത്തെ മാത്രമല്ല, ദലിത് എന്ന പദത്തെപ്പോലും പുച്ഛത്തോടെയാണ് നോക്കിക്കണ്ടത്.

‘ദലിതരും ഹരിജനങ്ങളും അധികാരികളായില്ലെ’ന്നും, തെണ്ടി, അടിമ, തന്തയില്ലാത്തവർ എന്നൊക്കെ അർഥമുള്ള ഒരുകൂട്ടരെ ആരാണ് അധികാരികളാക്കുക’ എന്നതു​േപാലുള്ള കഠിനമായ ആക്ഷേപങ്ങൾ ദലിത് പ്രവർത്തനമണ്ഡലത്തിനെതിരെ അദ്ദേഹം ഉയർത്തിയിരുന്നു. അവരുടെ വക്താക്കളായി മാറിയ ബി.എസ്​.പിക്കാർക്ക് ഈ ലേഖനം ഉൾക്കൊള്ളാനാവില്ലായിരുന്നു. എന്നിട്ടും ബി.എസ്​.പിയെ കുറിച്ച് മുഖ്യധാരയിൽ വന്ന അപൂർവമായ ഒരെഴുത്ത് എന്നനിലയിൽ എന്നെ അഭിനന്ദിക്കാനായി പാർട്ടിയുടെ സംസ്​ഥാന അധ്യക്ഷൻ കേണൽ വിശ്വനാഥൻ കരുനാഗപ്പള്ളിയിൽ നിന്ന് കരിപ്പലങ്ങാട് എന്റെ വീട്ടിൽ എത്തിയിരുന്നു.

ബി.എസ്​.പിയുടെ ദലിത്-ബ്രാഹ്മിൺ രാഷ്ട്രീയത്തെ ചർച്ചയിൽ പങ്കെടുത്ത എല്ലാവരും തള്ളിപ്പറഞ്ഞു. കല്ലറ സുകുമാരനും പോൾ ചിറക്കരോടും ബി.എസ്​.പിയുടെ ഭാഗമായെങ്കിലും ദലിത് പ്രസ്​ഥാനങ്ങളെ തള്ളിപ്പറഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി.

കേരളത്തിലെ അനുഭവങ്ങളിൽനിന്ന് ദലിത് രാഷ്ട്രീയം വികസിപ്പിക്കണമെന്നതായിരുന്നു കെ. കെ. കൊച്ചിന്റെ നിലപാട്. ദലിത്/പിന്നാക്ക/ന്യൂനപക്ഷ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ദേശീയ നയം ആവശ്യമുണ്ടെന്നും അംബേദ്കർ ദർശനം സമകാലികമായി പരി​േശാധിച്ച് ജനാധിപത്യമൂല്യങ്ങളിൽ ഊന്നി ദലിത് രാഷ്ട്രീയം വികസിപ്പിക്കണമെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. അധികാര രാഷ്ട്രീയത്തിന്റെ വക്താവായി ഈ ചർച്ചയിൽ പങ്കെടുത്തത് കെ. അംബുജാക്ഷനായിരുന്നു. അധികാരഘടനയിൽ പ്രവേശിച്ച് വർണ/വർഗരഹിത സമൂഹം സൃഷ്​ടിക്കണമെന്നതായിരുന്നു അംബുജാക്ഷന്റെ നിലപാട്. നിലവിലുള്ള മുന്നണി രാഷ്ട്രീയം ദലിതരോട് നീതി കാട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി, ബ്രാഹ്മണിസത്തിനെതിരെ ചരിത്രത്തിൽ ഒന്നിച്ചവരും ബ്രാഹ്മണിസത്തിന്റെ പ്രഖ്യാപിത ശത്രുക്കളുമായ ദലിതരും മുസ്​ലിംകളും ഒന്നിക്കണമെന്നും ദലിത്/മുസ്​ലിം/സ്​ത്രീ/ധീവര സഖ്യത്തിന് സാധ്യതയുണ്ടെന്നും അംബുജാക്ഷൻ പറഞ്ഞു.

ദലിത് രാഷ്ട്രീയത്തെ കെ.ഡി.പി എങ്ങനെയാണ് നോക്കി കാണുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നിലപാട്. അധികാരഘടനക്ക് പുറത്തുള്ള ദലിതരുടെ ഐക്യപ്പെട്ടൊരു പ്രസ്​ഥാനം ഉണ്ടാക്കുന്നതിനെയല്ല അവർ രാഷ്ട്രീയമായി കണ്ടത്. സംഘടിതമായ മറ്റ് സമുദായങ്ങളെപ്പോലെ അധികാരഘടനയെ നിയന്ത്രിക്കുന്ന മുസ്​ലിം സമുദായവുമായി സഖ്യമുണ്ടാക്കുന്നതിനെയാണ്. ഇത്തരമൊരു നിലപാട് മനസ്സിൽ വെച്ചുകൊണ്ടാണ് 2007ൽ തിരുവല്ല എം.എൽ.എ മാമൻ മത്തായിയുടെ നിര്യാണത്തെ തുടർന്ന് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്​ഥാനാർഥി എലിസബത്ത് മാമനെ കെ.ഡി.പി പിന്തുണച്ചത്.

ദലിത് ഐക്യവും സമുദായ രാഷ്ട്രീയ ഏകീകരണവും ലക്ഷ്യമാക്കി ഈ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് ഇടപെടുന്നതിനെക്കുറിച്ച് ഐക്യസമിതി കെ.ഡി.പിയുമായി ആ​േലാചിച്ചിരുന്നെങ്കിലും അവസാന നിമിഷം അവർ പിന്മാറി. കാരണമായി അവർ പറഞ്ഞത് കെ.ഡി.പി ആസ്​ഥാനമന്ദിരം പണിയുന്നതിന് തലസ്​ഥാനത്ത് ഭൂമി നൽകാമെന്ന് റവന്യൂമന്ത്രി കെ.എം. മാണി വാഗ്ദാനം നൽകിയിട്ടുണ്ടെന്നായിരുന്നു. പീരുമേട് ആസ്​ഥാനമന്ദിരം പണിയാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ 1984ൽ തെങ്ങ് അടയാളത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ കെ.എൻ.എഫ് നേതാവ് കല്ലറ സുകുമാരൻ ​േകാൺഗ്രസ്​ സ്​ഥാനാർഥി മണർക്കാട് പാപ്പന് പിന്തുണ നൽകി പിന്മാറുന്നത് കണ്ടതാണ്. അധികാര രാഷ്ട്രീയത്തിന്റെ പ്രയോഗത്തിൽ അന്നേ പുഴുകുത്ത് വീണിരുന്നു. വോട്ടു കച്ചവടം എന്ന ആക്ഷേപം ദലിതർക്കിടയിൽ നിന്നുതന്നെ ഉയർന്നുവരികയും ചെയ്തു.

ദലിത് ആശയമണ്ഡലത്തിലുണ്ടായ ശ്രദ്ധേയമായ രണ്ട് പ്രവർത്തനങ്ങളായിരുന്നു കാരിത്താസിലും മാഞ്ഞാടിയിലും നടന്ന ക്യാമ്പുകൾ. ’90കളുടെ അവസാനം നടന്ന ദലിത് ഐക്യചർച്ചകളിൽ നിന്ന് വിട്ടുനിന്ന പലരും ഈ ക്യാമ്പുകളിലും പങ്കാളികളായി. തമ്മിൽ അറിയാനും അറിയിക്കാനുമുള്ള അവസരങ്ങളായി ഈ ക്യാമ്പുകൾ മാറി. രാഷ്ട്രീയം ഉൾപ്പെടെയുള്ള പല കാര്യങ്ങളിലും വ്യത്യസ്​ത നിലപാടുകൾ ഉള്ളപ്പോൾ തന്നെ ദലിത് സമുദായ സമ്മേളനം, ഭൂപ്രശ്നത്തിൽ സംസ്​ഥാന കൺവെൻഷൻ എന്നിവ തീരുമാനിച്ചാണ് മാഞ്ഞാടി ക്യാമ്പ് സമാപിച്ചത്.

സമിതിയിൽ അംഗങ്ങളായിരുന്ന സംഘടനകളും വ്യക്തികളും കൂട്ടത്തോടെ പിരിഞ്ഞുപോയ സാഹചര്യത്തിൽ യാഥാർഥ്യബോധത്തോ ടെയുള്ള തീരുമാനമായിരുന്നില്ല ഇത്. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പറയുകയെന്നത് ഈ കാലത്ത് പല കൂടിച്ചേരലുകളുടെയും രീതിയായി മാറിയിരുന്നു. അതിന്റെ സ്വാധീനം ഈ തീരുമാനങ്ങളിലുണ്ടായി. അതിനായി നടപ്പിലായത് 2008 മാർച്ച് 8ന് സമുദായ സമ്മേളനമെന്ന പേരിൽ കോട്ടയത്ത് നടന്ന ഒരു യോഗം മാത്രമാണ്. ‘സർക്കാർ സ്​ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടുക’ എന്ന മുദ്രാവാക്യമുയർത്തി 2008 മേയ് 14ന് ‘ദലിത് സമുദായ സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ ഈ യോഗം തീരുമാനിച്ചു. സംവരണ സംരക്ഷണ സമിതിയുടെ അവസാനത്തെ പ്രവർത്തനമായിരുന്നു അത്. സമിതിയിൽ ഒന്നിച്ചുചേർന്നവരുടെ പിരിഞ്ഞുപോക്ക ഇതോടെ പൂർണമായി.

ഈ ശൂന്യതയിൽ കൂട്ടായ പ്രവർത്തനങ്ങൾക്ക് പ്ലാറ്റ് ഫോം ഉണ്ടാക്കാനാണെന്ന പേരിൽ കെ.ഡി.പിയും ചില ദലിത് ഐക്യസമിതി നേതാക്കളും ഐ.ഡി.പിയും കോട്ടയം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ 2008 ജൂലൈയിൽ ഒരു യോഗം ചേർന്നു. ദലിത് ഐക്യസമിതി പിന്തുടർന്നുപോന്നതും സംവരണ സംരക്ഷണസമിതിയിൽ ദൃശ്യമായിരുന്നതുമായ വിശാലകാഴ്ചപ്പാടിന് വിരുദ്ധമായിരുന്നു ഈ യോഗം. കെ.ഡി.പിയിൽനിന്ന് കെ. അംബുജാക്ഷനും ശശി പന്തളവും ഐക്യസമിതിയിൽനിന്ന് സി.ബി. രമണനും അഡ്വ. ടി.ഡി. എൽദോയും കെ.എം. സാബുവും ടി.പി. രാജേഷ് കുമാറും ഐ.ഡി.എഫിൽനിന്ന് അനിൽകുമാറും ചെങ്ങന്നൂർ തങ്കച്ചനുമാണ് ഈ യോഗത്തിൽ പങ്കെടുത്തത്.

ക്രീമി​െലയർ പ്രശ്നത്തിൽ സംവരണ സംരക്ഷണ സമിതിയുമായി ഒന്നിച്ചു പ്രവർത്തിക്കാൻ വിമുഖത കാട്ടിയൊരു സംഘടനയായിരുന്നു ഐ.ഡി.എഫ്. സമിതിയുടെ പ്രവർത്തനങ്ങൾക്ക് സമാന്തരമായി അവർ കോട്ടയം ടൗൺഹാളിൽ ക്രീമ​ിെലയർ പ്രതിരോധ സമ്മേളനം നടത്തി. ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഈ സമ്മേളനത്തിൽ ഞാനും പങ്കെടുത്തിരുന്നു. കെ.കെ. കൊച്ചിനെയും സണ്ണി എം. കപിക്കാടിനെയും പോലെ സംഘടനകൾക്ക് പുറത്ത് വ്യക്തികളുമായി ഐക്യപ്പെട്ടു പ്രവർത്തിക്കാൻ തയാറല്ലെന്നത് ഐ.ഡി.എഫിന്റെ നിലപാടായിരുന്നു. ഈ നിലപാട് അംഗീകരിക്കാൻ തയാറായിരുന്നില്ലെങ്കിൽ ഐ.ഡി.എഫിനെ ചേർത്തുപിടിച്ച് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോ ചിക്കുവാൻ ഈ യോഗത്തിന്റെ സംഘാടകർക്ക് കഴിയില്ലായിരുന്നു. അതിനർഥം ഒന്നിപ്പിക്കുകയല്ല, ഭിന്നിപ്പിക്കുകയാണ് ഈ യോഗത്തിന്റെ ലക്ഷ്യമെന്നായിരുന്നു.

ഈ യോഗത്തിൽ ആമുഖമായി സംസാരിച്ച കെ. അംബുജാക്ഷൻ പറഞ്ഞത് സംവരണ സംരക്ഷണ സമിതി ആരംഭശൂരത്വം മാത്രമായിരുന്നുവെന്നും, അതിനൊരു പ്രത്യയശാസ്​ത്രം ഉണ്ടായിരുന്നില്ലെന്നുമാണ്. സമിതിയുടെ കമ്മിറ്റികളിലോ രാഷ്ട്രീയവും പ്രത്യയശാസ്​ത്രവുമെല്ലാം ചർച്ച ചെയ്യപ്പെട്ട ക്യാമ്പുകളിലോ ഒന്നും ഇത്തരമൊരഭിപ്രായം കെ.ഡി.പിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രതിസന്ധിഘട്ടങ്ങളിൽ മാത്രമല്ല, ദൈനംദിന പ്രശ്നങ്ങളിലും ഒന്നിച്ചു പ്രവർത്തിക്കുന്നൊരു പ്ലാറ്റ്ഫോമിനെക്കുറിച്ചാണ് പിന്നീട് അംബുജാക്ഷൻ സംസാരിച്ചത്. മുൻ ധാരണയുടെ അടിസ്​ഥാനത്തിലെന്നതുപോലെ ദലിത് ഐക്യസമിതി നേതാക്കൾ ഈ നിലപാടിനെ പിന്തുണച്ചു.

മരണവും വിവാഹവും പോലുള്ള കാര്യങ്ങളുടെ നിർവഹണത്തിന് സംഘടനക്ക് പുറത്ത് ഒരു ദലിത് സമാജം ഉണ്ടാക്കണമെന്നും ദലിത് ഐക്യചർച്ചക്ക് തുടക്കം കുറിക്കണമെന്നും രമണൻ പറഞ്ഞുവെങ്കിലും ഐക്യസമിതികാർപോ ലും അത് ഗൗരവത്തിലെടുത്തില്ല. പ്ലാറ്റ്ഫോം എന്ന ആശയത്തോട് യോജിച്ചുവെങ്കിലും ധൃതി പിടിച്ചു ചെയ്യേണ്ടൊരു കാര്യമായി ഐ.ഡി.എഫ് ഇതിനെ കണ്ടില്ല. ‘വലിയ കൂട്ടായ്മകൾ പതിയെ മതി’ എന്ന നിലപാടായിരുന്നു ഐ.ഡി.എഫിന്. എന്നിരുന്നാലും സംഘടനകളുടെ വ്യക്തിത്വവും സ്വാതന്ത്രവും നിലനിർത്തി തുല്യപങ്കാളിത്തമുള്ള ഒരു പ്ലാറ്റുഫോറം ഉണ്ടാക്കാമെന്ന ധാരണയിലാണ് ഈ യോഗം പിരിഞ്ഞത്.

2008 ആഗസ്റ്റ് 6ന് വീണ്ടും കൂടാനും തീരുമാനിച്ചു. ഈ യോഗത്തിലെ ഐക്യസമിതി പങ്കാളിത്തം സംഘടന തീരുമാനമായിരുന്നില്ല. സമിതിയുടെ സംസ്​ഥാന കൺവീനറായ ഞാനോ ജോയന്‍റ് കൺവീനറായ കുഞ്ഞ് പഴന്താറ്റിലോ പോലും ഈ യോഗത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ ഈ യോഗത്തിൽ പങ്കെടുത്ത കെ. എം. സാബു വിശ്വസിച്ചിരുന്നത് ഐക്യസമിതിയുടെ അറിവോടെ ആയിരുന്നു ഈ യോഗമെന്നാണ്. സാബു തയാറാക്കിയ മിനുട്സിൽ നിന്ന് വർഷങ്ങൾക്കുശേഷമാണ് ഈ യോഗത്തെപ്പറ്റി ഞാനറിഞ്ഞത്. ഗൂഢസ്വഭാവം മാത്രമല്ല, ചില ഗൂഢതാൽപര്യങ്ങളും ഇതിന്റെയെല്ലാം പിന്നിലുണ്ടായിരുന്നു.

(തുടരും)

News Summary - km salim kumar biography