Begin typing your search above and press return to search.
proflie-avatar
Login

ഹിന്ദ് റജബ്: ആ കരച്ചിൽപോലും അവരുടെ മനസ്സ് തൊട്ടില്ല

ഹിന്ദ് റജബ്: ആ കരച്ചിൽപോലും അവരുടെ മനസ്സ് തൊട്ടില്ല
cancel

ഹിന്ദ് റജബ് എന്നായിരുന്നു അവളുടെ പേര്. ആറുവയസ്സ്. ഗസ്സയിലെ നിഷ്കളങ്കരായ കുട്ടികളിൽ ഒരുവൾ. അവളുടെ നിലവിളി ലോകം മുഴുവൻ കേട്ടതാണ്. ‘‘എനിക്ക് പേടിയാകുന്നു. ദയവായി വരൂ. ആരെയെങ്കിലും വിളിച്ച് എന്നെ ഇവിടെനിന്ന് കൊണ്ടുപോകൂ.’’ ഹിന്ദ് മറ്റു കുടുംബാംഗങ്ങളോടൊപ്പം യാത്രയിലായിരുന്നു. കാറിൽ അമ്മാവനും അമ്മായിയും അവരുടെ മൂന്നു മക്കളും –14 വയസ്സുകാരി ലയാൻ അടക്കം. ഇടക്ക് ഇസ്രായേലി ടാങ്കുകൾ വന്ന് അവരെ വളഞ്ഞു. ടാങ്കുകളിൽനിന്ന് കാറിലേക്ക് തുരുതുരാ വെടി. ഹിന്ദും ലയാനും ഒഴിച്ചുള്ളവരെല്ലാം കൊല്ലപ്പെട്ടു. ലയാൻ സഹായത്തിനായി റെഡ്ക്രസന്റിന്റെ ആംബുലൻസ് സർവിസിലേക്ക് വിളിച്ചു: ഞങ്ങളിതിൽ കുടുങ്ങിയിരിക്കുന്നു;...

Your Subscription Supports Independent Journalism

View Plans

ഹിന്ദ് റജബ് എന്നായിരുന്നു അവളുടെ പേര്. ആറുവയസ്സ്. ഗസ്സയിലെ നിഷ്കളങ്കരായ കുട്ടികളിൽ ഒരുവൾ. അവളുടെ നിലവിളി ലോകം മുഴുവൻ കേട്ടതാണ്.

‘‘എനിക്ക് പേടിയാകുന്നു. ദയവായി വരൂ. ആരെയെങ്കിലും വിളിച്ച് എന്നെ ഇവിടെനിന്ന് കൊണ്ടുപോകൂ.’’

ഹിന്ദ് മറ്റു കുടുംബാംഗങ്ങളോടൊപ്പം യാത്രയിലായിരുന്നു. കാറിൽ അമ്മാവനും അമ്മായിയും അവരുടെ മൂന്നു മക്കളും –14 വയസ്സുകാരി ലയാൻ അടക്കം. ഇടക്ക് ഇസ്രായേലി ടാങ്കുകൾ വന്ന് അവരെ വളഞ്ഞു. ടാങ്കുകളിൽനിന്ന് കാറിലേക്ക് തുരുതുരാ വെടി. ഹിന്ദും ലയാനും ഒഴിച്ചുള്ളവരെല്ലാം കൊല്ലപ്പെട്ടു. ലയാൻ സഹായത്തിനായി റെഡ്ക്രസന്റിന്റെ ആംബുലൻസ് സർവിസിലേക്ക് വിളിച്ചു: ഞങ്ങളിതിൽ കുടുങ്ങിയിരിക്കുന്നു; രക്ഷിക്കണം. ടാങ്ക് ഇതാ അടുത്തെത്തി... സംസാരത്തിനിടെ വെടിയൊച്ചകൾ. കരച്ചിൽ. ലയാ​ന്റെ സംസാരം നിലച്ചു.

ആംബുലൻസിൽ രണ്ട് റെഡ്ക്രസന്റ് വളന്റിയർമാർ പുറപ്പെട്ടു –യൂസുഫ് സൈനോയും അഹ്മദ് അൽ മദ്ഹൂനും. തിരഞ്ഞു തിരഞ്ഞ് ആംബുലൻസ് ഒടുവിൽ കാറിനടുത്തെത്തിയപ്പോൾ അതിനുനേരെയും ഇസ്രായേലി ആക്രമണം. ആംബുലൻസ് തകർന്നു. രണ്ടുപേരും കൊല്ലപ്പെട്ടു.

പിന്നെ ഒരു വിവരവുമില്ല. ഇസ്രായേൽ സൈന്യം കൈമലർത്തുന്നു. 12 ദിവസം കഴിഞ്ഞാണ് കുടുംബക്കാർ കാറും ആംബുലൻസും മരിച്ച എട്ടുപേരെയും കണ്ടെത്തുന്നത്. ടാങ്കിൽനിന്നുള്ള ഉണ്ടകൾ വർഷിച്ച അടയാളങ്ങൾ വാഹനങ്ങളിൽ നിറയെ. നടന്നതെന്തെന്ന് വ്യക്തം. ഇസ്രായേലി സൈന്യം കൊന്നതാണ് അവരെ. സഹായത്തിനായി കുട്ടികൾ ഫോണിൽ വിളിച്ചപ്പോൾ അവരെയും കൊന്നു. സഹായിക്കാനെത്തിയ ആംബുലൻസുകാരെയും കൊന്നു. ഇവരെപ്പറ്റി അറിയില്ലെന്ന് വീട്ടുകാരോട് പറഞ്ഞപ്പോഴൊക്കെ ഇസ്രായേൽ സേനക്കറിയാമായിരുന്നു അവർ കൊന്നതാണെന്ന്.

സങ്കൽപിച്ചു നോക്കുക, മൊത്തം ഭീതിയുടെ അന്തരീക്ഷം. പൊടുന്നനെ വെടിയുണ്ടകൾ വരുന്നു, മുതിർന്നവർ കൊല്ലപ്പെടുന്നു. ആ ജഡങ്ങളോടൊപ്പം ഇരിക്കുന്ന കുട്ടികൾ സഹായം തേടി ഫോൺ ചെയ്തപ്പോൾ അവരും കൊല്ലപ്പെടുന്നു. ഇവരെയോ രക്ഷിക്കാനെത്തിയവരെയോ കാണാതെ 12 ദിവസം വീട്ടുകാരും നാട്ടുകാരും തീ തിന്നുന്നു.

ഇസ്രായേലല്ല ഇത് ചെയ്തതെങ്കിൽ, മാധ്യമങ്ങൾ പരമാവധി പ്രാധാന്യത്തോടെ ഈ വാർത്തയും അനുബന്ധ വാർത്തകളുമായി വാർത്താലോകം കിളച്ചുമറിക്കുമായിരുന്നു. പക്ഷേ, ചെയ്തത് ഇസ്രായേലാണ്. അതുകൊണ്ട് അവ ഭാഷകൊണ്ട് കളിച്ച് ഇസ്രായേലിനെ കുറ്റമുക്തമാക്കാൻ പാടുപെടുന്നു. ചില സാമ്പിളുകൾ:

ബി.ബിസി: ‘‘... മരിച്ചതായി കാണപ്പെട്ടു.’’ (Hind Rajab, 6, Found dead in Gaza days after phone calls for help.) കൊന്നതാര് എന്ന് വെളിവാക്കാനുള്ള ഭാഷ ബി.ബി.സിക്ക് അറിയാഞ്ഞിട്ടല്ല ഇങ്ങനെ. യുക്രെയ്നിൽ ഹോട്ടലിന് റഷ്യ ബോംബിട്ടപ്പോൾ കുഞ്ഞ് മരിച്ച വിവരം അവർ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു: ‘‘റഷ്യൻ ബോംബിങ്ങിൽ ശിശു കൊല്ലപ്പെട്ടു.’’ (Ukraine war: Baby killed in Russian strike on Kharkiv hotel.)

സി.എൻ.എന്നും ഗസ്സക്കാരിയുടെ മരണം റിപ്പോർട്ട് ചെയ്തത് ‘‘...മരിച്ച നിലയിൽ കാണപ്പെട്ടു’’ എന്നുതന്നെ. (Five- year old Palestinian girl found dead after being trapped in car with dead relatives.) ‘‘കാറിൽ കുടുങ്ങി’’, ‘‘മരിച്ചതായി കാണപ്പെട്ടു’’ എന്നെല്ലാം –ഇസ്രായേൽ ചിത്രത്തിലെങ്ങുമില്ല!

ദ ഒബ്സർവർ: ‘‘...മരിച്ചതായി കാണപ്പെട്ടു.’’ (`I'm so scared, please come’: Hind Rajab, six, found dead in Gaza 12 days after cry for help.)

ന്യൂയോർക് ടൈംസ്: ‘‘... മരിച്ചതായി കാണപ്പെട്ടു എന്ന് റെഡ്ക്രസന്റ് അറിയിച്ചു.’’ (Missing 6- year- Old and Rescue Team Found Dead in Gaza, Aid Group Says.)

ദ വാഷിങ്ടൺ പോസ്റ്റ്: ‘‘ഹിന്ദ് റജബിന്റെ മൃതദേഹം... കണ്ടെത്തി’’; ‘‘കുടുംബം യാത്രചെയ്ത കാറിന് വെടിയേറ്റു’’ (Family car was fired on.)

സ്കൈ ന്യൂസ്: ‘‘...മരിച്ചതായി കാണപ്പെട്ടു.’’ (Girl, 6, recorded pleading with Gaza rescuers to save her after attack found dead.)

പടിഞ്ഞാറൻ പത്രങ്ങളിൽ ദ ഇൻഡിപെൻഡന്റ് മാത്രമാവണം ഇസ്രായേലിനെ തലക്കെട്ടിൽ പരാമർശിച്ചത്: ‘‘ആറുവയസ്സുകാരിയും അവളെ രക്ഷിക്കാൻ വന്ന ആരോഗ്യപ്രവർത്തകരും ഇസ്രായേലി ടാങ്കുകളാൽ കൊല്ലപ്പെട്ടു.’’ (A 6- year- old Palestinian girl was killed –as were the paramedics trying to rescue her – by Israeli tanks.)

ഭാഷാഭീകരത

ഇസ്രായേലിന്റെ ഫലസ്തീൻ വംശഹത്യ മാധ്യമവിവേചനത്തിന്റെ തെളിഞ്ഞ മാതൃകയെന്ന നിലക്കും ചരിത്രം സൃഷ്ടിക്കുന്നുണ്ട്. മുമ്പ് ‘മീഡിയസ്കാനി’ൽ ചൂണ്ടിക്കാട്ടിയപോലെ, ഫലസ്തീൻകാർ ‘‘കൊല്ലപ്പെടുക’’യല്ല ‘‘മരിക്കുക’’യാണ്. വാഷിങ്ടൺ പോസ്റ്റിന്റെ കുപ്രസിദ്ധമായ തലക്കെട്ടായിരുന്നല്ലോ ഇസ്രായേൽ റെയ്ഡ് ചെയ്ത ആശുപത്രിയിൽ നാല് നവജാത ശിശുക്കൾ ‘‘ജീവൻ നിലച്ച നിലയിൽ കണ്ടെത്തപ്പെട്ടു’’ എന്നത്. (Four fragile lives found ended in evacuated Gaza hospital).

അതിലെ ‘‘ഒഴിപ്പിച്ച’’ (evacuated) എന്ന വാക്കുപോലും ഗുരുതരമായ യുദ്ധക്കുറ്റം മറച്ചുവെക്കുന്നുണ്ട്. ഏതോ പ്രകൃതിദുരന്തത്തിൽനിന്നോ മറ്റോ രക്ഷിക്കാൻവേണ്ടി ആളുകളെ ‘‘ഒഴിപ്പിച്ച’’തല്ല; ഇസ്രായേലി സേന നിയമവിരുദ്ധമായി ആശുപത്രി ആക്രമിക്കുകയും ജീവനക്കാരെയും രക്ഷിതാക്കളെയുമെല്ലാം ബലമായി പുറത്താക്കുകയും ചെയ്തതിനെയാണ് ആ വാക്ക് ഒളിപ്പിക്കുന്നത്. ‘‘More than 500 people have died in Gaza... More than 700 people have been killed in Israel’’ എന്ന ബി.ബി.സി തലക്കെട്ടും ഓർക്കുക.

കുറ്റം മറച്ചുവെക്കാൻ ഭാഷാപ്രയോഗങ്ങളെ മറയാക്കുന്ന ബോധപൂർവമായ പുതുരീതികൾ പാശ്ചാത്യ മാധ്യമങ്ങളുടെ നവ ഓറിയന്റലിസ്റ്റ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായിരിക്കുന്നു.

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ ‘‘ബന്ദികൾ’’ എന്നുതന്നെ വിശേഷിപ്പിച്ച ഗാർഡിയൻ ഇസ്രായേൽ ബന്ദികളാക്കിയ ഫലസ്തീനികളെ ‘‘തടവുകാർ’’ എന്ന് വിശേഷിപ്പിച്ചതും ഓർക്കുക. ഇസ്രായേലി ‘‘ബന്ദിക’’ളെ സ്ത്രീകളും ‘‘കുട്ടികളും’’ എന്ന് അതേ വാർത്തയിൽ പരാമർശിച്ച പത്രം ഫലസ്തീനി ‘‘തടവുകാരെ’’ സ്ത്രീകളും ‘‘18ഉം അതിൽ താഴെയും വയസ്സുള്ള ആളുകളും’’ എന്നാണല്ലോ വിളിച്ചത്. ഈ വിവേചനം ഗാർഡിയൻ അതിന്റെ ഞായർപതിപ്പായ ഒബ്സർവറിൽ ആവർത്തിക്കുകകൂടി ചെയ്തു.

അമേരിക്കയും ഏതാനും യൂറോപ്യൻ രാജ്യങ്ങളുമടങ്ങുന്ന കൂട്ടായ്മയെ ‘‘അന്താരാഷ്ട്ര സമൂഹം’’ (International Community) എന്നുപറഞ്ഞ് ഇല്ലാത്ത ആധികാരികത നൽകുന്ന മാധ്യമശൈലിയാണ് മറ്റൊന്ന്. ഗസ്സയിൽ വെടിനിർത്താനുള്ള യു.എൻ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തപ്പോൾ കുറ്റം യു.എന്നിന്റെ മുഴുവൻ ചുമലിലിടുന്നതായിരുന്നു തലക്കെട്ടുകൾ. (UN rejects resolution calling for immediate cease- fire in Gaza –ഫോക്സ് ന്യൂസ്.) ആ വീറ്റോയെ ലോകത്തെ വിവിധ രാഷ്ട്രങ്ങൾ അപലപിച്ചപ്പോൾ ആ ‘‘അന്താരാഷ്ട്ര സമൂഹം’’ പത്രങ്ങളുടെ കണ്ണിൽ പെട്ടെന്ന് ചെറുതായി –‘‘അറബ് രാജ്യങ്ങൾ അപലപിച്ചു’’ എന്നായി ന്യൂയോർക് ടൈംസ്. (Arab Nations Condemn US for Vetoing Cease- Fire Resolution.)

നാലഞ്ച് പടിഞ്ഞാറ​ൻ രാജ്യങ്ങൾ ‘‘ലോക സമൂഹ’’മായും അതിന്റെ നാലഞ്ചിരട്ടി വരുന്ന രാജ്യങ്ങൾ വെറും ‘‘അറബ് രാജ്യങ്ങളാ’’യും പരിണമിക്കുന്ന അത്ഭുതമാണിത്.

ഇസ്രായേലി യുദ്ധക്കുറ്റം അതേപടി വാർത്തയാക്കാൻ മടിയാണ് അവർക്ക്. മാനസിക അസ്വാസ്ഥ്യമുള്ള ഫലസ്തീനിയെ ഇസ്രായേലി പട്ടാളക്കാർ വളഞ്ഞിട്ട് വെടിവെച്ചുകൊല്ലുന്ന വിഡിയോ പുറത്തുവന്നു. സി.എൻ.എൻ തലക്കെട്ടിട്ടത് ഇങ്ങനെ: ‘‘സൈനിക യൂനിഫോമിൽ കാണപ്പെട്ട’’യാൾ... വെടിവെക്കുന്ന വിഡിയോ (Video shows man in military fatigues shooting...)

വംശഹത്യ (genocide, ethnic cleansing)യെ ‘‘ഒഴിപ്പിക്കൽ’’ (eviction) ആക്കാൻ അവർക്ക് മടിയില്ല. അധിനിവേശത്തെയും കൊളോണിയലിസത്തെയും സംഘർഷം (conflict) എന്ന പദംകൊണ്ട് മറയ്ക്കാനും. രിഫ്അത് അരീർ എന്ന കവിയെ ഇസ്രായേൽ ഉന്നമിട്ട് കൊന്നതിന്റെ റിപ്പോർട്ടിൽപോലും കൊല (kill) എന്ന വാക്ക് മറച്ച് മരണം (death) എന്ന് എഴുതാൻ മടിയില്ലാത്ത വാഷിങ്ടൺ പോസ്റ്റ്; ‘‘ആശുപത്രിക്കുമേലുള്ള ഇസ്രായേലി ആക്രമണം നൂറുകണക്കിന് പേരെ കൊന്നു’’ എന്ന സത്യസന്ധമായ തലക്കെട്ട് ഏതോ സമ്മർദം കാരണം രണ്ടുവട്ടം മാറ്റിയെഴുതി ‘‘സ്ഫോടനത്തിൽ 500 മരണം’’ എന്നാക്കിയ ന്യൂയോർക് ടൈംസ്; ഫലസ്തീൻകാർ ഇസ്രായേലി കുട്ടികളെ അംഗഭംഗം വരുത്തി എന്ന വ്യാജം തലക്കെട്ടാക്കുകയും അതിനുതാഴെ ഇസ്രായേൽ ആക്രമണത്തിൽ ചോരവാർന്ന് കരയുന്ന ഫലസ്തീനി കുട്ടികളുടെ ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നതരത്തിൽ ചേർക്കുകയും ചെയ്ത ലണ്ടൻ ടൈംസ്; ഗസ്സയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്രായേൽ ബോംബിട്ടപ്പോൾ ‘‘ചർച്ച് വളപ്പിൽ സ്ഫോടനം’’ (Blast Goes off at Orthodox Church Campus in Gaza) എന്ന് അക്രമിയെ മറച്ചുകൊണ്ട് ​തലക്കെട്ടിട്ട വാൾസ്ട്രീറ്റ് ജേണൽ... ഈ വൻകിട പടിഞ്ഞാറൻ പത്രങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ വിശ്വാസ്യത കളഞ്ഞുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ജൂണിൽ, ഫലസ്തീൻ ഫോട്ടോ ജേണലിസ്റ്റ് മുഅ്മിൻ സുംരീനെ തലക്ക് വെടിവെച്ചാണ് ഇസ്രായേൽ പട്ടാളം കൊന്നത്. ഗാർഡിയൻ തലക്കെട്ടിൽ, എവിടെനിന്നോ അലഞ്ഞുതിരിഞ്ഞെത്തിയ വെടിയുണ്ടയെ കുറ്റപ്പെടുത്തുന്നത് കാണാം: Palastinian Journalist hit in head by bullet during raid on terror suspect's home.

ഇതിന്റെ മറ്റൊരവതാരമാണ് കഴിഞ്ഞ ദിവസം ലോസ് ആഞ്ജലസ് ടൈംസിന്റെ തലക്കെട്ടായത്: Gazans in Rafah watch Israeli bombs move closer...

ഇരകളെ കുറ്റവാളികളാക്കുന്നതിൽ മുമ്പേ വിജയിച്ച ഈ മാധ്യമങ്ങൾ ഇപ്പോൾ വംശഹത്യക്ക് വിചാരണ നേരിടേണ്ട കുറ്റവാളിയെ നിരപരാധിയാക്കുന്ന ജോലിയിലാണ്.


News Summary - weekly column media scan