Begin typing your search above and press return to search.
proflie-avatar
Login

ദലിതർ 21ാം നൂറ്റാണ്ടിൽ

ദലിതർ   21ാം നൂറ്റാണ്ടിൽ
cancel
camera_alt

ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​

‘‘അനായാസമായൊരു പ്രവൃത്തിയായിരുന്നില്ല ദലിതർക്ക് തങ്ങളുടേതായ ഒരാശയനിർമിതി. ആധിപത്യ പ്രത്യയശാസ്​ത്രവ്യവഹാരങ്ങളെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് മാത്രമേ അത് സാധ്യമായിരുന്നുള്ളൂ.’’ –ആ വിമർശനങ്ങളെക്കുറിച്ച് എഴുതുന്നു.

പ്രായോഗികവും പ്രത്യയശാസ്​ത്രപരവുമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ ദലിതർ 21ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. തങ്ങളുടേതായ ഒരു ആശയലോകം നിർമിക്കാനായി എന്നതായിരുന്നു ഇക്കാലത്തെ ദലിത് പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ നേട്ടം. ദലിത് എഴുത്തുകാരും ചിന്തകരുമുണ്ടായത് ഇക്കാലത്താണ്. ഈ ദലിത് മുന്നേറ്റത്തെ രാഷ്ട്രീയ സാംസ്​കാരിക കേരളത്തിന് ഉൾക്കൊള്ളാനായില്ല. സ്വയം സംസാരിക്കുന്ന ദലിതരെ അസ്വസ്​ഥതയോടെയാണ് നോക്കിക്കണ്ടത്. ദലിത് എഴുത്തുകാർക്കെതിരെ 2000 മേയ് 4ന് നടന്ന ലളിതാംബിക അന്തർജന സ്​മാരക പ്രഭാഷണത്തിൽ പ്രമുഖ എഴുത്തുകാരനായ ടി. പത്മനാഭൻ പറഞ്ഞത് ‘എണ്ണപ്പെട്ട സാഹിത്യകാരന്മാരോ സാഹിത്യ കൃതികളോ ഇപ്പോഴും അപൂർവമാണെങ്കിലും സാഹിത്യ സാംസ്​കാരിക മേഖലകളിൽ ഭീഷണി ഉയർത്തുന്ന കാർമേഘങ്ങളാണ് ദലിത് സാഹിത്യ’മെന്നാണ്.

ദുഃഖകരമായൊരു കാര്യം ദലിത് മുന്നേറ്റങ്ങൾക്കെതിരെ അദലിതരായ എഴുത്തുകാർക്ക് തങ്ങളുടെ നിലപാടുകൾ ആവർത്തിക്കാനുള്ള മാധ്യമ ഇടങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിലിടപെടാനുള്ള അവസരം ദലിതർക്ക് ഉണ്ടായിരുന്നില്ല എന്നതാണ്. എഴുത്ത് അധികാരത്തിന്റെ ഒരു രൂപമായിരുന്നു. ഈ രംഗത്തേക്ക് പ്രവേശനമില്ലാത്തവരായിരുന്നു ദലിതർ. ഈ സ്​ഥിതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത് 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.

‘ജാതിവ്യവസ്​ഥ പോയി ജനാധിപത്യം വന്നു’ എന്നത് ‘ഭാഷാപോഷിണി’യിൽ 1996 ഫെബ്രുവരിയിൽ പ്രഫ. എം.ജി.എസ്​. നാരായണൻ എഴുതിയ ലേഖനത്തിന്റെ തലവാചകമായിരുന്നു. ‘ജാതി മരണമടഞ്ഞിരിക്കുന്നു’വെന്നും ‘കത്തിക്കരിഞ്ഞുപോയ നക്ഷത്രഗോളത്തിന്റെ ആകാശവീഥിയിൽ അവശേഷിക്കുന്ന രശ്മിസഞ്ചയംപോലെ ഒരു ജാതിബോധം അവശേഷിക്കുന്നു’വെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2003ൽ ‘പക്ഷേ ഒരു േബ്രക്കിങ് പോയന്റ് വരുമ്പോൾ നിങ്ങൾ ഉണരുന്നു’ എന്ന ലേഖനത്തിൽ പ്രഫ. എം.എൻ. വിജയൻ എഴുതിയത് ജാതികളുടെ സംഘർഷമെന്നത് നവോത്ഥാനത്തിനുശേഷം കേരളത്തിൽ ഒരു യാഥാർഥ്യമല്ലെന്നും അതിന് കാരണം ഇവിടെ നടന്നിട്ടുള്ള നൂറു-നൂറ്റിയിരുപത്തഞ്ചു കൊല്ലത്തെ നവോത്ഥാന പ്രവർത്തനങ്ങളാണ് എന്നുമാണ്.

നവോത്ഥാന പ്രസ്​ഥാനങ്ങളുടെയും തങ്ങളുടെയും പ്രവർത്തനഫലമായി ജാതിസംഘടനകൾ മാത്രമല്ല, ജാതിതന്നെ ഇല്ലാതായി എന്നത് ഐക്യകേരളത്തിൽ ഇടതുപക്ഷ/കമ്യൂണിസ്റ്റ് പ്രസ്​ഥാനങ്ങൾ വളർത്തിയെടുക്കുന്ന ഒരു പൊതുബോധമായിരുന്നു. ഈ പൊതുബോധത്തിൽനിന്നാണ് ജാതിപ്രശ്നം ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവന്ന ദലിതർ ജാതിവളർത്തുകയാണെന്ന ആരോപണം ഉയർന്നുവന്നത്. ജാതികളുടെ അതിജീവനതന്ത്രങ്ങൾ തുറന്നുകാട്ടാനുള്ള ദലിത് ശ്രമങ്ങളെ അസഹിഷ്ണുതയോടെയാണ് രാഷ്ട്രീയ സാംസ്​കാരിക കേരളം നോക്കിക്കണ്ടത്. ദലിതരും അദലിതരും തമ്മിലുള്ള ആശയസംഘർഷങ്ങളാകട്ടെ ദലിതരുടെ ബൗദ്ധിക മുന്നേറ്റത്തിന്റെ സൂചകമായിരുന്നു. അവ രേഖകളായി മാറിയെന്നതായിരുന്നു ഈ കാലത്തിന്റെ പ്രത്യേകത.

ജാതിരഹിത കേരളമെന്ന മിത്ത് തകർക്കാതെ ദലിതർക്ക് മുന്നോട്ടുപോകാനാവില്ലായിരുന്നു. ജാതിയില്ലെന്ന് പറയുകയും ജാതിവ്യവസ്​ഥയെ താങ്ങിനിർത്തുകയും ചെയ്യുകയെന്നത് ഐക്യകേരളത്തിന്റെ പ്രത്യേകതയായിരുന്നു. ഈ ഇരട്ടത്താപ്പ് തുറന്നുകാണിച്ചാണ് 2003ൽ ‘സമീക്ഷ’യിൽ വന്ന പി. കൃഷ്ണനുണ്ണിയുടെ ‘ജാതികളും അവബോധ സംസ്​കാരങ്ങളും’ എന്ന പഠനത്തെ ആധാരമാക്കി ജാതി പരിണാമങ്ങളും സാമുദായിക രാഷ്ട്രീയത്തിലും ദേശരാഷ്ട്ര നിർമാണത്തിലും ഊന്നുന്ന കാഴ്ചപ്പാടിൽനിന്നാണ് കൃഷ്ണനുണ്ണി ജാതിപ്രശ്നത്തെ സമീപിച്ചത്. ഹിന്ദു ദേശീയവാദികളും ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളുമെല്ലാം ജാതിപ്രശ്നത്തെ നോക്കിക്കണ്ടത് ഇത്തരമൊരു സമീപനത്തിൽനിന്നായിരുന്നു.

ഇന്ത്യൻ സാമൂഹിക നിർമിതിയായി ജാതിയെ പ്രശ്നവത്കരിക്കാനല്ല, സാമ്രാജത്വ സൃഷ്​ടിയായി അവതരിപ്പിക്കാനാണ് ഈ കൂട്ടർ താൽപര്യം കാട്ടിയത്. ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്ത്യൻ സമ്പദ്ഘടനയിലുണ്ടായ മാറ്റങ്ങളാണ് ഇല്ലാതായിക്കഴിഞ്ഞുവെന്ന് ഇന്ത്യക്കാർ കരുതിയ ജാതിയെ ഉയർത്തിക്കൊണ്ടുവന്നത് എന്നതായിരുന്നു കൃഷ്ണനുണ്ണിയുടെ നിഗമനം. ജാത്യാധിഷ്ഠിതമായ ഇന്ത്യൻ/കേരള സാമൂഹികവ്യവസ്​ഥയെ മറച്ചുവെക്കാനുള്ള ശ്രമമായിരുന്നു ഇത്. ഈ യാഥാർഥ്യം തുറന്നുകാണിക്കാനുള്ള ശ്രമമായിരുന്നു ജാതിപരിണാമങ്ങളും ചരിത്രപരതയും. ഊഹാപോഹങ്ങളും ജാതിയും, രാഷ്ട്രീയവും ജാതിയും, ദേശീയതയും വർഗവും, വർഗീയതയും ദലിതരും, ഹിന്ദുവിമർശനവും ആഗോളവത്കരണവും എന്നിങ്ങനെ മൗലികമായ പല വിഷയങ്ങളും ഈ ലേഖനത്തിൽ ചർച്ചചെയ്യുകയുണ്ടായി.

സമാനമായി ഡോ. പി. സോമൻ 2005 ജനുവരി 30ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ‘നിയോഫാഷിസം ഇന്ത്യയിൽ’ എന്ന ലേഖന​േത്താടുള്ള പ്രതികരണമായിരുന്നു 2005 മേയിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റ്റുകളുടെ ജാതി’. ദലിത് രാഷ്ട്രീയത്തെ നയിക്കുന്നത് ഫ്യൂഡൽ പ്രത്യയശാസ്​ത്രമാണെന്നും ദലിതർ ഹിന്ദുത്വയുടെ സിവിൽ മിലിഷ്യയായി മാറിയിരിക്കുകയാണെന്നതുമടക്കം നിരവധി ആരോപണങ്ങൾ അദ്ദേഹം ദലിത് പ്രവർത്തന മണ്ഡലത്തിനെതിരെ ഉന്നയിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 2004 മേയിൽ സോമൻ എഴുതിയ ‘മലയാളി എഴുത്തുകാരുടെ പഥസഞ്ചലനം’ എന്ന ലേഖനത്തിൽ മുന്നോട്ടു​െവച്ച ദലിത് വിരുദ്ധ നിലപാടുകളുടെ ആവർത്തനമായിരുന്നു ഈ ആരോപണങ്ങൾ.

ഇന്ന് മലയാള സാഹിത്യത്തിലെ മുഖ്യധാരയെന്നത് ദലിത്/ആദിവാസി വ്യവഹാരങ്ങളാണെന്ന് പറയാമെന്നും, മനുഷ്യനെന്ന നവോത്ഥാന സങ്കൽപത്തെ നിരസിച്ച് ദലിത്-ആദിവാസി സ്വത്വങ്ങൾ കേന്ദ്രസ്​ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്നും ഇവിടെ രൂപമെടുക്കുന്നത് ജാതീയവും വംശീയവുമായ പ്രത്യയശാസ്​ത്രങ്ങളാണെന്നുമായിരുന്നു ഈ ലേഖനത്തിന്റെ വിലയിരുത്തൽ. അംബേദ്കറിസമാണ് തങ്ങളുടെ പ്രത്യയശാസ്​ത്രമെന്നും ജാതി നശീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചവരാണ് കേരളത്തിലെ ദലിതരെന്ന യാഥാർഥ്യം അദ്ദേഹം കണ്ടില്ല. അല്ലെങ്കിൽ കാണാൻ ഇഷ്​ടപ്പെട്ടില്ല.

ആധിപത്യ പ്രത്യയശാസ്​ത്ര വ്യവഹാരങ്ങളെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിയാണ് കേരളത്തിൽ ദലിത് ആശയലോകം ഉയർന്നുവന്നതെന്ന യാഥാർഥ്യത്തിന് നേരെ മുഖംതിരിച്ചു. ബ്രാഹ്മണിസവും കത്തോലിസിസവും ഗാന്ധിസവും കമ്യൂണിസവുമെല്ലാം ദലിത് വിമർശനങ്ങൾക്ക് വിധേയമാക്കപ്പെട്ടിരുന്നു. ജാത്യാധിഷ്ഠിതമായൊരു സമൂഹമായി കേരളത്തെ നിലനിർത്തുന്ന തത്ത്വശാസ്​ത്രങ്ങളെയും പ്രത്യയശാസ്​ത്രങ്ങളെയുമെല്ലാം ദലിതർ ചോദ്യംചെയ്തിരുന്നു. നവോത്ഥാന കാലത്തെ ഓർമിപ്പിക്കുന്ന രീതിയിൽ ജാതിഘടനയുടെ അടിത്തട്ട് ചോദ്യങ്ങളുടേതായി. എന്നാൽ, സോമനെപ്പോലുള്ളവർക്ക് അത് കാണാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.

ജാതിരഹിത കേരളമെന്ന മിത്തിന്റെ തകർച്ച അനിവാര്യമായി. ബ്രാഹ്മണ്യ തത്ത്വങ്ങൾ പാളി. ദലിത് ആശയലോകത്തെ കണ്ടില്ലെന്ന് നടിക്കാനാവാത്ത സ്​ഥിതിയിലേക്കും സാംസ്​കാരിക രാഷ്ട്രീയ കേരളം മാറി. ഡോ. പി.കെ. രാജശേഖരനും ആനന്ദും സക്കറിയയും പി. ശ്രീജനും ഡി. രാധാകൃഷ്ണനും സി.ആർ. പരമേശ്വരനുമടക്കം എഴുത്തുകാരും അക്കാദമിഷ്യന്മാരുമായ ഒരുനിര ദലിത് ആശയലോകത്തിനെതിരെ എതിർവാദങ്ങളുമായി രംഗത്തുവന്നു. ഡോ. പി.കെ. രാജശേഖരൻ 2004 ഏപ്രിലിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ദലിതവാദം -ദലിത് വിരുദ്ധതയുടെ പ്രത്യയശാസ്​ത്രം’ എന്ന പേരിലും 2005 സെപ്റ്റംബറിൽ ‘ദലിതവാദ വിച്ഛേദനം (പോംവഴി സഹിതം) സൈദ്ധാന്തിക അവ്യക്തതയും ദലിതവാദവും’ എന്ന പേരിലും 2006ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ‘ജാതീയത തിരിച്ചുവരുന്നു’ എന്ന പേരിലും ലേഖനങ്ങൾ എഴുതി.

ദലിതവാദം മൗലികവാദ സ്വഭാവമുള്ളതാണെന്നും യഥാർഥ പ്രശ്നങ്ങളെ മറച്ചു​െവച്ച് ദലിതരെയും ദലിത് പ്രശ്നങ്ങളെയും ഇപ്പോഴുള്ള നിലയിൽ നിലനിർത്താനുള്ള പ്രത്യയശാസ്​ത്രമാണെന്നും സ്​ഥാപിക്കാനായിരുന്നു ഈ ലേഖനങ്ങളിലൂടെ രാജശേഖരൻ ശ്രമിച്ചത്. ദലിതവാദവും നിരൂപണവും എന്ന പേരിൽ 2005 ജൂലൈയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രഫ. വി.സി. ശ്രീജൻ എഴുതിയ ലേഖനത്തിൽ സാഹിത്യത്തിന്റെയും വിമർശനത്തിന്റെയും വിമോചന ദൗത്യത്തിൽ ഇന്നാരും വിശ്വസിക്കുന്നില്ലെന്നും ദലിത് വിമർശകർ പരത്തി എഴുതാറുണ്ടെങ്കിലും അതാരും മൈൻഡ് ചെയ്യുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ‘ഒരു ദലിതന് താൻ ദലിതനാണെന്ന് ഉറക്കെ പറയാമെങ്കിൽ താൻ നായരാണെന്ന് പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഒരു നായർക്കു’ണ്ടെന്ന് വാദിച്ചു.

സി. രാധാകൃഷ്ണൻ 2006ൽ മാധ്യമം ആഴ്ചപ്പതിപ്പിലെഴുതിയ ‘ഐക്യകേരളത്തിന്റെ 50 വർഷങ്ങൾ’ എന്ന ലേഖനത്തിൽ ‘ചാതുർവർണ്യ മതാധിപത്യം നിലനിർത്താനുള്ള ഒരുപാധിയാണ് ജാതിസംവരണം’ എന്നാണ് വാദിച്ചത്. ദലിത് ഇടപെടലുകളുടെ രീതിശാസ്​ത്രത്തെക്കുറിച്ച് 2006 സെപ്റ്റംബർ 1ന് മാധ്യമം ആഴ്ചപ്പതിപ്പിൽ താഹാ മാടായി എഴുതിയ ലേഖനത്തിൽ ‘ധനവും സമ്പത്തുമായി സർക്കാർ ജോലിയെ കാണുകയും പ്ലാവുകളിലെ ചക്കകൾപോലെ സംഘടനകൾ ഉണ്ടായി ജോലികിട്ടിയാൽ പണിയെടുക്കാതെ അഴിമതി നടത്തുകയും പൗരന്മാരോട് തട്ടിക്കയറുകയും ചെയ്യുന്ന പ്രകൃതക്കാരാണ് ദലിതർ’ എന്ന് സക്കറിയ പറഞ്ഞതായി എഴുതി.

ലജ്ജാകരമായൊരു കാര്യം ഈ ലേഖനത്തിൽ താഹാ മാടായി നടത്തിയത് ദലിത് നിർവചനമായിരുന്നു. ‘ലാസ്റ്റ് േഗ്രഡ് ജീവനക്കാർ ജാതി, മതം ഏതായാലും ദലിതരാണ്’ എന്നതായിരുന്നു താഹയുടെ ദലിത് നിർവചനം. സാംസ്​കാരിക-രാഷ്ട്രീയ കേരള ജാതിപ്രശ്നത്തെ എങ്ങനെയാണ് നോക്കിക്കണ്ടത് എന്നതിന്റെ സൂചനകളായിരുന്നു ഈ ലേഖനങ്ങൾ. സമഭാവനയുടെയും സംവാദാത്മകതയുടെയും അടിസ്​ഥാനത്തിലായിരുന്നില്ല അവ രചിക്കപ്പെട്ടത്; അവഗണയുടെയും ഒഴിവാക്കലിന്റെയും അവഹേളനത്തിന്റെയും തലത്തിലായിരുന്നു.

പതിറ്റാണ്ടുകളായി ജാതിവ്യവസ്​ഥക്കെതിരെ കേരളത്തിലെ ദലിതർ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ഗുണപരമായി ഒരു വാക്കുപോലും അവർക്ക് പറയാനുണ്ടായില്ല, ജാതിക്കെതിരായ ദലിത് പ്രവർത്തനങ്ങളെ ജാതി വളർത്താനുള്ള ശ്രമങ്ങളായി ദുർവ്യാഖ്യാനം ചെയ്തു. ദലിതർ ആരാണെന്നും അവർ എങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നും തീരുമാനിച്ചു. ഈ എഴുത്തുകളിലെ മേൽക്കോയ്മ താൽപര്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് 2006 അവസാനം ‘ദലിത് പ്രതിവാദത്തിന്റെ പ്രത്യയശാസ്​ത്രം’ എന്ന ലേഖനമെഴുതി. നിർഭാഗ്യവശാൽ അത് മുഖ്യധാരയിൽ വെളിച്ചം കണ്ടില്ല. മാധ്യമം ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തിരുന്നുവെങ്കിലും അവർക്കത് പ്രസിദ്ധീകരിക്കാനായില്ല.

ഈ ആശയ സംഘർഷങ്ങൾ ദലിതരുടെ ബൗദ്ധിക മുന്നേറ്റത്തിന്റെ സൂചകമായിരുന്നു. അവ രേഖകളായി മാറിയെന്നതായിരുന്നു ഈ ലേഖനത്തിന്റെ പ്രത്യേകത. ബാഹ്യവും ആന്തരികവുമായ മാനങ്ങൾ അതിനുണ്ടായിരുന്നു. സാമുദായിക രാഷ്ട്രീയത്തോടൊപ്പം വിഭവ രാഷ്ട്രീയമെന്ന മറ്റൊരു വീക്ഷണംകൂടി ഈ കാലത്ത് ദലിതർക്കിടയിൽനിന്ന് ഉയർന്നുവന്നു. ആദിവാസി ഭൂസമരമുഖത്താണ് വിഭവരാഷ്ട്രീയം ഉയർന്നുവന്നത്. ദലിത് ഐക്യസമിതി മുന്നോട്ടു​െവച്ച സമുദായ രാഷ്ട്രീയത്തിനു പകരം ആദിവാസി-ദലിത് സമരസമിതി മുന്നോട്ടു​െവച്ച സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു വിഭവരാഷ്ട്രീയം.

സമ്പത്തും അധികാരവും പദവിയും വിജ്ഞാനവും ചരിത്രവും സംസ്​കാരവു​െമല്ലാം ഉൾക്കൊള്ളുന്നൊരു പരികൽപനയായിരുന്നു സമുദായ രാഷ്ട്രീയമെങ്കിൽ കേവലമായ ഭൂ അധികാരത്തിന്റെ നിർവചനമായിരുന്നു വിഭവ രാഷ്ട്രീയം. ആദിവാസി പ്രശ്നത്തെ ഭൂരഹിതരായ ആദിവാസികളുടെ പ്രശ്നമായി ചുരുക്കി കണ്ടതുപോലെ ദലിത് പ്രശ്നത്തെ ദലിതരുടെ ഭൂരാഹിത്യത്തിന്റെ പ്രശ്നമായി ചുരുക്കിക്കാണുകയായിരുന്നു വിഭവ രാഷ്ട്രീയം.

സമുദായ രാഷ്ട്രീയത്തിനെതിരെ ഉയർന്നുവന്ന ശക്തമായൊരു വെല്ലുവിളിയായിട്ടാണ് വിഭവരാഷ്ട്രീയത്തെ ദലിത് ഐക്യസമിതി നോക്കിക്കണ്ടത്. ഇക്കാര്യത്തിൽ ഐക്യസമിതിയിൽ നടന്ന ചർച്ചകളുടെ അടിസ്​ഥാനത്തിലാണ് 2004 ഫെബ്രുവരിയിൽ ‘വിഭവ രാഷ്ട്രീയം സവർണ ഗൂഢാലോചന’ എന്ന ലേഖനമെഴുതിയത്. ആഗോളവത്കരണത്തിന്റെയും നവ ബ്രാഹ്മണ്യത്തിന്റെ അഥവാ സവർണാധിപത്യത്തിന്റെയും കാലത്താണ് ദലിതർക്കിടയിൽ സാമുദായികവാദവും വിഭവരാഷ്ട്രീയവും ഉയർന്നുവന്നത്. ഇന്ത്യൻ ജനതയെ ഒന്നടങ്കം ബാധിക്കുന്ന പ്രശ്നമായിരുന്നു ആഗോളവത്കരണമെങ്കിൽ ദലിത് ഉൾപ്പെടെ ജാതിഘടനയുടെ അടിത്തട്ടിലുള്ളവരെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നു ബ്രാഹ്മണ്യം.

ആഗോളവത്കരണത്തിനും ബ്രാഹ്മണ്യാധിപത്യത്തിനും എതിരാ പോരാട്ടത്തിൽ ഏതിലാണ് ഊന്നേണ്ടത് എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടായി. സാമുദായികവാദികൾ നവ ബ്രാഹ്മണ്യത്തിനെതിരായ അഥവാ ജാത്യാധിപത്യത്തിനെതിരായ കാര്യത്തിൽ അഥവാ സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ഊന്നി. കേരളത്തിലെ പ്രമുഖ സാമ്പത്തിക ശാസ്​ത്രവിദഗ്ധരിൽ ഒരാളായ ഡോ. എം. കുഞ്ഞാമൻ ‘ആഗോളവത്കരണവും ദലിതരും’ എന്ന പേരിൽ എലിക്കുളം ജയകുമാർ രചിച്ച ഒരു ചെറുകൃതിക്കെഴുതിയ അവതാരികയിൽ പറഞ്ഞത് ‘ആഗോളവത്കരണത്തിനെതിരെ അതിശക്തമായിക്കൊണ്ടിരിക്കുന്ന ചെറുത്തുനിൽപിന്റെ മുന്നണിയിൽ നിൽക്കേണ്ടത് പട്ടികവിഭാഗങ്ങളാണ്’ എന്നാണ്. ദലിതരുടെ ദാരിദ്യ്രത്തിന്റെയും മറ്റു ദുരിതങ്ങളുടെയും പരിഹാര മാർഗമായിട്ടാണ് കുഞ്ഞാമൻ സാമ്രാജ്യത്വവിരുദ്ധ സമരത്തെ കണ്ടത്.

മൂലധനകേന്ദ്രീകരണത്തിനും ചൂഷണത്തിനും എതിരായ ഇത്തരമൊരു വീക്ഷണത്തിൽനിന്ന് 2003 ജൂലൈ 11ന് മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ‘മാറുന്ന ദലിത് അജണ്ട’ എന്ന ലേഖനത്തിൽ സണ്ണി എം. കപിക്കാട് പറഞ്ഞത് ‘വിഭവാധികാരത്തിന്റെ പ്രശ്നം ദലിത് അജണ്ടയുടെ കേന്ദ്രപ്രശ്നമായി മാറിയിരിക്കുന്നു’വെന്നാണ്. ജാതിവിവേചനങ്ങളുടെ കേവലഭാഷ്യങ്ങൾക്കപ്പുറത്ത് അടിസ്​ഥാന വിഭവമായ കൃഷിഭൂമി നൽകുകയെന്ന മുദ്രാവാക്യമാണ് ദലിത് പ്രസ്​ഥാനങ്ങളുടെ അജണ്ടയെ മാറ്റിമറിച്ചത് എന്നായിരുന്നു വിലയിരുത്തൽ.

ഒരു സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടും പ്രവർത്തനപദ്ധതിയും അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ആധുനിക കാലത്തെ ദലിത്-ആദിവാസി സമരങ്ങളുടെ പ്രത്യേകതയെന്ന് ചൂണ്ടിക്കാട്ടി. വിചിത്രമായ കാര്യം ആരാണ് ഈ കാഴ്ചപ്പാട് അവതരിപ്പിച്ചതെന്നോ എന്തായിരുന്നു പദ്ധതിയെന്നോ വ്യക്തമാക്കപ്പെട്ടില്ല എന്നതാണ്. ‘ആഗോളവത്കരണത്തിന്റെ തിക്തഫലം ഏറ്റവും അനുഭവിക്കുന്നവർ എന്നനിലയിൽ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് ആദിവാസികളുടെ സമരം ഉണ്ടായത്’ എന്ന് സി.കെ. ജാനു പറഞ്ഞതായി ‘സൈന്ധവമൊഴി’യിൽ എം.ബി. മനോജും അപ്പുക്കുട്ടനുമെഴുതി. മുത്തങ്ങയും ആറളം ഫാമുമെല്ലാം ‘ജിമ്മി’ൽ ആഗോള കുത്തകകൾക്ക് വിൽക്കാൻ വെച്ചതായിരുന്നുവെന്നും ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യംകൂടി മുത്തങ്ങ സമരത്തിന്റെ പിന്നിൽ ഉണ്ടായിരുന്നുവെന്നും ‘Behind the Shadow’ എന്ന പ്രസിദ്ധീകരണത്തിന് (Calicut Univ​ersity Centre for P.G. Studies 2003/2004)നൽകിയ അഭിമുഖത്തിൽ സി.കെ. ജാനു പറഞ്ഞു.

ഇതേ പ്രസിദ്ധീകരണത്തിൽതന്നെ താനുമായുള്ള അഭിമുഖത്തിൽ തങ്ങൾ മുത്തങ്ങ കൈയേറിയത് മുത്തങ്ങപോലുള്ള വനമേഖലകൾ ‘ജിമ്മി’നുവേണ്ടി ഗവൺമെന്റ് പരിഗണനയിലുള്ളതുകൊണ്ടും ഭൂപ്രശ്നത്തിന് പരിഹാരം കാണുക എന്നതിനോടൊപ്പം ‘ജിം’ പദ്ധതിയെ ചെറുക്കുകയെന്നതും ലക്ഷ്യമായിരുന്നതുകൊണ്ടാണെന്ന് എം. ഗീതാനന്ദനും പറയുകയുണ്ടായി.

എന്നാൽ, ആഗോളവത്കരണത്തെ സ്വാഗതം ചെയ്യുന്നതുകൊണ്ടല്ല സാമ്രാജ്യത്വവിരുദ്ധ നിലപാടിൽ ഊന്നാൻ കഴിയാത്തതുകൊണ്ടാണ് ആദിവാസികളെ മുൻനിർത്തി നടന്ന പ്ലാച്ചിമട സമരത്തിലേക്ക് കേരളത്തിലെ ദലിതർക്ക് എത്തിച്ചേരാൻ കഴിയാതിരുന്നത്. മുത്തങ്ങയും വൈകാരികമായൊരു പ്രതികരണത്തിനപ്പുറത്തേക്ക് അവരെ ചലിപ്പിച്ചില്ല. കൊളോണിയൽ കാലത്തുപോലും അംബേദ്കറെയും അയ്യൻകാളിയെയും പോലുള്ളവർ ജാത്യാധിപത്യത്തിനെതിരായ പോരാട്ടങ്ങളിലായിരുന്നു ഊന്നിയത്. കൊളോണിയലിസമല്ല, ആഭ്യന്തര കൊളോണിയലിസമായിരുന്നു അവരുടെ മുഖ്യശത്രു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഈ സ്​ഥിതിയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല.

വിഭവരാഷ്ട്രീയക്കാർ കരുതുന്നതുപോലെ ദലിതരുടെ ഭൂബന്ധങ്ങൾ തീരുമാനിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ ഘടനയായിരുന്നില്ല, സാമൂഹികഘടനയായിരുന്നു. കേരളത്തിലെ സാമ്പത്തിക-രാഷ്ട്രീയ ഘടനയിലുണ്ടായ മാറ്റങ്ങളുടെ ഫലമായി പാർശവത്കരിക്കപ്പെട്ടവരായിരുന്നില്ല ദലിതരും ആദിവാസികളും. അവർ പുറമ്പോക്കുകളിലും കോളനികളിലും എത്തിയത് സാമൂഹികഘടനക്കുള്ളിലെ പ്രവർത്തന പ്രതിവർത്തന ഫലമായിട്ടായിരുന്നു. തന്മൂലം ജാതി വിവേചനങ്ങളുടെ കേവല ഭാഷ്യങ്ങൾക്കപ്പുറത്തേക്ക് ദലിതർ കടന്നുപോയിരിക്കുന്നുവെന്ന മിഥ്യാധാരണയിൽ ദലിത് അജണ്ടയുടെ കേന്ദ്രത്തിൽനിന്ന് ജാതിയെ ഒഴിവാക്കുന്ന സമീപനം സവർണ മേധാവിത്വത്തെ സഹായിക്കുകയാണ് ചെയ്യുക.

ഈ സമീപനത്തെ തുറന്നുകാണിച്ചാണ് ‘വിഭവരാഷ്ട്രീയം സവർണഗൂഢാലോചന’ എന്ന കുറിപ്പെഴുതിയത്. ഇതേ സാമ്പത്തിക-രാഷ്ട്രീയ വീക്ഷണത്തിൽനിന്ന് സി.കെ. ജാനു അധ്യക്ഷയും എം. ഗീതാനന്ദൻ ജനറൽ കൺവീനറുമായി 2004 ഫെബ്രുവരി 19ന് എറണാകുളത്ത് നടന്ന ആദിവാസി/ദലിത് സമുദായ രാഷ്ട്രീയ സമ്മേളനത്തിന്റെ പ്രസ്​താവനയിൽ പറഞ്ഞത് ‘‘ആഗോളവത്കരണത്തിന്റെ കാഘഘട്ടത്തിൽ വിഭവാധികാരത്തിനും സ്വയംഭരണത്തിനും സാമൂഹികനീതിക്കും വേണ്ടി പോരാടുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും ദിശാബോധം നൽകാൻ കഴിയുന്ന രാഷ്ട്രീയ ശക്തിയാക്കാൻ ആദിവാസി-ദലിത് ജനതക്ക് കഴിയേണ്ടതുണ്ടെന്നാണ്.

അതിനായി ആദിവാസികളെയും ദലിതരെയും സാമുദായികമായി വേർതിരിക്കപ്പെട്ടവരെയും ദുർബലവിഭാഗങ്ങളെയും ഒരു സമുദായപ്രസ്​ഥാനത്തിൽ അണിനിരത്തി രാഷ്ട്രീയശക്തിയാക്കി മാറ്റാനുള്ള ആദ്യ നടപടിയായിട്ടാണ് ഈ സമ്മേളനം വിഭാവന ചെയ്യപ്പെട്ടത്. ഈ സമ്മേളനത്തിൽ ‘രാഷ്ട്രീയ മഹാസഭാ മാനിഫെസ്റ്റോ’ എന്ന പേരിൽ എം. ഗീതാനന്ദൻ അവതരിപ്പിച്ച മാർഗരേഖയോട് പ്രതികരിച്ചുകൊണ്ട് 2004 ഫെബ്രുവരിയിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ‘രാഷ്ട്രീയ മഹാസഭയും പ്രാകൃത കമ്യൂണിസവും’ എന്ന കുറിപ്പെഴുതി.

‘താളം നഷ്​ടപ്പെട്ട നിരാലംബരായ ആധുനിക മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളുടെ പരിഹാരം’ എന്ന ആമുഖ വാചകത്തോടെയാണ് രാഷ്ട്രീയ മഹാസഭാ മാനിഫെസ്റ്റോ തുടങ്ങുന്നത്. എന്നാൽ, വിഷയകേന്ദ്രത്തിൽനിന്ന് ബഹുദൂരം അകന്ന് ഇന്ത്യയുടെ വിശിഷ്യാ കേരളത്തിന്റെ സാമുദായിക-രാഷ്ട്രീയ ചട്ടക്കൂടിൽ ഇടപെട്ടുകൊണ്ട് പരസ്​പര വിരുദ്ധമായ ചില കാര്യങ്ങൾ ആവർത്തിക്കുന്നതാണ് മാനിഫെസ്റ്റോയിൽ കണ്ടത്. ആഗോളവത്കരണത്തിന്റെ ഭാഗമായ ലോക പൗരസമൂഹ രൂപവത്കരണത്തെ എതിർക്കുന്ന അതേ സ്​പിരിറ്റിലെന്നപോലെ ഗോത്രഭരണ രൂപങ്ങളെ പുറത്തുനിർത്തുന്ന പൗരസമൂഹ രൂപവത്കരണത്തെയും എതിർത്തു.

ബ്രാഹ്മണാധിപത്യത്തെ എതിർക്കുന്നുവെന്ന് പറയുമ്പോൾതന്നെ അതിന് വേരോട്ടമുള്ള പ്രാദേശിക സ്വേച്ഛാധിപത്യ രൂപങ്ങളെ സ്വയംഭരണരൂപങ്ങൾ എന്നനിലയിൽ വെള്ളപൂശുകയും മഹത്വവത്കരിക്കുകയും ചെയ്തു. ഈ ഇരട്ടത്താപ്പ് ദലിത് വിരുദ്ധ ചിന്താഗതിയിൽനിന്ന് രൂപംകൊണ്ടതായിരുന്നു. മാനിഫെസ്റ്റോയിലെ പ്രകൃതി സങ്കൽപത്തിലും മനുഷ്യസങ്കൽപത്തിലും സാമൂഹികസങ്കൽപത്തിലുമെല്ലാം ഈ ദലിത് വിരുദ്ധതയുടെ സ്വാധീനമുണ്ടായിരുന്നു. താത്ത്വികമായി ഒരടിത്തറയുമില്ലാത്തതും ദലിതർക്കിടയിൽ വളർന്നുവന്ന സാമുദായിക രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നതുമായിരുന്നു മാനിഫെസ്റ്റോയുടെ ഉള്ളടക്കം. ആദിവാസി-ദലിത് പ്രയോഗത്തിലൂടെ ഒരു സമുദായം എന്ന ദലിത് നിർവചനംതന്നെ തകിടം മറിച്ചു. കേവലമായ ആക്ടിവിസത്തിന്റെയും മിലിറ്റൻസിയുടെയും തലത്തിൽ കുറിച്ചിയിലും കുണ്ടറയിലും കുടിൽകെട്ടി സമരത്തിലും, മുത്തങ്ങയിലുമെല്ലാം അരങ്ങേറിയ സമരത്തിലും പ്രവർത്തനങ്ങളുടെ സൈദ്ധാന്തികാവിഷ്കാരമായിരുന്നു മാനിഫെസ്റ്റോ.

‘കേരള വികസന മാതൃകയെ പൊളിച്ചെഴുതാൻ’ എന്ന പദ്ധതിയിലേക്ക് കടന്നപ്പോഴാണ് മാനിഫെസ്റ്റോയുടെ യഥാർഥ ലക്ഷ്യം വെളിവാക്കപ്പെടുന്നത്. ‘‘ആഗോളവത്കരണത്തിന്റെ കാലഘട്ടത്തിൽ ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന് അതിജീവിക്കാനുള്ള കാഴ്ചപ്പാടാണ്’’ മുന്നോട്ടുവെക്കുന്നത് എന്ന് മാനിഫെസ്റ്റോ അവകാശപ്പെടുന്നു. അതിനായി ഗ്രാമീണ, കാർഷിക വ്യവസായിക സംരംഭങ്ങൾ, പരമ്പരാഗത തൊഴിൽസമൂഹങ്ങൾ, പാത്രനിർമാണക്കാർ, കരകൗശലക്കാർ, കയർ-കശുവണ്ടി തൊഴിലാളികൾ, ഉൾനാടൻ മത്സ്യതൊഴിലാളികൾ, വൈറ്റ് കോളർ ജീവനക്കാർ, യുവാക്കൾ, സ്​ത്രീകൾ, പരിസ്​ഥിതി പ്രവർത്തകർ എന്നിങ്ങനെയുള്ള വിശാലമായൊരു കൂട്ടുകെട്ടാണ് മാനിഫെസ്റ്റോ മുന്നോട്ടു​െവച്ചത്.

ദലിത് സമുദായരൂപവത്കരണവും ശാക്തീകരണവും എന്ന ആശയത്തിന് വിരുദ്ധമായിരുന്നു ഈ കാഴ്ചപ്പാട്. ഈ യാഥാർഥ്യം തുറന്നുകാണിച്ചാണ് 2004 ഫെബ്രുവരിയിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ‘രാഷ്ട്രീയ മഹാസഭയും പ്രാകൃത കമ്യൂണിസവും’ എന്ന ലേഖനമെഴുതിയത്. എന്നാൽ, അതിനൊരു മറുപടിയുണ്ടായില്ല. വിയോജിപ്പുകളെ മാനിക്കാതെയും ആശയസംവാദത്തിന് തയാറാകാതെയും മുന്നോട്ടുപോകാൻ ശ്രമിക്കുകയായിരുന്നു മാനിഫെസ്റ്റോയുടെ വക്താക്കൾ. ദലിത് ആശയലോകത്ത് ഉയർന്നുവന്ന സംവാദാത്മകതയെ നിഷേധിക്കുന്നതും തങ്ങൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളോടുള്ള പ്രതിബന്ധതയെ ചോദ്യംചെയ്യുന്നതുമായിരുന്നു ഈ സമീപനം.

‘ബ്രാഹ്മണിസം വിഴുങ്ങുന്ന ദലിത് രാഷ്ട്രീയം’ എന്ന പേരിൽ 2006ൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തോട് ബി.എസ്​.പി നേതൃത്വം പ്രതികരിച്ചത് സമ്മിശ്രമായിട്ടാണ്. ലേഖനം വായിച്ച ബി.എസ്​.പി സംസ്​ഥാന അധ്യക്ഷൻ കേണൽ വിശ്വനാഥൻ അഭിനന്ദനമറിയിക്കാനായി വീട്ടിലെത്തി. ബി.എസ്​.പിക്കെതിരായ വിമർശനം കാണാഞ്ഞിട്ടല്ല, ബി.എസ്​.പിയെക്കുറിച്ച് മുഖ്യധാരയിൽ ഒരു ലേഖനമെഴുതിയതിനെയാണ് അദ്ദേഹം അഭിനന്ദിച്ചത്.

രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയുടെ അധ്യക്ഷൻ ഇത്രമാത്രം അധഃപധിക്കാമോ എന്നുതോന്നി, എന്നെ അഭിനന്ദിക്കുകയല്ല, എന്റെ വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നുവേണ്ടത്. അതേസമയം ഇടുക്കി ജില്ലയിലെ പ്രധാന ബി.എസ്​.പി നേതാക്കളിൽ ഒരാളായ പൈനാവ് സ്വദേശി ബോബൻ ദ്രാവിഡൻ ഈ ലേഖനമെഴുതിയ കൈ വെട്ടിക്കളയണമെന്ന് അഭിപ്രായപ്പെട്ടതായി ആദ്യകാല ഐ.ഡി.എഫ്-ബി.എസ്​.പി പ്രവർത്തകരിൽ ഒരാളായ വാഴത്തോപ്പുകാരൻ രവീന്ദ്രൻ പറയുകയുണ്ടായി. ബി.എസ്​.പി രാഷ്ട്രീയത്തോട് അകലംപാലിക്കു

മ്പോഴും അതിനെതിരെ പരസ്യമായ വിമർശനമുന്നയിക്കുന്നത് ആദ്യമായിട്ടായിരുന്നു. ബഹുജൻ സമാജ് സർവസമാജ് ആയി മാറിയ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു അത്. മനുവാദികൾക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് രൂപംകൊണ്ട പ്രസ്​ഥാനമായിരുന്നു ബി.എസ്​.പിയെങ്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ അതിന്റെ പോരാട്ടവീര്യവും ആദർശശുദ്ധിയും ഇല്ലാതായി. അധികാരം പിടിച്ചെടുക്കുകയെന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ബി.എസ്​.പിക്ക് ഇല്ലായിരുന്നു. എന്നാൽ, ലഭ്യമായ അധികാരം മറ്റേതൊരു രാഷ്ട്രീയ പാർട്ടിയെക്കാളും ബി.എസ്​.പിയെ ദുഷിപ്പിച്ചു.

ബ്രാഹ്മണിക്കലായ ഒരു ജഡരൂപമായി ബി.എസ്​.പി മാറി. രോഗബാധിതനായ ബി.എസ്​.പി സ്​ഥാപകൻ കാൻഷിറാമിനെ കാണാൻ അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവിന് സുപ്രീംകോടതി കയറേണ്ടിവന്നു. ദലിത്-പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയം ദലിത്-ബ്രാഹ്മിൻ രാഷ്ട്രീയത്തിന് വഴിമാറി ബ്രാഹ്മണർക്ക് പ്രവേശനമില്ലാതിരുന്ന ബി.എസ്​.പി റാലികളും മഹാസമ്മേളനങ്ങളും നടത്തി. അഴിമതി ബി.എസ്​.പിയുടെ മുഖമുദ്രയായി. പാർട്ടി അധ്യക്ഷ മായാവതിക്കും അതിൽനിന്ന് വിട്ടുനിൽക്കാനായില്ല.

നാലിലൊന്ന് എം.പിമാർ കോഴക്കേസിൽ കുടുങ്ങി പാർലമെന്റ് നടപടികളിൽനിന്ന് മാറ്റിനിർത്തപ്പെടുന്ന അവസ്​ഥയിലേക്ക് ബി.എസ്​.പി അധഃപതിച്ചു. ഈ ധാർമിക/രാഷ്ട്രീയ അപചയം നാലു തവണ യു.പി ഭരിച്ച ബി.എസ്​.പിയുടെ സർവനാശത്തിന്റെ തുടക്കമായിരുന്നു. അനായാസമായൊരു പ്രവൃത്തിയായിരുന്നില്ല ദലിതർക്ക് തങ്ങളുടേതായ ഒരാശയ നിർമിതി. ആധിപത്യ പ്രത്യയശാസ്​ത്രവ്യവഹാരങ്ങളെ നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിക്കൊണ്ട് മാത്രമേ അത് സാധ്യമായിരുന്നുള്ളൂ.

(തുടരും)

Show More expand_more
News Summary - km salim kumar biography