Begin typing your search above and press return to search.
proflie-avatar
Login

മലപ്പുറത്തിന് നിറം നൽകിയ ചിത്രകാരൻ

മലപ്പുറത്തിന് നിറം   നൽകിയ ചിത്രകാരൻ
cancel

ജൂൺ ഒന്നിന് വിടവാങ്ങിയ ആർട്ടിസ്റ്റ് കെ.വി. ദയാനന്ദനെ ഓർമിക്കുകയാണ് ചിത്രമെഴുത്തുകാരനും എഴുത്തുകാരനുമായ ലേഖകൻ. വർഷങ്ങൾക്കു മുമ്പ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ദയേട്ടനെ കാണുന്നത്. ചിത്രം വരച്ചിരുന്ന എനിക്ക് ദയേട്ടനെ പരിചയപ്പെടുത്തി തന്നത് എടവണ്ണ ചളിപ്പാടത്തെ മാഞ്ചേരി നാരായണേട്ടനായിരുന്നു. എന്റെ ചിത്രരചനയെയും സാഹിത്യാദി താൽപര്യങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന നാരായണേട്ടൻ വലിയ ഒരു ചിത്രകാരനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് മലപ്പുറത്തേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തുകയായിരുന്നു. പ്രിയദർശിനി ബസിൽ കണ്ടക്ടറായിരുന്ന നാരായണേട്ടനും ഇന്നില്ല. മലപ്പുറം കലക്ടറേറ്റിലെ നീളൻ...

Your Subscription Supports Independent Journalism

View Plans
ജൂൺ ഒന്നിന് വിടവാങ്ങിയ ആർട്ടിസ്റ്റ് കെ.വി. ദയാനന്ദനെ ഓർമിക്കുകയാണ് ചിത്രമെഴുത്തുകാരനും എഴുത്തുകാരനുമായ ലേഖകൻ.

വർഷങ്ങൾക്കു മുമ്പ് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ദയേട്ടനെ കാണുന്നത്. ചിത്രം വരച്ചിരുന്ന എനിക്ക് ദയേട്ടനെ പരിചയപ്പെടുത്തി തന്നത് എടവണ്ണ ചളിപ്പാടത്തെ മാഞ്ചേരി നാരായണേട്ടനായിരുന്നു. എന്റെ ചിത്രരചനയെയും സാഹിത്യാദി താൽപര്യങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന നാരായണേട്ടൻ വലിയ ഒരു ചിത്രകാരനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് മലപ്പുറത്തേക്ക് കൊണ്ടുപോയി പരിചയപ്പെടുത്തുകയായിരുന്നു. പ്രിയദർശിനി ബസിൽ കണ്ടക്ടറായിരുന്ന നാരായണേട്ടനും ഇന്നില്ല. മലപ്പുറം കലക്ടറേറ്റിലെ നീളൻ വരാന്തയിൽനിന്ന് മോനേന്ന് വിളിച്ച് ദയേട്ടൻ എന്നെ ചേർത്തുപിടിച്ചു. മലപ്പുറത്തെ സാംസ്കാരിക പ്രവർത്തകരെയും ചിത്രകാരൻമാരെയുമൊക്കെ ദയേട്ടനിലൂടെ എപ്പോഴൊക്കെയോ പരിചയപ്പെട്ടു. പരമാവധി എന്റെ കഴിവുകളെ വിശദമാക്കി സ്നേഹപൂർവം ദയേട്ടൻ എന്നെ അവർക്കൊക്കെ പരിചയപ്പെടുത്തി...

പിന്നീട് ദയേട്ടന്റെ വീട്ടിലേക്ക് പലപ്പോഴും പോയി...

എനിക്കും റവന്യൂ വകുപ്പിൽ ജോലി കിട്ടിയപ്പോൾ ജോലി സമ്മർദത്തെ കുറിച്ചും ജോലിഭാരത്തെ കുറിച്ചും എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. എന്നിട്ടും വരയിൽ സജീവമാകുന്ന എന്നെ ദയേട്ടൻ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. മാധ്യമം ആഴ്ചപ്പതിപ്പിലും മറ്റും അദ്ദേഹത്തിന്റെ വരകളോട് ചേർന്ന് എനിക്കും വരക്കാനുള്ള ഭാഗ്യമുണ്ടായി. ചിത്രകലയുമായി ബന്ധപ്പെട്ട ഏതു പരിപാടിയും ഏറ്റെടുക്കും മുമ്പ് ദയേട്ടനുമായി ചർച്ചചെയ്യുമായിരുന്നു.

എന്നെ ചേർത്തുപിടിച്ചതുപോലെ പലപ്പോഴും ദയേട്ടൻ ആദിയെ ചേർത്തുപിടിച്ചു. അവന്റെ വളർച്ചയിൽ അഭിമാനിച്ചു. ആ ചേർത്തുപിടിക്കൽ... മോനേ എന്നുള്ള വിളി ഇനിയില്ലല്ലോ...

കുട്ടികളെന്നും ദയേട്ടന്റെ വിസ്മയങ്ങളായിരുന്നു. നാട്ടിലെ കുട്ടികളെല്ലാം ദയേട്ടന്റെ വീട്ടിലെത്തുമായിരുന്നു. മക്കളേ എന്ന് വിളിച്ച് അവർക്ക് വരക്കാനുള്ള പെൻസിലുകളും വർണങ്ങളും കടലാസുമൊക്കെ അദ്ദേഹം സൗജന്യമായി നൽകി. വരയുടെ വർണലോകത്തേക്ക് അവരെ കൈപിടിച്ചുയർത്തി. അവരുടെ വരകളെ വിടർന്ന കണ്ണുകളുയർത്തി അത്ഭുതത്തോടെ നോക്കി. കുട്ടികൾ വരക്കുന്നതു കാണാൻ ദയേട്ടന് ഏറെ ഇഷ്ടമായിരുന്നു. തനിക്ക് ലഭിക്കാതെപോയ വർണങ്ങളെ പുതിയ തലമുറക്കായി മനസ്സിന്റെ വിശാലമായ പാലറ്റിൽ ചാലിച്ചെടുത്തു ദയേട്ടൻ.

ആർട്ടിസ്റ്റ് ഷബീബയും മൗത്ത് പെയിന്ററായ ജസ്‌ഫർ കോട്ടക്കുന്നുമൊക്കെ ദയേട്ടന്റെ തണലിൽ വളർന്നവർ. ഇങ്ങനെ എത്രയോ പേർക്ക് വർണങ്ങളുടെ വിശാലമായ ആകാശത്തേക്ക് പറക്കാനുള്ള ചിറക് നൽകിയത് ദയേട്ടനായിരുന്നു. കേരളത്തിന്റെ ചിത്രകലാ ചരിത്രത്തിൽ സവിശേഷമായി അടയാളപ്പെടുത്തേണ്ട ചിത്രകാരനാണ് ആർട്ടിസ്റ്റ് ദയാനന്ദൻ; ഞങ്ങളുടെ പ്രിയപ്പെട്ട ദയേട്ടൻ... വരക്കുന്നതിനൊപ്പം ഒരു നാടുമുഴുവൻ വരക്കുന്നത് സ്വപ്നംകണ്ടു നടന്ന ദയേട്ടൻ മലപ്പുറത്തിന്റെ വരഗുരുവായി. മലപ്പുറത്തെ വരക്കാൻ പഠിപ്പിച്ചു.

പെയിന്റിങ്ങുകളും ഇലസ്ട്രേഷനുകളും ഒരുപോലെ വഴങ്ങുന്നയാളായിരുന്നു ദയേട്ടൻ. ദൃശ്യഭംഗിക്കപ്പുറം മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്കും ദാർശനിക ചിന്തകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നവയാണ് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും. വരകളിലെ ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ രചനകളിലെ പ്രത്യേകത. ഏകാന്തതയും ശൂന്യതയും ആത്മസംഘർഷങ്ങളും ചിത്രങ്ങളിൽ തെളിഞ്ഞുനിന്നു. മനുഷ്യമനസ്സിന്റെ സങ്കീർണതകളിലേക്കുള്ള യാത്രകളായിരുന്നു ആ വരകൾ. വീട്ടിലായാലും ഓഫിസിലായാലും ദയേട്ടൻ വരച്ചുകൊണ്ടിരുന്നു. അദ്ദേഹം ജോലിചെയ്ത ഓഫിസുകളിലെ ചുമരുകൾ അദ്ദേഹത്തിന്റെ ചിത്രങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടു.

ഇരുപത്തി രണ്ടാം വയസ്സിൽ മേലാറ്റൂർ പഞ്ചായത്തിൽ ബിൽ കലക്ടറായി ജോലിയിൽ പ്രവേശിച്ച് പിന്നീട് കാസർകോടും ഇടുക്കിയിലും ജോലിചെയ്ത ദയേട്ടൻ പരപ്പനങ്ങാടി ലാൻഡ് ട്രൈബ്യൂണലിൽ കോപ്പിയിസ്റ്റ് ആയി. ദയേട്ടനങ്ങനെ മലപ്പുറത്തോട് ചേർന്നു. മലപ്പുറം കലക്ടറേറ്റിൽ ജോലിചെയ്ത അദ്ദേഹം ഒടുവിൽ കോഡൂർ വില്ലേജ് ഓഫിസർ ആയാണ് വിരമിച്ചത്. കോഡൂരിലെ പൊതുജനം അദ്ദേഹത്തിന് നൽകിയ ഊഷ്‌മളമായ ആദരിക്കൽ ചടങ്ങ് ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ജനങ്ങളോട് ഇടപഴകണമെന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു.

കോഴിക്കോട് കുണ്ടൂപ്പറമ്പിൽനിന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് മലപ്പുറത്തിന് ലഭിച്ച ദാനമാണ് ദയേട്ടൻ. അദ്ദേഹം മലപ്പുറത്തിന്റെ നഭസ്സിൽ കോറിയിട്ട വർണങ്ങൾ വാക്കുകൾക്കതീതമാണ്. ദാരിദ്ര്യത്തിന്റെ ദുരിതപ്പെയ്ത്തിൽ നിറംകെട്ടുപോയ ബാല്യത്തിൽ അതിജീവനത്തിന്റെ വഴിയായിരുന്നു ദയേട്ടന് ചിത്രകല. ബാലേട്ടൻ എന്ന കമേഴ്‌സ്യൽ ആർട്ടിസ്റ്റിൽനിന്ന് 16ാം വയസ്സിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ബ്രഷ് പിടിച്ച ദയേട്ടൻ പിന്നീട് വർണങ്ങളുടെ ലോകത്തുനിന്ന് ഒരിക്കലും പിൻവാങ്ങിയില്ല. ബോർഡുകളും ബാനറുകളും എഴുതുമ്പോഴും കൃത്യമായി ലേ ഔട്ട് ചെയ്യുമ്പോഴും തന്റെ സ്വത്വത്തിലേക്കുള്ള അന്വേഷണം നടത്തുകയായിരുന്നു ദയേട്ടൻ. കോഴിക്കോട് യൂനിവേഴ്സലിൽ പോൾ കല്ലാനോട് തുടങ്ങിയവരുടെ വരകളോടും ചിന്തകളോടുമൊപ്പം സഞ്ചരിക്കാൻ തുടങ്ങിയത് ചിത്രകലയുടെ വേറിട്ടൊരു ആകാശത്തേക്കുള്ള ജാലകം തുറന്നിടാൻ സഹായകമായി.

പിൽക്കാലത്ത് അദ്ദേഹത്തിന്റെ പോസ്റ്ററുകളും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ടു. കാലിഗ്രഫിയിൽ അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. നാനൂറിലധികം കൈയെഴുത്ത് മാസികകൾ രൂപകൽപന ചെയ്ത് മലപ്പുറം സെന്റ് ജമ്മാസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച പ്രദർശനം ചരിത്രമായി മാറി. സംസ്ഥാന ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള നിശ്ചലദൃശ്യങ്ങളിൽ ദയേട്ടന്റെ നേതൃത്വത്തിൽ തയാറാക്കാറുള്ള ഫ്ലോട്ടുകൾ അതുവരെയുള്ള കാഴ്ചകളെ പൊളിച്ചെഴുതുന്നവയായിരുന്നു. മോയിൻകുട്ടി വൈദ്യരുടെ ‘ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ’ പ്രണയകാവ്യം നിശ്ചലദൃശ്യമായപ്പോൾ മികച്ച ഫ്ലോട്ടിനുള്ള പുരസ്കാരം മലപ്പുറത്തെ തേടിയെത്തി.

ആർട്ടിസ്റ്റുകൾക്കുവേണ്ടി ചോള മണ്ഡലം മാതൃകയിൽ ഒരു കമ്യൂൺ തുടങ്ങണമെന്നതിന്റെ സാക്ഷാത്‌കാരമായിരുന്നു നിത്യ ആർട്ട് കമ്യൂൺ. ചിത്രകാരൻമാരുടെയും സഹിത്യകാരൻമാരുടെയും താവളമായിരുന്നു നിത്യയെങ്കിലും ഏറെ കഴിയും മുമ്പ് അത് വിസ്‌മൃതിയിലായി.

 

മലപ്പുറത്തിന് ഒരു ആർട്ട് ഗാലറി എന്ന സ്വപ്നത്തിന് നേതൃത്വം നൽകിയത് ദയേട്ടനായിരുന്നു. മലപ്പുറത്തിന്റെ മണ്ണിലേക്ക് മലപ്പുറത്തുകാരുടെയും അന്യദേശക്കാരുടെയും പെയിന്റിങ്ങുകളും ശിൽപങ്ങളും ഫോട്ടോഗ്രാഫുകളും പ്രദർശനത്തിനായി എത്തി. മലപ്പുറത്തിനൊരു ദൃശ്യസംസ്കാരം രൂപപ്പെടുകയായിരുന്നു. ജില്ലയിലെവിടെയും ചിത്രകലാ ക്യാമ്പുകൾ നടക്കുകയാണെങ്കിൽ ദയേട്ടനവിടെ ഓടിയെത്തും. ഓരോരുത്തരുടെയും രചനകൾ നോക്കിനിൽക്കും. നിഷ്‌കളങ്കമായി അഭിപ്രായം പറയും... പ്രോത്സാഹിപ്പിക്കും. സജീവ സാന്നിധ്യമാകും.

ഒട്ടുമിക്ക ആനുകാലികങ്ങളിലും വരച്ചിരുന്ന അദ്ദേഹം ഇലസ്ടേഷന് വേറിട്ടൊരു മാനം നൽകി. കഥകൾക്കുമപ്പുറം സ്വന്തമായി അസ്തിത്വമുള്ള ചിത്രണമായിരുന്നു ദയേട്ടന്റേത്. ഏത് മീഡിയവും വഴങ്ങുന്ന ദയേട്ടൻ വരകളിൽ എന്നും പരീക്ഷണം നടത്തിക്കൊണ്ടിരുന്നു. മാധ്യമം ആഴ്ചപ്പതിപ്പിലെ വരകൾ വായനക്കാരിൽ ആഴത്തിലുള്ള ചിത്രവായന സാധ്യമാക്കി. പണത്തിനുവേണ്ടിയായിരുന്നില്ല ദയേട്ടൻ ഇലസ്ടേഷൻ ചെയ്തിരുന്നത്. ആത്മാവിഷ്കാരത്തിനുള്ള വേറിട്ടൊരു വഴി മാത്രമായിരുന്നു അത്. ഏത് പാതിരക്ക് വിളിച്ചുപറഞ്ഞാലും കൃത്യസമയത്ത് ചിത്രങ്ങൾ നൽകാൻ ദയേട്ടൻ തയാറായിരുന്നു.

വാടക വീട്ടിലായാലും എൻ.ജി.ഒ ക്വാർട്ടേഴ്സിലായാലും ദയേട്ടനും ലതചേച്ചിയും എല്ലാവരെയും സ്വീകരിച്ചു. ഭക്ഷണം വിളമ്പി. പറയുന്നതിനേക്കാൾ കേട്ടു. വീട്ടിലെത്തുന്നവർ രാത്രി ഏറെ വൈകും വരെ സാംസ്കാരിക ചർച്ചകളിൽ മുഴുകി. പൂർണത തേടിയുള്ള അലച്ചിലായിരുന്നു ദയേട്ടന് തന്റെ ജീവിതം. അതുകൊണ്ടുതന്നെ സ്വന്തമായൊരു വീട് നിർമിച്ചപ്പോൾ ദയേട്ടനാ വീടിനൊരു പേരിട്ടു -അപൂർണം...

എല്ലാവരെയും ചേർത്തുപിടിച്ചിരുന്ന ദയേട്ടൻ എല്ലാവരുടെയും വേണ്ടപ്പെട്ട ഒരാളായിരുന്നു. ആർദ്രതയുടെ, കരുണയുടെ, സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ സൗമ്യസാന്നിധ്യമായിരുന്നു. കലയുടെ വിശാലമായ ആകാശത്ത് കുഞ്ഞുകുഞ്ഞ് വർണനക്ഷത്രങ്ങൾ വാരിവിതറിയാണ് ചിത്രകാരൻമാർക്കിടയിൽ ഋഷിതുല്യമായ ജീവിതം നയിച്ച ദയേട്ടൻ കടന്നുപോയത്... ആകാശത്തിന്റെ ഏതെങ്കിലും ഒരു കോണിൽനിന്ന് മോനേ, മക്കളേ എന്ന പതിഞ്ഞ വിളി കേൾക്കാൻ നമുക്ക് കാതോർക്കാം.

News Summary - Artist K.V. Dayanandan The Gentle Art Mentor of Malappuram