Begin typing your search above and press return to search.
proflie-avatar
Login

നേരുകണ്ട് മനംമാറിയവർ

നേരുകണ്ട് മനംമാറിയവർ
cancel

റിപ്പോർട്ടറായി ജോലി തുടങ്ങുമ്പോഴത്തെ നിലപാടും മനോഭാവവും, യാഥാർഥ്യം നേരിട്ടന്വേഷിച്ച് മനസ്സിലാക്കുന്നതോടെ മാറാം. വാർത്താലോകത്തെ മുൻവിധികളിൽനിന്ന് സ്വയം കുടഞ്ഞുമാറിയ മൂന്ന് പടിഞ്ഞാറൻ ജേണലിസ്റ്റുകളെപ്പറ്റി പറയാം. 2003ലെ ഇറാഖ് അധിനിവേശത്തെ പൂർണമായും പിന്താങ്ങിയ ടക്കർ കാൾസണാണ് ഒന്ന്. തൊട്ടടുത്ത വർഷം ഇറാഖ് സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതോടെ ഇറാഖ് യുദ്ധത്തോട് എതിർപ്പ് ഉയർത്തുകയും ചെയ്തു. ഇറാഖിനെപ്പറ്റി ബുഷ് സർക്കാർ പരത്തിയ കള്ളങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നതിൽ അദ്ദേഹം മാപ്പപേക്ഷിക്കുകകൂടി ചെയ്തു. കടുത്ത ട്രംപ് പക്ഷക്കാരനായിരുന്നു ടക്കർ കാൾസൺ. ഇറാൻ യുദ്ധത്തോടെ...

Your Subscription Supports Independent Journalism

View Plans

റിപ്പോർട്ടറായി ജോലി തുടങ്ങുമ്പോഴത്തെ നിലപാടും മനോഭാവവും, യാഥാർഥ്യം നേരിട്ടന്വേഷിച്ച് മനസ്സിലാക്കുന്നതോടെ മാറാം. വാർത്താലോകത്തെ മുൻവിധികളിൽനിന്ന് സ്വയം കുടഞ്ഞുമാറിയ മൂന്ന് പടിഞ്ഞാറൻ ജേണലിസ്റ്റുകളെപ്പറ്റി പറയാം.

2003ലെ ഇറാഖ് അധിനിവേശത്തെ പൂർണമായും പിന്താങ്ങിയ ടക്കർ കാൾസണാണ് ഒന്ന്. തൊട്ടടുത്ത വർഷം ഇറാഖ് സന്ദർശിക്കുകയും കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതോടെ ഇറാഖ് യുദ്ധത്തോട് എതിർപ്പ് ഉയർത്തുകയും ചെയ്തു. ഇറാഖിനെപ്പറ്റി ബുഷ് സർക്കാർ പരത്തിയ കള്ളങ്ങൾ പ്രചരിപ്പിക്കാൻ കൂട്ടുനിന്നതിൽ അദ്ദേഹം മാപ്പപേക്ഷിക്കുകകൂടി ചെയ്തു.

കടുത്ത ട്രംപ് പക്ഷക്കാരനായിരുന്നു ടക്കർ കാൾസൺ. ഇറാൻ യുദ്ധത്തോടെ ​ട്രംപ് വിരുദ്ധനായി. ട്രംപ് സർക്കാറിലെ ഉന്നത പദവിയിൽനിന്ന് രാജിവെക്കുകയും ഇറാൻ യുദ്ധത്തിന് കാരണം ഇസ്രായേലി സമ്മർദമാണെന്ന് വെളിപ്പെടുത്തുകയും ചെയ്ത ജോ കെന്റിന്റെ വിശദമായ അഭിമുഖം ‘ടക്കർ കാൾസൺ ഷോ’യിലാണ് വന്നത്.

യു.എസ് മുഖ്യധാരാ മാധ്യമങ്ങളുടെ പാവന പ്രമാണങ്ങളായി കരുതപ്പെടുന്ന പലതും ടക്കർ കാൾസൺ ലംഘിച്ചിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പക്ഷത്താണദ്ദേഹം. 2024ൽ റഷ്യയിലേക്ക് ചെന്ന് പുടിനെ ഇന്റർവ്യൂ ചെയ്തു.

ഹിറ്റ്ലറുടെ ആളുകൾ ജൂതൻമാരെ വംശഹത്യ ചെയ്ത സംഭവത്തെ (ഹോളോകോസ്റ്റ്) ചോദ്യംചെയ്യുന്നത്, കൊല്ലപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ചതാണോ എന്ന് ചോദിക്കുന്നതുപോലും, ‘സെമിറ്റിക് വിരുദ്ധത’ എന്ന കുറ്റകൃത്യമാണെന്ന് മിക്ക പാശ്ചാത്യരാജ്യങ്ങളിലെയും നിയമം പറയുന്നു. എന്നാൽ, ഹോളോകോസ്റ്റിനെ അപ്പാടെ നിഷേധിക്കുന്ന ഡാറിൽ കൂപ്പറുമായി നടത്തിയ അഭിമുഖവും വിവാദം സൃഷ്ടിച്ചു.

മുഖ്യധാരക്ക് എതിരെ നീന്തുന്നതിൽ മടിയില്ലെങ്കിലും ടക്കർ കാൾസന്റെ അടിസ്ഥാന നിലപാട് വലതുപക്ഷത്തുതന്നെ തുടരുന്നു. അമേരിക്കയെ കേന്ദ്രീകരിച്ചുള്ള, വർണവെറിയെപ്പോലും സ്വാംശീകരിച്ച, കാഴ്ചപ്പാടിനോട് അ​ദ്ദേഹം വിടപറഞ്ഞിട്ടില്ല. എങ്കിലും തീവ്രവലതുപക്ഷ മാധ്യമമായ ഫോക്സ് ന്യൂസിന്റെ ഏറ്റവും ജനസ്വാധീനമുള്ള ഷോയിൽനിന്ന് പുറത്തായി സ്വന്തമായി ‘ടക്കർ കാൾസൺ നെറ്റ്‍വർക്’ തുടങ്ങിയതോടെ മാധ്യമപ്രവർത്തനത്തിൽ സ്വതന്ത്ര നിലപാട് ശീലിച്ചുവരുന്നുണ്ടദ്ദേഹം.

യാഥാർഥ്യം തിരിച്ചറിഞ്ഞ് സ്വന്തം നിലപാടും കാഴ്ചപ്പാടും മാറ്റിയയാളാണ് അലോൺ മിസ്റഹി. ടക്കർ കാൾസന്റെയത്ര പ്രസിദ്ധിയില്ലെങ്കിലും, സത്യസന്ധമായ നിലപാടുവഴി സമൂഹമാധ്യമ മേഖലയിൽ അനുഗാമിവൃന്ദത്തെ നേടിയിട്ടുണ്ടദ്ദേഹം. ‘സബ്സ്റ്റാക്’ എന്ന പ്ലാറ്റ്ഫോമിൽ ‘ദ മിസ്റഹി പെഴ്സ്​പെക്ടിവ്’ എന്ന പരിപാടി ചെയ്യുന്നു; ഇത് മുമ്പ് യൂട്യൂബിലും ഉണ്ടായിരുന്നെങ്കിലും യൂട്യൂബിന്റെ ചായ്‍വുകൾ തിരിച്ചറിഞ്ഞതോടെ അത് ഒഴിവാക്കി.

ഇസ്രായേലിലെ പിന്നാക്ക അറബ്-ജൂത വിഭാഗമാണ് മിസ്റഹികൾ. അന്നാട്ടിലെ മറ്റെല്ലാവരെയും പോലെ അലോണും ഫലസ്തീൻകാരെ വെറുക്കാൻ ശീലിക്കപ്പെട്ടാണ് വളർന്നത്. ഇടക്കിടെ നിവൃത്തികെട്ട് ഫലസ്തീൻ വിമോചനപ്പോരാളികൾ ചെയ്യുന്ന കടുംകൈകളെപ്പോലും ‘‘ഭീകരവൃത്തി’’ എന്ന ഫ്രെയിമിൽ കാണാൻ ആ യുവാവും പഠിച്ചു. 2003ൽ ജറൂസലമിലെ ഒരു കഫേയിൽ ഒരു ചാവേറാക്രമണമുണ്ടായപ്പോൾ അവിടെ സുരക്ഷാ ഗാർഡായിരുന്ന അലോണിന്റെ ഒരു ബന്ധു കൊല്ലപ്പെട്ടു. ഇടക്കാലത്ത് അദ്ദേഹം ഇസ്രായേലി സൈന്യത്തിൽ നിർബന്ധിത സേവനംചെയ്തു.

സൈനിക സേവനത്തിനിടെ ഫലസ്തീനിലെ ചെക്ക് പോയന്റിൽ ഡ്യൂട്ടിചെയ്തിരുന്ന അലോണിന്, ഇസ്രായേലികൾ ഫലസ്തീൻകാരോട് ചെയ്യുന്ന ക്രൂരതകൾ മടുപ്പുണ്ടാക്കിയിരുന്നു. സ്വന്തം നിലക്ക് വായിക്കുകയും പഠിക്കുകയും ചെയ്തപ്പോൾ ഫലസ്തീൻകാർ ഇരകളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതൊരു വഴിത്തിരിവായി. 2003 ഒക്ടോബർ 7നു ശേഷം ഫലസ്തീനുവേണ്ടി ഇസ്രായേലിനെതിരെ എഴുതുന്നു.

ഇസ്രായേലി മാധ്യമങ്ങളിൽ ഇടക്ക് എഴുതാറുണ്ടായിരുന്ന അലോണിന്റെ എഴുത്ത് സയണിസ്റ്റ് വിരുദ്ധമായതോടെ ആരും പ്രസിദ്ധപ്പെടുത്താതായി. ഇന്നദ്ദേഹം ഇസ്രായേലിന് പുറത്താണ് ജീവിക്കുന്നത്. ഇസ്രായേലിന്റെ ചെയ്തികളെ ഉൾ​ക്കാഴ്ചയോടെ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ‘സബ്സ്റ്റാക്’ പോസ്റ്റുകൾക്ക് ധാരാളം വായനക്കാരുണ്ട്.

ജന്മനാ അനുശീലിച്ച പക്ഷപാതിത്വങ്ങൾ മറികടന്ന് സയണിസ്റ്റ് ഇസ്രായേലിനെ തുറന്നുകാട്ടുക എന്നത് ഏകലക്ഷ്യമായെടുത്ത മറ്റൊരാളുണ്ട് –അമേരിക്കക്കാരി ആലിസൺ വെയർ (അവരെ നമ്മൾ മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്). 1990കളിൽ, കാലിഫോർണിയയിൽ ഒരു വാരിക നടത്തുകയായിരുന്നു അവർ. 2000ൽ ഫലസ്തീനിൽ ‘രണ്ടാം ഇൻതിഫാദ’ എന്ന സ്വാതന്ത്ര്യ പ്രക്ഷോഭം നടന്നു.

യു.എസ് മാധ്യമങ്ങളിലെ വാർത്തകളുടെ സ്വഭാവം അവരെ ആശ്ചര്യപ്പെടുത്തി. ഫലസ്തീൻകാരുടെ ഭാഗം എങ്ങും കാണാനില്ല. അവരുടെ ശബ്ദം ഒരു മാധ്യമവും കേൾപ്പിക്കുന്നില്ല. ആലിസണിലെ ജേണലിസ്റ്റ് ഉണർന്നു. മറുഭാഗം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിൽ നേരിട്ടുചെന്ന് അന്വേഷിക്കുകതന്നെ. അവർ അന്നത്തെ ജോലി വിട്ടു; എന്നിട്ട് ഫ്രീലാൻസ് ജേണലിസ്റ്റായി ഗസ്സയിലും വെസ്റ്റ്ബാങ്കിലും സന്ദർശിച്ചു.

ഇസ്രായേലി പട്ടാളത്തിനു കീഴിൽ ഫലസ്തീൻകാർ അനുഭവിക്കുന്ന യാതനകൾ നേരിട്ടുകണ്ടും രേഖപ്പെടുത്തിയും അവിടെ കഴിഞ്ഞ ആ ദിവസങ്ങൾ അവരുടെ മനോഭാവം മാറ്റിമറിച്ചു. അമേരിക്കൻ ജേണലിസത്തിൽ ഏറ്റവും കൂടുതൽ മറച്ചുവെക്കപ്പെടുന്ന വാർത്തയാണ് ഫലസ്തീൻ എന്നവർ കണ്ടു. അമേരിക്കയിലേക്ക് മടങ്ങിയ ഉടനെ തന്റെ വെബ്സൈറ്റ് (ifamericansknew.org) തുടങ്ങി. ഫലസ്തീനെ അദൃശ്യമാക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സത്യസന്ധതയില്ലായ്മക്കൊരു മറുമരുന്നായി അത് നിലകൊള്ളുന്നു.

തലക്കെട്ട് കസർത്ത്

വാർത്താ തലക്കെട്ട് മുൻകൂട്ടി പ്രവചിക്കാനാകുമെങ്കിൽ അതിനർഥം പത്രങ്ങൾ ഒരേ അച്ചിൽ ചിന്തിക്കുകയും അതിൽനിന്ന് പുറത്തുകടക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നു എന്നാണ്. മേയ് 31ന് സംസ്ഥാന സർക്കാർ ഒരു തീരുമാനമെടുത്തു –കണ്ണൂരിൽ എ.ഡി.എം ആയിരുന്ന നവീൻബാബുവി​ന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടും എന്ന്.

അപ്പോഴേ കണക്കുകൂട്ടി: തലക്കെട്ട് ‘‘നേരറിയാൻ സി.ബി.ഐ’’ എന്നായിരിക്കും. പിറ്റേന്ന് പത്രങ്ങൾ കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നിയത്, ആ തലക്കെട്ട് കണ്ടതിലല്ല, മറിച്ച് മൂന്നു പത്രങ്ങൾ (കേരള കൗമുദി, ദീപിക, ചന്ദ്രിക) ഒഴിച്ച് മറ്റൊന്നിലും അത് കാണാതിരുന്നതിലാണ്. അത്രയേ​െറ ‘‘പ്രവചനാധീന’’മാണ് മലയാള പത്രങ്ങളുടെ തലക്കെട്ടെഴുത്ത്. വർഷങ്ങളായി പത്രങ്ങൾ ഉപയോഗിക്കുന്ന അതേ ചട്ടക്കൂട്, അതേ അച്ചും വാർപ്പും, തുടരുമ്പോഴുണ്ടാകുന്ന മടുപ്പിക്കുന്ന ആവർത്തനം മാത്രമല്ല പ്രശ്നം.

വൈദ്യുതി നിരക്ക് കൂട്ടിയാൽ ‘‘വീണ്ടും ഷോക്ക്’’ എന്നോ ‘‘ഇരുട്ടടി’’ എന്നോ തലക്കെട്ട് ഉറപ്പാണ്. ഉള്ളിവില കൂടിയാൽ ‘‘ഉള്ളി പൊള്ളും’’ എന്ന് തന്നെ. ഉദാഹരണങ്ങൾ ധാരാളം കാണും. ഒരു സമാഹാരത്തിനുള്ള വകയുണ്ട്.

എന്നാൽ, ആവർത്തനവിരസതക്കപ്പുറം, ചില വാർത്തകളുടെ കാര്യത്തിലെങ്കിലും മറ്റൊരു പ്രശ്നംകൂടിയുണ്ട്. സിനിമയുടെ പേരോ സിനിമാ ഡയലോഗോ തലക്കെട്ടിനായി കടംകൊള്ളുമ്പോൾ ഔചിത്യം ചോർന്നുപോകുന്നു എന്നതാണത്. നേരറിയാൻ സി.ബി.ഐ എന്ന തലക്കെട്ടിന്റെ അർഥം കൃത്യമാണ്; എങ്കിൽപോലും സിനിമാപ്പേര് തലക്കെട്ടാക്കുന്നതോടെ ഉള്ളടക്കത്തിന്റെ ഗൗരവം ചോരുന്നപോലെ.

തലക്കെട്ടെഴുത്തിൽ അതിന്റെ അർഥം മാത്രമല്ല സ്വരവും (ടോൺ) പ്രധാനമാണ്. ഗൗരവമുള്ള ഒരു വിഷയത്തിന് ലാഘവത്തോടെയുള്ള തലക്കെട്ട് ചേരില്ല. അത് വാർത്തയുടെ സ്വഭാവത്തിൽ മായംചേർക്കും. നർമപ്രധാനമായ വാർത്തക്കും ഗൗരവപ്പെട്ട വാർത്തക്കും ഒരേ ‘‘ടോണു’’ള്ള തലക്കെട്ടുകളല്ലല്ലോ വേണ്ടിവരിക. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡും പാർട്ടി പ്രവർത്തകരുടെ അക്രമവും മാതൃഭൂമി തലക്കെട്ടിൽ: ‘‘ഇടിയല്ല ഇ.ഡി’’; ചന്ദ്രിക തലക്കെട്ടിൽ: ‘‘ഇ.ഡി ഇടി’’. ഇതിൽ സാമർഥ്യമുണ്ട്; കൗതുകവും. എന്നാൽ, ഉള്ളടക്കത്തിന്റെ ഗൗരവത്തോട് ചേരുന്നതാണോ?

ഡിജിറ്റൽ യുഗത്തിൽ തലക്കെട്ടുകൾ പരിണമിച്ചുവരുന്നതിന്റെ ലക്ഷണമെന്നൊക്കെ ഇത്തരം കുട്ടിക്കളിയെ വിശേഷിപ്പിക്കാം. പക്ഷേ, തലക്കെട്ടുകൾ പരിണമിച്ച് മെച്ചപ്പെടുകയാണോ അതോ മടുപ്പിക്കുന്ന ബാലിശതയിലേക്ക് പതിക്കുകയാണോ എന്ന ചോദ്യം ബാക്കിയുണ്ട്.

News Summary - When Journalists Confront the Reality of War