ആനന്ദ മറയുന്നു
camera_altചിത്രീകരണം: തോലിൽ സുരേഷ്
ജീവിതത്തിൽ തന്റെ താങ്ങും തണലുമായിരുന്ന പ്രിയസഖിയുടെ രോഗാവസ്ഥയെക്കുറിച്ചും വിടവാങ്ങലിനെക്കുറിച്ചും എഴുതുന്നു.
മൂലമറ്റം സ്വദേശിയായൊരു യുവതിയെ തേടി മരണമെത്തിയത് ശാസ്ത്രബോധവും വിശ്വാസവും തമ്മിലുള്ള വിടവുകൾക്കിടയിലൂടെയാണ്. രണ്ടു കുട്ടികളുടെ മാതാവായിരുന്ന ആ യുവതിക്ക് ഗർഭാശയ കാൻസറായിരുന്നു. പ്രതീക്ഷക്കു വക നൽകുന്ന സന്ദർഭത്തിൽതന്നെ രോഗം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്തതാണ്. ഗർഭാശയം എടുത്തുകളഞ്ഞ് സമയബന്ധിതമായി രോഗപ്രതിരോധത്തിനുള്ള ശ്രമം തീവ്രമാക്കേണ്ടതായിരുന്നു. എന്നാൽ, രോഗശമനം കണ്ടുതുടങ്ങിയപ്പോൾ അത് പ്രാർഥനയുടെ ഫലമാണെന്ന് തെറ്റിദ്ധരിച്ച് ആ വഴിയെ മുന്നോട്ടുപോയി. അത് മരണത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് അവർ അറിഞ്ഞത് രോഗം മൂർച്ഛിച്ചപ്പോഴാണ്.
വീണ്ടും കാൻസർരോഗ വിദഗ്ധന്റെ അടുത്തെത്തുമ്പോൾ പഴുതുകളടച്ച് രോഗം അവരുടെ ശരീരം കീഴടക്കിയിരുന്നു. ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല ഇത്. ചികിത്സക്കായി എത്തുന്നവരിൽ മഹാഭൂരിപക്ഷവും മെഡിക്കൽ ശാസ്ത്രത്തെക്കാൾ വിശ്വാസങ്ങൾക്ക് പ്രാമുഖ്യം നൽകുന്നവരായിരുന്നു. ശാസ്ത്രത്തോടുള്ള അകൽച്ചയും വിശ്വാസത്തോടുള്ള അതിരുകവിഞ്ഞ അടുപ്പവും ഇത്തരക്കാർക്ക് വിനയായി തോന്നും.
കാൻസർ രോഗികളെ തേടി പ്രാർഥനാസംഘങ്ങൾ സ്ത്രീകളുടെ വാർഡിലെത്തുന്നത് പതിവായിരുന്നു. വിളഞ്ഞുകിടക്കുന്ന നെൽപ്പാടങ്ങളിൽ എത്തുന്ന പറവക്കൂട്ടങ്ങൾ പോലെ സന്ദർശനസമയമാണവർ അതിനായി തിരഞ്ഞെടുത്തത്. ദൈവവേലക്കാരായി അവർ സ്വയം വിശേഷിപ്പിച്ചു. പൊന്തക്കോസ്തു വിശ്വാസികളായിരുന്ന അവരിലേറെയും രോഗികളെ അവർ പാപികളായി കണ്ടു. പാപമുക്തിയും നിത്യജീവിതവും വാഗ്ദാനം ചെയ്തു. തങ്ങളിലേക്ക് കണ്ണയക്കുന്നവരെ നോട്ടമിട്ടു. അവരിൽ ഇരകളെ കണ്ടെത്തി. ഇരയുടെ ചുറ്റും വട്ടംകൂടി പ്രാർഥനാശുശ്രൂഷയിലും എണീറ്റിരുന്നതായി അവകാശപ്പെട്ട പെരുവക്കാരിയായൊരു ദലിത് സ്ത്രീ രണ്ടാം നാൾ വിടവാങ്ങുന്നത് കണ്ടു. എല്ലാം കണ്ടും സഹിച്ചുമിരുന്ന ആനന്ദ മൃത്യുവിന്റെ നൃത്തച്ചുവടുകൾക്കിടയിലും തന്നിലേക്കെത്തുന്ന ദൈവവേലക്കാരെ പുഞ്ചിരിയോടെ ചോദ്യംചെയ്തു. തന്നെ കാത്തിരിക്കുന്നവർക്കുമാത്രം ശുശ്രൂഷ നൽകി.
അല്ലാത്തവരോട് വിശേഷങ്ങൾ തിരക്കി മടങ്ങിപ്പോകുന്ന ഒരു കത്തോലിക്ക പുരോഹിതനോടുമാത്രം വ്യത്യസ്തമായൊരു സമീപനം പുലർത്തി. പ്രാർഥനാസംഘത്തിൽപെട്ട സംസാരപ്രിയയായൊരു മുതിർന്ന ദലിത് സ്ത്രീയോട് ഒരിക്കൽ ഞാൻ പറഞ്ഞു. ‘ഭൂമിയും മറ്റ് വിഭവങ്ങളും സ്വന്തമാക്കിയവർ നമ്മുടെ രക്ഷക്കായി ബൈബിൾ നൽകി. നമ്മൾ കോളനികളിലുമായി!’ രസകരമായൊരു പ്രതികരണമായിരുന്നു അവരുടേത്. ‘ഇവിടെ എന്തിനാണ് ഭൂമി, അവിടെ എല്ലാമുണ്ട്.’ ‘എത്ര ഏക്കർ’ എന്ന കളിവാക്കിനെ അവർ നേരിട്ടത് ‘അളവില്ലാതെ’ എന്ന മറുവാക്കിലൂടെയായിരുന്നു. ദൈവവേലക്കാരുടെ പൊതുശല്യം അധികകാലം നിലനിന്നില്ല. പരാതികൾ ഉണ്ടായി. ആശുപത്രി അധികൃതർക്ക് അത് വിലക്കേണ്ടിവന്നു.
രക്തബന്ധങ്ങൾ വേർപെട്ടുപോയപ്പോൾ വളർത്തിയെടുത്ത സാഹോദര്യബന്ധങ്ങൾ പ്രതിസന്ധിയുടെ ഘട്ടത്തിൽ ആനന്ദക്കേറെ തുണയായി. താടിയെയും കുട്ടപ്പനെയുംപോലെ ചിലർ തുടക്കം മുതൽ അയാളോടൊപ്പമുണ്ടായിരുന്നു. മാളുവിനെയും അജിയെയും പോലെ ചിലർ ആശുപത്രി കിടക്കയിൽ കൂട്ടുനിന്നു. ജെസിയും കുഞ്ഞുമോനും അയാൾക്കിഷ്ടമുള്ള ഭക്ഷണമുണ്ടാക്കി ആശുപത്രിയിലും ധന്വന്തരിയിലുമെത്തിച്ചു. തലയോലപ്പറമ്പിൽെവച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ തെങ്ങുകയറ്റ തൊഴിലാളിയായ രാമുചേട്ടൻ ഭക്ഷണം വാങ്ങിത്തന്നതിനുശേഷം കൈയിലുണ്ടായിരുന്ന അന്നത്തെ പണിക്കൂലി എന്നെയേൽപിച്ചു.
മാനസികാസ്വസ്ഥത നേരിട്ട മകളെ മെഡിക്കൽ കോളജിൽ കാണിച്ചശേഷം ധന്വന്തരിയിലെത്തിയ ടാപ്പിങ് തൊഴിലാളിയായ എടയ്ക്കാട്ടുവയൽക്കാരൻ കെ.കെ. കുഞ്ഞപ്പൻ കരുതിവന്നതുപോലെ വേണ്ടെന്നു പറഞ്ഞിട്ടും 500 രൂപ ഏൽപിച്ചിട്ടുപോയി. ലോട്ടറി വിൽപനക്കാരനായ അരയൻകാവുകാരൻ കരുണാകരൻ തന്റെ വരുമാനത്തിലെ ഒരു വിഹിതം പലപ്പോഴും നൽകി. ചോദിക്കാതെതന്നെ സഹായികളായിത്തീർന്ന ആത്മബന്ധങ്ങൾ ഒറ്റക്കല്ലെന്ന തോന്നൽ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരുന്നു.
എന്നിരിക്കിലും കാൻസർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാക്കി. കൃഷിയിൽനിന്നുള്ള വരുമാനം കുറഞ്ഞു. കരുതിെവച്ചിരുന്ന സ്വർണാഭരണങ്ങൾ തുടക്കത്തിൽതന്നെ പണയത്തിലായി. കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങൾപോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമായി. നിശ്ചിത തുക ആവശ്യപ്പെട്ട സ്കൂൾ ഓഫ് ലീഗൽ തോട്ട് അധികാരികളോട് നിർവാഹമില്ലെന്ന് നേരിൽ കണ്ട് പറയേണ്ടിവന്നു. കോളജിനടുത്തൊരു വീട്ടിൽനിന്ന് പേയിങ് ഗസ്റ്റായിട്ട് ബുദ്ധ ക്ലാസിൽ പോകാൻ തുടങ്ങിയെങ്കിലും ഈ സ്ഥിതി തുടരാനായില്ല. ഹോസ്റ്റൽ സൗകര്യമുള്ളതിനാൽ ഭഗത്തിന് ഇത്തരമൊരവസ്ഥ നേരിടേണ്ടിവന്നില്ല. കുറവിലങ്ങാട്ടുകാരിയായ കൂട്ടികാരി അനു ശാന്തൻ ബുദ്ധക്കുകൂടിയുള്ള ഉച്ചഭക്ഷണമായിട്ടാണ് ക്ലാസിലെത്തിയത്. അനുവിന്റെ അമ്മ അതിനൊരിക്കലും ഭംഗംവരുത്തിയില്ല. വുഡ്ലാൻഡ് ഹോട്ടലിൽനിന്ന് ഉച്ചക്ക് 22 രൂപക്ക് കിട്ടുന്ന ഒരു പൊതി ചോറ് ഞങ്ങൾ പങ്കിട്ടു. ആശുപത്രി പരിസരത്തുനിന്ന് രണ്ടുരൂപക്ക് ആനന്ദക്കു വാങ്ങുന്ന പൊടിയരിക്കഞ്ഞിയിൽ ഞാനും പങ്കുചേർന്നു.
മെഡിക്കൽ കോളജിൽ അഡ്മിറ്റായതു മുതൽ ധന്വന്തരിയിലായി താമസം. ഒരു മുറിയിൽ മൂന്നു കിടക്കകളുള്ള ഒരു ഡോർമറ്ററിയായിരുന്നു ധന്വന്തരി. ഓരോ ദിവസവും രണ്ടു കിടക്കയുടെ പണമടച്ചാണ് അവിടെ താമസം തുടർന്നത്. മൂന്നാമത്തെ കിടക്കയിലേക്ക് എപ്പോൾ വേണമെങ്കിലും ഒരാൾ എത്താവുന്നതായിരുന്നുവെങ്കിലും ഒരിക്കൽ മാത്രമാണ് അങ്ങനെ സംഭവിച്ചത്. കൂട്ടിന് ആരുമില്ലാതിരുന്ന ഒരു സ്ത്രീയുടെ കാര്യത്തിൽ. ദലിതരുടെ അഭ്യുന്നതിക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു ധന്വന്തരി. ദലിതരായിരുന്നു അവിടത്തെ ജീവനക്കാർ. അവരുടെ മേൽനോട്ടത്തിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചുകൊണ്ടിരുന്നത്.
മുറി തിരക്കിയെത്തുമ്പോൾ അവിടെയുണ്ടായിരുന്ന മല്ലപ്പള്ളിക്കാരൻ ബാസുരേന്ദ്രനാണ് ധന്വന്തിരിയിൽ പരിചയപ്പെടുത്തിയത്. സാമൂഹിക-രാഷ്ട്രീയ ജീവിതത്തോടുള്ള ആദരവ് അവരിൽ കണ്ടു. ധന്വന്തരി വീടുപോലെയായി. രവീന്ദ്രനും വിജയനും രാധയും രാജുവുമെല്ലാം രോഗവിവരങ്ങൾ അന്വേഷിച്ചു. ചിലർ ഭാര്യയും മക്കളുമായി രോഗിയെ കാണാൻ മുറിയിലെത്തി. ആശുപത്രി ജീവിതം മനസ്സിനെ മാത്രമല്ല ശരീരത്തിനെയും ദുർബലമാക്കി. തുടക്കത്തിൽ ചില പതിവ് കൃഷികൾ ചെയ്യാൻ നോക്കിയെങ്കിലും പൂർത്തീകരിക്കാനായില്ല. കാർഷിക ജീവിതത്തിന്റെ വഴിയടഞ്ഞു തുടങ്ങി. അതിലേക്കൊരു മടക്കയാത്ര എളുപ്പമല്ലാതായി.
വീട്ടിൽനിന്ന് ആശുപത്രി കിടക്കയിലേക്കും ധന്വന്തരിയിലേക്കുമുള്ള മാറ്റം ഒരവസ്ഥാന്തരമായിരുന്നു. പണിയായുധങ്ങളിലെ മാറ്റമായിരുന്നു. ശരീരത്തിന്റെ ഭാഗമായിരുന്ന വ്യക്തിയും തൂമ്പയുമെല്ലാം താങ്ങാനാവാത്തതായി. പുസ്തകങ്ങളും പേനയും പണിയായുധങ്ങളായി. കാർഷിക ജീവിതം സൃഷ്ടിച്ച ബൗദ്ധിക മറവിന്റെ മഞ്ഞുരുകി തുടങ്ങി. ദലിത് ആശയ നിർമിതികൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മറുപടി തേടി. പഠനത്തിൽ മക്കളെ സഹായിക്കാൻ നിയമപുസ്തകങ്ങൾ വായിച്ചു. ഈ സമയത്ത് ദലിത് ഐക്യസമിതിയുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം തീരുമാനിക്കപ്പെട്ടത് ധന്വന്തരിയിൽ െവച്ചായിരുന്നു.
പ്രാർഥിക്കാനായി മോസ്ക്കുകൾ തിരക്കി നടക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ട്. എന്നാൽ, ഒരു ഡോർമറ്ററിയിലെത്തി പ്രാഥമിക കൃത്യനിർവഹണത്തിനുശേഷം പുറത്തിറങ്ങി, ആദ്യം കണ്ട വാതിലിൽ മുട്ടി തനിക്ക് പ്രാർഥിക്കണമെന്നു പറയുന്ന ഒരു യുവാവിനെ കണ്ടത് ധന്വന്തിരിയിൽെവച്ചാണ്. രോഗിയായ ഏതോ ഉറ്റബന്ധുവിനോടൊപ്പം മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു അയാൾ. തന്റെ മനസ്സിൽ പ്രാർഥനക്കായി കുറിച്ച സമയം തെറ്റാതിരിക്കാനുള്ള ശ്രമമായിരിക്കാം ആ സായാഹ്നത്തിൽ അയാൾ നടത്തിയത്. ആരുടെ വാതിലിൽ മുട്ടിയും പ്രാർഥിക്കാൻ ഇടംതേടാമെന്ന ബോധ്യത്തിന് ഭംഗംവരാതിരിക്കത്തക്കവണ്ണം ഞങ്ങൾ ആയാളെ മുറിയിലേക്ക് സ്വാഗതം ചെയ്തു. പ്രാർഥിക്കാനാണ് അമ്പലങ്ങളും പള്ളികളും. എവിടെ വേണമെങ്കിലും പ്രാർഥിക്കാമല്ലോ!
അവധി ദിവസമായതിനാൽ ബുദ്ധയുമുണ്ടായിരുന്നു അന്ന്. പേരും വീടും മാത്രം തിരക്കി. വീട് തലയോലപ്പറമ്പിലാണെന്ന് പറഞ്ഞപ്പോൾ ഏറെ അകലെയല്ലാത്തൊരു ബന്ധം തോന്നി. കൺമുന്നിലാണെങ്കിലും മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലും പരിസരത്തും നിറഞ്ഞുനിൽക്കുന്ന ഒച്ചപ്പാടുകളിൽ മനസ്സുടക്കാതെ മുറിയുടെ ഒരു മൂലയിൽ അയാൾ തന്റെ ദൈവത്തോട് സംവദിച്ചു. ഞങ്ങൾ നിശ്ശബ്ദരായി ഇരുന്നു. മടങ്ങാനൊരുങ്ങുമ്പോൾ ഞാൻ യുവാവിനോടു പറഞ്ഞു, ‘ഞങ്ങൾ ദൈവവിശ്വാസികളല്ല’ വിശ്വാസിയായ നിങ്ങളോട് ഞങ്ങൾ കാണിച്ച മനോഭാവം അവിശ്വാസികളായ മനുഷ്യരോട് നിങ്ങളും കാണിക്കണമെന്നായിരുന്നു അതിനർഥം. പിന്നീട് ഞങ്ങൾ മതങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന മൗലികവാദ ചിന്തകളെക്കുറിച്ചും, ഭീകരവാദത്തെക്കുറിച്ചും ചർച്ചചെയ്തു.
ധന്വന്തരിയിലെ ജീവിതകാലത്ത് നവാസായിരുന്നു ഞങ്ങളുടെ ഏറ്റവും അടുത്ത ബന്ധം. ഞങ്ങൾക്കുമുമ്പേ ധന്വന്തരിയിലെത്തിയ ഒരാൾ. തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് പുറത്തിറങ്ങി മെഡിക്കൽ കോളജിലെത്തിയ ഒരു മൂവാറ്റുപുഴക്കാരനായിരുന്നു നവാസ്. തന്റെ ഉടമസ്ഥതയിലുള്ളതും താൻ ൈഡ്രവറായിരുന്നതുമായ ബസ് നേര്യമംഗലത്തുെവച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവമാണ് തന്നെ ഈ അവസ്ഥയിലെത്തിച്ചത് എന്നാണ് നവാസ് പറഞ്ഞത്. കൂടുതലൊന്നും അന്വേഷിച്ചില്ല. വീട്ടുകാരുമായി അത്ര നല്ല ബന്ധത്തിലല്ല നവാസ് എന്നു തോന്നി.
മെഡിക്കൽ െക്ലയിമിന്റെ ബലത്തിലാണ് അയാൾ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഒരു പത്രമെങ്കിലും ദിവസേന വായിക്കുന്ന നവാസ് സാമൂഹിക-രാഷ്ട്രീയ കാര്യങ്ങൾ പറഞ്ഞുകൊണ്ടായിരുന്നു മുറിയിലേക്ക് കടന്നുവന്നത്. അകലെനിന്ന് സംസാരിച്ചു തുടങ്ങിയ നവാസ് കുടുംബാംഗത്തെപോലെയായി. സാഹോദര്യവും ഭക്ഷണവും പങ്കിട്ടു. ആനന്ദ നവാസിന് ചേച്ചിയായി, മക്കൾക്ക് നവാസ് ഇക്കയും. ജീവിതത്തെക്കുറിച്ചു മാത്രമല്ല, മരണത്തെക്കുറിച്ചും ആനന്ദയും നവാസും സംസാരിച്ചു കേട്ടു. ആത്മഹത്യയെ രണ്ടു പേരും എതിർത്തു. ‘സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലത്ത് ചോദിക്കാൻ മടിക്കരുത് സാറെ’ എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു മനുഷ്യൻ. ഒരിക്കൽമാത്രം അൽപം പണം കടംവാങ്ങി. തിരികെ നൽകുകയും ചെയ്തു. ആനന്ദക്ക് രോഗം മൂർച്ഛിച്ചുകൊണ്ടിരുന്നത് നവാസിനെ അസ്വസ്ഥനാക്കി. ഒരിക്കൽ നവാസ് പറഞ്ഞു, ‘സാറെ ചേച്ചിയുടെ മരണസമയത്ത് ഞാൻ കാണില്ല എനിക്കത് കാണാനുള്ള ശേഷിയില്ല.’
ആനന്ദയുടെ രോഗവിവരം തിരക്കി പതിവായെത്തിയ ഒരു കോട്ടയംകാരനായിരുന്ന മണിപ്പുഴ ദാസ്. ഐ.ഡി.എഫ് നേതാവായ പാക്കിൽ സ്വദേശി പൊന്നപ്പനുമൊത്താണ് ദാസ് ആദ്യം ധന്വന്തരിയിലെത്തിയത്. അംബേദ്കറുടെ ഫോട്ടോെവച്ച് അലങ്കരിച്ചൊരു വെള്ളക്കാറിൽ ഒരിക്കൽ അവരോടൊപ്പം ജോൺസൺ നെല്ലിക്കുന്നുമുണ്ടായിരുന്നു. മുട്ടോളം നീണ്ടുകിടക്കുന്ന ദാസിന്റെ തിളങ്ങുന്ന ചുവപ്പൻ കുപ്പായവും ബുൾഗാൻ താടിയും കറുത്ത കൂളിങ് ഗ്ലാസും ചെഗുവേര തൊപ്പിയും സിനിമാ കമ്പവുമെല്ലാം മോനും മോൾക്കുമെല്ലാം ഇഷ്ടമായി.
മനസ്സിൽ വിരിയുന്ന തിരക്കഥകളുമായിട്ടാണ് ദാസ് പലപ്പോഴും എത്തിയത്. സാമൂഹികകാര്യങ്ങളും കുടുംബകാര്യങ്ങളും പറഞ്ഞ് ആനന്ദയുമായി വലിയ സൗഹാർദത്തിലായി. ഒരിക്കൽ ഭാര്യയോട് കലഹിച്ച് വീടുവിട്ടിറങ്ങിയ ദാസ് എത്തിച്ചേർന്നത് ആനന്ദയുടെ ആശുപത്രി കിടക്കക്കരികിലാണ്. രോഗം മൂർച്ഛിച്ചുകൊണ്ടിരുന്നപ്പോൾ കോട്ടയം എം.എൽ.എ വാസവനെയും കൂട്ടി ദാസും പൊന്നപ്പനും ആനന്ദയുടെ അടുത്തെത്തി. ഡോക്ടർമാരുടെ അനാസ്ഥമൂലമുണ്ടായ ഒരു മരണത്തെ തുടർന്ന് ആശുപത്രി കവാടത്തിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ അകത്തേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. ഇതൊരു ദുസൂചനയായി കണ്ട ദാസ് ആകെ അസ്വസ്ഥനായി. വാഹനത്തിൽനിന്നിറങ്ങി ആനന്ദയുടെ അടുത്തേക്കു പാഞ്ഞു. ആനന്ദയെ ജീവനോടെ കണ്ട ദാസ് വന്ന വേഗത്തിൽതന്നെ തിരികെ പോയി എം.എൽ.എയോടും പൊന്നപ്പനോടും ഒപ്പം മടങ്ങിവന്നു. വാഹന തടസ്സമുണ്ടായപ്പോൾ ചേച്ചിക്കെന്തെങ്കിലും സംഭവിച്ചുകാണുമെന്ന് കരുതിയതായി പിന്നീട് ദാസ് പറഞ്ഞു.
രോഗഗ്രസ്തയായ മകളെ കാണാനുള്ള അച്ഛന്റെ ആഗ്രഹമറിയിച്ചുകൊണ്ട് ഒരിക്കൽ അനന്തരവനായ സഹദേവൻ മറവന്തുരുത്തിലുള്ള കുടുംബവീടായ കായിക്കേരിയിൽനിന്ന് എന്നെ വിളിച്ചു. അയാളോട് ചോദിച്ചിട്ട് തിരികെ വിളിക്കാമെന്ന് പറഞ്ഞു. ഇഷ്ടപ്പെട്ട വിവാഹത്തിന്റെ പേരിൽ മകളെ ബഹിഷ്കരിച്ചത്, ദുരഭിമാനത്താൽ നാടുവിട്ടത്, അന്വേഷിച്ചെത്തിയ മകളെയും വല്യമ്മയെയും ആട്ടിപ്പായിച്ചതെല്ലാം മറന്നായിരുന്നു ആ വിളി.
മകൾക്ക് കാൻസർ ആണെന്ന് സഹദേവൻ പറഞ്ഞ നാൾ മുതൽ അവളെ ഒരുനോക്കു കാണാനും തൊട്ടുതലോടാനുമുള്ള അച്ഛന്റെ അന്തർദാഹമായിരുന്നു ആ വിളി. മകളെ തള്ളിപ്പറഞ്ഞവരുടെ കൂട്ടത്തിൽ സഹദേവനുണ്ടായില്ല. ഗൃഹാതുരത്വം നിറഞ്ഞ ഒരു ബാല്യകാല ഓർമയായിരുന്നു ആനന്ദക്ക് സഹദേവൻ. വൈക്കത്തഷ്ടമിക്ക് യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോൾ സഹദേവൻ ആനന്ദയെ കായിക്കേരിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അന്ന് ഭഗത്തിന് നാല് വയസ്സായിരുന്നു. ഭഗത്തിനെ തോളിലേറ്റി സഹദേവന്റെ അനിയൻ കനകൻ ആനന്ദയുടെ വരവ് നാട്ടിലറിയിച്ചു. മകന്റെ മുഖത്തെ പ്രസരിപ്പിലൂടെ ആനന്ദ തന്റെ ജീവിതം കുടുംബബന്ധങ്ങൾക്കിടയിൽ വ്യാഖ്യാനിച്ചു. കുട്ടിക്കാലത്തെ ഓർമകൾ പുതുക്കി ഞാറ്റുവേലക്ക് എത്തണമെന്ന് സഹദേവൻ പറഞ്ഞപ്പോൾ അയാൾ സമ്മതം മൂളി.
തറവാട്ടിൽ നടക്കുന്ന തുള്ളലിന് കരിപ്പലങ്ങാട്ടെത്തി വിളിച്ച സഹദേവന്റെ ക്ഷണം താൽപര്യമില്ലെങ്കിലും നിരസിച്ചില്ല. എല്ലാമറിഞ്ഞിട്ടും അച്ഛൻ സഹദേവനെ തള്ളിപ്പറഞ്ഞില്ല. ആനന്ദയെ ക്ഷണിച്ചെന്നറിഞ്ഞപ്പോൾ ഭാര്യയും മക്കളും ബഹിഷ്കരിച്ച ഇടവട്ടം നികത്തിത്തറ രഘുവിന്റെ വിവാഹത്തിൽ അച്ഛൻ പങ്കെടുത്തു. കണ്ണെടുക്കാതെ തന്നെയും മകളെയും നോക്കിനിൽക്കുന്ന അച്ഛനെക്കുറിച്ച് അന്ന് അയാൾ പറഞ്ഞിരുന്നു. മറവന്തുരുത്തിൽ അച്ഛന്റെ അമ്മാവന്റെ വീട്ടിൽ നടന്ന ഒരു വിവാഹത്തിലും ആനന്ദയെ ക്ഷണിച്ചതിന്റെ പേരിൽ വീട്ടുകാർ പങ്കെടുക്കാതിരുന്നപ്പോൾ അച്ഛൻ പങ്കെടുത്തു. അന്ന് മകളെ അടുത്തു കാണാനും മനസ്സു തുറക്കാനും മധ്യസ്ഥനായി അച്ഛൻ പറഞ്ഞയച്ച സഹദേവന് വെറും ൈകയോടെ മടങ്ങേണ്ടിവന്നു. എന്റെ ഇടപെടലും ഫലം കണ്ടില്ല.
സഹദേവൻ വിളിച്ച കാര്യം അറിയിച്ചപ്പോൾ എന്തിനെന്ന മറുചോദ്യത്തോടൊപ്പംതന്നെ ആരും കാണേണ്ടെന്ന പ്രതികരണവുമായി അയാൾ മുഖംതിരിച്ചു. എന്നാൽ, മാതാപിതാക്കളുടെ ആഗ്രഹം തള്ളിക്കളഞ്ഞില്ല. പിടിവാശിയുടെ മഞ്ഞുതൂകി. അവർ വരട്ടെയെന്ന് ഞാൻ പറഞ്ഞപ്പോൾ നിശ്ശബ്ദതയിലൂടെ അതിന് അനുമതി നൽകി. ഏതാനും ദിവസങ്ങൾക്കുമുമ്പ് നേരെ മൂത്ത സഹോദരന്റെ മൂത്തമകൻ നെൽസൺ ഒരു കൂട്ടുകാരനുമൊത്ത് ആനന്ദയെ കാണാൻ ധന്വന്തരിയിലെത്തിയിരുന്നു. കുടുംബത്തിലെ എല്ലാ വിലക്കുകളും ലംഘിച്ചുകൊണ്ട് തന്റെ പിതൃസഹോദരിയെ ആദ്യമായും അവസാനമായും നേരിൽ കാണാൻ.
രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബത്തിൽ തനിക്കെതിരെ ജ്വലിച്ചുനിന്ന വെറുപ്പും വിദ്വേഷവും ചോദ്യംചെയ്യാൻ. അതിനുള്ളിൽനിന്നുതന്നെ ഉയർന്നുവന്ന പിൻതലമുറക്കാരനെ അയാൾ ഹൃദയത്തോടു ചേർത്തു, വിളിച്ചരുകിലിരുത്തി. ചോദിക്കാതെ തന്നെ ഇക്കാര്യത്തിൽ തനിക്ക് കുടുംബത്തിൽ നടത്തേണ്ടി വന്ന കലഹങ്ങളെക്കുറിച്ച് നെൽസൺ വിശദീകരിച്ചു. ഇത്തരം സംഘർഷങ്ങളിലൂടെയും പുനർവിചാരങ്ങളിലൂടെയുമാണ് മാതാപിതാക്കളും മകളെ കാണാനെത്തിയത്. നെൽസന്റെ അമ്മയും അന്തരിച്ച മൂത്തമകന്റെ ഭാര്യയും അവരോടൊപ്പമുണ്ടായിരുന്നു.
അപ്പോഴും ഭൂതകാലത്തിന്റെ ഭാണ്ഡവും പേറി പുനർവിചാരമില്ലാതെ രണ്ടുപേർ ആ കുടുംബത്തിലുണ്ടായിരുന്നു. ആനന്ദയുടെ ഇളയ സഹോദരങ്ങളായ ഹോമിയോ ഡോക്ടർ പുഷ്പവല്ലിയും പൊലീസ് ഓഫിസർ പ്രസാദും. ദുരഭിമാനത്തിന്റെ ആൾരൂപങ്ങൾ. മകളുടെ അടുത്തെത്തിയ അച്ഛൻ വിതുമ്പുന്ന ഹൃദയവുമായി അയാളുടെ തോളിൽ കൈയിട്ട് അരികിലിരുന്നു. ധന്വന്തരിയിൽ കാത്തുനിന്ന് തങ്ങളെ സ്വീകരിച്ച് അമ്മയുടെ കിടക്കക്കരികിലെത്തിച്ച പേരക്കുട്ടിയെ, ബുദ്ധയെ പിടിച്ചുമടിയിലിരുത്തി. കാളകളും പോത്തുകളും പാടശേഖരങ്ങളുമെല്ലാമായി നിറഞ്ഞുനിന്ന ഒരു ഉഴവുകാരന്റെ ജീവിതകഥ പറഞ്ഞു. അമ്മ ആത്മവേദനയോടെ അതെല്ലാം നോക്കിയിരുന്നു. മകളുടെ കട്ടിലിനരികിലെ സ്റ്റൂളിൽ നിലക്കാത്ത കണ്ണീരുമായി. കരയരുതെന്ന് പറഞ്ഞ് ഞാൻ അമ്മയുടെ ശിരസ്സിൽ തടവി. മകളുടെ അരികിലേക്ക് മൃത്യു പതുക്കെ പതുക്കെ കടന്നുവരുന്നത് മുന്നിൽ കണ്ടുകൊണ്ടായിരുന്നു അവരുടെ മടക്കയാത്ര.
ഒരു വേനൽക്കാലംകൂടി കടന്നുപോയി. അതിന്റെ വേവലാതിയിലായിരുന്നു ധന്വന്തരിയിലെ ഓരോ ദിവസവും. കാലവർഷം കലിതുള്ളിയെത്തി. ആശുപത്രിയിൽനിന്ന് ധന്വന്തരിയിലെത്തിയതിനു പിന്നാലെ ഒരു ദിവസം അയാൾ വീട്ടിൽ പോകാനൊരുങ്ങി. കരിപ്പലങ്ങാടുനിന്ന് പതിവായി യാത്രചെയ്യുന്ന ഷാജിയുടെ വണ്ടി വിളിക്കാൻ മകളോട് പറഞ്ഞു. കാൻസർ തന്റെ അവസാന ജീവകോശത്തെയും കീഴടക്കാൻ പോകുന്നുവെന്ന് തിരിച്ചറിഞ്ഞതുപോലെ തന്നെ ഹൃദയത്തോടെ ചേർത്തവരെ ഒരിക്കൽകൂടി നേരിൽ കാണാൻ. തനിക്ക് ജീവിതമൊരുക്കിയ എല്ലാറ്റിനോടും വിടപറയാൻ. അച്ഛനുമമ്മയുമെല്ലാം എല്ലാക്കാലവും ജീവിച്ചിരിക്കുമോ എന്ന് ഒരിക്കൽ അയാൾ മകളോട് ചോദിച്ചു. താൻ ജീവിച്ച മണ്ണിനെ കുറിച്ച് ഒരിക്കൽ അയാൾ മകളോട് പറഞ്ഞത് ഇതെല്ലാം അച്ഛന്റേതാണെന്നാണ്. ഞാൻ മനസ്സാ നൽകിയതെല്ലാം വാക്കാൽ തിരികെ നൽകി അയാൾ അന്ത്യയാത്രക്കുള്ള ഒരുക്കത്തിലായി.
ആഗ്രഹിച്ചതുപോലെ അയാൾക്ക് വീട്ടിൽ തങ്ങാനാകില്ല. ശരീരം മനസ്സിന്റെ നിയന്ത്രണത്തിൽനിന്നും തെന്നിമാറി. മഴക്കും മഞ്ഞിനും തണുപ്പിനും കുളിർകാറ്റിനുമെല്ലാം മരണത്തിന്റെ ഗന്ധമായി. എന്നിട്ടും ആശുപത്രിയിലേക്ക് മടങ്ങാൻ നിശ്ചയിച്ച മൂന്നാം നാൾ അയാൾ നിലപാട് മാറ്റി. എല്ലാം സഹിച്ച് ഒരു ദിവസംകൂടി വീട്ടിൽ തങ്ങാൻ. സ്പർശംപോലും താങ്ങാൻ ശേഷിയില്ലാത്ത അയാൾ അസാധ്യമായ ഒറ്റക്ക് മാറിക്കിടന്നു. നൊമ്പരങ്ങൾക്ക് കാതോർത്ത് അയാളുടെ കാൽക്കൽ ഞാൻ ചുരുണ്ടുകൂടി. വീട്ടുവിട്ടിറങ്ങാൻ അയാൾ നിർബന്ധിക്കപ്പെടുകയായിരുന്നു. എല്ലാം മാറിമറിഞ്ഞിട്ടും മറ്റുള്ളവർക്കു മുന്നിൽ പുഞ്ചിരിക്കാൻ നോക്കി. ഒരു മുഖം മാത്രമാണ് അയാൾക്ക് താങ്ങാൻ കഴിയാതെ പോയത്. തന്നെ കൈപിടിച്ച് സ്വീകരിച്ച് കുടുംബത്തിൽ ഒരംഗമാക്കിയ അമ്മയുടെ മുന്നിൽ. അമ്മയുടെ മുന്നിൽ അയാൾ വിങ്ങിപ്പൊട്ടി. അപൂർവമായി മാത്രം കരഞ്ഞുകണ്ടിട്ടുള്ള അമ്മയുടെ കണ്ണുകളും നിറഞ്ഞു. മടങ്ങിവരുമെന്ന് പറയാതെ അയാൾ അമ്മയോട് യാത്രപറഞ്ഞു, നാടിനോടും.
മരണത്തിന്റെ ആശ്ലേഷത്തിലായപ്പോൾ എന്നിൽനിന്നും അയാൾ അകന്നുപോകുന്നതുപോലെ തോന്നി. എന്നിൽനിന്ന് മാത്രമല്ല, എല്ലാറ്റിൽ നിന്നും അയാൾ അകന്നുപോയി. ആഗ്രഹങ്ങളില്ലാത്ത ലോകത്തേക്ക് പ്രവേശിച്ചു. എന്റെ ഉത്കണ്ഠകളിലും വേവലാതികളിലും രൂപത്തിലും വേഷത്തിലുമെല്ലാം ഭ്രാന്തിന്റെ നിഴൽ കണ്ടു. വേദനകൊണ്ട് പുളയുന്ന തന്റെ ജീവൻ നിലനിർത്തുവാനുള്ള ശ്രമത്തെ വെറുത്തു. അവസാനമായി ഡോക്ടർ കുറിച്ച ടാബ്ലറ്റിൽ ഡോക്ടറും ഞാനും തമ്മിലുള്ള ഗൂഢാലോചന കണ്ടെത്തി. രണ്ടാമത്തെ തവണ ആ ടാബ്ലറ്റ് കഴിക്കാൻ പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞു. അതിന്റെ ആഘാതത്തിൽ എന്റെ ഹൃദയം വിറച്ചു.
അയാളാണ് ശരിയെന്ന് മനസ്സ് മന്ത്രിച്ചു. ഇനി എന്തിനാണ് ചികിത്സ എന്ന ചോദ്യം എന്നിലുയർന്നു. അയാളുടെ വേദനകളുടെ ശമനം മരണമാണെന്ന യാഥാർഥ്യത്തിലേക്ക് ഞാനുമെത്തി. എല്ലാറ്റിനും വേഗതകൂടി. ജീവന്റെ നിലനിൽപ് ഓക്സിജൻ സിലിണ്ടറിലായി. മരണമെത്തി എന്ന് അറിഞ്ഞതുപോലെ ഭഗത്തിനെയും താടിയെയും കുട്ടപ്പനെയും വിളിച്ചുവരുത്താൻ 2007 ജൂലൈ 27ന് രാവിലെ അയാൾ ബുദ്ധയോട് പറഞ്ഞു. വേഗത്തിലെത്തിയില്ലെങ്കിൽ കാണാനാവില്ലെന്ന് താടിയെ അറിയിക്കാൻ വീണ്ടും പറഞ്ഞു. ഒന്നര മണിയായി. അന്ത്യശ്വാസത്തിനായി ഇടംവലം തിരിഞ്ഞ് പിടിയുന്ന നേരം അയാളുടെ നെറ്റിയിൽ ചുംബിച്ച് കവിളുകളിൽ തടവി. സന്തോഷത്തോടെ മരിക്കാൻ പറഞ്ഞു. മക്കളുടെ നേരെതിരിഞ്ഞയാൾ നിശ്ചലയായി. എന്റെ പ്രണയസൂര്യൻ അസ്തമിച്ചു. ഇത്രപെട്ടെന്ന് അമ്മ വേർപിരിയുമെന്ന് അറിയാതെ സ്തംഭിച്ചുനിന്ന മകനോട് പറഞ്ഞു, ഒരു യാഥാർഥ്യം സ്തംഭിച്ചിരിക്കുന്നു.
യുദ്ധം കഴിഞ്ഞു. ഇനി മടക്കമാണ്. മലമുകളിലേക്ക്. തന്നെ സ്വീകരിച്ച് ആദരിച്ച ഗോത്രസമൂഹത്തിലേക്ക്. തന്റെ സ്വപ്നങ്ങൾ ഉറങ്ങുന്ന മണ്ണിലേക്ക്. ദുരന്തകാലത്ത് അയാളോടൊപ്പം സഞ്ചരിച്ചവരെ, സംവരണകവചമൊരുക്കിയവരെ, അയാളെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരെ എല്ലാവരെയും വിവരമറിയിച്ചു. ധന്വന്തരിയിലെ ജീവനക്കാർ അന്ത്യയാത്രക്കുള്ള വാഹനമൊരുക്കി. തന്നിഷ്ടത്തോടെ ജീവിച്ച ഒരാളുടെ മരണാനന്തര ചടങ്ങുകൾ എങ്ങനെ ആയിരിക്കണമെന്നതിനെക്കുറിച്ച് വാഹനത്തിലിരുന്ന് ആലോചിച്ചു.
ഏതെങ്കിലും ആചാരങ്ങൾക്ക് വഴങ്ങുന്നതായിരുന്നില്ല ആ ജീവിതം. നിലവിളക്ക് കത്തിക്കാനൊരുങ്ങിയ സഹോദരങ്ങളെ ഞാൻ വിലക്കി. ജീവിച്ചിരുന്നപ്പോൾ വേണ്ടെന്നുെവച്ച കാര്യങ്ങൾ മരണാനന്തരചടങ്ങിനും വേണ്ടെന്നുവെക്കാമെന്ന് പറഞ്ഞു. മരണമറിയിച്ചുപോകുമ്പോൾ മദ്യപിച്ചാരും വരരുതെന്ന് പ്രത്യേകം പറയാൻ പറഞ്ഞു. മദ്യം വിലക്കപ്പെട്ടതായിരുന്നു അയാൾക്ക് വീട്. കണ്ണീരും തേങ്ങലുകളും നിറഞ്ഞ ഒരു സന്ധ്യയായിരുന്നു അന്നത്തേത്. കരഞ്ഞാൽ മരിച്ചവർ തിരിച്ചുവരുമോ എന്ന അച്ഛന്റെ വാക്കുകൾ ഇടക്കിടക്ക് മനസ്സിലേക്ക് കടന്നുവന്നു. നിശ്ചലമായ മുഖത്തേക്കു നോക്കി ആ രാത്രി ഞാൻ അയാളുടെ കാൽക്കൽ ഇരുന്നു. തലക്കൽ അമ്മയുമുണ്ടായിരുന്നു. മരണത്തിനുകൊണ്ടുപോകാൻ താനുണ്ടായിരുന്നല്ലോ എന്ന ധർമസങ്കടവുമായി.
കർക്കടമാസത്തിലെ പെരുമഴ അതിന്റെ തിമിർപ്പിൽനിന്ന് വിട്ടുനിന്നു. അയാളെ കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ അണിയിച്ച് അന്ത്യയാത്രക്ക് ഒരുക്കണം. ഞാൻതന്നെയാണ് അത് ചെയ്യേണ്ടത് എന്ന് കരുതി. മകളെയും കൂട്ടി. ബന്ധുമിത്രാദികളിൽ ചിലർ അതിന് തയാറായെങ്കിലും തടസ്സം പറഞ്ഞു. ഇടക്കെത്തിയ ജെസിയെ മാത്രം ഒഴിവാക്കിയില്ല. മുറ്റത്തൊരുക്കിയ പന്തലിലേക്ക് മാറ്റിയപ്പോൾ ക്ലിന്റനെന്ന വളർത്തുനായ അയാൾക്കു ചുറ്റും കരഞ്ഞുകൊണ്ട് നടക്കുന്നത് കണ്ടു. നിശ്ശബ്ദരായ ആൾക്കൂട്ടത്തിനിടയിൽനിന്ന് നാലുവയസ്സുകാരിയായ അനിയന്റെ മകൾ അഖില പറയുന്നത് കേട്ടു, ‘‘നല്ല അമ്മയായിരുന്നു, ചാകണ്ടായിരുന്നു. ചത്തുപോയില്ലേ.’’ മുതിർന്ന സാമൂഹികപ്രവർത്തകനും സംഘടനാനേതാവുമായ കുഞ്ഞു പഴന്താറ്റിൽ ആനന്ദയുടെ അകാലനിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ധന്യമായ ആ ജീവിതത്തെ ഓർമിച്ചു.
തെക്കേപറമ്പിൽ തലയുയർത്തി നിൽക്കുന്ന മുത്തശ്ശിപ്ലാവുകൾക്കിടയിലെ ചാവർകോലിൽ മുൻതലമുറകളുടെ ശവമാടങ്ങൾക്കരികെ അയാൾക്ക് അന്ത്യവിശ്രമമൊരുക്കി. കാട്ടുതടികൾകൊണ്ട് തന്റെ മൃതദേഹത്തിൽ മണ്ണുവെട്ടിയിടരുതെന്ന് കളിയായി പറഞ്ഞ വാക്കുകൾ ഓർത്ത്, പെട്ടിയിലാക്കിയ മൃതദേഹം മറ്റൊരുപെട്ടിപോലെ കുഴിക്കുള്ളിൽ മുത്തശ്ശിപ്ലാവുകളുടെ തണലിൽ നിർമിച്ച ഒരറക്കുള്ളിൽ സംസ്കരിച്ചു. മരണാനന്തരജീവിതത്തിന്റെ ഗോത്രവ്യാഖ്യാനം തിരുത്തി. മന്ത്രവാദിയും മന്ത്രങ്ങളുമില്ലാത്ത ശവസംസ്കാരം. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും കീഴ്വഴക്കങ്ങളുമെല്ലാം തെറ്റിച്ച് മറ്റൊരു മാതൃകയായി. കരിപ്പലങ്ങാട് സിറ്റിയിൽ ദലിത് ഐക്യസമിതി അനുശോചനയോഗം സംഘടിപ്പിച്ചു. മുമ്പൊരിക്കലും ഇവിടെ ഇത്തരമൊരു യോഗം നടന്നിട്ടില്ല. തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച ഒരാൾക്ക് ഇണങ്ങുന്ന ശവസംസ്കാരം. അതായിരുന്നു അയാളുടെ സന്തോഷം.
കെ. വേണുവും ഡോ. രാജൻ ബാബുവും അഡ്വ. അനില ജോർജും വി.ടി. രാജപ്പനും അഡ്വ. ടി.ഡി. എൽദോയും പ്രസംഗിച്ചു. പ്രസംഗിച്ചവരെല്ലാം അയാളുടെ ജീവിതരീതിയെ പ്രശംസിച്ചുവെന്നാണ് അറിഞ്ഞത്. എല്ലാ തരത്തിലുള്ള മേൽക്കോയ്മകളെയും അയാൾ ചോദ്യം ചെയ്തിരുന്നു. സ്വാതന്ത്ര്യവും നീതിയും തുല്യമായി പങ്കിടുന്നതിനുവേണ്ടി നിലകൊണ്ടു. തന്റെ വീക്ഷണത്തിലുള്ള ഒരു കുടുംബനിർമിതിക്കായി ക്ഷണിച്ചു. അയാളുടെ വ്യക്തിത്വത്തിനും ആത്മാഭിമാനബോധത്തിനുമുള്ള അംഗീകാരമായിരുന്നു ഈ യോഗം. അയാൾ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവർക്ക് തിരികെ നൽകാൻ കഴിഞ്ഞ ഒരുപഹാരം.
അനിവാര്യമായതാണ് സംഭവിച്ചത് എന്നറിയാമായിരുന്നിട്ടും അതിനോട് പൊരുത്തപ്പെടാനായില്ല. എന്തൊരാത്മവേദനയായിരുന്നു. ഇരുൾപടരുന്നതുപോലെ അയാളെക്കുറിച്ചുള്ള ചിന്തകളല്ലാതെ മനസ്സിൽ മറ്റൊന്നുമില്ലാതായി. ചിലപ്പോൾ പൊട്ടിക്കരഞ്ഞു. എല്ലാവരും മടങ്ങിയിട്ടും മടങ്ങാത്തവർക്കിടയിൽ അയാളുടെ സഹോദരൻ വിജയനുമുണ്ടായിരുന്നു. ആശ്വാസവാക്കുകളുമായി. അന്ന് ഞങ്ങളൊന്നിച്ചാണ് ഉറങ്ങാൻ കിടന്നത്. സംസാരമെല്ലാം അയാളെക്കുറിച്ചായിരുന്നു. അന്ത്യനിദ്രകൊള്ളുന്ന സ്ഥലം വ്യത്യസ്തമാക്കണമെന്ന് തോന്നി. വെളുപ്പിന് ഉറക്കമുണർന്നുകിടന്ന മക്കളെ നെഞ്ചോടുചേർത്ത് ഇക്കാര്യമറിയിച്ചു.
ഒരുമിച്ചുകുരുത്തൊരു ജീവിതത്തിൽ ഒറ്റക്കായി. അയാളുടെ വസ്ത്രങ്ങളെല്ലാം അലക്കിമടക്കി അലമാരയിൽ െവച്ചു. എന്തിനെന്ന് ചോദിച്ചില്ല. മക്കൾക്ക് കൂട്ടായി അച്ഛനായും അമ്മയായും അവരോടൊപ്പം നടക്കണം. അമ്മയുണ്ടായിരുന്നെങ്കിൽ എന്ന തോന്നലിലേക്ക് അവർ വഴുതിപ്പോകാതിരിക്കാനുള്ള ജാഗ്രത കാട്ടണം. അമ്മ വേർപെട്ട ആഘാതം വിട്ടുമാറുന്നതിനുമുമ്പ് ഭഗത്ത് ചോദിച്ചു; നമുക്ക് പോകണ്ടേ? അവർക്ക് മടങ്ങാൻ സമയമായി. വീട് അന്യമാകുകയാണ്. വരികയും പോകുകയും ചെയ്യുന്ന ഇടമായി മാറുന്നു. മനുഷ്യസ്പർശമായിരുന്നു അതിന്റെ നിലനിൽപ്. മുൻതലമുറയുടെ ഉണർവിന്റെ അടയാളമായിരുന്നു അത്. അയാളുടെ കൈയൊപ്പുകൂടിയുള്ള ആ വീടിനോട് എത്രമാത്രം നീതിപുലർത്താനാവുമെന്ന് അറിയില്ല. മക്കളോടൊപ്പം ഞാനും ഇറങ്ങി.
ഒറ്റക്ക് വീട്ടിൽ താമസിക്കാനുള്ള ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു. ഈ ദിവസങ്ങളിൽ ഒപ്പമുണ്ടായിരുന്ന ജോസും കുട്ടായി സഖാവും അന്നാണ് പിരിഞ്ഞത്. അതിരമ്പുഴക്കാരനായ കുട്ടായി സഖാവ് ഏറ്റുമാനൂർ വരെ കൂടെയുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ ഫാ. സെബാസ്റ്റ്യൻ കിഴക്കേകൂറ്റ് പോക്കറ്റിൽ െവച്ചുപോയ 3000 രൂപയുമായിട്ടായിരുന്നു യാത്ര. കോട്ടയം റെയിൽവേ സ്റ്റേഷനിൽ െവച്ച് 1000 രൂപ ഭഗത്തിനെ ഏൽപിച്ചു. ബുദ്ധയോടൊപ്പം കൈപ്പുഴ കുഞ്ഞുമോന്റെയും ജെസിയുടെയും വീട്ടിലേക്ക് ബസ് കയറി. രണ്ട് പതിറ്റാണ്ടുകാലത്തെ ആത്മബന്ധമായിരുന്നു ഈ വീട്. സ്നേഹവും ആദരവും ഇഴുകിച്ചേർന്ന രാഷ്ട്രീയ കുടുംബ ബന്ധം. കുഞ്ഞുമോനും ജെസിക്കും ഞാൻ സഖാവായിരുന്നുവെങ്കിൽ എന്റെ മക്കളെപ്പോലെ അവരുടെ മക്കൾക്ക് ഞാൻ അച്ചായി ആയിരുന്നു.
അധഃസ്ഥിത നവോത്ഥാന മുന്നണിയുടെയും ദലിത് ഐക്യസമിതിയുടെയും നിരവധി മീറ്റിങ്ങുകൾ നടന്ന വീട്. മനുസ്മൃതി കേസിന്റെ വിചാരണ തുടർച്ചയായി നടന്നപ്പോൾ നേരിടുന്നവർക്ക് താമസവും ഭക്ഷണവും ഒരുക്കിയത് ഈ വീട്ടിലായിരുന്നു. ഞങ്ങളുടെ തീരാദുഃഖത്തിന്റെ കാലത്ത് ഈ വീട് താങ്ങായി. ബുദ്ധ അവിടെനിന്ന് ക്ലാസിൽ പോകാൻ തുടങ്ങി. ജെസി അമ്മയെപ്പോലെ ബുദ്ധയോട് പെരുമാറി. മനസ്സിന്റെ സ്വാസ്ഥ്യത്തിനായി വായനയിൽ അഭയംതേടി. അവധി ദിവസങ്ങളിൽ വീട്ടിൽപോയി. മുപ്പതാംനാൾ വീട്ടിൽ നടന്ന അനുസ്മരണയോഗത്തിനുമുമ്പ്, മുമ്പേ നടന്നുപോയവരുടെ ഓർമകളായി ‘ചിതറിക്കിടക്കുന്ന വൃക്ഷലതാദികളുടെ പൂർവരൂപങ്ങളിൽ പൊതിഞ്ഞ’ ശിലകളോടൊപ്പം അയാളുടെ അന്ത്യവിശ്രമസ്ഥലത്ത് മാർബിൾ പതിച്ചൊരു കുടീരം നിർമിച്ചു. അതിൽ അയാളുടെ പേരും ജനനവും മരണവും രേഖപ്പെടുത്തി. ഗോത്രസഞ്ചാരവീഥിയിൽ നിർജീവമായ ശിലകളായിത്തീർന്ന പൂർവികർക്കരികെ ഒരാൾമാത്രം സ്വയം സംസാരിച്ചു.
ജീവിതസഖിയുടെ രോഗഗ്രസ്തമായ രണ്ടുവർഷക്കാലം ഞങ്ങളെ സർവാത്മനാ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത ആത്മബന്ധങ്ങൾക്ക് നന്ദിപറയാൻ 2007 സെപ്റ്റംബർ 2ന് വീട്ടിൽ അനുസ്മരണയോഗം നടന്നു. കുഞ്ഞ് പഴന്താറ്റിലിന്റെ അധ്യക്ഷതയിൽ നടന്ന ഈ യോഗം ഉദ്ഘാടനംചെയ്ത് കെ.കെ. കൊച്ച് പറഞ്ഞത്, ‘സലിംകുമാറിന്റെ നിഴലായിരുന്നില്ല ആനന്ദവല്ലിയെന്നും, സ്വന്തം കർതൃത്വത്തിൽ വിശ്വസിച്ച വ്യക്തിത്വമായിരുന്നു’വെന്നുമാണ്. വ്യത്യസ്തമായ ആ ജീവിതത്തിന് അർഹമായ ഏറ്റവും വലിയ ബഹുമതിയായിരുന്നു അത്. കെ.എം. കുഞ്ഞുമോൻ, ജോസ് ഇളംദേശം, വി. ഡി. ജോസ്, സി.എസ്. ജോർജ്, വി. ഡി. രാജപ്പൻ, എൻ.കെ. വിജയൻ, സി.ബി. രമണൻ, ടി.ഡി. എൽദോ, പി.ആർ. സുരേഷ് കുമാർ, പി.ഐ. അപ്പു, പി.വി. സജീവ്കുമാർ എന്നിവർ സംസാരിച്ചു.
അടിയന്തരാവസ്ഥകാലത്തെ ജയിൽവാസത്തിനുശേഷം തിരികെയെത്തി വിപ്ലവസ്വപ്നങ്ങളുമായി ഗ്രാമാന്തരങ്ങളിലൂടെ അലയുന്ന ഒരു നക്സലൈറ്റിനോടൊപ്പം ജീവിക്കുവാൻ തയാറെടുക്കുകയും അതിന് തടസ്സംനിൽക്കുന്ന കുടുംബബന്ധങ്ങൾ വേണ്ടെന്ന് വെക്കുകയും ചെയ്യുന്ന സാഹസികമായൊരു ഭാവവുമായാണ് ആനന്ദവല്ലി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. സ്നേഹവും ആദരവും വിശ്വാസവും ആശയാഭിലാഷങ്ങളിലെ സാത്മീകരവുമല്ലാതെ മറ്റൊന്നും കൈമുതലായി ഉണ്ടായിരുന്നില്ല. കഷ്ടപ്പാടുകളിൽ ഒരുമിച്ചായിരുന്നു.
കൃഷിയിടത്തിലും ഒരുമിച്ചായിരുന്നു. മനുസ്മൃതി ചുട്ടെരിച്ചവർക്കെതിരെ നടന്ന പൊലീസ് ആക്രമണത്തിൽ കൈക്കുഞ്ഞുമായി സമരഭൂമിയിലും ഒരുമിച്ചായിരുന്നു. ഒരു കേന്ദ്രത്തിന് പരിഗണന നൽകുമ്പോൾ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി അതിനെ ചലിപ്പിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന യുക്തി കുടുംബബന്ധത്തിൽ, അയാൾ വളർത്തിയെടുത്ത രീതിയായിരുന്നു. അത് എന്നും ആസ്വാദ്യകരമായിരുന്നുവെന്ന എന്റെ ഓർമ ഞാൻ മറ്റുള്ളവരുമായി പങ്കുെവച്ചു. വറ്റാത്ത മിഴിനീരും വിങ്ങുന്ന ഹൃദയവുമായി ഞാൻ ഏകനായി. അപ്പോഴും എന്നിൽനിന്ന് അകന്നുപോയ പാതിയുടെ വ്യഥ പ്രണയമായി എന്നോടൊപ്പം സഞ്ചരിച്ചു.
