വഞ്ചിക്കപ്പെട്ട ആദിവാസികൾ

ദലിത് ഐക്യം നേടാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് എഴുതുന്നു. കൂടാതെ, ആദിവാസി ഭൂ പ്രശ്നത്തെ കേന്ദ്രീകരിച്ച് നടന്ന ഇടപെടലുകളെക്കുറിച്ചും മുത്തങ്ങ സംഭവത്തെക്കുറിച്ചും വിവരിക്കുന്നു. ബൗദ്ധികരംഗത്തുണ്ടായ ചലനങ്ങൾക്കും സാമുദായിക രാഷ്ട്രീയ സമീപനത്തോടുള്ള വിയോജിപ്പുകൾക്കുമിടയിൽ കെ.ഡി.പിയുമായുള്ള ബന്ധം വ്യത്യസ്തമായൊരു സംഘടനാ അനുഭവമായിരുന്നു. ഐ.സി.എഫിനെയും എ.എൻ.എമ്മിനെയും പോലെ കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മറ്റൊരു ദലിത് സംഘടനയായിരുന്നു കേരള ദലിത് പാന്തേഴ്സ്. ഏകദേശം അധഃസ്ഥിത നവോത്ഥാന മുന്നണി രൂപീകരിക്കപ്പെട്ട (1986) സമയത്തുതന്നെയാണ് 1987ൽ കെ.ഡി.പിയും രൂപംകൊണ്ടത്....
Your Subscription Supports Independent Journalism
View Plansദലിത് ഐക്യം നേടാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് എഴുതുന്നു. കൂടാതെ, ആദിവാസി ഭൂ പ്രശ്നത്തെ കേന്ദ്രീകരിച്ച് നടന്ന ഇടപെടലുകളെക്കുറിച്ചും മുത്തങ്ങ സംഭവത്തെക്കുറിച്ചും വിവരിക്കുന്നു.
ബൗദ്ധികരംഗത്തുണ്ടായ ചലനങ്ങൾക്കും സാമുദായിക രാഷ്ട്രീയ സമീപനത്തോടുള്ള വിയോജിപ്പുകൾക്കുമിടയിൽ കെ.ഡി.പിയുമായുള്ള ബന്ധം വ്യത്യസ്തമായൊരു സംഘടനാ അനുഭവമായിരുന്നു. ഐ.സി.എഫിനെയും എ.എൻ.എമ്മിനെയും പോലെ കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മറ്റൊരു ദലിത് സംഘടനയായിരുന്നു കേരള ദലിത് പാന്തേഴ്സ്. ഏകദേശം അധഃസ്ഥിത നവോത്ഥാന മുന്നണി രൂപീകരിക്കപ്പെട്ട (1986) സമയത്തുതന്നെയാണ് 1987ൽ കെ.ഡി.പിയും രൂപംകൊണ്ടത്.
കമ്യൂണിസ്റ്റ് ചിന്താധാരയിലൂടെ ദലിത് പ്രവർത്തനമണ്ഡലത്തിലേക്ക് പ്രവേശിച്ചൊരു സംഘടനയായിരുന്നു എ.എൻ.എം. എന്നാൽ, അംബേദ്കറിസത്തെ അടിസ്ഥാനപ്പെടുത്തി രൂപംെകാണ്ടൊരു സംഘടനയായിരുന്നു കെ.ഡി.പി. പത്തനംതിട്ട, ആലപ്പുഴ അടക്കം തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു കെ.ഡി.പിയുടെ പ്രവർത്തനം. ദലിത് ഐക്യ ചർച്ചയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നുവെങ്കിലും മറ്റു പല സംഘടനകളെയും പോലെ കെ.ഡി.പിയും വിട്ടുനിന്നു. ഐക്യ സമ്മേളനത്തിനുമുമ്പ് ആർ. മണിയും ബി. സുനിലുമായി ബി.എസ്.പി നേതാവായ പോൾ ചിറക്കരോടിനെ കണ്ടുമടങ്ങു
മ്പോൾ യാദൃച്ഛികമായിട്ടാണ് പേരൂർക്കടവെച്ച് കെ.ഡി.പി സംസ്ഥാന പ്രസിഡന്റ് കെ. അംബുജാക്ഷനെ കണ്ടത്. ദലിത് ഐക്യ ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സഹകരിക്കണമെന്നു പറഞ്ഞേപ്പാൾ തങ്ങളും ഇത്തരം ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അതൊന്നും ഗുണപരമായി മുന്നോട്ടുപോയില്ലെന്നും സൂചിപ്പിച്ച അംബുജാക്ഷൻ തൽക്കാലം ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമാകുന്നില്ലെന്ന് വ്യക്തമാക്കി. എന്നാൽ, ഈ ശ്രമം മുന്നോട്ടുപോകുകയാണെങ്കിൽ സഹകരിക്കാമെന്നും പറഞ്ഞു. പ്രായോഗികാനുഭവങ്ങളുടെയും ചർച്ചകളുടെയും സംവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് രണ്ടര വർഷങ്ങൾക്കുശേഷം കെ.ഡി.പി ഐക്യസമിതിയുമായി ചർച്ചക്ക് തയാറായത്.
പന്തളം കുളനട വെച്ചായിരുന്നു ആദ്യത്തെ ചർച്ച. രണ്ട് സംഘടനകളിൽനിന്നും പ്രധാനപ്പെട്ട നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. പരസ്പരം പുറന്തള്ളി മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ദലിത് പ്രവർത്തനശൈലിയിൽനിന്നുള്ള ഒരു മാറ്റം ഇവിടെ ദൃശ്യമായിരുന്നു. കെ. മുരളി, കെ.കെ. രവി, കുഞ്ഞുപഴന്താറ്റിൽ, എൻ.കെ. വിജയൻ, കെ.എം. കുഞ്ഞുമോൻ, സി.ബി. രമണൻ, അഡ്വ. ടി.ഡി. എൽദോ, കെ.ആർ. ജനാർദനൻ എന്നിവരാണ് ഐക്യസമിതിയെ പ്രതിനിധാനം ചെയ്ത് ഈ ചർച്ചയിൽ പങ്കെടുത്തത്. കെ. അംബുജാക്ഷൻ, പന്തളം ശശി, സോമൻ വെൺപുഴശ്ശേരി, സുരേന്ദ്രൻ കരിപ്പുഴ, അഡ്വ. പി.എ. പ്രസാദ് എന്നിവർ കെ.ഡി.പിയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. ദലിത് ഐക്യസമിതി മുന്നോട്ടുവെച്ച സാമുദായിക-രാഷ്ട്രീയ നിലപാടിനോടുള്ള യോജിപ്പായിരുന്നു ഈ കൂടിച്ചേരലിന്റെ അടിസ്ഥാനം.
വിയോജിപ്പുകളെക്കാൾ യോജിപ്പുകളുടെ സാധ്യതകൾ തേടാനായതുകൊണ്ടാണ് ഈ കൂടിച്ചേരൽ സാധ്യമായത്. ആദിവാസി ഭൂപ്രശ്നം, സ്വകാര്യമേഖലയിലെ സംവരണ പ്രശ്നം, ദലിത് ൈക്രസ്തവ സംവരണ പ്രശ്നം എന്നിങ്ങനെ ദലിത് മണ്ഡലത്തിൽ നിലനിൽക്കുകയോ ഉയർന്നുവരുകയോ ചെയ്ത പല പ്രശ്നങ്ങളിലും ഡി.എ.എസിനും കെ.ഡി.പിക്കും ഒരേ സമീപനമായിരുന്നു. സർവോപരി ദലിത് ഐക്യസമിതി മുന്നോട്ടുവെച്ച ദലിത് സ്വത്വനിർവചനവും അവർക്ക് സ്വീകാര്യമായി. വിഷയാധിഷ്ഠിതമായി ഒന്നിച്ചുപ്രവർത്തിക്കാൻ ധാരണയായി എന്നതായിരുന്നു ഈ ചർച്ചയുടെ ഫലം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യമേഖലയിലെ സംവരണപ്രശ്നം ഉന്നയിച്ചുകൊണ്ട് സമരപ്രഖ്യാപന സമ്മേളനം നടത്താൻ തീരുമാനിച്ചത്.
ആയിരത്തിയഞ്ഞൂറോളം പേർ കോട്ടയത്തു നടന്ന റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു. പകുതിയിലേറെപ്പേർ കെ.ഡി.പിക്കാരായിരുന്നു. സുരേന്ദ്രൻ കരിപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന സമരപ്രഖ്യാപന സമ്മേളനത്തിൽ ‘സമരപ്രഖ്യാപനം’ നടത്തുന്ന ചുമതല എനിക്കായിരുന്നു. കെ. അംബുജാക്ഷൻ, കുഞ്ഞു പഴന്താറ്റിൽ, ശശി പന്തളം, അഡ്വ. ടി.ഡി. എൽദോ, സോമൻ ജി. വെൺപുഴശ്ശേരി, കെ.കെ. രവി, ശ്രീകുമാർ പേക്കട്, ചന്ദ്രൻ വി. തൃപ്പണത്ത്, സി.ബി. രമണൻ എന്നിങ്ങനെ ഇരു സംഘടനകളുടെയും നേതാക്കൾ ആശംസകളർപ്പിച്ചു. സംഘടനകൾ ദലിതർക്കിടയിൽ സൃഷ്ടിക്കുന്ന അകലങ്ങളും പിളർപ്പുകളും കുറക്കുന്നതായിരുന്നു ഈ റാലിയും സമ്മേളനവും.
തങ്ങളുടേതായ അന്വേഷണങ്ങളിലൂടെയും സങ്കൽപങ്ങളിലൂടെയും സംഘടനാശൈലികളിലൂടെയും വീക്ഷണങ്ങളിലൂടെയും മുന്നോട്ടുനീങ്ങിയ കേരളത്തിലെ ദലിത് സംഘടനകൾക്കിടയിൽ പാരസ്പര്യത്തിന്റെ ഒരു മഞ്ഞുരുകൽ സംഭവിച്ചു. ഏതെങ്കിലും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നിച്ചുകൂടുകയും പിരിഞ്ഞുപോകുകയും ചെയ്യുന്നതിൽനിന്ന് ഭിന്നമായി, ഒരാശയത്തിന്റെ അടിസ്ഥാനത്തിൽ ഒന്നിച്ചു കൂടുകയെന്ന പ്രാധാന്യം ഇതിനുണ്ടായിരുന്നു. ‘ദലിതർ ഐക്യപ്പെടുക, ഒരു സാമുദായിക രാഷ്ട്രീയ ശക്തിയായി മാറുക’ എന്ന സന്ദേശം ഒന്നിച്ചുയർത്താനായി.
പരസ്പരം അറിയാനും അറിയിക്കാനുമുള്ള സാധ്യത ദലിത് സംഘടനകൾക്കിടയിൽ നിലനിന്നിരുന്നില്ല. മറ്റാർക്കും പ്രവേശനമില്ലാത്ത അറകൾക്ക് സമാനമായിരുന്നു സംഘടനകൾ. ബൗദ്ധികമായ അന്വേഷണങ്ങളിലോ പഠനങ്ങളിലോ ഏർപ്പെടുന്നവർ സംഘടനാരംഗത്ത് കുറവായിരുന്നു. മാത്രമല്ല, അത്തരക്കാരെ സംഘടനാ നേതാക്കൾ ഭയക്കുകയും ചെയ്തിരുന്നു. അറിവിനെ ഭയക്കുന്ന സംഘടനാ ജീവിതം!
അതുതന്നെയായിരുന്നു അവയുടെ ചലനക്ഷമതക്കും ജൈവികമായ വികാസത്തിനും തടസ്സം. തങ്ങൾ പറയുന്നതും തങ്ങളുടെ നേതൃത്വങ്ങളുമല്ലാതെ മറ്റെന്തിനെയും മാനിക്കാൻ കഴിയുന്ന ഒരു മനോഭാവം ഒരു സംഘടനക്കുള്ളിലും നിലനിന്നിരുന്നില്ല. എല്ലാ ശരികളും അവരവരിൽ തന്നെയോ അവരവരുടെ സംഘടനകളിലോ കാണുന്നവരായി ദലിത് പ്രവർത്തകർ. ബൗദ്ധികമായൊരു ശൂന്യത ഇതിന്റെ പിന്നിലുണ്ടായിരുന്നു. അതിനപ്പുറത്തേക്ക് കടക്കാനുള്ള ഒരു ശ്രമം ഡി.എ.എസ്-കെ.ഡി.പി ഒത്തുചേരലിൽ ദൃശ്യമായിരുന്നു. പരസ്പരം അറിയുന്നതിനും ആശയവിനിമയം നടത്തുന്നതിനും, പ്രവർത്തനങ്ങളുടെ പാരസ്പര്യത്തിലേക്കും നവീകരണത്തിലേക്കും നയിക്കപ്പെടുന്നതിനുമുള്ള സൂചനകൾ ഇതിലുണ്ടായിരുന്നു.
സ്വകാര്യമേഖലയിലെ സംവരണ പ്രശ്നത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് ഡി.എ.എസും കെ.ഡി.പിയും സംയുക്ത പ്രചാരണ പ്രക്ഷോഭ പരിപാടികൾ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ആദിവാസി ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ നടന്ന മുത്തങ്ങ സംഭവം ഈ അജണ്ട അപ്രസക്തമാക്കി. മുത്തങ്ങ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആദിവാസികൾക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2003 മാർച്ച് 3, 4 തീയതികളിൽ ഡി.എ.എസും കെ.ഡി.പിയും സെക്രേട്ടറിയറ്റിനു മുന്നിൽ ഉപവാസ സമരം നടത്തി.
വഞ്ചിക്കപ്പെട്ട ആദിവാസികൾ
ഭൂരാഹിത്യമടക്കമുള്ള പല പ്രശ്നങ്ങളും ഉന്നയിക്കുമ്പോഴും ’90 കളിലെ ആദിവാസി ഭൂസമരങ്ങളുടെ പ്രത്യേകത ’75ലെ ഭൂനിയമം നടപ്പാക്കണമെന്ന ആവശ്യത്തിന് നൽകിയ ഊന്നലായിരുന്നു. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്ത സർക്കാർ നടപടി ചോദ്യം ചെയ്യാനും ’99ലെ നിയമത്തിന് സമ്മതം നൽകാതിരിക്കാനും ആദിവാസികളെ സഹായിച്ചത് ഈ തിരിച്ചറിവായിരുന്നു. എന്നാൽ, ഈ സ്ഥിതിവിശേഷം തകിടംമറിക്കപ്പെടുകയും ’75ലെ ആദിവാസി ഭൂനിയമം അജണ്ടയല്ലാതായി മാറുകയും ചെയ്തുവെന്നതായിരുന്നു 2000ലേക്ക് പ്രവേശിച്ച ആദിവാസി ഭൂസമരത്തിന്റെ പ്രത്യേകത. ഇത് ആദിവാസി ദലിത് സമരസമിതിയുടെ നേതൃത്വത്തിൽ സെക്രേട്ടറിയറ്റിനു മുന്നിൽ 2001ൽ നടന്ന കുടിൽകെട്ടി സമരകാലത്ത് നാം കണ്ടതാണ്.
ശ്രദ്ധേയമായൊരു കാര്യം ’75ലെ ഭൂനിയമത്തിന്റെ സ്ഥാനത്ത് ’99ൽ കൊണ്ടുവന്ന നിയമം ഭരണഘടനാവിരുദ്ധമെന്ന നിലയിൽ കേരള ഹൈകോടതി തള്ളിക്കളയുകയും അതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോകുകയും ചെയ്ത സന്ദർഭത്തിലാണ് കുടിൽകെട്ടി സമരം നടന്നത് എന്നതാണ്. ഭരണഘടനാവിരുദ്ധമെന്ന് ഹൈകോടതി കണ്ടെത്തിയ നിയമത്തിന് ആദിവാസികളുടെ സമ്മതമുണ്ടെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിക്കുമ്പോൾ സത്യമതല്ലെന്ന് ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു നീതിബോധമുള്ളവർ ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ കുടിൽകെട്ടി സമരകാലത്ത് ആദിവാസി ദലിത് സമരസമിതി ഏറ്റെടുത്തത് അത്തരമൊരു ദൗത്യമായിരുന്നില്ല.
ആദിവാസികൾക്കൊപ്പം നിന്നുകൊണ്ട് അവർ ’75ലെ നിയമത്തിന്റെ സാംഗത്യത്തെ ചോദ്യംചെയ്തു. ‘അന്യാധീനപ്പെട്ട ആദിവാസികൾക്കും ഭൂമി നൽകുന്ന വ്യവസ്ഥ ഭൂനിയമത്തിലില്ലെ’ന്നും സമരസമിതി ചൂണ്ടിക്കാട്ടി. (2001 സെപ്റ്റംബർ 26, സി.കെ. ജാനു, അധ്യക്ഷ, ആദിവാസി ദലിത് സമരസമിതിയുടെ പ്രസ്താവന). ’75 ലെ ഭൂനിയമം ഉണ്ടാക്കിയത് ഏത് സാമൂഹിക സാഹചര്യത്തിലായിരുന്നുവെന്നും അതിന്റെ ഉള്ളടക്കം എന്തായിരുന്നുവെന്നും അറിയാത്തവരായിരുന്നില്ല എം. ഗീതാനന്ദനെയും സണ്ണി എം. കപിക്കാടിനെയും പോലുള്ള കുടിൽകെട്ടി സമരത്തിന്റെ നേതാക്കൾ. ആദിവാസികൾക്കിടയിലെ ഭൂരാഹിത്യപ്രശ്നം പരിഹരിക്കാനുള്ള ഒരു നിയമമല്ല അതെന്നറിയാമായിരുന്നിട്ടും അത്തരമൊരു പ്രശ്നം ചൂണ്ടിക്കാട്ടി ’75ലെ ഭൂനിയമം തള്ളിക്കളയുകയാണ് അവർ ചെയ്തത്.
ആദിവാസികൾ ഭൂസമരമുഖത്തേക്ക് കടന്നുവരുന്നതിനുമുമ്പുതന്നെ ’75 ലെ ഭൂനിയമം നടപ്പാക്കണമെന്നത് കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങളുടെ അജണ്ടകളിെലാന്നായിരുന്നു. ഇക്കാര്യത്തിൽ കുടിയേറ്റക്കാരുമായി ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ദലിത് സംഘടനകളോ നേതാക്കളോ തയാറായിരുന്നില്ല. ഈ രാഷ്ട്രീയ നൈതികബോധ്യത്തെ തകിടം മറിക്കുകയാണ് ആദിവാസി ദലിത് സമരസമിതി ചെയ്തത്. ‘‘ആദിവാസി പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ കാലത്തും തടസ്സമായി ഉന്നയിക്കപ്പെട്ടത് കുടിയേറ്റക്കാരുടെ സംഘടിതശക്തിയാണെന്നും ഏതെങ്കിലും വിഭാഗത്തെ ബാധിക്കാതെ ഒരു നിയമനിർമാണം ഉണ്ടാകണം’’ എന്നുമാണ് സമരസമിതി ആവശ്യപ്പെട്ടത്.
മാത്രമല്ല, കുടിൽ കെട്ടി സമരത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് സമർപ്പിച്ചൊരു നിവേദനത്തിൽ ഇവർ ചൂണ്ടിക്കാട്ടിയത് ‘‘ആദിവാസികളെയും അവരുടെ ഭൂമി കൈവശം െവച്ചിരിക്കുന്നവരെയും ഒരേ വേദിയിൽ കൊണ്ടുവന്ന് തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ഒരു ശ്രമമാണ് തങ്ങൾ നടത്തുന്നത്’’ എന്നാണ്. വിചിത്രമായൊരു കാര്യം ആദിവാസി ഏകോപന സമിതിയുടെ തകർച്ചയിൽനിന്ന് സംഘടനയുടെ സംസ്ഥാന കൺവീനറായിരുന്ന സി.കെ. ജാനു പ്രത്യക്ഷപ്പെട്ടത് ഈ മധ്യസ്ഥരുടെ ഇടയിലായിരുന്നുവെന്നതാണ്.
’75ലെ നിയമം നടപ്പാക്കിയാൽ എത്രപേർക്ക് ഗുണം ലഭിക്കുമെന്നത് ആദിവാസികൾക്കിടയിൽ ഒരു ചർച്ചാവിഷയമായിരുന്നില്ല. തങ്ങൾക്കുമേൽ ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കുടിയേറ്റക്കാരുടെ അധിനിവേശത്തിനെതിരെയുള്ള ഒരു പ്രതിരോധനമായിട്ടാണ് ’75ലെ നിയമത്തെ അവർ കണ്ടത്. അത് നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യാം. അത് രാഷ്ട്രത്തിന്റെ രാഷ്ട്രീയ നൈതികതയുടെ പ്രശ്നമാണ്. എന്നാൽ, തങ്ങൾക്കനുകൂലമായൊരു നിയമം, തങ്ങൾക്കുമേൽ ആധിപത്യം പുലർത്തുന്നവർക്കുവേണ്ടി, തങ്ങളുടെ കൈയൊപ്പോടെ റദ്ദുചെയ്യുക എന്നത് ആത്മാഭിമാനബോധമുള്ള ഒരു ജനതക്കും അംഗീകരിക്കാനാവുമായിരുന്നില്ല.
മണ്ണും പെണ്ണും കവർന്നെടുക്കപ്പെട്ടവർക്കു മുന്നിൽ ആദിവാസികൾ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത് ആത്മാഭിമാനമായിരുന്നു. അതിന്റെ പ്രതീകമായിട്ടാണ് അവർ ജാനുവിനെ കാണാൻ ശ്രമിച്ചത്. ആ ജാനുവിനെ കുടിയേറ്റക്കാരുടെ നിലപാടിലേക്ക് എത്തിക്കാനായി എന്നതായിരുന്നു കുടിൽകെട്ടി സമരത്തിന്റെ പ്രത്യേകത. ഈ യാഥാർഥ്യം മറച്ചുവെക്കുന്നത് ഒരു കുറ്റകൃത്യമായി തോന്നിയപ്പോഴാണ്, തങ്ങൾ കുടിയേറ്റക്കാർക്കെതിരല്ലെന്നു പറയുന്ന ആദിവാസി ദലിത് സമര സമിതിക്കുനേരെ ആദിവാസി ഭൂമി കൈയേറ്റക്കാർക്കെതിരല്ലെങ്കിൽ നിങ്ങൾ ആരുടെ പക്ഷത്താണ് എന്ന പ്രസ്താവന ദലിത് ഐക്യസമിതി ഇറക്കിയത്. ഈ സമയത്ത് പരിഷ്കരിച്ച ആദിവാസി ഭൂനിയമത്തിൽ പറയുന്ന ഒരേക്കർ ഭൂമിയുടെയും അല്ലെങ്കിൽ നഷ്ടപ്പെട്ട ഭൂമിയുടെയും സ്ഥാനത്ത് അഞ്ചേക്കർ ഭൂമി വേണമെന്ന് ജാനുവും സമര സമിതിയും ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ആദിവാസി ഭൂസമര ചരിത്രത്തിൽ അഭൂതപൂർവമായ പിന്തുണയായിരുന്നു കുടിൽകെട്ടി സമരത്തിന് ലഭിച്ചത്. ആദിവാസി ഭൂസമരമുഖത്ത് നിന്ന് 75ലെ ഭൂനിയമം ഒഴിവാക്കപ്പെട്ടുവെന്നതായിരുന്നു അതിന്റെ അടിസ്ഥാനം. മാധ്യമലോകം ഒന്നടങ്കവും ദലിത് സംഘടനകളിൽ ബഹുഭൂരിപക്ഷം സന്നദ്ധ സംഘടനകളും ചില നക്സലൈറ്റ് ഗ്രൂപ്പുകളും ബി.ജെ.പിയും വരെ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നു. ജാനുവിനെ പാലമാക്കി ആദിവാസി ദലിത് സമരസമിതി ആദിവാസികളിലേക്കും കുടിയേറ്റക്കാരിലേക്കും സഞ്ചരിച്ച ലജ്ജാകരമായൊരു രാഷ്ട്രീയനുഭവമായിരുന്നു ഇത്. ’75ലെ ഭൂനിയമം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോൾ ഒരുവരി വാർത്തപോലും പ്രസിദ്ധീകരിക്കാൻ തയാറാകാതിരുന്ന പത്രമാധ്യമങ്ങൾ കുടിൽകെട്ടി സമരത്തെ ആഘോഷമാക്കി മാറ്റിയെന്ന് ആദിവാസി ഭൂമി കൈയേറ്റക്കാരോടൊപ്പമായിരുന്ന ‘മലയാള മനോരമ’യും ‘ദീപിക’യും വരെ ആദിവാസി ദലിത് സമരസമിതിക്കാരോടൊപ്പം ചേർന്ന് സമരത്തിന് വൻ വാർത്താ പ്രാധാന്യം നൽകി.
സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ’99ലെ ആദിവാസി വിരുദ്ധ നിയമത്തിന് ആദിവാസികളുടെ പൊതുസമ്മതമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലായിരുന്നു കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലം. ഈ രാഷ്ട്രീയ ഗൂഢാലോചനയിൽ പങ്കാളിത്തം വഹിക്കാത്തവർ കേരളത്തിൽ കുറവായിരുന്നു. അതിനെ ചോദ്യംചെയ്തതിന്റെ പേരിൽ കോട്ടയം ജില്ലയിലെ കൈപ്പുഴപോലെ ചില ദലിത് കേന്ദ്രങ്ങളിൽ എനിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആദിവാസികളോടുള്ള ദലിത് ആഭിമുഖ്യത്തിന്റെ തീവ്രത അതിന്റെ പിന്നിലുണ്ടായിരുന്നു. ഭീഷണിയായിരുന്നു അതിന്റെ സ്വരം.
വിശദീകരണ യോഗങ്ങൾ നടത്തേണ്ടിവന്നു. സമരത്തോടുള്ള വിയോജിപ്പ് നേതൃത്വങ്ങൾക്കിടയിലെ ഈഗോ ക്ലാഷാണെന്ന് ചൂണ്ടിക്കട്ടി ചിലർ ‘സൈന്ധവമൊഴി’യിലും ‘ദലിത് ദേശീയശബ്ദ’ത്തിലും ജാനുവിനെ അയ്യൻകാളിക്ക് സമാനമായി ഉയർത്തിക്കാട്ടി ലേഖനമെഴുതി. ജാനു ആദിവാസികൾക്കിടയിൽ മാത്രമല്ല, ദലിതർക്കിടയിലും ബിംബവത്കരിക്കപ്പെട്ടു. ആദിവാസികളെക്കുറിച്ചുള്ള അവസാന വാക്ക് ജാനുവിേന്റതായി.
ഈ സമയത്ത് ’75ലെ ആദിവാസി ഭൂനിയമം അട്ടിമറിക്കുന്നതിനായി കേരളത്തിന്റെ സാമുദായിക രാഷ്ട്രീയ മണ്ഡലത്തിൽ നടന്ന ബഹുമുഖമായ ശ്രമങ്ങൾ തുറന്നുകാണിച്ചുകൊണ്ട് ഒരു ലേഖനമെഴുതി. ആരും പ്രസിദ്ധീകരിക്കുകയില്ലെന്ന ധാരണയിൽ പല പ്രസിദ്ധീകരണങ്ങൾക്കും അയച്ചുകൊടുത്തു. ‘ജാനുവും കൂട്ടരും ആദിവാസികളെ വഞ്ചിച്ചു’ എന്ന തലക്കെട്ടിൽ അത് ‘കലാകൗമുദി’യിൽ രണ്ടു ലക്കങ്ങളായി പ്രസിദ്ധീകരിച്ചു. കുടിൽകെട്ടി സമരത്തിനെതിരായ ആദ്യത്തെ വിമതസ്വരമായിരുന്നു അത്. കെ.കെ. കൊച്ച് എഡിറ്ററായിരുന്ന ‘സൂചകം’ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചു. അയ്യൻകാളിയുടെ ബി.എക്കാർ ആദിവാസികളെ വഞ്ചിക്കുന്നതിന് നേതൃത്വം നൽകിയെന്നതായിരുന്നു ഈ ലേഖനത്തിലെ മുഖ്യവിമർശനം. ഭൂമി നഷ്ടപ്പെട്ട ആദിവാസികൾക്കു മാത്രമല്ല, ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഭൂമി ലഭിക്കുമെന്ന് വിശ്വസിക്കാൻ സമരസമിതിക്കും മാധ്യമലോകത്തിനും കഴിഞ്ഞു. അതോടെ, ’75ലെ ഭൂനിയമം ഒരു പഴങ്കഥയായി.
ആദിവാസി ദലിത് സമരസമിതി ആവശ്യപ്പെട്ടതുപോലെ മറ്റൊരു നിയമനിർമാണത്തിന് തയാറാവുകയല്ല യു.ഡി.എഫ് സർക്കാർ ചെയ്തത്. ’99ൽ എൽ.ഡി.എഫ് സർക്കാർ ഉണ്ടാക്കിയ നിയമത്തിന്റെ പരിധിയിൽനിന്ന് പുതിയ ചില വാഗ്ദാനങ്ങൾ നൽകാനാണ്. ’99ലെ നിയമനിർമാണത്തിന് ആദിവാസികളുടെ സമ്മതമുണ്ടാക്കാനായി റവന്യൂ മന്ത്രി കെ.ഇ. ഇസ്മായിൽ നടത്തിയ ശ്രമത്തിൽനിന്ന് പൂർണമായും വിട്ടുനിന്ന ആദിവാസികൾ പകരം ഭൂമിയെന്ന വാഗ്ദാനത്തിൽ കുടുക്കപ്പെട്ടു. അവിടെ സമരനേതൃത്വവും സർക്കാറും തമ്മിലുണ്ടാക്കിയ സന്ധിയായിരുന്നു ആദിവാസി കരാർ.
‘ജീവനും സ്വത്തിനും സംരക്ഷണ’മെന്ന ഭരണഘടനാ വ്യവസ്ഥ ആദിവാസികൾക്ക് ബാധകമല്ലാതായി. കവർച്ച മുതൽ കണ്ടെത്തുകയും കവർന്നെടുക്കപ്പെട്ടവർക്ക് തിരിച്ചുനൽകുകയും ചെയ്യേണ്ട ബാധ്യതയിൽനിന്ന് സംസ്ഥാന സർക്കാറുകൾ പിന്മാറി. കോടതിവിധികൾ പ്രഹസനമാകാൻ സാമുദായിക രാഷ്ട്രീയ അധികാരകേന്ദ്രങ്ങൾക്ക് കഴിഞ്ഞു. കൈയേറ്റവും പിടിച്ചുപറിയും അക്രമവുമെല്ലാം ആദിവാസികൾക്കു നേരെയാകുമ്പോൾ അതാണ് രാഷ്ട്രനീതിയെന്ന് സ്ഥാപിക്കുകയായിരുന്നു. ഭീതിദമായൊരു കാര്യം അതിന് വിധേയരാകുന്നവനു മറ്റൊരു വഴിയുമില്ലെന്നു ബോധ്യപ്പെടുത്താനായി എന്നതായിരുന്നു. ഒരു സമൂഹത്തിന്റെ ജീർണത മാത്രമല്ല, ഇതൊരു ദുരന്തവുമാണ്. ഈ സാഹചര്യത്തിലാണ് ആദിവാസി കരാർ റദ്ദു ചെയ്യാനും 75 ലെ നിയമം പുനഃസ്ഥാപിച്ച് നടപ്പാക്കാനും ഐക്യസമിതി ആവശ്യപ്പെട്ടത്.
2002 ജനുവരി 1ന് ഭൂമി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ആദിവാസി കരാർ 5 ഏക്കർ മുതൽ 1 ഏക്കർ വരെ ഭൂമിയാണ് ആദിവാസികൾക്ക് വാഗ്ദാനം നൽകിയത്. ഭൂമി മാത്രമല്ല, ഭൂമി ലഭിക്കുന്നവർക്ക് ജീവിക്കാനാവശ്യമായ മറ്റ് സൗകര്യങ്ങൾ, ലഭിക്കുന്ന ഭൂമി അന്യാധീനപ്പെടാതിരിക്കാൻ പുതിയനിയമം, വികസനപദ്ധതികൾ, ഈ ഭൂമി ഷെഡ്യൂൾഡ് ഏരിയയായി പ്രഖ്യാപിക്കൽ, കരാർ ഉടൻ നടപ്പാക്കൽ എന്നിങ്ങനെ ആദിവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു കരാറിലെ വ്യവസ്ഥകൾ.
എന്നാൽ, കരാറിലേർപ്പെട്ട ആന്റണി സർക്കാറോ സമര നേതൃത്വമോ 45,000ത്തോളം വരുന്ന ഭൂരഹിതരായ ആദിവാസികൾക്ക് എവിടെയാണ് ഭൂമി നൽകാൻ പോകുന്നതെന്ന കാര്യം മാത്രം വെളിപ്പെടുത്തിയില്ല. അതായിരുന്നു ആദിവാസി കരാറിലെ ഏറ്റവും വലിയ ചതി. എവിടെയാണ് ഭൂമി എന്ന് ചോദിക്കാൻ സമരക്കാരും തയാറായില്ല. ചരിത്രം ആവർത്തിക്കപ്പെടുകയായിരുന്നു, ഭൂപരിഷ്കരണ കാലത്ത് തങ്ങൾക്കും ഭൂമി വേണമെന്നു പറയാൻ ദലിതർക്കിടയിൽനിന്നും ആരുമില്ലാതായതുപോലെ. കെ.പി.സി.സി അധ്യക്ഷൻ കെ. മുരളീധരൻ ഈ കരാറിനെക്കുറിച്ചു പറഞ്ഞത് അഞ്ച് ഏക്കറെന്നല്ല, ഒരു ഏക്കർ ഭൂമിപോലും നൽകുക സാധ്യമല്ലെന്നാണ്. ഒരു വർഷത്തിനുശേഷം പട്ടികവർഗ വകുപ്പു മന്ത്രി എം.എ. കുട്ടപ്പൻ പറഞ്ഞത് ആദിവാസികളുമായി ചർച്ച നടത്തിയ ചില തീരുമാനങ്ങളെടുത്തുവെന്നല്ലാതെ ഒരു കരാറുമുണ്ടായില്ലെന്നാണ്.
ആദിവാസി ഭൂസമര ചരിത്രത്തിലെ നാഴികക്കല്ലായും നിർണായക വിജയമായും സമരനേതൃത്വം കൊട്ടിഗ്ഘോഷിച്ച ആദിവാസി കരാറിനെ എത്ര ഉദാസീനമായിട്ടാണ് ഭരണാധികാരികൾ നോക്കിക്കണ്ടത് എന്നതിന്റെ തെളിവായിരുന്നു ഇതെല്ലാം. എന്നാൽ, ആദിവാസികൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് ആദിവാസികൾ അപേക്ഷകളുമായി പാഞ്ഞുനടന്നു. ഗോത്രസഭയുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരസമിതിതന്നെ അപേക്ഷകൾ സ്വീകരിച്ചു. സി.കെ. ജാനുവിന് അപേക്ഷ നൽകിയാൽ ഭൂമി വിട്ടുകിട്ടുമെന്ന് കരുതിയ ആദിവാസികളുണ്ട്. ജാനുവിനെ മുന്നിൽനിർത്തി സമരസമിതി നേതൃത്വവും മാധ്യമലോകവും സൃഷ്ടിച്ചൊരു മിഥ്യാബോധമായിരുന്നു ഇത്.
പ്രഖ്യാപിച്ചതുപോലെ എ.കെ. ആന്റണി സർക്കാർ 2002 ജനുവരി 1ന് ഇടുക്കി ജില്ലയിലെ മറയൂരിൽ ആദിവാസി ദലിത് സമരസമിതി നേതാക്കളുടെ സാന്നിധ്യത്തിൽ ആദിവാസികൾക്ക് ഭൂമി നൽകാൻ തുടങ്ങി. ഒന്നരവർഷം കഴിഞ്ഞിട്ടും 874 കുടുംബങ്ങൾക്കേ ഭൂമി നൽകാനായുള്ളൂവെന്നും അത് കേവലം 1742.82 ഏക്കർ ഭൂമി മാത്രമായിരുന്നുവെന്നതും കരാറിനെ പ്രകീർത്തിച്ചവർക്കിടയിൽപോലും അവിശ്വാസമുണ്ടാക്കി. ’99ൽ അട്ടപ്പാടിയിലെ അഗളിയിൽ വാസയോഗ്യമല്ലാത്ത പാറക്കെട്ടുകൾ പതിച്ചുനൽകി നായനാർ സർക്കാർ ആദിവാസികളെ കബളിപ്പിച്ചതുപോലെ കിഴുക്കാംതൂക്കായതും പാറക്കെട്ടുകൾ നിറഞ്ഞതും പുല്ലുവളർത്താൻ മാത്രം പറ്റിയതെന്ന് ആദിവാസി മാസ്റ്റർ പ്ലാനിൽ ചൂണ്ടിക്കാണിച്ചതുമായ ഭൂമിയാണ് മറയൂരിലും കുണ്ടളയിലും ആദിവാസികൾക്ക് നൽകിയതെന്ന ആക്ഷേപമുണ്ടായി.
1950ലെ വനനിയമം ലംഘിച്ചുകൊണ്ടാണ് മറയൂർ റേഞ്ചിലെ 51 സാൻഡൽവുഡ് റിസർവ് വനത്തിന്റെ ഒരു ഭാഗം ആന്റണി സർക്കാർ ആദിവാസികൾക്ക് പതിച്ചുനൽകാൻ പോകുന്നതെന്ന് കേന്ദ്ര-വനം-പരിസ്ഥിതി മന്ത്രാലയം കണ്ടെത്തി. റവന്യൂ വകുപ്പും ആദിവാസി മിഷനും ആദിവാസികൾക്കെന്ന വ്യാജേന കണ്ടെത്തിയ മതികെട്ടാൻ ചോലവനം സംഘടിത കൈയേറ്റത്തിന് വിധേയമായി. റവന്യൂ വകുപ്പിന്റെ ഒത്താശയോടെയായിരുന്നു കൈയേറ്റം. കെ.എം. മാണിയായിരുന്നു വകുപ്പു മന്ത്രി. വനം കൈയേറ്റത്തിന്റെ പേരിൽ ഇടുക്കി ജില്ല കലക്ടറും ആദിവാസിയുമായ ടി.ജെ. മാത്യുവിന് കലക്ടർ പണി നഷ്ടമായി. മതികെട്ടാൻ ചോലവനമല്ലെന്ന് റിപ്പോർട്ട് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തരംതാഴ്ത്തൽ എന്ന വാർത്ത വന്നു. ൈട്രബൽ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളായിരുന്നു ജില്ല കലക്ടർ.

എന്നാൽ, മതികെട്ടാൻ ചോല കൈയേറ്റം വിവാദമായതോടെ ആദിവാസി ഗോത്രമഹാസഭാ നേതാക്കൾ രംഗത്തുവന്നു. ജാനുവോ ഞാനോ ബന്ധപ്പെട്ട സമരസമിതിക്കാരോ ഈ സ്ഥലം സന്ദർശിക്കുകയോ ഊരുകൂട്ടം വിളിച്ചുചേർക്കുകയോ ചെയ്തിട്ടില്ലെന്നും ഞങ്ങൾ മതികെട്ടാനെക്കുറിച്ച് അറിയുന്നത് ആദിവാസി രാജാവിനെ ഉപകരണമാക്കി മതികെട്ടാൻ ചോല ഉന്നതന്മാർ കൈയേറുന്നുവെന്ന വാർത്തയിലൂടെയാണെന്ന് മാധ്യമം ജില്ല ലേഖകനും നിരവധി സമരങ്ങളുടെ മുഖ്യസഹായികളിലൊരാളുമായിരുന്ന പി.കെ. പ്രകാശൻ എഴുതി.
ഒപ്പം ജില്ല കലക്ടറുടെ സഹോദരനും ആദിവാസി ഗോത്രമഹാസഭയുടെ നേതാവുമായിരുന്ന ടി.ജെ. ബിജോയിയെക്കുറിച്ച് ഇങ്ങനെ കൂടി പറഞ്ഞു: ‘‘ഇടുക്കി ജില്ലയിലെ ഭൂരഹിതരായ ആദിവാസികൾക്ക് മറയൂരിലെ മൊട്ടപ്പാറ പതിച്ചു നൽകി റവന്യൂ വകുപ്പുമായി ഒത്ത് കണ്ണായ ഭൂമി ആദിവാസി ഗോത്ര മഹാസഭാ നേതാവ് സ്വന്തമാക്കിത് കൂടിയാണ് മതികെട്ടാൻ കൈയേറ്റത്തിന്റെ ചരിത്രം.’’ എന്നാൽ, ഗീതാനന്ദൻ പറഞ്ഞതായി വന്ന വാർത്തക്കു പിന്നാലെ ആദിവാസി ബിംബമായി അവതരിപ്പിക്കപ്പെട്ട സി.കെ. ജാനു കുടിയേറ്റക്കാരുടെ മിശിഹയായി വാഴ്ത്തപ്പെട്ട ഫാ. വടക്കനോടൊപ്പം ഒരേ നിലപാടുമായി രംഗത്തുവന്നത് കൗതുകകരമായി.
മതികെട്ടാൻ സംഭവത്തിന്റെ മറവിൽ ആദിവാസി പുനരധിവാസ പദ്ധതി അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്നും വൻകിട കുടിയേറ്റക്കാരെ ഒഴിവാക്കി ദലിത് ആദിവാസി കുടുംബങ്ങളെ നിലനിർത്തണമെന്നും ജാനു ആവശ്യപ്പെട്ടപ്പോൾ, വൻകിടക്കാരെ ഒഴിവാക്കി ചെറുകിടക്കാരെ നിലനിർത്തണമെന്ന് ഫാ. വടക്കൻ ആവശ്യപ്പെട്ടു. ചുരുക്കത്തിൽ ആദിവാസികളെ മുന്നിൽ നിർത്തി വനം കൈയേറാനുള്ള ഉപാധിയായി ആദിവാസി കരാർ മാറി.
ആദിവാസികളുടെ പേരിൽ നടക്കുന്ന സംഘടിതമായ വനം കൈയേറ്റം തടയുന്നതിന് ദലിത് ഐക്യസമിതി ഇടുക്കി ജില്ല കമ്മിറ്റി 2002 മേയ് 12ന് തൊടുപുഴയിൽ കൂട്ട ഉപവാസം നടത്തി. എന്നാൽ, കൈയേറ്റക്കാരെ പിന്തുണച്ച് മുൻ മന്ത്രി പി.ജെ. ജോസഫിന്റെയും ഫ്രാൻസിസ് ജോർജ് എം.പിയുടെയും നേതൃത്വത്തിൽ ശാന്തൻപാറയിൽ നടന്ന സത്യഗ്രഹ സമരം മതികെട്ടാൻ ചോലയിൽനിന്ന് കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് അവസാനിപ്പിച്ചത്. അതുപോലെ ആദിവാസികൾക്ക് നൽകുന്നതിനായി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിൽനിന്ന് കേരള സർക്കാർ ആവശ്യപ്പെട്ട വനഭൂമിയുടെ സിംഹഭാഗവും കുടിയേറ്റക്കാരുടെ കൈവശമുള്ളതാണെന്നും ആദിവാസികളുടെ പേരിൽ കുടിയേറ്റക്കാർക്ക് പട്ടയം നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്നും വ്യക്തമാക്കപ്പെട്ടു. ആദിവാസി കരാറിനു പിന്നിലെ നിഗൂഢ താൽപര്യങ്ങൾ വെളിവാക്കപ്പെട്ടത് ഇങ്ങനെയെല്ലാമായിരുന്നു.
ലജ്ജാകരമായ ഈ രാഷ്ട്രീയ സാഹചര്യത്തെ നേരിടുന്നതിനാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ വനഭൂമി കൈയേറി സമരത്തിന്റെ മറ്റൊരു മുഖം ഗീതാനന്ദനും കൂട്ടരും തുറന്നത്. സമരരൂപത്തിലുണ്ടായ മാറ്റമാണ് മുത്തങ്ങ സമരത്തെ വ്യത്യസ്തമാക്കിയത്. വനഭൂമി കൈയേറി ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചും കാവൽക്കാരെ നിർത്തിയും അനുവാദമില്ലാതെ പ്രവേശിക്കുന്നവരെ തടവിലാക്കിയും ൈട്രബൽകോടതി കൂടിയും കുറ്റവാളികൾക്ക് മരണശിക്ഷ വിധിച്ചും പരമ്പരാഗത ആയുധങ്ങളുടെ തണലിൽ സ്വയം ഭരണം പ്രഖ്യാപിച്ചുമാണ് ഗോത്രമഹാസഭ സമരരൂപത്തിൽ മാറ്റം വരുത്തിയത്. പാലക്കാട് കലക്ടറെ ബന്ദിയാക്കിയ അയ്യൻകാളിപ്പടയുടെ പോരാട്ടശൈലിയുടെ ആവർത്തനമായിരുന്നു അത്.
