യുദ്ധം മറയ്ക്കുന്ന കളിയെഴുത്ത്

ലോക ഫുട്ബാൾ മേള കഴിഞ്ഞപ്പോൾ ബാക്കിയായത് കുറെ നല്ല കളിയോർമകളും, കളിക്കളത്തിലും പുറത്തുമായി നടന്ന രാഷ്ട്രീയക്കളികളുടെ കയ്പും. ടൂർണമെന്റുകളെ –പ്രത്യേകിച്ച് ഫിഫ ഫുട്ബാൾ മത്സരങ്ങളെ– ആവേശിക്കാറുള്ള വംശീയതയും മറ്റു വിവേചനങ്ങളും പലപ്പോഴായി വാർത്തയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കളിയെ പൊലിപ്പിക്കുന്ന തിരക്കിൽ അതെല്ലാം അപ്രധാനമായിപ്പോകാറാണ് പതിവ്.പക്ഷേ, ഗസ്സ വംശഹത്യ നടന്നുകൊണ്ടിരിക്കെ, അതു കണ്ടില്ലെന്ന് നടിച്ചും അതിൽ പങ്കുകൊണ്ടുമൊക്കെ കായികമേള നടത്താൻ പാടില്ലായിരുന്നു എന്ന് കരുതുന്നവരുണ്ട്. അനീതിയെ മറച്ചുവെക്കാനും നോർമലൈസ് ചെയ്യാനും അക്രമി രാജ്യങ്ങൾക്ക് ഈ ടൂർണമെന്റ് സഹായകമായി എന്ന്...
Your Subscription Supports Independent Journalism
View Plansലോക ഫുട്ബാൾ മേള കഴിഞ്ഞപ്പോൾ ബാക്കിയായത് കുറെ നല്ല കളിയോർമകളും, കളിക്കളത്തിലും പുറത്തുമായി നടന്ന രാഷ്ട്രീയക്കളികളുടെ കയ്പും. ടൂർണമെന്റുകളെ –പ്രത്യേകിച്ച് ഫിഫ ഫുട്ബാൾ മത്സരങ്ങളെ– ആവേശിക്കാറുള്ള വംശീയതയും മറ്റു വിവേചനങ്ങളും പലപ്പോഴായി വാർത്തയിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കളിയെ പൊലിപ്പിക്കുന്ന തിരക്കിൽ അതെല്ലാം അപ്രധാനമായിപ്പോകാറാണ് പതിവ്.
പക്ഷേ, ഗസ്സ വംശഹത്യ നടന്നുകൊണ്ടിരിക്കെ, അതു കണ്ടില്ലെന്ന് നടിച്ചും അതിൽ പങ്കുകൊണ്ടുമൊക്കെ കായികമേള നടത്താൻ പാടില്ലായിരുന്നു എന്ന് കരുതുന്നവരുണ്ട്. അനീതിയെ മറച്ചുവെക്കാനും നോർമലൈസ് ചെയ്യാനും അക്രമി രാജ്യങ്ങൾക്ക് ഈ ടൂർണമെന്റ് സഹായകമായി എന്ന് അലോൺ മിസ്റഹി തന്റെ സബ്സ്റ്റാക്ക് ബ്ലോഗിൽ കുറിച്ചു.
പലരുടെയും ഇരട്ടമുഖം തെളിച്ചുകാട്ടുന്നതായി കളിക്കിടയിലെ സംഭവങ്ങൾ. യു.എസ് പ്രസിഡന്റ് ട്രംപ്, അമേരിക്കൻ കളിക്കാരനായ ബലോഗണിക്ക് ലഭിച്ച ചുവപ്പുകാർഡ് നടപ്പാക്കാതിരിക്കാൻ ശ്രമിച്ചതും അതിന് ഫിഫ വഴങ്ങിയതും വാർത്തയായി. എന്നാൽ, അതിലെ ഒരു കാപട്യത്തെപ്പറ്റി മാധ്യമങ്ങൾ പറഞ്ഞുകണ്ടില്ല.
ട്രംപ് കുടിയേറ്റക്കാർക്കെതിരെ നിയമങ്ങൾ കടുപ്പിച്ചുവരുന്നുണ്ടല്ലോ. കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ജനിച്ച മക്കൾക്ക് യു.എസ് പൗരത്വം ജന്മാവകാശമായി കിട്ടുന്നത് ഒഴിവാക്കാനുള്ള നിയമം ട്രംപിന്റെ അജണ്ടയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കൻ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായ ബേലാഗണിനു മേൽ ചുമത്തിയ വിലക്ക് കൗതുകകരമാകുന്നത്. ആ വിലക്ക് നീക്കംചെയ്യാൻ ട്രംപ് സമ്മർദം ചെലുത്തി; ഫിഫ അതിന് കീഴടങ്ങിയതോടെ അയാൾ അടുത്ത കളിയിൽ പങ്കെടുത്തു (അത് തോൽക്കുകയും ചെയ്തു).
അമേരിക്കൻ ടീമംഗത്തിനുവേണ്ടിയാണ് ട്രംപ് ഇടപെട്ടത്. അയാളുടെ അമേരിക്കൻ പൗരത്വമാകട്ടെ, ട്രംപ് എടുത്തുകളയാൻ നോക്കുന്ന തരത്തിലുള്ള ‘‘ജന്മപൗരത്വ’’മാണ്. ട്രംപിന്റെ നിയമം നടപ്പായിരുന്നെങ്കിൽ റഫറിയുടെ ചുവപ്പുകാർഡൊന്നുമില്ലാതെ തന്നെ അയാൾ പുറത്തായേെന എന്നർഥം.
കറുത്തവരെയും മറ്റും നിരന്തരം ഉപദ്രവിക്കുന്ന ഭരണകൂടം, തങ്ങൾക്ക് നേട്ടമാകുമെന്ന് കാണുമ്പോൾ മാത്രം കായികരംഗത്ത് അവരെ ഉയർത്തിക്കാട്ടുന്നതിലെ കാപട്യം ബോക്സർ മുഹമ്മദലി ‘ക്ലേ’ അടക്കം അനേകം പേർ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോൾ കൂട്ടത്തിലേക്ക് ട്രംപിന്റെ കാപട്യവും. ഫിഫ ഫുട്ബാളിലെ ഇരട്ടത്താപ്പുകളുടെ നീണ്ട പട്ടിക സെറ്റേയോ വാർത്താ പോർട്ടൽ മൂന്നു ഭാഗങ്ങളിലായി വിസ്തരിച്ച് നൽകിയിട്ടുണ്ട്.
2022ലെ ലോകകപ്പ് നടത്താൻ ഖത്തറിനെ തിരഞ്ഞെടുത്തതായി 2010ൽ പ്രഖ്യാപിച്ചതു മുതൽ ആ രാജ്യത്തിനെതിരെ വമ്പിച്ച ആരോപണ പ്രവാഹംതന്നെ ഉണ്ടായി. കുടിയേറ്റത്തൊഴിലാളികൾ നേരിട്ടിരുന്ന അന്യായങ്ങളായിരുന്നു മുഖ്യം. അത് കണക്കിലെടുത്ത് ഖത്തർ കാര്യമായിത്തന്നെ തൊഴിൽ നിയമങ്ങൾ പരിഷ്‍കരിച്ചു. എന്നിട്ടും ആരോപണങ്ങൾ തുടർന്നു.
ഇക്കുറി അമേരിക്കയുടെ കാര്യമോ? കുടിയേറ്റക്കാർക്കെതിരെ ക്രൂരമായ സമീപനം നയമാക്കിയ സർക്കാറാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ഒന്നരവർഷമായി നാല് ലക്ഷത്തോളം കുടിയേറ്റക്കാരെ തടവിലാക്കിയിരിക്കുന്നു –അതിൽ 6000ലേറെ കുട്ടികളുമുണ്ട്. ഇറാനെതിരെ അനാവശ്യയുദ്ധം നടത്തുന്നു. ലോകത്തെയാകെ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നു.
ഖത്തറിൽ ടൂർണമെന്റ് നടത്തുന്നതിനെതിരെ അന്ന് ഒച്ചവെച്ചവർ അമേരിക്കയുടെ കാര്യത്തിൽ മൗനമാണ് –മാധ്യമങ്ങളടക്കം.
ഖത്തറിലെ ഉദ്ഘാടനച്ചടങ്ങ് അന്ന് ബി.ബി.സി ബഹിഷ്‍കരിച്ചു; പകരം ഖത്തറിനെ വിമർശിക്കുന്ന മറ്റൊരു പരിപാടി സംപ്രേഷണം ചെയ്തു. പക്ഷേ, ഇക്കുറി അങ്ങനെയൊന്നും ഉണ്ടായില്ല.
കളി നേരിട്ടുകാണാനുള്ള സൗകര്യത്തിന്റെ കാര്യത്തിൽ ഇത്തവണത്തേതിന്റെ പതിന്മടങ്ങ് മെച്ചമായിരുന്നു 2022ലേത്. ഖത്തറിനെതിരെ 12 വർഷം തുടർച്ചയായി വന്നുകൊണ്ടിരുന്ന തലക്കെട്ടുകളൊന്നും യു.എസിന്റെ കാര്യത്തിലുണ്ടായില്ല.
ഒരേസമയം യുദ്ധവും ടൂർണമെന്റും നടത്തുന്ന ട്രംപിന്റെ നയവൈകല്യം ആർക്കും വിഷയംപോലുമായില്ല.
മാധ്യമങ്ങൾ വാർത്തയല്ല, ആഖ്യാനങ്ങൾ (നാരറ്റിവുകൾ) ആണ് തരുന്നത്. വാർത്തകളുടെ അവതരണത്തിൽതന്നെ ആഖ്യാനം മറയില്ലാതെ പ്രകടിപ്പിക്കാം; അല്ലെങ്കിൽ വാക്കുകളുടെ പ്രയോഗത്തിലും വാർത്താ ആംഗിളിലുമായി അത് ഒളിച്ചുകടത്താം. യു.എസ് മാധ്യമങ്ങളിൽ ഈ രണ്ടാമത്തെ ഇനമാണ് കാണുക. പുറമേക്ക് വസ്തുതാപരമായ വാർത്ത; എന്നാൽ ഫലത്തിൽ മനസ്സിലേക്ക് അറിയാതെ ഊർന്നിറങ്ങുന്ന നാരറ്റിവ്.
ഈയിടെ അന്തരിച്ച യു.എസ് രാഷ്ട്രീയ നേതാവ് ലിൻ സേ ഗ്രഹാം വംശഹത്യയെ തുറന്ന് അനുകൂലിക്കുന്നയാളാണ്. ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം സിവിലിയൻന്മാരെ കൂട്ടക്കൊലചെയ്യുന്ന ഇസ്രായേലിന്റെ ചെയ്തി ശരിയാണെന്ന് പരസ്യമായി വാദിച്ചിട്ടുണ്ടയാൾ. മുമ്പ് ട്രംപിന്റെ എതിരാളിയായിരുന്ന ഗ്രഹാം, യു.എസ് പ്രസിഡന്റെന്നനിലക്ക് ട്രംപ് യുദ്ധവ്യാപാരിയായി മാറിയതോടെ അദ്ദേഹത്തിന്റെ സ്വന്തക്കാരനായി. ഇസ്രായേലി പത്രമായ ഹആരറ്റ്സ് മുതൽ ഇങ്ങ് ഹിന്ദു വരെ അദ്ദേഹത്തെ ട്രംപിനോട് ഇസ്രായേലിനുവേണ്ടി വാദിച്ചുകൊണ്ടിരുന്നയാളായി തുറന്നുകാട്ടി. ‘‘ട്രംപിന്റെ കാതിൽ ഇനി വ്യക്തമായ ആ ശബ്ദം മുഴങ്ങില്ല’’, ‘‘ട്രംപിന്റെ കാതിലെ യുദ്ധമന്ത്രണം’’ എന്നൊക്കെയാണ് അവയുടെ തലക്കെട്ടുകൾ.
പക്ഷേ വാൾസ്ട്രീറ്റ് ജേണലിന് അയാൾ രക്ഷകനാണ്. ‘‘ലിൻ സേ ഗ്രഹാമിന്റെ വിയോഗം ആഗോള സ്വാതന്ത്ര്യത്തിന് നഷ്ടം’’ എന്നാണ് അവരുടെ എഡിറ്റോറിയൽ തലക്കെട്ട്. ഫോക്സ് ന്യൂസ് ഭക്ത്യാദരപൂർവം ആ ‘‘സമാധാന ദൂതന്’’ അന്തിമോപചാരമർപ്പിച്ചു.
ഇത്ര പ്രകടമല്ലെങ്കിലും വ്യാജ നാരറ്റിവുകൾ അമേരിക്ക ശത്രുക്കളായി കാണുന്നവരെക്കുറിച്ചും കാണാം. വെനിസ്വേലയിൽ ജൂൺ 24നുണ്ടായ ഇരട്ട ഭൂകമ്പം ലോകത്തിന്റെ കണ്ണിൽ വലിയ ദുരന്തമായെങ്കിൽ യു.എസ് മാധ്യമങ്ങൾക്കത് ആ രാജ്യത്തിന്റെ ഇടതുപക്ഷ നയത്തിനേറ്റ തിരിച്ചടിയായാണ് തോന്നിയത്.
അതിശക്തമായ ഭൂകമ്പങ്ങളായിരുന്നു മിനിറ്റുകളുടെ ഇടവേളയിൽ ഉണ്ടായത്. അനേകം കെട്ടിടങ്ങൾ നിലംപൊത്തി. ആയിരങ്ങൾ മരിച്ചു.
തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടം കാട്ടി വാഷിങ്ടൺ പോസ്റ്റ് തലക്കെട്ടെഴുതിയത് ഇങ്ങനെ:
‘‘ഈ വീടുകൾ വെനിസ്വേലയുടെ സോഷ്യലിസ്റ്റ് വിപ്ലവത്തിൽനിന്നുണ്ടായതാണ്.’’
സോഷ്യലിസ്റ്റ് ഭരണത്തിൽ സാധാരണക്കാർക്കായി നടപ്പാക്കിയ ഭവനനിർമാണ പദ്ധതിയെപ്പറ്റിയാണ് പത്രം പറയുന്നത്. ‘‘വെനിസ്വേല ഗ്രേറ്റ് ഹൗസിങ് മിഷൻ’’ (ജി.എം.വി.വി) എന്നറിയപ്പെട്ട പദ്ധതി ഊഗോ ചാവെസ് 2012ലെ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി നടപ്പാക്കിയതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തിടുക്കത്തിൽ ഉണ്ടാക്കിയ ‘‘ജനകീയ’’ വീടുകൾക്ക് വേണ്ടത്ര ഉറപ്പില്ലായിരുന്നു എന്ന് ധ്വനി. കുഴപ്പം മുതലാളിത്തവിരുദ്ധ നയത്തിന്റേതെന്നും.
എ.എഫ്.പി വാർത്താ ഏജൻസിയും ഈ പദ്ധതിപ്രകാരം നിർമിച്ച വീടുകളുടെ തകർച്ച എടുത്തുപറഞ്ഞു. അതേസമയം, തകർന്ന മറ്റ് കെട്ടിടങ്ങളുടെ കാര്യത്തിൽ മൗനം പാലിച്ചു. വാസ്തവത്തിൽ, സർക്കാർ പദ്ധതിപ്രകാരം നിർമിച്ച കെട്ടിടങ്ങൾക്ക് മറ്റുള്ളവയെക്കാൾ കൂടുതൽ നാശം സംഭവിച്ചതിന് തെളിവൊന്നുമില്ല. എല്ലാതരം കെട്ടിടങ്ങൾക്കും ഒരുപോലെ കേടുപാടുകൾ ഉണ്ടായി; പക്ഷേ യു.എസ് മാധ്യമങ്ങൾ വെനിസ്വേലയിലെ ഇടതു സർക്കാറിന്റെ നയത്തെ എതിർക്കാൻ ഭൂകമ്പത്തെ ഉപയോഗിക്കുകയാണ് ചെയ്തത്. (തകർന്ന 258 കെട്ടിടങ്ങളിൽ 11 എണ്ണം മാത്രമാണ് സർക്കാർ പദ്ധതിപ്രകാരം ഉണ്ടാക്കിയവ.)
വെനിസ്വേലയെ തകർത്തുകൊണ്ടിരിക്കുന്ന മറ്റൊരു മനുഷ്യനിർമിത ദുരന്തത്തെപ്പറ്റി, പക്ഷേ, അവ ഒന്നും പറഞ്ഞില്ല. അമേരിക്കയുടെ സാമ്രാജ്യത്വനയമാണ് ആ ദുരന്തം. ഒരു പതിറ്റാണ്ടായി വെനിസ്വേലക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഇക്കൊല്ലം ജനുവരി 3ന് അമേരിക്ക അവിടെ ആക്രമണം നടത്തി പ്രസിഡന്റ് മദൂറോയെ തട്ടിക്കൊണ്ടുപോയി തടവിലിട്ടതും.
ആ ‘‘ഇരട്ട ദുരന്തം’’ ഇപ്പോഴത്തെ ഇരട്ട ഭൂകമ്പത്തിന്റെ കെടുതികൾക്ക് ആഘാതം കൂട്ടിയ കാര്യവും യു.എസ് മാധ്യമങ്ങളുടെ നാരറ്റിവിന് ചേരാത്തതിനാൽ മറച്ചുവെച്ചു. (വിവരങ്ങൾക്ക്: fair.org)
