Begin typing your search above and press return to search.
proflie-avatar
Login

മാധ്യമങ്ങൾ കാണാതെ പോകുന്ന ജനശക്തി

മാധ്യമങ്ങൾ   കാണാതെ പോകുന്ന   ജനശക്തി
cancel

‘‘ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളെയും മുൻധാരണകളെയുമെല്ലാം കാറ്റിൽ പറത്തി ഇടതുപക്ഷ നേതാവ് ലുല ഡ സിൽവക്ക് മിന്നും ജയം’’ (മാതൃഭൂമി, ഒക്ടോബർ 27). ‘‘സർവേകളും മു​ൻധാരണകളും’’ പിഴച്ചെങ്കിൽ അതിനർഥം മാധ്യമങ്ങളുടെ പ്രചാരണവും ജനങ്ങളുടെ താൽപര്യങ്ങളും അത്രമേൽ അകലത്തിലായിരുന്നു എന്നുതന്നെ. ‘‘അഭിപ്രായ സർവേകളെ നിഷ്പ്രഭമാക്കി’’ ബ്രസീലിൽ ലുല വിപ്ലവമെന്ന് മലയാള മനോരമ. മാധ്യമങ്ങളുടെ കവറേജിൽ കാണുന്ന ഈ കുഴപ്പം പുതിയതല്ല. പല രാജ്യങ്ങളിലും ജനങ്ങളുടെ മനസ്സറിയുന്നതിൽ അവ പരാജയപ്പെടുന്നുണ്ട്. സാധാരണക്കാരോടുള്ളതിനേക്കാൾ അധികാരകേന്ദ്രങ്ങളോട് അവ പുലർത്തുന്ന അടുപ്പമാണ്...

Your Subscription Supports Independent Journalism

View Plans

‘‘ബ്രസീലിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അഭിപ്രായ സർവേകളെയും മുൻധാരണകളെയുമെല്ലാം കാറ്റിൽ പറത്തി ഇടതുപക്ഷ നേതാവ് ലുല ഡ സിൽവക്ക് മിന്നും ജയം’’ (മാതൃഭൂമി, ഒക്ടോബർ 27).

‘‘സർവേകളും മു​ൻധാരണകളും’’ പിഴച്ചെങ്കിൽ അതിനർഥം മാധ്യമങ്ങളുടെ പ്രചാരണവും ജനങ്ങളുടെ താൽപര്യങ്ങളും അത്രമേൽ അകലത്തിലായിരുന്നു എന്നുതന്നെ. ‘‘അഭിപ്രായ സർവേകളെ നിഷ്പ്രഭമാക്കി’’ ബ്രസീലിൽ ലുല വിപ്ലവമെന്ന് മലയാള മനോരമ.

മാധ്യമങ്ങളുടെ കവറേജിൽ കാണുന്ന ഈ കുഴപ്പം പുതിയതല്ല. പല രാജ്യങ്ങളിലും ജനങ്ങളുടെ മനസ്സറിയുന്നതിൽ അവ പരാജയപ്പെടുന്നുണ്ട്. സാധാരണക്കാരോടുള്ളതിനേക്കാൾ അധികാരകേന്ദ്രങ്ങളോട് അവ പുലർത്തുന്ന അടുപ്പമാണ് കാരണമെന്ന് കരുതേണ്ടിവരുന്നു.

ജനാധിപത്യത്തിന് ലോകമാതൃകയെന്ന് പറയുന്ന അമേരിക്കയിൽ പ്രസിഡന്റിന്റെ ഇഷ്ടാനിഷ്ടങ്ങളും അപ്പപ്പോഴത്തെ തോന്നലുകളും നയമായിത്തുടങ്ങിയിട്ട് കുറച്ചായി. നാടിനെയും ലോകത്തെയും അനിശ്ചിതാവസ്ഥയിലാക്കിയ ഈ അവസ്ഥ യു.എസ് ‘‘ജനാധിപത്യ’’ത്തിന്റെ പരാജയമായി ആരും പറയുന്നില്ല. പ്രസിഡന്റ് ട്രംപാകട്ടെ തന്റെ വിക്രിയകൾ തടസ്സമില്ലാതെ തുടരുന്നു.

‘ഗൾഫ് ഓഫ് മെക്സിക്കോ’യുടെ പേര് മാറ്റി ‘ഗൾഫ് ഓഫ് അമേരിക്ക’യാക്കുന്നു. കാനഡയിലെ ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലെയ്ക് അമേരിക്ക’ എന്നു മാറ്റുന്നു. യു.എസ് പ്രസിഡന്റ് ​ഡോണൾഡ് ട്രംപിന്റെ പ്രധാന ‘‘നേട്ട’’ങ്ങളിൽപെടുന്നു ഇത്തരം പേരുമാറ്റങ്ങൾ –ഏറെയും കടലാസിൽ മാത്രം. മാധ്യമങ്ങൾ കൂറോടെ അത്തരം അസംബന്ധങ്ങളെല്ലാം അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുമെങ്കിലും, മറ്റു രാജ്യങ്ങൾക്കോ ഗൂഗ്ൾ മാപ്പിനോ ഒന്നും താൽപര്യമില്ലാത്തതിനാൽ അതൊക്കെ ഒറ്റദിവസത്തെ മഹാവാർത്തകളായി ഒടുങ്ങി.

ഇപ്പോൾ ഒന്റാറിയോ തടാകത്തിന്റെ പേരുമാറ്റിയതിനു പിന്നാലെ ട്രംപിന് ബുദ്ധിയുദിക്കുന്നു. തടാകം ചെറുത്. സമുദ്രം തന്നെ പേരുമാറ്റിയാലെന്ത്? റിപ്പോർട്ട് (മാതൃഭൂമി, ഒക്ടോബർ 24) കാണുക: ‘‘...അറ്റ്ലാന്റിക് സമുദ്രത്തിന്റെയോ ശാന്തസമുദ്രത്തിന്റെയോ പേരുമാറ്റുന്നതിനെക്കുറിച്ച് ചിന്തിച്ചെന്ന് ട്രംപ് പറഞ്ഞു. തന്റെ പേരോ അമേരിക്കയുടെ പേരോ നൽകാനായിരുന്നു ശ്രമം...’’

അമേരിക്കൻ സമുദ്രം, ട്രംപ് സമുദ്രം എന്നെല്ലാം. പക്ഷേ, പക്വമതിയായ ട്രംപ് ആ പദ്ധതി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട് തുടരുന്നു:

‘‘...(ഗൂഗ്ൾ സി.ഇ.ഒയായ) സുന്ദർ പിച്ചൈയോട് ഇ​ക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം തീരുമാനത്തെ എതിർത്തു... നീക്കത്തിൽനിന്ന് പിന്മാറണമെന്ന് പി​ച്ചൈ അഭ്യർഥിച്ചതോടെ ശ്രമം ഉപേക്ഷിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഹഡ്സൺ, മിസിസിപ്പി എന്നീ നദികളുടെ പേരുമാറ്റാനും ആഗ്രഹിച്ചെങ്കിലും അത് വേ​ണ്ടെന്നുവെച്ചെന്ന് ട്രംപ് കൂട്ടിച്ചേർത്തു.’’

ഒരു വൃദ്ധ ഭരണാധികാരിയുടെ നൈമിഷികമായ തോന്നലുകൾ വിദേശവാർത്തയായി സ്വീകരിക്കേണ്ടിവരുന്ന മാധ്യമങ്ങളുടെ ഗതികേട്! ട്രംപിന്റെ ചഞ്ചലമനസ്സിന്റെ ചാപല്യങ്ങൾ വായിക്കേണ്ടിവരുന്ന വായനക്കാരന്റെ ഗതികേട്!

ആഫ്രിക്കയിലെ പഴയ ഇദി അമീനെപ്പോലുള്ള വല്ലവരുമായിരുന്നെങ്കിൽ കിറുക്കിന്റെ മഹാ അവതാരമായി ഗണിക്കപ്പെടാൻ വേണ്ടതെല്ലാം ട്രംപ് പറയുന്നുണ്ട്; ചെയ്യുന്നുണ്ട് –മഹായുദ്ധങ്ങളിലേക്ക് ലോകത്തെ എടുത്തെറിയുന്നതടക്കം. പക്ഷേ, ആ ചാപല്യങ്ങളും ഗൗരവപ്പെട്ട വാർത്തകളായിട്ടാണ് വരുന്നത്. കാരണം ട്രംപ് അമേരിക്കക്കാരനാണ്. അമേരിക്ക ‘‘വൻ ശക്തി’’യാണ്. ആ​ഗോള മാധ്യമങ്ങളുടെ നിലവാരം നിശ്ചയിക്കുന്നത് അമേരിക്കയിലാണ്.

മാധ്യമങ്ങൾ പ്രശ്നങ്ങൾക്ക് നൽകുന്നതിനേക്കാൾ പ്രാമുഖ്യം വ്യക്തികൾക്ക് നൽകുന്നത് ലോകരാഷ്ട്രീയത്തെ തെറ്റായ ദിശയിലേക്ക് തിരിച്ചുവിടുന്നുണ്ട്. യഥാർഥ വിഷയങ്ങളിൽനിന്ന് വ്യക്തികളിലേക്ക് ശ്രദ്ധ മാറുമ്പോൾ ജനങ്ങൾ പുറത്താകുന്നു. നേതാക്കളുടെ ചാഞ്ചാട്ടങ്ങൾ കൗതുക വാർത്തകളാകുന്നു. ഇതുതന്നെ നയംമാറ്റങ്ങൾക്ക് മറയുമായിത്തീരുന്നു.

പ്രഭു ചാവ്ള ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ (ഒക്ടോ. 24) അമേരിക്ക എങ്ങനെ നയതന്ത്രരീതികൾ മറികടന്ന് ഇന്ത്യയെ ഉപയോഗപ്പെടുത്തുന്നു എന്ന് വിവരിക്കുന്നുണ്ട്. യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഇന്ത്യയിൽ വന്നുപോയതാണ് പശ്ചാത്തലം.

രാജ്യതലസ്ഥാനത്ത് അ​ദ്ദേഹം പോയില്ല. രാഷ്ട്രീയ ചർച്ചകളൊന്നുമുണ്ടായില്ല. ഉപചാരമെന്ന നിലക്ക് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അദ്ദേഹത്തെ മുംബൈയിൽ ചെന്ന് കണ്ടു എന്നുമാത്രം.

റൂബിയോക്ക് വിദേശമന്ത്രിയെയോ പ്രധാനമന്ത്രിയെയോ അല്ല കാണേണ്ടിയിരുന്നത്. ഗൗതം അദാനിയെയും അംബാനിമാരെയും ടാറ്റയെയുമാണ്. ‘‘ഏറ്റവും ശക്തമായ രാജ്യത്തിന്റെ ഏറ്റവും ശക്തനായ നയതന്ത്രജ്ഞൻ, കച്ചവടമുറപ്പിക്കാൻ വന്ന സെയിൽസ്മാന്റെ മട്ടിലാണ് എല്ലാം ചെയ്തത്’’ എന്ന് പ്രഭു ചാവ്ള.

കോർപറേറ്റുകൾക്ക് നൽകിയ പരിഗണന ഇന്ത്യ എന്ന രാജ്യത്തിന് അദ്ദേഹം നൽകിയില്ല. റഷ്യൻ എണ്ണ വാങ്ങുമ്പോൾ പിഴത്തീരുവ ചുമത്തുന്നത് തൽക്കാലം മരവിപ്പിക്കാമെന്ന വാക്കുമാത്രം.

വാസ്തവത്തിൽ ഇതുതന്നെ അമേരിക്കയുടെ ആവശ്യമാണ്. റഷ്യയോട് കടുത്ത നിലപാടെടുത്തിരുന്ന സമയത്ത് ഇന്ത്യക്ക് പിഴത്തീരുവ ചുമത്തി. പിന്നെ, യു.എസ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എണ്ണവില താഴ്ന്നുകിട്ടാൻ റഷ്യയുടെ എണ്ണ വിപണിയിലെത്തണമെന്നായി. ട്രംപിന്റെ തോന്നലുകളാണ് അമേരിക്കയുടെ നയങ്ങളായത് –തത്ത്വങ്ങളല്ല.

റഷ്യക്കെതിരെ യുദ്ധംചെയ്യാൻ യുക്രെയിന് എല്ലാ പിന്തുണയും നൽകിയിരുന്ന ട്രംപ് പെട്ടെന്ന് യുക്രെയിനെ കൈയൊഴിഞ്ഞു. റഷ്യയുടെ പക്ഷം ചേർന്നു. കോർപറേറ്റ്-സാമ്രാജ്യത്വ താൽപര്യങ്ങൾ ലോകത്തിന്റെ താൽപര്യങ്ങളെന്ന നിലക്ക് അവതരിക്കുമ്പോൾ പുറത്താകുന്നത് ജനങ്ങളാണ്. വാർത്തയിലെത്തുന്നത് ഭരണകർത്താക്കളും.

പുതിയ രാജാക്കന്മാർ

വാർത്തകൾ വ്യക്തിവിശേഷങ്ങളിൽ ഒതുങ്ങുമ്പോൾ ലോകം തത്ത്വങ്ങളില്ലാത്ത അരാജകത്വത്തിലേക്ക് എറിയപ്പെടുന്നു. ബാലിശമായ പേരുമാറ്റങ്ങൾ വലിയ തലക്കെട്ടുകളാകുന്ന മുറക്ക് തത്ത്വാധിഷ്ഠിത രാഷ്ട്രീയ ബന്ധങ്ങൾ ചന്തപ്പറമ്പിലെ വിലപേശലിന് വഴിമാറുന്നു. നിയമങ്ങൾക്കു പകരം ചട്ടമ്പിത്തരം അരങ്ങുവാഴുന്നു. പുതിയ രാജാക്കന്മാർ ഭരിക്കുന്നു.

2026ൽ യു.എസ് വലിയൊരു രാജ്യത്തെ കീഴ്പ്പെടുത്തി സ്വന്തം കോളനിയാക്കിയതും അവിടത്തെ ജനകീയ ഭരണാധികാരിയെ തടവിലാക്കിയതും ഒരു സാധാരണ സംഭവമായാണ് അവതരിപ്പിക്കപ്പെട്ടത്. വെനസ്വേലയുടെ എണ്ണപ്പാടങ്ങൾ പിടിച്ചെടുത്തും നികളസ് മദുറോയെ റാഞ്ചി കൊണ്ടുപോയതും ഒരു നിയമവുമനുസരിച്ചല്ല –ട്രംപിന്റെ തോന്നലനുസരിച്ച് മാത്രമായിരുന്നു. ട്രംപിന്റെ ചാപല്യങ്ങൾ നോർമ​ലൈസ് ചെയ്ത മാധ്യമങ്ങൾക്ക് ഈ പച്ചയായ കോളനിവത്കരണത്തെ അംഗീകരിക്കാൻ ധൃതിയായിരുന്നു. ‘‘വെനസ്വേലയുടെ എണ്ണവ്യാപാരം ഉത്തരവാദിത്തപൂർണമായ പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു’’ എന്നു പോലും എഴുതാൻ (ന്യൂയോർക് ടൈംസ്, മേയ് 5) അവക്ക് കഴിഞ്ഞു.

ജനക്ഷേമമെന്ന വിഷയത്തിൽനിന്ന്, മാധ്യമങ്ങളെ മാനേജ് ചെയ്യുന്നതിലേക്ക് നേതാക്കൾ ശ്രദ്ധമാറ്റുന്നുണ്ട്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അഴിമതികൾക്കെതിരെ വ്യാപക പ്രക്ഷോഭം നടക്കുമ്പോൾ ഡൽഹിയിൽ പ്രധാനമന്ത്രി മോദി സ്വാമി ചിന്മയാനന്ദന്റെ ഹോളോഗ്രാം രൂപത്തോട് സംസാരിക്കുന്നത് വിഡിയോയിൽ പകർത്തി വാർത്തയാക്കുന്നു. 1993ൽ മരണപ്പെട്ട സ്വാമി മോദിയെ അഭിനന്ദിക്കുന്നതാണ് ദൃശ്യത്തിൽ. പരേതരുടെ വായിൽ വാക്കുകൾ തിരുകിക്കയറ്റുന്നതിലെ ധാർമികത ആരും ചർച്ചചെയ്തു കണ്ടില്ല. മാധ്യമങ്ങൾ ഉപയോഗിച്ചുകൂടാത്ത ‘‘ഡീപ് ഫേക്ക്’’ ദൃശ്യങ്ങളും ഇതും തമ്മിലുള്ള സാമ്യവും ചർച്ചയിൽ വന്നില്ല. (2018ൽ തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിനുവേണ്ടി അദ്ദേഹത്തിന്റെ പിതാവ് പരേതനായ കരുണാനിധിയുടെ രൂപത്തെക്കൊണ്ട് സംസാരിപ്പിച്ചത് അന്ന് വിമർശിക്കപ്പെട്ടിരുന്നു.)

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന ചെറുത്തുനിൽപും വിയോജിപ്പും മാധ്യമങ്ങളിലെത്താൻ തെരഞ്ഞെടുപ്പ് ‘അട്ടിമറി’കൾ വേണ്ടിവരുന്നു. ജനങ്ങളുടെ യഥാർഥ ശബ്ദം അപ്പോൾ തിരിച്ചറിയുന്നു. അതുവരെ, ഭരിക്കുന്നവരുടെ ശീലങ്ങളിലും ദുശ്ശീലങ്ങളിലും കുടുങ്ങിക്കിടക്കും അവ.

News Summary - When Media Misses People's Pulse