Begin typing your search above and press return to search.
proflie-avatar
Login

കാ​ല​ത്തി​ന്‍റെ ദ​ർ​പ്പ​ണം -കെ. ​ജ​യ​കു​മാ​ർ എം.ടിയെക്കുറിച്ച് എഴുതുന്നു

കാ​ല​ത്തി​ന്‍റെ ദ​ർ​പ്പ​ണം -കെ. ​ജ​യ​കു​മാ​ർ എം.ടിയെക്കുറിച്ച് എഴുതുന്നു
cancel

കഥാകൃത്ത്​, നോവലിസ്റ്റ്​, തിരക്കഥാകൃത്ത്​, പത്രാധിപർ എന്നിങ്ങനെ തൊട്ട മേഖലയിലെല്ലാം അതുല്യത സാധ്യമാക്കിയ എം.ടിക്ക്​ ഇത്​ നവതിയുടെ ധന്യത. എം.ടിയുമായി അടുത്തബന്ധം പുലർത്തുന്ന കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ലേഖകൻ മലയാളത്തിന്​ എം.ടി നൽകിയ സംഭാവനക​െളക്കുറിച്ചും എം.ടിയുടെ പ്രതിഭാശേഷിയെയും കുറിച്ച്​ എഴുതുന്നു.എം.ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​പ്പോ​ലെ ഇ​ത്ര​യേ​റെ സ്നേ​ഹി​ക്ക​പ്പെ​ടു​ക​യും ആ​ദ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത മ​റ്റൊ​രു എഴു​ത്തു​കാ​ര​ൻ ന​മു​ക്കു​േണ്ടാ എന്ന്​ സംശയം. എ​ന്തെ​ഴു​തി​യാ​ലും അ​തൊ​രു സം​ഭ​വ​മാ​വു​ക, അ​ത് ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ക,...

Your Subscription Supports Independent Journalism

View Plans
കഥാകൃത്ത്​, നോവലിസ്റ്റ്​, തിരക്കഥാകൃത്ത്​, പത്രാധിപർ എന്നിങ്ങനെ തൊട്ട മേഖലയിലെല്ലാം അതുല്യത സാധ്യമാക്കിയ എം.ടിക്ക്​ ഇത്​ നവതിയുടെ ധന്യത. എം.ടിയുമായി അടുത്തബന്ധം പുലർത്തുന്ന കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ലേഖകൻ മലയാളത്തിന്​ എം.ടി നൽകിയ സംഭാവനക​െളക്കുറിച്ചും എം.ടിയുടെ പ്രതിഭാശേഷിയെയും കുറിച്ച്​ എഴുതുന്നു.

എം.ടി. വാ​സു​ദേ​വ​ൻ നാ​യ​രെ​പ്പോ​ലെ ഇ​ത്ര​യേ​റെ സ്നേ​ഹി​ക്ക​പ്പെ​ടു​ക​യും ആ​ദ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത മ​റ്റൊ​രു എഴു​ത്തു​കാ​ര​ൻ ന​മു​ക്കു​േണ്ടാ എന്ന്​ സംശയം. എ​ന്തെ​ഴു​തി​യാ​ലും അ​തൊ​രു സം​ഭ​വ​മാ​വു​ക, അ​ത് ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ക, സാ​ഹി​ത്യച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ക... ഇ​തൊ​ക്കെ ഒ​രെ​ഴു​ത്തു​കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലെ അ​സു​ല​ഭ വി​ഭൂ​തി​ക​ളാ​ണ്. അ​മ്പ​തു​ക​ളി​ലും അ​റു​പ​തു​ക​ളി​ലും എം​.ടി എ​ഴു​തി​യ ചെ​റു​ക​ഥ​ക​ൾ ഇ​ന്നും സ​ജീ​വ​മാ​യി ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ന്നു. അ​വ​യി​ൽ ചി​ല​തി​ന്‍റെ​യൊ​ക്കെ ച​ല​ച്ചി​ത്ര​ ഭാ​ഷ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​വി​ഷ​യ​മാ​ക്കു​ന്നു. ക​ഥ​യി​ലും നോ​വ​ലി​ലും നേ​ടി​യ അ​തേ ഇ​രി​പ്പി​ടം ച​ല​ച്ചി​ത്ര​ മേ​ഖ​ല​യി​ൽ ത​ന്‍റെ അ​ന്യൂ​ന​മാ​യ തി​ര​ക്ക​ഥ​ക​ൾകൊ​ണ്ട് നേ​ടാ​നും എം.ടിക്ക് സാ​ധി​ച്ചു. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ൽ കൈ​വ​ന്ന​ പ്ര​ശ​സ്തി, നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത് എ​ന്ന നി​ല​ക്കുള്ള സ്ഥാ​ന​ത്തി​ന് മാ​റ്റ് കൂ​ട്ടി​യ​ത​ല്ലാ​തെ മ​ങ്ങ​ലേ​ൽ​പിച്ചി​ല്ല. ഓ​ർ​മ​ക​ൾ, ച​ല​ച്ചി​ത്ര​ സ്മ​ര​ണ​ക​ൾ, യാ​ത്ര​ാക്കു​റി​പ്പു​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ, സാ​ഹി​ത്യ​ര​ച​ന​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ൾ, അ​സം​ഖ്യം അ​ഭി​മു​ഖ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​സ്തൃ​ത​മാ​ണ് ഈ ​എ​ഴു​ത്തു​കാ​ര​ന്റെ ലോ​കം.

തു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ന്റെ അ​ധ്യ​ക്ഷ​ൻ എ​ന്ന നി​ലക്കു​ള്ള അ​ഭൂ​ത​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ സ്ഥാ​ന​പ്പെ​ട്ടു ക​ഴി​ഞ്ഞു. മി​ക​ച്ച എ​ഡി​റ്റ​ർ എ​ന്ന നി​ല​യി​ലും ഏ​റെ​യു​ണ്ട് എം.ടിക്ക് അ​ഭി​മാ​നി​ക്കാ​നും മ​ല​യാ​ള​ത്തി​ന് ഓ​ർ​മി​ക്കാ​നും. ‘നാ​ലു​കെ​ട്ട്’ എ​ന്ന ആ​ദ്യ നോ​വ​ലി​നുത​ന്നെ കേ​ര​ള സാ​ഹി​ത്യ അ​ക്കാദ​മി പു​ര​സ്കാ​രം, പി​ന്നെ ‘കാ​ലം’ എ​ന്ന നോ​വ​ലി​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം, ‘ര​ണ്ടാ​മൂ​ഴ’ത്തി​നു ജ്ഞാ​ന​പീ​ഠം എ​ന്നി​ങ്ങ​നെ ഗ​രി​മ​യാ​ർ​ന്ന പു​ര​സ്കാ​രശ​ത​ങ്ങ​ളാ​ൽ അ​ലം​കൃ​ത​നാ​ണ് എം​.ടി എ​ന്ന ര​ണ്ട​ക്ഷ​ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ തി​രി​ച്ച​റി​യു​ന്ന പ്ര​തി​ഭാ​ശാ​ലി​യും അ​നു​ഗൃ​ഹീ​ത​നു​മാ​യ ഈ ​എ​ഴു​ത്തു​കാ​ര​ൻ. എം.ടിയു​ടെ ന​വ​തി ആ​ഘോ​ഷി​ക്കാ​ൻ മ​ല​യാ​ളി​ക​ൾ കാ​ണി​ക്കു​ന്ന ഉ​ത്സാ​ഹ​വും ശു​ഷ്കാ​ന്തി​യും ദീ​ർ​ഘ​കാ​ല​ത്തെ വി​സ്മ​യ​ത്തി​ന്‍റെ ഫ​ല​ശ്രു​തി​യാ​യി വേ​ണം ക​രു​താ​ൻ.

എം.ടിയു​ടെ നേ​ട്ട​ങ്ങ​ളെ വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ സ​മീ​പി​ക്ക​ാനാ​വും. മ​ല​യാ​ള ചെ​റു​ക​ഥ​യും നോ​വ​ലും സ​മൂ​ഹ​ത്തി​ലെ അ​ക​ല​ങ്ങ​ളെ​യും ചൂ​ഷ​ണ​ങ്ങ​ളെ​യും കു​റി​ച്ചു വാ​ചാ​ല​മാ​വു​ക​യും അ​രി​കു​വ​ത്ക​രി​ക്ക​പ്പെ​ട്ടി​രു​ന്ന മ​നു​ഷ്യ​രെ സാ​ഹി​ത്യ​ത്തി​ന്‍റെ ന​ടു​മു​റ്റ​ത്തേ​ക്കു ആ​ന​യി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ​ല്ലോ പു​രോ​ഗ​മ​ന സാ​ഹി​ത്യം ഇ​വി​ടെ കൊ​ടി​യു​യ​ർ​ത്തി​യ​ത്. അ​തൊ​രു അ​സാ​മാ​ന്യ​മാ​യ നേ​ട്ടംത​ന്നെ​യാ​യി​രു​ന്നു. അ​തി​ഭാ​വു​ക​ത്വം അ​സ​ഹ​നീ​യ​മാ​ക്കി​യി​രു​ന്ന ആ​ഖ്യാ​യി​ക​ക​ളും അ​നു​ക​ര​ണ​ങ്ങ​ളുംകൊ​ണ്ട് ജീ​ർ​ണി​ച്ചുപോ​യ ക​ഥാ​മ​ന്ദി​ര​ത്തി​ലേ​ക്കു ത​ക​ഴി​യും കേ​ശ​വ​ദേ​വും പൊ​ൻ​കു​ന്നം വ​ർ​ക്കി​യും വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റു​മെ​ല്ലാം ചേ​ർ​ന്ന് മു​ക്കു​വ​പ്പെ​ണ്ണിനെ​യും തോ​ട്ടി​യു​ടെ മ​ക​നെ​യും വേ​ശ്യ​ക​ളെ​യും ഭൂ​ര​ഹി​ത​നാ​യ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യെ​യും പോ​ക്ക​റ്റ​ടി​ക്കാ​ര​നെ​യും റി​ക്ഷാ​ക്കാ​ര​നെ​യും മു​ച്ചീ​ട്ടു​ക​ളി​ക്കാ​ര​നെ​യും സാ​മൂ​ഹിക​മാ​യി അ​യി​ത്തം ക​ൽ​പിച്ച​ക​റ്റി നി​ർ​ത്തി​യി​രു​ന്ന​വ​രെ​യു​മെ​ല്ലാം കൂ​ട്ടി​ക്കൊ​ണ്ടു വ​ന്നു. അ​വ​ർ​ക്കും ക​ണ്ണീ​രും പു​ഞ്ചി​രി​യു​മു​ണ്ടെ​ന്നു കാ​ണി​ച്ചു ത​ന്നു.


പ്ര​ണ​യ​വും പ്ര​തീ​ക്ഷ​ക​ളു​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു ത​ന്നു. അ​തു​വ​രെ മ​ല​യാ​ള സാ​ഹി​ത്യം കാ​ണാ​തി​രു​ന്ന മ​നു​ഷ്യ​രെ​യും അ​വ​രു​ടെ തീ​ക്ഷ്ണ ജീ​വി​ത​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​ന്നു. അ​വ​ർ സ്നേ​ഹി​ക്കാ​ൻ കൊ​ള്ളാ​വു​ന്ന​വ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​ത്ത​ന്നു. പൊ​റ്റെ​ക്കാ​ട്ടും ഉ​റൂ​ബും ബോ​ധ​പൂ​ർ​വം സാ​മൂ​ഹികമാ​യ പാ​ർ​ശ്വ​ങ്ങ​ളി​ലേ​ക്ക് പോ​യി​ല്ലെ​ങ്കി​ലും സാ​ധാ​ര​ണ മ​നു​ഷ്യ​ജീ​വി​തങ്ങ​ളും അ​വ​യു​ടെ ഗ​തി​കേ​ടും വൈ​ചി​ത്ര്യ​വും അ​വ​ർ പ​ക​ർ​ത്തി​​െവ​ച്ചു. ഈ ​മ​ണ്ണി​ലേ​ക്കാ​ണ് എം.ടി ന​ന്നേ ചെ​റു​പ്പ​ത്തി​ൽ കാ​ല് കു​ത്തു​ന്ന​ത്. ബാ​ഹ്യ​ലോ​ക​ത്ത​ല്ല, മ​നു​ഷ്യ​രു​ടെ ആ​ന്ത​രി​ക ലോ​ക​ത്തി​ന്‍റെ വൈ​ചി​ത്ര്യ​ത്തി​ലാ​ണ് തു​ട​ക്കം മു​ത​ൽ ഈ ​ക​ഥാ​കാ​ര​ന്റെ ക​ണ്ണ് പ​തി​യു​ന്ന​ത്. വൈ​കാ​രി​ക​മാ​യി ഒ​റ്റ​പ്പെ​ട്ട​വ​ർ, ജീ​വി​ത​ത്തെ മെ​രു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, സ്വാ​ർ​ഥമോ​ഹ​ത്താ​ൽ ന​യി​ക്ക​പ്പെ​ട്ട് വി​ല​പ്പെ​ട്ട​തെ​ല്ലാം ന​ഷ്ട​മാ​ക്കി​ക്ക​ള​യു​ന്ന ദു​ര​ന്ത നാ​യ​ക​ന്മാ​ർ, കു​റ്റ​ബോ​ധ​ത്തോ​ടൊ​പ്പം ജീ​വി​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ ബാ​ഹ്യ​മാ​യ ഒ​റ്റ​പ്പെ​ട​ലും ആ​ന്ത​രി​ക​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളുംകൊ​ണ്ട് പീ​ഡി​ത​മാ​യ ജീ​വി​ത​ങ്ങ​ളാ​ണ് എം.ടിയു​ടെ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ. പ​ല​പ്പോ​ഴും പു​റ​മെ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള​ല്ല ആ​ന്ത​രി​ക​മാ​യി ന​ട​ക്കു​ന്ന തീ​ക്ഷ്ണ സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് എം.ടി ക​ഥ​ക​ളെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. പ്ര​മേ​യ​ത്തി​ൽ മാ​ന​സി​കത​ല​ത്തി​നു കൊ​ടു​ത്ത സൂ​ക്ഷ്മ​ശ്ര​ദ്ധ​യി​ൽ മ​ല​യാ​ള​ ക​ഥാ​സാ​ഹി​ത്യ​ത്തിലെ ആ​ദ്യപ​ഥി​ക​നാ​ണ് എം​ടി. (സ​മ​കാ​ലി​ക​യാ​യ രാ​ജ​ല​ക്ഷ്മി​യു​ടെ സ്വ​ര​ത്തി​ലും ഈ ​ആ​ന്ത​രി​ക​ത ഒ​ട്ടൊ​ക്കെ കേ​ൾ​ക്കാം; പ​​േക്ഷ ആ ​എ​ഴു​ത്തു​കാ​രി അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ​ല്ലോ.)

എം.ടിയു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് പു​രു​ഷ നാ​യ​ക​ന്മാ​ർ, ഉ​ദാ​ത്ത​തകൊ​ണ്ട് നാ​യ​ക​പ​രി​വേ​ഷം നേ​ടു​ന്ന​വ​ര​ല്ല. പ്ര​തി​നാ​യ​ക​ന്‍റെ മു​ഖ​ച്ഛാ​യ​യാ​ണ് അ​വ​രി​ൽ പ​ല​ർ​ക്കും ചേ​രു​ക. നോ​വ​ലി​ലും ചെ​റു​ക​ഥ​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള നാ​യ​ക​ന്മാ​രെ ധാ​രാ​ള​മാ​യി കാ​ണാം. ‘നാ​ലു​കെ​ട്ടി​’ലെ അ​പ്പു​ണ്ണി, ‘കാ​ല’​ത്തി​ലെ സേ​തു, ചെ​റു​ക​ഥ​ക​ളി​ലെ ആ​ത്മ​വ​ഞ്ച​ന ന​ട​ത്തു​ന്ന നാ​യ​ക​ന്മാ​ർ, ദാ​മ്പ​ത്യബ​ന്ധ​ത്തി​ൽ കാ​പ​ട്യ​ത്തി​ന്‍റെ കാ​ളി​മ ക​ല​ർ​ത്തു​ന്ന​വ​ർ, ക​ട​പ്പാ​ടു​ക​ൾ മ​റ​ക്കു​ന്ന​വ​ർ, പ​ക​യി​ൽ ജീ​വി​ക്കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ മ​നു​ഷ്യ​മ​ന​സ്സി​ന്‍റെ നി​ഴ​ലി​ട​ങ്ങ​ളി​ൽനി​ന്നാ​ണ് എം.ടിയു​ടെ ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും പി​റ​വി​യെ​ടു​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര സൃ​ഷ്ടി​യി​ൽ അ​വ​ലം​ബി​ക്കു​ന്ന നി​ല​പാ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും മ​നഃ​ശാ​സ്ത്ര പ​രി​പ്രേ​ക്ഷ്യ​ത്തി​ലും എം.​ടിയു​ടെ ര​ച​ന​ക​ളെ സ​മീ​പി​ക്കാം.

ഭാ​ഷ​യി​ൽ ഈ ​ക​ഥാ​കാ​ര​ൻ വ​രു​ത്തി​യ വി​പ്ല​വ​വും പ​ഠ​നവി​ഷ​യ​മാ​കേ​ണ്ട​താ​ണ്. സ​മ​കാ​ലി​ക​രും തൊ​ട്ടുമു​മ്പ​ത്തെ ത​ല​മു​റ​യി​ലെ പ്ര​ഗ​ല്ഭ​രും ഒ​രു പു​റ​മോ ചി​ല​പ്പോ​ൾ ഏ​താ​നും പു​റ​ങ്ങ​ളോകൊ​ണ്ട് പ്ര​തി​പാ​ദി​ക്കു​ന്ന കാ​ര്യം ഒ​രു വാ​ക്യ​ത്തി​ലോ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മൂ​ള​ലി​ലോ ഒ​തു​ക്കാ​നു​ള്ള എം.​ടിയു​ടെ വൈ​ഭ​വം പ്ര​സി​ദ്ധ​മാ​ണ്. ക​വി​ത​യോ​ട​ടു​ത്തു നി​ൽ​ക്കു​ന്ന ക​ട​ഞ്ഞെ​ടു​ത്ത ഭാ​ഷ​യി​ലൂ​ടെ​യും ഈ ​എ​ഴു​ത്തു​കാ​ര​നെ സ​മീ​പി​ക്കാ​നാ​വും. വ​ള്ളു​വ​നാ​ട​ൻ ഭാ​ഷ​യു​ടെ പ​ശി​മകൂ​ടി ചേ​രു​മ്പോ​ൾ എം.ടിയു​ടെ ആ​ഖ്യാ​നചാ​രു​ത മ​ല​യാ​ള ക​ഥാ​സാ​ഹി​ത്യ​ത്തെ ആ​രും തൊ​ടാ​ത്ത ഉ​ത്ത​ര​ത്തി​ലെ​ത്തി​ച്ചു.

കാ​ലം എ​ന്ന നാ​യ​ക​ൻ

ഏ​തെ​ല്ലാം വ​ഴി​ക​ളി​ലൂ​ടെ എം.​ടി സാ​ഹി​ത്യ​ത്തെ സ​മീ​പി​ച്ചാ​ലും നാ​യ​ക​സ​ങ്ക​ൽപ​ത്തെ എ​ങ്ങ​നെ​യെ​ല്ലാം അ​പ​നി​ർ​മി​തി​ക്കു വി​ധേ​യ​മാ​ക്കി​യാ​ലും ആ​ത്യ​ന്തി​ക​മാ​യി കാ​ല​മാ​ണ് എം.ടി ക​ഥ​ക​ളി​ലെ​യും നോ​വ​ലു​ക​ളി​ലെ​യും നി​ത്യനാ​യ​ക​ൻ. ആ​ത്മാം​ശ​മു​ള്ള പ്ര​ധാ​ന​പ്പെ​ട്ടൊ​രു നോ​വ​ലി​ന് ‘കാ​ലം’ എ​ന്ന ശീ​ർ​ഷ​കം ന​ൽ​കി​യ​ത് യാ​ദൃ​ച്ഛി​ക​മ​ല്ല. ക​ഥ​ക​ളി​ലും നോ​വ​ലി​ലു​മെ​ല്ലാം മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​വു​ന്ന​വ​രെ​യാ​ണ് ഈ ​ക​ഥാ​കാ​ര​ൻ എ​പ്പോ​ഴും ആ​ലേ​ഖ​നം ചെ​യ്യു​ന്ന​ത്. ബാ​ഹ്യ​പ്ര​ത​ല​ത്തി​ൽ ക​ഥ​യി​ലെ കാ​ല​ദേ​ശ​ങ്ങ​ൾ​ക്കു വ​ലി​യ മാ​റ്റം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ലും, ക​ഥ​യു​ടെ ക്രി​യാം​ശം എ​വി​ടെ​യോ എ​പ്പോ​ഴോ സം​ഭ​വി​ച്ച മാ​റ്റ​മാ​ണ്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ, മൂ​ല്യ​ബോ​ധ​ത്തി​ൽ, നി​ല​പാ​ടു​ക​ളി​ൽ, പ്ര​വൃ​ത്തി​ക​ളി​ൽ, ആ​ഗ്ര​ഹ​ങ്ങ​ളി​ൽ, ഇ​ഷ്ട​ങ്ങ​ളി​ൽ, പ്ര​ണ​യ​ങ്ങ​ളി​ൽ ഒ​ക്കെ ബാ​ഹ്യ​വും ആ​ന്ത​രി​ക​വു​മാ​യ കാ​ര​ണ​ങ്ങ​ൾകൊ​ണ്ട് മാ​റ്റം സം​ഭ​വി​ക്കു​ന്നു. പ​ല​പ്പോ​ഴും ആ ​മാ​റ്റ​ങ്ങ​ളു​ടെ സ്വാ​ധീ​ന​ത്താ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ യാ​ന്ത്രി​ക​രും നി​സ്സ​ഹാ​യ​രു​മാ​വു​ന്നു. ‘പ​ള്ളി​വാ​ളും കാ​ൽ​ച്ചി​ല​മ്പും’ (പി​ന്നീ​ട് നി​ർ​മാ​ല്യ​മെ​ന്ന സി​നി​മ​യാ​യ ക​ഥ) എ​ന്ന ക​ഥ​യി​ൽ ബാ​ഹ്യ​ജീ​വി​ത​ത്തി​ലെ ഇ​ല്ലാ​യ്മ​കൊ​ണ്ടു വെ​ളി​ച്ച​പ്പാ​ടി​ന്‍റെ ഭാ​ര്യ​ക്ക് കൈ​ക്കൊ​ള്ളേ​ണ്ടി വ​രു​ന്ന ക​ടു​ത്ത തീ​രു​മാ​ന​മാ​ണ് ക​ഥ​യി​ലെ ദു​ര​ന്ത​ബി​ന്ദു. പ​ള്ളി​വാ​ളും കാ​ൽ​ച്ചി​ല​മ്പും വി​ൽ​ക്കാ​ൻ ത​യാ​റാ​വു​ന്ന നി​സ്സ​ഹാ​യ യു​വ​ത്വ​ത്തി​ലും കാ​ലം അ​തി​ന്‍റെ പൊ​ള്ളു​ന്ന വി​ര​ൽ​പ്പാ​ട് പ​തി​ച്ചി​രി​ക്കു​ന്നു. വെ​ളി​ച്ച​പ്പാ​ടി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ​ക്കു കാ​ര​ണ​വും സ​മൂ​ഹ​ത്തി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾത​ന്നെ. കാ​ല​മാ​ണ് ഇ​വി​ടെ നാ​യ​ക​സ്ഥാ​ന​ത്ത്. ‘ക​രി​യി​ല​ക​ൾ മൂ​ടി​യ വ​ഴി​ത്താ​ര​ക​ളി​’ലാ​യാ​ലും ‘സ്വ​ർ​ഗം തു​റ​ക്കു​ന്ന സ​മ​യ​’ത്തി​ലാ​യാ​ലും ‘പെ​രു​മ​ഴ​യു​ടെ പി​റ്റേ​ന്ന്’ എ​ന്ന ക​ഥ​യി​ലാ​യാ​ലും ‘ശി​ലാ​ലി​ഖി​ത​’ത്തി​ലാ​യാ​ലും ‘വാ​ന​പ്ര​സ്ഥ​’ത്തി​ലാ​യാ​ലും കാ​ലം വ​രു​ത്തു​ന്ന അ​നി​വാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​വു​ന്ന മ​നു​ഷ്യ​രാ​ണ് എം.ടിയു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ.

കു​ടും​ബ​ത്തി​ലെ​യും ഗ്രാ​മ​ത്തി​ലെ​യും ബ​ന്ധു​ക്ക​ളും പ​രി​ച​യ​ക്കാ​രു​മാ​ണ് എം.ടിയു​ടെ ക​ഥ-​നോ​വ​ൽ ലോ​ക​ത്തു​ള്ള​തെ​ന്നു ചി​ല നി​രൂ​പ​ക​രൊ​ക്കെ പ​റ​യാ​റു​ണ്ട്. അ​വ​രൊ​ക്കെ​യു​ണ്ട്. എ​ന്നാ​ൽ അ​വ​ർ മാ​ത്ര​മ​ല്ല.​ അ​വ​രി​ലൂ​ടെ​യും അ​വ​രു​ടെ ദുഃ​ഖ​ങ്ങ​ളി​ലൂ​ടെ​യും നാം ​പ​രി​ച​യ​പ്പെ​ടു​ന്ന മ​നു​ഷ്യസ്വ​ഭാ​വ​ത്തി​ന്‍റെ വൈ​ചി​ത്ര്യ​ങ്ങ​ളി​ലാ​ണ് എം.ടി സാ​ഹി​ത്യം ത​ഴ​ക്കു​ന്ന​ത്... എം.ടിയു​ടെ കൂ​ട​ല്ലൂ​രി​നെ​ക്കു​റി​ച്ചും വീ​ട്ടു​കാ​രെ​ക്കു​റി​ച്ചും അ​ച്ഛ​നെ​ക്കു​റി​ച്ചും അ​മ്മ​യെ​ക്കു​റി​ച്ചുമൊ​ക്കെ പ​ല​പ്പോ​ഴാ​യി വാ​യ​ന​ക്കാ​ർ കേ​ട്ടി​ട്ടു​ണ്ട്. പ​​േക്ഷ എം.ടി ചി​ട്ട​യാ​യൊ​രു ആ​ത്മ​ക​ഥാര​ച​ന​ക്ക് മു​തി​ർന്നി​ട്ടി​ല്ല. എ​ഴു​തി​യ​തൊ​ക്കെ ചേ​ർ​ത്തു​െവ​ച്ചാ​ൽ എം.ടിയു​ടെ ജീ​വി​ത​ക​ഥ​യാ​യി എ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. പ​ക്ഷേ, അ​തൊ​രു ഭാ​ഗി​ക പ്ര​സ്താ​വം മാ​ത്ര​മാ​യി​രി​ക്കും. എം​.ടിയു​ടെ ഛായ ​അ​പ്പു​ണ്ണി​ക്കും ഗോ​വി​ന്ദ​ൻ​കു​ട്ടി​ക്കും സേ​തു​വി​നും മ​റ്റ​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​മു​ണ്ടാ​യേ​ക്കാം. അ​വ​രി​ലൂ​ടെ ത​ന്‍റെ ജീ​വി​തം പ​റ​യാ​ന​ല്ല; കാ​ലം ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളോ​ട് എ​ന്ത് ചെ​യ്തു എ​ന്ന​ന്വേ​ഷി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​നി​ഷ്ടം. കാ​ലം നാ​ലു​കെ​ട്ടി​നു​ണ്ടാ​ക്കി​യ മാ​റ്റം മാ​ത്ര​മ​ല്ല കാ​ല​ത്തി​ന്‍റെ നാ​ലു​കെ​ട്ടി​നു​ണ്ടാ​കു​ന്ന മാ​റ്റ​വും കൂ​ടി​യാ​ണ് എം.ടിയു​ടെ സ​ർ​ഗ​നേ​ത്ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​ത്.


യാ​ത്ര എ​ന്ന രൂ​പ​ക​ത്തി​ന് എം.ടിയു​ടെ ആ​ഖ്യാ​നക​ല​യി​ൽ സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മാ​ണു​ള്ള​ത്. യാ​ത്ര മാ​റ്റ​ങ്ങ​ളു​ടെ സ​ഹ​യാ​ത്രി​ക​നോ സൂ​ത്ര​ധാ​ര​നോ ആ​ണ്. നി​ശ്ച​ല​ത​യു​ടെ മ​റു​പ​ക്ഷ​മാ​ണ് യാ​ത്ര. എം​.ടി സാ​ഹി​ത്യ​ത്തി​ൽ നി​ശ്ച​ല​ത​യി​ല്ല. കാ​ല മാ​റ്റ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​കു​ന്നു. കാ​ല​ത്തി​നു മാ​റാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. യാ​ത്ര ആ ​അ​ർ​ഥ​ത്തി​ൽ കാ​ല​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​ണ്. ‘നാ​ലു​കെ​ട്ടി’ലെ​യും ‘കാ​ല’ത്തി​ലെ​യും ‘വാ​രാ​ണ​സി’യി​ലെ​യും നാ​യ​ക​രൊ​ക്കെ യാ​ത്ര​യി​ലാ​ണ്. ക​ഥ​ക​ളി​ലും യാ​ത്ര​യു​ണ്ട്. ‘വാ​ന​പ്ര​സ്ഥ​’വും ‘പെരു​മ​ഴ​യു​ടെ പി​റ്റേ​ന്നും’ ‘ക​ൽ​പാ​ന്ത​’വും, ‘ഷെ​ർ​ല​ക്കും’ തു​ട​ങ്ങി അ​നേ​കം ക​ഥ​ക​ൾ യാ​ത്ര​യാ​ൽ നി​യ​ന്ത്രി​ത​മാ​ണ്. യാ​ത്ര​യി​ല്ലെ​ങ്കി​ൽ പ​ല ക​ഥ​ക​ളും ഇ​ല്ലെ​ന്നു പ​റ​യു​മ്പോ​ൾ കാ​ല​ത്തി​ന്‍റെ അ​ധൃ​ഷ്യ​മാ​യ ക​ര​സ്പ​ർ​ശ​മാ​ണ് ക​ഥ​ക​ൾ​ക്ക് ഉ​യി​രേ​കു​ന്ന​ത് എ​ന്നുവേ​ണം ഉ​റ​പ്പി​ക്കാ​ൻ.

ഇ​ല്ലാ​യ്മ​യു​ടെ ബാ​ല്യം, ത​ക​രു​ന്ന ത​റ​വാ​ട്, അ​ക​ലു​ന്ന ബ​ന്ധ​ങ്ങ​ൾ, അ​ര​ക്ഷി​ത​ത്വം, കാ​ലം തളംകെ​ട്ടിനി​ന്ന അ​വ​സ്ഥ​യി​ൽനി​ന്ന് കാ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​ലേ​ക്ക് ഇ​റ​ങ്ങി​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ വാ​യ​ന​ക്കാ​ർ​ക്കു പ​രി​ച​യ​മു​ണ്ട്. ആ ​ചെ​റു​പ്പ​ക്കാ​ര​ന് എ​ഴു​ത​ണ​മാ​യി​രു​ന്നു, സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മ​ല്ലാ​തി​രു​ന്നി​ട്ടും. എ​ഴു​ത്തി​ലൂ​ടെ ത​ന്‍റെ അ​സ്തി​ത്വം ആ ​ചെ​റു​പ്പ​ക്കാ​ര​ന് അ​ട​യാ​ള​പ്പെ​ടു​ത്ത​ണ​മാ​യി​രു​ന്നു; ഗ്രാ​മ​ത്തി​ലെ മ​നു​ഷ്യ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും. അ​വ​രു​ടെ ജീ​വി​ത​ത്തി​നും ഒ​പ്പം ത​ന്‍റെ ജീ​വി​ത​ത്തി​നും വ​രു​ന്ന മാ​റ്റ​ങ്ങ​ൾ ആ ​യു​വാ​വ് സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കു​ന്നു. ആ ​നി​രീ​ക്ഷ​ണ​വും അ​നു​താ​പ​വും കു​റെ ന​ല്ല ക​ഥ​ക​ൾ​ക്ക് പി​റ​വി​യേ​കു​ന്നു. ആ ​ക​ഥ​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹിക ച​രി​ത്ര​ത്തി​ലെ മാ​റ്റ​ങ്ങ​ളു​ടെ ഒ​രേ​ടി​ന് ക​ഥാ​കൃ​ത്തും ക​ഥ​ക​ളും സ്വ​യം അ​ട​യാ​ള​ങ്ങ​ളാ​കു​ന്നു. ന​ഗ​ര​ത്തി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം, അ​ല​ച്ചി​ൽ, അ​നി​ശ്ചി​ത​ത്വം, പു​തി​യ ബ​ന്ധ​ങ്ങ​ൾ, ചി​ല ബ​ന്ധ​ങ്ങ​ളി​ലെ ഉ​ല​ച്ചി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള പു​തി​യ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ലോ​കം മാ​റു​ക​യാ​യി​രു​ന്നു.

പു​തിയ അ​വ​സ​ര​ങ്ങ​ൾ പ്ര​ലോ​ഭി​പ്പി​ച്ച പു​രു​ഷ​ന്മാ​രു​ടെ ക​ഥ​ക​ൾ എം​.ടി പ​റ​ഞ്ഞു. പ​ണ​ത്തോ​ടൊ​പ്പം കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന നി​ഷി​ദ്ധ​വും വി​ഹി​ത​വു​മാ​യ സു​ഖ​ങ്ങ​ൾ, വ​ള​രു​ന്ന സ്വാ​ർ​ഥം എ​ന്നി​ങ്ങ​നെ ജീ​വി​തം സ​ങ്കീ​ർ​ണ​മാ​വു​ന്ന​തും ന​മു​ക്ക് കാ​ണാം. ഇ​ത് അ​മ്പ​തു​ക​ളി​ലും അ​റു​പ​തു​ക​ളി​ലും യു​വാ​ക്ക​ളാ​യി ജീ​വി​ക്കേ​ണ്ടിവ​ന്ന​വ​രു​ടെ അ​നു​ഭ​വസാ​ക്ഷ്യ​ങ്ങ​ളാ​ണ്. എം​.ടി ക​ഥ​ക​ൾ ഇ​ന്നും വാ​യി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നു കാ​ര​ണം അ​വ​യി​ൽ പ​തി​ഞ്ഞുകി​ട​ക്കു​ന്ന ച​രി​ത്ര​ത്തി​ന്‍റെ കൈ​മു​ദ്ര​ക​ളും, മ​നു​ഷ്യമ​ന​സ്സി​ന്‍റെ മു​ൻ​വി​ധി​ക​ളി​ല്ല​ാത്ത സ​ത്യ​സ​ന്ധ​മാ​യ ആ​വി​ഷ്കാ​ര​വുംകൊ​ണ്ടാ​ണ്. അ​ങ്ങ​നെ​യാ​ണ് എം.ടി ത​ല​മു​റ​ക​ൾ​ക്കു പ്രി​യങ്ക​ര​നാ​കു​ന്ന​ത്. അ​വ​ർ അ​മൂ​ർ​ത്ത​മാ​യി മാ​ത്രം അ​റി​ഞ്ഞ ആ​കു​ല​ത​ക​ൾ ഈ ​ക​ഥ​ക​ൾ സ​മൂ​ർ​ത്ത​മാ​ക്കു​ന്നു. ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ എം.ടി മാ​ത്ര​മ​ല്ല ആ ​കാ​ല​യ​ള​വി​ൽ ജീ​വി​തം വെ​ട്ടി​പ്പി​ടി​ക്കാ​നി​റ​ങ്ങി​യ അ​നേ​കം ചെ​റു​പ്പ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​വും.

സു​ര​ക്ഷി​ത​ത്വ​വും അ​വ​സ​ര​ങ്ങ​ളും പ​ണ​വും തേ​ടി ന​ഗ​ര​ങ്ങ​ളി​ലെ​ത്തി​യ ഒ​രു ത​ല​മു​റ​യെ​ക്കു​റി​ച്ചു ന​മു​ക്ക​റി​യാം. ഗ്രാ​മ​ങ്ങ​ളി​ൽനി​ന്ന് ന​ഗ​ര​ങ്ങ​ളി​ലേ​ക്കും, കേ​ര​ള​ത്തി​ൽനി​ന്ന് മ​ദ്രാ​സി​ലേ​ക്കും ബോം​ബെ​യി​ലേ​ക്കും ജോ​ലി ​തേ​ടി​പ്പോ​യ ചെ​റു​പ്പ​ക്കാ​രു​ടെ ച​രി​ത്രം ന​മു​ക്ക​ന്യ​മ​ല്ല. എ​ന്നാ​ൽ, ഓ​രോ പ​റി​ച്ചു​ന​ട​ലും കു​റെ വേ​രു​ക​ൾ ന​ഷ്ട​മാ​ക്കു​കത​ന്നെ ചെ​യ്യും. ന​ഗ​രം ഒ​രു ഗ്രാ​മീ​ണ​നോ​ട് എ​ന്തുചെ​യ്യും എ​ന്ന അ​ന്വേ​ഷ​ണ​മാ​യി എം.ടിയു​ടെ അ​നേ​കം ക​ഥ​ക​ളെ സ​മീ​പി​ക്കാം. ന​ഗ​രം എം.ടി ക​ഥ​ക​ളി​ൽ മ​ത്സ​ര​ത്തി​ന്റെയും സ്വാ​ർ​ഥ​ത്തി​ന്‍റെ​യും നെ​റി​കേ​ടി​ന്‍റെ​യു​മൊ​ക്കെ മാ​ലി​ന്യം നി​റ​ഞ്ഞ ഇ​ട​ങ്ങ​ളു​മാ​ണ്. എ​ങ്കി​ലും, ക​ഥാ​നാ​യ​ക​ർ ആ ​പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ഴു​കത​ന്നെ ചെ​യ്യു​ന്നു. ‘ബ​ന്ധ​നം’ എ​ന്ന ക​ഥ​യി​ലെ മാ​ർ​ഗ​ര​റ്റ് ഡി​സൂ​സ​യു​ടെ വ​ശ്യ​ത​യി​ൽനി​ന്ന​ക​ന്നു മാ​റാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന ക​ഥാ​നാ​യ​ക​ന്‍റെ ഗ​തി​കേ​ടി​ൽ ഈ ​മൂ​ല്യസം​ഘ​ർ​ഷ​ത്തി​ന്‍റെ തീ​ക്ഷ്ണ​ത വാ​യി​ച്ചെ​ടു​ക്കാം. ‘ബ​ന്ധ​നം’ എ​ന്ന വ​ാക്കി​ൽത​ന്നെ ക​ഥാ​നാ​യ​ക​ന്‍റെ സ്വാ​ത​ന്ത്ര്യന​ഷ്ടം സൂ​ചി​ത​മാ​യി​രി​ക്കു​ന്നു. ആ​ത്മനി​ന്ദ ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​ധി​യാ​ണ്. അ​വ​ർ ഒ​റ്റ​പ്പെ​ടു​ക​യും സ്വ​യം അ​പ​രി​ചി​ത​രാ​വു​ക​യും ചെ​യ്യു​ന്നു. ബ​ന്ധ​ങ്ങ​ൾ അ​വ​ർ​ക്ക് ബ​ന്ധ​ന​ങ്ങ​ളാ​കു​ന്നു. ഉ​പ​ജീ​വ​നാ​ർ​ഥം ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ ഒ​രു ത​ല​മു​റ ഏ​റ്റ​ക്കു​റ​ച്ചി​ലുക​ളോ​ടെ അ​നു​ഭ​വി​ച്ച അ​പ​ര​ത്വ​ബോ​ധ​വും ന​ഷ്ട​ബോ​ധ​വു​മാ​ണ് എം.ടിയു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ തീ​ക്ഷ്ണ​മാ​യി അ​നു​ഭ​വി​ക്കു​ന്ന​ത്.

കാ​ത്തി​രി​പ്പി​ന്‍റെ വി​ശി​ഷ്ട മാ​തൃ​ക​ക​ളാ​യ ക​ഥ​ക​ളും നോ​വ​ലു​ക​ളും മ​ല​യാ​ള​ത്തി​ന് ന​ൽ​കി​യ ക​ഥാ​കാ​ര​നും എം.ടിത​ന്നെ. അ​ധി​കം ദൈ​ർ​ഘ്യ​മി​ല്ലാ​ത്ത​തും എ​ന്നാ​ൽ, ഉ​ൾ​ക്ക​ന​ത്തി​ലും ആ​ഖ്യാ​നചാ​രു​ത​യി​ലും മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ത്തി​ലെ നി​ത്യ വി​സ്മ​യ​മാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന ‘മ​ഞ്ഞ്’ കാ​ത്തി​രി​പ്പി​ന്‍റെ ക​ഥ​യാ​ണ്. നൈ​നി​ത്താ​ളി​ലെ ഒ​രു ബോ​ർ​ഡി​ങ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ വി​മ​ല​യു​ടെ ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും നി​ഷ്ഫ​ല​മാ​യ കാ​ത്തി​രി​പ്പി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ഈ ​നോ​വ​ൽ അ​തി​ന്റെ ശി​ൽപസൗ​കു​മാ​ര്യംകൊ​ണ്ട് ആ​രെ​യും ആ​ഹ്ലാദി​പ്പി​ക്കും. ഓ​രോ വാ​ക്കും വാ​ക്യ​വും, എ​ഴു​ത്തു​കാ​ര​ൻ കാ​ട്ടി​ത്ത​രു​ന്ന ഒ​ാരോ ദൃ​ശ്യ​വും അ​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ളും, ഓ​രോ ക​ഥാ​പാ​ത്ര​വും അ​വ​രു​ടെ ജീ​വി​ത​വും, എ​ന്തി​ന് പ​ശ്ചാ​ത്ത​ല​മാ​യ നൈ​നി​ത്താ​ൾ പ​ട്ട​ണ​വും, ടൂ​റി​സ്റ്റു​ക​ളെ പ്ര​തീ​ക്ഷി​ച്ചു കി​ട​ക്കു​ന്ന ത​ടാ​ക​ത്തി​ലെ ബോ​ട്ടു​ക​ളു​മെ​ല്ലാം കാ​ത്തി​രി​പ്പി​ന്‍റെ ഘ​നീ​ഭൂ​ത​മാ​യ രൂ​പ​ക​ങ്ങ​ളാ​യി മാ​റു​ന്ന ര​ച​ന​യു​ടെ ഇ​ന്ദ്ര​ജാ​ല​മാ​ണ് ‘മ​ഞ്ഞ്’ എ​ന്ന കൃ​തി അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ന്ന​ത്. വെ​ള്ളാ​രം​ക​ണ്ണു​ക​ളു​ള്ള ബു​ദ്ദു എ​ന്നെ​ങ്കി​ലും വ​രു​മെ​ന്ന് അ​വ​ൻ ക​രു​തു​ന്ന പി​താ​വി​നെ പ്ര​തീ​ക്ഷി​ക്കു​ന്നു. മ​ര​ണ​മെ​ന്ന വി​രു​ന്നു​കാ​ര​നെ കാ​ത്തി​രു​ന്ന സ​ർ​ദാ​ർ​ജി ഒ​രു സാ​യാ​ഹ്നം ക​ടംവെ​ച്ച് യാ​ത്ര​യാ​വു​ന്നു. പ്ര​തീ​ക്ഷ​യെ ആ​വ​ര​ണം ചെ​യ്യു​ന്ന നി​ഷ്ഫ​ല​ത​യു​ടെ​യും വി​ഷാ​ദ​ത്തി​ന്റെ​യും പ​രി​വേ​ഷ​മു​ണ്ട് ആ ​ജീ​വി​ത​ങ്ങ​ൾ​ക്കും പ​ട്ട​ണ​ത്തി​നും. ശ്രു​തി, താ​ളം, ല​യം എ​ന്ന​ിവ​യെ​ല്ലാം ഇ​ണ​ങ്ങി​യൊ​രു ഭാ​വ​ഗീ​ത​മാ​യി ‘മ​ഞ്ഞ്’ മ​ല​യാ​ള നോ​വ​ൽ ച​രി​ത്ര​ത്തി​ൽ മു​ദ്രി​ത​മാ​യി​രി​ക്കു​ന്നു.

കൂ​ട​ല്ലൂ​രി​ന്‍റെ ക​ഥാ​കാ​ര​നെ​ന്നും കു​ടും​ബ-ഗ്രാ​മ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലെ വ്യ​ക്തി​ക​ളെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യ എ​ഴു​ത്തു​കാ​ര​നെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ൽ എം.ടി​ക്ക് ഭാ​ഗി​ക​മാ​യേ ഇ​ണ​ങ്ങു​ക​യു​ള്ളൂ. ‘ഡാ​ർ-എ​സ്​-സ​ലാം’പോ​ലെ ‘അ​ക്ക​ൽ​ദാ​മ’പോ​ലെ, ‘ഷെ​ർ​ല​ക്ക്’ പോ​ലെ അ​നേ​ക​മ​നേ​കം ക​ഥ​ക​ൾ കൂ​ട​ല്ലൂ​രി​ൽനി​ന്നും എ​ത്ര​യോ അ​ക​ലെ​യാ​ണ് ന​ട​ക്കു​ന്ന​ത്. നോ​വ​ലു​ക​ളി​ൽ ‘ര​ണ്ടാ​മൂ​ഴ​’വും ‘വാ​ര​ണാ​സി’​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​മേ​യ സീ​മ​ക​ളു​ടെ വി​സ്തൃ​തി​യെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ്ര​ദേ​ശ​മാ​ണ് മ​നു​ഷ്യമ​ന​സ്സും അ​തി​ൽ മാ​റ്റ​ങ്ങ​ൾ ച​മ​യ്ക്കു​ന്ന കാ​ല​വു​മാ​ണ് എം.ടിയു​ടെ യ​ഥാ​ർ​ഥ പ​ശ്ചാ​ത്ത​ല​വും നാ​യ​ക​നും.

ഏ​റെ പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ട ‘ര​ണ്ടാ​മൂ​ഴ​’ത്തി​ൽ ഭീ​മ​സേ​ന​ന്‍റെ ജീ​വി​ത​പ്ര​തി​സ​ന്ധി​ക​ളെ സാ​ധാ​ര​ണ​ മ​നു​ഷ്യ​രു​ടെ കാ​ഴ്ച​പ്പാ​ടി​ൽ അ​തി അ​മൃ​ത​മാ​യി ആ​ലേ​ഖ​നം ചെ​യ്യു​ക​യാ​ണ്. ‘മ​ഞ്ഞ്’ എ​ന്ന കൃ​തി​യി​ൽ ഏ​തുവി​ധ​ം ഭാ​ഷ​യും പ്ര​മേ​യ​വും ഭാ​വ​വും സം​ഗീ​ത​​ത്തി​ലെ​ന്നപോ​ലെ സ​മീ​ക​രി​ക്ക​പ്പെ​ട്ടു​വോ അ​തേവി​ധം ‘ര​ണ്ടാ​മൂ​ഴ​’ത്തി​ന്‍റെ ശി​ൽപഘ​ട​ന​യി​ലും ആ​ഖ്യാ​ന​ത്തി​ലും സ​ന്ദ​ർ​ഭ​നി​ർ​മിതി​യി​ലും ഉ​ൾ​ക്കാ​ഴ്ച​ക​ളി​ലും ആ​ന്ത​രി​ക മു​ഴ​ക്ക​ങ്ങ​ളി​ലു​മെ​ല്ലാം ഈ ​കൃ​തി എം.ടിയു​ടെ സാ​ഹി​ത്യ​ജീ​വി​ത​ത്തി​ലെ വേ​ലി​യേ​റ്റ രേ​ഖ​യാ​യി നി​ല​കൊ​ള്ളു​ന്നു. ദൈ​വ​മാ​യാ​ല​ും മ​നു​ഷ്യ​നാ​യാ​ലും, ക്ഷ​ത്രി​യ​നാ​യാ​ലും നി​ഷാ​ദ​നാ​യാ​ലും വൈ​കാ​രി​ക ജീ​വി​ത​ത്തി​ന്‍റെ വൈ​കാ​രി​ക വ്യാ​ക​ര​ണം ഒ​ന്നുത​ന്നെ​യാ​ണെ​ന്നാ​ണ് എം.​ടി സ്ഥാ​പി​ക്കു​ന്ന​ത്.

 കെ. ജയകുമാർ എം.ടിക്കൊപ്പം

 കെ. ജയകുമാർ എം.ടിക്കൊപ്പം

ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ എം.ടിയു​ടെ സ്വാ​ധീ​ന​വും സം​ഭാ​വ​ന​യും സാ​ഹി​ത്യ​ത്തി​ലേ​തുപോ​ലെ ത​ന്നെ ഐ​തി​ഹാ​സി​ക​മാ​ണ്. അ​റു​പ​തോ​ളം തി​ര​ക്ക​ഥ​ക​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​വു​ക​ത്വ​ത്തി​ൽ വ​ലി​യ പ​രി​ണാ​മം വ​രു​ത്താ​ൻ എം.ടിക്കാ​യി. അ​വാ​ർ​ഡ് ചി​ത്ര​ങ്ങ​ൾ വേ​റെ, സാ​മ്പ​ത്തി​ക വി​ജ​യം നേ​ടു​ന്ന ചി​ത്ര​ങ്ങ​ൾ വേ​റെ എ​ന്ന പ​ര​മ്പ​രാ​ഗ​ത സ​ങ്ക​ൽ​പ​ത്തെ തി​രു​ത്താ​ൻ ആ ​തി​ര​ക്കഥ​ക​ൾ​ക്കാ​യി. ‘മു​റ​പ്പെ​ണ്ണ്’ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ ​ജൈ​ത്ര​യാ​ത്ര സ​മ്മാ​നി​ച്ച മി​ക​ച്ച ചി​ത്ര​ങ്ങ​ൾ ന​മ്മു​ടെ സി​നി​മാ ച​രി​ത്ര​ത്തെ തി​രു​ത്തി​യെ​ഴു​തി. പി. ​ഭാ​സ്ക​ര​ൻ, വി​ൻ​സെ​ന്റ്, പി.എ​ൻ. മേ​നോ​ൻ, ഹ​രി​ഹ​ര​ൻ, ഭ​ര​ത​ൻ, ഐ.വി. ശ​ശി തു​ട​ങ്ങി​യ മു​ഖ്യധാ​രാ സം​വി​ധാ​യ​ക​ർ​ക്കുവേ​ണ്ടി എ​ഴു​തി​യ തി​ര​ക്ക​ഥ​ക​ൾ എ​ക്കാ​ല​ത്തെ​യും സ​മു​ന്ന​ത ചി​ത്ര​ങ്ങ​ൾത​ന്നെ. ക​ഥ തി​ര​ക്ക​ഥ​യാ​കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന രാ​സ​പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ബോ​ധ്യ​ത്തോ​ടെ ര​ചി​ച്ച ഈ ​തി​ര​ക്ക​ഥ​ക​ൾ മ​ല​യാ​ള സി​നി​മ​യു​ടെ ദൃ​ശ്യസം​സ്കാ​ര​ത്തെ മാ​റ്റി​മ​റി​ച്ചു. സൂ​ക്ഷ്മ​ത​യെ ഈ ​തി​ര​ക്കഥ​ക​ൾ ആ​ഘോ​ഷി​ച്ചു. സം​ഭാ​ഷ​ണ​ത്തി​ലെ മി​ത​ത്വ​വും, മൗ​ന​ങ്ങ​ളു​ടെ ആ​ഴ​വും മ​ല​യാ​ള സി​നി​മ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ൽ എം​.ടി തി​ര​ക്ക​ഥ​ക്കുള്ള സ്ഥാ​നം നി​സ്തു​ല​മാ​ണ്. ‘ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ്’, ‘അ​സു​ര​വി​ത്ത്’, ‘കു​ട്ട്യേ​ട​ത്തി’, ‘ഓ​ള​വും തീ​ര​വും’, ‘പ​ഞ്ചാ​ഗ്നി’, ‘ന​ഖ​ക്ഷ​ത​ങ്ങ​ൾ’, ‘ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ’, ‘ഇ​ട​വ​ഴി​യി​ലെ പൂ​ച്ച മി​ണ്ടാ​പ്പൂ​ച്ച’, ‘വൈ​ശാ​ലി’, ‘പ​രി​ണ​യം’, ‘അ​നു​ബ​ന്ധം’, ‘താ​ഴ്വാ​രം’, ‘സു​കൃ​തം’, ‘പെ​രു​ന്ത​ച്ച​ൻ’ എ​ന്നി​ങ്ങ​നെ​യു​ള്ള ഓ​രോ തി​ര​ക്ക​ഥ​യും ത​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന അ​നു​ഭ​വം മ​ല​യാ​ള സി​നി​മ​യു​ടെ പു​ണ്യ​മാ​ണ്. സ്വ​യം സം​വി​ധാ​നം ചെ​യ്ത ‘നി​ർ​മ്മാ​ല്യ​’വും ‘ബ​ന്ധ​ന​’വും, ‘ക​ട​’വു​മെ​ല്ലാം അ​ത്ര​ത​ന്നെ ച​രി​ത്രം സൃ​ഷ്ടി​ച്ചു. ‘നി​ർ​മ്മാ​ല്യ​’ത്തി​ന്‍റെ അ​മ്പ​താം വ​ർഷം ആ​ഘോ​ഷി​ക്കു​ന്ന ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ സ​മൂ​ഹ​ത്തെ ഇ​ന്ന് ഗ്ര​സി​ച്ചി​രി​ക്കു​ന്ന അ​സ​ഹി​ഷ്ണു​ത​യു​ടെ ആ​ഴ​മെ​ത്ര ഭീ​ക​ര​മാ​ണെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്താ​ൻകൂ​ടി ആ ​ച​ല​ച്ചി​ത്ര​ത്തി​ന് ഇ​പ്പോ​ൾ ച​രി​ത്രനി​യോ​ഗം ല​ഭി​ച്ചി​രി​ക്കു​ന്നു.

ഏ​തു സ​ർ​ഗാ​ത്മക മേ​ഖ​ല​യി​ലും ത​ന്‍റെ സാ​ന്നി​ധ്യംകൊ​ണ്ട് ച​രി​ത്രം ര​ചി​ക്കാ​ൻ ഒ​രു ക​ലാ​കാ​ര​ന് ക​ഴി​യു​ക​യെ​ന്ന​ത് മ​ല​യാ​ള​ത്തി​ന്‍റെ സൗ​ഭാ​ഗ്യ​മാ​ണ്. എ​ത്ര​ എ​ത്ര വൈ​വി​ധ്യ​പൂ​ർ​ണ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ക​ഥ​ക​ളി​ലും നോ​വ​ലു​ക​ളി​ലും ച​ല​ച്ചി​ത്ര​ങ്ങ​ളി​ലു​മാ​യി എം​.ടി ന​മു​ക്ക് പ​രി​ചി​ത​മാ​ക്കി​യ​ത്! അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളി​ല്ലാ​തി​രു​ന്നെ​ങ്കി​ൽ മ​ല​യാ​ള​വും മ​ല​യാ​ളി​ക​ളും ഇ​ത്ര​മേ​ൽ വൈ​കാ​രി​കസ​മ്പ​ന്ന​ത അ​റി​യു​മാ​യി​രു​ന്നി​ല്ല. മ​നു​ഷ്യ​മ​ന​സ്സി​ന്‍റെ​യും സൂ​ക്ഷ്മവി​കാ​ര​ങ്ങ​ളു​ടെ​യും പെ​രു​ന്ത​ച്ച​നാ​യി പ​രി​ല​സി​ക്കു​ക​യാ​ണ് ഈ ​മ​ഹാ​ സാ​ഹി​ത്യ​കാ​ര​ൻ. വെ​റു​തെ​യ​ല്ല കൃ​ത​ജ്ഞ​താ ഭ​രി​ത​മാ​യ ഒ​രു ദേ​ശം ന​വ​തി വ​ർ​ഷ​ത്തി​ൽ ഈ ​മ​ഹാ​പ്ര​തി​ഭ​യു​ടെ മു​ന്നി​ൽ കൂ​പ്പു​കൈ​യു​മാ​യി നി​ൽ​ക്കു​ന്ന​ത്. എം​.ടിയെ​പ്പോ​ലെ എം.ടിയ​ല്ലാ​തെ ന​മു​ക്ക് മ​റ്റൊ​രാ​ളി​ല്ല.

News Summary - k jayakumar remembering M. T. Vasudevan Nair