Begin typing your search above and press return to search.
proflie-avatar
Login

യാഗ-യജ്ഞ സംസ്കാരത്തിനെതിരെ

കടുത്ത -22

യാഗ-യജ്ഞ സംസ്കാരത്തിനെതിരെ
cancel

ദലിത് അവസ്ഥകൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം എറണാകുളത്ത് നടന്ന പുത്രകാമേഷ്ടി യാഗം തടയാനുള്ള അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ശ്രമങ്ങളെക്കുറിച്ച് എഴുതുന്നു. ദലിതർ സ്വാശ്രയബോധവും സ്വാഭിമാനചിന്തയും വളർത്തി സ്വന്തം വിധികർത്താക്കളായി തീരേണ്ടതിന്റെ ആവശ്യകതയിലാണ് ഞങ്ങൾ ഉൗന്നിയത്. ബുള്ളറ്റിനും പിന്നീട്‍ ‘സാമ്പത്തിക സംവരണവാദികൾ ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന ലഘുലേഖയും പ്രചരിപ്പിക്കപ്പെട്ടു. നാരായണഗുരുവിന്റെ അന്ത്യവിശ്രമസ്ഥലത്ത് ശിവഗിരിയിലെ ഒരു വൃക്ഷത്തണലിൽ ഇരുന്നാണ് ​ആ ലേഖനം എഴുതിത്തീർത്തത്. ബി. സുനിൽ കൂടെയുണ്ടായിരുന്നു. ദലിതനായ സുനിലിന്റെ അച്ഛൻ ഗുരുഭക്തനായിരുന്നു. ഗുരുവിന്റെ...

Your Subscription Supports Independent Journalism

View Plans
ദലിത് അവസ്ഥകൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം എറണാകുളത്ത് നടന്ന പുത്രകാമേഷ്ടി യാഗം തടയാനുള്ള അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ശ്രമങ്ങളെക്കുറിച്ച് എഴുതുന്നു.

ദലിതർ സ്വാശ്രയബോധവും സ്വാഭിമാനചിന്തയും വളർത്തി സ്വന്തം വിധികർത്താക്കളായി തീരേണ്ടതിന്റെ ആവശ്യകതയിലാണ് ഞങ്ങൾ ഉൗന്നിയത്. ബുള്ളറ്റിനും പിന്നീട്‍ ‘സാമ്പത്തിക സംവരണവാദികൾ ഉയർത്തുന്ന വെല്ലുവിളികൾ’ എന്ന ലഘുലേഖയും പ്രചരിപ്പിക്കപ്പെട്ടു. നാരായണഗുരുവിന്റെ അന്ത്യവിശ്രമസ്ഥലത്ത് ശിവഗിരിയിലെ ഒരു വൃക്ഷത്തണലിൽ ഇരുന്നാണ് ​ആ ലേഖനം എഴുതിത്തീർത്തത്. ബി. സുനിൽ കൂടെയുണ്ടായിരുന്നു. ദലിതനായ സുനിലിന്റെ അച്ഛൻ ഗുരുഭക്തനായിരുന്നു. ഗുരുവിന്റെ അയൽവാസികളിൽപെട്ട കുടുംബമായിരുന്നു അവരുടേത്.

മറ്റുള്ളവരെ ആശ്രയിച്ചും അവരുടെ പരിരക്ഷയിലും കഴിയുകയെന്നത് അങ്ങേയറ്റം അപമാനകരമാണെങ്കിലും അധഃസ്ഥിതരുടെ പൊതുസ്ഥിതി അതാണെന്ന് സൂചിപ്പിച്ച് ദലിത്-അദലിത് ബന്ധങ്ങളുടെ മൗലികഭാവം വിധേയത്വമാണെന്ന് ചൂണ്ടിക്കാണിച്ചു. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും അനുഷ്ഠാനംപോലെ ദലിതർ സംരക്ഷിച്ചുപോരുന്ന പല അരുതായ്മകളും വിലക്കുകളും ജാതിവ്യവസ്ഥ നിലനിർത്തുന്നതിനു വേണ്ടി അവർ സ്വയം പേറുന്ന മാറാപ്പിൻകെട്ടുകളാണ്. തങ്ങൾ അനുഭവിക്കുന്ന അപമാനങ്ങളും അംഗീകാരമില്ലായ്മയും മറികടക്കുന്നതിനായി മുകൾതട്ടിലുള്ളവരെ രക്ഷാകർതൃത്വം ഏൽപിക്കുകയും സമൂഹത്തിൽ പരസ്പര സ്നേഹവും വിശ്വാസവുമില്ലാത്തവരായി കാപട്യക്കാരും പൊങ്ങച്ചക്കാരുമായി അവർ ജീവിക്കുന്നു.

ക്ഷേമപ്രവർത്തനങ്ങളും ഉദ്ധാരണ പ്രവർത്തനങ്ങളുമെല്ലാം ഈ ആശ്രിതത്വത്തെ ആഴത്തിലാക്കുകയാണ് ചെയ്യുന്നത്. സാമൂഹികജീവിതത്തിന്റെ എല്ലാതലങ്ങളിലും ഈ ​ആശ്രിതത്വം കാണപ്പെട്ടു. വിമോചിതരായ ദലിതർ നടത്തിയ ക്രൈസ്തവ വിശ്വാസമാറ്റം ബ്രാഹ്മണിക മൂല്യങ്ങൾ സ്വായത്തമാക്കിയെന്ന മതപ്രസ്ഥാനത്തിലേക്കുള്ള ആരോപണമായിരുന്നു. അത് ജാതിരഹിതമായൊരു പൊതുസ്ഥലമോ ദലിതർക്ക് തുല്യനീതി പ്രദാനംചെയ്യുന്ന ഒരിടമോ ആയിരുന്നില്ല. എന്നിട്ടും അവർ രക്ഷപ്പെട്ടവരെന്ന് സ്വയം വിശ്വസിച്ചു. പൂർവകാല സംസ്കൃതിയിൽനിന്ന് അഭിമാനകരമായി ഒന്നും ചൂണ്ടിക്കാണിക്കാൻ കഴിയാതെപോയ ഇവർ അവിടെ പുതുക്രിസ്ത്യാനികളോ അവശക്രിസ്ത്യാനികളോ ആയി തരംതാഴ്ത്തപ്പെട്ടു. അപമാനിക്കപ്പെട്ടു. സ്വർഗം പകരമായി വെച്ചുനീട്ടപ്പെട്ടവർ ഇതും ഇതിനപ്പുറവും സഹിക്കാൻ തയാറായിരുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുള്ളിലും ദലിതർ ഇതേ അവസ്ഥ തന്നെയായിരുന്നു​ നേരിട്ടത്. ഭൂ പരിഷ്‍കരണംപോലെ മൗലികമായൊരു സാമ്പത്തിക രാഷ്ട്രീയ പരിവർത്തനം കേരളത്തിൽ നടക്കുമ്പോൾ ദലിത് പ്രാതിനിധ്യമായി നിയമനിർമാണസഭയിലുണ്ടായിരുന്നവർ അതിനെ പിന്തുണച്ചതല്ലാതെ ദലിതരുടെ പ്രശ്നം ഉന്നയിക്കാതെപോയത് ഈ വിധേയത്വബന്ധംമൂലമാണ്. ഒൗദ്യോഗികരംഗത്തും ഇതിന്റെ രൂക്ഷമായ പ്രതിഫലനങ്ങളുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഈ വിധേയത്വബന്ധ അതിജീവനത്തിന് പര്യാപ്തമായിരുന്നു. തന്മൂലം രക്ഷകന്മാരെയോ ഉദ്ധാരകന്മാരെയോ ഇനി ആവശ്യമില്ലെന്നും ദലിതർ ആത്മാഭിമാനവും സ്വാശ്രയബോധവും ഉള്ളവരായി തീരണമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ ലേഖനം ഉപസംഹരിക്കുന്നത്.

ഇത് പിന്നീട് ദലിതർക്കിടയിൽ ഞങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച പ്രത്യയശാസ്ത്രാവബോധത്തിന്റെ ആത്മാവായിരുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ദലിതരായിത്തീരേണ്ടതായി ഞങ്ങൾ ലക്ഷ്യമിട്ട സ്വത്വഭാവമായിരുന്നു. ആത്മബോധമെന്നത് ഒരു തിരിച്ചറിവാണ്. ഈ തിരിച്ചറിവ് നേടുന്നവർ വിധേയത്വബന്ധങ്ങൾ മാനിക്കാതാകുന്നു. മറുപക്ഷത്തെ ധിക്കരിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നു. അവരുടെ ശാസനകൾ ലംഘിക്കുന്നു. അത്തരം ബന്ധങ്ങൾ അറുത്തുമാറ്റുന്നു. ആത്മബോധം അവന്റെ വ്യക്തിത്വത്തെ ഉണർത്തുന്നു. വ്യക്തികളുടെ അഭിമാനമാണ് ആത്മബോധം. അത്‍ വ്യക്തികളെ രൂപാന്തരപ്പെടുത്തുന്നു. രൂപാന്തരപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുണ്ടാകുന്നു, കുടുംബബന്ധങ്ങൾ ഉണ്ടാകുന്നു. ദലിതരുടെ ഏത്​ പ്രശ്നങ്ങളിൽ ഇടപെടുമ്പോഴും ഈ ഭാവം തട്ടിയുണർത്തുന്നതിനാണ് ഞങ്ങൾ ശ്രമിച്ചത്. സ്ത്രീ-പുരുഷ ബന്ധങ്ങളിലും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലുമെല്ലാം അതിന്റെ പ്രതിധ്വനികളുണ്ടായി. ഞങ്ങളുടെ സംഘടനാ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ തയാറായവർ സ്വജീവിതം ഈ വീക്ഷണത്തിന് അനുസൃതമായി മാറ്റേണ്ടിവന്നു. അവർ അത് ആഹ്ലാദമായി കൊണ്ടുനടക്കുന്നത് കണ്ടു.

തങ്ങളെ തുല്യരായി കാണുന്നവരെ സ്നേഹിച്ചും ആദരിച്ചും അല്ലാത്തവരോട് കലഹിച്ചും അവർ ജാതി സമൂഹത്തിൽ വ്യത്യസ്ത മാതൃകകളായി. മേൽജാതിക്കാരുടെ കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമെല്ലാം ദലിതർക്കു​മേൽ എന്തും പറയാനും ചെയ്യാനും തലമുറകളായി ഉണ്ടായിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇത്തരക്കാർക്കുമേൽ റദ്ദുചെയ്യപ്പെട്ടു. കർഷകത്തൊഴിലാളി കുടുംബത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് കടക്കാൻ കഴിയാതെപോയവർപോലും പ്രതിജ്ഞപൂർവം തങ്ങളുടെ പാരമ്പര്യത്തൊഴിലുകൾ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതും പുതിയ ജീവിതസാധ്യതകൾ തേടുന്നതും കൂലിയടിമയുടെ മനോഘടന ലംഘിച്ച് മുന്നോട്ടുപോകുന്നതും കണ്ടു. സ്വാഭിമാനികളായ സ്ത്രീകൾ തങ്ങളുടെ കുടുംബത്തിലെ പുരുഷാധിപത്യത്തെ ചോദ്യംചെയ്തു. മദ്യപാനംപോലുള്ള ദുരന്തങ്ങൾക്കെതിരെ പുരുഷന്മാർ സ്വയം പ്രതിജ്ഞയെടുക്കാൻ തയാറായി. കുടുംബങ്ങളിൽ സ്ത്രീകൾ മദ്യപാനികൾക്ക് വിലക്ക് ഏർപ്പെടുത്തി. വ്യക്തിജീവിതത്തിന്റെയും പുനരാവിഷ്‍കാരമായിരുന്നു ഇത്.

നവോത്ഥാനകാലം തിരസ്കരിക്കാൻ ശ്രമിച്ച ജീർണതകളെല്ലാം പല മുഖങ്ങളിലൂടെ സംഘടിതമായി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നൊരു കാലമായിരുന്നു ഇത്. അത്തരം ശ്രമങ്ങളിലൊന്നായിരുന്നു പുത്രകാമേഷ്ടി യാഗം. ആയിരത്താണ്ടുകളായി മറഞ്ഞുകിടക്കുന്നതും വിശുദ്ധവും വിപുലവുമായി ഫലസാധ്യതകളുള്ളതുമായ ഒരു കർമമെന്ന നിലയിലാണ് 1992 മേയിൽ സെന്റർ ഫോർ അസ്​ട്രോളജിക്കൽ ഡെവലപ്മെന്റ് ആൻഡ് റിസർച് (കാർഡ്) പുത്രകാമേഷ്ടി യാഗം നടത്താൻ നിശ്ചയിച്ചത്. മഹാകവി അക്കിത്തം നമ്പൂതിരിപ്പാട്, മുൻ ജസ്റ്റിസ് ജാനകിയമ്മ, മാതാ അമൃതാനന്ദമയി എന്നിവരുടെ​യെല്ലാം പേരുകൾ യാഗത്തിന്റെ സംഘാടകരായി ഉയർന്നിരുന്നു. യാഗം വിവാദമായപ്പോൾ അക്കിത്തവും അമൃതാനന്ദമയിയും നിലപാടു മാറ്റി.

‘ഒരു കുട്ടി ജനിക്കാൻ ഏത് ത്യാഗവും സഹിക്കാൻ തയാറുള്ളവർക്കുവേണ്ടി, വന്ധ്യതയെന്ന വാക്കുകേട്ട് ഞെട്ടിത്തെറിക്കുന്ന നിറമിഴികളുമായി തേങ്ങുന്ന സ്ത്രീകൾക്കു​േവണ്ടി –

‘മാറാരോഗങ്ങൾമൂലം ദുഃഖമനുഭവിക്കുന്നവരെ അതിൽനിന്ന് വിമുക്തരാക്കുവാൻ വേണ്ടി

സർവോപരി ജന്മസാഫല്യത്തിനും​ മോക്ഷപ്രാപ്തിക്കും വേണ്ടി’

ഇങ്ങനെയാണ് യാഗത്തിന്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നത്.

1975ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തിന്റെയും 84ൽ തിരുവനന്തപുരത്തു നടന്ന സോമയാഗത്തിന്റെയും 90ൽ കുണ്ടന്നൂരിൽ നടന്ന അതിരാത്രത്തിന്റെയുമെല്ലാം തുടർച്ചയായിരുന്നു പുത്രകാമേഷ്ടിയാഗം. വിശ്വാസങ്ങളുടെയും പരീക്ഷണങ്ങളുടെയുമെല്ലാം പേരിൽ നടത്തപ്പെടുന്ന ഇത്തരം ആചാരാനുഷ്ഠാനങ്ങളെയും ചടങ്ങുകളെയും എല്ലാം ഞങ്ങൾ വിലയിരുത്തിയത് ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളുടെ പുനഃസ്ഥാപനമായും ജാത്യാധിപത്യത്തിന്റെ ശാക്തീകരണമായുമാണ്. അക്ഷരം പ്രചരിപ്പിക്കുന്നതുപോലും ‘സാക്ഷരതയജ്ഞം’ എന്ന പേരിലായി. സാമൂഹിക രാഷ്ട്രീയ സംഘടനകൾ ‘സുരക്ഷാ യജ്ഞ യാത്രകൾ’ സംഘടിപ്പിക്കുന്നു. ദൈവവചന പ്രഘോഷണങ്ങളും ധ്യാനങ്ങളുമെല്ലാം സാർവത്രികമായി. ആൾദൈവങ്ങൾ കരുത്താർജിച്ചു.

ബ്രാഹ്മണിസത്തെ ചോദ്യംചെയ്യുന്നവർപോലും അതിന്റെ ഭാഷാശൈലിയും മൂല്യങ്ങളും മുദ്രകളുമെല്ലാം ചാർത്തുന്നത് പതിവായി. രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിലുള്ളവർ കിരാതത്വവും കാട്ടാളത്വവുമെല്ലാം ആരോപിക്കുമ്പോൾ ചരിത്രത്തിലുടനീളം ബ്രാഹ്മണിസം പ്രതി സ്ഥാപിച്ചൊരു സാമൂഹിക സ്വത്വത്തിന്റെ മേലുള്ള കടന്നാക്രമണമാണ് തങ്ങൾ നടത്തുന്നതെന്ന് പുരോഗമനപക്ഷത്തുള്ളവർപോലും വിസ്മരിച്ചു. മതവിമർശനം മതനിന്ദയായി കാണുന്നവർ കരുത്തായി. ഹൈന്ദവ ​ക്രൈസ്തവവത്കരണത്തിന് വിധേയമാക്കപ്പെടുകയും പൂർവ സ്മൃതികളെ പുച്ഛിച്ച് മേൽജാതിക്കാരെയും അവരുടെ ബിംബങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയുമെല്ലാം മാതൃകകളായി സ്വീകരിക്കാൻ വെമ്പുകയും ചെയ്തവർക്കിടയിൽനിന്നാണ് പുത്രകാമേഷ്ടിയാഗം മുടക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് എ.എൻ.എം ഈ കാര്യത്തിൽ ​ഇടപെടാൻ തീരുമാനിച്ചത്.

സ്വന്തം നിലപാടുകൾ വിശദീകരിക്കുന്നതോടൊപ്പം വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ ഈ കാര്യത്തിൽ സ്വീകരിച്ച നിലപാടുകളും നിസ്സംഗതകളുമെല്ലാം ഞങ്ങൾ ചർച്ചാവിഷയമാക്കി. കേരള സർവകലാശാലയിലെ പ്രമുഖരായ ചില പണ്ഡിതന്മാർ കുണ്ടന്നൂർ അതിരാത്രവുമായി ബന്ധപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ദേശീയ നേതാക്കളിലൊരാളായ കെ. കരുണാകരനും കോൺഗ്രസ് എം.പിയായിരുന്ന സാവിത്രി ലക്ഷ്മണനുമെല്ലാം അതിരാത്രത്തിന്റെ രക്ഷാധികാരികളായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടേതടക്കമുള്ള പഞ്ചായത്ത് ഭരണാധികാരികൾ അതിന്റെ സഹായികളായി രംഗത്തുവന്നു. പുത്രകാമേഷ്ടിയാഗത്തിന്റെ പ്രചാരണവുമായി മൂകാംബികയിൽനിന്ന് വന്ന ‘വേദ സമൂഹാർച്ചന’യെ വഴിനീളെ സ്വീകരിച്ചാനയിച്ചത് ബി.ജെ.പി, ആർ.എസ്.എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളായിരുന്നു.

പത്രമാധ്യമങ്ങളുടെ വമ്പിച്ച പിന്തുണ ഇതിനുണ്ടായിരുന്നു. വിചിത്രമായൊരു കാര്യം കേരളത്തിന്റെ പൊതു രാഷ്ട്രീയ മണ്ഡലത്തിൽനിന്നും സാംസ്കാരിക മണ്ഡലത്തിൽനിന്നും ഇത്തരം നീക്കങ്ങൾക്കെതിരെ കാര്യമായൊരു പ്രതികരണവുമുണ്ടായില്ല എന്നതാണ്. ശബരിമല ക്ഷേത്രം കത്തിയപ്പോൾ അത്രയും അന്ധവിശ്വാസം കുറഞ്ഞുവെന്ന് പറഞ്ഞ നാരായണഗുരുവിന്റെ പിൻഗാമികളുടെ നാട് മതവിമർശനം നടത്തുന്നവരെ മതനിന്ദകരായി കാണുന്നൊരു കാലത്തേക്ക് മാറുകയും സ്വന്തം നിസ്സംഗതകൊണ്ട് ഇരുട്ടിനെ മാടിവിളിക്കുകയുമായിരുന്നു. ചില പുതിയ ഉൾവിളികളുമായി സ്ത്രീകൾക്കിടയിൽനിന്ന് കെ. അജിതയെപ്പോലുള്ളവർ പ്രതിഷേധവുമായി എറണാകുളത്ത് എത്തിയെന്നത് മാത്രമായിരുന്നു ആശ്വാസം. അത്രമാത്രം കേരളം സവർണമൂല്യങ്ങൾക്ക് വിധേയപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബ്രാഹ്മണിസ്റ്റ് മൂല്യ സങ്കൽപങ്ങളെയും യാ​ഗങ്ങ​ളും യജ്ഞങ്ങളുംപോലുള്ള അവരുടെ ഹിംസാത്മക നടപടികളെയും ചോദ്യംചെയ്തുകൊണ്ട് എ.എൻ.എം ഇടപെട്ടത്.

യാഗങ്ങളും യജ്ഞങ്ങളുമെല്ലാം എപ്പോഴെല്ലാം സാമൂഹിക ശരീരത്തെ പിടിച്ചുലക്കുന്ന വിപത്തുകളായി മാറിയിട്ടുണ്ടോ അപ്പോഴെല്ലാം അതിനെതിരായി ശക്തമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യാഗയജ്ഞ സംസ്കാരത്തെ പ്രതിരോധിക്കാൻ തയാറായത്. ബ്രാഹ്മണ പൗരോഹിത്യത്തെ അരക്കിട്ടുറപ്പിക്കുന്നതിനായി അവർ ദിവ്യത്വത്തിന്റെ പരിവേഷം നൽകിയ വേദ പ്രമാണങ്ങൾക്കും യാഗയജ്ഞാദികർമങ്ങൾക്കുമെതിരെ ആര്യ സമൂഹങ്ങൾക്കിടയിൽ നിന്നുതന്നെ ഉയർന്നുവന്ന വെല്ലുവിളികൾ ഞങ്ങൾ ചൂണ്ടിക്കാട്ടി. ‘‘പൂർവ ജന്മകർമങ്ങളുടെ ഫലമായി സന്താനോൽപത്തി ഉളവാക്കുന്ന തടസ്സം നീക്കാനാണ് പുത്രകാമേഷ്ടിയാഗ’’മെന്ന് പ്രചരിപ്പിക്കുന്ന അക്കിത്തത്തെപ്പോലുള്ളവരുടെ മുന്നിൽ ‘‘യജ്ഞാദികർമങ്ങളിൽ ഏർ​പ്പെടുന്നവർ സത്യംകാണാൻ കഴിവില്ലാത്തവരാണ്’’ എന്ന് മുണ്ഡകോപനിഷത്ത് വേദാന്തികൾക്കിടയിൽനിന്ന് ഉയർത്തുന്ന ആക്ഷേപം ഞങ്ങൾ ആവർത്തിച്ചു. കർമനിയമവും പുനർജന്മ സിദ്ധാന്തവും പോലുള്ള വർണ വ്യവസ്ഥയുടെ തായ് വേരുകൾ അറുത്തെറിഞ്ഞ മഖലിഗോസാവനെ പോലുള്ള ചിന്തകരെ അനുസ്മരിച്ചു.

വേദങ്ങൾ അന്ധത്വങ്ങളും വൈരുധ്യങ്ങളും നിറഞ്ഞവയും, വഞ്ചകന്മാരും കോമാളികളും ചേർന്ന് പടച്ചുണ്ടാക്കിയതുമാണെന്നും ബ്രാഹ്മണർ തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കു​വേണ്ടി കണ്ടുപിടിച്ചവയാണ് യാഗങ്ങളും യജ്ഞങ്ങള​ുമെന്നും ബുദ്ധിയും പൗരുഷവുമില്ലാത്തവരുടെ ഉപജീവനമാർഗമാണ് ഇതെന്നുമുള്ള ചാർവാകന്മാരുടെ നിലപാട് ഞങ്ങൾ ഏറ്റുപറഞ്ഞു. ബുദ്ധനെയും ജൈനനെയുമെല്ലാം അതിന് കൂട്ടുപിടിച്ചു. വ്യാവഹാരിക ജീവിതത്തിലെ വൈവിധ്യങ്ങളും ​വേദവിധിപ്രകാരമനുഷ്ഠിക്കുന്ന കർമങ്ങളുമെല്ലാം ആ വിദ്യയുടെ ഫലമാണെന്ന് പറഞ്ഞ അ​ൈദ്വദവേദാന്തിയായി ശങ്കരനെ ഉദ്ധരിച്ചു.

മധ്യകാലത്തെ ഭക്തിപ്രസ്ഥാനങ്ങളുടെ മുന്നിൽ നടന്നുവന്നവരെയും രാജാ റാംമോഹൻ റോയിയും വിവേകാനന്ദനും പോലുള്ള ഹൈന്ദവ നവീകരണവാദികളെയും ബ്രാഹ്മണരുടെ ആർത്തിപിടിച്ച ധനസമ്പാദനത്തിന്റെയും മൃഗീയമായ ഇന്ദ്രിയസുഖങ്ങളുടെയുമെല്ലാം ഉറവിടമായിരുന്നു യാഗയജ്ഞാദികളെന്ന് പറഞ്ഞ ഡോ. അംബേദ്കറെയുമെല്ലാം കൂട്ടുപിടിച്ചുകൊണ്ടാണ് അധഃസ്ഥിത വിരുദ്ധവും സ്ത്രീവിരുദ്ധവുമായ പുത്രകാമേഷ്ടിയാഗം മുടക്കാൻ ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടത്. ചില സംസ്ഥാന കമ്മിറ്റി അംഗങ്ങള​ുടെപോലും അസാന്നിധ്യത്തിലും പാർട്ടിയുടെ പിൻബലമില്ലാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും നടന്നൊരു സാമൂഹിക ഇടപെടലായിട്ടും പൊതുസമൂഹം ഇത് ശ്രദ്ധിക്കാനിടയായതായി ഞങ്ങൾ വിലയിരുത്തി. അതായിരുന്നു അതിന്റെ വിജയവും. മണ്ഡൽ, മസ്ജിദ് പ്രശ്നങ്ങളിൽ മർദിതരോടൊപ്പം നിന്ന സവർണ ഫാഷിസ്റ്റ് വിരുദ്ധരെപ്പോലും ഇപ്പോൾ കണ്ടില്ല. രാഷ്ട്രീയ ബൗദ്ധിക രംഗത്തിന്റെ മൗനത്തിൽനിന്ന് ഇ.എം.എസിനെപ്പോലുള്ള ചിലരെങ്കിലും വ്യത്യസ്ത അഭിപ്രായം പറയാനിടയായത് എ.എൻ.എമ്മിന്റെ ഇടപെടലിനെ തുടർന്നായിരുന്നു.

 

ബ്രാഹ്മണാധിപത്യത്തെ ചോദ്യംചെയ്ത വൈക്കം സത്യഗ്രഹ സ്ഥലത്തുനിന്ന് മനുസ്മൃതി ചുട്ടെരിച്ചപ്പോൾ ​പൊലീസ് ആക്രമണത്തിന് വിധേയമായ വൈക്കത്തുനിന്ന് ജാതിവ്യവസ്ഥക്കെതിരെ സഹോദരൻ അയ്യപ്പനും പണ്ഡിറ്റ് കറുപ്പനും കെ.വി. വള്ളോനുമെല്ലാം പൊരുതി നിന്ന കൊച്ചിയിലേക്ക് യാഗവേദിയായ എറണാകുളം ദർബാർ ഗ്രൗണ്ടി​ലേക്ക് മൂന്നുദിവസം നീണ്ടുനിന്ന കാൽനടയാത്ര. ‘ബ്രാഹ്മണാധിപത്യത്തിന്റെ സർവനാശത്തിന് പുത്രകാമേഷ്ടിയാഗം മുടക്കുന്നു’ എന്നതായിരുന്നു മാർച്ച് ഉയർത്തിയ സന്ദേശം. യാഗങ്ങളും യജ്ഞങ്ങളും നാടിനാപത്ത്. നാടിനെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന സവർണമേധാവിത്വശക്തികൾക്കെതിരെ അധഃസ്ഥിതരും സ്ത്രീകളും ഉണർന്നെഴു​ന്നേൽക്കുക. ‘ദേവന്മാർ യാഗം നടത്തും. അസുരന്മാർ യാഗം മുടക്കും’, ആയിരത്താണ്ടുകളായി ഇന്ത്യൻ സംസ്കാരത്തെ സാക്ഷിനിർത്തി ഞങ്ങൾ കേരളീയരെ ഓർമിപ്പിച്ചു.

മാർച്ച് തുടങ്ങിയിട്ടും ഉദ്ദേശിച്ചതുപോലെ പ്രവർത്തകർ എത്താതിരുന്നത് ചിലരിൽ അസ്വസ്ഥതയുണ്ടാക്കി. സംഘടനക്കുള്ളിൽ പല കാര്യങ്ങളിലും വിയോജിപ്പുമായി നിൽക്കുന്ന നേതൃത്വത്തിലുള്ളവർ അത് രൂക്ഷമാക്കാൻ നോക്കി. മാർച്ച് നടത്തണമോയെന്ന ആശങ്കപോലുമവർ സൃഷ്ടിച്ചു. മധ്യകേരളത്തിൽ നടത്താനാലോചിച്ച പ്രചാരണജാഥയും എറണാകുളത്ത് ആലോചിച്ച സെമിനാറുമൊന്നും നടന്നില്ല. നൂറുപേരെങ്കിലും പ​ങ്കെടുക്കുമെന്ന് കരുതിയ മാർച്ചിൽ മൂന്നിലൊന്ന് പേരേ പ​ങ്കെടുത്തുള്ളൂ. അതായിരുന്നു സംഘടനയുടെ സ്ഥിതി. ആവർത്തിക്കപ്പെടുന്ന അനുഭവമായതുകൊണ്ട് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല. വൈകിയാണെങ്കിലും ഒരു വിശദീകരണ ത്തോടെ മാർച്ച് തുടങ്ങി.

തെരുവോരങ്ങളിൽനിന്ന് മാർച്ചിന് ആവശ്യമായ പണം സമ്പാദിച്ചു. അത് ദുർവ്യയം ചെയ്യാതിരിക്കാൻ പ്രാപ്തരായവരെ ചുമതലപ്പെടുത്തി. നാലാൾ കൂടുന്ന കവലകളിലും കമ്പോളങ്ങളിലും വിശദീകരണ യോഗം നടത്തി. ടോളിലൂടെ കടന്നുപോകുമ്പോൾ മനുസ്മൃതി ജാഥയെ ആക്രമിച്ച സി.പി.എമ്മുകാരെ ഓർമിപ്പിച്ചു. യാഗയജ്ഞ സംസ്കാരത്തിന്റെ പുനഃസ്ഥാപനത്തെ നിസ്സംഗതയോടെ നോക്കിനിൽക്കുന്ന അവരുടെ രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചു. ജാഥയുടെ സമാപനത്തോടനുബന്ധിച്ച് താമസവും ഭക്ഷണവും ഒരുക്കിയത് മുറിഞ്ഞപുഴ-കാട്ടിക്കുന്നിലുള്ള ശശിയും പത്മനാഭനുമായിരുന്നു.

ഒന്നാം ദിവസം കായലിൽ പൊന്തിനിൽക്കുന്ന കാട്ടിക്കുന്ന് തുരുത്തിൽ ശശിയുടെ വീട്ടുമുറ്റത്ത് പന്തലിട്ട് പടുതവിരിച്ച് താമസം. ആർക്കും ഉറക്കമില്ല. രാവേറെ നീളുന്ന രാഷ്ട്രീയ ചർച്ച. ചോറും കരിമീൻ വെച്ചതും പൊരിച്ചതുമായി അയൽ​ക്കാരെത്തി. അത് രാഷ്ട്രീയത്തിന് അതീതമായ ഒരു ബന്ധമായിരുന്നു. ശശിയുടെ അച്ഛൻ അപ്പു അമ്മാവൻ മരണം വരെ സി.പി.എമ്മുകാരനായിരുന്നു. രണ്ടാം ദിവസം ഉദയംപേരൂരിൽ പത്മനാഭന്റെ ഒരു അകന്നബന്ധുവിന്റെ വീട്ടിൽ താമസം.

മൂന്നാം ദിവസം മാർച്ചിലെ അംഗങ്ങളുടെ പങ്കാളിത്തത്തിൽ മാറ്റം വന്നു. സ്ത്രീകളും കുട്ടികളുമടക്കം ശ്രദ്ധേയമായൊരു സാന്നിധ്യമായി അതുമാറി. സർവോപരി മാർച്ചിൽ ഉന്നയിക്കുന്ന ആശയങ്ങൾ അതിലെ പങ്കാളികളെ ജ്വലിപ്പിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ജാഥയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൊലീസ്‍ സംഘമെത്തി. അത് മാർച്ചിനെ കൂടുതൽ ആവേശഭരിതമാക്കി. ജോസ് ജങ്ഷനിൽവെച്ച് മാർച്ച് തടയപ്പെട്ടു. യാഗം മുടക്കേണ്ടതിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയെക്കുറിച്ച് അന്ന് നടത്തിയ പ്രസംഗം വ്യത്യസ്തമായൊരു അനുഭവമായിരുന്നു. പ്രസംഗം തുടരുന്തോറും കേൾവിക്കാർ കൂടിക്കൊണ്ടിരുന്നു. ദേശവ്യാപകമായി അധഃസ്ഥിതർക്കും സ്ത്രീകൾക്കുമെതിരെ നടത്തിക്കൊണ്ടിരുന്ന അ​തിക്രമങ്ങൾ ആഴ്ന്നിറങ്ങിയ, ആര്യാവർത്തനവും അയോധ്യയും ദശരഥവും പുത്രകാമേഷ്ടിയാഗവും ശ്രീരാമചന്ദ്രനും ഏകലവ്യനും താടകയും ശൂർപ്പണഖയും സീതയുമെല്ലാം വിരുദ്ധ ഭാവങ്ങളായി നില​നിൽക്കുമ്പോൾ പീഡിത പക്ഷത്തുനിന്നുകൊണ്ട് ആത്മരോഷത്തിന്റെയും തീവ്രദുഃഖത്തിന്റെയും ഭാഗമായി സ്വയം മാറാൻ കഴിഞ്ഞൊരു സന്ദർഭം.

ഈ ദുഃഖത്തിൽനിന്ന് വിട്ടുനിൽക്കാനാവാതെ തങ്ങളെ തടയാനെത്തിയ പെൺപൊലീസുകാർക്ക് കണ്ണ് നിറഞ്ഞെന്ന് യാഗം മുടക്കാനെത്തിയ സ്ത്രീകൾ.അതുകൊണ്ട് ഞങ്ങൾക്ക് യാഗം മുടക്കേണ്ടതുണ്ടെന്ന് പറഞ്ഞ് അവസാന വാക്കുകൾക്ക് മുന്നിൽ ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയി പൊലീസ് സേന. എന്നാൽ, ഞങ്ങൾ ബലപ്രയോഗത്തിന് എത്തിയവരായിരുന്നില്ല. കൂട്ടമായി അറസ്റ്റ്‍ വരിക്കുകയും നോർത്ത് സ്റ്റേഷനിൽനിന്ന്‍ വിട്ടയക്കുകയും ചെയ്തു. രസകരമായൊരുകാര്യം, അന്ന് വൈകീട്ട് ഞങ്ങൾ ചില കെ.എസ്.ആർ.ടി.സി ബോട്ട് ജട്ടിയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി പെയ്തിറങ്ങിയ പെരുമഴയും ആഞ്ഞുവീ​ശിയ കാറ്റുമാണ്. തണൽമരങ്ങൾ പിഴുതെറിഞ്ഞുകൊണ്ട് നഗരത്തെ പിടിച്ചുകുലുക്കിയ കാറ്റിലും മഴയിലും യാഗശാല ആടിയുലയുകയും യാഗാഗ്നി സുരക്ഷിതമല്ലാതാവുകയും ചെയ്തുവെന്ന് പിറ്റന്നാൾ വാർത്ത വന്നു. അസുര ശാപമാണെന്ന് ഞങ്ങൾ ഫലിതം പറഞ്ഞു.

മനുസ്മൃതി കത്തിക്കലിനെ നക്സലൈറ്റ് ഇടപെടലായി ചിത്രീകരിച്ച മാധ്യമങ്ങൾ വ്യത്യസ്തമായൊരു സമീപനം ഇപ്പോൾ സ്വീകരിച്ചു. നക്സലൈറ്റ് പ്രസ്ഥാനത്തിൽനിന്ന് ഞങ്ങളും ഏറെ അകന്നിരുന്നു. ഇന്ത്യ ടുഡേയുടെ കവർപേജിൽ കെ. അജിതയും കൂട്ടരും നടത്തിയ ഇടപെടലിന്റെ ചിത്രത്തോടൊപ്പം എ.എൻ.എം ഇടപെടലിന്റെ ചിത്രവും നൽകി. കേരളത്തിലെ മാധ്യമരംഗം ആദ്യമായി ഞങ്ങളുടെ ഇടപെടലിനെ ശ്രദ്ധിച്ചു. ചില സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ അസാന്നിധ്യത്തിലും പാർട്ടിയുടെ പിൻബലമില്ലാത്തതും വേണ്ടത്ര പ്രചാരണം നൽകാതെയും നടന്നൊരു സാമൂഹിക ഇടപെടലായിട്ടും പൊതുസമൂഹം ഇത് ശ്രദ്ധിക്കാനിടയായതായി ഞങ്ങൾ വിലയിരുത്തി. അതായിരുന്നു അതിന്റെ വിജയവും. മണ്ഡൽ, മസ്ജിദ് പ്രശ്നങ്ങളിൽ മർദിതരോടൊപ്പം നിന്ന സവർണ ഫാഷിസ്റ്റ് വിരുദ്ധരെപോലും ഇപ്പോൾ കണ്ടില്ല. രാഷ്ട്രീയ ബൗദ്ധികരംഗത്തിന്റെ മൗനത്തിൽനിന്ന് ഇ.എം.എസിനെപ്പോലുള്ള ചിലരെങ്കിലും വ്യത്യസ്ത അഭിപ്രായം പറയാനിടയാക്കിയത് എ.എൻ.എമ്മിന്റെ ഇടപെടലിനെ തുടർന്നായിരുന്നു.

(തുടരും)

News Summary - km salim kumar biography