വേറിട്ടവഴിയിലൂടെ സഞ്ചാരം
camera_altചിത്രീകരണം: തോലിൽ സുരേഷ്
കെ. വേണു നേതൃത്വം നൽകിയ സി.ആർ.സി, സി.പി.ഐ (എം.എൽ) പിരിച്ചുവിടൽ നേരിട്ടതും അധഃസ്ഥിത നവോത്ഥാന മുന്നണി മറ്റൊരു വഴിയിൽ യാത്രതുടരാൻ തീരുമാനിച്ചതും എഴുതുന്നു.
കോട്ടയം കരിപ്പൂത്തട്ടിൽ 1993 സെപ്റ്റംബറിൽ നടന്ന അധഃസ്ഥിത നവോത്ഥാന മുന്നണി (എ.എൻ.എം) സംസ്ഥാന പ്രവർത്തകയോഗം ഒരു തിരിഞ്ഞുനോട്ടമായിരുന്നു. രണ്ട് പതിറ്റാണ്ട് മനസ്സിൽകൊണ്ടുനടന്ന സായുധസമരത്തിന്റെയും കാർഷിക വിപ്ലവത്തിന്റെയും തൊഴിലാളി വർഗ സർവാധിപത്യത്തിന്റെയും പാർട്ടി ചട്ടക്കൂടിന്റെയുമെല്ലാം സങ്കൽപങ്ങൾ മാഞ്ഞുപോകുകയോ ചേതനയറ്റുപോകുകയോ ചെയ്തു. തങ്ങൾ മാത്രമാണ് ഏക ശരിയെന്നമട്ടിൽ നക്സെലെറ്റുകൾ അരിച്ചെടുക്കുകയും അവർക്കിടയിൽ വീണ്ടും വീണ്ടും അരിച്ചെടുക്കുകയും ചെയ്ത രാഷ്ട്രീയം മതാത്മകമായ ചില പ്രമാണങ്ങളുടെ പ്രഖ്യാപനങ്ങളാണെന്ന് 1991ലെ കൊടുങ്ങല്ലൂരിലെ പാർട്ടി കോൺഫറൻസിൽ നവോത്ഥാന മുന്നണി ചൂണ്ടിക്കാണിച്ചിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന (3, 4, 5 തീയതികളിൽ) ഏകജാലകം എന്ന വർഗസമരത്തിന്റെ പ്രസക്തിയെയും ചോദ്യംചെയ്തു. കാർഷിക വിപ്ലവത്തിലൂടെ ആവിഷ്കരിക്കപ്പെെട്ടന്നു കരുതുന്ന നാലു വർഗങ്ങളുടെ സഖ്യത്തിലും അധികാരത്തിലും ഒരു വർഗ ഗണമല്ലാത്ത ദലിതരുടെ അസാന്നിധ്യം മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ തന്നെ ന്യൂനതയായി തിരിച്ചറിയപ്പെട്ടു.
പെരിന്തൽമണ്ണയിൽ സഖാവ് ബാവയുടെ (അമീർ അലി) വീടിനു താഴെയുള്ളൊരു പാറപ്പുറത്ത് ഒരു സായാഹ്നത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഇടവേളയിൽ അനൗപചാരികമായി ഒത്തുകൂടി സഖാക്കൾ പാർട്ടിയുടെ സൈനികലൈൻ ചർച്ചചെയ്യുമ്പോൾ ബാവക്ക ചോദിച്ചൊരു ചോദ്യം ഉണ്ടായിരുന്നു, ‘‘അപ്പോൾ ജനം എവിടെ?’’ ആയുധത്തിന് ബുദ്ധിമുട്ടില്ലെന്നു പറഞ്ഞ സഖാക്കളോടായിരുന്നു ചോദ്യം. ഒരു തിരുവനന്തപുരം യാത്രക്കിടയിൽ നിരവധി പുനർചിന്തകളുടെ അടിസ്ഥാനത്തിൽ ഞാൻ കെ.വിയോടു പറഞ്ഞു: സായുധ സമരത്തിലുള്ള എന്റെ വിശ്വാസം പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം അപ്പോൾ പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ‘ഒരു കമ്യൂണിസ്റ്റ്കാരന്റെ ജനാധിപത്യസങ്കൽപ’ത്തിന്റെ രചനയിലുമായിരുന്നു. സോഷ്യലിസവും കമ്യൂണിസവുംപോലുള്ള മനുഷ്യന്റെ മഹാസ്വപ്നങ്ങൾ നീട്ടിെവച്ച്, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്രിയയിൽ, ജാതികളുടെ േശ്രണീകൃതമായൊരു സാമൂഹിക സംവിധാനത്തിൽ ഏറ്റവും അടിത്തട്ടിൽനിന്നുള്ള സാമൂഹിക ഇടപെടലുകളിലേക്ക് എ.എൻ.എം ഒരു ഉപകരണമായി മാറി.
എ.എൻ.എം നടത്തിയ അഞ്ചു കൊല്ലത്തെ പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ പ്രിന്റ് ചെയ്ത് പ്രവർത്തകർക്കും അനുഭാവികൾക്കുമിടയിൽ വിതരണംചെയ്തുകൊണ്ടാണ് പ്രവർത്തകയോഗം നടന്നത്. ദുഃഖകരമായ ഒരു കാര്യം, സംഘടനയുടെ രൂപവത്കരണ സമയത്ത് മുൻനിരയിലുണ്ടായിരുന്ന ചിലർ അപ്പോഴേക്കും സംഘടന വിട്ടുപോയിരുന്നു എന്നതാണ്. മുന്നണി നടത്തിയ പ്രായോഗിക പ്രവർത്തനങ്ങളിലും ആശയാവിഷ്കരണങ്ങളിലുമെല്ലാം തങ്ങളുടേതായ പങ്ക് വഹിച്ചവരായിരുന്നു ഇവർ. പാർട്ടി തകർച്ച സൃഷ്ടിച്ച വിശ്വാസരാഹിത്യവും സംഘടനക്കുള്ളിലെ ആശയ സംഘർഷങ്ങളും കുടുംബപ്രശ്നങ്ങളും എല്ലാമായിരുന്നു ഇവരുടെ പിരിഞ്ഞുപോക്കിന് കാരണം. കുടുംബപ്രശ്നങ്ങൾ നിർണായകമായിരുന്നു, മറ്റാരും സഹായിക്കാനില്ലാത്തവർ, കൂലിവേല ചെയ്തു ജീവിക്കുന്നവർ. റെയിൽവേ ജീവനക്കാരനായിരുന്ന എ.എം. വിജയനു മാത്രമായിരുന്നു അപവാദം. സാമൂഹികപ്രവർത്തനം എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് ഒരു കുടുംബത്തിനും വിശ്വസിക്കാനാവില്ലായിരുന്നു. അത് സന്തോഷവും അഭിമാനവുമായി കരുതുന്നവരും വിരളം. കുടുംബത്തിലെ സ്വൈരത കെടുത്തുന്ന പ്രവർത്തനമായിരുന്നു സാമൂഹികപ്രവർത്തനം. അത് സാമൂഹികപ്രവർത്തകരുടെ സ്വൈരതയും നഷ്ടപ്പെടുത്തിയിരുന്നു.
നിശ്ചിതമായൊരു പരിപാടിയോ ഭരണഘടനയോ ഇല്ലാത്ത സംഘടനയായിരുന്നു എ.എൻ.എം. കേന്ദ്രീകൃതമായ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാസങ്കൽപം ഉപേക്ഷിക്കപ്പെട്ടിരുന്നു. സംഘടനാ തത്ത്വങ്ങൾ എന്നനിലയിൽ ഏതൊരു സംഘടനയും പാലിച്ചുകാണുന്ന നിബന്ധനകളോടും ചട്ടങ്ങളോടും അലസത കാണിച്ചു. ഒരു സീേലാ ലെറ്റർപാഡ് പോലുമോ ഇല്ല. കൺവീനറുടെ തോൾസഞ്ചിയാണ് ഓഫിസ് എന്നത് ഒരു ഫലിതവും യാഥാർഥ്യവുമായിരുന്നു. പോസ്റ്റൽ കാർഡുകളിൽ വിവരമറിയിച്ചു. ഏതെങ്കിലും സഖാക്കളുടെ വീടുകളിൽ കമ്മിറ്റി കൂടി. പകൽ മാത്രമല്ല, രാവും നീണ്ടുനിൽക്കുന്ന ചർച്ച. ഓരോ കമ്മിറ്റിയും ഉറക്കമില്ലാത്ത രാവുകളായിരുന്നു. ഔപചാരികമായി കമ്മിറ്റി പിരിഞ്ഞാലും തീരാത്ത ചർച്ചകൾ. അതിലൂടെ പുതിയ ആശയങ്ങളുണ്ടായി, പ്രായോഗിക പദ്ധതികളുണ്ടായി, സാമൂഹിക ഇടപെടലുകളുണ്ടായി.
എന്നാൽ, ഔപചാരികമായ സംഘടനയും പരിപാടിയും ഭരണഘടനയുമെല്ലാം പലപ്പോഴും ചർച്ചാവിഷയങ്ങളായിരുന്നുവെങ്കിലും അത് പൂർത്തീകരിക്കപ്പെട്ടില്ല. അതിൽ അമർഷമുള്ളവർ നിരന്തരം ഈ കാര്യം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഏതെങ്കിലും സംഘടനാതത്ത്വങ്ങൾ ആർക്കും ബാധകമായിരുന്നില്ല. സ്വന്തം അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തുറന്നുപറയുന്നതിന് തടസ്സമില്ല. കൊടുങ്ങല്ലൂരിൽ വെച്ച് ദലിത് ആത്മബോധം ചർച്ചചെയ്യുന്നതിനിടയിൽ കെ.കെ. രവി പറഞ്ഞതുപോലെ ‘തലപുലയ’ന്മാരെ ആവശ്യമില്ലാത്തൊരു സംഘടന, തന്മൂലം സംഘടനാതത്ത്വങ്ങളുടെ ലംഘനത്തിന്റെ പേരിൽ ആർക്കെതിരെയും നടപടിയില്ല. ബോധ്യമായ ചില ആശയങ്ങളും മര്യാദകളും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രാവർത്തികമാക്കുവാനുള്ള കൂട്ടായ്മയായിരുന്നു സംഘടന. ഒരു സമൂഹമെന്ന നിലയിലല്ല, രൂപാന്തരപ്പെട്ട ചില വ്യക്തികളുടെ ബന്ധങ്ങളെന്ന നിലയിലാണ് നവോത്ഥാന മുന്നണി പ്രവർത്തകർ പൊതുസമൂഹത്തിൽ ഇടപെട്ടത്. തങ്ങൾക്കു ചില പ്രശ്നങ്ങളുണ്ടെന്നാണ് അവർ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂടെ കടന്നുവന്നവരെന്ന നിലയിൽ, ഗോത്രത്തിന്റെയും ജാതി/ഉപജാതികളുടെയും മതത്തിന്റെയും എല്ലാം അഴിയാത്ത ചില മാറാപ്പിൻകെട്ടുകൾ ഉരിഞ്ഞുകളഞ്ഞവരായിരുന്നു അവർ.
എന്നാൽ, പാർട്ടി ചട്ടക്കൂടിൽ പ്രത്യയശാസ്ത്രപരതയുടെ ഘനീഭവിച്ച മനസ്സുമായി കഴിയുന്ന ചിലർക്ക് മാർക്സിസ്റ്റ് പ്രമാണങ്ങൾ വിമർശിക്കപ്പെടുന്നത് അസഹ്യമായിരുന്നു. മതാത്മകമായിരുന്നു അത്തരക്കാരുടെ മനസ്സ്. ഈ സംഘർഷാവസ്ഥയിലാണ് പല സഖാക്കളും നിഷ്ക്രിയരാവുകയോ പിന്മാറുകയോ ചെയ്തത്. എന്നാൽ, പരസ്പരം ആരോപണങ്ങളോ പ്രത്യാരോപണങ്ങളോ ഇല്ലാതെയായിരുന്നു ഈ പിന്മാറ്റമെന്നത് ശ്രദ്ധേയമായിരുന്നു. സംഘടന വിട്ടുപോയ ആർക്കും എപ്പോൾ വേണമെങ്കിലും തിരിച്ചുവരാവുന്ന അവസ്ഥ. ഇത്തരമൊരു സംഘടനക്ക് എന്ത് സാംഗത്യം എന്ന ചോദ്യമുയരുമ്പോൾതന്നെ ആന്തരിക സംഘർഷങ്ങൾമൂലം സ്വയം തകരുകയോ പിരിഞ്ഞുപോകുകയോ ചെയ്ത പാർട്ടിയുടെയും പോഷകസംഘടനകളായ മേയ്ദിന തൊഴിലാളി കേന്ദ്രത്തിന്റെയും കേരളീയ യുവജനവേദിയുടെ സ്ഥിതി അധഃസ്ഥിത നവോത്ഥാന മുന്നണിയുണ്ടായില്ലായെന്നതും ഒരു വസ്തുതയായിരുന്നു.
കഴിഞ്ഞ 5 വർഷക്കാലവും മുന്നണിയിൽ നടന്ന മുഖ്യമായൊരു ചർച്ചാവിഷയം സി.ആർ.സിയും മുന്നണിയും തമ്മിലുള്ള ബന്ധമായിരുന്നു. കൊടുങ്ങല്ലൂർ കോൺഫറൻസിൽ മുന്നണിയുടെ സ്വതന്ത്രാസ്തിത്വം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും വിരുദ്ധസമീപനവും നിലനിന്നു. കെ. വേണുവിന്റെ സ്വാധീനത്തിലാണ് മുന്നണി എന്ന് ഓർമിപ്പിച്ചുകൊണ്ട് ജി. ബാബു ആവർത്തിച്ച് പറയാൻ ശ്രമിച്ചത് തൊഴിലാളിവർഗ നിലപാടുകളുടെ പ്രസക്തിയെപ്പറ്റിയായിരുന്നു. വർഗനിലപാടിൽനിന്ന് പിന്മാറിയതോടെ സംഘടനയുടെ രാഷ്ട്രീയ കേന്ദ്രീകരണം നഷ്ടപ്പെട്ടിരുന്നുവെന്നും പരിഷ്കരണവാദ നിലപാടിലേക്ക് വഴുതിപ്പോയിരിക്കുന്നുവെന്നും ബാബു ആരോപിച്ചു. നിലവിലുള്ള ഉൽപാദനബന്ധങ്ങൾ മാറ്റിത്തീർക്കുന്ന പ്രവർത്തനങ്ങളിലാണ് ഏർപ്പെടേണ്ടത്. വീണ്ടുമൊരു ഭൂപരിഷ്കരണത്തിന് മുൻകൈയെടുക്കണം. ജാതി ദലിതർ മാത്രം നേരിടുന്ന പ്രശ്നമല്ല, അഗ്രഹാരത്തിലും ജാതിയുണ്ട്. മുഴുവൻ മലയാളി സമൂഹത്തിന്റെയും പ്രശ്നങ്ങൾ പ്രതിനിധാനം ചെയ്യുവാൻ കഴിയണം. നാരായണഗുരു ഈഴവരല്ലാത്തവരെയും എസ്.എൻ.ഡി.പിയിൽ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. അതുപോലെയുള്ള ശ്രമങ്ങൾ എ.എൻ.എമ്മിലും ഉണ്ടാകണം.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേതൃത്വം കൊടുക്കാൻ അധഃസ്ഥിതർക്ക് കഴിയണം. ദലിതരുടെ ആത്മാഭിമാനബോധത്തെ കമ്യൂണിസ്റ്റ് ബോധമാക്കി മാറ്റണമെന്ന പാർട്ടി നിലപാടിന്റെ ആവർത്തനമായിരുന്നു ഇവ. കെ. മുരളിയും എം.എൻ. രാവുണ്ണിയും എം. ഗീതാനന്ദനുമെല്ലാം ജാതിപ്രശ്നം അംഗീകരിച്ചുകൊണ്ട് ഉയർത്തിപ്പിടിക്കുന്ന വർഗസമീപനത്തിന്റെ ആവർത്തനം. ബാബുവിന്റെ ഈ സമീപനത്തോടുള്ള സി.എസ്. മുരളിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: കഴിഞ്ഞ 5 കൊല്ലക്കാലമായി ബാബു എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരമില്ല. എന്നിട്ടും കമ്മിറ്റികളിൽ തുടർച്ചയായി വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നു.
മുന്നണി പ്രവർത്തനം ദുർബലമായി പോകുന്നത് സി.ആർ.സിയുടെ വാലായി പ്രവർത്തിക്കുന്നതുകൊണ്ടാണെന്ന് വർക്കല ബി. സുനിൽ പറഞ്ഞു. താൻ മറ്റു ചില സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുള്ള ആളാണെന്നും അവയെല്ലാം സ്റ്റാലിനിസ്റ്റ് ശൈലിയിലുള്ള സംഘടനകളായിരുന്നുവെന്നും സൂചിപ്പിച്ചുകൊണ്ട് വി.ഡി. രാജപ്പൻ മുന്നണിയുടെ സ്വതന്ത്രനിലപാടിനെ ഉയർത്തിക്കാട്ടി.
സി.ആർ.സിക്ക് ഒരു ഭൂതമായി നവോത്ഥാന മുന്നണി മാറിയെന്ന് പട്ടിമറ്റത്തുനിന്നുമുള്ള ഇ.സി. മണി പറഞ്ഞു. സമൂഹത്തിന്റെ മുഴുവൻ പ്രശ്നങ്ങളിലും ഇടപെട്ടുകൊണ്ടാണോ ദലിതരുടെ മാത്രം പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടാണോ മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കണം. ബ്രാഹ്മണർക്കും ജാതിപ്രശ്നമാണെന്ന സമീപനം എം.എൽ വീക്ഷണത്തിന്റെ തികട്ടിവരവാണ്. നാരായണഗുരുവും അയ്യൻകാളിയുമെല്ലാം നടത്തിയ ഇടപെടലുകൾ ജാതികളെ പുനഃസംഘടിപ്പിക്കുകയായിരുന്നുവെന്ന് സണ്ണി കെ.വി പറഞ്ഞു. അവബോധം എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല താനും. ആത്മബോധമല്ല, ആത്മരോഷമാണ് വേണ്ടതെന്നായിരുന്നു ഏഴിക്കര നാരായണന്റെ അഭിപ്രായം. സവർണ പ്രത്യയശാസ്ത്രത്തിൽനിന്ന് പുറത്തുകടക്കണം. െവെപ്പിൻ കരയിൽ, നായരമ്പലത്ത്, പുലയർ വൈഷ്ണവക്ഷേത്രം സ്ഥാപിച്ചിരിക്കുന്നു. അധഃസ്ഥിതർക്കിടയിലെ സവർണവത്കരണമാണത്. എന്തെല്ലാം ന്യൂനതകളുണ്ടെങ്കിലും കേരളത്തിലെ ദലിത് പ്രവർത്തനങ്ങൾക്കിടയിൽ അവഗണിക്കാനാവാത്തൊരു സ്ഥാനം നവോത്ഥാന മുന്നണി നേടിയിട്ടുണ്ടെന്ന് കെ. കെ. രവി പറഞ്ഞു.
സംഘടനാപരമായ ശോച്യാവസ്ഥക്കിടയിലും രവിയുടെ വിലയിരുത്തൽ ഒരു യാഥാർഥ്യമായിരുന്നു. നവോത്ഥാന മുന്നണിയെ പോലെ തന്നെ വർഗസമീപനത്തിൽനിന്നുകൊണ്ട് പ്രവർത്തിച്ച സീഡിയൻ സർവിസ് സൊസൈറ്റി ഈ സമയത്ത് ഏറക്കുറെ അപ്രസക്തമായിരുന്നു. സീഡിയൻ തകർന്നതോടെ ദലിത് മുന്നേറ്റം അവസാനിച്ചുവെന്ന് കരുതുന്നവരായിരുന്നു അതിന്റെ നേതാക്കളിൽ ചിലർ. കാർഷിക വിപ്ലവവും വർഗനിലപാടിലുള്ള ഗൃഹാതുരത്വവുമായി നിലകൊണ്ടവർ അവിടെത്തന്നെ നിന്നു. എന്നാൽ, വർഗനിലപാട് കൈയൊഴിയാതെ തന്നെ ജാതിവിരുദ്ധമായൊരു ദിശാബോധത്തിൽനിന്ന് നാലഞ്ചു കൊല്ലമായി എ.എൻ.എം നടത്തിയ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളിലൂടെ അധഃസ്ഥിതർക്കിടയിൽ മാത്രമല്ല, പൊതുസമൂഹത്തിലും ജാതി ശക്തമായി നിലനിൽക്കുന്നുവെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമം നടന്നു.
ബ്രാഹ്മണിസത്തിന്റെ സ്വാധീനം ഹിന്ദുമതത്തിൽ മാത്രമല്ല, ക്രിസ്തുമതത്തിലും ഗാന്ധിസത്തിന്റെയും കമ്യൂണിസത്തിന്റെയുമെല്ലാം പ്രയോഗങ്ങളിലും നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാനായി. എം.എൽ പ്രസ്ഥാനംപോലും അതിന് അപവാദമായിരുന്നില്ല. ആത്മാഭിമാനബോധത്തിന്റെ അപര്യാപ്തത ഒരു സമൂഹമെന്നനിലയിൽ ദലിതർക്കിടയിൽ നിലനിൽക്കുന്ന മൗലികമായൊരു പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞു. നിരന്തരമായ സാമൂഹിക ഇടപെടലുകളിലൂടെ ആത്മബോധമുള്ള സംഘടനാപ്രവർത്തകരെയും വ്യക്തികളെയും സൃഷ്ടിക്കാനാണ് ശ്രമിച്ചത്. എന്നാൽ, സംഘടനാതലത്തിൽ ഒട്ടും മുന്നോട്ടുപോകാനായില്ല. അത്ര ശക്തമായ കെട്ടുപാടുകളിലായിരുന്നു ദലിതർ. ജാതിസംഘടനകളെയും മതപ്രസ്ഥാനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയുമൊന്നും ത്യജിക്കുവാൻ അവർക്ക് എളുപ്പമല്ലായിരുന്നു.
പാർട്ടി പ്രവർത്തകർ മാത്രമായിരുന്നു തുടക്കത്തിൽ സംഘടനയിലുണ്ടായിരുന്നത്. സി.ആർ.സിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു അവർക്ക് ആ മുന്നണി. തീവ്രവാദപരമായ ചിന്തകളോടൊപ്പം സമരമുഖങ്ങളിൽ കലാപങ്ങൾ മാത്രം കാണുന്നവരായിരുന്നു അവർ. അത്തരക്കാരെല്ലാം അധികകാലം കഴിയും മുമ്പെ പിരിഞ്ഞുപോയി. ദലിത് ആഭിമുഖ്യംകൊണ്ട് സംഘടനയുടെ സഹായികളായി വന്ന അദലിതരായ സഖാക്കളും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. എം.എൽ പ്രസ്ഥാനത്തിനുപോലും ജാതീയതയെ അതിജീവിക്കാൻ കഴിയുന്നില്ലെന്ന് കരുതുന്നവർ മാത്രമാണ് ഇപ്പോൾ സംഘടനയിൽ അവശേഷിക്കുന്നത്. മുന്നണി ഒരിക്കലും പാർട്ടിയുടെ പോഷകസംഘടനയായിരുന്നില്ല എന്നതായിരുന്നു അതിന്റെ നിലനിൽപിന്റെ മുഖ്യമായ കാരണം.
എന്നാൽ, തുടങ്ങിയ സ്ഥലത്തുനിന്നുതന്നെ വീണ്ടും തുടങ്ങേണ്ടൊരു ദുരവസ്ഥ സംഘടന എപ്പോഴും നേരിട്ടിരുന്നു. വെറും 35 പേരാണ് പ്രവർത്തകയോഗത്തിൽ പങ്കെടുത്തത്. സംഘടനാ രൂപവത്കരണ സമയത്ത് സംസ്ഥാന കമ്മിറ്റിയിലുണ്ടായിരുന്ന എ.എം. രവി, മധു കേളേഴത്ത്, സേവ്യർ കാണക്കാരി, മണി ആർ എന്നിവർ പിരിഞ്ഞുപോയി. ബാബു എന്നും വിമതനായി നിലകൊണ്ടു. ഇപ്പോൾ അദ്ദേഹത്തിന് സംഘടനയിൽ തുടരാൻ തനിക്കാവില്ലെന്ന് പറഞ്ഞിരിക്കുകയാണ്. വിജയന് സംസ്ഥാന കമ്മിറ്റിയിൽ തുടരാൻ താൽപര്യമില്ലെന്നും എന്നാൽ സംഘടനയിൽ തുടരുമെന്നും പറഞ്ഞു. ആശയപരമായ വിയോജിപ്പുകൊണ്ടുമാത്രം ബാബുവിനെ ഒഴിവാക്കിയില്ല. ബാബുവിനും വി.ഡി. ജോസിനും എം.കെ. രാജുവിനും സി.എസ്. മുരളിക്കും പുറമെ വി.ഡി. രാജപ്പനെയും കെ.കെ. രവിയെയും സി.എൻ. ക്രിസ്തുദാസിനെയും കെ.എൻ. കുഞ്ഞുമോനെയുംകൂടി കമ്മിറ്റിയംഗങ്ങളാക്കി സംസ്ഥാനകമ്മിറ്റി പുനഃസംഘടിപ്പിച്ചു.
എറണാകുളം ജില്ലയിൽ വാഴക്കുളത്തുനിന്നായിരുന്നു കെ.കെ. രവി. കൊടുങ്ങല്ലൂർ സമ്മേളനത്തിൽ ഔദ്യോഗിക രേഖയോട് ചായ്വുള്ളതും എം. ഗീതാനന്ദനും എ.എക്സ്. വർഗീസുമെല്ലാം നേതൃത്വം നൽകിയ മേയ്ദിന തൊഴിലാളി കേന്ദ്രവുമായി ബന്ധപ്പെട്ട് േട്രഡ് യൂനിയൻ പ്രവർത്തനം നടത്തുന്നയാളുമായിരുന്നു. രവിയുടെ മുന്നിലേക്കുള്ള വരവ് വിശ്വസ്തനായൊരു സഹപ്രവർത്തകനെ നൽകി. പാർട്ടിപ്രവർത്തനത്തിന്റെയും സീഡിയൻ പ്രവർത്തനത്തിന്റെയും പശ്ചാത്തലം വി.ഡി. രാജപ്പനുണ്ടായിരുന്നു. വൈപ്പിൻ വിഷമദ്യദുരന്തത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അദ്ദേഹമുണ്ടായിരുന്നു.
1990 ജൂലൈയിൽ അധഃസ്ഥിതരുടെയും ആദിവാസികളുടെയും കടങ്ങൾ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്നണി കോട്ടയത്തു സംഘടിപ്പിച്ച സംസ്ഥാന സമരപ്രഖ്യാപന സമ്മേളനത്തിൽ വൈപ്പിനിൽനിന്ന് കടക്കെണിവിരുദ്ധ സമിതിയെ പ്രതിനിധാനംചെയ്ത് അദ്ദേഹം പങ്കെടുത്തിരുന്നു. സി.വി. ക്രിസ്തുദാസ് സി.പി.എം പശ്ചാത്തലമുള്ള ആളായിരുന്നു. ദലിതർക്കിടയിലെ ഒരു ൈക്രസ്തവസമൂഹമായ സാൽവേഷൻ ആർമിയിലെ അംഗവും. ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസിന് സംവരണതത്ത്വം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന സമരത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുദാസും ഉണ്ടായിരുന്നു. അതിനായി രൂപവത്കരിക്കപ്പെട്ട ആക്ഷൻ കൗൺസിൽ പൊളിഞ്ഞിട്ടും സമരം വിജയിച്ചതായി അദ്ദേഹം പ്രവർത്തകയോഗത്തിൽ പറഞ്ഞു. ക്രിസ്തുദാസിന്റെ പിതാവിന്റെ ചെലവിൽ പുളിക്കീഴ് ജങ്ഷനിൽ എ.എൻ.എം നടത്തിയൊരു വിശദീകരണയോഗം എന്നും ഒരോർമയായിരുന്നു. വൃദ്ധനും നിർധനനുമായ അദ്ദേഹത്തിന്റെ ഒരാഗ്രഹമായിരുന്നു പുളിക്കീഴ് ജങ്ഷനിലെ എന്റെ ഒരു പ്രസംഗം.
യോഗത്തിലേക്കുള്ള പ്രത്യേക ക്ഷണിതാവും നിരീക്ഷകനുമായിരുന്നു എം.ജി യൂനിവേഴ്സിറ്റിയിലെ അധ്യാപകനായിരുന്ന എ.കെ. രാമകൃഷ്ണൻ. ആഴത്തിലുള്ള ചർച്ചകൾ നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. അധഃസ്ഥിതരും കമ്യൂണിസ്റ്റുകളും തമ്മിലുള്ള വൈരുധ്യം പ്രായോഗിക പ്രവർത്തനങ്ങളിലൂടെ പരിഹരിക്കാവുന്നതാണ്. യൂറോപ്പിലും ആഫ്രിക്കയിലും ഒന്നും ജാതിപോലൊരു പ്രതിഭാസമില്ല. എന്നാൽ, അവിടത്തെ കറുത്ത വർഗക്കാരുടെ സമരത്തോട് കമ്യൂണിസ്റ്റുകൾക്ക് സഹകരിക്കുവാൻ കഴിയുന്നുണ്ട്. അറുപതുകളിൽ ഇടതുപക്ഷക്കാർക്കിടയിൽനിന്നുതന്നെയാണ് സ്ത്രീവിമോചന സങ്കൽപങ്ങൾ ഉയർന്നുവന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മൂന്നാം നാൾ ഉച്ചക്കുശേഷം മക്കളായ ഭഗതും ബുദ്ധയും യോഗം നടന്ന കരിപ്പുത്തട്ട സ്കൂളിന്റെ മുറ്റത്തോടു ചേർന്നുള്ള ഒരു തെങ്ങിൻചുവട്ടിൽ കുത്തിയിരുപ്പ് തുടങ്ങി. ഭഗത് അന്ന് ആറാം ക്ലാസിലും ബുദ്ധ ഒന്നിലുമാണ്. ഇന്ന് വീട്ടിലേക്ക് തിരിച്ചുപോകുമോ എന്ന് അച്ഛൻ പറഞ്ഞാലേ അവിടെനിന്ന് ഇറങ്ങൂവെന്ന് അവർ അമ്മയോട് പറഞ്ഞു, ഉറപ്പും കൊടുത്തു. വെള്ളക്കെട്ട് നിറഞ്ഞ കുട്ടനാട് സാഹചര്യങ്ങളും യോഗവുമെല്ലാം അവർക്ക് മടുത്തിരുന്നു.
പ്രവർത്തക യോഗത്തിനുശേഷം സെപ്റ്റംബർ 25ന് കരിപ്പുതട്ടയിൽ നടന്ന സംസ്ഥാന കമ്മിറ്റിയിൽ സംവരണവും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാമായിരുന്നു മുഖ്യ അജണ്ടയെങ്കിലും രാഷ്ട്രീയ സംഘടനാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജി. ബാബു ഉന്നയിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങൾ ആദ്യംതന്നെ ചർച്ചക്ക് വന്നു. മുന്നണി നിലപാടുകളുമായി ഒരുതരത്തിലും യോജിച്ചുപോകാനാകില്ലെന്ന തീരുമാനത്തിലാണ് ഇത്തവണ ബാബു കമ്മിറ്റിയിലെത്തിയത്. താൻ ഒഴിവാകാൻ ശ്രമിച്ചപ്പോഴും തടസ്സം നിന്ന സഖാക്കളുടെ സ്പിരിറ്റ് മനസ്സിലാക്കിയാണ് കമ്മിറ്റിയിൽ തുടർന്നതെങ്കിലും രണ്ട് വീക്ഷണവും രണ്ട് തരത്തിലുള്ള പ്രവർത്തനങ്ങളുമായി ഒരു സംഘടനയിൽ തുടരാനാവില്ലെന്ന് ബാബു തീർത്തുപറഞ്ഞു. ഇനിയും കമ്മിറ്റിയിൽനിന്നുകൊണ്ട് ആശയസമരം നടത്താനുള്ള മാനസികാവസ്ഥയില്ല. സംഘടനക്ക് തൊഴിലാളിവർഗസമീപനം നഷ്ടമായിരിക്കുന്നു. ബൂർഷ്വാ നിലപാടാണ് ഉള്ളത്. സാമ്രാജ്യത്വ ചൂഷണത്തെയും സവർണ ദല്ലാൾ ഭരണകൂടത്തെയും ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടേ ജാതിനശീകരണത്തെ കാണാനാകൂ.
അംബേദ്കറെയും അയ്യൻകാളിയെയുമെല്ലാം ഈ വീക്ഷണത്തിലാണ് കാണേണ്ടതും. 1991ലെ പാർട്ടി പിളർപ്പിനുശേഷം താൻ പാർട്ടിയുടെ വക്താവായി തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. അധഃസ്ഥിതരുടെയും ആദിവാസികളുടെയും മോചനമല്ല, മുഴുവൻ മലയാളികളുടെയും മോചനമാണ് ലക്ഷ്യം. മനുസ്മൃതി കത്തിക്കലിനുശേഷമുണ്ടായ തിരിച്ചുപോക്ക് അംഗീകരിക്കാനാവില്ല. അധഃസ്ഥിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിരോധം ആവശ്യമുണ്ട്, കടന്നാക്രമണം ആവശ്യമുണ്ട്. നിയമപരമായും അല്ലാതെയും ചോദ്യം ചെയ്യാനാവണം. അതിനായി ശക്തമായൊരു നിലപാടും സംഘടനയും ആവശ്യമുണ്ട്. അതിന്റെ ആലോചനയിലാണ്. ലിബറൽ നിലപാടുകളുമായി ഇനിയും സഹകരിക്കാനാവില്ല. മറ്റൊരു സംഘടനയുണ്ടായാൽ, യോജിക്കാവുന്ന കാര്യങ്ങളിൽ യോജിച്ചുപോകാവുന്നതാണ്, ബാബു തന്റെ നിലപാടുകൾ വിശദീകരിച്ചു.
ഇതു ബാബുവിന്റെ അവസാനത്തെ കമ്മിറ്റിയായിരുന്നു. പലരും പല കാരണങ്ങൾകൊണ്ട് സംഘടനയിൽനിന്ന് പിന്മാറിയപ്പോൾ ബാബു അഞ്ചു കൊല്ലം വിയോജിപ്പുകളുമായി സംഘടനയിൽ തുടർന്നു. മറ്റു പലരിൽനിന്നും വ്യത്യസ്തമായി സ്ഥിരമായി കമ്മിറ്റിയിൽ പങ്കാളിയായി. പലപ്പോഴും വിജയനെപ്പോലെ ചിലർ ബാബുവിന്റെ നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ കമ്മിറ്റിയിൽ ക്രിസ്തുദാസ് ചൂണ്ടിക്കാണിച്ചതുപോലെ എണ്ണപ്പന കൃഷിക്കെതിരെയും മാന്നാനം പള്ളി പ്രശ്നങ്ങളിലുമെല്ലാം ബാബു വ്യത്യസ്തമായ ഇടപെടലുകൾക്ക് ശ്രമിക്കുകയുണ്ടായി. ഒരു കാര്യം ഉറപ്പായിരുന്നു. എ.എൻ.എം ഒരു മാർക്സിസ്റ്റ്-സ്റ്റാലിനിസ്റ്റ് സംഘടനയായിരുന്നു എന്നതുകൊണ്ടു മാത്രമാണ്, ബാബുവിനെപ്പോലൊരാൾക്ക് മുന്നണിയിൽ തുടരുവാനായത്. സംഘടനയുടെ ഹിംസാത്മകതക്ക് ഒരിക്കലും ബാബു വിധേയനാവില്ല. അതിനായി സംഘടനയിലെ ഒറ്റയാൾപോലും വാശിപിടിച്ചുമില്ല.
മേയ് മാസം മധ്യത്തിൽ കൊടുങ്ങല്ലൂരിൽ എ.എൻ.എം വിളിച്ചുചേർത്ത യോഗത്തിൽ എൻ.കെ. രാജുവിന്റെ നേതൃത്വത്തിൽ 21 അംഗങ്ങളുള്ള ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. ദലിത് ലീഡേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ രാജ്ഭവന്റെ മുന്നിൽ നടന്ന ധർണക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സായാഹ്ന ധർണ നടത്തി. അതിന്റെ മുന്നോടിയായി നടവരമ്പ, ചാമപ്പാറ, കാര, ആസ്മാബി കോളേജ് എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ നടന്നു. മേയ് 9ന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഉദ്ഘാടനംചെയ്തത് ഞാനായിരുന്നു. രാജ്ഭവന് മുന്നിൽ നടന്ന ധർണയുടെ ഭാഗമായി മുളന്തുരുത്തിയിൽനിന്ന് മേയ് 23ന് ആരംഭിച്ച പ്രചാരണജാഥ കോട്ടയം-പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോയി. തിരുവല്ല മുതലുള്ള ജാഥയുടെ ചെലവ് വഹിച്ചത് ദലിത് ലീഡേഴ്സ് കൗൺസിൽ ആയിരുന്നു. സൈമൺ ജോണും പോൾ ചിറയ്ക്കരോടും അതിന്റെ മുഖ്യ ഭാരവാഹികളായിരുന്നു. ഞാനും അതിൽ അംഗമായിരുന്നു. ശശികലയെന്ന ദലിത് ബാലികയുടെ അറുകൊല ദിനപത്രങ്ങളിൽനിന്നാണ് അറിഞ്ഞത്. ആനന്ദയോട് വിവരം പറഞ്ഞ് ദുഃഖം പങ്കിട്ടു. ഇയാൾ അന്വേഷിച്ചുപോകുന്നില്ലെയെന്ന പതിവ് ചോദ്യം ഉണ്ടായി.
അടുത്തദിവസം ഞാൻ കോട്ടയത്ത് തെള്ളകത്തെത്തി ജോസിനെ കണ്ടു. ഞങ്ങൾ നാഗമ്പടം റെയിൽവേ പുറമ്പോക്ക് കോളനിയിലെത്തി. നഗരത്തിലേക്ക് തുരത്തപ്പെട്ട ദരിദ്രരും നിർധനരുമായ മനുഷ്യരുടെ ആവാസസ്ഥലങ്ങളിലൊന്ന്. അവിടെ നിരന്നിരുന്ന ഷീറ്റുമേഞ്ഞ കുടിലുകളിലൊന്നിലായിരുന്നു ശശികലയുടെ കുടുംബം താമസിച്ചിരുന്നത്. അവളുടെ അച്ഛൻ മദ്യപാനിയും കൂട്ടിക്കൊടുപ്പുകാരനും കഞ്ചാവ് വിൽപനക്കാരനുമാണുപോലും. അമ്മ ദുർനടപ്പുകാരിയും. ഒരു ദുരന്തം സ്വാഭാവികമായിത്തീരുന്ന ജീവിതപരിസരം. ഒറ്റച്ചിറകുള്ള പക്ഷിയെപ്പോെലയായിരുന്നു ശശികലയുടെ അമ്മ. സ്വാധീനക്കുറവുള്ള ഒരു കൈയുമായി ആരോടെന്നില്ലാതെ അമർഷങ്ങളും ദുഃഖങ്ങളും പേറുന്നൊരു യുവതി. അവരുടെ മുഖവും ഭാഷണങ്ങളുമെല്ലാം അതിന്റെ പ്രതിഫലനങ്ങളായിരുന്നു.
രാത്രിയുടെ ഏതോ നിമിഷങ്ങളിൽ അച്ഛന്റെയും അമ്മയുടെയും ഇടയിൽ സുരക്ഷിതമെന്നു കരുതി ഉറങ്ങിക്കിടന്നിരുന്ന ബാലികയെയാണ് ഏതോ മനുഷ്യജന്തു കടിച്ചുവലിച്ചു കൊണ്ടുപോയി റെയിൽവേ പുറമ്പോക്കിനോട് ചേർന്നുള്ള ഹോമിയോ ആശുപത്രിക്ക് അരികിലുള്ള കുറ്റിക്കാട്ടിൽ കൊന്നുതള്ളിയത്. ഞങ്ങൾക്കു മുമ്പുതന്നെ ദുഃഖവും പ്രതിഷേധവുമായി ചിലർ തിരക്കിയെത്തിയിരുന്നു. നഗരത്തിന്റെ മധ്യത്തിലുള്ള ഗാന്ധിസ്ക്വയറിൽ ശശികലയുടെ കൊലയാളികളെ കണ്ടെത്തി നിയമാനുസൃതമായ ശിക്ഷാനടപടികൾക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ.എൻ.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. കുറ്റവാളികളെ അന്വേഷിക്കുന്നതിനിടയിൽ ഒരു പൊലീസ് കോൺസ്റ്റബിളിനെ സംശയിക്കുന്നതായി വാർത്ത വന്നു.
