Begin typing your search above and press return to search.
proflie-avatar
Login

ദുരന്ത നായകർ, വാർത്താ താരങ്ങൾ

ദുരന്ത നായകർ,   വാർത്താ താരങ്ങൾ
cancel

ടൈം മാഗസിൻ 2023ലെ വ്യക്തിയായി തിരഞ്ഞെടുത്തത് പോപ്പ് ഗായികയും കോടീശ്വരിയുമായ ടെയ്‍ലർ സ്വിഫ്റ്റിനെ. എന്നാൽ, ലോക വാർത്തകൾ ശ്രദ്ധിക്കുന്നവർ ചോദിക്കുന്നു, ഗസ്സയിലെ ജേണലിസ്റ്റുകളല്ലേ ആ പദവിക്ക് അർഹരെന്ന്. വാഅൽ ദഹ്ദൂദ് അൽജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യൂറോ മേധാവിയാണ്. എപ്പോഴും കാമറക്കുമുന്നിൽനിന്നുകൊണ്ട് ഗസ്സയുടെ പുതിയ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഅലിന്റെ ഭാര്യയും മകനും മകളും പേരക്കുട്ടിയും അടക്കം 25ഓളം പേർ കൊല്ലപ്പെട്ടു. മറ്റൊരു മകന് ഗുരുതരമായ പരിക്കേറ്റു.ഇടതടവില്ലാതെ വീഴുന്ന ഇസ്രായേലി ബോംബുകൾ ഉണ്ടാക്കുന്ന നാശങ്ങളുടെ നേർച്ചിത്രം തൽക്ഷണ വാർത്തയായി നൽകിക്കൊണ്ടിരിക്കുമ്പോഴാണ് വാഅലിന് ആ...

Your Subscription Supports Independent Journalism

View Plans

ടൈം മാഗസിൻ 2023ലെ വ്യക്തിയായി തിരഞ്ഞെടുത്തത് പോപ്പ് ഗായികയും കോടീശ്വരിയുമായ ടെയ്‍ലർ സ്വിഫ്റ്റിനെ. എന്നാൽ, ലോക വാർത്തകൾ ശ്രദ്ധിക്കുന്നവർ ചോദിക്കുന്നു, ഗസ്സയിലെ ജേണലിസ്റ്റുകളല്ലേ ആ പദവിക്ക് അർഹരെന്ന്. വാഅൽ ദഹ്ദൂദ് അൽജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യൂറോ മേധാവിയാണ്. എപ്പോഴും കാമറക്കുമുന്നിൽനിന്നുകൊണ്ട് ഗസ്സയുടെ പുതിയ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഅലിന്റെ ഭാര്യയും മകനും മകളും പേരക്കുട്ടിയും അടക്കം 25ഓളം പേർ കൊല്ലപ്പെട്ടു. മറ്റൊരു മകന് ഗുരുതരമായ പരിക്കേറ്റു.

ഇടതടവില്ലാതെ വീഴുന്ന ഇസ്രായേലി ബോംബുകൾ ഉണ്ടാക്കുന്ന നാശങ്ങളുടെ നേർച്ചിത്രം തൽക്ഷണ വാർത്തയായി നൽകിക്കൊണ്ടിരിക്കുമ്പോഴാണ് വാഅലിന് ആ വാർത്ത കേൾക്കേണ്ടിവന്നത്. അദ്ദേഹം അങ്ങോട്ട് പോയി. റിപ്പോർട്ടറാണെന്ന് കാണിക്കുന്ന ​‘പ്രസ്’ ജാക്കറ്റ് അണിഞ്ഞുതന്നെ പ്രിയപ്പെട്ടവരെ അവസാനമായി കണ്ടു. രണ്ടാംദിവസം അവരുടെ സംസ്കാരച്ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം ജോലിസ്ഥലത്ത് മടങ്ങിയെത്തി റിപ്പോർട്ടിങ് തുടർന്നു. ഇസ്രായേലിനെതിരായ പോരാട്ടം കൂടിയാണ്, ഗസ്സയുടെ യാഥാർഥ്യം​ ലോകത്തിന് കാണിച്ചുകൊടുക്കുക എന്നത് –അദ്ദേഹം പറഞ്ഞു (അദ്ദേഹത്തെപ്പറ്റി മുമ്പൊരു ലക്കത്തിൽ എഴുതിയിരുന്നു).

ഡിസംബർ 15ന് വാഅലും കാമറാമാൻ സാമിർ അബൂ ദഖ്ഖയും ഖാൻ യൂനുസിലെ ഹൈഫ സ്കൂളിന് നേരെയുള്ള ഇസ്രായേലിന്റെ ബോംബാക്രമണം റിപ്പോർട്ട് ചെയ്യുകയായിരുന്നു. അവർക്കുനേരെയും ഇസ്രായേലി മിസൈൽ വന്നു. രണ്ടുപേർക്കും പരിക്കേറ്റു; ഗുരുതരമായി മുറിവേറ്റ സാമിർ രക്തം വാർന്ന് മരിച്ചുകൊണ്ടിരുന്നപ്പോഴും ഇസ്രായേലി സൈന്യം ആംബുലൻസ് എത്തിക്കാൻ അനുവദിച്ചില്ല.

ആറു മണിക്കൂർ സാമിർ ചോര വാർന്ന് കിടന്നു. സാമിർ മരിച്ചു. വാഅലാകട്ടെ, തന്റെ മുറിവുകൾ വെച്ചുകെട്ടി സഹപ്രവർത്തകന്റെ അന്ത്യചടങ്ങിൽ പ​ങ്കെടുത്തു. അതുകഴിഞ്ഞ ഉടനെ വീണ്ടും ജോലിസ്ഥലത്തേക്ക്. വീണ്ടും ലൈവ് റിപ്പോർട്ടിങ്.

സഹപ്രവർത്തകരുടെ മരണം റിപ്പോർട്ട് ചെയ്യേണ്ടിവന്ന ജേണലിസ്റ്റുകൾ ഗസ്സയിൽ വേറെയുമുണ്ട്. ഫലസ്തീൻ ടി.വിയിൽ തത്സമയ റിപ്പോർട്ടിങ് ചെയ്യുമ്പോഴാണ് സൽമാനുൽ ബശീറിന് തന്റെ ഉറ്റസുഹൃത്തും ജേണലിസ്റ്റുമായ മുഹമ്മദ് അബൂഹത്താബിന്റെ മരണവിവരം കിട്ടുന്നത്. അത് റിപ്പോർട്ട് ചെയ്യവേ അദ്ദേഹം തന്റെ ‘പ്രസ്’ ജാക്കറ്റും ഹെൽമറ്റും ഊരി താഴെയിടുന്നു –‘എ​ന്തി​നി​തെ​ല്ലാം? ഇ​തൊ​ന്നും സു​ര​ക്ഷ ത​രു​ന്നി​ല്ല​ല്ലോ’ എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു അ​ത്. സ്റ്റുഡിയോയിലിരുന്ന് അദ്ദേഹവുമായി സംസാരിക്കുകയായിരുന്ന അവതാരകനും കരഞ്ഞുപോയി.

തുർക്കി വാർത്താചാനലായ അനദോലുവിന്റെ ഗസ്സ ഫോട്ടോഗ്രാഫർ മുഹമ്മദ് അൽ അലൂൽ ജോലിക്കിട ഒരു വാർത്ത കേട്ടു –മഗാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ബോംബിട്ടു. അദ്ദേഹം ആശുപത്രിയിലെ പരിചയക്കാരനെ വിളിച്ചു. അപ്പോഴാണ് അറിയുന്നത്, ഭാര്യയും നാലു മക്കളും നാല് സഹോദരങ്ങളും കൊല്ലപ്പെട്ടു എന്ന്.

സാന്ത്വന പ്രവർത്തനം

ഗസ്സയിൽ മാധ്യമപ്രവർത്തനവും സാന്ത്വന ശുശ്രൂഷയും തമ്മിൽ വേർതിരിക്കാനാവില്ല എന്നാണ് ഫോട്ടോ ജേണലിസ്റ്റ് അശ്റഫ് അബൂ അംറ പറയുന്നത്. കാമറയിൽ പകർത്തുന്നത് ഏറെയും കണ്ടുനിൽക്കാനാകാത്ത ദൃശ്യങ്ങളാകും. എന്നാലും ഓരോ കാമറ ക്ലിക്കും വലിയ ദൗത്യം നിർവഹിക്കുന്നു എന്നാണ് അശ്റഫ് പറയുന്നത്. പുറമേക്ക് കേൾക്കുന്ന ജീവനില്ലാത്ത കണക്കുകൾക്ക് (20,000 മരണം; 60,000 പരി​ക്കേറ്റവർ, ലക്ഷങ്ങൾ വീട് നഷ്ടപ്പെട്ടവർ...) ഈ ദൃശ്യങ്ങൾ മാനുഷിക മുഖം നൽകുന്നു. അവ കാണുമ്പോഴാണ് ലോകം കണക്കുകളിൽനിന്ന് അറിയാത്ത വേദനയുടെ ആഴം തിരിച്ചറിയുക.

ഒപ്പം, സമാശ്വാസം പകരാൻകൂടി സമയം കണ്ടെത്തണം. യുദ്ധക്കെടുതിയിൽ അമ്പരന്ന് ഇരിക്കുന്ന കുഞ്ഞുങ്ങൾ കാമറ കണ്ട് അടുത്ത് വരുമ്പോൾ കളിപ്പിക്കും. മുറിവേറ്റവരെ സമാധാനിപ്പിക്കും. ഇതെല്ലാം ഗസ്സയിലെ ജേണലിസ്റ്റിന് ജോലിയുടെ ഭാഗം തന്നെ.

ഗസ്സയുടെ ശബ്ദമായി അറിയപ്പെടുന്ന മറ്റൊരു ഫോട്ടോ ജേണലിസ്റ്റാണ് മുഅ്തസ് അസൈസ. നിരന്തരം ഗസ്സയുടെ സ്പന്ദനങ്ങളും സ്ഫോടനങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി പുറത്തെത്തിക്കുന്നു.

ഈജിപ്ഷ്യൻ ഹാസ്യ കലാകാരനായ ബാസിം യൂസുഫ് ബ്രിട്ടീഷ് മുഖ്യധാരാ ജേണലിസ്റ്റ് പിയേഴ്സ് മോർഗന് നൽകിയ അഭിമുഖം ഈയിടെ വൈറലായിരുന്നു. ഗസ്സയിൽ ഇസ്രായേലി നായാട്ട് തുടങ്ങിയ ഘട്ടത്തിലായിരുന്നു അത്. മൂർച്ചയുള്ള കറുത്ത ഹാസ്യംകൊണ്ട് പിയേഴ്സിനെപ്പോലുള്ളവരുടെ വംശീയ മുൻവിധികളെ അദ്ദേഹം തുറന്നുകാട്ടി.

ഫലസ്തീൻകാരെല്ലാം തീവ്രവാദികളാണെന്നും തന്റെ ഭാര്യതന്നെ ഫലസ്തീനിയായതുകൊണ്ട് തനിക്ക് അതറിയാമെന്നും അവരെ കൊല്ലാൻ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും എല്ലാ ഫലസ്തീൻകാരെയുംപോലെ അവരും കുട്ടികളെ മനുഷ്യകവചമാക്കി തന്നെ തോൽപിക്കുകയാണെന്നുമൊക്കെ ബാസിം പറയുമ്പോൾ പടിഞ്ഞാറൻ മാധ്യമങ്ങളുടെ ഓറിയന്റലിസ്റ്റ് ആഖ്യാന ബലൂണുകളിൽ തറക്കുന്ന സൂചിമുനകളായി അദ്ദേഹത്തിന്റെ ആ വാക്കുകൾ. ഇപ്പോൾ ഗസ്സയുടെ ദൈനംദിന വിവരങ്ങൾ ലോകത്തെ അറിയിക്കാൻ ബാസിം യൂസുഫ് മുഅ്തസ് അസൈസയുമായി എന്നും രാവിലെ ഇന്റർവ്യൂ നടത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നു.

ഡിജിറ്റൽ ആക്ടിവിസത്തിന്റെ ശക്തമായ പ്രതീകംകൂടിയാണ് മുഅ്തസ്. ഇന്നദ്ദേഹം വിവിധ ലോകനഗരങ്ങളിൽ അറിയപ്പെടുന്ന മുഖമാണ്. പലേടത്തും അദ്ദേഹത്തിന്റെ ഫോട്ടോ ആളുകൾ തിരിച്ചറിയുന്നു. ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ അദ്ദേഹത്തിന്റെ മുഖം ചുമർച്ചിത്രമാക്കിയിട്ടുണ്ട്.

പടിഞ്ഞാറൻ ലോകത്തിന്റെ (കുറെ​യൊക്കെ കിഴക്കിന്റെയും) നിസ്സംഗത തുറന്നുകാട്ടുന്ന പോസ്റ്റുകൾ അദ്ദേഹം നിരന്തരം സമൂഹമാധ്യമങ്ങളിലിടുന്നു. ഒരു പോസ്റ്റ് ഇങ്ങനെ: ‘‘ലോകമേ, ഞങ്ങൾക്കൊരു മെറി ജനസൈഡ് (Merry Genocide) നേരാമോ?’’ 71 ദിവസംകൊണ്ട് 92 മാധ്യമപ്രവർത്തകരെ ഇസ്രായേൽ കൊന്നുകളഞ്ഞു എന്നോർക്കുമ്പോഴാണ് ഇതെല്ലാം എത്ര ധീരമായ പോരാട്ടമാണെന്ന് തിരിച്ചറിയുക.

പുറംലോകത്തേക്ക് വാർത്തയെത്തിക്കാൻ ഇസ്രായേൽ അനുവദിക്കുന്നില്ലെന്നു കണ്ട് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ പുറത്തുവിട്ടുകൊണ്ട് സ്വയം സന്നദ്ധ ജേണലിസ്റ്റുകൾ –എല്ലാവരും യുവജനങ്ങൾ–രംഗത്തിറങ്ങുന്നുണ്ട്. പ്ലസ്തിയ അൽ അഖദ് അത്തരമൊരു പെൺകുട്ടിയാണ്.

തളർത്തിക്കളയുന്ന ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കാനും പകർത്താനും വിധിക്കപ്പെട്ട ഗസ്സ ജേണലിസ്റ്റുകൾ ദിവസവും പലതവണ മരിക്കുന്നു എന്നാണ് അവരിലൊരാളായ മുനാ അഖൽ പറയുന്നത്. റൂബാ അൽ അജ്റമി, യഫ അബൂ അകർ തുടങ്ങിയ വനിത ജേണലിസ്റ്റുക​ളും ഗസ്സ ജേണലിസമെന്ന ആപത്കരമായ തൊഴിൽ സ്വയം സ്വീകരിച്ചവർ തന്നെ.

 

ടൈം മാസിക തിരഞ്ഞെടുക്കാത്ത ഹീറോകൾ –വായനക്കാരുടെ കവർ

ടൈം മാസിക തിരഞ്ഞെടുക്കാത്ത ഹീറോകൾ –വായനക്കാരുടെ കവർ

ഗവർണർ വാർത്തയാകുമ്പോൾ

തകർക്കപ്പെടുന്ന ജീവിതങ്ങൾ, ചോരവാർന്ന് മരിക്കുന്ന ജേണലിസ്റ്റുകൾ –വാർത്ത എന്ത്, അത് റിപ്പോർട്ട് ചെയ്യുന്നതിലെ ഗൗരവമെന്ത് എന്നെല്ലാം ഗസ്സ നമ്മെ പഠിപ്പിക്കുമ്പോൾ ഇങ്ങ് കേരളത്തിൽ നമുക്ക് വാർത്ത ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കോഴിക്കോട്ട് മിഠായിത്തെരുവിൽ ചെന്ന് ഹൽവ മുറിച്ചെടുക്കുന്നതാണ്.

ഗസ്സയുടെ ജീവന്മരണ പോരാട്ടത്തെയും ഗവർണറുടെ കുട്ടിക്കുറുമ്പുകളെയും വാർത്താപ്രാധാന്യത്തിന്റെ തുലാസിൽ തൂക്കി, ഖാനാണ് ഖാൻ യൂനുസല്ല വാർത്ത എന്ന് തീരുമാനിക്കേണ്ടിവരുന്ന ഡെസ്കുകളുടെ ഗതികേട് ചെറുതല്ല. ‘ ‘‘ഖൽബ്’’ കീഴടക്കി ഗവർണർ’, ‘ഹൽവ നുണഞ്ഞ് ഗവർണർ, വലഞ്ഞ് പൊലീസ്’ എന്നെല്ലാം യഥാർഥ വാർത്ത തിരിച്ചറിഞ്ഞ് ടിക്കറിടുന്ന ചാനലുകളും പാർലമെന്റിൽ പ്രതിപക്ഷ എം.പിമാരെ കൂട്ടമായി പുറത്താക്കിയതിനെ മറികടന്ന് ഗവർണറെ ലീഡ് വാർത്തയാക്കിയ പത്രങ്ങളും മാധ്യമപ്രവർത്തനത്തിന് പുതിയ മാനം നൽകുന്നുണ്ടെന്ന് പറയാതെ പറ്റില്ല.

News Summary - weekly column media scan