ആദിവാസി ഭൂപ്രശ്നം തെരുവിൽ
കടുത്ത -28
camera_altചിത്രീകരണം: തോലിൽ സുരേഷ്
അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ മുൻകൈയിൽ നടന്ന ആദിവാസി ഭൂസമര പ്രചാരണത്തെക്കുറിച്ചാണ് ഈ ലക്കം. സമരത്തിന്റെ ചരിത്രവും അതിന്റെ ഗതിവിഗതികളും എഴുതുന്നു.
ആദിവാസി ഭൂനിയമം നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ട് തികയാൻ പോകുകയായിരുന്നു. 1975ലാണ് കേരള നിയമസഭ ആദിവാസി ഭൂനിയമം പാസാക്കിയത്. ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയുന്നതും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നൽകുന്നതുമായിരുന്നു നിയമം. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തപ്പെട്ടൊരു നിയമം. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും ബേബി ജോൺ റവന്യൂ മന്ത്രിയും കരുണാകരനെ പോലുള്ളവർ സഹമന്ത്രിമാരും ഇ.എം.എസ് പ്രതിപക്ഷനേതാവുമായിരുന്ന കേരള നിയമസഭയാണ് ഈ നിയമം നിർമിച്ചത്. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടത് ചതിയിലൂടെയും വഞ്ചനയിലൂടെയും ബലപ്രയോഗത്തിലൂടെയും ആയിരുന്നുവെന്ന വസ്തുതാപരമായ കണ്ടെത്തലായിരുന്നു ഇത്തരമൊരു നിയമനിർമാണത്തിലേക്ക് കേരളത്തെ നയിച്ചത്. രാജ്യത്തെ ആദിവാസികളുടെ പൊതുസ്ഥിതിയായിരുന്നു ഇത്.
കേരളത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരിൽനിന്ന് കവർന്നെടുത്ത ഭൂമി അതിന്റെ യഥാർഥ അവകാശികൾക്ക് വീണ്ടെടുത്ത് നൽകാനും ഇത്തരം കവർച്ചകൾ ഇനിയും ആവർത്തിക്കാതിരിക്കാനുമുള്ള മുൻകരുതലായിരുന്നു ആദിവാസി ഭൂനിയമം. എത്ര ഉദാത്തമായ ധാർമിക-രാഷ്ട്രീയ ഭാവനയാണിത്, മൂല്യസങ്കൽപമാണിത്. അതുകൊണ്ടാവാം കേരള നിയമസഭയിൽ ആദിവാസി ഭൂനിയമത്തെ എതിർക്കുവാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ, സംഭവിച്ചതെന്താണ്? തങ്ങൾക്കനുകൂലമായൊരു നിയമമുണ്ടെന്നും അതിന്റെ ഗുണം ലഭിക്കുവാൻ തങ്ങൾക്ക് അർഹതയുണ്ടെന്നും തിരിച്ചറിയുവാൻ കേരളത്തിലെ ആദിവാസികൾക്കായില്ല. അതിന് അവർക്ക് രണ്ടു പതിറ്റാണ്ട് വേണ്ടിവന്നു. നിരക്ഷരതയടക്കമുള്ള സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നൊരു സമൂഹത്തിന്റെ ദുരന്തമാണിത്. ഇതിനൊരു മറുവശമുണ്ട്.
തങ്ങളുണ്ടാക്കുന്ന നിയമം എല്ലാവരും അറിഞ്ഞിരിക്കണമെന്നും അതറിയിക്കുവാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും അറിഞ്ഞില്ലെന്ന് പറയുന്നത് അപഹാസ്യമാണെന്നും കരുതുന്നൊരു മറുവശം. അങ്ങനെ ഗാന്ധിയൻ പക്ഷത്തുനിന്നും മാർക്സിയൻ പക്ഷത്തുനിന്നും കേരളം മാറിമാറി ഭരിച്ച ഭരണാധികാരികൾ ‘അന്ധരും മൂകരു’മായ ഒരു സമൂഹത്തിനുവേണ്ടി ഏകകണ്ഠമായുണ്ടാക്കിയ ഒരു നിയമം ഗുണഭോക്താക്കളുടെ തിരിച്ചറിവില്ലായ്മകൊണ്ടും നിർമാതാക്കളുടെ ആലസ്യംെകാണ്ടും കാലത്തിന് കൈമാറ്റം ചെയ്യപ്പെട്ടു. ദലിത് സംഘടനകൾ ഈ നിയമം നടപ്പാക്കാൻ പലേപ്പാഴും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ഇതിനിടയിൽ (ഏറ്റവും കൂടുതൽ ഭൂമി നഷ്ടപ്പെട്ടിരുന്ന വയനാട്ടിലെ ആദിവാസികൾക്കിടയിൽനിന്ന്) 1988ൽ വയനാട്ടിലെ പുൽപള്ളിക്ക് അടുത്തുള്ള എടമല പണിയ കോളനിയിലെ കുങ്കി എന്ന പണിയസ്ത്രീ ആർ.ഡി.ഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുണ്ടായ ഉത്തരവ് നടപ്പാക്കുന്നതിന് റവന്യൂ വകുപ്പ് അധികൃതർ നടത്തിയ ശ്രമം ആയിരക്കണക്കിന് കുടിയേറ്റ കർഷകരെ അണിനിരത്തി ഫാ. വടക്കന്റെ നേതൃത്വത്തിൽ മലയോര കർഷക ഫെഡറേഷൻ പ്രതിരോധിച്ചു. തുടർന്ന് ഈ നിയമത്തിന്റെ അപ്രായോഗികത സർക്കാറിനെ ബോധ്യപ്പെടുത്താനായി കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽനിന്ന് വടക്കനച്ചനും സംഘവും സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. ഈ പശ്ചാത്തലത്തിലാണ് സുൽത്താൽ ബത്തേരിയിലെ ഡോ. നല്ലതമ്പി തേര 1991ൽ ആദിവാസി ഭൂനിയമം നടപ്പാക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈകോടതിയിൽ നൽകിയ പരാതി അംഗീകരിച്ചുകൊണ്ട് ഈ കാര്യത്തിൽ ഉടൻ സർക്കാർ പരിഹാരം കണ്ടെത്തണമെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാക്കുന്നതിന് റവന്യൂ വകുപ്പ് പുലർത്തുന്ന അനാസ്ഥ ചൂണ്ടിക്കാട്ടി വീണ്ടും നല്ലതമ്പി തേരക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. 1993ൽ സർക്കാറിനുവേണ്ടി
കോടതിയിൽ ഹാജരായ അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞത് ഹരജികളിൽ മുഴുവൻ തീർപ്പു കൽപിക്കുകയും പൂർണമായും ഈ നിയമം നടപ്പാക്കുകയുംചെയ്യുമെന്നായിരുന്നു. എന്നാൽ, പിന്നീട് കണ്ടത് ഭരണാധികാരികൾ ഏകപക്ഷീയമായി കുടിയേറ്റക്കാരുടെ പക്ഷത്ത് നിന്നുകൊണ്ട് കോടതിയെ കബളിപ്പിക്കുകയും ആദിവാസികളെ വഞ്ചിക്കുകയും ചെയ്യുന്നതായിരുന്നു. കെ. കരുണാകരനും ഇ.കെ. നായനാരും എ.കെ. ആന്റണിയുമായിരുന്നു മാറിമാറി അതിന് രാഷ്ട്രീയ നേതൃത്വം നൽകിയത്. ഇതിന് സമാന്തരമായി ബാഹ്യ ഇടപെടലുകളിലൂടെയാണെങ്കിലും ആദിവാസികൾ സ്വയം സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് മാനന്തവാടിയിലെ ബിഷപ്സ് ഹൗസിൽനിന്ന് രക്തച്ചൊരിച്ചിലിന്റെ മുന്നറിയിപ്പു വന്നത്.
ഈ സമയത്ത് ആദിവാസി ഐക്യദാർഢ്യ സമിതി എറണാകുളം മാസ് ലോഡ്ജിൽ സംഘടിപ്പിച്ചൊരു കൺവെൻഷനിൽ െവച്ചാണ് വയനാട്ടിൽനിന്നുള്ള സി.കെ. ജാനുവും ഉഷയും കെ.കെ. ബാലനും അടക്കമുള്ള ആദിവാസി പ്രവർത്തകരെ നേരിട്ട് പരിചയപ്പെടുന്നത്. വയനാട്ടിൽനിന്നുള്ള ജോസ് സെബാസ്റ്റ്യൻ ആയിരുന്നു ഐക്യദാർഢ്യ സമിതിയുടെ കൺവീനർ. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഡോ. എം.എം. തോമസും രക്ഷാധികാരികളും മാധവ മേനോനും ഡോ. പി. ശിവാനന്ദനും ഡോ. എം. കുഞ്ഞാമനുമെല്ലാം മുഖ്യ ചുമതലക്കാരുമായിരുന്നു. പൗരസമൂഹത്തിൽനിന്നുള്ള ആദിവാസി ഭൂപ്രശ്നത്തിലെ ശ്രദ്ധേയമാെയാരു ഇടപെടലായിരുന്നു ഇത്. ദലിത് സംഘടനകളും എം.എൽ സംഘടനകളും മാത്രമായിരുന്നു ആദിവാസി പ്രശ്നങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നത്.
മാനന്തവാടിയിൽനിന്നുള്ള സേവ്യർ വഴിയാണ് വയനാട്ടിലെ ആദിവാസികൾക്കിടയിലെ തനതും അല്ലാത്തതുമായ പ്രവർത്തനങ്ങളെപ്പറ്റി കൂടുതലായി അറിഞ്ഞത്. സേവ്യറുമായി ഒരു മുൻകാല പാർട്ടി ബന്ധമായിരുന്നു. ദ്വാരകയിലായിരുന്നു താമസം. എറണാകുളത്ത് നടന്ന ആദിവാസി ഐക്യദാർഢ്യ സമ്മേളനത്തിൽ സേവ്യറുമുണ്ടായിരുന്നു. സമ്മേളനത്തിനുശേഷം സേവ്യറും ജാനുവുമായി നടന്ന ചർച്ചകളുടെയും ധാരണകളുടെയും അടിസ്ഥാനത്തിലാണ് സി.കെ. ജാനുവും സേവ്യറും കരിപ്പിലങ്ങാട് എന്റെ വീട്ടിലെത്തിയത്. സന്നദ്ധസംഘടനകളുമായി ഇപ്പോൾ തനിക്ക് ബന്ധമൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജാനു വന്നത്. ഇത് പൂർണമായും വിശ്വാസത്തിലെടുക്കാനായില്ലെങ്കിലും ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെപ്പറ്റിയും അതിന്റെ ഗുണപരവും നിഷേധാത്മകവുമായ അനുഭവങ്ങളെപ്പറ്റിയും സേവ്യർ ചൂണ്ടിക്കാട്ടിയിരുന്നു.
സൗത്ത് സോൺ ആദിവാസി ഫോറത്തെപ്പറ്റിയല്ല, ആദിവാസി വികസന പ്രവർത്തക സമിതിയെപ്പറ്റിയാണ് ജാനു കൂടുതലായി സംസാരിച്ചത്. അവർ പ്രസിദ്ധീകരിച്ച ഒരു രേഖയും നൽകുകയുണ്ടായി. എന്നാൽ, സേവ്യർ പറഞ്ഞത് ആദിവാസി വികസന പ്രവർത്തക സമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെ ജനീവയിൽ നടന്ന മനുഷ്യാവകാശ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജാനുവും സഹപ്രവർത്തകരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ജാനുവിന് സംഘടന വിടേണ്ടിവന്നു എന്നതാണ്. ആ സംഘടനയിൽ പ്രവർത്തിക്കുന്ന ആരുമായും പരിചയപ്പെടാനുമായില്ല. അതെന്തായാലും സന്നദ്ധസംഘടനകളോടുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ടും വയനാട്ടിലെ ഭൂനിയമത്തിന്റെ മുഖത്തുനിന്നുകൊണ്ടും ജാനുവിനെ മുൻനിർത്തി ആദിവാസി പ്രശ്നങ്ങളിൽ ഇടപെടുവാനാണ് എ.എൻ.എം തീരുമാനിച്ചത്.
ഗോത്രസ്വത്വത്തിൽനിന്ന് ആദിവാസി സ്വത്വത്തിലേക്കുള്ള പ്രവേശനം വർഗീസിനോടൊപ്പം ചിന്തിക്കുകയും സാമൂഹിക പരിവർത്തനത്തിനായി പ്രവർത്തിക്കുകയുംചെയ്ത ചോമൻ മൂപ്പനെപ്പോലുള്ളവരുടെ പിന്തുടർച്ച. ആണധികാരത്തിന്റെ അപ്രമാദിത്വത്തിൽ നിറംമങ്ങിയ കേരളീയ സ്ത്രീകൾക്കിടയിലേക്ക് കടന്നുവെന്നാരു ആദിവാസി സ്ത്രീശബ്ദം. ഗോത്രാവസ്ഥയിൽ ഇന്നും നിലനിൽക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മൂർത്തരൂപം, ജാനുവിൽ ഞങ്ങൾ കണ്ട മികവുകൾ ഇതൊക്കെയായിരുന്നു. എന്നാൽ നിരക്ഷരത, എഴുത്തറിവിന്റെ ലോകം ജാനുവിനെ വിലക്കിയിരുന്നു. അക്ഷരത്തിന്റെ അധീശത്വലോകത്തായിരുന്നു ഇടപെടേണ്ടിയിരുന്നത്. ഇതും ഞങ്ങൾ വിലയിരുത്തിയിരുന്നു.
സേവ്യറായിരുന്നു സഹായി. സേവ്യറുമൊത്താണ് ഞാൻ തിരുനെല്ലിയിൽ, കാട്ടിക്കുളത്ത് ജാനുവിന്റെ വീട്ടിൽ എത്തിയത്; പനവല്ലിയിലെ സമരഭൂമിയിലെത്തിയത്. ടി.എ. ബാലനെപ്പോലുള്ള പനവല്ലി സമരത്തിന്റെ നേതാക്കളെ പരിചയപ്പെട്ടത്. അന്ന് ജാനുവിേനാടൊത്ത് സഹപ്രവർത്തകയായി കണ്ടൊരാൾ ഉഷയായിരുന്നു. പത്താം ക്ലാസ് പാസായ, ടി.ടി.സിക്ക് പോകണമെന്നാഗ്രഹമുള്ള പണിയ വിഭാഗത്തിൽപെട്ടൊരു യുവതിയായിരുന്നു ഉഷ.
ആദിവാസികളുടെ മുൻകൈയിൽതന്നെ ആദിവാസി ഭൂപ്രശ്നം കേരളീയ പൊതുസമൂഹത്തിൽ ഉന്നയിക്കുകയെന്നതായിരുന്നു അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ഉദ്ദേശ്യം. ജാനുവിനെ മുന്നിൽ നിർത്തുന്നതോടൊപ്പം വ്യക്തിപരമായ എന്റെ ആദിവാസി സ്വത്വവും ഈ പദ്ധതിക്ക് അനുകൂലമായി. അങ്ങനെയാണ് കേരളത്തിലെ പട്ടികവിഭാഗക്കാരായ ഗോത്രസമൂഹങ്ങളെയാകെ സംബോധന ചെയ്യുവാൻ കഴിയുന്ന ആദിവാസി ഏകോപന സമിതി എന്ന സംഘടനാ സങ്കൽപം 1995ൽ നിലവിൽ വന്നത്. യഥാർഥത്തിൽ അതൊരു സംഘടനയായിരുന്നില്ല. ഒരു പദ്ധതി നടപ്പാക്കാനുള്ള സംഘടനാസങ്കൽപമായിരുന്നു. സി.കെ. ജാനുവും എ.വി. ഉഷയും ഞാനും മാത്രമടങ്ങുന്നൊരു സംഘടനാസങ്കൽപം. ആദിവാസിയല്ലാത്ത ടി.എ. സേവ്യർ സഹകാരിയും ദൃക്സാക്ഷിയും. അമ്പുകുത്തിയിലും മറ്റും കണ്ടതുപോലെ പനവല്ലിയിലെ സമരഭൂമിയിൽനിന്ന് ഏതു സമയത്തും സമരം ചെയ്യുന്നവരെ ഇറക്കിവിടാനുള്ള സാധ്യതകളുണ്ടായിരുന്നു. താൽക്കാലികമായി ചില കൃഷികളിലെല്ലാം ഏർപ്പെട്ടിരുന്നുവെങ്കിലും ഭീതിയുടെ നിഴലിലായിരുന്നു അവർ.
തന്മൂലം ആദിവാസി ഭൂപ്രശ്നം ഉന്നയിച്ചുകൊണ്ട് തിരുവനന്തപുരം സെക്രേട്ടറിയറ്റ് പടിക്കൽ അവസാനിക്കുന്നൊരു പ്രചാരണജാഥ പനവല്ലിയിൽനിന്നുതന്നെ ആരംഭിക്കുവാൻ തീരുമാനിച്ചു. ഭൂപ്രശ്നം ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദിവാസികൾ സംസ്ഥാനതലത്തിൽ നടത്തുന്ന ആദ്യത്തെ സാമൂഹിക ഇടപെടലായിരുന്നു ഇത്. സ്വന്തം പരാധീനതകളും ഇല്ലായ്മകളും ദുരിതങ്ങളും പൊതുസമൂഹത്തോട് നേരിൽ പറയുക, കേരളത്തിന്റെ മലമടക്കുകളിൽ അങ്ങിങ്ങായി അധിവസിക്കുന്ന ആദിവാസി സമൂഹങ്ങളെ നേരിൽ കാണുക, ദുഃഖങ്ങളും സ്വപ്നങ്ങളും പങ്കുവെക്കുക, പോരാട്ടത്തിന്റെ പാതയിലേക്ക് അവരെ ഉണർത്തുക, വ്യത്യസ്തമായൊരു സാമൂഹിക-രാഷ്ട്രീയ അനുഭവമായിരുന്നു അത്.
സാധാരണനിലയിൽ ഒരു സംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത് ഒരു സമ്മേളനത്തിലൂടെയാണ്. എന്നാൽ ആദിവാസി ഏകോപന സമിതിയുടെ പ്രഖ്യാപനം 1995 ആഗസ്റ്റ് 13ന് പനവല്ലി ഗ്രാമത്തിലെ സമരഭൂമിയിൽനിന്ന് ആരംഭിച്ച് സെപ്റ്റംബർ 2ന് തിരുവനന്തപുരം സെക്രേട്ടറിയറ്റ് നടയിൽ സമാപിച്ച ഭൂസമരവാഹന ജാഥയിലൂടെയായിരുന്നു. 1975ലെ ആദിവാസി ഭൂനിയമം നടപ്പാക്കുക, ഭൂനിയമം ഭേദഗതി ചെയ്യുവാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, ഭൂരഹിതരായ ആദിവാസികൾക്ക് ജീവിക്കാനാവാശ്യമായ ഭൂമി നൽകുക, ആദിവാസി കൈവശഭൂമിക്ക് പട്ടയം നൽകുക എന്നിവയായിരുന്നു ജാഥയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ.
ഈ ജാഥയുടെ തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിലെ സംഘാടക ചുമതല എനിക്കും വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ചുമതല സേവ്യറിന്റെ സഹായത്തോടെ ജാനുവിനും ഉഷക്കുമായിരുന്നു. അതുപോലെ തന്നെ ജാഥയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടൊരു നോട്ടീസും ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ടൊരു ലഘുലേഖയും തയാറാക്കുവാനുള്ള ചുമതല ഞാനേറ്റെടുത്തു. സാധ്യമാകുന്നത്ര ആദിവാസി മേഖലകളിലൂടെ കടന്നുപോകുന്ന ജാഥ ദലിതരെ ആശ്രയിച്ചും ജനാധിപത്യവാദികളും മനുഷ്യസ്നേഹികളുമായവരുടെ സഹായത്താലും നടത്താനായിരുന്നു തീരുമാനം. ജാഥയുമായി സഹകരിക്കാൻ പല സംഘടനകളെയും വ്യക്തികളെയും സമീപിച്ചു. ചിലർ സഹകരിച്ചു, ചിലർ സഹായിക്കാമെന്ന് പറഞ്ഞ് മാറിനിന്നു, മറ്റു ചിലർ നിഷേധാത്മകമായ സമീപനങ്ങൾ സ്വീകരിച്ചു.
തലേ ദിവസം വൈകീട്ട് ഞങ്ങൾ പനവല്ലിയിലെ സമരഭൂമിയിലെത്തി. കോട്ടയത്തുനിന്ന് കുഞ്ഞ് പഴന്താറ്റിലും വി.ഡി. ജോസും വർക്കലയിൽനിന്ന് ബി. സുനിലും ഇടുക്കിയിൽ എം.കെ. നാരായണനുമുണ്ടായിരുന്നു. താമസം ജാനുവിന്റെയും ടി.എൻ. ബാലന്റെയും കുടിലുകളിൽ. നാരായണൻ ഒഴികെയുള്ളവർ ജാഥയിലെ സ്ഥിരാംഗങ്ങളായി എത്തിയവരാണ്. ജാനുവിനും ഉഷക്കും സേവ്യറിനും പുറമെ ടി.എൻ. ബാലനും ഒ.കെ. ബാലനും വയനാട്ടിൽനിന്ന് ജാഥാംഗങ്ങളായി. കെ. കേശവൻ ഇടുക്കി മുതൽ ജാഥയിലുണ്ടാകുമെന്ന് പറഞ്ഞു. ആൾക്കൂട്ടമോ ആർഭാടമോ ഔപചാരികത പോലുമോ ഇല്ലാതെ സമരമുഖത്ത് ഒത്തുചേർന്നവരെ സാക്ഷിനിർത്തി ആദിവാസി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സി.കെ. ജാനു നയിക്കുന്ന ജാഥ ആഗസ്റ്റ് 13ന് രാവിലെ പുറപ്പെട്ടു.
ആദ്യത്തെ വിശദീകരണയോഗം മാനന്തവാടിയിൽ നടന്നു. ജാനുവും ഞാനും സംസാരിച്ചു. കുഞ്ഞേട്ടന്റെയും ജോസിന്റെയും മുൻകൈയിൽ വാഹനത്തിനും ജാഥാംഗങ്ങൾക്കുള്ള ചെലവും കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഓരോ ജാഥയിലെയും സുപ്രധാനമായൊരു പ്രവർത്തനമായിരുന്നു ഇത്. സന്മസ്സുള്ളവരിൽനിന്ന് ലഭിക്കുന്ന ഒന്നും രണ്ടും രൂപ കൊണ്ടുവേണം ഇത് നിർവഹിക്കാൻ. മുന്നൊരുക്കങ്ങളിൽ അത്യാവശ്യം ധനം കണ്ടെത്തുവാൻ തീരുമാനിക്കുമെങ്കിലും അതൊന്നും നടക്കാറില്ല. ജാഥയിലൂടെതന്നെ ചെലവ് കണ്ടെത്തണം. സുനിൽ എ.എൻ.എം ബുള്ളറ്റിനും ‘ആദിവാസി ഭൂസമരം പ്രശ്നങ്ങളും സമീപനം’ എന്ന ലഘുലേഖയും വിതരണം നടത്തി. ജാഥയുടെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ജോസിന്റെയും കുഞ്ഞേട്ടന്റെയും അനൗൺസ്മെന്റും. ഇടക്ക് വയനാട്, വയനാട് എന്നു തുടങ്ങുന്ന വയനാട് കനവ് ബേബിയും സംഘവും ആവിഷ്കരിച്ച ആദിവാസി പശ്ചാത്തലമുള്ള ഗാനങ്ങൾ. അതിന്റെ ആവേശവും താളവും ലയവും പീഡനങ്ങളും അവഗണനകളും മനുഷ്യാവകാശ ലംഘനങ്ങളും നീതിനിഷേധവുമില്ലാത്ത ഒരു കാലത്തിനായി ജാഥ വയനാടൻ ചുരമിറങ്ങി.
കെ. കേശവനും ഒ.കെ. ബാലനും വയനാട് ജില്ല ആദിവാസി ഫെഡറേഷൻ പ്രവർത്തകരായിരുന്നുവെങ്കിലും ഫെഡറേഷനുൾപ്പെടെ ആദിവാസി സംഘടനകളൊന്നും ജാഥയുമായി സഹകരിച്ചില്ല. ജാനുവിന്റെ സന്നദ്ധസംഘടനാ ബന്ധമാണ് അതിന്റെ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നതെങ്കിലും ഗോത്രങ്ങൾക്കിടയിലെ വലുപ്പച്ചെറുപ്പവും മേൽ-കീഴ് ബോധവുമെല്ലാം ഇതിന് തടസ്സങ്ങളായിരുന്നു. അടിയ വിഭാഗത്തിൽപെട്ട ജാനുവിനെ നേതൃത്വമായി അംഗീകരിക്കാൻ താരതമ്യേന മുന്നിൽ നിൽക്കുന്ന കുറിച്യ-കുറുവ വിഭാഗക്കാർ തയാറായിരുന്നില്ല. സാമൂഹികപ്രശ്നങ്ങളിൽ ഇടപെടുന്നൊരു രീതിയും ഇത്തരം സംഘടനകൾക്കുണ്ടായിരുന്നില്ല. അട്ടപ്പാടിയിൽ ഗിരിജൻ സേവാസമിതി ജാഥയെ ഊഷ്മളമായി സ്വീകരിച്ചു. സമിതിയുടെ നേതാക്കളായിരുന്ന കുഞ്ചനും അന്തരിച്ച ശ്രീധരനുമായിരുന്നു അതിന് മുൻകൈയെടുത്തത്. ആദിവാസി പ്രശ്നങ്ങളെ ഗൗരവമായി കാണാൻ ശ്രമിക്കുന്ന രണ്ട് വ്യക്തികളായിരുന്നു ഇവർ.
തൃശൂർ നഗരത്തിൽ ജാഥക്ക് സ്വീകരണം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിളിച്ചുചേർെത്താരു യോഗത്തിൽ ആവേശകരമായ അഭിപ്രായപ്രകടനങ്ങളുണ്ടായി. ബി.എസ്.പി നേതാവായ രാജ്മോഹൻ തമ്പി പറഞ്ഞത് ജാനുവിന്റെ നേതൃത്വത്തിലുള്ള ജാഥക്ക് മായാവതിയിൽനിന്ന് ഒരു പണക്കിഴി ഉണ്ടാകുമെന്നായിരുന്നു. രാജാവിനെപ്പോലുള്ള എ.എൻ.എം പ്രവർത്തകർ ഇത് മുഖവിലക്കെടുത്തില്ല. പ്രതിബദ്ധമായ സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളെക്കാൾ ഇത്തരം പൊങ്ങച്ചങ്ങളുമായി നടന്ന നിരവധിപേർ ഈ കാലത്ത് ദലിത് പ്രവർത്തനമണ്ഡലത്തിലുണ്ടായിരുന്നു. വിചാരിച്ചതുപോലെ തന്നെ ജാഥ തൃശൂർ ടൗണിൽ എത്തുമ്പോൾ രാജ്മോഹനനും കൂട്ടരും ഉണ്ടായിരുന്നില്ല. എന്നാൽ, തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടറും ഐ.എൽ.എഫ് നേതാവുമായ ഭീം ജയ് രാജും സഹപ്രവർത്തകരും ജാഥയെ സ്വീകരിക്കാനുണ്ടായിരുന്നു. മുന്നണി ജില്ല കമ്മിറ്റിയുടെ നിശ്ചയപ്രകാരമായിരുന്നു അടുത്ത ദിവസത്തെ ജാഥ. രാജുവിന്റെ നേതൃത്വത്തിൽ മുന്നണി പ്രവർത്തകർ മറ്റൊരു ജീപ്പിൽ ജാഥയെ അനുഗമിച്ചു. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ മുന്നണി ബന്ധങ്ങളിലൂടെയാണ് ജാഥ പോയത്.
കൊടുങ്ങല്ലൂരിലായിരുന്നു അന്നത്തെ സമാപനം. മുൻ പാർട്ടി പ്രവർത്തകരായ മുന്നണി അനുഭാവികളടക്കം ദലിതരും അദലിതരുമായ നിരവധി പേർ മുനിസിപ്പൽ ഗ്രൗണ്ടിലെ സമാപനയോഗത്തിൽ എത്തിയിരുന്നു. എറിയാട് പഞ്ചായത്തിലെ അഴീക്കോട് കടപ്പുറത്ത് നടന്നുവരുന്ന ഭൂസമരത്തിന് നേതൃത്വം നൽകുന്ന മിച്ചഭൂമി കൈയേറ്റ സമിതി പ്രവർത്തകർ ആദിവാസി ഭൂസമരത്തിൽ ഐക്യദാർഢ്യവുമായെത്തി. മഞ്ഞണിയിലെ പാലത്തുള്ള സഖാവ് വിശ്വംഭരന്റെ വീട്ടിലായിരുന്നു അന്നത്തെ താമസം. മനുസ്മൃതി കേസിലെ പ്രതിയും സ്വതന്ത്ര തെങ്ങുകയറ്റത്തൊഴിലാളി യൂനിയൻ പ്രവർത്തകനുമായിരുന്നു വിശ്വംഭരൻ. പിറ്റേദിവസം ജാഥ തുടങ്ങിയത് കടപ്പുറത്തുള്ള സമരഭൂമിയിൽനിന്നായിരുന്നു. മിച്ചഭൂമി കൈയേറ്റ സമിതി സെക്രട്ടറിയായ സി.കെ. രമണിയും തുടർന്നുള്ള ജാഥയിൽ അംഗമായിരുന്നു.
എ.എൻ.എം ജില്ല കമ്മിറ്റി നേതൃത്വം നൽകുന്നൊരു സമരമായിരുന്നു അഴീക്കോട് കടപ്പുറത്തെ മിച്ചഭൂമി സമരം. ഒരു കൊല്ലേത്താളമായിരുന്നു അത് തുടങ്ങിയിട്ട്. ദലിതരും അദലിതരുമായ 120ഓളം ഭൂരഹിത കുടുംബങ്ങൾ പതിനാറേക്കർ മിച്ചഭൂമിയിൽ കയറി കുടിൽകെട്ടി സമരംചെയ്യുകയാണ്. സി.കെ. രമണി ആയിരുന്നു മിച്ചഭൂമി കൈയേറ്റ സമിതിയുടെ സെക്രട്ടറി. എം.കെ. രാജുവും സിദ്ദീഖും ശശിയും സുന്ദരനുമെല്ലാമാണ് സമരത്തെ മുന്നോട്ടുകൊണ്ടുപോയത്. പ്രശ്നം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് താലൂക്ക് ഓഫിസ് ധർണ, തൃശൂർ ജില്ല കലക്ടറേറ്റിലേക്ക് സമരഭൂമിയിൽനിന്ന് കാൽനട ജാഥ, സെക്രേട്ടറിയറ്റ് ധർണ തുടങ്ങി പലതലത്തിലുള്ള ഇടപെടലുകൾ നടത്തി, ഫലമുണ്ടായി. ബലം പ്രയോഗിച്ച് സമരക്കാരെ ഇറക്കിവിടാൻ മാത്രം ഒരു സർക്കാറും തയാറായില്ല. അത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടപ്പോഴെല്ലാം ചെറുത്തുനിൽപിന്റെ സ്വരങ്ങൾ ഉയരുകയുംചെയ്തു.
ജാഥക്ക് സ്വീകരണം നൽകുന്നതിനെ കുറിച്ചാലോചിക്കുന്നതിനായി എറണാകുളത്ത് വിളിച്ചു ചേർത്ത യോഗത്തിൽ ഉള്ളാട മഹാസഭ നേതാവായിരുന്ന അന്തരിച്ച ലീഡർ കറുപ്പനെയും പോർട്ട് ട്രസ്റ്റ് എസ്.സി/ എസ്.ടി എംപ്ലോയീസ് യൂനിയൻ നേതാവായിരുന്ന പി.എസ്. കരുണാകരനെയുംപോലെ ചിലർ സഹകരിക്കാൻ തയാറായപ്പോൾ അഡ്വ. കെ.വി. കുമാരന്റെ നേതൃത്വത്തിലുള്ള എസ്.സി/എസ്.ടി ഫെഡറേഷൻ നേതാക്കൾ എന്റെ നക്സെലെറ്റ് ബന്ധങ്ങളും ജാനുവിന്റെ സന്നദ്ധസംഘടനാ ബന്ധങ്ങളും ചൂണ്ടിക്കാട്ടി നിസ്സഹകരിച്ചു. ജില്ലയിലെ ജാഥയോടൊപ്പം വി.ഡി. രാജപ്പനുണ്ടായിരുന്നു. വടക്കൻ പറവൂർ അടക്കം ചിലയിടങ്ങളിൽ കറുപ്പൻ മുൻകൈയെടുത്തു. പി.എസ്. കരുണാകരൻ മുൻകൈയെടുത്ത് തേവരയിലും ജാഥക്ക് സ്വീകരണം നൽകി. അടുത്ത ദിവസം ഉച്ചക്ക് ഗാന്ധിയനായ ജേക്കബ് വടക്കാഞ്ചേരിയുടെ വീട്ടിലായിരുന്നു ഭക്ഷണം.
ജാഥയുമായി ഏറ്റവും കൂടുതൽ ആളുകൾ സഹകരിച്ചത് കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു. വൈക്കത്ത് ജാഥയെ സ്വീകരിക്കാൻ തയാറായി മുന്നോട്ടുവന്ന ചില കെ.പി.എം.എസ് പ്രവർത്തകർ ഉള്ളാട മഹാസഭയുടെ സാന്നിധ്യമുണ്ടാക്കിയതിനെ തുടർന്ന് പിൻവാങ്ങിയെന്നതാണ് മുന്നണിപ്രവർത്തകരായ പവിത്രനും രാമു ചേട്ടനും പറഞ്ഞത്. അതേസമയം, കടുത്തുരുത്തിയിലും മറ്റു ചിലയിടങ്ങളിലും കെ.പി.എം.എസ് കടുത്തുരുത്തി യൂനിയൻ പ്രസിഡന്റ് പി.കെ. കൊച്ചിന്റെ നേതൃത്വത്തിൽ സ്വീകരണമുണ്ടായി. കല്ലറയിൽ ദലിത് ഏകോപന സമിതിയുടെ പ്രവർത്തകരായിരുന്ന സണ്ണി എം. കപിക്കാടിന്റെയും എം.ഡി. തോമസിന്റെയും നേതൃത്വത്തിൽ സ്വീകരണമുണ്ടായി. കോട്ടയം നഗരത്തിൽ മുന്നണി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.കെ. വിജയും വി.ഡി. ജോസും പവിത്രനും കുഞ്ഞുമോനുമെല്ലാം നയിക്കുന്ന പ്രകടനത്തോടെയാണ് സമാപന യോഗം നടന്നത്.
ഈ ജാഥക്ക് ലഭിച്ച ഏറ്റവും ശ്രദ്ധേയമായ ആദിവാസി പിന്തുണ കോട്ടയം, ഇടുക്കി ജില്ലകളിലെ ആദിവാസികൾക്കിടയിൽനിന്നായിരുന്നു. അഖില തിരുവിതാംകൂർ മലയരയ മഹാസഭയായിരുന്നു അതിന് മുൻകൈയെടുത്തത്. മലയരയ ക്രിസ്ത്യൻ, ഈരാളി, ഉള്ളാട വിഭാഗങ്ങളിൽപെട്ടവരും ജാഥയുമായി സഹകരിച്ചു. കെ.ആർ. ജനാർദനനായിരുന്നു അന്ന് മലയരയ മഹാസഭയുടെ ജനറൽ സെക്രട്ടറി. കരിപ്പലങ്ങാട് െവച്ചുനടന്ന മഹാസഭയുടെ നേതൃയോഗമാണ് ജാഥയെ സ്വീകരിക്കുവാൻ തീരുമാനിച്ചത്. മുന്നറിയിപ്പില്ലാതെ എത്തിയിട്ടും ആദിവാസിപ്രശ്നങ്ങളെക്കുറിച്ചും ജാഥയെക്കുറിച്ചും ഈ യോഗത്തിൽ സംസാരിക്കുവാൻ അവസരം ലഭിക്കുകയും തുടർന്നു നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുകയുമായിരുന്നു.
പൂച്ചപ്രയിലെ റിട്ടയേഡ് ഉേദ്യാഗസ്ഥരും മഹാസഭയിലെ അംഗങ്ങളുമായിരുന്ന അന്തരിച്ച സി.ആർ. പരമേശ്വരനും എം.കെ. നാരായണനുമായി നടന്ന ആേലാചനകളുടെ ഭാഗമായിട്ടാണ് കരിപ്പലങ്ങാട് നടക്കുന്ന മഹാസഭയുടെ യോഗത്തിൽ നാരായണനും ഞാനും എത്തിയത്. ഇവർ എനിക്ക് പരമേശ്വരൻ ചേട്ടനും നാരായണൻ ചേട്ടനുമായിരുന്നു. നക്സെലെറ്റ് പ്രവർത്തനകാലത്തും നാരായണൻ ചേട്ടനുമായി ബന്ധമുണ്ടായിരുന്നു. വിശന്നുവലഞ്ഞ് ജോലിസ്ഥലത്തെത്തുമ്പോൾ ഭക്ഷണം വാങ്ങിത്തരുകയും മടങ്ങാനൊരുങ്ങുമ്പോൾ യാത്രാചെലവ് നൽകുകയുംചെയ്യുന്നവരിലൊരാൾ. 1982/ 83 കാലത്ത് എം.എൽ പ്രവർത്തനങ്ങളിൽ പൂച്ചപ്രയിൽനിന്ന് സഹകരിച്ച ഒ.കെ. ശിവരാമനെപ്പോലുള്ള ചിലരും ഈ നീക്കത്തിൽ സജീവമായി. പരമേശ്വരൻ ചേട്ടന്റെ വീട്ടിലായിരുന്നു ഞങ്ങൾ ഒത്തുകൂടിയത്.
തൊടുപുഴ താലൂക്കിലെ വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ ആദിവാസി സങ്കേതങ്ങളിലൂടെയുള്ള യാത്രയിൽ മലയരയ മഹാസഭാ പ്രവർത്തകർ വാഹനങ്ങളിൽ അനുഗമിച്ചിരുന്നുവെന്നത് ആവേശകരമായൊരനുഭവമായിരുന്നു. പലയിടത്തും സ്വീകരണ യോഗങ്ങൾ നടന്നു. പൂച്ചപ്രയിലായിരുന്നു സമാപനം. ഓരോ ജാഥക്കിടയിലും ഒരു ദിവസം ജാഥാംഗങ്ങളോടൊപ്പം വീട്ടിലെത്താറുണ്ട്. അതൊരു ശനിയാഴ്ചയായിരിക്കും. ഞായറാഴ്ച ജാഥയില്ല. സീസണലായ നാടൻ ഭക്ഷണവും അലക്കും കുളിയും നടന്നതിനെയും നടക്കാനുള്ളതിനെയും കുറിച്ചുള്ള മനസ്സു തുറന്ന ആലോചനകളുമായി കടന്നുേപാകുന്ന പകലായിരിക്കും അത്. ജാഥ കടത്തിലാണെങ്കിൽ പണം തേടിയിറങ്ങും. ഈ ജാഥ ഇടുക്കിയിലേക്ക് പ്രവേശിക്കുമ്പോൾ കാര്യമായ കടമില്ലായിരുന്നുവെന്നത് അനുഗ്രഹമായി. അന്ന് വൈകിട്ട് കരിപ്പലങ്ങാട് വിശദീകരണയോഗം നടത്തി. നക്സെലെറ്റായി അറിയപ്പെടുകയും എന്നാൽ, എന്താണ് എന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതമെന്ന് അറിയാതിരിക്കുകയുംചെയ്ത രക്തബന്ധുക്കൾക്കിടയിൽപോലും ഇതൊരു പുതിയ അനുഭവമായിരുന്നു.
