Begin typing your search above and press return to search.
proflie-avatar
Login

പൂജാരികളുടെ എം.ടി

പൂജാരികളുടെ എം.ടി
cancel

‘‘മലയാളത്തിൽ ഇത് എം.ടിയുടെ നവതിയാഘോഷ കാലമാണ്. അനിയന്ത്രിതമായ വിഗ്രഹപൂജയുടെ സംസ്കാരമാണ് അതിലിപ്പോൾ നിഴലിക്കുന്നത്’’ എന്ന്​ എഴുതി നിലപാട്​ വ്യക്തമാക്കി ലേഖകൻ തന്റെ എം.ടി ഒാർമകൾ പങ്കുവെക്കുന്നു.നവതി പിന്നിടുന്ന എം.ടി. വാസുദേവൻ നായരെ ആഘോഷിക്കൽ അതിന്റെ പരകോടിയിലാണിപ്പോൾ. എം.ടി തന്നെ പ്രധാന ‘പ്രതിഷ്ഠ’യായ തിരൂർ തുഞ്ചൻപറമ്പിലെ സർക്കാർ മാമാങ്കം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. അതിനോട് മത്സരിച്ച് തൊട്ടുപിറകെ പലരും അത് ആഘോഷമാക്കി. ‘നിർമ്മാല്യ’ത്തിന്റെ അമ്പത് വയസ്സിന്റെ അതിവായനകൾ മിക്കവാറും എല്ലാവരും കുറച്ചുമുമ്പാണ് ആഘോഷമാക്കിയത്. ‘മാതൃഭൂമി’യുടെ കാര്യത്തിൽ അതിലൊരു പാപപരിഹാരം കൂടിയുള്ളതുകൊണ്ട് എം.ടി...

Your Subscription Supports Independent Journalism

View Plans
‘‘മലയാളത്തിൽ ഇത് എം.ടിയുടെ നവതിയാഘോഷ കാലമാണ്. അനിയന്ത്രിതമായ വിഗ്രഹപൂജയുടെ സംസ്കാരമാണ് അതിലിപ്പോൾ നിഴലിക്കുന്നത്’’ എന്ന്​ എഴുതി നിലപാട്​ വ്യക്തമാക്കി ലേഖകൻ തന്റെ എം.ടി ഒാർമകൾ പങ്കുവെക്കുന്നു.

നവതി പിന്നിടുന്ന എം.ടി. വാസുദേവൻ നായരെ ആഘോഷിക്കൽ അതിന്റെ പരകോടിയിലാണിപ്പോൾ. എം.ടി തന്നെ പ്രധാന ‘പ്രതിഷ്ഠ’യായ തിരൂർ തുഞ്ചൻപറമ്പിലെ സർക്കാർ മാമാങ്കം ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. അതിനോട് മത്സരിച്ച് തൊട്ടുപിറകെ പലരും അത് ആഘോഷമാക്കി. ‘നിർമ്മാല്യ’ത്തിന്റെ അമ്പത് വയസ്സിന്റെ അതിവായനകൾ മിക്കവാറും എല്ലാവരും കുറച്ചുമുമ്പാണ് ആഘോഷമാക്കിയത്. ‘മാതൃഭൂമി’യുടെ കാര്യത്തിൽ അതിലൊരു പാപപരിഹാരം കൂടിയുള്ളതുകൊണ്ട് എം.ടി അത് നന്നായി ആസ്വദിച്ചിട്ടുണ്ടാകും. ‘‘അത്രയെങ്കിലും അവരെക്കൊണ്ട് ചെയ്യിച്ചില്ലെങ്കിൽ പിന്നെ ഞാനൊക്കെ ജീവിച്ചിരുന്നിട്ടെന്താ’’ എന്ന് ഉള്ളാലെ ചിരിച്ചിട്ടുമുണ്ടാകും.

ഒന്നല്ല രണ്ട് തവണയാണ് ‘മാതൃഭൂമി’ എം.ടിയെ ‘സാക്ക്’ ചെയ്തത്. അത് മറക്കുന്ന ആളല്ല എം.ടി. വാസുദേവൻ നായർ. ആദ്യത്തെ തവണ അത് ഒരു സിനിമാ കഥപോലെ നാടകീയമായാണ് നടന്നത്. ‘മാതൃഭൂമി’യിലെ സഹപ്രവർത്തകർ അതൊരു കാലത്ത് പത്രാധിപരായ എം.ടിയുടെ ഹീറോയിസമായി വാഴ്ത്തിപ്പാടിയിരുന്നതുമാണ്.

കടുത്ത എം.ടി ആരാധകനും ഒരു കാലത്ത് ‘മാതൃഭൂമി’ക്കകത്ത് എം.ടിയുടെ പ്രതിച്ഛായാ ആഘോഷത്തിന് (എം.ടി മാർക്കറ്റിങ്) ചുക്കാൻ പിടിച്ച വ്യക്തിയുമായ മുൻ എക്സിക്യൂട്ടിവ് എഡിറ്റർ വി. രാജഗോപാൽതന്നെ പറഞ്ഞുതന്ന ചരിത്രമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എം.ടിയെ അവിടെനിന്നും പുകച്ച് പുറത്തുചാടിക്കുന്നതിൽ മാനേജ്മെന്റ് പരാജയപ്പെട്ടപ്പോൾ ആഴ്ചപ്പതിപ്പിനെ തന്നെ തിരുവനന്തപുരത്തേക്ക് മാറ്റി. എന്നിട്ടും രാജിവെക്കാതെ തിരുവനന്തപുരത്ത് ജോയിൻ ചെയ്യാൻ പോയ എം.ടിയെ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞ് ‘‘ആരാ?’’ന്ന് ചോദിച്ചു. പത്രാധിപരാണെന്ന് സ്വയം പരിചയപ്പെടുത്തി അകത്തു കയറിയപ്പോൾ അവിടെ പത്രാധിപർക്ക് ഇരിക്കാൻ സീറ്റില്ലായിരുന്നു. തത്സമയം രാജിക്കത്തെഴുതി നൽകി മടങ്ങി എന്നാണ് ഒരു കഥ. ‘റാഷമോൺ’പോലെ അതിന് വേറെയും പതിപ്പുകൾ ഉണ്ടാകാം. മാനേജ്മെന്റ് വായനകൾ വേറെയും ഉണ്ടാകും. എന്നാൽ, ആ രാജിവെപ്പിലെ ഹീറോയിസം പിൽക്കാല തലമുറ കുറേ നാൾ ഏറ്റുപാടിയിരുന്നു.

ആദ്യകാല എം.ടിയുടെ ‘മാതൃഭൂമി’ക്കകത്തെ മദ്യപാന കഥകൾ ഒരു വടക്കൻ പാട്ടായി മാറിയിരുന്നു. അക്കാലത്ത് രോഗബാധിതനായി കിടപ്പിലായ എം.ടി ഇനി തിരിച്ചുവരില്ല എന്ന് ഉറപ്പിച്ചത് മറികടന്ന് എത്തിയപ്പോൾ പത്രാധിപരുടെ മേശക്കകത്ത് നിന്നും സ്വന്തം ചരമക്കുറിപ്പ് ക​േമ്പാസ് ചെയ്തു​െവച്ചത് കണ്ടു എന്നാണ് മറ്റൊരു വീരകഥ. ഞങ്ങളുടെ തലമുറക്ക് അത് വാമൊഴിയായി മുൻതലമുറയിൽനിന്നും പകർന്നു കിട്ടിയതാണ്. അദ്ദേഹംതന്നെ പിൽക്കാലത്ത് എഴുതിയ ‘സുകൃതം’ എന്ന സിനിമയിൽ അത്തരമൊരു രംഗവുമുണ്ട്.


മരണമടുത്തവരായി കണക്കാക്കിയവരുടെ ലിസ്റ്റുണ്ടാക്കി ലേഖനവും ചരമക്കുറിച്ചും പേജുകളും തയാറാക്കി വരുന്നത് എല്ലാ പത്രങ്ങളുടെയും പതിവാണ്. ഇപ്പോൾ അടുത്തകാലത്താണ് പലരും അത്തരം ചരമലേഖനങ്ങൾ മുൻകൂട്ടി എഴുതാൻ മടികാണിക്കുന്നവർ ഉണ്ടായത്. എം.ടി അതറിഞ്ഞു ചെയ്തതുതന്നെയാണ് ‘സുകൃത’ത്തിൽ. അത് വാസ്തവമായിരിക്കാനാണ് സാധ്യത.

എം.ടിയുടെ രണ്ടാം വരവിന് തൊട്ടുമുമ്പ് അന്ന് കോഴിക്കോട് ബ്യൂറോ ചീഫായിരുന്ന വി. രാജഗോപാലിന്റെ നിർദേശാനുസരണം ഞാനും അന്ന് ‘ചിത്രഭൂമി’ സബ് എഡിറ്ററായിരുന്ന ബി. ജയചന്ദ്രനുംകൂടി നടക്കാവിലെ എം.ടിയുടെ വീടായ ‘സിതാര’യിൽ പോയിരുന്നു. തിരിച്ചുവരവ് രാജഗോപാൽ അറിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹം അതിന് ചുക്കാൻപിടിച്ചിട്ടുമുണ്ട്. 1989ലാണത്. ഞാനന്ന് റിപ്പോർട്ടിങ്ങിലാണ്. കർട്ടൻ റൈസർ എന്ന നിലക്കാണ് ഞങ്ങളെ ‘സിതാര’യിലേക്ക് അയച്ചത്. ആ കൂടിക്കാഴ്ചയിൽ മറക്കാനാവാത്ത ഒരു കാര്യം എം.ടിയിൽ കണ്ട തിരിച്ചുവരവിലെ പ്രതികാരമാണ്. ഒരുകാലത്ത് തിരസ്കൃതനായ ‘നാലുകെട്ട്’ തിരിച്ചുപിടിക്കാനെത്തുന്ന അപ്പുണ്ണിയുടെ പ്രതികാരംപോലൊന്ന്.

‘‘എത്രയാണ് ശമ്പളം പ്രതീക്ഷിക്കുന്നത് എന്നവർ (എം.ഡി എം.പി. വീരേന്ദ്രകുമാറും എം.ഇ പി.വി. ചന്ദ്രനും തന്നെയാകണം) ചോദിച്ചു.’’ എന്നുപറഞ്ഞ് എം.ടി. ചൂണ്ടുവിരൽ ഉയർത്തിക്കാണിച്ച് ചിരിച്ചു. ഒരു രൂപ എന്നോ ഒരു ലക്ഷം എന്നോ വായിക്കാവുന്ന ആംഗ്യം! മടങ്ങുമ്പോൾ അന്നതിന് ബി. ജയചന്ദ്രൻ നൽകിയ വ്യാഖ്യാനം ഇന്നും മറന്നിട്ടില്ല. ‘‘നിന്റെയൊക്കെ പണം എനിക്ക് പുല്ലാടാ’’ എന്നാണ് എം.ടി പറഞ്ഞത് എന്നായിരുന്നു വ്യാഖ്യാനം. വി. രാജഗോപാലും അതു കേട്ട് ശരി​െവച്ചു.

’89 കാലത്ത് എം.ടിയെ തിരിച്ചുകൊണ്ടുവരുന്നതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. ഒന്ന്, എം.ഡി. നാലപ്പാടിന്റെ പോക്ക് സൃഷ്ടിച്ച പ്രതിച്ഛായാശൂന്യത. രണ്ട്, ആഴ്ചപ്പതിപ്പിൽനിന്നും കെ.സി. നാരായണനെ നാടുകടത്തിയതിനുശേഷം അതിന് സംഭവിച്ച സ്വത്വപ്രതിസന്ധി.

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പുഷ്കല കാലമായിരുന്നു കെ.സി. നാരായണൻ അതിനെ നയിച്ച കാലം. കെ.സി ചെയ്ത മാജിക് എൺപതുകളിലെ മാറിയ ഭാവുകത്വത്തെ പ്രതിഫലിച്ചിരുന്ന ചെറു/സമാന്തര മാസികകളുടെ നവതരംഗം മുഖ്യധാരയിലേക്ക് സ്വാംശീകരിക്കുക എന്ന തന്ത്രമായിരുന്നു. സർക്കുലേഷൻ 1,25,000 വരെ എത്തിയിരുന്നു. എന്നാൽ, മാതൃഭൂമി ജേണലിസ്റ്റ് യൂനിയൻ നേതാവുകൂടിയായിരുന്ന കെ.സി യൂനിയൻ അവകാശ ചർച്ചയെ തുടർന്ന് മാനേജ്മെന്റിന് അനഭിമതനായതോടെ പ്രവാസത്തിന് വിധിക്കപ്പെട്ടു. ആദ്യം ഒഡിഷയിലെ ഖട്ടക്, പിന്നെ പഞ്ചാബിലെ ചണ്ഡിഗഢ്, പിന്നെ കൽക്കത്ത എന്നാണോർമ. ശൂന്യതയുടെ ആ ഇടവേള നികത്താനും നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാനുമായിരുന്നു മഹാരഥന്മാരുടെ തിരിച്ചുവരവ്. എൻ.വി. കൃഷ്ണവാര്യരുടെയും എം.ടി. വാസുദേവൻ നായരുടെയും മടങ്ങിവരവ് ഒരു ഊർജമായിരുന്നു. അവർ യഥാക്രമം കെ.വി. രാമകൃഷ്ണനെയും ശത്രുഘ്നനെയും കൊണ്ടുവന്നു. അതിനുശേഷം ആഴ്ചപ്പതിപ്പിന് സംഭവിച്ചതെന്ത് എന്നത് മറ്റൊരു പഠനവിഷയമാണ്.

‘മുറപ്പെണ്ണ്’ ലൊക്കേഷൻ ദൃശ്യം.  ടി. ദാമോദരൻ, നിലമ്പൂർ ബാലൻ, എം.ടി, സംവിധായകൻ എ. വിൻസന്റ് തുടങ്ങിയവർ

‘മുറപ്പെണ്ണ്’ ലൊക്കേഷൻ ദൃശ്യം. ടി. ദാമോദരൻ, നിലമ്പൂർ ബാലൻ, എം.ടി, സംവിധായകൻ എ. വിൻസന്റ് തുടങ്ങിയവർ

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ‘ഒരു വടക്കൻ വീരഗാഥ’ സൃഷ്ടിച്ച ഗ്ലാമറിലാണ് 1989ൽ എം.ടിയുടെ രണ്ടാം വരവ്. വടക്കൻപാട്ടിലെ ചതിയൻ ചന്തുവിന് എം.ടി നൽകിയ പുതിയ വ്യാഖ്യാനം അന്തരീക്ഷത്തിലുണ്ട്. ഞാൻ കോഴിക്കോട് ഡസ്കിലാണ്. ഒരുദിവസം എം.ടി വിളിപ്പിച്ചു: ‘‘ചാലപ്പുറത്ത് മുല്ലശ്ശേരി രാജു എന്ന ഒരു മനുഷ്യനുണ്ട്, ശരീരം തളർന്നു കിടക്കുകയാണ്. ഒരു ലെന്റിങ് ലൈബ്രറിയൊക്കെ നടത്തുന്നുണ്ട്. പാട്ടി​ന്റെ ഒരു വലിയ ആരാധകനാണ്. പാട്ടുകൾ സ്വന്തമായി ചെയ്തുവന്ന കാലത്തുണ്ടായ ഒരു വീഴ്ചയിൽ ശരീരം ഒരു പാതി നിശ്ചലമായി. വീണിട്ടും തളരാതെ ചിരിച്ച് പിടിച്ചുനിൽക്കുന്ന ഒരത്ഭുതമാണ് രാജു. അയാൾക്ക് അയാളുടെ ജീവിതം പത്രത്തിൽ വരുത്തുന്നതിനോടൊന്നും താൽപര്യമുണ്ടാകില്ല. എന്നാലും പോയി കണ്ട് സംസാരിച്ചു നോക്കൂ. ചിലപ്പോൾ വീണുകിടക്കുന്നവർക്ക് പ്രചോദനമായി ഒരു ‘സ്റ്റോറി’ ചെയ്യാൻ കഴിഞ്ഞേക്കും.’’ രണ്ടു വർഷം നീണ്ട റിപ്പോർട്ടിങ്ങിലെ സംഭവബഹുലമായ നാലപ്പാടൻ കാലം പിന്നിട്ട്, ഡസ്കിലെ ലോക്കൽ പേജുകളിൽ ഉറക്കമിളച്ച് തലപൂഴ്ത്തിനിൽക്കുന്ന കാലത്താണ് എഴുത്തിലേക്ക് തിരിച്ചുവരാനുള്ള എം.ടിയുടെ ആ ക്ഷണം. സന്തോഷം തോന്നി.

മുല്ലശ്ശേരി രാജു എന്ന പേര് ഞാൻ അതുവരെയും കേട്ടിട്ടേ ഇല്ലായിരുന്നു. ആദ്യം ഒരുദിവസം ഒറ്റക്ക് പോയി. അകം നിറയെ പുരാവസ്തുക്കളും മുറ്റം നിറയെ ചെടികളുമുള്ള ചാലപ്പുറത്തെ മനോഹരമായ വീട്. എം.ടി അയച്ചതാണ് എന്നുപറഞ്ഞ് ആ ജീവിതത്തിലേക്ക് പ്രവേശിച്ചു. അകത്തെ മുറിയിൽ ഉല്ലാസവാനായി ചരിഞ്ഞു കിടക്കുകയായിരുന്നു പിൽക്കാലത്ത് ഐ.വി. ശശിയുടെ ‘ദേവാസുര’ത്തിലൂടെ വിഖ്യാതനായ മംഗലശ്ശേരി നീലകണ്ഠൻ.

‘‘ഓ, എ​ന്റെ ജീവിതം കഥയാക്കാനൊന്നുമില്ല’’ എന്നു പറഞ്ഞ് രാജു ഏട്ടൻ പൊട്ടിച്ചിരിച്ചു. ആ ചിരി ആരെയും കീഴടക്കും. ചിരിക്കു പിറകെ പതിയെ ജീവിതം പറഞ്ഞുതുടങ്ങി. അത് ‘ദേവാസുര’ത്തിലെ കഥയൊന്നുമായിരുന്നില്ല. എന്നാൽ, ഒറ്റ വീഴ്ചയിൽ അസുരനെ ദേവനാക്കിയ കഥ. ശരീരം വീണിട്ടും വീഴാൻ വിസമ്മതിക്കുന്ന മനസ്സുമായുള്ള ഒരു മനുഷ്യന്റെ പ്രകാശം പരത്തുന്ന അതിജീവനപ്പോരാട്ടം. മടങ്ങുമ്പോൾ അദ്ദേഹം വായിക്കാൻ പുസ്തകങ്ങൾ തന്നു, കേൾക്കാൻ പാട്ടുകൾ തന്നു.

‘ഓളവും തീരവും’ (1969) -ഒരു ലൊക്കേഷൻ ദൃശ്യം. സംവിധായകൻ പി.എൻ. മേനോൻ, ഛായാഗ്രാഹകൻ മങ്കട രവിവർമ, തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായർ, നടി ഉഷാനന്ദിനി, പുതുക്കുടി ബാലൻ, ടി. ദാമോദരൻ, നിർമാതാവ് പി.എ. ബക്കർ, ആസാദ് തുടങ്ങിയവരാണ് ചിത്രത്തിൽ

‘ഓളവും തീരവും’ (1969) -ഒരു ലൊക്കേഷൻ ദൃശ്യം. സംവിധായകൻ പി.എൻ. മേനോൻ, ഛായാഗ്രാഹകൻ മങ്കട രവിവർമ, തിരക്കഥാകൃത്ത് എം.ടി. വാസുദേവൻ നായർ, നടി ഉഷാനന്ദിനി, പുതുക്കുടി ബാലൻ, ടി. ദാമോദരൻ, നിർമാതാവ് പി.എ. ബക്കർ, ആസാദ് തുടങ്ങിയവരാണ് ചിത്രത്തിൽ

‘‘എം.ടി പലതും പറയും. എ​ന്റെ കഥയൊന്നും പത്രത്തിലെഴുതേണ്ട, അതിലൊന്നും ഒരു കാര്യവുമില്ല. നീ നല്ല പുസ്തകങ്ങളും പാട്ടുകളുമായി തിരിച്ചു വന്നാൽ മതി’’ എന്ന്. പിന്നെ അതൊരു തുടർക്കഥയായി. പാട്ട്, പുസ്തകങ്ങൾ, പഴയ ഓർമകൾ. കിടന്ന കിടപ്പിൽ ലോകത്തെ തന്റെ കിടക്കയിലേക്കെത്തിക്കുന്ന ഒരു മനുഷ്യനെ അവിടെ കണ്ടു. ഒപ്പം, ആ ചിരിക്കൊപ്പം സദാ പ്രകാശം പരത്തുന്ന രാജു ഏട്ടന്റെ ബേബി ചേച്ചിയും.

പലവട്ടം ഫോട്ടോഗ്രാഫർ വിശ്വേട്ടനെയും കൂട്ടി മുല്ലശ്ശേരി വീട്ടിൽ പോയി. രാജു ഏട്ട​ന്റെയും ബേബിച്ചേച്ചിയുടെയും കുട്ടി നാരായണിയുടെയും പല പോസിലുള്ള നല്ല പ്രകാശം പരത്തുന്ന ചിത്രങ്ങൾ എടുത്തു. ചില ചിത്രങ്ങൾ നല്ല പ്രി​ന്റെടുത്ത് രാജു ഏട്ടന് വലുതാക്കി കൊണ്ടുക്കൊടുത്തു. അതിലൊന്ന് ആ വീട്ടിൽ ഫ്രെയിം ചെയ്ത് ​െവച്ചിരുന്നു. പുരാവസ്തുക്കൾ നിറഞ്ഞ ആ വീട്ടിൽ ഓർമകൾകൊണ്ടുമാത്രം ഒരു മനുഷ്യൻ എപ്പോൾ കാണുമ്പോഴും ചിരിമായാതെ നിൽക്കുന്നത് ഒരത്ഭുതംതന്നെയായിരുന്നു. സംസാരിച്ച് സമയംപോയതറിഞ്ഞില്ല. ‘സ്റ്റോറി’ എഴുതാൻ ഞാൻ മറന്നു. എം.ടി ചോദിച്ചതുമില്ല. അദ്ദേഹം ആദ്യമായും അവസാനമായും ഏൽപിച്ച അസൈൻമെന്റ് പൂർത്തീകരിക്കും മുമ്പ് ഞാൻ കൊല്ലത്തേക്ക് സ്ഥലംമാറ്റപ്പെട്ടു. ​െക.സി. നാരായണന്റെ കാലത്ത് നിലച്ചുപോയ മാനേജ്മെന്റുമായുള്ള ഒരു യൂനിയൻ ചർച്ചയിൽ പങ്കെടുത്ത് ‘‘എം.ഡി ഒരൊറ്റ ദിവസം രാത്രിയൊന്ന് ഡസ്കിൽ വന്നിരുന്നു നോക്കണം, ജോലിഭാരം എന്തെന്നറിയാൻ’’ എന്ന് പറഞ്ഞുപോയി. എം.ഡി എം.പി. വീരേന്ദ്രകുമാർ അപ്പോൾതന്നെ സ്വന്തം കസേരയിൽനിന്നെഴുന്നേറ്റു. ‘‘ഇത്രയ്ക്കൊക്കെ വിവരമായിപ്പോയോ, എന്നാൽ താങ്കൾ ഇവിടെ വന്നിരുന്നോളൂ, ഒരു സ്ഥാപനത്തിൽ രണ്ട് എം.ഡി വേണ്ട ’’ എന്നും പറഞ്ഞ് പുറത്തേക്കുപോയി. ചർച്ച നിലച്ചു. അടുത്ത ആഴ്ചതന്നെ കൊല്ലത്തേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് കൈപ്പറ്റി.

മുല്ലശ്ശേരി രാജുവും ഭാര്യ ബേബിയും

മുല്ലശ്ശേരി രാജുവും ഭാര്യ ബേബിയും

കൊല്ലം മറ്റൊരു ലോകമായിരുന്നു. ഞാൻ എം.ടിയെ മറന്നു. എന്നാൽ, മുല്ലശ്ശേരി രാജു ഏട്ടനെ മറന്നില്ല. കൊല്ലത്തുനിന്നും വരുമ്പോഴൊക്കെ ചാലപ്പുറത്ത് പുസ്തകങ്ങളും കാസറ്റുകളും കൈമാറാനെത്തി. അധികം വൈകാതെ എന്റെയും ദീദിയുടെയും വിവാഹമുറപ്പിച്ചപ്പോൾ രാജു ഏട്ടൻ വിളിച്ചു, ‘‘ഞാൻ നല്ല സർട്ടിഫിക്കറ്റ് കൊടുത്തിട്ടാണ് ദാമോദരൻ മാഷ് വിവാഹത്തിന് സമ്മതിച്ചത്’’ എന്ന്. അവർ സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. വീരേന്ദ്രകുമാറും ദാമോദരൻ മാഷും ഗുരുവായൂരപ്പൻ കോളജിലെ സഹപാഠികളും പുസ്തകം പരസ്പരം കൈമാറുന്ന കൂട്ടുകാരുമായിരുന്നു. ബന്ധങ്ങളുടെ ഒരു ശൃംഖലതന്നെ പണിയപ്പെടുകയായിരുന്നു.

1991 മേയ് ദിനത്തിന്, ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ഞാൻ കൊല്ലത്തുനിന്നാണ് എത്തിയത്. ദീദിയുടെ വീട്ടിൽ അച്ഛൻ ദാമോദരൻ മാഷ് ‘ഗുരു’ എന്ന് വിളിച്ചിരുന്ന എം.ടി നേരത്തേ എത്തിയിരുന്നു. മാഷിന്റെ ഔട്ട് ഹൗസിൽ പുസ്തകങ്ങൾക്ക് നടുവിൽ ഇരിക്കുകയായിരുന്നു എം.ടി. അദ്ദേഹത്തിന് മുമ്പാകെ എന്നെ എത്തിച്ചപ്പോൾ എന്നെ ഏൽപിച്ചിരുന്ന പണി ചെയ്യാതിരുന്നതിന്റെ ഒരു ചെറിയ ചമ്മലോടെയാണ് മുന്നിൽ നിന്നത്. ട്രാൻസ്ഫറും കല്യാണവുമടക്കം എല്ലാ കാര്യവും രാജു വിളിച്ചറിയിച്ചിട്ടുണ്ടെന്ന് എം.ടി പറഞ്ഞു.

എം.ടിക്കു മുന്നിൽ 25 വർഷം മുമ്പ്, 1966ൽ ദീദിയുടെ അച്ഛനമ്മമാരുടെ വിവാഹച്ചടങ്ങിന്റെ ആൽബമുണ്ടായിരുന്നു. ദാമോദരൻ മാഷിന്റെയും പുഷ്പയുടെയും മതരഹിത വിവാഹത്തിന്റെ കാർമികരായിരുന്നു ബഷീറും എം.ടിയും. മാഷ് എം.ടിയെ ഗുരു എന്നും ബഷീറിനെ ഗുഗ്ഗുരു എന്നും വിളിച്ചിരുന്ന കാലം. ദീദിയുടെ വിവാഹത്തിന് ബഷീറിന് വയ്യാത്ത സ്ഥിതിയായതുകൊണ്ട് എം.ടിതന്നെ കാർമികനാകണമെന്ന് മാഷ് പറഞ്ഞുറപ്പിച്ചിരുന്നു. എം.ടി അത് സമ്മതിക്കുകയും ചെയ്തു.

അത് നടന്നില്ല. എം.ടി കോഴിക്കോട്ട് എത്തിയ കാലം മുതൽക്ക് തുടങ്ങിയതായിരുന്നു രണ്ടു കുടുംബങ്ങളും തമ്മിലുള്ള സൗഹൃദം. ദീദിയുടെ വല്യമ്മ വിലാസിനിയുടെ ആത്മമിത്രവും സെന്റ് വിൻസന്റ് കോളനി സ്കൂളിലെ സഹപ്രവർത്തകയുമായിരുന്നു എം.ടിയുടെ ആദ്യഭാര്യ പ്രമീള ടീച്ചർ. ടീച്ചറുടെ കുടുംബവും മാഷിന്റെ കുടുംബവും പഴയ കോഴിക്കോടൻ സൗഹൃദങ്ങളിൽപെടുന്ന ഒന്നായിരുന്നു. എം.ടിയുടെ മൂത്തമകൾ സിതാരയാകട്ടെ മക്കൾ തലമുറയുടെ അടുത്ത കളിക്കൂട്ടുകാരിയും.

 എം.ടിയുടെ രചനയിൽ ആസാദ് സംവിധാനംചെയ്ത ‘പാതിരാവും പകൽവെളിച്ചവും’ (1974) എന്ന സിനിമയിൽ പ്രേംനസീറും ടി. ദാമോദരനും.  ഫോട്ടോ: പി. ഡേവിഡ്

 എം.ടിയുടെ രചനയിൽ ആസാദ് സംവിധാനംചെയ്ത ‘പാതിരാവും പകൽവെളിച്ചവും’ (1974) എന്ന സിനിമയിൽ പ്രേംനസീറും ടി. ദാമോദരനും. ഫോട്ടോ: പി. ഡേവിഡ്

എ. വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത എം.ടിയുടെ ആദ്യ സിനിമ ‘മുറപ്പെണ്ണ്’ (1965) ഉണ്ടായ കാലത്ത് വിൻസന്റ് മാഷിന്റെ ശിഷ്യനായ ദാമോദരൻ മാഷായിരുന്നു അതിന്റെ പ്രധാന സംഘാടകൻ. എം.ടിയുടെ ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന കഥ ദാമോദരൻ മാഷ് റേഡിയോ നാടകമായി അവതരിപ്പിച്ചത് കേട്ടാണ് അതിൽ സിനിമയുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് കണ്ട് ശോഭനാ പരമേശ്വരൻ നായർ കോഴിക്കോട്ടെത്തുന്നത്. മാഷിന്റെ നാടായ ഒളവണ്ണയിലായിരുന്നു അതിന്റെ ഷൂട്ടിങ്. അതിൽ കാളപൂട്ട് ചിത്രീകരിക്കുന്ന വേളയിൽ ഒരൊറ്റ സീനിൽ മാത്രമേ മാഷ് അഭിനയിച്ചിട്ടുള്ളൂ എങ്കിലും പിന്നീട് ചെയ്ത എം.ടി എഴുതി എ. വിൻസന്റ് സംവിധാനംചെയ്ത ‘നഗരമേ നന്ദി’ (1967), പി.എൻ. മേനോൻ സംവിധാനംചെയ്ത ‘ഓളവും തീരവും’ (1969), ആസാദ് സംവിധാനംചെയ്ത ‘പാതിരാവും പകൽവെളിച്ചവും’ (1974) തുടങ്ങിയ സിനിമകളിലൊക്കെ നടനായും സംഘാടകനായും മാഷുണ്ടായിരുന്നു.

വീറ്റ് ഹൗസ് ഉടമ അബ്ദുൽറഹിമാൻ സാഹിബിനെ കുത്തിക്കൊന്ന സ്രാങ്കിന്റെ ജീവിതത്തെ ആസ്പദമാക്കി മാഷ് ദേശപോഷിണിക്കുവേണ്ടി എഴുതി അവതരിപ്പിച്ച നാടകമാണ് ‘നിഴൽ’ (1967). നാടകം ഇഷ്ടമായ നടൻ സത്യൻ അത് സിനിമയാക്കാൻ മാഷെ മദിരാശിക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ അതിന് തിരക്കഥാ രൂപമൊരുക്കാൻ കൂട്ടിരുന്നത് എം.ടിയായിരുന്നു. കൂട്ടുകാരനായ സ്രാങ്കിനെ കാണാൻ കണ്ണൂർ സെൻട്രൽ ജയിലിൽ പോകുന്നത് എം.ടിയും തിക്കോടിയനും ദാമോദരൻ മാഷും ചേർന്നാണ്. സ്രാങ്കിന്റെ അഭ്യർഥനയായിരുന്നു മൂന്നു പേരോടും അയാളുടെ ജീവിതം എഴുതണമെന്നത്. എന്തിന് സ്രാങ്ക് അബ്ദുൽറഹിമാൻ സാഹിബിനെ കൊന്നു എന്നത് ആ മൂന്നുപേർക്കും അറിയുന്ന രഹസ്യമാണ്. ഇപ്പോഴും കാരണം ആരും പുറത്തു പറഞ്ഞിട്ടില്ല എന്നാണറിവ്. മാഷിന്റെ ‘ഉടഞ്ഞ വിഗ്രഹങ്ങൾ’ എന്ന നാടകത്തിന്റെ ക്ലൈമാക്സ് മാറ്റിച്ച് ‘നിർമ്മാല്യ’ത്തിൽ ഉപയോഗിച്ചതിനെച്ചൊല്ലി ആ സൗഹൃദത്തിൽ കുറച്ച് വിള്ളൽ വീണിരുന്നെങ്കിലും ഇല്ലാതായിരുന്നില്ല. പിൽക്കാലത്ത് അതിൽ പക്ഷംപിടിച്ചവരാണ് ആ ചരിത്രത്തിൽനിന്നും ദാമോദരൻ മാഷെ ഉന്മൂലനംചെയ്യാൻ നോക്കിയത്. അതിൽ തിക്കോടിയനും ഉൾപ്പെടും. മലയാള നാടകചരിത്രത്തിലെ തന്നെ അപൂർവ അധ്യായമായ ‘മുസവരി ബംഗ്ലാവ്’ എന്ന നാടകത്തിന്റെ ഓർമപോലും തിക്കോടിയന്റെ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘അരങ്ങുകാണാത്ത നടൻ’ എന്ന ആത്മകഥയിൽനിന്നും ഒഴിവാക്കിക്കളഞ്ഞിരുന്നു. കെ.ടി. മുഹമ്മദും തിക്കോടിയനും എം.ടിയും ടി. ദാമോദരൻ മാഷും ഓരോ അധ്യായം വീതമെഴുതിയ നാടകമായിരുന്നു അത്.

1986ൽ ദാമോദരൻ മാഷ് ‘വാർത്ത’ എഴുതിയപ്പോൾ അതിൽ എം.ടിയെ ഒരു കഥാപാത്രമാക്കി എഴുതിയത് (വേണു നാഗവള്ളി ചെയ്ത ജേണലിസ്റ്റ്) അങ്ങനെ ചെയ്യുന്നുണ്ട് എന്ന് അദ്ദേഹത്തോട് സംസാരിച്ച ശേഷമായിരുന്നു. എം.ടിയുടെ ആദ്യ ‘മാതൃഭൂമി’ കാലത്തിന്റെ അവസാനത്തിന്റെ ഓർമയാണ് ആ കഥാപാത്രം. ‘മാതൃഭൂമി’യിൽനിന്നുള്ള എം.ടിയുടെ ആദ്യത്തെ തഴയലിന്റെ ഛായ അതിൽ കാണാം.

1965 മുതൽ 1976 വരെ നീണ്ട എം.ടിയും പ്രമീള ടീച്ചറും തമ്മിലുള്ള ദാമ്പത്യം പിരിഞ്ഞപ്പോൾ ദീദിയുടെ അമ്മയും വല്യമ്മയും ഒക്കെ പ്രമീള ടീച്ചർക്കൊപ്പവും അച്ഛൻ എം.ടിക്കൊപ്പവുമാണ് നിന്നത്. പ്രമീള ടീച്ചറെ ഉപേക്ഷിച്ച് സരസ്വതി ടീച്ചറെ വിവാഹം കഴിച്ച (1977ൽ) എം.ടിയെ മകളുടെ വിവാഹത്തിന് കാർമികനാൻ സമ്മതിക്കില്ല എന്ന കർക്കശ നിലപാടിൽ ദീദിയുടെ അമ്മ ഉറച്ചുനിന്നതോടെ ദാമോദരൻ മാഷ് നിലപാട് മാറ്റാൻ നിർബന്ധിതനായി. മാഷ് തന്നെ ആ വിവരം എം.ടിയെ അറിയിച്ചു. എം.ടിക്ക് അതൊരു തീരാ ക്ഷീണമായിരുന്നു. അദ്ദേഹം കാർമികസ്ഥാനത്തുനിന്നു മാറി എന്നു മാത്രമല്ല വിവാഹത്തിനും വന്നില്ല.

വിവാഹശേഷം ഞാനും ദീദിയും ഒന്നിച്ച് ആദ്യം പോയ വീടായിരുന്നു രാജു ഏട്ടന്റെയും ബേബി ചേച്ചിയുടെയും ചാലപ്പുറത്തെ വീട്. അവർക്ക് വിവാഹത്തിന് വരാനാവാത്തതുകൊണ്ട് അവിടെയാണ് ആദ്യം പോകേണ്ടത് എന്ന് നിശ്ചയിച്ച് അച്ഛൻ ഞങ്ങളെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

1999ൽ എം.ടി ‘മാതൃഭൂമി’ വിട്ടു. അതൊരു സൂക്ഷ്മമായ തഴയലായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരുന്നു. മാനേജ്മെന്റ് അനുകൂലികളായ ട്രേഡ് യൂനിയൻ നേതാക്കൾ എം.ടി ആഴ്ചപ്പതിപ്പിനെ നശിപ്പിച്ചു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയപ്പോൾതന്നെ ഹിതം വ്യക്തമായിരുന്നു. എം.ടി പോകുന്നു എന്ന വാർത്തയും ജീവനക്കാർ രഹസ്യമായും പരസ്യമായും ചർച്ചചെയ്തു. ഭാവുകത്വം തന്നെയായിരുന്നു പ്രശ്നം. പത്രാധിപർ എന്നനിലക്ക് പഴയ മാജിക് ആവർത്തിക്കാൻ രണ്ടാം വരവിൽ എം.ടിക്ക് കഴിഞ്ഞിരുന്നില്ല. ഹണിമൂൺകാലം തീർന്നതോടെ സർക്കുലേഷൻ വിഭാഗവും പരസ്യവിഭാഗവും ആദ്യമേ എം.ടിക്ക് എതിരെ തിരിഞ്ഞിരുന്നു. ഒരു പരസ്യവും കിട്ടാത്ത പ്രോഡക്ടുകളുടെ നഷ്ടചരിത്രം മീറ്റിങ്ങുകളിൽ മാനേജ്മെന്റും പൊലിപ്പിച്ചു. അതിൽ ആഴ്ചപ്പതിപ്പുമുണ്ടായിരുന്നു. എം.ടിയുടെ ആഴ്ചപ്പതിപ്പിലെ കോളത്തിനെതിരെയും പരസ്യ മുറുമുറുപ്പുണ്ടായി. ആഴ്ചപ്പതിപ്പ് എങ്ങനെയാകണം എന്ന സർക്കുലേഷൻ പാഠം കേട്ട് കുപിതനായ എം.ടി ഞാൻ എഡിറ്റ് ചെയ്യുന്ന പ്രോഡക്ട് നിങ്ങൾക്ക് വിൽക്കാൻ പറ്റുമെങ്കിൽ വിൽക്കുക, അതാണ് നിങ്ങളുടെ പണി. ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഇങ്ങോട്ട് വരണ്ട എന്ന് ശാസിച്ചതായും വാർത്ത പരന്നു. അധികം വൈകാതെ നിശ്ശബ്ദമായി എം.ടി വീണ്ടും വിടപടിയിറങ്ങി. ‘‘എന്താ പത്രാധിപർക്ക് യാത്രയയപ്പ് കൊടുക്കുന്നില്ലേ’’ എന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാവിനോട് ചോദിച്ചപ്പോൾ അയാൾ എന്നെ തല്ലിയില്ല എന്നേയുള്ളൂ: ‘‘നിങ്ങൾ എഡിറ്റോറിയലുകാർക്ക് അയാൾ വലിയ മനുഷ്യനാകും. വലിയ എഴുത്തുകാരനുമാകും. ഞങ്ങളതൊന്നും വായിച്ചിട്ടില്ല. എന്നാൽ, മുന്നിൽ കൂടെ പോകുമ്പോൾ ഒന്നു ചിരിയ്ക്കാതെ കടന്നുപോകുന്ന അയാൾ ഒരു മനുഷ്യനാണോ?’’ – ഓരോരുത്തരും ഓരോരുത്തർക്കും ഓരോന്നാണ്. എം.ടിയും.

ടി. ദാമോദരനും എം.ടിയും

ടി. ദാമോദരനും എം.ടിയും

മാതൃഭൂമി വിട്ടശേഷം വീണ്ടും എം.ടിയെ ‘മാതൃഭൂമി’ അടുപ്പിക്കുന്നത് 2005ൽ ‘മാതൃഭൂമി’ സാഹിത്യ പുരസ്കാരം എം.ടിക്ക് നൽകിക്കൊണ്ടാണ്. തിക്കോടിയനും എം.വി. ദേവനും പാലാ നാരായണൻ നായർക്കും ഒ.വി. വിജയനും ശേഷമാണ് അത് എം.ടിക്ക് നൽകിയത്. പത്മപ്രഭാ പുരസ്കാരമാകട്ടെ 2016ലാണ് നൽകിയത്. ഉണ്ണികൃഷ്ണൻ പുതൂർ, പൊൻകുന്നം വർക്കി, എം. അച്യുതൻ, എം. ലീലാവതി, എൻ.പി. മുഹമ്മദ്, കാക്കനാടൻ, അക്കിത്തം, കെ.ടി. മുഹമ്മദ്, ഒ.എൻ.വി. കുറുപ്പ്, പി. വത്സല, സി. രാധാകൃഷ്ണൻ, യു.എ. ഖാദർ, സച്ചിദാനന്ദൻ, എൻ.എസ്. മാധവൻ, എം.കെ. സാനു, സാറാജോസഫ്, വിജയലക്ഷ്മി, സി.വി. ബാലകൃഷ്ണൻ, ബെന്യാമിൻ എന്നിവർക്കുശേഷം. എല്ലാ പുരസ്കാരങ്ങളും അധികാരത്തിന്റെ ഒരു തിരഞ്ഞെടുപ്പാണ്.

എം.ടി സാഹിത്യത്തിന്റെയോ സിനിമകളുടെയോ ആരാധകനായിരുന്നില്ല ഞാൻ. ‘അസുരവിത്ത്’ ആണ് വ്യക്തിപരമായി എനിക്കേറ്റവും ഇഷ്ടപ്പെട്ട എം.ടിയുടെ കൃതി. സിനിമയിൽ ഐ.വി. ശശി സംവിധാനംചെയ്ത ‘ഉയരങ്ങളിൽ’, ഹരിഹരൻ സംവിധാനം ചെയ്ത ‘പരിണയം’ എന്നിവയും. ഇതേ പംക്തിയിൽ നേരത്തേ പറഞ്ഞിരുന്ന വല്യച്ഛൻ പൊറ്റങ്ങാടി ഭാസ്കരന്റെ ലൈബ്രറിയിൽ 1977 വരെയുള്ള എം.ടിയുടെ എല്ലാ രചനകളുമുണ്ടായിരുന്നു. ‘മുറപ്പെണ്ണി’ന്റെ തിരക്കഥയൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ വായിക്കാനായിട്ടുണ്ട്. അതേ കാലത്ത് വായിച്ച പുസ്തകങ്ങളിൽ എസ്.കെ. പൊ​െറ്റക്കാട്ടിന്റെ ഒരു തെരുവിന്റെയും ഒരു ദേശത്തിന്റെ കഥയും ഉറൂബിന്റെ ഉമ്മാച്ചുവുമാണ് കൂടുതൽ മനസ്സിൽ തട്ടിയത്.

എം.ടി ‘മാതൃഭൂമി’ വിട്ടശേഷം ഒരിക്കൽ അദ്ദേഹത്തിന്റെ കൈ പിടിച്ച് സ്റ്റേജിൽ കയറ്റുകയും ഇറക്കുകയും ചെയ്ത മറക്കാനാവാത്ത ഒരോർമയുണ്ട്. 2005ൽ തന്നെയായിരുന്നു അത്. ‘മാതൃഭൂമി’ ഫിലിം അവാർഡുകൾ ആഘോഷമാക്കുന്ന കാലത്താണ്. ഞാനപ്പോൾ ചിത്രഭൂമിയുടെ ചുമതലയിലാണ്. കോട്ടയം നഗരത്തിലായിരുന്നു അത്തവണത്തെ ഫിലിം അവാർഡ്. എം.ടിക്കായിരുന്നു സിനിമയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം. നടൻ മമ്മൂട്ടിയാണ് എം.ടിക്ക് അവാർഡ് നൽകേണ്ടത്. സദസ്സിൽ മുൻനിരയിൽ ഇരിക്കുന്ന അവാർഡ് ജേതാക്കളെ മിനിറ്റ് ടു മിനിറ്റ് പ്രോഗ്രാം അനുസരിച്ച് സ്റ്റേജിന്റെ പിന്നിൽ എത്തിക്കുകയാണ് ഫ്രണ്ടിൽ ഡ്യൂട്ടിയുള്ളവർ ചെയ്യേണ്ടത്. എനിക്ക് എം.ടിയുടെയും മമ്മൂട്ടിയുടെയും ചാർജായിരുന്നു. അവർക്ക് മാത്രമാണ് പിന്നിലൂടെയല്ലാതെ നേരെ മുന്നിലൂടെ സ്റ്റേജിലേക്ക് കയറിവരാനുള്ള അനുവാദമുള്ളത്. മമ്മൂട്ടി പേരു വിളിച്ചപ്പോൾതന്നെ ഹർഷാരവത്തോടെ എഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്നു. സ്റ്റേജിന്റെ അറ്റം വരെയേ എനിക്ക് പോകേണ്ടിവന്നുള്ളൂ. എം.ടിയുടെ പേര് അനൗൺസ് ചെയ്തപ്പോൾ അടുത്തുചെന്ന എന്റെ കൈ മുറുകെ പിടിച്ചു. ‘‘പിടിയ്ക്കണം, അല്ലെങ്കിൽ വീഴും’’ – അദ്ദേഹം പറഞ്ഞു. എം.ടിക്കൊപ്പം ഞാനും സ്റ്റേജിലേക്ക് പടികയറി. തിരിച്ചിറക്കണം എന്നതുകൊണ്ട് മമ്മൂട്ടി അവാർഡ് കൊടുക്കുംവരെ ഫ്രെയിമിൽനിന്നും വിട്ടുനിന്നു. ചടങ്ങ് കഴിഞ്ഞപ്പോൾ എം.ടി നോക്കി, ഞാൻ പോയി കൈപിടിച്ച് പടികളിറങ്ങി മുൻനിരയിൽതന്നെ തിരിച്ചു കൊണ്ടുപോയിരുത്തി. സത്യത്തിൽ പാവം തോന്നി. അച്ഛനെ ഓർമ വന്നു.

എം.ടിയെ സ്റ്റേജിലേക്ക് കൈപിടിച്ച് കയറ്റലും ഇറക്കലും ‘മാതൃഭൂമി’യുടെ പല യൂനിറ്റുകളിൽനിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് പുറമെ പീരിയോഡിക്കൽസിന്റെ അന്നത്തെ ഫോട്ടോഗ്രാഫറും തുരുതുരാ എടുക്കുന്നുണ്ടായിരുന്നു. വിഡിയോഗ്രാഫർ വേറെയുമുണ്ട്. ആഘോഷം കഴിഞ്ഞ് കോഴിക്കോട്ട് തിരിച്ചെത്തി പ്രിയസുഹൃത്തുക്കളായ ആ ഫോട്ടോഗ്രാഫർമാരോടെല്ലാം ആ ഫോട്ടോകളിൽ ഒന്ന് അയച്ചുതരാൻ പറഞ്ഞു. അയച്ചുതരാം എന്നു പറഞ്ഞു. ‘ചിത്രഭൂമി’ക്കായി ഓരോരുത്തരായി അയച്ചുതന്ന ദൃശ്യപ്രളയത്തിലൊന്നും ആ ഒരു ചിത്രം മാത്രം ഇല്ലായിരുന്നു.

കിട്ടാതിരുന്നപ്പോൾ വീണ്ടും ചോദിച്ചു. അയയ്ക്കാം, തപ്പണം എന്നൊക്കെ പറഞ്ഞു. കിട്ടിയില്ല. ചാനലിൽ പിന്നീട് ചടങ്ങ് ടെലികാസ്റ്റ് ചെയ്തപ്പോഴും എം.ടിയെ സ്റ്റേജിൽ കൈപിടിച്ച് കയറ്റുന്നതും ഇറക്കുന്നതും എഡിറ്റ് ചെയ്ത് പോയിരുന്നു. അതിൽ അത്ഭുതമില്ലായിരുന്നു. അബോധം ചരിത്രം രചിക്കുന്നത് ഇങ്ങനെയാണ് എന്നത് ഓരോരുത്തർക്കും സ്വന്തം ജീവിതത്തിൽനിന്നും ഇത്തരം എത്ര അനുഭവങ്ങൾ വേണമെങ്കിലും കിട്ടും. ചരിത്രം പലരൂപത്തിലും ബോധങ്ങൾ മാത്രമല്ല, അബോധങ്ങളും മായ്ച്ചുകളയും.

ഉന്മൂലനം രാഷ്ട്രീയത്തിൽ മാത്രമല്ല, സംസ്കാര ചരിത്രത്തിലും പല വേഷത്തിലും വേരോടിയിട്ടുണ്ട്. ആഘോഷിക്കപ്പെടുന്ന എം.ടി എന്ന വിഗ്രഹം അതുകൊണ്ടുതന്നെ ആരാധകരും വിധേയരും പണിതെടുക്കുന്ന ഒട്ടേറെ ഗർത്തങ്ങൾ നിറഞ്ഞ ഒന്നാണ്. അത് നികത്തപ്പെടും എന്നൊന്നും പറയാൻ ഞാനാളല്ല. എല്ലാ ചരിത്രങ്ങളും ഒരുപക്ഷേ ഇങ്ങനെയായിരിക്കാം. അപ്രിയ സത്യങ്ങൾ മറച്ചുപിടിച്ച്, ഒട്ടേറെ മൗനങ്ങൾ നിറച്ച് എഴുതപ്പെടുന്നത്, ആഘോഷിക്കപ്പെടുന്നത്.

(തുടരും)

News Summary - prem chand remembering mt vasudevan nair