ജാതിവ്യവസ്ഥയും കമ്യൂണിസ്റ്റുകളും
കടുത്ത -20

അധഃസ്ഥിത നവോത്ഥാന മുന്നണിയിൽ ജാതിയും വർഗവുമായും ബന്ധപ്പെട്ട് ഉയർന്നുവന്ന അഭിപ്രായഭിന്നതകളെയും അഭിപ്രായരൂപവത്കരണങ്ങളെ കുറിച്ച് എഴുതുന്നു. ‘കേരളത്തിലെ അധഃസ്ഥിതർ നേരിടുന്ന പ്രശ്നങ്ങളും സമീപനവും’ എന്ന രേഖയുടെ മുന്നോടിയായി, എ.എൻ.എം രൂപവത്കരിക്കപ്പെട്ട ഉടൻതന്നെ മുന്നണി പ്രവർത്തകരായ പാർട്ടി സഖാക്കളുടെ ഒരു യോഗം സംസ്ഥാനതലത്തിൽ നടക്കുകയുണ്ടായി. പാർട്ടി മുന്നണി പ്രവർത്തനങ്ങൾക്കായി നിയോഗിച്ചവരായിരുന്നു ഈ...
Your Subscription Supports Independent Journalism
View Plansഅധഃസ്ഥിത നവോത്ഥാന മുന്നണിയിൽ ജാതിയും വർഗവുമായും ബന്ധപ്പെട്ട് ഉയർന്നുവന്ന അഭിപ്രായഭിന്നതകളെയും അഭിപ്രായരൂപവത്കരണങ്ങളെ കുറിച്ച് എഴുതുന്നു.
‘കേരളത്തിലെ അധഃസ്ഥിതർ നേരിടുന്ന പ്രശ്നങ്ങളും സമീപനവും’ എന്ന രേഖയുടെ മുന്നോടിയായി, എ.എൻ.എം രൂപവത്കരിക്കപ്പെട്ട ഉടൻതന്നെ മുന്നണി പ്രവർത്തകരായ പാർട്ടി സഖാക്കളുടെ ഒരു യോഗം സംസ്ഥാനതലത്തിൽ നടക്കുകയുണ്ടായി. പാർട്ടി മുന്നണി പ്രവർത്തനങ്ങൾക്കായി നിയോഗിച്ചവരായിരുന്നു ഈ സഖാക്കൾ.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽനിന്ന് 23 പേർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ‘ജാതിവ്യവസ്ഥയും കമ്യൂണിസ്റ്റുകളും’ എന്ന വിഷയമാണ് ഈ യോഗത്തിൽ ചർച്ചചെയ്യപ്പെട്ടത്. സ. കെ. വേണുവാണ് വിഷയം അവതരിപ്പിച്ചത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതെന്നും പാർട്ടിയിലും മുന്നണിയിലും ഈ ദൗത്യത്തിൽ ആശങ്കയുണ്ടെന്നും തന്മൂലം പ്രത്യയശാസ്ത്രപരമായി ഉത്തരം കണ്ടെത്തിയ കാര്യങ്ങളിൽപോലും പ്രായോഗികമായ മുന്നേറ്റം എളുപ്പമല്ലെന്നും ജാതിപ്രശ്നം കൈകാര്യം ചെയ്യാനാവാതെ പോയത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദൗർബല്യമായിരുന്നുവെന്ന തിരിച്ചറിവിൽനിന്ന് തുറന്ന ചർച്ചക്ക് തയാറാകേണ്ടതുണ്ടെന്ന് ആമുഖമായി ഞാൻ സൂചിപ്പിച്ചു.
കമ്യൂണിസ്റ്റുകാർ ജാതി ഇല്ലാതാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് കെ.വി സൂചിപ്പിച്ചു. ജാതിസംഘടനകളെ നിരാകരിച്ചവരാണ് കമ്യൂണിസ്റ്റുകൾ. വർഗസമരവും ജാതിവിരുദ്ധ സമരവും സമന്വയിപ്പിക്കേണ്ടതുണ്ട്. സവർണ മേധാവിത്വത്തിന് എതിരാണ് ജാതിവിരുദ്ധ സമരത്തിന്റെ കുന്തമുന. ഭരണകൂടത്തെ നിയന്ത്രിക്കുന്ന നിർണായക ഘടകമാണ് സവർണ മേധാവിത്വം. തന്മൂലം സവർണ മേധാവിത്വത്തിനെതിരായ സമരം സാമ്രാജ്യത്വ വിരുദ്ധവുമാണ്. ഇതിനായി അധഃസ്ഥിതർ സ്വയം സംഘടിക്കുകയും ആത്മബോധം നേടുകയുംചെയ്യണം. ജാതിവ്യവസ്ഥകൾക്ക് അതിന്റേതായ ചലന നിയമങ്ങളുണ്ട്. അതൊരു കെട്ടുറപ്പുള്ള സാമൂഹിക സംവിധാനമാണ്. ജാതിപ്രശ്നത്തിന് മാർക്സിസ്റ്റ് കൃതികളിൽ ഉത്തരം കാണാനാവില്ല. വർഗ ന്യൂനീകരണത്തിന്റെ ഫലമായി ജാതിപ്രശ്നവും ദേശീയ പ്രശ്നവും സ്ത്രീകളുടെ പ്രശ്നവുമൊന്നും മാർക്സിസ്റ്റുകൾക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ദേശീയതയുടെ വികാസത്തിന് ജാതി തടസ്സം നിൽക്കുന്നു. ജാതിവിരുദ്ധ സമരത്തിലൂടെ ദേശീയ നവോത്ഥാനത്തെ ശക്തമാക്കണം. ജാതിവിരുദ്ധ സമരവും ദേശീയ സമരവും പരസ്പരം പ്രവർത്തിക്കുന്നു. ഇങ്ങനെ പാർട്ടിയുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും കെ.വി അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ പുത്തൻ ജനാധിപത്യ വിപ്ലവത്തിലൂടെ രൂപംകൊള്ളുന്ന അധികാരഘടനയിലെ ദലിതരുടെ പങ്ക് എ.എൻ.എമ്മുമായി അധഃസ്ഥിത ക്രൈസ്തവർക്കും ആദിവാസികൾക്കുമുള്ള ബന്ധം, അധഃസ്ഥിതർക്കിടയിെല ഉച്ചനീചത്വം, വിജാതീയ വിവാഹം, അധഃസ്ഥിതർക്കിടയിലെ ബ്രാഹ്മണിസ്റ്റ് സ്വാധീനം, സാമ്രാജ്യത്വവിരുദ്ധ നിലപാടിലാണോ അഖിലേന്ത്യാ ഘടനക്കെതിരായ നിലപാടിലാണോ ഊന്നേണ്ടതെന്ന പ്രശ്നം, മണ്ഡൽ കമീഷൻ റിപ്പോർട്ട്, അധഃസ്ഥിതർ പ്രത്യേക സംഘടനയുണ്ടാക്കിയാൽ വിഭാഗീയതയാവില്ലേ, സംവരണ വിരുദ്ധ സമരത്തെ നേരിടുമ്പോൾ സംവരണവാദത്തെ അനുകൂലിക്കുകയല്ലേ ചെയ്യുന്നത്, നാലു വർഗ മുന്നണിയിൽ അധഃസ്ഥിതർ കൂടിയുണ്ടാകുമോ തുടങ്ങിയ ആശങ്കകളും ഉന്നയിക്കപ്പെട്ടു. വി.ഡി. ജോസും എൻ.കെ. വിജയനും സേവ്യറും സി.എസ്. മുരളിയും ആർ. മണിയും ശിവരാമനും പദ്മനാഭനും ഈ ചർച്ചയിൽ പങ്കെടുത്തു. ഈ പ്രവർത്തനയോഗത്തിൽ പങ്കെടുത്ത പകുതിയിലേറെ സഖാക്കൾക്കും എ.എൻ.എമ്മുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനം നടത്താനായിട്ടില്ല.
തിരുവനന്തപുരത്തുനിന്ന് മണി, ആലപ്പുഴയിൽനിന്ന് മധു, കോട്ടയത്തുനിന്ന് സേവ്യർ, വി.ഡി. ജോസ്, വിജയൻ, സണ്ണി, തമ്പി, പത്മനാഭൻ, എറണാകുളത്തുനിന്ന് സി.എസ്. മുരളി, കിഴക്കമ്പലം ജോസ്, തൃശൂരിൽനിന്ന് രാജു, നാരായണൻ, ശിവരാമൻ എന്നിവർക്ക് മാത്രമേ മുന്നണി പ്രവർത്തകരായി തുടരാനായുള്ളൂ. അവരിൽതന്നെ പലരും കുറച്ചു കാലമേ നിലനിന്നുള്ളൂ.
കമ്യൂണിസ്റ്റ് ആകുന്നതിലൂടെ തങ്ങൾ മറികടന്നെന്ന് കരുതുന്ന ജാതിയിലേക്ക് തിരിഞ്ഞുനോക്കണമെന്ന നിലപാട് പാർട്ടി സഖാക്കൾക്കെന്നല്ല മുന്നണി പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട അധഃസ്ഥിതരായ പാർട്ടി സഖാക്കൾക്കും ഉൾക്കൊള്ളുക എളുപ്പമായിരുന്നില്ല. ഈ സ്ഥിതി മറികടക്കുന്നതിനായി പ്രായോഗിക ഇടപെടലുകളോടൊപ്പം നിരന്തരമായ ചർച്ചകളും സംവാദങ്ങളും പഠനക്ലാസുകളും നടത്തി. എറണാകുളം ജില്ലയിലെ മുന്നണിപ്രവർത്തകരായ സി.എസ്. മുരളിയും കിഴക്കമ്പലം ജോസും മുൻകൈയെടുത്ത് ജോൺ ജോസഫിനെ പോലുള്ള പാർട്ടി സഖാക്കളുടെ സഹായത്തോടെ പുത്തൻകുരിശിൽ നടത്തിയ ‘ജാതിവ്യവസ്ഥ ഒരു സംവാദം’ എന്ന സെമിനാർ ഈ ദിശയിലെ ആദ്യ പ്രവർത്തനങ്ങളിലൊന്നായിരുന്നു. കെ. വേണു, കെ.കെ.എസ്. ദാസ്, ‘വർഗവും ജാതിയും’ എന്ന കൃതിയുടെ കർത്താവായിരുന്ന സ. സോമദത്തൻ, സാമ്പത്തിക വിദഗ്ധനായ ഡോ. പി. ശിവാനന്ദൻ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു ഈ സെമിനാർ നടത്തിയത്.
എന്നാൽ, ഇത്തരം നീക്കങ്ങളൊന്നുംതന്നെ കൂടുതൽ പ്രവർത്തകരെ സംഘടനയിലേക്ക് കൊണ്ടുവരുന്നതിനോ ഉള്ളവരെതന്നെ ഏറ്റെടുത്ത ചുമതലകൾ നിർവഹിപ്പിക്കുന്നതിനോ വേണ്ടത്ര സഹായിച്ചില്ല. സംഘടനാ കമ്മിറ്റിതന്നെ പലപ്പോഴും കൂടാൻ കഴിയാത്ത സ്ഥിതി വന്നു. ആദ്യത്തെ ചില കമ്മിറ്റികളിൽ മാത്രമാണ് മുഴുവൻ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തത്. തീരുമാനങ്ങൾ പലതും നടപ്പാക്കപ്പെട്ടിരുന്നില്ല. പാർട്ടിയുടെ മുൻകൈയും നിയന്ത്രണവും വേണമെന്ന നിലപാടിനൊപ്പം അത് വേണ്ടെന്ന നിലപാടും ഉയർന്നുവന്നു. വർഗബോധത്തിന് പകരമെന്നപോലെ ആത്മാഭിമാനബോധം മുന്നണിക്കുള്ളിലെ മുഖ്യ ചർച്ചാവിഷയമായി. മുന്നണിക്കുള്ളിൽ നിലനിന്നിരുന്ന ചില വ്യത്യസ്ത അഭിപ്രായങ്ങൾ പ്രായോഗിക ഇടപെടലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രകടമാകാൻ തുടങ്ങി.
സാംസ്കാരികോത്സവത്തിന്റെ വിലയിരുത്തലോടെ അതൊരു ആശയസമരമായി മാറി. നവോത്ഥാനാനന്തര കാലം വിസ്മൃതിയിലാക്കിയ അധഃസ്ഥിതരുടെയും ആദിവാസികളുടെയും പൂർവകാലം സംസ്കൃതികളെയും മൂല്യങ്ങളെയും അന്വേഷിക്കാനും ആവിഷ്കരിക്കാനും നടത്തിയ ശ്രമമെന്ന നിലയിൽ സാംസ്കാരികോത്സവവും നല്ലൊരു തുടക്കവും നേട്ടവുമാണ് എന്ന് ചൂണ്ടിക്കാണിച്ച് മുന്നണിയുടെ തലത്തിൽ ആലോചിച്ചൊരു പദ്ധതി പാർട്ടി ഇടപെട്ട് വിപുലീകരിക്കുകയും വിപുലീകരിക്കപ്പെട്ടൊരു പദ്ധതിയുടെ ചുമതല മുന്നണിക്ക് ഏറ്റെടുക്കാൻ കഴിയാതെ വരികയും ചെയ്തത് സംഘടനയുടെ അസ്തിത്വത്തെ തന്നെ ചോദ്യംചെയ്യുന്നതിലേക്ക് എത്തിയെന്ന എന്റെ വിലയിരുത്തൽ കമ്മിറ്റിക്കുള്ളിൽ വിയോജിപ്പുണ്ടാക്കി.
സാംസ്കാരികോത്സവം നല്ലൊരു തുടക്കമാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ബാബുവിെന്റ വിലയിരുത്തൽ തുടങ്ങിയത്. ജനാധിപത്യവത്കരണവുമായി ബന്ധപ്പെട്ട് ജാതിനിർമാർജനത്തിന്റെ പ്രശ്നം ഉന്നയിച്ചപ്പോൾ രാഷ്ട്രീയാധികാരത്തിന്റെ പ്രശ്നം അതിൽ കണ്ടില്ല എന്ന് കുറ്റപ്പെടുത്തി. ‘‘പാർട്ടി നിലപാട് സംഘടനയെ ബോധ്യപ്പെടുത്താനോ സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാനോ കൺവീനർക്ക് കഴിഞ്ഞില്ല. സെമിനാർ ബുദ്ധിജീവി നിലവാരത്തിലുള്ളതായിരുന്നുവെന്നും ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ സംഘടന ബൂർഷ്വാ സ്വഭാവത്തിലേക്ക് നീങ്ങുമെന്നും’’ ബാബു പറഞ്ഞു. പരിരക്ഷാഭാവം വെറുക്കുക എന്ന നിലപാടിനോടും അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിച്ചു.
രാഷ്ട്രീയമെന്നത് വർഗരാഷ്ട്രീയവും അധികാരമെന്നത് തൊഴിലാളിവർഗ സർവാധിപത്യവുമാകുന്നു. ഏതു പ്രവർത്തനത്തിന്റെയും ഉള്ളടക്കം ഇതായിരിക്കണമെന്നതാണ് സഖാക്കൾ കരുതുന്നത്. ജാതി നിർമാർജനത്തിന്റെ പ്രശ്നം ചരിത്രപ്രധാനമായൊരു കാര്യം ആയിരുന്നുവെങ്കിലും രാഷ്ട്രീയാധികാരത്തിന്റെ പ്രശ്നംകൂടി ഉയർത്തേണ്ടതുണ്ടായിരുന്നുവെന്ന് മണി പറഞ്ഞു. അതേസമയം പരിരക്ഷാഭാവത്തെ വെറുക്കുക, പരാശ്രയബോധം വലിച്ചെറിയുക എന്ന മുദ്രാവാക്യം സംഘടനയുടെ ആസ്തിയാണ്. മുന്നണി അതിന്റെ സംഘടനാശേഷിയിൽ ആലോചിച്ചൊരു പദ്ധതി പാർട്ടി ഇടപെട്ട് അനേകമടങ്ങ് വികസിപ്പിച്ചത് ശരിയായില്ല. സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുമെന്ന് എ.എൻ.എം കണക്കുകൂട്ടിയ 2000 പേർ 30,000 പേരായി. 50,000 രൂപ ചെലവ് പ്രതീക്ഷിച്ചത് നാലു ലക്ഷമായി. യഥാർഥത്തിൽ ഇതിന്റെ പിന്നിൽ സവർണബുദ്ധിയുണ്ടെന്ന് മണി ആരോപിച്ചു.
രാഷ്ട്രീയാധികാരത്തിന്റെ പ്രശ്നം ഉന്നയിക്കാതിരുന്നത് പോരായ്മയല്ലെന്നും സ്വയം ആരെന്നുപോലും തിരിച്ചറിയാൻ ശേഷി ഇല്ലാത്തവർ രാഷ്ട്രീയാധികാരത്തെപ്പറ്റി നിലപാടെടുക്കണമെന്ന് പറയുന്നത് യാന്ത്രികമായൊരു സമീപനമാണെന്നും എ.കെ. രവി പറഞ്ഞു. മണിയെ ന്യായീകരിച്ചുകൊണ്ട് മുന്നണി പദ്ധതി വിപുലീകരിച്ചത് സവർണ ബുദ്ധിയാണെന്നും പരാശ്രയബോധത്തിൽ മുന്നണി പ്രവർത്തകരെ നിലനിർത്താനുള്ള ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമഗ്രമായൊരു പദ്ധതി തയാറാക്കാൻ സംഘടനക്ക് കഴിഞ്ഞില്ലെന്നും മുന്നണിയുടെ ദൗർബല്യങ്ങളാണ് മറ്റുള്ളവർ മുതലാക്കുന്നതെന്നുമായിരുന്നു സി.എസ്. മുരളിയുടെ നിലപാട്.
സാംസ്കാരികോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പാർട്ടിയുമായുള്ള വിയോജിപ്പുകൾ ചൂണ്ടിക്കാട്ടി യാഥാർഥ്യബോധത്തോടെ നീക്കാനാരംഭിച്ചൊരു പദ്ധതിയാണ് പാർട്ടി കാൽപനികമായി മാറ്റിയതെന്ന് എൻ.കെ. വിജയൻ പറഞ്ഞു. പാർട്ടിയുടെ ഈ നീക്കം മുന്നണി പ്രവർത്തകരെ നിർജീവമാക്കി. ജാതിവിരുദ്ധ നിലപാടുള്ളവരാണ് പരിപാടിയുമായി സഹകരിച്ചത്. അതുകൊണ്ട് അതിന്റെ പിന്നിൽ സവർണ താൽപര്യം ഉണ്ടായിരുന്നുവെന്ന് പറയാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ജില്ലയിലും സംഘടന തകർന്നുകൊണ്ടിരിക്കുകയും കൺവീനർ പാർട്ടിക്കും മുന്നണിക്കുമിടയിൽ ചാഞ്ചാടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഘടനയിൽ തുടരാൻ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്ന് മധു പറഞ്ഞു. രണ്ടാംവട്ട ചർച്ചയിൽ സി.ആർ.സിയുടെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുമ്പോൾതന്നെ പാർട്ടിയുടെ ഒരു വിങ്ങായി മുന്നണിയെ കാണുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും പാർട്ടിയും മുന്നണിയും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും ഇന്നത്തെ നിലയിലാണെങ്കിൽ സംഘടനയിൽ തുടർന്നുപോകാനാവില്ലെന്നും മണിയും പറഞ്ഞു.
മുന്നണിക്ക് പാർട്ടിയുമായി രാഷ്ട്രീയബന്ധമേ പാടുള്ളൂ എന്നും മറിച്ചായാൽ തനിക്കും മുന്നണിയിൽ തുടരാനാവില്ലെന്ന നിലപാട് രവിയും എടുത്തു. സാംസ്കാരികോത്സവത്തിന് പണം സമ്പാദിക്കാനായി മുന്നണിക്കു പുറത്ത് എം.എ (നിയമവിരുദ്ധമായി പണം കണ്ടെത്തൽ) പോലുള്ള നടപടി പാർട്ടി ആലോചിച്ചതിന്റെ പശ്ചാത്തലത്തിൽ പാർട്ടി ബന്ധം വിച്ഛേദിക്കണമെന്ന് മധു പറഞ്ഞു. എന്നാൽ, ബാബുവുമായി ബന്ധപ്പെട്ട് രവിയും ജോസും ഉന്നയിച്ച എം.എ പ്രശ്നം ബാബു നിഷേധിച്ചതോടെ അത് മുന്നണികൾക്ക് ബന്ധമില്ലാത്ത ഒരു കാര്യമായി. ഇത്തരം വിരുദ്ധ അഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴും മുന്നണി പാർട്ടിയുമായി ഐക്യപ്പെട്ടും, സമരംചെയ്തും മുന്നോട്ടുപോകാൻ തീരുമാനിച്ചു.
എന്നാൽ, ഈ ആശയസമരം പാർട്ടിയും മുന്നണിയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനല്ല, ദുർബലപ്പെടുത്താനാണ് ഇടയാക്കിയത്. അപൂർവം ചില സഖാക്കളെങ്കിലും മുന്നണിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ അവർക്കെതിരെ വിഭാഗീയതയും ജാതീയതയുംആരോപിക്കപ്പെട്ടു. പാർട്ടി പ്രവർത്തകർ ഒന്നടങ്കംതന്നെ മുന്നണി വിട്ടുപോകുന്ന സ്ഥിതിയുണ്ടായി. 1991 ഒക്ടോബർ 10ന് സംക്രാന്തിയിൽ ചേർന്ന ദേശീയ സംഘാടക കമ്മിറ്റിയിൽ ഞാൻ ഈ കാര്യം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. പ്രായോഗിക പ്രവർത്തനം ഏറ്റെടുക്കാൻ മനസ്സു കാണിക്കുന്നവർ എ.എൻ.എമ്മിൽ കുറവാണ്. പാർട്ടി പ്രവർത്തനം ഏറ്റെടുക്കുവാനും നടപ്പിലാക്കുവാനുമാണ് എല്ലാവർക്കും താൽപര്യം. മധ്യ കേരളത്തിലെങ്കിലും സംഘടന ഉണ്ടാകണമെന്ന് ആലോചിച്ചിട്ട് അതും നടക്കുന്നില്ല. സംഘടനാ പ്രവർത്തനം പ്രാദേശികതലത്തിലേക്ക് ചുരുങ്ങുന്നു. എറണാകുളം ജില്ല കമ്മിറ്റി ചുരുങ്ങി ചുരുങ്ങി ഒരു യൂനിറ്റായി. തൃശൂരിലും സംഘടന ഇല്ലാതായി. തിരുവനന്തപുരത്തും ഇടുക്കിയിലുമെല്ലാം ആരംഭിച്ച പ്രവർത്തനം നിശ്ചലമായി. മുന്നണി പ്രവർത്തകർ കേരള യുവജനവേദി പ്രവർത്തകരായിരുന്നു. വ്യത്യസ്തമായൊരു അനുഭവം കോട്ടയത്തു മാത്രമാണ്. അവിടെയും പാർട്ടി ഇടപെടൽമൂലം ജില്ല കമ്മിറ്റിപോലും കൂടാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു. ഇപ്പോൾ ചില മാറ്റങ്ങളുണ്ട്. മുന്നണി നിലപാടുകൾ മനസ്സിലാക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നതാണ് ഈ മാറ്റത്തിനു കാരണം. പാർട്ടിയും മുന്നണിയും ഒന്നാണെന്ന അവസ്ഥ അവർ മറികടന്നിട്ടുണ്ട്. പാറാമ്പുഴ യൂനിയന്റെ പ്രവർത്തനം പൂർണമായും പാർട്ടി സർക്കിളിന് പുറത്താണ്.
അതുപോലെ തന്നെ പാർട്ടിയുമായ എ.എൻ.എം ബന്ധവും ജാതി/ വർഗ പ്രശ്നങ്ങളുമെല്ലാം ആഴത്തിൽ ചർച്ചചെയ്യപ്പെടണം. ജാതിവിരുദ്ധ സമരത്തിലാണോ വർഗസമരത്തിലാണോ അഥവാ അധഃസ്ഥിതരുടെ പ്രശ്നങ്ങളിലാണോ ദേശീയ സമരത്തിലാണോ ഊന്നേണ്ടതെന്ന കാര്യം തീരുമാനിക്കണം. സ്വതന്ത്രമായ അസ്തിത്വമുള്ള സംഘടനയായി എ.എൻ.എം മാറണം. വർഗസമരത്തിലല്ല, ജാതിവിരുദ്ധ സമരത്തിലാണ് ഊന്നേണ്ടത്. പൊതുപ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾപോലും അധഃസ്ഥിതർ തങ്ങളുടെ പ്രശ്നങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. മണ്ഡൽ പ്രശ്നത്തിലും ബാബരി പ്രശ്നത്തിലുമെല്ലാം എ.എൻ.എം അധഃസ്ഥിത പക്ഷത്തുനിന്നാണ് ഇടപെട്ടത്. അതുപോലെതന്നെ എ.എൻ.എം പ്രവർത്തകർ സംഘടന ആലോചിക്കുന്ന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്. കൈപ്പുഴയിൽ മുന്നണിപ്രവർത്തകർ എണ്ണപ്പന കൃഷിക്കെതിരെ പ്രവർത്തനം നടത്തുമ്പോൾ ബാബു നെൽകൃഷി സംരക്ഷണ സമിതിയുടെ പ്രവർത്തനവുമായി നിൽക്കുന്നതു കാണാമായിരുന്നു.
ഇത്തരം ഗൗരവമുള്ള രാഷ്ട്രീയ സംഘടനാ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും സ. വിജയൻ മുൻ കമ്മിറ്റി തീരുമാനങ്ങളെന്ന നിലയിൽ ദേശീയ സമ്മേളനം നടത്താൻ കഴിയാത്തതിലും പരിപാടി തയാറാക്കുന്നതിനുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റി വിളിച്ചുചേർക്കാത്തതിലുള്ള പോരായ്മകളാണ് മുഖ്യമായും ചൂണ്ടിക്കാട്ടിയത്. വ്യവസ്ഥാപിത സംഘടനാ സങ്കൽപങ്ങൾക്ക് അനുസരിച്ച് പരിപാടി, ഭരണഘടന, രജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു മുന്നണിയിലെ ഈ നിലപാട്. മൂന്നു വർഷങ്ങളായി മുന്നണി നിലപാടുകളിലുണ്ടായ മാറ്റങ്ങൾ സൂചിപ്പിച്ചുകൊണ്ട് ജാതിവിരുദ്ധ സമരത്തെയും വർഗസമരത്തെയും പരസ്പരപൂരകമായി കാണാനാവില്ലെന്നും അധഃസ്ഥിതർ ജാതിവിരുദ്ധ സമരത്തിൽ ഊന്നണമെന്നും വിജയൻ പറഞ്ഞു.
ജാതിവിരുദ്ധ സമരത്തിൽ സാമ്പത്തിക പ്രശ്നംകൂടി കൈകാര്യം ചെയ്യാനാവണമെന്ന് സേവ്യർ പറഞ്ഞു. പ്രായോഗിക പദ്ധതികളുടെയോ പരിപാടികളുടെയോ അഭാവമല്ല സംഘടന മുന്നോട്ടുവെക്കുന്ന നിലപാടുകളനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന് രവി പറഞ്ഞു. ജാതി നിർമാർജനംചെയ്യുക എന്നത് പൊതുസമൂഹത്തിന്റെ കൂടി പ്രശ്നമാണ്. അവർക്കു കൂടി ബോധ്യപ്പെടുന്ന തലത്തിലേക്ക് എ.എൻ.എം പ്രവർത്തനം വികസിപ്പിക്കേണ്ടതുണ്ട്. ആത്മപരിശോധന നടത്താൻ സഖാക്കൾ തയാറല്ലെന്നും കൺവീനറും ശരിയായി കടമകൾ നിർവഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ മണി എണ്ണപ്പന കൃഷിക്കെതിരെ പദ്ധതി തയാറാക്കാൻ കഴിയാതെ പോയതിന്റെ ഉത്തരവാദിത്തം സംഘടനാ കമ്മിറ്റിക്കാണെന്നും അധഃസ്ഥിതർ സ്വയം തിരിച്ചറിവ് നേടണമെന്നും പരസ്പരം അംഗീകരിക്കപ്പെടുമോയെന്നതും സംശയകരമാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദേശീയ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ മനുസ്മൃതി കേസ്, ഫണ്ട്, എണ്ണപ്പന കൃഷിയുമായി ബന്ധപ്പെട്ട ഇടപെടൽ ഇതൊന്നും കീഴ് കമ്മിറ്റികളിൽ അറിയിച്ചിട്ടില്ലെന്ന് ബാബു പറഞ്ഞു. എണ്ണപ്പന കൃഷിക്കെതിരെ സംഘടനാതലത്തിലുള്ള പ്രാഥമിക പ്രതികരണത്തിനുശേഷം പൊതുവേദി രൂപവത്കരിക്കണമെന്നാണ് തീരുമാനിച്ചത്. അതുകൊണ്ടാണ് നെൽകൃഷി സംരക്ഷണ സമിതിയെന്ന പൊതുവേദിയുമായി സഹകരിച്ചത്. എന്നാൽ, ഇത്തരമൊരു ബന്ധത്തിന്റെ പേരിൽ എണ്ണപ്പന കൃഷിയുമായി ബന്ധപ്പെട്ട് സണ്ണിയുടെ മുൻകൈയിൽ നീണ്ടൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ഒഴിവാക്കി നിർത്തണമെന്ന് കൺവീനർ പറഞ്ഞത് ശരിയായില്ല. മാനസികമായ ബുദ്ധിമുട്ടുതോന്നി. അധഃസ്ഥിതരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ കൈയൊഴിഞ്ഞുകൊണ്ട് സംഘടനക്ക് മുന്നോട്ടുപോവാനാവില്ല. ജാതിവ്യവസ്ഥ തകർക്കപ്പെടണം. കമ്യൂണിസ്റ്റ് പ്രസ്ഥാനം ജാതിക്കെതിരായ സമരത്തിൽ ഊന്നണം.
നേതൃത്വമില്ലാത്ത ഒരു സമൂഹമാണ് അധഃസ്ഥിതരുടേത്. എന്നാലത് കൺവെൻഷനിലൂടെ ഉണ്ടാകണമെന്നില്ല, വി.ഡി. ജോസ് പറഞ്ഞു. അതുപോലെ തന്നെ പ്രായോഗിക പദ്ധതികളുടെ അഭാവമാണ് പ്രവർത്തനങ്ങൾക്ക് തടസ്സമെന്നും പറയാനാവില്ല. ജാതിരഹിതമായൊരു സമൂഹം സൃഷ്ടിക്കുക എന്നത് എളുപ്പമല്ല. വിദൂരമായൊരു സാധ്യതയാണ്. എ.എൻ.എം ഉന്നയിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്യുന്നവർപോലും വിരളമാണ്. ജാതി മർദനമാണ് അധഃസ്ഥിതർ നേരിടുന്ന മുഖ്യപ്രശ്നം. കമ്യൂണിസ്റ്റ് പാർട്ടിയിലെ ആശയസമരം മുന്നണിയിലെത്തുന്നത് സ്വാഭാവികമാണ്. ഇവിടെ എ.എൻ.എം പ്രവർത്തകർ അധഃസ്ഥിത പക്ഷത്താണ് നിൽക്കേണ്ടത്.
ദുഃഖകരമായൊരു കാര്യം രാഷ്ട്രീയവും സംഘടനാപരവുമായ ഇത്തരം ചർച്ചകൾ വൈകാരികവും വ്യക്തിപരവുമായി മാറുകയും ബന്ധങ്ങൾക്ക് കോട്ടംതട്ടുകയും ചെയ്തിരുന്നുവെന്നതാണ്. പക്ഷപാതിത്വവും ഗൂഢാലോചനയും സത്യസന്ധത ഇല്ലായ്മയുംപോലുള്ള പദങ്ങൾ പരസ്പരം ഉപയോഗിക്കപ്പെട്ടു. വളരെ പ്രതീക്ഷയോടെ പാർട്ടി ഏൽപിക്കുകയും പലരും സ്വയം ഏറ്റെടുക്കയുംചെയ്തൊരു ചുമതല നിർവഹിക്കുന്നതിൽ ഓരോരുത്തരും അനുഭവിക്കേണ്ടിവരുന്ന സഹനങ്ങൾക്കും സംഘർഷങ്ങൾക്കും ഇടയിലായിരുന്നു ഇത്. തനിക്ക് സ്വന്തമായൊരു വീടുപോലുമില്ലെന്ന, ഒരിക്കൽ സേവ്യർ ചൂണ്ടിക്കാണിച്ചതുപോലുള്ള പ്രശ്നങ്ങളും അതിനിടയിലുണ്ട്. ഇത്തരമൊരു പ്രക്രിയക്ക് നേതൃത്വം നൽകുന്ന എന്നെപ്പോലുള്ളവരുടെ പ്രാപ്തി കുറവും നിസ്സാരമല്ല. ഈ നിലയിൽ സംഘടനാ പ്രവർത്തനം എളുപ്പമല്ലാതായിത്തീർന്നു.
തുടക്കം മുതൽ സംഘടനയിലുണ്ടായ ചില വിയോജിപ്പുകൾ ഇപ്പോൾ രാഷ്ട്രീയ നിലപാടുകളായി മാറി. ജാതിവിരുദ്ധ സമരവും വർഗസമരവും ഒന്നല്ല, രണ്ടാണെന്ന എന്റെ നിലപാട് പിന്നെയും കാര്യങ്ങൾ വഷളാക്കി. എന്തുകൊണ്ടാണ് കമ്യൂണിസ്റ്റുകൾക്ക് ജാതിപ്രശ്നം തിരിച്ചറിയാൻ കഴിയാതെപോയത് എന്നതിന്റെ ഉത്തരമായിരുന്നു അത്. അധഃസ്ഥിതരെ വർഗസമരത്തിന്റെ ഉപകരണമാക്കാനുള്ള ശ്രമം ഇനി നടക്കില്ലെന്നും കമ്യൂണിസ്റ്റ് പാർട്ടിക്ക് ആളെ കൂട്ടിക്കൊടുക്കുന്ന ഒരു സംഘടനയല്ല എ.എൻ.എം എന്നും വ്യക്തമാക്കി. കൈപ്പുഴയും കരിപ്പുത്തട്ടുംപോലുള്ള പല പ്രദേശങ്ങളിലും പാർട്ടിയുമായി ബന്ധപ്പെടുന്നവരെല്ലാം അധഃസ്ഥിതരായിട്ടും അവിടെയൊന്നും മുന്നണി പ്രവർത്തനം ശക്തമാക്കാൻ കഴിയാത്തത് വർഗരാഷ്ട്രീയത്തിന്റെ സ്വാധീനം മൂലമാണ്. ഇത്തരമൊരു തിരിച്ചറിവാണ് മുന്നണി പ്രവർത്തനത്തിന്റെ നേട്ടം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒരു പോസ്റ്റർപോലും പതിക്കാൻ ശ്രമിക്കാത്തവരാണ് പദ്ധതിയെക്കുറിച്ച് പറയുന്നതെന്ന മണിയുടെ നിലപാട് ശരിയാണ്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങളിൽ ഊന്നി സമഗ്രമായൊരു പദ്ധതി മുന്നോട്ടുവെക്കാൻ എനിക്ക് പെട്ടെന്ന് കഴിയില്ല. കൂട്ടായൊരു ശ്രമം അതിനാവശ്യമുണ്ട്. എന്നാൽ, ഇന്ന് എ.എൻ.എം നടത്തുന്ന ഇടപെടലുകളൊന്നും പ്രായോഗിക പദ്ധതികളല്ല എന്ന നിഗമനവും ശരിയല്ല.
ഈ നിലപാടിനെ പിന്തുണച്ച് ജാതിയുടെ ചലനനിയമങ്ങൾ മനസ്സിലാക്കിക്കൊണ്ടേ പദ്ധതി തയാറാക്കാനാവുകയുള്ളൂവെന്ന് മണി പറഞ്ഞു. പദ്ധതിയും പരിപാടിയും വേെണ്ടന്നല്ല, ജാതിവ്യവസ്ഥ ഇന്ന് ഏതെല്ലാം തരത്തിലാണ് നിലനിൽക്കുകയും പ്രവർത്തിക്കുകയുംചെയ്യുന്നത് എന്നതിനെപ്പറ്റി പോലും വ്യക്തമായ ധാരണയില്ല. കൂട്ടായ അന്വേഷണങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണ് പദ്ധതികൾ ഉണ്ടാകേണ്ടത്. മുന്നണി നേതൃത്വത്തിന്റെ കഴിവുകൾ ചൂണ്ടിക്കാട്ടി ഗീതാനന്ദനെപ്പോലുള്ളവരെ നേതൃത്വമേൽപിക്കാൻ പാർട്ടി ആലോചിക്കുന്നതായി കേട്ടു. വിജയനും ആ നിലയിൽ സംസാരിച്ചു. സാംസ്കാരികോത്സവത്തിന്റെ പിന്നിൽ പാർട്ടിയുടെ ഗൂഢാലോചന നടന്നു. അയ്യൻകാളിക്കും ജോൺ ജോസഫിനും പൊയ്കയിൽ യോഹന്നാനുമെല്ലാം അര നൂറ്റാണ്ടു മുമ്പ് നടത്തിയ മുന്നേറ്റങ്ങളുടെ തുടർച്ചയാണ് എ.എൻ.എം. അത് വിസ്മരിക്കരുത്. പദ്ധതി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയുടെ പേരിൽ കൺവീനർ സ്ഥാനത്തുനിന്ന് താൻ മാറിനിൽക്കാം എന്ന് സലിംകുമാർ പറയുന്നത് അംഗീകരിക്കാനാവില്ല.

****
കെ.പി.എം.എസിനുപോലും പദ്ധതിയുണ്ടെന്ന സേവ്യറിന്റെ വാദം പരിഹാസ്യമാണ്. ജാതി സംഘടനകളിൽനിന്ന് മൗലികമായി വ്യത്യസ്തമാണ് എ.എൻ.എം. ജാതി അടിച്ചമർത്തലുകളുമായി ബന്ധപ്പെട്ട് മാത്രമേ പദ്ധതിയെപ്പറ്റി ആലോചിക്കാനാവൂ. വിവിധ സാമൂഹിക പ്രശ്നങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളാണ് എ.എൻ.എം പദ്ധതികളെന്നും പരിപാടിക്കുവേണ്ടി ഒരു പരിപാടി തയാറാക്കിയിട്ടു കാര്യമില്ലെന്നും രവി പറഞ്ഞു. ആത്മബോധത്തെപ്പറ്റി മാത്രം സംസാരിച്ചിട്ട് കാര്യമില്ലെന്നും അനാരോഗ്യകരമായൊരു സ്ഥിതിയിൽ സംഘടന എത്തിച്ചേർന്നു എന്നുമായിരുന്നു ബാബുവിന്റെ അഭിപ്രായം.
അയ്യൻകാളി പ്രസ്ഥാനം ശിഥിലീകരിക്കാനുള്ള ശ്രമം സവർണർക്കിടയിൽനിന്നാണ് ആരംഭിച്ചത്. ഇന്നും അതിനുള്ള സാധ്യത ഉണ്ടെന്ന് വി.ഡി. ജോസ് പറഞ്ഞു. കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ കാര്യമായ ഒരു അടിത്തറയും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നത് ശരിയാണ്. എന്നാൽ, പ്രായോഗിക പദ്ധതിയും പരിപാടിയും ഇല്ലാത്തതാണ് അതിന് കാരണമെന്ന് വിലയിരുത്താനാവില്ല. കേരളത്തിലെ അധഃസ്ഥിതരുടെ മുന്നേറ്റം തടസ്സപ്പെടുത്തിയത് കമ്യൂണിസ്റ്റുകളാണ്. യൂനിറ്റിൽനിന്ന് സംഘാടക കമ്മിറ്റിയിൽ എത്തിയ എന്നെ പാർട്ടിവൃന്ദം സേവ്യറിനെതിരെ ഉപയോഗിക്കുകയായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. പാർട്ടി നിലപാടുകളെ വിമർശിക്കുവാൻ തുടങ്ങിയപ്പോഴാണ് കള്ളിവെളിച്ചത്തായത്.
അതേസമയം, സേവ്യറിനെപ്പോലെ സംഘടനയിൽനിന്ന് മാറിനിൽക്കാൻ തയാറല്ല. പാർട്ടി നേതൃത്വത്തിന് ഇപ്പോൾ എന്നിൽ താൽപര്യമില്ല. പാർട്ടിക്കുള്ളിെല ആശയസമരമാണ് മുന്നണിക്കുള്ളിൽ സഖാക്കൾ ഏറ്റെടുത്തുനടത്തുന്നത്. എ.എൻ.എം കോട്ടയം ജില്ല കമ്മിറ്റി നേതൃത്വത്തിലാണ് എണ്ണപ്പന കൃഷിക്കെതിരെ സി.സി.എസിൽനിന്ന് ടി.ടി. ശ്രീകുമാറിനെ പങ്കെടുപ്പിച്ചുചർച്ച സംഘടിപ്പിച്ചത്. വില്ലേജ് ഓഫിസ് ധർണയും നടത്തി. ഈ നീക്കത്തെ തകിടം മറിക്കുന്നതിനായി പാർട്ടി നടത്തിയ ഇടപെടലായിരുന്നു നെൽകൃഷി സംരക്ഷണ സമിതി. ഇത് പാർട്ടിയും മുന്നണിയും തമ്മിലുള്ള അകൽച്ച വർധിപ്പിക്കുന്നതിന് മാത്രമല്ല, മുന്നണിക്കകത്തുതന്നെ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിനും ഇടയാക്കി.
