Begin typing your search above and press return to search.
proflie-avatar
Login

ധ്വംസനവും പ്രതിഷ്ഠയും – മാധ്യമങ്ങളും മാറുകയാണ്

ധ്വംസനവും പ്രതിഷ്ഠയും –  മാധ്യമങ്ങളും മാറുകയാണ്
cancel

അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും അനുബന്ധ സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി അവക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തെപ്പറ്റി ചില സൂക്ഷ്മമായ സൂചനകൾ നൽകുന്നുണ്ട്. ജൂലൈ 23ലെ പത്രങ്ങൾ നോക്കാം. മൂ​േന്നാ നാലോ തരത്തിലാണ് അന്ന് പത്രങ്ങൾ മുൻ പേജിൽ ഈ വാർത്ത കൈകാര്യം ചെയ്തത്. ചന്ദ്രിക പത്രം ഒന്നാം പേജിൽ ആ വാർത്ത കൊടുത്തില്ല –അഞ്ചാം പേജിൽ അതുണ്ടെന്ന സൂചനമാത്രം കൊടുത്തു. അഞ്ചാം പേജിൽ ‘ബാബരി തകർത്ത മണ്ണിൽ രാമക്ഷേത്രം: വിഗ്രഹം പ്രതിഷ്ഠിച്ചു’ എന്ന റിപ്പോർട്ടിനടുത്തായി, ‘മോദി ശ്രീരാമനെ പിന്തുടരാത്തയാൾ’ എന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം പ്രാധാന്യത്തോടെ ചേർത്തു. മറ്റു...

Your Subscription Supports Independent Journalism

View Plans

അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയും അനുബന്ധ സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി അവക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തെപ്പറ്റി ചില സൂക്ഷ്മമായ സൂചനകൾ നൽകുന്നുണ്ട്. ജൂലൈ 23ലെ പത്രങ്ങൾ നോക്കാം.

മൂ​േന്നാ നാലോ തരത്തിലാണ് അന്ന് പത്രങ്ങൾ മുൻ പേജിൽ ഈ വാർത്ത കൈകാര്യം ചെയ്തത്. ചന്ദ്രിക പത്രം ഒന്നാം പേജിൽ ആ വാർത്ത കൊടുത്തില്ല –അഞ്ചാം പേജിൽ അതുണ്ടെന്ന സൂചനമാത്രം കൊടുത്തു. അഞ്ചാം പേജിൽ ‘ബാബരി തകർത്ത മണ്ണിൽ രാമക്ഷേത്രം: വിഗ്രഹം പ്രതിഷ്ഠിച്ചു’ എന്ന റിപ്പോർട്ടിനടുത്തായി, ‘മോദി ശ്രീരാമനെ പിന്തുടരാത്തയാൾ’ എന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം പ്രാധാന്യത്തോടെ ചേർത്തു. മറ്റു വിമർശനാത്മക വാർത്തകളും.

ദ ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യൻ എക്സ്പ്രസ്, മാധ്യമം, മാതൃഭൂമി, ദീപിക തുടങ്ങിയവയുടെ മുൻ പേജ് പ്രാണപ്രതിഷ്ഠയുടെ റിപ്പോർട്ടാണ്. പ്രധാനമന്ത്രി മോദി ചടങ്ങിനെ ചരിത്രപ്രധാനമെന്നും യുഗപ്പിറവിയെന്നുമൊക്കെ വിശേഷിപ്പിച്ചത് തലക്കെട്ടുകളിലുണ്ട്. അസമിൽ രാഹുൽ ഗാന്ധിയെ ക്ഷേത്രദർശനത്തിൽനിന്ന് തടഞ്ഞ വാർത്തയും മിക്കതിലും കാണാം. മാതൃഭൂമിയുടെയും ഇന്ത്യൻ എക്സ്പ്രസിന്റെയും മുൻ പേജുകൾ വസ്തുതാ റിപ്പോർട്ട് രൂപത്തിലാണെങ്കിലും ആഘോഷഭാവം അവക്കുണ്ട്. മാതൃഭൂമിയിൽ കൈയക്ഷരദിനം പ്രമാണിച്ച് നടൻ മോഹൻലാലിന്റെ കൈപ്പടയിലെഴുതിയ ‘സമർപ്പണം’ എന്ന പോസ്റ്റർ തല​െക്കട്ടിന് താഴെ മോദി രാമവിഗ്രഹത്തിന് മുന്നിൽ പ്രണമിക്കുന്ന വലിയ ഫോട്ടോ ചേർത്തു.

പ്രകടമായ ആഘോഷ സ്വരമുണ്ട് മലയാള മനോരമ, കേരള കൗമുദി, മംഗളം, ജന്മഭൂമി തുടങ്ങിയവക്ക്. ‘രാമരാജ്യം’ എന്ന തലക്കെട്ടിലുള്ള ജാക്കറ്റാണ് ജന്മഭൂമിയുടെ മുൻപേജ്. കൗമുദിയിൽ ‘രാമഭാരതം’ എന്ന തലക്കെട്ടും വിഗ്രഹത്തിന്റെ നാലുകോളം പടവും. ‘പ്രാണപ്രതിഷ്ഠയിൽ വിളങ്ങി അയോധ്യ’, ‘മോദിയുടെ കൈക്കുമ്പിളിൽ താമരപ്പൂവ്’, ‘യുഗങ്ങൾ കഴിഞ്ഞാലും ഈ ദിനം മായില്ല: മോദി’, ‘പ്രധാനമന്ത്രി ശിവജിയെ പോലെ’, ‘തേജോമയൻ രാംലല്ല’ തുടങ്ങിയവയാണ് തലക്കെട്ടുകൾ. ‘കണ്ണുകെട്ടിയ ചേല അഴിച്ച് അഞ്ജനമെഴുതി; ബാലരാമന് പ്രാണപ്രതിഷ്ഠ’ എന്ന് മംഗളം.

അസമിൽ രാഹുലിനെ തടഞ്ഞതുകൂടി ചേർത്താണ് മനോരമ പ്രധാന വാർത്ത പാക്കേജ് ചെയ്തത്. സന്തുലനത്തിനെന്നോണം രാഹുൽ വാർത്തക്ക് പുറമെ പ്രതിപക്ഷ വാർത്തകളും മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ക്ഷേത്ര പ്രദക്ഷിണ വഴിക്ക് അബ്ദുർറസാഖ് എന്നയാൾ സൗജന്യമായി സ്ഥലം നൽകിയ വാർത്തയും പാക്കേജിലുണ്ടെങ്കിലും മൊത്തം വിന്യാസം (എട്ടു കോളം ലീഡ് തലക്കെട്ട്, വലിയ പടം) ആഘോഷത്തിന്റേതാണ്. അയോധ്യയിൽ രാംലല്ല ഉയർന്നു എന്ന് ഹിന്ദുസ്താൻ ടൈംസിന്റെ എട്ടുകോളം തല​െക്കട്ട്. ടൈംസ് ഓഫ് ഇന്ത്യക്കുമുണ്ട് ആഘോഷച്ചുവ.

പ്രകടമായ വിമർശനസ്വഭാവമുണ്ട് കുറെ പത്രങ്ങളുടെ ഒന്നാം പേജിന്. ‘വോട്ട് പ്രതിഷ്ഠ’ (ദേശാഭിമാനി; ‘രാഷ്ട്രീയ പ്രതിഷ്ഠ’ എന്ന് ജനയുഗം 22ലെ പത്രത്തിൽ); ‘ബാബരി മണ്ണിൽ രാമവിഗ്രഹം പ്രതിഷ്ഠിച്ച് മോദി’, ‘ക്ഷേത്രദർശനത്തിന് രാഹുലിന് വിലക്ക്’ (സുപ്രഭാതം), ‘അയോധ്യയിൽ രാമക്ഷേത്രം തുറന്നു’, ‘അസമിൽ രാഹുലിന്റെ ക്ഷേത്രദർശനം തടഞ്ഞു’ (സിറാജ്), ‘മതേതരത്വത്തിന്റെ പ്രാണഹത്യ’ (ജനയുഗം). മതേതരത്വത്തിനു നേരെയുള്ള ഭീഷണി സൂചിപ്പിച്ച് ദ ടെലിഗ്രാഫ് ‘ക്ഷേത്രം മുഴങ്ങുന്നതാർക്കുവേണ്ടി’ (For Whom the Bell Tolls) എന്ന് തല​െക്കട്ടിട്ടു. ഒപ്പം, ‘രാമനാണ് ഇന്ത്യയുടെ മതം, രാമനാണ് അടിത്തറ... രാമനാണ് നിയമം’ എന്നൊക്കെയുള്ള മോദിയുടെ പ്രസംഗത്തോടൊപ്പം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എടുത്തുകാണിച്ചു.

തലേന്ന്, ജനുവരി 22ലെ ഏതാനും ലീഡ് തലക്കെട്ടുകൾ: ‘​​രാമക്ഷേത്ര സായൂജ്യം’ (ദീപിക), ‘രാമമന്ത്രം ചൊല്ലി അയോധ്യ’ (മനോരമ), ‘മുഹൂർത്തം’ (മാതൃഭൂമി), ‘പ്രാണപ്രഭയിൽ രാംലല്ല’ (കൗമുദി), ‘മുഹൂർത്തം 12:20’ (മംഗളം), ‘രാമജന്മഭൂമിയിൽ ധർമരാജ്യ പ്രതിഷ്ഠ’ (ജന്മഭൂമി), ‘രാഷ്ട്രീയ പ്രതിഷ്ഠ’ (ജനയുഗം), ‘അയോധ്യക്കാർ പുറമ്പോക്കിൽ’ (ദേശാഭിമാനി).

ഇതിനിടെ, ക്രൈസ്തവർക്കെതിരായ വർഗീയാതിക്രമങ്ങളെ പറ്റി ദീപികക്ക് 23ന് പെട്ടെന്ന് ഓർമവന്നതുപോലെ തോന്നി. 1999ൽ ഒഡിഷയിൽ ഗ്രഹാം സ്റ്റെയിൻസ് എന്ന പാതിരിയെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന ദാരുണസംഭവത്തിന്റെ വാർഷികദിനം കൂടിയായിരുന്നു ജനുവരി 23. അതിനെപ്പറ്റി ലേഖനവും ശക്തമായ മുഖപ്രസംഗവും പത്രത്തിൽ ചേർത്തു.

അയോധ്യ വാർത്തകളുടെ പശ്ചാത്തലത്തിൽ ഈ വാർഷികം മറ്റുചില പത്രങ്ങൾ തലേന്ന് അനുസ്മരിച്ചിരുന്നു. അക്രമങ്ങൾ നടക്കുന്ന മണിപ്പൂരിലേക്ക് മാസങ്ങളായിട്ടും എത്തിനോക്കാത്ത പ്രധാനമന്ത്രി ആ സംസ്ഥാനത്തിന്റെ പിറവിനാളിൽ ആശംസ ട്വീറ്റ് ചെയ്ത വാർത്ത ദീപിക ചേർത്തിരുന്നു (22). എന്നാൽ, മധ്യപ്രദേശിൽ നാലു ചർച്ചുകളിൽ ഹിന്ദുത്വവാദികൾ കാവിക്കൊടി നാട്ടിയ സംഭവം 22ലെ പത്രങ്ങളിൽ വാർത്തയായി വന്നിരുന്നെങ്കിലും ദീപികയിൽ കണ്ടില്ല. അന്ന് അവർ ‘രാമക്ഷേത്ര സായൂജ്യ’ത്തെ പറ്റിയും ‘ശ്രീരാമനുവേണ്ടി പോരാടിയവരെ’ പറ്റിയുമാണ് വാചാലരായിരുന്നത്. ഗ്രഹാം സ്റ്റെയിൻസിനെയും ചർച്ച് ആക്രമണങ്ങളെയും പെട്ടെന്ന് 23ന് ഓർത്തെടുത്തതുപോലെ തോന്നിയത് അതുകൊണ്ടാണ്.

ബാബരി പള്ളി തകർത്തപ്പോൾ ഒരുപാട് പത്രങ്ങൾ മുൻപേജിൽ അതിനെ വിമർശിച്ച് മുഖപ്രസംഗമെഴുതി, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്താൻ ടൈംസ് തുടങ്ങിയവയടക്കം. മുൻ പേജിലല്ലാതെ മുഖപ്രസംഗമെഴുതി പലരും. അന്ന് കണ്ടൽക്കാടുകളെപ്പറ്റിയാണ് മനോരമ മുഖപ്രസംഗമെഴുതിയത്. ഇപ്പോൾ രാമക്ഷേത്രത്തെപ്പറ്റി 22ന് തന്നെ മനോരമ എഡിറ്റോറിയൽ എഴുതി: ‘അയോധ്യയുടെ പാഠങ്ങൾ’. ഇതിന്റെ നിയമലംഘന ചരിത്രം അനുസ്മരിക്കുന്നുണ്ടെങ്കിലും സുപ്രീംകോടതിയുടെ അയോധ്യ വിധിയെ അത് ന്യായീകരിച്ചു. ആ വിധി ‘വിശ്വാസവും നിയമവും യുക്തിയും ഇഴചേർത്തുള്ളതായി’ എന്ന അവാസ്തവവും മുഖപ്രസംഗം പറയുന്നുണ്ട്. നിയമപരമായോ യുക്തിപരമായോ ആ വിധി ന്യായീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ നിയമജ്ഞർ ധാരാളമുണ്ടല്ലോ.

അപ്രിയസത്യം പറയാൻ മുമ്പ് ധൈര്യപ്പെട്ടിരുന്ന പല മാധ്യമങ്ങളും ‘മോദി ഗ്യാരന്റി’യുടെ വിളംബരക്കാരായിപ്പോയിട്ടുണ്ട്. പ്രത്യക്ഷത്തിൽ നാട്യങ്ങൾ നിലനിർത്തുമ്പോഴും ഫലത്തിൽ അധീശത്വ ശക്തികളോട് രാജിയായ അവസ്ഥ വൻകിട പത്രങ്ങൾക്ക് (ചാനലുകൾക്കും) വന്നുചേർന്നിരിക്കുന്നു.

 

അൽപംകൂടി വലത്തോട്ട്

വിമർശനാത്മക ലേഖനങ്ങളും കുറിപ്പുകളും പല പത്രങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വന്നു. ടെലിഗ്രാഫ് എഡിറ്റർ ആർ. രാജഗോപാൽ, ടി. പത്മനാഭൻ തുടങ്ങി പലരുടെയും ലേഖനങ്ങളും കുറിപ്പുകളും. ദ വയർ, സ്ക്രോൾ, ആർട്ടിക്ൾ 14, ദ ക്വിന്റ് തുടങ്ങിയ ഓൺലൈൻ പത്രങ്ങളിലാണ് കൂടുതലും നല്ല ലേഖനങ്ങൾ വന്നത്.

1992ൽ പള്ളി പൊളിച്ചതിന്റെയും 2024ൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെയും അവതരണങ്ങളിലെ വ്യത്യാസം ചിലർ വിശകലനം ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ വർഗീയതയോട് പലരും രാജിയാകുന്നു എന്ന സൂചന. ‘ദേശീയ നാണക്കേട്’ (National shame) എന്ന് ഒന്നാം പേജിൽ എഡിറ്റോറിയലെഴുതിയ ഹിന്ദുസ്താൻ ടൈംസിൽ ഇപ്പോൾ ലീഡ് തലക്കെട്ട് ‘ക്ഷേത്ര സമാരംഭം ഗംഭീരം’ (Ram Temple set for a grand opening today) എന്നാണ്. ‘രാജ്യം ചതിക്കപ്പെട്ടു’ എന്ന് അന്ന് ഒന്നാം പേജ് മുഖപ്രസംഗമെഴുതിയ ഇന്ത്യൻ എക്സ്പ്രസ്, ‘അയോധ്യ ഉത്സവപ്രതീതിയിൽ’ (Ayodhya wears a festive look) ആണെന്ന് അറിയിക്കുന്നു. ‘റിപ്പബ്ലിക്കിന് കളങ്കമേറ്റു’ എന്ന് അന്ന് മുൻ​ പേജ് എഡിറ്റോറിയലെഴുതിയ ടൈംസ് ഓഫ് ഇന്ത്യയിൽ ഇപ്പോൾ ലീഡ് തല​െക്കട്ട്: Long Wait ends, Ayodhya in euphoria on eve of new dawn’ (നീണ്ട കാത്തിരിപ്പ് കഴിഞ്ഞു. പുതുപ്രഭാതത്തലേന്ന് അയോധ്യ ആനന്ദാതിരേകത്തിൽ).

ഹിന്ദുത്വ വർഗീയതയെ ഇവ മുഖപ്രസംഗങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും ആ ഭൂരിപക്ഷ ആഖ്യാനം ഏറക്കുറെ അവ ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് വാർത്താവിന്യാസം മുതൽ മുസ്‍ലിം നിലപാടിനും ശബ്ദങ്ങൾക്കും ഇടം നൽകാതിരുന്നതു വരെ.

News Summary - weekly column media scan