Begin typing your search above and press return to search.
proflie-avatar
Login

മുത്തങ്ങ

മുത്തങ്ങ
cancel

‘‘പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ആദിവാസി ഭൂപ്രശ്നം വീണ്ടും ലോകത്തെ വിളിച്ചറിയിക്കാനുള്ള ശ്രമമോ പ്രതീകാത്മകമായ ഒരു സമരമോ ആയിരുന്നില്ല മുത്തങ്ങയിൽ നടന്നത്. ആദിവാസികളെ അടിത്തറയാക്കി ഗീതാനന്ദൻ പുലർത്തിപ്പോന്നൊരു രാഷ്ട്രീയവീക്ഷണത്തിന്റെ ആവിഷ്കാരമായിരുന്നു മുത്തങ്ങ’’ –സലിംകുമാർ വിമർശനങ്ങൾ ഉന്നയിക്കുന്നു. മുത്തങ്ങയിൽ വനം കൈയേറ്റം നടന്നിട്ട് ഒന്നര മാസത്തോളം മൗനംപൂണ്ടിരുന്ന ആന്റണി സർക്കാർ പച്ചില കാട്ടി ആട്ടിൻകൂട്ടത്തെ അറവുശാലയിലെത്തിച്ച് കൂട്ടമായി കഴുത്തറുക്കുന്ന സമീപനമാണ് മുത്തങ്ങയിൽ സ്വീകരിച്ചത്. സമരത്തിന്റെ മൂർധന്യാവസ്​ഥയിൽ പൊലീസ്​ നടത്തിയ സായുധാക്രമണത്തിൽ...

Your Subscription Supports Independent Journalism

View Plans
‘‘പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ആദിവാസി ഭൂപ്രശ്നം വീണ്ടും ലോകത്തെ വിളിച്ചറിയിക്കാനുള്ള ശ്രമമോ പ്രതീകാത്മകമായ ഒരു സമരമോ ആയിരുന്നില്ല മുത്തങ്ങയിൽ നടന്നത്. ആദിവാസികളെ അടിത്തറയാക്കി ഗീതാനന്ദൻ പുലർത്തിപ്പോന്നൊരു രാഷ്ട്രീയവീക്ഷണത്തിന്റെ ആവിഷ്കാരമായിരുന്നു മുത്തങ്ങ’’ –സലിംകുമാർ വിമർശനങ്ങൾ ഉന്നയിക്കുന്നു.

മുത്തങ്ങയിൽ വനം കൈയേറ്റം നടന്നിട്ട് ഒന്നര മാസത്തോളം മൗനംപൂണ്ടിരുന്ന ആന്റണി സർക്കാർ പച്ചില കാട്ടി ആട്ടിൻകൂട്ടത്തെ അറവുശാലയിലെത്തിച്ച് കൂട്ടമായി കഴുത്തറുക്കുന്ന സമീപനമാണ് മുത്തങ്ങയിൽ സ്വീകരിച്ചത്. സമരത്തിന്റെ മൂർധന്യാവസ്​ഥയിൽ പൊലീസ്​ നടത്തിയ സായുധാക്രമണത്തിൽ ഒരാദിവാസി യുവാവ് വെടിയേറ്റു മരിച്ചപ്പോൾ സമരഭൂമിയിൽ ബന്ധിക്കപ്പെട്ട ഒരു ദലിത് പൊലീസുകാരനും കൊലചെയ്യപ്പെട്ടു.

വനം കൈയേറ്റം പുതിയൊരു കാര്യമായിരുന്നില്ല. അത് ന്യായീകരിച്ചുപോരുന്നൊരു പാരമ്പര്യവും കേരളത്തിനുണ്ട്. ഏറെ ഒച്ചപ്പാടുണ്ടാക്കിയ മതികെട്ടാൻചോല കൈയേറ്റംപോലും ഒഴിവാക്കാൻ സായുധ​ പൊലീസിനെ ഏൽപിച്ചില്ല. കാരണം, വ്യക്തമായിരുന്നു. ഇവിടെയെല്ലാം സംഘടിത സാമുദായിക വിഭാഗങ്ങളുടെ പിൻബലത്തിലാണ് വനം കൈയേറ്റം നടന്നത്. മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ സർക്കാർ സ്വീകരിച്ചത് വിവേചനപരവും ഒരന്യജനതയോടെന്നവണ്ണമുള്ള പകപോക്കലുമായിരുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ ആദിവാസികൾക്കുനേരെ ഇത്ര ഭീകരമായൊരു പൊലീസ്​ അക്രമം മുമ്പും നടത്തിയിട്ടില്ല. കുട്ടികളെയും സ്​ത്രീകളെയും വൃദ്ധജനങ്ങളെയും വരെ മർദനങ്ങൾക്ക് വിധേയമാക്കുകയും തുറുങ്കിലടക്കുകയും ചെയ്തു. തങ്ങളുടെകൂടി പ്രവർത്തനഫലമായാണ് യു.ഡി.എഫ് അധികാരത്തിലെത്തിയതെന്ന് അഭിമാനിച്ചിരുന്ന ഒരു സംഘടനക്കും അതിന്റെ പ്രവർത്തകർക്കുമെതിരെയായിരുന്നു ഈ അക്രമമെന്ന കാര്യം ശ്രദ്ധേയമാണ്.

പലരും ചൂണ്ടിക്കാണിച്ചിരുന്നതുപോലെ ആദിവാസി ഭൂപ്രശ്നം വീണ്ടും ലോകത്തെ വിളിച്ചറിയിക്കാനുള്ള ശ്രമമോ പ്രതീകാത്മകമായ ഒരു സമരമോ ആയിരുന്നില്ല മുത്തങ്ങയിൽ നടന്നത്. ആദിവാസികളെ അടിത്തറയാക്കി ഗീതാനന്ദൻ പുലർത്തിപ്പോന്നൊരു രാഷ്ട്രീയവീക്ഷണത്തിന്റെ ആവിഷ്കാരമായിരുന്നു മുത്തങ്ങ. ഗീതാനന്ദനും ശ്രീരാമൻ കൊയ്യോനും രക്ഷാധികാരികളായി 1999 ഡിസംബർ 22ന് കണ്ണൂർ ജില്ലയിലെ പേരാവൂരിൽ നടന്ന ‘ആദിവാസി ഭൂമി പിടിച്ചെടുക്കൽ സമരപ്രഖ്യാപന കൺവെൻഷൻ’ അംഗീകരിച്ച പ്രവർത്തന പദ്ധതി പ്രമേയം പരിശോധിച്ചാൽ ഇത് മനസ്സിലാക്കാവുന്നതാണ്.

കേരളീയ സമൂഹത്തിലെ ജാതി/വർഗ ബന്ധങ്ങളുടെ പരിശോധനയിലൂടെ ഈ പ്രമേയം എത്തിച്ചേരുന്ന നിഗമനം ‘കൃഷിഭൂമിയിൽനിന്നും പിഴുതെറിയപ്പെട്ട ആദിവാസികളും ദലിതരും ദരിദ്ര ഭൂരഹിത കർഷകരും അതിജീവനത്തിനുവേണ്ടിയുള്ള ജീവന്മരണ സമരത്തിലാണ്’ എന്നാണ്. ഗീതാനന്ദനും ഞാനുമെല്ലാം അംഗങ്ങളായിരുന്നു. ഇടതു തീവ്രവാദ പ്രസ്​ഥാനത്തിനുള്ളിൽ ’90കളുടെ തുടക്കത്തിൽ ജാതി വർഗ പ്രശ്നവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചക്കിടയിൽ ഉയർന്നുവന്നൊരു രാഷ്ട്രീയ പരികൽപനയായിരുന്നു ‘ദലിതരും ആദിവാസികളും ദരിദ്ര ഭൂരഹിത കർഷകരും’ എന്നത്.

ജാതിയെ ഉപകരണമാക്കി ഇന്ത്യൻ സാമൂഹികാവ്യവസ്​ഥയെ വിശകലനം ചെയ്യാൻ അധഃസ്​ഥിത നവോത്ഥാന മുന്നണി നടത്തിയ ശ്രമത്തിന് വർഗ വിശകലനത്തിലൂടെയുള്ള മറുപടിയായിരുന്നു ഇത്. കാർഷിക വിപ്ലവത്തിന്റെ അടിസ്​ഥാന ഘടകമായിട്ടാണ് ഈ ഗണത്തെ ഗീതാനന്ദനെപ്പോലുള്ളവർ കണ്ടത്. ഈ കാര്യത്തെക്കുറിച്ച് പേരാവൂർ പ്രമേയത്തിൽ പറയുന്നതു നോക്കുക. ‘ആദിവാസി ദലിത് വിഭാഗങ്ങളും ദരിദ്ര ഭൂരഹിത കർഷകരും മണ്ണിലധ്വാനിക്കുന്ന കർഷകരും വിശാല ബഹുജനങ്ങളും ഒറ്റക്കെട്ടായി ഏറ്റെടുത്ത ഒരു കാർഷിക വിപ്ലവത്തിനാണ് ഇന്ന് ആദിവാസികൾ തുടക്കം കുറിച്ചിരിക്കുന്നത്.’ ഇത് നിയമാനുസൃതമായൊരു പ്രവർത്തനമല്ലെന്ന് പ്രമേയത്തിൽ പ്രത്യേകം പറയുന്നുണ്ട്. ‘ജനാധിപത്യം ഇവിടെ പ്രഹസനമായിരുന്നു.

ആദിവാസി ഭൂനിയമം നടപ്പാക്കാൻ ആവശ്യപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ നെടുംതൂണുകൾ എന്നറിയപ്പെടുന്ന നിയമനിർമാണസഭയും എക്സിക്യൂട്ടിവും ജുഡീഷ്യറിയും ഒരുപോലെ നിയമലംഘനം തുടർന്നുകൊണ്ടിരിക്കുമ്പോൾ മണ്ണിന്റെ മക്കളായ ആദിവാസികൾക്കും ദലിതർക്കും സ്വന്തം നിയമം നടപ്പാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല.’ ഇതുതന്നെയായിരുന്നു മുത്തങ്ങയിൽ കണ്ടത്. പ്രമേയത്തിലെ പ്രവർത്തന പദ്ധതിയിൽ 4ാമത് പറഞ്ഞിരുന്നത് ‘പിടിച്ചെടുത്ത ഭൂമി സംരക്ഷിക്കാൻ ആദിവാസി ഭൂസംരക്ഷണ സേനക്ക് രൂപംനൽകു’മെന്നാണ്. ഈ പ്രായോഗിക പദ്ധതി കുടിൽകെട്ടി സമരകാലത്ത് മറച്ചുവെക്കപ്പെട്ടിരുന്നതാണ്. എന്നാൽ, കുണ്ടളയിൽ ഇതിന്റെ ലാഞ്ഛന ഉണ്ടായിരുന്നു. ഒന്നരമാസത്തോളം നീണ്ടുനിന്നിരുന്ന മുത്തങ്ങ സമരഭൂമിയിലേക്ക് ആദ്യം എത്തിയത് ആദിവാസി-ദലിത് സമരസമിതി നേതാക്കളായിരുന്നു.

സണ്ണി എം. കപിക്കാടിനെ​േപ്പാലുള്ളവർ എത്തിച്ചേരാതിരുന്നത് ഈ സമരമാർഗത്തെക്കുറിച്ചുള്ള അറിവും വിയോജിപ്പും മൂലമാണ് എന്നുവേണം കരുതാൻ. താൻകൂടി രക്ഷാധികാരിയായിരുന്ന കൺവെൻഷൻ അംഗീകരിച്ച പ്രമേയം നടപ്പാക്കപ്പെടുമ്പോൾ അങ്ങോട്ട് തിരിഞ്ഞുനോക്കാനുള്ള ആത്മശേഷി ശ്രീരാമൻ കൊ​േയ്യാനും ഇല്ലാതായി. പൊലിഞ്ഞുപോയ വിപ്ലവസ്വപ്നങ്ങളുമായി ഏകാന്തജീവിതം നയിക്കുന്ന ചില മുൻകാല നക്സ​െലെറ്റുകളെയും സഹയാത്രികരെയും സംഭവം ആവേശംകൊള്ളിച്ചു. മുത്തങ്ങയെ അവന് വ്യത്യസ്​തമായൊരു പോരാട്ട മാതൃകയായി ഉയർത്തിക്കാട്ടി. കുടിൽകെട്ടി സമരത്തെ ഐതിഹാസികമെന്നും ചരിത്രവിച്ഛേദനമെന്നുമെല്ലാം വിശേഷിപ്പിച്ചതുപോലെ മുത്തങ്ങയെയും ചിലർ പ്രകീർത്തിച്ചു.

ആദിവാസികളുടെ താൽപര്യവും ഇച്ഛാശക്തിയുമായിട്ടാണ് മുത്തങ്ങയെ അതിന്റെ വക്താക്കൾ വിശദീകരിച്ചത്. അവിടെ അവർ ആദിവാസികളുടെ പൊതുസമ്മതം കണ്ടു. ഗോത്രമഹാസഭയെ എല്ലാ ആദിവാസി സംഘടനകൾക്കുമപ്പുറത്തും അതിന്റെ നേതൃത്വമായ സി.കെ. ജാനുവിനെ ഗോത്രമഹാസഭക്ക് മുകളിലും പ്രതിഷ്ഠിച്ചു. ഈ ബിംബവത്കരണം ആദിവാസി-ദലിത് സമരസമിതിയുടെയും ആദിവാസി ഗോത്രമഹാസഭയുടെയും നേതൃസങ്കൽപമായിരുന്നു. അതേസമയം മുത്തങ്ങയിലെ പൊലീസ്​ നടപടി വ്യാപകമായി അപലപിക്കപ്പെ​െട്ടങ്കിലും ആദിവാസികൾക്കും ദലിതർക്കുമിടയിൽ കുടിൽകെട്ടി സമരത്തിന് ലഭ്യമായ സ്വീകാര്യത മുത്തങ്ങയിൽ ലഭിച്ചില്ല. ആദിവാസി കരാർ വഞ്ചിക്കുന്നുവെന്ന തിരിച്ചറിവ് ആദിവാസികൾക്കിടയിൽ മാത്രമല്ല, ദലിതർക്കിടയിലും സിവിൽ സമൂഹത്തിലും വ്യാപകമായിരുന്നു. മുത്തങ്ങ സമരത്തെ സായുധമായി അടിച്ചമർത്തിയ സർക്കാർ നടപടികൾ പ്രതിഷേധിച്ച ദലിത്-ആദിവാസി സംഘടനകൾപോലും സമരത്തെ അക്രമമാർഗത്തിലേക്കു നയിച്ച ഗോത്രമഹാസഭയുടെ രാഷ്ട്രീയനിലപാട് തള്ളിക്കളഞ്ഞിരുന്നു.

മുത്തങ്ങ സമരം രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് ഇടതുപക്ഷത്തിനാണ്. പ്രത്യേകിച്ചും സി.പി.എമ്മിന് സമരഭൂമിയിൽ വെടിയേറ്റു മരിച്ച ജോഗിയുടെ മൃതശരീരം കഴുകന്മാരെപ്പോലെ അവർ റാഞ്ചിക്കൊണ്ടുപോയി. അവർ ജോഗിയുടെ കുടുംബത്തിലേക്ക് ലക്ഷത്തിന്റെ പണക്കിഴിയുമായെത്തി. മറ്റാരെക്കാളും ജോഗിയുടെ മൃതദേഹത്തിന്റെ വിലയറിയാവുന്നവർ ഇടതുപക്ഷക്കാർതന്നെയായിരുന്നു. അടിയന്തരാവസ്​ഥ പിൻവലിക്കപ്പെട്ടതിനു പിന്നാലെ നക്സ​െലെറ്റ് വേട്ടയിൽ കൊലചെയ്യപ്പെട്ട രാജന്റെ മൃതദേഹം രാഷ്ട്രീയ കേരളത്തെ ഇളക്കിമറിക്കുന്നതിനുള്ള ഉപാധിയാക്കി ഇടതുപക്ഷം മാറ്റുന്നത് നാം കണ്ടതാണ്.

കുടിയേറ്റ വോട്ടുബാങ്ക് ലക്ഷ്യം​െവച്ച് ആദിവാസി ഭൂനിയമം റദ്ദുചെയ്ത ഇടതുപക്ഷ നീക്കത്തിനെതിരെ ആദിവാസികൾക്കിടയിൽനിന്ന് ഉയർന്നുവന്ന അമർഷത്തെ ‘ആദിവാസി ക്ഷേമ സമിതി’ ഉണ്ടാക്കി നേരിടാൻ ശ്രമിച്ച സി.പി.എമ്മിന് വീണുകിട്ടിയ ഒരവസരമായിരുന്നു മുത്തങ്ങ സംഭവം. പാർട്ടിയുടെ മുഴുവൻ വർഗ-ബഹുജന സംഘടനകളെയും ആന്റണി സർക്കാറിനെതിരെ തെരുവിലിറക്കി. ’75ലെ ആദിവാസി ഭൂനിയമം റദ്ദുചെയ്തുകൊണ്ട് ആദിവാസികൾക്കെതിരെ നടത്തിയ കൊലച്ചതിയിൽനിന്ന് രക്ഷനേടാൻ മുത്തങ്ങയെ അവർ ആയുധമാക്കി. ഈ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട്, ആദിവാസി ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള പ്രായോഗിക പദ്ധതിയെന്ന നിലയിൽ സർവാത്മനാ ശ്ലാഘിക്കപ്പെട്ട ആദിവാസി കരാറിന്റെ പൊള്ളത്തരവും മുത്തങ്ങയിൽ രക്ഷകരായെത്തിയ ഇടതുപക്ഷത്തിന്റെ ഗൃഢലക്ഷ്യങ്ങളും തുറന്നുകാട്ടി ‘ആദിവാസി കരാറും മുത്തങ്ങയും രക്ഷകന്മാരും’ എന്ന ലഘുലേഖ ദലിത് ഐക്യസമിതി പ്രസിദ്ധീകരിച്ചു. ഭൂസമരത്തിന്റെ മുത്തങ്ങ മാതൃക ആദിവാസികളും ദലിതരും തള്ളിക്കളഞ്ഞപ്പോൾ ഗോത്രമഹാസഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് (2004) മുതലെടുപ്പ് നടത്തുന്നതാണ് കണ്ടത്.

വിചിത്രമായൊരു കാര്യം മുത്തങ്ങ സമരാനുഭവങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മാറിയ ഗോത്ര മഹാസഭാ ഇടുക്കിയിലും മൂവാറ്റുപുഴയിലും കണ്ണൂരിലും സ്​ഥാനാർഥികളെ നിർത്തുകയും മറ്റിടങ്ങളിൽ യു.ഡി.എഫിനെ പിന്തുണക്കുകയും ചെയ്തുവെന്നതാണ്. ആദിവാസി കരാർ ലംഘിക്കുകയും മുത്തങ്ങയിലെ തങ്ങളുടെ സമരത്തെ ചോരയിൽ മുക്കി ഇല്ലാതാക്കുകയും ചെയ്ത ആന്റണി സർക്കാറിനോടും യു.ഡി.എഫ് മുന്നണിയോടും ഇത്ര വലിയൊരാഭിമുഖ്യം എങ്ങനെ പുലർത്താനായി എന്നത് അത്ഭുതകരമായിരുന്നു.

 

അയ്യൻകാളി അപനിർമാണം

അയ്യൻകാളിയുടെ 139ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി 2001 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 27 വരെ അയ്യൻകാളി അനുസ്​മരണ മാസാചരണം നടത്താൻ ദലിത് ഐക്യസമിതി തീരുമാനിച്ചത് വടാട്ടുപാറയിൽ നടന്ന സംസ്​ഥാന ക്യാമ്പിലാണ്. അനുസ്​മരണ സമ്മേളനങ്ങളുടെ ഭാഗമായി സെമിനാറുകളും ചർച്ചകളും കലാസാംസ്​കാരിക പരിപാടികളും അയ്യൻകാളി നാടകവും നടത്താൻ തീരുമാനിച്ചു.

നാടക സംവിധായകനായ പി.എം. ആന്റണി സംവിധാനം ചെയ്ത് തിരുവനന്തപുരം സൂര്യകാന്തി തിയറ്റേഴ്സ്​ അവതരിപ്പിക്കുന്ന നാടകമായിരുന്നു ‘അയ്യങ്കാളി’. ഐക്യസമിതിയുടെ ആഭിമുഖ്യത്തിലായിരുന്ന ഈ നാടകം ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിക്കപ്പെട്ടു, പതിനാറ് വേദികളിൽ. ഇതിലേറെയും കോട്ടയം ജില്ലയിലെ ദലിത് കേന്ദ്രങ്ങളിലായിരുന്നു. വെള്ളൂർപോലെ ചിലയിടങ്ങളിൽ േപ്രക്ഷകരായി വലിയ ദലിത് സാന്നിധ്യമുണ്ടായപ്പോൾ വൈക്കവും മറവന്തുരുത്തുംപോലെ കേരള പുലയർ മഹാസഭയുടെ ശക്തികേന്ദ്രങ്ങളിൽ ശുഷ്കമായ ദലിത് സാന്നിധ്യമേ ഉണ്ടായുള്ളൂ. ദലിത് ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായി ഐക്യസമിതി മുന്നോട്ടു​െവച്ച അയ്യൻകാളിയുടെ ബഹിഷ്കരണമായിരുന്നു ഇത്. ഇടതു വിപ്ലവത്തിന്റെയും അവരുടെ ചട്ടുകമായ കെ.പി.എം.എസിന്റെയും സംഘടിതമായ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായിരുന്നു ഈ ബഹിഷ്കരണം.

കേവലമൊരു പ്രായോഗികവാദിയെന്ന നിലയിലാണ് ജീവചരിത്രകാരന്മാരായ ചെന്താരശ്ശേരിയും എൻ.കെ. ജോസും മറ്റു ലേഖകന്മാരും അയ്യൻകാളിയെ അവതരിപ്പിച്ചിരിക്കുന്നത്. നിരക്ഷരനായൊരു പ്രായോഗികവാദി. അഞ്ചാറടി പൊക്കവും ആജാനുവാഹുവും ആരെയും നേരിടുന്ന കായബലവും കൂട്ടിനായി അംഗരക്ഷകരും ഉള്ള, ലഹളകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ധീരസാഹസികനായൊരു പ്രക്ഷോഭകാരി. ഈ സങ്കൽപത്തിന്റെ ആവിഷ്കാരമായിരുന്നു അയ്യൻകാളി നാടകം.

ലഹളക്കാരനും കലാപകാരിയുമായി അവതരിപ്പിക്കപ്പെട്ട അയ്യൻകാളിയുടെ അദൃശ്യമായ ആശയലോകത്തെ അനാവരണം ചെയ്യാനുള്ള ഒരു ശ്രമം വെള്ളൂരിൽ നടന്ന ‘ദലിത് ലോകവീക്ഷണ’ത്തെക്കുറിച്ചുള്ള സെമിനാറിൽ നടന്നു. തുടർന്നാണ് ‘അയ്യൻകാളിയുടെ ലോകവീക്ഷണം’ എന്ന ലേഖനം എഴുതിയത്. ദലിത് ഐക്യശബ്ദം പ്രസിദ്ധീകരിച്ച ഈ ലേഖനം എം.എ. കുട്ടപ്പൻ മന്ത്രിയായിരിക്കെ, പോൾ ചിറക്കരോട് എഡിറ്ററായി പട്ടികവിഭാഗ വകുപ്പ് പ്രസിദ്ധീകരിച്ച ‘പടവുകൾ’ എന്ന മാസിക പുനഃപ്രസിദ്ധീകരിച്ചിരുന്നു.

(തുടരും)

News Summary - km salim kumar biography