Begin typing your search above and press return to search.
proflie-avatar
Login

ക്രീമി​െലയർ വിരുദ്ധ പോരാട്ടവും ആദിവാസി ഭൂസമരവും

ക​​ടു​​ത്ത - 27

km salim kumar
cancel
camera_alt

ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​

അധഃസ്ഥിത നവോത്ഥാന മുന്നണി ക്രീമി​െലയർ വിരുദ്ധ സമരം ഏറ്റെടുത്തതിനെക്കുറിച്ചും ആദിവാസി ഭൂ സമരങ്ങളിലേക്ക് നീങ്ങിയതിനെക്കുറിച്ചും എഴുതുന്നു.

ദ്രാവിഡ വംശബോധത്തെ തമിഴ്ഭാഷയുമായും ഭാഷാദേശീയതയുമായും ബന്ധിപ്പിക്കാനായതുകൊണ്ടാണ് തമിഴകത്ത് ദ്രാവിഡപ്രസ്​ഥാനം പ്രസക്തമായത്. എന്നാൽ, ഈ ബ്രാഹ്മണവിരുദ്ധ പ്രസ്​ഥാനങ്ങൾ ഒന്നിച്ചുചേർന്ന അബ്രാഹ്മണ ശക്തികൾക്ക് ബ്രാഹ്മണാധിപത്യത്തെ തകർക്കാനായി എന്നല്ലാതെ, ജാതിഘടനയിലെ േശ്രണീകൃതമായ ബന്ധങ്ങൾ ഇല്ലാതെയാക്കാനോ, ദലിതരെപ്പോലെ അതിന്റെ ഏറ്റവും അടിത്തട്ടിലുള്ള സാമൂഹികവിഭാഗങ്ങളെ അഭിസംബോധന ചെയ്യാനോ കഴിഞ്ഞില്ല.

കേരളത്തിലാകട്ടെ ബ്രാഹ്മണവിരുദ്ധ മുന്നേറ്റങ്ങൾ സാമുദായികമായിട്ടാണ് ശക്തിപ്പെട്ടത്. മലയാളി മെമ്മോറിയലിലൂടെ നായന്മാരും ഈഴവ മെമ്മോറിയലിലൂടെ ഈഴവരും അതിന് തുടക്കം കുറിച്ചു. പൗരസമത്വ പ്രക്ഷോഭത്തിലൂടെയും നിവർത്തനപ്രക്ഷോഭത്തിലൂടെയും ൈക്രസ്​തവ-മുസ്‍ലിം സമുദായങ്ങൾ ഈ ദിശയിൽ മുന്നേറി. നിവർത്തന പ്രക്ഷോഭകാലത്ത് ൈക്രസ്​തവ-മുസ്‍ലിം-ഈഴവസമുദായങ്ങൾ ആഞ്ഞടിച്ചത് നായർമേധാവിത്വത്തിനെതിരായിട്ടായിരുന്നു.

തകർക്കപ്പെട്ട ബ്രാഹ്മണാധിപത്യത്തിന്റെ സ്​ഥാനമേറ്റെടുത്തത് നായർമേധാവിത്വമായിരുന്നു. കൊളോണിയൽ വിരുദ്ധ ഇന്ത്യൻ ദേശീയബോധത്തെ ഭാഷാദേശീയബോധമാക്കി അപനിർമിച്ചുകൊണ്ടാണ് ഐക്യകേരളം രൂപംകൊണ്ടത്. 1956ൽ നിലവിൽവന്ന ഐക്യകേരളത്തിലെ ആദ്യത്തെ ഗവൺമെന്റിന് രണ്ടു വർഷത്തിനകംതന്നെ 1959ൽ വിമോചനസമരത്തിലൂടെ പുറത്താക്കാനായി എന്നത് കേരളത്തിലെ സാമുദായിക രാഷ്ട്രീയ ചലനങ്ങളുടെ തീവ്രതയെയാണ് വ്യക്തമാക്കിയത്. രണ്ടായാലും ദ്രാവിഡവാദത്തിന് പ്രായോഗികമായി ഒരു പ്രത്യാശയും നൽകാനാവാത്ത സ്​ഥലമായിരുന്നു കേരളം. അതുതന്നെയായിരുന്നു ദലിത് ദേശീയവാദത്തിന്റെയും വംശീയവാദത്തിന്റെയും സ്​ഥിതിയും.

കൊളോണിയലിസം തകർത്തെറിഞ്ഞ സാമൂഹികഘടനയുടെ പുനഃസംഘടനയിൽ വർണ/ജാതി സമൂഹത്തിന്റെ ചലനനിയമങ്ങൾ തിരിച്ചറിയുകയെന്നത് സുപ്രധാനമായിരുന്നു. നെടുകെ എന്നതുപോലെ കുറുകെയും വിഭജിക്കപ്പെട്ട േശ്രണീകൃതമായ ഒരു സമൂഹത്തിലായിരുന്നു ഇടപെടേണ്ടിയിരുന്നത്. വർണവും വംശവും വർഗവും ദേശവുമെല്ലാം ലംബമാനമായ വിഭജനങ്ങളാകുമ്പോൾ അവയെ മാത്രം ഉപകരണങ്ങളായി കാണുന്നവർക്ക് ജാതിപരിണാമങ്ങൾ വിശകലനം ചെയ്യുവാൻ എളുപ്പമല്ലായിരുന്നു. അവർ പ്രവർത്തിക്കേണ്ടിയിരുന്നത് ജാതികൾക്കിടയിലാണ്, എന്നാൽ, ചിന്തിക്കേണ്ടിയിരുന്നത് വംശത്തെയോ വർഗത്തെയോ കുറിച്ചും. അതുപോലെ കേരളത്തിലെ ഉൽപാദനബന്ധങ്ങളിലുണ്ടായ മാറ്റങ്ങളും ശ്രദ്ധേയമായിരുന്നു. ജന്മിത്തത്തിന്റെ ഉന്മൂലനം ജാതിയില്ലാതാക്കിയിരിക്കുന്നുവെന്ന് പറയുവാൻ തക്കവണ്ണം ഉൽപാദനബന്ധങ്ങളുമായി ജാതി/ ജാതികൾ ഇഴുകിച്ചേർന്നൊരു സമൂഹമായിരുന്നു കേരളം.

അതുകൊണ്ടുതന്നെയാണ് അടിസ്​ഥാനവർഗമെന്നോ, കർഷകത്തൊഴിലാളികളെന്നോ പറഞ്ഞാൽ, ദലിതരാണെന്ന് അർഥമുണ്ടായത്. അയ്യൻകാളിതന്നെ ദലിതർക്കിടയിൽ കാർഷികവിപ്ലവത്തിന്റെ അമരക്കാരനെന്നും അടിസ്​ഥാനവർഗത്തിന്റെ പടനായകനെന്നും പ്രകീർത്തിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായ ഭൂവുടമ ജാതികളിൽനിന്ന് കേരളത്തിലെ വ്യാപാരി/വ്യവസായി സമൂഹങ്ങൾ വളർന്നുവന്നതുപോലെ കർഷകരും തൊഴിലാളികളും ഇടത്തട്ടുകാരും മറ്റും ഉരിത്തിരിഞ്ഞുവന്നത് ജാതി/ മത ഘടനകൾക്കുള്ളിൽനിന്നാണ്. അതുകൊണ്ടാണ് സ്വാഭാവികമായും സവർണ/ സമ്പന്ന വിഭാഗങ്ങൾക്കെതിരെ വിരൽചൂണ്ടാൻ ദലിതർ നിർബന്ധിക്കപ്പെട്ടത്.

മൂർത്തമായ ഇത്തരം വസ്​തുതകളുടെ അടിസ്​ഥാനത്തിലാണ് ദലിത് ദേശീയതയുടെയും വംശീയതയുടെയും വക്താക്കൾ മുന്നോട്ടുവെക്കുന്ന മതാത്മകമായ പ്രത്യയശാസ്​ത്ര സമീപനങ്ങളെ നിരാകരിച്ചുകൊണ്ട്, സാമൂഹികനീതിയും വർഗസമരവും സമന്വയിക്കുന്നൊരു പ്രത്യയശാസ്​ത്ര സമീപനം ‘ദലിത് അന്വേഷണം: നിലപാടുകളും വിമർശനങ്ങളും’ എന്ന ലേഖനത്തിൽ മുന്നോട്ടുവെച്ചത്. സ്വന്തം ദുരവസ്​ഥയോർത്ത് വിലപിക്കുകയും സ്വർഗത്തെയോർത്ത് വ്യാകുലപ്പെടുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്​ത്രമല്ല, സ്വർഗത്തെയും കടന്നാക്രമിക്കാൻ ശേഷിയുള്ളതും സ്വന്തം വിധികർത്താക്കളാകുവാൻ കരുത്തുനൽകുന്നതുമായൊരു പ്രത്യയശാസ്​ത്രമാണ് ദലിതർക്കു വേണ്ടതെന്ന് അതിൽ ചൂണ്ടിക്കാണിക്കുന്നു. പുനർജന്മവും കർമഫലവും ആണിക്കല്ലായ ബ്രാഹ്മണിസ്റ്റ് പ്രത്യയശാസ്​ത്രം നൂറ്റാണ്ടുകളായി ആധിപത്യം പുലർത്തിപ്പോരുന്നൊരു സമൂഹത്തിലാണ് ദലിതർ തങ്ങളുടെ പ്രത്യയശാസ്​ത്രാന്വേഷണം നടത്തുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് ‘ഫേയർബാക്കിനെ പറ്റിയുള്ള തീസിസുകൾ’ എന്ന കുറിപ്പിൽ മാർക്സ്​ എത്തിച്ചേരുന്ന രണ്ടു സാമൂഹിക നിഗമനങ്ങൾ ആവർത്തിച്ചു.

ഒന്ന്, തത്ത്വജ്ഞാനികൾ വിവിധ രീതികളിൽ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിനെ മാറ്റിത്തീർക്കുകയാണ് പ്രശ്നം. രണ്ട്, സാഹചര്യങ്ങളുടെയും മാറിയ വളർത്തിക്കൊണ്ടുവരലിന്റെയും സൃഷ്​ടിയാണെന്നുള്ള ഭൗതികവാദപരമായ സിദ്ധാന്തം മനുഷ്യർതന്നെയാണ് സാഹചര്യങ്ങളെ സൃഷ്​ടിക്കുന്നതെന്നും അതുകൊണ്ടു അധ്യാപകനുതന്നെ അധ്യയനം ആവശ്യമാണെന്ന കാര്യം വിസ്​മരിക്കുന്നു. അംബേദ്കറും ആവശ്യപ്പെട്ടത് താനൊരടിമയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അടിമയോട് സ്വന്തം മോചനത്തിനായി പോരാടാനാണ്. സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള പോരാട്ടമല്ല, സ്വാതന്ത്ര്യത്തിനും മനുഷ്യവ്യക്തിത്വത്തെ വീണ്ടെടുക്കുന്നതിനുമുള്ള പോരാട്ടമാണ് നമ്മുടേതെന്ന് ഡോ. ബി.ആർ. അംബേദ്കറും ചൂണ്ടിക്കാണിച്ചിരുന്നു. ജാതിവിരുദ്ധ പോരാട്ടമായിരുന്നു ഇതിന്റെ പ്രായോഗികാവിഷ്കാരം. ദലിത് ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും സാധ്യതയും ഇവിടെയാണ് കണ്ടത്.

1994 ജൂലൈ 30ന് കരിപ്പലങ്ങാട് ചേർന്ന എ.എൻ.എം സംസ്​ഥാന കമ്മിറ്റിയുടെ പ്രധാനപ്പെട്ടൊരു തീരുമാനം ക്രീമി​െലയറുമായി ബന്ധപ്പെട്ട് സംവരണപ്രശ്നത്തിൽ ഇടപെടുകയെന്നതായിരുന്നു. കെ.കെ. രവി, വി.ഡി. രാജപ്പൻ, കെ.എൻ. കുഞ്ഞുമോൻ, എം.കെ. രാജു, സി.വി. ക്രിസ്​തുദാസ്​ എന്നിവരാണ് കമ്മിറ്റിയിൽ പങ്കെടുത്തിരുന്നത്. ക്രീമി​െലയർ സാമ്പത്തിക-സംവരണവാദത്തിനെതിരെ എ.എൻ.എം നിലപാടുകൾ വ്യക്തമാക്കി ഒരു ലഘുലേഖ പ്രസദ്ധീകരിക്കാനും മധ്യകേരളത്തിൽ പ്രചാരണജാഥ നടത്താനും തീരുമാനിച്ചു.

പിന്നാക്ക വിഭാഗങ്ങൾക്കു മാത്രമേ ക്രീമിലെയർ ബാധകമായിരുന്നുള്ളൂവെങ്കിലും സംവരണത്തിന്റെ മാനദണ്ഡത്തിലുണ്ടായിരുന്ന മാറ്റം ജാതിസംവരണം അട്ടിമറിക്കുന്നതിലേക്ക് നയിക്കാനിടയുണ്ടെന്നും ഭാവിയിൽ പട്ടികവിഭാഗ സംവരണത്തിലും ക്രീമിലെയർ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലായിരുന്നു ഇത്തരമൊരു സമീപനം സ്വീകരിക്കാനിടയാക്കിയത്.

‘ക്രീമിലെയർ സാമ്പത്തിക സംവരണവാദത്തെ പരാജയപ്പെടുത്തുക’ എന്ന ലഘുലേഖ പ്രസദ്ധീകരിച്ചു. 1994 ഒക്ടോബർ 14 മുതൽ 23 വരെ മുന്നണി നിലപാട് വിശദീകരിച്ച് മധ്യകേരളത്തിൽ പ്രചാരണജാഥ സംഘടിപ്പിച്ചു. ജാതിസംവരണം നിലനിർത്തുക, സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കുക, ജനസംഖ്യാനുപാതികമായി സംവരണം നൽകുക എന്നിവയായിരുന്നു ജാഥയുടെ സന്ദേശങ്ങൾ. തൃശൂർ ജില്ലയിലെ ചേറ്റുവയിൽനിന്ന് ആരംഭിച്ച് എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ പത്തനംതിട്ട ജില്ലയിലെ പുല്ല്യാടാണ് ജാഥ സമാപിച്ചത്.

പതിവുപോലെ സാധ്യമാകാവുന്ന തെരുവുയോഗങ്ങൾ നടത്തി ബുള്ളറ്റിനും ലഘുലേഖയും വിതരണം നടത്തി വാഹനത്തിനും മൈക്കിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമുള്ള പണം കണ്ടെത്തി. ഏതെങ്കിലും ടൗണിൽ സമാപനയോഗവും ഏറ്റവും അടുത്ത ഗ്രാമത്തിൽ സംഘടനാപ്രവർത്തകരുടെയോ അനുഭാവികളുടെയോ വീട്ടിൽ ഭക്ഷണവും താമസവും. കാട്ടൂരിൽ വർഗീസ്​, കൊടുങ്ങല്ലൂരിൽ മഞ്ഞളിപ്പാലത്ത് വിശ്വംഭരൻ, എറണാകുളത്ത് വി.ഡി. രാജപ്പൻ, വൈക്കത്ത് പാലാംകടവിൽ മുരളി, തൊടുപുഴയിൽ എന്റെ വീട്, കോട്ടയത്ത് കരിപ്പുതട്ട മോനിച്ചൻ, തിരുവല്ലയിൽ പുളിക്കീഴ് ക്രിസ്​തുദാസ്​, പുല്ല്യാട് വിക്രമന്റെ വീട്. ആലപ്പുഴയിൽ വ്യത്യസ്​തമായൊരു അനുഭവം ഉണ്ടായി. ടൗണിൽ നടന്ന സമാപനയോഗം ശ്രദ്ധിച്ച ചില എസ്​.എൻ.ഡി.പി യോഗം പ്രവർത്തകർ താമസസൗകര്യവും ഭക്ഷണവും നൽകി. അപൂർവമായൊരനുഭവം.

പിന്നാക്ക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി അവർക്കിടയിലെ മേൽത്തട്ടുകാരെ (ക്രീമി​െലയർ) സംവരണത്തിൽനിന്ന് ഒഴിവാക്കാനുള്ള 1992ലെ സുപ്രീംകോടതി വിധിയുടെ അടിസ്​ഥാനത്തിൽ കേരളത്തിലും ക്രീമിലെയർ സമ്പ്രദായം നടപ്പാക്കാനുള്ള സർക്കാർ നീക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ ഇടപെടൽ. ജെ.എസ്​.എസ്​, സി.പി.ഐ, ജനതാദൾ, പി.ഡി.പി തുടങ്ങിയ പാർട്ടികൾ ക്രീമിലെയറിനെ എതിർത്തുകൊണ്ട് രംഗത്തുവന്നിരുന്നു. എന്നാൽ, കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മും മാത്രമല്ല, ജനതാദളും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്ന നിലപാടുകാരായിരുന്നു. ഇതിൽ കോൺഗ്രസിനെ ഒഴിവാക്കിയാൽ പിന്നാക്ക സംവരണത്തിൽ ക്രീമിലെയർ ഏർപ്പെടുത്തണമെന്ന് ഏറ്റവും ശക്തമായി വാദിച്ചത് സി.പി.എം ആയിരുന്നു. ആർ.എസ്​.എസിനുള്ളിൽ ഗോൾവാൾക്കറെപ്പോലെ കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തിലുള്ള ഇ.എം.എസിനെപ്പോലെ ചിലർ എക്കാലവും ഉന്നയിച്ചിരുന്നൊരു വാദഗതിയായിരുന്നു സാമ്പത്തികസംവരണം. ഈ വാദഗതിയാണ് ഭാഗികമായെങ്കിലും സുപ്രീംകോടതി അംഗീകരിച്ചത്.

നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രഗവൺമെന്റ് ബാബരി മസ്​ജിദ് തകർക്കുന്നതിന് മൂകസാക്ഷ്യം വഹിച്ചതുപോലെതന്നെ, മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ ഉയർന്നുവന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്കു മുന്നിലും മൗനം അവലംബിക്കുകയായിരുന്നു. കാരണം, സാമ്പത്തിക സംവരണവാദത്തെ തുറന്നെതിർക്കുന്നവർ ഒരു സംഘടനയെന്ന നിലയിൽ കോൺഗ്രസിന്റെ സാമൂഹിക/രാഷ്ട്രീയ ഘടന അനുവദിച്ചിരുന്നില്ല. കാരണം, സവർണ മുന്നാക്കവിഭാഗങ്ങളിൽനിന്ന് എത്തിച്ചേരുന്നവരായിരുന്നു കോൺഗ്രസിന്റെ നേതൃത്വം. ദലിത്-പിന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിന്റെ അടിത്തറയായിരുന്നതുകൊണ്ട് ജാതി സംവരണത്തെ തള്ളിപ്പറയാനുമാവില്ലായിരുന്നു. തന്മൂലം ജാതിസംവരണം തള്ളിക്കളയാതെ തന്നെ പിന്നാക്ക സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം ഏർപ്പെടുത്തി, ജാതിസംവരണവാദികളെയും സാമ്പത്തിക സംവരണവാദികളെയും പ്രീതിപ്പെടുത്താനുള്ളൊരു സമീപനമാണ് കോൺഗ്രസ്​ സ്വീകരിച്ചത്. ഇതോടൊപ്പംതന്നെ പത്തു ശതമാനം സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗങ്ങൾക്ക് നൽകുവാനും തീരുമാനിച്ചു.

എന്നാൽ, കോൺഗ്രസ്​ ഗവൺ​മെന്റിന്റെ മുന്നാക്ക സംവരണ നിലപാട് സുപ്രീംകോടതി അംഗീകരിച്ചില്ല. കാരണം, സംവരണത്തിന്റെ സാമ്പത്തിക മാനദണ്ഡം ഭരണഘടന അംഗീകരിച്ചിരുന്നില്ല. അതിനു പകരമാണ് പിന്നാക്കസംവരണത്തിൽ സാമ്പത്തിക മാനദണ്ഡം കൊണ്ടുവരാൻ കോടതി തയാറായത്. കോടതിവിധി പരക്കെ സ്വാഗതം ചെയ്യപ്പെട്ടപ്പോൾതന്നെ മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ശക്തമായ വിമർശനമുണ്ടായി. സാമ്പത്തിക സംവരണവാദികൾ ഉയർത്തിയ ഈ വിമർശനത്തിന്റെ മുൻനിരയിൽ സംഘ്പരിവാർ നേതൃത്വത്തിൽനിന്ന് എൽ.കെ. അദ്വാനിയും മണ്ഡൽ റിപ്പോർട്ട് നടപ്പാക്കുന്നതിന് നേതൃത്വം നൽകിയ വി.പി. സിങ്ങും കമ്യൂണിസ്റ്റ്/ ഇടതുപക്ഷത്തുനിന്ന് ഇ.എം.എസ്​. നമ്പൂതിരിപ്പാടും ലോഹ്യ സോഷ്യലിസ്റ്റ്/ ദലിത് പക്ഷത്തുനിന്നും രാം വിലാസ്​ പാസ്വാനുമെല്ലാം ഉണ്ടായിരുന്നുവെന്നതും വിചിത്രമായി തോന്നാം.

സങ്കീർണമായ ഈ സാഹചര്യത്തിൽ ഒരു കാര്യം സ്​പഷ്​ടമായി ചൂണ്ടിക്കാണിക്കാനാകുമായിരുന്നു. ഭരണഘടനാപരമായ കാരണങ്ങളാൽ പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ കോടതിതന്നെ പിന്നാക്കസംവരണത്തിൽ ക്രീമിലെയർ ഏർപ്പെടുത്തുക വഴി താത്ത്വികമായി സാമ്പത്തിക സംവരണത്തിലേക്ക് ചാഞ്ഞിരുന്നു. ജാതിസംവരണത്തിനു പകരം സാമ്പത്തിക സംവരണം അംഗീകരിക്കുകയല്ല, ജാതിസംവരണവും സാമ്പത്തിക സംവരണവും തത്ത്വങ്ങളായി അംഗീകരിക്കുകയാണ് ചെയ്തത്. ഇത് ഒരിക്കലും പിന്നാക്ക വിഭാഗങ്ങളിൽനിന്ന് ഉയർന്നുവന്ന ഒരാവശ്യമായിരുന്നില്ലായെന്നത് കോടതിയെക്കുറിച്ച് പിന്നെയും സംശയമുണർത്തി. ഈ വഴുതിപ്പോക്ക് സാമ്പത്തിക സംവരണവാദികളുടെ സമ്പൂർണ വിജയമാകാതിരിക്കാൻ സംവരണീയ വിഭാഗങ്ങളെ ജാഗ്രതപ്പെടുത്തുകയായിരുന്നു മുന്നണിയുടെ ഇടപെടലിന്റെ ഉദ്ദേശ്യം.

ശ്രദ്ധേയമായൊരു കാര്യം കേരളത്തിലെ പിന്നാക്ക/ ദലിത് വിഭാഗങ്ങൾക്കിടയിൽ ഇത്തരം വിഷയങ്ങളൊന്നും ചർച്ചകൾക്കിടയായിരുന്നില്ല എന്നതാണ്. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സംവരണമില്ലാതെ തന്നെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അവർക്ക് നടത്താൻ കഴിഞ്ഞ മുന്നേറ്റമായിരുന്നു അതിന് കാരണം. എന്നാൽ, ദലിതർ സംവരണപ്രശ്നത്തിൽ താരതമ്യേന ജാഗ്രതകാട്ടി. കാരണം, അവരുടെ സാമൂഹികമായ ചലനത്തിന് മറ്റൊരു സാധ്യതയും ഉണ്ടായിരുന്നില്ല.

1995 ജൂൺ 11ന് കാണക്കാരിയിൽ ചേർന്ന എ.എൻ.എം സംസ്​ഥാന കമ്മിറ്റിയുടെ സുപ്രധാനമായൊരു തീരുമാനമായിരുന്നു ആദിവാസി പ്രശ്നത്തിൽ ഇടപെടുകയെന്നത്. കൊടുങ്ങല്ലൂർ മേഖലയിലെ തെങ്ങുകയറ്റത്തൊഴിലാളി സമരം, അപ്പർ കുട്ടനാട്ടിലെ എണ്ണപ്പന കൃഷി, കോതനല്ലൂരിലെ സുരേഷിന്റെ കൊലപാതകം, പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ വി.ടി. വാവയുടെ സസ്​പെൻഷൻ, ദലിത് ഐക്യം, കോളനികളിലെ മദ്യവിൽപന, ദലിത് വിദ്യാർഥികളുടെ പ്രശ്നങ്ങൾ എന്നിവയായിരുന്നു അജണ്ട.

വി.ഡി. ജോസ്​, എൻ.കെ. വിജയൻ, വി. സുനിൽ എന്നിവർക്ക് പുറമെ ഏപ്രിൽ 13/ 14ന് തലയോലപ്പറമ്പിൽ നടന്ന പ്രവർത്തകയോഗത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട സംസ്​ഥാന കമ്മിറ്റിയിലെ അംഗങ്ങളായി എം. പവിത്രൻ, കുഞ്ഞ് പഴന്താറ്റിൽ, അപ്പാവു മാസ്റ്റർ, സി.കെ. രമണി, വി.പി. വിശ്വംഭരൻ എന്നിവർ പങ്കെടുത്തിരുന്നു. രമണി മുന്നണി നേതൃത്വത്തിലേക്കു വരുന്ന ആദ്യത്തെ സ്​ത്രീയായിരുന്നു. കൊടുങ്ങല്ലൂർ, അഴീക്കോട് കടപ്പുറത്ത് മിച്ചഭൂമിക്കുവേണ്ടി കുടിൽകെട്ടി സമരംചെയ്യുന്ന മിച്ചഭൂമി കൈയേറ്റ സമിതിയുടെ കൺവീനറായിരുന്നു. കൊടുങ്ങല്ലൂർ താലൂക്കിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര തെങ്ങുകയറ്റത്തൊഴിലാളി യൂനിയന്റെ പ്രവർത്തകനായിരുന്നു വിശ്വംഭരൻ. 1989ൽ മനുസ്​മൃതി കത്തിച്ച കേസിലെ പ്രതികളിലൊരാൾ. പത്തനംതിട്ട, പറക്കോട് സ്വദേശിയായ അപ്പാവു മാസ്റ്റർ ഗവൺമെന്റ് ൈപ്രമറി സ്​കൂൾ അധ്യാപകനായി റിട്ടയർ ചെയ്തയാളായിരുന്നു.

വിജയൻ കുറച്ചുകാലം മാറിനിന്നതിനുശേഷം തിരിച്ചുവന്നതാണ്. പാർട്ടിയുടെ തകർച്ചക്കുശേഷം ഏറെക്കാലം സംഘടനാപ്രവർത്തനങ്ങളിൽ ഇല്ലാതിരുന്നയാളായിരുന്നു പവിത്രൻ. കെ.കെ. രവിയും വി.ഡി. രാജപ്പനും ക്രിസ്​തുദാസുമടക്കം ചിലർ കമ്മിറ്റിക്ക് എത്തിയില്ല. ക്രീമി​െലയർ ജാഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് മടങ്ങിപ്പോയ രവി പ്രവർത്തകയോഗത്തിലും എത്തിയിരുന്നില്ല. എത്തിച്ചേരാത്തവരെ വിടാതെ പിന്തുടരുകയും അടുത്ത പരിപാടിയിലോ കമ്മിറ്റിയിലോ എത്തിക്കുകയുമെന്നത് എന്റെ ചുമതലയായിരുന്നു. സാമൂഹികപ്രവർത്തനത്തിനായി എന്നോടൊപ്പം ചേർന്ന ഏറ്റവും സത്യസന്ധരും പ്രതിബദ്ധരുമായ ആളുകളുടെ പോലും അവസ്​ഥ ഇതായിരുന്നു. വരികയും പോകുകയും മാറിനിൽക്കുകയും പിന്നെയും വരുകയുമെല്ലാം ചെയ്യുന്നവരുടെ സംഘടന, അതായിരുന്നു അധഃസ്​ഥിത നവോത്ഥാന മുന്നണി.

ഭരണാധികാരികൾ നിഷേധിക്കുമ്പോഴും പട്ടിണി മരണങ്ങൾ ഉൾപ്പെടെയുള്ള വാർത്തകൾ ആദിവാസി മേഖലകളിൽനിന്ന് ഇടക്കിടക്ക് പുറത്തുവന്നിരുന്നു. വയനാട്ടിൽനിന്നുതന്നെ 1994/95 കാലത്ത് പട്ടിണിമരണങ്ങളുടെയും സിക്കിൾസെൽ അനീമിയപോലുള്ള മാരകരോഗങ്ങളുടെയും, ആദിവാസി കോളനികളുടെ മേൽ പൊലീസ്​ സഹായത്തോടെ നടക്കുന്ന അതിക്രമങ്ങളുടെയും, അപ്പപ്പാറ ചാരായ ഷാപ്പിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്ത പതിനെട്ടു വയസ്സോളമുള്ള എട്ട് ആൺകുട്ടികളെ അടിവസ്​ത്രം മാത്രം ധരിച്ച് ആറ് പെൺകുട്ടികളോടൊപ്പം തിരുനെല്ലി പൊലീസ്​ സ്റ്റേഷൻ ലോക്കപ്പിൽ രണ്ട് രാവും പകലും പാർപ്പിച്ചതുപോലുള്ള സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയും പന്തളം സുധാകരൻ പട്ടികവിഭാഗ വകുപ്പ് മന്ത്രിയുമായിരുന്നു.

ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വയനാട്ടിൽ ചില ആദിവാസി സംഘടനകൾ ഭൂപ്രശ്നം ഉന്നയിച്ചുകൊണ്ട് സമര രംഗത്തേക്ക് കടന്നുവന്നത്. വയനാട്ടിലെ 8300ലധികം ആദിവാസി കുടുംബങ്ങൾ ഭൂരഹിതരാണെന്നും അവർക്ക് അഞ്ചേക്കർ വീതം ഭൂമി നൽകണമെന്നും അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുവാൻ വ്യവസ്​ഥ ചെയ്യുന്ന ആദിവാസി ഭൂനിയമം ഭേദഗതി കൂടാതെ നടപ്പാക്കണമെന്നും ആദിവാസി വികസന പ്രവർത്തക സമിതി ജില്ല സെക്രട്ടറി രാമചന്ദ്രൻ വെണ്ണികോട്ട് 1994 സെപ്റ്റംബറിൽ ഇറക്കിയ ഒരു പ്രസ്​താവനയിൽ ആവശ്യപ്പെട്ടിരുന്നു. 1994 ഏപ്രിൽ മാസത്തിൽ അമ്പുകുത്തിയിലെ നിക്ഷിപ്ത വനഭൂമിയിൽ കയറി കുടിൽകെട്ടി സമരം നടത്തിയ മുന്നൂറോളം ഭൂരഹിതരായ ആദിവാസി കുടുംബങ്ങളെ അറസ്റ്റ് ചെയ്തുനീക്കുകയും ഇതേ തുടർന്ന് ആദിവാസി സ്​ത്രീകൾ ആർ.ഡി.ഒ ഓഫിസിന് മുന്നിൽ രണ്ടാഴ്ചയോളം സത്യഗ്രഹം നടത്തുകയുമെല്ലാം ചെയ്തൊരു പശ്ചാത്തലം ഈ പ്രസ്​താവനക്കുണ്ടായിരുന്നു.

അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കൽ നിയമം ഭേദഗതി കൂടാതെ നടപ്പിലാക്കണമെന്ന് തെന്നിന്ത്യൻ ആദിവാസി ഫോറം ജില്ലാ പ്രവർത്തകയോഗം ഈ സമയത്ത് ആവശ്യപ്പെട്ടിരുന്നു. സി.കെ. ജാനു ആ സംഘടനയുടെ വൈസ്​ ചെയർപേഴ്സൻ ആയിരുന്നു. കർണാടകയിൽനിന്നുള്ള ജി.എസ്​. പുഷ്കർ, ആലങ്കട്ട പ്രഭാകരൻ, മടൂർകേശവൻ, ഒ.കെ. ബാലൻ, കണയഞ്ചേരി വേലായുധൻ, കുമാർ വാളംവയിൽ എന്നിവരെല്ലാം ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. തെന്നിന്ത്യൻ ആദിവാസി ഫോറം ആദിവാസികൾക്കിടയിലെ ഒരു സന്നദ്ധസംഘടനയായിരുന്നു. മാനന്തവാടിയിലെ സോളിഡാരിറ്റിയായിരുന്നു വയനാട്ടിലെ ഇവരുടെ പ്രവർത്തനകേന്ദ്രം.

സോളിഡാരിറ്റി ഒരു സന്നദ്ധസംഘടനയായിരുന്നു. സോളിഡാരിറ്റിയും കോർഡ് എന്ന സന്നദ്ധസംഘടനയും മുൻ​ൈകയെടുത്താണ് മാനന്തവാടിയിൽ 1994ൽ ആദിവാസി സംഗമം സംഘടിപ്പിച്ചത്. കർണാടകയിൽനിന്നുള്ള വുഡകെട്ടി കൃഷിക്കാര സംഘവും (വി.കെ.സി) കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ചില ആദിവാസി സംഘടനകളും വ്യക്തികളുമായിരുന്നു ആദിവാസി സംഗമത്തിൽ പങ്കെടുത്തിരുന്നത്. ഈ സമ്മേളനത്തിൽ ​െവച്ചായിരുന്നു തെന്നിന്ത്യൻ ആദിവാസി ഫോറം രൂപവത്കരിക്കപ്പെട്ടത്. ജാനുവിന് പുറമെ കർണാടകയിൽനിന്നുള്ള കെ.പി. രാജുവും ജി.ആർ. പുഷ്കറുമെല്ലാം അതിന്റെ ഭാരവാഹികളായിരുന്നു.

വിദേശപണം പറ്റി കേരളത്തിലെ ദലിതർക്കും ആദിവാസികൾക്കുമിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളോട് മൗലികമായി വിയോജിപ്പുള്ളൊരു സംഘടനയായിരുന്നു അധഃസ്​ഥിത നവോത്ഥാന മുന്നണി. അവരുടെ സ്വാഭിമാനബോധത്തെയും തനതായ മുന്നോട്ടുവരവിനെയും ഇത്തരം പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നതായിരുന്നു ഞങ്ങളുടെ വിലയിരുത്തൽ. എന്നാൽ, തെന്നിന്ത്യൻ ആദിവാസി ഫോറം മാനന്തവാടിയിൽ സംഘടിപ്പിച്ച ‘ആദിവാസി സംഗമ’ത്തിൽ പങ്കെടുത്ത വിദേശിയെ ചെരുപ്പുമാല അണിയിക്കുകയും ആദിവാസികളുടെ ഉണർവുകൾക്കുമേൽ സാമ്രാജ്യത്വമുദ്ര ചാർത്തുവാൻ ശ്രമിക്കുകയുംചെയ്ത സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗിനെപ്പോലുള്ള സംഘടനകളുടെ രാഷ്ട്രീയ സമീപനങ്ങളെ വിമർശനപരമായിട്ടാണ് ഞങ്ങൾ കണ്ടത്. ആദിവാസികൾതന്നെയാണ് അവരുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് ആദിവാസി ഫോറത്തിന്റെ നിലപാടിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയുംചെയ്തു.

ബാഹ്യ ഇടപെടലുകളിലൂടെയാണെങ്കിലും ആദിവാസി ഫോറവും ആദിവാസി വികസന പ്രവർത്തകസമിതിയുംപോലുള്ള സംഘടനകൾ ആദിവാസി ഭൂപ്രശ്നത്തിൽ എത്തിച്ചേർന്ന നിഗമനങ്ങൾ ഒന്നുതന്നെയായിരുന്നു. അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകുമെന്ന് വ്യവസ്​ഥചെയ്യുന്ന ആദിവാസി ഭൂനിയമം നടപ്പാക്കുക, ഭൂരഹിതരായ ആദിവാസികൾക്ക് ജീവിക്കാനാവശ്യമായ ഭൂമി നൽകുക. ആദിവാസികൾക്കുവേണ്ടി വയനാട് ജില്ലയിൽ തുടങ്ങിയ സുഗന്ധഗിരി, പ്രിയദർശിനി, ചിങ്ങേരി, വനറാണി, വനലക്ഷ്മി എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് ഏഴായിരത്തിലേറെ ഹെക്ടർ ഭൂമിയുണ്ടെന്നും 20,600ലധികം ഹെക്ടർ ഭൂമി നിക്ഷിപ്ത വനഭൂമിയായി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും അതിൽ പകുതി എസ്​.സി/ എസ്​.ടി വിഭാഗങ്ങൾക്ക് വാഗ്ദാനം നൽകിയിട്ടുള്ളതാണെന്നും പതിനായിരക്കണക്കിനേക്കർ മിച്ചം ജില്ലയിലുണ്ടെന്നുമെല്ലാം ഈ കാലത്ത് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇവയെല്ലാം മുൻനിർത്തിയായിരുന്നു ആദിവാസികൾ ഭൂമിക്കുവേണ്ടിയുള്ള സമരം ആരംഭിച്ചത്.

ഈ സമയത്ത് 1994 സെപ്റ്റംബർ 19ന് മാനന്തവാടിയിൽ ബിഷപ്സ്​ ഹൗസിൽ ചേർന്ന ൈക്രസ്​തവ സഭാ മേലധ്യക്ഷന്മാരുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും ദലിതേതര സമുദായ നേതാക്കളുടെയും മലയോര കർഷക ഫെഡറേഷന്റെയുമെല്ലാം സംയുക്തയോഗം ആദിവാസി ഭൂനിയമം നടപ്പാക്കുന്നതിന്റെ പേരിൽ കർഷകരെയും ആദിവാസികളെയും തമ്മിലടിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് 1975ൽ സംസ്​ഥാന സർക്കാർ പാസാക്കിയ നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ രക്തം നൽകിയും അതിനെ നേരിടുമെന്നും മുന്നറിയിപ്പ് നൽകി.

മാനന്തവാടി ബിഷപ് ഡോ. ജേക്കബ് തുങ്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീനങ്ങാടി ബിഷപ് യൂഹാന്നോൻ മാർ പീലിക്സിനോസ്​, സുൽത്താൻ ബത്തേരി മെത്രാപ്പോലീത്ത, കുര്യാക്കോസ്​ മാർ ക്ലീമിക്സ്​, കെ.കെ. രാമചന്ദ്രൻ മാസ്റ്റർ എം.എൽ.എ, ഫാ. മത്തായി നൂറനാൽ, ഫാ. ജോസഫ് മാമ്പിള്ളി, ഫാ. ജോർജ് മൈലാടൂർ, അഡ്വ. ഫാ. തോമസ്​ ജോസഫ് തേരകം, കത്തോലിക്ക കോൺഗ്രസ്​ മാനന്തവാടി രൂപതാ പ്രസിഡന്റ് എൻ.എം. ജോസഫ്, മലയോര കർഷക ഫെഡറേഷൻ പ്രസിഡന്റ് പി.സി. ജോസഫ്, എസ്​.എൻ.ഡി.പി യൂനിയൻ ജില്ല പ്രസിഡന്റ് കെ.കെ. രാജപ്പൻ മാസ്റ്റർ, അഡ്വ. ടി.ജെ. ആന്റണി, ടി. മൂസ എന്നിവർ പങ്കെടുത്തിരുന്നു.

ഇതിൽ അഡ്വ. ഫാ. തോമസ്​ ജോസഫ് തേരകം പി.യു.സി.സി എന്ന മനുഷ്യാവകാശ സംഘടനയുടെ വയനാട് ജില്ല പ്രസിഡന്റായിരുന്നു. അദ്ദേഹം ഈ സമയത്ത് ഇറക്കിയ ഒരു പ്രസ്​താവനയിൽ ആദിവാസികളെയും കൈവശ കൃഷിക്കാരെയും ഒരു നിയമത്തിന്റെ പേരിൽ ശത്രുക്കളാക്കുന്നത് ശരിയല്ലെന്നും 1975ലെ ഭൂനിയമം നടപ്പാക്കിയത് കുറിച്യ-കുറുവ വിഭാഗക്കാർക്കു മാത്രമേ ഗുണംചെയ്യുകയുള്ളൂ എന്നും നൂറ്റാണ്ടുകളായി ഭൂമിയുടെ മേൽ ഉടമസ്​ഥാവകാശമോ തൽസംബന്ധമായ രേഖകളോ ഇല്ലാത്ത ആദിവാസികൾക്ക് ഭൂമി ലഭിക്കില്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

(തുടരും)

Show More expand_more
News Summary - km salim kumar biography