Begin typing your search above and press return to search.
proflie-avatar
Login

കുഞ്ഞീബിയുടെ മരണം

കുഞ്ഞീബിയുടെ മരണം
cancel

‘‘ആൺ തീരുമാനങ്ങൾ കാത്തിരിക്കുന്ന സ്ത്രീകളെയല്ല പിന്നീട് ചരിത്രം കണ്ടത്. കേരളത്തിലെ ഫെമിനിസങ്ങൾ ഏതെങ്കിലും ആൺ രാഷ്ട്രീയത്തിന്റെ സന്തതിയുമായല്ല പിറന്നത്’’ -മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖക​ന്റെ അനുഭവം / ഒാർമയെഴുത്ത്​ തുടരുന്നു.മാധ്യമം പത്രത്തിന്റെ ഫോട്ടോ ജേണലിസ്റ്റായിരുന്ന ചോയിക്കുട്ടിയുടെ ചിത്രങ്ങളിലൂടെയാണ് കുഞ്ഞീബിയുടെ മരണം ചരിത്രമാകുന്നത്. 1987 സെപ്റ്റംബർ 11നാണത് ലോകം അറിയുന്നത്. ചോയിക്കുട്ടിക്ക് ആ ‘തൂങ്ങി’മരണത്തിന്റെ ചരിത്രപ്രധാനമായ ഫോട്ടോകൾ എടുക്കാനായിരുന്നു. അറിഞ്ഞിടത്തോളം അന്നത്തെ കോഴിക്കോടൻ പൊലീസിലെ ‘പുലി’ ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കിയതാണ് കുഞ്ഞീബിയെ....

Your Subscription Supports Independent Journalism

View Plans
‘‘ആൺ തീരുമാനങ്ങൾ കാത്തിരിക്കുന്ന സ്ത്രീകളെയല്ല പിന്നീട് ചരിത്രം കണ്ടത്. കേരളത്തിലെ ഫെമിനിസങ്ങൾ ഏതെങ്കിലും ആൺ രാഷ്ട്രീയത്തിന്റെ സന്തതിയുമായല്ല പിറന്നത്’’  -മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖക​ന്റെ അനുഭവം / ഒാർമയെഴുത്ത്​ തുടരുന്നു.

മാധ്യമം പത്രത്തിന്റെ ഫോട്ടോ ജേണലിസ്റ്റായിരുന്ന ചോയിക്കുട്ടിയുടെ ചിത്രങ്ങളിലൂടെയാണ് കുഞ്ഞീബിയുടെ മരണം ചരിത്രമാകുന്നത്. 1987 സെപ്റ്റംബർ 11നാണത് ലോകം അറിയുന്നത്. ചോയിക്കുട്ടിക്ക് ആ ‘തൂങ്ങി’മരണത്തിന്റെ ചരിത്രപ്രധാനമായ ഫോട്ടോകൾ എടുക്കാനായിരുന്നു. അറിഞ്ഞിടത്തോളം അന്നത്തെ കോഴിക്കോടൻ പൊലീസിലെ ‘പുലി’ ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കിയതാണ് കുഞ്ഞീബിയെ. ചോയിക്കുട്ടിയുടെ ഫോട്ടോഗ്രാഫുകൾ കെട്ടിത്തൂക്കിയതിന് സാക്ഷി പറയും. എന്നാൽ, കോടതിക്ക് അത് തെളിവായോ എന്നറിയില്ല. റിപ്പോർട്ടിങ്ങിൽനിന്നും ​െഡസ്കിലേക്ക് മാറിയതോടെ ഞാനും കുഞ്ഞീബിയുടെ മരണം മറന്നു.

കെട്ടിത്തൂക്കിയതായാലും അത് തൂങ്ങിമരിച്ചതാക്കുന്ന തെളിവുകളുടെ ഉന്മൂലനം അധികാരത്തിന്റെ ആനന്ദമാണ്. ചരിത്രത്തിൽ ഉടനീളം അത് ആവർത്തിക്കുന്നു.

ഫോട്ടോഗ്രാഫർ പി. മുസ്തഫ ക്യൂറേറ്റ് ചെയ്ത ഫോട്ടോഗ്രാഫുകളുടെ ഒരു പ്രദർശനം ഇക്കഴിഞ്ഞ സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുണ്ടായിരുന്നു.

പി. മുസ്തഫ ക്യൂറേറ്റ് ചെയ്ത ഫോട്ടോ പ്രദർശനത്തിൽ സ്വന്തം ചിത്രം നോക്കി നിൽക്കുന്ന ചോയിക്കുട്ടി

പി. മുസ്തഫ ക്യൂറേറ്റ് ചെയ്ത ഫോട്ടോ പ്രദർശനത്തിൽ സ്വന്തം ചിത്രം നോക്കി നിൽക്കുന്ന ചോയിക്കുട്ടി

ചോയിക്കുട്ടി അത് കാണാനെത്തിയിരുന്നു. കോഴിക്കോടിന്റെ ചരിത്രത്തിൽ അത്യപൂർവമായ ചിത്രങ്ങൾ രേഖപ്പെടുത്തിയ ഒരു ഛായാപട ചരിത്രകാരനാണ് അദ്ദേഹം. അർഹിക്കുന്ന ആദരവ് ആ മനുഷ്യനെ തേടിയെത്തിയോ എന്ന് സംശയമാണ്. സ്വയം മാർക്കറ്റ് ചെയ്യാത്തവർ ചരിത്രത്തിന് വളമായി അദൃശ്യരായിപ്പോവുക എന്നത് കാലത്തിന്റെ വൈപരീത്യമാണ്.

ചിലരുടെ മറവികൾ എല്ലാവരുടെയും മറവിയായി മാറുന്നത് ചരിത്രത്തെ ശുഷ്‍കമാക്കും.

അജിത

അജിതയുമായുള്ള കുടുംബബന്ധങ്ങൾ പലതാണ്. അതുകൊണ്ട് തന്നെ 1968ലെ ‘വസന്തത്തിന്റെ ഇടിമുഴക്കം’ മുതൽക്കേ ആ പേര് വീട്ടിൽ വലിയ ചർച്ചാവിഷയമായിരുന്നു. അമ്മയുടെ വല്യമ്മ, ശകുന്തളയെ വിവാഹം കഴിച്ചത് കുന്നിക്കൽ തറവാട്ടിലേക്കായിരുന്നു. കുന്നിക്കൽ നാരായണേട്ടന്റെ പാപ്പന്റെ മകൻ ഭാസ്കരൻ. അവരുടെ മക്കൾ അമ്മക്കൊപ്പം വളർന്നവരാണ്. കൂടാതെ അമ്മയുടെ ഇളയ അനുജൻ, സേതുറാം കുന്നിക്കൽ നാരായണേട്ടന്റെ സഹോദരി, യശോദയുടെ മകൾ ഉഷയെ വിവാഹം കഴിച്ചതോടെ ആ ബന്ധം ഒന്നുകൂടി അടുത്തു . ഉഷമ്മായിയുടെ ജ്യേഷ്ഠൻ സുരേഷ്ബാബു (ബന്ധമനുസരിച്ച് മുറച്ചെറുക്കൻ) തന്റെ പൂർവ കാമുകനായിരുന്നു എന്ന കാര്യം അജിത എഴുതുന്നത് നക്സലൈറ്റ് കാലത്തിനുശേഷമാണ്. എന്നാൽ കുടുംബത്തിൽ അത് ‘ഇടിമുഴക്ക’ കാലത്തിലെ അടക്കംപറച്ചിലുകളിൽ ഒന്നായിരുന്നു. അജിത അന്ന് ശരിക്കും സുരേഷ്ബാബുവിനെ പ്രേമിച്ചിരുന്നെങ്കിൽ വിപ്ലവത്തിന് ഇറങ്ങി പുറപ്പെടില്ലായിരുന്നു എന്നായിരുന്നു വ്യാഖ്യാനം. പൊടുന്നനെ നക്സലൈറ്റായി മാറിയ അജിത അതുകൊണ്ടുതന്നെ കുടുംബത്തിലാകെ ഒരു പ്രഹേളികയായിരുന്നു.

അടിയന്തരാവസ്ഥക്കു ശേഷം എല്ലാം ഇരുട്ടിൽനിന്നും പുറത്തു വരുന്ന കാലത്താണ് അന്ന് ഫ്രാൻസിസ് റോഡിനരികിലുള്ള കുന്നിക്കൽ തറവാട്ടിലേക്ക് കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിൽ എന്റെ സഹപാഠിയായിരുന്ന കുന്നിക്കൽ ഉമേഷ് എന്നെ കൂട്ടിക്കൊണ്ടുപോകുന്നത്. അജിത ജയിലിൽനിന്നും പുറത്തുവന്നിട്ട് അധിക കാലമായിട്ടില്ല. കുന്നിക്കൽ നാരായണേട്ടന്റെ അനുജനും തത്ത്വചിന്തകനുമായ കുന്നിക്കൽ പുരുഷോത്തമന്റെ മകനാണ് ഉമേഷ്. കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സി.പി.ഐ എം.എല്ലിന്റെ വിദ്യാർഥി വിഭാഗമായ വിപ്ലവ വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കുന്നതിൽനിന്നും എന്നെ തടയാനായിരുന്നു ഉമേഷ് അജിതയുടെ അടുത്തെത്തിച്ചത്. കുറച്ചുനേരം ശകുന്തളേടത്തിയുടെയും ഉഷമ്മായിയുടെയുമൊക്കെ കുടുംബവിശേഷങ്ങൾ പങ്കു​െവച്ചതിനുശേഷം അവർ നേരെ രാഷ്ട്രീയത്തിലേക്ക് കടന്നു. ‘‘നിങ്ങളെയൊക്കെ പരസ്യപ്രവർത്തനത്തിലേക്ക് കൊണ്ടുവരിക എന്നതിനർഥം, ശത്രുവിന് മുന്നിലേക്ക് നിങ്ങളെയൊക്കെ എറിഞ്ഞുകൊടുക്കുക എന്നതാണ്. അത് ഒറ്റുകൊടുക്കൽ തന്നെയാണ്. കെ. വേണു ഒരിക്കലും ഒരു കമ്യൂണിസ്റ്റുമല്ല, ഒരു വിപ്ലവകാരിയുമല്ല. അയാളൊരു ഒറ്റുകാരനാണ്. അയാളുടെ സംഘത്തിൽ ചേർന്ന് ശത്രുവിന്റെ കണ്ണിൽ പോയി പെട്ടുകൊടുക്കേണ്ട.’’

കുഞ്ഞീബിയുടെ മരണത്തിൽ അന്വേഷണം നടത്തണമെന്ന്  ആവശ്യപ്പെട്ട് സ്ത്രീ വിമോചന സംഘടന ‘ബോധന’യുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം. ഗംഗ, ആനന്ദകനകം, അജിത, സുഹറ എന്നിവരെ കാണാം

കുഞ്ഞീബിയുടെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ വിമോചന സംഘടന ‘ബോധന’യുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം. ഗംഗ, ആനന്ദകനകം, അജിത, സുഹറ എന്നിവരെ കാണാം

മാ എന്ന് പിന്നീട് പ്രിയങ്കരിയായ മന്ദാകിനിയും രോഗാതുരനായ കുന്നിക്കൽ നാരായണേട്ടനും അപ്പോൾ ആ തറവാട് വീടിന്റെ അരണ്ട വെളിച്ചത്തിലുണ്ടായിരുന്നു. പിന്നെ ഉമേഷിനൊപ്പം പലവട്ടം കുന്നിക്കലിൽ പോയിട്ടുണ്ട്. മുഖ്യശത്രു ആരാണ് എന്നതായിരുന്നു അന്നത്തെ ചുഴിഞ്ഞ പ്രശ്നം. അത് സാമ്രാജ്യത്വ ദല്ലാൾ ഭരണകൂടമാണെന്നായിരുന്നു കുന്നിക്കൽ സിദ്ധാന്തം. ഇന്ത്യയെ അർധ കൊളോണിയൽ അർധ ഫ്യൂഡൽ രാജ്യമായി വ്യാഖ്യാനിച്ച ചാരുമജുംദാറിന്റെ പാതയിൽ കെ. വേണുവിന്റെ പാർട്ടിയും ഉറച്ചുനിന്നു.

കുന്നിക്കൽ നാരായണേട്ടനേക്കാൾ അക്കാലത്ത് എന്നെ കൂടുതൽ ആകർഷിച്ചത് ‘അൺനോൺ സൊസൈറ്റി’യുടെ നടത്തിപ്പുകാരനായ കുന്നിക്കൽ പുരുഷേട്ടനെയായിരുന്നു. പല കാലങ്ങളിലുള്ള റേഡിയോകളുടെയും തത്ത്വചിന്തകളുടെയും ലോകത്തായിരുന്നു അദ്ദേഹം. സ്റ്റാർ റേഡിയോസ് എന്നായിരുന്നു ഫ്രാൻസിസ് റോഡിനടുത്തുള്ള അദ്ദേഹത്തിന്റെ കടയുടെ പേര് എന്നാണോർമ.

‘‘ഒന്നും നമുക്ക് പൂർണമായും അറിയാനാവില്ല. എല്ലാ അറിവും ഭാഗികമാണ്. ആത്യന്തികമായി അജ്ഞേയമാണ്’’ – പുരുഷേട്ടൻ ഒരുനാൾ പറഞ്ഞു. ജീവിതത്തിൽ ആദ്യം ആകർഷിച്ച തത്ത്വചിന്തകൻ കുന്നിക്കൽ പുരുഷോത്തമനാണ്. അജ്ഞേയവാദത്തിന്റെ കളി പിന്നെ ജീവിതത്തിന്റെ ഓരോ നിർണായക ഘട്ടത്തിലും കാണാനായി. അൺ നോൺ സൊസൈറ്റി ഇപ്പോഴുമുണ്ടോ എന്നറിയില്ല.

അജിതയുടെ ഉപദേശം പൂർണമായും സ്വീകരിച്ചില്ലെങ്കിലും നക്സലൈറ്റല്ലാതെ തന്നെ വിപ്ലവ വിദ്യാർഥി സംഘടനയിൽ തുടർന്നു. വിപ്ലവ വിദ്യാർഥി സംഘടനയിൽ എല്ലാവരും നക്സലൈറ്റുകൾ ആയിരുന്നില്ലതാനും. സ്വന്തം പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിനാലാവണം ഉമേഷ് പിന്നെ വേറെ പാതയിൽ സഞ്ചരിച്ചു. കോഴിക്കോട്ട് അക്കാലത്ത് നടന്ന ഒരു ഡോഗ് ഷോക്കെതിരെ ഉമേഷിന്റെ നേതൃത്വത്തിൽ ഏതാനും പേർ ചേർന്ന് നായ്ക്കുർണ പൊടി വിതറി പ്രതിഷേധിച്ചിരുന്നു. ഉമേഷിനെ പൊലീസ് പിടിച്ചു കൊണ്ടുപോവുകയും ചെയ്തു. അതിൽ പ്രതിഷേധിച്ച് ഗുരുവായൂരപ്പൻ കോളജിൽ ഞങ്ങൾ ഏതാനും പേർ ചേർന്ന് പരാജയപ്പെട്ട ഒരു സമരം നടത്തിയിരുന്നു. കുട്ടികളാരും ക്ലാസ് ബഹിഷ്‍കരിച്ച് പുറത്തിറങ്ങാൻ വിസമ്മതിച്ചതോടെ പ്രിൻസിപ്പൽ പി.കെ.എം. രാജ എത്തി കൈയോടെ ഞങ്ങളെ പിടികൂടി. ജോയ്​ മാത്യുവിനെയും എന്നെയും കോളജിൽനിന്നും സസ്പെൻഡ് ചെയ്തു. വീട്ടിൽനിന്നും ആളെ കൂട്ടി വന്നശേഷം കാമ്പസിൽ കയറിയാൽ മതി എന്നായിരുന്നു ഉത്തരവ്. കോളജ് വിട്ട് വൈകുന്നേരങ്ങൾ മധു മാസ്റ്ററുടെ ‘അമ്മ’ നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് നടക്കുന്ന മഹാരാജാ പാലസ് ഹോട്ടലിന്റെ ടെറസിലായിരുന്നു ക്യാമ്പ്. മധു മാഷിന്റെ നാടക ക്യാമ്പിലെ ബാബുവേട്ടനും വിവേകാനന്ദനും ഞങ്ങളുടെ രക്ഷിതാക്കളായി പിറ്റേന്ന് തന്നെ കോളജിലെത്തി സസ്പെൻഷൻ പിൻവലിപ്പിച്ചു.

സ്​ത്രീവിമോചനം എന്ന വിഷയത്തിൽ മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ 1986ൽ എഴുതിയ ലേഖനം

സ്​ത്രീവിമോചനം എന്ന വിഷയത്തിൽ മാതൃഭൂമി ആഴ്​ചപ്പതിപ്പിൽ 1986ൽ എഴുതിയ ലേഖനം

കുന്നിക്കൽ നാരായണേട്ടന്റെ മരണം സൃഷ്ടിച്ച ശൂന്യതയിൽ ആ വലിയ തറവാട്ടിൽനിന്നും പുറംലോകത്തേക്കുള്ള അജിതയുടെ പ്രധാന കണ്ണികൾ യാക്കൂബും ഷുഹൈബും ഉമേഷുമായിരുന്നു. യാക്കൂബ് അജിതയുടെ ജീവിതപങ്കാളിയായി. ആ വിവാഹം കോഴിക്കോടിന്റെ സാംസ്കാരിക രാഷ്ട്രീയത്തിൽ ഒരു സംഭവംതന്നെയായിരുന്നു. മതമില്ലാത്ത ജീവന്റെ ആഘോഷമായിരുന്നു അത്. ജനകീയ സാംസ്കാരിക വേദിയുടെ കുതിപ്പിൽ അജിത ഭാഗഭാക്കായിരുന്നില്ലെങ്കിലും അതിന്റെ പതനത്തെ തുടർന്ന് രൂപംകൊണ്ട പലതരം ബഹുസ്വര സാമൂഹിക പ്രസ്ഥാനങ്ങളിൽ ഒരു ഫെമിനിസ്റ്റ് എന്നനിലക്കുള്ള അജിതയുടെ രണ്ടാം രാഷ്ട്രീയ പ്രവേശം നിർണായകമായിരുന്നു. ലിംഗരാഷ്ട്രീയത്തെ അത് സർഗാത്മകമായി അഴിച്ചുപണിതു. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ബഹുസ്വരതയെ കൂടിയാണ് ആ കാലം സാക്ഷ്യപ്പെടുത്തിയത്. ‘ഇന്റലിജന്റ് മാർക്സിസംസ്’ എന്നായിരുന്നു പലതരം മാർക്സിസങ്ങളുടെ സാധ്യതയെ ഉൾക്കൊള്ളാൻ ടി.എൻ. ജോയ് വിശേഷിപ്പിച്ചിരുന്നത്. ഫെമിനിസവും അതുപോലെ പലതുണ്ടായിരുന്നു. ‘‘ഇതാണ് ശരി, ഇതിന് മുന്നിൽ മുട്ടുകുത്തൂ’’ എന്ന് വാശിപിടിക്കാതെ പലതരം സർഗാത്മകതകളെ പേറുന്ന ലിംഗരാഷ്ട്രീയം അതിനു മുമ്പ് സാധ്യമായിരുന്നില്ല.

നക്സലിസത്തിൽനിന്നും ഫെമിനിസത്തിലേക്കുള്ള അജിതയുടെ ഈ പരിണാമം എത്രയോ ഏറ്റുമുട്ടലുകളിലൂടെയാണ് സംഭവിച്ചത്. ആലപ്പുഴയിലെ ചിങ്ങോലി കേന്ദ്രമായി സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിൽ അജിതയെ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് ചർച്ച സൊസൈറ്റിയുടെ അക്കാലത്തെ യോഗങ്ങൾക്കൊന്നും തീരുമാനിക്കാനാവാതെ പോയത് സൊസൈറ്റിയുടെ എത്ര വലിയ ആൺപരിമിതിയായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയാനാകുന്നുണ്ട്. അതിന്റെ ഉന്നതാധികാര സമിതി എന്നു പറയാവുന്ന രണ്ട് കോഓഡിനേറ്റർമാരിൽ ടി.എൻ. ജോയ് അജിത വരുന്നതിനോട് അനുകൂലവും ടി.കെ. രാമചന്ദ്രൻ എതിരുമായിരുന്നു. അജിത അംഗമായാൽ അത് ഏതോ നിലക്ക് സി.പി.എമ്മുമായി നടത്തുവാൻ ആസൂത്രണം ചെയ്ത സംവാദങ്ങൾക്ക് അന്ത്യമാകും എന്ന് ടി.കെ ആശങ്കിച്ചിരുന്നു.

ആൺതീരുമാനങ്ങൾ കാത്തിരിക്കുന്ന സ്ത്രീകളെയല്ല പിന്നീട് ചരിത്രം കണ്ടത്. കേരളത്തിലെ ഫെമിനിസങ്ങൾ ഏതെങ്കിലും ആൺ രാഷ്ട്രീയത്തിന്റെ സന്തതിയുമായല്ല പിറന്നത് (അത്തരം ആണവകാശ വാദികൾ ധാരാളമായുണ്ടെങ്കിലും). അജിതയും ഗംഗയും സാറ ജോസഫുമൊക്കെ പലതരം ഫെമിനിസങ്ങളുടെ ജൈവ ബുദ്ധിജീവികളായാണ് രൂപംകൊണ്ടത്. 1985 എന്നത് ഒരു ടേണിങ് പോയന്റ് ആയി കരുതാം. സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിൽ പ​ങ്കെടുക്കാൻ അജിത ബോംബെക്ക് പോയ വർഷം. 1986 ആകുമ്പോഴേക്കും വരാൻ പോകുന്ന ഈ മാറ്റം തിരിച്ചറിഞ്ഞ് അന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്ത്രീവിമോചനം ഒരു പ്രധാന വിഷയമായി ഒരു ബൃഹദ് ചർച്ച സംഘടിപ്പിക്കുന്നുണ്ട്. അക്കാലത്ത് അജിതയുടെ വീട്ടിലും ബോധി ബുക്സിലും ഒക്കെയായി നടന്ന നീണ്ട രാപ്പകൽ ചർച്ചകളിലെ സംശയങ്ങളും നിലപാടുകൾ ക്രോഡീകരിച്ച് ഞാൻ ആ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് –‘മാറ്റി​െവച്ച തലകൾ’ എന്ന 1986ലെ ലേഖനം ആ ഭാവുകത്വ പരിണാമം ഏറ്റെടുത്തുകൊണ്ടുള്ള ഒന്നായിരുന്നു. കെ.സി. നാരായണനായിരുന്നു അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ. കെ.സി അക്കാലത്ത് കോഴിക്കോട്ട് യാക്കൂബും ജോയ് മാത്യുവും കൂടി നടത്തിയിരുന്ന ബോധി ബുക്സിലെയും സൊസൈറ്റി കൂട്ടായ്മയായിരുന്ന ബോധി ലെന്റിങ് ലൈബ്രറിയിലെയും സ്ഥിരക്കാരിൽ ഒരാളായിരുന്നു.

(തുടരും)

News Summary - premchand column kalantharam