Begin typing your search above and press return to search.
proflie-avatar
Login

സി.ടി. സുകുമാരന്റെ കൊലപാതകം

സി.ടി. സുകുമാരന്റെ   കൊലപാതകം
cancel

ദലിത് സമുദായത്തിൽനിന്ന് ഉയർന്നുവന്ന സി.ടി. സുകുമാരൻ ​െഎ.എ.എസിന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അധഃസ്ഥിത നവോത്ഥാന മുന്നണി സമരം ഉയർത്തിക്കൊണ്ടുവന്നതിന്റെ ഓർമകൾ പങ്കുവെക്കുന്നു. സി.ടി. സുകുമാരൻ ഐ.എ.എസിന്റെ മരണവുമായി ബന്ധപ്പെട്ട് അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിൽ എഴുതിയ കുറിപ്പിന്റെ തലവാചകമായിരുന്നു ‘കൂട്ടം തെറ്റി​ മേഞ്ഞവന്റെ ദുരന്തം’. ദലിതർക്കിടയിൽനിന്ന് ഉയർന്നുവന്ന ആദ്യത്തെ ഐ.എ.എസുകാരിൽ ഒരാളായിരുന്നു സി.ടി. സുകുമാരൻ. എം. പി.ഇ.ഡി.എയുടെ ചെയർമാനായിരുന്ന അദ്ദേഹം സ്ഥാപനത്തിന്റെ മദ്രാസിലുള്ള റീജനൽ ഓഫിസിന്റെ മുൻവശത്തെ തറയിൽ മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ 1992 സെപ്റ്റംബർ 28ന്...

Your Subscription Supports Independent Journalism

View Plans
ദലിത് സമുദായത്തിൽനിന്ന് ഉയർന്നുവന്ന സി.ടി. സുകുമാരൻ ​െഎ.എ.എസിന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അധഃസ്ഥിത നവോത്ഥാന മുന്നണി സമരം ഉയർത്തിക്കൊണ്ടുവന്നതിന്റെ ഓർമകൾ പങ്കുവെക്കുന്നു.

സി.ടി. സുകുമാരൻ ഐ.എ.എസിന്റെ മരണവുമായി ബന്ധപ്പെട്ട് അധഃസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിനിൽ എഴുതിയ കുറിപ്പിന്റെ തലവാചകമായിരുന്നു ‘കൂട്ടം തെറ്റി​ മേഞ്ഞവന്റെ ദുരന്തം’. ദലിതർക്കിടയിൽനിന്ന് ഉയർന്നുവന്ന ആദ്യത്തെ ഐ.എ.എസുകാരിൽ ഒരാളായിരുന്നു സി.ടി. സുകുമാരൻ. എം. പി.ഇ.ഡി.എയുടെ ചെയർമാനായിരുന്ന അദ്ദേഹം സ്ഥാപനത്തിന്റെ മദ്രാസിലുള്ള റീജനൽ ഓഫിസിന്റെ മുൻവശത്തെ തറയിൽ മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ 1992 സെപ്റ്റംബർ 28ന് കണ്ടെത്തി. മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ ദൂരുഹത നിറഞ്ഞതായിരുന്നുവെങ്കിലും കാര്യമായൊരു പ്രതികരണവും സമൂഹത്തിൽ ഉയർന്നുവന്നില്ല.

അതിനിടയിലാണ് ഡോ. രഘൂത്തമ​െന ഞാൻ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ പോയി കണ്ടത്. ഞങ്ങൾ മഹാരാജാസ് കോളജിലെ വിദ്യാർഥികളും കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലെ അന്തേവാസികളുമായിരിക്കെ സി.ടി. സുകുമാരൻ കുറച്ചുകാലം അവിടെ ട്യൂട്ടറായുണ്ടായിരുന്നു. കണ്ടപാടെ രഘൂത്തമൻ ചോദിച്ചത് സുകുമാരൻ സാർ മരിച്ചതറിഞ്ഞില്ലേ എന്നായിരുന്നു. ‘‘അറിഞ്ഞു, പക്ഷേ കൂടുതൽ വിവരങ്ങൾ അറിയില്ല.’’ ഞങ്ങൾ തമ്മിൽ നടന്ന ദീർഘസംഭാഷണത്തിനൊടുവിൽ ഞങ്ങൾ എത്തിയ നിഗമനം സി.ടി ആത്മഹത്യ ചെയ്യില്ല എന്നും ഇതൊരു കൊലപാതകമാണെന്നുമാണ്. ഈ കാര്യത്തിൽ എന്നെക്കാൾ ഉറപ്പ് രഘൂത്തമനായിരുന്നു. സി.ടി സിവിൽ സർവിസിൽ എത്തിയതിനുശേഷവും അവർ തമ്മിൽ ബന്ധമുണ്ടായിരുന്നു.

ചെമ്മീൻ കയറ്റുമതിക്കാരും അവരുടെ സിൽബന്തികളായ എം.പി.ഇ.ഡി.എ ഉദ്യോഗസ്ഥരും സി.ടിയും തമ്മിലുള്ള താൽപര്യ സംഘർഷങ്ങൾ രഘുവിനറിയാമായിരുന്നു. പ​ക്ഷേ, ഒന്നുണ്ട് ഇതൊരു കൊലപാതകമാണെന്ന് വിളിച്ചുപറയാൻ ആരുമില്ലായിരുന്നു. ഐ.എ.എസുകാരനായൊരു ദലിതൻ കൊലചെയ്യപ്പെട്ടിട്ടും അത് ചോദ്യംചെയ്യാൻ ആരുമില്ലാതിരുന്നത്, ഭീതിദമായൊരു ദുരവസ്ഥയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയും പ്രശ്നത്തിൽ ഇ​ടപെടുകയുംചെയ്യാമെന്ന ധാരണയിലാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.

ഞാൻ മുളന്തുരുത്തിയിലുള്ള സി.ടി. സുകുമാരന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ മാതാപിതാക്കളായ എം.സി. തേവനും തിരുവാണ്ടയും സർക്കാർ സർവിസിൽനിന്ന് റിട്ടയർ ചെയ്തവരായിരുന്നു. ബന്ധുവായ ഒരു കുഞ്ഞൻ മാസ്റ്ററും അപ്പോഴുണ്ടായിരുന്നു. സി.ടിയുടെ മരണം ആത്മഹത്യയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല എന്നും ചെമ്മീൻ കയറ്റുമതിക്കാരനായ പി.സി. ചെറിയാനുമായി സി.ടിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അവർ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ടായിരുന്നു.

രണ്ടുമാസം കഴിഞ്ഞുവെങ്കിലും മറുപടി ഒന്നുമുണ്ടായില്ല. കാത്തിരിപ്പ് തുടരുകയാണ്. എന്നാൽ നിയമപരമായി കാര്യങ്ങൾ നീക്കുന്നതിനപ്പുറം പൊതുജനമധ്യത്തിലേക്ക് പ്രശ്നം കൊണ്ടുവരുന്നതിനോട് അവർ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നത് എന്നെ അത്ഭുതപ്പെടുത്തി. സി.ടി കുടുംബത്തിന്റെ രാഷ്ട്രീയബന്ധങ്ങളുമാണ് അതിന് കാരണമെന്ന് ഞാനൂഹിച്ചു. ഹൈകോടതിയിൽനിന്ന് ദലിതനായൊരു സീനിയർ വക്കീലിന്റെ ഉപദേശം ഈ കാര്യത്തിലുണ്ടുപോലും. ജുഡീഷ്യൽ സർവിസിലുണ്ടായിരുന്ന ഒരാളെന്ന നിലയിൽ സി.ടിയുടെ പിതാവിനും അതിലായിരുന്നു വിശ്വാസം. സി.ടിയുടെ ബന്ധം പറഞ്ഞുചെന്ന എന്നെ ഒഴിവാക്കിയെങ്കിലും വിശ്വാസത്തിലെടുക്കാൻ മാത്രം ബന്ധുത്വമില്ലാതെയാണ് ഞാൻ തിരിച്ചുപോന്നത്. ‘‘നിങ്ങൾ നിയമപരമായി ഇടപെടുക, ഞാൻ സി.ടിയെ കൊലചെയ്തതാണെന്ന് നാടുനീളെ വിളിച്ചുപറഞ്ഞു നടക്കും’’ യാത്രാമൊഴിയായി പറഞ്ഞു ഞാനിറങ്ങി.

തുടരന്വേഷണത്തിൽ ഹരിജൻ സംരക്ഷണ വേദി പുറപ്പെടുവിച്ചൊരു പ്രസ്താവനയുടെ പിന്നാലെ മുളന്തുരുത്തി കുരിക്കാട് എം.വി. കുഞ്ഞിക്കുട്ടന്റെ വീട്ടിലെത്തി. സി.ടിയുടെ മരണം ആസൂത്രിതമായൊരു കൊലപാതകമാണെന്നും വിശ്വസിക്കുന്ന ആളായിരുന്നു കുഞ്ഞിക്കുട്ടൻ. ഡൽഹിയിലേക്ക് യാത്രതിരിച്ച സുകുമാരൻ എന്തിന് മദ്രാസിൽ തങ്ങിയെന്നും ബന്ധുക്കളുടെ സാന്നിധ്യത്തെ നിഷേധിച്ചും ധിറുതിപിടിച്ചും എന്തുകൊണ്ട് പോസ്റ്റു​േമാർട്ടം നടത്തിയെന്നതുമടക്കം നിയമപരവും ധാർമികവുമായ പല പ്രശ്നങ്ങളും അ​ദ്ദേഹം തന്റെ പ്രസ്താവനയിൽ ഉന്നയിച്ചിരുന്നു. അതിനെല്ലാം പിന്നിൽ ആരോപിക്കപ്പെട്ട വ്യക്തിത്വം പി.സി. ചെറിയാനെന്ന ചെമ്മീൻ ചെറിയാനായിരുന്നു. ഇന്ദിര കുടുംബവുമായി അടുത്തബന്ധമുള്ള കോൺഗ്രസ് നേതാവും മഹാരാഷ്ട്ര ഗവർണറുമായ പി.സി. അലക്സാണ്ടറുടെ സ​േഹാദരനായിരുന്നു പി.സി. ചെറിയാൻ.

മഹാരാജാസ് കോളജിൽ എന്റെ കെമിസ്ട്രി അധ്യാപകനായിരുന്ന ദേവദാസടക്കം സി.ടിയുടെ കോളജ്‍ വിദ്യാഭ്യാസ കാലത്തെ പല സുഹൃത്തുക്കളെയും കണ്ടപ്പോഴും അവരുടെ എല്ലാം അഭിപ്രായം സുകുമാരൻ ആത്മഹത്യചെയ്യില്ല എന്നുതന്നെയായിരുന്നു. അതേസമയം, ദലിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. മുളന്തുരുത്തിയിൽനിന്നുതന്നെ സീഡിയൻ സർവിസ് സൊസൈറ്റി പ്രവർത്തകനായ റെജി പറഞ്ഞത് സി.ടിയെ പോലുള്ളവരുടെ കാര്യത്തിൽ ഇടപെടേണ്ടതില്ല എന്നാണ്. കാരണം ഉന്നത പദവികളിലെത്തുന്ന ഇത്തരക്കാർ വഴിയരികിൽ നിൽക്കുന്ന സാധാരണക്കാരായ രക്തബന്ധുക്കളെപ്പോലും തിരിഞ്ഞുനോക്കാതെ കടന്നുപോകുന്നവരാണ്. ഇത് സീഡിയന്റെ മാത്രം അഭിപ്രായം ആയിരുന്നില്ല. പാർട്ടിക്കുള്ളിലും ഇത്തരമൊരഭിപ്രായം ഉണ്ടായിരുന്നു. ഒരു ബ്യൂറോക്രാറ്റിന്റെ മരണമായിട്ടാണ് അവർ സി.ടിയുടെ മരണത്തെ കണ്ടത്. മുന്നണി നിലപാടുകളോട് വിയോജിപ്പുള്ള എം. ഗീതാനന്ദനെയും ഇ.പി. കുമാരദാസിനെയുംപോലുള്ള ദലിത് സഖാക്കളും ഇതേ നിലപാടുള്ളവരായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് സി.ടി. സുകുമാരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എറണാകുളം ബോട്ട്ജട്ടിയിൽ ’93 ജനുവരി 4ന് ഒരു ധർണ നടത്താൻ എ.എൻ.എം തീരുമാനിച്ചത്. ഈ ധർണ ഉദ്ഘാടനംചെയ്യുന്നതിനായി ഞങ്ങൾ കണ്ടെത്തിയ ആളുകളിലൊരാൾ സി.ടിയുടെ ഭാര്യ പിതാവിന്റെ നാട്ടുകാരനായ മുൻ എം.എൽ.എ ടി.എ. പരമനായിരുന്നു. എന്നാൽ സി.ടിയുടെ ഭാര്യയിലുള്ള ഏതോ അവിശ്വാസത്തിന്റെ പേരിൽ അ​ദ്ദേഹം അതിന് തയാറായില്ല. ധർണയിൽ പ​ങ്കെടുക്കാൻ ഞങ്ങൾ ക്ഷണിച്ച അഖില വൈപ്പിൻ പുലയ വംശോദ്ധാരണി സഭാ പ്രസിഡന്റ് ജെ.സി. വാസുവിന്റെയും അയ്യൻകാളി സാംസ്കാരിക സമിതി പ്രസിഡന്റ് പി.ജെ. ബാഹുലേയന്റെയുമെല്ലാം നിലപാടുകളും ഇതുതന്നെയായിരുന്നു.

പിന്നീടാണ് ഞാനും സി.എസ്. മുരളിയും ധർണ ഉദ്ഘാടനംചെയ്യാൻ കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.കെ. മാധവൻ മാസ്റ്ററെ സമീപിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ തേവി ടീച്ചറുടെ സഹോദരി പുത്രനായിരുന്നു സി.ടി. സുകുമാരൻ. അതുകൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറില്ലെന്നു കരുതി. ദലിതർക്കെതിരെ നടക്കുന്ന വിവേചനങ്ങളും അതിക്രമങ്ങളുമെല്ലാം കണ്ടില്ലെന്ന് നടിച്ച് നിസ്സംഗതയോടെ നോക്കിനിൽക്കുന്നവരായിരുന്നു ഇത്തരക്കാർ. മാധവൻ മാസ്റ്റർ പ​ങ്കെടുക്കാമെന്ന് സമ്മതിച്ചു. അതിനിടയിൽ തന്റെ ജീവിതത്തിലേക്കുള്ള ഒരെത്തിനോട്ടംപോലെ തേവി ടീച്ചറുടെ ഒരു പ്രതികരണമുണ്ടായിരുന്നു, ‘‘ഒരു പട്ടിപോലും ചോദിക്കാനില്ല.’’

കെ.പി. വള്ളോ​െനയും ചാഞ്ചനെയുമെല്ലാം പിന്തുടർന്ന് രാഷ്ട്രീയരംഗത്തും ഭരണരംഗത്തുമെല്ലാം മാധവൻ മാസ്റ്ററെയും പരമൻ മാസ്റ്ററെയും ടി.കെ.സി. വടുതലെയെയും എം.കെ. കൃഷ്ണനെയും പോലുള്ള പ്രഗല്ഭരായ പലരെയും വലതുപക്ഷത്തും ഇടതുപക്ഷത്തും സംഭാവന ചെയ്തൊരു നാടാണ് കൊച്ചി. അവിടെ നിന്നാണ് ഒരു മുൻ എം.പിയുടെ ഭാര്യ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഐ.എ.എസുകാരനായ തന്റെ സഹോദരിപുത്രൻ കൊല​െചയ്യപ്പെട്ടിട്ടും ഒരു പട്ടിപോലും ചോദിക്കാനില്ലെന്ന് വ്യാകുലപ്പെടുന്നത്. ഞാൻ അപ്പോൾ സി.ടി. സുകുമാരനെ ഓർത്തു. അവനവൻ നന്നായി മറ്റുള്ളവരെ നന്നാക്കണമെന്ന അദ്ദേഹത്തിന്റെ വീക്ഷണത്തെ ഓർത്തു.നന്നാകുന്നവർ കൂടുതൽ നന്നായി മുന്നേറുമ്പോൾ അവരുടെ സന്തോഷങ്ങളിൽ ഭാഗ്യഹീനരെയും പങ്കാളിയാക്കണം എന്നും സുകുമാരൻ പറഞ്ഞിരുന്നു. നീതി ലഭിക്കുമോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലെങ്കിലും ഞങ്ങൾ ഈ വിഷയം പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരുമെന്ന് ആ അമ്മക്ക് വാക്കുകൊടുത്തു. അത് മാത്രമായിരുന്നു സാധ്യത. കാരണം കൊലയാളികൾ സവർണരും സമ്പന്നരും രാഷ്ട്രീയ അധികാരമുള്ളവരുമായിരുന്നു. അധഃസ്ഥിതരോ ഇതൊന്നും തിരിച്ചറിയാനോ പ്രതികരിക്കാനോ ശേഷിയില്ലാത്തവരും.

മാധവൻ മാസ്റ്റർ വാക്കുപാലിച്ചു. വളരെ കുറച്ചു​േപർ മാത്രമേ ​െജട്ടിയിൽ നടന്ന ധർണയിൽ പ​ങ്കെടുത്തുള്ളൂ. ഒരു കോൺഗ്രസ് നേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ പിന്തിരിപ്പിക്കാവുന്നൊരു സദസ്സ്. എന്നാൽ, നഗരത്തിൽ നടത്തിയ പോസ്റ്റർ പ്രചാരണത്തിന് ഗുണമുണ്ടായി. ധർണ തുടങ്ങിയപ്പോൾ കാണികളായിത്തീർന്നവർക്കിടയിൽ അടുത്തും അകന്നും അധഃസ്ഥിതരായ ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും പ്രത്യക്ഷപ്പെട്ടു.

നേരിട്ട് ബന്ധപ്പെടുവാൻ മടിച്ചവർപോലും ​വ്രണിതഹൃദയങ്ങളുമായി കുറ്റബോധത്തോടെയാണ് മടങ്ങിയത്. അക്കൂട്ടത്തിൽ കെ.കെ. കൊച്ചിനെ പോലെയുള്ള സീഡിയൻ നേതാക്കളുമുണ്ടായിരുന്നു. ധർണ നിരീക്ഷിക്കാനെത്തിയ കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ എക്സിക്യൂട്ടിവ് എൻജിനീയറും എസ്.സി/ എസ്.ടി എം​േപ്ലായീസ് യൂനിയൻ നേതാവുമായ വി.എസ്. കരുണാകരനും മുൻ നിലപാടിൽനിന്ന് മാറി പി.കെ. ബാഹുലേയനും ധർണയെ അഭിസംബോധന​ചെയ്തുകൊണ്ട് സംസാരിച്ചു.

നിരക്ഷരനായൊരു ആദിവാസിയുടെയോ ബഹിഷ്‍കൃതനായൊരു കോളനിവാസിയുടെയോ മരണമായിരുന്നില്ല സി.ടിയുടേത്. അവർക്കിടയിൽനിന്ന് സമ്പത്തിന്റെയും അധികാരത്തിന്റെയും പദവിയുടെയും മണ്ഡലത്തിലേക്ക് ഉയർന്നുവന്നൊരു ഐ.എ.എസ് ഓഫിസറുടെ മരണമായിരുന്നു. ഈ കാര്യത്തിലുള്ള രാഷ്ട്രീയമൗനം മനസ്സിലാക്കാമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രയത്നങ്ങളും ഉയർച്ചയും അഭിമാനമായി കരുതേണ്ട അധഃസ്ഥിതരും ആദിവാസികളും എന്തുകൊണ്ട് ഇത്തരമൊരു ദുരന്തം അറിഞ്ഞിട്ടും മൗനികളും നിസ്സംഗരുമായി എന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ടായിരുന്നു. ഞങ്ങളതിനെ അധഃസ്ഥിതരുടെയും ആദിവാസികളുടെയും ആത്മാഭിമാന ബോധത്തിന്റെ അഭാവമായിട്ടാണ് വിലയിരുത്തിയത്. സി.ടിയെ പോലൊരാൾ കൊലചെയ്യപ്പെട്ടിട്ടും അത് ചോദ്യംചെയ്യുവാൻ ആരോരുമില്ലാതായാൽ കോളനി നിവാസികളായ ബഹിഷ്‍കൃതരുടെ സ്ഥിതി എന്താകുമെന്ന ഉത്കണ്ഠ ആയിരുന്നു അതിന് ഞങ്ങളെ നിർബന്ധിച്ചത്.

 

ധർണക്ക് ഫലമുണ്ടായി. മൂന്നാലുമാസമായി നിശ്ശബ്ദമായിരുന്ന സി.ടിയുടെ ജന്മനാട് മുളന്തുരുത്തി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയായി. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ജോഷിയുടെ അധ്യക്ഷതയിൽ സി.ടിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുയോഗം നടന്നു. ഈ യോഗത്തിലേക്കുള്ള എന്റെ യാത്ര സി.ടി പ്രശ്നവുമായി ബന്ധപ്പെട്ട് മുളന്തുരുത്തിയിലേക്കുള്ള ഏഴാമത്തെ യാത്രയായിരുന്നു. പിന്നീട് മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നു. ധർണയെ തുടർന്ന് എ.എൻ.എം മുൻകൈയെടുത്ത് എറണാകുളത്ത് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഞാറക്കൽ എം.എൽ.എ വി.കെ. ബാബു ആയിരുന്നു കമ്മിറ്റിയുടെ ചെയർമാൻ. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് ശരത്ചന്ദ്രൻ കൺവീനറും സി.എസ്. മുരളി ജോയന്റ് കൺവീനറുമായിരുന്നു. ഹോസ്റ്റലിലെ എന്റെ റൂംമേറ്റും പി ആൻഡ് ടി ഉദ്യോഗസ്ഥനുമായ കെ.സി. രവീന്ദ്രൻ, വി.സി. രാജപ്പൻ തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളും.

പ്രാദേശികതലത്തിൽ സമരം വ്യാപിപ്പിക്കുന്നതി​ന്റെ ഭാഗമായി വൈപ്പിൻകരയിലെ നായരമ്പലത്ത് മാർച്ച് മാസത്തിൽ രൂപവത്കരിക്കപ്പെട്ട 51 അംഗങ്ങളുള്ള ആക്ഷൻ കമ്മിറ്റി വി.സി. രാജപ്പന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കാൽനട പ്രചാരണ ജാഥ നടത്തി. പള്ളത്തുംകുളങ്ങര, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ, വളപ്പ് എന്നിവിടങ്ങളിൽ സമാപന യോഗങ്ങൾ നടന്നു. ഇതിന്റെ സമാന്തരമെന്ന നിലയിൽ നായരമ്പലം പോസ്റ്റ്ഓഫിസിന് മുന്നിൽ നൂറുകണക്കിന് ആളുകൾ പ​ങ്കെടുത്ത ധർണ നടന്നു. ജാതിമത രാഷ്ട്രീയ പരിഗണന കൂടാതെ ദലിതരുടെ ഒരു പൊതുപ്രശ്നം എന്നനിലയിൽ സി.ടി പ്രശ്നം ഉയർത്തിക്കൊണ്ടുവരാനാണ് എ.എൻ.എം ശ്രമിച്ചത്.

ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 93 ഏപ്രിൽ ആറിന് എറണാകുളത്ത് ജില്ലാ സമരപ്രഖ്യാപന കൺവെൻഷൻ നടന്നു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടായിരുന്നു കൺവെൻഷൻ. കൊച്ചി മേയർ കെ.കെ. സോമസുന്ദരപ്പണിക്കർ ആയിരുന്നു അധ്യക്ഷൻ. റിട്ട. ജസ്റ്റിസ് ടി. ചന്ദ്രശേഖര മേനോൻ ഉദ്ഘാടനംചെയ്തു. സത്യസന്ധനും അഴിമതിരഹിതനുമായൊരു ഉദ്യോഗസ്ഥനായിരുന്നു സി.ടി. സുകുമാരൻ എന്നും അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാകാൻ ഇടയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മഹത്യയെന്ന് സർക്കാർതന്നെ വിധി എഴുതിയ ചില സംഭവങ്ങൾ പിന്നീട് കൊലപാതകമായി മാറിയ ചരിത്രമുണ്ടെന്ന് സി.പി.എം നേതാവ് ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. മറ്റൊരു സി.പി.എം നേതാവ് എ.പി. വർക്കി പറഞ്ഞത് സുപ്രീംകോടതി വഴിയുള്ള നിയമപരമായ ഇടപെടലുകളുടെ സാധ്യതകളെക്കുറിച്ചായിരുന്നു.

വൻകിട കയറ്റുമതിക്കാരും മേൽജാതിക്കാരായ ഉദ്യോഗസ്ഥ പ്രമുഖരും ആസൂത്രിതമായി നടത്തിയൊരു കൊലപാതകമാണ് സുകുമാരന്റേതെന്നും കൊലചെയ്യപ്പെട്ടയാൾ എത്ര ഉന്നതനായാലും അധഃസ്ഥിതനായ​തുകൊണ്ടാണ് സർക്കാർ അന്വേഷണത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ഞാൻ ചൂണ്ടിക്കാട്ടി. കുമ്പളത്ത് രാജപ്പൻ -സി.പി.ഐ, ​അഡ്വ. സദാനന്ദപ്രഭു -ബി.ജെ.പി, വി.പി. രാജൻ -എസ്.എൻ.ഡി.പി, കെ.സി. രവീന്ദ്രൻ സെൻട്രൽ ഗവ. എം​േപ്ലായീസ് കോൺഫെഡറേഷൻ, കെ.ജി. കൃഷ്ണൻകുട്ടി -സി.പി.ഐ (എം.എൽ), റെഡ് ഫ്ലാഗ്, ടി.കെ. സുധൂർകുമാർ -എസ്.യു.സി.ഐ, കെ.കെ. കൊച്ച് -സീഡിയൻ, പി.എസ്. കരുണാകരൻ, പി.കെ. സുകുമാരൻ, സുനിൽകുമാർ,​ ജോൺ ​ജോസഫ് എന്നിവർ പ​ങ്കെടുത്തിരുന്നു.

തുടർന്ന് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ​ ​കേരള മുഖ്യമന്ത്രി കെ. കരുണാകരന് നിവേദനം നൽകുകയും എറണാകുളം സൗത്തിൽ വഴിതടയൽ സമരം നടത്തുകയും എം.പി.ഇ.ഡി.എയുടെ മുന്നിൽ 41 ദിവസം നീണ്ടുനിൽക്കുന്ന റിലേ സത്യഗ്രഹം നടത്തുകയും ചെയ്തു. തുടർന്ന് ഹൈകോർട്ട് ജെട്ടിയിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖാപിച്ചു. കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനാണ് സത്യഗ്രഹം ഉദ്ഘാടനംചെയ്തത്. സി.എസ്. മുരളി 16 ദിവസവും ഏഴിക്കര നാരായണൻ 10 ദിവസവും മുളവുകാട് തങ്കപ്പൻ അഞ്ച് ദിവസവും സത്യഗ്രഹമനുഷ്ഠിച്ചു. സത്യഗ്രഹമനുഷ്ഠിക്ക​ുമ്പോൾ വി.കെ. ബാബു എം.എൽ.എ പ്രശ്നം നിയമസഭയിൽ ഉന്നയിക്കുകയും തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര ഗവൺമെന്റിന് നിർദേശം നൽകാമെന്ന് മുഖ്യമന്ത്രി കെ. കരുണാകരൻ ഉറപ്പുനൽകുകയും ചെയ്തു. ഇതോടെയാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്.

ഈ സന്ദർഭത്തിൽതന്നെ സീഡിയൻ സർവിസ് സൊസൈറ്റി നേതാക്കളായ കെ.കെ. കൊച്ചിന്റെയും പി.എൻ. സുകുമാരന്റെയും നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട ദലിത് ഏകോപന സമിതി എറണാകുളം ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ സി.ടി വിഷയത്തിൽ റിലേ സത്യഗ്രഹം തുടങ്ങി. മാരുതി ലോഡ്ജിൽ ഈ സത്യഗ്രഹത്തെ കുറിച്ച് നടന്ന ആലോചനായോഗത്തിൽ എ.എൻ.എം പ്രതിനിധികളായെത്തിയ വി.സി. രാജപ്പനും സി.എസ്. മുരളിയും ഈ സമീപനത്തെ എതിർക്കുകയും ഹൈകോർട്ട് ​െജട്ടിയിലെ സമരത്തോടൊപ്പം​ ചേരാൻ അഭ്യർഥിക്കുകയുംചെയ്തെങ്കിലും അവർക്കത് സ്വീകാര്യമായില്ല. ഒരേ വിഷയത്തിൽതന്നെ ഒരേ ആവശ്യം ഉന്നയിച്ച് രണ്ട് സമരപ്പന്തൽ. പട്ടികജാതി/ പട്ടികവർഗ ലേബലിലുള്ള പല സംഘടനകളും ഈ നീക്കത്തോട് സഹകരിച്ചു.

ഈ കാലത്ത് പാർട്ടിക്കുള്ളിൽ മുന്നണിയെ എതിർത്തുകൊണ്ടിരുന്ന ദലിതരും അദലിതരുമായിരുന്ന ഗീതാനന്ദൻ, കുമാരദാസ്, ജോൺ ജോസഫ് തുടങ്ങിയ പലരും ഈ നീക്കത്തോടൊപ്പം ചേർന്നു. അവർണ രാഷ്ട്രീയത്തിന്റെ വക്താക്കളായി രംഗത്തുവന്ന അബ്ദുന്നാസിർ മഅ്ദനിയും പി.ഡി.പിയും അവരുടെ വേദിയിലെത്തി അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ നക്സലൈറ്റ് പശ്ചാത്തലവും ബാബുവിനെയും ശരത്ചന്ദ്രനെയും പോലുള്ള രാഷ്ട്രീയ നേതാക്കളെയും ​ചൂണ്ടിക്കാട്ടി സമരത്തിന്റെ മറ്റൊരു മുഖം തുറക്കുക എളുപ്പമായിരുന്നു. നവോത്ഥാന മുന്നണി മനുസ്മൃതി കത്തിക്കാൻ പദ്ധതിയിട്ടപ്പോൾ ശങ്കരനെ കത്തിക്കാൻ പദ്ധതിയിട്ട സീഡിയന്റെ പ്രവർത്തനത്തിന്റെ തുടർച്ചയായിട്ടാണ് ഞങ്ങളിതിനെ കണ്ടത്. ഒരുതരം സമാന്തര പ്രവർത്തനം. ഒരിടത്തും സന്ധിക്കാതെ പോകുന്ന നിരവധി സമാന്തര പ്രവർത്തനങ്ങളുടെ മുഖങ്ങൾ ദലിതർക്കിടയിലുണ്ടായിരുന്നു.

ദലിത് സംഘടനകളുടെ ഇടപെടലുകളെ തുടർന്ന് കെ.പി.എം.എസിന് നിലപാട് മാറ്റേണ്ടിവന്നു. പക്ഷേ കേവലമായ പ്രതികരണങ്ങൾക്കപ്പുറം അവർ ചിന്തിച്ചില്ല. മറ്റ് ജാതി സംഘടനകൾക്ക് അതും വേണ്ടിവന്നില്ല. കാരണം മരിച്ചയാൾ പുലയനാണ​ല്ലോ! പുലയൻ മരിച്ചാൽ പറയനെന്തു കാര്യം. ഇക്കാലത്തെ കെ.പി.എം.എസുമായി ബന്ധപ്പെട്ട ഒരനുഭവം. സി.ടി സമരംതുടങ്ങി ഒരു വർഷത്തിന​ുശേഷം ഇരിങ്ങാലക്കുടയിൽനിന്ന് കെ.പി.എം.എസ് നേതാവായിരുന്ന അയ്യപ്പൻ മാസ്റ്റർ എനിക്കയച്ചൊരു കത്താണ്. ഫയലുകൾ പരിശോധിക്കുമ്പോൾ കണ്ടൊരു കത്താണെന്നും മറുപടി അയക്കേണ്ടതില്ലെന്നും പ്രത്യേകം എഴുതി ചേർത്തിരുന്നു. സി.ടി വിഷയത്തിൽ നവോത്ഥാന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തങ്ങളുടെ സംഘടനയെ ‘ചാവുനോക്കികൾ’ എന്ന് ഞാൻ ആക്ഷേപിച്ചതായി അറിഞ്ഞതുകൊണ്ട് അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നുമാണ് കത്തിലെ ഉള്ളടക്കം.

ശരിയാണ്. ഒരു സംഘടനയെ അങ്ങനെ വിശേഷിപ്പിക്കാമോ എന്ന പ്രശ്നമുണ്ട്. കെ.പി.എം.എസ് പോലെ ദലിതർക്കിടയിലെ പ്രബലമായൊരു ജാതി സംഘടനയുടെ ഭാഗമായിരുന്നു തേവൻ മാസ്റ്ററും കുടുംബവും. തികച്ചും സംശയകരമായ രീതിയിൽ നടന്ന സി.ടിയുടെ ശവസംസ്കാര കർമങ്ങളിൽ പ​ങ്കാളികളായിരുന്ന കെ.പി.എം.എസുകാർ അദ്ദേഹത്തിന്റെചിത അണയും മുമ്പേ രംഗം ഒഴിഞ്ഞു. അവരിലൊരാൾക്കും ഒരാശങ്കപോലും തോന്നിയില്ല. നിരന്തരമായി ദലിതർക്കെതിരെ നടന്ന ജാതി വിവേചനങ്ങളും അതിക്രമങ്ങളുമൊന്നും കാണാതെ വിവാഹവും മരണവും മരണാനന്തര ചടങ്ങുകളുമായി ഒതുങ്ങിക്കൂടുന്ന ഇത്തരം സംഘടനകളെ വേറെന്തു പേരിലാണ് വിശേഷിപ്പിക്കാനാവുക. ഇത്തരം സംഘനകൾക്കുള്ളിലാണ് ബഹുഭൂരിപക്ഷം ദലിതർ. വിട്ടുമാറാത്ത മയക്കത്തിലാണ് ഇവരെല്ലാം.

നവോത്ഥാന മുന്നണി മധ്യ കേരളത്തിൽ സി.ടി വിഷയത്തിൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ നടന്നൊരു യോഗം രസകരമായൊരനുഭവം നൽകി. യോഗാനന്തരം സംഘടനയുടെ ജില്ലാ ഭാരവാഹികളടക്കം എ​ങ്ങണ്ടിയൂരിലുള്ള സുധയുടെ വീട്ടിലേക്ക് പോയി. ഏതു സമയത്തും സംഘടനാ പ്രവർത്തകരെ സ്വീകരിക്കുന്ന വീടായിരുന്നു സുധയുടേത്. സംഘടനയുടെ ജില്ലയിലെ സ​ങ്കേതങ്ങളിലൊന്ന്. ഞങ്ങൾ ചിലർ വീട്ടിലെത്തുമ്പോൾ അവിടെ നടന്നൊരു ചർച്ച വാടാനപ്പള്ളിയിൽ നടന്ന​ യോഗത്തിൽ എ.എൻ.എം ജില്ലാ കൺവീനർ എം.കെ. രാജുവിന്റെ പ്രസംഗമാണോ എന്റെ പ്രസംഗമാണോ മെച്ചപ്പെട്ടത് എന്നതായിരുന്നു. യഥാർഥത്തിൽ ആ യോഗത്തിൽ എന്നെക്കാൾ നന്നായി രാജു സംസാരിച്ചിരുന്നു. ഞാനേറെ സന്തോഷിച്ചൊരു സന്ദർഭമായിരുന്നു അത്. എന്റെ സാന്നിധ്യം അവിടെ ആവശ്യമില്ലായിരുന്നു എന്ന് തോന്നിയ സന്ദർഭം. പക്ഷേ രാജുതന്നെ മുൻകൈയെടുത്തു നടത്തിയ ഈ താരതമ്യം അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ നീരസമുളവാക്കി.​ നേതാവിന് സഹപ്രവർത്തകരോടൊപ്പമെത്താൻ കഴിയാത്ത അവസ്ഥയുളവാക്കി.

അധഃസ്ഥിത നവോത്ഥാന മുന്നണിയും ദലിത് ലീഡേഴ്സ് കൗൺസിലും സംയുക്തമായി മുളന്തുരുത്തിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വാഹന പ്രചാരണ ജാഥ നടത്തി. സൈമൺ ജോണും പോൾ ചിറക്കരോടുമെല്ലാം മുൻകൈയെടുത്ത് രൂപവത്കരിച്ചൊരു കൂട്ടായ്മയായിരുന്നു ദലിത് ലീഡേഴ്സ് കൗൺസിൽ. ഞാനും അതിൽ അംഗമായിരുന്നു. മുളന്തുരുത്തിയിൽനിന്ന് തിരുവല്ല വരെയുള്ള ജാഥയുടെ ചെലവ് നവോത്ഥാന മുന്നണിയും പിന്നീടുള്ളത് ദലിത് ലീഡേഴ്സ് കൗൺസിലും വഹിക്കാമെന്നായിരുന്നു ധാരണ. പോൾചിറക്കരോടാണ് ആ ജാഥ ഉദ്ഘാടനംചെയ്തത്.

അദ്ദേഹമന്ന് ബി.എസ്.പിയുടെയും ഐ.ഡി.എഫിന്റെയും നേതാക്കളിലൊരാളായിരുന്നു. സൈമൺ ജോൺ ബി.പി.ഡി.സി എന്ന ദലിത് ക്രിസ്ത്യൻ സംഘടനയുടെ ചെയർമാനും. ദലിതർക്കിടയിലെ ചില താൽക്കാലിക ഐക്യ ശ്രമങ്ങളായിരുന്നു ഇവ. നിശ്ചയമായും മൂഢമായ ചില മുൻധാരണകൾക്ക് ഇത്തരം ശ്രമങ്ങൾ മങ്ങലേൽപിച്ചിരുന്നു. ഈ വാഹനജാഥ തിരുവല്ലയിൽ എത്തിയപ്പോൾ മുന്നണിയുടെ പൊതുശൈലി വിട്ട് ജാഥാംഗങ്ങൾ മെച്ചപ്പെട്ട ഒരു ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ കയറിയത് പ്രശ്നമായി. സാധാരണ ഹോട്ടലുകളിൽ ചെലവ് കുറഞ്ഞ ഭക്ഷണമായിരുന്നു പൊതുശൈലി. ബാബുവാണ് ഈ ശൈലിക്ക് ഭംഗംവരുത്തുവാൻ മുൻകൈയെടുത്തതെന്നാണ് അറിഞ്ഞത്. മീനും ഇറച്ചിയും നിലവാരമുള്ള ഭക്ഷണങ്ങളുമെല്ലാം അധ്വാനിച്ചുണ്ടാക്കുന്ന സ്വന്തം പണമുപയോഗിച്ച് എന്നതായിരുന്നു പ്രമാണം. മീൻ വറുത്തതോ കറിവെച്ചതോ സ്​പെഷലായി ചിലരെല്ലാം കഴിച്ചപ്പോൾ ഞാനടക്കം പലരും അത് വേണ്ടെന്ന് വെച്ചു.

 

കോട്ടയത്ത് ഡി.യു.സി.എഫിന്റെ നേതൃത്വത്തിൽ നടന്നൊരു സമ്മേളനം വ്യത്യസ്തമായൊരനുഭവം നൽകി. ഡി.യു.സി.എഫിന്റെ സർവാധികാരിയായിരുന്ന സഭാരാജിന്റെ ഉദ്ഘാടന പ്രസംഗത്തിലെ ഒരു പരാമർശമായിരുന്നു അത്. സി.ടി. സുകുമാരന്റെ ഭാര്യ ഒരു സവർണ സ്ത്രീ ആണെന്ന ധാരണയിൽ അവർ കാരണ​മാണ് അദ്ദേഹം കൊല​ചെയ്യപ്പെട്ടതെന്നും ആദ്യം ശിക്ഷിക്കപ്പെടേണ്ടത് അവരാണെന്നും അതിന് തയാറുള്ള ആരെങ്കിലും ഉണ്ടോയെന്നും അദ്ദേഹം വെല്ലുവിളി ഉയർത്തി. തനിക്ക് ശേഷിയില്ലെന്നും എന്നാൽ ശേഷിയുള്ള ആണുങ്ങളെ കൂട്ടിന് നൽകാമെന്നും പറഞ്ഞപ്പോൾ വേദിയിൽ അടുത്തിരുന്ന സൈമൺ ജോൺ എന്നെ മുട്ടിവിളിച്ചു എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചിച്ചു.

എന്തുചെയ്യുമെന്ന് ഞാനും. എസ്.ഐ സോമന്റെ കൊലപാതകം ഉയർത്തിക്കൊണ്ടുവരുന്നതിന് മുൻപന്തിയിലുള്ള ആളായിരുന്നു സഭാരാജ്. സോമന്റെ സഹോദരൻ രാജു സഭാരാജിന്റെ അംഗരക്ഷകനായിരുന്നു. ഒരുതരം വംശീയബോധമായിരുന്നു സഭാരാജിന്റേത്. ഒരു വർഷത്തിലേറെയായി പലതലങ്ങളിൽ നടന്നുകൊണ്ടിരുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് എ.എൻ.എം ’93 ഡിസംബർ 27ന് സി.ടി. സുകുമാരന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉപരാഷ്ട്രപതി കെ.ആർ. നാരായണന്റെ ഉഴവൂരിലുള്ള ജന്മഗൃഹത്തിലേക്ക് കോട്ടയത്തുനിന്ന് ഒരു മാർച്ച് സംഘടിപ്പിച്ചത്.

(തുടരും)

News Summary - km salim kumar biography