തിരുത്തണം, വയലാറിന്റെ ആ ജീവചരിത്രം

അതുല്യ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ വിടവാങ്ങിയിട്ട് 50 വർഷം തികഞ്ഞു. എന്നാൽ, വയലാറിന്റെ ജീവിതം പലതരം കെട്ടുകഥകളിൽ നിറയുകയാണ് സമീപകാലത്ത്. വയലാറിെന്റ ജീവിതത്തെക്കുറിച്ച് എഴുതപ്പെട്ട ഒരു ജീവചരിത്ര കൃതിയെ മുൻനിർത്തി വയലാർ എങ്ങനെയൊക്കെയാണ് തെറ്റിദ്ധരിച്ച് വായിക്കപ്പെടുന്നതെന്ന് വിശകലനംചെയ്യുകയാണ് ലേഖകൻ. മറ്റൊരുതരത്തിൽ തിരുത്തലുകളിലൂടെ വയലാറിന്റെ ജീവിതം എഴുതുന്നു. കഴിഞ്ഞ ലക്കം തുടർച്ച.
രാജീവ് പുലിയൂർ എഴുതിയ വയലാറിന്റെ ജീവചരിത്രത്തിൽ (അധ്യായം 34, പേജ് 304-306) ഇങ്ങനെ കാണുന്നു: 1975 ലെ ഓണത്തിന് മദ്രാസിൽനിന്ന് വീട്ടിൽ എത്തിച്ചേരാൻ കഴിയാതെ ദിവസങ്ങൾ മാത്രം കഴിഞ്ഞ് വയലാറിലെത്തിയ രാമവർമ ആകസ്മികമായി ഒരു പാട്ടെഴുതിയതിനെക്കുറിച്ച് വിവരിക്കുന്ന ഭാഗം. രാഘവപ്പറമ്പ് കോവിലകത്തിന്റെ പടിഞ്ഞാറേപ്പുറത്ത് പൂത്തുതളിർത്തുകിടക്കുന്ന മുല്ലവള്ളികൾക്കിടയിൽ ഒരു കിളിയിരുന്നു ‘കിലും കിലും’ എന്ന് ശബ്ദിച്ചുകൊണ്ടിരിക്കുന്നു. രാമവർമ ആ കാഴ്ച കുറെനേരം നോക്കിനിന്നശേഷം അകത്തേക്കു പോയി കടലാസിൽ ഇങ്ങനെ കുത്തിക്കുറിച്ചു.
‘‘കിലും കിലുകിലും/ കിലുകിലും കളിമരത്തോണി/ ഒരു കദളിയാറ്റക്കിളിയിരിക്കും/ തളിർമരത്തോണി...’’
തുടർന്ന് വെട്ടൂർ രാമൻ നായർ എന്ന എഴുത്തുകാരൻ വീട്ടിലേക്ക് വരുന്നതും രണ്ടാളും കൂടിയുള്ള മദ്യപാനവും ഇതിനൊക്കെ സാക്ഷിയായ പുഷ്പാംഗദൻ എന്ന സന്തത സഹചാരിയുടെ ഒപ്പം വയലാർ ഒരു വോളിബാൾ ടൂർണമെന്റിന് പോകുന്നതും അവിടെ ആവേശകരമായ പ്രസംഗം നടത്തിയശേഷം സ്വന്തം ട്രോഫി സമ്മാനിക്കുന്നതുമൊക്കെ വിവരിക്കുന്നു. വയലാറിന്റെ അവസാനത്തെ ഓണമാണെന്ന പ്രാധാന്യം ആ ദിവസത്തിനുള്ളതുകൊണ്ടായിരിക്കുമല്ലോ ഇത്രയും വിസ്തരിച്ച് പറയുന്നത്.
‘‘കിലും കിലുകിലും’’ എന്ന പാട്ട് തിരുവോണം കഴിഞ്ഞുള്ള ദിവസങ്ങളിലൊന്നിലാണ് എഴുതിയതെങ്കിൽ, (1975ലെ തിരുവോണം ആഗസ്റ്റ് 20നായിരുന്നു) 1975 ആഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത ‘നീലപ്പൊന്മാൻ’ എന്ന ഉദയാ ചിത്രത്തിനുവേണ്ടി വയലാർ ഇതേ വരികളുള്ള ആ പാട്ടെഴുതിയതെങ്ങനെയാണ്?
വയലാറിൽ നടന്ന വോളിബാൾ ടൂർണമെന്റിന് വയലാർ പ്രസംഗിച്ചതും ട്രോഫി കൊടുത്തതുമൊക്കെ ഏത് തീയതിയിലായിരുന്നുവെന്ന് കൃത്യമായി അന്വേഷിച്ചു കണ്ടുപിടിക്കാവുന്നതേയുള്ളൂ. (ഇവിടെ ഒരു ‘സി.കെ. കൃഷ്ണപ്പനെ’ വയലാർ കാണുന്ന കാര്യം സൂചിപ്പിക്കുന്നുണ്ടെങ്കിലും ആ വ്യക്തി സി.കെ. കുമാരപ്പണിക്കരുടെ പുത്രനും സി.കെ. ചന്ദ്രപ്പന്റെ ജ്യേഷ്ഠനുമാണെന്ന കാര്യം ഒരിടത്തും പറയുന്നില്ല!) അന്ന് തിരുവനന്തപുരത്ത് കോളജ് ഹോസ്റ്റലിൽ നിന്നു പഠിക്കുകയായിരുന്ന വയലാറിന്റെ മകൻ ശരത് വീട്ടിലുള്ള കാര്യം പ്രത്യേകം പറയുന്നുണ്ട്. അപ്പോൾ വർഷം 1975 തന്നെയായിരിക്കണം.
ഇനി മറ്റൊരു കാര്യം. 1974ലെ ഓണക്കാലത്താണ് വയലാർ കിളിയുടെ പാട്ട് കേട്ടു നോക്കിനിന്നതെന്നു വെക്കുക. ഈ വരികൾ ഇങ്ങനെതന്നെ ആയിരിക്കുമോ എഴുതുന്നത് എന്നു സംശയമുണ്ട്. കാരണം, ആ ഗാനം സലിൽ ചൗധരി കമ്പോസ് ചെയ്ത ഈണത്തിനൊപ്പിച്ച് വയലാർ എഴുതിയ വരികളാണ്. മറിച്ചല്ല. സലിൽ ബംഗാളിയിൽ ചെയ്ത പാട്ടുകളുടെ ഈണമാണ് ഈ ഗാനമുൾപ്പെടെ മിക്ക മലയാളം പാട്ടുകളുടേതും. സലിൽ ചൗധരി ഉദയാ ചിത്രത്തിനുവേണ്ടി സംഗീതം പകരുന്ന കാര്യം 1974ൽ തീരുമാനിക്കപ്പെട്ടിരുന്നോ എന്ന് സംശയമുണ്ട്. 1974ലെ ഓണത്തിനിറങ്ങിയ ‘തുമ്പോലാർച്ച’ക്കും 1975 ജനുവരിയിൽ റിലീസ് ചെയ്ത ‘മാനിഷാദ’ക്കും ശേഷമാണ് ദേവരാജനെ മാറ്റി സലിൽ ചൗധരിയെ ഉദയാ സംഗീതമേൽപ്പിക്കുന്നത്. അപ്പോൾ സലിൽ ചൗധരി ഒരുക്കിയ അതേ മീറ്ററിനൊപ്പിച്ച് വയലാർ ഏതാണ്ട് ഒരു വർഷം മുമ്പുതന്നെ അങ്ങനെ ഒരു പാട്ട് എഴുതിവെക്കുമോ? ചിത്രത്തിലെ നായികയായ സുമിത്ര ഒരു തോണി തുഴഞ്ഞുകൊണ്ടു പാടുന്നതാണല്ലോ ‘‘കിലുകിലും കിലു കിലും കിളിമരത്തോണി...’’ ഒന്നും അങ്ങോട്ട് പൊരുത്തപ്പെടുന്നില്ലല്ലോ!
ജീവചരിത്രത്തിന്റെ അധ്യായം 23 നോക്കാം (പേജ് -190, 191): ഒരിക്കൽ മദ്രാസിൽനിന്ന് അമ്മയുമൊത്ത് കാറിൽ വയലാറിലേക്ക് വരുന്ന വഴിയിൽ മലയാറ്റൂർ രാമകൃഷ്ണനെ കാണാൻ മലയാറ്റൂർക്ക് പോകുന്ന ഒരു കഥ പറയുന്നുണ്ട്. അവിട ചെല്ലുമ്പോൾ ഒരു പൂജ നടക്കുകയാണ്. വയലാർ മദ്യം ആവശ്യപ്പെട്ടു. മലയാറ്റൂർ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ആരും കാണാതെ ഒളിപ്പിച്ചുവെച്ച ഒരു റമ്മിന്റെ കുപ്പി പുറത്തെടുത്ത് കുപ്പി ഗ്ലാസിലേക്ക് ഒഴിച്ചു വെള്ളം ചേർത്തു. അതുകഴിഞ്ഞ് അടുക്കളയിൽ കയറി ചക്ക വറുത്തതിന്റെയും കണ്ണിമാങ്ങാ അച്ചാറിന്റെയും ചെറിയ കുപ്പികൾ കൊണ്ടു കൊടുത്തു. തുടർന്ന് മദ്യപിച്ചുകൊണ്ടിരുന്ന വയലാർ പൂജാരി ലളിതസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിക്കുന്നതു കേട്ട് രോഷാകുലനായി അയാളോട് നിർത്താനാവശ്യപ്പെട്ടു. ഇരുവരും തമ്മിൽ വാദപ്രതിവാദങ്ങൾ ആരംഭിച്ചു. പൂജാരി മന്ത്രം ജപിക്കുന്നത് മുഴുവനും തെറ്റാണെന്ന് പറഞ്ഞ വയലാർ ലളിതാസഹസ്രനാമം കൃത്യമായി മനഃപാഠമായി ചൊല്ലി കേൾപ്പിച്ചു കൊടുത്തു. പൂജാരി വരുത്തിയ അക്ഷരത്തെറ്റുകൾ ഓരോന്നായി പറഞ്ഞുകൊടുത്തു. അതിന്റെ അർഥവും. പൂജാരി അതോടെ ശാന്തനായി.
ഈ സംഭവം മലയാറ്റൂർ അദ്ദേഹത്തിന്റെ വിഖ്യാതമായ ‘സർവിസ് സ്റ്റോറി’ എന്ന ആത്മകഥയിൽ വളരെ രസകരമായി അവതരിപ്പിക്കുന്നുണ്ട്. 1967-69 കാലത്ത് മലയാറ്റൂർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ മാനേജിങ് ഡയറക്ടറായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭവനത്തിൽ ഒരുദിവസം ഗണപതി ഹോമവും ഭഗവതിസേവയും നടത്തി. സന്ധ്യക്ക് ഭഗവതി സേവ ആരംഭിച്ചപ്പോൾ അപ്രതീക്ഷിതമായി വയലാറും അദ്ദേഹത്തിന്റെ അമ്മയും വീട്ടിൽ വന്നു. ഇനി മലയാറ്റൂർ പറയട്ടെ:
‘‘വന്നുകയറിയ ഉടൻതന്നെ വയലാർ എന്നോട് അടക്കംപറഞ്ഞു: ‘‘വിസ്കി വേണം.’’ ഞാൻ വിഷമത്തിലായി. പൂജ തീരും മുമ്പേ വയലാറിനെ ‘സത്കരിക്കു’ന്നത് കുഴപ്പം ക്ഷണിച്ചുവരുത്തുന്ന പ്രവൃത്തിയാകുമെന്ന് എനിക്കറിയാമായിരുന്നു. വാധ്യാർ സ്വാമി മന്ത്രങ്ങൾ ചൊല്ലും സമയം. എന്റെ അമ്മയും ഭാര്യയും ഭാര്യയുടെ അമ്മയും പൂജയിൽ സംബന്ധിക്കാനായി നാട്ടിൽനിന്നും വന്ന എന്റെ സഹോദരിമാരും തൊഴുതു പിടിച്ചു നിൽക്കുകയാണ്. വയലാറിന്റെ അമ്മയും ആ ഗ്രൂപ്പിൽ ചേർന്നു. ഒരു മണിക്കൂറിനുള്ളിൽ ദീപാരാധനക്കുള്ള സമയമാവും. അതുവരെ വയലാറിനെ നിയന്ത്രിക്കാതെ വയ്യ. ഞാൻ പറഞ്ഞു. ‘‘കുട്ടാ, ഈ പൂജയൊന്നു തീർന്നോട്ടെ.’’
‘‘പൂജ നടന്നോട്ടെ, തീർന്നോട്ടെ. അതിനിടക്ക് എന്റെ വിസ്കി പൂജയും നടന്നോട്ടെ’’ എന്നോ മറ്റോ ആണ് വയലാർ പറഞ്ഞത്.
ഞാൻ വീണ്ടും വീണ്ടും അപേക്ഷിച്ചെങ്കിലും വയലാർ തന്റെ ശാഠ്യത്തിലുറച്ചു നിൽക്കുകയാണുണ്ടായത്. ഒടുവിൽ ഞാൻ കീഴടങ്ങി. ഞാൻ കുട്ടനെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ‘‘അധികം കഴിക്കരുത്’’ എന്ന് ഞാൻ പറഞ്ഞപ്പോൾ കിട്ടിയ മറുപടി: ‘‘എനിക്കു വേണ്ടതു ഞാൻ കഴിക്കും; ആശാൻ കഴിക്കരുത്... പൂജ നടക്കുകയല്ലേ!’’
‘സംതൃപ്ത’നായ വയലാറൊന്നിച്ച് ഞാൻ പൂജ നടക്കുന്ന സ്ഥലത്തേക്കു മടങ്ങി. എല്ലാവരെയും കളിയാക്കാനെന്ന മട്ടിൽ വയലാർ കൈകൂപ്പി നിന്നു. വാധ്യാർ സ്വാമി മന്ത്രോച്ചാരണം തുടരുന്നു. പൂജ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്. പെട്ടെന്ന് വാധ്യാർ സ്വാമിയെ നോക്കിക്കൊണ്ട് വയലാർ അത്യുച്ചത്തിൽ പറഞ്ഞു.
‘‘നിറുത്തെടോ പട്ടരേ! തനിക്ക് ഉച്ചാരണ ശുദ്ധിയില്ല.’’ എല്ലാവരും ഞെട്ടിപ്പോയി.
എന്റെ ഭാര്യ എന്നോടു മന്ത്രിച്ചു: ‘‘നിങ്ങളുടെ കുട്ടൻ കാളിദാസനായിരിക്കാം. പക്ഷേ പൂജ നടത്തുന്ന വാധ്യാരോടിങ്ങനെ പറഞ്ഞത് ശരിയായില്ല. നിങ്ങളും കുട്ടനും ഇവിടെ നിൽക്കേണ്ട.’’
തുടർന്ന് നടന്നത്...
‘‘...പരമഭക്തനായ ഒരു നല്ല കുട്ടിയെപ്പോലെ വയലാർ നിശ്ശബ്ദനായി കൈകൂപ്പി നിന്നു. പൂജ മംഗളമായി കലാശിക്കുകയും ചെയ്തു. ദീപാരാധനക്കുശേഷം എന്താണ് നടന്നതെന്ന് ശുദ്ധനായ വയലാറിനെ അടുത്തറിഞ്ഞിട്ടുള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. വാധ്യാർ സ്വാമിയോടു പലവട്ടം മാപ്പുപറഞ്ഞു. ‘സൗന്ദര്യലഹരി’യിലെ ചില ഭാഗങ്ങൾ വാധ്യാർ സ്വാമിയെക്കൊണ്ടു ചൊല്ലിച്ചു: ‘‘ഉച്ചാരണശുദ്ധി കെങ്കേമം!’’ എന്ന സർട്ടിഫിക്കറ്റും നൽകി. വാധ്യാർ സ്വാമി സംപ്രീതനായി.’’ (എന്റെ സർവിസ് സ്റ്റോറി -മലയാറ്റൂർ രാമകൃഷ്ണൻ പേജ് -323, 324).
മലയാറ്റൂരിന്റെ ഭാര്യയോടുള്ള പിണക്കംമൂലം പിന്നീട് ദീർഘകാലം മലയാറ്റൂരിന്റെ വീട്ടിൽ ചെല്ലാൻ കൂട്ടാക്കാതിരുന്ന വയലാർ ഒടുവിൽ ആ പിണക്കം തീർത്ത കഥയൊക്കെ തുടർന്നു പറയുന്നുണ്ട്.
ആരെങ്കിലും പറഞ്ഞുകേട്ട കഥകളോ അതല്ലെങ്കിൽ ഒന്നോ രണ്ടോ വരികളിൽ ആരെങ്കിലും എഴുതിവെച്ച സംഭവങ്ങളോ ഒക്കെ അൽപം പൊടിപ്പും തൊങ്ങലും ചേർത്ത് നാടകീയമായി അവതരിപ്പിക്കുന്നത് ജീവചരിത്രത്തിൽ സാധാരണ കാണാറുള്ളതാണ്. പക്ഷേ ഇതിപ്പോൾ ഇത്ര കൃത്യമായി, അൽപം നാടകീയതയോടെ മലയാറ്റൂർ തന്നെ എഴുതി
െവച്ച ഒരു സംഭവം ഒരാവശ്യവുമില്ലാത്ത മാറ്റങ്ങൾ വരുത്തി ഇങ്ങനെ അവതരിപ്പിക്കേണ്ട ആവശ്യമെന്തായിരുന്നു? മലയാറ്റൂരിന്റെ ആലുവയിലുള്ള ഔദ്യോഗിക വസതിയെ മലയാറ്റൂരിലുള്ള തറവാടു വീടായും വിസ്കിയെ റമ്മായും വാധ്യാർക്ക് മന്ത്രങ്ങളുടെ അർഥം പഠിപ്പിച്ചു കൊടുക്കുന്നതായും മറ്റും മാറ്റി അവതരിപ്പിച്ചതുകൊണ്ട് എന്തു പ്രയോജനമുണ്ടായോ ആവോ?
31, 32 അധ്യായങ്ങളിൽ മലയാറ്റൂരിന്റെ രണ്ടു കഥകൾ ചലച്ചിത്രമാക്കുന്നതിനെ കുറിച്ചു പറയുന്നുണ്ട്. ‘ലോഡ്ജ്’ എന്ന കഥ ‘ചെമ്പരത്തി’ എന്ന പേരിലും ‘എണ്ണച്ചായം’ എന്ന കഥ ‘ചായം’ എന്ന പേരിലും സിനിമയാക്കിയതിനെ കുറിച്ചാണ്. ഈ ചിത്രങ്ങളെ കുറിച്ച് മലയാറ്റൂർ എഴുതിയ ഒരു കുറിപ്പിൽപോലും മൂലകഥകളെക്കുറിച്ച് പറയുന്നില്ല. ‘ലോഡ്ജ്’ എന്ന കഥ മലയാറ്റൂരിന്റെ കഥാസമാഹാരങ്ങളിലൊന്നിലും കണ്ടെത്താൻ പറ്റിയിട്ടില്ല. എന്നാൽ ‘എണ്ണച്ചായം’ എന്നൊരു കഥയുണ്ട്. അതും സിനിമയുടെ കഥയും തമ്മിൽ ഒരു ബന്ധവുമില്ല. ‘ചായം’ എന്ന സിനിമക്കുവേണ്ടി താനെഴുതിയ തിരക്കഥ മുഴുവനും മാറ്റിക്കൊണ്ട് അമ്മയെ -യഥാർഥത്തിൽ അവർ ആരാണെന്നു തിരിച്ചറിയാതെ- മകൻ ലൈംഗികമായ ഉദ്ദേശ്യത്തോടുകൂടി സമീപിക്കുന്ന ക്ലൈമാക്സ് രംഗം പി.എൻ. മേനോൻ എഴുതിച്ചേർത്തതിൽ മലയാറ്റൂർ പ്രതിഷേധിച്ചെഴുതിയത് വായിച്ചിട്ടുണ്ട്.
പേജ് 295ൽ പി.എൻ. മേനോൻ പി.എൻ. വിജയനായി മാറിയ മാജിക് പുസ്തകത്തിന് പതിപ്പുകൾ പലതും വന്നിട്ടും പ്രസാധകരുടെ പോലും ശ്രദ്ധയിൽപെടാതെ പോയത് ആരുടെ കുറ്റം?
അധ്യായം 36ൽ (പേജ് 321) ഇങ്ങനെ കാണുന്നു: ‘‘മദ്രാസിൽനിന്ന് വയലാർ വൈക്കം ചന്ദ്രശേഖരൻ നായരെ വിളിച്ചു. വൈക്കം അന്ന് കൊല്ലം ‘കുങ്കുമം’ ഓഫിസിലാണുണ്ടായിരുന്നത്.
നാളെ ഞാൻ വരുന്നുണ്ട്. അമ്മക്ക് കൂടുതലാണ്. നാളെ ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ വെച്ച് അവരുടെ9 ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചിട്ടുണ്ട്. ചെല്ലാമെന്നേറ്റിട്ടുണ്ട്. ഇന്ന് തിരിക്കാനാണ് വിചാരിച്ചത്. പറ്റുന്നില്ല. രണ്ടു മൂന്നു ദിവസമായി എന്തോ അസ്വസ്ഥത തോന്നുന്നു. നാളെ വരികയാണെങ്കിൽ ഞാൻ നേരെ കൊല്ലത്തിനു വരും.
ഫോൺ വെച്ചു. എന്തിനാണ് വരുന്നതെന്ന് പറഞ്ഞില്ല. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് ആഴ്ചകളായി പലപല ഡോക്ടർമാരുടെ ചികിത്സകളിലായിരുന്നു. എന്നിട്ടൊന്നും കുറവില്ല.
ഒക്ടോബർ 21ന് രാവിലെ വയലാർ കൊല്ലത്ത് കുങ്കുമം ഓഫിസിലെത്തി. എന്നിട്ട് പറഞ്ഞു. അമ്മയെ ചികിത്സിക്കാനുള്ള പണം കുറച്ചുകൂടി അത്യാവശ്യമായി വേണം. വൈക്കം പെട്ടെന്നുതന്നെ ഓഫിസിൽനിന്ന് വയലാർ ആവശ്യപ്പെട്ട പണം കൊടുത്തു.’’
1965ൽ കൊല്ലത്ത് വൈക്കം ചന്ദ്രശേഖരൻ നായർ ചീഫ് എഡിറ്ററായി ആരംഭിച്ച ‘കുങ്കുമം’ വാരികയുടെ –സഹോദര പ്രസിദ്ധീകരണമായ ‘കേരളശബ്ദ’ത്തിന്റെയും– ആസ്ഥാനം 1969ൽ തിരുവനന്തപുരത്തെ പെരുന്താന്നിയിലേക്ക് മാറി. 1977ലാണ് കൊല്ലത്തേക്ക് തിരിച്ചു പോകുന്നത്. വൈക്കം ചന്ദ്രശേഖരൻ നായർ അതിനെത്രയോ മുമ്പുതന്നെ ‘കുങ്കുമം’ വിട്ടിരുന്നു. 1972ൽ ‘കുങ്കുമ’ത്തിന്റെ പത്രാധിപസ്ഥാനം ഒഴിഞ്ഞ വൈക്കം 1973ൽ തിരുവനന്തപുരം ആസ്ഥാനമാക്കി ‘ചിത്രകാർത്തിക’ എന്ന വാരിക തുടങ്ങി. ‘ചിത്രകാർത്തിക’യുടെ ഓഫിസ് പിന്നീട് കൊച്ചിയിലേക്ക് മാറി. 1975ൽ വയലാർ മരിക്കുമ്പോൾ വൈക്കം ‘ചിത്രകാർത്തിക’യുടെ പത്രാധിപരായി ഫോർട്ട് കൊച്ചിയിലായിരുന്നു.
ഇത്രയും വാസ്തവവിരുദ്ധമായ കാര്യങ്ങളൊക്കെ ജീവചരിത്രകാരന് എവിടെനിന്നാണാവോ ലഭിച്ചത്?
അധ്യായം 17ൽ (പേജ് -138) ചന്ദ്രമതിയുമായുള്ള വിവാഹബന്ധത്തിൽ കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ വയലാർ അനുഭവിച്ച ദുഃഖത്തെ കുറിച്ചു പറയുന്നുണ്ട്. കാലം 1950കളുടെ ഒടുവിൽ. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷങ്ങൾ പിന്നിട്ട സമയം.
‘രക്തം കലർന്ന മണ്ണ്’ എന്ന കഥാസമാഹാരം പുറത്തുവന്നു. മദ്രാസിലേക്ക് താമസം മാറ്റി. ‘അന്വേഷണം’ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപച്ചുമതല ഏറ്റെടുത്തു.’’
ആ ദിവസങ്ങളിലൊരിക്കൽ കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണൻ മദ്രാസിലെ ഹോട്ടൽമുറിയിൽ വയലാറിനോടൊപ്പം താമസിക്കാൻ വന്നതും ബാലകൃഷ്ണന്റെ മകൻ റോമിയോക്ക് അസുഖം കൂടുതലാണെന്ന് നാട്ടിൽനിന്ന് ഫോൺ വന്നപ്പോൾ രണ്ടുപേർ അസ്വസ്ഥതയോടെ ഉറങ്ങാതെ നേരം വെളുപ്പിച്ചതും മറ്റും.
വയലാർ മദ്രാസിലേക്ക് താമസം മാറ്റുന്നതും ‘അന്വേഷണ’ത്തിന്റെ പത്രാധിപച്ചുമതല ഏറ്റെടുക്കുന്നതും സിനിമയിലെ പാട്ടെഴുത്തിൽ തിരക്കേറിയ 1960കളിലാണ്. അപ്പോഴേക്കും ഭാരതിയുമായുള്ള വിവാഹം കഴിഞ്ഞ് കുട്ടികൾ ജനിച്ചിരുന്നു.
അധ്യായം 27ൽ (പേജ് 238) വയലാറിന്റെ പ്രശസ്ത രചനകളിലൊന്നായ ‘കിഴവനാം ഈശ്വരൻ’ പരാമർശനവിഷയമാകുന്നു. ‘അന്വേഷണം’ വാരികയിൽ വയലാർ എഴുതിയ ‘കിഴവനാം ഈശ്വരൻ’ എന്ന കവിതക്ക് എസ്.കെ. നായർ ഒരു രണ്ടാം ഭാഗം എഴുതി ‘അന്വേഷണ’ത്തിൽതന്നെ പ്രസിദ്ധീകരിച്ചതിനെക്കുറിച്ചാണ്. ആ കവിതയിലൂടെ താൻ എന്താണോ ഉദ്ദേശിച്ചത് അതിന്റെ നേർവിപരീതാർഥത്തിലാണ് എസ്.കെ. നായർ മനസ്സിലാക്കിയിട്ടുള്ളത് എന്നുള്ളതിൽ വയലാർ ദുഃഖിക്കുന്നു. താൻ എവിടെ വെച്ചാണ് ആ കവിത എഴുതിയത് എന്നോർത്തെടുക്കാൻ ശ്രമിക്കുന്നു. കൊല്ലത്ത് മന്തവള്ളിയിലുള്ള തന്റെ വീട്ടിൽവെച്ചാണ് ആ കവിത എഴുതിയത് എന്നവകാശപ്പെട്ട എസ്.കെ. നായർ അതിന്റെ ഒന്നാം ഭാഗം മാത്രമാണ് ‘അന്വേഷണ’ത്തിൽ പ്രസിദ്ധീകരിച്ചു വന്നതെന്നും തന്റെ വീട്ടിലെ കടലാസു കെട്ടുകൾക്കിടയിൽനിന്ന് കണ്ടെത്തിയവയെ ക്രമപ്പെടുത്തി ഇതോടൊപ്പം അയക്കുകയാണെന്നും കാണിച്ചാണ് രണ്ടാം ഭാഗം ‘അന്വേഷണ’ത്തിന് കൊടുത്തത്.
എസ്.കെ. നായരുടെ കൊല്ലത്ത് മന്തവള്ളിയിലുള്ള വീട്ടിൽ വെച്ചാണോ അതോ അജന്താ ഹോട്ടലിലെ മുറിയിൽ വെച്ചാണോ എവിടെവെച്ചാണ് കവിത എഴുതിയത് എന്നറിയാൻ വയലാർ ദേവരാജനോടും എസ്.എൽ. പുരത്തിനോടും ചോദിക്കുന്നു. അവരുടെ ഉത്തരം കൃത്യം അത് അശോകാ ഹോട്ടലിൽവെച്ചുതന്നെ (അജന്താ ഹോട്ടൽ പെട്ടെന്ന് അശോകാ ഹോട്ടലായത് ശ്രദ്ധിക്കുക). എസ്.കെ. നായർ മദ്രാസ് സർവകലാശാലയിലെ മലയാള വിഭാഗം തലവൻകൂടിയാണല്ലോ. അദ്ദേഹത്തിന് തെറ്റുപറ്റാൻ ഇടയില്ല എന്ന് വയലാർ കരുതുന്നു.
എന്നാൽ, ഇവിടെ തെറ്റുപറ്റിയതാർക്കാണ്? ഒന്നാമത്തെ കാര്യം ‘കിഴവനാം ഈശ്വരൻ’ എന്ന കവിത എഴുതിയത് ‘അന്വേഷണം’ മാസികക്ക് വേണ്ടിയല്ല എന്നതാണ്. 1966ലെ കൗമുദി ഓണം വിശേഷാൽ പ്രതിയിൽ അച്ചടിച്ചുവന്ന കവിതയാണ് ‘കിഴവനാം ഈശ്വരൻ’. രണ്ടാമത്തെ കാര്യം. ഇവിടെ പരാമർശിക്കപ്പെടുന്ന എസ്.കെ. നായർ പൊതുസമൂഹത്തിലും സാഹിത്യ സാംസ്കാരിക രംഗങ്ങളിലുമെല്ലാം അറിയപ്പെടുന്നത് വെറും എസ്.കെ. നായർ എന്നല്ല, ഡോ. എസ്.കെ. നായർ എന്നാണ്. ആലുവ സ്വദേശിയായ അദ്ദേഹം 1950കളിൽ മദ്രാസ് സർവകലാശാലയിൽ പ്രവർത്തിക്കാൻ തുടങ്ങിയ കാലംതൊട്ട് മദ്രാസിൽതന്നെ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്റെ സഹധർമിണി മദ്രാസിൽ ദക്ഷിണേന്ത്യൻ സെൻസർ ബോർഡ് അംഗമെന്ന നിലയിലും മറ്റും പ്രശസ്തയായ ആയുർവേദ ഡോക്ടറായ മീനാക്ഷിയമ്മയാണ്. ഡോ. എസ്.കെ. നായർക്ക് കൊല്ലം എന്ന സ്ഥലവുമായി ഒരു ബന്ധവുമില്ല. എന്നാൽ, വേറെ ഒരു എസ്.കെ. നായർക്കുണ്ട്. ‘മലയാളനാട്’ വാരിക നടത്തിയിരുന്ന, ‘ചെമ്പരത്തി’, ‘ചായം’, ‘മഴക്കാറ്’ തുടങ്ങിയ പടങ്ങൾ നിർമിച്ച കശുവണ്ടി വ്യവസായി, ഡോക്ടറല്ലാത്ത വെറും എസ്.കെ. നായർ. വയലാറിന്റെ ആത്മസുഹൃത്ത്.
ഈ മന്ദവെളി (മന്തവള്ളിയല്ല) എന്നു പറയുന്നത് മദ്രാസിൽ ഡോ. എസ്.കെ. നായർ ദീർഘകാലം താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരാണ്. മന്ദവെളി അഥവാ മന്ദവെളി പാക്കം മൈലാപ്പൂരിനും സാന്തോമിനുമിടക്കുള്ള പ്രദേശമാണ്. താമസസ്ഥലത്തിന്റെ കാര്യം വന്നപ്പോൾ കൊല്ലത്തുകാരനായ എസ്.കെ. നായരെയും മദ്രാസിൽ താമസക്കാരനായ ഡോ. എസ്.കെ. നായരെയും തമ്മിൽ ജീവചരിത്രകാരന് ആകെ കൺഫ്യൂഷൻ ആയിപ്പോയി!
അധ്യായം 33, പേജ് -303 -യേശുദാസിനെ ഗുരുവായൂരമ്പലത്തിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ താൻ അമ്പലനടയിൽ സത്യഗ്രഹമിരിക്കും എന്ന വയലാറിന്റെ പ്രശസ്തമായ പ്രസംഗത്തെ പരാമർശിക്കുന്നു. ‘‘കെ.പി.എ.സിയുടെ നാടകാവതരണത്തിനിടെ നടന്ന സംഗീതക്കച്ചേരിക്കിടെയാണ് അക്കാലത്ത് പത്രമാധ്യമങ്ങളിൽ വാർത്താപ്രാധാന്യത്തോടെ വന്നിരുന്ന യേശുദാസിന്റെ ഗുരുവായൂർ പ്രവേശത്തെക്കുറിച്ച് കെ.പി.എ.സിയുടെ സ്വാഗതസംഘം ചെയർമാൻ എന്ന നിലയിൽ വയലാർ സംസാരിച്ചു തുടങ്ങിയത്.’’
ചരിത്രമെഴുതുന്ന ഒരാൾക്ക് ഒരു സംഭവം വിവരിക്കുമ്പോൾ അത് ഏത് സന്ദർഭത്തിലാണ് നടന്നത് എന്ന് പറയാനുള്ള ഉത്തരവാദിത്തമുണ്ട്. 1975 മാർച്ചിൽ കായംകുളത്ത് കെ.പി.എ.സി എന്ന കേരള പീപ്ൾസ് ആർട്സ് ക്ലബിന്റെ രജതജൂബിലി ആഘോഷങ്ങൾ നടന്നപ്പോഴാണ് അവിടെ സംഗീതക്കച്ചേരി അവതരിപ്പിക്കാനെത്തിയ പ്രശസ്ത ഗായകൻ യേശുദാസിന്റെ സാന്നിധ്യത്തിൽ വയലാർ അങ്ങനെ പ്രസംഗിച്ചത്. കെ.പി.എ.സിയുടെ രജതജൂബിലിയാഘോഷത്തിന്റെ സ്വാഗതസംഘ അധ്യക്ഷനായിരുന്നു വയലാർ. അല്ലാതെ കെ.പി.എ.സിയുടെ സ്വാഗതസംഘം ചെയർമാനല്ല. ജീവചരിത്രകാരന് അതുപോലും അറിയില്ല എന്നാണോ മനസ്സിലാക്കേണ്ടത്?
വയലാറിന്റെ ജീവിതത്തിൽ ഒരു പ്രാധാന്യവുമില്ലാത്ത ജോൺ എബ്രഹാമിന് വേണ്ടി പേജുകൾ നീക്കിവെക്കാൻ ശ്രദ്ധ കാണിച്ച ജീവചരിത്രകാരൻ അറിഞ്ഞോ അറിയാതെയോ വിട്ടുകളഞ്ഞ ഒരു കാര്യമുണ്ട്. കെ.പി.എ.സിയുമായുള്ള വയലാറിന്റെ ആത്മബന്ധം. 1962ൽ കെ.പി.എ.സിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ‘അശ്വമേധ’ത്തിന്റെ ഗാനരചയിതാവുമായി തുടങ്ങിയ ബന്ധം 1975ൽ മരിക്കുന്നതിന് തൊട്ടുമുമ്പ് പാട്ടെഴുതിയ ‘‘മന്വന്തരം’’ വരെ നീണ്ടുനിന്നു. ആകെ 14 നാടകങ്ങൾ. മരണശേഷമുള്ള ചില നാടകങ്ങൾക്കുവേണ്ടിയും കെ.പി.എ.സി വയലാറിന്റെ പാട്ടുകൾ ഉപയോഗപ്പെടുത്തി. എന്നാൽ, ഈ സമഗ്ര ജീവചരിത്രത്തിൽ അക്കാര്യമേ പറയുന്നില്ല.
അധ്യായം 35. (പേജ് 315, 316, 317)ൽ 1975 ഒക്ടോബർ മാസം അതായത് വയലാർ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പുള്ള കഥ പറയുന്നു.
ഭരതൻ ആദ്യമായി സംവിധാനംചെയ്ത ‘പ്രയാണം’ എന്ന സിനിമക്കുവേണ്ടി പാട്ടെഴുതാൻ വേണ്ടി എം.ബി. ശ്രീനിവാസനുമൊത്ത് അദ്ദേഹത്തിന്റെ വീട്ടിൽ കൂടിയതിന്റെ കഥയാണ് പറയുന്നത്. സംസാരിക്കുന്നതിനിടയിൽ രണ്ടുപേരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. നന്നായി മദ്യപിച്ചിരുന്ന വയലാർ ക്രുദ്ധനായി മുറിവിട്ടിറങ്ങി പുറത്തേക്ക് പോകുന്നു. എം.ബി.എസും ഭരതനുംകൂടി അനുനയിപ്പിക്കാൻ പിറകെ ചെല്ലുന്നെങ്കിലും വയലാർ കേൾക്കുന്നില്ല. ‘‘എനിക്കു നാളെ ചങ്ങനാശ്ശേരിയിൽ ഒരു പ്രോഗ്രാമുണ്ട്.
ഇവിടെനിന്ന് തനിക്കുവേണ്ടി കളയാൻ സമയമില്ല. ഫ്ലൈറ്റിന് ബുക്ക് ചെയ്തിട്ടുണ്ട്’’ എന്നു പറഞ്ഞുകൊണ്ട് കാറിൽ കയറാൻ ഭാവിക്കുന്ന വയലാറിനെ എം.ബി.എസ് തടയുന്നു. ആകെ രംഗം പിടിവലിയും ഉന്തുംതള്ളും ആയിക്കൊണ്ടിരുന്നപ്പോൾ എം.ബി.എസിന്റെ ഭാര്യ സഹീദ ഇടപെട്ട് സ്നേഹത്തിൽ കുതിർന്ന വാക്കുകളോടെ ക്ഷമാപണം നടത്തുന്നു. വയലാർ ശാന്തനാകുന്നു. വയലാർ ആവശ്യപ്പെട്ടതനുസരിച്ച് സഹീദ ഓടിപ്പോയി ഒരു നോട്ട്ബുക്കും പേനയും എടുത്തുകൊണ്ടു കൊടുക്കുന്നു. കാറിന്റെ ബോണറ്റിലേക്ക് ആ നോട്ടുബുക്ക് എടുത്തുവെച്ച് വയലാർ എഴുതാൻ തുടങ്ങുന്നു.
‘‘മൗനങ്ങൾ പാടുകയായിരുന്നു/ കോടി ജന്മങ്ങളായി നമ്മൾ/പരസ്പരം തേടുകയായിരുന്നു/ വെൺചന്ദനത്തിൻ സുഗന്ധം നിറയുന്ന/ നിന്നെ അന്തരംഗത്തിൻ മടിയിൽ/ എന്റെ മോഹങ്ങൾക്ക് വിശ്രമിക്കാൻ/ ഇന്നൊരേകാന്തപഞ്ജരം/ കണ്ടൂ ഞാൻ.’’
പാട്ടിന്റെ പല്ലവി, ആദ്യചരണം എന്നിവ ഒറ്റമാത്രയിൽതന്നെ എഴുതിത്തീർത്ത് എം.ബി.എസിനെ ബുക്കും പേനയും ഏൽപിച്ചശേഷം പറയുന്നു:
‘‘ഒരു ചരണംകൂടി എഴുതാനുണ്ട്. സമയമില്ല. നാട്ടിലെത്തിയാൽ ഉടനെ ഫോണിൽ വിളിച്ചുപറയാം. തൽക്കാലം ഇതു ചിട്ടപ്പെടുത്തി വെക്കൂ.’’
അങ്ങനെ യാത്ര പറഞ്ഞുപോയ വയലാർ പിന്നെ മടങ്ങിവന്നില്ല. ആ ഗാനം പൂർത്തിയായതുമില്ല എന്നാണ് കഥ.
വാസ്തവം എന്താണ്?
പത്മരാജൻ ആദ്യമായി തിരക്കഥ എഴുതി മോഹൻ, ലക്ഷ്മി, കൊട്ടാരക്കര എന്നിവർ അഭിനയിച്ച് ഭരതൻ ആദ്യമായി സംവിധാനം നിർവഹിച്ച ‘പ്രയാണം’ ഈ സംഭവം നടന്നുവെന്ന് പുസ്തകത്തിൽ പറയുന്ന 1975 ഒക്ടോബർ മാസത്തിന് നാലു മാസങ്ങൾക്കു മുമ്പ് -അതായത് 1975ലെ ജൂൺ മാസം ഇരുപതാം തീയതി തന്നെ തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന -വയലാർ എഴുതി മുഴുമിപ്പിക്കാത്ത ആ പാട്ടോടു കൂടിത്തന്നെ. പാട്ടു പൂർത്തിയാക്കാത്തതിന്റെ യഥാർഥ കാരണം മറ്റെന്തോ ആയിരിക്കണം. പടമിറങ്ങി അടുത്ത നാലു മാസങ്ങൾ വയലാർ ആരോഗ്യത്തോടുകൂടിത്തന്നെ ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നതാണ് സത്യം.
അധ്യായം 12ൽ (പേജ് 101-103)
എഴുതുന്നു: 1947-48 മുതൽ നിരന്തരം പ്രസിദ്ധീകരണങ്ങളിൽ എഴുതിവന്ന വയലാർ സി.കെ. കുമാരപ്പണിക്കരുടെ പ്രേരണയോടെ പുരോഗമന സാഹിത്യവേദിയുടെ സ്ഥിരം പ്രസംഗകനായി മാറി. അക്കാലത്ത് പാർട്ടി യോഗങ്ങൾക്കും പൊതുസമ്മേളനങ്ങൾക്കും വയലാർ രാമവർമ എന്ന പേര് നിത്യസാന്നിധ്യമായി മാറി. 1950കളുടെ തുടക്കത്തിലായിരിക്കണം. ഒരു ദിവസം രാഘവപ്പറമ്പ് കോവിലകം വളഞ്ഞ പൊലീസ് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി ഇടനാഴിയിൽ, പത്തായപ്പുരയിൽ, നടുമുറ്റത്ത്, അടുക്കളയിൽ, അകമുറികളിൽ അങ്ങനെ എല്ലായിടത്തും പരിശോധിക്കുന്നു.
രാമവർമയുടെ കോവിലകത്ത് കമ്യൂണിസ്റ്റ് നേതാവായ എ.കെ.ജി
ഒളിവിലിരിക്കുന്നു എന്ന സന്ദേശം അവർക്കു ലഭിച്ചതാണ് കാരണം. റെയ്ഡിനുശേഷം പൊലീസിനു കിട്ടിയ സന്ദേശം തെറ്റായിരുന്നു എന്നറിഞ്ഞു. പക്ഷേ വിവരം കാട്ടുതീപോലെ നാട് മുഴുവൻ പടർന്നു. കമ്യൂണിസ്റ്റുകാർക്കും സാധാരണക്കാർക്കും ഇടയിൽ വയലാർ രാമവർമയെ ആരാധ്യപുരുഷനാക്കി മാറ്റി. കമ്യൂണിസ്റ്റ് കലാ സമിതികൾക്കിടയിൽ കൂടുതൽ സ്വീകാര്യനാക്കി.
ഇനി വസ്തുത: 1947 മുതൽ തടങ്കൽശിക്ഷയനുഭവിച്ചു വന്ന എ.കെ.ജി കോടതിയിൽ സ്വയം കേസ് വാദിച്ചു ജയിച്ച് ജയിൽമോചിതനായി പുറത്തുവരുന്നത് 1951 മാർച്ച് മാസത്തിലാണ്. തുടർന്ന് തിരു-കൊച്ചിയിലും മലബാറിലും മദ്രാസിലും മൈസൂരിലും ബോംബെയിലും ബംഗാളിലുമൊക്കെ സ്വീകരണങ്ങളേറ്റു വാങ്ങി ജൈത്രയാത്ര നടത്തുകയായിരുന്നു അദ്ദേഹം. രാഘവപ്പറമ്പിൽ റെയ്ഡ് നടന്നു എന്നെഴുതിയിരുന്നത് വാസ്തവമായിരിക്കണം. കൊൽക്കത്ത തീസിസിന്റെ കാലത്ത് പാർട്ടി നിരോധിക്കപ്പെട്ടിരുന്നപ്പോൾ പലയിടങ്ങളിലും അങ്ങനെയൊക്കെ നടന്നിട്ടുണ്ട്. എന്നാൽ, അന്നു ജയിലിൽ കിടക്കുകയായിരുന്ന എ.കെ.ജിയെ അറസ്റ്റു ചെയ്യാനായി പൊലീസ് കോവിലകം റെയ്ഡ് ചെയ്തു എന്ന് ജീവചരിത്രകാരൻ പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ ജീവചരിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതാണ്. ഒരിടത്തും വർഷമോ തീയതിയോ കൃത്യമായി പറയില്ല. പറയുന്നിടത്തൊക്കെ അതു വസ്തുതാപരമായി തെറ്റുമായിരിക്കും.
അധ്യായം 14 (പേജ് 109 -115)ൽ വയലാർ ‘ജനാധിപത്യം’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചതിന്റെയും ഏഴ് ലക്കങ്ങൾ ഇറങ്ങിയതിനുശേഷം അതു നിരോധിക്കപ്പെട്ടതിന്റെയും പശ്ചാത്തലം പറയുകയാണ്.
‘‘കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചിരുന്ന കാലമായിരുന്നു അത്. കമ്യൂണിസ്റ്റ് അനുഭാവമുള്ള വിവിധ കലാസമിതികളുടെയും നാടകസമിതികളുടെയും പ്രവർത്തനം നിലച്ചു. കമ്യൂണിസ്റ്റുകാരൻ എന്ന് ഒരാൾ അറിയപ്പെട്ടാൽ നോട്ടപ്പുള്ളിയായി മാറുന്ന കാലം. സമിതികൾ നിലച്ചതോടെ നാടകത്തിനുവേണ്ടി ആളുകൾ സമീപിക്കാതെ വന്നു. നാടകഗാനങ്ങൾക്കുവേണ്ടി കവിയെ വിളിക്കാതായി. കമ്യൂണിസ്റ്റ് അനുഭാവമുള്ള പ്രസിദ്ധീകരണങ്ങൾ സർക്കാർ പിടിച്ചെടുക്കുകയും കണ്ടുകെട്ടുകയുംചെയ്തപ്പോൾ കവിതകൾ ആർക്കും വേണ്ടാതായി. ഈയൊരവസ്ഥയെ എങ്ങനെ മറികടക്കണം എന്നറിയാതെ രാമവർമ അത്ഭുതസ്തബ്ധനായി നിന്നു. എന്നാൽ, ഇതൊന്നുമോർത്ത് വെറുതെയിരിക്കാൻ അദ്ദേഹത്തിനായില്ല. എന്തിനും തയാറായി കോവിലകത്തുനിന്നും പുറത്തിറങ്ങി. കുമാരപ്പണിക്കരെ ചെന്നുകണ്ടു. സ്ഥിതിഗതികൾ മനസ്സിലാക്കി അടങ്ങിയിരിക്കാൻ തയാറായില്ല എന്നുപറഞ്ഞു.
ചേർത്തലയിലേക്കു പോയി. അവിടെ ചെന്ന് എൻ.എസ്.പി പണിക്കർ, പി.എ. പരമേശ്വരൻ നായർ, വി.ഡി. ഷേണായി എന്നിവരെ കണ്ടു. അവരോട് ഒരു ആഴ്ചപ്പതിപ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു സംസാരിച്ചു. ചർച്ചകൾ ദിവസങ്ങൾ തുടർന്നു. മീറ്റിങ്ങുകൾ രഹസ്യമായി ചേർന്നു...’’
അങ്ങനെ 1951 ഏപ്രിൽ 16ന് വയലാർ രാമവർമയുടെ പത്രാധിപത്യത്തിൽ ചേർത്തലയിൽനിന്ന് ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കം പ്രസിദ്ധീകരിച്ചു.
‘‘അക്കാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാറും പൊലീസും ബദ്ധശ്രദ്ധരായിരുന്നു. നിരവധി പ്രസിദ്ധീകരണങ്ങൾ കണ്ടുകെട്ടുകയും, പത്രാധിപരെ ജയിലിൽ അടക്കുകയുംചെയ്യുന്ന കാലഘട്ടമായിരുന്നു.’’ ഇതിന്റെ പശ്ചാത്തലത്തിൽ ജനാധിപത്യവും വയലാറും നേരിട്ട പൊലീസ് നടപടികളെ കുറിച്ചാണ് തുടർന്ന് പറയുന്നത്.
സത്യന്റെ മൃതദേഹത്തോടൊപ്പം വയലാറും കുഞ്ചാക്കോയും
ഈ ജീവചരിത്രം വായിക്കുമ്പോൾ അന്നത്തെ രാഷ്ട്രീയാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് ജീവചരിത്രകാരൻ ശരിയായ വിധത്തിൽ പഠിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കമ്യൂണിസ്റ്റ് പാർട്ടി നിർണയക വഴിത്തിരിവിലെത്തിയ ഒരു കാലഘട്ടത്തിലെത്തിച്ചേർന്ന നാളുകളായിരുന്നു അത്. രണദിവെയുടെ കൽക്കത്താ തീസിസിന്റെ രാഷ്ട്രീയം പൂർണമായും ഉപേക്ഷിച്ചു. തുടർന്ന് ജനറൽ സെക്രട്ടറിയായ സി. രാജേശ്വര റാവുവിന്റെ രാജിയും സ്വീകരിച്ചു. അജയ് ഘോഷ് ജനറൽ സെക്രട്ടറിയായി. ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തയാറെടുത്തു. തിരു-കൊച്ചിയിൽ ആകെ തകർന്നടിഞ്ഞ കമ്യൂണിസ്റ്റ് പാർട്ടി ജനകീയ കലാസമിതികളിലൂടെയും ബഹുജന സംഘടനകളിലൂടെയും കൊച്ചുകൊച്ചു പ്രസിദ്ധീകരണങ്ങളിലൂടെയും ജനമധ്യത്തിൽ സജീവമാകാൻ തുടങ്ങി.
മദ്രാസിലെ ജയിലിൽ ദീർഘനാളുകളായി തടങ്കലിലായിരുന്ന എ.കെ.ജി സ്വയം കേസ് വാദിച്ച് ജയിച്ചു പുറത്തുവന്നു. തങ്ങളെ വിട്ടയക്കാനാവശ്യപ്പെട്ടുകൊണ്ട് സി.കെ. കുമാരപ്പണിക്കർ അടക്കമുള്ള തടവുകാർ ജയിലിൽ സമരം തുടങ്ങി. ടി.വി. തോമസ്, ആർ. സുഗതൻ, കെ.ആർ. ഗൗരി തുടങ്ങി പലരെയും വിട്ടയച്ചു. ജയിൽമോചിതരായ നേതാക്കൾക്ക് നാടൊട്ടുക്ക് സ്വീകരണങ്ങൾ നൽകപ്പെട്ടു. കമ്യൂണിസ്റ്റുകാരെ ജനങ്ങൾ ആവേശത്തോടെ സ്വീകരിക്കാൻ തുടങ്ങി. എം.എൻ. ഗോവിന്ദൻ നായരും തോപ്പിൽ ഭാസിയും ഒക്കെ അപ്പോഴും ഒളിവിലായിരുന്നെങ്കിലും കമ്യൂണിസ്റ്റുകാർക്ക് നേരേയുള്ള വേട്ടയാടൽ കുറഞ്ഞിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം പ്രത്യക്ഷമായും പരോക്ഷമായും പറയുന്ന ധാരാളം പ്രസിദ്ധീകരണങ്ങൾ തിരു-കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പുറത്തിറങ്ങാൻ ആരംഭിച്ചു. മുടങ്ങിപ്പോയിരുന്ന ‘ജനയുഗം’ രാഷ്ട്രീയ വാരിക, പത്രാധിപർ എൻ. ഗോപിനാഥൻ നായർ ജയിലിൽനിന്നും പുറത്തുവന്നതോടെ വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. തിരുവനന്തപുരത്തുനിന്ന് പി.കെ. ശിവശങ്കരപ്പിള്ളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ ‘വിശ്വകേരളം’ പരസ്യമായി ത്തന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു. വയലാർ, ഒ.എൻ.വി, പുതുശ്ശേരി രാമചന്ദ്രൻ, തിരുനല്ലൂർ കരുണാകരൻ, എസ്.എൽ പുരം സദാനന്ദൻ, പുനലൂർ ബാലൻ, പൊൻകുന്നം ദാമോദരൻ, കാമ്പിശ്ശേരി കരുണാകരൻ എന്നിവരൊക്കെ അതിൽ സ്ഥിരമായി കവിതകളും കഥകളുമൊക്കെഎഴുതി.
അവർ മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുടെ പ്രസംഗങ്ങളും രചനകളുമൊക്കെ വന്നു. ജയിലിൽ കിടക്കുന്നവരുടെയടക്കം പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ വലിയ പ്രാധാന്യത്തോടെ അതിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഏക കമ്യൂണിസ്റ്റ് എം.എൽ.എയായ ഇ. ഗോപാലകൃഷ്ണ മേനോൻ ഒളിവിൽനിന്നും പുറത്തുവന്ന് കമ്യൂണിസ്റ്റുകാരെ മോചിപ്പിക്കണമെന്ന് നിയമസഭയിൽ പ്രസംഗിക്കുന്നതിന്റെയും എ.കെ.ജിക്കും ടി.വിക്കും ആർ. സുഗതനും മറ്റും സ്വീകരണം നൽകുന്നതിന്റെ റിപ്പോർട്ടുകൾ നിരന്തരം വന്നു. പക്ഷേ ‘വിശ്വകേരള’ത്തിനു നേരെ എന്തെങ്കിലും നടപടി ഉണ്ടായതായി അറിയില്ല. എന്നു മാത്രമല്ല, അത്തരം വാർത്തകൾ വർധിതവീര്യത്തോടെ പ്രത്യക്ഷപ്പെടുകയുംചെയ്തു.
‘വിശ്വകേരളം’ മാത്രമല്ല, ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പത്രങ്ങളുടെയും മാസികകളുടെയും ഒരു ഘോഷയാത്രതന്നെ ആ നാളുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായി. പന്തളം പി.ആർ പത്രാധിപരായ നവലോകം ദിനപത്രം എറണാകുളത്ത് സമാധാന പ്രസ്ഥാനത്തിന്റെ നേതാവായ സൈഫുദ്ദീൻ കിച്ച്ലു പ്രകാശനംചെയ്തു. വൈക്കം ചന്ദ്രശേഖരൻ നായരുടെ പത്രാധിപത്യത്തിൽ കേരളം, ‘കലാസേന’ (പത്രാധിപർ എസ്.എൽ പുരം സദാനന്ദൻ)), ‘ഇടതുപക്ഷം’ (മലയാറ്റൂർ രാമകൃഷ്ണൻ, പുനലൂർ രാജഗോപാലൻ നായർ, ടി.എ. നാരായണൻ എന്നിവരടങ്ങിയ പത്രാധിപ സമിതി), ‘കിരണം’ (സി. അച്യുതക്കുറുപ്പ്, വി.ടി. ഇന്ദുചൂഡൻ, ഡി.എം. പൊറ്റെക്കാട്, പി. രാമൻ മേനോൻ, പി.കെ. ഗോപാലകൃഷ്ണൻ എന്നിവരടങ്ങിയ പത്രാധിപ സമിതി), ‘നാവികൻ’ (എഡിറ്റർ തെങ്ങമം ബാലകൃഷ്ണൻ), ‘സുഹൃത്ത്’, ‘പ്രകാശം’, ‘കാഹളം’, ‘റേഡിയോ’, ‘ഐക്യമുന്നണി’ തുടങ്ങിയവയൊക്കെ ആ നാളുകളിൽ പുറത്തിറങ്ങിയതാണ്. വയലാർ, ഒ.എൻ.വി, ഡി.എം. പൊറ്റെക്കാട്, പൊൻകുന്നം ദാമോദരൻ, തിരുനല്ലൂർ കരുണാകരൻ, പുനലൂർ ബാലൻ, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരൊക്കെയായിരുന്നു അതിലെല്ലാമുള്ള സ്ഥിരം എഴുത്തുകാർ. ഇതിന്റെയൊക്കെ ഭാഗമായിട്ടാണ് വയലാർ പത്രാധിപരായ ‘ജനാധിപത്യ’വും പുറത്തിറങ്ങിയത്.
‘ജനാധിപത്യം’ മാത്രമല്ല മേൽ സൂചിപ്പിച്ച പ്രസിദ്ധീകരണങ്ങളെല്ലാം തന്നെയും അൽപ്പായുസ്സുകളായിരുന്നു. അതിനു കാരണം പൊലീസിന്റെ വേട്ടയാടലും സർക്കാറിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുമാണെന്ന് പറയാൻ സാധിക്കില്ല. വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു, കമ്യൂണിസ്റ്റ് പാർട്ടി ആർ.എസ്.പി, കെ.എസ്.പി എന്നീ പാർട്ടികളുമായി ചേർന്ന് ഐക്യമുന്നണിയുടെ ബാനറിൽ തെരഞ്ഞെടുപ്പിനെ നേരിട്ടു. കമ്യൂണിസ്റ്റ് നേതാക്കൾ ഒളിവിലിരുന്നുകൊണ്ട് സ്വതന്ത്രരായി മത്സരിച്ച് 28 സീറ്റുകൾ നേടി. വൈകാതെ പാർട്ടിയുടെ നിരോധനം നീങ്ങി. ‘ജനയുഗ’ത്തിനും ‘നവലോക’ ത്തിനും പുറമെ ‘ദേശാഭിമാനി’, ‘നവജീവൻ’ തുടങ്ങിയ പാർട്ടി പ്രസിദ്ധീകരണങ്ങളൊക്കെ ആരംഭിക്കുന്നതും അതിവേഗം പ്രചാരം വർധിക്കുന്നതുമൊക്കെ തുടർന്നു നടന്ന കാര്യങ്ങളാണ്. ചെറിയ മാസികകളുടെയെല്ലാം പ്രസിദ്ധീകരണം നിലച്ചു. അതിന്റെ പത്രാധിപൻമാരും എഴുത്തുകാരും കേരളത്തിന്റെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രധാന മുഖങ്ങളായി മാറിയെന്നത് ചരിത്രം.
പുസ്തകത്തിൽ അവതരിപ്പിച്ചതിൽനിന്ന് ഒട്ടൊക്കെ വ്യത്യസ്തമായിരുന്നു അന്നത്തെ രാഷ്ട്രീയാന്തരീക്ഷം എന്ന് പറയാനാണ് ഇത്രയുമെഴുതിയത്. വയലാറിന്റേത് തീർച്ചയായും ധീരമായ നിലപാട് തന്നെയായിരുന്നു. അതിൽ തർക്കമൊന്നുമില്ല. അക്കാലത്ത് പാർട്ടി പ്രവർത്തനങ്ങളുടെ ഭാഗമായി സമാധാന പ്രസ്ഥാനത്തിൽ സജീവമായിരുന്ന വയലാർ അതിന്റെ നേതാവായിരുന്ന സൈഫുദ്ദീൻ കിച്ച്ലുവിനോടൊപ്പം അരൂർ മുതൽ ആലപ്പുഴ വരെ യാത്ര നടത്തി 1951 ആഗസ്റ്റ് 11ന് ഇറങ്ങിയ ‘വിശ്വകേരള’ത്തിന്റെ കവർസ്റ്റോറി ആയി പ്രസിദ്ധീകരിച്ചതൊന്നും ജീവചരിത്രകാരൻ അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. വയലാർ വഴിയിൽ വെച്ച് പൊലീസിനെ കണ്ടു വിരണ്ടതും കടന്നുകളഞ്ഞതുമായ സംഭവങ്ങൾ അന്ന് ഒപ്പമുണ്ടായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ പുസ്തകത്തിൽനിന്നെടുത്തതാണ്. പക്ഷേ വാസ്തവത്തിന് നിരക്കാത്ത പല കാര്യങ്ങളും ആ പുസ്തകത്തിലുമുണ്ട് എന്നതാണ് സത്യം.
ഇനി മറ്റൊരു കാര്യം: വയലാർ രാമവർമയുടെ പത്രാധിപത്യത്തിൽ ‘ജനാധിപത്യം’ പുറത്തുവരുന്നു എന്ന പരസ്യം നടുപ്പേജിൽ പ്രസിദ്ധീകരിച്ച ‘വിശ്വകേരള’ത്തിന്റെ ഒന്നാം പേജിന്റെ ഉള്ളടക്കം എന്തൊക്കെയായിരുന്നു എന്നറിയാമോ? ദീർഘനാളുകളായി ജയിലിൽ കിടക്കുന്ന കമ്യൂണിസ്റ്റുകാരായ സി.കെ. കുമാരപ്പണിക്കർ, വർഗീസ് വൈദ്യൻ, ബാലകൃഷ്ണൻ തമ്പി തുടങ്ങിയവർ അനുഷ്ഠിച്ചു വന്ന നിരാഹാരം നിർത്തിവെച്ചുവെന്ന വാർത്തയും രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമാരപ്പണിക്കരുടെ മാതാവ് മുഖ്യമന്ത്രി സി. കേശവന് എഴുത്തയച്ചതിനെക്കുറിച്ചുള്ള വാർത്തയും. അമ്മയുടെയും മകന്റെയും പടങ്ങൾ സഹിതമാണ് അത് പ്രസിദ്ധീകരിച്ചത്.
‘ജനാധിപത്യം’ തുടങ്ങുന്നതിനു മുമ്പ് കുമാരപ്പണിക്കരെ വയലാർ ചെന്നു കണ്ട കാര്യം ജീവചരിത്രകാരൻ പറഞ്ഞതോർക്കുന്നുണ്ടല്ലോ.അപ്പോൾ എവിടെച്ചെന്നായിരിക്കും പണിക്കരെ വയലാർ കണ്ടിട്ടുണ്ടാവുക? ആ കാലഘട്ടത്തെ തിരു-കൊച്ചിയുടെ രാഷ്ട്രീയ ചരിത്രം വ്യക്തമായി മനസ്സിലാക്കാതെ ജീവചരിത്രം എഴുതാൻ തുനിഞ്ഞിറങ്ങിയതിന്റെ തകരാറാണ് ഇത്.
അധ്യായം 24ൽ (പേജ് 203) ചൈനയുടെ യുദ്ധാനന്തരമുണ്ടായ പ്രശ്നങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ വിഭാഗീയത സൃഷ്ടിച്ചതിനെക്കുറിച്ചും അതുവരെ ഒന്നിച്ചുനിന്നവർ ഇടതു വലതു ചേരികളായി നിന്ന് പരസ്പരം പോരടിക്കാൻ തുടങ്ങിയതിനെക്കുറിച്ചും പറയുന്നുണ്ട്. കമ്യൂണിസ്റ്റ് കവികളും സുഹൃത്തുക്കളുമായ വയലാർ രാമവർമയും പൊൻകുന്നം ദാമോദരനും തമ്മിൽ ചൈനയുടെ കടന്നാക്രമണത്തെപ്പറ്റി വാദപ്രതിവാദങ്ങൾ നടന്നപ്പോൾ ‘ചീനക്കമ്യൂണിസ്റ്റ്’ എന്നൊരു പദം രാമവർമ പ്രയോഗിച്ചപ്പോൾ പൊൻകുന്നം ദാമോദരൻ തട്ടിക്കയറുന്നതും അമ്മ ഇടപെടുന്നതും രണ്ടുപേരെയും വഴക്കു പറയുന്നതും തിരുവല്ല ശ്രീനിസാർ എന്നൊരാളെ ഉദ്ധരിച്ചുകൊണ്ട് ജീവചരിത്രകാരൻ അവതരിപ്പിക്കുന്നുണ്ട്.
വസ്തുത: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിന്റെ നാളുകളിലും അതിനു ശേഷവും സി.പി.ഐയുടെ ചേരിയിൽ ഉറച്ചുനിന്നവരാണ് ഈ രണ്ടു കവികളും. വയലാറും പൊൻകുന്നം ദാമോദരനും. മാത്രമല്ല, 1950കളിൽ രൂപംകൊണ്ട അരുണകവി നിരയിലെ മറ്റു പ്രമുഖരായ ഒ.എൻ.വി. കുറുപ്പ്, തിരുനല്ലൂർ കരുണാകരൻ, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരും. പൊൻകുന്നം ദാമോദരൻ ഒരിക്കലും ചൈനാ പക്ഷപാതിയായിരുന്നില്ല. അക്കൂട്ടത്തിൽ പുനലൂർ ബാലനാണ് മാർകിസ്റ്റ്പക്ഷത്തോട് കൂറു കാണിച്ച ഒരേയൊരാൾ. എന്നാൽ 1977ൽ പൊൻകുന്നം ദാമോദരൻ സി.പി.ഐയോട് പൂർണമായും വിടപറഞ്ഞ് സി.പി.എമ്മിന്റെ പക്ഷത്തേക്ക് ചേക്കേറിയെന്നത് നേരാണ്.
എന്തുകൊണ്ടായിരിക്കും ഇത്രത്തോളം ചരിത്രസംബന്ധിയായ അബദ്ധങ്ങളും കാലഗണന സംബന്ധിച്ച പിഴവുകളും വസ്തുതാപരമായ തെറ്റുകളും ഈ ജീവചരിത്ര രചനയിൽ കടന്നുകൂടിയത്? വാമൊഴികളെ ഒരുപാട് ആശ്രയിച്ചതായിരിക്കാം ഒരു പ്രധാന കാരണം. വയലാറിനോട് അടുത്ത് ഇടപഴകിയിരുന്ന ചിലരുടെയൊക്കെ ഓർമകളിൽനിന്ന് ശേഖരിച്ച വിവരങ്ങളാകണം ഈ പുസ്തകത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത്.
വാമൊഴി ചരിത്രത്തെ (oral history) ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ല. ചരിത്ര സംഭവങ്ങളിൽ നേരിട്ടു പങ്കെടുത്തവർ, അവയുടെ ദൃക്സാക്ഷിയായ വ്യക്തികൾ തുടങ്ങിയവരൊക്കെ അവരുടെ അനുഭവങ്ങൾ കലർപ്പൊന്നും ചേർക്കാതെ വിവരിക്കുന്നത് ചരിത്രമെഴുത്തിന് ഏറ്റവും സഹായകരമായ കാര്യമാണ്. എന്നാൽ പറയുന്ന ആളുകളുടെ ഓർമയുടെ വ്യക്തതയും സൂക്ഷ്മതയും അതിൽ വലിയൊരു ഘടകമാണ്. അറുപതു വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവങ്ങളൊക്കെ കൃത്യമായി ഓർമിച്ചു പറയാൻ ഇന്ന് ജീവിച്ചിരിക്കുന്ന എത്രപേർക്ക് കഴിയും? പ്രായം തീർച്ചയായും അവരുടെ ഓർമകളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും.
വർഷങ്ങളും തീയതികളും ആളുകളുടെ പേരുകളും ഒക്കെ തെറ്റിപ്പോകാം. വ്യക്തിപരമായ മുൻവിധികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെ. ഇനി ചിലരെങ്കിലും ഓർമകൾ ആത്മകഥാക്കുറിപ്പുകളുടെ രൂപത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട് എന്നു തന്നെയിരിക്കട്ടെ. അതിൽപ്പോലും കൃത്യമായ വർഷങ്ങളും ശരിയായ പേരുകളുമൊക്കെ മാറിപ്പോയിട്ടുള്ള എത്രയോ അനുഭവങ്ങളുണ്ട്.
അതൊക്കെ മറികടക്കാനുള്ള ഒരു പ്രധാന വഴി എഴുതാനുദ്ദേശിക്കുന്ന വ്യക്തിയെ/ കാലഘട്ടത്തെ സംബന്ധിച്ച രേഖകൾ, പഴയ പത്രങ്ങൾ, മാസികകൾ, മറ്റു പ്രസിദ്ധീകരണങ്ങൾ (ഒരു നോട്ടീസ് കഷണം പോലുമാകാം) തേടിപ്പിടിച്ചു കണ്ടെത്തുക എന്നതാണ്. ഈ പുസ്തകത്തിന്റെ പശ്ചാത്തലവും പ്രമേയവുമായി വരുന്ന കാലഘട്ടത്തെ സംബന്ധിച്ച വിവരങ്ങൾ പഴയ പത്രമാസികകളിൽനിന്നോ പുസ്തകങ്ങളിൽനിന്നോ ലഭിക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. മാധ്യമങ്ങളിൽ അത്രമാത്രം നിറഞ്ഞുനിന്ന ഒരു വ്യക്തിത്വമായിരുന്നു വയലാറിന്റേത്. എന്നാൽ ആവശ്യമായ വസ്തുതകൾ ഓരോന്നും അന്വേഷിച്ചു കണ്ടെത്തി വിശദമായി പരിശോധിച്ച് വാമൊഴിയായി കിട്ടിയ വിവരങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിക്കുക (corroboration) എന്നു പറയുന്നത് തീർച്ചയായും കുറച്ചധികം മിനക്കേടുള്ള കാര്യമാണ്. ഈ പുസ്തകത്തിന്റെ രചനയെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു സംഗതി ഇത്തിരിയെങ്കിലും നടന്നതായി തോന്നുന്നില്ല.
മറ്റൊരു പ്രധാനപ്പെട്ട സംഗതി, വിക്കിപീഡിയയെ ആശ്രയിച്ച് ജീവചരിത്ര രചന നടത്താൻ തുനിയുന്നത്. അത് വളരെ വളരെ അപകടകരമാണ്. ഈ പുസ്തകത്തിലെ ചില പിഴവുകളെങ്കിലും വന്നുകൂടിയത് അങ്ങനെയാണെന്ന് തോന്നുന്നു. ഉദാ: ബലികുടീരങ്ങളുടെ പിറവിയെ സംബന്ധിക്കുന്ന ഭാഗം. അതുപോലെ തന്നെ ഒരു ദുരന്തമാണ് കേട്ടുകേൾവികളും ‘കരക്കമ്പികളും’ ചരിത്രരചനയുടെ resource material ആയി മാറുന്നതും.
‘‘The history of the World is but the biography of great men’’ എന്ന് തോമസ് കാർലൈലിന്റെ പ്രസിദ്ധ വചനമുണ്ട്. വലിയ മനുഷ്യരുടെ ജീവിതാഖ്യാനങ്ങളാണ് ലോകത്തിന്റെ ചരിത്രം. മലയാളത്തിൽ ഒരു കാലത്ത് സമ്പുഷ്ടമായിരുന്ന ജീവചരിത്രശാഖ, ഇന്ന് തീരെ ശോഷിച്ചുവരുകയാണ്. പാകതയും പക്വതയുമൊക്കെ എത്തുന്നതിന് വളരെ മുമ്പ് തീരെ ചെറുപ്രായത്തിൽതന്നെ അവരവരുടെ അനുഭവക്കുറിപ്പുകളും ആത്മകഥകളുമൊക്കെ എഴുതാനാണല്ലോ ഇപ്പോൾ എല്ലാവർക്കും താൽപര്യം.
നേരത്തേ പറഞ്ഞതുപോലെ മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുസൂക്ഷിച്ചിട്ടുള്ള പേരാണ് വയലാർ രാമവർമയുടേത്. കഴിഞ്ഞ എത്രയോ തലമുറകൾക്ക് പാട്ടുകളിലൂടെ മാത്രം പരിചയമുള്ള ആ ‘രാജഹംസം’ യാത്രയായിട്ട് അരനൂറ്റാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ നിറപ്പകിട്ടാർന്ന വ്യക്തിത്വം, ഹ്രസ്വമെങ്കിലും അർഥദീർഘമായ ആ ജീവിതം, സർവോപരി സംഭവബഹുലമായ ആ ചരിത്രകാലഘട്ടം... ഇതിനെക്കുറിച്ചൊക്കെ അറിയാൻ താൽപര്യവും ആഗ്രഹവുമുള്ള എത്രയോ പേരുണ്ട്. അത്തരമൊരു വായനസമൂഹത്തോടും ചരിത്രത്തോടും നീതി കാണിക്കാൻ ഈ സമഗ്ര ജീവചരിത്രത്തിനായിട്ടുണ്ടോ? ഇല്ല എന്നുതന്നെയാണെന്റെ ഉത്തരം.
