Begin typing your search above and press return to search.
proflie-avatar
Login

പൂയംകുട്ടി സമരവും ജെ.എസ്.എസും: നിലപാടുകളുടെ നാളുകൾ

ക​​ടു​​ത്ത - 26

biography
cancel
camera_alt

ചി​​ത്രീ​​ക​​ര​​ണം: തോ​​ലി​​ൽ സു​​രേ​​ഷ്​

സി.ആർ.സി, സി.പി.ഐ (എം.എൽ) പിരിച്ചുവിടപ്പെട്ട ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും നിലപാടുകളി​ൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും എഴുതുന്നു.

വർക്കലയിൽനിന്ന് കോട്ടയത്തേക്കുള്ള യാത്രക്കിടയിൽ എ.എൻ.എം ബുള്ളറ്റിനുവേണ്ടി ശശികലയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ചും ഇത്തരം സംഭവങ്ങളുള്ള പൗരസമൂഹത്തിന്റെ സമീപനത്തെക്കുറിച്ചും െട്രയിനിൽ ​െവച്ച് ഒരു കുറിപ്പ് എഴുതിയ​േപ്പാൾ ഹൃദയം മാത്രമല്ല, കണ്ണുകളും നിറഞ്ഞു. ഞങ്ങളുടെ മകൾ ബുദ്ധയെക്കാൾ നാലഞ്ച് വയസ്സ് ഇളയ കുട്ടിയായിരുന്നു ശശികല. അപരിചിതയായിട്ടും ശശികല ഒരു ഓർമയായിരുന്നു.

ഗാന്ധി യൂനിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന എ.യു. രാമകൃഷ്ണന്റെ വീട്ടിൽ ​െവച്ച് കണ്ടുമുട്ടിയ എ. അജിത ഈ വിഷയത്തോടു കാണിച്ച താൽപര്യം ഒരിക്കൽകൂടി ശശികലയുടെ ഓർമകളുമായി ഈ കോളനിയിലെത്താൻ ഇടയാക്കി. അജിതയോടൊപ്പം എലിസബത്തും കൂടി. കുറേ ദുഃഖങ്ങളും പരിദേവനങ്ങളും കേട്ടു മടങ്ങി. എന്നിരിക്കിലും ബഹിഷ്കൃതമാക്കപ്പെട്ടൊരു സ്​ഥലത്തേക്ക് മുകൾത്തട്ടുകളിലെ സ്​ത്രീകളുടെ ഇറങ്ങിച്ചെല്ലൽ, പുതിയൊരു അനുഭവമായിരുന്നു.

1994 ഏപ്രിൽ 26ന് കരിപ്പുതട്ടയിൽ ചേർന്ന എ.എൻ.എം സംസ്​ഥാന കമ്മിറ്റിയുടെ അജണ്ടയിലെ മുഖ്യമായൊരു വിഷയമായിരുന്നു പൂയംകുട്ടി പദ്ധതി. രാഷ്ട്രീയ സംഘടനാ പ്രശ്നങ്ങൾ, സി.ടി. സുകുമാരൻ സമരം വിലയിരുത്തൽ, ആദിവാസി ഭൂപ്രശ്നം, വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്നം, ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​), സ്​ത്രീ വിദ്യാപ്രശ്നങ്ങൾ, േട്രഡ് യൂനിയൻ പ്രവർത്തനങ്ങൾ, ബുള്ളറ്റിൻ എന്നിവയായിരുന്നു മറ്റു വിഷയങ്ങൾ. വി.ഡി. രാജപ്പൻ, കെ.കെ. രവി, കെ.എം. കുഞ്ഞുമോൻ, എം.കെ. രാജു, വി.സി. ജോസ്​, സി.വി. ക്രിസ്​തുദാസ്​ എന്നിവരാണ് ആ കമ്മിറ്റിയിൽ പങ്കെടുത്തത്. ചില വിഷയങ്ങൾ ചർച്ചചെയ്ത് പൊതുധാരണയിൽ എത്തുകയും മറ്റു ചിലതിൽ ഇടപെടുവാൻ തീരുമാനിക്കുകയും ചെയ്തു. അതിലൊന്നായിരുന്നു പൂയംകുട്ടി പദ്ധതി. പൂയംകുട്ടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പദ്ധതിക്കെതിരെ കോതമംഗലത്ത് നടക്കുന്ന റിലേ സത്യഗ്രഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു.

ജാതിപ്രശ്നവും സ്​ത്രീപ്രശ്നവും പോലെതന്നെ പാരിസ്​ഥിതിക പ്രശ്നങ്ങളും കേരളത്തിലെ നക്സ​െലെറ്റുകൾക്കിടയിൽ എൺപതുകളുടെ രണ്ടാം പകുതിയിൽ ഗൗരവമായ ചർച്ചകൾക്ക് വിധേയമാക്കപ്പെട്ടിരുന്നു. ഭൂതത്താൻകെട്ടിലെ നിർദിഷ്​ട ആണവനിലയവും പൂയംകുട്ടി പദ്ധതിയും നടപ്പാക്കപ്പെട്ടാൽ പ്രകൃതിക്കും ജീവജാലങ്ങൾക്കും മനുഷ്യനും ഉണ്ടാകുവാൻ പോകുന്ന വിപത്തുകൾ ചൂണ്ടിക്കാട്ടി സി.ആർ.സി, സി.പി.ഐ.എം.എല്ലിന്റെ നേതൃത്വത്തിൽ 1989ൽ കോതമംഗലത്ത് ഒരു ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു. അധഃസ്​ഥിത നവോത്ഥാന മുന്നണിയും അതിൽ പങ്കാളിയായിരുന്നു. എം.എ കോളജ് പ്രിൻസിപ്പലായിരുന്ന എം.പി. വർഗീസിന്റെ നേതൃത്വത്തിൽ ഓർഗനൈസേഷൻ ഫോർ െപ്രാട്ടക്ഷൻ എഗൻസ്റ്റ് ന്യൂക്ലിയർ റേഡിയേഷൻ (ഒ.പി.എൻ.ആർ) എന്ന സംഘടന ആണവനിലയത്തിനെതിരെ രംഗത്തുണ്ടായിരുന്നു. പൂയംകുട്ടി പദ്ധതി 1994ൽ വീണ്ടും സർക്കാർ അജണ്ടയായി മാറിയപ്പോൾ പിന്നെയും ചെറുത്തുനിൽപുകളുണ്ടായി.

പാരിസ്​ഥിതിക അവബോധം കേരളത്തിലെ ജനങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദർഭമായിരുന്നു ഇത്. പ്രഫ. എം.പി. മത്തായി അധ്യക്ഷനും ചിത്തരനും ജോൺ പെരുവന്താനവും കൺവീനർമാരുമായി പൂയംകുട്ടി സംരക്ഷണസമിതി രൂപവത്കരിക്കപ്പെട്ടു. അനിശ്ചിതകാല റിലേ സത്യഗ്രഹം തുടങ്ങി. പദ്ധതിയോട് വിയോജിക്കുന്ന ആർക്കും സത്യഗ്രഹികളായി എത്തുകയും സമരത്തിൽ പങ്കെടുക്കുകയുംചെയ്യാം. നിശ്ചിത ദിവസത്തിനുള്ളിൽ ഈ രംഗത്തുള്ള പല സംഘങ്ങളും അവിടെയെത്തി. 1994 മേയ് 13, അധഃസ്​ഥിത നവോത്ഥാന മുന്നണിയുടെ ഊഴമായിരുന്നു. തീവ്ര കമ്യൂണിസ്റ്റുകളും ഗാന്ധിയന്മാരും പരിസ്​ഥിതിവാദികളുമായി സഹകരിച്ചുകൊണ്ട് പൂയംകുട്ടി സംരക്ഷണത്തിനായി ദലിതർക്കിടയിൽനിന്നുണ്ടായ അപൂർവമായൊരിടപെടൽ. മറ്റു പ്രദേശങ്ങളിൽനിന്ന് എത്തിയവരോടൊപ്പം തൃശൂർ–കൊടുങ്ങല്ലൂർ മേഖലയിൽനിന്ന് എം.എൻ. രാജുവിന്റെ നേതൃത്വത്തിൽ എത്തിയ മുന്നണി പ്രവർത്തകരും അനുഭാവികളുമായിരുന്നു ഈ പങ്കാളിത്തം ശ്രദ്ധേയമാക്കിയത്. സംഘടനയുടെ ഓരോ ഇടപെടലും ശ്രദ്ധേയമാക്കുന്നത് ഏതെങ്കിലും പ്രദേശത്തുള്ളവർ മുൻകൈയെടുക്കുമ്പോഴായിരുന്നു.

അന്ന് വൈകീട്ട് നടന്ന പൊതുയോഗം ഉദ്ഘാടനംചെയ്തത് സി.പി.ഐ നേതാവും എം.പിയുമായിരുന്ന കെ.പി. സുരേന്ദ്രനാഥാണ്. മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഇക്കാലത്ത് പാരിസ്​ഥിതികാവബോധവുമായി രംഗത്തുവന്ന അപൂർവം ചിലരിൽ ഒരാളായിരുന്നു സുരേന്ദ്രനാഥ്. പൂയംകുട്ടി വനവും അതിന്റെ ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആദിവാസികളുടെയും ഈ മേഖലയിൽ സമൃദ്ധമായി വളരുന്ന ഈറ്റക്കാടുകളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് സാധാരണ മനുഷ്യരുടെയും പ്രശ്നങ്ങളായിരുന്നു മുന്നണി ഉന്നയിച്ചത്.

സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട കെ.ആർ. ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകുമ്പോൾ മണ്ഡൽ വിവാദങ്ങളുടെ ഭാഗമായി ദേശവ്യാപകമായുണ്ടായ സാമൂഹിക-രാഷ്ട്രീയ ചലനങ്ങളുടെ പശ്ചാത്തലം അതിനുണ്ടായിരുന്നു. പിന്നാക്ക സാമൂഹികാടിത്തറയായിരുന്നു ജെ.എസ്​.എസിന് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ബി.എസ്​.പി സ്​ഥാപക നേതാവായ കാൻഷിറാം ഗൗരിയമ്മയെ കാണാൻ കേരളത്തിലെത്തിയത്. ഇത്തരമൊരു രാഷ്ട്രീയ നീക്കത്തിന്റെ പിന്നിലെ സാധ്യതകൾ ചൂണ്ടിക്കാട്ടി അതുമായി സഹകരിക്കുന്നതിനെപ്പറ്റി കെ. വേണു അഭിപ്രായം ആരാഞ്ഞിരുന്നു. വർഗസമരവും സാമൂഹികനീതിയും സമന്വയിപ്പിക്കുന്നൊരു പ്രത്യയശാസ്​ത്ര നിലപാടായിരുന്നു ജെ.എസ്​.എസ്​ മുന്നോട്ടുവെച്ചത്. ജാതിപ്രശ്നവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന അന്വേഷണങ്ങളുടെ ഭാഗമായി ഉയർന്നുവരികയും അധഃസ്​ഥിത നവോത്ഥാന മുന്നണി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നൊരു പ്രത്യയശാസ്​ത്ര സമീപനമായിരുന്നു അത്. തന്മൂലം ജെ.എസ്​.എസുമായി ബന്ധപ്പെട്ടൊരു സമീപനം വ്യക്തമാക്കാൻ മുന്നണി നിർബന്ധിക്കപ്പെട്ടു.

ജെ.എസ്​.എസ്​ രാഷ്ട്രീയ ദിശ സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതിൽ ചേർന്ന് പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിലൂടെ നമ്മൾ ഏറ്റെടുത്തിരിക്കുന്ന സാമൂഹിക ദൗത്യ നിർവഹണത്തിന് കഴിയാതെ പോകുമെന്നായിരുന്നു പൊതു വിലയിരുത്തൽ. വർഗസമരത്തോടൊപ്പം സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടത്തെയും കാണാൻ കഴിയുന്നു എന്നത് ഒരു പുതിയ കാര്യമാണെങ്കിലും ജെ.എസ്​.എസിൽ ചേരേണ്ടതില്ലെന്നും എന്നാൽ, ഈ പ്രത്യയശാസ്​ത്ര രാഷ്ട്രീയ സമീപനത്തെ പിന്തുണക്കാനും തീരുമാനിച്ചു. വർഗസമരവും സാമൂഹിക നീതിയും സമന്വയിപ്പിക്കുന്ന നിലപാടിന്റെ അടിസ്​ഥാനത്തിലായിരുന്നു േട്രഡ് യൂനിയൻ പ്രശ്നം ചർച്ചചെയ്യപ്പെട്ടത്. ജാതിവിരുദ്ധ സമീപനമായിരിക്കും യൂനിയൻ നിലപാടിന്റെ ഉള്ളടക്കം. യൂനിയന്റെ നേതൃത്വം മുന്നണിക്കായിരിക്കും.

തൃശൂരിലെ തെങ്ങുകയറ്റതൊഴിലാളികൾക്കിടയിൽ അപ്പോൾതന്നെ മുന്നണികൾക്ക് ബന്ധമുണ്ടായിരുന്നു. ജില്ലയിലെ തെങ്ങുകയറ്റ തൊഴിലാളികൾ ദലിത് സമൂഹത്തിൽനിന്ന് വരുന്നവരായിരുന്നു. എറണാകുളം ജില്ലയിലെ നായരമ്പലം പഞ്ചായത്തിൽ വി.ഡി. രാജപ്പൻ കാർഷികമേഖലയിലെ തൊഴിലവകാശങ്ങൾക്കുവേണ്ടി സ്വന്തം മുൻകൈയിൽതന്നെ പ്രക്ഷോഭണരംഗത്തുള്ള ആളായിരുന്നു. കെ.കെ. രവി കോട്ടയം ജില്ലയിലെ അപ്പർ കുട്ടനാട് മേഖലയിൽ പുല്ലുവെട്ട് തൊഴിലാളികളുടെ യൂനിയനുണ്ടാക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് വിലയിരുത്തി. കെ.കെ. രവി പിന്നീട് കുട്ടമ്പുഴ പഞ്ചായത്തിൽ സ്വതന്ത്ര ഈറ്റത്തൊഴിലാളി യൂനിറ്റുണ്ടാക്കുന്നതിന് നേതൃത്വം കൊടുത്തു.

അയ്യൻകാളിയെ ‘പുലയരാജാവ്’ എന്ന് വിളിച്ച് ജാതീയമായി ന്യൂനീകരിച്ച ഗാന്ധിയൻ പാരമ്പര്യവും കാർഷിക സമരത്തിന്റെ നേതൃത്വം അടിസ്​ഥാനവർഗത്തിന്റെ സൂചകവുമായി ചിത്രീകരിച്ച ഇടതുപക്ഷ പാരമ്പര്യവുമെല്ലാം നിലനിൽക്കെ, ജാതിവിരുദ്ധമായൊരു ദിശാബോധത്തിൽനിന്ന് കേരളീയ നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യത്തിനും സ്വാഭിമാനത്തിനുംവേണ്ടി നടന്ന ദലിത് പോരാട്ടങ്ങളുടെയും പൈതൃകമായി ആവിഷ്കരിക്കുവാനാണ് ഈ ലേഖനത്തിൽ ശ്രമിച്ചത്. അതുപോലെതന്നെ ജാതിവത്കരണത്തിനും മതവത്കരണത്തിനും വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അയ്യൻകാളിയെ സെക്കുലറായി അവതരിപ്പിക്കുവാനും ശ്രമിച്ചു. ‘അയ്യൻകാളി ജീവിതവും ദൗത്യവും’ എന്ന ലഘുലേഖനം ഈ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ആത്മബോധത്തെക്കുറിച്ചുള്ള അവബോധം, പുതിയ അന്വേഷണങ്ങളിലേക്ക് നയിച്ചു. 1994ൽ രചിച്ച ‘ദലിത് അന്വേഷണം: നിലപാടുകളും വിമർശനങ്ങളും’ എന്ന കുറിപ്പ് ഈ അന്വേഷണങ്ങളുടെ ഭാഗമായിരുന്നു. പ്രായോഗിക പ്രവർത്തനങ്ങളോടൊപ്പം രൂപപ്പെട്ടു തുടങ്ങിയ ആശയാവിഷ്കാരത്തിന്റെ രംഗത്തുള്ള ഇടപെടലായിരുന്നു ഇത്.

നവോത്ഥാന കാലം ദലിതർക്കിടയിൽ ഉയർത്തിക്കൊണ്ടുവന്ന ‘സാധുജനം’, ‘അടിമ’, ‘ചേരമർ’ തുടങ്ങിയ സങ്കൽപങ്ങൾ നിശ്ചലമാക്കുകയും സ്വന്തം കർത്തൃത്വം തേടിയ ജനത പൊതുമണ്ഡലത്തിൽ വ്യാപരിച്ച ഹരിജൻ െഫ്രയ്മിനുള്ളിലാക്കുകയും ചെയ്തു. ഇതോടൊപ്പം അടിസ്​ഥാനവർഗംപോലുള്ള മറ്റു ചില സങ്കൽപങ്ങളും ദലിതർക്കിടയിൽ സ്വാധീനം നേടി. വ്യാഖ്യാന സാധ്യതകൾ ഇത്തരം സങ്കൽപങ്ങൾ മറ്റുള്ളവരിൽനിന്ന് ദലിതരെ വേർതിരിച്ചറിയുന്നതിനപ്പുറം കാര്യമായ ഒന്നും അർഥമാക്കിയിരുന്നില്ല. അതിന് സംസ്​കാരത്തിന്റെയോ ചരിത്രത്തിന്റെയോ ആധുനിക ചിന്താലോകത്തിന്റെയോ ഒരു പിൻബലവുമുണ്ടായിരുന്നില്ല. ഗാന്ധിയും കോൺഗ്രസ്​ എന്നുതന്നെയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ‘ഹരിജൻ’ അഥവാ ‘ദൈവത്തിന്റെ മക്കൾ’ എന്നത് അപഹാസ്യമായി തോന്നിയ ഉദ്ബുദ്ധതയുടെ മുഖത്തുനിന്നാണ് എഴുപതുകളുടെ തുടക്കത്തിൽ ‘ദലിത്’ പ്രയോഗം ഉയർന്നുവന്നത്.

തികച്ചും വ്യത്യസ്​തമായൊരു സാമൂഹിക സങ്കൽപമായിരുന്നു ദലിത്. മഹാരാഷ്ട്രയിലെ അംബേദ്കറിസ്റ്റുകൾക്കിടയിൽ രൂപംകൊണ്ട ദലിത് പാന്തർ പ്രസ്​ഥാനമായിരുന്നു അതിന്റെ ആവിഷ്‍കർത്താക്കൾ. തകർക്കപ്പെട്ടവർ, കീഴടക്കപ്പെട്ടവർ എന്നെല്ലാം അർഥമുള്ള ഈ പദം ഒരു സാമൂഹികാവസ്​ഥയുടെ സൂചകമെന്നതിനപ്പുറം വിമോചനാത്മകമായൊരു തിരിച്ചറിവും സന്ദേശവും ഉൾ​െക്കാണ്ടിരുന്നു. തന്മൂലമത് രാജ്യത്തെമ്പാടും വിദ്യാസമ്പന്നരും സാമൂഹികമാറ്റം സ്വപ്നം കാണുന്നവരുമായ ദലിത് യൗവനത്തെ സ്വാധീനിച്ചു. ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രണ്ടു നൂറ്റാണ്ടായി ലോകത്തെ ഇളക്കിമറിച്ചുകൊണ്ടിരുന്ന വിപ്ലവങ്ങളുടെയും തത്ത്വശാസ്​ത്രങ്ങളുടെയും പ്രത്യയശാസ്​ത്രങ്ങളുടെയുമെല്ലാം സ്​പർശമതിനുണ്ടായിരുന്നു.

വിയറ്റ്നാമിൽ അപ്പോഴും വിപ്ലവയുദ്ധം തുടരുകയായിരുന്നു. കൊളോണിയലിസത്തിനെതിരായ ദേശീയ യുദ്ധം. റഷ്യയിൽ അണഞ്ഞു തുടങ്ങിയ വിപ്ലവസൂര്യന്റെ പ്രഭാവം കാർഷികവിപ്ലവത്തിന്റെ തീപ്പൊരിയായി ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രത്യക്ഷപ്പെട്ട കാലം. വ്യവസായിക യുഗത്തിലെ വിപ്ലവത്തിന്റെ നേതൃശക്തിയായി വിഭാവനചെയ്യപ്പെട്ട ആധുനിക തൊഴിലാളി വർഗത്തിന്റെ സ്​ഥാനത്തേക്ക് അമേരിക്കയിലെ കറുത്തവരുടെ ആവാസകേന്ദ്രങ്ങളായ നാഗരിക ചേരികൾ, ഗെ​േറ്റായായി വ്യാഖ്യാനിക്കപ്പെട്ടു. അറുപതുകളുടെ അവസാനം അവിടെ ബ്ലാക്ക് പാന്തർ പാർട്ടി രൂപവത്കരിക്കപ്പെട്ടു. കറുത്തവരുടെ ലോകത്ത് അറുപതുകളെ പിടിച്ചുകുലുക്കിയ കൊളോണിയലിസത്തിനെതിരായ ദേശീയ പോരാട്ടത്തിൽ വെളുപ്പ് അധീശത്വത്തിന്റെയും കറുപ്പ് വിമോചനത്തിന്റെയും ചിഹ്നങ്ങളായി രൂപാന്തരപ്പെട്ടിരുന്നു.

കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ് പ്രസ്​ഥാനത്തിന്റെയുമെല്ലാം ഭാഗമായിരുന്നു ദലിതർക്കിടയിൽ എന്നാണ് ഗാന്ധിസത്തെയും മാർക്സിസത്തെയുമെല്ലാം വിമർശനവിധേയമാക്കിക്കൊണ്ടുള്ള പുതിയ സാമൂഹിക പരികൽപനകൾ ഉയർന്നുവന്നത്. എന്നാൽ, ഇത്തരം പുതിയ ചിന്തകൾക്കൊന്നും വഴങ്ങാത്ത ദ്രാവിഡ വർഗ ഐക്യമുന്നണിപോലുള്ള ചില സംഘടനകൾ നിലവിലുണ്ടായിരുന്നു. ആര്യ/ ദ്രാവിഡ വിഭജനവാദമായിരുന്നു അതിന്റെ അടിസ്​ഥാനം. തങ്ങൾ സംവരണം വാങ്ങേണ്ടവരല്ല, കൊടുക്കേണ്ടവരാണ് എന്നായിരുന്നു ഇവരുടെ ചിന്ത. വർണംപോലെ തന്നെ സുദൃഢമായ മറ്റൊരു സാമൂഹികബന്ധത്തിനുള്ളിലെ സംഘർഷങ്ങളിൽനിന്നാണ് രണ്ട് പതിറ്റാണ്ട് പിന്നിട്ട സ്വതന്ത്ര ഇന്ത്യയിൽ ജാതിഘടനയുടെ അടിത്തട്ടിൽനിന്ന് ദലിതർ ഉയിർത്തെഴുന്നേറ്റത്. കൊളോണിയലിസം അവസാനിക്കുന്നതിലൂടെ മാത്രം പരിഹരിക്കപ്പെടുന്നതല്ല ദലിതരുടെ പ്രശ്നങ്ങൾ എന്നുവന്നു.

ഇവിടെ പുതിയ സാമൂഹിക പരികൽപനകൾ ആവശ്യമായിത്തീർന്നു. ബ്രാഹ്മണിസത്തിന്റെ ഹിംസാത്മകമുഖമായ ഫാഷിസം ശിവസേനയുടെ രൂപത്തിൽ മഹാരാഷ്ട്രയിൽ, പ്രത്യേകിച്ച് ഇന്ത്യയുടെ മഹാനഗരമായ ബോംബെയിൽ പ്രത്യക്ഷപ്പെട്ട കാലമായിരുന്നു ഇത്. ശിവസേന സ്​ഥാപകനായ ബാലസാഹബ് കേശവ താക്കറെ 1967ൽ പറഞ്ഞത് ‘‘ഇന്ത്യക്ക് ഇന്ന് ആവശ്യം ഒരു ഹിറ്റ്​ലറെ’’യാണെന്നായിരുന്നു. രാഷ്ട്രീയ-സാംസ്​കാരിക ഇന്ത്യയുടെ ഉദാരവാദ ദേശീയമുഖത്ത് നിന്ന് കോൺഗ്രസ്​ നേതൃത്വം ശിവസേനയെയും താക്കറെയെയും ആശീർവദിച്ചു. ദേശീയപ്രസ്​ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്​ഥാനത്തിന്റെയുമെല്ലാം കേന്ദ്രമായിരുന്നു ബോംബെ. ഗാന്ധിയും അംബേദ്കറും ഡാ​ങ്കെയുമെല്ലാം ബോംബെ ശിവസേനയുടെയും ബാൽതാക്കറുടെയും കരങ്ങളിൽ അമ്മാനമാടിത്തുടങ്ങിയിരുന്നു. ഈ മഹാരാഷ്ട്രയിലാണ് എഴുപതുകളുടെ തുടക്കത്തിൽ ദലിത് പാന്തർ പ്രസ്​ഥാനം രൂപംകൊണ്ടത്.

സാമൂഹികമാറ്റത്തിന്റെ പരികൽപനകളിലുണ്ടാകുന്ന മാറ്റങ്ങൾ ഏതെങ്കിലും പ്രത്യയശാസ്​ത്രങ്ങൾക്ക് പ്രതിരോധിക്കാൻ കഴിയുന്നതല്ല. നിലവിലുള്ള പ്രത്യയശാസ്​ത്രങ്ങളെല്ലാം സ്വാഭാവികമായും വിമർശനവിധേയമാക്കപ്പെട്ടു. അംബേദ്കറിലൂടെയും ഫൂലെയിലൂടെയുമെല്ലാം ആഴ്ന്നിറങ്ങുന്ന ഒരു ചരിത്രപരത അതിനുണ്ടായിരുന്നു. 90കളുടെ ആദ്യപകുതിയിൽ കേരളത്തിലെ ദലിത് പ്രവർത്തനമണ്ഡലത്തിൽ ദലിത് വീക്ഷണം, ദലിത് ദേശീയത, ദലിത് പ്രത്യയശാസ്​ത്രം തുടങ്ങിയ വിവക്ഷകൾ ചർച്ചചെയ്യപ്പെട്ടിരുന്നു.

ദലിത് അന്വേഷകർക്കിടയിലും അവരുടെ പക്ഷത്തുനിന്ന് ചിന്തിക്കുന്നവർക്കിടയിലുമൊന്നും ഇത്തരം കാര്യങ്ങളിൽ ഏകീകരിച്ച് ഒരു അഭിപ്രായം ഉണ്ടായിരുന്നില്ല. ദലിത് എന്ന സമജ്ഞ തന്നെ വ്യത്യസ്​തമായ തലങ്ങളിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. വംശീയമായി ഉന്മൂലനം നേരിടുന്ന അധഃസ്​ഥിത ജനവിഭാഗങ്ങളുടെ സാംസ്​കാരികവും രാഷ്ട്രീയവുമായ ഉയിർത്തെഴുന്നേൽപ്പിന്റെ ചരിത്രം ‘ദലിത്’ എന്ന പദം ഉൾക്കൊള്ളുന്നു എന്നാണ് സീഡിയൻ സർവിസ്​ സൊസൈറ്റി, ദലിത് സേവാസമിതി, കൺവെർട്ടഡ് ക്രിസ്​ത്യൻ ഫോറം, ക്രിസ്​ത്യൻ ദലിത് ലിബറേഷൻ മൂവ്മെന്റ് എന്നീ സംഘടനകൾ 1989 ജൂലൈയിൽ സംയുക്തമായി രചിച്ച ഒരു ലഘുലേഖയിൽ പറഞ്ഞത്.

ദലിതനാവുക എന്നാൽ പീഡിതനാവുക എന്നാണ് അർഥമെന്ന് ഹസൻ മൻസൂർ 1993ൽ വർത്തമാനത്തിൽ എഴുതി. ‘‘വിശാലമായ അർഥത്തിൽ ലോകത്തിലെ മുഴുവൻ അധിനിവേശ പ്രദേശങ്ങളിലെയും എല്ലാ ആദിമ ജനവിഭാഗങ്ങളുടെയും പിന്മുറക്കാരെ ദലിതർ എന്ന് വിളിക്കാവുന്നതാണെ’’ന്ന് ജോർജ് മൂലേച്ചാലിൽ പാഠഭേദം ലക്കം 115ൽ ‘ദലിത് പൈതൃകം തിരിച്ചറിയുക’ എന്ന ലേഖനത്തിൽ പറയുന്നു. പട്ടികജാതിക്കാരും പട്ടികവർഗക്കാരുമായി പരിഗണിക്കപ്പെടുന്ന സമൂഹങ്ങൾ ‘ഹരിജൻ’ പ്രയോഗത്തോട് വൈകാരികമായും ധിഷണാപരമായും വി​േയാജിച്ചുകൊണ്ട് തിരഞ്ഞെടുത്ത പദമാണ് ‘ദലിത്’ എന്ന് പറയുന്നവരും ഉണ്ടായിരുന്നു. ‘ഹരിജൻ’ എന്ന് വിളിക്കപ്പെടുന്ന അധഃസ്​ഥിത ജാതിക്കാരും അവരുടെ രക്തബന്ധുക്കളായ അധഃസ്​ഥിത ൈക്രസ്​തവരുമാണ് ദലിതർ എന്ന് സങ്കൽപമുണ്ടായിരുന്നു.

ഈ സമയത്ത് ദലിതർക്കിടയിൽ നിലനിന്നിരുന്ന പ്രബലമായ ചിന്താഗതിയായിരുന്നു ദലിത് ദേശീയത എന്നത്. ദലിതർ മാത്രമല്ല, അദലിതരായ ചിലരും ഈ ചിന്താഗതിയുടെ വക്താക്കളായിരുന്നു. എബ്രഹാം അയിരൂർ കുഴിയിൽ എഡിറ്റ് ചെയ്ത ‘ദലിത് ദേശീയത’ എന്ന കൃതിയിൽ ‘ദേശീയതയുടെ പ്രത്യയശാസ്​ത്രത്തിലേക്കുള്ള ദലിതരുടെ നീക്കം’ എന്ന ലേഖനത്തിൽ ദലിത് ദേശീയതയുടെ അടിത്തറയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് മർദിത ദേശീയതയാണ്. മറ്റു ദേശീയതകൾപോലെ ഗോത്രമോ ഭാഷയോ ദേശമോ മതമോ ഈ ജനതയെ വേർതിരിക്കുന്നതായി പറയാനാവില്ലെന്നും സാമൂഹികമായ വിവേചനവും സാമ്പത്തികമായ അടിച്ചമർത്തലുമാണ് അതിന്റെ മാനദണ്ഡങ്ങൾ എന്നും അദ്ദേഹം പറയുന്നു. പട്ടികജാതി ലിസ്റ്റിലുള്ളവരെ മാത്രമല്ല, പട്ടികവർഗത്തിൽപെട്ട അനേക സംഘടനകളെയും ദലിതരായി കണക്കാക്കേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.

‘ദേശീയതയും ദലിത് ൈക്രസ്​തവ വിവേചനവും’ എന്ന ലേഖനത്തിൽ (ദലിതർ വിമോചന പാതയിൽ കെ.സി.സി പ്രസിദ്ധീകരണം-1988) കെ.കെ.എസ്​. ദാസ്​ പറയുന്നത്, വേദകാലത്തെ ആര്യ അനാര്യ സംഘട്ടനങ്ങളിലൂടെയും സന്ധിയിലൂടെയും നെടുനാളായി പുലർന്ന രണ്ട് വ്യത്യസ്​ത ധാരകളുടെ ചരിത്രം ഉൾക്കൊള്ളുന്നുണ്ടെന്നും ദേവാസുരയുദ്ധങ്ങളായി അത് പുരാണേതിഹാസങ്ങളിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ, രണ്ടു മുഖ്യവർഗങ്ങളായും രണ്ട് മുഖ്യവംശീയതകളായും ആധുനിക സമൂഹത്തിൽ വ്യവഹരിക്കപ്പെടുന്നുവെന്നാണ്.

‘‘ഓരോ ജാതിയും സ്വയമേവതന്നെ ഓരോ ദേശീയതയാണെന്നും തുല്യതയോടും വ്യതിരിക്തതയോടും സഹവർത്തിത്വത്തോടും കഴിയുകയെന്നത് ദേശീയതകളെപ്പോലെ തന്നെ ജാതികൾക്കും സാധ്യമാണെന്നും ജാതിരഹിതസമൂഹമെന്നത് ഒരു മരീചികയാണെന്നും ജാതിയൊരു മതമോ അവയുടെ നിയമങ്ങളോ തകർക്കുവാനുള്ള ഏതൊരു നീക്കവും രക്തച്ചൊരിച്ചിലിലേ കലാശിക്കുകയുള്ളൂ’’വെന്നും എൻ.കെ. ശർമ (ദലിത് വോയ്സ്​ 1987ൽ) എഴുതി. ‘ദലിത് ദേശീയതയ്ക്കൊരു മുഖം’ (സീഡിയൻ സർവിസ്​ സൊസൈറ്റി 1992) എന്ന ലേഖനത്തിൽ സണ്ണി എം. കപിക്കാട് ‘‘ഭാഷയും ഭൂമിശാസ്​ത്രവുമെല്ലാം അടങ്ങുന്ന ആധുനികവും ചിരസമ്മതവുമായ ദേശീയ സങ്കൽപങ്ങളെ വാർപ്പുമാതൃകകളെന്ന നിലയിൽ ഒഴിവാക്കുകയും അഖിലേന്ത്യാതലത്തിലുള്ള ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും ഘടകങ്ങളെന്ന നിലയിൽ ദലിത് ദേശീയതയുടെ അടിത്തറയായി സാമ്പത്തിക-രാഷ്ട്രീയ-സാംസ്​കാരിക സ്വാധീനമുള്ള അയിത്തത്തെയും സക്രിയമായ സാമ്പത്തിക ജീവിതത്തിൽനിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന അവസ്ഥയെയും ആദിശങ്കരന്റെ അദ്വൈത ചിന്തയുടെ സ്വാധീനത്തെയുമെല്ലാം ചൂണ്ടിക്കാണിക്കുന്നു.

ഒരഭിപ്രായ സമന്വയമുണ്ടായിരുന്നില്ലെങ്കിലും കെ.കെ.എസ്​. ദാസ്​ ചൂണ്ടിക്കാണിച്ചതുപോലെ നെടുകെ വിഭജിതമായിരുന്ന വംശീയത വർണപരമോ വർഗപരമോ ആയ രണ്ട് ചേരികളിലൊന്നിനെയാണ് ദലിത് ദേശീയത അർഥമാക്കിയിരുന്നത്. ജാതി ഹിന്ദുക്കൾ ‘സാംസ്​കാരിക ദേശീയത’യെന്നോ, ‘ഹിന്ദുദേശീയത’യെന്നോ പറയുന്ന വരേണ്യ ദേശീയതയുടെ വിരുദ്ധപക്ഷമായിരുന്നു ഇത്. പാകിസ്താന്റെ രൂപവത്കരണത്തിലേക്ക് നയിച്ച ഇസ്‍ലാം ദേശീയത ഇതിന്റെ മറ്റൊരു രൂപമായിരുന്നു.

ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് സഗോത്രരും രക്തബന്ധുക്കളുമായിരുന്ന ഒരു സാംസ്​കാരിക സമൂഹം –സൈന്ധവജനത– ആര്യവൈദേശീയാക്രമണത്തോടെ തകർക്കപ്പെടുകയും ശിഥിലീകരിക്കപ്പെടുകയും തുരത്തിയോടിക്കപ്പെടുകയും ഇന്ത്യയിലാകെ ഇന്നത്തെ ദലിതാവസ്​ഥയിൽ എത്തിച്ചേരുകയും ചെയ്തുവെന്ന നിഗമനമാണ് ഇവർ മുന്നോട്ടു​െവച്ചത്. എന്നാൽ ആദിമജനത, സഗോത്രം, രക്തബന്ധം, വർണം, വംശം തുടങ്ങിയ പദാവലിക്കുള്ളിൽ ഇവർ മുന്നോട്ടുവെക്കാൻ ശ്രമിച്ച ദലിത് ദേശീയതയുടെ സമകാലിക പ്രസക്തിയോ പ്രായോഗികതയോ വ്യക്തമാക്കാൻ ഇവർക്കായില്ല.

ഒരുതരം വംശീയബോധമായിരുന്നു അതിന്റെ ഉള്ളടക്കം. ആര്യ-ദ്രാവിഡ വിഭജന സിദ്ധാന്തത്തിന്റെ അടിസ്​ഥാനത്തിൽ തമിഴകത്ത് ഇ.വി.ആറിനെ പോലുള്ളവർ ഉയർത്തിക്കൊണ്ടുവരുവാൻ ശ്രമിച്ച രാജ്യസങ്കൽപം ഈ വംശ ബോധത്തിന്റെ സൃഷ്​ടിയായിരുന്നു. ഹരിജൻ െഫ്രയിമിനെ മാത്രമല്ല, സംവരണത്തെയും തള്ളിപ്പറഞ്ഞുകൊണ്ടു നിലനിന്ന ദ്രാവിഡ വർഗ ഐക്യമുന്നണിപോലുള്ള സംഘങ്ങൾ കേരളത്തിലുമുണ്ടായിരുന്നു. തങ്ങൾ സംവരണം വാങ്ങേണ്ടവരല്ല, കൊടുക്കേണ്ടവരാണെന്നായിരുന്നു ഇവരുടെ ചിന്ത.

(തുടരും)

Show More expand_more
News Summary - km salim kumar biography