Begin typing your search above and press return to search.
proflie-avatar
Login

തെരഞ്ഞെടുപ്പു കാലമാണ്; വായിക്കുന്നത് വിഴുങ്ങരുത്

തെരഞ്ഞെടുപ്പു കാലമാണ്;   വായിക്കുന്നത് വിഴുങ്ങരുത്
cancel

വ്യാജവാർത്തകൾക്കിത് ഉത്സവക്കാലം. തെരഞ്ഞെടുപ്പു കാലം. വാർത്തകൾ നുണയെന്ന് തെളിയുവോളം വസ്തുതയായി കണക്കാക്കണമെന്നത് സാധാരണ നിയമം. സത്യമെന്ന് തെളിയുന്നതുവരെ വാർത്തയും വിശ്വസിക്കരുതെന്ന് തെരഞ്ഞെടുപ്പുകാല നിയമം. കാരണം, വ്യാജനിർമാണ കേന്ദ്രങ്ങൾ ഊർജിതമായി പണി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തെ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമായി പ്രഖ്യാപിച്ചതു മുതൽ വലതുപക്ഷ കേന്ദ്രങ്ങൾക്ക് കോടതിയോട് നീരസമുണ്ട്. ബോണ്ട് ഇടപാടുകളിലെ ഉള്ളുകള്ളികൾ വെളിപ്പെട്ടുതുടങ്ങിയതോടെ ആ നീരസം കൂടിയിട്ടുമുണ്ട്. അതുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അവരൊന്ന്...

Your Subscription Supports Independent Journalism

View Plans

വ്യാജവാർത്തകൾക്കിത് ഉത്സവക്കാലം. തെരഞ്ഞെടുപ്പു കാലം. വാർത്തകൾ നുണയെന്ന് തെളിയുവോളം വസ്തുതയായി കണക്കാക്കണമെന്നത് സാധാരണ നിയമം. സത്യമെന്ന് തെളിയുന്നതുവരെ വാർത്തയും വിശ്വസിക്കരുതെന്ന് തെരഞ്ഞെടുപ്പുകാല നിയമം. കാരണം, വ്യാജനിർമാണ കേന്ദ്രങ്ങൾ ഊർജിതമായി പണി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തെ ഭരണഘടനാ ലംഘനവും നിയമവിരുദ്ധവുമായി പ്രഖ്യാപിച്ചതു മുതൽ വലതുപക്ഷ കേന്ദ്രങ്ങൾക്ക് കോടതിയോട് നീരസമുണ്ട്. ബോണ്ട് ഇടപാടുകളിലെ ഉള്ളുകള്ളികൾ വെളിപ്പെട്ടുതുടങ്ങിയതോടെ ആ നീരസം കൂടിയിട്ടുമുണ്ട്. അതുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അവരൊന്ന് ഉന്നംവെച്ചു. അങ്ങനെയാണ് വിഡിയോ സാക്ഷ്യത്തിന്റെ ബലത്തോടെ ഒരു വാർത്ത ഇറങ്ങുന്നത്.

‘‘ബോണ്ട് കേസിൽ വിചാരണ നടക്കുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഗംഭീരമായി സർക്കാർപക്ഷം വാദിക്കുന്നു. പെട്ടെന്നതാ ചീഫ് ജസ്റ്റിസ് ഒരു മര്യാദയുമില്ലാതെ കസേരയിൽനിന്നെഴുന്നേറ്റ് സ്ഥലംവിടുന്നു.’’

–ഇങ്ങനെയൊരു കമന്റും വിഡിയോയും മാധ്യമപ്രവർത്തകനെന്ന് സ്വയം വിളിക്കുന്ന അജീത് ഭാരതിയുടേതായി ‘എക്സി’ൽ പ്രത്യക്ഷപ്പെട്ടു. വിഡിയോ ദൃശ്യത്തിൽ ചന്ദ്രചൂഡ് എഴുന്നേൽക്കുന്നത് കാണാം. മൂന്നു ലക്ഷത്തിലേറെ അനുഗാമികൾ (ഫോളോവേഴ്സ്) ഉള്ളയാളാണ് അജീത്. ആ പോസ്റ്റ് അതിവേഗം പരന്നു. അതിൽ അജീത് എഴുതി: ‘‘വൗ! അഭിഭാഷകൻ വാദിച്ചുകൊണ്ടിരിക്കുന്നു. ചന്ദ്രചൂഡ് എഴുന്നേറ്റ് ഒന്നും പറയാതെ സ്ഥലം വിടുന്നു! കുടുംബശേഷിയും ശരിയായ ഡി.എൻ.എ സീക്വൻസുമുള്ള ജഡ്ജിമാരുള്ളപ്പോൾ ജുഡീഷ്യറിക്ക് എത്രമാത്രം അഹങ്കാരവും മറ്റുള്ളവരോട് അനാദരവും ഉണ്ടാകാമെന്ന് ഇത് കാണിച്ചുതരുന്നു. ഇതാണ് സുപ്രീംകോടതി. സുപ്രീംകോടതി!’’

ഈ പോസ്റ്റും വിഡിയോയും ഷെയർ ചെയ്തവർ അവരുടേതായ കമന്റുകളും ചേർത്തുകൊണ്ടിരുന്നു. ചിലർക്ക് ധാർമികരോഷം അടക്കാനായില്ല. ഒരാൾ എഴുതി: ‘‘ഇത് ഇന്ത്യാ ഗവൺമെന്റിനോടുള്ള അവഹേളനവും നിന്ദയുമാണ്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അടക്കം സകല ജഡ്ജിമാരെയും പിടികൂടി രാജിവെപ്പിക്കുകയാണ് രാഷ്ട്രപതി ചെയ്യേണ്ടത്.’’

ഇത്ര​യായപ്പോഴേക്ക് ‘‘വാക്കൗട്ട്’’ നടത്തിയ ജഡ്ജിമാരുടെ എണ്ണം കൂടിയിട്ടുണ്ട്. സർക്കാർ അഭിഭാഷകൻ വാദിച്ചുകൊണ്ടിരിക്കുമ്പോൾ എ​ഴുന്നേറ്റ് പോയത് ചീഫ് ജസ്റ്റിസ് മാത്രമല്ലത്രെ; അദ്ദേഹവും ‘‘മറ്റ് ജഡ്ജിമാരും വെറുതെയങ്ങ് എണീറ്റ് പോയ’’ത്രെ.

അഭിഭാഷകർ കാര്യം പറയുമ്പോൾ ചീഫ് ജസ്റ്റിസിന് അസ്വസ്ഥത തോന്നിയതാണ് അദ്ദേഹം ഓടിപ്പോകാൻ കാരണം എന്ന് മറ്റൊരാൾ.

അഭിഭാഷകന്റെ വാദത്തിന് മറുപടിയില്ലാത്തതുകൊണ്ട് അദ്ദേഹം രക്ഷപ്പെട്ട് ഓടി എന്ന് ഇനിയൊരാൾ.

‘‘എന്തൊരസംബന്ധമാണിവർ കാട്ടുന്നത്!’’ വേറൊരാൾ രോഷംകൊണ്ടു. ‘‘സർക്കാർ വക്കീൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചീഫ് ജസ്റ്റിസ് വാക്കൗട്ട് നടത്തുകയോ? നീതിന്യായ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധക്ക്: ഈ ബെഞ്ചിന് ഒരു കോടതിയലക്ഷ്യ നോട്ടീസ് കൊടുത്തുകൂടേ സർക്കാറിന്?’’

ഈ പോസ്റ്റുകളത്രയും പിന്നീട് നീക്കംചെയ്തു. കാരണം, അതപ്പടി കള്ളമായിരുന്നു. വിശദമായ പരിശോധനക്കുശേഷം വസ്തുതാ പരിശോധക പോർട്ടൽ ആൾട്ട് ന്യൂസ് അക്കാര്യം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

കോടതിയിലെ പ്രസക്ത രംഗങ്ങളുടെ വിഡിയോ ഉൾപ്പെടുത്തിക്കൊണ്ട് ഷിൻജിനി മജുംദർ എഴുതിയ വസ്തുതാ റിപ്പോർട്ടിൽ വിശദീകരണമുണ്ട്. സുപ്രീംകോടതിയുടെ യൂട്യൂബ് ചാനലിലാണ് വിഡിയോ ഉള്ളത്.

മാർച്ച് 18നാണ് സംഭവം. വാദത്തിനിടെ ചന്ദ്രചൂഡ് ഒന്ന് ​കസേരയിൽനിന്ന് എഴുന്നേറ്റ്, ഇരുത്തം ശരിയാക്കി വീണ്ടും കസേരയിലിരിക്കുന്നു –ഇതാണ് രംഗം. അദ്ദേഹം വീണ്ടും ഇരിക്കുന്ന ഭാഗം വെട്ടി ഒഴിവാക്കിയാണ് വ്യാജവാർത്ത ചിലർ ഇറക്കിയത്. പിന്നീട് ഈ വ്യാജങ്ങൾ ബന്ധപ്പട്ടവർ നീക്കംചെയ്തെങ്കിലും അവരുടെ ലക്ഷക്കണക്കിന് അനുഗാമികളുടെ മനസ്സിൽ വ്യാജം തിരുത്തപ്പെടാതെ കിടക്കുന്നുണ്ടാകും. അതുതന്നെയാണ് ഓൺലൈൻ നുണയന്മാരുടെ ലക്ഷ്യവും. കള്ളവിവരം പോസ്റ്റ് ചെയ്യുമ്പോഴേ അവർക്കറിയാം അത് സത്യമല്ല എന്ന്. നിയമനടപടി വരുന്നതിനുമുമ്പ് അവരത് പിൻവലിക്കും. കാണേണ്ടവരൊക്കെ അതിനിടക്ക് അത് കണ്ടിരിക്കും. ചീഫ് ജസ്റ്റിസിനും കോടതിക്കുമെതിരെ വ്യാജം പോസ്റ്റ് ചെയ്ത പലരും ഇതിനുമുമ്പും നുണക്കഥകൾ പരത്തിയിട്ടുള്ളവരാണ്. പിന്നീട് പിൻവലിക്കേണ്ടി വന്നാൽപോലും വ്യാജ പോസ്റ്റ് അതിന്റെ ലക്ഷ്യം നേടിയിരിക്കും.

പാക് പതാക വീണ്ടും വരുന്നു

തെക്കേ ഇന്ത്യൻ (അഹിന്ദി) സംസ്ഥാനങ്ങളെക്കുറിച്ച് ഹിന്ദി സംസ്ഥാനങ്ങളിൽ വ്യാപകമായി വ്യാജം പരക്കുന്നത് ഓൺലൈൻ പോസ്റ്റുകളിലൂടെയാണ്. അത്തരത്തിൽ ഇറങ്ങിയ അനേകം വ്യാജ പോസ്റ്റുകൾ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടെ പെരുകിത്തുടങ്ങി. ഒരു ലക്ഷണം, മാർച്ച് അവസാനവാരം ഇറങ്ങിയ ‘‘വാർത്ത’’യാണ്.

കേരളത്തിലെ ഒരു പ്രചാരണ പരിപാടിയാണ് പശ്ചാത്തലം. തൃശൂരിലെ കോൺഗ്രസ് (യു.ഡി.എഫ്) സ്ഥാനാർഥി കെ. മുരളീധരന്റെ പ്രചാരണ ജാഥയിൽ പാകിസ്താൻ പതാക എന്ന് വാർത്ത.

‘എക്സി’ൽ ഇത് പോസ്റ്റ് ചെയ്തത് ആരെന്ന് വ്യക്തമല്ലെങ്കിലും തെലങ്കാനയിലെ ബി.ജെ.പി നേതാവ് ഷെയർ ചെയ്തതോടെയാണ് അതിന് അഖിലേന്ത്യാ ഖ്യാതി കിട്ടിയത്. ജാഥയുടെ വിഡിയോ ദൃശ്യത്തോടൊപ്പം നേതാവ് (ശാന്തികുമാർ) ഇങ്ങനെ കുറിച്ചു:

‘‘അല്ല, ഇത് പാകിസ്താനൊന്നുമല്ല കേരളമാണ്. തൃശൂർ നിയോജക മണ്ഡലത്തിന്റെ ഏതോ ഭാഗത്ത് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ ​പ്രചാരണപരിപാടി നടത്തുകയാണ്. ഇതിൽ എവിടെയെങ്കിലും ഇന്ത്യൻ ദേശീയപതാക കാണാനുണ്ടോ? ഇതാണോ കോൺഗ്രസിൽ പ്രവഹിക്കുന്ന രാഹുലിന്റെ ഭാരത് ജോഡോ ആദർശം?’’

‘എക്സി’ൽ നിന്ന് ഇത് ‘ഫേസ്ബുക്കി’ലേക്കും പരന്നു. ‘ബൂം ലൈവി’ന്റെ ഫാക്ട് ചെക്കിൽ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.

ആ വിഡിയോ തന്നെ പഴയതാണ് –2019ലേത്. അതിലെ പച്ചപ്പതാകകൾ പാകിസ്താന്റേതല്ല, ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റേതാണ്. 2019ൽ മുരളീധരൻ വടകരയിൽ മത്സരിച്ച സമയത്തെടുത്ത വിഡിയോ ആണ്, ഹിന്ദി സംസ്ഥാനക്കാർക്ക് പാകപ്പെടുത്തിക്കൊണ്ടെന്നോണം വ്യാജം ചേർത്ത് പ്രചരിപ്പിക്കുന്നത്. കാലം തെരഞ്ഞെടുപ്പിന്റേതാണ്. ശരിയും വ്യാജവും തമ്മിൽ തിരിച്ചറിയേണ്ട കാലം.

‘സ്പിൻ’ തുടങ്ങി

ഒരേ വാർത്ത പലതരത്തിൽ അവതരിപ്പിക്കാം. അതിലുണ്ടൊരു മിടുക്ക്. വായനക്കാരുടെ മനസ്സിൽ വസ്തുതാപരമല്ലാത്ത ധാരണ സൃഷ്ടിക്കുന്ന തരത്തിൽ വസ്തുതകളെ വളച്ചുവെക്കുന്ന ‘സ്പിൻ’ രീതി. മാർച്ച് 25ലെ മലയാള പത്രങ്ങളിലെ ഒരു വാർത്ത, ബി.ജെ.പി ത​ലേന്ന് ഇറക്കിയ സ്ഥാനാർഥി ലിസ്റ്റിനെപ്പറ്റിയാണ്.

ഈ തലക്കെട്ടുകൾ ​ശ്രദ്ധിക്കുക:

‘വയനാട്ടിൽ കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥി’ (മാധ്യമം); ‘ബി.ജെ.പി അഞ്ചാംഘട്ട പട്ടിക’ (മലയാള മനോരമ); ‘ബി.ജെ.പി: വയനാട്ടിൽ കെ. സുരേന്ദ്രൻ’ (മാതൃഭൂമി).

നേർക്കുനേരെ വിവരം പറയുന്ന ഈ തലക്കെട്ടുകൾക്കുശേഷം മറ്റൊരു കൂട്ടം തല​ക്കെട്ടുകൾ നോക്കാം:

‘രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടാൻ തയാറെടുത്ത് കെ. സുരേന്ദ്രൻ’ (ദീപിക); ‘രാഹുലിനെ നേരിടാൻ സുരേന്ദ്രൻ’ (മംഗളം); ‘രാഹുലിനെതിരെ കെ. സുരേന്ദ്രൻ’ (കേരള കൗമുദി).

ഈ രണ്ടാമത്തെ കൂട്ടം തലക്കെട്ടുകൾ വസ്തുതക്കപ്പുറം ഒരു ആഖ്യാനമാണ്. വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിയും കെ. സുരേന്ദ്രനും തമ്മിലാണ് മത്സരം എന്ന (വ്യാജ) ആഖ്യാനം.

വയനാട്ടിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ

യു.ഡി.എഫ് സ്ഥാനാർഥി രാഹുലിന് കിട്ടിയ വോട്ട് 7,06,367. എൽ.ഡി.എഫ് സ്ഥാനാർഥിക്ക് കിട്ടിയത് 2,74,597. എൻ.ഡി.എ സ്ഥാനാർഥിക്ക് കിട്ടിയത് 78,816. മറ്റു രണ്ടു സ്ഥാനാർഥികളുടെ അടുത്തെങ്ങും ബി.ജെ.പി ഇല്ലെന്നർഥം.

ഈ സാഹചര്യത്തിൽ മത്സരം യു.ഡി.എഫും എൻ.ഡി.എയും തമ്മിലെന്ന് പ്രചരിപ്പിക്കുന്നതുതന്നെ വായനക്കാരറിയാതെ അവരുടെ മനസ്സിലേക്ക് അവാസ്തവം കയറ്റലാണ്.

വ്യാജവാർത്തകൾപോലെ സ്പിൻ തന്ത്രങ്ങളും നാം ധാരാളമായി കാണാൻ പോകുന്നു. കാരണം, ഇത് തെരഞ്ഞെടുപ്പുകാലമാണ്.


News Summary - weekly column media scan