Begin typing your search above and press return to search.
proflie-avatar
Login

അ​മ്മ

അ​മ്മ
cancel

‘‘അ​ർ​ധ​രാ​ത്രി​യാ​യി. ‘പ്രേം​ച​ന്ദെ​വി​ടെ?’ ടീ​ച്ച​റു​ടെ ശ​ബ്ദം മു​ഴ​ങ്ങി. മു​ദ്രാ​വാ​ക്യം വി​ളി നി​ർ​ത്തി. ഇ​രു​ട്ടി​ന്റെ മൂ​ല​യി​ൽനി​ന്നും ഞാ​നെ​ഴു​ന്നേ​റ്റ് മു​ന്നോ​ട്ട് വ​ന്ന് ലോ​ക്ക​പ്പി​ന്റെ അ​ഴി പി​ടി​ച്ചുനി​ന്നു. ടീ​ച്ച​ർ​ക്ക് ചു​റ്റും സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ർ മു​ഴു​വ​നു​മു​ണ്ട്’’ -‘അമ്മ’മാരെക്കുറിച്ച്​ എഴുതുന്നു. ‘അമ്മ അറിയാത്ത കാലത്ത്​’ നിന്നുള്ള ജീവിതപ്രയാണം. ജീ​വി​താ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വീ​ടി​ന് പു​റ​ത്ത് മ​തി​മ​റ​ന്ന കാ​ലം ‘അ​മ്മ അ​റി​യാ​ത്ത’ ​കാ​ല​മാ​യി​രു​ന്നു. ‘അ​മ്മ അ​റി​യാ​ൻ’ അ​മ്മ​യു​ടെ മ​ര​ണ​വും ക​ട​ന്നുപോ​കേ​ണ്ടി വ​ന്നു.മു​തി​ർ​ന്ന​തോ​ടെ​യാ​ണ്...

Your Subscription Supports Independent Journalism

View Plans
‘‘അ​ർ​ധ​രാ​ത്രി​യാ​യി. ‘പ്രേം​ച​ന്ദെ​വി​ടെ?’ ടീ​ച്ച​റു​ടെ ശ​ബ്ദം മു​ഴ​ങ്ങി. മു​ദ്രാ​വാ​ക്യം വി​ളി നി​ർ​ത്തി. ഇ​രു​ട്ടി​ന്റെ മൂ​ല​യി​ൽനി​ന്നും ഞാ​നെ​ഴു​ന്നേ​റ്റ് മു​ന്നോ​ട്ട് വ​ന്ന് ലോ​ക്ക​പ്പി​ന്റെ അ​ഴി പി​ടി​ച്ചുനി​ന്നു. ടീ​ച്ച​ർ​ക്ക് ചു​റ്റും സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ർ മു​ഴു​വ​നു​മു​ണ്ട്’’ -‘അമ്മ’മാരെക്കുറിച്ച്​ എഴുതുന്നു. ‘അമ്മ അറിയാത്ത കാലത്ത്​’ നിന്നുള്ള ജീവിതപ്രയാണം. 

ജീ​വി​താ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വീ​ടി​ന് പു​റ​ത്ത് മ​തി​മ​റ​ന്ന കാ​ലം ‘അ​മ്മ അ​റി​യാ​ത്ത’ ​കാ​ല​മാ​യി​രു​ന്നു. ‘അ​മ്മ അ​റി​യാ​ൻ’ അ​മ്മ​യു​ടെ മ​ര​ണ​വും ക​ട​ന്നുപോ​കേ​ണ്ടി വ​ന്നു.

മു​തി​ർ​ന്ന​തോ​ടെ​യാ​ണ് വീ​ട് ഒ​രു ദൂ​ര​സ്മ​ര​ണ​യാ​യ​ത്. വ​ന്നുപോ​കു​ന്ന ഇ​ടം. ‘കു​ടും​ബം’, ‘സ്വ​കാ​ര്യ​സ്വ​ത്ത്’, ‘ഭ​ര​ണ​കൂ​ടം’ – വീ​ടും കു​ടും​ബ​വു​മൊ​ക്കെ എ​ത്ര​മാ​ത്രം സാ​മൂ​ഹിക വി​രു​ദ്ധ​മാ​​െണ​ന്ന് എം​ഗ​ൽ​സ് പ​ഠി​പ്പി​ച്ചു. ജീ​വി​തം പു​റ​ത്താ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കുശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ കാ​മ്പ​സ് ത​ല​മു​റ​ക്ക് പു​റ​ത്ത് കാ​ണാ​നും കേ​ൾ​ക്കാ​നും ഒ​ട്ടേ​റെ​യു​ണ്ടാ​യി​രു​ന്നു. അ​ത് തു​റ​ന്നി​ട്ട ആ​ഘാ​ത​ങ്ങ​ളി​ൽനി​ന്നും ആ​ർ​ക്കും വി​ട്ടു​നി​ൽ​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു. ആ​ക്ടി​വ​ിസം ഒ​രു ത​ല​മു​റ​യെ​ത്ത​ന്നെ ഭൂ​താ​വി​ഷ്ട​രാ​ക്കി​യ കാ​ലം, 1977.

പി​ന്നെ, ‘‘അ​മ്മ​മാ​ർ ഉ​ണ​രാ​തെ നി​ങ്ങ​ൾ​ക്കൊ​രു മാ​റ്റ​വും ലോ​ക​ത്തു​ണ്ടാ​ക്കാ​നാ​കി​ല്ല’’ എ​ന്നാ​ദ്യം പ​റ​ഞ്ഞുത​ന്ന​ത് മ​ധു​ മാ​സ്റ്റ​റാ​യി​രു​ന്നു. ഗോ​ർ​ക്കി​യു​ടെ അ​മ്മ​യും ബ്രെ​ഹ്തി​ന്റെ അ​മ്മ​യും മ​ധു മാ​സ്റ്റ​റു​ടെ അ​മ്മ​യും ഞ​ങ്ങ​ളു​ടെ ലോ​കം കീ​ഴ്മേ​ൽ മ​റി​ച്ചു. അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ് ‘അ​മ്മ’ നാ​ട​കം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. മ​ക​ന്റെ മാ​റ്റ​ങ്ങ​ളെ ആ​ശ​ങ്ക​യോ​ടെ കാ​ണു​ന്ന അ​മ്മ പി​ന്നീ​ട് മ​ക​നൊ​പ്പം ചേ​രു​ന്നു. ചെ​ങ്കൊ​ടി കൈയി​ലേ​ന്തു​ന്നു.

ജോ​ൺ എ​ബ്ര​ഹാ​മി​ന്റെ ‘അ​മ്മ അ​റി​യാ​നും’ ക​ട​ന്ന് സ്വ​ന്തം ‘ഷ​ട്ട​റി’ലൂ​ടെ ഇ​ന്ന​ത്തെ മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​യ ജോ​യ് മാ​ത്യു ആ​യി​രു​ന്നു ‘അ​മ്മ’യി​ൽ മ​ക​ൻ പാ​വേ​ൽ. മ​ധു മാ​ഷി​നൊ​പ്പം അ​ണി​യ​റ​യി​ൽ ആ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ പി​റ​വി​ക്കൊ​പ്പം ഞാ​നും ന​ട​ന്നു. ഞ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ര​ണ്ടു പേ​രും ‘പാ​വേ​ലാ’യി ​ജീ​വി​ച്ച കാ​ല​മാ​യി​രു​ന്നു അ​ത്.

ജോയ് മാത്യൂ
ജോയ് മാത്യൂ

മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് സ്കൂ​ളി​ൽ അ​ഞ്ചി​ലോ ആ​റി​ലോ മു​ത​ൽ​ക്കാ​ണ് ജോ​യ് ജീ​വി​ത​ത്തി​ലേ​ക്ക് ക​യ​റിവ​രു​ന്ന​ത്. ര​ണ്ടു പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ പ​ണ്ട് അ​യ​ൽ​ക്കാ​രാ​യി​രു​ന്നതുകൊ​ണ്ട് ആ ​സൗ​ഹൃ​ദ​ത്തി​ൽ ഭാ​ഗ​ഭാ​ക്കാ​യി​രു​ന്നു വീ​ടും. സ്കൂ​ൾ കാ​ല​ത്ത് ജോ​യ് ന​ട​ത്തി​യ നാ​ട​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ഞാ​നും ഒ​പ്പം ന​ട​ന്നു. അ​ഭി​ന​യി​ക്കാ​ന​റി​യു​മാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അ​വ​ന്റെ എ​ല്ലാ നാ​ട​ക​ങ്ങ​ളി​ലും എ​ന്നെ​യും വേ​ഷം കെ​ട്ടി​ച്ചു. നാ​ട​കം അ​ങ്ങ​നെ​യാ​ണ് ത​ല​യി​ൽ ക​യ​റു​ന്ന​ത്. എ​ൻ.​എ​ൻ. പി​ള്ള വ​രെ​യാ​ണ് സ്കൂ​ൾകാ​ല​ത്ത് എ​ത്തി​യ​ത്. ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു ചേ​ർ​ന്നു. രാ​മ​ച​ന്ദ്ര​ൻ മൊ​കേ​രി​യാ​യി​രു​ന്നു പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​ൻ. നാ​ട​കം ഹൃ​ദ​യ​ത്തി​ലേ​റ്റി​യ മാ​ഷ് ഞ​ങ്ങ​ളെ​യും കൂ​ടെ​ക്കൂ​ട്ടി. അ​ത് ഒ​ഴു​കി​യെ​ത്തി​യ​ത് മ​ധു മാ​സ്റ്റ​റി​ലേ​ക്കാ​ണ്. മാ​ഷ് ‘പ​ട​യ​ണി’ എ​ന്ന നാ​ട​ക​വു​മാ​യി വ​യ​നാ​ട്ടി​ൽനി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് ചു​ര​മി​റ​ങ്ങി വ​ന്ന കാ​ലം. 1978.

‘പ​ട​യ​ണി’ സം​വി​ധാ​നംചെ​യ്ത​ത് മു​ര​ളി ഇ​ല​യ്ക്കാ​ട് ആ​യി​രു​ന്നു. അ​ത് ഒ​രു കോ​ഴി​ക്കോ​ട​ൻ നാ​ട​ക​മാ​യി​രു​ന്നി​ല്ല, വ​യ​നാ​ട് മീ​ന​ങ്ങാ​ടി​യാ​ണ് അ​തി​ന്റെ ജ​ന​നം. സാം​സ്കാ​രി​കവേ​ദി​ക്കും മു​മ്പ് വ​യ​നാ​ട് സാം​സ്കാ​രി​ക വേ​ദി ഉ​ണ്ടാ​യി​രു​ന്നു. അ​ധി​കാ​ര​ത്തെ അ​ര​ങ്ങി​ൽ ആ​വി​ഷ്ക​രി​ക്കാ​ൻ ശ്ര​മി​ച്ച നാ​ട​ക​മാ​യി​രു​ന്നു ‘പ​ട​യ​ണി’. നാ​ട​കരം​ഗ​ത്തെ സ​ർ​ഗാ​ത്മ​ക​മാ​യ തി​രു​ത്തലി​ന് തു​ട​ക്കം കു​റി​ച്ച ഒ​രു ഇ​ട​പെ​ട​ലാ​യി അ​ത്.

പി​ൽ​ക്കാ​ല​ത്ത് സം​വി​ധാ​യ​ക​നും ആം ആ​ദ്മി പാ​ർ​ട്ടി​ക്കാ​ര​നും സം​ഘ​്പ​രി​വാ​റി​ലെ മു​സ്‍ലിം ശ​ബ്ദ​വും പി​ന്നി​ട്ട് പ​ല വേ​ഷ​ങ്ങ​ളി​ൽ നി​റ​ഞ്ഞാ​ടി അ​ലി അ​ക്ബ​ർ എ​ന്ന രാ​മ​സിം​ഹ​ൻ ‘പ​ട​യ​ണി’​യി​ൽ ഒ​രു ബാ​ല​ന​ട​നാ​യി ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ മ​ധു​മാ​ഷ് ‘അ​മ്മ’ക്ക് ​തു​ട​ക്ക​മി​ട്ട​തോ​ടെ ജീ​വി​തം കീ​ഴ്മേ​ൽ മ​റി​ഞ്ഞു.

വി​പ്ല​വ​മൊ​ക്കെ പ​ഠി​പ്പ് ക​ഴി​ഞ്ഞി​ട്ട് മ​തി എ​ന്ന് മ​തി​യാ​വോ​ളം ഉ​പ​ദേ​ശ​ങ്ങ​ൾ എ​നി​ക്ക് എ​ന്റെ വീ​ട്ടി​ൽനി​ന്നും കി​ട്ടി​യ​തി​ലേ​റെ ത​ന്നി​രു​ന്ന​ത് ജോ​യ് മാ​ത്യു​വി​ന്റെ അ​മ്മ എ​സ്തേ​ർ ടീ​ച്ച​റാ​യി​രു​ന്നു. ‘‘എ​ന്റെ മ​ക​നോ പി​ഴ​ച്ചു, നീ ​കൂ​ടി അ​വ​ന്റെ കൂ​ടെ കൂ​ടി ചീ​ത്ത​യാ​കാ​തെ നോ​ക്ക​ണം. പ​റ്റി​യാ​ൽ അ​വ​നെ ഒ​ന്ന് ഉ​പ​ദേ​ശി​ച്ച് നേ​ർ​വ​ഴി​ക്ക് ന​ട​ത്ത​ണം. നീ ​പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കും. വി​പ്ല​വ​മൊ​ക്കെ ന​ല്ല കാ​ര്യം. പ​ക്ഷേ അ​തൊ​ക്കെ പ​ഠി​പ്പ് ക​ഴി​ഞ്ഞു മ​തി’’ -ടീ​ച്ച​ർ ആ​വ​ർ​ത്തി​ച്ചു.

ജോയ് മാത്യുവിന്റെ അമ്മ എസ്തേർ

ജോയ് മാത്യുവിന്റെ അമ്മ എസ്തേർ

ഫെ​മി​നി​സം അ​ന്ന് മ​ല​യാ​ള​ക്ക​ര​യി​ൽ ഉ​ട​ലെ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും ഒ​രാ​ദി​മ ‘ഫെ​മി​നി​സം’ അ​മ്മ​മാ​രോ​ട് സം​സാ​രി​ക്കാ​ൻ മ​ധു മാ​സ്റ്റ​റു​ടെ ‘അ​മ്മ’ പ​ഠി​പ്പി​ച്ചു. ‘‘അ​മ്മ ഒ​രു വീ​ട്ട​ടി​മ​യ​ല്ല, വി​പ്ല​വ​ത്തി​ന്റെ ചാ​ല​ക​ശ​ക്തി​യാ​ണ്’’ എ​ന്ന്. ‘അ​മ്മ’ ര​ക്ത​ത്തി​ൽ ക​യ​റി. അ​മ്മ നാ​ട​ക​ത്തി​ൽ എ​ന്നപോ​ലെ ജീ​വി​ത​ത്തി​ലും ഞ​ങ്ങ​ളു​ടെ അ​മ്മ​മാ​ർ അ​മ്പ​ര​ന്നു നി​ന്നു.

മ​ധു മാ​ഷി​ന്റെ ശി​ഷ്യ​ന്മാ​രാ​യി​രു​ന്ന​തുകൊ​ണ്ട് തു​ട​ക്കം മു​ത​ൽ​ക്കേ ഞ​ങ്ങ​ൾ ര​ണ്ടുപേ​രും ന​ക്സ​ലൈ​റ്റു​ക​ളാ​യി​രു​ന്നി​ല്ല. ജ​യി​ലി​ൽനി​ന്നും പു​റ​ത്തുവ​ന്ന മ​ധു മാ​സ്റ്റ​ർത​ന്നെ ഒ​രു ന​ക്സ​ലൈ​റ്റ് ആ​യി​രു​ന്നി​ല്ല. ആ​ൾ​ക്കാ​രു​ടെ നോ​ട്ട​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു ന​ക്സ​ലൈ​റ്റ്. ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ ഞ​ങ്ങ​ളു​ടെ ഗു​രു​നാ​ഥ​നാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ മൊ​കേ​രി ‘അ​മ്മ’ നാ​ട​ക​ത്തി​ലെ പ്ര​ധാ​ന ന​ട​നാ​യി​രു​ന്നു. മാ​ഷാ​യി​രു​ന്നു കാ​മ്പ​സി​ൽ ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന വ​ഴി​കാ​ട്ടി. റി​ഹേ​ഴ്സ​ൽ ക്യാ​മ്പി​ലെ​ത്തി​യാ​ൽ ജ​ന​കീ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ കോ​ഴി​ക്കോ​ട്ടെ ഏ​റ്റ​വും പ്ര​ധാ​ന സം​ഘാ​ട​ക​നും അ​മ്മ​യി​ലെ മ​റ്റൊ​രു പ്ര​ധാ​ന ന​ട​നു​മാ​യ സേ​തു​വാ​ണ് സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ സം​വാ​ദ​ങ്ങ​ളു​ടെ കേ​ന്ദ്രം.

1981 ജ​നു​വ​രി 26. ഇ.​കെ. നാ​യ​നാ​രു​ടെ ഭ​ര​ണ​കാ​ല​മാ​ണ്. ചെ​ങ്കൊ​ടി അ​പ്പു​റ​ത്തു​മു​ണ്ട്. ഇ​പ്പു​റ​ത്തു​മു​ണ്ട്. കോ​ഴി​ക്കോ​ട്ട് മാ​നാ​ഞ്ചി​റ മൈ​താ​നി​യി​ൽ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ക്കു​മ്പോ​ൾ അ​തി​നെ​തി​രെ പ്ര​ക​ട​നം ന​ട​ത്താ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. വി​പ്ല​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യും സാം​സ്കാ​രി​ക വേ​ദി​യും പാ​ർ​ട്ടി​യും ഒ​ന്നി​ച്ച​ണി​നി​ര​ക്കു​ന്ന പ​രി​പാ​ടി. കൃ​ത്യം ഏ​ഴ​ര മ​ണി​ക്ക് ത​ന്നെ മാ​നാ​ഞ്ചി​റ​യു​ടെ ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന​ടു​ത്ത് പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും എ​ത്തി​ച്ചേ​ര​ണം. പി​ൽ​ക്കാ​ല​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​കീ​യ വി​ചാ​ര​ണ​യു​ടെ ജ​ഡ്ജി ആ​യ എ.​ സോ​മ​നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ നേ​താ​വ്.

ആ​ർ.​ഇ.​സിയി​ൽനി​ന്നും ഒ​രുകൂ​ട്ടം വി​ദ്യാ​ർ​ഥി സ​ഖാ​ക്ക​ളാ​ണ് കാ​ര്യ​മാ​യി ഒ​പ്പ​മു​ള്ള​ത്. രാ​ജ​ന്റെ ഓ​ർ​മയു​ടെ ചൂ​ട് കെ​ട്ട​ട​ങ്ങാ​ത്ത​തുകൊ​ണ്ട് ആ​ർ.​ഇ.​സി വി​പ്ല​വ വി​ദ്യാ​ർ​ഥിക​ളു​ടെ ശ​ക്തികേ​ന്ദ്ര​മാ​യി​രു​ന്നു. പി​ൽ​ക്കാ​ല​ത്ത് അ​പ്ര​ത്യ​ക്ഷ​നാ​യി​പ്പോ​യ ആ​ർ.​ഇ.​സി വി​ദ്യാ​ർ​ഥി അ​യ്യ​പ്പ​ൻ, ശ്രീ​നി​വാ​സ​ൻ, വി​പ്ല​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ക​രു​ത്തു​റ്റ നേ​താ​ക്ക​ളാ​യി​രു​ന്ന സെ​ക്ര​ട്ട​റി ഹ​രി​ദാ​സ്, ശ​ശി എ​ന്നി​വ​രൊ​ക്കെ എ​ന്തി​നും പോ​ന്ന സ​ഖാ​ക്ക​ളാ​യി​രു​ന്നു. വി​പ്ല​വ സം​ഘ​ട​ന​യു​ടെ മാ​ഗ​സി​ൻ ‘കോ​റ​സി’​ന്റെ എ​ഡി​റ്റ​ർ കൂ​ടി​യാ​യി​രു​ന്നു ശ​ശി. ഞാ​ന​തി​ൽ ഒ​രു ക​വി​ത എ​ഴു​തി​യി​രു​ന്നു ‘മ​ഞ്ഞ​പ്പി​ത്തം’. പാ​ർ​ട്ടി സ​ഖാ​ക്ക​ളാ​യ ഗോ​പി, മോ​ഹ​ന​ൻ, വി​ദ്യാ​ർ​ഥി സ​ഖാ​ക്ക​ളാ​യ ര​ഘു, ശി​വ​രാ​ജ​ൻ, ശി​വ​ദാ​സ​ൻ എ​ന്നി​വ​രൊ​ക്കെ പ്ര​ക​ട​ന​ത്തി​നെ​ത്തി​യി​രു​ന്നു.

അ​റ​സ്റ്റ് ഉ​റ​പ്പാ​യി​രി​ക്കുമെ​ന്ന് എ​ല്ലാ​വ​ർ​ക്കും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. തീ​രു​മാ​ന​വു​മാ​യി ത​ലേ​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽനി​ന്നും എ​ന്നോ​ട് പി​ന്മാ​റാ​ൻ ജോ​യ് ഉ​പ​ദേ​ശി​ച്ചു: ‘‘ന​മ്മ​ൾ ര​ണ്ടുപേ​രും ഒ​ന്നി​ച്ച് അ​ക​ത്താ​കു​ന്ന​ത് അ​പ​ക​ട​മാ​ണ്. ഒ​രാ​ൾ പു​റ​ത്തു​ണ്ടാ​കു​ന്ന​താണ് ന​ല്ല​ത്.’’ അ​ന്നൊ​ക്കെ എ​ന്തു പ​രി​പാ​ടി​യും ഒ​ന്നി​ച്ചേ ചെ​യ്യാ​റു​ള്ളൂ. ഞാ​ൻ പി​ന്മാ​റി​യി​ല്ല. ‘അ​മ്മ’യി​ലെ പാ​വേ​ലി​ന് പു​റ​മെ ഏ​ഥ​ൽ ലീ​ലി​യ​ൻ വോ​യ്നി​ച്ചി​ന്റെ ‘കാ​ട്ടു​ക​ട​ന്ന​ൽ’ എ​ന്ന നോ​വ​ലി​ലെ ആ​ർ​ത​റും അ​ക്കാ​ല​ത്തെ ഞ​ങ്ങ​ളു​ടെ ഹീ​റോ ആ​യി​രു​ന്നു.

ജോയ് മാത്യുവിന്റെ അച്ഛൻ പുലിക്കോട്ടിൽ മാത്യുവും ജീവിതപങ്കാളി എസ്തേർ ടീച്ചറും

ജോയ് മാത്യുവിന്റെ അച്ഛൻ പുലിക്കോട്ടിൽ മാത്യുവും ജീവിതപങ്കാളി എസ്തേർ ടീച്ചറും

മാ​നാ​ഞ്ചി​റ​യി​ൽ റി​പ്പ​ബ്ലി​ക് ഡേ ​പ​രേ​ഡി​ന്റെ ബ്യൂ​ഗി​ൾ മു​ഴ​ങ്ങി​യ​പ്പോ​ൾ ഞ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​ക​ട​നം തു​ട​ങ്ങി: ‘‘ഇ​ത് ഞ​ങ്ങ​ളു​ടെ റി​പ്പ​ബ്ലി​ക്ക​ല്ല.’’ തത്സ​മ​യം പൊ​ലീ​സു​കാ​രു​ടെ പ​ട കു​തി​ച്ചെ​ത്തി ഞ​ങ്ങ​ളെ വ​ള​ഞ്ഞി​ട്ടു പി​ടി​ച്ചു. തൂ​ക്കി​യെ​ടു​ത്ത് പൊ​ലീ​സ് വ​ണ്ടി​യി​ലേ​ക്കി​ട്ടു. ആ​രൊ​ക്കെ വ​ന്നു വ​ന്നി​ല്ല എ​ന്നൊ​ക്കെ മ​ന​സ്സി​ലാ​യ​ത് പി​ന്നീ​ടാ​ണ്. ജോ​യ് എ​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി​യി​ലു​ട​നീ​ളം ‘‘ഇ​ത് ഞ​ങ്ങ​ളു​ടെ റി​പ്പ​ബ്ലി​ക്ക​ല്ല’’ എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി തു​ട​ർ​ന്നു. സ്റ്റേ​ഷ​നി​ൽ എ​ല്ലാ​വ​രു​ടെ​യും പേ​രും വി​ലാ​സ​വു​മൊ​ക്കെ എ​ഴു​തി വാ​ങ്ങി ലോ​ക്ക​പ്പി​ല​ട​ച്ചു. ക​വി​ത​ക​ളു​ടെ​യും വി​പ്ല​വ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ​യും നേ​ര​മാ​യി​രു​ന്നു പി​ന്നീ​ട്. പൊ​ലീ​സു​കാ​ർ എ​ല്ലാം കൗ​തു​ക​പൂ​ർ​വം നി​രീ​ക്ഷി​ക്കു​ക മാ​ത്ര​മേ ചെ​യ്തു​ള്ളൂ.

‘‘ന​ഗ​ര​ത്തി​ൽ ഒ​ര​നീ​തി​യു​ണ്ടാ​യാ​ൽ അ​വി​ടെ​യൊ​രു ക​ലാ​പ​മു​ണ്ടാ​ക​ണം. ഇ​ല്ലെ​ങ്കി​ൽ സ​ന്ധ്യ മ​യ​ങ്ങും മു​മ്പ് ആ ​ന​ഗ​രം ക​ത്തി​ച്ചാ​മ്പ​ലാ​കു​ന്ന​താ​ണ് ന​ല്ല​ത്’’ -ബ്രെ​ഹ്ത് പാ​ടി​യ​ത് ലോ​ക്ക​പ്പി​ൽ അ​ല​യ​ടി​ച്ചു. സ​ന്ധ്യ മ​യ​ങ്ങും മു​മ്പ് എ​ന്തു സം​ഭ​വി​ക്കും എ​ന്ന് ഞ​ങ്ങ​ൾ ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രു​ന്നു. എ.​ സോ​മ​നും അ​യ്യ​പ്പ​നു​മാ​യി​രു​ന്നു പാ​ട്ടു​കാ​ർ. ക​ട​മ്മ​നി​ട്ട, സ​ച്ചി​ദാ​ന​ന്ദ​ൻ, കെ.​ജി.​എ​സ്, ബ്രെ​ഹ്ത്... പി​ന്നെ നാ​ട​ൻപാ​ട്ടു​ക​ൾ. ‘‘വി​പ്ല​വം ജ​ന​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​ണ്’’ -മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ക​വി​ത​ക​ളാ​യി ഒ​ഴു​കി.

പു​റ​ത്തുനി​ന്നും ഒ​രു വി​വ​ര​വും അ​ക​ത്തേ​ക്കെ​ത്തി​യി​ല്ല. വൈ​കി റി​പ്പ​ബ്ലി​ക് ഡേ ​പ​രേ​ഡി​ന​ടു​ത്ത് വ​ന്നി​രി​ക്കാ​നി​ട​യു​ള്ള​വ​ർ പി​ന്നീ​ട് എ​ന്തുചെ​യ്യു​ക​യാ​യി​രി​ക്കും എ​ന്ന​റി​യാ​നും വീ​ട്ടി​ല​റി​യി​ക്കാ​നും ഒ​രു വ​ഴി​യു​മി​ല്ലാ​യി​രു​ന്നു. വീ​ട്ടി​ല​റി​ഞ്ഞാ​ൽ അ​ച്ഛ​നും അ​മ്മ​യു​മൊ​ക്കെ എ​ന്തുചെ​യ്യും എ​ന്ന ആ​ശ​ങ്ക​യും പ​ല​രി​ലും പ​ട​ർ​ന്നി​രു​ന്നു. ‘‘ബൂ​ർ​ഷ്വാ കോ​ട​തി തു​ല​യ​ട്ടെ’’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ ന​യ​പ​ര​മാ​യ തി​രു​ത്തൊ​ന്നും വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​യി​ൽ എ​ല്ലാ​വ​രും മു​ന്നി​ൽ ക​ണ്ടു. അ​ങ്ങനെ​യെ​ങ്കി​ൽ എ​ന്തുചെ​യ്യും എ​ന്ന ആ​ലോ​ച​ന​യു​ണ്ടാ​യി. ആ​ർ​ക്കും ത​ള​ർ​ച്ച​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ഒ​ന്നി​ച്ചു നി​ൽ​ക്കു​മ്പോ​ഴു​ള്ള​തി​ന്റെ ആ​വേ​ശം ഉ​ണ്ടാ​യി​രു​ന്നുതാ​നും.

അ​ർ​ധരാ​ത്രി​യാ​യി. പൊ​ടു​ന്ന​നെ പു​റ​ത്തെ പൊ​ലീ​സു​കാ​ർ അ​ട്ട​ഹ​സി​ക്കു​ക​യും തോ​ക്ക് തു​റ​ന്ന​ട​ക്കു​കയും ചെയ്യുന്ന ശ​ബ്ദ​ം കേ​ട്ടു. ഒ​രു പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം എ​ന്നപോ​ലെ​യാ​യി​രു​ന്നു ബ​ഹ​ളം. ഒ​രു നി​മി​ഷം ഒ​രു ഞെ​ട്ട​ലു​ണ്ടാ​യെ​ങ്കി​ലും പു​റ​ത്തു​ള്ള സ​ഖാ​ക്ക​ൾ ഞ​ങ്ങ​ളെ തേ​ടി വ​ന്ന​താ​കാ​മെ​ന്ന ആ​വേ​ശ​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി ശ​ക്ത​മാ​യി. അ​ക​ത്ത് ഞ​ങ്ങ​ളു​ണ്ട് എ​ന്ന അ​റി​യി​ക്ക​ലാ​യി​രു​ന്നു അ​ത്. പ​തു​ക്കെ പൊ​ലീ​സ് അ​ട്ട​ഹാ​സം ഒ​ന്ന​ട​ങ്ങി. പു​റ​ത്തുനി​ന്നും വ​ന്ന​വ​രോ​ട് പൊ​ലീ​സു​കാ​ർ മാ​ന്യ​മാ​യി സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കാ​നാ​യി. ഇ​രു​ട്ടി​ൽ ഒ​രു സ്ത്രീ ​ലോ​ക്ക​പ്പി​ന​ടു​ത്തേ​ക്ക് വ​ന്നു. അ​ത് ജോ​യി​യു​ടെ അ​മ്മ എ​സ്തേ​ർ ടീ​ച്ച​റാ​യി​രു​ന്നു.

‘‘പ്രേം​ച​ന്ദെ​വി​ടെ?’’ ടീ​ച്ച​റു​ടെ ശ​ബ്ദം മു​ഴ​ങ്ങി. മു​ദ്രാ​വാ​ക്യം വി​ളി നി​ർ​ത്തി. ഇ​രു​ട്ടി​ന്റെ മൂ​ല​യി​ൽനി​ന്നും ഞാ​നെ​ഴു​ന്നേ​റ്റ് മു​ന്നോ​ട്ട് വ​ന്ന് ലോ​ക്ക​പ്പി​ന്റെ അ​ഴി പി​ടി​ച്ചു നി​ന്നു. ടീ​ച്ച​ർ​ക്ക് ചു​റ്റും സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ർ മു​ഴു​വ​നു​മു​ണ്ട്. അ​സ​മ​യ​ത്ത് സ​മ്മ​തം ചോ​ദി​ക്കാ​തെ ആ​രെ​ങ്കി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്നുക​യ​റി​യാ​ൽ ന​ട​ക്കു​ന്ന പ​തി​വ് പൊ​ലീ​സ് പ്ര​തി​രോ​ധ​മാ​യി​രു​ന്നു കേ​ട്ട ശ​ബ്ദ​ഘോ​ഷം. ലോ​ക്ക​പ്പി​ൽ ന​ക്സ​ലൈ​റ്റു​ക​ളാ​യ​തുകൊ​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണ​ത്തോ​ടു​ള്ള ഒ​രു ക​രു​ത​ൽ.

ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ര​ണ്ടാം ഗേറ്റ് ക​ട​ന്ന ഉ​ട​നെ​യു​ള്ള ആ​ദ്യ​ത്തെ ക​ട​യാ​യി​രു​ന്നു ജോ​യി​യു​ടെ അ​ച്ഛ​ൻ പു​ലി​ക്കോ​ട്ടി​ൽ മാ​ത്യു​ച്ചാ​യ​ന്റെ ‘ഇ​ന്ത്യാ ട​യേ​ഴ്സ്’. സ്റ്റേ​ഷ​ൻ എ​സ്.ഐയ​ട​ക്കം എ​ല്ലാ പൊ​ലീ​സു​കാ​ർ​ക്കും സു​പ​രി​ചി​ത​ൻ. ടീ​ച്ച​ർ​ക്ക് തൊ​ട്ടു​പി​റ​കെ മാ​ത്യു​ച്ചാ​യ​നെ ക​ണ്ട​പ്പോ​ഴാ​ണ് പൊലീ​സു​കാ​ർ അ​ട​ങ്ങി​യ​ത്.

ലോ​ക്ക​പ്പി​ന് മു​ന്നി​ൽ വ​ന്നു​നി​ന്ന് ആ ​അ​മ്മ എ​ല്ലാ​വ​രോ​ടു​മാ​യി ഒ​രു പ്ര​സം​ഗം ത​ന്നെ ന​ട​ത്തി. ‘‘എ​ന്തുപ​റ്റി നി​ന​ക്ക് ഇ​ങ്ങ​നെ​യൊ​രു കൂ​ട്ട​രോ​ടൊ​പ്പം ചേ​രാ​ൻ? എ​ന്റെ മോ​നാ​ണ് ഇ​വ​നെ വ​ഴി തെ​റ്റി​ച്ച​ത്. അ​വ​നെ ഞാ​ൻ വീ​ട്ടി​ൽ ക​യ​റ്റി​യി​ട്ടി​ല്ല. ഇ​വ​നെ വി​ടീ​ച്ചി​ട്ട് വീ​ട്ടി​ൽ ക​യ​റി​യാ​ൽ മ​തീ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​ൻ പ​ക​രം ഇ​വി​ടെ വ​ന്നു കി​ട​ക്ക​ട്ടെ. സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി​ക​ളു​ടെ കു​ടും​ബ​മാ​ണ് ച​ന്തു ഏ​ട്ട​ന്റേ​ത്. അ​വ​രൊ​ന്നും ഇ​ത്ത​രം കൂ​ട്ടു​കെ​ട്ട് പൊ​റു​ക്കി​ല്ല. വീ​ട്ടി​ൽ പ​റ​ഞ്ഞി​ട്ടാ​ണോ ഇ​തി​നി​റ​ങ്ങി​യ​ത്? അ​ല്ല​ല്ലോ. ഇ​തി​ന് പു​റ​പ്പെ​ടു​മ്പം അ​ച്ഛ​നും അ​മ്മ​യു​മൊ​ക്കെ ഉ​ണ്ട് എ​ന്ന് ഓ​ർ​ക്ക​ണ​മാ​യി​രു​ന്നു.’’

പൊ​ലീ​സു​കാ​ർ സ്തബ്ധരാ​യി നോ​ക്കിനി​ന്നു. മാ​ത്യു​ച്ചാ​യ​നോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥം അ​വ​ർ ഇ​ട​പെ​ട്ട​തേ​യി​ല്ല. ഒ​ര​മ്മ​ക്ക്, ടീ​ച്ച​ർ​ക്ക് പൊലീ​സ് സ്റ്റേ​ഷ​ന​ക​ത്ത് വെ​ട്ടി​പ്പി​ടി​ക്കാ​നാ​യ നി​മി​ഷ​ങ്ങ​ൾ. സം​സാ​രം നി​ർ​ത്താ​താ​യ​പ്പോ​ൾ മാ​ത്യു​ച്ചാ​യ​ൻ അ​ക​ത്തേ​ക്ക് വ​ന്ന് അ​വ​രെ ഒ​രുവി​ധം സ​മാ​ധാ​നി​പ്പി​ച്ച് പു​റ​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ‘‘ക​ണ്ടി​ല്ലേ വ​രു​ത്തിവ​ച്ച​ത്’’ എ​ന്ന അ​മ​ർ​ഷ​ത്തോ​ടെ​യു​ള്ള ഒ​രു നോ​ട്ടം എ​ല്ലാ​വ​രെ​യും നോ​ക്കി അ​ദ്ദേ​ഹം കൊ​ടു​ങ്കാ​റ്റുപോ​ലെ ക​ട​ന്നു​പോ​യി.

കു​റേ നേ​രം നി​ശ്ശ​ബ്ദ​ത മാ​ത്രം. പി​ന്നെ അ​വ​ർ പോ​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഖാ​ക്ക​ൾ ഒ​രു വി​മ​ർശ​നം ഉ​ന്ന​യി​ച്ചു. ‘‘ആ ​അ​മ്മ​യു​ടെ വി​കാ​രം ഞ​ങ്ങ​ൾ​ക്ക് മ​ന​സ്സി​ലാ​കും. എ​ന്നാ​ൽ ‘കൂ​ട്ടു​കെ​ട്ട്’ തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ സ​ഖാ​വ് തി​രു​ത്ത​ണ​മാ​യി​രു​ന്നു. എ​ല്ലാ​വ​ർ​ക്കു​മു​ണ്ട് അ​ച്ഛ​നും അ​മ്മ​യു​മൊ​ക്കെ എ​ന്ന് പ​റ​യ​ണ​മാ​യി​രു​ന്നു.’’ ഒ​ന്നും പ​റ​യാ​നാ​വാ​തെ ക​ര​ച്ചി​ലി​ന്റെ വ​ക്ക​ത്താ​യി​രു​ന്നു ഞാ​ൻ. എ​ന്റെ വീ​ട്ടി​ൽനി​ന്ന് അ​മ്മ​യോ അ​ച്ഛ​നോ അ​തു​പോ​ലെ അ​ന്വേ​ഷി​ച്ച് വ​ന്നി​രു​ന്നി​ല്ല. ഓ​ടി​യെ​ത്തി​പ്പോ​യ അ​മ്മ എ​സ്തേ​ർ ടീ​ച്ച​റാ​യി​രു​ന്നു.

പി​ൽ​ക്കാ​ല​ത്ത് ക​ല​ക്ട​റും ചീ​ഫ് സെക്ര​ട്ട​റി​യും വൈ​സ് ചാ​ൻ​സ​ല​റും ഗാ​ന​ര​ച​യി​താ​വു​മൊ​ക്കെ​യാ​യ അ​ന്ന​ത്തെ ആ​ർ.​ഡി.​ഒ കൂ​ടി​യാ​യ സ​ബ് ക​ല​ക്ട​ർ കെ. ​ജ​യ​കു​മാ​റി​ന്റെ ചേ​ംബറി​ലാ​ണ് പി​റ്റേ​ന്ന് രാ​വി​ലെ ഞ​ങ്ങ​ളെ ഹാ​ജ​രാ​ക്കി​യ​ത്. ഒ​പ്പ​മു​ള്ള വി​ദ്യാ​ർ​ഥി സ​ഖാ​വ് ശി​വ​രാ​ജി​ന്റെ അ​ച്ഛ​ൻ ഹ​രി​ദാ​സ് അ​ന്ന് കോ​ഴി​ക്കാ​ട്ടെ പ്ര​മു​ഖ വ​ക്കീ​ലാ​ണ്. അ​ച്ഛ​ന്റെ സു​ഹൃ​ത്തു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം മ​ക​നെ ജാ​മ്യ​ത്തി​ലെ​ടു​ക്കാ​ൻ വ​ന്നി​രു​ന്നു. കോ​ട​തി മു​മ്പാ​കെ ഞ​ങ്ങ​ൾ നി​ർ​ത്താ​തെ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ‘‘ബൂ​ർ​ഷ്വാ കോ​ട​തി തു​ല​യ​ട്ടെ, ഇ​ത് ഞ​ങ്ങ​ളു​ടെ റി​പ്പ​ബ്ലി​ക്ക​ല്ല. അ​നീ​തി​ക്കെ​തി​രെ ക​ലാ​പംചെ​യ്യു​ന്ന​ത് ന്യാ​യ​മാ​ണ്.’’ ഒ​രു ചെ​റുചി​രി​യോ​ടെ ജ​യ​കു​മാ​ർ ഞ​ങ്ങളെ നോ​ക്കി ശാ​ന്ത​രാ​കാ​ൻ പ​റ​ഞ്ഞു. പി​ന്നെ ഞ​ങ്ങ​ൾ അ​ട​ങ്ങുംവ​രെ കാ​ത്തു​നി​ന്നു. ശി​വ​രാ​ജി​ന്റെ അ​ച്ഛ​ൻ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​യി​രു​ന്നോ ജാ​മ്യാ​പേ​ക്ഷ കൊ​ടു​ത്തി​രു​ന്ന​ത് എ​ന്നോ​ർ​മയി​ല്ല. ജ​യ​കു​മാ​റി​ന്റെ കോ​ട​തി എ​ല്ലാ​വ​രെ​യും സ്വ​ന്തം ജാ​മ്യ​ത്തി​ൽ വി​ട്ടു.

പു​റ​ത്ത് ജോ​യ് മാ​ത്യു കാ​ത്തുനി​ൽപു​ണ്ടാ​യി​രു​ന്നു. എ​ങ്ങ​നെ വീ​ട്ടി​ൽ പോ​കും എ​ന്ന​താ​യി​രു​ന്നു ആ​ശ​ങ്ക. അ​വ​ൻ കൂ​ടെ വ​ന്നു. വീ​ട് ഒ​രു മ​രി​ച്ച​ വീ​ടാ​യി മാ​റി​യി​രു​ന്നു. എ​ല്ലാ​വ​രും ത​ള​ർ​ന്നു കി​ട​ക്കു​ന്നു. ആ​രും ഒ​ന്നും പ​റ​ഞ്ഞി​ല്ല. അ​തൊ​രു നീ​ണ്ട നി​ശ്ശ​ബ്ദ​ത​യാ​യി​രു​ന്നു. വി​ട്ടു​മാ​റാ​ൻ ഏ​റെ സ​മ​യ​മെ​ടു​ത്തു.

‘‘ ‘ഗാ​ല​ക്സി’യി​ൽ (ജോ​യി​യു​ടെ വീ​ടി​ന്റെ പേ​ര്) ഒ​ന്ന് പോ​യി വ​രാം. ഇ​വ​നെ കൂ​ട്ടി​ച്ചെ​ല്ലാ​തെ അ​മ്മ എ​ന്നെ വീ​ട്ടി​ൽ ക​യ​റ്റി​ല്ല. അ​മ്മ​യെ ക​ണ്ടി​ട്ട് വ​രാം’’ എ​ന്നു പ​റ​ഞ്ഞ് ജോ​യ് എ​ന്നെ ‘ഗാ​ല​ക്സി’യി​ലേ​ക്ക് കൂ​ട്ടി. അ​വി​ടെ​യും ഒ​രു കു​റ്റ​പ്പെ​ടു​ത്ത​ലു​മു​ണ്ടാ​യി​ല്ല. ‘‘ആ​രും ദൈ​വ​മൊ​ന്നു​മ​ല്ല. ദൈ​വ​മൊ​ട്ടാ​കാ​നും പ​റ്റി​ല്ല. തെ​റ്റ് എ​ല്ലാ​വ​ർ​ക്കും പ​റ്റും. അ​ത് തി​രു​ത്തിവേ​ണം മു​ന്നോ​ട്ടു പോ​കാ​ൻ.’’ -എ​സ്തേ​റ​മ്മ ഉ​പ​ദേ​ശി​ച്ചു.

ഞ​ങ്ങ​ൾ വീ​ണ്ടും ലോ​ക​ത്തേ​ക്കി​റ​ങ്ങി. ‘‘നീ​യി​നി അ​ങ്ങ​നെ സ​ജീ​വ​മാ​യി ഇ​റ​ങ്ങേ​ണ്ട. ഒ​രാ​ൾ പു​റ​ത്ത് വേ​ണം. എ​നി​ക്കെ​ന്താ​യാ​ലും നാ​ട​കം വി​ടാ​നാ​വി​ല്ല’’ –ജോ​യ് ത​റ​പ്പി​ച്ചു പ​റ​ഞ്ഞു. ‘‘അ​തൊ​ക്കെ ഉ​ണ്ടാ​കും. എ​ല്ലാ അ​മ്മ​മാ​രും ഇ​ങ്ങനെ​യാ​ണ്. അ​മ്മ അ​റി​യ​ണം, നി​ങ്ങ​ൾ എ​ന്തുചെ​യ്യു​ന്നു എ​ന്ന്’’ – മ​ധു മാ​ഷ് ഉ​പ​ദേ​ശി​ച്ചു. അ​ഞ്ചു വ​ർ​ഷ​ത്തി​ന​പ്പു​റം 1986ൽ ​ജോ​ൺ എ​ബ്ര​ഹാം ‘അ​മ്മ അ​റി​യാ​ൻ’ ചെ​യ്യു​മ്പോ​ൾ മ​ക്ക​ൾ എ​ന്തുചെ​യ്യു​ന്നു എ​ന്ന​ത് അ​മ്മ അ​റി​യ​ണം എ​ന്ന സ​ന്ദേ​ശം അ​തി​ൽ ഒ​ഴു​കി എ​ത്തി​യി​രു​ന്നു. അ​മ്മ​യോ​ടു​ള്ള മ​ക​ന്റെ ആ​ത്മ​ഭാ​ഷ​ണ​മാ​യി​രു​ന്നു അ​ത്.

പൂ​ത്തി​രി ക​ത്തിത്തീ​ർ​ന്ന​തുപോ​ലെ സാം​സ്കാ​രി​ക വേ​ദി​ക്കാ​ലം ക​ത്തി​യാ​ളി കെ​ട്ട​ട​ങ്ങാ​ൻ അ​ധി​കദൂ​രം പോ​കേ​ണ്ടി വ​ന്നി​ല്ല. ഏ​താ​നും മാ​സ​ങ്ങ​ളേ വേ​ണ്ടിവ​ന്നു​ള്ളൂ. മ​ക്ക​ളു​ടെ തി​രി​ച്ചുവ​ര​വും കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അ​പ്പോ​ഴും അ​മ്മ​മാ​ർ വീ​ട്ടി​ൽ. ചി​ന്താ പ്ര​യോ​ഗ​ത്തി​ന്റെ കാ​ല​മാ​യി​രു​ന്നു പി​ന്നീ​ട്.

1986ൽ ‘​മാ​തൃ​ഭൂ​മി’യി​ലെ​ത്തി ആ​ദ്യ ര​ണ്ടു വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ടി​ങ് കാ​ലം പ​ഴ​യ ആ​ക്ടി​വി​സ്റ്റ് കാ​ല​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു​വെ​ങ്കി​ലും 1988ൽ ​​െഡ​സ്ക് ജീ​വി​തം തു​ട​ങ്ങി​യ​തോ​ടെ അ​ത് തീ​രാ​ത്ത നി​ദ്ര​യു​മാ​യു​ള്ള മ​ല്ലി​ട​ലാ​യി​രു​ന്നു. ബ​യോ​ള​ജി​ക്ക​ൽ ക്ലോ​ക്കി​ന്റെ മ​ര​ണ​മാ​ണ് ഡ​സ്ക് ജീ​വി​തം. ഉ​റ​ക്ക​മൊ​ഴി​ച്ചി​ലി​ന്റെ രാ​ത്രി​ക​ൾ തീ​രാ​ തു​ട​ർ​ച്ച​യാ​യി​രു​ന്നു. ഉ​ച്ച​യാ​കും എ​ഴു​ന്നേ​ൽ​ക്കാ​ൻ. ഭ​ക്ഷ​ണ​വും ക​ഴി​ഞ്ഞ് ഉ​ച്ച​മ​യ​ക്ക​ത്തി​ന്റെ മു​ന​മ്പി​ലി​രി​ക്കുമ്പോ​ഴാ​ണ് പ​ണി​യൊ​ക്കെ ക​ഴി​ഞ്ഞ് അ​മ്മ അ​രി​കി​ൽ വ​ന്ന് വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞുതു​ട​ങ്ങു​ക. പാ​തി​നി​ദ്ര​യി​ലാ​ണ​ത് കേ​ൾ​ക്കു​ക. പ​ല​പ്പോ​ഴും പാ​തി കേ​ട്ട് ഉ​റ​ങ്ങി​പ്പോ​കും. കേ​ട്ട​തെ​ന്താ​യി​രു​ന്നു എ​ന്ന് ഉ​ണ​രു​മ്പോ​ൾ മ​റ​ന്നും പോ​കും. ആ​രും കേ​ൾ​ക്കാ​നി​ല്ലെ​ങ്കി​ലും ഒ​റ്റ​ക്ക് മ​ര​ച്ചി​ല്ല​യി​ലി​രു​ന്നു പാ​ടു​ന്ന കി​ളി​യു​ടെ പാ​ട്ടുപോ​ലെ​യാ​യി​രു​ന്നു അ​മ്മ​യു​ടെ ക​ഥ​പ​റ​ച്ചി​ലു​ക​ൾ.

അ​ച്ഛ​ന്റെ മ​ര​ണ​വും പി​ന്നി​ട്ട്, മ​ക്ക​ളെ​ല്ലാം തി​ര​ക്കു​ക​ളു​ടെ ലോ​ക​ത്തേ​ക്ക് പ​റ​ന്നുപോ​യ കാ​ല​ത്താ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വ​ര​വു​ക​ളി​ൽ അ​മ്മ ഒ​റ്റ​ക്കി​രു​ന്ന് എ​ഴു​തു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. വീ​ട്ടി​ൽ പ​ല കാ​ല​ങ്ങ​ളി​ൽ എ​ത്തി​പ്പെ​ട്ട ഡ​യ​റി​ക​ളെ​ല്ലം അ​മ്മ സ്വ​ന്തം നോ​ട്ട് പു​സ്ത​ക​ങ്ങ​ളാ​ക്കി മാ​റ്റി. ജീ​വി​ച്ച കാ​ല​ത്തി​ന്റെ പ്ര​ള​യ​ജ​ല​ത്തി​ൽ ഒ​രെ​ഴു​ത്ത​മ്മ പ്രാ​ണി​യെ​പ്പോ​ലെ സ്വ​ന്തം സ​മ​യ​ത്തി​ൽ ത​ല​പൂ​ഴ്ത്തി ത​ന്റെ ആ​ത്മ​ക​ഥ നി​ര​ന്ത​രം മാ​റ്റി​യെ​ഴു​തി​യ ഒ​രെ​ഴു​ത്തു​കാ​രി​യാ​യി​രു​ന്നു അ​മ്മ. ‘‘മ​രിക്കു​മ്പോ​ൾ ആ​ർ​ക്കും ഒ​ന്നും കൊ​ണ്ടുപോ​കാ​നാ​വി​ല്ല’’ എ​ന്ന​താ​യി​രു​ന്നു അ​മ്മ​യു​ടെ പ്രി​യ​പ്പെ​ട്ട സി​ദ്ധാ​ന്തം. പ്രാ​യം കൂ​ടുംതോ​റും അ​മ്മ പ​തു​ക്കപ്പ​തു​ക്കെ എ​ല്ലാം ഉ​പേ​ക്ഷി​ച്ചുപോ​ന്നു. ഒ​രുത​രം ഭാ​ര​മി​ല്ലാ​യ്മ​യി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി​രു​ന്നു അ​ത്.

പി​ന്നി​ട്ട വ​ഴി​ക​ൾ വ​രും ത​ല​മു​റ​ക​ൾ​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​െവ​ച്ച അ​ച്ഛ​​ന്റെ പാ​പ്പ​ൻ, രാ​രി​ച്ച​പ്പാ​പ്പ​​ന്റെ ‘പൊ​റ്റ​ങ്ങാ​ടി ത​റ​വാ​ടി​​ന്റെ ഓ​ർ​മ​ച്ച​രി​ത്രം’ അ​മ്മ​ക്കാ​യി​രു​ന്നു കൈ​മാ​റി​യ​ത്. ജ​നി​ച്ചു വ​ള​ർ​ന്ന അ​ച്ഛ​​ന്റെയും അ​മ്മ​യു​ടെ​യും ത​റ​വാ​ടു​ക​ളി​ലെ താ​വ​ഴി പ​ര​മ്പ​ര​ക​ളെ മ​ന​സ്സി​ലാ​ക്കു​കത​ന്നെ പ്ര​യാ​സ​മാ​യി​രു​ന്നു. അ​മ്മ അ​തി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം പ​ണി​യെ​ടു​ത്തു. പി​ന്നെ അ​തും മ​തി​യാ​ക്കി. ‘‘ഇ​നി നീ ​നോ​ക്കി​ക്കോ’’ എ​ന്നു പ​റ​ഞ്ഞ് ത​റ​വാ​ടി​​ന്റെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ പു​സ്ത​കം ഒ​രു ബാ​റ്റ​ൺ കൈ​മാ​റുംപോ​ലെ എ​നി​ക്ക് കൈ​മാ​റി. അ​വ​രെ​പ്പോ​ലെ ത​റ​വാ​ടി​ൽ ഉ​ൾ​ച്ചേ​ർ​ന്ന ജീ​വി​ത​മ​ല്ലാ​ത്ത​തുകൊ​ണ്ടുത​ന്നെ കു​ടും​ബ​ത്തി​​ന്റെ അ​റ്റ​ങ്ങ​ൾ എ​വി​ടെ​യാ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കു​കപോ​ലും എ​നി​ക്ക് അ​സാ​ധ്യ​മാ​യി​രു​ന്നു. എ​നി​ക്ക​ത് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നാ​യി​ല്ല. അ​മ്മ​യു​ടെ അ​സം​ഖ്യം നോ​ട്ടു​പു​സ്ത​ക​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ഴും ചി​ത​റി​ക്കി​ട​ക്കു​ന്നു. അ​തൊ​രു കൂ​മ്പാ​രം ത​ന്നെ​യു​ണ്ട്. ഒ​പ്പം നി​ര​ന്ത​രം തി​രു​ത്തി​യെ​ഴു​തി കാ​ടും പ​ട​ലും ക​ത്തി​ച്ചു ക​ള​ഞ്ഞ സ്വ​ന്തം ജീ​വ​ച​രി​ത്ര​ത്തി​ന്റെ മെ​ലി​ഞ്ഞ പ​തി​പ്പും. മ​റ്റാ​ർ​ക്കെ​ങ്കി​ലും പി​ൽ​ക്കാ​ല​ത്ത് വേ​ദ​ന​യു​ണ്ടാ​ക്കി​യേ​ക്കും എ​ന്നു തോ​ന്നു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് അ​മ്മ അ​ങ്ങനെ വെ​ട്ടി​മാ​റ്റി തി​രു​ത്തി എ​ഴു​തി​യ​ത് എ​ന്ന് പ​റ​ഞ്ഞുത​ന്ന​ത് അ​മ്മ​യു​ടെ അ​നു​ജ​ത്തി, ഗീ​ത ഇ​ള​യ​മ്മ​യാ​ണ്. അ​വ​രാ​യി​രു​ന്നു അ​മ്മ​യു​ടെ ആ​ദ്യ വാ​യ​ന​ക്കാ​രി. ‘‘അ​തി​ൽ പ​ല​തു​മു​ണ്ടാ​യി​രു​ന്നു, പി​ന്നെ അ​തൊ​ക്കെ അ​മ്മ വേ​ണ്ടെ​ന്നുെവ​ച്ച​താ​ണ്’’ –അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം അ​വ​രെ​ഴു​തി​ക്കൂ​ട്ടി​യ പു​സ്ത​ക​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്ക് മു​ന്നി​ലി​രി​ക്കു​മ്പോ​ൾ ഗീ​ത ഇ​ള​യ​മ്മ പ​റ​ഞ്ഞു.

അമ്മയുടെ വിവാഹ ക്ഷണക്കത്ത്

അമ്മയുടെ വിവാഹ ക്ഷണക്കത്ത്

അ​ച്ഛ​​ന്റെ മ​ര​ണ​ശേ​ഷ​മാ​ണ് എ​ഴു​തി​െവ​ച്ച സ്വ​ന്തം ‘ജീ​വി​ത​ക​ഥ’ ആ​രെ​യും മു​ഷി​പ്പി​ക്കാ​തി​രി​ക്കാ​ൻ മാ​റ്റി​യെ​ഴു​തി അ​മ്മ ചു​രു​ക്കി​ക്ക​ള​ഞ്ഞ​ത്. അ​ടു​ത്ത കൂ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ‘ആ​ദ്യ​പ്ര​തി’ വാ​യി​ക്കാ​ൻ കൊ​ടു​ത്ത് അ​തി​​ന്റെയൊ​ക്കെ പ്ര​തി​ക​ര​ണ​ങ്ങ​ൾ തേ​ടി​യ ശേ​ഷ​മാ​ണ് അ​മ്മ ഈ ​വെ​ട്ടി​ച്ചു​രു​ക്ക​ൽ ന​ട​ത്തി​യ​ത്. അ​മ്മ ജ​നി​ച്ചു വ​ള​ർ​ന്ന അ​മ്മ​മ്മ​യു​ടെ ത​റ​വാ​ടാ​യ ‘കൊ​ന്ത​നാ​ട​ത്ത്’, അ​മ്മ​മ്മ​യെ ക​ല്യാ​ണം ക​ഴി​ച്ചു കൊ​ണ്ടു​പോ​യ ‘ഇ​ത്തി​ൾ​ക്ക​ണ്ടി’, അ​മ്മ ക​ല്യാ​ണം ക​ഴി​ച്ചെ​ത്തി​യ ‘പൊ​റ്റ​ങ്ങാ​ടി’ എ​ന്നി​ങ്ങ​നെ മൂ​ന്ന് പു​രാ​ത​ന ത​റ​വാ​ടു​ക​ളി​ലേ​ക്കു​ള്ള കൈ​വ​ഴി​ക​ൾ അ​മ്മ വ​ര​ച്ചി​ട്ടി​ട്ടു​ണ്ട്. അ​മ്മ മ​രി​ച്ചശേ​ഷ​മാ​ണ് വെ​ട്ടി​ച്ചു​രു​ക്കി​യ ആ ​കൊ​ച്ചു നോ​ട്ടുപു​സ്ത​കം എ​ന്റെ കൈയിൽ കി​ട്ടു​ന്ന​ത്.​ അ​മ്മ എ​ഴു​തിെവ​ച്ച​ത് ഓ​ർ​മി​ച്ച​തി​നേ​​ക്കാ​ളേ​റെ മ​റ​ച്ചു​​െവ​ച്ച​വ​യാ​യി​രു​ന്നു.

സ്വ​ന്തം നോ​ട്ട് പു​സ്ത​ക​ങ്ങളി​ലേ​ക്ക് പി​ൻ​വാ​ങ്ങി എ​ഴു​ത്തി​ലേ​ക്ക് മാ​ത്ര​മാ​യി ഒ​തു​ങ്ങി​യ ജീ​വി​ത​മാ​യി​രു​ന്നു അ​മ്മ​യു​ടെ അ​വ​സാ​ന കാ​ലം. എ​ഴു​തി​ക്കൂ​ട്ടി വെക്കുന്ന​തൊ​ന്നും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കി​ല്ലെ​ന്നും വീ​ട്ടി​ലെ ഏ​ക പെ​ൺ​ത​രി​യാ​യ മ​ക​ൾ മു​ക്ത വ​ലു​താ​കു​മ്പോ​ൾ അ​തൊ​ക്കെ അ​വ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നു​ള്ള പെ​ൺ​ക​രു​ത​ലും അ​മ്മ​യു​ടെ സൂ​ക്ഷി​പ്പി​ലു​ണ്ടാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യസ​മ​രം മു​ത​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ വ​രെ​യു​ള്ള നീ​ണ്ട അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു അ​ച്ഛ​ന്. എ​ന്നാ​ൽ ഒ​രു വ​രി ഓ​ർ​മപോ​ലും എ​ഴു​തിവെക്കാ​തെ വി​ടപ​റ​ഞ്ഞ അ​ച്ഛ​​ന്റെ, പൊ​റ്റ​ങ്ങാ​ടി ച​ന്തു​വി​​ന്റെ നി​ശ്ശബ്ദ​ത ഒ​രു പ്ര​ഹേ​ളി​ക​യാ​യാ​ണ് മു​ന്നി​ലു​യ​ർ​ന്ന​ത്. മു​തി​ർ​ന്ന​പ്പോ​ൾ പി​ന്നി​ട്ട​ത് എ​ന്താ​യി​രു​ന്നു എ​ന്ന് അ​ച്ഛ​നോ​ടും അ​മ്മ​യോ​ടും ചോ​ദി​ച്ച​റി​യാ​നും സ​മ​യം ക​ണ്ടെ​ത്തി​യി​ല്ല. അ​തൊ​രു ഖേ​ദ​മാ​യി അ​വ​ശേ​ഷി​ച്ചു.

ആ​ത്മ​ക​ഥ​ക​ൾ അ​സാ​ധ്യ​മാ​യ സ്ത്രീ ​ജീ​വി​ത​ങ്ങ​ളെ​യാ​ണ് അ​മ്മ​യും ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. അ​ങ്ങനെ എ​ഴു​തു​ന്ന​വ​രും എ​ഴു​തി തി​രു​ത്തി​യ​വ​രും എ​ഴു​താ​തെ പോ​യ​വ​രു​മാ​യ പെ​ണ്ണെ​ഴു​ത്തു​ക​ളു​ടെ ക​ട​ലു​ക​ൾ ന​മ്മു​ടെ എ​ഴു​ത്തി​ന്റെ ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മേ അ​ല്ല. എ​ഴു​ത്തി​ന്റെ ച​രി​ത്രം ആ ​ക​ട​മ്പ​യെ പ​ല വ​ഴി​ക​ളി​ലൂ​ടെ അ​തി​ജീ​വി​ച്ച​വ​രു​ടെ മാ​ത്രം ഹ്ര​സ്വ​ ച​രി​ത്ര​മാ​ണ്. പ​റ​ഞ്ഞ​തി​നേ​ക്കാ​ൾ പ​റ​യാ​തെ പോ​യ​ത് ത​ന്നെ​യാ​ണ് ബൃ​ഹ​ത്ത്. അ​മ്മ​യെ​പ്പോ​ലെ ഓ​രോ അ​മ്മ​യും എ​ഴു​ത​പ്പെ​ടാ​ത്ത ച​രി​ത്ര​ങ്ങ​ളാ​യി ഓ​രോ വീ​ട്ടി​ലു​മു​ണ്ടാ​കും.

അ​യ​ൽ​പ​ക്ക​ത്ത് എ​ഴു​ത്തു​കാ​രി​യാ​യ മാ​ധ​വി​ക്കു​ട്ടി വ​രു​മ്പോ​ഴൊ​ക്കെ അ​വ​രെ കാ​ണാ​ൻ വ​ല്യ​മ്മ​മാ​രെ​യും കൂ​ട്ടി അ​മ്മ​യും പോ​കു​മാ​യി​രു​ന്ന​ത് ഓ​ർ​മയു​ണ്ട്. ത​റ​വാ​ടി​ന്റെ ച​രി​ത്ര​മെ​ഴു​ത്തു​കാ​രി​യാ​യ​തുകൊ​ണ്ടുത​ന്നെ മാ​ധ​വി​ക്കു​ട്ടി​യു​ടെ ‘എ​ന്റെ ക​ഥ’ അ​മ്മ​യെ​യും സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​കും. മാ​ധ​വി​ക്കു​ട്ടി ത​ന്നെ​യും പി​ൽ​ക്കാ​ല​ത്ത് ഒ​ര​ഭി​മു​ഖ​ത്തി​ൽ ‘എ​ന്റെ ക​ഥ’ ഒ​രു ക​ഥ മാ​ത്ര​മാ​ണെ​ന്നും അ​ത് വാ​യ​ന​ക്കാ​ർ വാ​യി​ച്ച് അ​മ്പ​ര​ക്കു​ന്ന​ത് ഓ​ർ​ത്തു ത​ങ്ങ​ൾ കു​ടും​ബസ​മേ​തം വീ​ട്ടി​ലി​രു​ന്ന് ചി​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞ​ത് ഓ​ർ​ക്കു​ന്നു. അ​ക്കാ​ല​ത്തെ മ​ദി​രാ​ശി യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പ്രൊ​വി​ഡ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​മ്മ. 1955ൽ ​പ​ത്തൊ​മ്പ​താം വ​യ​സ്സി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ പ​ഠി​പ്പ് നി​ന്നു. ‘‘പെ​ൺ​കു​ട്ടി​ക​ളു​ടെ പ​ഠി​പ്പി​ന്റെ കാ​ര്യ​ത്തി​ൽ അ​ച്ഛ​ന് വ​ലി​യ ശ്ര​ദ്ധ​യി​ല്ല. ആ​ൺ​കു​ട്ടി​ക​ളെ മാ​ത്രം ശ്ര​ദ്ധി​ക്കും. അ​വ​ർ പ​ഠി​ച്ച് ജോ​ലി വാ​ങ്ങ​ണ്ടെ’’ എ​ന്ന് ആ​ത്മ​ക​ഥ​യി​ൽ അ​മ്മ കു​റി​ച്ചി​ട്ടി​ട്ടു​ണ്ട്. അ​തി​ൽ അ​ക്കാ​ല​ത്തെ ലിം​ഗ​പ​ദ​വി​യു​ടെ രാ​ഷ്ട്രീ​യം ഇ​ന്നു വാ​യി​ക്കാം. ‘‘പി​ന്നീ​ട് വി​വാ​ഹം ക​ഴി​ഞ്ഞ​തി​നാ​ൽ പ​ഠി​പ്പ് നി​ർ​ത്തി’’ എ​ന്നും കു​റി​ച്ചി​ടു​ന്നു.

പ്രേംചന്ദിന്റെ അച്ഛൻ ചന്തുവും അമ്മ തുളസിയും

പ്രേംചന്ദിന്റെ അച്ഛൻ ചന്തുവും അമ്മ തുളസിയും

അ​ക്കാ​ല​ത്തെ പ്രൊ​വി​ഡ​ൻ​സ് കോ​ള​ജി​ലെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ അ​വ​സാ​നംവ​രെ അ​മ്മ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി ഉ​ണ്ടാ​യി​രു​ന്നു. പൊ​തുജീ​വി​തം എ​ന്നുപ​റ​യാ​ൻ കോ​ഴി​ക്കോ​ട്ടെ ശ്രീ​നാ​രാ​യ​ണ മി​ഷൻ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു അ​വ​സാ​നം വ​രെ.

മൂ​ന്നാ​ൺമ​ക്ക​ളാ​യി​രു​ന്നു അ​മ്മ​ക്ക്. കു​ട്ടി​ക്കാ​ലം മു​ത​ൽ മൂ​ന്നു​പേ​രെ​യും അ​മ്മ അ​ടു​ക്ക​ളപ്പണി മു​ഴു​വ​നും പ​ഠി​പ്പി​ച്ചു. അ​ത് വീ​ട്ടി​ലെ സ്വാ​ഭാ​വി​ക​മാ​യ ശീ​ല​മാ​യി​രു​ന്നു. തേ​ങ്ങ ചി​ര​ക​ൽ മു​ത​ൽ ചോ​റും ക​റി​യും വെക്കലും പ​ശു​വി​നെ ക​റ​ക്ക​ലും കോ​ഴി​ക്കൂ​ട് പ​രി​പാ​ലി​ക്ക​ലും അ​ടി​ച്ചുവാ​ര​ലും തി​രു​മ്പ​ലും ഒ​ക്കെ. വീ​ട്ടു​പ​ണി​യി​ലെ ‘ജെൻഡ​ർ’ അ​മ്മ തു​ട​ക്കം മു​ത​ലേ എ​ടു​ത്തു ക​ള​ഞ്ഞ​തുകൊ​ണ്ട് അ​ത​് അസ്വാ​ഭാ​വി​ക​മാ​യി മ​ക്ക​ൾ​ക്കാ​ർ​ക്കും ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടു​മി​ല്ല. ഫെ​മി​നി​സ​ത്തി​ന്റെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പി​ച്ച​​െവ​ച്ച​പ്പോ​ൾ അ​തി​നൊ​പ്പം അ​തി​ന്റെ തു​ട​ക്കം മു​ത​ൽ ന​ട​ക്കാ​നും ഒ​രു ക​ടു​ത്ത ഫെ​മി​നി​സ്റ്റ് തീ​വ്ര​വാ​ദി​യാ​യ ദീ​ദി​ക്കൊ​പ്പം കു​ടും​ബ​ജീ​വി​തം ന​യിക്കാനും പ​റ്റി​യ​ത് അ​മ്മ​യു​ടെ ഈ ​സ്കൂ​ളി​ങ് ആ​യി​രു​ന്നു​വെ​ന്ന് നി​സ്സം​ശ​യം പ​റ​യാം.

ഇ​ല കൊ​ഴി​യു​ന്ന​തുപോ​ലെ​യാ​യി​രു​ന്നു അ​മ്മ​യു​ടെ മ​ര​ണം. കു​ളി​ച്ച് വ​സ്ത്രം മാ​റ്റി, ന​ന​ഞ്ഞ തോ​ർ​ത്ത് ത​ല​യി​ൽ കെ​ട്ടി​​െവ​ച്ച് അ​മ്മ സ്വ​ന്തം മു​റി​യി​ൽ, ക​ട്ടി​ലി​നോ​ട് ചേ​ർ​ന്ന് കി​ട​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​രാ​ൻ വൈ​കു​ന്ന​തെ​ന്ത് എ​ന്ന് അ​നു​ജ​ൻ ന​വീ​ൻ​ച​ന്ദ് ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ആ ​കി​ട​പ്പ് കാ​ണു​ന്ന​ത്. 2011 ആ​ഗ​സ്റ്റ് 23ന്. ​സ്വ​ച്ഛ​ന്ദ​മൃ​ത്യു പോ​ലൊ​ന്ന്. ‘‘ഓ​രോ​രു​ത്ത​രും പോ​വേ​ണ്ട സ​മ​യ​മാ​യാ​ൽ പോ​വും. ജ​നി​ക്കു​മ്പോ​ൾത​ന്നെ ദൈ​വം ന​മ്മു​ടെ മ​ര​ണ​സ​മ​യവും കു​റി​ച്ചി​ട്ടി​രി​ക്കും. ഒ​രുദി​വ​സം മ​രി​ക്കും. കി​ട​പ്പി​ലാ​കാ​തെ മ​രി​ക്കു​ന്ന​ത് ഭാ​ഗ്യം. കി​ട​പ്പി​ലാ​യാ​ൽ കി​ട​ക്കു​ന്ന​വ​രേ​ക്കാ​ൾ ബു​ദ്ധി​മു​ട്ട് അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും. ഭ​ഗ​വാ​നോ​ട് രോ​ഗ​ശ​യ്യ​യി​ൽ കി​ട​ക്കാ​തെ മ​ര​ണം സം​ഭ​വി​ക്ക​ണേ എ​ന്ന് പ്രാ​ർ​ഥി​ക്കാം’’ – എ​ന്ന് ആ​ത്മ​ക​ഥ​യി​ൽ കു​റി​ച്ചി​ട്ട വാ​ക്കു​ക​ൾ അ​മ്മ മ​ര​ണംവ​രെ മു​റു​കെ പി​ടി​ച്ചു. രോ​ഗം വ​ന്ന് ഒ​രുദി​വ​സം പോ​ലും കി​ട​ക്കാ​തെ മ​ര​ണം പു​ൽ​കി.

ഭ​ക്തി ഒ​രി​ക്ക​ലും അ​മ്മ മ​ക്ക​ളി​ൽ അ​ടി​ച്ചേ​ൽപി​ച്ചി​രു​ന്നില്ല. ഒ​ര​മ്പ​ല​ത്തി​ലും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി​ട്ടി​ല്ല. മു​തി​ർ​ന്ന​പ്പോ​ൾ ദൈ​വ​നി​ഷേ​ധി​യാ​യ​പ്പോ​ൾ അ​തും ഒ​രു രീ​തി എ​ന്നു മാ​ത്ര​മേ ക​ണ​ക്കാ​ക്കി​യു​ള്ളൂ. എ​തി​ർ​ക്കാ​നോ തി​രു​ത്താ​നോ നി​ന്നി​ല്ല.

ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ എ​ന്ന​തി​നേ​ക്കാ​ൾ മ​രി​ച്ചശേ​ഷ​മാ​ണ് അ​മ്മ​യോ​ട് ശ​രി​ക്കും സം​സാ​രി​ച്ചു തു​ട​ങ്ങി​യ​ത്. അ​മ്മ എ​ഴു​തി​​െവ​ച്ച സ്ഥൂ​ല​മാ​യ ആ​ത്മ​ക​ഥ​യി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ പി​റ​കോ​ട്ട് പോ​യി​ട്ട്. ‘പാ​താ​ള​ക്ക​ര​ണ്ടി’ എ​ഴു​തു​മ്പോ​ൾ അ​മ്മ​യു​ടെ ഓ​ർ​മ ഒ​പ്പം സ​ഞ്ച​രി​ച്ചു. അ​ല്ലെ​ങ്കി​ലും അ​ശ​രീ​രി​ക​ളോ​ടാ​ണ് ന​മ്മ​ൾ കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​ത്. അ​ശ​രീ​രി​ക​ളാ​ണ് ന​മ്മ​ളോ​ടും കൂ​ടു​ത​ൽ സം​സാ​രി​ക്കു​ന്ന​ത്. അ​വ​രാ​ണ് കൂ​ടു​ത​ൽ കേ​ൾ​ക്കു​ന്ന​ത്. അ​വ​രാ​ണ് മി​ക്ക​പ്പോ​ഴും കൂ​ടു​ത​ൽ വ​ലി​യ യാ​ഥാ​ർ​ഥ്യം.

(തു​ട​രും)

News Summary - premchand column kalantharam