Begin typing your search above and press return to search.
proflie-avatar
Login

ചർച്ചകൾ ഓൺലൈനിലേക്ക് മാറുന്നു

ചർച്ചകൾ ഓൺലൈനിലേക്ക് മാറുന്നു
cancel

പ്രധാന വാർത്തകൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് പത്രങ്ങളിലോ ചാനലിലോ അല്ല; പാരമ്പര്യമാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഇവയിലെ വ്യാജങ്ങൾപോലും തുറന്നുകാട്ടുന്നത് നവമാധ്യമങ്ങളാണ്. ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും. ശരിയായ വാർത്ത അറിയാൻ അത്തരം ഉറവിടങ്ങളിലേക്ക് ലോകം തിരിയുന്നതിന്റെ ചില ഉദാഹരണങ്ങൾ ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാണാവുന്നത് കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നു. ഓൺലൈൻ ചർച്ചകളിൽ വ്യാജവും സത്യവും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ രസകരമായ വേറെയും ഉദാഹരണങ്ങളുണ്ട്.കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച ന്യൂയോർക് ടൈംസിലെ വ്യാജവാർത്തയുടെ തുടർച്ചയാണ് ഒന്ന്. ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലി...

Your Subscription Supports Independent Journalism

View Plans

പ്രധാന വാർത്തകൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് പത്രങ്ങളിലോ ചാനലിലോ അല്ല; പാരമ്പര്യമാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഇവയിലെ വ്യാജങ്ങൾപോലും തുറന്നുകാട്ടുന്നത് നവമാധ്യമങ്ങളാണ്. ഓൺലൈൻ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും. ശരിയായ വാർത്ത അറിയാൻ അത്തരം ഉറവിടങ്ങളിലേക്ക് ലോകം തിരിയുന്നതിന്റെ ചില ഉദാഹരണങ്ങൾ ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാണാവുന്നത് കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ചിരുന്നു. ഓൺലൈൻ ചർച്ചകളിൽ വ്യാജവും സത്യവും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ രസകരമായ വേറെയും ഉദാഹരണങ്ങളുണ്ട്.

കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ച ന്യൂയോർക് ടൈംസിലെ വ്യാജവാർത്തയുടെ തുടർച്ചയാണ് ഒന്ന്. ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലി സ്ത്രീകളെ പീഡിപ്പിച്ച് കൊന്നു എന്ന് പറയുന്ന വാർത്ത തീർത്തും വ്യാജമാണെന്ന് സ്ഥാപിച്ച് ദ ഗ്രേസോൺ എഡിറ്റർ ബ്ലൂമന്താൾ എഴുതിയ ഖണ്ഡനറിപ്പോർട്ടിന്റെ തുടർച്ച.

ഗ്രേസോണിന് പുറമെ ദ ഇലക്ട്രോണിക് ഇൻതിഫാദയിലും ടൈംസിലെ വ്യാജങ്ങൾ ഓരോന്നായി പൊളിച്ചുകാട്ടുന്ന ലേഖനവും പോഡ്കാസ്റ്റും വന്നു. മോണ്ടൊവെയ്സ് എന്ന മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ, ഇരയാക്കപ്പെട്ടു എന്ന് ടൈംസ് പറഞ്ഞ ഇസ്രായേലി വനിതയുടെ കുടുംബംതന്നെ അക്കാര്യം നിഷേധിച്ചതടക്കം മറ്റു തെളിവുകളും നിരത്തി. ടൈംസിനെ പിന്തുണക്കാൻ ചിലർ രംഗത്തെത്തി. അക്കൂട്ടത്തിലൊരാൾ വാഷിങ്ടൺ പോസ്റ്റ് സോഷ്യൽ മീഡിയ റിപ്പോർട്ടർ എലിസബത്ത് ഡോസ്കിനായിരുന്നു.

അവർ ഇലക്​ട്രോണിക് ഇൻതിഫാദ എഡിറ്റർ അലി അബൂ നിമക്ക് ഒരു ഇമെയിൽ അയച്ചു: ‘‘ഹമാസ് അല്ല ഒക്ടോബർ 7ന് കൂട്ടക്കൊല നടത്തിയതെന്ന നിങ്ങളുടെ റിപ്പോർട്ട് തെറ്റാണ്. നിങ്ങളുടെ ഇലക്ട്രോണിക് ഇൻതിഫാദ ഒരു തീവ്ര ഇടതുപക്ഷ പ്രസിദ്ധീകരണമായിട്ടാണ് ഞങ്ങൾ കാണുന്നത്...’’ അലി ഇതിന് മറുപടി എഴുതി, തങ്ങളുടെ റിപ്പോർട്ടിലെ തെറ്റെന്തെന്ന് ചൂണ്ടിക്കാണിക്കാതെ എന്ത് മറുപടി എഴുതാൻ എന്ന മട്ടിൽ.

മാത്രമല്ല, ട്വിറ്ററിൽ ഡോസ്കിനെപ്പറ്റി കൂടുതൽ വിവരം അലി പുറത്തുവിട്ടു. 20 വർഷം മുമ്പ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്തേ ലിസ ഡോസ്കിൻ ഒരു സയണിസ്റ്റ് പക്ഷപാതിയായിരുന്നു എന്ന്. ഇസ്രായേൽ ‘‘സ്ഥാപിക്കു’’ന്നതിന് മുമ്പ് ഫലസ്തീൻ എന്ന ദേശം ഇല്ലായിരുന്നു എന്ന സയണിസ്റ്റ് വാദമാണ് അന്നുമുതൽക്കേ അവരുടേത്. വ്യാജം വിശ്വസിക്കുന്നവരെങ്ങനെ നല്ല റിപ്പോർട്ടർമാരാകും? ഡോസ്കിൻ സമാനമായ ഒരു ഇമെയിൽ ദ ഗ്രേസോണിനും അയച്ചിരുന്നു. ഒക്ടോബർ 7ന് ‘‘ഹമാസ് ചെയ്തുകൂട്ടിയ പാതകങ്ങളെ’’ ഗ്രേസോൺ ചെറുതാക്കിക്കാണിച്ചു എന്നാണ് ആരോപണം.

ബ്ലൂമന്താൾ മറുപടി എഴുതുകയല്ല ചെയ്തത്. സഹപ്രവർത്തകനായ ആറോൺ മറ്റെയെ കൂട്ടി അദ്ദേഹം ഡോസ്കിനെ ഫോണിൽ വിളിച്ചു. സംഭാഷണം അവർ റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു.ആ ടെലിഫോൺ സംഭാഷണത്തിന്റെ സംഗ്രഹം ഇങ്ങനെ:

ഗ്രേസോൺ: ‘‘നിങ്ങളയച്ച ഇമെയിൽ കിട്ടി. ഒക്ടോബർ 7ലെ പാതകങ്ങളെ ഞങ്ങൾ ചെറുതാക്കിക്കാണിച്ചു എന്നും മറ്റും...’’

ഡോസ്കിൻ: ‘‘എനിക്ക് മറ്റൊരു കാൾ ഇപ്പോൾ വരാനുണ്ട്. നമുക്ക് മറ്റൊരിക്കൽ സംസാരിച്ചാൽ പോരേ?’’

‘‘അത് പോരല്ലോ. എനിക്ക് മനസ്സിലാകാത്തതുകൊണ്ടാണ്. ഞങ്ങളുടെ റിപ്പോർട്ട് തെറ്റാണെന്നാണല്ലോ പറഞ്ഞത്. പക്ഷേ, ഇസ്രായേലി മാധ്യമങ്ങളും ഇസ്രായേലി സൈനികരുമൊക്കെ ഞങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങൾതന്നെയാണല്ലോ പറഞ്ഞത്. ഇസ്രായേലി പട്ടാളം തന്നെയാണ് ഇസ്രായേലികളെ കൊന്നത് എന്ന് അവരൊക്കെ ആവർത്തിച്ചതാണ്. അതിലെന്ത് തെറ്റ് എന്ന് പിടികിട്ടുന്നില്ല.’’

‘‘കൂട്ടക്കൊല നടന്നു, ഇസ്രായേലി പട്ടാളത്തിനും പങ്കുണ്ട് എന്ന് സമ്മതിക്കുന്നു...’’

‘‘ഞങ്ങൾ അത് കുറച്ചുകാണിച്ചു എന്നാണ് നിങ്ങളുടെ ആരോപണം. എങ്ങനെയാണ് ഞങ്ങൾ കുറച്ചുകാണിച്ചത്​?’’

‘‘എനിക്ക് മറ്റേ കാൾ വരുന്നുണ്ട്...’’

‘‘ഞങ്ങൾ അങ്ങോട്ട് ബന്ധപ്പെട്ടതല്ല; നിങ്ങളാണ് ഇങ്ങോട്ടെഴുതിയത്...’’

ഡോസ്കിൻ കാൾ കട്ട് ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. ഗ്രേസോൺ ഇതിന്റെ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമായി ബ്രിട്ടീഷ് നേതാവ് ഡേവിഡ് കാമറന്റെ നിലപാട് എടുത്തുകാട്ടുന്നു ജേണലിസ്റ്റ് റിച്ചഡ് മെഡ്ഹേഴ്സ്റ്റ്. ഗസ്സയിൽ വെടിനിറുത്തുകയും സഹായമെത്തിക്കാൻ സൗകര്യപ്പെടുത്തുകയും വേണമെന്നാവശ്യപ്പെട്ട് ഹൂതികൾ ഇസ്രായേലിലേക്കുള്ള കപ്പലുകൾ തടയാൻ തുടങ്ങിയപ്പോൾ ബ്രിട്ടനും മറ്റും യെമനിലെ ഹൂതി കേന്ദ്രങ്ങൾ ആക്രമിക്കാൻ തുടങ്ങി. ഇതിന് ന്യായമായി നാവിക സഞ്ചാരത്തെപ്പറ്റിയുള്ള അന്താരാഷ്ട്ര നിയമങ്ങൾ ഉദ്ധരിച്ച് കാമറൺ പ്രസ്താവന ഇറക്കി.

റിച്ചഡ് മെഡ്ഹേഴ്സ്റ്റ് പ്രതികരിക്കുന്നു: ഇതേ കാമറണ്, ഫലസ്തീനിലേക്ക് വെള്ളം തടഞ്ഞ ഇസ്രായേലിന്റെ നടപടി തെറ്റാണെന്ന് തോന്നിയില്ല. മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്, ‘‘ഞാനൊരു അഭിഭാഷകനല്ല’’ എന്നായിരുന്നു. എത്ര വേഗമാണദ്ദേഹം ഇപ്പോൾ നിയമവിശാരദനായി മാറിയിരിക്കുന്നത്!

ദക്ഷിണാഫ്രിക്ക x ഇസ്രായേൽ കേസ്

ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ലോകകോടതിയിൽ കൊടുത്ത കേസ് വാർത്താപ്രാധാന്യത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഇംഗ്ലീഷ് ടി.വി ചാനലുകളിൽ അൽജസീറ മാത്രമാണ് കോടതിയിലെ വാദങ്ങൾ നേരിട്ട് സംപ്രേഷണം ചെയ്തതെന്ന് തോന്നുന്നു. അങ്ങനെ ചെയ്യാത്തവയുടെ പട്ടിക നീണ്ടതാണ്: ബി.ബി.സി, സി.എൻ.എൻ, ചാനൽ 4, ഫോക്സ് ന്യൂസ്, എം.എസ്.എൻ.ബി.സി, സി.എൻ.ബി.സി, എൻ.ബി.സി, സി.ബി.എസ്, ഐ 24, ഡോയ്ഷെവെലെ, സ്കൈന്യൂസ്...

തത്സമയ സംപ്രേഷണത്തിന്റെ കാര്യം അങ്ങനെ. അപ്പോൾ പ്രൈം ടൈം ചർച്ചയുടെ കാര്യമോ? ജനുവരി 11ന് ദക്ഷിണാഫ്രിക്കയും 12ന് ഇസ്രായേലും താന്താങ്ങളുടെ വാദങ്ങൾ അവതരിപ്പിച്ചു. ലോകമെങ്ങും ഉറ്റുനോക്കിയ സംഭവം. അതിനെപ്പറ്റി ഒരു ചർച്ച പ്രതീക്ഷിച്ച് പലരും രണ്ടാംദിവസം പ്രമുഖ ചാനലുകൾ നോക്കി.

ബ്രിട്ടനിലെ സ്കൈന്യൂസിൽ ചർച്ച ഹൂതികളെപ്പറ്റിയായിരുന്നു. അവർ കപ്പലുകൾ തടയുന്നതിനെപ്പറ്റി. അത് പല രാജ്യങ്ങൾക്കുമുണ്ടാക്കുന്ന പ്രയാസങ്ങളെപ്പറ്റി. ചർച്ച ചൂടുപിടിക്കെ, ആൻഡ്രു ഫിഷർ എന്ന ട്രേഡ് യൂനിയൻ നേതാവ് തുറന്നടിക്കുന്നു: ‘‘ഇരട്ടത്താപ്പാണിത്. ഹൂതികൾ കപ്പലുകളെ ആക്രമിക്കുന്നുണ്ട്; പക്ഷേ, ആരെയും കൊന്നിട്ടില്ല. ഇസ്രായേൽ മൂന്നുമാസമായി ഗസ്സയിൽ തീ തുപ്പുന്നു. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. കുട്ടികളുടെ കൈകാലുകൾ മുറിച്ചുമാറ്റേണ്ടിവരുന്നു, അതും അനസ്തീഷ്യയില്ലാതെ. ഇതിന്റെ പേരിൽ ഇസ്രായേലിനെതിരെ ഉപരോധമില്ല. കപ്പലുപരോധിച്ചപ്പോഴേക്കും ഹൂതികൾക്കെതിരെ.’’

യുക്രെയ്ൻ യുദ്ധവും ഗസ്സ യുദ്ധവും താരതമ്യപ്പെടുത്തി പാശ്ചാത്യനാടുകളുടെയും മാധ്യമങ്ങളുടെയും കാപട്യത്തെപ്പറ്റി അനേകം​ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കാണാം.

ബി.ബി.സി അറബി ചാനലിൽ അൻസാറല്ലാ എന്ന സംഘാടനയുടെ വക്താവായ മുഹമ്മദ് അലി അൽഹൂത്തിയെ സംവാദത്തിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ രസകരവും മൂർച്ചയുള്ളതുമായ മറുപടികൾ സമൂഹമാധ്യമങ്ങളിൽ (ഇംഗ്ലീഷ് അടിക്കുറിപ്പുകളോടെ) പരന്നു. ഒരു സാമ്പ്ൾ:

അവതാരകയുടെ ചോദ്യം: ‘‘ഗസ്സയിൽ നിങ്ങൾക്കെന്താണ് കാര്യം? നിങ്ങൾ എത്രയോ മൈൽ ദൂരെയല്ലേ?’’

മറുപടി: ‘‘അപ്പോൾ ബൈഡൻ നെതന്യാഹുവിന്റെ അയൽക്കാരനായിരിക്കും, അല്ലേ? ചിലപ്പോൾ രണ്ടുപേരും ഒരേ ഫ്ലാറ്റിലാവും താമസം. ഫ്രഞ്ച് പ്രസിഡന്റും അവരുടെ ഫ്ലാറ്റിൽ അതേ നിലയിലാവണം. ബ്രിട്ടീഷ് പ്രധാനമന്ത്രി അതേ കെട്ടിടത്തിലെങ്കിലുമാകും...’’

എം.ടി പറഞ്ഞത്

നാട്ടിൽ ദുർഭരണവും അധികാരദുരുപയോഗവും നടക്കുമ്പോൾ ഒന്നും മിണ്ടാതിരിക്കുന്ന സാംസ്കാരിക നായകരെപ്പറ്റി വിമർശനങ്ങൾ കേൾക്കാറുണ്ട്. അത്തരമൊരന്തരീക്ഷത്തിലാണ് എം.ടി. വാസുദേവൻ നായരുടെ വിമർശനം പ്രധാനമാകുന്നത്.

വ്യക്തിപൂജക്കും അമിതാധികാരപ്രയോഗത്തിനുമെതിരെ എം.ടി പ്രസംഗിച്ചത് കോഴിക്കോട്ടെ സദസ്സിൽ മുഖ്യമന്ത്രി പിണറായിയെ വേദിയിലിരുത്തിയാണ്. ആ വാക്കുകൾ പ്രധാനമന്ത്രിയെപ്പറ്റിയാണ് എന്നും വിമർശനം പഴയതാണ് എന്നും പലരും ന്യായീകരിച്ചുനോക്കിയെങ്കിലും മുഖ്യമന്ത്രിക്കും അവ പാകമാണെന്ന് വ്യക്തം. മാതൃഭൂമി എഡിറ്റോറിയലിൽ (‘എം.ടി നിർവഹിച്ചത് എഴുത്തുകാരന്റെ കടമ’) പറഞ്ഞപോലെ, ‘‘അന്യാദൃശമായ വാക്‍വഴക്കത്തോടെ സോവിയറ്റ് യൂനിയനെയും ഇ.എം.എസിനെയും ‘കൈയെത്തിപ്പിടിക്കു’മ്പോൾ ആരെയാണ്, എന്തിനെയാണ് എഴുത്തുകാരൻ വിമർശനവിധേയമാക്കുന്നത് എന്നത് വ്യക്തമാണ്.’’

മംഗളം (‘സർവാധികാരിക​േള, ഇത് നിങ്ങൾക്കുള്ള താക്കീത്’), കേരള കൗമുദി (‘എം.ടിയുടെ രാഷ്ട്രീയ വിമർശനം’), മലയാള മനോരമ (‘ജനങ്ങളെ മറക്കുന്ന അമിതാധികാരം’) മുഖപ്രസംഗങ്ങളിൽ ഇതുതന്നെ ചൂണ്ടിക്കാട്ടി.


News Summary - weekly column media scan