Begin typing your search above and press return to search.
proflie-avatar
Login

കോൺഗ്രസിനെന്തുപറ്റി? പല പത്രങ്ങൾ, ഒരേ ചോദ്യം

കോൺഗ്രസിനെന്തുപറ്റി?  പല പത്രങ്ങൾ, ഒരേ ചോദ്യം
cancel

രാജ്യത്ത് ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടോ മാധ്യമങ്ങൾ? മലയാള പത്രങ്ങളിൽ വലിയൊരു വിഭാഗവും, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കുറെക്കൂടി നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തു എന്ന് തോന്നുന്നു. ഇതിന് അപവാദമായി (മുഖപ്രസംഗങ്ങളിൽ) കാണപ്പെട്ടത് ജന്മഭൂമിക്കു പുറമെ മംഗളവും മാതൃഭൂമിയുമാണ് (ഡിസംബർ 4). ‘അർഥശങ്കക്കിടയില്ലാത്ത ജനവിധി’ എന്ന മുഖപ്രസംഗത്തിൽ മാതൃഭൂമി പറയുന്നത്, ഇത് നരേ​ന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും വിജയമാണ് എന്നാണ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെങ്കിൽ ബി.ജെ.പിക്ക് ആഹ്ലാദിക്കാം. അതേസമയം, ‘ആ പോരാട്ടം...

Your Subscription Supports Independent Journalism

View Plans

രാജ്യത്ത് ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടോ മാധ്യമങ്ങൾ? മലയാള പത്രങ്ങളിൽ വലിയൊരു വിഭാഗവും, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് കുറെക്കൂടി നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തു എന്ന് തോന്നുന്നു. ഇതിന് അപവാദമായി (മുഖപ്രസംഗങ്ങളിൽ) കാണപ്പെട്ടത് ജന്മഭൂമിക്കു പുറമെ മംഗളവും മാതൃഭൂമിയുമാണ് (ഡിസംബർ 4).

‘അർഥശങ്കക്കിടയില്ലാത്ത ജനവിധി’ എന്ന മുഖപ്രസംഗത്തിൽ മാതൃഭൂമി പറയുന്നത്, ഇത് നരേ​ന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും വിജയമാണ് എന്നാണ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെങ്കിൽ ബി.ജെ.പിക്ക് ആഹ്ലാദിക്കാം. അതേസമയം, ‘ആ പോരാട്ടം വല്ലാതെ അസന്തുലിതമാകാതിരിക്കുന്നതാണ് ജനാധിപത്യത്തിന് നല്ലത്’ എന്നുകൂടി എഡിറ്റോറിയൽ പറഞ്ഞു വെച്ചു. മംഗളം എഡിറ്റോറിയൽ (‘വിജയയാത്രയിൽ ബി.ജെ.പി!) ‘ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയുടെ തേരോട്ടം’ തുടരുകയാണെന്ന് പറയുന്നു. ഒപ്പം ഈ ‘മോദി മാജികി’നു മുന്നിൽ കോൺഗ്രസിന് സാധ്യത ഒന്നുമില്ലെന്നുകൂടി ധ്വനിപ്പിക്കുന്നു.

‘ബി.ജെ.പിക്ക് വിജയം, കോൺഗ്രസിന് പാഠം’ (മലയാള മനോരമ) എന്നതാണ് മിക്ക പത്രങ്ങളുടെയും മുഖപ്രസംഗത്തിലെ സ്വരം. കോൺഗ്രസിനോട് രാഷ്ട്രീയമായി യോജിപ്പില്ലാത്തവപോലും, ആ പാർട്ടി വിജയിക്കാൻ ചെയ്യേണ്ടതെന്തൊക്കെയെന്ന് വിശദീകരിച്ചു. സി.പി.ഐ മുഖപത്രമായ ജനയുഗം ‘രാഷ്ട്രീയ യാഥാർഥ്യങ്ങൾ അവഗണിച്ചത്’ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായി ചൂണ്ടിക്കാട്ടി.

‘...സ്വതഃസിദ്ധമായ ചേരിപ്പോരുകളും പാർട്ടി നേതൃത്വത്തിന്റെ അതിരുകവിഞ്ഞ ആത്മവിശ്വാസവും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അടുത്ത കാലത്തായി വളർന്നുവന്ന ഐക്യശ്രമങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ വിശ്വാസത്തിലെടുത്ത് ഒരുമിച്ച് മുന്നേറാൻ കാണിച്ച വൈമനസ്യവും’ കോൺഗ്രസിന്റെ തോൽവിക്കു കാരണമായി ജനയുഗം എണ്ണുമ്പോൾ, ‘ഇൻഡ്യ’ സഖ്യത്തിനകത്തെ ആവലാതികളാണ് അവയിൽ കാണാനാവുക. സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗവും ‘കോൺഗ്രസ് പഠിക്കാത്ത പാഠങ്ങളെ’പ്പറ്റിയാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പുള്ള ഈ തെരഞ്ഞെടുപ്പുകളിലെ പോരായ്മകൾ കാര്യമായി പഠിക്കണമെന്ന് മുസ്‍ലിംലീഗ് മുഖപത്രമായ ചന്ദ്രികയും എഴുതി –‘സെമിഫൈനൽ പാഠമാകണം’. ‘സമാന്തര അധികാരകേന്ദ്രം കോൺഗ്രസിന് ഗുണകരമല്ല’ എന്ന് ഉപദേശിച്ചു ദീപിക. ‘കോൺഗ്രസിന് പാഠം പഠിക്കാനുള്ളതാണ് ഈ തോൽവി’ എന്ന് മാധ്യമം. ‘പരാജയത്തിൽനിന്ന് കോൺഗ്രസിന് പഠിക്കാനേറെ’ എന്ന് സുപ്രഭാതം. ‘കോൺഗ്രസ് പുനർവിചിന്തനത്തിന് തയാറാകണം’ എന്ന് സിറാജും ഓർമിപ്പിക്കുന്നു.

ഇംഗ്ലീഷ് പത്രങ്ങളും കോൺഗ്രസിന്റെ വീഴ്ചകൾ വിശകലനംചെയ്തു. കോൺഗ്രസിന്റെ ദൗർബല്യങ്ങൾ വെളിപ്പെടുത്തുന്നതാണ് മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിലെ ഫലമെന്ന് ദ ഹിന്ദു എഴുതി. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയം കോൺഗ്രസിന്റെ ജാതിരാഷ്ട്രീയത്തെ കടത്തിവെട്ടി. കുറെക്കൂടി പ്രത്യയശാസ്ത്ര വ്യക്തതയോടെ, നീണ്ട ഒരു യാത്രക്ക് കോൺഗ്രസും രാഹുൽ ഗാന്ധിയും ഒരുങ്ങട്ടെ എന്ന് കൂടി ഹിന്ദു ഉപദേശിച്ചു. ക്ഷേമവാഗ്ദാനങ്ങളെയും സൗജന്യങ്ങളെയും പരിഹസിച്ച ബി.ജെ.പി തന്നെ അവയെ ആശ്രയിച്ചതായി ദ ടെലഗ്രാഫ് ചൂണ്ടിക്കാട്ടി. അവയും ഭൂരിപക്ഷമേധാവിത്വവുമാണ് ബി.ജെ.പിയുടെ കൈമുതൽ. അവ ഫലംചെയ്തു എന്ന് വ്യക്തം.

മോദിപ്രഭാവവും വമ്പിച്ച വിഭവങ്ങളും സംഘടനാ ശേഷിയുമാണ് ബി.​ജെ.പിയെ വിജയിപ്പിച്ചതെന്ന് ഡെക്കാൻ ഹെറൾഡ് പറഞ്ഞു. ഓരോ സംസ്ഥാനത്തും അവിടേക്ക് യോജിച്ച തന്ത്രമാണ് അവർ രൂപപ്പെടുത്തിയത്. കോൺഗ്രസി​ന്റെ ശക്തി ക്ഷയിച്ചു. വടക്ക് ബി.ജെ.പിയും തെക്ക് ​ബി.ജെ.പി ഇതരരും എന്ന തരത്തിലാണ് സംസ്ഥാന സർക്കാറുകൾ രൂപ​െപ്പട്ടിരിക്കുന്നത്.

‘തെക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ എതിരിടാൻ ശേഷിയുള്ള പ്രാദേശിക പാർട്ടികളുണ്ട്. എന്നാൽ ഹിന്ദി മേഖലയിൽ അത്തരമൊരു പാർട്ടിയെയായിരുന്നു ആവശ്യം. അത് കോൺഗ്രസല്ലെന്ന് തെളിഞ്ഞു’ എന്നാണ് ഹിന്ദുസ്താൻ ടൈംസിന്റെ നിരീക്ഷണം.

മധ്യപ്രദേശിലും രാജസ്ഥാനിലും ജനങ്ങൾക്ക് താൽപര്യമില്ലാത്ത പ്രാദേശിക നേതാക്കളിൽനിന്ന് ജനശ്രദ്ധ മാറ്റി മോദിയിലേക്ക് തിരിക്കുക എന്ന ബി.ജെ.പി തന്ത്രം ഫലം ചെയ്തതായി ദ ഇന്ത്യൻ എക്സ്പ്രസ് നിരീക്ഷിച്ചു. കോൺഗ്രസിന്റെ അഹന്തയാണ് ഉണ്ടായിരുന്ന മേൽക്കൈ ബി.ജെ.പിയിലേക്ക് മാറാൻ കാരണമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിപ്രായപ്പെട്ടു.

മാധ്യമങ്ങൾകൂടി വഴിവെട്ടിയ വംശക്കുരുതി

ഒക്ടോബർ 7ന്റെ പേരുപറഞ്ഞ് ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് ചരിത്രത്തിൽ സമാനതകൾ കുറവാണ്. അധിനിവിഷ്ട ജനതക്ക് അധിനിവേശ ശക്തിക്കെതിരെ സായുധസമരമടക്കം ഏതു ചെറുത്തു​നിൽപ്പും പ്രയോഗിക്കാമെന്ന ലിഖിത അന്താരാഷ്ട്ര നിയമമിരിക്കെ ഹമാസ് അല്ല തെറ്റുചെയ്തത്. 75 വർഷമായി അധിനിവേശവും രണ്ടു മാസമായി യുദ്ധക്കുറ്റങ്ങളും നടത്തുന്ന സയണിസ്റ്റ് രാജ്യമാണ്.

ഒക്ടോബർ 7ന് ഹമാസ് പോരാളികൾ അധിനിവിഷ്ട ഫലസ്തീൻ ദേശത്തെ ഇസ്രായേലി പട്ടാളക്കാരെയും സൈനിക കേന്ദ്രത്തെയും ആക്രമിച്ചു. ഇസ്രായേൽ തടങ്കലിലുള്ള നൂറുകണക്കിന് ഫലസ്തീൻകാരെ വിട്ടുകിട്ടാനുള്ള വിലപേശലിനായി പട്ടാളക്കാരും സിവിലിയന്മാരുമടക്കം ഇസ്രായേലികളെ ബന്ദികളാക്കി.

പക്ഷേ, ഈ സംഭവത്തെപ്പറ്റിയുള്ള മുഖ്യധാരാ മാധ്യമറിപ്പോർട്ടുകൾ പതിവുപോലെ ഇസ്രായേൽ പക്ഷ ഭാഷ്യമായതോടെ ഇസ്രായേലിന് ‘‘സ്വയംരക്ഷ’’(!)ക്ക് അവകാശമുണ്ടെന്ന വാദം ഉച്ചത്തിൽ മുഴക്കി ഇസ്രായേലും അമേരിക്കയും യൂറോപ്പും മറ്റും രംഗത്തിറങ്ങി. വംശഹത്യക്ക് ഇസ്രായേലിന്റെ ടിക്കറ്റാണ് ഒക്ടോബർ 7നെക്കുറിച്ചുള്ള അവരുടെ ഭാഷ്യം.

അതപ്പടി വ്യാജമായിരുന്നു. ശിശുക്കളെ കഴുത്തറുത്ത് കൊന്നു എന്നത് നുണ. സ്ത്രീകളെ പീഡിപ്പിച്ചു എന്നത് നുണ (‘‘തെളിവ് ലഭ്യമല്ലെ’’ന്ന് ടൈംസ് ഓഫ് ഇസ്രായേൽ). സിവിലിയന്മാരെ കൊന്നു എന്നത് നുണ. പിന്നീട് ഗസ്സയിൽ ആശുപത്രി ഇസ്രായേൽ തകർത്തപ്പോൾ അത് ഫലസ്തീൻ പക്ഷത്തുനിന്നുള്ള മിസൈലായിരുന്നു എന്നു പറഞ്ഞത് നുണ. ഇത്തരത്തിൽ അസംഖ്യം നുണകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടാണ് ഇസ്രായേൽ വംശഹത്യയെ ന്യായീകരിക്കുന്നത്.

പക്ഷേ, മാധ്യമങ്ങൾക്കുപോലും മടുത്ത മട്ടാണ്. ബി.ബി.സിയും റോയിട്ടേഴ്സുമടക്കം ഇസ്രായേലിന്റെ ചില അവകാശവാദങ്ങൾ പൊളിച്ചുകാട്ടി. ഒക്ടോബർ 7ലെ സിവിലിയൻ കൊല നടത്തിയത് ഇസ്രായേലി പട്ടാളംതന്നെയാണെന്ന് അനുഭവസ്ഥയും ദൃക്സാക്ഷിയുമായ ഇസ്രായേലി വനിത (യാസ്മൻ പൊറാത്)യും പിന്നീട് ഇസ്രായേലി സൈനികർതന്നെയും പറഞ്ഞുകഴിഞ്ഞു. ഇപ്പോൾ ഹാരറ്റ്സ് എന്ന ഇസ്രായേലി (ഹീബ്രു) പത്രവും ഒക്ടോബർ 7നെപ്പറ്റി ഇസ്രായേൽ പ്രചരിപ്പിച്ചത് കള്ളക്കഥകളാണെന്ന് അന്വേഷണത്തിനുശേഷം എഴുതിയിരിക്കുന്നു.

പക്ഷേ, എന്തുചെയ്യാം! ആ നുണക്കഥകൾ (ഇറാഖിനെപ്പറ്റി മുമ്പ് അമേരിക്ക പ്രചരിപ്പിച്ച​വപോലെ) അവയുടെ ദൗത്യം നിർവഹിച്ചുകഴിഞ്ഞിട്ടാണ് സത്യം പുലരുന്നത്. ഇറാഖിനെ അമേരിക്ക എന്നപോലെ –അതിനേക്കാൾ ഭീകരമായി– ഗസ്സയെ ഇസ്രായേൽ തരിപ്പണമാക്കിയത് നുണവാർത്തകളുണ്ടാക്കിയ രോഷാന്തരീക്ഷം മുതലെടുത്താണ്.

ഇതിൽ മാധ്യമങ്ങൾക്ക് പങ്കില്ലെന്ന് എങ്ങനെ പറയാനാവും? ഗസ്സക്കാർക്ക് പറയാനുള്ളതൊന്നും അന്വേഷിക്കാതെ, അവർ പറഞ്ഞാലും ചെവികൊടുക്കാതെ, ഇസ്രായേലിന്റെ ഭാഗം മാത്രം റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ വാസ്തവത്തിൽ ഭീകരയുദ്ധത്തിന്റെ ഭാഗംതന്നെയല്ലേ?

മാധ്യമസ്ഥാപനങ്ങൾ ഇസ്രായേൽ തകർത്തു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് കൊന്നു. ഗസ്സയുടെ നേർചിത്രം ആരും പുറത്തുകാട്ടരുതെന്ന നിർബന്ധത്തിൽ, ഇസ്രായേൽ നൽകുന്ന വിവരം മാത്രം പുറത്തുവിട്ടു. ഫേസ്ബുക്കും ട്വിറ്ററുമൊക്കെ ഇസ്രായേലിന് ഇഷ്ടമില്ലാത്ത പോസ്റ്റുകൾ നീക്കംചെയ്തു.

ആശുപത്രികൾക്ക് ബോംബിടുന്നത് യുദ്ധക്കുറ്റമാണ്. എന്നിട്ടും ഇസ്രായേൽ അത് ചെയ്തത് മാധ്യമങ്ങളുടെ അന്ധമായ പിന്തുണയെപ്പറ്റി ഉറപ്പുള്ളതുകൊണ്ടുതന്നെ. ആദ്യം തങ്ങളല്ല ബോംബിട്ടതെന്ന് അസത്യം പറഞ്ഞ ഇസ്രായേൽ പിന്നെ മറ്റ് ആശുപത്രികൾകൂടി ബോംബിട്ടത് അത്തരം വ്യാജന്യായങ്ങൾ​പോലും ഉന്നയിക്കാതെയാണ്. മറ്റൊരു ന്യായമാണ് അവർ പറഞ്ഞത് –ഹമാസ് ആശുപത്രികൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്നതിനാൽ അവയെ സൈനിക കേന്ദ്രമെന്ന നിലക്ക് ആക്രമിക്കുന്നതിൽ തെറ്റില്ല എന്ന്.

ഇതും മറ്റൊരു നുണയായിരുന്നു. ആശുപത്രി അധികൃതരും ‘ആംനസ്റ്റി’യും യു.എൻ നിയോഗിച്ചിരുന്ന ആരോഗ്യപ്രവർത്തകരുമെല്ലാം അത് നുണയാണെന്ന് പറഞ്ഞതാണ്. എന്നിട്ടും മാധ്യമങ്ങൾ ഇസ്രായേലി ഭാഷ്യം സത്യമെന്നനിലക്ക് റിപ്പോർട്ട് ചെയ്തു. മലയാളികൾക്കും കിട്ടി ആ കള്ള റിപ്പോർട്ട്, സത്യമെന്ന ഭാവത്തിൽ.

മാതൃഭൂമി ഒന്നിലേറെ തവണ അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി. നവംബർ 21ന് ഒരു നാലുകോളം വാർത്ത: ‘‘അൽ ശിഫയ്ക്കകത്ത് ബന്ദികൾ –ദൃശ്യങ്ങളുമായി ഇസ്രയേൽ’’. ആശുപത്രി ‘‘ഹമാസിന്റെ താവളമാണെന്ന ഇസ്രയേലിന്റെ അവകാശവാദത്തിന് തെളിവു നൽകാൻ ആഗോളതലത്തിൽ സമ്മർദം മുറുകുമ്പോഴാണ’’ത്രെ ഈ വിഡിയോ തെളിവ് കാണിച്ചത്. സത്യമെന്താണ്? പരിക്കുപറ്റിയ ബന്ദികളെ ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചതായി ഹമാസ് നേരത്തേ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യമാണിത്. ഇക്കാര്യം ഹമാസ് വ്യക്തമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, മൊത്തത്തിൽ വാർത്ത ഇസ്രായേലി ഭാഷ്യം ഏറ്റുപിടിച്ചുള്ളതാണ്.

നവംബർ 24ന് മറ്റൊരു നാലുകോളം വാർത്ത: ‘‘അൽശിഫയിൽ ഹമാസിന്റെ ഒളിത്താവളം; തുറന്നുകാട്ടി ഇസ്രയേൽ’’. ഇതും ആക്രമണങ്ങൾക്ക് ന്യായമാക്കാൻ ഇസ്രായേലിന് സാധിച്ചു. എന്നാൽ ഈ ദൃശ്യങ്ങളിൽ ആരോപണത്തിന് തെളിവെന്ന് പറയാവുന്ന ഒന്നുമില്ലെന്നും അതിൽ കാണിച്ച ആയുധങ്ങൾ ഇസ്രായേൽ സേനതന്നെ കൊണ്ടുവെച്ചതാകാമെന്നും പിന്നീട് വിവിധ വസ്തുതാപരിശോധകർ ചൂണ്ടിക്കാട്ടി (fact.org നോക്കുക). എന്നാലെന്ത്, ഇസ്രായേലിന് കാര്യം നടന്നുകിട്ടിയിരുന്നു.

ഒരു കൊച്ചു പ്രദേശത്തെ പിഞ്ചുകുട്ടികളെയടക്കം കൂട്ടക്കൊല ചെയ്യാൻ ഇറങ്ങിയ മുന്നണി എത്ര കേമം! വൻ ആണവായുധ രാജ്യങ്ങൾ, മുന്തിയ ആയുധങ്ങളും പട്ടാളങ്ങളും, പിന്നെ വിധേയ മാധ്യമങ്ങളും.


News Summary - weekly column media scan