എന്റെ പ്രണയസൂര്യൻ അസ്തമിക്കുന്നു
camera_altചിത്രീകരണം: തോലിൽ സുരേഷ്
ജീവിതത്തിൽ തന്റെ താങ്ങും തണലുമായിരുന്ന പ്രിയ സഖി രോഗബാധിതയായതിനെക്കുറിച്ചും രോഗകാലത്തെക്കുറിച്ചും എഴുതുന്നു.
പ്രിയസഖിയെ അർബുദ രോഗം പിടികൂടിയപ്പോൾ ജീവിതംതന്നെ അനിശ്ചിതത്വത്തിലായി. വേനൽക്കാലം പൊള്ളുന്ന തീയായി ജീവിതത്തിലേക്ക് പടർന്നു. എല്ലാം തകർക്കപ്പെട്ടുവെന്ന് മനസ്സ് വിതുമ്പി. ഉത്കണ്ഠ നിറഞ്ഞ നാളുകളായി ജീവിതം. ചുമയായിരുന്നു തുടക്കം. വടക്കേ മുറ്റത്തെ ചാമ്പമരത്തിനരികെ മകനെ സഹായിക്കാൻ കല്ലുമറിച്ചപ്പോൾ നെഞ്ചുവേദന േതാന്നിയതായി പറഞ്ഞു. ചുമയിലെ വ്യത്യാസം കളിയായി കണ്ട മക്കൾക്ക് അത് തീരാദുഃഖമായി. ശ്വാസകോശാർബുദത്തിലേക്ക് നീളുന്ന വേരുകൾ അതിനുണ്ടെന്നറിഞ്ഞത് പിന്നീടാണ്.
ദലിത് ഐക്യസമിതിയുടെ ഏതോ േപ്രാഗ്രാം കഴിഞ്ഞ് തൊടുപുഴയിലെത്തി, കേശവൻ ചേട്ടന്റെ പെട്ടിക്കടയിൽ വീക്കിലികൾ മറിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ താലൂക്ക് ആശുപത്രിയിൽനിന്ന് ഡോക്ടറെ കണ്ടുമടങ്ങിയ ആനന്ദയെയും കുട്ടപ്പനെയും കണ്ടത് യാദൃച്ഛികമായിട്ടായിരുന്നു. ചികിത്സയുടെ തുടക്കമായിരുന്നു അത്. ചുമക്ക് ശമനമില്ലാതെ വന്നപ്പോൾ മുട്ടത്തെ ഒരു സ്വകാര്യാശുപത്രിയിൽ പോയി. യാത്രക്കിടയിൽ ബസിനുള്ളിൽ കുഴഞ്ഞുവീണ് ശരീരം അതിന്റെ ദുർബലത വെളിപ്പെടുത്തി. ചുമക്കുള്ള ചികിത്സ തുടർന്നു. ഫലമില്ലാതെ വന്നപ്പോൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയി.
കൈപ്പുഴ കുഞ്ഞുമോന്റെയും ജെസിയുടെയും വീട്ടിൽനിന്നായിരുന്നു മെഡിക്കൽ കോളജിലേക്കുള്ള ആദ്യത്തെ യാത്ര. വിട്ടുമാറാത്തതും താങ്ങാനാവാത്തതുമായ ചുമയിൽ അപകടമുണ്ടെന്ന് ആദ്യം സംശയിച്ചത് കുഞ്ഞുമോനും ജെസിയുമായിരുന്നു. പ്രാദേശികമായ അനുഭവങ്ങളായിരുന്നു അതിന്റെ പിന്നിൽ. എച്ച്.ഡി.പി ഹോസ്പിറ്റലിലെ ഡോ. തിരുവപ്പാളിന്റെ നിർദേശം അനുസരിച്ചെടുത്ത എക്സ്റേ ആ സംശയം സ്ഥിരീകരിച്ചു. രോഗനിർണയം അർബുദത്തിലേക്ക് എത്താതിരിക്കാൻ മനസ്സുകൊതിച്ചെങ്കിലും മെഡിക്കൽ കോളജിലെ പരിശോധനകൾ ഓരൊന്നും അതിലേക്കാണ് വിരൽചൂണ്ടിയത്. അവസാനം ‘കാർസിനോ ലംഗ’ എന്നറിഞ്ഞപ്പോൾ ഇടിത്തീേപാലെയായി. ഒപ്പമുണ്ടായിരുന്ന മകൻ ഭഗത് കിടക്കക്കരികിൽനിന്ന് അമ്മയുടെ മുഖത്തുനോക്കാതെ വരാന്തയിലേക്ക് പിന്മാറി. മകൾ ബുദ്ധ അമ്മയുടെ അരികിൽ വേവലാതിപ്പെട്ടുനിന്നു. കൂടെയുണ്ടായിരുന്നവരും. എന്തൊരു നിസ്സഹായാവസ്ഥയായിരുന്നു!
ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് വേരൂന്നി അടുത്തഭാഗത്തേക്ക് പടർന്നുപിടിക്കാൻ തുടങ്ങുന്നതിനിടയിലാണ് രോഗത്തെക്കുറിച്ച് അറിയുന്നത്. സെക്കൻഡ് സ്റ്റേജ് കഴിഞ്ഞുവെന്നായിരുന്നു മെഡിക്കൽ നിഗമനം. രോഗകാരണത്തെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും ഉത്തരമുണ്ടായില്ല. രോഗത്തിന്റെ തീവ്രതയെക്കുറിച്ചറിഞ്ഞതിന്റെ വേവലാതിയിൽ ആശ്വാസത്തിനായി പരക്കം പാഞ്ഞു. പ്രതീക്ഷ നൽകുന്ന ഒരു വാക്കിനുവേണ്ടിപോലും ദാഹിച്ചു. ചില വിദഗ്ധാഭിപ്രായങ്ങൾകൂടി ആരായുന്നതിനെക്കുറിച്ച് ആലോചിച്ചു. ‘സമകാലിക മലയാളം’ ആഴ്ചപ്പതിപ്പിലെ ബെന്നി പറഞ്ഞിട്ടെന്ന നിലയിൽ പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. വി.പി. ഗംഗാധരനെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പോയി കണ്ടു.
ഈ സ്ഥിതിയിൽ മെഡിക്കൽ കോളജ് പോലൊരു സെന്ററിനെ ആശ്രയിക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സഖാവ് ഭാസുരേന്ദ്രബാബു വഴി തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കൽ കോളജിലും പോയി. തൊണ്ടയിലെ കാൻസർ കീഴടക്കിക്കൊണ്ടിരുന്ന സഖാവ് അബുവിനെ അവിടെ കണ്ടു. സഹായിയായി കൊടുങ്ങല്ലൂരിൽനിന്ന് സഖാവ് ടി.എൻ. ജോയിയുമുണ്ടായിരുന്നു. അവസാനത്തെ പോരാട്ടത്തിലായിരുന്നു അബു. അബു അധികകാലം ജീവിച്ചിരുന്നില്ല. അറിഞ്ഞ കാര്യങ്ങളുടെ ആവർത്തനവും കേട്ടാണ് ശ്രീചിത്തിരയിൽനിന്ന് മടങ്ങിയത്.
ആനന്ദയുടെ രോഗം അറിയാൻ വൈകിയെന്ന് പറഞ്ഞപ്പോൾ ഹൈസ്കൂളിലും കോളജിലും സഹപാഠിയായിരുന്ന ഉദരാർബുദംമൂലം അന്തരിച്ച ഡോ. ഹരിദാസിന്റെ ഭാര്യ ഡോ. സവിത പറഞ്ഞത് തങ്ങൾ രണ്ടുപേരും ഡോക്ടർമാരായിട്ടും രോഗം തുടക്കത്തിൽ അറിയാൻ കഴിയാതെപോയി എന്നാണ്. കോട്ടയം മെഡിക്കൽ കോളജിൽ സർജനായിരുന്ന ഹരിദാസിന്റെ ചികിത്സയും മരണവും അവിടെത്തന്നെയായിരുന്നു. ശ്വാസകോശാർബുദം ബാധിച്ച ചെറിയൊരു ശതമാനം ആളുകൾ മാത്രമേ കുറച്ചുകാലമെങ്കിലും ജീവിച്ചിരിക്കുന്നുള്ളൂവെന്ന് അവർ പറഞ്ഞു. ഹരിദാസിന് നാട്ടുചികിത്സ വരെ ചെയ്തുവെന്നും അത് രോഗം മൂർച്ഛിക്കാൻ ഇടയാക്കിയെന്നും സവിത പറയുമ്പോൾ ആധുനിക വൈദ്യശാസ്ത്രരംഗത്തുള്ളവർ തന്നെ അർബുദത്തിന് മുന്നിൽ പകച്ചുനിൽക്കുന്നതുേപാലെ തോന്നി. ആശങ്ക നിറഞ്ഞ ഇത്തരം അന്വേഷണങ്ങൾക്കിടയിൽ രോഗനിർണയം നടത്തിയ ഡോക്ടർമാരുടെ അഭിപ്രായം കോട്ടയം മെഡിക്കൽ കോളജിൽ കിട്ടുന്നതിനെക്കാൾ വിദഗ്ധചികിത്സ ഇന്ത്യക്ക് വെളിയിൽനിന്ന് മാത്രമേ കിട്ടുകയുള്ളൂവെന്നതായിരുന്നു. അതെന്തായാലും സാധ്യമായ ചികിത്സ കിട്ടുമെന്നതിന്റെ ഉറപ്പായി അതിനെ കരുതി.
കാൻസർ ബ്ലോക്കിലേക്കുള്ള യാത്ര ഭീതിയുടെയും ഉത്കണ്ഠയുടെയും നടുവിലൂടെയായിരുന്നു. വി.കെ. സുരേഷ്‍കുമാറായിരുന്നു ഡോക്ടർ. രോഗവിവരമറിഞ്ഞ ഡോക്ടറുടെ മുഖഭാവത്തിലും ശരീരഭാഷയിലും രോഗത്തിന്റെ നിജസ്ഥിതി വായിച്ചെടുക്കാമായിരുന്നു. കീമോതെറപ്പി ആരംഭിക്കാമെന്ന് പറഞ്ഞപ്പോൾ സമ്മതം മൂളി. ചികിത്സ ഉണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് ഡോക്ടർ സൂചിപ്പിച്ചു. മരുന്നുകൾ വെളിയിൽനിന്ന് വാങ്ങണമെന്ന് പറഞ്ഞ ഡോക്ടർ അതിന്റെ വിലകൂടി പറഞ്ഞപ്പോൾ മറ്റൊരു പ്രതിസന്ധികൂടി രൂപം
കൊണ്ടു. ആദ്യത്തെ കുത്തിവെപ്പിന് 12,000 രൂപ. ആറ് കുത്തിവെപ്പ്. മരുന്ന് എവിടെനിന്ന് കിട്ടുമെന്നും ഡോക്ടർ പറഞ്ഞു. വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ ചികിത്സ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യുന്ന രോഗിയുടെ ദുരവസ്ഥ മാത്രമല്ല അതിന്റെ അടിസ്ഥാനത്തിൽ ചികിത്സ നിശ്ചയിക്കേണ്ടി വരുന്ന ഡോക്ടറുടെ ദുരവസ്ഥയും ഇതിന്റെ പിന്നിലുണ്ട്. മെഡിക്കൽ കോളജിലെത്തുന്ന ഭൂരിപക്ഷം രോഗികളും ഇത്തരം ദുരവസ്ഥകളിലൂടെ കടന്നുപോകുന്നവരായിരുന്നു.
വാർഡിലേക്ക് പ്രവേശിക്കാനെത്തിയ ഞങ്ങളെ എതിരേറ്റത് വിഷാദം നിറഞ്ഞ കണ്ണുകളും പ്രതീക്ഷയറ്റ മുഖങ്ങളുമാണ്. ആധുനിക വൈദ്യശാസ്ത്രത്തിനു മുന്നിൽ കാൻസർ ഒരു ജനിതക രോഗമാണ്. കോശങ്ങളിലെ ജീനുകളിലുണ്ടാകുന്ന അപകടകരമായ മാറ്റങ്ങളാണ് ഒരാളെ അർബുദ രോഗിയാക്കി മാറ്റുന്നത്. ചില ജീനുകളുടെ പ്രവർത്തനം കൂടുകയോ അവതാളത്തിലാക്കുകയോ ചെയ്യുന്നു. ഈ സ്ഥിതിവിശേഷം കൃത്യമായി മനസ്സിലാക്കി, ജീനുകളിലെ മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് അർബുദകോശങ്ങളെ മാത്രം നശിപ്പിക്കുന്നതുപോലുള്ള നവീന ചികിത്സാരീതികൾ വളർന്നുവന്നിട്ടുണ്ട്.
എന്നാൽ, അവയുടെയൊന്നും ഗുണഫലം സാധാരണക്കാരായ കാൻസർരോഗികൾക്ക് ലഭ്യമല്ല. ബഹുഭൂരിപക്ഷം രോഗികളും രോഗം തിരിച്ചറിയുന്നതുപോലും അതിന്റെ മൂർധന്യാവസ്ഥയിലാണ്. ചൂഴ്ന്നുനിൽക്കുന്ന ഇത്തരം യാഥാർഥ്യങ്ങളുടെ ചുഴിയിൽനിന്നുമാണ് രോഗത്തിന്റെ തീവ്രതയെയും ചികിത്സയുടെ കാഠിന്യത്തെയും ആനന്ദ നേരിടാൻ തയാറായത്. മറ്റു പലരെയുംപോലെ കീമോതെറപ്പിയിലൂടെ ശരീരത്തിലെത്തിയ മരുന്നുകൾ ആനന്ദയെയും അസ്വസ്ഥയാക്കി. മനംപുരട്ടലും ഛർദിയുമുണ്ടായി. ശരീരം കൂടുതൽ ദുർബലമായി. ആശുപത്രി വിട്ട ഞങ്ങൾ വീട്ടിലേക്കുള്ള ദീർഘയാത്ര ഒഴിവാക്കി ഞങ്ങൾ തലയോലപ്പറമ്പിലേക്കാണ് പോയത്. പവിത്രന്റെ വീട്ടിലേക്ക്. രക്തബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടപ്പോൾ ഒറ്റബന്ധമായി തീർന്ന ഒരയൽക്കാരനായിരുന്നു ആനന്ദക്ക് പവിത്രൻ. തന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും മാനിക്കാൻ തയാറായൊരാൾ. പവിത്രന്റെ അസാന്നിധ്യത്തിൽ രമണിയിലൂടെയും മക്കളിലൂടെയും തുടർന്നുേപാന്ന ഒരു ജൈവബന്ധമായിരുന്നു ആ വീട്.
അന്നത്തേത് ഒരപൂർവരാത്രിയായിരുന്നു. കണ്ണീരും പ്രണയവും രതിയും ഇഴചേർന്ന രാത്രി. മരണത്തെക്കുറിച്ച് ചിന്തിക്കാൻ നിർബന്ധിക്കപ്പെട്ട നാളുകളാണ് കടന്നുപോയത്. ജീവിതത്തോടൊപ്പം മരണവുമുണ്ടെന്ന് അറിയാഞ്ഞിട്ടല്ല. ജീവിത ആസ്വാദ്യതയിൽ മരണത്തെക്കുറിച്ച് ചിന്തിക്കാനായില്ല. സ്ഥിതി മാറി. ജീവിതത്തോടൊപ്പം മരണവും എത്തിയിരിക്കുന്നു. മരണത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട നാളുകളിലേക്ക് ജീവിതം വഴിമാറിയിരിക്കുന്നു. കിടപ്പുമുറിയിലെ സ്വകാര്യതയിൽ ഞാൻ അയാളെ നെഞ്ചോട് ചേർത്തു. മടിയിലിരുത്തി, ആലിംഗനം ചെയ്തു, ചുംബിച്ചു. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തിന്റെ ഭാഷയായിരുന്നു അത്. അടക്കിപ്പിടിച്ച തേങ്ങലുകളും കണ്ണീരുമായി അത് മാറി. ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ നെഞ്ചിൽക്കിടന്ന് തേങ്ങി.
ജീവിതത്തിന്റെ വസന്തം കാൻസറിന്റെ ഉഷ്ണമേഖലയിൽ കൊഴിഞ്ഞുപോകുന്നതിന്റെ സ്പർശം ആ തേങ്ങലുകളിലും കണ്ണീരിലുമുണ്ടായിരുന്നു. മരണത്തെക്കുറിച്ചുള്ള ചിന്ത അയാളെ ഏകാകിയാക്കി മാറ്റാൻ തുടങ്ങിയിരിക്കുന്നു. ആശുപത്രി കിടക്കയിലെ ഞാനില്ലാത്ത 48 രാത്രികളെക്കുറിച്ചയാൾ വ്യാകുലപ്പെട്ടു. നാടും വീടും വിട്ടശേഷം അയാൾ എന്റെ കൈത്തണ്ടയിലേ ഉറങ്ങുമായിരുന്നുള്ളൂ. അതായിരുന്നു അയാൾ കൊതിച്ച ജീവിതം. ഞാൻ ആഗ്രഹിച്ചതും. ജീവിതേത്താടുള്ള അഭിനിവേശമായിരുന്നു അത്. ഇന്നിനെ വേണ്ടുവോളം ആസ്വദിച്ചു. ഈ ജീവിതമാണ് അണയാൻ പോകുന്നത്.
തലയോലപ്പറമ്പിലെത്തിയതറിഞ്ഞ് രക്തബന്ധുക്കളായ ചിലർ അയാളെ കാണാനെത്തി. വിച്ഛേദങ്ങൾക്കിടയിലെ ഓർമപ്പെടുത്തലുകളുമായി. എല്ലാ കണ്ണികളും ആർക്കും മുറിച്ചുകളയാനാവില്ലല്ലോ. മുറിച്ചുകളയുന്നവക്കിടയിൽനിന്നുതന്നെ പുതിയ കണ്ണികൾ രൂപപ്പെട്ടുവരുകയും ചെയ്യും. അതാണ് ജൈവികത. മൂത്ത രണ്ട് സഹോദരിമാരുടെ ക്ഷണം സ്വീകരിച്ച് അവരുടെ വീടുകളിൽ പോയി. തന്റെ അന്ത്യസന്ദർശനത്തിന്റെ ഓർമകൾ നൽകി തിരികെ പോന്നു. ഒരാൾ അച്ഛനിലൂടെയും മറ്റേയാൾ അമ്മയിലൂടെയും ഉള്ള സഹോദരങ്ങളായിരുന്നു. ജീവിതത്തിലുടനീളം ശരീരത്തിന്റെ അഴകും അലങ്കാരവുമായി കാത്തുസൂക്ഷിച്ചുപോന്ന ഇടതൂർന്ന നീളൻമുടി കീമോ എടുത്തുകളഞ്ഞു.
ഭക്ഷണത്തോട് വിരക്തിയായി. തലയോലപ്പറമ്പിൽ നിന്ന് തൊടുപുഴക്കു വണ്ടികയറുമ്പോൾ ജന്മനാട്ടിലേക്ക് ഇനിയൊരു മടക്കയാത്രയില്ലെന്ന് അയാൾ കരുതിയിരിക്കുമോ? രോഗത്തോടൊപ്പം ചികിത്സയുടെ പാർശ്വഫലങ്ങളുമായിട്ടാണ് വീട്ടിെലത്തിയത്. ഉറങ്ങിപ്പോയ വീട് ഉണർന്നു. അനാഥമാക്കപ്പെട്ട പട്ടിയും പൂച്ചയും കോഴിയുമെല്ലാം മുറ്റത്തും തിണ്ണയിലുമെത്തി. കോഴികളുടെ എണ്ണം കുറഞ്ഞിരുന്നു. എന്തൊരു സന്തോഷമായിരുന്നു അവർക്ക്. അന്യരായ, ആരുമില്ലാത്ത ഗ്രാമത്തിന്റെ നിഷ്കളങ്കതയോടെ ആത്മബന്ധങ്ങൾ അയാളെ തേടിയെത്തി. രോഗത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നതിൽ ആയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇയാൾ എന്തിനാണ് അതെല്ലാം മറ്റുള്ളവരോട് പറയുന്നതെന്ന് എന്നോട് പരിഭവിച്ചു.
കാൻസറിനെ കുറിച്ച് സംസാരിക്കാനാവില്ലായിരുന്നു. പ്രത്യേകിച്ച് രോഗിയുടെ സാന്നിധ്യത്തിൽ. ഇത്തരം സംസാരങ്ങളെല്ലാം എത്തിച്ചേരുന്നത് മരണത്തിലേക്കാണ്. രോഗം ഭേദപ്പെട്ട് ജീവിക്കുന്ന ആരെയും പരിചയമുണ്ടായിരുന്നില്ല. രോഗം കവർന്നെടുത്ത നിരവധി ജീവിതങ്ങൾ മുന്നിലുണ്ടായിരുന്നു താനും. അതിൽ ആദ്യത്തേത് എന്റെ അച്ഛന്റെ ജീവിതമായിരുന്നു. അച്ഛനെ കേട്ടറിവ് മാത്രമാക്കി മാറ്റിയ ദുരന്തമായിരുന്നു എനിക്ക് കാൻസർ. കുടുംബ സൗഹൃദമായിരുന്ന ചാമല കൊച്ചാപ്പൻ കാൻസർ മൂലം മരിച്ചിട്ട് ഏറെക്കാലമായില്ല.
മെഡിക്കൽ കോളജിൽ രോഗപരിശോധനക്കു പോയി തിരിച്ചെത്തിയ കൊച്ചാപ്പൻ വായിലെ കാൻസർ ആനന്ദയെ കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഒരു മകളെപ്പോലെ അയാൾ അത് നോക്കിക്കാണുന്നതും കണ്ടു. അച്ഛന്റെ ഒരു സഹോദരിയും ഇളയമ്മയും എല്ലാം മരിച്ചത് ഗർഭാശയ കാൻസർമൂലമായിരുന്നു. രോഗംപോലും തിരിച്ചറിയാതെ മരണമടഞ്ഞവരായിരുന്നു അവരെല്ലാം. അച്ഛന്റെ അസുഖമാണ് പെണ്ണിനും എന്നാണ് അമ്മേയാട് പറഞ്ഞത്. ചികിത്സിക്കാമെന്ന് പറഞ്ഞു. ചികിത്സ കിട്ടാതെ മരിച്ചുപോയവർക്കിടയിൽ അമ്മക്കൊരു ആശ്വാസം! മഴുവഞ്ചേരി തമ്പ്രാൻ പറഞ്ഞിട്ട് ചാമല പാപ്പനുമൊത്ത് അച്ഛൻ ചികിത്സതേടി പെരിയപ്പുറത്ത് പോയ അനുഭവം രണ്ടാനച്ഛനിൽനിന്നും അമ്മയിൽ നിന്നും ഓർമെവച്ച കാലം മുതൽ ഞാൻ കേട്ടിരുന്നു. പാപ്പനും അത് ഓർമിച്ചുകൊണ്ടിരുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിന്റെ പിന്നിൽ അയാൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു. മകൻ ഡോക്ടറാകണം മകൾ വക്കീലാകണം. കുടുംബത്തിലും രക്തബന്ധുക്കൾക്കിടയിലും വരക്കപ്പെട്ടൊരു ചിത്രമുണ്ടായിരുന്നു. തകർക്കപ്പെട്ട ജീവിതവുമായി കുട്ടികളെയും ഒക്കത്തിരുത്തി ഒരുനാൾ തിരിച്ചെത്തുന്ന ചിത്രം. അച്ഛൻ പ്രതിയായ മനുസ്മൃതി കേസിന്റെ വിചാരണവേളയിൽ രണ്ടാം ക്ലാസുകാരി മകളുമൊത്ത് അയാൾ കോട്ടയം സെഷൻസ് കോടതി വരാന്തയിൽ എത്തിയത് അവിടെ നടക്കുന്ന നീതിന്യായ വ്യവഹാരങ്ങൾ മകളെ നേരിട്ടു കാണിക്കാനായിരുന്നു. കോടതി നടപടികൾ ആരംഭിച്ചപ്പോൾ വരാന്തയിൽ തടിച്ചുകൂടിയ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർ മകളോടു കാണിച്ച വിട്ടുവീഴ്ചയിൽ അയാൾ സന്തുഷ്ടയായി.
പ്രതികൾക്കുവേണ്ടി വാദിച്ച പ്രതിയായ ഹൈകോടതി അഭിഭാഷകൻ അഡ്വ. എ.എസ്. വർഗീസിന്റെ ഇടപെടൽ മകളുടെ മുന്നിൽ ഉയർത്തിക്കാട്ടി. താൻ ജനിച്ച കിടപ്പാടം വിറ്റ് തന്നെ ഒഴിവാക്കി ഭൂമി വാങ്ങിയ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ചെയ്തികളെ കുറിച്ച് വീട്ടിലെത്തിയ മറ്റൊരു ഹൈകോടതി അഭിഭാഷകനായ അഡ്വ. കെ.എസ്. മധുസൂദനോട് അയാൾ ഒരിക്കൽ സംസാരിക്കുകയുണ്ടായി. ഈ അനീതി മകളെ അഭിഭാഷകയാക്കി കോടതിയിൽ ചോദ്യം ചെയ്യാനുള്ള അയാളുടെ താൽപര്യത്തെ ഞാൻ നിരുത്സാഹപ്പെടുത്തി. തന്റെ പ്രതീക്ഷപോലെ വൈദ്യശാസ്ത്രത്തിന്റെയും നിയമശാസ്ത്രത്തിന്റെയും വഴികൾ മകൾക്കു മുന്നിൽ തുറക്കുന്ന വേളയിലാണ് കാൻസർ എന്ന മഹാരോഗം അയാളെ തേടിവന്നത്.
പതിവുപോലെ കത്തിമൂർച്ചകൂട്ടി പറമ്പിലേക്കിറങ്ങാനാലോചിച്ചേപ്പാൾ ആദ്യമായി അയാൽ അതിന് തടസ്സം പറഞ്ഞു. വിയർപ്പും ചോരയും നൽകി മണ്ണിനെ വിളയിച്ച കാലത്തിന് വിരാമം കുറിച്ചതുപോലെ. രാഷ്ട്രീയജീവിതത്തിലേക്ക് ചുവടുമാറ്റിയപ്പോൾ അകന്നകന്നുപോയ ജന്മബന്ധങ്ങളിലേക്കു മടങ്ങിപ്പോയത് അയാളിലൂടെയായിരുന്നു. ജൈവികമായ പച്ചപ്പിലേക്ക് കൃഷിയിടത്തേക്ക്, അവിടെ അപ്പോഴും ചീവീടുകളുടെ കരച്ചിലുണ്ടായിരുന്നു. കിളികളുടെ ചിലമ്പലുകളുണ്ടായിരുന്നു. കുറുനരിയുടെ ഓരിയുണ്ടായിരുന്നു. വറ്റാത്ത ഉറവകളുണ്ടായിരുന്നു. വാദ്യേഘാഷം മുഴക്കുന്ന ഇടിമിന്നലുകളും പെരുമഴക്കാലവുമുണ്ടായിരുന്നു. അതിരും ആർത്തിയുമില്ലാത്ത മനുഷ്യരുടെ അവശേഷിപ്പുകളുണ്ടായിരുന്നു. ചിലതെല്ലാം സഹിച്ചും ചിലതെല്ലാം ആസ്വദിച്ചും ജീവിതത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകി.
എല്ലാറ്റിനും മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭ്യമാകുമായിരുന്ന, ജീവിത സൗഭാഗ്യം വേണ്ടെന്നുവെക്കാൻ ആത്മബലമേകിയത് ഈ മണ്ണായിരുന്നു. അതെല്ലായ്പോഴും മാടിവിളിച്ചുകൊണ്ടിരുന്നു, ഓമനിക്കാനും അലങ്കരിക്കാനും. മണ്ണ് എന്റെ സ്വാതന്ത്ര്യവും സമാധാനവും ശാന്തതയുമായിരുന്നു. തഴമ്പുപിടിച്ച കൈകൾ അഭിമാനമായി. കിഴക്കൻ മലയോരത്തേക്ക് എന്നോടൊപ്പം പറന്നകന്ന കൂട്ടുകാരിക്ക് മണ്ണ് ജീവിത പരിണാമമാകുന്നു. മണ്ണിലെ കൂലി അടിമത്തത്തിൽനിന്ന് മണ്ണിന്റെ ഉടമസ്ഥതയിലേക്കുള്ള പരിണാമം. ആവുന്നത്ര ഈ പരിണാമത്തെ അയാൾ ആസ്വദിച്ചു. ഇനിയെത്രകാലം എന്ന ചോദ്യത്തിന് മുന്നിലെത്തി. എന്നിട്ടും പറമ്പിലേക്കിറങ്ങിയപ്പോൾ അയാൾ കൂടെ പോന്നു. നട്ടുവളർത്തിയതെല്ലം ഒരു വട്ടംകൂടി തൊട്ടറിയാൻ.
രണ്ടു കൊല്ലമായി കരിപ്പിലങ്ങാട് സിറ്റിയിൽ നടത്തിക്കൊണ്ടിരുന്ന തുണിക്കട തുറക്കാനാവാത്ത സ്ഥിതിവന്നു. കാർഷിക ജീവിതത്തിൽനിന്ന് കച്ചവടത്തിലേക്കുള്ള പരിണാമമായിരുന്നു ആനന്ദക്ക് ഈ സംരംഭം. അതിനായി എസ്.സി/എസ്.ടി വികസന വകുപ്പിന്റെ സഹായം തേടി. 50,000 രൂപ സർക്കാർ അനുവദിച്ചു. 30,000 രൂപ സൗജന്യവും 20,000 രൂപ തിരിച്ചടക്കേണ്ടതുമായിരുന്നു. ഇത്തരമൊരു ശ്രമത്തിൽ സാധാരണ ദലിതർ നേരിടുന്ന പ്രതിസന്ധികൾ അയാളും നേരിട്ടു. വൈക്കത്തുേപായി കോടതി ജീവനക്കാരനായ സഹോദരൻ വിജയനെ ജാമ്യക്കാരനാക്കി, നിരാശജനകമായൊരു കാര്യം, ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിട്ടും ലോൺ നൽകാനാവില്ലെന്നു പറഞ്ഞ് അറക്കുളം യൂനിയൻ ബാങ്ക് മാനേജർ അയാളെ തിരിച്ചയച്ചതാണ്.
ഒരു ദലിത് സ്ത്രീക്ക് കച്ചവടം നടത്താനോ തങ്ങൾ നൽകുന്ന പണം തിരിച്ചടക്കാനോ കഴിയുമെന്ന് ബാങ്ക് മാനേജർക്ക് വിശ്വസിക്കാനായില്ല. ജാതിഘടനക്കുള്ളിലെ മേൽക്കോയ്മാബോധത്തിൽനിന്ന് രൂപംകൊള്ളുന്നതായിരുന്നു ഈ അവിശ്വാസം. അതൊരു മനോഭാവമായിരുന്നു. ഒരു ക്രിസ്ത്യൻ നാമധാരിയായിരുന്നു മാനേജർ. അടുത്ത ദിവസം എന്നെയുംകൂട്ടി അയാൾ ബാങ്കിലെത്തിയത് മാനേജർക്ക് ഇഷ്ടപ്പെട്ടില്ല. തരംതാഴ്ത്തലും പരിഹാസവുമായി. തനിക്ക് തുല്യരാണ് മുന്നിലിരിക്കുന്നത് എന്ന് തോന്നാത്തിടത്തോളം ഈ സമീപനത്തെ തിരുത്താൻ സാധ്യമായിരുന്നില്ല. താൻ പൊലീസിനെ വിളിക്കുമെന്ന് പറയുന്നിടത്തേക്ക് മാനേജർ കാര്യങ്ങളെത്തിച്ചു. കണ്ടേ മടങ്ങൂവെന്ന നിലപാട് പ്രതിസന്ധിയുണ്ടാക്കി. സ്വരമൂർച്ഛയിൽ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയും ഗ്രൗണ്ട് ഫ്ലോറിൽ റബർകച്ചവടം നടത്തുന്ന ഞങ്ങളുടെ സുഹൃത്തുമായ ഒ.കെ. ചന്ദ്രൻ ഓടിയെത്തി വിവരം തിരക്കി. വിനയത്തിനും സൗമ്യഭാവത്തിനും വഴങ്ങുന്നതല്ല ജാതീയത. ക്ഷുഭിതമായ പൊട്ടിത്തെറികൾക്കു മാത്രമേ ഇത്തരക്കാരെ നീതിബോധത്തിലേക്ക് ഉണർത്താനാകൂ. ഒടുവിൽ മാനേജർ നിലപാട് മാറ്റി.
ഉന്നത പഠനത്തിനായി വീടുവിട്ട മകനും അതിന് തയാറെടുക്കുന്ന മകളും സൃഷ്ടിച്ച ശൂന്യതയാണ് അയാൾ കച്ചവടത്തിലേക്ക് തിരിയാൻ കാരണം. കരിപ്പലങ്ങാട് വാടകക്കൊരു മുറിയെടുത്തു. നഗരത്തിലെത്തി ഹോൾസെയിൽ കടകളിൽനിന്ന് ഡ്രസ് എടുക്കുന്നതിൽ അയാൾ എന്നെയും കൂട്ടുമായിരുന്നുവെങ്കിലും വില നിശ്ചയിച്ചിരുന്നത് അയാൾതന്നെയായിരുന്നു. കച്ചവട താൽപര്യത്തോടൊപ്പം സൗന്ദര്യസങ്കൽപങ്ങളും നിറഭേദങ്ങൾ തിരിച്ചറിയാനുള്ള ശേഷിയുമാകാം അയാളെ വസ്ത്രങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയത്. നാട്ടിലെ സ്ത്രീകളുടെ രുചിഭേദവും സാമ്പത്തിക സ്ഥിതിയും തിരിച്ചറിഞ്ഞു അവർക്കിണങ്ങുന്ന വസ്ത്രങ്ങൾ കടയിലെത്തിച്ചു. ഒരു തയ്യൽമെഷീനൊരുക്കി. തുന്നൽക്കാരിയായൊരു പെൺകുട്ടിയെ ഒപ്പം കൂട്ടി. കുടുംബശ്രീക്കാർ ഈ സംരംഭത്തിൽ ഗുണഭോക്താക്കളും അഭ്യുദയകാംക്ഷികളുമായി. മലമുകളിലൂടെ പാഞ്ഞുപോകുന്ന ദേശീയ ഹൈവേയുടെ ഇരുവശത്തുനിന്നും മലകയറി എത്തുന്ന സ്ത്രീകൾക്ക് ഒരു സംഗമസ്ഥലമായി, വിശ്രമകേന്ദ്രമായി. കടയിലെത്തുന്നവരുമായി അയാൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇഴകൾ നെയ്തു.
കീമോക്കുവേണ്ടിയുള്ള യാത്ര തുടങ്ങി. ഓരോ കീമോയും ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്കും ക്ഷീണത്തിനും അയവുവരുമ്പോൾ അടുത്തതെടുക്കും. അവസാനത്തെ കീമോയും അതിന്റെ ബുദ്ധിമുട്ടുകളും ഒഴിവായശേഷം അയാൾ ഉന്മേഷവതിയായി കാണപ്പെട്ടു. തലമുടി കിളിർത്തു തുടങ്ങി. മലകയറ്റത്തിന്റെയും ഇറക്കത്തിന്റെയും വേഗതകൂടി. 2006 ആഗസ്റ്റ് 15ന് താൻ അംഗമായ കുടുംബശ്രീയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കാളിയായി. ചികിത്സയുടെ അടുത്തഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. കീമോതെറപ്പിയിലൂടെ സർജറിയിലേക്കും റേഡിയേഷനിലേക്കും കടന്നുപോകുന്നതായിരുന്നു ചികിത്സാപദ്ധതി. ശാരീരിക സ്ഥിതിയുടെ പരിശോധനയിൽ സർജറിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് വിലയിരുത്തപ്പെട്ടു.
എന്നാൽ, കീമോയുടെ രണ്ടാമത്തെ കോഴ്സുകൂടി പൂർത്തിയാക്കി സർജറിയിലേക്കുപോകാനുള്ള നീക്കത്തിനിടയിൽ വന്നുപ്പെട്ട കാലതാമസത്തിൽ തെറപ്പിസ്റ്റായ ഡോ. സുരേഷ് കുമാർ അസ്വസ്ഥത പ്രകടിപ്പിക്കുന്നതുകണ്ട്, നിയന്ത്രിതാവസ്ഥയെ മറികടക്കാൻ കാൻസറിനു കിട്ടിയ അവസരമായിരുന്നു ഈ കാലതാമസം. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള ജാഗ്രത ഈ കാലതാമസത്തിനിടയിൽ നഷ്ടമായി. മെഡിക്കൽ കോളജ്പോലെ ഉന്നതമായൊരു ആരോഗ്യപരിപാലകേന്ദ്രത്തിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു ഇത്. ഒടുവിൽ സർജറിതന്നെ വേണ്ടെന്നു പറയുന്ന സ്ഥിതിയിലേക്ക് രോഗി മാറി. സ്നേഹമസൃണമായ നിർബന്ധത്തിന് വഴങ്ങിയാണ് പിന്നീടയാൾ സർജറിക്ക് തയാറായത്. ഡോ. ജയ്കുമാറായിരുന്നു സർജൻ. ആശങ്കപ്പെട്ടതുപോലെ സർജറി പൂർണമായും പരാജയപ്പെട്ടു. അപ്പോഴേക്കും ഒരു ലോബിൽ നിന്ന് അടുത്ത ലോബിലേക്ക് കാൻസർ പടർന്നുകഴിഞ്ഞിരുന്നു.
കാൻസർ അതിന്റെ അധിനിവേശം വേഗത്തിലാക്കി. സർജറിയുടെ പരാജയം കാൻസറിന് അനുകൂലമായി. എന്തിനായിരുന്നു ഈ സർജറി എന്നുതോന്നി. സർജറിക്കുമുമ്പ് ഒരു വിദഗ്ധപരിശോധന കൂടി നടത്തിയിരുന്നുവെങ്കിൽ ഒരു പക്ഷേ പരാജയപ്പെട്ട ഈ സർജറി ഒഴിവാക്കപ്പെട്ടേനെ. അതുമൂലം രോഗി സഹിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ സംഘർഷങ്ങളും. പിന്നീടൊരിക്കലും ആരോഗ്യസ്ഥിതിയിൽ കാര്യമായൊരു പുരോഗതിയും കണ്ടില്ല. എന്നിട്ടും പ്ലാനിങ്ങുപോലെ റേഡിയേഷനിലേക്ക് പോയെങ്കിലും തുടക്കത്തിൽതന്നെ നിർത്തിവെക്കേണ്ടിവന്നു. രോഗം മാത്രമല്ല, രോഗപ്രതിരോധത്തിനായി നടന്ന വൈദ്യശാസ്ത്ര ഇടപെടലുകളും രോഗിയെ വല്ലാതെ തളർത്തി. രണ്ടു പതിറ്റാണ്ടിലേറെയായി കയറിയിറങ്ങി നടന്ന വീട്ടിലേക്കുള്ള വഴി അയാൾക്ക് സഞ്ചാരയോഗ്യമല്ലാതായി. കുന്നുകയറി ആശുപത്രിയിലേക്കുപോയ ആൾക്ക് കുന്നിറങ്ങി വീട്ടിലെത്താൻ പരസഹായം ആവശ്യമായി.
ഡോക്ടറെ കണ്ട് വീട്ടിലേക്കു മടങ്ങുന്ന പതിവുതെറ്റി. ആശുപത്രി കിടക്കയിലും ധന്വന്തരിയിലുമായി ദിനരാത്രങ്ങൾ. എത്ര പെട്ടെന്നാണ് കാൻസർ ബാധിതരായ മനുഷ്യൻ അപ്രത്യക്ഷമാകുന്നത് എന്ന് നേരിട്ടറിഞ്ഞത് അപ്പോഴാണ്. കാൻസർ ബ്ലോക്കിലേക്ക് കടന്നുചെന്ന ആദ്യനാളുകളിൽ കണ്ട മുഖങ്ങളൊന്നും ദീർഘനാൾ കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട് ജീവിക്കാൻ വെമ്പുന്നവരായിരുന്നു ഓരോ രോഗിയും. പലഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർ. അത്യാസന്നനിലയിലുള്ളവരുമുണ്ട്. അവരിലൊരാളായിരുന്നു ഞങ്ങൾക്കഭിമുഖമായി മരണേത്താട് മല്ലടിച്ചുകൊണ്ടിരുന്ന മൂന്നാർ സ്വദേശിയായ 12കാരി തമിഴ് പെൺകുട്ടി.
എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കളുടെ മൂത്തമകൾ. ബ്ലഡ് കാൻസറായിരുന്നു. എല്ലാം കണ്ടും സഹിച്ച് കലങ്ങിയ കണ്ണുകളുമായി പെറ്റമ്മ അരികിലുണ്ട്. കട്ടിലിലും സ്റ്റൂളിലും മാറിമാറിയിരുന്ന് ചേച്ചിയെ പരിചരിക്കുന്ന കൊച്ചനിയനും. മകളുടെ മുഖം കാണാനുള്ള ശേഷിയില്ലെന്നു പറഞ്ഞ് അസ്വസ്ഥനായി വാർഡിന് വെളിയിൽ വരാന്തയിൽ പാഞ്ഞുനടക്കുന്ന പിതാവ്. ‘ബുദ്ധേ’ എന്ന ആ പിതാവിന്റെ വിളി ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നു. മകളുടെ അന്ത്യനിമിഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പേരായിരുന്നു അദ്ദേഹത്തിന് ബുദ്ധ. ബുദ്ധയോ അമ്മയുടെ അരികിൽനിന്ന് മരണമെത്തുന്നിടത്തേക്ക് വലിച്ചടുപ്പിക്കപ്പെട്ട ഒരു കൗമാരവും. കൂട്ടിന് മാളുവും. മകളുടെ ജീവനറ്റ ദേഹത്തിനരികെ അമ്മ ഇരുകൈകളും കൂട്ടി തറയിലിരുന്ന് നിലവിളിക്കുമ്പോൾ അവർ ആ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റി അലങ്കാരവസ്തുക്കൾ അണിയിച്ചു. ആശുപത്രി കിടക്കയിൽ അന്ത്യയാത്ര ഒരുക്കി.
